കോവിഡ് പോസിറ്റീവ് കേസുകൾ ഒരു ദിവസം 300 ആയാലും നാം ഭയപ്പെടേണ്ടതില്ല

മനുഷ്യന് അപകടകാരിയായ ഒരൊറ്റ വൈറസിന്റെ വ്യാപനം കൊണ്ട് മനുഷ്യരുടെ ജീവിത ശൈലികളും ജീവിത വീക്ഷണങ്ങളും രാഷ്ട്രങ്ങളുടെ നയങ്ങളും നയതന്ത്രവും ഉൾപ്പെടെ എല്ലാം അടിമുടി മാറുകയാണ്. ആഗോളതലത്തിൽ മുതലാളിത്തത്തിന്റെ മൊണോപൊളിക്കു പകരം സഹവർത്തിത്വത്തിന്റെ പുതിയൊരു ലോകക്രമം ഉരുത്തിരിയുമെന്ന പ്രതീക്ഷയിലാണ് ഡോ: ബി. ഇക്ബാൽ. സമ്പത്തിലും ജീവിതക്രമത്തിലും ഇന്ത്യയിലെ ദരിദ്ര വിഭാഗങ്ങളെ തകർത്തു കളഞ്ഞിട്ടുണ്ട് കോവിഡ്. അതേസമയം വിദ്യാഭ്യാസം ആരോഗ്യം സ്വയംപര്യാപ്തത എന്നീ മേഖലകളിൽ കേരളത്തിൽ പുതിയ ഒരു വീക്ഷണമുണ്ടാക്കാൻ കോവിഡ് കാലം കാരണമാകും എന്ന് പറയുകയാണ് പൊതുജനാരോഗ്യ- വിദ്യാഭ്യാസരംഗങ്ങളിൽ ശ്രദ്ധേയമായ മാതൃകാ മാറ്റങ്ങൾ അവതരിപ്പിച്ചിട്ടുള്ള ഡോ: ബി. ഇക്ബാൽ, തിങ്കിന്റെ ചീഫ് എഡിറ്റർ കമൽറാം സജീവുമായുള്ള ഈ സംഭാഷണത്തിൽ .

കമൽറാം സജീവ്:കേരളത്തിൽ കോവിഡ് കേസുകളുടെ എണ്ണം വീണ്ടും കൂടുകയാണ്. എത്രമാത്രം അപകടകരവും നിർണായകവുമാണ് ഈ ഘട്ടം ?

ഡോ : ബി. ഇക്ബാൽ: പുറത്തു നിന്ന് ആളുകൾ വന്നുകൊണ്ടിരുന്ന ഒന്നാം ഘട്ടം. ലോക്ഡൗണിന്റെ രണ്ടാം ഘട്ടം. ഇവക്ക് ശേഷം ലോക്ഡൗൺ ഇളവു ചെയ്ത മൂന്നാം ഘട്ടത്തിലേക്ക് കോവിഡ് കാലം കടന്നിരിക്കുകയാണ്. മൂന്നാം ഘട്ടത്തിലെ രോഗികളുടെ എണ്ണത്തിലെ ഈ വർധനവ് അപ്രതീക്ഷിതമല്ല. ആഭ്യന്തര പൊതുഗതാഗതം പുന:സ്ഥാപിച്ചിട്ടില്ലെങ്കിലും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും ആളുകൾ വന്നുകൊണ്ടിരിക്കുകയാണ്. പക്ഷേ, ഒന്നാംഘട്ടവുമായി ഒരു വ്യത്യാസമുണ്ട്. അന്ന് ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും ആളുകൾ വരുമ്പോൾ അവിടങ്ങളിൽ ഈ രോഗത്തിന്റെ വ്യാപനം വളരെ പരിമിതമായിരുന്നു. എന്നാൽ ഇപ്പോൾ വിദേശത്തും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലും കോവിഡ് രോഗ വ്യാപനം ശക്തിപ്പെട്ടിരിക്കയാണ്. റെഡ്സോൺസ് എന്നു പറയാവുന്ന മേഖലകളിൽ നിന്നാണ് ഇന്ന് ആളുകൾ വരുന്നത്. മറ്റു സംസ്ഥാനങ്ങളുടെ കാര്യമെടുത്താൽ മലയാളികൾ കൂടുതൽ വരാൻ സാധ്യതയുള്ള ചെന്നൈ, മുംബൈ, ദൽഹി ഇവിടെയൊക്കെ രോഗവ്യാപനം വളരെ കൂടി നിൽക്കുകയാണ്. ഇതേ അവസ്ഥയാണ് കേരളത്തിലേക്ക് കൂടുതൽ ആളുകൾ വരുന്ന ഗൾഫ് രാജ്യങ്ങളിലും. ഇനി അമേരിക്കയിലും യൂറോപ്പിലും നിന്നാണെങ്കിൽ പോലും അവിടെയും രോഗനിയന്ത്രണം സാധിച്ചിട്ടില്ല. സ്വാഭാവികമായും പുറമേ നിന്നും ഈ ഘട്ടത്തിൽ വരുന്നവരിൽ കൂടുതൽ പേർ രോഗം ബാധിച്ചവരായിരിക്കും. ഇങ്ങനെ വരുമ്പോൾ കേരളത്തിൽ ഇതുവരെ നടപ്പാക്കി വിജയിപ്പിച്ച നടപടികൾ കുറച്ചു കൂടെ ജാഗ്രതയോടെ തുടരുകയാണ് പോംവഴി.

കൊറോണ വൈറസ്

ഫോട്ടോ സി ഡി സി

കേരളത്തിൽ ചില ദിവസങ്ങളിൽ രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാതിരിക്കുക, ചില ജില്ലകളിൽ രോഗികളെല്ലാം രോഗം ഭേദമായി ഡിസ്ചാർജ് ചെയ്യപ്പെടുക എന്നിങ്ങനെയൊക്കെ വന്നപ്പോൾ കേരളം കോവിഡില്ലാത്ത ഒരു സംസ്ഥാനമായി മാറും എന്നൊരു മിഥ്യാധാരണ ചിലരിലുണ്ടായി. പ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിച്ച് കഴിഞ്ഞിട്ടില്ല. അടുത്തു തന്നെ വെളിയിൽ നിന്നും ആളുകൾ വരുമ്പോൾ പോസിറ്റീവ് കേസുകൾ വർധിച്ചിക്കാം എന്ന് മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയുമൊക്കെ പറയുമായിരുന്നെങ്കിലും ആളുകളുടെ ഇടയിൽ അമിതമായ ഒരു സുരക്ഷാ ബോധം വളർന്ന് വന്നിരുന്നു. അമിതമായ ആത്മവിശ്വാസം, മാസ്ക് ധരിക്കുന്ന കാര്യത്തിലും കൈ കഴുകുന്ന കാര്യത്തിലും സാമൂഹിക അകലം പാലിക്കുന്നതിലും ഒക്കെയുള്ള ഒരു ശുഷ്കാന്തിയില്ലായ്മ ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോൾ ലോക്ക്ഡൗൺ കൂടുതൽ അയച്ച് തുടങ്ങിയ സാഹചര്യത്തിൽ നേരത്തെ കർശനമായി നമ്മൾ പാലിച്ചു പോന്ന സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതുണ്ട്.
രോഗികളുടെ എണ്ണം കൂടി എന്നതിൽ ആശങ്കപ്പെടേണ്ടതില്ല. അതു പ്രതീക്ഷിച്ചിരുന്നതാണ്. അതിനുള്ള മുൻകരുതലുകൾ ഒരുക്കിയിട്ടുമുണ്ട്. പക്ഷേ, അവരിൽ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരുന്നതിനെയാണ് ഒഴിവാക്കേണ്ടത്. അതിനായി 14 ദിവസത്തെ സമ്പർക്ക വിലക്ക് കർശനമായി തുടരുക തന്നെ വേണം. കാരണം, കഴിഞ്ഞ 100 ദിവസങ്ങൾ നമുക്കൊന്നു പരിശോധിച്ചു നോക്കാം. പത്തനംതിട്ടയിലെ കാര്യം ഒഴിച്ചു നിർത്താം. കാരണം അവിടെ രോഗം ഒരു ക്ലസ്റ്റർ ആയാണ് പ്രത്യക്ഷപ്പെട്ടത്. വന്നയാളുകളേക്കാൾ കൂടുതൽ സമ്പർക്കത്തിലൂടെ മറ്റാളുകളിലേക്ക് രോഗം പകർന്നു. അതൊഴിച്ചു നിർത്തിയാൽ വെളിയിൽ നിന്നും വരുന്നവരിൽ നിന്നും 10 ശതമാനത്തിന് രോഗം പകരുകയും അത് കൂടിക്കൂടി 30 ശതമാനത്തിൽ എത്തുകയും ചെയ്തു. അന്നത്തെ കണക്കെടുത്താൽ രോഗികളിൽ 70 ശതമാനം പേർ വെളിയിൽ നിന്നു വന്നവരും 30 ശതമാനം പേർ ഇവിടെയുള്ളവരുമാണ്. അതായത് സമ്പർക്കത്തിലൂടെ രോഗം വന്ന മുപ്പത് ശതമാനം മാത്രം. ഇത്രത്തോളം രോഗവ്യാപനം തടയാൻ കഴിഞ്ഞാൽ കോവിഡ് നിയന്ത്രണവിധേയമാണ് എന്ന് കരുതാം. ഇനി പുറമേ നിന്നു വരുന്നവരിൽ രോഗികൾ എത്രയുണ്ടാവും എന്നത് വലിയ ആശങ്ക ഉണ്ടാക്കേണ്ടതില്ല. അവരിൽ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് പരിമിതപ്പെടുത്തിയാൽ മതി. 300 പേർ ഒരു ദിവസം പോസിറ്റീവായി വന്ന് എന്ന് വരാം. അതല്ല പ്രശ്നം, അവരിൽ നിന്നും രോഗം പകരുന്നവരുടെ എണ്ണം 100ൽ താഴെയാണെങ്കിൽ നാം ഭയപ്പെടേണ്ടതില്ല. നമുക്ക് മാനേജ് ചെയ്യാൻ പറ്റും. പക്ഷേ, ഈ മൂന്നിലൊന്നിൽ കൂടിയാൽ നാം ഭയക്കണം, സൂക്ഷിക്കണം. നമ്മുടെ കരുതൽ നടപടികൾ ശക്തമല്ലെന്നാണ് അത് സൂചിപ്പിക്കുന്നത്. അതായത് ഇനിയുള്ള ദിവസങ്ങളിൽ പുറത്തു നിന്നു വരുന്ന എത്ര പേർക്ക് രോഗമുണ്ട് എന്നതു നമ്മെ ഭയപ്പെടുത്തേണ്ടതില്ല, മറിച്ച് വന്നു കഴിഞ്ഞാൽ എത്ര പേരിലേക്ക് ഈ രോഗം പകരുന്നു എന്നതാണ് പ്രശ്നം. കർശനമായ സമ്പർക്ക വിലക്കും (ക്വാറന്റൈൻ) പ്രായാധിക്യമുള്ളവരുടെയും അനുബന്ധരോഗമുള്ളവരുടെയും സംരക്ഷണ സമ്പർക്ക വിലക്കും (റിവേഴ്സ് ക്വാറന്റൈൻ) ഉറപ്പാക്കണം. പ്രായാധിക്യമുള്ളവരിലേക്കും അനുബന്ധരോഗമുള്ളവരിലേക്കും രോഗം പകർന്നാൽ മരണ നിരക്ക് വർധിക്കും.

ചോദ്യം: ലോക്ക്ഡൗണും സമ്പർക്ക വിലക്കും പരസ്പരബന്ധിതമാണ്. എന്നാൽ ലോക്ക്ഡൗൺകർശനമായി, അനന്തമായി തുടരുകയാണെങ്കിൽ സമൂഹത്തിന് അതുണ്ടാക്കുന്ന പലതരം രോഗാവസ്ഥകൾ കാണാതിരുന്ന കൂടാ. പൊതുജനാരോഗ്യവും സമൂഹത്തിന്റെ ചലനവും ഒന്നിച്ചു കൊണ്ടുപോവുകയെന്ന ശ്രമകരമായ അവസ്ഥയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

കോവിഡ് രോഗവ്യാപനം ആരോഗ്യപ്രശ്നം മാത്രമല്ല. അതൊരു സാമൂഹിക സാമ്പത്തിക പ്രശ്നം കൂടിയാണ്. യഥാർത്ഥത്തിൽ ഈ സാമൂഹിക സാമ്പത്തിക പ്രശ്നങ്ങൾ കൊണ്ടുണ്ടാകാവുന്ന പ്രത്യാഘാതം ആരോഗ്യ പ്രശ്നങ്ങളേക്കാൾ കൂടാനിടയുണ്ട്. കേരളത്തിൽ നടന്നില്ലെങ്കിൽ പോലും, ഇന്ത്യയിൽ പലയിടത്തും, പട്ടിണിമരണങ്ങളിലൂടെ മനുഷ്യ ജീവൻ തന്നെ നഷ്ടമാവുന്ന അവസ്ഥ ഉണ്ടാവാം. കേരളത്തിലും അന്നന്ന് ജോലി ചെയ്തു കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കുന്ന എത്രയോ പേരുണ്ട്. സാമൂഹിക സുരക്ഷിതത്വത്തിനായി സൗജന്യറേഷൻ, ക്ഷേമ പെൻഷൻ തുടങ്ങി സംസ്ഥാന സർക്കാർ വ്യാപകമായും കേന്ദ്രസർക്കാർ പരിമിതമായും പല ക്ഷേമപദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. പക്ഷേ, കോവിഡ് ഉണ്ടാക്കുന്ന സാമൂഹിക സാമ്പത്തിക പ്രശ്നങ്ങൾ ഇങ്ങനെ പരിഹരിക്കാവുന്നതിലും വലുതായിരിക്കും. ഇക്കാര്യം പരിഗണിച്ചുകൊണ്ട്, ബ്രേക്ക് ദ ചെയിൻ നിലനിർത്തിക്കൊണ്ടു തന്നെ ഏതൊക്കെ മേഖലയിൽ ക്രയവിക്രയങ്ങളും വാണിജ്യവും കൃഷിയുമൊക്കെ പുനഃസ്ഥാപിക്കാം എന്നു സൂക്ഷ്മതയോടെ പരിശോധിക്കണം. ഉദാഹരണത്തിന് ശാരീരിക അകലം പാലിച്ചുകൊണ്ട് ജോലി ചെയ്യാവുന്ന മേഖലയാണ് കെട്ടിട നിർമാണ രംഗം. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയവ. കൃഷി പോലും അങ്ങനെയാണ് പണ്ടുമുതലേ. ശാരീരിക അകലം പാലിച്ചുകൊണ്ടേ കൃഷി ചെയ്യാൻ പറ്റൂ. ഇങ്ങനെയുള്ള മേഖലകൾ തുറന്നു കൊടുത്ത് സാമൂഹിക സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം കുറക്കാൻ ശ്രമിക്കണം. അല്ലെങ്കിൽ ആരോഗ്യത്തിലും ഇതിന്റെ പ്രത്യാഘാതങ്ങൾ ഉണ്ടാകും. പട്ടിണിമൂലം പോഷകങ്ങൾ കുറയുകയും ചെയ്യുമ്പോൾ രോഗങ്ങൾ പിടിക്കാനും പകരാനുമുള്ള സാധ്യതകൾ വർധിക്കും. കേരളത്തിന് വേറെയും പേടിക്കാനുണ്ട്. മഴക്കാലം വരുന്നു. കേരളത്തിൽ പോലും നിരവധി പകർച്ചവ്യാധികൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഡങ്കിപ്പനി ബാധിച്ച് ഇപ്പോൾ തന്നെ ഏതാനും പേർ മരിച്ചു കഴിഞ്ഞു. എച്ച് വൺ എൻ വൺ, ഡങ്കി, എലിപ്പനി ഇങ്ങനെയുള്ള രോഗങ്ങൾ വരാനുള്ള സാധ്യതയുണ്ട്. വലിയൊരു വെല്ലുവിളിയാണ് നമുക്ക് നേരിടാനുള്ളത്. അത് അഭിമുഖീകരിച്ചേ പറ്റൂ, വേറെ വഴിയില്ല.

ചോദ്യം: പ്രതിരോധത്തിന്റെ വഴികളിലൊന്ന് ഹേർഡ് ഇമ്യൂണിറ്റി ആണ്. കോവിഡിന്റെ ഇതുവരെയുള്ള അനുഭവം വെച്ച് ഇത് എത്രത്തോളം പ്രായോഗികമാണെന്ന് പറയാനാവും? ഈ രോഗം ഒരിക്കൽ വന്നാൽ മനുഷ്യ ശരീരം പ്രതിരോധശേഷി ആർജിക്കും എന്ന കാര്യത്തിൽ ഉറപ്പുണ്ടാവുന്നുമില്ല. അതുപോലെ റിവേഴ്സ് ക്വാറന്റൈനും ഒരു സാധ്യതയാണെന്നു പറയുന്നു. എന്താണ് ശാസ്ത്രീയമായ വഴികൾ?

ഇതിൽ ആശയക്കുഴപ്പത്തിന്റെ ആവശ്യമില്ല. ശാസ്ത്രീയ വിശദീകരണങ്ങളുണ്ട്. ഇങ്ങനെയൊരു പാൻഡമിക് പ്രത്യക്ഷപ്പെട്ടാൽ എങ്ങനെയാണത് അവസാനിക്കുന്നത് എന്നു നോക്കാം. ഇതിനേക്കാളും വലിയ പാൻഡമിക്കുകൾ ലോകത്തുണ്ടായിട്ടുണ്ട്. ഒന്നാം ലോകമഹായുദ്ധകാലത്തെ സ്പാനിഷ് ഫ്ലൂ വലിയ പാൻഡമിക് ആയിരുന്നു. 200 കോടി ജനങ്ങളിൽ 50 കോടിയെ ബാധിച്ചു 5 കോടി മരിച്ചു. എയിഡ്സ് പോലും വലിയ പ്രശ്നമായിരുന്നു, 3 കോടിയോളം ആളുകളാണ് മരിച്ചത്. പാൻഡമിക്കുകൾ പല രീതിയിലാണ് അവസാനിക്കുന്നത്. എയ്ഡ്സിന്റെ കാര്യത്തിൽ ആദ്യമൊക്കെ ഇതെങ്ങനെയാണ് പകരുന്നതെന്നു പോലും അറിഞ്ഞുകൂടായിരുന്നു. വൈറസാണ് രോഗകാരണം എന്ന് പോലും അറിയില്ലായിരുന്നു. ഞങ്ങൾ അന്ന് മെഡിക്കൽ കോളേജുകളിൽ പോലും എയ്ഡ്സ് എന്നാൽ നോ ഡ്രഗ് നോ ക്യുയർ (No Drug No Cure) എന്നായിരുന്നു പഠിപ്പിച്ചിരുന്നത്. അങ്ങനെയിരുന്നപ്പോൾ മൂന്നു മരുന്നുകൾ എയ്ഡ്സ് ചികിത്സക്ക് ഫലപ്രദമെന്ന് കണ്ടെത്തി. ഇന്നിപ്പോൾ ഏതാണ്ട് ഒരു ഡസൻ മരുന്നോളമുണ്ട്. സുരക്ഷിതമായ ലൈംഗിക ബന്ധങ്ങൾ ഒരു ശീലമായി. ജെയിംസ് ബോണ്ട് സിനിമയിൽ പോലും എയ്ഡ്സ് വൈറസ് മാറ്റങ്ങളുണ്ടാക്കി. കാണുന്ന എല്ലാ സ്ത്രീകളുമായും ബന്ധപ്പെടുന്ന ജെയിംസ് ബോണ്ട് എയ്ഡ്സ് വന്നത്തിൽ പിന്നെ സിംഗിൾ പാർട്ട്ണറിലേക്ക് മാറി! വാക്സിൻ കണ്ടു പിടിച്ചില്ലെങ്കിലും പെരുമാറ്റ രീതിയിലെ മാറ്റം കൊണ്ടും ചികിത്സിച്ചും നമുക്ക് എയ്ഡ്സ് നിയന്ത്രിക്കാനായി. വാക്സിൻ കണ്ടു പിടിച്ചും രോഗങ്ങൾ മാറാം, വസൂരി അങ്ങനെ മാറിയ രോഗങ്ങളിലൊന്നാണ്. മനുഷ്യരാശി പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്ത ഏറ്റവും പ്രധാനപ്പെട്ട രോഗാണു വസൂരിയുടേതാണ്. വസൂരി പക്ഷേ, മൃഗങ്ങളിൽ നിന്നു വന്ന രോഗമല്ല. കോവിഡും എയ്ഡ്സുമൊക്കെ മൃഗജന്യ രോഗങ്ങളാണ്, അവയ്ക്ക് കാരണമായ വൈറസുകൾക്ക് വേണമെങ്കിൽ മൃഗങ്ങളിലേക്ക് തന്നെ മാറി പതുങ്ങിയിരിക്കും.
വാക്സിൻ കണ്ടെത്തുന്നതിലൂടെ കോവിഡ് നിയന്ത്രിക്കപ്പെടാം. പക്ഷേ സമയമെടുക്കും. ആന്റി വൈറൽ മരുന്നുകൾ വരാം, പക്ഷേ, അപ്പോഴും രോഗം വരാതിരിക്കില്ല, വന്നു കഴിഞ്ഞാൽ ചികിത്സിക്കാനേ പറ്റൂ.

ന്യൂ സീലാൻഡിലെ ഒരു ലൈബ്രറിക്ക് മുന്നിലെ അറിയിപ്പ് / ഫോട്ടോ ബാലോഫ്സ്ട്രിങ്

മറ്റൊരു മാർഗമുള്ളതാണ് ഈ ഹേർഡ് ഇമ്യൂണിറ്റി (സാമൂഹ്യ രോഗ പ്രതിരോഗാവസ്ഥ) എന്നു പറയുന്നത്. ഏതു രോഗം വരുമ്പോഴും നമ്മുടെ ശരീരത്തിൽ പ്രതിവസ്തുക്കൾ അഥവാ ആന്റിബോഡികൾ ഉണ്ടാവും. അതൊരു സുരക്ഷ നൽകും. ഓരോ രോഗത്തിന്റെയും പ്രത്യേകതയനുസരിച്ച് സുരക്ഷാ കാലയളവ് മാറാം. ഹേർഡ് ഇമ്യൂണിറ്റി കൃത്രിമമായി ഉണ്ടാക്കുന്നതിനെയാണ് വാക്സിനേഷൻ എന്നു പറയുന്നത്. ചില രോഗങ്ങൾക്ക് വർഷത്തിലൊരിക്കലായിരിക്കും വാക്സിനേഷൻ, മറ്റു ചിലതിന് രണ്ടു വർഷത്തിലൊരിക്കലായിരിക്കും, ചില രോഗങ്ങൾക്ക് ഒന്നോ രണ്ടോ തവണ എടുത്താൽ ജീവിതകാലം മുഴുവൻ അതിന്റെ പ്രതിരോധം കിട്ടും. കൊറോണ വൈറസിനെ സംബന്ധിച്ചിടത്തോളം പ്രതിവസ്തു നമ്മുടെ ശരീരത്തിൽ ഉണ്ടാവുന്നുണ്ടെങ്കിലും അത് എത്ര അളവിൽ ഉണ്ടാവുന്നുണ്ട് എന്നതിനെക്കുറിച്ചോ എത്രത്തോളം നമുക്ക് സുരക്ഷ നൽകും എന്നതിനെക്കുറിച്ചോ ഉറപ്പില്ല. അതുകൊണ്ട് സ്വീഡൻ പോലുള്ള രാജ്യങ്ങൾ ഒരു നിലപാടെടുത്തു. ചെറുപ്പക്കാർക്ക് കോവിഡ് ബാധിക്കുന്നത് തടയാതിരിക്കുക. അങ്ങനെ സാമൂഹിക വ്യാപനം നടന്ന് സാമൂഹ്യ പ്രതിരോധ ശേഷി (ഹേർഡ് ഇമ്മ്യൂണിറ്റി) വർധിപ്പിക്കാം. പ്രായമായവരിലേക്ക് ഇതുപകരാതിരുന്നാൽ ഹേർഡ് ഇമ്യൂണിറ്റി വഴി നമുക്ക് രക്ഷപ്പെടാം എന്നവർ കരുതി. പക്ഷേ, അത് ശരിയായ ഒരു രീതിയായിരുന്നില്ല. ധാരാളം ആളുകളെ കൊന്നു കൊണ്ടു മാത്രമേ നമുക്ക് ഇത്തരത്തിലുള്ള സാമൂഹിക പ്രതിരോധം വളർത്താൻ കഴിയൂ. അതൊരു ധാർമിക പ്രശ്നം കൂടിയാണ്. മാത്രവുമല്ല 60 ശതമാനം ആളുകൾക്ക് രോഗം വന്ന് മാറിയെങ്കിലേ നമുക്ക് ഹേർഡ് ഇമ്യൂണിറ്റി കിട്ടൂ എന്ന ഒരു നിരീക്ഷണവും വന്നു. കേരളത്തിൽ 60 ശതമാനം ആളുകൾക്ക് രോഗം വരുക എന്നു പറഞ്ഞാൽ എത്ര ഭീകരമായിരിക്കും അത്. അപ്പോൾ, ഹേർഡ് ഇമ്യൂണിറ്റി ഒരു പരിഹാരമല്ല.

ചോദ്യം: കോവിഡിന്റെയും കൊറോണയുടെയും ഭാവി മനുഷ്യാവലിയുടെ ഭാവിയുടെ കൂടെ പ്രശ്നമായി വളർന്നു കഴിഞ്ഞിട്ടുണ്ട്. ശാശ്വതമായ ഒരു പ്രശ്ന പരിഹാരം മുന്നിൽ കാണാൻ കഴിയുമോ?

ഒരു കാര്യത്തിന് സാധ്യതയുണ്ട്. അത് സംഭവിക്കുമോ എന്നെനിക്ക് അറിഞ്ഞുകൂടാ. രോഗവ്യാപനത്തിന്റെ ചരിത്രമെടുത്താൽ ഒരു രോഗാണുവും മനുഷ്യനെ കൊല്ലാൻ വേണ്ടി വരുന്നതല്ല. അവർ വേറെയെതെങ്കിലും ജീവികളുമായി താദാത്മ്യം പ്രാപിച്ച് സുരക്ഷിതമായി ജീവിച്ചു കൊണ്ടിരുന്ന ജീവജാലങ്ങളാണ്. അവരുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ നിന്നു മാറി മനുഷ്യരിലേക്ക് വരുമ്പോഴാണ് ജനിതക മാറ്റത്തിലൂടെ (മ്യൂട്ടേഷൻ സംഭവിച്ച്) രോഗമുണ്ടാക്കുന്നത്. നിപാവൈറസ് ഉള്ളിൽ ഉള്ളതുകൊണ്ട് വവ്വാലുകൾക്ക് പ്രശ്നമൊന്നുമില്ലല്ലോ. അവരുടെ നൈസർഗികമായ ആവാസവ്യവസ്ഥക്ക് മാറ്റം സംഭവിക്കുമ്പോഴാണ് വൈറസ് രോഗമുണ്ടാക്കിയത്. വൈറസുകൾക്ക് സത്യത്തിൽ രണ്ടു ലക്ഷ്യങ്ങളാണുള്ളത്. ഒന്ന് വിഭജിച്ച് എണ്ണം വർധിപ്പിക്കണം (Replication). സ്വന്തമായി അങ്ങനെ ചെയ്യാൻ പറ്റാത്തതു കൊണ്ട് മനുഷ്യ കോശത്തിനകത്തെ ഘടകങ്ങളെ ഉപയോഗപ്പെടുത്തി വേണം പെരുകി വർധിക്കാൻ. വൈറസ് ഇങ്ങനെ പെരുകിക്കഴിഞ്ഞാൽ ചിലപ്പോൾ അവ കടന്നു കൂടിയ ജീവി നശിക്കാനുള്ള സാധ്യതയുണ്ടല്ലോ. അതുകൊണ്ട് മറ്റൊരു ജീവിയിലേക്ക് പകരാനും കഴിയണം (Transmission). Replication and Transmission ഇതു രണ്ടുമേ വൈറസിനു ലക്ഷ്യമുള്ളൂ. വൈറസുകൾ കഴിയുന്ന ജീവികളെ കൊല്ലുക എന്നത് അതിന്റെ ലക്ഷ്യമല്ല. അതുകൊണ്ട് ഒരു ഘട്ടം കഴിയുമ്പോൾ പെരുകാൻ ഇടമൊരുക്കുന്ന ജീവി കൂട്ടമായി ഇല്ലാതാവുന്നത് തടയാൻ വൈറസ് അതിന്റെ തീവ്രത ഒന്നു കുറയ്ക്കും. അത് വൈറസിന്റെ അതിജീവന തന്ത്രമാണ്, മനുഷ്യരാശിയുമായി വൈറസ് ഒരു ഒത്തുതീർപ്പിലെത്തും. രോഗത്തിന്റെ തീവ്രതയും വ്യാപന നിരക്കും കുറയ്ക്കും. ഇതിലൂടെ വൈറസിന്റെ അതിജീവന സാധ്യത വർധിക്കുകയാണ് ചെയ്യുന്നത്, ഇതൊരു പരിണാമ പ്രക്രിയയാണ്. രോഗവ്യാപനം കുറയുമ്പോൾ അതിന്റെ രേഖാചിത്രം (Curve Flatten) താഴുമല്ലോ. അതുദ്ദേശിച്ച് ഇങ്ങിനെ രോഗവ്യാപനം കുറച്ച് വൈറസുകൾ അതിജീവനം ഉറപ്പാക്കുന്നതിനെ പരിണാമ ഭാഷയിൽ , സർവൈവൽ ഒഫ് ദ ഫ്ലാറ്റസ്റ്റ് (Survival of the Flattest) എന്ന് പറയാറുണ്ട്.

നമ്മുടെ ജലദോഷം എടുക്കാം. അതും വൈറസ് തന്നെയുണ്ടാക്കുന്നതാണ്. എന്റെ ശരീരത്തിൽ വരുന്നു. ഞാൻ ഒന്നു രണ്ടു ദിവസം തുമ്മുന്നു. മൂക്കൊലിക്കുന്നു. ജലദോഷം മാറുന്നു. പിന്നെ വൈറസ് അടുത്ത ആളിലേക്ക് പോകുന്നു. ഇതാണ് ഒരു വൈറസ് ആഗ്രഹിക്കുന്ന നിലനിൽ‌പ്പ് തന്ത്രം (Survival Strategy). അതുകൊണ്ട് ഈ പാൻഡമിക് ഒരു ഘട്ടത്തിൽ എൻഡമിക് ആയിട്ടുമാറാം. അതായത് ഇപ്പോൾ ഉള്ളതിൽ നിന്ന് കുറഞ്ഞ് എപ്പിഡെമിക്ക് ആയി ഏതാനും രാജ്യങ്ങളിലേക്കോ എൻഡമിക്ക് ആയി ഏതാനും പ്രദേശങ്ങളിലേക്കോ പരിമിതപ്പെടാം. എച്ച് വൺ എൻ വൺ നല്ലൊരു ഉദാഹരണമാണ്. വാക്സിനും ആന്റി വൈറൽ മരുന്നുകളും ഉണ്ടായിട്ടും ഈ രോഗം ഒരു എൻഡമിക്ക് ആയി നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. ഈ തരത്തിൽ പരിണാമപരമായി വൈറസിനുണ്ടാവുന്ന മാറ്റങ്ങളും ഒരു പക്ഷേ, ഈ പാൻഡമിക്കിന്റെ നിയന്ത്രണത്തിന് സഹായിച്ചേക്കാം. പക്ഷേ, വൈറസ് ഇങ്ങനെയൊരു പരിണാമത്തിന് വിധേയമാവുമ്പോഴേക്കും എത്രയാളുകൾക്ക് ജീവൻ നഷ്ടമാകും? അതിന്റെ സാമൂഹിക സാമ്പത്തിക ദുരന്തങ്ങൾ എത്രയുണ്ടാകും? എന്ന് നമുക്ക് പറയാൻ കഴിയില്ല. പാൻഡമിക് എന്ന രീതിയിൽ ഇതു തുടരില്ല എന്ന കാര്യം ഉറപ്പാണ്, ഒരു ഘട്ടത്തിൽ വൈറസ് പിൻവാങ്ങും. ഇതാണ് ഇതുവരെയുള്ള ചരിത്രം നമ്മളെ പഠിപ്പിക്കുന്നത്.

ചോദ്യം: കൊറോണ വൈറസിന് മ്യൂട്ടേഷൻ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും മരുന്നും വാക്സിനുമില്ലാത്ത അവസ്ഥയിൽ ഇത് വലിയ ഭീഷണി തന്നെ ആസന്നഭാവിയിൽ ഉണ്ടാക്കും എന്ന് നിരീക്ഷിക്കുന്നവരും ഉണ്ട്.

മ്യൂട്ടേഷൻ സംഭവിച്ചുകൊണ്ടേയിരിക്കും. കൊറോണ ഒരു ആർ.എൻ.എ വൈറസാണ്. ആർ.എൻ.എ വൈറസിലാണ് ഡി.എൻ.എ വൈറസിനേക്കാളും മൂട്ടേഷൻ സംഭവിക്കാനുള്ള സാധ്യത കൂടുതൽ. മ്യൂട്ടേഷൻ വരുന്നത് ചിലപ്പോൾ സഹായകരവുമാകാം. അങ്ങനെയാണ് തീവ്രത കൂടുന്നതും കുറയുന്നതും. വൈറസിന്റെ ഉള്ളിൽ ഒരു പ്രൂഫ് റീഡിംഗ് സംവിധാനമുണ്ട്. റെപ്ലിക്കേറ്റ് ചെയ്യുമ്പോൾ തൽരൂപം തന്നെ നിലനിർത്താൻ ജനിതക ഘടന ഒത്തു നോക്കി തെറ്റ് തിരുത്തി ശരിയാക്കുന്ന ഒരു രീതി ഉണ്ട്. പക്ഷേ, അത് ആർ.എൻ.എ വൈറസുകളിൽ കുറവാണ്. ഇതുവരെ ലോകത്തെമ്പാടും 9000 ജീൻ സീക്വൻസിംഗ് എങ്കിലും നടന്നിട്ടുണ്ട്, പല രാജ്യങ്ങളിലായിട്ട്. കേരളത്തിൽ തന്നെ രാജീവ് ഗാന്ധി സെന്റർ അതിനായി ശ്രമിക്കുന്നുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് സിസ്റ്റം ബയോളജി, ദൽഹിയുമായി ചേർന്ന് കേരള ആരോഗ്യ വകുപ്പും ശ്രമിക്കുന്നുണ്ട്. ഇതുവരെ നടന്ന സീക്വൻസിംഗിൽ ഒന്നും ഗൗരവമായ പ്രത്യാഘാതം ഉണ്ടാകുന്ന മ്യൂട്ടേഷൻ നടന്നതായി കാണുന്നില്ല. മ്യൂട്ടേഷൻ അല്ല പ്രശ്നം, മ്യൂട്ടേഷൻ വഴി തീവ്രത (Virulence) കൂടുന്നുണ്ടോ എന്നതാണ് പ്രശ്നം.

ചോദ്യം: കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾ കേരളവുമായി താരതമ്യം ചെയ്തു പറയുമ്പോൾ ഭയപ്പെടുത്തുന്ന കണക്കുകൾ അല്ലേ തരുന്നത്?

ഓരോ സംസ്ഥാനങ്ങൾക്കും അവരവരുടേതായ വെല്ലുവിളികളുണ്ട്. ഉദാഹരണത്തിന് താരതമ്യേന നല്ല നിലക്ക് നിയന്ത്രണങ്ങളുമായി പൊയ്ക്കോണ്ടിരുന്ന സംസ്ഥാനമായിരുന്നു തമിഴ്നാട്. തമിഴ്നാട്ടിലേക്ക് വെളിയിൽ നിന്നും ആളുകൾ വന്നുകഴിഞ്ഞപ്പോൾ രോഗസംഖ്യ വൻതോതിൽ ഉയർന്നു. പിന്നെ അവർ കൊയമ്പേടു മാർക്കറ്റ് അടച്ചുപൂട്ടാൻ തയ്യാറായില്ല. ദൽഹിയിൽ നിന്നെത്തിയവർ കാര്യങ്ങളാകെ അട്ടിമറിച്ചു. ദൽഹിയിലും ഇങ്ങനെയുള്ള പ്രശ്നങ്ങളുണ്ട്. ഇവിടെ കേരളത്തിൽ രോഗമുള്ളവരുമായി സമ്പർക്കത്തിലേർപ്പെടുന്നവരെ കണ്ടുപിടിക്കാൻ താരതമ്യേന എളുപ്പമാണ്. ഡൽഹിയിൽ മെട്രോ സ്റ്റേഷനിൽ ഇറങ്ങിയ രോഗമുള്ള ഒരാളുടെ കോണ്ടാക്റ്റ് കണ്ടു പിടിക്കുക സാധ്യമല്ല. പക്ഷേ, പൊതുവേ പറഞ്ഞാൽ ഇന്ത്യയിലെ മരണ നിരക്കും വ്യാപന നിരക്കും മറ്റ് രാജ്യങ്ങളുമായി തട്ടിച്ച് നോക്കുമ്പോൾ കുറവാണ്. പലരും പല കാരണങ്ങളാണ് പറയുന്നത്. ബി സി ജി വാക്സിൻ എല്ലാവരും എടുക്കുന്നുണ്ട് ഇന്ത്യയിൽ, ഇത് കോവിഡിന് എതിരായ രോഗപ്രതിരോധത്തിനുള്ള സാധ്യതയുണ്ടെന്ന് പറയുന്നു. ചൂട് ഒരു ഘടകമാണെന്നു പറയുന്നു. നമ്മുടെ ജനിതക ഘടനയുടെ പ്രത്യേകതമാണെന്നു പറയുന്നു. ഇതൊന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. അൽഭുതകരമെന്ന് പറയട്ടെ, കേരളത്തെപ്പോലെ ശക്തമായ പൊതുജനാരോഗ്യ സംവിധാനമോ ജനകീയ ഇടപെടലോ ഇല്ലാതിരുന്നിട്ടും ..... ഒഡീഷ, ബിഹാർ, ത്രിപുര.. സംസ്ഥാനങ്ങളിലും രോഗനിയന്ത്രണം സാധിച്ചിരിക്കുന്നു. ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര (അവിടെ തന്നെ മുംബൈ) തുടങ്ങിയ സംസ്ഥാനങ്ങളൊഴിച്ചാൽ മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതി അത്ര മോശമല്ല. അതു കൊണ്ട് മറ്റു സംസ്ഥാനങ്ങൾ അത്ര മോശമാണെന്ന അഭിപ്രായത്തിൽ ഞാൻ എത്തില്ല. കനത്ത സാമൂഹ്യ സാമ്പത്തിക ആഘാതം നമുക്ക് ഉണ്ടാക്കിയെങ്കിലും രോഗവ്യാപനം കുറയ്ക്കുന്നതിൽ ലോക്ക്ഡൗൺ രാജ്യത്തെ സഹായിച്ചിട്ടുണ്ടെന്നതിൽ സംശയമില്ല.

ചോദ്യം: ജൂണിൽ സ്‌കൂളുകൾ തുറക്കരുതെന്നാണ് ഐഎംഎ അടക്കമുള്ള ഡോക്ടർമാരുടെ സംഘടനകൾ നിർദ്ദേശിച്ചിരിക്കുന്നത്. നമ്മുടെ സ്‌കൂൾടൈം ടേബിൾ അട്ടിമറിക്കപ്പെടുന്ന ഒരവസ്ഥയാണ് മുന്നിലുള്ളത്. കുട്ടികളുടെ വിദ്യാഭ്യാസത്തെപ്പറ്റിയുള്ള കാഴ്ചപ്പാടിൽ തന്നെ കാര്യമായ മാറ്റമുണ്ടാകുന്നു. എത്രമാത്രം അപകടകരമായിരിക്കും ജൂണിലെ പുതുവർഷാരംഭം? ഓൺലൈൻ സ്‌കൂളിംഗിനെക്കുറിച്ച് ഗൗരവമുള്ള ചർച നടക്കുന്നുമുണ്ട്.

വിദ്യാഭ്യാസം ഒരു വലിയ പ്രശ്നം ആണ്. സ്കൂളുകളിലും കോളജുകളിലും ഒക്കെ നമുക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ അധ്യയനം നടത്താം. ക്ലാസ് മുറികളിലെ കുട്ടികളുടെ എണ്ണം കുറയ്ക്കാം. പക്ഷേ, കുട്ടികൾ എങ്ങനെയാണ് സ്കൂളുകളിലും കോളേജുകളിലും വരുന്നത്? പൊതുഗതാഗതം വഴിയാണ് ഭൂരിപക്ഷവും വരുന്നത്. എന്തിന് സാമ്പത്തിക ശേഷിയുള്ള കുട്ടികളെത്തുന്ന വണ്ടികളിൽ പോലും എത്രയോ പേരെ കുത്തിനിറക്കുന്നുണ്ട്. ഇതൊരു വലിയ പ്രശ്നമാണ്. കുട്ടികളുടെ ആരോഗ്യ പ്രശ്നത്തേക്കാൾ ഇവർ പുറത്ത് പോയി തിരിച്ചു രോഗവുമായി വന്ന് പ്രായമായവർക്ക് രോഗം പകർത്താനുള്ള സാധ്യത കുടുതലാണ്. രോഗവ്യാപനത്തിനുള്ള സാധ്യതകളാണ് നമ്മെ അലട്ടുന്നത്.

എങ്ങനെ ശരീര ദൂരം വിദ്യാലയങ്ങളിൽ പാലാക്കാൻ പറ്റും? ഇതൊരു വലിയ വെല്ലുവിളിയാണ്. ജൂൺ മാസം കാലവർഷ മാസമാണല്ലോ, അത് കൂടെ കഴിഞ്ഞ് ജൂലൈയിൽ വിദ്യാലയങ്ങൾ തുറക്കാമെന്ന ഒരു നിർദേശം വന്നിട്ടുണ്ട്.

ഫോട്ടോ പ്രസൂൺ കിരൺ

ഓൺലൈൻ വഴിയുള്ള പഠനത്തിനൊക്കെ വളരെയേറെ പരിമിതിയുണ്ട് നമുക്ക്. ഹൈബാൻഡ് നെറ്റ് കണക്റ്റിവിറ്റിയോ സ്മാർട്ട് ഫോണോ ഒക്കെ നല്ലൊരു ശതമാനം വിദ്യാർത്ഥികൾക്കും ലഭ്യമല്ലാത്ത അവസ്ഥയുണ്ട്. ടാബ്ലറ്റ് പി സി യൊക്കെ ലഭ്യമല്ലാത്ത 25 ശതമാനം കുട്ടികളെങ്കിലും കേരളത്തിൽ ഉണ്ട്. അതുകൊണ്ട് ഒൺലൈൻ ഒരു പരിഹാരമായി പറയാൻ പറ്റില്ല, ഒരു അനുബന്ധ വിദ്യാഭ്യാസ രീതിയായി പറയാം. ക്ലാസ് മുറി അധ്യാപനത്തിന് പകരമാവില്ല. ആഡ് ഓൺ ആയി പറയാം. എന്റെ ഊഹം വെച്ച്, അല്ലെങ്കിൽ ഒരു ആശങ്ക പറയുകയാണെങ്കിൽ ഒരു അക്കാദമിക് വർഷമെങ്കിലും കുട്ടികൾക്ക് നഷ്ടപ്പെട്ടേക്കും എന്നെനിക്ക് പേടിയുണ്ട്. ഒരു ആറുമാസം കൊണ്ട് ഇപ്പോഴത്തെ അവസ്ഥ മാറുകയാണെങ്കിൽ നമുക്ക് കോഴ്സുകളുടെ വലിപ്പം കുറയ്ക്കാം, ടെലസ്കോപ്പ് ചെയ്യാം. അധ്യാപകർക്ക് ഒരു വെല്ലുവിളിയായിരിക്കുമെങ്കിലും സാധ്യമായ കാര്യമാണിത്. എ കെ.പി.സി.ടി.എ ടെലഗ്രാം സാമൂഹ്യ ശ്രംഖല വഴി അധ്യാപകരെ ഇതിന് സജ്ജമാക്കുന്ന പരിപാടികൾ തുടങ്ങിയിട്ടുണ്ട്, ഞാൻ അതിൽ പങ്കെടുത്തിരുന്നു. നല്ല കാര്യമാണത്.
സ്കൂളുകളിൽ വിവരസാങ്കേതിക വിദ്യാധിഷ്ടിത വിദ്യാഭ്യാസം നേരത്തെതന്നെ ഐടി@സ്കൂൾ വഴിയും ഇപ്പോൾ കൈറ്റ് വഴിയും നടപ്പിലാക്കിയിട്ടുണ്ട്. വിക്ടേഴ് ചാനൽ, സമഗ്ര പോർട്ടൽ ലിറ്റിൽ കൈറ്റ് എന്നിവ വഴി സ്കൂളുകളിൽ വലിയ മാറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതിനകം വന്നു കഴിഞ്ഞിട്ടുണ്ട്. കോളജുകളിൽ ഒട്ടും നടന്നിട്ടില്ല. കോവിഡുകൊണ്ടുണ്ടായ നേട്ടം നേരത്തെയുണ്ടായിരുന്നതും നാം വേണ്ടത്ര ഗൗനിക്കാതിരുന്നതുമായ പല സാങ്കേതിക നേട്ടങ്ങളും രീതി ശാസ്ത്രങ്ങളും പുന:പരിശോധിക്കാനും നടപ്പിലാക്കാനുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട് എന്നതാണ്. പൊതുവേ ഓൺലൈൻ കോഴ്സുകൾക്കും ആധുനിക സാങ്കേതികവിദ്യകൾ വിദ്യാഭ്യാസമേഖലയിൽ പ്രയോഗിക്കുന്നതിനുമൊക്കെ പലരും എതിരായിരുന്നല്ലോ. അതൊന്ന് മാറികിട്ടിയിട്ടുണ്ട്. അതേസമയം വിവര സാങ്കേതിക വിദ്യയുള്ളവരും ഇല്ലാത്തവരും വിജ്ഞാന ധനികരും വിജ്ഞാന ദരിദ്രരും എന്ന വിവരസാങ്കേതിക വിദ്യാ അസമത്വം (Digital Divide) ഇല്ലാതാക്കി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ സഹായിക്കാനുള്ള പദ്ധതികളും ആവിഷ്കരിക്കണം.

ചോദ്യം: കേരളത്തിലെ പൊതുജനാരോഗ്യരംഗത്തെന്നതു പോലെ തന്നെ പൊതു വിദ്യാഭ്യാസ രംഗത്തും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിന്റെ അനുഭവത്തിൽ നിന്നും സ്‌കൂളുകളിൽ മാത്രം കേന്ദ്രീകരിക്കാതെ കോവിഡ് കാല കേരളത്തിൽ ഈ പ്രശ്‌നങ്ങൾക്ക് പ്രായോഗികമായ പരിഹാരങ്ങൾ മുന്നോട്ടു വെക്കാൻ കഴിയുമോ?

ഒത്തിരി സാധ്യതകൾ ഞാൻ കാണുന്നുണ്ട്. നമ്മുടെ വായനശാലകൾ തന്നെ ഇങ്ങനെ മാറ്റിയെടുക്കണം. 7000 ലധികം വായനശാലകൾ ഉണ്ട് കേരളത്തിൽ. വൈ ഫൈ, ഹൈബാൻഡ് കണക്റ്റിവിറ്റി ഒക്കെ വായനശാലകൾക്കു നൽകണം. സാമ്പത്തികമായി പിന്നാക്കം നിൽകന്നവർക്ക് നെറ്റ് ലഭ്യമാക്കാനുള്ള ചെയ്യാനുള്ള കേന്ദ്രങ്ങളാവട്ടെ വായനശാലകൾ. പൊതു സ്ഥാപനങ്ങൾ വൈകുന്നേരങ്ങളിൽ ഇതിനായി തുറന്നുകൊടുക്കണം. പഞ്ചായത്ത് ഓഫീസുകൾ പോലെ ഒരു പാട് സാമൂഹ്യ സ്ഥാപനങ്ങൾ നമുക്കുണ്ട്. ഇവയുടെ സഹായത്തോടെ പിന്നാക്ക വിദ്യാർത്ഥികളെ സഹായിക്കാൻ നമുക്ക് കഴിയണം. പ്രതിഭാ തീരം എന്ന പേരിൽ ഡോ തോമസ് ഐസക് ആലപ്പുഴയിൽ വിജയകരമായി ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. തീരദേശത്തെ കുട്ടികൾക്കു വേണ്ടിയായിരുന്നു ഇത്. തീരപ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് വീടുകളിലിരുന്ന് പഠിക്കാൻ വലിയ പ്രയാസങ്ങളുണ്ടായിരുന്നു. കടലോരത്തെ വായനശാലകൾ കുട്ടികൾക്ക് പഠിക്കാനായി വൈകുന്നേരങ്ങളിൽ തുറന്നു കൊടുത്തു, വലിയ മാറ്റമാണ് വന്നത്. അവിടെ കമ്പ്യൂട്ടറുകൾ സംഭാവന ചെയ്യാൻ പലരും മുന്നോട്ട് വന്നു. ക്ലാസ്സെടുക്കാൻ അധ്യാപകർ സന്നദ്ധരായി ഈയൊരു പരീക്ഷണം നമുക്കു മറ്റ് സ്ഥലങ്ങളിലും നടപ്പിലാക്കം.

ഒരു കാര്യം ഉറപ്പാണ് ഇനിയുള്ള കാലം ഒരുതരം നെറ്റ് വർക്ക് എൻവയൺമെന്റിൽ (Network Environment) അധ്യാപകരും വിദ്യാർത്ഥികളും കഴിയേണ്ടതുണ്ട്. അല്ലെങ്കിൽ സാമ്പത്തിക ശേഷിയുള്ള കുട്ടികളൊക്കെ വളരെ മുമ്പിലോട്ടങ്ങു വളരെ പെട്ടെന്നു തന്നെ പോകും. സാങ്കേതിക വിദ്യയോടു പുറം തിരിഞ്ഞ് നിൽക്കാതെ സാമ്പത്തികമായി പിന്നിലുള്ളവർക്ക് കുടി അതെത്തിക്കാനാണ് ഇപ്പോൾ ശ്രമിക്കേണ്ടത്. ഐ.ടി.അററ് സ്കൂൾ (കൈററ്) ഐ.ടി അറ്റ് എജ്യുക്കേഷനായി വിപുലീകരിക്കണമെന്ന് എനിക്കഭിപ്രായമുണ്ട്, ഞാനത് 2006 മുതൽ പറയുന്നതാണ്. കാരണം, കോളജുകളിൽ വിദ്യാർത്ഥികളും അധ്യാപകരും സ്കൂളുകളിലേതുപോലെ ആധുനിക വിവരവിനിമയ സാങ്കേതിക വിദ്യകളുടെ വിദ്യാഭ്യാസ മേഖലയിലെ പ്രയോഗത്തോടെ പരിചിതരല്ല .

ചോദ്യം: കോവിഡ് ലോകം കീഴടക്കിയതോടെ, ഇക്കോണമിസ്റ്റ് വാരിക പറയുന്നത് ഗ്ലോബലൈസേഷൻ അന്തരിച്ചു എന്നാണ്. അതായത്, ഡിഗ്ലോബലൈസേഷന്റെ കാലം തുടങ്ങിയെന്ന്. നല്ലതിനായാലും ചീത്തയ്ക്കായാലും സെൽഫ് സഫിഷ്യൻസിക്കായുള്ള മുറവിളികൾ ഇതുവരെയുള്ള ഗ്ലോബലൈസേഷൻ വാദികൾ വരെ തുടങ്ങിക്കഴിഞ്ഞു. സപ്ലൈ ചെയിനുകൾ റീ ഷോർ ചെയ്യണമെന്ന് ഏതെണ്ടെല്ലാ ഭരണകൂടങ്ങളും ആഗ്രഹിച്ചു തുടങ്ങുന്നു. ട്രംപിന്റെ കടുത്ത പ്രൊട്ടക്ഷനിസ്റ്റ് പോളിസിക്ക് ആഗോളവ്യാപകമായ കയ്യടി കിട്ടുന്നു. ആരോഗ്യരംഗത്തെയും മരുന്നു വിപണിയെയുമൊക്കെ കൊടിയ പ്രതിസന്ധിയിലാക്കില്ലേ ഇത്തരം മാറ്റങ്ങൾ?

ഇപ്പോഴുള്ള രാഷ്ട്രീയ പ്രതികരണങ്ങൾ നോക്കുക. പണ്ടു പറഞ്ഞു കൊണ്ടിരുന്നതിനിടയ്ക്ക് കോവിഡ് എന്നു കുടിചേർക്കുന്നുവെന്നു മാത്രം. നവലിബറൽ സാമ്പത്തിക നയം, ആഗോളവൽക്കണം എന്നിങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കുകയാണ്. ഒരു തരം അനിവാര്യതപോലെ. ഇതിനെതിരായിട്ട് ഉയർന്നു വന്നിട്ടുള്ള ബദൽ മുതലാളിത്തേതര പ്രസ്ഥാനങ്ങളെ പലരും കാണുന്നതേയില്ല. ഇത്തരം ബദൽ സാധ്യതകൾ ഉണ്ടെന്ന് പറയുന്നത് കേൾക്കുന്നത് പോലും ചിലർക്കിഷ്ടമല്ല. ഒരു വിധി വിശ്വാസം പോലെയാണ്. ആഗോളവൽക്കരണത്തെ അവതരിപ്പിക്കുന്നത്. നമുക്കിപ്പോൾ അമേരിക്കയെയും ട്രംപിനെയുമെല്ലാം അവസാനിപ്പിച്ച് കൊണ്ട് കേരളം നന്നാക്കണമെന്ന് പറഞ്ഞാൽ നടക്കുന്ന കാര്യമല്ലല്ലോ. മുതലാളിത്ത ബദൽ മുതലാളിത്ത രാജ്യങ്ങളുടെ ഉള്ളിൽ തന്നെ വളർന്ന് വന്നിട്ടുണ്ട്.
മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിൽ ആഗോള രാഷ്ടീയ മാനങ്ങളുള്ള ഒരു സുപ്രധാന പ്രഖ്യാപനം നടത്തുകയുണ്ടായി. മുഖ്യമന്ത്രി പറഞ്ഞു, ഓപ്പൺ സോഴ്സ് കോവിഡ് പ്രസ്ഥാനത്തോട് കേരളം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. കോവിഡിനെ നിയന്ത്രിക്കുന്നതിൽ വിസ്മയകരമായ വിജയം കൈവരിച്ചതിനാൽ ലോകശ്രദ്ധ ആകർഷിച്ച് വരികയാണ് കേരളം. അതോടൊപ്പം കോവിഡിനെതിരെയുള്ള അതിജീവനത്തിനായി മുതലാളിത്തേതര ബദലുകൾ ആവിഷ്കരിക്കാൻ ശ്രമിക്കുന്ന ആഗോള പുരോഗമന പ്രസ്ഥാനങ്ങൾക്ക് ശക്തിപകരുന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സാർവദേശീയ ശ്രദ്ധ ആകർഷിച്ച് കഴിഞ്ഞിരിക്കയാണ്.
ഔഷധ ഗവേഷണമേഖലയിൽ ബഹുരാഷ്ട്ര മരുന്നു കമ്പനികളാണ് മേധാവിത്വം വഹിക്കുന്നത്. ഇവർ വികസിപ്പിച്ചെടുക്കുന്ന മരുന്നുകളും വാക്സിനുകളും മറ്റും പേറ്റന്റ് വ്യവസ്ഥക്ക് വിധേയമായിരിക്കും പേറ്റന്റ് കാലാവധിയായ 20 വർഷക്കാലത്തേക്ക് ഉല്പന്നങ്ങളുടെ വിപണനാധികാരം കുത്തകകമ്പനികൾക്കായിരിക്കും. മരുന്നുകൾക്ക് തന്നിഷ്ടപ്രകാരം വിലനിശ്ചയിക്കാനും ഇഷ്ടമുള്ള രാജ്യങ്ങളിൽ മാർക്കറ്റ് ചെയ്യാനും കമ്പനികൾക്കവകാശം ലഭിക്കും. മരുന്നുകൾ മാത്രമല്ല മെഡിക്കൽ ഉപകരണങ്ങളും ജൈവസാങ്കേതിക വിദ്യയുമെല്ലാം പേറ്റന്റ് ചെയ്യപ്പെടുന്നത് മൂലം ഇവയുടെ പ്രയോജനം പ്രത്യേകിച്ച് വികസ്വരരാജ്യങ്ങളിലെ സാ‍ധാരണക്കാർക്ക് ലഭ്യമല്ലാതാവുന്നു. രോഗാണുക്കളുടെ ജനിതക ഘടന കണ്ടെത്തി പല കമ്പനികളും പേറ്റന്റ് ചെയ്യുന്നുണ്ട്. രോഗാണുക്കൾക്കെതിരെ ആന്റിബയോട്ടിക്ക് കണ്ടെത്താൻ ജനിതക ഘടനയെ സംബന്ധിച്ച വിവരങ്ങൾ ആവശ്യമാണ്. വൻ തുക റോയൽറ്റിയായി നൽകിയാൽ മാത്രമേ പേറ്റന്റെടുത്ത കമ്പനികൾ ജനിതക ഘടനാ വിവരങ്ങൾ നൽകുകയുള്ളു. ഇതിന്റെ ഫലമായി ആന്റിബയോട്ടിക്കുകളുടെ വില വർധിക്കുന്നു.

റിച്ചാർഡ് സ്റ്റാൾമാൻ / ഫോട്ടോ റൂബൻ റോഡ്രിഗസ്

ആരോഗ്യ ഉൽ‌പ്പന്നങ്ങളുടെ വില വർധിക്കുന്നത് മാത്രമല്ല പേറ്റന്റ് വ്യവസ്ഥ സൃഷ്ടിക്കുന്ന പ്രതിസന്ധി. വികസ്വരരാജ്യങ്ങളിലെയും വികസിത രാജ്യങ്ങളിലെ സാമൂഹ്യ സാമ്പത്തിക പിന്നാക്കാവസ്ഥയുലുള്ളവരെയും ബാധിക്കുന്ന രോഗങ്ങൾ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും ആവശ്യമാ‍യ മരുന്നുകളും സാങ്കേതിക വിദ്യകളും ഗവേഷണം ചെയ്തു കണ്ടെത്താനുള്ള ഫണ്ട് ലഭ്യമാക്കാനും ബഹുരാഷ്ട്ര കുത്തകൾ തയ്യാറല്ല. ഇങ്ങനെ നിരവധി രോഗങ്ങൾ അവഗണിക്കപ്പെട്ട് വരികയാണ്. പേറ്റന്റുകളും തുടർന്നുണ്ടാവുന്ന കുത്തകവൽക്കരണവും ആരോഗ്യ മേഖലയിൽ ഇങ്ങിനെ വലിയ പ്രതിസന്ധി സൃഷ്ടിച്ച് വരികയാണ്.
ഈ സാഹചര്യത്തിലാണ് സ്വതന്ത്ര സോഫ്റ്റ് വെയർ തത്വശാസ്ത്രത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ടുകൊണ്ട് ആ‍രോഗ്യ ഗവേഷണ മേഖലയിൽ പുതിയ ജനകീയ ഗവേഷണ സംരംഭങ്ങൾ ആരംഭിച്ചിട്ടുള്ളത്. സ്വകാര്യ പകർപ്പവകാശ നിയമത്തിനു പകരമായി ജനറൽ പബ്ലിക്ക് ലൈസൻസ് (General Public License) എന്ന പേരിൽ മസാച്ചുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ കമ്പ്യൂട്ടർ വിദഗഗ്ധനായിരുന്ന റിച്ചാർഡ് മാത്യു സ്റ്റോൾമാനാണ് പുതിയ ജനകീയ പകർപ്പവകാശനിയമം കരുപ്പിടിപ്പിച്ചത്.
സ്വകാര്യ സോഫ്റ്റ് വെയറുകൾ മറ്റുള്ളവരുമായി പങ്കിടാൻ ഉപഭോക്താവിന് അവകാശമില്ല. സോഫ്റ്റ് വെയറിന്റെ നിർമ്മാണ രേഖ (Source Code) നൽകാത്തതുമൂലം സോഫ്റ്റ് വെയറിൽ മാറ്റം വരുത്താനും കഴിയില്ല. എന്നാൽ ജനറൽ പബ്ലിക്ക് ലൈസൻസ് അംഗീകരിക്കുന്ന സോഫ്റ്റ് വെയറുകളുടെ നിർമ്മാണരേഖ ഉപഭോക്താവിന് ലഭ്യമാക്കുന്നുവെന്ന് മാത്രമല്ല സോഫ്റ്റ് വെയർ പകർത്താനും മറ്റുള്ളവരുമായി പങ്കുവക്കാനും അവകാശം ലഭിക്കയും ചെയ്യുന്നു. സ്വാതന്ത്യം,സഹകരണം, പങ്കിടൽ (Freedom, Cooperation and Sharing) എന്നീ അടിസ്ഥാന പ്രമാണങ്ങളാണ് സ്വതന്ത്ര സോഫ്റ്റ് വെയർ തത്വശാസ്ത്രം മുന്നോട്ട് വക്കുന്നത്.
സ്വതന്ത്ര സോഫ്റ്റ് വെയർ തത്വശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ നിയമവകുപ്പ് മേധാവി ലോറൻസ് ലെസ്സിഗ് ക്രിയേറ്റീവ് കോമൺസ് എന്നപേരിൽ പുതിയ പകർപ്പവകാശ നിയമങ്ങൾ ആവിഷ്കരിച്ചു. സർഗ്ഗാത്മക കൃതികളും ശാസ്ത്ര വിവരങ്ങളും സൃഷ്ടാവിന്റെ പങ്ക് അംഗീകരിച്ചുകൊണ്ടും സൃഷ്ടാവാരാണെന്ന് വെളിപ്പെടുത്തികൊണ്ടും (Attribution) താത്പര്യമുള്ള ആർക്കും ലാഭേച്ഛകൂടാതെ പ്രചരിപ്പിക്കാൻ അവസരം നൽകുകക എന്നതാണ് ക്രിയേറ്റീവ് കോമൺസ് പകർപ്പവകാശ നിയമങ്ങളിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ജനറൽ പബ്ലിക്ക് ലൈസൻസ്, ക്രിയേറ്റീവ് കോമൺസ് എന്നീ തത്വങ്ങൾപിന്തുടരുന്ന സോഫ്റ്റ് വെയറുകളെ ഓപ്പൺ സോഴ്സ് സോഫ്റ്റ് വെയറുകൾ (Open Source Software) എന്നും വിളിക്കാറുണ്ട്.

ആരോഗ്യ മേഖലയിലെ ഗവേഷണങ്ങൾക്കും ഉല്പന്ന വികസനത്തിനുമായി ഓപ്പൺ സോഴ്സ് തത്വശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ നിരവധി സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിൽ പ്രധാനപെട്ട ഓപ്പൺ സോർസ് ഡ്രഗ് ഡിസ്കവറി (Open Source Drug Discovery: ഒ.എസ്.ഡി.ഡി) സംരംഭങ്ങൾ പല രാജ്യങ്ങളും ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. ഔഷധഗവേഷണത്തിൽ താത്പര്യമുള്ള ആർക്കും സംഭാവന ചെയ്യാൻ കഴിയുന്ന രീതിയിൽ സഹകരണത്തിന്റേയും സാമൂഹ്യ പങ്കാളിത്തത്തിന്റേയും അടിസ്ഥാനത്തിലും സുതാര്യവുമായാണ് ഒ എസ് ഡി ഡി പ്രവർത്തിക്കുന്നത്. വൻകിട മരുന്നു കമ്പനികൾക്ക് താത്പര്യമില്ലാത്ത അവഗണിക്കപ്പെട്ടുവരുന്ന രോഗങ്ങൾക്കുള്ള മരുന്നുകൾ കണ്ടെത്തുന്നതിനു വേണ്ടിയിട്ടാണ് ഒ എസ് ഡി ഡിയിലൂടെ ഗവേഷണങ്ങൾ നടന്നുവരുന്നത്.

ലോറെൻസ് ലെസ്സിഗ / ഫോട്ടോ ജോയ് ഇറ്റോ

ഇന്ത്യയിൽ ക്ഷയരോഗത്തിനുള്ള മരുന്ന് കണ്ടുപിടിക്കാനായി സി എസ് ഐ ആറിന്റെ (കൗൺസിൽ ഓഫ് സയന്റിഫിക്ക് ആന്റ് ഇൻഡസ്ത്രിയൽ റിസർച്ച്) കീഴിൽ ഇന്ത്യയിലും ഒ എസ് ഡി ഡി പദ്ധതിക്ക് യുപി എ സർക്കാരിന്റെ കാലത്ത് തുടക്കം കുറിച്ചിരുന്നു. കേരളത്തിലെ സർവകലാശാല ഡിപ്പാർട്ട്മെന്റുകളും മറ്റും ഇതിനോട് സഹകരിച്ചിരുന്നു. എന്നാൽ എൻ ഡി എ സർക്കാർ ഈ പദ്ധതിക്കുള്ള സമ്പത്തിക സഹായം പിൻവലിക്കയാണുണ്ടായത്.
കോവിഡിന്റെ വ്യാപനത്തോടെ ഓപ്പൺ സോഴ്സ് തത്വശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലുള്ള ആശയങ്ങളും പദ്ധതികളും ശക്തിപ്രാപിച്ച് വരികയാണ്. മലയാളി ശാസ്ത്രജ്ഞന്മാരടക്കം പ്രവർത്തിക്കുന്ന ഓപ്പൺ സോഴ് സ് ഫാർമാ ഫൗണ്ടേഷൻ (Open Source Pharma Foundation) ഇതിന് നേതൃത്വം നൽകുന്നുണ്ട്. കമ്പോളാടിസ്ഥാനത്തിലുള്ള സ്ഥിരം വിപണി മാതൃകയിൽ കോവിഡ് നിയന്ത്രണത്തിനാവശ്യമായ ആരോഗ്യ ഉല്പന്നങ്ങൾ കാലതാമസം കൂടാതെയും ആവർത്തനം ഒഴിവാക്കിയും വികസിപ്പിച്ചെടുക്കാൻ കഴിയില്ലെന്ന് ഫൗണ്ടേഷൻ ചൂണ്ടികാട്ടുന്നു. സുതാര്യമായ തുറന്ന ശാസ്ത്രത്തിനും വിവരങ്ങൾക്കും, സഹകരണത്തിനും വേണ്ടിയാണ് ഓപ്പൺ സോഴ്സ് പ്രസ്ഥാനങ്ങൾ നിലകൊള്ളുന്നത്. സഹകരണാടിസ്ഥാനത്തിൽ നടത്തുന്ന ഗവേഷണങ്ങളുടെ ചെലവ് കുറവായിരിക്കും, അവഗണിക്കപ്പെടുന്ന രോഗാവസ്ഥകൾ പരിഗണിച്ച് മുൻഗണന നിശ്ചയിക്കാനും കഴിയും. കമ്പോള താത്പര്യങ്ങളുടെ സ്ഥാനത്ത് ലോകജനതയുടെ ആരോഗ്യ സംരക്ഷണം മാത്രമാണ് ഓപ്പൺ സോഴ്സ് പ്രസ്ഥാനങ്ങളെ നയിക്കുന്നത്. ലോകാരോഗ്യ സംഘടന തുടങ്ങിയ അന്തരാഷ്ട്രാ ഏജൻസികളുടെയും സർവകലാശാലകളുടെയും സഹായത്തോടെയും ക്രൗഡ് ഫണ്ടിംഗിലൂടെയും ഉദാരമതികളുടെ സംഭാവനകളിലൂടെയുമാണ് ഓപ്പൺ സോഴ്സ് ഗവേഷണങ്ങൾക്കുള്ള സാമ്പത്തികം കണ്ടെത്തുന്നത്.
ഓപ്പൺ സോഴ്സ് കോവിഡ് പ്രസ്ഥാനം നിരവധി രാജ്യങ്ങളിൽ വ്യത്യസ്ത കൂട്ടായമകളിലൂടെ മുതലാളിത്ത കുത്തകവൽക്കരണത്തിനെതിരെ പരസ്പര സഹകരണത്തിന്റെയും പങ്കിടലിന്റെയും അടിസ്ഥാനത്തിൽ കോവിഡ് നിയന്ത്രണം എന്ന സന്ദേശം ശക്തമായി പ്രചരിപ്പിക്കുകയും നിയന്ത്രണത്തിനാവശ്യമായ നിരവധി ആരോഗ്യ ഉല്പന്നങ്ങൾ ഗവേഷണം ചെയ്ത് കണ്ടെത്തുന്നതിനുള്ള സംരംഭങ്ങൾക്ക് നേതൃത്വം നൽകയും ചെയ്തുവരുന്നു. അങ്ങനെ ഓപ്പൺ സോഴ്സ് കോവിഡ് മൂവ്മെന്റ് ഈ നവ മുതലാളിത്തം നവലിബറലിസം എന്നൊക്കെ പറയുന്നതിന് ബദലായി ഉയർന്നു വന്നിട്ടുണ്ട്. ഐ സി എം ആറും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും ചേർന്ന് ഒരു വാക്സിൻ പരീക്ഷണം നടത്തുന്നുണ്ട്, അതൊക്കെ ഈ മാതൃകയിൽ വികസിപ്പിച്ചെടുത്തതാണ്. ഇതൊന്നും കുത്തക രീതികളല്ല. ഇത് കോവിഡ് കാലത്തുണ്ടായ നല്ല ഒരു സംഭവവികാസമാണ്.
ഏത് പ്രതിസന്ധികളീലും നല്ല അവസരങ്ങൾ കൂടിയുണ്ടാക്കും. പുതിയ ഗവേഷണങ്ങൾ ത്വരിതപ്പെടുന്നു. ആരോഗ്യ സർവകലാശാലയും വെറ്ററിനറി സർവ്വകലാശാലയും ഒന്നിച്ചു ചേർന്ന് ഗവേഷണം നടത്താൻ തീരുമാനിച്ചിരിക്കയാണ്. പ്രത്യേകിച്ചും മൃഗജന്യ രോഗങ്ങളെ സംബന്ധിച്ച്. ഇനി വൈറോളജിയുടെ കാര്യമെടുക്കാം, ഇവിടെ ഒട്ടും വികസിക്കാതെ കിടക്കുകയായിരുന്നു. കോവിഡ് വന്ന സമയത്ത് ടെസ്റ്റ് ചെയ്യാൻ ആകെക്കൂടി ആലപ്പുഴയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി മാത്രമേ ഉണ്ടായിരുന്നുള്ളൂ. പെട്ടെന്നു നമ്മുടെ മെഡിക്കൽ കോളജിലെയൊക്കെ മൈക്രോബയോളജി വകുപ്പിനു കീഴിലെ വൈറോളജി വിഭാഗങ്ങളൊക്കെ സജീവമായി, അവിടെയൊക്കെ കോവിഡ് ടെസ്റ്റുകൾ നടന്നു. കേരളത്തിലിപ്പോൾ 15 ഓളം ഗവൺമെന്റ് സ്ഥാപനങ്ങളിൽ കോവിഡ് ടെസ്റ്റുകൾ നടക്കുന്നുണ്ട്.
ഒരു കാര്യം മനസ്സിലാക്കേണ്ടത് ആഗോളവൽക്കരണത്തെ നവ ലിബറൽ വ്യവസ്ഥയെ വിജ്ഞാന ഉൽപ്പാദനത്തിലൂടെ മാത്രമേ നമുക്ക് തോൽപിക്കാൻ സാധിക്കൂ. വേറെ ഒരു കുറുക്ക് വഴിയും ഇല്ല. അമേരിക്ക ഈ തെറ്റുകളൊക്കെ ചെയ്യുമ്പോഴും അമേരിക്ക നിലനിന്നില്ലെങ്കിൽ ലോകത്തിന് നിലനിൽക്കാൻ പറ്റില്ല, എന്നതാണ് അവസ്ഥ. അതാണ് സത്യം. കാരണം ഒട്ടുമിക്ക ആധുനിക ഗവേഷണങ്ങളും അവിടത്തെ സർവകലാശാലകളാണ് നടക്കുന്നത്.
ബറാക് ഒബാമയും തോമസ് ഫ്രീഡ്മാനുമായി ഒരഭിമുഖം ഉണ്ടായിരുന്നു. അതിൽ ഒബാമ പറഞ്ഞത് സമീപകാലത്ത് എല്ലാ വൈജ്ഞാനിക മേഖലകളിലും സംഭാവന നൽകുന്നത് അമേരിക്കൻ സർവ കലാശാലകളാണെന്നാണ്. എന്നാൽ അമേരിക്കയുടെ രാഷ്ടീയം മോശമായി പോയെന്നും ഒബാമ പറഞ്ഞു. റിച്ചാർഡ് മാത്യു സ്റ്റാൾമാൻ എം.ഐ.ടിയിലെ പ്രൊഫസറാണ്, നോം ചോംസ്കിയും എം ഐ ടിയിലെ പ്രൊഫസറാണ്. അവിടെ ആണ്. 92 വയസായിട്ടും ചോംസ്കി എം ഐ ടി യിലെ ഓണറററി പ്രഫസറാണ്. അമേരിക്കക്കെതിരാണ് ചോംസ്കി എന്നതുകൊണ്ട് ട്രംപ് വിചാരിച്ചാൽ പോലും പിരിച്ചുവിടാൻ പറ്റില്ല. ജെ.എൻ.യുവിലെ പ്രൊഫസറുടെ കാലാവധി മോഡി വിചാരിച്ചാൽ നിർത്താം. പക്ഷേ, അമേരിക്കയിൽ സർവകലാശാലകൾ ഓട്ടോണമസ് ആണ്. ലോറൻസ് ലെസിഗിനെ നോക്കു, സ്സ്റ്റാൻസ്ഫോഡ് യൂണിവേഴ്സിറ്റിയിലെ നിയമവകുപ്പ് മേധാവിയാണ്. ഇദ്ദേഹമാണ് മുതാളിത്തവിരുദ്ധ ക്രിയേറ്റിവ് കോമൺസ് ലൈസൻസ് രീതി വികസിപ്പിച്ചെടുത്തത്. ഗവേഷണങ്ങളും രാഷ്ട്രീയവും വേറെ. ഇന്റർനെറ്റ്, ഫേസ് ബുക്ക്, വാട്സ് ആപ്പ് എല്ലാം അവിടെയുണ്ടായതാണ്. ഓപ്പൺ സോഴ്സുകൾ ഉപയോഗിച്ചുകൊണ്ട് നമ്മുടെ ഗവേഷണങ്ങളെ ത്വരിതപ്പെടുത്തക എന്നതാണ് ആഗോളവൽക്കരണത്തിനെതിരെ നമുക്ക് ചെയ്യാനുള്ളത്. കോവിഡ് കാലം അത് ഉത്തേജിപ്പിച്ചിട്ടുണ്ട്, അത് തുടരാൻ നമുക്ക് കഴിയണം.

ചോദ്യം: രാഷ്ട്രം ഒന്നാമത്, നാഷൺ ഫസ്റ്റ് എന്ന ഒരു മുദ്രാവാക്യം രാഷ്ട്രീയഭേദമെന്യേ കോവിഡ് കാലത്ത് ഉയർന്നു വരുന്നുണ്ട്. ബ്രിട്ടനിലും പുറത്തുള്ള യൂറോപ്പിലും അമേരിക്കയിലും ഏഷ്യൻ രാജ്യങ്ങളിലുമൊക്കെ ഈ ചിന്ത വളർന്നു വരുന്നുണ്ട്. സ്വേച്ഛാധികാരഭരണകൂടങ്ങൾ ഇതൊരവസരമായിട്ട് കാണുന്നുമുണ്ട്.

നാഷൺ ഫസ്റ്റ് എന്ന ഒരു മുദ്രാവാക്യം വിജയിക്കുമെന്ന് എനിക്കു തോന്നുന്നില്ല. ട്രംപിന് പോലും അമേരിക്കയിൽ അത് നടപ്പിലാക്കാൻ കഴിഞ്ഞില്ല. ലോകം ഇപ്പോൾ പോകുന്നത് ഒരു സാർവലൗകികതയിലേക്കാണ്. ഇപ്പോഴത്തെ കാര്യം നോക്കൂ, നന്മൾ അമേരിക്കൻ സാങ്കേതിക വിദ്യയായ പി സി ആർ ഉപയോഗിച്ചാണ് കോവിഡിനെ കണ്ട് പിടിക്കുന്നത്. അമേരിക്കയിലെ അറ്റ് ലാന്റയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ചാണ് നമ്മൾ നമ്മുടെ പ്രോട്ടോക്കോൾ വരെയുണ്ടാക്കുന്നത്. നമ്മൾ അവരുടെ പി.സി.ആർ. ടെക്നോളജിയും സോഫ്റ്റ് വെയറും ഒക്കെ ഉപയോഗിക്കുമ്പോൾ ഇവിടുന്നാണ് ഹൈഡ്രോക്സി ക്ലോറോക്വിൻ എന്ന മരുന്ന് ട്രംപ് ആവശ്യപ്പെട്ട് അങ്ങോട്ടു കയറ്റുമതി ചെയ്തത്. നമ്മുടെ സീറം ഇൻസ്റ്റിറ്റുട്ട് ബ്രിട്ടനിലെ ഓക്സ്ഫഡ് സർവകലാശാലയുമായി ചേർന്നാണ് വാക്സിൻ ഗവേഷണം നടത്തുന്നത്. കോവിഡുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്ക്. നിരവധി രാഷ്ട്രങ്ങൾ തമ്മിൽ സഹകരിച്ച് വരികയാണ്. അങ്ങിനെ മാത്രമേ പുതിയ മരുന്നുകളും സാങ്കേതികവിദ്യകളും കണ്ടെത്താൻ കഴിയൂ എന്ന യാഥാർത്ഥ്യ ബോധം കോവിഡ് കാലത്ത് ഉയർന്നു വരുന്നുണ്ട്. പ്രാദേശികതയും ദേശീയതയുമൊക്കെ പറയുമ്പോഴും ഇങ്ങനെ സാർവലൗകികമായ ആശയങ്ങൾ വളർന്നു വരുന്നുണ്ട്, അതു കാണാതിരിക്കരുത്. ട്രംപിന്റെ കാര്യം തന്നെ നോക്ക്, മെക്സിക്കൻ അമേരിക്കൻ അതിർത്തിയിൽ ഭിത്തി കെട്ടും എന്നു പറഞ്ഞ് അധികാരത്തിൽ വന്ന ട്രംപിന് ഇതുവരെ അത് നടപ്പിലാക്കാൻ കഴിഞ്ഞില്ല. വിദേശ വിസകൾ പരിമിതപ്പെടുത്തുമെന്ന് പറഞ്ഞതും തിരുത്തേണ്ടിവന്നു. അമേരിക്കയിലെ 20 % വീടുകളിലും ഇംഗ്ലീഷല്ല സംസാരിക്കുന്നത്. കാരണം അമേരിക്കക്ക് പുറത്തുള്ളവരാണ് കുറഞ്ഞത് നിർണ്ണായക മേഖലകളിൽ പ്രവർത്തിക്കുന്നവരിൽ ബഹുഭൂരിപക്ഷവും. അരോഗ്യമേഖലയിൽ ദുർബലർക്ക് ചികിത്സ ഉറപ്പാക്കാനുള്ള ഒബാമ കെയർ റദ്ദാക്കുമെന്ന് പറഞ്ഞു നടന്നില്ല, എന്തിന് ഈ കോവിഡ് സമയത്ത് ടെസ്റ്റുകൾ സ്വന്തം പാർട്ടിക്കാർ തന്നെ ആവശ്യപ്പെട്ടത് കൊണ്ട് സൗജന്യമാക്കേണ്ടിവന്നു. ട്രംപ് എന്ന സൈക്കോപാത്ത് അമേരിക്കൻ മുതലാളിത്തത്തിന്റെ പോലും നല്ല പ്രതിനിധിയല്ല. അതുകൊണ്ട് ട്രംപിന്റെ ജല്പനങ്ങൾ ഗൗരവമായി കണ്ട് ലോകമുതലാളിത്തം ശക്തിപ്പെടുമെന്നോ തീവ്ര ദേശീയത വളർന്ന് വരുമെന്നോ ഭയപ്പെടേണ്ടതില്ല. നേരെ എതിർ ദിശയിലാണ് കോവിഡ് കാലത്ത് ലോകം നീങ്ങി കൊണ്ടിരിക്കുന്നത്.

ചോദ്യം: ക്ലൈമറ്റ് പൊളിറ്റിക്‌സ്, ഗ്രീൻ പൊളിറ്റിക്‌സ് ഒക്കെ കോവിഡോഡു കൂടെ വീണ്ടും ചർച്ചയാവാൻ തുടങ്ങിയിട്ടുണ്ട് ലോകമെങ്ങും. വലിയ പരിസ്ഥിതി ബോധമുള്ള ജനാവലിയുണ്ടെങ്കിലും കേരളത്തിന് ഇതിൽ ഒറ്റയ്ക്ക് ഒന്നും ചെയ്യാനില്ല. പക്ഷേ, പരിസ്ഥിതിയുടെ രാഷ്ട്രീയം കേരളത്തിലും ഗൗരവമായി ചർച്ച ചെയ്യപ്പെടും എന്നു തോന്നുന്നില്ലേ?

നേരത്തെ കേരളത്തിൽ ചർച്ച ചെയ്യപ്പെടുകയും പിന്നീട് അവഗണിക്കപ്പെടുകയും ചെയ്ത പോയ പല ആശയങ്ങളൂം കോവിഡ് അനുഭവം മൂലം വീണ്ടും പൊതു ചർച്ചാവേദികളിൽ ഉയർന്ന് വരുന്നുണ്ട്. അത്തരമൊരു കാര്യമാണ് വൺ ഹെൽത്ത്, അല്ലെങ്കിൽ ഏകാരോഗ്യം എന്ന ആശയം. കാരണം, മിക്ക വൈറസ് രോഗങ്ങളും പുതുതായി വരുന്നത് വന്യജീവികളിൽ നിന്നാണ്. (Zoonosis) നിപാ, സാർസ് (SARS) മെഴ്സ് (MERS) , കോവിഡ് രോഗങ്ങളെല്ലാം മൃഗങ്ങളിൽ നിന്നും സസ്തനികളിൽ നിന്നും മനുഷ്യനിലെത്തിയവയാണ്. എന്തുകൊണ്ടാണ് ഈ രോഗങ്ങൾ മനുഷ്യരിലേക്ക് വരുന്നത്, ഈ ജീവജാലങ്ങൾക്ക് പരിസ്ഥിതി വിനാശം മൂലം അവരുടെ പ്രകൃതിദത്ത ആവാസവ്യവസ്ഥ നഷ്ടപ്പെടുന്നു. നിപാ അങ്ങനെ വന്നതാണ് . മലേഷ്യയിലെ വനനശീകരണത്തെ തുടർന്ന് വവ്വാലുകൾക്ക് അവരുടെ ആവാസവ്യവസ്ഥ നഷ്ടമായി. ഭക്ഷണം കിട്ടാതായി, വലിയൊരു സംഘർഷത്തിന് (Stress) വവ്വാലുകൾ വിധേയരായി. അങ്ങനെയാണ് അവയുടെ ശരീരത്തിൽ സഹജീവിച്ചിരുന്ന് വൈറസുകൾ പുറത്ത് വരുന്ന് മനുഷ്യരിലേക്ക് വ്യാപിച്ച് രോഗം പരത്തിയത്. ഇപ്പോൾ തന്നെ കോവിഡിന്റെ കാര്യമെടുക്കാം, ചൈനയിലെ വന്യജീവികമ്പോളത്തിൽ നിന്നാണ് തുടക്കം, അവർ വിചിത്ര വിശേഷ (Exotic) ആയ ജീവികളെയൊക്കെ കഴിക്കാറുണ്ട്. വെരുക്, ഈനാംപേച്ചി, തുടങ്ങിയവയെ. അങ്ങനെയാണ് അവരിലുള്ള വൈറസുകൾ മനുഷ്യനിലെത്തിയത്.

വന്യജീവികളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് മനുഷ്യരുടെ ആരോഗ്യം സംരക്ഷിക്കാൻ അത്യാവശ്യമായി വന്നിരിക്കുകയാണിപ്പോൾ. വരാനിരിക്കുന്ന കാലങ്ങളിൽ ഇതുപോലുള്ള മൃഗജന്യ രോഗങ്ങൾ (സൂണോട്ടിക്ക് ഡിസീസുകൾ) ധാരാളം വരാൻ സാധ്യതയുണ്ട്. കാരണമെന്താണ്? പരിസ്ഥിതിയിൽ നമ്മളേൽപ്പിക്കുന്ന ആഘാതം അത്ര വലുതാണ്. അതോടൊപ്പം വാണിജ്യാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വീട്ട് മൃഗങ്ങളിൽ (ആട്, പശു, പോത്ത്, പന്നി) മൃഗങ്ങളുടെ മാംസവളർച്ചയ്ക്കും തൂക്കം വർധിപ്പിക്കാനും ആരോഗ്യ സംരക്ഷണത്തിനുമായി പലവിധ ആന്റിബയോട്ടിക്കുകൾ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ അവക്ക് നൽകുന്നുണ്ട്. ഇതിന്റെ ഫലമായി രോഗാണുക്കൾ ആന്റിബയോട്ടികളോട് പ്രതിരോധശേഷി വളർത്തിയെടുക്കുന്നു. ആന്റി ബയോട്ടിക്ക് പ്രതിരോധ ശേഷിയുള്ള രോഗാണുക്കൾ വലിയൊരു ആരോഗ്യ ഭീഷണിയായി ഉയർന്ന് വന്നിരിക്കയാണ്. കാരണം മനുഷ്യരിൽ രോഗാണു ബാധയെ ചെറുക്കാൻ ആന്റിബയോട്ടിക്കുകൾക്ക് കഴിയാതെ വരുന്നു. അങ്ങിനെ ആന്റിബയോട്ടിക്ക് പ്രതിരോധ ശേഷിയുള്ള രോഗാണു ബാധവഴി മരിക്കുന്നവരുടെ എണ്ണം ആശങ്കാജനകമായി വളർന്നു വരികയാണ്. ആന്റിക്രോബൽ റസിസ്റ്റൻസ് (Anti Microbial Resistance AMR) എന്നാണതിന് പറയുന്നത്. മൃഗങ്ങളിൽ തെറ്റായുള്ള ആന്റിബയോട്ടിക് പ്രയോഗം കുറക്കണം, അവിടെയും മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവിതം ബന്ധപ്പെട്ടുകിടക്കുകയാണ്. അതുകൊണ്ടു തന്നെ ഇനിയുള്ള കാലം ഡോക്ടർമാരും വെറ്ററിനറിയേറിയൻസും ഐക്യപ്പെടേണ്ടതുണ്ട്. മനുഷ്യരുടെയും മൃഗളുടെയും ആരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കേണ്ട ഏകാരോഗ്യം (One Health) എന്ന സമഗ്ര കാഴ്ചപ്പാട് പ്രചരിപ്പിക്കാനുള്ള ദൗത്യം പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും ജനകീയാരോഗ്യത്തെക്കുറിച്ചും ശരിയായ ധാരണയുള്ള കേരളത്തിലെ ജനകീയ പ്രസ്ഥാനങ്ങൾ ഏറ്റെടുക്കേണ്ടതാണ്.

ചോദ്യം: ഈ ധാരണകളെക്കുറിച്ച് പറയുമ്പോൾ കോവിഡ് പോലുള്ള ക്രൈസിസുകളിൽ കേരള സമൂഹത്തിന് വലിയ ആശ്വാസമായി വന്നിട്ടുള്ളത് കഴിഞ്ഞ 50 വർഷങ്ങളായി നടന്ന രണ്ടു പരോക്ഷ നിക്ഷേപങ്ങളാണെന്നു പറയേണ്ടി വരും. വിദ്യാഭ്യാസ രംഗത്തും പൊതുജനാരോഗ്യ രംഗത്തും കേരളം നടത്തിയ ചിന്താപരമായ ഉൾക്കാഴ്ചയുള്ള നിക്ഷേപങ്ങൾ ഇപ്പോൾ വലിയ സാമൂഹിക ഉത്തരവാദിത്തമായി തിരിച്ചു കിട്ടുന്നുണ്ട്.

ആരോഗ്യവും വിദ്യാഭ്യാസവും മനുഷ്യരുടെ ജന്മാവകാശങ്ങളാണെന്ന് അംഗീകരിക്കുക, അത് വരുമാന സാമൂഹ്യഭേദമില്ലാതെ എല്ലാവർക്കും ലഭ്യമാക്കുക എന്നത് സ്റ്റേറ്റിന്റെ ഉത്തരവാദിത്തമായിരിക്കുക ഇങ്ങനെയൊരു നിലപാട് അംഗീകരിക്കപ്പെടേണ്ടതുണ്ട്. ഇത് വലിയൊരളവ് ഉറപ്പാക്കാൻ കഴിഞ്ഞു എന്നതാണ് കേരളത്തിന്റെ നേട്ടം. അതേയവസരത്തിൽ മറ്റൊരു കാര്യം കൂടി നാം കാണാതിരിക്കരുത്. നാം ഏറ്റവും കൂടുതൽ എതിർത്തിരുന്ന സ്വാശ്രയ മെഡിക്കൽ സ്ഥാപനങ്ങളുണ്ടല്ലോ, അവർ പൂർണമായിട്ടും സർക്കാരിനോട് സഹകരിക്കാനും അവരുടെ സൗകര്യങ്ങൾ കോവിഡ് നിയന്ത്രണത്തിനു വിട്ടുതരാനും കോവിഡ് കാലത്ത് തയ്യാറായി. ഒരു പ്രതിസന്ധിയിൽ വ്യത്യസ്തതകൾ മറന്ന് ഒരുമിച്ച് നിൽക്കുക എന്നത്, ചരിത്രപരമായി നമുക്ക് വളർത്തിയെടുക്കാൻ കഴിഞ്ഞ നമ്മുടെ സാമൂഹ്യ മൂലധനത്തിന്റെ (Social Capital) ഗുണം കൊണ്ട് കൂടിയായിരിക്കാം ഇങ്ങിനെ ഒരു നീക്കം സ്വകാര്യ മേഖലയുടെ ഭാഗത്തു നിന്നും ഉണ്ടായത്. കേരളത്തിൽ രണ്ട് കോവിഡ് ഹോസ്പിറ്റലുകൾ നാം ആരംഭിച്ചിരിക്കുന്നത് ഒന്ന് കണ്ണൂർ മെഡിക്കൽ കോളജിലും മറ്റൊന്ന് വയനാട് മെഡിക്കൽ കോളജിലുമാണ്. രണ്ടും സ്വകാര്യ മെഡിക്കൽ കോളജുകളാണ്. മറ്റു പല ഇന്ത്യൻ സംസ്ഥാനങ്ങളിലും പ്രൈവറ്റ് ഹോസ്പിറ്റലുകൾ ഏറ്റെടുക്കാൻ സർക്കാർ നിയമപരമായി ശ്രമിക്കുമ്പോഴാണ് ഇവിടെ അവർ സ്വമേധയാ മുന്നോട്ടു വന്നത്. കോവിഡ് രോഗ ചികിത്സക്കായി നമുക്ക് മൂന്നു പ്ലാനുകളാണുള്ളത്. ഇപ്പോൾ നടപ്പിലാക്കുന്നത് സർക്കാർ ആശുപത്രികളെ ആശ്രയിച്ചുകൊണ്ടുള്ള പ്ലാൻ എ ആണ്. രോഗികളുടെ എണ്ണം വർധിച്ചാൽ പ്ലാൻ ബി യും സി യും നടപ്പിലാക്കാൻ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവരും. അവരുടെ ഐ.സി.യുകൾ, വെന്റിലേറ്ററുകൾ, ഇതിന്റെയൊക്കെ കണക്ക് നമുക്ക് നൽകിയിട്ടുണ്ട്. ഇതൊരു ചരിത്ര തുടർച്ചയാണെന്ന് പറയാം. നമ്മുടെ മിഷണറിമാരും മറ്റും സ്ഥാപിച്ചത് സ്വകാര്യ ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആണല്ലോ, അതു നമ്മുടെ പൊതുജനാരോഗ്യത്തെയും പൊതു വിദ്യാഭ്യാസത്തെയും മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ടെന്ന കാര്യം കാണാതിരുന്നു കൂടാ. കേരളത്തിന്റെ സാമൂഹിക മൂലധനത്തിന് ഇങ്ങനെ പല പ്രത്യേകതകളും ഉള്ളതായി കാണാം. നമ്മൾ കേരള ചരിത്രം സ്മരിക്കുമ്പോൾ കേരളത്തെ ഇന്നത്തെ നിലയിലെത്തിച്ച ഇത്തരം സാമൂഹ്യ ഘടകങ്ങളെ മറക്കുകയും ഒഴിവാക്കയും ചെയ്യരുത്.

കേരളത്തിൽ കോവിഡ് വ്യാപനം മൂന്നാം ഘട്ടത്തിലെത്തിയ സാഹചര്യത്തിൽ സമൂഹവ്യാപനം അടക്കമുള്ള വിഷയങ്ങളെക്കുറിച്ച് ഡോ.ബി. ഇക്ബാലിന്റെ ഏറ്റവും പുതിയ അഭിമുഖം നാളെ(2020 ജൂലൈ ഒമ്പത്) ട്രൂ കോപ്പി തിങ്കിൽ വായിക്കാം

Comments