ആയുർവ്വേദം പ്രാചീന ചികിത്സാസമ്പ്രദായമാണ്. ക്രിസ്തുവിന് ഏകദേശം ആറു നൂറ്റാണ്ടു മുമ്പു തന്നെ ആയുർവ്വേദം ഒരു ചികിത്സാശാസ്ത്രമെന്ന നിലയിൽ പൂർണ വളർച്ചയെത്തിയതായി പരിഗണിക്കപ്പെട്ടിരുന്നു. ലോകത്തിലെ പരിഷ്‌കൃതമെന്ന് അന്ന് അവകാശപ്പെടാവുന്ന എല്ലാ സംസ്‌കൃതികളിലും ജനപഥങ്ങളിലും ചികിത്സാരീതികൾ രൂപം കൊണ്ടിരുന്ന രീതിയിൽ തന്നെയാണ് പ്രാചീന ഇന്ത്യയിലും ആയുർവ്വേദമെന്ന ചികിത്സാശാസ്ത്രം രൂപം കൊണ്ടത്.
ഗ്രീസ്, മെസപ്പൊട്ടേമിയ, ഈജിപ്ത്, ചൈന, അറേബ്യൻ നാടുകൾ എന്നിവിടങ്ങളിലൊക്കെ മിക്കവാറും സമാന ചികിത്സാരീതികളും പ്രഗത്ഭരായ ആചാര്യൻമാരുമുണ്ടായിരുന്നെന്ന് ചരിത്രപഠനം നമ്മെ നിസ്സംശയം ബോദ്ധ്യപ്പെടുത്തും. ആധുനികമായ ഉപകരണങ്ങളോ മറ്റു പരിശോധനാ സാമഗ്രികളോ ഇല്ലാതെ അവർ നിരന്തരവും തീക്ഷ്ണവുമായ അന്വേഷണവും ആത്മാർത്ഥമായ പഠന മനനങ്ങളും വഴി അത്ഭുതകരമായ ലോജിക്കൽ നിഗമനങ്ങളിലെത്തി. നൂറ്റാണ്ടുകൾക്കു മുമ്പത്തെ പ്രാകൃത ജീവിതകാലത്ത്, അവ കാലത്തിന് എത്രയോ മുമ്പേ സഞ്ചരിക്കുകയും കരുണാപൂർണ്ണമായ ഇടപെടലുകൾ വഴി രോഗികൾക്ക് വിസ്മയകരമായ ആശ്വാസം പകരുകയും ചെയ്തു. കാലത്തിന്റെ കാരുണ്യത്തിൻ്റേയും ധൈഷണികതയുടേയും സൃഷ്ടികളായിരുന്നു അവയെല്ലാം.
ചരകനും സുശ്രുതനുമെല്ലാം തികച്ചും അത്ഭുതകരമായ നിരീക്ഷണങ്ങളും പഠനങ്ങളും കണ്ടെത്തലുകളും മാനവരാശിക്ക് സമർപ്പിച്ചു. അവരുടെ ജീവസമർപ്പണം തന്നെയായിരുന്നു അവരുടെ ഗവേഷണപഠനങ്ങൾ. പക്ഷേ പ്രാചീന ഭാരതീയ ആചാര്യന്മാരുടെ സമ്പന്നമായ കാലത്തിനു ശേഷം ആയുർവേദം എങ്ങനെ പുരോഗമിച്ചു എന്നാരായുമ്പോഴാണ് ഒരു സാധാരണ അന്വേഷകൻ അമ്പരന്നുപോവുന്നത്.
ഉദാഹരണത്തിന്, പുരോഗാമിയായ ഒരു ചലനം പോലുമില്ലാതെ ആയുർവേദ ശസ്ത്രക്രിയയും അനസ്തീഷ്യയും നിന്നിടത്തുതന്നെ നിൽക്കുകയായിരുന്നു ഇക്കാലമത്രയും എന്ന വസ്തുത, മിതമായ വാക്കുകളിൽ, നമ്മെ ഞെട്ടിച്ചേക്കും. ശസ്ത്രക്രിയ / അനസ്തീഷ്യാ രംഗത്ത് നൂറ്റാണ്ടുകളായി ഇടപെടലുകളൊന്നും നടത്താൻ ആയുർവേദം തുനിഞ്ഞതേയില്ല. ശസ്ത്രക്രിയക്കു മുമ്പ് രോഗിയെ മയക്കുവാൻ കഞ്ചാവു പോലുള്ള വസ്തുക്കൾ ഉപയോഗിക്കുകയോ അതല്ലെങ്കിൽ രോഗിയെ ദയാരഹിതമായി കൈകാലുകൾ ബന്ധിക്കുകയോ ചെയ്താണ് ആയുർവേദ ചികിത്സകർ അവർ അവകാശപ്പെടുന്ന പ്രാചീന ശസ്ത്രക്രിയകൾ ചെയ്തിരുന്നത്. 2020 നവംബർ 20 ന് പുറത്തുവന്ന CCIM (Central Council of Indian medicine) വിജ്ഞാപനത്തിൽ colostomy- ക്കോ, Laryngeal Intubation - നോ, orchidectomy ക്കോ പോലും സമാന ആയുർവേദ പദങ്ങൾ കണ്ടെത്താൻ അവർ പരാജയപ്പെട്ടു പോകുന്നത് ഏറ്റവും കുറഞ്ഞത് ആറു നൂറ്റാണ്ടുകളെങ്കിലുമായി ആയുർവേദ ശസ്ത്രകിയാരംഗം ഒരു ഇഞ്ചുപോലും മുന്നോട്ടു പോയില്ല എന്ന വസ്തുത അടിവരയിട്ടുറപ്പിക്കുന്നുണ്ട്.
ഏതു ശസ്ത്രക്രിയക്കും മുന്നോടിയായി വളരെ കാര്യക്ഷമമായി നിർവ്വഹിക്കേണ്ടുന്ന ചില പരിശോധനകളുണ്ട്. രോഗിക്ക് ഹൃദയ സംബന്ധമായോ ശ്വാസകോശ സംബന്ധമായോ ഉള്ള അസുഖങ്ങളുടേയും, കരളിന്റേയും കിഡ്‌നിയുടേയും പ്രവർത്തന വൈകല്യങ്ങളുടേയും, പ്രമേഹം, രക്താതിമർദ്ദം, രക്തം കട്ടപിടി ക്കുന്നതിലെ പ്രശ്‌നങ്ങളുടേയുമൊക്കെ സാന്നിദ്ധ്യം കൂലങ്കഷമായ ശാരീരിക / ശാസ്ത്രീയ / ഉപകരണ /ലാബ് പരിശോധനകൾ വഴി തിരിച്ചറിഞ്ഞ് അവ വരുതിയിലാക്കിയ ശേഷം മാത്രമേ ശസ്ത്രക്രിയ തീരുമാനിക്കുവാൻ പാടുള്ളൂ. Pre anaesthetic checkup എന്നാണ് ഈ പരിശോധന അറിയപ്പെടുന്നത്. ഈ പ്രകരണത്തിൽ, ആയുർവേദത്തിന് വിശ്വാസ്യതയോ ശാസ്ത്രീയമോ ആയ ഒരു നിലപാടും മുന്നോട്ടുവെക്കാനില്ല എന്ന് വ്യക്തം.
രോഗിയെ ശസ്ത്രക്രിയാസമയത്ത് മയക്കുന്നത് അത്യാവശ്യമാണെന്നിരിക്കേ അതിന് എന്ത് സംവിധാനമാണ് ആയുർവേദത്തിന് വാഗ്ദാനം ചെയ്യാനുള്ളത്? മോഡേൺ മെഡിസിൻ ഫാർമകോപ്പിയയിലെ മരുന്നുകളല്ലാതെ ആയുർ വേദത്തിൽ അനസ്തീഷ്യക്ക് എതു മരുന്നുകളാണ് ലഭ്യമായിട്ടുള്ളത്? മോഡേൺ മെഡിസിനിലെ മറ്റനേകം ഭാഗങ്ങൾ, നിർലജ്ജമെന്നു തന്നെ പറയട്ടെ ആയുർവേദ വിദ്യാർത്ഥികൾക്ക് പഠിപ്പിക്കുവാൻ അവരുടെ സിലബസ്സിൽ ഉൾചേർക്കുന്ന ആയുർവേദ കൗൺസിൽ, പക്ഷേ മോഡേൺ മെഡിസിൻ ഫാർമകോപ്പിയ തൊടാൻ ധൈര്യപ്പെടാറില്ല. അങ്ങനെയിരിക്കേ അനസ്തീഷ്യക്കുള്ള ഔഷധങ്ങളും, ശസ്ത്രകിയക്ക് മുമ്പും പിമ്പും രോഗാണുബാധ തടയാൻ വളരെ ഫലപ്രദമായി ആധുനിക വൈദ്യശാസ്ത്രം ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകളും ആന്റി വൈറൽ മരുന്നുകളും അവർ എങ്ങനെ ഉപയോഗിക്കും?
അഥവാ മോഡേൺ മെഡിസിൻ ഫാർമ കോപ്പിയ അവർ പകർത്താൻ തീരുമാനിച്ചാൽ, രോഗനിദാനത്തിൽ സൂക്ഷ്മാണുക്കളുടെ പങ്ക് (ആഗന്തുജം എന്ന് ചിലയിടങ്ങളിൽ രോഗാണുക്കളെക്കുറിച്ച് ആയുർവേദ പുസ്തകങ്ങളിൽ പറഞ്ഞിട്ടുണ്ട് എന്നുപറഞ്ഞ് പിടിച്ചുനിൽക്കാനുള്ള ലജ്ജാവഹമായ ശ്രമം കാണാതിരിക്കുന്നില്ല) അംഗീകരിക്കാത്ത വാത- കഫ- പിത്ത വിദഗ്ധർ പ്രാചീനമായ ആയുർ വേദത്തിന്റെ അടിസ്ഥാനതത്വങ്ങളിൽ കോടാലി വെക്കുകയല്ലേ ചെയ്യുന്നത്? വിജ്ഞാനത്തിന്റെ ‘പരിശുദ്ധി’യെക്കുറിച്ചും ‘കന്യകാത്വ’ത്തെക്കുറിച്ചുമൊക്കെ നിരന്തരം സംസാരിക്കുന്നവർ ഇവിടെ എന്തു നിലപാട് സ്വീകരിക്കും? ഇത്തരമൊരു പരിണതിയിൽ ശുദ്ധ ആയുർവേദത്തിന്റെ ഗതികേടിൽ മനം നൊന്തു പോവുന്ന പ്രാചീന ആചാര്യന്മാർ അവരുടെ കുഴി മാടങ്ങളിൽ കിടന്ന് ഞെരിപിരികൊളളുന്നത് സങ്കര വൈദ്യത്തിന്റെ അപ്പോസ്തലന്മാർ ബോധപൂർവം കണ്ടില്ലെന്നു നടിക്കുകയാണ്.
ഇത്തരം ചർച്ചകളൊക്കെ നടന്നുകൊണ്ടിരിക്കേയാണ് കൊല്ലത്തെ 'ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ സ്റ്റഡീസ് ആൻ്റ് റിസർച്ച്' എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് ഒരു സ്പൈനൽ അനസ്തീഷ്യ ട്രെയിനിങ്ങിനെക്കുറിയുള്ള വാർത്തകൾ വരുന്നത്. ആയുർവേദ ബിരുദാനന്തര ബിരുദമുള്ള ഒരു ചികിത്സകൻ സ്പൈനൽ അനസ്തീഷ്യയിൽ ട്രെയിനിങ് നൽകുന്നു എന്ന അറിയിപ്പാണ് മാദ്ധ്യമങ്ങളിൽ വന്നത്. പ്രായോഗികമായും ഔഷധ പ്രയോഗ സംബന്ധിയായും അതുമായി ബന്ധപ്പെട്ട ആൻ്റിബയോട്ടിക് ഉപയോഗ സംബന്ധിയായുമൊക്കെ അങ്ങേയറ്റം ശ്രദ്ധയോടും ശാസ്ത്രീയതയോടെയും കാര്യക്ഷമമായും ചെയ്യേണ്ട ഈ ഗൗരവമാർന്ന അനസ്തീഷ്യാരീതി വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യുവാൻ തുനിയുന്നവരെക്കുറിച്ച് അത്ഭുതം തോന്നുന്നു. സ്പൈനൽ അനസ്തീഷ്യ എന്നൊരു സങ്കല്പനമേ ആയുർവേദത്തിൽ ഇല്ലെന്നിരിക്കേ, പരിശീലനം നൽകുന്ന ട്രെയിനറുടെ അക്കാദമിക് ബാക്ക്ഗ്രൗണ്ട് നിശ്ചയമായും അറിയാൻ സമൂഹത്തിന് അർഹതയുണ്ട്.
ഇദ്ദേഹം ആധുനിക വൈദ്യശാസ്ത്രം പഠിച്ചിട്ടുണ്ടോ, അനസ്തീഷ്യ പഠിപ്പിക്കാൻ ട്രെയിനർക്ക് അർഹത ഉണ്ടോ, അനസ്തീഷ്യയിൽ എന്താണ് അദ്ദേഹത്തിന്റെ ഡിഗ്രി തുടങ്ങി സാമൂഹികമായും ആരോഗ്യപരമായും വളരെ പ്രാധാന്യമേറിയ ഒട്ടനവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ അവർ ബാദ്ധ്യസ്ഥരായി തീരുന്നു. രോഗിയുടെ ജീവൻ കുറച്ചുനേരത്തേങ്കിലും മുഴുവനായും കൈയിൽ കരുതുന്ന അനസ്തീഷ്യാ വിദഗ്ദർ 100% വും മാനസികമായും പ്രായോഗികതയിലും ജ്ഞാനപരമായും സുസജജരായിരിക്കണം. പ്രസ്തുത ട്രെയിനറുടെ അനസ്തീഷ്യയിലെ ഡിഗ്രിയും പ്രവർത്തിപരിചയവും സമൂഹത്തിന് മുന്നിൽ വെളിപ്പെടുത്താത്ത ഒരു ട്രെയിനിങും നിയമപരമായിരിക്കില്ല. ആധുനിക വൈദ്യശാസ്ത്രത്തിൽ ബിരുദമില്ലാത്ത ഒരാൾക്കും ഇന്ത്യയിൽ ഒരു തരത്തിലുമുള്ള സ്പൈനൽ അനസ്തീഷ്യ പരിശിലനവും നൽകാൻ നിയമപരമായി അനുവാദമില്ല.
സ്പൈനൽ അനസ്തീഷ്യ, ജനറൽ അനസ്തീഷ്യ പോലെ തന്നെയോ ചിലപ്പോൾ അതിനേക്കാളേറെ യോ സങ്കീർണ്ണതകൾ വരാൻ സാദ്ധ്യതയുള്ള രീതിയാണ്. കൃത്യമായ മെഡിക്കൽ ചെക്ക് - അപ്പ് നടത്തുകയും രോഗിയുടെ ഹൃദയാരോഗ്യം വളരെ കർശനമായി വിലയിരുത്തുകയും വേണം. റോപിവാക്വൈൻ ഹെവി , ബ്യൂപിവാക്വൈൻ ഹെവി എന്നിവയാണ് സാധാരണ ഗതിയിൽ സ്പൈനൽ അനസ്തീഷ്യക്ക് ഉപയോഗിക്കുന്ന മരുന്നുകൾ. ഇവ ഉപയോഗിക്കുന്നതാവട്ടെ അത്യന്തം ശ്രദ്ധയോടെയാവണം താനും.
ഉദാഹരണത്തിന് അയോർട്ടിക് സ്റ്റീനോസിസ് (aortic stenosis), മൈട്രൽ സ്റ്റീനോസിസ് (mitral stenosis) എന്നീ ഹൃദയസംബന്ധമായ രോഗങ്ങളുള്ളവർ സ്പൈനൽ അനസ്തീഷ്യ നൽകിക്കഴിഞ്ഞാൽ ഉടൻ ജീവനുപോലും ഭീഷണിയാവുന്ന അതി ഗുരു തരാവസ്ഥയിലേക്ക് പോവും. സ്പൈനൽ അനസ്തീഷ്യക്കു ശേഷം മിക്കവാറും എല്ലാ രോഗികൾക്കുമുണ്ടാവുന്ന അതീവ ശ്രദ്ധാർഹമായ മറ്റൊരു പ്രശ്നമാണ് ഹൈപ്പോ ടെൻഷൻ എന്ന രക്തമർദ്ദം (Pressure) കുറയുന്ന അവസ്ഥ. ബി.പി (Blood pressure) ഓരോ സെക്കൻ്റിലും ശ്രദ്ധിക്കുക, കൃത്യമായി വിലയിരുത്തുക, പ്രഷർ താഴുന്ന അവസ്ഥയിൽ അത് ചെറുക്കുന്നതിന് ഫലപ്രദമായ മരുന്നുകൾ യഥാവസരം നൽകുക എന്നിവയൊക്കെ വളരെയേറെ ശ്രദ്ധയും, കഴിവും പരിചയവും, അറിവുമൊക്കെ അത്യാവശ്യമാവുന്ന ജീവന്മരണപോരാട്ട സന്ദർഭങളാണ്.
അതുപോലെ പ്രധാനമാണ് ശരീരത്തിന്റെ താപം കുറഞ്ഞു പോവുന്ന ഹൈപ്പോതേർമിയ എന്ന അവസ്ഥ. സിംപതെറ്റിക് നാഡീവ്യൂഹത്തിന്റെ പ്രവർത്തനം നിലയ്ക്കുന്നതിനാൽ സംഭവിക്കുന്ന ഈ അതീവ ഗുരുതരാവസ്ഥയും തീരെ അസാധാരണമല്ല. ഇത്തരം തീവ്രസന്ദർഭങ്ങളിൽ വളരെ മനഃസാന്നിദ്ധ്യത്തോടെ അറിവും പ്രായോഗികതയും ഒരുമിച്ചുചേർത്ത് രോഗിയെ രക്ഷിക്കേണ്ട ബാദ്ധ്യത അനസ്തീഷ്യോളജിസ്റ്റിനാണ്. പകുതിപോലും വേവാത്ത 'മുക്കാലേ മുണ്ടാണി സ്പൈനൽ അനസ്തീഷ്യ'ക്കാർ ഇത്തരം അവസ്ഥകൾ കൈകാര്യം ചെയ്താൽ രോഗിയുടെ ജീവന് എന്തുപറ്റി എന്ന് അന്വേഷിച്ച് മറ്റെവിടെയും പോവേണ്ടിവരില്ലതന്നെ.
സ്പൈനൽ അനസ്തീഷ്യ നൽകി ഓപ്പറേഷൻ കഴിഞ്ഞാലും രോഗിയെ അതീവ ശ്രദ്ധാപൂർവം പരിചരിക്കേണ്ടതുണ്ട്. രോഗിക്ക് അസഹനീയമായ തലവേദന വരാനുള്ള സാദ്ധ്യത വളരെയേറെയാണ്. (Post punctural headache). കിടന്നു പുളയുന്ന രോഗിയെ കൃത്യമായ മരുന്നുകൾ നൽകി ഭേദമാക്കിയില്ലെങ്കിൽ, ചെയ്ത ശസ്തക്രിയ പോലും ചിലപ്പോൾ വൃഥാവിലാവും. രോഗി ഛർദ്ദിക്കുവാനുള്ള സാദ്ധ്യതയും വളരെ കൂടുതലാണ്. കിടക്കുന്ന രോഗിയുടെ ഛർദ്ദി ശ്വാസകോശത്തിൽ കടന്നാൽ (aspiration) രോഗി ശ്വാസംമുട്ടി പിടയുകയും ജീവനുതന്നെ കടുത്ത ഭീഷണിയാവുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്യും. രോഗിയെ ഉടൻ Intubate ചെയ്യുകയും, ശ്വാസനാളത്തിലേക്ക് ട്യൂബ് ഇറക്കി ശ്വാസം നൽകുകയും ചെയ്യേണ്ടി വന്നേക്കാം. വളരെ കൃത്യമായും നിരന്തരമായും കാര്യങ്ങൾ കാണുകയും പഠിക്കുകയും മികച്ച അദ്ധ്യാപകരുടെ കർശന മേൽനോട്ടത്തിൽ പ്രവർത്തിപഥത്തിൽ കൊണ്ടു വന്ന് പരിശീലിപ്പിക്കപ്പെടുകയും ചെയ്യുന്ന, ഡോക്ടർമാർക്ക് മാത്രം സാദ്ധ്യമാവുന്ന ഇടപെടലുകളാണ് ഇവയെല്ലാം എന്നിരിക്കെ, മരുന്ന് നട്ടെല്ലിൽ കുത്തിവെക്കാൻ മാത്രം പഠിപ്പിക്കുന്ന ഈ പാതി പോലും വേവാത്ത 'സ്പൈനൽ അനസ്തീഷ്യ' ക്കാർ ജനങ്ങളുടെ ജീവനു നേരെ ഉയർത്തുന്ന ഭീഷണികൾ ഓർത്ത് തലയിൽ കൈവെച്ചുപോവും.
ഇനി നട്ടെല്ലിലെ മരുന്നു കുത്തിവെപ്പ് വെറും ടെക്നിക്കലാണെന്ന് ഊറ്റം കൊള്ളുന്നവരോട് ഒരു വാക്ക്: നിങ്ങൾ മരുന്നു കുത്തിവെക്കുന്നത് സ്പൈനൽ ഫ്ലൂയിഡിലേക്കാണ്. തലച്ചോറിലെ സെറിബ്രോ സ്പൈനൽ ഫ്ലൂയിഡുമായി നേരിട്ട് ബന്ധമുള്ള സ്പൈനൽ ഫ്ലൂയിഡിലേക്ക് സൂചിയിറക്കുമ്പോൾ 100 % രോഗാണു വിമുക്ത മായിരിക്കണം ആ സൂചിയും, അനുബന്ധ കാര്യങ്ങളും. ഒരു രോഗാണുവെങ്കിലും അവയിലുണ്ടായാൽ വളരെ ഗുരുതരമായ മെനിഞ്ചൈറ്റിസ് ( meningitis) ആയിരിക്കും ഫലം. എന്താണ് അത്തരം രീതികൾ അണുവിമുക്തമാക്കാൻ ആയുർവേദത്തിന്റെ നീക്കിയിരിപ്പ്? സ്വന്തം രോഗചികിത്സാ സംവിധാനത്തോട് തെല്ലെങ്കിലും മതിപ്പും ബഹുമാനവുമുണ്ടെങ്കിൽ നിശ്ചയമായും ആയുർവേദത്തിന്റെ വക്താക്കൾ, അനസ്തീഷ്യക്ക് സ്വന്തം മരുന്നുകൾ കണ്ടുപിടിക്കുകയും അവ നൽകാനുള്ള സംവിധാനം കരുപ്പിടിക്കുകയുമാണ് ചെയ്യേണ്ടിയിരുന്നത്. അതോടൊപ്പം രോഗാണു മുക്തമായ, ആയുർവേദത്തിന്റെ ഒരു സർജിക്കൽ പ്ലാറ്റ്ഫോം സൃഷ്ടിക്കാനും അവർ തുനിയണമായിരുന്നു. ഇതൊന്നും ചെയ്യാതെ മറ്റു ചികിൽസാ സംവിധാനങളെക്കുറിച്ചും, മരുന്നുകളെക്കുറിച്ചും ഒന്നുമറിയാതെ ഒരു തരത്തിലും അംഗീകരിക്കാനാവാത്ത സങ്കര ചികിത്സയിലൂടെ പാവം രോഗികളെ ഗുരുതരാവസ്ഥകളിലേക്കും മരണത്തിലേക്കും നയിക്കാനാണവർ തയാറാവുന്നത്.
ആയുർവേദത്തിന്റെ രീതികൾ മനഃസാക്ഷിക്കുത്തില്ലാതെ കൈയൊഴിഞ്ഞ്, ആധുനിക വൈദ്യശാസ്ത്രരീതികൾ പിന്നാമ്പുറം വഴി തട്ടിയെടുക്കാൻ സങ്കര ചികിത്സയുടെ ഈ വക്താക്കൾ നടത്തുന്ന കുത്സിത ശ്രമങ്ങൾ ഒട്ടും അഭികാമ്യമല്ലാത്ത മറ്റു ചില ഫലങ്ങൾ കൂടി സൃഷ്ടിച്ചേക്കാനിടയുണ്ട്.
നൂറ്റാണ്ടുകളിലൂടെ കടന്നെത്തിയ ഇന്ത്യയുടെ മഹത്തായ ചികിത്സാപാരമ്പര്യമാണ് ഏകദേശം ആയിരം വർഷത്തെ ചരിത്രം മാത്രമുള്ള മറ്റൊരു ചികിസാ രീതിക്കു മുന്നിൽ നിങ്ങൾ അടിയറ വെക്കുന്നത്. ഒരോ ചികിത്സാരീതികളുടേയും വക്താക്കളും ചികിത്സകരും അവരവരുടെ ചികി ത്സാശാസ്ത്രങ്ങൾ' പഠനങ്ങൾക്കും പുരോഗാമിയായ ഇടപെടലുകൾക്കും വിധേയമാക്കുക വഴി ആ ചികിത്സാസമ്പ്രദായങ്ങൾ കൂടുതൽ ശാസ്ത്രീയവും ജനങ്ങൾക്ക് കൂടുതൽ സ്വീകാര്യവും അഭികാമ്യവുമാക്കുകയുമാണ് വേണ്ടത്. മോഡേൺ മെഡിസിൻ ഹാനിമാന്റെ പ്രാകൃതമായ അലോപ്പതി കാലഘട്ടത്തിൽ നിന്ന് ഇന്നത്തെ സയന്റിഫിക് മോഡേൺ മെഡിസിനിലേക്കെത്തിയത് അംഗീകൃത പാഠങ്ങളെ നിരന്തരമായ ചോദ്യം ചെയ്യലിനും, അവിരാമമായ തെറ്റുതിരുത്തലിനും നിർഭയമായ പൊളിച്ചെഴുത്തിനും വിധേയമാക്കിക്കൊണ്ടാണ്. ലോകത്തിലെ പുതുവിജ്ഞാനം മുഴുവൻ ആധുനിക വൈദ്യശാസ്ത്രം ആവേശത്തോടെ സ്വീകരിച്ചു. ഭൗതിക ശാസ്ത്രത്തിലേയും രസതന്ത്രത്തിലേയും ബയോളജിയിലേയും എഞ്ചിനീയറിങ്ങി ലേയും ഇലക്ടോണിക്‌സിലേയും നാനോ ടെക്‌നോളജിയിലേയും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിലേയും പുത്തനുണർവുകൾ നിതാന്തമായ ജാഗ്രതയോടെ ഉൾക്കൊണ്ടു. അങ്ങിനെയാണ് പുതിയ ലോകത്തെ ആത്മവിശ്വാസത്തോടെ അഭിസംബോധന ചെയ്യാൻ കഴിയുന്ന ആധുനികവും ജനകീയവുമായ ശാസ്ത്രീയ നിലപാടുകളുടെ കരുത്തറ്റ വക്താക്കളാകാൻ ആധുനിക വൈദ്യശാസ്ത്രത്തിന് കഴിയുന്നത്.
നൂറ്റാണ്ടുകൾ പഴക്കമുള്ള ഗ്രന്ഥങ്ങളിലെ പ്രാചീന നിലപാടുകൾ സനാതന സത്യമാണെന്നും, ലോകാവസാനം വരെ മാറ്റമില്ലാതെ തുടരുമെന്നും, പ്രാകൃത കാലഘട്ടത്തിലെ ആചാര്യന്മാരുടെ കണ്ടെത്തലുകൾക്ക് ഒരിക്കലും സാംഗത്യം നഷ്ടപ്പെടില്ലെന്നും കരുതുന്നത് ഒരിക്കലും ശാസ്ത്രീയ നിലപാടുകളല്ല. മാറ്റങ്ങളെ നെഞ്ചോടു ചേർത്ത് പുൽകുകയും നിരന്തരം ശാസ്ത്രീയമായി നവീകരിക്കുകയും ചെയ്യുന്ന ഒരു ചികിത്സാ സമ്പ്ര ദായത്തെ, നൂറ്റണ്ടുകൾക്കു മുമ്പത്തെ കണ്ടെത്തലുകൾക്ക് എന്നെങ്കിലും സാംഗത്യം നഷ്ടപ്പെടുമെന്ന് സ്വപ്നം കാണാൻ പോലും ധൈര്യപ്പെടാത്ത ഒരു ‘ചികിത്സാരീതിയുമായി' കൂട്ടിക്കെട്ടും?
ഞാൻ പറഞ്ഞു എന്നതു കൊണ്ടു മാത്രം നിങ്ങൾ ഈ നിലപാടുകൾ അംഗീകരിക്കേണ്ടതില്ല, കൃത്യമായ വിലയിരുത്തലുകൾക്കു ശേഷം നിങ്ങൾക്ക് ബോദ്ധ്യം വന്നെങ്കിൽ മാത്രം സ്വീകരിക്കുക എന്ന് ബുദ്ധൻ.
If you find Budha on the Road, kill him എന്ന് ഷെനേ. നിലപാടുകളിലെ ഉച്ഛുംഘൃലതകൾക്ക് ആധുനിക ശാസ്ത്രം ഇവരോട് കടപ്പെട്ടിരിക്കുന്നു..
മനോരോഗ ചികിത്സക്ക് ഹിറ്റ്‌ലർ പോലും നാണിക്കുന്ന ദണ്ഡനമുറകൾ ഇന്നും ചികിത്സാ രീതിയായി കരുതുന്നതിനെയോ മൂന്നാം മാസത്തിലും പുംസവന ക്രിയ (പുരുഷപ്രജയുടെ ലോഹപ്രതിമ ചൂടാക്കി പാലിലിട്ട് കുടിക്കുക / തിരുതാളി പാലിൽ അരച്ച് നസ്യം ചെയ്യുക ) വഴി ഗർഭസ്ഥ ശിശു വിന്റെ ജെൻഡർ മാറ്റാമെന്ന പ്രസ്താവനയെയോ, ജന്മശാപമാണ് കുഷ്ഠരോഗത്തിന്റെ നിദാനമെന്ന തീർപ്പിനേയോ ആചാര്യൻ പറഞ്ഞു എന്നതുകൊണ്ടു മാത്രം ചോദ്യം ചെയ്യാതെ അംഗീകരിക്കുന്ന ചികിത്സാരീതി ആധുനിക ശാസ്ത്രീയ നിലപാടുകളിൽ നിന്ന് പ്രകാശവർഷങ്ങ ളോളം പിന്നിലാണ്. നിലപാടുകളിലെ കടുത്ത വൈജാത്യം കൊണ്ടും രോഗനിദാനത്തെ കുറിച്ചുള്ള അടിമുടി വ്യത്യസ്തമായ കാഴ്ചപ്പാടുകൾ കൊണ്ടും ചികിത്സാ രീതികളിലേയും ഔഷധങ്ങളിലേയും തികഞ്ഞ വ്യത്യസ്തത കൊണ്ടും കാതങ്ങളോളം അകന്നു നിൽക്കുന്ന ആധുനികവും പുരോഗനോന്മുഖവുമായ ഒരു ചികിത്സാപദ്ധതിയും പ്രാചീനവും ഏകശിലാരൂപം പോലെ മാറ്റങ്ങളോട് മുഖം തിരിക്കുന്ന ഒരു ചികിത്സാസമ്പ്രദായവും എങ്ങിനെ കൂട്ടിയിണക്കാനാണ്?
സത്യത്തിൽ പ്രധാനമായും ഋണാത്മകമായ രണ്ടു മാറ്റങ്ങളാണ് സങ്കര ചികിത്സകൊണ്ട് സംഭവിക്കുവാൻ പോവുന്നത്. ആരോഗ്യ രംഗത്ത് നമ്മൾ ദീർഘകാലത്തെ ആത്മാർത്ഥമായ നിരന്തര പ്രവർത്തനം വഴിയുണ്ടായ നേട്ടങ്ങൾക്ക് ഉണ്ടാവുന്ന കനത്ത തിരിച്ചടിയാണ് ആദ്യത്തേത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ വെറും 31 വയസ്സായിരുന്നു സാധാരണ ഇന്ത്യക്കാരുടെ ശരാശരി ആയുർദൈർഘ്യം. ഷഷ്ഠിപൂർത്തി വലിയൊരു ആഘോഷമായി മാറിയതിന്റെ സാമൂഹിക പശ്ചാത്തലമതാണ്. ഇന്ന് ആ സൂചിക 70 കടന്നു. ആരോഗ്യസുരക്ഷയുടെ ഏറ്റവും വലിയ മാനദണ്ഡമായി കണക്കാക്കുന്ന ശിശു മരണനിരക്കാവട്ടെ, (IMR) മുൻനിര സമ്പന്ന രാഷ്ട്രങ്ങളെ പോലെ കേരളത്തിൽ നാലിനു താഴെയാണ്. ആധുനിക വൈദ്യശാസ്ത്രം മനുഷ്യകുലത്തിന് സമ്മാനിച്ച മഹത്തായ സംഭാവനകളുടെ വിഹഗ വീഷണം മാത്രമാണിവ. പക്ഷേ, സങ്കര ചികിത്സ ഏറ്റവും ആദ്യം പിടിമുറുക്കുന്നത് ആരോഗ്യ സുരക്ഷയുടെ കാര്യത്തിലായിരിക്കും എന്ന് സാമൂഹിക ആരോഗ്യ വിദഗ്ദർ ഇതിനകം മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ആന്റിബയോട്ടിക്കുകളെക്കുറിച്ച് വിവരമില്ലാത്ത, അനസ്‌തേഷ്യയെക്കുറിച്ച് ധാരണയില്ലാത്ത, വിദഗ്ധനായ ആധുനിക സർജന്റെ കീഴിൽ അഭ്യസിക്കാത്ത 'ശസ്ത്രക്രിയാ വിദഗ്ധർ' മാതൃമരണ നിരക്കിലും അവരുടെ കറുത്ത കൈയൊപ്പ് നിശ്ചയമായും പതിപ്പിച്ചേക്കും.
ആയുർവേദം എന്ന ചികിത്സാരീതി തന്നെ നാമാവശേഷമായി പോവും എന്നതാണ് രണ്ടാമത്തെ സന്നിഗ്ധത. ആയുഷ് രംഗത്ത് പ്രവർത്തിക്കുന്ന പുതുതലമുറ ഡോക്ടർമാരിൽ 99.99% വും എൻട്രൻസ് പരീക്ഷകളിൽ ആദ്യ പരിഗണന ആയി നൽകുന്നത് മോഡേൺ മെഡിസിനാണ്. റാങ്ക് നിലവാരത്തിൽ പിന്നോട്ടു പോവുന്നതുകൊണ്ട് മാത്രമാണവർ മറ്റു ഗത്യന്തരമില്ലാതെ ആയുർ വേദവും ഹോമിയോപ്പതിയും മറ്റും സ്വീകരിക്കുന്നത്. അവരുടെ കൗൺസിലുകളാവട്ടെ വിദ്യാർത്ഥികളുടെ അടക്കിവെക്കപ്പെടുന്ന ഇംഗിതം തിരിച്ചറിഞ്ഞ് സിലബസ്സുകളിൽ മോഡേൺ മെഡിസിൻ പാഠഭാഗങ്ങൾ ഒളിഞ്ഞും തെളിഞ്ഞും ഉൾച്ചേർത്ത് അവർക്ക് പ്രതീതി മാത്ര ആശ്വാസം നൽകാൻ ശ്രമിക്കുന്നത് കാണാം. അത്തരം വിദ്യാർത്ഥികൾക്ക് സങ്കര ചികിത്സ പ്രാക്ടീസ് ചെയ്യാൻ അനുവാദം കിട്ടിയാൽ ഏതു ചികിത്സാരീതിയാണ് അവർ സ്വീകരിക്കുക എന്നത് പകൽ പോലെ വ്യക്തം. ബി.സി 6000 വർഷത്തിന്റെ മഹത്തായ പാരമ്പര്യം ഉത്‌ഘോഷിക്കുന്ന ഇന്ത്യൻ വൈദ്യശാസ്ത്രത്തെ പിന്നീട് നിശ്ചയമായും ചരിത്ര മ്യൂസിയങ്ങളിൽ അന്വേഷിക്കേണ്ടിവന്നേക്കും.
ഇന്ത്യൻ നിയമവ്യവസ്ഥ വളരെ കർശനമായ സമീപനമാണ് ഇത്തരം വ്യാജ ചികിത്സകൾക്കെതിരെ സ്വീകരിച്ചിട്ടുള്ളത് എന്നത് ശുഭോദർക്കമാണ്.
1998- ലെ പ്രശസ്തമായ ഡോ. മുക്ത്യാർ ചന്ദ് Vs പഞ്ചാബ് സ്റ്റേറ്റ് കേസിൽ ആധുനിക വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യാൻ ഇന്ത്യൻ മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്ത ഡോക്ടർമാർക്ക് മാത്രമേ അവകാശമുള്ളുവെന്ന് അസന്നിഗ്ധമായി ഇന്ത്യയിലെ പരമോന്നത നീതിപീഠം പ്രഖ്യാപിച്ചിട്ടുണ്ട്. പുനം വർമ്മ Vs ആഷിക് പട്ടേൽ കേസിലാവട്ടെ ആ കൃത്യമായ നിലപാടിൽ സുപ്രീം കോടതി ഉറച്ചുനിന്നു. 2016 ഏപ്രിൽ എട്ടിനു പുറത്തുവന്ന വിശദവും നിർണ്ണായകവുമായ വിധിയിൽ ഡൽഹി ഹൈകോടതി ജഡ്ജി, ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിനിൽ രജിസ്റ്റർ ചെയ്ത ചികിത്സകർ ആധുനിക വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യുന്നത് കടുത്ത നിയമ ലംഘനമാണെന്ന് സംശയാതീതമായി പ്രഖ്യാപിക്കുകയുണ്ടായി. ആധുനിക വൈദ്യശാസ്ത്രത്തിന്റെ ധാർമ്മികതയുടെ (Medical ethics) അവസാന വാക്കായ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ തികഞ്ഞ അധാർമിക പ്രവർത്തിയായിട്ടാണ് അത്തരം ദുർഭഗ കടന്നു കയറ്റങ്ങളെ വിലയിരുത്തിയിട്ടള്ളത്. സമാന്തര ചികിത്സകർക്ക് പരിശീലനം നൽകുന്ന ഡോക്ടറുടെ ലൈസൻസ് റദ്ദ് ചെയ്യാൻ പോലും മെഡിക്കൽ കൗൺസിലിന് അധികാരമുണ്ട്. ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ പുതു അവതാരമായ നാഷനൽ മെഡിക്കൽ കമീഷൻ ഇത്തരം സങ്കര ചികിത്സക്ക് സമ്മതം മൂളുന്ന നിലപാടാണ് നിർഭാഗ്യവശാൽ തുടക്കം മുതൽ കൈക്കൊണ്ടിട്ടുള്ളത്. പക്ഷേ NMC യുടെ ഒട്ടും ആശാസ്യമല്ലാത്ത അധാർമികമായ ആ നിയമാവലി പോലും ഒരു പ്രത്യേക ഘട്ടത്തിൽ സങ്കര ചികിത്സയുടെ അടിത്തറയെ ചോദ്യം ചെയ്യുന്നുണ്ട്. NMC -യിലെ അംഗങ്ങളുടേയും ഹോമിയോ- ആയുർവേദ- മെഡിക്കൽ കൗൺസിൽ അംഗങ്ങളുടേയും ഒരുമിച്ചുളള ചർച്ചകളുടേയും തീരുമാനങ്ങളുടേയും അടിസ്ഥാനത്തിൽ മാത്രമേ സിലബസ്സിൽ മാറ്റം വരുത്താനാവൂ എന്ന കർശന നിലപാട് വ്യാജ സങ്കര ചികിത്സാരീതിയുടെ വിമർശകർക്ക് ആശ്വാസം പകരുന്നതാണ്.
പക്ഷേ അടുത്തിടെ കേന്ദ്ര സർക്കാർ ചികിത്സാ നയങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ മെഡിക്കൽരംഗത്ത് അസ്വസ്ഥതയും അശാന്തിയും വിതക്കാൻ മാത്രമേ ഉപകരിക്കുകയുള്ള എന്ന കടുത്ത വിമർശനം ആരോഗ്യ- നിയമവിദഗ്ദർ ഉയർത്തിക്കഴിഞ്ഞു. വികേന്ദ്രീകരണത്തെ തകർക്കുകയും ബഹുസ്വരത നിഷേധിക്കുകയും ചെയ്യുന്ന ഏകശിലാരൂപമായ നിയമങ്ങൾ നമ്മുടെ ഭാരതത്തെ പുരോഗമനോന്മുഖമായി നയിക്കുമെന്ന് കരുതാൻ വയ്യ. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’, ‘ഒരു രാജ്യം ഒരു ആധാർ’ തുടങ്ങിയ റെജിമെന്റലിസത്തിലേക്ക് വഴുതുന്ന നയങ്ങളുടെ തുടർച്ചയായി, സങ്കരം വഴി ഒരൊറ്റ ചികിത്സാരീതി സൃഷ്ടിച്ചെടുക്കുന്നതിനെ പല സാമൂഹിക ചിന്തകരും ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.
ദേശീയ വിദ്യാഭ്യാസനയത്തിൽ വരുത്തിയ വിവാദമായ നയവ്യതിയാനവും നിതി ആയോഗിന്റെ പണിപ്പുരയിൽ രൂപം കൊണ്ട ചതുർസമിതികളുടെ രൂപീകരണവുമൊക്കെ സങ്കര ചികിത്സക്ക് നിലമൊരുക്കാനുള്ള ആസുരമായ കേളികൊട്ടലായി പല സാമൂഹ്യശാസ്ത്രജ്ഞരും വിലയിരുത്തുന്നു. പൊതുസമൂഹത്തിലും ആരോഗ്യമേഖലയിലും കടുത്ത അശാന്തി വിതക്കുന്ന, തികച്ചും പ്രതിലോമകരവും ജനങ്ങളുടെ ജീവന് നിതാന്ത ഭീഷണി ഉയർത്തുകയും ചെയ്യുന്ന സങ്കര ചികിത്സാ സംവിധാനങ്ങൾ പ്രാവർത്തികമാക്കുന്നതിൽ നിന്ന് സർക്കാർ പിന്മാറാൻ വളരെ ശക്തമായ പൊതുജനാഭിപ്രായത്തിനും നിയമപോരാട്ടങ്ങൾക്കും മാത്രമേ സാധിക്കുകയുള്ളൂ.
ഈ പോരാട്ടത്തിൽ വൈദ്യശാസ്ത്ര സമൂഹത്തിന്റെ കൂടെ നിൽക്കുവാനും അശിക്ഷിതനായ ഗുരു സ്പൈനൽ അനസ്തീഷ്യക്ക് ശിക്ഷണം നൽകുന്നതുപോലെയുള്ള അധാർമികതക്കെതിരെ പൊരുതുവാനും പൊതുസമൂഹം തയാറാവേണ്ടതുണ്ട്.