ഒന്ന്
1927-ൽ ചെമ്മനാകരിയിലെ ഒരിടത്താണ് എന്റെ പിറവി. അച്ഛന്റെയും അമ്മയുടെയും വാസം ഈ ദേശത്തായിരുന്നു. ഇരുവരുടെയും ജന്മഗൃഹം ചെമ്മനാകരിയിലായിരുന്നു. ലവണാംശമുള്ള മലിനജലം നിറഞ്ഞ ഭൂപ്രദേശമാണ് ഈ ഗ്രാമം. തീർത്തും അവികസിതമായ ഒരു പ്രദേശം. അതായിരുന്നു എന്റെ പിറവിയുടെ നാളുകളിൽ ഈ നാട്.
തിരുവിതാംകൂർ രാജാവിന്റെ അധീനതയിലുള്ള ഈ പ്രദേശത്തെ മനുഷ്യർ അരപ്പട്ടിണിയിലാണ് ഭൂരിഭാഗം കാലവും അതിജീവിച്ചത്. കൃത്യമായി വരുമാനം ലഭിക്കുന്ന ജോലികളൊന്നും ഇവർക്കു വശമുണ്ടായിരുന്നില്ല. പ്രകൃതി കനിഞ്ഞുനൽകിയ വിഭവങ്ങൾ ശേഖരിക്കുന്നതിനോ ഉപയോഗിക്കുന്നതിനോ വൈദഗ്ദ്ധ്യം നേടാൻ ഇവർക്കു ശേഷിയുണ്ടായിരുന്നില്ല. പഴകി ശീലിച്ച സാമൂഹ്യക്രമം എന്ന നിലയിൽ ജാതിവ്യവസ്ഥയും ഭരണക്രമവും പുലർന്നുപോന്നു. പ്രധാനമായും നാലഞ്ചു വിഭാഗം മനുഷ്യരാണ് ഈ ദേശത്ത് ജീവിച്ചിരുന്നത്.
മത- ജാതികളാൽ വേർതിരിക്കപ്പെട്ട ഇവർ അവരുടെ വിശ്വാസങ്ങളിൽ അഭയംതേടി കാലത്തോടു സംവദിക്കാതെ പുറംതിരിഞ്ഞുനിന്നു. കൃഷിയായിരുന്നു ഏക ജീവനോപാധി. മഴയെ ആശ്രയിച്ചുമാത്രം ക്രമപ്പെടുത്തിയിരുന്ന പാരമ്പര്യ കാർഷികതന്ത്രങ്ങളാണ് ഇവർ പ്രയോഗിച്ചിരുന്നത്. രണ്ടേ രണ്ടു വിളകൾ. നെല്ലും തെങ്ങും. കാലവർഷത്തിന്റെ തോതനുസരിച്ച് ഈ വിളവുകളിൽ ഏറ്റക്കുറച്ചിലുണ്ടായി. ഈ ദേശത്തെ ദരിദ്രസമ്പന്നഗൃഹങ്ങളിൽ ഇരുകൃഷിയുമായി ബന്ധപ്പെടാത്തവർ ഉണ്ടായിരുന്നില്ല എന്നതാണ് നേര്. ഭൂരിഭാഗവും ഭൂ ഉടമകളല്ല. അധഃസ്ഥിതരെന്ന് പരിഗണിക്കപ്പെട്ടിരുന്ന പുലയർക്ക് സ്വന്തമായി ഭൂമി ഉണ്ടായിരുന്നില്ല. ഇവർ കുടിൽ കെട്ടിയിരുന്നത് വെളിമ്പ്രദേശങ്ങളിലോ പുറമ്പോക്കുഭൂമിയിലോ ആണ്. ഇന്നാട്ടിലെ പ്രധാന സമുദായം ഈഴവരുടേതാണ്. ആചാരവിശ്വാസക്രമങ്ങൾ സമാനമായിരുന്നെങ്കിലും ധനനിലയിൽ സമൂഹാംഗങ്ങൾക്ക് ഐകരൂപ്യമുണ്ടായിരുന്നില്ല. അതിസമ്പന്നരും പരമദരിദ്രരും ഇക്കൂട്ടത്തിലുണ്ട്.
ശ്രീനാരായണഗുരുവിന്റെ സമുദായനവീകരണ ആശയങ്ങളും സഹോദരൻ അയ്യപ്പന്റെ ഈ രംഗത്തുള്ള ഇടപെടലുകളും പ്രത്യക്ഷത്തിൽ കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിച്ചിരുന്നില്ല. പരിഷ്‌കരണത്തിനുള്ള ത്വര ആന്തരികമായി പ്രകടിപ്പിച്ചിരുന്നു എന്നു കരുതാം. പൊതുവഴികളോ എല്ലാവർക്കും ഉപയോഗിക്കാവുന്ന ഇടങ്ങളോ അപൂർവ്വമായി മാത്രമേ നാട്ടിൽ ഉണ്ടായിരുന്നുള്ളൂ. ഊടുവഴികളാണ് യാത്രയ്ക്കായി ഭൂരിഭാഗവും ഉപയോഗിച്ചിരുന്നത്. മഴക്കാലത്ത് ഈ പാതകൾ സഞ്ചാരയോഗ്യമല്ല. ഇത്തിപ്പുഴയാറാണ് ചെമ്മനാകരിയുടെ ജീവസ്രോതസ്സ്. ഈ ആറിനെ സ്പർശിക്കാതെ ഇവിടെയെത്തുക അസാദ്ധ്യം. മറ്റു ദേശങ്ങളിലേക്കുള്ള സഞ്ചാരത്തിന് ഈ പുഴ കടക്കാനായി വിവിധ ഇടങ്ങളിൽ കടവുകളുണ്ട്.
മനുഷ്യനിയന്ത്രിതമായ യാനങ്ങളാണ് നദിയിൽ ഉപയോഗിച്ചിരുന്നത്. പൊതുവായ ഉപയോഗം ഇവിടെയും അസാദ്ധ്യം. പ്രദേശമാകെ ചതുപ്പുനിലമായതുകൊണ്ടാണ് ചെമ്മനാകരിയെന്ന സ്ഥലനാമം വന്നുചേർന്നത്. വേമ്പനാട്ടുകായലിൽനിന്ന് ഉപ്പുവെള്ളം കയറുന്നതുകൊണ്ട് മറ്റു കൃഷികൾക്കൊന്നും മണ്ണ് അനുയോജ്യമായിരുന്നില്ല. രണ്ടിനം നെൽവിത്തുകളേ ഇവിടെ വിളവിറക്കാൻ കഴിയുകയുള്ളൂ. പൊക്കാളിയും ഓരുമുണ്ടകനും. അപൂർവ്വം ചില അവസരങ്ങളിൽ കൂട്ടുവിതയുമുണ്ടാവും. വിളയ്ക്ക് ചെളിയൊരുക്കുന്നത് പ്രത്യേക രീതിയിലാണ്. വിത്തിട്ടു മുളപ്പിക്കാനായി ആദ്യം തുണ്ടം കോരും. ഏതാണ്ട് ഒന്നരമീറ്റർ നീളത്തിലും വീതിയിലുമാണ് നെല്ലു മുളപ്പിക്കാനായി തിട്ടയുണ്ടാക്കുക. വിത്തു മുളച്ച് ഒരടിയോളം ആവുമ്പോൾ ഒരുക്കിയ നിലത്തേക്ക് തൂമ്പയുപയോഗിച്ച് വെട്ടിയെടുത്ത് എറിയും. ഈ ജോലികളിലെല്ലാം പ്രാവീണ്യമുള്ളവർ യഥേഷ്ടമുണ്ട്.
പച്ചക്കറി ഉൾപ്പെടെയുള്ള മറ്റു ഭക്ഷ്യവിളകളൊന്നും ഇവിടെ കൃഷി ചെയ്തിരുന്നില്ല. തെങ്ങാണ് ഈ പ്രദേശത്തുകാരുടെ മറ്റൊരു വിള. ഒരു കൃഷി എന്ന നിലയിൽ ഇതിനെ പരിഗണിച്ചിരുന്നില്ല. മഴയുടെയും വെയിലിന്റെയും തോതനുസരിച്ച് ലഭിക്കുന്ന വിളവിലായിരുന്നു എല്ലാവരുടെയും നോട്ടം. തേങ്ങയോടൊപ്പം ഓലയും തടിയും വ്യത്യസ്ത ആവശ്യങ്ങൾക്കായി പൂർണമായും പ്രയോജനപ്പെടുത്തി. വീടുകളുടെ മേൽക്കൂരയ്ക്കും ചുമരിനും ഓലകൾ മെടഞ്ഞാണ് ഉപയോഗിച്ചിരുന്നത്. മുഴുവനായും ചെങ്കല്ലുപയോഗിച്ച് പണിത വീടുകളൊന്നും ഈ പ്രദേശത്തുണ്ടായിരുന്നില്ല. ഭൂവുടമകളോ ജന്മികളോ ആയിരുന്ന അപൂർവ്വം ചിലരുടെ വീടുകൾക്കു മാത്രമാണ് മൺചുവരുകൾ ഉണ്ടായിരുന്നത്. അവയും പേരിനു മാത്രം. ഓല കെട്ടിയ വീടിനകത്ത് നിർമ്മിക്കുന്ന പത്തായപ്പുരകൾക്കേ ചെങ്കല്ലുകൊണ്ടുള്ള ചുമരുകളുണ്ടാവൂ. ഇവയ്ക്കകത്താണ് ധാന്യശേഖരം. എന്റെ അമ്മയുടെ വീട് ഇത്തരത്തിലുള്ള ഒന്നായിരുന്നു.
പാരമ്പര്യരീതിയിലാണ് വെളിച്ചെണ്ണ ഉണ്ടാക്കിയത്. അവശേഷിക്കുന്ന തൊണ്ട് പ്രയോജനപ്പെടുത്തി ചകിരി പിരിച്ച് പരുവപ്പെടുത്തുന്നത് പ്രദേശത്തെ മുഴുവൻ വീടുകളിലെയും പ്രധാന ജോലികളിലൊന്നായിരുന്നു. സ്ത്രീപുരുഷവ്യത്യാസമോ പ്രായഭേദമോ ഇല്ലാതെ കുടുംബാംഗങ്ങൾ ഈ തൊഴിലിൽ ഏർപ്പെട്ടു. കരയിലെ അപൂർവ്വം ചില കുടുംബങ്ങൾ കക്കയും മണലും വാരി അന്യദേശങ്ങളിൽ വിൽപ്പന നടത്തി ജീവിച്ചുപോന്നു. ഈ പ്രദേശത്തേക്കുള്ള പ്രധാന യാത്രാമാർഗ്ഗം വള്ളങ്ങളായിരുന്നു. ജലമാർഗ്ഗം തിരുവനന്തപുരം വരെ സഞ്ചരിക്കുന്നതിനും അക്കാലത്ത് സൗകര്യമുണ്ടായിരുന്നു. ഇത്തിപ്പുഴയാർ വഴിയായിരുന്നു ഇതെല്ലാം നടന്നത്.
ചെമ്മനാകരിയിലെ ഈഴവ ജന്മികുടുംബത്തിലായിരുന്നു അമ്മയുടെ ജനനം. അവരുടെ അച്ഛൻ കളത്തിൽ കുട്ടൻ പ്രദേശത്തെ ഭൂവുടമകളിൽ പ്രധാനിയാണ്. വിവാഹശേഷവും ഭൂരിഭാഗം സ്ത്രീകളും അവരുടെ വീടുകളിലാണ് കഴിഞ്ഞത്. നായർസമുദായാചാരമായ മരുമക്കത്തായസമ്പ്രദായത്തിന്റെ ഏതാണ്ടൊരു പകർപ്പുതന്നെയായിരുന്നു ഈ ക്രമം. എന്നാൽ, ഭൂസ്വത്തിൽ സ്ത്രീകൾക്ക് അവകാശം ഉണ്ടായിരുന്നില്ല. പ്രദേശത്തെ ഈഴവകുടുംബങ്ങളിൽ ജീവിതസൗകര്യം ഉള്ളവർ വിരളമായിരുന്നു. കളത്തിൽ കുടുംബ ത്തിന്റെ കൈവശം താവഴിയായി വന്നുചേർന്ന ഭൂമിയുടെ ഉടമസ്ഥത മുത്തച്ഛനിൽനിന്ന് ഏകമകനിലേക്കാണ് കൈമാറ്റംചെയ്തത്. അമ്മ ജാനകിയെക്കൂടാതെ രണ്ടു സഹോദരിമാരും കളത്തിൽവീട്ടിലുണ്ട്.
മാങ്കായിമനയുടെ അധീനതയിലുള്ള ഭൂമിയും മുത്തച്ഛൻ കൈകാര്യംചെയ്തിരുന്നു. ഇതിനു പ്രതിഫലമായി അവിടെനിന്നു ശേഖരിക്കുന്ന ഭക്ഷ്യവിഭവങ്ങൾ മനയിലെത്തിക്കുകയും ചെയ്തിരുന്നു. ജന്മിഗൃഹത്തിന്റെ പ്രൗഢി കളത്തിൽ തറവാട്ടിൽ ഉണ്ടായിരുന്നെങ്കിലും വൃത്തിയുള്ള ശുചിമുറി അവിടെയില്ല. വീട്ടിൽനിന്നും അല്പം അകലെ മണ്ണിൽ കുഴിയെടുത്താണ് മലമൂത്രവിസർജ്ജനം നടത്തിയിരുന്നത്. വീടിനകത്ത് സ്ത്രീകൾക്കു കഴിയാനായി പ്രത്യേകം ഇടമുണ്ട്. മുത്തച്ഛൻ വീടിനകത്ത് കട്ടിൽമാതൃകയിൽ കെട്ടിയുണ്ടാക്കിയ ഉയർന്ന സ്ഥലത്തും അതിനു താഴെ പായയിൽ മുത്തശ്ശിയും ശയിക്കും. അവശേഷിച്ചിരുന്നവർ കൂരയ്ക്കുള്ളിൽ ലഭ്യമായ സ്ഥലത്ത് ഒതുങ്ങിക്കൂടും.
പ്രദേശത്തെ ഈഴവ വൈദ്യഗൃഹങ്ങളിലൊന്നായ കൊട്ടൂരത്തിൽ തറവാട്ടിലെ കുമാരനാണ് എന്റെ അച്ഛൻ. വേലുവൈദ്യന്റെയും ചീരൻകുട്ടിയുടെയും അഞ്ചു മക്കളിൽ മൂത്തയാൾ. കൂട്ടുകുടുംബശൈലി പിന്തുടർന്നതുകൊണ്ട് അച്ഛന്റെ സഹോദരങ്ങളും മറ്റു ബന്ധുക്കളും ഒന്നിച്ചാണ് കഴിഞ്ഞിരുന്നത്. അച്ഛന് എവിടെനിന്നെങ്കിലും വിദ്യാഭ്യാസം ലഭിച്ചതിന് തെളിവുകളൊന്നുമില്ല. കുടുംബത്തിലെ മറ്റുള്ളവരിൽനിന്നും വ്യത്യസ്തനായാണ് അച്ഛൻ ജീവിച്ചത്. സഞ്ചാരിയും ആചാരലംഘകനുമായ അദ്ദേഹം കുടുംബബന്ധങ്ങളിൽനിന്ന് അകലം പാലിച്ചു. അന്യർക്കുവേണ്ടി ത്യാഗംചെയ്ത അച്ഛൻ സ്വവസതിയുടെ അഭിവൃദ്ധിക്കായി യത്നിച്ചില്ല. സംഗീതപ്രേമിയായ അദ്ദേഹം ഉത്സവപ്പറമ്പുകളിൽ കാഴ്ചക്കാരനായും സംഗീതക്കച്ചേരികളിൽ ശ്രോതാവായും അലഞ്ഞുനടന്നു. സംഗീതപ്രതിഭയായിരുന്ന വൈക്കം വാസുദേവൻനായരുടെ പ്രധാന സുഹൃത്തുക്കളിലൊരാളായി മാറിയ അച്ഛൻ നാടകങ്ങളിൽ വേഷപ്രച്ഛന്നനായി. രംഗപടത്തിലെ കഥാപാത്രങ്ങളിൽനിന്ന് സ്വാഭാവികജീവിതത്തിലേക്ക് ഇറങ്ങിവരാൻ വളരെയെളുപ്പം അദ്ദേഹത്തിനു കഴിഞ്ഞില്ല.
നാടകയാത്രയിൽ മലപ്പുറത്തെ വേദിയിൽ അവതരിപ്പിച്ച കഥാപാത്രത്തിൽനിന്ന് വേഷമുരിയാതെ നാട്ടിലെത്തിയ അച്ഛൻ ഇസ്ലാംമത അനുയായി ആയതായി തെറ്റിദ്ധരിക്കപ്പെട്ടു. അതിനുമപ്പുറം അദ്ദേഹം ഇസ്ലാം വിശ്വാസിയായി മാറിയെന്ന പ്രചാരണവും ഒരുഭാഗത്ത് നടന്നു. ഒന്നും അദ്ദേഹത്തെ ബാധിച്ചില്ല. അരാജകജീവിതത്തിലൂടെ സ്വാംശീകരിച്ച അറിവുകൾ സ്വയം പ്രയോഗിച്ച് മറ്റുള്ളവരെ അമ്പരപ്പിച്ചു.
അമ്മയുമായുള്ള അച്ഛന്റെ വിവാഹം സംബന്ധിച്ച വിവരങ്ങളൊന്നും എനിക്കു പരിചിതമല്ല.
ഓർമ വച്ചനാൾ മുതൽ അമ്മയുടെ കുടുംബഗൃഹമായ കളത്തിൽവീട്ടിലാണ് എന്റെ വാസം. അപൂർവ്വമായോ ആഘോഷാവസരങ്ങളിലോ മാത്രമേ കൊട്ടൂരത്തിൽവീട്ടിലേക്കു പോയിരുന്നുള്ളൂ. ഈ വസ്തുതയാണ് ജന്മഗൃഹത്തെക്കുറിച്ചുള്ള എന്റെ സംശയത്തിനു ഹേതു. എനിക്കു ഭഗീരഥി എന്ന സഹോദരിയും മൂന്നു സഹോദരന്മാരും ഉണ്ടായിരുന്നു. സഹോദരന്മാർ ഒന്നൊന്നായി പത്തു വയസ്സിനു മുമ്പേ മരിച്ചു. സമാന രോഗലക്ഷണങ്ങളോടെയുള്ള ഇവരുടെ അകാലമൃത്യുവിന്റെ ഹേതു എന്തായിരുന്നു എന്ന് അക്കാലത്ത് മുതിർന്ന സഹോദരനായ എനിക്ക് അജ്ഞാതമാണ്. എന്റെ ശൈശവ-ബാല്യം പിന്നിട്ട നാളുകൾ ചെമ്മനാകരിയുടെ പൊതുസാഹചര്യങ്ങളിൽനിന്ന് ഒട്ടും വിഭിന്നമായിരുന്നില്ല. ശുദ്ധമായ കുടിവെള്ളത്തിന്റെ അഭാവമാണ് ഇതിൽ പ്രധാനം. കുടിക്കാനും കുളിക്കാനുമുള്ള ജലത്തിന് ഒരേ സ്രോതസ്സിനെത്തന്നെ ഭൂരിഭാഗവും ആശ്രയിച്ചു. വീടുകളോടനുബന്ധിച്ച തൊടികളിൽ ഉണ്ടായിരുന്ന കുളങ്ങൾ പ്രാഥമിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചു. അങ്ങനെ ഭൂരിഭാഗം ജലശേഖരങ്ങൾ മലിനമായി. കോളറ, വയറിളക്കം തുടങ്ങിയ ജലജന്യരോഗങ്ങളും ചർമ്മവ്യാധിയും അക്കാലത്ത് വ്യാപകമായിരുന്നു. ചെമ്മനാകരിയിൽ അടിയന്തിരചികിത്സ ലഭ്യമായിരുന്ന ആശുപത്രികൾ എന്നല്ല ചികിത്സകരും ഉണ്ടായിരുന്നില്ല. അകലെയുള്ള ആശുപത്രികളിൽ എത്തിക്കുന്നതിന് വാഹനങ്ങൾ ഇല്ല. എന്നുമാത്രമല്ല, ഗതാഗതത്തിനനുയോജ്യമായ പാതകളും ഉണ്ടായിരുന്നില്ല. പ്രദേശത്തെ പ്രമാണിമാരായ ചിലരുടെ വസതികളിൽ അടിയന്തിരഘട്ടങ്ങളിൽ ഡോക്ടർമാർ വന്നിരുന്നെങ്കിലും മിക്കപ്പോഴും ജീവൻ രക്ഷിക്കാൻ അവർക്കായില്ല. ഇക്കാരണംകൊണ്ട് ഡോക്ടർമാരുടെ ഗൃഹാഗമനത്തെ മരണവുമായി ബന്ധിപ്പിച്ചു കാണാനാണ് നാട്ടുകാർ ശ്രമിച്ചത്. അങ്ങനെയാണ് കൂടപ്പിറപ്പുകളുടെ അകാലവിയോഗത്തിന് നിദാനം മലിനമായ ചുറ്റുപാടുകളാണെന്ന് ഞാൻ ഉറപ്പിച്ചത്.
കളത്തിൽവീടിനു സമീപത്തുള്ള അക്കരപ്പാടം പ്രാഥമികവിദ്യാലയത്തിലാണ് ഞാൻ പഠിച്ചുതുടങ്ങുന്നത്. അതിനുമുമ്പേ അവിടെയുള്ള ആശാൻപള്ളിക്കൂടത്തിൽ പോയതിന്റെ നേർത്ത ഓർമ്മയേ ഉള്ളൂ. ഈഴവകുടുംബങ്ങളിലെ കുട്ടികളാണ് ആശാനരികിലും പള്ളിക്കൂടത്തിലും പ്രധാനമായും എത്തിയിരുന്നത്. ക്രിസ്ത്യൻ, മുസ്ലിം വിഭാഗത്തിലുള്ള ഏതാനും കുടുംബങ്ങൾ മാത്രമേ ചെമ്മനാകരിക്കും ചുറ്റിലും പാർത്തിരുന്നുള്ളൂ. സമൂഹത്തിലെ മേൽത്തട്ടിലുള്ള സമുദായങ്ങളുമായി അകന്ന ബന്ധമാണ് പുലയർ സൂക്ഷിച്ചിരുന്നത്. വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകാൻ അവർ തയ്യാറായിരുന്നില്ല. രഹസ്യമായെങ്കിലും നിലനിന്നിരുന്ന തൊട്ടുകൂടായ്മയാണ് ഈ ജനവിഭാഗത്തെ വിദ്യാസമ്പാദത്തിൽനിന്ന് അകറ്റിയത്. ഈഴവർക്കു മുകളിലെന്ന് നടിച്ചിരുന്ന നായർ, ബ്രാഹ്‌മണ കുടുംബങ്ങൾ എല്ലാവരിൽനിന്നും അകലം പാലിച്ചു.
നിത്യരോഗിയും അവശയുമായ അമ്മയാണ് എന്റെ ഓർമയിൽ നിറഞ്ഞുനിൽക്കുന്നത്. സമ്പന്നമായ ഗാർഹികാവസ്ഥയിലും അവർ എക്കാലവും ബഹുവിധവ്യാധികൾക്ക് അടിമയാണ്. ശ്വാസതടസ്സമായിരുന്നു പ്രധാനമായും അവർ അനുഭവിച്ചിരുന്ന രോഗം. ഒരിറ്റു ശ്വാസത്തിനായി പല രാത്രികളിൽ അവർ പുളയുന്നത് ഞാൻ കണ്ടിട്ടുണ്ട്. അമ്മയുടെ സഹോദരനോ സഹോദരിമാർക്കോ ഈ അനാരോഗ്യസാഹചര്യം ആശങ്കയുണ്ടാക്കിയില്ല. മുത്തച്ഛനും മുത്തശ്ശിയും അമ്മയുടെ ആധിയോട് പുലർത്തിയ നിസ്സംഗതയാണ് മറ്റുള്ളവരിലേക്കു പകർന്നത്.
ലോകമാകെ കടുത്ത ഭക്ഷ്യക്ഷാമം നേരിട്ട കാലമായിരുന്നു അത്. രാജ്യവുമായിപ്പോലും വിദൂരബാന്ധവം ഇല്ലാതിരുന്ന ചെമ്മനാകരിയിലേക്കും ആഹാരദൗർല്ലഭ്യത്തിന്റെ കാണാക്കൈകൾ നീണ്ടുവന്നു. അരിക്കും മറ്റു നിത്യോപയോഗ അത്യാവശ്യധാന്യങ്ങൾക്കും വേണ്ടിയുള്ള കാത്തിരിപ്പിന്റെ ദൈർഘ്യം നീളുകയും ജനതയുടെ ആരോഗ്യം ക്ഷയിക്കുകയും ചെയ്തു. ജന്മികുടുംബത്തിലെ ഒരന്തേവാസി എന്ന നിലയിൽ ദാരിദ്ര്യം നേരിട്ടു ബാധിച്ചില്ലെങ്കിലും ഞാനുമതിന് മിക്കപ്പോഴും ഇരയായി. സവിശേഷമായ മിടുക്കോ ഊർജ്ജസ്വലതയോ കൈവശമുള്ള ഒന്നായിരുന്നില്ല എന്റെ കുഞ്ഞുനാൾ. വയറു നിറയെ ആഹാരം കഴിക്കാനുള്ള മോഹം പലപ്പോഴും സഫലീകരിച്ചില്ല. അർദ്ധപ്പട്ടിണിക്കാരനായതിൽ ഞാൻ ഖിന്നനായി.
അച്ഛന്റെ തന്നിഷ്ടഭാവം കളത്തിൽവീട്ടിലെ ഞങ്ങളുടെ വാസം സന്തോഷകരമല്ലാതാക്കി. ജോലിയിൽ വിമുഖൻ, തന്നിഷ്ടക്കാരൻ, അപഥസഞ്ചാരി തുടങ്ങിയ വിശേഷണങ്ങൾ ഒളിഞ്ഞും തെളിഞ്ഞും അച്ഛനെതിരെ പ്രചരിക്കപ്പെട്ടിരുന്നു. ഈ പരാതികൾ മാനിച്ചില്ലെന്നു മാത്രമല്ല, നിർഭയനായി അദ്ദേഹം ഇതിനെയെല്ലാം നേരിടുകതന്നെ ചെയ്തു. എന്നാൽ എന്റെ നില അതായിരുന്നില്ല. അച്ഛനോടുള്ള പുച്ഛം എനിക്കുനേരെയും ഉയർന്നു. കുടുംബാംഗങ്ങളിൽ ചിലർ മാത്രമല്ല, വീട്ടുവേലക്കാരും തൊടിയിലെ പണിക്കാരും ഇതേ പരിഗണനയേ എനിക്കു തന്നുള്ളൂ. പതിനഞ്ചു വയസ്സിലധികം ഇളയവൾ ആയിരുന്നു ഭഗീരഥി. ഈ അകൽച്ച ഞങ്ങൾ തമ്മിലുള്ള ബന്ധത്തിലും നിഴലിച്ചു.
‘അമേരിക്കൻ ചാരൻ’, ‘സാമ്രാജ്യത്വ ഏജൻറ്’
ആശുപത്രിയുടെ പ്രവർത്തനം ആരംഭിച്ചതോടെ എന്റെ സേവനം പൂർണ്ണമായും ഇവിടെ വേണമെന്ന ഒരാവശ്യം ഉയർന്നു. പ്രാരംഭദശയിൽ ഒരു സ്ഥാപനം നേരിടാനിടയുള്ള തടസ്സങ്ങളെല്ലാം ഇൻഡോ-അമേരിക്കൻ ആശുപത്രിയും അഭിമുഖീകരിച്ചു. ജന്മനാടെന്ന പരിഗണനയോ ജനോന്മുഖതയോ ഇവിടെ പ്രതിബന്ധങ്ങൾ തരണംചെയ്യാൻ എന്നെ സഹായിച്ചില്ല.
ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് വൻതുക ആവശ്യമായിവന്നിരുന്നു. ആരംഭദശയിൽ മുതൽമുടക്ക് അനായാസം നടന്നെങ്കിലും ദൈനംദിന പ്രവർത്തനച്ചെലവ് കണ്ടെത്താനുള്ള ചില പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടിവന്നു. അത്തരമൊരാലോചനയാണ് അന്തർദ്ദേശീയ നിലവാരമുള്ള സുഖവാസകേന്ദ്രം എന്നതിലെത്തിയത്. ദേശത്തിന്റെ പ്രകൃതിദത്തമായ സവിശേഷത പ്രയോജനപ്പെടുത്തുകയെന്ന ആശയമാണ് വേമ്പനാട്ട് കായലോരത്ത് വിനോദസഞ്ചാരികൾക്കായി കളത്തിൽ ലേക്ക് റിസോർട്ട് ആരംഭിക്കാൻ പ്രചോദനമായത്. കായലരികിൽ ആശുപത്രിയോടു ചേർന്നുള്ള ഭൂമി ഉടമയിൽനിന്ന് അവർ ആവശ്യപ്പെട്ട വില നൽകിയാണ് ഞാൻ വാങ്ങിയത്. ഇത്തരം ക്രയവിക്രയങ്ങൾക്ക് സദാശിവനാണ് മേൽനോട്ടം വഹിച്ചത്. ഹോസ്പിറ്റലിന്റെ ആദ്യ മാനേജിംഗ് ഡയറക്ടറായി നിയമിച്ചത് സദാശിവനെയാണ്. അദ്ദേഹം ഗൗരവമായിത്തന്നെ സ്ഥാപനത്തെയും അനുബന്ധ പ്രവർത്തനങ്ങളെയും മുന്നോട്ടു നയിച്ചു. എന്നാൽ ചില താളപ്പിഴകൾ വരുന്നതായി വാർഷികാവധിയിൽ ചെമ്മനാകരിയിലെത്തിയ എനിക്കു മനസ്സിലായി. സ്ഥാപനത്തിനാവശ്യമായ ജോലിക്കാരെ കണ്ടെത്തുന്നതിലും നിയമിക്കുന്നതിലും അയാൾക്ക് ജാഗ്രതക്കുറവുണ്ടായി. ദേശത്തെ സാമൂഹ്യരാഷ്ട്രീയ പ്രസ്ഥാനങ്ങളും നേതാക്കളുമായി അഭിഭാഷകനായ അദ്ദേഹത്തിന് ബന്ധമുണ്ട്. ഈ അടുപ്പം ദുരുപയോഗംചെയ്യുന്നത് അയാൾ അറിഞ്ഞുമില്ല. ചിലരുടെ ശുപാർശകളുടെ വെളിച്ചത്തിൽ നിയമിച്ചവർ അയോഗ്യരോ ജോലിചെയ്യാൻ തðപരരോ ആയിരുന്നില്ല. എന്റെ ശ്രദ്ധയിൽപ്പെട്ട കാര്യങ്ങൾ അദ്ദേഹത്തെ അറിയിച്ചു. ""ബാഹുലേയന്റെ പണമല്ലേ, ചെലവഴിക്കുന്നതിൽ എന്താണ് പ്രയാസം'' എന്ന മനോനിലയിലേക്ക് കാര്യങ്ങൾ വഴിമാറുന്നതായി ചിലർ എനിക്കു മുന്നറിയിപ്പ് തന്നിരുന്നു.
പ്രദേശത്തെ ജന്മിയായിരുന്ന അപ്പൂപ്പനൊപ്പം അലസമായി നടന്ന വയൽവഴികളിലൂടെ വീണ്ടും സഞ്ചരിക്കാൻ എനിക്കവസരം കിട്ടി. കാലഭേദത്തിൽ അപ്പൂപ്പന്റെ കൈവശമുണ്ടായിരുന്ന മണ്ണിന് പുതിയ അവകാശികൾ ഉണ്ടായി. അവരാണ് ഈ ഭൂമി എനിക്കു കൈമാറിയത്. ഭൂമിയുടെ ചിതറിപ്പോയ അവകാശം തിരികെപ്പിടിക്കുകയാണെന്ന ബോധം ഒരുവേള എന്നെ അഹങ്കാരിയാക്കി മാറ്റിയിരുന്നു. എന്നാൽ പ്രകൃതിയുടെ സ്വാഭാവികനീതിയോർത്ത് അത്തരം അനാവശ്യചിന്തകളെ ഞാൻ കയ്യൊഴിയുകയാണുണ്ടായത്. ആശുപത്രിയുടെ പ്രവർത്തനം തുടങ്ങുകയും റിസോർട്ടിന്റെ നിർമ്മാണം ആരംഭിക്കുകയും ചെയ്തതോടെ എന്നോടുള്ള സമീപനത്തിൽ ഈ പ്രദേശത്തെ പ്രധാന രാഷ്ട്രീയ പാർട്ടി മാറ്റം വരുത്തി. പ്രാദേശിക നേതാക്കൾ എന്നോട് നേരിട്ട് പണം ചോദിച്ചു. പാർട്ടി ഫണ്ടിലേക്കാണെന്നായിരുന്നു അവരുടെ അവകാശവാദമെങ്കിലും യാഥാർത്ഥ്യമതായിരുന്നില്ല. അവരുടെ ആവശ്യം നിരാകരിച്ചതോടെ ഞാൻ അവരുടെ ശത്രുഗണത്തിലായി. ചിലരുടെ വേണ്ടപ്പെട്ടവർക്ക് ജോലി നൽകണമെന്ന ആവശ്യവും അംഗീകരിക്കാൻ എനിക്കു കഴിഞ്ഞില്ല. ഇതും എന്നോടുള്ള വിയോജിപ്പിന് ഹേതുവായി.
ടോൾ മുതൽ ആശുപത്രി വരെയുള്ള പാതയുടെ നിർമ്മാണമോ ചെമ്മനാകരിയുടെ വികസനത്തിലേക്ക് ഞാൻ തുറന്നിട്ട വാതായനങ്ങളോ അവർ പരിഗണിക്കാൻ കൂട്ടാക്കിയില്ല. മറിച്ച്, എന്നെ അവരുടെ പ്രഖ്യാപിത പ്രതിയോഗിയാക്കി മാറ്റി. പാർട്ടിയുമായുള്ള സ്പർദ്ധ നിലനിൽക്കുന്ന അവസരത്തിലാണ് ഒരു സംഘടനയുടെ പ്രതിനിധികളെന്ന മുഖവുരയോടെ ചിലർ വന്നത്. സംഭാഷണം ആരംഭിക്കുന്നതുതന്നെ ഉരുളയ്ക്കുപ്പേരിയെന്നു തോന്നിക്കുന്ന മറുപടിയോടെയായിരുന്നു. ""ഞങ്ങളെക്കുറിച്ച് എന്തറിയാം'' എന്നായിരുന്നു അവരുടെ ചോദ്യം. ""മഹാത്മാഗാന്ധിയെ കൊന്നവരാണ് നിങ്ങളെന്ന് എനിക്കറിയാം'' എന്നായിരുന്നു എന്റെ ഉത്തരം. പിന്നീടധികമൊന്നും ഇതേക്കുറിച്ച് സംസാരിക്കാൻ അവർ താൽപര്യം പ്രകടിപ്പിച്ചില്ല. സംഘടന രാജ്യത്തിന് നൽകിയ സേവനങ്ങളെ സംബന്ധിച്ച് അവർ വാചാലരായി. സുനാമി ദുരന്തകാലത്ത് ലക്ഷക്കണക്കിന് മനുഷ്യർക്ക് ആശ്രയമായത് ഈ സംഘടനയാണെന്ന് അവർ അവകാശപ്പെട്ടു.
എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ചാർട്ടേർഡ് അക്കൗണ്ടന്റായ ബാലൻമേനോൻ, രാജശേഖരൻപിള്ള തുടങ്ങിയവരായിരുന്നു അവരിൽ രണ്ടുപേർ. ""ചിലർ നിങ്ങളെയും ആശുപത്രിയെയും തകർക്കാൻ ശ്രമിക്കുകയാണെന്ന് ഞങ്ങൾക്കറിയാം. സാമ്പത്തികമായും നിങ്ങൾ സുരക്ഷിതമല്ല. ഞങ്ങൾ നിങ്ങളെ സഹായിക്കാനും സംരക്ഷിക്കാനും ഒരുക്കമാണ്.'' സംഘത്തിലുണ്ടായിരുന്ന ബാലൻ മേനോൻ പറഞ്ഞു. ധനകാര്യസ്ഥാപനത്തിൽനിന്ന് വായ്പയെടുത്താണ് ആശുപത്രിയുടെ നിർമ്മാണം പൂർത്തീകരിച്ചിരുന്നത്. ഹോസ്പിറ്റലിൽനിന്ന് കിട്ടുന്ന വരുമാനം വായ്പാതിരിച്ചടവിനു മതിയാവുമായിരുന്നില്ല. നാലു കോടി രൂപയും വായ്പയായാണ് ബാങ്ക് അനുവദിച്ചിരുന്നത്. പലിശ ഉൾപ്പെടെ ഏതാണ്ട് അമ്പതുലക്ഷം രൂപ ത്രൈമാസഗഡുവായി ബാങ്കിൽ തിരികെ അടയ്
ക്കണം. ആശുപത്രിയുടെ യഥാർത്ഥചിത്രം ഞാൻ അവരുടെ മുന്നിൽ നിരത്തി. ഏറെനേരത്തെ ചർച്ചകൾക്കുശേഷം ആവശ്യമായ പണവും സ്ഥാപനം നടത്താനുള്ള ആൾബലവും നൽകാമെന്ന് അവർ വാഗ്ദാനം ചെയ്തു. ഈ കൂടിക്കാഴ്ച നടന്ന് തൊട്ടടുത്ത ദിവസങ്ങളിലാണ് ബാങ്കിൽ ആദ്യഗഡു അടയ്ക്കേണ്ടിയിരുന്നത്. ഇക്കാര്യങ്ങളെല്ലാം അംഗീകരിച്ചാണ് ഈ സംഘം ചെമ്മനാകരിയിൽനിന്നും മടങ്ങിയത്. ബാങ്കിനു നൽകാനുള്ള തുകയിൽ പലിശമാത്രം സംഭരിച്ച് അടയ്ക്കാനേ ഇവർക്കു കഴിഞ്ഞുള്ളൂ. അടുത്ത ഗഡുവിനു മുമ്പ് മുഴുവൻ തുകയും നൽകാമെന്ന് അവർ ഉറപ്പുനൽകുകയും ചെയ്തു.
ഇതിനിടെ പമ്പാമണപ്പുറത്ത് നടന്ന ഒരു കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ എനിക്ക് സംഘടനയുടെ ഉന്നത നേതാവുമായി കൂടിക്കാഴ്ചയ്ക്കുള്ള അവസരം ലഭിച്ചു. ബാലൻ മേനോനും സംഘവും എന്നെ ക്ഷണിക്കുകയും സംഘടനയുടെ പരമാദ്ധ്യക്ഷനുമായുള്ള കൂടിക്കാഴ്ച ഒരുക്കുകയുമാണ് ചെയ്തത്.
ഈ സംഘടനയുമായി ഞാൻ സഹവർത്തിത്വത്തിലായെന്ന വാർത്ത പരന്നതോടെ മറ്റു പാർട്ടികൾ എനിക്കെതിരെയുള്ള ആരോപണങ്ങൾ കടുപ്പിച്ചു. ഇതിനിടെ വൈക്കത്ത് പ്രവർത്തിക്കുന്ന ഇൻഡോ-അമേരിക്കൻ ഹോസ്പിറ്റൽ ഫോർ വുമൺ ആന്റ് ചിൽഡ്രൻസിൽ തൊഴിൽതർക്കങ്ങൾ ഉയർത്താൻ ഒരു തൊഴിലാളിസംഘടന ശ്രമിച്ചു. അവരുടെ ആവശ്യത്തിനു വഴങ്ങാൻ ഞാൻ ഒരുക്കമായിരുന്നില്ല. അന്നുവരെ അവിടെ ജോലിചെയ്തിരുന്നവർക്ക് നിയമപ്രകാരം അർഹതയുള്ള നഷ്ടപരിഹാരം ഉൾപ്പെടെ നൽകി എല്ലാവരുടെയും സേവനം സമീപദിവസം അവസാനിപ്പിച്ചു. ഈ ആശുപത്രിയുടെ പ്രവർത്തനം അതിനടുത്ത ദിവസം സേവാഭാരതിയെ ഏൽപ്പിച്ചു. ഇതുകൂടി ചേർന്നതോടെ ഞാൻ പൂർണ്ണമായും ചില പാർട്ടികൾക്ക് വിരുദ്ധനായി.
അമേരിക്കൻ ചാരനും സാമ്രാജ്യത്വ ഏജന്റുമായി ഞാൻ മാറുന്നതാണ് പിന്നീട് കണ്ടത്. തരംകിട്ടുമ്പോഴെല്ലാം ഇതേ ആരോപണം അവർ എനിക്കെതിരെ മുദ്രാവാക്യമായി മുഷ്ടിചുരുട്ടി വിളിച്ചു. ആശുപത്രിയുടെ പ്രവർത്തനം സുഖകരമായി മുന്നോട്ടു പോവുകയെന്ന ലക്ഷ്യമേ എനിക്കുണ്ടായിരുന്നുള്ളൂ. മറ്റു പരാതികളൊന്നും മാനിക്കാനോ അവരോട് സന്ധിക്കാനോ ഞാൻ ശ്രമിച്ചില്ല.
എന്റെ അസാന്നിദ്ധ്യത്തിലാണ് ബാഹുലേയൻ ചാരിറ്റബിൾ ഫൗണ്ടേഷന്റെ രൂപീകരണവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഉണ്ടാവുന്നത്. ഇന്ദിരയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തുവെച്ചായിരുന്നു നിർണ്ണായകമായ ഈ കൂടിച്ചേരൽ. നേരത്തെ പരസ്പരം പങ്കുവെച്ച ആശയങ്ങളുടെ വെളിച്ചത്തിൽ ഒരു പ്രവർത്തനമാർഗ്ഗരേഖ തയ്യാറാക്കുന്നതിനായി മോഹൻദാസ്നായർ, ഡോ. എം. എസ്. വല്യത്താൻ, ഇന്ദിര എന്നിവരാണ് അവിടെ ഒത്തുചേർന്നത്. ഇന്ത്യൻ ചികിത്സാരംഗത്തെ അതികായന്മാരിൽ ഒരാളായ ഡോക്ടർ വല്യത്താന് ഇന്ദിരയുമായി അടുത്ത ബന്ധമുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആദ്യ ബാച്ച് വിദ്യാർത്ഥികളാണ് ഇരുവരും.
ഔഷധനിർമ്മാണവില്പനരംഗവുമായി ദീർഘകാല ബന്ധ മുള്ള എം.ഡി. നായർ ഈ സംഘത്തിലെത്തുന്നതും ഇന്ദിരയുടെ കുടുംബവുമായുള്ള അടുപ്പത്തെ തുടർന്നാണ്. അദ്ദേഹത്തിന്റെ അച്ഛൻ അമ്പലപ്പാട്ട് ദാമോദരനാശാൻ റവന്യൂ ബോർഡ് സെക്രട്ടറിയും എക്സൈസ് കമ്മീഷണറുമായിരുന്നു. സംസ്ഥാനത്തെ നിരവധി ഉയർന്ന പദവികൾ വഹിച്ച ദാമോദരനാശാന് ഇന്ദിരയുടെ പിതാവായ കെ. കെ. കർത്തായുമായി സൗഹൃദമുണ്ട്. ഈ സാഹോദര്യമാണ് ഇന്ദിരയും എം.ഡി. നായരും തമ്മിലുള്ള അടുപ്പത്തിന് കാരണം.
മാവേലിക്കരയിലെ ഒരു പ്രശസ്ത കുടുംബത്തിലെ അംഗമായ ഡോക്ടർ വല്യത്താൻ ചികിത്സയെക്കാൾ തിളങ്ങിയത് മെഡിക്കൽ വിദ്യാഭ്യാസ രംഗത്താണ്. രാജ്യത്തെ മികച്ച മെഡിക്കൽ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സ്ഥാപകനായും അമരക്കാരനായും വല്യത്താൻ ശേഷി തെളിയിച്ചിരുന്നു. ഡോ. വല്യത്താനും എം.ഡി. നായരും ഇന്ദിരയുമെല്ലാം അവരുടേതായ അഭിപ്രായങ്ങൾ രേഖപ്പെടുത്തി എന്നെ അറിയിക്കുകയാണ് ചെയ്തത്. ഒരു സ്പെഷ്യാലിറ്റി ചികിത്സാകേന്ദ്രം എന്ന ഇവരുടെ ആശയത്തിൽ എനിക്കു ഭിന്നസ്വരം ഉണ്ടായിരുന്നില്ല. എന്നാൽ അത് സ്ഥാപിക്കേണ്ട സ്ഥലവും ദൈനംദിന നടത്തിപ്പും സ്ഥാപനത്തിന്റെ ഘടനയും സംബന്ധിച്ച അവരുടെ നിലപാടുകൾ ഞാൻ അതേപടി സ്വീകരിച്ചില്ല. ഇക്കാലത്ത് വല്യത്താനുമായി ലഭ്യമായ വിവരവിനിമയസംവിധാനങ്ങൾ വഴി നിരന്തരം ആശയസംവാദം നടത്തിയിരുന്നു. പൂർണ്ണസഹായം വാഗ്ദാനം ചെയ്ത അദ്ദേഹം ആശുപത്രി നിർമ്മാണത്തിന്റെ പ്രാരംഭകാലത്ത് ചെമ്മനാകരിയിലെത്തുകയും ചെയ്തു.
എം.ഡി. നായരെ ആദ്യമായി നേരിൽ കാണുന്നത് മദ്രാസിൽവെച്ചാണ്. ഇന്ദിരയോടൊപ്പം അദ്ദേഹത്തെ സന്ദർശിക്കാൻ അവിടെയെത്തിയ ഞാൻ ഹോട്ടലിലാണ് താമസിച്ചത്. ബാഹുലേയൻ ചാരിറ്റബിൾ ഫൗണ്ടേഷന്റെ പ്രാരംഭകാലത്ത് പ്രധാനചുമതലകൾ വഹിക്കാൻ അദ്ദേഹം തയ്യാറായി. ട്രസ്റ്റ് ചെയർമാനായും മാനേജിംഗ് ഡയറക്ടറായും സേവനം അനുഷ്ഠിച്ച നായർ സ്ഥാപനങ്ങളുടെ വളർച്ചയ്ക്ക് അതുല്യമായ സംഭാവനകൾ നൽകി. അദ്ദേഹത്തിന്റെ ശുപാർശകൾ പൂർണ്ണമായും അംഗീകരിക്കുവാൻ നിരവധി അവസരങ്ങളിൽ എനിക്കു കഴിഞ്ഞില്ല. ഡോക്ടർ വല്യത്താൻ, പി. കെ. ഹരികുമാർ, എ.സി. ജോസ്, മാണി എന്നിവരുടെ നിർദ്ദേശങ്ങൾ നിരാകരിക്കേണ്ടിവന്നതിന്റെ കാരണം അവയൊന്നും എന്റെ മനസ്സിന്റെ വേറിട്ട സംവേദനക്ഷമതയെ തൃപ്തിപ്പെടുത്താൻ പര്യാപ്തമായിരുന്നില്ല എന്നതുകൊണ്ടാണ്. വിലപിടിപ്പുള്ള ഉപദേശങ്ങളായിരുന്നു അവരിൽനിന്ന് ലഭിച്ചതെന്ന് മനസ്സിലാക്കിയിട്ടും അവ പ്രാവർത്തികമാക്കാൻ ഞാൻ ശ്രമിച്ചില്ല. ഏതാണ്ട് പതിനേഴു വർഷക്കാലത്തോളം എം.ഡി. നായർ പ്രസ്ഥാനവുമായി ചേർന്നുനിന്നും ഡോക്ടർ വല്യത്താനും അദ്ദേഹത്തിന്റെ ഔദ്യോഗിക ജോലിത്തിരക്കുകൾ മാറ്റിവെച്ചും ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളോട് സഹകരിച്ചു. അദ്ദേഹത്തിന്റെ സ്വാധീനഫലമായി ഡോ. റെഡ്ഡിസ് ലബോറട്ടറീസ് ഉടമ അഞ്ജി റെഡ്ഡി ഇരുപതു ലക്ഷം രൂപ ഫൗണ്ടേഷന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്കായി സംഭാവന നൽകി. സമൂഹത്തിലെ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ ഉന്നതരുമായി അടുപ്പമുള്ള എം.ഡി. നായർ അതെല്ലാം ബി.സി. എഫിന്റെ ഉയർച്ചയ്ക്കായി പ്രയോജനപ്പെടുത്തി.
ബഫലോ എന്ന ഭൂമിക
സാഹസികത ഉൾക്കൊള്ളുന്ന വിനോദങ്ങളോടുള്ള മമത ഭാഷാപഠനത്തോടും ഞാൻ പുലർത്തിയിരുന്നു. എനിക്കു മുന്നിൽ തല ഉയർത്തി നിൽക്കാൻ പര്യാപ്തമായ പർവ്വതശിഖരങ്ങൾ പാടില്ല എന്ന മനോഭാവമാണ് എന്നെ മികച്ച സാഹസികനാക്കി മാറ്റിയത്. ബാല്യംമുതലേ ഈ ഭാവമെന്നോടൊപ്പമുണ്ട്. വൈക്കത്തേക്കുള്ള സ്‌കൂൾയാത്രയ്ക്കിടെ സുഹൃത്തുക്കളുടെ ആഗ്രഹം സഫലീകരിക്കാനായി വഴിയരികിൽ പുരയിടത്തിലെ ഉയരമുള്ള മാവിൽനിന്ന് മാങ്ങ പറിച്ചെടുക്കുമായിരുന്നു. സംഭവിക്കാനിടയുള്ള അപകടത്തെഇത്തരം സന്ദർഭങ്ങളിൽ ഞാൻ ഗൗനിച്ചതേയില്ല. സൗഹൃദാവസരങ്ങളിൽ മാത്രമല്ല, ആശങ്ക തോന്നിയ ജീവിതസന്ദർഭങ്ങളിലും ഞാനിതേ മനശ്ശക്തിയാണ് പ്രകടിപ്പിച്ചത്.
നാനാടത്തെ ഇംഗ്ലീഷ് സ്‌കൂൾ പഠനകാലത്ത് സംസ്‌കൃതം അഭ്യസിക്കാനുള്ള എന്റെ നിശ്ചയവും ഇങ്ങനെ രൂപംകൊണ്ടതാണ്. അക്കരപ്പാടത്തിനടുത്ത് താമസിക്കുന്ന നാരായണൻവൈദ്യന്റെയരികിൽ സംസ്‌കൃതം പഠിക്കാൻ പോയത് ഈ താൽപര്യം ഒന്നുകൊണ്ടുമാത്രമാണ്. അല്പകാലംകൊണ്ടുതന്നെ സംസ്‌കൃതകാവ്യങ്ങളിലെ ചില ശ്ലോകങ്ങൾ ഹൃദിസ്ഥമാക്കിയ ഞാൻ അവയുടെ അർത്ഥം ഗ്രഹിക്കാൻ ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തു.
അന്യഭാഷാജ്ഞാനം കൈവരിക്കാനുള്ള എന്റെ ശേഷി മറ്റുള്ളവരിൽനിന്ന് തീർത്തും വ്യത്യസ്തമാണെന്ന് ഞാൻ നേരത്തെ മനസ്സിലാക്കിയിരുന്നു. നാനാടത്തെ ഇംഗ്ലീഷ് സ്‌കൂളിൽനിന്നുള്ള പഠനമാധ്യമമാറ്റം ഞാൻ പൂർണ്ണമായും ഉൾക്കൊണ്ടു എന്നതിന്റെ തെളിവ് അക്കാലത്തുതന്നെ ഞാൻ പ്രകടിപ്പിച്ചിരുന്നു. അനായാസേന ആംഗലേയം കൈകാര്യംചെയ്യാനുള്ള കഴിവ് തുടർന്നുള്ള പഠനത്തെ ആയാസരഹിതമാക്കി. എഡിൻബറോയിലും കാനഡയിലും ഒടുവിൽ ബഫലോയിലും എത്തിയ എന്നിൽനിന്നും മലയാളം ഏതാണ്ടു പൂർണ്ണമായി നഷ്ടപ്പെട്ടു. എന്റെ ബാല്യകാലം മാത്രമേ മാതൃഭാഷയിൽ പൊതിഞ്ഞ ഓർമ്മകളുടെ ശേഖരത്തിൽ സംഭരിക്കപ്പെട്ടുള്ളൂ.
എഡിൻബറോയിൽ എന്റെ കാമുകിയായിരുന്ന ഷേർളി തോംസണാണ് ഫ്രഞ്ച് ഭാഷയിലേക്ക് എന്നെ അടുപ്പിച്ചത്. അവൾക്ക് ഏറെ പ്രിയപ്പെട്ട ഈ ഭാഷ എനിക്കും ഇഷ്ടമുള്ളതായി മാറുകയാണുണ്ടായത്. കഥകളോടും കവിതകളോടും മമത കാണിച്ച ഷേർലിയും ഞാനും ഒരുമിച്ചാണ് പ്രമുഖ ഫ്രഞ്ച് കവി ബോറിസ് വിവാന്റെ 'ലെ ഡിസേർട്ടിയർ' വായിച്ചത്. യുദ്ധത്തോടും ഹിംസയോടുമുള്ള നിരാശകലർന്ന വെറുപ്പും പ്രതിഷേധവുമാണ് രണ്ടാംലോകയുദ്ധത്തിന്റെ ദുരന്തകാലത്ത് രചിക്കപ്പെട്ട ഈ കവിതയുടെ പ്രമേയം. സൈനികസേവനത്തിന് നിർബ്ബന്ധിക്കപ്പെടുന്ന ഒരു സാധാരണ ഫ്രഞ്ച് പൗരന്റെ സംഘർഷത്തിന് എന്റെ ജീവിതവുമായും സാമ്യമുണ്ടെന്ന് അധികം വൈകാതെ എനിക്കു ബോദ്ധ്യപ്പെട്ടു. എന്റെ അനിഷ്ടം മാനിക്കാതെ ഏതാനും വർഷങ്ങൾക്കകം എനിക്കു സൈനികവൃത്തിയിൽ ഏർപ്പെടേണ്ടിവന്നു. ഷേർലിയോടൊപ്പമുള്ള ഫ്രഞ്ച്ഭാഷാമനനം അതീവഹൃദ്യമായിരുന്നതുകൊണ്ട് അതിവേഗം എനിക്കതുൾക്കൊള്ളാനുമായി.
അൽബനിയിൽനിന്നാണ് ഞാൻ സ്പാനിഷ് പരിചയിക്കുന്നത്. അമേരിക്കൻ ജനസംഖ്യയിൽ സ്പാനിഷ് പാരമ്പര്യവും ഭാഷയും കൈവശമുള്ളവർ യഥേഷ്ടമുണ്ട്. ന്യൂറോസർജറിയുമായി ബന്ധമുള്ള നിരവധി പുസ്തകങ്ങളുടെ രചന സ്പാനിഷിലാണ് നടന്നത്. മൂലകൃതി വായിക്കുകയെന്ന താൽപര്യത്തിന് ഭാഷ അറിയുകതന്നെ വേണമെന്ന അറിവാണ് സ്പാനിഷ് പഠനത്തിലേക്കു നയിച്ചത്.
പൂർത്തിയാവാതെപോയ എന്റെ ആദ്യവിവാഹത്തിലും തങ്കമ്മയുമായുള്ള രണ്ടാം ദാമ്പത്യത്തിലും എനിക്കു പങ്കാളിയുമായി പരിചയപ്പെടാൻപോലും അവസരമുണ്ടായിരുന്നില്ല. മേയോ ക്ലിനിക്കിൽ നിന്ന് തിരികെയെത്തിയ ഞാൻ ജീവിതസായാഹ്നം ബഫലോയിൽ ചെലവഴിക്കണമെന്നാണ് ആഗ്രഹിച്ചത്. എന്റെ ദീർഘ ദുരിതജീവിതത്തെ വർണ്ണാഭമാക്കി മാറ്റിയ ഭൂമികയാണ് ബഫലോ. അവിടെ സംതൃപ്തമായ ഒരു കുമിളയ്ക്കുള്ളിൽ ക്രമീകരിക്കപ്പെട്ട സുരക്ഷിതത്വത്തെ ഇന്ദിരയെപ്പോലെ ഞാൻ ഇഷ്ടപ്പെട്ടിരുന്നു. ഇന്ദിരയ്ക്കു പിന്നാലെ എന്റെ മനോവിചാരവും അവ്വിധം പരുവപ്പെടുന്നത് വാസ്തവത്തിൽ ഞാനറിയാതെയാണ്. എന്റെ ചിന്താരഥത്തിന്റെ ആവേഗങ്ങൾ മനസ്സിലാക്കിയ ഇന്ദിര ജന്മദേശത്തോടുള്ള എന്റെ അഭിനിവേശം മനസ്സിലാക്കുന്നതിൽ വിജയിച്ചു. അവർ എനിക്ക് സ്വാതന്ത്ര്യം അനുവദിക്കാൻ തയ്യാറായിരുന്നു. വൈകി വളർന്ന ബന്ധത്തിൽ ചില ഫോർമുലകളാണ് ഞങ്ങൾ പ്രാവർത്തികമാക്കിയത്. പരസ്പരം ബഹുമാനിക്കുകയെന്ന ഈ തന്ത്രം പരാജയപ്പെടരുതെന്ന് ഞങ്ങൾ ഇരുവരും ആഗ്രഹിച്ചു. അതിനായി ഇപ്പോഴും യത്നിക്കുന്നു.
ചെമ്മനാകരിയെന്ന എന്റെ ദേശത്തെയും അവിടുത്തെ മനുഷ്യരെയും വലംവയ്ക്കുന്നതാണ് ജീവിതസായാഹ്നത്തിലെ എന്റെ ചിന്തകൾ. സംതൃപ്തനോ എന്ന അന്വേഷണത്തിന് കൃത്യമായ ഉത്തരം എനിക്കില്ല. പ്രദേശത്തെ ഓരോ ആളുടെയും ചികിത്സ, വിദ്യാഭ്യാസാവശ്യങ്ങൾ നിറവേറ്റപ്പെടുന്നതുവരെ ദൗത്യം പൂർത്തിയായെന്ന് ഞാൻ കരുതുന്നില്ല. ആകസ്മികമായി വന്നണയുന്ന അവസരങ്ങളോ സൗഭാഗ്യങ്ങളോ അല്ല ഒരു ദേശത്തിന്റെ സർവ്വതോമുഖ പുരോഗതിയെ നിശ്ചയിക്കേണ്ടത്. ഉത്തമമാതൃകയല്ല എന്നിലൂടെ ദർശിക്കപ്പെട്ടതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ബാഹുലേയൻ ചാരിറ്റബിൾ ട്രസ്റ്റ് നിലനിൽക്കേണ്ടത് ട്രസ്റ്റിലെ പങ്കാളികളുടെ ആവശ്യവുമായി മാത്രമല്ല പരുവപ്പെട്ടുവരേണ്ടത്.
എന്റെ കളിക്കൂട്ടുകാരൻ ദിവാകരന്റെ മക്കളിൽ ഒമ്പതാമത്തെ മകൾ ജെസി സഹായിയായി എന്നോടൊപ്പമുണ്ട്. ഓരോ മനുഷ്യനും അവൻ ആശിക്കുന്നിടത്ത് ജീവിതപരിസരം ഒരുക്കാനും ജീവിക്കാനും അവകാശമുണ്ടെന്ന വിശാലമായ സോഷ്യലിസ്റ്റ് ബോധമാണ് എന്നിൽ നിറഞ്ഞിട്ടുള്ളത്. ജെസിയുടെയും കുടുംബത്തിന്റെയും സംതൃപ്തി ദേശത്തിന്റെ ആനന്ദമായി പരിവർത്തിക്കപ്പെടണമെന്ന് ഞാൻ ആശിക്കുന്നു. സ്വപ്നങ്ങൾ നിലച്ചിട്ടില്ല. ബാഹുലേയൻ ചാരിറ്റബിൾ ഫൗണ്ടേഷന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ചില പദ്ധതികൾ ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്.
ചെമ്മനാകരിയിൽനിന്നുള്ള പിൻവിളി അവഗണിക്കാൻ എനിക്കു കഴിഞ്ഞില്ല. ബഫലോയിൽനിന്ന് പുറപ്പെടുന്നതോടെ പിന്നീടൊരു മടക്കം സാദ്ധ്യമല്ലെന്ന തോന്നൽ ഉള്ളിൽ നിറഞ്ഞിരുന്നു. ഇന്ദിരയോടൊപ്പം അവസാനകാലം ചെലവഴിക്കണമെന്ന തീവ്രമോഹത്തെ മറികടക്കാൻ എനിക്ക് ഏറെ പ്രയാസപ്പെടേണ്ടിവന്നു. എന്നോടൊപ്പം ചെമ്മനാകരിയിൽ ഇന്ദിരയും ഉണ്ടാവണമെന്ന ആശ ഞാൻ അവരുടെ മുന്നിൽ അവതരിപ്പിച്ചില്ല. വളരെ വൈകിമാത്രം അവരുടെ ജീവിതത്തിലേക്കു പ്രവേശിച്ച എനിക്ക് അതിനുള്ള അർഹതയുണ്ടോ എന്ന് ഞാൻ സന്ദേഹിച്ചു.
ഇന്ദിരയുമായുള്ള ജീവിതചങ്ങാത്തം എനിക്കു നിരവധി സുഹൃത്തുക്കളെ സമ്മാനിച്ചു. അവരിൽ ഭൂരിഭാഗവും സമൂഹത്തിലെ ഉന്നതന്മാരായിരുന്നു. രാജകുടുംബങ്ങളിലുള്ളവരോ ധനികരായ പ്രമാണിമാരോ ഉദ്യോഗസ്ഥപ്രമുഖരോ ആയിരുന്നു ഇവർ. ഇന്ദിരയുടെ അച്ഛൻ കർത്തായ്ക്ക് തിരുവിതാംകൂർ രാജകുടുംബവുമായി ദീർഘകാല ബന്ധമുണ്ടായിരുന്നു. കൊട്ടാരത്തിലെ രാജസേവകഗണത്തിൽ ഉൾപ്പെട്ടിരുന്ന പ്രമുഖരിലൊരാളായ കർത്താ തന്റെ കുടുംബാംഗങ്ങളും കൊട്ടാരവുമായുള്ള ബന്ധം വിളക്കിച്ചേർത്തിരുന്നു. ഇതുവഴി ഇന്ദിരയും രാജബന്ധത്തെ അതുല്യമായി പരിഗണിച്ചു.
ബഫലോയിൽ മാത്രമല്ല, എവിടെയും എന്റെ ജീവിതത്തെ സുഗന്ധമുള്ളതാക്കിമാറ്റുവാൻ ശ്രമിച്ചവരുടെ പട്ടിക ദൈർഘ്യമേറിയതാണ്. ഡോ. ഓഗ്രയെ ഞാൻ സന്ധിക്കുന്നത് ബഫലോയിൽ വച്ചാണ്. യൂണിവേഴ്സിറ്റി ഓഫ് ബഫലോയിൽ പീഡിയാട്രിക് വിഭാഗം തലവനായ ഓഗ്ര കാശ്മീരി ബ്രാഹ്‌മണനാണ്. ലുധിയാന മെഡിക്കൽ കോളേജിൽനിന്ന് മെഡിക്കൽ ബിരുദം നേടിയതിനുശേഷമാണ് അദ്ദേഹം ബഫലോയിൽ എത്തുന്നത്. ഒരു ഇന്ത്യൻ എന്ന പൊതുവികാരമാണ് ഞങ്ങളെ ഒന്നിപ്പിച്ചത്. ഗാഢസൗഹൃദത്തിലായ ഓഗ്ര എന്റെ ജീവിതത്തിന്റെ സുഖദുഃഖങ്ങൾ അറിയുകയും എന്നോടൊപ്പം പങ്കുചേരുകയും ചെയ്തു. ഇന്ത്യയിലേക്കു മടങ്ങിവരാനും ചെമ്മനാകരിയിൽ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആരംഭിക്കാനും ഓഗ്ര പ്രോത്സാഹിപ്പിച്ചു. ബാഹുലേയൻ ചാരിറ്റബിൾ ഫൗണ്ടേഷന്റെ ചെയർമാനായി നീണ്ട പതിനാലു വർഷം ഓഗ്ര എന്നോടൊപ്പം ചേർന്നു നിന്നു.
ഫൗണ്ടേഷന്റെ സാമൂഹ്യസേവനപദ്ധതികൾക്ക് രൂപം നൽകി യത് അദ്ദേഹമാണ്. ഇപ്പോൾ ദൽഹിയിൽ താമസമാക്കിയിരിക്കുന്ന ഈ കാശ്മീരി പണ്ഡിറ്റ് സമീപ സന്ദർശനങ്ങളിലും ചെമ്മനാകരിയിൽ എത്തിയിരുന്നു.
വിചിത്രമാണ് മനുഷ്യന്റെ ജീവിതവൈവിദ്ധ്യം. മാതൃഭാഷയെ ഇപ്പോഴും അനായാസം കൈകാര്യംചെയ്യുന്ന ഇന്ദിര അന്ത്യകാലം ചെലവഴിക്കാൻ അഭിലഷിക്കുന്നത് ബഫലോയിലാണ്. എന്നാൽ വാക്യാർത്ഥത്തിൽ മലയാളം മറവികളിലേക്കു മറഞ്ഞുപോയ ഞാൻ ചെമ്മനാകരിയിലേക്കു വീണ്ടും തിരികെയെത്തിയിരിക്കുന്നു. വിചിത്രവും വിസ്മയകരവുമായ അനുഭവങ്ങൾ സമ്പുഷ്ടമാണ് ഓരോ മനുഷ്യനുമെന്ന തോന്നൽ എന്നിലുണ്ട്. ""ശ്രീനാരായണഗുരുവും കൂട്ടുകാരു''മെന്ന ഗ്രന്ഥത്തിന്റെ പാരായണത്തിനു ശ്രമിക്കുകയാണ് ഞാൻ. മലയാള അക്ഷരങ്ങളിൽ അജ്ഞനാണ് ഞാൻ. മാതൃഭാഷയുടെ പുനർവായനയെ ത്വരിതപ്പെടുത്താൻ സഹോദരൻ കമലാസനൻ എനിക്കൊരു പഠനസഹായി സമ്മാനമായി നൽകിയിട്ടുണ്ട്. മറവിയിലാഴ്ന്ന അക്ഷരങ്ങളെ ഓർമ്മയുടെ വെളിച്ചത്തിലേക്ക് വരുത്താൻ ശ്രമിച്ചുകൊണ്ട് ഞാനെന്റെ വായന തുടരട്ടെ.
(സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിൽ നിന്നുള്ള ഭാഗം)