സമൂഹ വ്യാപനം: ഇതാണ് യാഥാർത്ഥ്യം

കേരളത്തിൽ സമൂഹവ്യാപനം എത്രത്തോളമാണ്​ എന്ന്​ കൃത്യമായി വിശദീകരിക്കുകയാണ്​ ഡോ. ബി. ഇക്​ബാൽ. ഒപ്പം, ഇന്ത്യയിൽ ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന സങ്കുചിത ശാസ്ത്ര വിരുദ്ധ “വാക്സിൻ ദേശീയത” ശക്തിപ്പെട്ടുവരുന്ന “സാംസ്കാരിക ദേശീയത“യുടെ തുടർച്ചയായി കാണാം എന്ന വിമർശനവും ഉന്നയിക്കുന്നു

കെ. കണ്ണൻ: ഇന്ത്യയിൽ ഒരു ജീവന്മരണപ്പോരാട്ടമാണ് കോവിഡ് വ്യാപനം സൃഷ്ടിച്ചിട്ടുള്ളതെന്ന് മെഡിക്കൽ വിദഗ്ധരും ഭരണകൂടങ്ങളും മുന്നറിയിപ്പുനൽകുന്നു. രോഗികളുടെ എണ്ണത്തിൽ ലോകത്ത് മൂന്നാമതാണ് ഇന്ത്യ, മരണത്തിൽ എട്ടാമതും. ഇപ്പോഴത്തെ രോഗവ്യാപനത്തിന്റെ സാഹചര്യം എങ്ങനെ വിശദീകരിക്കാം? ദൽഹി, ചെന്നൈ, അഹമ്മദാബാദ്, മുംബൈ... ഈ നഗരങ്ങൾ ‘ഹോട്ട്സ്പോട്ടു’കളായി മാറിയത് എന്തുകൊണ്ട്?

ഡോ. ബി. ഇക്​ബാൽ: ജനസംഖ്യയുടെ കാര്യത്തിൽ ചൈന (144 കോടി) കഴിഞ്ഞാൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ (135 കോടി), മാത്രമല്ല; കേരളം, തമിഴ്​നാട്​, ഹിമാചൽ പ്രദേശ് തുടങ്ങിയ ചില സംസ്ഥാനങ്ങളൊഴിച്ചാൽ ഇന്ത്യയുടെ പൊതുജനാരോഗ്യ സംവിധാനം വളരെ ദുർബലവുമാണ്. ആരോഗ്യമേഖലക്ക് ഏറ്റവും കുറവ് തുക മുടക്കുന്ന (ദേശീയ വരുമാനത്തിന്റെ 1.1%) രാജ്യവുമാണ് ഇന്ത്യ. ജനസാന്ദ്രത കൂടിയ മുംബൈ, ചെന്നൈ, ഡൽഹി തുടങ്ങിയ വൻ നഗരങ്ങളും അവയെ ചുറ്റിപ്പറ്റി ലക്ഷക്കണക്കിനാളുകൾ തിങ്ങി പാർക്കുന്ന ചേരിപ്രദേശങ്ങളും പരസ്പരം ബന്ധമില്ലാതെ ചിതറിക്കിടക്കുന്ന ഗ്രാമങ്ങളൂം ചേർന്നതാണ് ഇന്ത്യ. അങ്ങനെ നോക്കുമ്പോൾ കോവിഡ് പോലെ ഒരു മഹാമാരി അതിവേഗം പടർന്ന് പിടിക്കാൻ സാധ്യതയുള്ള രാജ്യമാണ് നമ്മുടേത്.

മുംബൈയിലെ ചേരി / Photo: Pikist
മുംബൈയിലെ ചേരി / Photo: Pikist

ഇപ്പോഴത്തെ സ്ഥിതിയനുസരിച്ച് അമേരിക്കയും (30 ലക്ഷം) ബ്രസീലും (17 ലക്ഷം) കഴിഞ്ഞാൽ ഏറ്റവുമധികം രോഗികളുള്ള (7.7 ലക്ഷം) രാജ്യമാണ് ഇന്ത്യ. എന്നാൽ മരണനിരക്ക് കണക്കിലെടുത്താൽ ലോക ശരാശരിയിലും (4.57) ഇന്ത്യ (2.77) താഴെയാണ്. അതുപോലെ രോഗം ഭേദമാകുന്നവരുടെ ശതമാനവും രാജ്യത്ത് കൂടുതലാണ്. എന്നാൽ രോഗികളുടെ എണ്ണത്തിലെ ഇരട്ടിക്കൽ ദിവസം (Doubling Time) ഇന്ത്യയിൽ കുറവാണ്. (അതായത് രോഗവർധനാ നിരക്ക് കൂടുതൽ). രോഗം പ്രധാനമായും വ്യാപിക്കുന്നത് മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട് , പശ്ചിമബംഗാൾ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലാണ്. അതേ അവസരത്തിൽ പിന്നാക്ക സംസ്ഥാനങ്ങളായ അസം, ഒഡീഷ, ജാർഖണ്ഡ്, ബീഹാർ, ഛത്തീസ്ഗഡ്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥിതി ആപേക്ഷികമായി മെച്ചവുമാണ്.
പ്രധാനമായും ചെന്നൈ, മുംബൈ, പൂന, ഡൽഹി... ഇങ്ങനെ നഗര പ്രദേശങ്ങളെ കേന്ദ്രീകരിച്ചാണ് രോഗം വ്യാപിക്കുന്നത്. ഇന്ത്യയിൽ കോവിഡ് പ്രധാനമായും നഗര പ്രതിഭാസമാണ്. വൻനഗരങ്ങളിലെ വിമാനത്താവളങ്ങളിൽ വിദേശത്ത് നിന്ന്​ എത്തുന്നവരുടെ എണ്ണം വളരെ കൂടുതലായതാവാം ഇതിനു കാരണം. രാജ്യത്തെ മൊത്തം 736 ജില്ലകളിൽ 550 ലും കോവിഡ് വ്യാപിച്ചിട്ടുണ്ട്.

എന്നാൽ മൊത്തം രോഗികളിൽ 21 ശതമാനം മാത്രമാണ് ഗ്രാമങ്ങളിൽ. മാത്രമല്ല 130 ജില്ലകൾ മാത്രമാണ് ഹോട്ട് സ്പോട്ട് (റെഡ് സോൺ) ആയി പ്രഖ്യാപിച്ചിട്ടുള്ളത്.
അതിനിടെ, രണ്ടു ലക്ഷത്തോളം പേർ തിങ്ങിപ്പാർക്കുന്ന മുംബൈയിലെ ധാരാവി കോളനിയിൽ കോവിഡ് പടർന്നത് വലിയ ആശങ്കയുളവാക്കിയിരുന്നു. നിരവധി കുടുംബങ്ങൾ തിങ്ങി താമസിക്കുന്ന ചെറ്റക്കുടിലുകളിൽ ഹോം ക്വാറൻറയിനും മറ്റും നടപ്പിലാക്കാൻ ബുദ്ധിമുട്ടായിരുന്നു. ലോക്ക്ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെട്ട് ഭൂരിപക്ഷവും പട്ടിണിയിലുമായിരുന്നു. മുനിസിപ്പൽ അധികൃതർ അവരെ സ്കൂളുകളിലേക്കും കമ്യൂണിറ്റി ഹാളുകളിലേക്കും മാറ്റി താമസിപ്പിച്ച് പരിഹാരം കണ്ടെത്തി. സൗജന്യ ഭക്ഷണവും മാസ്​കും ലഭ്യമാക്കി.

ഇന്ത്യയിൽ കോവിഡ് പ്രധാനമായും
നഗര പ്രതിഭാസമാണ്. വൻനഗരങ്ങളിലെ വിമാനത്താവളങ്ങളിൽ വിദേശത്ത് നിന്ന്​ എത്തുന്നവരുടെ എണ്ണം വളരെ കൂടുതലായതാവാം ഇതിനു കാരണം

സന്നദ്ധസംഘടനകളുടെ സഹായത്തോടെ കൈകഴുകലും ശരീരദൂരം പാലിക്കലും മാസ്​ക്​ ധരിക്കലും കർശനമായി നടപ്പിലാക്കി. ഇതിന്റെ ഫലമായി രോഗവ്യാപന നിരക്ക് 12 ശതമാനത്തിൽ നിന്ന്​ ഒരു ശതമാനമായി കുറക്കാനായി. ഇങ്ങനെ ചില നല്ല അനുഭവങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഡൽഹിയിൽ 10,000 പേരെ ചികിത്സിക്കാൻ ഉതകുന്ന ആശുപത്രി സൈനികരുടെ സഹായത്തോടെ നിർമിച്ചത് മറ്റൊരു ഉദാഹരണം.
പൊതുവിൽ പ്രതീക്ഷതുപോലെ നിയന്ത്രാണാതീതമായി രാജ്യത്ത് കോവിഡ്​ ഇതുവരെ വ്യാപിച്ച് തുടങ്ങിയിട്ടില്ല. ഉഷ്ണമേഖല പ്രദേശമാണെന്നത്, നമ്മുടെ ജനിതക ഘടനയുടെ പ്രത്യേകത, ബി.സി.ജി വാസ്കിൻ എല്ലാവർക്കും നൽകുന്നത് കൊണ്ട് ഒരു പക്ഷേ അതിലൂടെ കിട്ടാൻ സാധ്യതയുള്ള രോഗ പ്രതിരോധ ശേഷി... ഇങ്ങനെ ഇതുവരെ തെളിയിക്കപ്പെടാത്ത പലഘടകങ്ങളും ഇതിന്​ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പൊതുവിൽ നോക്കിയാൽ ആശ്വാസകരമാണ് രാജ്യത്തെ സ്ഥിതിയെന്ന് തോന്നുമെങ്കിലും രോഗികളുടെ എണ്ണം ആശങ്കാജനകമായി വർധിച്ച് വരുന്നുണ്ട്.

ചോദ്യം: ഇന്ത്യയിൽ രോഗികളുടെ ദിവസേനയുള്ള വർധന കാൽ ലക്ഷമാണ്. ആകെ രോഗബാധിതർ 7.7 ലക്ഷമായി. രോഗവ്യാപനം ഇത്ര തീവ്രമായത് എന്തുകൊണ്ടാണ്? ലോക്ക്​​ഡൗൺ വേണ്ടത്ര ഫലം ചെയ്തില്ല എന്ന നിഗമനത്തിൽ എത്താമോ? രോഗവ്യാപനം തടയുന്നതിൽ കേന്ദ്ര സർക്കാറിന് ഫലപ്രദമായ പരിപാടിയില്ല എന്ന വിമർശനമുണ്ട്. അതായത്, ലോക്ക്​​ഡൗൺ ഇളവുകൾ, അന്തർ സംസ്ഥാന തൊഴിലാളികളുടെയും പ്രവാസികളുടെയും തിരിച്ചുവരവ് എന്നിവയുമായി ബന്ധപ്പെട്ട രോഗവ്യാപനം ജനങ്ങളുടെ മാത്രം ഉത്തരവാദിത്തമാണ് എന്ന ഒരു സമീപനം കേന്ദ്ര ഭരണകൂടം അടിച്ചേൽപ്പിക്കുന്നതായി കാണുന്നു.

ലോക്ക്​​ഡൗണിന് അനുകൂലവും പ്രതികൂലവുമായ വാദമുഖങ്ങൾ ഉന്നയിക്കപ്പെടുന്നുണ്ട്. കേരളമടക്കം നിരവധി സംസ്ഥാനങ്ങളെ ലോക്ക്​​ഡൗൺ സഹായിച്ചിട്ടുണ്ടെന്നത് സത്യമാണ്. ഇപ്പോഴും രോഗം വർധിക്കുന്നതനുസരിച്ച് തമിഴ്നാടുപോലെ ചില സംസ്ഥാനങ്ങൾ വീണ്ടും ലോക്ക്​ഡൗണിലേക്ക് പോകുന്നുണ്ട്. എന്നാൽ ലോക്ക്​ഡൗണിനായി കൊടുക്കേണ്ടിവന്ന വില വളരെ വലുതാണ്. പ്രത്യേകിച്ച് കുടിയേറ്റ തൊഴിലാളികളുടെ ജീവിതം പെട്ടെന്നുള്ള ലോക്ക്​​ഡൗൺ പ്രഖ്യാപനം ദുരിതമയമാക്കി. സാമ്പത്തിക സ്ഥിതി കുഴപ്പത്തിലായി. ഉചിതമായ സമയം നൽകി കുടിയേറ്റ തൊഴിലാളികൾക്ക് സ്വന്തം സംസ്ഥാനങ്ങളിലേക്ക്​ മടങ്ങാനും സാമ്പത്തിക മേഖല ക്രമീകരിക്കാനും സമയം നൽകിയിരുന്നെങ്കിൽ ഇത്ര സാമൂഹ്യ- മാനുഷിക പ്രത്യാഘാതങ്ങൾ ഉണ്ടാകുമായിരുന്നില്ല. ഉത്തേജന പാക്കേജിന്റെ ഭാഗമായി ആരോഗ്യ മേഖലക്ക് 2 ലക്ഷം കോടി രൂപയാണ് പ്രതീക്ഷിച്ചതെങ്കിലും 15,000 കോടി മാത്രമാണ് മാറ്റിവെച്ചത്. സംസ്ഥാന സർക്കാരുകൾ ആത്മാർത്ഥതയോടെ രോഗ നിയന്ത്രണത്തിന്​ ശ്രമിക്കുന്നുണ്ടെങ്കിലും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് പോലും കേന്ദ്ര സഹായം കിട്ടുന്നില്ലെന്ന് പരാതി വ്യാപകമായുണ്ട്.

കോയമ്പേട് മാർക്കറ്റ്
കോയമ്പേട് മാർക്കറ്റ്

ചോദ്യം: ഈയൊരു സങ്കീർണാവസ്ഥ നേരിടുന്നതിന് രാജ്യം സജ്ജമാണോ? വർധിച്ചുവരുന്ന രോഗികളിൽ, ഗുരുതരാവസ്ഥയിലുള്ളവരെ പരിചരിക്കാൻ ആവശ്യമായ വെൻറിലേറ്ററുകളും ഐസൊലേഷൻ ബെഡുകളും ഇപ്പോഴുമുണ്ടോ?

സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പുകളെ സംബന്ധിച്ച് കൃത്യമായ വിവരം ലഭ്യമല്ല. മഹാരാഷ്ട്ര സർക്കാർ കേരളത്തിൽ നിന്നടക്കം ഡോക്ടർമാരെയും നഴ്സുമാരെയും റിക്രൂട്ട് ചെയ്തും അടഞ്ഞുകിടന്ന ചില ആശുപത്രികൾ തുറന്നും ചികിത്സാസൗകര്യം വർധിപ്പിച്ചിട്ടുണ്ട്. തമിഴ്നാ‍ട്ടിലും, ഡൽഹിയിലും ചികിത്സ- രോഗനിർണയ സംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ട്. അതേ അവസരം, നേരത്തെ രോഗവ്യാപനം കുറവായിരുന്ന ഒഡീഷ പോലുള്ള സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം വർധിച്ച് വരുന്നതായാണ് റിപ്പോർട്ട്.

ചോദ്യം: ഇന്ത്യൻ ഗ്രാമങ്ങൾ കോവിഡിനെ എങ്ങനെയാണ് നേരിടുന്നത്?

ഭാഗ്യത്തിന് ഇപ്പോഴും കോവിഡ് ഇന്ത്യയിൽ പ്രധാനമായും നഗരങ്ങളെ കേന്ദ്രീകരിച്ചാണ് വ്യാപിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിൽ നിന്ന്​ വ്യത്യസ്തമായി മറ്റ് ഇന്ത്യൻ ഗ്രാമങ്ങൾ പരസ്പരം ബന്ധപ്പെടാതെ ഒറ്റപ്പെട്ട് സ്ഥിതിചെയ്യുന്നത് കൊണ്ട് രോഗവ്യാപനം പരിമിതപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ സ്ഥിതി ഏത് നിമിഷവും മാറാം. അങ്ങിനെ സംഭവിച്ചാൽ ഗ്രാമങ്ങളിലെ അതീവ ശോച്യമായ ആരോഗ്യ സംവിധാനങ്ങൾ പരിഗണിക്കുമ്പോൾ രാജ്യം വലിയ ദുരന്തത്തിലേക്ക് നീങ്ങും.

ചോദ്യം: മുംബൈ പോലുള്ള ഇന്ത്യൻ നഗരങ്ങളുടെ ആരോഗ്യ- ജനസംഖ്യ- വികസന ആസൂത്രണം പുനഃപരിശോധിക്കേണ്ടത് കോവിഡ് ഒരനിവാര്യതയാക്കിയിരിക്കുന്നു എന്നു പറയാമോ?

ഇന്ത്യൻ നഗരങ്ങളിൽ പൊതുവിൽ (കേരളമടക്കം) നഗര ആരോഗ്യ ആസൂത്രണം (Urban Health Planning) ദുർബലമാണ്. നഗരാരോഗ്യം ലോകമെമ്പാടും വലിയ ചർച്ചാവിഷയമാണ്. പല പുതിയ മാതൃകകളും നഗരങ്ങളിലെ ജനജീവിതം മെച്ചപ്പെടുത്താൻ ആവിഷ്കരിക്കപ്പെടുന്നുണ്ട്. ഇക്കാര്യത്തിൽ ക്രിയാത്മകമായി ഇടപെടാനുള്ള അന്തരീക്ഷം കോവിഡ് ഒരുക്കിയിട്ടുണ്ട്.

ചോദ്യം: കേരളത്തിലേക്കു വരാം. കോവിഡ് പ്രതിരോധത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കേരളത്തിലുണ്ടായത്. നമ്മുടെ ഭരണകൂടവും മെഡിക്കൽ രംഗവും സമൂഹവും പ്രകടിപ്പിച്ച സ്ഥൈര്യം പിന്നീടുള്ള ഘട്ടത്തിൽ അതേപടി തുടരാനായിട്ടുണ്ടോ?

ഇന്ത്യയിലാദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാനിൽ നിന്ന്​ കേരളത്തിലെത്തിയ ഒരു വിദ്യാർത്ഥിനിയിലായിരുന്നു; 2020 ജനുവരി 30ന്. അതിനു മുമ്പുതന്നെ കേരളം കോവിഡ് പ്രതിരോധ തയ്യാറെടുപ്പും ആരംഭിച്ചിരുന്നു.

ഈ വർഷാവസാനത്തോടെ മാത്രമേ
രോഗ നിയന്ത്രണം കൈവരിക്കാൻ
കഴിയൂ എന്നാണ് കരുതപ്പെടുന്നത്.
ഇത്ര ദീർഘകാലം കഠിനമായി പരിശ്രമിക്കേണ്ടിവരുന്ന ആരോഗ്യ പ്രവർത്തകരിൽ സ്വാഭാവികമായും

തളർച്ച ഉണ്ടാവുന്നുണ്ട്

ലോക്ക്​​ഡൗൺ വരെയും ലോക്ക്​​ഡൗൺ കാലവും എന്ന രണ്ട് ഘട്ടങ്ങൾക്ക് ശേഷം ഇപ്പോൾ ലോക്ക്​​ഡൗൺ ലഘൂകരിക്കയും വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും നാട്ടുകാർ തിരികെ എത്തിത്തുടങ്ങുകയും ചെയ്​ത മൂന്നാം ഘട്ടത്തിലേക്ക് സംസ്ഥാനം കടന്നിരിക്കുയാണ്. ഒന്നാം ഘട്ടത്തിൽ നിന്ന്​ വ്യത്യസ്തമായി വിദേശരാജ്യങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും രോഗവ്യാപനം വർധിച്ചിട്ടുണ്ട്. സ്വാഭാവികമായും കേരളത്തിലെത്തുന്നവരിൽ രോഗികളുടെ എണ്ണവും വർധിച്ചു. അതുകൊണ്ട് കർശനമായി രോഗ പ്രതിരോധന പ്രവർത്തനം (ശരീരം ദൂരം പാലിക്കൽ, കൈ കഴുകൽ, മാസ്​ക്​ ധരിക്കൽ) സമ്പർക്ക വിലക്ക് (ക്വാറൻറയിൻ) എന്നിവ നടപ്പിലാക്കേണ്ടതുണ്ട്. ആരോഗ്യ പ്രവർത്തകരുടെ ജോലി ഭാരവും എല്ലാ തലത്തിലും വർധിച്ചിട്ടുമുണ്ട്.
നിപ രോഗബാധ കേവലം ഒരു മാസമാണ് നീണ്ടുനിന്നത് ( 2018 മെയ് 19 മുതൽ ജൂൺ 10 വരെ). പ്രളയകാലവും രണ്ടാഴ്ചകൊണ്ട് അവസാനിച്ചു (2018 ജൂലൈ 16 മുതൽ ആഗസ്റ്റ് ആദ്യം വരെ). രണ്ടും നമുക്ക് വിജയകരമായി തരണം ചെയ്യാൻ കഴിഞ്ഞു. എന്നാൽ കോവിഡ് നിയന്ത്രണ ശ്രമങ്ങൾ ആരംഭിച്ചിട്ട്​ആറുമാസത്തിലേറെയായി. ദിവസം കഴിയുന്തോറും കൂടുതൽ വെല്ലുവിളി ഏറ്റെടുക്കേണ്ട സ്ഥിതിയുമാണ്. ഈ വർഷാവസാനത്തോടെ മാത്രമേ രോഗ നിയന്ത്രണം കൈവരിക്കാൻ കഴിയൂ എന്നാണ് കരുതപ്പെടുന്നത്. ഇത്ര ദീർഘകാലം കഠിനമായി പരിശ്രമിക്കേണ്ടിവരുന്ന ആരോഗ്യ പ്രവർത്തകരിൽ സ്വാഭാവികമായും ഒരു തളർച്ച (Fatigue) ഉണ്ടാവുന്നുണ്ട്. അതുപോലെ, പ്രതിരോധ നടപടികളിൽ ഉദാസീന സമീപനം നാട്ടുകാരിൽ ചിലരെങ്കിലും സ്വീകരിച്ച് വരുന്നുമുണ്ട്. സമ്പർക്കത്തിലൂടെ രോഗവ്യാപനം വർധിച്ച് വരുന്നതിന്​ കാരണമിതാണ്. എന്നാൽ കൂടുതൽ ജാഗ്രതയോടെ മുന്നോട്ട് പോവുക എന്ന മാർഗ്ഗം മാത്രമേ നമ്മുടെ മുന്നിലുള്ളു.
ആരോഗ്യ മേഖലയിൽ കൂടുതൽ ജീവനക്കാരെ പുറമേ നിന്ന് നിയമിച്ചും സ്വകാര്യ മേഖലയുമായി കൂടുതൽ സഹകരിച്ചും പ്രശ്ന പരിഹാരം തേടാം. നാട്ടുകാർ രോഗത്തിന്റെ അപകട സാധ്യത മനസ്സിലാക്കി ജാഗ്രത പുലർത്തണം. അതിനായി ജനകീയ പ്രസ്ഥാനങ്ങളും രാഷ്ടീയ പാർട്ടികളും കൂടി സർക്കാർ ഏജൻസികളോടൊപ്പം ശ്രമിക്കേണ്ടതാ‍ണ്.

ചോദ്യം: കോവിഡ്​ റിപ്പോർട്ടുചെയ്യപ്പെട്ടശേഷം കേരളത്തിൽ, ഏറ്റവും കൂടുതൽ രോഗികളുള്ള ദിവസമായിരുന്നു ജൂലൈ എട്ട്​, 301 പേർ. ഇവരിൽ 90 പേർക്കും സമ്പർക്കത്തിലൂടെയാണ്​ രോഗം വന്നത്​. രോഗം സ്ഥിരീകരിച്ചവരിൽ നൂറിലേറെ പേർക്ക് രോഗം എവിടെനിന്നുവന്നു എന്നറിയാത്ത സ്ഥിതിയുണ്ട്. കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ എന്താണ്? ഇവിടെ സമൂഹവ്യാപനം എത്രത്തോളമാണ്​?

സമൂഹവ്യാപനത്തിന് പല നിർവചനങ്ങളുണ്ട്​. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ രോഗവ്യാപനത്തിന് നാലു ഘട്ടങ്ങളുണ്ട്​. രോഗികളില്ലാത്ത സ്ഥിതി, പുറമേനിന്ന്​ ഒരു സമൂഹത്തിൽ രോഗികളെത്തി ചിലരിലേക്ക് (Sporadic) രോഗം പകരുന്ന ഘട്ടം, ചില ജനവിഭാഗങ്ങളിലും പ്രദേശങ്ങളിലും കേന്ദ്രീകരിച്ചുള്ള (Clusters) രോഗവ്യാപനം, വ്യാപകമായ സമൂഹവ്യാപനം. കേരളം തീർച്ചയായും മൂന്നാം ഘട്ടത്തിലെത്തിയിട്ടുണ്ട്. പൊന്നാനിയിലും മറ്റും രോഗികളുടെ കേന്ദ്രീകരണം കണ്ടതിൽ നിന്ന്​ അങ്ങിനെയൊരു നിഗമനത്തിലെത്താം.

വിവിധ വിഭാഗത്തിലുള്ളവരിൽ രോഗം കണ്ടെത്തുന്നത് തന്നെ രോഗവ്യാപനം നിയന്ത്രാണാതീതമായി സമൂഹത്തിൽ വ്യപിച്ചിട്ടില്ലെന്നതിന്റെയും കാര്യങ്ങൾ കൈവിട്ട് പോയിട്ടില്ലെന്നതിന്റെ തെളിവായിട്ടാണ് കാണേണ്ടത്

എന്നാൽ സമൂഹത്തിൽ ഒട്ടാകെ രോഗം വ്യാപിച്ചതായി ഇതിനായി നടത്തിയ സർവൈലൻസ് ടെസ്​റ്റുകളിൽ കണ്ടെത്താനായിട്ടില്ല, പൊന്നാനിയിലും എല്ലാവരെയും ടെസ്റ്റ് ചെയ്തപ്പോൾ കൂടുതൽ രോഗികളെ കണ്ടെത്താനായില്ല, എന്നാൽ കൂടുതൽ ജാഗ്രത പാലിച്ചില്ലെങ്കിൽ ഏത് നിമിഷവും രോഗം കേരളത്തിലാകെ വ്യാപിക്കാൻ സാധ്യതയുണ്ട്. അത് കണക്കിലെടുത്ത് കർശന നടപടി സ്വീകരിക്കേണ്ടതുണ്ട്.

ചോദ്യം: കേരളം സമൂഹവ്യാപനത്തിന്റെ ഏറ്റവും സൂക്ഷ്മമായ ഘട്ടത്തിലെത്തിയെന്ന് ഐ.എം.എയും സമൂഹവ്യാപനം ഇല്ലെന്ന്​ സർക്കാറും പറയുന്നു. സമൂഹവ്യാപനം, ഭരണകൂടവും മെഡിക്കൽ സയൻസും തമ്മിലുള്ള തർക്കവിഷയമായി മാറുകയാണ്. പകർച്ചവ്യാധി ചില ഘട്ടങ്ങൾ പിന്നിട്ടാൽ, സമൂഹവ്യാപനം എന്ന തലത്തിലെത്തുമെന്നത് ശാസ്ത്രീയമായി സ്ഥിരീകരിക്കാവുന്ന വിഷയമാണെന്നിരിക്കേ, അത് തർക്കവിഷയമായി മാറുന്നത് എന്തുകൊണ്ട്?

സമൂഹവ്യാപനം തർക്കവിഷയമാക്കേണ്ടതില്ല. കൂടുതലാളുകൾക്ക് രോഗ സാധ്യതയുണ്ടെന്ന് കരുതി ടെസ്റ്റിംഗ് വർധിപ്പിക്കാനും ചികിത്സാ സംവിധാനം വിപുലീകരിക്കാനും സർക്കാർ ശ്രമിക്കുന്നുണ്ട്. ഗുരുതരാവസ്​ഥയിലുള്ള രോഗികളെ ചികിത്സിക്കാൻ ജില്ലകളിൽ രണ്ട് വീതം കോവിഡ് ആശുപത്രികളും അത്ര കടുത്ത രോഗമില്ലാത്തവരെ പരിചരിക്കാൻ ഓരോ കോവിഡ് ആശുപത്രികളൂമായി ബന്ധപ്പെടുത്തി കോവിഡ് പ്രഥമ ഘട്ട ചികിത്സാ കേന്ദ്രങ്ങളും (Covid First Line Treatment Centers) സ്ഥാപിച്ചിട്ടുണ്ട് . പി.സി.ആർ, ആന്റി ബോഡി, ആന്റിജൻ, ട്രൂനാറ്റ്, ജെൻ എക്സ്പേർട്ട്, ഇമ്യൂണോ അസേ ടെസ്റ്റുകൾ ഗണ്യമായി വർധിപ്പിച്ച് കഴിഞ്ഞു. രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചാൽ ചികിത്സ ഉറപ്പാക്കാൻ സ്വകാര്യ മേഖലയുമായി സഹകരിച്ച് എ, ബി, സി എന്നിങ്ങനെ ആസൂത്രണവും നടത്തിയിട്ടുണ്ട്.

ചോദ്യം: സമൂഹവ്യാപനം നടന്നുവെന്നതിന് ഐ.എം.എ ചൂണ്ടിക്കാണിച്ച പ്രധാന കാര്യങ്ങൾ ഇതാണ്: ഇതര സംസ്ഥാനങ്ങളിൽനിന്നുവരുന്ന രോഗലക്ഷണമില്ലാത്തവരിലും പരിശോധന നടത്തുമ്പാൾ രോഗം സ്ഥിരീകരിക്കുന്നു. കേരളത്തിൽനിന്ന് ഇതര സംസ്ഥാനങ്ങളിലേക്കുപോയ അന്നാട്ടുകാരിൽ രോഗം സ്ഥിരീകരിക്കുന്നു. രോഗികളുമായി നേരിട്ടു ബന്ധമുള്ള ആരോഗ്യപ്രവർത്തകർക്ക് രോഗം വരുന്നു. ഈ സാഹചര്യങ്ങളെ എങ്ങനെ വിശദീകരിക്കാം?

തീർച്ചയായും ഇതെല്ലാം സമൂഹത്തിലേക്ക് രോഗം അതിരുകടന്ന് വ്യാപിക്കാൻ സാധ്യതയുണ്ടെന്നതിന്റെ സൂചനകളാണ്. ഇങ്ങിനെ വിവിധ വിഭാഗത്തിലുള്ളവരിൽ രോഗം കണ്ടെത്തുന്നത് തന്നെ രോഗവ്യാപനം നിയന്ത്രാണാതീതമായി സമൂഹത്തിൽ വ്യപിച്ചിട്ടില്ലെന്നതിന്റെയും കാര്യങ്ങൾ കൈവിട്ട് പോയിട്ടില്ലെന്നതിന്റെയും തെളിവായിട്ടാണ് കാണേണ്ടത്. മറ്റ് സംസ്ഥാനങ്ങളിൽ എത്തുന്ന മലയാളികളിൽ പലരും വിദേശത്ത് നിന്ന്​ കേരളത്തിലെത്തി തമിഴ്നാട്ടിലേക്കും കർണാടകത്തിലേക്കും പോയവരാണെന്നാണ് അന്വേഷണത്തിൽ അറിഞ്ഞത്. അല്ലാതെയുള്ളവർ വളരെ കുറവാണ്.

ചോദ്യം: തിരുവനന്തപുരത്ത്​ ജൂലൈ എട്ടിന്​ രോഗം സ്​ഥിരീകരിച്ച 64 പേരിൽ 60 പേർക്കും സമ്പർക്കത്തിലൂടെയാണ്​ രോഗം വന്നത്​. തിരുവനന്തപുരം, കൊച്ചി നഗരങ്ങൾ ഹോട്ട്സ്പോട്ടായത് എങ്ങനെയാണ്?

തിരുവനന്തപുരവും കൊച്ചിയും ജനംതിങ്ങി പാർക്കുന്ന, തിരക്കേറിയ സ്ഥാപനങ്ങളുള്ള നഗരങ്ങളാണ്. ഏറ്റവും അധികം ആളുകൾ പുറമേ നിന്നെത്തുന്ന വിമാനത്താവളങ്ങളും ഇവിടെയാണ്. തിരുവനന്തപുരത്താണെങ്കിൽ നാഗർകോവിലിൽ നിന്നും മറ്റും ഹോട്ട് സ്പോട്ട് സംസ്ഥാനമായ തമിഴ്നാട്ടിൽ നിന്നുമുള്ളവർ ധാരാളം എത്തുന്നുമുണ്ട്. ഇന്ത്യയിൽ തന്നെ മൊത്തം നോക്കിയാൽ നഗരങ്ങളിലാണ് രോഗവ്യാപനം കൂടുതലെന്ന് കാണാം. കേരളത്തിലും അതാണ് സംഭവിക്കുന്നത്.

യഥാർത്ഥത്തിൽ കേരളത്തിന്റെ കോവിഡ് നിയന്ത്രണ വിജയത്തിന്റെ പ്രധാന കാരണം ഫലവത്തായി നടപ്പിലാക്കുന്ന ഗാർഹിക സമ്പർക്ക വിലക്കാണ്. നമ്മുടെ നേട്ടങ്ങളെ നമ്മൾ തന്നെ തള്ളി പറയുന്നത് ഉചിതമല്ല

ചോദ്യം: കേരളത്തിൽ രോഗികളുടെ എണ്ണം കൂടിയത് പരിശോധനകളുടെ എണ്ണം കൂട്ടിയതിനെതുടർന്നാണ്. പരിശോധനകളുടെ എണ്ണം ഇനിയും കൂട്ടണ്ടതല്ലേ?

വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ രോഗികൾ എത്തിയതോടെയാണ് രോഗികളൂടെ എണ്ണം കൂടിയത്. അഖിലേന്ത്യ സാർവദേശീയ മാനദണ്ഡങ്ങളനുസരിച്ചാണ് കേരളത്തിൽ ടെസ്റ്റിംഗ് പ്രോട്ടോക്കോളുകൾ നിശ്ചയിച്ചിട്ടുള്ളത്. തുടക്കത്തിൽ ഒരു ടെസ്റ്റിംഗ് സെന്റർ മാത്രമാണ് കേരളത്തിലുണ്ടായിരുന്നത്. ഇപ്പോൾ സർക്കാർ മേഖലയിൽ 30 ഉം സ്വകാര്യമേഖലയിൽ 11 ഉം ടെസ്റ്റിംഗ് സെന്ററുകളുണ്ട്. പുതിയ ടെസ്റ്റിംഗ് രീതികളും ലഭ്യമായി. അതോടെ ടെസ്റ്റിംഗ് ഗണ്യമായി വർധിച്ചു. കേരളത്തിൽ പത്ത് ലക്ഷം പേരിൽ 8033 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്. അഖിലേന്ത്യാ ശരാശരി 7224 മാത്രമാണ്.

ചോദ്യം: ലോക്ക്​​ഡൗൺ ഇളവുകൾക്കൊപ്പം ക്വാറന്റൈൻ സംവിധാനത്തിലുണ്ടായ ചില പരിമിതികൾ കേരളത്തിൽ രോഗവ്യാപനം രൂക്ഷമാക്കി എന്ന വിമർശനമുണ്ട്. അതായത്, സർക്കാർ ക്വാറന്റയിനുപകരം ഹോം ക്വാറന്റയിനിലേക്കുമാറി. ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റയിൻ തുടരേണ്ടതുണ്ടോ?

ഇപ്പോൾ കേരളത്തിൽ മൂന്ന് ലക്ഷത്തോളം പേരാണ് ക്വാറന്റയിനിൽ. ഇത്രയും പേർക്ക് സർക്കാർ ക്വാറന്റയിൻ (സ്ഥാപന സമ്പർക്ക വിലക്ക്) ഏർപ്പെടുത്തുക അസാധ്യമാണ്. ഓരോർത്തക്കും ബാത്ത് അറ്റാച്ച്​ഡ്​ മുറികൾ, മറ്റ് സൗകര്യങ്ങൾ, ആഹാരം നൽകാൻ പി.പി.ഇ ധരിച്ച പരിചാരകർ, മാലിന്യ നിർമാർജ്ജന സൗകര്യം എന്നിങ്ങനെ ഒട്ടനവധി സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടിവരും. സ്ഥാപന സമ്പർക്ക വിലക്കേർപ്പെടുത്തിയ സംസ്ഥാനങ്ങളിൽ അത്തരം കേന്ദ്രങ്ങൾ രോഗവ്യാപന കേന്ദ്രങ്ങളായി (Epi Centres) മാറി. സമ്പർക്ക വിലക്കിലേർപ്പെടുന്നവർക്ക് പ്രത്യേക മുറിയിൽ താമസിക്കാൻ കേരളത്തിൽ ബഹുഭൂരിപക്ഷമാളുകളുകൾക്കും വീട്ടിൽ സൗകര്യമുണ്ട്. അവർക്ക് സഹായം ചെയ്യാനും നിരീക്ഷിക്കാനും വാർഡ് തല സമിതികളുണ്ട്, ആശാ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, അംഗനവാടി പ്രവർത്തകർ, പാലിയേറ്റീവ് കെയർ പ്രവർത്തകർ എന്നിങ്ങനെ ധാരാളം പേർ ഗാർഹിക സമ്പർക്ക വിലക്കിലേർപ്പെട്ടിരിക്കുന്നവരെ സഹായിച്ചും നിരീക്ഷിച്ചും വരുന്നു. യഥാർത്ഥത്തിൽ, കേരളത്തിന്റെ കോവിഡ് നിയന്ത്രണ വിജയത്തിന്റെ പ്രധാന കാരണം ഫലവത്തായി നടപ്പിലാക്കുന്ന ഗാർഹിക സമ്പർക്ക വിലക്കാണ്. നമ്മുടെ നേട്ടങ്ങളെ നമ്മൾ തന്നെ തള്ളി പറയുന്നത് ഉചിതമല്ല. അതേയവസരം വീട്ടിൽ സൗകര്യമില്ലാത്തവർക്കായി സ്ഥാപന സമ്പർക്ക് വിലക്ക് കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. ജൂലൈ എട്ടിലെ കണക്കനുസരിച്ച് 3,37,234 പേർ ഗാർഹിക സമ്പർക്ക വിലക്കിലും 35,418 പേർ സ്ഥാപന സമ്പർക്ക വിലക്കിലും കഴിയുന്നു.

ചോദ്യം: ഒരു പകർച്ചവ്യാധിയുടെ സമൂഹവ്യാപനത്തിനുപിന്നിൽ, ആ ജനതയുടെ സാമൂഹികവും ആരോഗ്യപരവുമായ കാരണങ്ങൾക്കൊപ്പം രാഷ്ട്രീയനയങ്ങൾക്കും നിലപാടുകൾക്കും എത്രത്തോളം പങ്കുണ്ട്?

തീർച്ചയായും ആരോഗ്യ നിലപാടുകളെ രാഷ്ടീയ നിലപാടിൽ നിന്ന്​ വ്യതിരിക്തമായി കാണാനാവില്ല. ആരോഗ്യം, രാഷ്ടീയം വിപുലീകരിച്ചതാണെന്ന് (Health is nothing but Politics Writ Large) സാമൂഹ്യാ‍രോഗ്യ ശാസ്ത്രത്തിന്റെ (Social Medicine) പ്രയോക്താവ് റഡോൾഫ് വിർക്കോ (1821-1902) പറഞ്ഞത് ഓർമ വരുന്നു. കോവിഡ് നിയന്ത്രണത്തിലും ആരോഗ്യവും രോഗാവസ്ഥയും നിർണയിക്കുന്ന സാമ്പത്തിക- സാമൂഹ്യ ഘടകങ്ങൾ (Social Determinants of Health) പരിഗണിക്കേണ്ടതാണ്. കോവിഡ് മാത്രമല്ല, ഏത് ആരോഗ്യ പ്രശ്നവും കേവലം ആരോഗ്യ പ്രശ്നം മാത്രമല്ല, സാമൂഹ്യ- സാമ്പത്തിക- സാംസ്കാരിക പ്രശ്നം കൂടിയാണ്.

ചോദ്യം: ആഗസ്റ്റ് 15ന് വാക്സിൻ പുറത്തിറക്കേണ്ടതുകൊണ്ട്, വാക്സി​ന്റെ മനുഷ്യപരീക്ഷണം അതിവേഗം പൂർത്തിയാക്കാനാവശ്യപ്പെട്ട് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ), ക്ലിനിക്കൽ ട്രയൽ നടത്താൻ തെരഞ്ഞെടുത്ത 12 ആശുപത്രികൾക്ക് മുന്നറിയിപ്പിന്റെയും ഭീഷണിയുടെയും സ്വരത്തിൽ കത്തയച്ചത് ശാസ്ത്രലോകത്തിന്റെ കടുത്ത വിമർശനത്തിനിടയാക്കിയല്ലോ? കാര്യങ്ങൾ കൈവിട്ടുപോകുന്ന സന്ദർഭത്തിലും സർക്കാർ തലത്തിൽനിന്നുതന്നെ ഇത്തരം ഉത്തരവുകളുണ്ടാകുന്നത് എന്തുകൊണ്ടാണ്? പൊടുന്നനെ ഒരു ദിവസം ചാനലുകൾക്കുമുന്നിലെത്തി ‘ഞങ്ങളിതാ വാക്സിൻ കണ്ടുപിടിച്ചിരിക്കുന്നു’ എന്ന് പ്രധാനമന്ത്രിക്ക് പ്രഖ്യാപിക്കാൻ തരത്തിൽ വളഞ്ഞുകൊടുക്കുന്ന ഒരു മെഡിക്കൽ സംവിധാനമായി ഐ.സി.എം.ആർ എങ്ങനെയാണ് മാറിപ്പോയത്?

ഉന്നതതലങ്ങളിൽ നിന്നുള്ള നിർദ്ദേശ പ്രകാരമാണ് എല്ലാ വൈദ്യശാ‍സ്ത്ര ധാർമികതക്കും വാക്സിൻ പരീക്ഷണ ചട്ടങ്ങൾക്കും എതിരായ നീക്കം ഐ.സി.എം.ആറിന്റെ ഭാഗത്ത് നിന്നുമുണ്ടായത്. ഉന്നതതലം ഏതെന്ന് വ്യക്തമാണല്ലോ. ആഗസ്റ്റ് 15 ന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ‘ദേശീയ വാക്സിൻ’ തയാറായി എന്ന് പ്രഖ്യാപിച്ച് ഖ്യാതി നേടാനാണ് ഭരണനേതൃത്വത്തി​ന്റെ ശ്രമം. ഇത്തരം സങ്കുചിത കക്ഷിരാഷ്ടീയ സമീപനങ്ങൾക്ക് ശാസ്ത്രഗവേഷണ നിരീക്ഷണ ഏജൻസിയായ ഐ.സി.എം.ആർ കൂട്ടുനിന്നത് ദൗർഭാഗ്യകരമായി പോയി.

സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ‘ദേശീയ വാക്സിൻ’ തയാറായി എന്ന് പ്രഖ്യാപിച്ച് ഖ്യാതി നേടാനാണ് ഭരണനേതൃത്വത്തി​ന്റെ ശ്രമം. ഇത്തരം സങ്കുചിത കക്ഷിരാഷ്ടീയ സമീപനങ്ങൾക്ക് ഐ.സി.എം.ആർ കൂട്ടുനിന്നത് ദൗർഭാഗ്യകരമാണ്​

രസകരമായ കാര്യം, അമേരിക്കൻ പ്രസിഡന്റ്​ ട്രംപിനും അടുത്ത പ്രസിഡന്റ്​ ​ തെരഞ്ഞെടുപ്പിന് മുൻപ് ‘അമേരിക്കൻ വാക്സിൻ’ കണ്ടെത്താൻ താൽപര്യമുണ്ട്. എന്നാൽ ദേശീയ ഗവേഷണസ്ഥാപന്മായ നാഷണൽ ഇൻസ്റ്റിസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിനും വാക്സിൻ പരീക്ഷണത്തിനുള്ള ഓപ്പറേഷൻ സ്പീഡ് വാർപ്പിനും ഫെഡറൽ ഫണ്ട് വർധിപ്പിച്ച് നൽകാമെന്നല്ലാതെ ശാസ്ത്രസ്ഥാപങ്ങളെ തന്റെ വരുതിക്ക് നിർത്താനൊന്നും ട്രംപിന്​ കഴിയില്ല. ഇന്ത്യയിലാണ് ഇപ്പോഴൊരു സങ്കുചിത ശാസ്ത്ര വിരുദ്ധ ‘വാക്സിൻ ദേശീയത’ ഉയർന്ന് വന്നിരിക്കുന്നത്. ഇതിനെ ഇന്ത്യയിൽ ശക്തി പെട്ട് വരുന്ന ‘സാംസ്കാരിക ദേശീയത’യുടെ തുടർച്ചയായി കാണാം.

ചോദ്യം: ഇന്ത്യയിലും ആഗോളതലത്തിലും നടക്കുന്ന കോവിഡ് വാക്സിൻ ഗവേഷണത്തിന്റെ ഇപ്പോഴത്തെ പുരോഗതി? കോവിഡിന് ഒരു ഇന്ത്യൻ വാക്സിൻ സാധ്യമാകാൻ എത്ര കാലമെടുക്കും? നിരന്തരം ജനിതക വ്യതിയാനത്തിന് വിയേധമാകുന്ന ആർ.എൻ.എ വൈറസ് എന്ന നിലക്ക് സാർസ് കൊറോണ വൈറസ് 2, വാക്സിൻ ഗവേഷണത്തെ എങ്ങനെയാണ് ബാധിക്കുന്നത്?

കോവിഡിന് കാരണമായ സാർസ് കൊറോണ വൈറസ് 2 ഒരു ആർ.എൻ.എ വൈറസാണ്. ആർ.എൻ.എ വൈറസുകൾ നിരന്തരം ജനിതകവ്യതിയാനത്തിന് (Mutation) വിധേയമാകുന്നത് വാക്സിൻ നിർമാണം ബുദ്ധിമുട്ടിലാക്കും. എല്ലാതരം ജനിത ഘടനകൾക്കും യോജിച്ച വാക്സിൻ നിർമിക്കുക എളുപ്പമല്ല. സാർസ് കൊറോണ വൈറസ് 2 വിന്റെ ജനിതകഘടന വിവിധ രാജ്യങ്ങളിലായി രേഖപ്പെടുത്തി വരുന്നുണ്ട്. 9000 ത്തോളം വൈറസ് ഘടനകൾ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ കാര്യമായ വ്യത്യാസം കാണുന്നില്ല എന്നത് ആശ്വാസകരമാണ്. അതുകൊണ്ട് വാക്സിൻ നിർമാണം വേഗത്തിലാവാൻ സാധ്യതയുണ്ട്. മനുഷ്യരിൽ പരീക്ഷണം നടത്തേണ്ട ക്ലിനിക്കൽ ട്രയൽ ഘട്ടത്തിൽ 10 വാക്സിനുകൾ എത്തിയിട്ടുണ്ട്. 126 വാക്സിനുകൾ അതിന് മുമ്പുള്ള ഘട്ടത്തിലാണ്.
വാക്സിൻ ഗവേഷണ പദ്ധതി അതീവ സൂക്ഷ്മതയോടെ നടപ്പിലാക്കിയില്ലെങ്കിൽ വാക്സിൻ പ്രയോജനം ചെയ്യില്ലെന്ന് മാത്രമല്ല രോഗവ്യാപനമടക്കം ഗുരുതര ആരോഗ്യ പാർശ്വഫലങ്ങൾ ഉണ്ടാവാനുമിടയുണ്ട്. ഏറ്റവും മികച്ച നിലയിൽ വാക്സിൻ ഗവേഷണത്തിൽ ഏർപ്പെട്ടുവരുന്ന അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തും (എൻ.ഐ. എച്ച്) ജനുവരിയിൽ തന്നെ വാക്സിൻ ഗവേഷണം ആരംഭിച്ചിരുന്നു. എങ്കിൽ പോലും ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ മാത്രമേ തങ്ങളുടെ വാക്സിൻ ഗവേഷണം പൂർത്തിയാക്കാനാവൂ എന്നാണ് എൻ.ഐ.എച്ച് ഡയറക്ടറും പ്രമുഖ ശാസ്ത്രജ്ഞനുമായ ഫ്രാൻസിസ് കോളിൻസ് പറയുന്നത്. മൂന്നാംഘട്ട മനുഷ്യപരീക്ഷണം 30,000 പേരിൽ നടത്തേണ്ടിവരുമെന്നും അത് പൂർത്തിയാക്കാൻ 4-5 മാസമെടുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്.

മനുഷ്യരിൽ പരീക്ഷണം നടത്തേണ്ട ക്ലിനിക്കൽ ട്രയൽ ഘട്ടത്തിൽ 10 വാക്സിനുകൾ എത്തിയിട്ടുണ്ട്.
126 വാക്സിനുകൾ അതിന് മുമ്പുള്ള ഘട്ടത്തിലാണ്

കോവിഡിനെതിരെ വാക്സിൻ വികസിപ്പിച്ചെടുക്കാൻ മൂന്ന് ശ്രമങ്ങളാണ് ഇന്ത്യയിൽ നടക്കുന്നത്: പൂനയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട്, യു.കെ ഓക്സ്ഫോർഡ് സർവകലാശാല, ആസ്ട്ര സെനെക്ക എന്നിവരും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, (ഐ.സി.എം. ആർ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻ.ഐ.വി) ഹൈദരാബാദിലെ ഭാരത് ബയോടെക്ക് എന്നിവരും സംയുക്​തമായും സൈഡസ് കാഡില അഹമ്മദാബാദ് തനിച്ചും നടത്തുന്ന സംരംഭങ്ങളാണിവ. ഇതിൽ സീറം ഇൻസ്റ്റിറ്റ്യൂട്ടി​ന്റെ​ വാക്സിൻ ഗവേഷണം നേരത്തെ പൂർത്തിയാവാൻ സാധ്യതയുണ്ട്. എന്തായാലും അടുത്ത വർഷം ആദ്യത്തോടെ മാത്രമേ ഫലപ്രദമായ വാക്സിൻ മാർക്കറ്റ് ചെയ്യാൻ കഴിയൂ എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ചോദ്യം: മറ്റൊരുകാര്യം, കോവിഡുമായി ബന്ധപ്പെട്ട് നാം സ്വീകരിക്കുന്ന ശാരീരികമായ മുൻകരുതലുകൾ, മറ്റു രോഗങ്ങളുമായുള്ള ശരീരത്തിന്റെ വിനിമയങ്ങളെ എങ്ങനെയാണ് സ്വാധീനിക്കുക. ഉദാഹരണത്തിന്, മനുഷ്യരാശിയുടെ വലിയൊരു പങ്ക് അകത്ത് പൂട്ടിയിരിക്കുമ്പാൾ, ശരീരത്തിലെ പ്രതിരോധ സംവിധാനത്തെയും മറ്റു രോഗസാധ്യതയെയും അത് എങ്ങനെയാണ് ബാധിക്കുക? വൈയക്തികമായും സാമൂഹികമായും? കോവിഡിനുശേഷം രൂപപ്പെടാനിടയുള്ള രോഗവുമായി ബന്ധപ്പെട്ട സാമൂഹികമായ അന്ധവിശ്വാസങ്ങളെയും അവിശ്വാസങ്ങളെയും എങ്ങനെ നേരിടാൻ കഴിയും? പൊതുസ്ഥലത്ത് താൻ സുരക്ഷിതനാണ് എന്ന ബോധ്യത്തിലേക്ക് വ്യക്തിയെ എങ്ങനെ എത്തിക്കാം?

കോവിഡ് വ്യാപന കാലം എല്ലാ കാര്യത്തിലുമുള്ള ഒരു പഠന കാലം കൂടിയാണ്. ഇതിനകം ധാരാളം ശാസ്ത്ര ലേഖനങ്ങൾ കോവിഡുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യത്തെ പല നിഗമനങ്ങളും പിന്നീട് തിരുത്തേണ്ടിവരും. ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ഇനിയും കാത്തിരിക്കേണ്ടിവരും. എങ്കിലും ധാരാളം ചിന്തകളും ആശങ്ങളും ഉരുത്തിരിഞ്ഞ് വരുന്നുണ്ട്.

ചോദ്യം: കോവിഡ് എങ്ങനെ ലോകത്തെ റീ- ഡിസൈൻ ചെയ്യുമെന്ന കാര്യം മുമ്പത്തേക്കാൾ ഒന്നുകൂടി വ്യക്തമായി പറയാൻ കഴിയുന്ന ഘട്ടമാണിതെന്നുതോന്നുന്നു.

ഒരു കാര്യം ശ്രദ്ധിക്കാനുള്ളത്, നമ്മുടെ മുൻ ധാരണകൾക്കും വിശ്വാസപ്രമാണങ്ങൾക്കുമുള്ള നീതീകരണം കണ്ടെത്താൻ കോവിഡ് അനുഭവങ്ങളെ വ്യാഖ്യാനിക്കാൻ ശ്രമിക്കരുത്. പുതിയ നിഗമനങ്ങളിലും ആശയങ്ങളിലും എത്തിച്ചേരാനുള്ള തുറന്ന സമീപനം സ്വീകരിക്കാനാണ് ശ്രമിക്കേണ്ടത്. കേരളത്തിൽ ഇപ്പോൾ പ്രകടിപ്പിച്ച് വരുന്ന കോവിഡാനന്തര കാലത്തെ സംബന്ധിച്ച അഭിപ്രായ പ്രകടനങ്ങളിൽ മിക്കവയും മടുപ്പുളവാക്കുന്നതരത്തിൽ പഴഞ്ചൻ ചിന്തകളുടെ ആവർത്തനങ്ങൾ മാത്രമാണ്.

കോവിഡ് അവസാനിച്ചിട്ടില്ല. അതിന്റെ വൈദ്യശാസ്ത്രപരമായ പ്രത്യാഘാതങ്ങളും സാമ്പത്തിക- സാമൂഹ്യ ആഘാതങ്ങളും ഉരുത്തിരിഞ്ഞ് വരുന്നതേയുള്ളു.

ഞങ്ങളൊക്കെ പഠിക്കുന്ന കാലത്ത് വൈറസിനെതിരെ മരുന്ന് തന്നെയില്ലായിരുന്നു. ഇപ്പോൾ എയ്​ഡ്​സ്​​ പോലും ആൻറി വൈറൽ മരുന്നുപയോഗിച്ച് നിയന്ത്രിച്ച് നിർത്താവുന്ന ദീർഘസ്ഥായി രോഗമായി മാറിയിട്ടുണ്ട്

ക്ഷമയോടെ മുൻ ധാരണകൾ മാറ്റിവെച്ച് സാവകാശം പഠനം നടത്താനും വ്യത്യസ്ത ചിന്താഗതിക്കാരുമായി ആശയവിനിമയം നടത്താനുമുള്ള സമയമാണിത്. വ്യക്തിപരമായി പറയട്ടെ, സാമൂ‍ഹ്യാരോഗ്യം വൈറോളജി, മഹാമാരി (പാൻഡമിക്ക്), സാമൂഹ്യ വ്യാപനശാസ്ത്രം (എപ്പിഡമിയോളജി) , മഹാമാരികളുടെ സാമൂഹ്യ- സാമ്പത്തിക സാംസ്കാരിക പ്രത്യാഘാതങ്ങൾ എന്നിവയെ പറ്റിയെല്ലാം പത്തു നാൽപത് വർഷമായി ഒരു ഡോക്ടറായും സാമൂഹ്യാരോഗ്യ പ്രവർത്തകനുമായും സജീവമായി പ്രവർത്തിച്ചുവരുന്ന എനിക്കുള്ള അറിവ് എത്ര പരിമിതവും തുച്​ഛവുമാണെന്ന് ഓരോ ദിവസവും ബോധ്യപ്പെട്ടുകൊണ്ടിരിക്കയാണ്. അതുകൊണ്ട് ഞാനേറെ ബഹുമാനിക്കുന്ന പലരും അന്തിമാഭിപ്രായങ്ങൾ സംശയലേശമേന്യ പ്രകടിക്കുമ്പോൾ എനിക്ക് വലിയ അസ്വസ്ഥതയുണ്ടാവാറുണ്ട്.

ചോദ്യം: രോഗത്തിന്റെ യഥാർത്ഥ ആഘാതം എത്ര കാലം നീണ്ടുനിൽക്കും?

പറയാറായിട്ടില്ല, വാക്സിൻ കണ്ടുപിടിക്കുന്നതിലൂടെയോ, മഹാമാരി (Pandemic) പരിണാമ പ്രകിയയിലൂടെ പ്രാദേശിക രോഗമായി (Endemic) അടുത്തവർഷാരംഭത്തിൽ മാറുന്നതിലൂടെയോ മാരകമായ ആഘാതത്തിൽ നിന്ന്​ മനുഷ്യരാശി രക്ഷനേടും എന്ന് പ്രതീക്ഷിക്കാം. അപ്പോഴേക്കും സംഭവിക്കാനിടയുള്ള മനുഷ്യജീവന്റെ നഷ്ടമടക്കം വിവിധ മേഖലയിലുണ്ടാവാനിടയുള്ള ആഘാതങ്ങൾ ഊഹാതീതമാണ്.

ചോദ്യം: എബോള തക്കസമയത്ത് നേരിടുന്നതിൽ ലോകാരോഗ്യസംഘടന പരാജയമായിരുന്നുവെന്ന് ഹാർവാർഡ് ഗ്ലോബൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട്, ലണ്ടൻ സ്കൂൾ ഒാഫ് ഹൈജീൻ ആൻറ് ട്രോപ്പിക്കൽ മെഡിസിൻ എന്നിവയുടെ ആഭിമുഖ്യത്തിലുള്ള വിദഗ്ധ പാനലിന്റെ വിമർശനമുയർന്നിരുന്നു. കോവിഡിന്റെ കാര്യത്തിലും അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ ഈവിമർശനമുന്നയിക്കുന്നു.

കോവിഡിന്റെ കാര്യത്തിലും ലോകാരോഗ്യ സംഘടനയുടെയും ചൈനീസ് ഭരണകൂടത്തിന്റെയും ഭാഗത്തുണ്ടായ വീഴ്ചകളെ പറ്റി കൂടുതൽ വിവരങ്ങൾ പുറത്തുവന്ന് കൊണ്ടിരിക്കയാണ്. ഇക്കാര്യം പിന്നീട് വിശദീകരിക്കാം.

എബോള ബാധിതനെ ചികിത്സിക്കുന്ന ആരോഗ്യ പ്രവർത്തകർ / Photo: health.mil
എബോള ബാധിതനെ ചികിത്സിക്കുന്ന ആരോഗ്യ പ്രവർത്തകർ / Photo: health.mil

ചോദ്യം: എബോള വൈറസ്, എച്ച് വൺ എൻ വൺ, സാർസ്... പകർച്ചവ്യാധികൾ ശരാശരി ഓരോ പത്തുവർഷം കൂടുേമ്പാഴും ആവർത്തിക്കുന്നതായി കാണാം, എന്നാൽ, സമീപകാലത്ത് ഈ ദൂരം കുറയുകയാണ്. 2003ൽ സാർസ്, 2007ൽ ബേഡ് ഫ്ലൂ, 2009ൽ എച്ച് വൺ എൻ വൺ, 2012ൽ മെർസ്, 2014ൽ എബോള. കോവിഡിനെപ്പോലെ, ആസന്ന ഭാവിയിൽ മറ്റൊരു പകർച്ചവ്യാധി മനുഷ്യരാശിയെ കാത്തിരിക്കുന്നുണ്ടോ?

വൈറസോ, ബാക്ടീരിയയോ, ഫംഗസോ തുടങ്ങി സൂക്ഷ്മാണുവഴിയുമുള്ള രോഗങ്ങൾ ഇനിയുമുണ്ടാവാം. എന്നാൽ ശാസ്ത്രപുരോഗതി മൂലം അവയെ മുൻ കാലങ്ങളിലേതിനേക്കാൾ വേഗം നിയന്ത്രിക്കാൻ കഴിഞ്ഞേക്കാം. 1918-19 ലെ സ്പാനിഷ് ഫ്ലൂവിന് കാരണം എച്ച്.വൺ.എൻ.വൺ വൈറാസാണെന്ന് കണ്ടെത്തിയത് 2005 ൽ മാത്രമായിരുന്നു. 1980 കളിൽ പ്രത്യക്ഷപ്പെട്ട എയ്​ഡ്​സ്​ , എച്ച്.ഐ.വി വൈറസുകൊണ്ടാണെന്ന് കണ്ടെത്താൻ അതിലും വേഗം കഴിഞ്ഞു, 1983-84 ൽ എച്ച്.ഐ.വി വൈറസാണ് എയ്​ഡ്​സിന്​ കാരണമെന്ന് രണ്ട് ഗവേഷണ സ്ഥാപനങ്ങൾക്ക്- ഫ്രാൻസിലെ പാസ്റ്റർ ഇൻസ്തിറ്റ്യൂട്ടിനും അമേരിക്കയിലെ സി.ഡി.സി ക്കും- കണ്ടെത്താൻ കഴിഞ്ഞു.

സാമൂ‍ഹ്യാരോഗ്യം വൈറോളജി, മഹാമാരി, സാമൂഹ്യ വ്യാപനശാസ്ത്രം , മഹാമാരികളുടെ സാമൂഹ്യ- സാമ്പത്തിക സാംസ്കാരിക പ്രത്യാഘാതങ്ങൾ എന്നിവയെ പറ്റിയെല്ലാം ഡോക്ടറായും സാമൂഹ്യാരോഗ്യ പ്രവർത്തകനുമായും സജീവമായി പ്രവർത്തിച്ച് വരുന്ന എനിക്കുള്ള അറിവ് എത്ര തുച്​ഛമാണെന്ന് ബോധ്യപ്പെട്ട് കൊണ്ടിരിക്കയാണ്

2003 ലെ സാർസ്​ വൈറസിനെ ഹോംഗ് കോങ്ങിലെ സർവകലാശാല മാസങ്ങൾക്കകം വേർതിരിച്ചെടുത്തു. ഇപ്പോൾ കോവിഡിനു കാരണമായ സാർസ് കോറോണ വൈറസ് രണ്ടിന്റെ ഘടന ദിവസങ്ങൾക്കകം നിർധാരണം ചെയ്യാൻ കഴിഞ്ഞു.
ഞങ്ങളൊക്കെ പഠിക്കുന്ന കാലത്ത് വൈറസിനെതിരെ മരുന്ന് തന്നെയില്ലായിരുന്നു. ഇപ്പോൾ എയ്​ഡ്​സ്​​ പോലും ആന്റി വൈറൽ മരുന്നുപയോഗിച്ച് നിയന്ത്രിച്ച് നിർത്താവുന്ന ദീർഘസ്ഥായി രോഗമായി മാറിയിട്ടുണ്ട്. വാക്​സിൻ ഗവേഷണത്തിൽ കുതിച്ചുചാട്ടമുണ്ടായിട്ടുണ്ട്. ജനിതക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫലപ്രദമായ വാക്സിൻ നിർമിക്കാൻ കഴിയും, സമയമെടുക്കുമെന്ന് മാത്രം. ചിലതരം കാൻസറുകൾ (കരൾ, ഗർഭപാത്രം) വൈറസുമൂലമാണോ എന്ന് കണ്ടെത്തി വാസ്കിൻ വഴി (ഹെപ്പറ്റൈറ്റിസ് ബി, സി, എച്ച്.പി.വി വാക്സിനുകൾ) തടയാൻ കഴിയുന്നുണ്ട്.

ലി വെൻലിയാങ്ങ്
ലി വെൻലിയാങ്ങ്

ഇതെല്ലാം രോഗം വന്നശേഷമുള്ള കാര്യമാണ്. ഇത്തരം മഹാമാരികളിൽ പലതും മൃഗങ്ങളിൽ നിന്ന്​ മനുഷ്യരിലേക്കെത്തിയ മൃഗജന്യരോഗങ്ങളായതിനാൽ (Zoonoses) മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യവും പരിസ്ഥിതിയും സംരക്ഷിച്ച് കൊണ്ടുള്ള ‘ഏകലോകം ഏകാരോഗ്യം’ (One World One Health) എന്ന ആശയം എല്ലാ രാജ്യങ്ങളും നടപ്പിലാക്കണം. അതുപോലെ, ഇത്തരം രോഗങ്ങൾ പ്രത്യക്ഷപ്പെട്ടാൽ അത് മൂടിവക്കാതെ നിയന്ത്രണ നടപടി സ്വീകരിക്കാനുള്ള ജനാധിപത്യപരമായ സമീപനം ലോകരാജ്യങ്ങൾ പിന്തുടരണം. അമർത്യാസെൻ ചൂണ്ടിക്കാട്ടിയത് പോലെ ജനാധിപത്യാവകാശങ്ങളില്ലെങ്കിൽ ഇത്തരം മഹാദുരന്തങ്ങൾ ആവർത്തിച്ച് കൊണ്ടിരിക്കും. കോവിഡ് മഹാമാരിയുടെ സാധ്യത ചൂണ്ടിക്കാട്ടിയതിന്​ ചൈനീസ് ആരോഗ്യ വകുപ്പിന്റെ പീഢനത്തിനിരയാകുകയും കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്​ത ലി വെൻലിയാങ്ങിന്റെ അനുഭവം ആർക്കും ഉണ്ടാവരുത്.



Summary: കേരളത്തിൽ സമൂഹവ്യാപനം എത്രത്തോളമാണ്​ എന്ന്​ കൃത്യമായി വിശദീകരിക്കുകയാണ്​ ഡോ. ബി. ഇക്​ബാൽ. ഒപ്പം, ഇന്ത്യയിൽ ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന സങ്കുചിത ശാസ്ത്ര വിരുദ്ധ “വാക്സിൻ ദേശീയത” ശക്തിപ്പെട്ടുവരുന്ന “സാംസ്കാരിക ദേശീയത“യുടെ തുടർച്ചയായി കാണാം എന്ന വിമർശനവും ഉന്നയിക്കുന്നു


Comments