വെളിച്ചം
തെളിയിക്കുന്ന
കൈകൾ

‘‘മധുസൂദനൻ ഡോക്ടർ കുട്ടിക്കാലത്ത് എന്നേയും പിൽക്കാലത്ത് എന്റെ മകളുടെ ജീവനെയും കൈകൊണ്ടും, ഹൃദയം കൊണ്ടും രക്ഷിച്ചു എന്നു പറയാനാണ് എനിക്കിഷ്ടം’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ അർഷാദ് ബത്തേരി എഴുതിയ ലേഖനം.

രുന്നും മന്ത്രവും മനുഷ്യനൊപ്പമുള്ള രണ്ടു തരത്തിലുള്ള അനുഭവവും വിശ്വാസങ്ങളുമാണ്. മന്ത്രചികിത്സകൾ വിശ്വാസത്തിന്റെ ഭൂമികയിൽ മനസ്സുമായി പിണഞ്ഞുകിടക്കും. മരുന്നുകൾ ശരീരത്തിന്റെ ഉള്ളറകളിൽ പ്രവർത്തിക്കുന്നു. അകത്തേക്ക് കഴിക്കുന്ന മരുന്നും, പുറമേക്ക് പുരട്ടേണ്ട മരുന്നുകളും ശരീരവും തമ്മിലുള്ള പൊരുത്തപ്പെടലുകൾക്ക് പലപ്പോഴും വഴിയൊരുക്കും. രക്ഷപ്പെടുത്താനായി മരുന്നുമായി നീളുന്ന കൈ ഒരു ഡോക്ടറുടേതായിരിക്കും. അങ്ങനെ, ഓരോ മനുഷ്യന്റെയും ജീവിതത്തിലേക്ക് നീണ്ടു വരാൻ ഓരോ ഡോക്ടർമാരുടെ കൈ ഉണ്ടാവും. എന്റെ ജീവിതത്തിലേക്ക് വന്ന കൈ മധുസൂദനൻ ഡോക്ടറുടെതായിരുന്നു.

അസംപ്ഷൻ യു.പി.സ്‌കൂളിൽ പഠിക്കുന്ന കാലം. ഇടയ്ക്കിടെ വയറിനുള്ളിൽ നിന്നും വരുന്ന വേദനയെക്കുറിച്ച് വീട്ടിൽ പറഞ്ഞു. മീനങ്ങാടിയിൽ താമസിച്ച് ചികിത്സിക്കുന്ന മധുസൂദനൻ ഡോക്ടറെക്കുറിച്ച് ആരോ വീട്ടുകാരോട് പറഞ്ഞു. ഒരു ദിവസം വൈകുന്നേരം ഞാനും ബാപ്പയും ഉമ്മയും മീനങ്ങാടിയിലെ മധുസൂദനൻ ഡോക്ടറുടെ ചികിത്സക്കായി അദ്ദേഹത്തിന്റെ ലെയ്ൻ മുറിയിൽ എത്തി. കുട്ടിയായ എന്നോട് സ്‌നേഹത്തോടെയുള്ള പെരുമാറ്റം. ഷർട്ടഴിപ്പിച്ചു. അദ്ദേഹത്തിന്റെ വലതു കൈ എന്റെ വയറിന്റെ ഇരുവശങ്ങളിലും അമർന്നു.
''വേദനയുണ്ടോ''
''ഇപ്പോൾ ഇല്ല'' - ഞാൻ പറഞ്ഞു.

ഡോക്ടർ എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു. ഭയത്താൽ ഞാൻ ഡോക്ടറുടെ മുഖത്തേക്ക് നോക്കിയതേയില്ല. എന്റെ മൂർദ്ധാവിൽ കൈവെച്ച് ഒന്നു തലോടിയശേഷം ഏതാനും മരുന്നുകൾ കുറിച്ചു തന്നു. അടുത്ത ആഴ്ച വരുമ്പോൾ എക്‌സറേ എടുത്തു വരണമെന്ന് ബാപ്പയോട് പറഞ്ഞു.

ആഴ്ചകൾക്കുശേഷം എക്‌സറേയുമായി ഞങ്ങൾ വീണ്ടും ഡോക്ടറുടെ മുന്നിലെത്തി. എക്‌സറേ പരിശോധിച്ച ശേഷം ഡോക്ടർ ഉമ്മയുടെ മുഖത്തേക്ക് നോക്കി.

'ലിവറിന് ചെറിയൊരു കുഴപ്പം കാണുന്നുണ്ട്. സാരമില്ല, മരുന്നുകൊണ്ട് മാറ്റാം.'

ഉയരം കുറഞ്ഞ് വീതിയുള്ള രണ്ട് ടബ്ബകൾ എടുത്തു തന്നു. രാത്രിയിലും രാവിലെയും മുടങ്ങാതെ കഴിക്കണമെന്ന് ഓർമപ്പെടുത്തി. ബാപ്പയും ഉമ്മയും ഒരുപോലെ ഭയന്നു. അവരുടെ പരിഭ്രമം കണ്ടിട്ടാവാം മധുസൂദനൻ ഡോക്ടർ വീണ്ടും സമാധാനിപ്പിച്ചു.
''പേടിക്കാനൊന്നുമില്ല.''

പൊതുവെ സ്‌കൂൾ കാലത്ത് ചെറിയ രോഗങ്ങൾ വരാൻ ഇഷ്ടമാണ്. സ്‌കൂളിൽ പോകാതെ വീട്ടിലിരിക്കാമല്ലോ. മരുന്നുമായി ഞങ്ങൾ വീടെത്തി. രാത്രിയിൽ ഉമ്മ അളുക്ക് തുറന്നു. സേമ്യം പോലെ നേർത്ത കൊള്ളികൾ പൊടിഞ്ഞു കിടക്കുന്നു. നിറം ചുവപ്പാണ്. ഉമ്മ സ്പൂണിനാൽ കോരിയെടുത്തതും കുറച്ചെണ്ണം നിലത്തേക്ക് ചിതറി. സ്പൂണിലുള്ളത് ഉമ്മ എന്റെ വായിലേക്ക് വെച്ചു തന്നു. നാവിൽ തട്ടിയതും പല്ലിനാൽ ചവച്ചതും ഓർമയുണ്ട്. കൊടും കൈയ്പ്പിനാൽ തുപ്പിക്കളഞ്ഞു. ഓക്കാനം വന്നു. മുഖം കറുപ്പിച്ച് ഉമ്മ വീണ്ടും കോരി എന്റെ വായിലേക്കിട്ടു. എങ്ങനെയൊക്കയോ ചവച്ചിറക്കി. ഉമ്മ കുറച്ച് പഞ്ചസാരയെടുത്തു തന്നു. മധുസൂദനൻ ഡോക്ടറോട് വെറുപ്പും ദേഷ്യവും തോന്നി. ദിവസങ്ങൾ കഴിയും തോറും കയ്പ്പ് കാരണം മരുന്നു കുടിക്കാൻ കഴിയാതെ വന്നു. മടുപ്പും, വാശിയും ഏറി. ബാപ്പ പോയി വീണ്ടും ഡോക്ടറെ കണ്ടു.

പഴുത്ത നേന്ത്രപ്പഴം മുറിച്ച് അതിനുള്ളിൽ ഈ മരുന്നു കയറ്റിവെച്ച് കൊടുക്കാൻ പറഞ്ഞു. പിന്നീട് മരുന്നുസേവ പഴത്തിന്റെ ഉള്ളിലൂടെയായി. എന്നാലും കടിച്ചിറക്കുമ്പോൾ ചില നേരങ്ങളിൽ മരുന്നിലും കടിച്ചുപോകും. കയ്പ്പ് തലച്ചോറിനുള്ളിലേക്കു പോലും പാഞ്ഞുകയറും. മുഖം ചുളിയും വായിൽ തുപ്പൽ നിറയും.

മീനങ്ങാടിയിലേക്ക് ബാപ്പയ്ക്കും ഉമ്മയ്ക്കുമൊപ്പം മധുസൂദനൻ ഡോക്ടറെ കണ്ട് വീട്ടിലേക്കുള്ള മടക്കത്തിൽ പൊറോട്ടയും ചാപ്‌സും കിട്ടുമെന്നുള്ളതാണ് ആകെയൊരാശ്വാസം. ചൂടുള്ള പൊറോട്ടയും, മസാല കൂടിയ കറുപ്പ് കുറഞ്ഞ ചാപ്‌സിനൊപ്പമുള്ള മസാലക്കറിയെക്കുറിച്ച് ഓർക്കുമ്പോൾ ഡോക്ടറെ കാണാൻ എത്ര കയ്പ്പുണ്ടെങ്കിലും പുറപ്പെട്ടു പോകുമായിരുന്നു. ക്രമേണ എന്റെ അസുഖം മധുസൂദനൻ ഡോക്ടറുടെ ചികിത്സയിൽ മാറി. പിന്നീടെപ്പോഴോ മധുസൂദനൻ ഡോക്ടർ ബത്തേരിയിലേക്കെത്തി.

വർഷങ്ങൾ ഏറെ കഴിഞ്ഞു. ഞാൻ വിവാഹിതനായി. എനിക്ക് ഒരു പെൺകുഞ്ഞ് പിറന്നു. മാസം തികയാതെയുള്ള ആ അവളുടെ വരവ് ഞങ്ങളെ ആകെ അങ്കലാപ്പിലാക്കി. അമ്പലവയൽ ആശുപത്രിയിലായിരുന്നു പ്രസവം.കോഴിക്കോട് വരെ കൊണ്ടുപോകുന്നത് ബുദ്ധിയല്ലായെന്നും എത്രയും പെട്ടെന്ന് ബത്തേരി മധുസൂദനൻ ഡോക്ടറുടെ അടുത്തെത്തിക്കാനും ബന്ധുകൾ പറഞ്ഞു. ഓക്‌സിജന്റെ സഹായത്തോടെ ആംബുലൻസിൽ മധുസൂദനൻ ഡോക്ടറുടെ വിനായക ഹോസ്പിറ്റലിൽ എത്തിച്ചു.

വർഷങ്ങൾക്കുശേഷം മധുസൂദനൻ ഡോക്ടറുടെ മുറിയിൽ നിന്ന് ഒരിക്കൽ കൂടി ഞാൻ ഒടിഞ്ഞു നുറുങ്ങുകയാണ്. അദ്ദേഹത്തിന്റെ കൈയിൽ എന്റെ പൈതൽ. അവളെ അൽപം ഉയർത്തിപ്പിടിച്ച് കുഞ്ഞു തലയിലും, ഉടലിലും കൈ കൊണ്ട് തട്ടുന്നു. തലയുടെ ഇരുവശത്തും അല്പം ശക്തിയിൽ മുട്ടുന്നു. ഒരു പാവക്കുട്ടിയെപോലെ ഉയർത്തി കുലുക്കുന്നു. എന്റെ നെഞ്ച് പൊട്ടുന്നു. കണ്ണുകൾ നിറയുന്നു. കാലുകൾ തളരുന്നു. തൊണ്ടയിൽ ആരോ കൊളുത്തി വലിക്കുന്നു.

''ഐ സി യുവിലേക്കു മാറ്റൂ'' - ഡോക്ടർ പറഞ്ഞു.

കുറച്ച് ദിവസങ്ങൾ ഞാൻ ഐ സി യുവിന്റെ മുന്നിലാണ് പിന്നെ. മധുസൂദനൻ ഡോക്ടർ മറ്റ് ഡോക്ടർമാരോടും നഴ്‌സുമാരോടും എന്റെ കുഞ്ഞു മകൾ, നല്ലൊരു എഴുത്തുകാരന്റെ മകളാണെന്നു പറയുകയും പരിചയപ്പെടുത്തുകയും ചെയ്തു. സങ്കടവും, നിസ്സഹായതയും നീറ്റലുമായ ദിനങ്ങൾ അങ്ങനെ കടന്നുപോയി. മകൾ പതിയെ ചിരിക്കാൻ തുടങ്ങി. അവളുടെ കൈകാലുകൾക്ക് ജീവൻവെച്ചു. അവൾ ജീവിതത്തിലേക്ക് തിരികെ വന്നു. ഇപ്പോൾ മിടുക്കിയായി പത്താം ക്ലാസ്സിൽ പഠിക്കുകയാണവൾ.

ജീവിതത്തിൽ അപ്രതീക്ഷിതമായി നാം ചിലരുടെ മുന്നിലെത്തും. അവരിൽ ചിലർ നമ്മെ രക്ഷിക്കാൻ ഒപ്പം നിൽക്കും. ചിലർ നമ്മെ നശിപ്പിക്കാനും. മധുസൂദനൻ ഡോക്ടർ കുട്ടിക്കാലത്ത് എന്നേയും പിൽക്കാലത്ത് എന്റെ മകളുടെ ജീവനെയും കൈകൊണ്ടും, ഹൃദയം കൊണ്ടും രക്ഷിച്ചു എന്നു പറയാനാണ് എനിക്കിഷ്ടം. ഒരു കൈ നീണ്ടു വരുമ്പോൾ ഒരു വെളിച്ചവും തെളിയും. വെളിച്ചം പ്രകാശിപ്പിക്കുന്ന മനുഷ്യരെ എങ്ങനെയാണ് നമുക്ക് മറക്കാനാവുക?


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments