കൊറോണക്കാലത്ത് അമേരിക്കയെക്കുറിച്ച് സംസാരിക്കുമ്പോൾ

മറ്റു മഹാമാരികളുമായി താരതമ്യപ്പെടുത്തുേമ്പാൾ കോവിഡ് വലിയ ഒരു രോഗമല്ല എന്ന് പറയാം. അതേസമയം, അത് ശാസ്ത്രത്തിനും സമൂഹത്തിനും മുന്നിൽ ചില വെല്ലുവിളികളുയർത്തുന്നുണ്ട്. കൊറോണ വൈറസിൻെറ ശാസ്ത്രം വിശദീകരിച്ചുകൊണ്ട് രോഗവ്യാപനവുമായി ബന്ധപ്പെട്ട് സാമൂഹിക ശാസ്ത്രപരമായും രാഷ്ട്രീയമായും രൂപപ്പെട്ട പല വിശകലനങ്ങളെയും തിരുത്തുകയാണ് പ്രമുഖ പബ്ലിക് ഹെൽത്ത് ആക്റ്റിവിസ്റ്റുകൂടിയായ ഡോ. ബി. ഇക്ബാൽ.

കെ. കണ്ണൻ : കൊറോണ വൈറസുമായുള്ള പോരാട്ടത്തിൽ, മനുഷ്യരാശിക്കുതന്നെയായിരിക്കും അന്തിമവിജയം എന്ന് യുക്തിബോധമുള്ള ഏതു മനുഷ്യനും ഉറപ്പിക്കാം, കാരണം; മുമ്പും ഇത്തരം പ്രതിസന്ധികളിൽ ആധുനിക ശാസ്ത്രവും മനുഷ്യനും തന്നെയാണ് ജയിച്ചിട്ടുള്ളത്. അതേസമയം, ഈ വൈറസ് ശാസ്ത്രത്തിന് തീർച്ചയായും പുതിയ വെല്ലുവിളികളും ഉയർത്തുന്നുണ്ട്. ഇതുവരെയുള്ള മരണനിരക്കും വിവിധ രാജ്യങ്ങളിലെ വ്യാപനവും വച്ച് ഈ രോഗം ഉയർത്തുന്ന പുതിയ വെല്ലുവിളികൾ എന്തൊക്കെയാണ്?

ഡോ. ബി. ഇക്ബാൽ: ഒരു രാജ്യത്ത് തുടങ്ങി പല രാജ്യങ്ങളിലേക്ക് പടരുന്ന കോവിഡ്, 'പാൻഡമിക്' (മഹാമാരി) എന്ന നിലയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഏതാനും രാജ്യങ്ങളിൽ മാത്രമായി പകർച്ചവ്യാധി പ്രത്യക്ഷപ്പെടുമ്പോൾ എപ്പിഡെമിക്ക് എന്നും ഒരു രാജ്യത്തോ പ്രദേശത്തോ മാത്രമായി പരിമിതപ്പെട്ട് കാണുമ്പോൾ എൻഡമിക് എന്നും പറയുന്നു. ഇത്തരം മൂന്നു തരത്തിലുള്ള പകർച്ചവ്യാധി രോഗവ്യാപനങ്ങൾക്കും ലോകരാജ്യങ്ങൾ സാക്ഷ്യം വഹിക്കുന്നുണ്ട്.
മഹാമാരി എന്നത് ലോകത്തെ സംബന്ധിച്ച് പുതിയ കാര്യമല്ല. മുമ്പുണ്ടായ ചില മഹാമാരികളുമായി താരതമ്യപ്പെടുത്തിയാൽ, ഇതുവരെയുള്ള കണക്കനുസരിച്ച് കോവിഡ് അത്ര വലുതാണ് എന്നുപറയാൻ കഴിയില്ല. ഉദാഹരണത്തിന്, 21-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാന രോഗങ്ങളിലൊന്നായ എച്ച് വൺ എൻ വൺ 2009ൽ പൊട്ടിപ്പുറപ്പെട്ടശേഷം രണ്ടുലക്ഷം പേരാണ് മരിച്ചത്.

എൺപതുകളിൽ തുടങ്ങിയ എച്ച്.ഐ.വി/ എയിഡ്‌സ് 3.20 കോടി മനുഷ്യരെയാണ് തുടച്ചുനീക്കിയത്. 1918ൽ പൊട്ടിപ്പുറപ്പെട്ട സ്പാനിഷ് ഫ്‌ളൂ ബാധിച്ച് അഞ്ചു കോടി ജനങ്ങളാണ് മരിച്ചത്, അന്നത്തെ ജനസംഖ്യയുടെ മൂന്നിലൊന്നിനെയും ഈ രോഗം ബാധിച്ചു. ഈ കണക്കുവെച്ച്, കോവിഡ് താരതമ്യേന വലിയ ഒരു രോഗമല്ല എന്ന് പറയാം. ഇപ്പോഴത്തെ കണക്കുവെച്ച് പറയുകയാണ്.

ഡോ. ബി. ഇക്ബാൽ.
ഡോ. ബി. ഇക്ബാൽ.

പിന്നെ എന്തുകൊണ്ടാണ്, നാം ഈ രോഗത്തെക്കുറിച്ച് ഇത്ര ഉൽക്കണ്ഠപ്പെടുന്നത് അതിന് കാരണമുണ്ട്.

ലോകരാജ്യങ്ങളിൽ കാണപ്പെടുന്ന ഇത്തരം മഹാമാരികൾ ഇന്ത്യയേയോ പ്രത്യേകിച്ച് കേരളത്തെയോ ബാധിച്ചിട്ടില്ല. വസൂരി, കോളറ തുടങ്ങിയ രോഗങ്ങൾ മറക്കുന്നില്ല. പകർച്ചവ്യാധികളെക്കുറിച്ച് മുമ്പ് അധികം വിവരം ലഭ്യമായിരുന്നില്ല. ഇന്ത്യയെയും കേരളത്തെയും ബാധിക്കുമ്പോൾ മാത്രമാണ് നമുക്ക് അവയുടെ ഗൗരവം ബോധ്യപ്പെട്ടിരുന്നത്. ദൃശ്യമാധ്യമങ്ങളും ഇന്റർനെറ്റും വ്യാപകമായതോടെയാണ് ഇക്കാര്യങ്ങൾ ലോകമെങ്ങും ചർച്ചയാകുന്നത്.

എച്ച് വൺ എൻ വൺ പോലുള്ള രോഗങ്ങൾ ഇന്ത്യയിലും കേരളത്തിലും മറ്റ് രാജ്യങ്ങളെപോലെ വ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഇന്ത്യയിലും കേരളത്തിലും ലോകരാജ്യങ്ങളിലും ഒരേപോലെ വ്യാപകമായി ഒരേസമയം ഒരേരോഗം വരിക എന്നത് ആദ്യ അനുഭവമാണ്. മറ്റൊന്ന്, ലോകത്ത് എന്തുനടന്നാലും തൽസമയം നമ്മൾ അറിയുന്നു. ഇത്, രോഗത്തെക്കുറിച്ച് അമിതഭയം സൃഷ്ടിച്ചിട്ടുണ്ട്.

അതുകൊണ്ട്, കോവിഡ് വലിയ പ്രശ്‌നമല്ലെന്നല്ല അർഥം. കാരണം, രോഗം മധ്യഘട്ടത്തിലാണ്, ഇതേക്കുറിച്ച് ഇപ്പോൾ തീർത്തുപറയാൻ കഴിയാത്ത സാഹചര്യമാണ്. അതേസമയം, വസൂരി, പ്ലേഗ് തുടങ്ങിയ രോഗങ്ങളുമായി താരതമ്യം ചെയ്താൽ കോവിഡിലെ മരണനിരക്ക് കുറവാണ്. ഏപ്രിൽ ആറുവരെയുള്ള മരണനിരക്ക് 5.4 ശതമാനം മാത്രമാണ്, ഇന്ത്യയിൽ ഇതിലും കുറവാണ്, ഏതാണ്ട് മൂന്നുശതമാനത്തിൽ താഴെ മാത്രം.

വൈറസ് രോഗമെന്ന നിലയ്ക്കുള്ള പ്രതിസന്ധി കോവിഡ് ഉയർത്തുന്നുണ്ടോ?

വൈറസുകളാൽ ചുറ്റപ്പെട്ട മനുഷ്യരാശി എന്നൊരു ആശയം പലരും മുന്നോട്ട് വക്കുന്നുണ്ട്. നമുക്കുചുറ്റും വൈറസുകളാണ്, മനുഷ്യർ പ്രപഞ്ചത്തിൽ ഒറ്റപ്പെട്ട് അപകടത്തിലാണ് എന്നമട്ടിൽ. ഒരു കാര്യം ഓർക്കേണ്ടത്, നാം അടച്ചുവെച്ച നിരവധി വൈറസുകളുണ്ട്. വസൂരിയുടെ വൈറസ് ഇപ്പോൾ Russian State Centre for Research on Virology and Biotechnology, Centers for Disease Control and Prevention in Atlanta എന്നീ ലബോറട്ടറികളിൽ മാത്രമേയുള്ളൂ.

അതുപോലെ, പോളിയോ ഏതാണ്ട് പൂർണമായും നിർമ്മാർജ്ജനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതേ പോലെ നിരവധി വൈറസുകളെ നാം കൂട്ടിലടച്ചിട്ടുണ്ട്. ഒരു കാര്യം മനസ്സിലാക്കണം. മുമ്പ്, വൈറസ് രോഗങ്ങൾക്ക് മരുന്നുണ്ടായിരുന്നില്ല. ആന്റിബയോട്ടിക് ബാക്ടീരിയക്കെതിരായാണ് പ്രയോഗിക്കുന്നത്. എന്റെ വൈദ്യകാലത്ത് ബാക്ടീരിയോളജി എന്നൊരു വിഷയമാണ് പഠിപ്പിച്ചിരുന്നത്. പ്രധാനമായും ബാക്ടീറിയ, ഫംഗസ്, പാരസൈറ്റുകൾ തുടങ്ങിയവയെ സംബന്ധിച്ചാണ് പഠിപ്പിച്ചിരുന്നത്. പിന്നീട് വൈറസുകളെ പറ്റി കൂടുതൽ മനസ്സിലായപ്പോൾ അതും കൂടി ചേർത്ത് വിഷയം മൈക്രോബയോളജിയായി മാറി.
ഇന്ന് വൈറസുകൾക്ക് എതിരായ മരുന്നുകൾ (ആന്റി വൈറലുകൾ) ധാരാളമുണ്ട്. എയിഡ്‌സ് തന്നെ നല്ല ഉദാഹരണം. എയിഡ്‌സിന് 'നോ ഡ്രഗ്, നോ ട്രീറ്റ്‌മെന്റ്' എന്നാണ് അന്ന് മെഡിക്കൽ കോളജുകളിൽ പോലും പറഞ്ഞിരുന്നത്. ഇന്ന് ഒരു ഡസനിലേറെ മരുന്നുകൾ എയിഡ്‌സ് രോഗം ചികിത്സിക്കാൻ ലഭ്യമാണ്. അതിനേക്കാൾ പ്രധാനം വാക്‌സിനുകളാണ്. വസൂരിക്കെതിരെ എഡ്വാർഡ് ജന്നർ 1796 ൽ വാക്‌സിൻ കണ്ടുപിടിച്ചു, ഇന്ന് ഡിഫ്ത്തീരിയ, വില്ലൻചുമ, ടെറ്റനസ് അടക്കം നിരവധി രോഗങ്ങൾക്കെതിരെ വാക്‌സിനുണ്ട്. വൈറസുമൂലം ഉണ്ടാവുന്ന ചില തരം കാൻസറുകളും (കരൾ, ഗർഭപാത്രം: സെർവിക്‌സ്) വാക്സിൻ ഉപയോഗിച്ച് തടയാനാവും.

ഏകാരോഗ്യം ('വൺ ഹെൽത്ത്') എന്നൊരു ആശയം തന്നെ ഇന്ന് രൂപപ്പെട്ടുവന്നിട്ടുണ്ട്. മനുഷ്യർക്കൊപ്പം മൃഗങ്ങളുടെയും ആരോഗ്യവും പരിസ്ഥിതി സംരക്ഷണവും ഒന്നായി കണ്ട് കൊണ്ടുള്ള സമഗ്ര സമീപനം സ്വീകരിക്കണം.

ഞാൻ 1971ൽ തിരുവനന്തപുരം മെഡിക്കൽകോളജിൽ പീഡിയാട്രിക്‌സിൽ ഹൗസ് സർജൻസി ചെയ്യുന്ന കാലത്ത്, ഒരു രാത്രി മാത്രം 14 പേരാണ് ഡിഫ്തീരിയ വന്ന് മരിച്ചത്. എന്നാൽ ഇന്ന് വ്യാജപ്രചാരണത്തിന്റെ ഭാഗമായി വാക്‌സിൻ എടുക്കാതിരിക്കുന്ന ഒന്നോ രണ്ടോ പേർ മാത്രമേ ഡിഫ്തീരിയ ബാധിച്ച് മരിക്കുന്നുള്ളൂ.

മാത്രമല്ല, അന്ന് തിരുവനന്തപുരം മെഡിക്കൽകോളജിൽ ഇത്തരം രോഗങ്ങൾക്ക് ചികിൽസിക്കാൻ infectious diseases ioslation ward സജ്ജമാക്കിയിരുന്നു. പിന്നീട്, പകർച്ചവ്യാധികളുള്ള രോഗികൾ കുറഞ്ഞതിനെതുടർന്ന് ഈ വാർഡുകൾ ഒഴിപ്പിച്ചാണ് ഹൗസ് സർജൻസിന് താമസിക്കാൻ ഇടമൊരുക്കിയത്. വൈറസ് പരത്തുന്ന ഒട്ടനവധി മഹാമാരികളെ നിയന്ത്രിക്കുകയും തടയുകയുംചികിൽസിച്ച് ഭേദപ്പെടുത്തുകയും ചെയ്ത ചരിത്രം കൂടി ശാസ്ത്രത്തിനുണ്ട്.
അതേസമയം, മുമ്പില്ലാതിരുന്ന ചില വെല്ലുവിളികൾ ഇന്ന് ഇത്തരം രോഗങ്ങളുടെ കാര്യത്തിലുണ്ട്. പല വൈറസ് രോഗങ്ങളും മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് വരുന്നതാണ്. ഇവയെ മൃഗജന്യ രോഗങ്ങൾ(Zoonotic Diseases) എന്ന് വിളിക്കുന്നു.
മൃഗങ്ങളും പക്ഷികളും കീടങ്ങളും അവയുടെ ആവാസവ്യവസ്ഥയിൽനിന്ന് മാറ്റപ്പെട്ട് മനുഷ്യനുമായി കൂടുതൽ അടുത്ത് സഹവസിക്കേണ്ട സാഹചര്യമുണ്ടാവുമ്പോൾ ഇവയുടെ ശരീരത്തിൽ സഹജമായുള്ള വൈറസുകൾ മനുഷ്യശരീരത്തിലേക്ക് പടരും. പിന്നെ, മനുഷ്യനിൽനിന്ന് മനുഷ്യനിലേക്കും. ഈ രോഗാണുക്കൾ പലതും മൃഗങ്ങളുടെയും പക്ഷികളുടെയും ശരീരത്തിൽ സ്ഥിരമായി വസിക്കുന്നവയാണ്, രോഗാണുക്കളായല്ല എന്നു മാത്രം.

വനനശീകരണം, കാലാവസ്ഥ വ്യതിയാനം, വലിയ കുടിയേറ്റങ്ങൾ, രാജ്യങ്ങളിൽനിന്ന് രാജ്യങ്ങളിലേക്കും ഭൂഖണ്ഡങ്ങളിലേക്കുമുള്ള മനുഷ്യരുടെ വൻതോതിലുള്ള യാത്രകൾ, പ്രകൃതിയിൽ മനുഷ്യർ നടത്തുന്ന അതിക്രമങ്ങൾ എന്നിവ മൂലം മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് ഇവ പടരും. അതുകൊണ്ട്, ഏകാരോഗ്യം ('വൺ ഹെൽത്ത്') എന്നൊരു ആശയം തന്നെ ഇന്ന് രൂപപ്പെട്ടുവന്നിട്ടുണ്ട്. മനുഷ്യർക്കൊപ്പം മൃഗങ്ങളുടെയും ആരോഗ്യവും പരിസ്ഥിതി സംരക്ഷണവും ഒന്നായി കണ്ട് കൊണ്ടുള്ള സമഗ്ര സമീപനം സ്വീകരിക്കണം. അതിലൂടെ പല മാരകരോഗങ്ങളുടെയും വ്യാപനം തടയാനാവും
കൊറോണ വൈറസിനുമുമ്പും ശേഷവും എന്ന മട്ടിൽ വിഭജിക്കപ്പെടുന്ന അത്ര ആഘാതം മനുഷ്യരാശിക്കുമേൽ ഈ രോഗം ഉണ്ടാക്കാനിടയില്ല എന്നാണോ അർഥമാക്കുന്നത്?
മലയാളിയെയും ഇന്ത്യക്കാരെയും സംബന്ധിച്ച് കൊറോണക്കുമുമ്പും ശേഷവും എന്ന വിഭജനം ഉണ്ടാകും. ലോകത്തെ സംബന്ധിച്ച് ഉണ്ടാകില്ല. കാരണം, മലയാളിയെ സംബന്ധിച്ച്, നമ്മുടെ നൈസർഗികമായ ചില പ്രവണതകളെ മാറ്റിനിർത്തേണ്ടിവന്ന ഘട്ടമാണിത്. നമ്മൾ സംഘം ചേരുന്ന സമൂഹമാണ്, അയിത്തം ഇല്ലാതാക്കിയ സമൂഹമാണ്. എന്നാൽ, ഇപ്പോൾ നമ്മൾ സാമൂഹിക അകലം പാലിക്കുമ്പോൾ അതിനെ ഒരർഥത്തിൽ അയിത്തമെന്ന രീതിയിൽ വ്യാഖാനിക്കാം. മുമ്പ് ചിലരെ മാത്രമാണ് അയിത്തത്തിന്റെ പേരിൽ മാറ്റിനിർത്തിയിരുന്നത്, ഇപ്പോൾ എല്ലാവരും മാറ്റിനിർത്തപ്പെടുന്നു.

മറ്റൊന്ന്, മുതിർന്നവരും ചെറുപ്പക്കാരും ഇടകലർന്ന് ജീവിക്കുന്ന സമൂഹമാണ് നമ്മുടേത്. മുതിർന്നവരുടെ ആനന്ദം എന്നുപറയുന്നതുതന്നെ മക്കളോടും കൊച്ചുമക്കളോടുമൊപ്പം ജീവിക്കുക എന്നതാണ്. മാതാപിതാക്കൾ മക്കളിൽ നിന്നും കൊച്ചുമക്കളിൽ നിന്നും അകന്നുനിൽക്കേണ്ടിവരുന്നു. മലയാളിയുടെ ഇത്തരം സവിശേഷതകൾ വെച്ചുനോക്കുമ്പോൾ കോറോണക്കു മുമ്പും ശേഷവും എന്ന വിഭജനം ഉണ്ടാകാനിടയുണ്ട്. എന്നാൽ, ഇതിന് ചില ഗുണങ്ങളുമുണ്ട്.

ഒന്ന്, വായന കൂടുന്നു, ശാസ്ത്രം സംസാരിക്കുന്നു, കേൾക്കുന്നു, മനസ്സിലാക്കുന്നു. പകർച്ചവ്യാധികൾ ലോകത്തിലെ ജനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന ആലോചനകളിലേക്ക് നാം എത്തുന്നു. ഞാൻ ഇത്തരം വിഷയങ്ങളിൽ ഇടപെടുകയും സംസാരിക്കുകയുമൊക്കെ ചെയ്യുന്നയാളാണ്. എന്നാൽ, ഇപ്പോഴാണ് പാൻഡമിക്കുകളെക്കുറിച്ച് ഏതാനും പുസ്തകങ്ങൾ വായിച്ചത്.
പ്ലേഗ്, കുഷ്ഠം, വസൂരി തുടങ്ങിയ പകർച്ചവ്യാധികളെ നേരിട്ടതിലൂടെ ആർജിച്ച അനുഭവജ്ഞാനം ശാസ്ത്രത്തിനും സമൂഹത്തിനുമുണ്ടല്ലോ. കൊറോണയെ നേരിടാൻ ഇതിനെ ഏതുവിധത്തിൽ പ്രയോജനപ്പെടുത്താൻ കഴിയും?

ഇത്തരത്തിൽ ഒരു രോഗം വന്നാലുടൻ അത് ഏത് വൈറസാണ് ഉണ്ടാക്കുന്നതെന്ന് തിരിച്ചറിയാൻ കഴിയണം. എച്ച്.ഐ.വി വന്നപ്പോൾ അത് വൈറസ് മൂലമാണെന്നുതന്നെ അറിഞ്ഞിരുന്നില്ല. ശരീരത്തിന്റെ രോഗപ്രതിരോധശേഷി ഇല്ലാതാക്കുന്ന ഒരു രോഗം എന്നുമാത്രമാണ് മനസ്സിലായത്. തുടക്കത്തിൽ ഇതിനെ 'ഗേ പ്ലേഗ്' എന്നുപോലും വിളിച്ചിരുന്നു. പിന്നീടാണ്, ഈ രോഗത്തിനുപുറകിൽ ഒരു വൈറസാണ് എന്ന് അറിയുന്നത്.

എന്നാൽ, ഇപ്പോൾ നാം ഈ രോഗത്തിനുകാരണം ഏഴാമത്തെ കൊറോണ വൈറസ് ആണ് എന്ന് കൃത്യമായി തിരിച്ചറിഞ്ഞിരിക്കുന്നു. ആ വൈറസിനെ കണ്ടെത്തി അതിന്റെ ജനിതകഘടന ഏതാനും ദിവസങ്ങൾക്കകം തന്നെ നിർധാരണം (Genetic Sequencing) ചെയ്ത് SARS-CoV-2 എന്ന് പേരിട്ടു. ഹ്യുമൻ ജീനോം പ്രോജക്റ്റിന്റെ ഭാഗമായിട്ടാണ് മനുഷ്യരുടേതിനോടൊപ്പം മറ്റ് ജീവികളുടെയും ജനിതക ഘടന നിർധാരണം ചെയ്ത് തുടങ്ങിയത്.
മറ്റൊരു വെല്ലുവിളി വൈറസുകൾക്ക് സംഭവിക്കുന്ന ജനിതകമാറ്റമാണ് (Mutations). ഒരു വൈറസിന് വാക്‌സിൻ കണ്ടെത്തിയെന്നിരിക്കട്ടെ. എന്നാൽ, ഇതേ വൈറസ് ജനിതകമാറ്റത്തിനുശേഷം രോഗമുണ്ടാക്കിയ മറ്റൊരു സമൂഹത്തിൽ ഈ വാക്‌സിൻ പ്രയോജന പെടണമെന്നില്ല.
ഇപ്പോൾ വൈറസുകൾക്ക് സംഭവിക്കുന്ന വിവിധ ജനിതക മാറ്റങ്ങൾ പഠിച്ച് ഇതെല്ലാം ചേർത്ത് ഒരു പൊതുവിജ്ഞാനകേന്ദ്രത്തിൽ, ജീൻബാങ്കിൽ നിക്ഷേപിക്കുന്നു. ഇതുപയോഗിച്ചാണ് വാക്‌സിൻ ഉണ്ടാക്കുന്നത്. ഫ്‌ളൂ വാക്‌സിൻ എടുക്കുക.

ഓരോ വർഷവും വരുന്ന വ്യതിയാനങ്ങൾ പരിശോധിച്ചശേഷം, നവംബറിലാണ് പുതിയ വാക്‌സിൻ പുറത്തിറക്കുന്നത്. അതുകൊണ്ട്, ഞാൻ വർഷം തോറും ഫ്‌ളൂ വാക്‌സിൻ നവംബറിലാണ് എടുക്കാറ്. കൊറോണക്കെതിരെ ഇപ്പോൾ ലഭ്യമായ മറ്റ് രോഗങ്ങൾക്കുപയോഗിക്കുന്ന ആന്റി വൈറൽ മരുന്നുകളും പ്രയോഗിച്ച് നോക്കുന്നുണ്ട്, പരീക്ഷണ ഘട്ടത്തിലാണ്.
പണ്ട് രോഗാണുവിനെക്കുറിച്ച്, അത് എങ്ങനെ വ്യാപിക്കുന്നു എന്നതിനെക്കുറിച്ചൊക്കെ കാര്യമായ അറിവുണ്ടായിരുന്നില്ല. ഇന്ന് രോഗവ്യാപനശാസ്ത്രം (Epidemiology) ഏറെ വികസിച്ചിട്ടുണ്ട്. അതുകൊണ്ടാണ് സ്രവം വഴിയും പ്രതലങ്ങൾ വഴിയുമൊക്കെ വൈറസ് എങ്ങിനെ പടരുന്നു എന്ന് മനസ്സിലാക്കി കൊറോണയുടെ വ്യാപനരീതി തിരിച്ചറിഞ്ഞ് ശരീരഅകലം പാലിച്ചും കൈകൾ കഴുകിയും കരുതലെടുക്കാൻ കഴിയുന്നത്.

ആലങ്കാരികമായി പറയുകയാണെങ്കിൽ, അമേരിക്കയിലെ ന്യൂയോർക്കിൽ രോഗം നിയന്ത്രിക്കാതെ കേരളത്തിൽ കോവിഡിനെ പൂർണ്ണമായും നിയന്ത്രിക്കാൻ കഴിയില്ല

അതുപോലെ, കോവിഡ് പ്രധാനമായും ശ്വാസകോശങ്ങളെ ബാധിച്ച് Acute Respiratory Distress Syndrome എന്ന മൂർച്ചാവസ്ഥയിലെത്തുമ്പോഴാണ് അപകടാവസ്ഥയെ പ്രാപിക്കുന്നതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞതുകൊണ്ടാണ്, അതിന് ആവശ്യമുള്ളത്ര വെന്റിലേറ്ററുകളും അനുബന്ധ സംവിധാനങ്ങളും ഒരുക്കാൻ കഴിയുന്നത്. അതുകൊണ്ട്, ഇന്ന് ഇത്തരമൊരു രോഗത്തെ വേഗത്തിൽ തന്നെ തടയാനും ഭേദപ്പെടുത്താനും കഴിയുന്നത്.

കൊറോണ വൈറസിന്റെ ചൈനയിൽനിന്നുള്ള വ്യാപനവഴി- റൂട്ട്മാപ്പ് എന്നുപറയാം- പരിശോധിച്ചാൽ, അത് തീർത്തും ജൈവശാസ്ത്രപരം മാത്രമാണോ, അതോ ഭൂമിശാസ്ത്രപരമായ കാരണങ്ങൾ വൈറസിന്റെ വ്യാപനത്തെ നിർണയിക്കുന്നുണ്ടോ?

അന്തരാഷ്ട്ര യാത്രയും മറ്റും വർധിച്ച് വരുന്ന സാഹചര്യത്തിൽ ഒരാൾ വഴി മാത്രം ഇത്തരം രോഗങ്ങൾ പല ഭൂഖണ്ഡങ്ങളിൽ തന്നെ എത്തിയെന്ന് വരാം. ഹോങ്കോംഗിൽ നടന്ന ഒരു അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുത്ത ഒരു ചൈനീസ് ശാസ്ത്രജ്ഞൻ വഴിയാണ്, അഞ്ചു രാജ്യങ്ങളിലേക്ക് സാർസ് പടർന്നത്. ആ സമ്മേളത്തിൽ നിരവധി രാജ്യങ്ങളിൽനിന്ന് പ്രതിനിധികൾ പങ്കെടുത്തിരുന്നു.

കേരളം തന്നെയെടുക്കാം. മറ്റു സംസ്ഥാനങ്ങളിലേക്കും അവിടെനിന്നും ഇവിടേക്ക് ആളുകൾ വരുന്നു. ലോകരാജ്യങ്ങളിലേക്ക് നാം സഞ്ചരിക്കുന്നു. ഇതെല്ലാം രോഗവ്യാപനം അതിവേഗമാക്കുന്ന ഘടകങ്ങളാണ്. മുമ്പ് സാവധാനത്തിലായിരുന്നു വ്യാപനമെങ്കിൽ ഇന്ന് രോഗവ്യാപനം അതിവേഗത്തിലാക്കുന്ന ഘടകങ്ങൾ ഇതെല്ലാമാണ്. കേരളത്തിൽ മറ്റ് രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണല്ലോ രോഗം പരത്തിയത്. അത് പോലെ രോഗം ബാധിച്ചയാൾ എത്രപേരിലേക്ക് രോഗം പരത്താൻ സാധ്യതയുണ്ടെന്നതും പ്രധാനമാണ് R naught ®(R0) എന്നാണിതിനെ പറയുക. കോറോണ കൂടുതലാലുകളിലേക്ക് പകരുന്ന രോഗമാണ് R0 മൂന്നോ നാലോ ആവാം. ഭൂമിശാസ്ത്രപരവും രോഗ്യവ്യാപന പരവുമായ പല ഘടകങ്ങളും രോഗ വ്യപനത്തെ നിശ്ചയിക്കുന്നുണ്ട്.
മരുന്നുപരീക്ഷണം, പുതിയ മരുന്നുകളുടെ കണ്ടെത്തൽ തുടങ്ങിയ വിഷയങ്ങളിൽ മൂലധനം, സാമ്രാജ്യത്വം, കോർപറേറ്റിസം തുടങ്ങിയ നിരവധി ബാഹ്യഘടകങ്ങൾ ഇടപെടുന്നുണ്ട്. കൊറോണക്കെതിരായ മരുന്നിന് ലോകമെങ്ങും കമ്പനികളും ഗവേഷകരും പരീക്ഷണത്തിലാണ്. ലോകാരോഗ്യസംഘടനയും 'സോളിഡാരിറ്റി ട്രയൽ' നടത്തുന്നു. ഈ ഗവേഷണങ്ങളുടെ ജനപക്ഷ ഫലം എങ്ങനെയായിരിക്കും?

പൊതുവെ പറയാവുന്നത്, ഒരു കുത്തക കമ്പനി വാക്‌സിൻ വികസിപ്പിച്ചെടുക്കുന്നു, അതിന് പേറ്റന്റ് നേടിയെടുക്കുന്നു, അതോടെ അതിന്റെ അവകാശം അവർക്ക് ലഭിക്കുന്നു. അവർക്കിഷ്ടമുള്ള വിലയിടുന്നു. അത് പലപ്പോഴും സാധാരണക്കാർക്ക് താങ്ങാവുന്നതാവില്ല. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് മറ്റ് പല കാര്യങ്ങളുണ്ട്.

എല്ലാവരെയും ബാധിക്കുന്ന ഒരു രോഗത്തിനുള്ള വാക്‌സിൻ ധാരാളം പേർ ഉപയോഗിക്കേണ്ടിവരുമ്പോൾ സ്വഭാവികമായും വില കുറയുകയാണ് ചെയ്യുക. ഉദാഹരണം ഹെപ്പറ്റൈറ്റിസ് ബി വാക്‌സിൻ. ഈ വാസ്‌കിൻ സാർവത്രിക ഇമ്മ്യൂണൈസേഷന്റെ ഭാഗമാക്കിയപ്പോൾ വിലകുറഞ്ഞു. രണ്ടാമത്, ട്രിപ്‌സ് വ്യവസ്ഥയനുസരിച്ച്, അമിത വില ഈടാക്കിയാൽ മറ്റു രാജ്യങ്ങൾക്ക് നിർബന്ധിത ലൈസൻസ് വകുപ്പ് പ്രകാരം കുറഞ്ഞ വിലയ്ക്ക് മരുന്ന് ഉൽപാദിപ്പിക്കാൻ അവകാശം ലഭിക്കും.
മൂന്നാമത്, ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള ഗവേഷണം പൊതുമണ്ഡലത്തിൽ നടക്കുന്നതാണ്. വൈറസിന്റെ ജനിതകഘടന ഇന്ന് പൊതുവായി എല്ലാവർക്കും പ്രാപ്യമാണ്.

അതുകൊണ്ട്, ആർക്കുവേണമെങ്കിലും ഈ ഡാറ്റ ഉപയോഗിച്ച് വാക്‌സിനുവേണ്ടി ഗവേഷണം നടത്താം, ഒരു പൊതുമേഖലാ കമ്പനിക്കും അത് ചെയ്യാം. നമ്മൾ ചെയ്യേണ്ടത്, പൊതുമേഖലാ സ്ഥാപനങ്ങളിലൂടെ ഇത്തരം ഗവേഷണങ്ങൾ നടത്തുകയാണ്.

ഇപ്പോൾ തന്നെ ശ്രീചിത്രതിരുനാൾ മെഡിക്കൽ സെന്റർ നിരവധി പുതിയ കണ്ടുപിടുത്തങ്ങൾ നടത്തുകയും അതിന്റ ഫലമായുണ്ടാവുന്ന ഹാർട്ട് വാൽവ് പോലുള്ള ഉൽപ്പന്നങ്ങൾ മാർക്കറ്റ് ചെയ്യുന്നുമുണ്ട്. കുത്തകവൽക്കരണത്തെ ഇന്ത്യയെപ്പോലൊരു രാജ്യത്തിന് ദേശീയ ഗവേഷണത്തിലൂടെ ഇങ്ങനെ ചെറുക്കാനാകും.

കോവിഡിന്റെ കാര്യത്തിൽ, കേരളത്തിൽ കൂടുതൽ റിക്കവറിയും കുറഞ്ഞ മരണവുമാണ് ഉണ്ടായത് എന്നൊരു റിപ്പോർട്ടുണ്ടായിരുന്നു. ഇത് എങ്ങനെയാണ് സംഭവിച്ചത്?

ഈ രോഗം വന്നാൽ, 80 ശതമാനം പേർക്കും അത് നിസ്സാരമായിരിക്കും. 15 ശതമാനത്തിനേ തീവ്രമായ നിലയുണ്ടാകൂ, അഞ്ചുശതമാനത്തിനുമാത്രമേ കൂടുതൽ തീവ്രമാകൂ. ഈ അവസ്ഥകൾക്ക് നിരവധി കാരണങ്ങളുണ്ട്. പ്രധാന കാരണം, പ്രായാധിക്യം, മറ്റൊന്ന്, മറ്റ് ഗുരുതര രോഗങ്ങളൂടെ സാന്നിധ്യം. കേരളം ശരിയായ ദിശയിലാണ് നീങ്ങുന്നത്, എന്നാൽ കോവിഡിനെ പൂർണ്ണമായും നിയന്ത്രിച്ചു എന്ന് പറയാറായിട്ടില്ല.

ആവശ്യത്തിന് കരുതൽ നടപടിയെടുക്കുന്നതിൽ അവർക്ക് വീഴ്ച പറ്റിയെന്ന വിമർശനം ശരിയാണ്. കൂടാതെ, ഡോണൾഡ് ട്രംപിന്റെ ഭ്രാന്തൻ ജൽപ്പനങ്ങളും. അദ്ദേഹം ഒരു 'സൈക്കോ പാത്ത്' ആണ്. അതിന്റെ പ്രശ്‌നങ്ങളുമുണ്ട്.

മാത്രമല്ല, കേരളത്തിനുമാത്രമായി നിയന്ത്രിക്കാനുമാകില്ല. ഇന്ത്യയിൽ തന്നെ, കൂട്ടപ്രാർഥന നടത്തുന്ന ഒരു കേന്ദ്രത്തിലുണ്ടായ രോഗമാണ് നിരവധി സംസ്ഥാനങ്ങളിൽ രോഗം പടർത്തിയത്. അതുപോലെ കാസർകോട്ട് ഒരാൾ നിരുത്തരവാദപരമായി പെരുമാറി, അതിന്റെ ഫലമായി ആ ജില്ല ഹോട്ട്‌സ്‌പോട്ടായി മാറി. ഹോട്ട്‌സ്‌പോട്ടുകൾ നമ്മുടെ നിയന്ത്രണത്തിലല്ല. ഗൾഫിൽ ഇപ്പോഴാണ് ലോക്ക്ഡൗൺ നടപ്പാക്കിയത്. അതിനുമുമ്പേ അവിടെനിന്ന് ആളുകൾ കേരളത്തിലെത്തിയിട്ടുണ്ട്. ഇതെല്ലാം നമ്മുടെ നിയന്ത്രണത്തിലല്ല. ഇങ്ങനെ നിരവധി ഘടകങ്ങൾ കണക്കിലെടുക്കേണ്ടതുണ്ട്.

സാമൂഹിക നീതിയുടെയും തുല്യതയുടെയും അടിസ്ഥാനത്തിലുള്ള ആധുനിക വൈദ്യശാസ്ത്രത്തിന്റെ ജനാധിപത്യവൽക്കരമാണ് കേരളത്തിന്റെ സവിശേഷതകളിലൊന്ന് എന്നുപറയാറുണ്ട്. ആധുനിക മെഡിക്കൽ വിദ്യാഭ്യാസത്തിന്റെയും പ്രാക്ടീസിന്റെയും ജനപക്ഷപ്രയോഗം എത്രമാത്രം ഫലപ്രദമാണ് കേരളത്തിൽ?
കേരളത്തിന് ചില മേന്മകളുമുണ്ട്. നമ്മുടെ ആരോഗ്യസംവിധാനം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശക്തവും ചിട്ടയോടെയും സാമൂഹ്യനീതിയുടെ അടിസ്ഥാനത്തിലും പ്രവർത്തിക്കുന്നതാണ്. മാത്രമല്ല, കേരളത്തിന് വലിയൊരു സാമൂഹിക മൂലധനമുണ്ട്. ദുരന്തകാലത്ത് ജനങ്ങളെയെല്ലാം ഒന്നിച്ചുനിർത്താൻ പ്രേരിപ്പിക്കുന്ന പൊതു സോഷ്യൽ കാപ്പിറ്റൽ, പ്രളയകാലത്ത് അത് കണ്ടതാണ്.

ഒപ്പം, നമുക്ക് വൈദഗ്ധ്യത്തിന്റെ മൂലധനവുമുണ്ട്. ഇതെല്ലാം വെച്ച്, രോഗങ്ങൾ നിയന്ത്രിക്കുന്നതിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്നിലാണ്. അതുകൊണ്ട്, കോവിഡിനെ നേരിടാൻ കേരളം പ്രാപ്തമാണ്. അതേസമയം, കേരളത്തിനുമാത്രമായി ഈ രോഗത്തെ നിയന്ത്രിക്കാനും കഴിയില്ല. ആലങ്കാരികമായി പറയുകയാണെങ്കിൽ, അമേരിക്കയിലെ ന്യൂയോർക്കിൽ രോഗം നിയന്ത്രിക്കാതെ കേരളത്തിൽ കോവിഡിനെ പൂർണ്ണമായും നിയന്ത്രിക്കാൻ കഴിയില്ല. കാരണം, അവിടെനിന്ന് ധാരാളം പേർ പല റൂട്ടുകളിലൂടെ കേരളത്തിലേക്കുവരാൻ സാധ്യതയുണ്ട്.

കോവിഡുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്തസമ്മേളനത്തിൽ കേരളത്തെയും ന്യൂയോർക്കിനെയും താരതമ്യപ്പെടുത്തിയിരുന്നു, അവിടത്തെയും ഇവിടുത്തെയും ജനസംഖ്യയും രോഗവ്യാപനവും ചൂണ്ടിക്കാട്ടി. താങ്കളുടെ വിശദീകരണം വെച്ചുകൊണ്ട് ഈ താരതമ്യം അടിസ്ഥാനരഹിതമാണെന്നു പറയാമോ?

ജനങ്ങൾക്ക് ആത്മവിശ്വാസമുണ്ടാക്കാൻ നമ്മുടെ നേട്ടങ്ങൾ പറയുകതന്നെ വേണം. അദ്ദേഹത്തിന്റെ വാർത്തസമ്മേളനം എല്ലാവരും ദിവസവും കണ്ടുകൊണ്ടിരിക്കുകയാണ്. അപ്പോൾ, നാം മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നു എന്നുതന്നെ പറയണം. ആ സന്ദർഭത്തിൽ പറയേണ്ടതുതന്നെയാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ, മറ്റൊരു സന്ദർഭത്തിൽ ശാസ്ത്രീയമായി, രോഗവ്യാപനരീതി വെച്ച് പരിശോധിക്കുമ്പോൾ മറ്റു ചില കാര്യങ്ങൾ കൂടിയുണ്ട് എന്നതും പരിഗണിക്കണം.

ന്യൂയോർക്കിലെ ജനസാന്ദ്രത സ്‌ക്വയർ കിലോമീറ്ററിന് 12,000- 20,000 ആണ്, കേരളത്തിൽ 860. ലോകത്തെ മുഴുവൻ ബന്ധപ്പെടുത്തുന്ന എയർ റൂട്ടുകൾ ന്യൂയോർക്കിലേക്കുണ്ട്, ലക്ഷക്കണക്കിനുപേരാണ് അവിടേക്കുവരുന്നത്. ചൈനയിലെ വുഹാനിൽ ജനുവരിയിലാണല്ലോ രോഗം വ്യാപിച്ചത്. ഫെബ്രുവരി രണ്ടിനാണ് ന്യൂയോർക്ക് വിമാനത്താവളം ഭാഗികമായി അടച്ചത്, പൂർണമായി വിമാനത്താവളം അടക്കാനാകില്ല, കാരണം, അവിടത്തെ 20 ശതമാനം പേരും വിദേശത്തുനിന്ന് വരുന്നവരാണ്. അതിനകം, 4,30,000 ചൈനക്കാർ അമേരിക്കയിലെത്തിയിരുന്നു. വൂഹാനിൽനിന്നുമാത്രം 40,000 പേർ അമേരിക്കയിലെത്തി.

ഒരു കാര്യം ഉറപ്പാണ്: അമേരിക്കൻസാങ്കേതിക വിദ്യകൾ ഒഴിവാക്കി കൊറോണയെ നമുക്ക് പരാജയപ്പെടുത്താനാകില്ല.

എന്റെ അനുഭവം പറയാം. എന്റെ മകൻ ടെക്‌സാസിൽ സൻ അന്റോണിയോ എന്ന ചെറിയ ടൗണിലാണ് താമസിക്കുന്നത്. അവൻ പറഞ്ഞത്, ആ ചെറിയ ടൗണിലാണ് ആദ്യമായി രോഗം വന്നത് എന്നാണ്. കാരണം, അവിടെ വലിയൊരു ചൈനീസ് കുടിയേറ്റ വിഭാഗമുണ്ട്. അമേരിക്കയിൽ പൊതുവിൽ തന്നെ വലിയൊരു ചൈനീസ് കുടിയേറ്റ ജനസംഖ്യയുണ്ട്. ഇതുകൊണ്ടാണ്, അമേരിക്കയിലും ന്യൂയോർക്കിലും രോഗം ഇത്ര വ്യാപിച്ചത്. എന്നാൽ, ആവശ്യത്തിന് കരുതൽ നടപടിയെടുക്കുന്നതിൽ അവർക്ക് വീഴ്ച പറ്റിയെന്ന വിമർശനം ശരിയാണ്. കൂടാതെ, ഡോണൾഡ് ട്രംപിന്റെ ഭ്രാന്തൻ ജൽപ്പനങ്ങളും. അദ്ദേഹം ഒരു 'സൈക്കോ പാത്ത്' ആണ്. അതിന്റെ പ്രശ്‌നങ്ങളുമുണ്ട്.

കോവിഡ് സ്ഥിരീകരിച്ച രോഗികളുടെ എണ്ണം ഏറ്റവും വേഗം ലക്ഷം കവിഞ്ഞ രാജ്യമാണ് അമേരിക്ക. രോഗത്തിന്റെ സാമൂഹികാഘാതം ഏറ്റവും രൂക്ഷമാകുന്ന രാജ്യം കൂടിയാണ് യു.എസ് എന്ന് ലോകാരോഗ്യസംഘടനയും മുന്നറിയിപ്പുനൽകിയിട്ടുണ്ട്. അമേരിക്കയാണ് ഇന്ന് ലോകരാഷ്ട്രങ്ങൾക്കുമുന്നിൽ പ്രതിക്കൂട്ടിൽ നിൽക്കുന്നത്. ഈ അമേരിക്കൻ ദുരന്തത്തിന് കാരണം എന്താണ്?

ഇതിന് രണ്ടുവശങ്ങളുണ്ട്. ഞാൻ അമേരിക്കയിലെ ആരോഗ്യസംവിധാനം 30 വർഷമായി വളരെ അടുത്ത് നിരീക്ഷിക്കുന്നയാളാണ്. ഇതേക്കുറിച്ച് ഞാൻ ഒരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും സ്വകാര്യവൽക്കരിക്കപ്പെട്ട, സ്വകാര്യ ഇൻഷൂറൻസിന്റെ അടിസ്ഥാനത്തിലുള്ള, ധനികരെ കേന്ദ്രീകരിച്ച സംവിധാനമാണ് അമേരിക്കയിലേത്.

അമേരിക്കൻ ആരോഗ്യ സംവിധാനത്തെ പറ്റി പുറത്തുള്ളവർ മനസ്സിലാക്കുന്നത് അമേരിക്കയിലെ സാമൂഹ്യാരോഗ്യ പ്രവർത്തകരും മറ്റും നടത്തുന്ന വിമർശനപരമായ പഠനങ്ങളിലൂടെയാണ് എന്നത് മറക്കരുത്. സ്വയം വിമർശനം ഏറ്റവുമധികം നടക്കുന്ന രാജ്യം കൂടിയാണത്. ഉദാഹരണത്തിന്, ഹിലാരി ക്ലിന്റന്റെ ഒരു കോളം വായിച്ചാണ് ഞാൻ അവിടുത്തെ ആരോഗ്യമേഖലയിലെ കുഴപ്പങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നത്. ഇന്ന്, കൊറോണയുമായി ബന്ധപ്പെട്ട് അമേരിക്കൻ സമ്പദ്ഘടനയെക്കുറിച്ച് വിമർശനം ഉന്നയിക്കുന്നത് 92 വയസ്സുള്ള നോം ചോംസ്‌കിയാണ്. ആ സ്വാതന്ത്ര്യം അവർക്കുണ്ട്, അത് നാം കാണാതിരുന്നുകൂടാ.
ചൈനയിലെ കാര്യം നോക്കൂ; അവിടെ നടക്കുന്ന കാര്യങ്ങളെ വിമർശിച്ചതിന് ഒരു ഡോക്ടറോട്, താൻ പറഞ്ഞത് തെറ്റാണെന്ന് അവർ എഴുതിവാങ്ങിച്ചു. അദ്ദേഹം പിന്നീട് കോവിഡ് ബാധിച്ച് മരിച്ചു. വിമർശനമുന്നയിച്ച മറ്റൊരു വനിത ഡോക്ടർ എവിടെയാണെന്നുപോലും അറിയില്ല.
അമേരിക്കയിലെ ആരോഗ്യസംവിധാനത്തിന്റെ ഏറ്റവും വലിയ വിമർശകർ അവർ തന്നെയാണ്. ലളിതമായി പറഞ്ഞാൽ, അവിടെ 30 ലക്ഷം പേർക്ക് ചികിൽസ കിട്ടുന്നില്ല, ഈ വിവരം എനിക്ക് കിട്ടിയത്, ഒബാമ പറഞ്ഞ കണക്കിൽനിന്നാണ്.

അതുകൊണ്ടാണ് പാവപ്പെട്ടവർക്ക് ചികിത്സ ഉറപ്പാക്കാൻ ഒബാമ ''ഒബാമ കെയർ'' എന്ന പദ്ധതി കൊണ്ടുവന്നത്. അത് റിപ്പബ്ലിക്കൻസിന് ഇഷ്ടമായില്ല, കാരണം ധനികർക്കുമേൽ കൂടുതൽ നികുതി ചുമത്തുന്നതുകൊണ്ട്. ഇൻഷൂറൻസ് കമ്പനികളുടെ താൽപര്യത്തിനും പദ്ധതി എതിരായിരുന്നു. അതുകൊണ്ട്, താൻ അധികാരത്തിലെത്തിയാൽ ഒമാബ കെയർ മാറ്റുമെന്നാണ് ട്രംപ് പറഞ്ഞത്. എന്നാൽ, അതിന് അദ്ദേഹത്തിന് കഴിഞ്ഞില്ല. ട്രംപിന്റെ പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടിയിൽപെട്ടവർ പോലും അതിനെതിരായിരുന്നു. ഇതെല്ലാം കാണാതിരുന്നുകൂടാ.

മെക്‌സിക്കൻ കുടിയേറ്റക്കാരാണ് ഏറ്റവും വലിയ അപകടമെന്നുപറഞ്ഞ് ട്രംപ് മെക്‌സിക്കൻ- അമേരിക്ക അതിർത്തിയിൽ ഭിത്തി നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചതാണ്. ഇപ്പോൾ മെക്‌സിക്കോ സ്വയം അതിർത്തി അടച്ചതുകൊണ്ടാണ് ആ ഭാഗത്ത് നിന്നുള്ള രോഗവ്യാപനം തടയാൻ കഴിഞ്ഞത്.
മറ്റൊരു രീതിയിൽ നോക്കുമ്പോൾ അമേരിക്കൻ ആരോഗ്യ മേഖല മികച്ചതാണെന്നും പറയേണ്ടിവരും. സാമൂഹിക നീതിയുടെ അടിസ്ഥാനത്തിലല്ല, ശാസ്ത്ര വിജ്ഞാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ വിലയിരുത്തുന്നത്. ഇന്ന്, കൊറോണക്കെതിരെ നാം ഉപയോഗിക്കുന്നവയിൽ 90 ശതമാനം സാങ്കേതികവിദ്യയും അമേരിക്കയുടേതാണ്. കൊവിഡ് രോഗനിർണയത്തിന് അത്യന്താപേക്ഷിതമായ പി.സി.ആർ സങ്കേതികവിദ്യ (Polymerase Chain Reaction-PCR) കണ്ടുപിടിച്ചത് അമേരിക്കൻ ശാസ്ത്രജ്ഞനായ കാരി ബാങ്ക്‌സ് മുല്ലിസ് ആണ്, 1993ൽ 49ാം വയസ്സിൽ അദ്ദേഹത്തിന് നോബൽ സമ്മാനവും കിട്ടി.

പൊതുജനാരോഗ്യസംവിധാനത്തിന്റെ കാര്യത്തിൽ മൊത്തം മുതലാളിത്ത രാജ്യങ്ങളെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല. ലോകത്തിലെ ഏറ്റവും മികച്ച പൊതുജനാരോഗ്യ സേവനം നൽകുന്നത് ബ്രിട്ടന്റെ നാഷനൽ ഹെൽത്ത് സർവീസാണ്.

അമേരിക്കയെക്കുറിച്ച് പറയുമ്പോൾ രണ്ടു വശങ്ങളുണ്ട്: ഒരുവശത്ത്, സാമ്പത്തിക അസമത്വമുണ്ടാക്കുന്ന മുതലാളിത്ത സമ്പദ്ഘടന, സാധാരണക്കാരുടെ ആരോഗ്യ അവകാശം നിഷേധിക്കുന്ന ആരോഗ്യസംവിധാനം- ഇതിനെല്ലാമെതിരെ അമേരിക്കൻ ജനത തന്നെ പോരാടുന്നുണ്ട്. അത് അവർ നിർവഹിക്കട്ടെ.
മറ്റൊരു വശം കൂടിയുണ്ട് അമേരിക്കക്ക്; അത് നന്നായി പറഞ്ഞത് ബറാക് ഒബാമയാണ്, അതും പ്രസിഡന്റായിരുന്ന സമയത്ത് തന്നെ. ബറാക് ഒബാമയുടെ വലിയൊരു വിമർശകൻ കൂടിയായിരുന്ന സാമൂഹിക ശാസ്ത്രജ്ഞൻ തോമസ് ഫ്രീഡ്മാൻ, ഒബാമയുമായി നടത്തിയ അഭിമുഖമുണ്ട്; അതിൽ ഒബാമ പറഞ്ഞത് ഇതാണ്: 'ലോകത്തിലെ മിക്ക ആധുനിക വിഞ്ജാനങ്ങളും സാങ്കേതിക വിദ്യകളും ഉൽപാദിപ്പിക്കപ്പെടുന്നത് അമേരിക്കൻ സർവകലാശാലകളിലാണ്, പക്ഷെ, ഞങ്ങളുടെ രാഷ്ട്രീയം ശരിയല്ല'. അദ്ദേഹം പറഞ്ഞത് ശരിയാണ്.

അമേരിക്കൻ സർവകലാശാലകളിൽ ഗവേഷണങ്ങൾക്ക് സമ്പൂർണ സ്വാതന്ത്ര്യവുമുണ്ട്, ആരും നിയന്ത്രിക്കുന്നില്ല. മുതലാളിത്ത സിദ്ധാന്തമായ സ്വകാര്യവൽക്കാരണത്തിനും കുത്തകവൽക്കരണത്തിനും എതിരായ സഹകരണവും പങ്കിടലും മുന്നോട്ടുവെക്കുന്ന സ്വതന്ത്ര സോഫ്റ്റ് വെയർ തത്വശാസ്ത്രം റിച്ചാർഡ് മാത്യു സ്റ്റാൾമാൻ ആവിഷ്കരിച്ചത് മസാച്ച് സെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ ജോലി നോക്കുന്ന കാലത്താണ്. ക്രിയേറ്റീവ് കോമൺസ് എന്ന കുത്തകവിരുദ്ധ പകർപ്പവകാശ നിയമം സ്റ്റാൻഫോർഡ് സർവകലാശലയിലെ നിയമവകുപ്പ് മേധാവി ലോറസ്ൻ ലസിഗിന്റെ സംഭാവനയാണ്.

ലോകമെമ്പാടുമുള്ള വിജ്ഞാനം സൗജന്യമായി നമുക്ക് ലഭിക്കുന്നത് ഇത്തരം അമേരിക്കൻ സർവകലാശാല സംഭാവനകൾ വഴിയാണ്.
അമേരിക്കയുടെ പ്രതിനിധിയായല്ല, അമേരിക്കൻ ഭരണകൂടത്തിന്റെ ചീത്ത പ്രതിനിധിയായാണ് ഞാൻ ട്രംപിനെ കാണുന്നത്. അമേരിക്കയെ നമുക്ക് ഒഴിച്ചുനിർത്താനാവില്ല. പക്ഷെ, ട്രംപിനെ നമുക്ക് മാത്രമല്ല, അമേരിക്കക്ക് പോലും ആവശ്യമില്ല. ട്രംപിനെയും അമേരിക്കയെയും ഒരുമിച്ച് കാണരുത്.

റിച്ചാർഡ് മാത്യു സ്റ്റാൾമാൻ
റിച്ചാർഡ് മാത്യു സ്റ്റാൾമാൻ

കൊറോണ വൈറസിലേക്കുവരാം. അത്, ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് അമേരിക്കക്കാരെയാണല്ലോ. ലോകത്ത് രോഗം ബാധിച്ചവരിൽ 26.2 ശതമാനം അമേരിക്കക്കാരാണ്, നാലിൽ ഒന്ന്. എന്നാൽ, മരിച്ചവരിൽ 13.5 ശതമാനം മാത്രമേ അമേരിക്കക്കാരുള്ളൂ. ലോകത്തെ മൊത്തം മരണനിരക്ക് 5.4 ശതമാനമാണ്, എന്നാൽ, അമേരിക്കയിൽ 2.8 ശതമാനവും (ഏപ്രിൽ പത്താം തീയതിയിലെ കണക്ക്).

അമേരിക്കൻ ചികിത്സാസംവിധാനത്തിന്റെ ആന്തരികമായ മികവുകൊണ്ടുകൂടിയാണ് മരണനിരക്ക് കുറഞ്ഞിരിക്കുന്നത്. ഇത് കാണാതെ പോകരുത്. ലോകത്തെ ഏറ്റവും മികച്ച പത്ത് ആശുപത്രികളെടുത്താൽ ഒമ്പതും അമേരിക്കയിലാണ്. ഞാൻ ഇതിൽ പലതിലും പോയിട്ടുണ്ട്. ഒരു കാര്യം ഉറപ്പാണ്: അമേരിക്കൻ സാങ്കേതിക വിദ്യകൾ ഒഴിവാക്കി കൊറോണയെ നമുക്ക് പരാജയപ്പെടുത്താനാകില്ല.

ഇറ്റലി, സ്പെയിൻ, ഇറാൻ, ജർമനി, ബ്രിട്ടൻ- തുടക്കത്തിൽ രോഗവ്യാപനവും രോഗികളുടെ എണ്ണവും കൂടിയ തോതിലായിരുന്നു ഈ രാജ്യങ്ങളിൽ. എഴുപതുകളിൽ പാശ്ചാത്യരാജ്യങ്ങളിൽ പൊതുജനാരോഗ്യം അപ്രത്യക്ഷമാകുകയും പകർച്ചവ്യാധികൾ ഇനിയുണ്ടാകില്ല എന്ന മിഥ്യാധാരണയിൽ വ്യക്തിയിൽ അധിഷ്ഠിതമായ രോഗങ്ങൾക്ക് പ്രാധാന്യം കൈവരുകയും ചെയ്തുവെന്ന വിമർശനമുണ്ട്. ഈ നയങ്ങൾക്ക്, ആ രാജ്യങ്ങളിലെ ഇപ്പോഴത്തെ രോഗവ്യാപനവുമായി ബന്ധമുണ്ടോ?

ഈ ചോദ്യം തന്നെ തെറ്റായ ധാരണയിൽനിന്നുണ്ടായതാണ്. പകർച്ചവ്യാധികളെക്കുറിച്ച് ഏറ്റവുമധികം പഠനം നടത്തുന്ന സ്ഥാപനങ്ങൾ പാശ്ചാത്യനാടുകളിലാണ്, ലോകത്ത് ഇന്നുവരെയുണ്ടായിട്ടുള്ള മിക്ക പകർച്ചവ്യാധികളെക്കുറിച്ചും കൂടുതൽ പഠനം നടന്നിട്ടുള്ളതും പാശ്ചാത്യനാടുകളിലാണ്. പകർച്ചവ്യാധികളുടെ ഉറവിടം ഉഷ്ണമേഖല പ്രദേശങ്ങളാണെന്നാണ് പൊതുവെ ധരിച്ചിരുന്നത്. അത് പോയി, പുതുതായി വന്ന പകർച്ചവ്യാധികളെ നോക്കൂ, ചൈന ഒരു പ്രധാന കേന്ദ്രമാണ്, ചൈന ഒഴിച്ചാൽ, വികസിത രാജ്യങ്ങളിലാണ് അവ വന്നത്. അതുകൊണ്ട്, പകർച്ചവ്യാധികളെക്കുറിച്ചുള്ള വിജ്ഞാനം കൂടുതലും പാശ്ചാത്യനാടുകളിൽ തന്നെയാണ് ഉൽപാദിപ്പിക്കുന്നത്. പൊതുജനാരോഗ്യസംവിധാനത്തിന്റെ കാര്യത്തിൽ മൊത്തം മുതലാളിത്ത രാജ്യങ്ങളെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല. ലോകത്തിലെ ഏറ്റവും മികച്ച പൊതുജനാരോഗ്യ സേവനം നൽകുന്നത് ബ്രിട്ടന്റെ നാഷനൽ ഹെൽത്ത് സർവീസാണ്.

ഗാന്ധിജി ജനങ്ങളെ ഒന്നിപ്പിക്കാൻ നടത്തിയ ഉപ്പ് സത്യാഗ്രഹം പോലുള്ള ജനമുന്നേറ്റങ്ങളൂടെ വെള്ളം ചേർത്ത ചില തന്ത്രങ്ങളാണ് മോദി നടപ്പാക്കാൻ ശ്രമിക്കുന്നത്.

എല്ലാവർക്കും സൗജന്യ ആരോഗ്യ സേവനം നൽകുന്ന സംവിധാനമാണത്. മുതലാളിത്ത സമുദ്രത്തിലെ സോഷ്യലിസ്റ്റ് ദ്വീപ് എന്നാണ് (An Island of Socialism in a Capitalist Sea) ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസസ് വിശേഷിപ്പിക്കപ്പെടുന്നത്. മാർഗററ്റ് താച്ചറിനെ പോലെ പലരും എൻ.എച്ച്.എസ് സ്വകാര്യവൽക്കരിക്കാൻ ശ്രമിച്ചെങ്കിലും ബ്രീട്ടീഷ് ജനത അത് പരാജയപ്പെടുത്തി. അതുപോലെ, മിക്ക യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിൽനിന്ന് വ്യത്യസ്തമായ ഇൻഷൂറൻസ് സംവിധാനം വഴി ഭൂരിപക്ഷത്തിനും ആരോഗ്യസേവനം നൽകുന്നുണ്ട്. ഇറ്റലിയുടെ കാര്യമെടുക്കാം, അവിടെ കോവിഡ് ബാധിച്ച് ഇത്രയും പേർ മരിക്കാൻ കാരണം, ആയുർദൈർഘ്യം വളരെ കൂടുതലായതാണ്. 60 വയസ്സിനുമേൽ പ്രായമുളളവർ ജനസംഖ്യയുടെ 30 ശതമാനമാണ്. ഇത് അവരുടെ ആരോഗ്യനിലവാരത്തിന്റെ മേന്മ കൂടിയാണ് കാണിക്കുന്നത്. സ്‌കാൻഡിനേവിയൻ രാജ്യങ്ങൾ, ജർമനി, ഇംഗ്ലണ്ട്, ഫ്രാൻസ്, ഇറ്റലി എന്നിവിടങ്ങളിലെല്ലാം മികച്ച ആരോഗ്യസംവിധാനമാണുള്ളത്.

ജപ്പാനിലും ആയുർദൈർഘ്യമുള്ളവരുടെ ശതമാനം ഇറ്റലിക്കുതുല്യമാണ്. എന്നിട്ടും ജപ്പാനിൽ മരണനിരക്ക് കുറവാണ്.?

മരണനിരക്ക് നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ജീവിതരീതി പ്രധാനമാണ്. പ്രായമുള്ളവർക്കൊപ്പമാണ് നാം താമസിക്കുന്നതെന്നിരിക്കട്ടെ, അപ്പോൾ അവരിലേക്ക് രോഗം പകരാൻ സാധ്യത കൂടുതലാണ്. ഇറ്റലിയിലെ സാഹചര്യം പരിശോധിച്ചപ്പോൾ മനസ്സിലായത്, അവർ കൂടുതലും അടഞ്ഞ തണുത്ത മുറികളിൽ കഴിയുന്നവരാണ്. മുതലാളിത്ത രാജ്യങ്ങളിൽ ഇത്തരം സാഹചര്യം കൂടുതലാണ്, ഇത് രോഗവ്യാപനത്തിന് പറ്റിയ അന്തരീക്ഷമാണ്. പ്രായമായവർ ഇറ്റലിയിൽ മക്കൾക്കൊപ്പം കഴിയാറില്ല. മാളുകളിലും മറ്റും ഇവരാണ് സാധനങ്ങൾ വാങ്ങാൻ പോകുന്നത്. രോഗ വ്യാപന സാധ്യത കൂടുതലുള്ള അടഞ്ഞ എയർകണ്ടീഷൻ ചെയ്ത തണുത്ത അന്തരീക്ഷമാണ് മാളുകളിലുള്ളത്.
ഇത്തരത്തിലാണ് അവരിലേക്ക് കൂടുതൽ രോഗം പടർന്നത്. അതുപോലെ, ഹോട്ടലുകളിലെ സംവിധാനങ്ങൾ. എല്ലാ മുറിയിലേക്കും പ്രത്യേകം എ.സിയുണ്ടെങ്കിൽ അത്രവേഗം രോഗം വ്യാപിക്കില്ല, എന്നാൽ, എല്ലാ മുറിയിലേക്കും ഒരൊറ്റ സെൻട്രലൈസ്ഡ് എ.സിയാണെങ്കിൽ അതിവേഗം പടരും. ഇത്തരം നിരവധി ഘടകങ്ങൾ പരിശോധിക്കേണ്ടതുണ്ട്.

ആഗോള സമ്പദ്വ്യവസ്ഥയുടെയും ക്രോണി കാപ്പിറ്റലിസത്തിന്റെയും അവയാൽ നിയന്ത്രിക്കപ്പെടുന്ന ഭരണകൂടങ്ങളുടെയും മുൻഗണനകൾ- ആർത്തി നിറവേറ്റാനുള്ള സ്വകാര്യവൽക്കരണം, അറിവിന്മേലുള്ള കുത്തകവൽക്കരണം, ശാസ്ത്രം അടക്കമുള്ള എല്ലാത്തരം ആധുനിക വൈജ്ഞാനികതകളുടെയും നിരാകരണം, മൂലധനമുപയോഗിച്ചുള്ള ബലപ്രയോഗം തുടങ്ങിയവ ഇത്തരം രോഗങ്ങളുടെ സാമൂഹികശാസ്ത്ര വിശകലനത്തിൽ പ്രധാനമാണ് എന്നുവരുന്നു?

ഇത്തരം ചർച്ചകൾ നേരത്തെ തന്നെ നടക്കുന്നുണ്ട്. അമേരിക്കൻ ആരോഗ്യസംവിധാനത്തെക്കുറിച്ച് കോവിഡ് വന്ന സമയത്താണ് ചിലർ അറിയുന്നതുതന്നെ എന്നാൽ, ഇതെല്ലാം നേരത്തെ ഇവിടെ പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. ആരോഗ്യ മേഖലയുടെ അർത്ഥശാസ്ത്രവും സാമ്പത്തിക ശാസ്ത്രവും (Political economy of Health) സവിശേഷ സാമൂഹ്യശാസ്ത്ര ശാഖയാണ്. അത്തരം പഠനങ്ങളും ഗവേഷണങ്ങളും ശക്തമായി തന്നെ മുന്നോട്ടുപോകും.

എന്നാൽ, അതിനെ കൃത്രിമമായി, പഴയ (കാറ്റഗറി) നിലപാടുകൾ മാത്രം വെച്ച് വിശകലനം ചെയ്യാനാകില്ല. കേരളത്തിലൊക്കെ ഒരു ഡീഫോൾട്ട് സെറ്റിംഗുണ്ട്, അതിലൂടെ നാം ഉപയോഗിക്കുന്ന പദപ്രയോഗങ്ങളും മുൻധാരണകളും മുൻവിധികളും ഒക്കെവെച്ച് മുതലാളിത്തത്തെ ഉപരിപ്ലവമായാണ്, ലളിതവൽക്കരിച്ചാണ് നോക്കിക്കാണുന്നത്, മുതലാളിത്തത്തെ എതിർക്കുമ്പോൾ കുറെക്കൂടി ആഴത്തിൽ ഇത്തരം വിഷയങ്ങൾ പരിശോധിക്കേണ്ടിവരും. ഉദാഹരണത്തിന്, മുതലാളിത്തത്തെ വിമർശിക്കുമ്പോൾ തന്നെ ചൈനയിലെ അടഞ്ഞ ഭരണ സംവിധാനത്തെക്കുറിച്ച് നമുക്ക് പറയേണ്ടിവരും. എന്തുകൊണ്ട് വടക്കൻ കൊറിയയിൽ നടക്കുന്ന കാര്യങ്ങൾ പുറത്തുവരാത്തത് അതേസമയം ദക്ഷിണ കൊറിയയിൽ നിന്നുള്ള വിവരങ്ങൾ നമുക്ക് ലഭിക്കുന്നുണ്ട് താനും. ഇന്ത്യയെപോലുള്ള ജനാധിപത്യരാജ്യത്തുപോലും മോദി സർക്കാർ അഭിപ്രായസ്വാതന്ത്ര്യത്തിനുമേൽ കൂച്ച് വിലങ്ങിടുന്നില്ലേ
പക്ഷെ ഒരു കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല. പരസ്പര മത്സരത്തിലും കുത്തകവൽക്കരണത്തിലും അധിഷ്ഠിതമായ മുതലാളിത്ത വ്യവസ്ഥിതിയിൽ നിന്ന് പരസ്പര സഹകരണത്തിലും പങ്കിടീലിലും (Co-operation and Sharing) ജനാധിപത്യത്തിലും അധിഷ്ഠിതമായ ആഗോള ക്രമത്തിലേക്ക് ലോകം എത്തിച്ചേരുകതന്നെ ചെയ്യുമെന്ന് എനിക്ക് പൂർണബോധ്യമുണ്ട്.

'Mr. President, if You want some thing, start treating science and its principles with respect' എന്ന് സയൻസ് മാഗസിൻ എഡിറ്റർ ഇൻ ചീഫ് എച്ച്. ഹോൾഡൻ തോർപ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് പറയുന്നു. കോവിഡിന്റെ ആഗോള വ്യാപനത്തിൽ, ഇന്ത്യയിലേതടക്കമുള്ള രാഷ്ട്രീയ വലതുപക്ഷം നിർവഹിക്കുന്ന പങ്ക് എന്താണ്?

ട്രംപ് ഒരു അമേരിക്കൻ പ്രതിഭാസമാണ്, അമേരിക്കയുടെ ചരിത്രവുമായും മുതലാളിത്ത ഘടനയുമായുമൊക്കെ ചേർത്ത് പരിശോധിക്കേണ്ടതാണ്. എന്നാൽ, സ്വാതന്ത്ര്യസമരകാലത്തും അതിനുമുമ്പും തുടങ്ങിയ ഇന്ത്യൻ സവർണ രാഷ്ട്രീയത്തിന്റെ ഉൽപ്പന്നമാണ് മോദി. അദ്ദേഹം ഒരു ഇന്ത്യൻ പ്രതിഭാസമാണ്, ട്രംപിന് താൻ വിചാരിച്ച കാര്യങ്ങൾ നടപ്പാക്കാൻ കഴിയുന്നില്ല എന്ന് പറഞ്ഞല്ലോ, എന്നാൽ, മോദിക്ക് താൻ വിചാരിച്ച കാര്യങ്ങൾ നടപ്പാക്കാൻ കഴിയുന്നു എന്നതാണ് നിർഭാഗ്യകരം. നമ്മുടെ അജണ്ടയിലെ ആദ്യ ഇനം മോദിയെ തോൽപ്പിക്കുക എന്നതാണ്. മോദി എന്ന പ്രതിഭാസത്തിനെതിരെ ഇന്ത്യൻ ജനത ഒരുമിച്ച് നിൽക്കണം, അതിൽ ഒരു സംശയവുമില്ല.

എന്നാൽ, സ്വാതന്ത്ര്യസമരകാലത്തും അതിനുമുമ്പും തുടങ്ങിയ ഇന്ത്യൻ സവർണ രാഷ്ട്രീയത്തിന്റെ ഉൽപ്പന്നമാണ് മോദി.

പാർലമെന്ററി ജനാധിപത്യത്തിന്റെ തത്വങ്ങളുപയോഗിച്ച് ജനവിരുദ്ധനയങ്ങൾ ഒന്നിനുപുറകേ ഒന്നായി മോദി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട്, എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെച്ച് മോദിയെ പരാജയപ്പെടുത്തേണ്ട സമയം കൂടിയാണിത്. അതേസമയം, കോവിഡ് വ്യാപനം തടയുന്ന കാര്യത്തിൽ കേരളത്തിന് കേന്ദ്ര സർക്കാറുമായി നല്ല ബന്ധം (Working Relationship) വേണ്ടിവരും. അതുകൊണ്ട്, മുഖ്യമന്ത്രി ഇപ്പോൾ രാഷ്ട്രീയം പറഞ്ഞ് സമയം കളയുന്നില്ല, കേന്ദ്രത്തിന്റെ സഹായം ആവശ്യമുള്ള സമയമാണിത്. കേരളത്തിലേക്ക് സാങ്കേതികവിദ്യ ഇറക്കുമതി ചെയ്യാൻ ഐ.സി.എം.ആറിന്റെ സർട്ടിഫിക്കറ്റ് വേണം. താൽക്കാലിക വെടിനിർത്തൽ ആവശ്യമാണ്, താൽക്കാലികമെന്ന് മനസിലാക്കിക്കൊണ്ടുതന്നെയാണ് അത്. എന്നാൽ, ഈ ദുരന്ത സാഹചര്യം കഴിഞ്ഞാൽ നമ്മുടെ സമരം അതിശക്തമായി തുടരേണ്ടിവരും.

കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തിൽ നരേന്ദ്രമോദി ഹിന്ദുമത ചിഹ്‌നങ്ങൾ ധാരാളമായി ഉപയോഗിക്കുന്നതുകാണാം. മഹാഭാരതയുദ്ധം, ലക്ഷ്മണരേഖ, വിളക്കുകൊളുത്തൽ എന്നിങ്ങനെ. സംഘ്പരിവാർ അജണ്ടയെ ഒളിച്ചുകടത്തുന്ന ഈയൊരു സമീപനത്തെ എതിർക്കേണ്ടതിനുപകരം താങ്കൾ മെഴുകുതിരി കത്തിച്ച് അതിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയാണ് ചെയ്തത്. ഈ വിമർശനത്തോട് എങ്ങനെ പ്രതികരിക്കും ?

ഇന്ത്യയിലെ എല്ലാ മനുഷ്യരും ഒരുമിച്ച് മെഴുകുതിരിയോ വിളക്കോ മൊബൈൽ ഫോണോ കത്തിച്ചുപിടിച്ച്, ഇതാ ഞങ്ങൾ കൊറോണ വൈറസിനെതിരെ പൊരുതുന്നു എന്നു പറഞ്ഞ് അണിനിരക്കുന്നതിൽ എനിക്ക് എതിർപ്പില്ല, മോദിയല്ല, ആരുപറഞ്ഞാലും. പലരും ഇതനുസരിച്ചെന്നിരിക്കും. ശരിക്കുപറഞ്ഞാൽ, ഗാന്ധിജി ജനങ്ങളെ ഒന്നിപ്പിക്കാൻ നടത്തിയ ഉപ്പ് സത്യാഗ്രഹം പോലുള്ള ജനമുന്നേറ്റങ്ങളൂടെ വെള്ളം ചേർത്ത ചില തന്ത്രങ്ങളാണ് മോദി നടപ്പാക്കാൻ ശ്രമിക്കുന്നത്. വ്യക്തിപരമായി പറഞ്ഞാൽ, വിളക്കുകൊളുത്തുന്നത് തെറ്റാണെന്നും അത് സവർണ സിംബലാണെന്നും ഞാൻ കരുതുന്നില്ല. ഞാൻ കേരള സർവകലാശാല വൈസ് ചാൻസലായിരുന്നപ്പോൾ ഒരു ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന നാലകത്ത് സൂപ്പി വിളക്കുകൊളുത്തിയില്ല, ഞാൻ കൊളുത്തി. ചില കാര്യങ്ങൾ സവർണർ കൊണ്ടുവന്നശേഷം ജനകീയവൽക്കരിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ഓണവും ക്രിസ്മസും വിളക്കുകൊളുത്തലുമെല്ലാം എന്റെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഞാൻ അതൊന്നും മതാടിസ്ഥാനത്തിൽ മറ്റുള്ളവർക്ക് വിട്ടുകൊടുക്കാൻ തയാറല്ല. ഏതാനും മിനിട്ട് മെഴുകുതിരി കത്തിച്ച് മനുഷ്യരാശിയോട് ഐക്യപ്പെട്ട് ഈ യുദ്ധത്തിൽ നമ്മൾ ജയിക്കും, ഇരുട്ട് നീങ്ങി വെളിച്ചം വരട്ടെ എന്ന് ചിന്തിക്കുന്നതിൽ തെറ്റായി ഒന്നും ഞാൻ കാണുന്നില്ല
ഇത്തരം സിംബലുകൾ നിഷ്‌കളങ്കമായല്ല പ്രയോഗിക്കുന്നത്, അവക്കുപിന്നിൽ തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്റെ ബോധപൂർവമായ ഇടപെടലുണ്ട് എന്ന് വ്യക്തമല്ലേ?

അത് തെറ്റായ ധാരണയാണ്. മെഴുകുതിരി കത്തിച്ചതുകൊണ്ട് ആരും മോദി ഭക്തരായിയി മാറുന്നില്ല. മോദിയെ നമ്മൾ രാഷ്ട്രീയമായും ആശയപരമായുമാണ് എതിർക്കുന്നത്. അത് തുടരുകതന്നെ ചെയ്യും. കൈകൊട്ടുന്നത് ഇന്ത്യയിലല്ല, ഇറ്റലിയിലാണ് തുടങ്ങിയത്. അത് ആരോഗ്യപ്രവർത്തകർക്കുള്ള ഐക്യദാർഢ്യമായിരുന്നു. ഞാനും ആരോഗ്യപ്രവർത്തകനാണല്ലോ, തബല വായിച്ചാണ് ഞാൻ അതിൽ പങ്കെടുത്തത്. നമ്മൾ എപ്പോഴും നമ്മുടെ ക്രഡൻഷ്യലുകൾ എസ്റ്റാബ്ലിഷുചെയ്തുകൊണ്ടിരിക്കണം എന്നുപറയരുത്.
വി.സിയായിരുന്നപ്പോഴുള്ള ഒരു അനുഭവം പറയാം. ഇടതുപക്ഷ സർക്കാറാണ് എന്നെ നിയമിച്ചത്. ഒരു വർഷം കഴിഞ്ഞ് നായനാർ സർക്കാർ പോയി ആന്റണി സർക്കാർ വന്നു. അക്കാലത്ത് ഏറ്റവുമധികം എന്നോടു സഹകരിച്ചത് സെനറ്റ് അംഗം കൂടിയായിരുന്ന ബി.ജെ.പി നേതാവ് ബി.കെ.ശേഖറാണ്. ഞങ്ങൾ രണ്ടുപേരും ഒരുമിച്ചാണ് 2011ൽ വിവിധ മണ്ഡലങ്ങളീലായി നിയമസഭ തെരഞ്ഞെടുപ്പിൽ മൽസരിച്ചത്. അദ്ദേഹം മരിച്ചപ്പോൾ ഒരു ജീവചരിത്രക്കുറിപ്പ് ഞാൻ എഴുതി, എന്റെ ഒരു പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. 'ബി.കെ. ശേഖർ: രാഷ്ട്രീയ പക്വതയുടെ പ്രതീകം' എന്നാണ് ഞാൻ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. അതുവെച്ച്, ഫലത്തിൽ നിങ്ങൾ ആ രാഷ്ട്രീയത്തോട് യോജിക്കുന്നുണ്ടോ എന്നുവേണമെങ്കിൽ ചോദിക്കാം. നിങ്ങളുടെ പ്രത്യയശാസ്ത്രപരമായ അടിത്തറയിൽ ഉറച്ചുനിന്നുകൊണ്ടുതന്നെ, ചില സന്ദർഭങ്ങളിൽ താൽക്കാലികമായ നിലപാടുകൾ സ്വീകരിച്ചെന്നുവരാം. അതുവെച്ച് ഇത്തരം മുദ്രകുത്തലുകൾ ശരിയല്ല.

മെഴുകുതിരി കത്തിച്ചതുകൊണ്ട് ആരും മോദി ഭക്തരായിയി മാറുന്നില്ല. മോദിയെ നമ്മൾ രാഷ്ട്രീയമായും ആശയപരമായുമാണ് എതിർക്കുന്നത്. അത് തുടരുകതന്നെ ചെയ്യും.

മെഴുകുതിരി കത്തിച്ചതുവഴി മതേതര വിശ്വാസിയായ ഒരാൾ പ്രധാനമന്ത്രിയുടെ സംഘിവൽക്കരണ അജണ്ടയോട് യോജിക്കുകയല്ല ചെയ്തത്, അതിൽ പങ്കെടുക്കുന്നതുവഴി അതിന്റെ സംഘിവൽക്കരണം കുറയ്ക്കുകയാണ് ചെയ്യുന്നത്. ഞാൻ ഒഴിഞ്ഞുനിന്നാൽ അത് കുറെക്കൂടി സംഘ്‌വൽക്കരണമാകും. ഇതിനെ ഞാൻ ഇങ്ങനെയാണ് കാണുന്നത്.

സമൂഹമാധ്യമങ്ങൾ വഴി വ്യക്തിക്കും ആശയങ്ങൾക്കും എതിരായി നടക്കുന്ന വിദ്വേഷപ്രചാരണങ്ങളെക്കുറിച്ച് എന്തുപറയുന്നു?

തീർച്ചയായും ദുരുപയോഗമുണ്ട്, അതേസമയം ചില ഗുണങ്ങളുമുണ്ട്. അതുകൊണ്ടാണ് നാം അതിൽ പങ്കാളിയാകുന്നത്. പല വിവരങ്ങളും കൈമാറാനും പല ആളുകളുമായും ബന്ധപ്പെടാനും ഇതുവഴി കഴിയുന്നു. ഞങ്ങൾക്ക് ചങ്ങനാശ്ശേരി ജംഗ്ഷൻ എന്നൊരു ഗ്രൂപ്പുണ്ട് ഞങ്ങളുടെ വീടിനുമുന്നിൽ താമസിച്ചിരുന്നവരെ പോലും ഞാൻ പരിചയപ്പെടുന്നത് ഈ ഫേസ് ബുക്ക് കൂട്ടാമയിലൂടെയാണ്. എന്നാൽ സാമൂഹധ്യമങ്ങൾ വഴി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ട്, വിദ്വേഷ പ്രചാരണവും വ്യക്തിഹത്യയും നടത്തുന്നുണ്ട്. എങ്കിലും അതിന്റെ ക്രിയാത്മകമായ വശം ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. എന്നെ സംബന്ധിച്ച്, ഞാൻ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളോട് യോജിക്കുന്ന പ്രതികരണങ്ങളെക്കാൾ ഭിന്നാഭിപ്രായം പറയുന്നത് കേൾക്കാനാണ് താൽപര്യം. എന്റെ അഭിപ്രായത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നവരിൽ നിന്ന് ഞാൻ ധാരാളം പഠിച്ചിട്ടുണ്ട്. മുൻ ധാരണകൾ തിരുത്തിയിട്ടുണ്ട്. പക്ഷേ വിമർശനം യുക്തിഭദ്രമാകണം. തെറിവിളിയും മുദ്രകുത്തലുകളും ആരോഗ്യകരമായ സംവാദാന്തരീക്ഷത്തെ ദുഷിപ്പിക്കും. പ്രതികരണങ്ങൾ അവഗണിക്കുകയാണ് പതിവ്.

തെക്കൻ കൊറിയ, ഇറാൻ, മലേഷ്യ എന്നിവിടങ്ങളിൽ രോഗവ്യാപനം നിയന്ത്രണാതീതമാക്കിയത് മതകേന്ദ്രങ്ങളിലെ പ്രാർഥനായോഗങ്ങളായിരുന്നു എന്ന് റിപ്പോർട്ടുണ്ട്. ഇന്ത്യയിൽ തന്നെ, രോഗം സ്ഥിരീകരിച്ചവരിൽ 30 ശതമാനവും ഡൽഹിയിലെ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചുപോയവരാണ്. ലോകമെങ്ങുമുള്ള ആരാധനാലയങ്ങൾ അടച്ചിട്ടിരിക്കുന്നു, വിശ്വാസികളെല്ലാം വീടുകളിലാണ്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറിൽ മാർപാപ്പ ഏകനായി പ്രാർഥിക്കുന്നു. അമൃതാനന്ദമയി ആലിംഗനം നിർത്തിവെച്ചിരിക്കുന്നു. യാഥാസ്ഥിതികമായി പുനഃസംഘടിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മതങ്ങൾ മനുഷ്യവിരുദ്ധമാണെന്നും ആധുനിക ശാസ്ത്രവും അത് രൂപപ്പെടുത്തുന്ന വൈജ്ഞാനിക യുക്തിയുമാണ് പ്രപഞ്ചത്തിന്റെ പുരോഗമനത്തിന് അടിസ്ഥാനമെന്നും ഒന്നുകൂടി ഉറപ്പിക്കപ്പെട്ടിരിക്കുകയല്ലേ?

മാർപാപ്പ് ഏകനായി പ്രാർഥന നടത്തുന്നതും അമൃതാനന്ദമയി ആലിംഗനം നിർത്തിയതും സാമൂഹിക പ്രശ്‌നങ്ങളോട് സാർഥകമായി പ്രതികരിക്കാനുള്ള അവരുടെ സന്നദ്ധത എന്ന നിലയിലാണ് ഞാൻ കാണുന്നത്.

ഏറ്റവും ചെറിയ പ്രായത്തിൽ മതം വെടിഞ്ഞ ഒരാളാണ് ഞാൻ, 1963ലെ, 16ാം വയസ്സിലെ കാര്യമാണ് പറയുന്നത്. അന്ന്, പത്താം ക്ലാസ് പരീക്ഷ എഴുതിയിരിക്കുകയാണ്. തൃശൂരിൽ യുക്തിവാദി സമ്മേളനത്തിന്റെ ഒരു യോഗത്തിന് വീട്ടിൽനിന്ന് ഒളിച്ചോടി പോയി പങ്കെടുത്തയാളാണ്. യുക്തിവാദ പ്രസ്ഥാനത്തിലെ ത്രിമൂർത്തികളെ അവിടെ എനിക്ക് കാണാൻ കഴിഞ്ഞു- സഹോദരൻ അയ്യപ്പൻ. എം.സി ജോസഫ്, കുറ്റിപ്പുഴ കൃഷ്ണപിള്ള. ജീവിതത്തിലെ മറക്കാനാകാത്ത സന്ദർഭമാണത്. ജീവിതത്തിൽ എന്നെ ഏറ്റവുമധികം സ്വാധീനിച്ചത് ബർട്രാന്റ് റസ്സലാണ്. ജീവിതത്തിൽ ഞാൻ കരഞ്ഞ രണ്ടു സന്ദർഭങ്ങൾ; ഒന്ന് നെഹ്‌റു മരിച്ചപ്പോഴും മറ്റൊന്ന്, ബർട്രാന്റ് റസ്സൽ മരിച്ചപ്പോഴുമാണ്.
മാർപാപ്പ് ഏകനായി പ്രാർഥന നടത്തുന്നതും അമൃതാനന്ദമയി ആലിംഗനം നിർത്തിയതും സാമൂഹിക പ്രശ്‌നങ്ങളോട് സാർഥകമായി പ്രതികരിക്കാനുള്ള അവരുടെ സന്നദ്ധത എന്ന നിലയിലാണ് ഞാൻ കാണുന്നത്. ഡൽഹിയിൽ ഒരു പ്രാർഥനായോഗത്തിൽ പങ്കെടുത്തവരാണ് രാജ്യത്ത് കൂടുതലിടങ്ങളിലേക്ക് രോഗങ്ങൾ പകർത്തിയത് എന്നുപറയുന്നു. അമൃതാനന്ദമയി പ്രാർഥന തുടർന്നിരുന്നുവെങ്കിൽ ഇതേ അവസ്ഥയുണ്ടാകുമായിരുന്നു. അത് അവർ ചെയ്യാതിരുന്നത് നന്നായി എന്നല്ലേ പറയാനാകുക.

ക്ഷേത്രങ്ങളും പള്ളികളും മാത്രമല്ല, എല്ലാ പാർട്ടി ഓഫീസുകളും സർക്കാർ ഓഫീസുകളും അടച്ചിട്ടിരിക്കുകയാണ്. അതുകൊണ്ട്, കോവിഡ് വന്നതോടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം അപ്രസക്തമായി എന്നർഥമില്ല. ഇപ്പോഴത്തെ ആവശ്യം, സംഘംചേരൽ ഒഴിവാക്കുക എന്നതാണ്, അതിന് ശാരീരിക അകലം പാലിക്കണം. അതിനർഥം, അയിത്തം ന്യായീകരിക്കപ്പെടുന്നു എന്നുമല്ല. സർക്കാർ ഓഫീസുകളിൽ നാം പോകാത്തതുകൊണ്ട് ഭരണകൂടം കൊഴിഞ്ഞുപോയി എന്നും അർഥമില്ല. കോവിഡ് വന്നതുകൊണ്ട് മതങ്ങൾ അപ്രസക്തമായി ശാസ്ത്രം വെന്നിക്കൊടി പാറിക്കും എന്ന തെറ്റിധാരണയൊന്നും എനിക്കില്ല. ഇക്കാര്യത്തിൽ, മാർക്‌സ് പറഞ്ഞതാണ് ശരി. ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയമാണ് മതം എന്നാണ് അദ്ദേഹം പറഞ്ഞത്. ലോകത്തിന് ഹൃദയം കൊടുത്തുകൊണ്ടുമാത്രമേ നമുക്ക് മതത്തെ ഇല്ലാതാക്കാൻ കഴിയൂ. നമുക്ക് ഇപ്പോഴും ലോകത്തിന് ഹൃദയം കൊടുക്കാൻ കഴിഞ്ഞിട്ടില്ല. ലോകത്തെ എത്രയോ ക്രൂരരായ ഭരണാധികാരികൾ മതവിശ്വാസമില്ലാത്തവരായിരുന്നു. ചാൾസ് ഡാർവിൻ പരിണാമസിദ്ധാന്തം ആവിഷ്‌കരിച്ചപ്പോൾ, അതോടെ ദൈവം ഇല്ലാതായി എന്ന് പലരും പറഞ്ഞിരുന്നു. സത്യത്തിൽ, ഡാർവിൻ തന്റെ സിദ്ധാന്തങ്ങൾ ആദ്യം പ്രസിദ്ധീകരിക്കാൻ മടിച്ചു, ഭാര്യ ദൈവവിശ്വാസിയായിരുന്നതുകൊണ്ട് അവരെ വേദനിപ്പിക്കേണ്ട എന്നു കരുതിയാണ്. എന്നാൽ, ഡാർവിന്റെ സുഹൃത്തും ഗവേഷകനുമായ ആൽഫ്രഡ് റസ്സൽ വാലസ് സമാനമായ സിദ്ധാന്തങ്ങൾ പ്രസിദ്ധീകരിക്കാൻ തുനിഞ്ഞപ്പോൾ, ഡാർവിൻ സിദ്ധാന്തത്തിന്റെ ഖ്യാതി അദ്ദേഹം സ്വന്തമാക്കുമെന്ന് സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ്, തന്റെ കണ്ടെത്തൽ പ്രസിദ്ധീകരിക്കാൻ ഡാർവിൻ തയാറായത്. പരിമാണ സിദ്ധാന്തം പുറത്തുവന്നിട്ടും ദൈവം മരിച്ചില്ല, ദൈവം തുടർന്നും നിലനിന്നു.

സർക്കാർ ഓഫീസുകളിൽ നാം പോകാത്തതുകൊണ്ട് ഭരണകൂടം കൊഴിഞ്ഞുപോയി എന്നും അർഥമില്ല. കോവിഡ് വന്നതുകൊണ്ട് മതങ്ങൾ അപ്രസക്തമായി ശാസ്ത്രം വെന്നിക്കൊടി പാറിക്കും എന്ന തെറ്റിധാരണയൊന്നും എനിക്കില്ല.

2003ൽ ഹ്യുമൻ ജീനോം പ്രൊജക്റ്റ് പ്രഖ്യാപിച്ചപ്പോൾ, 'മനുഷ്യന്റെ പുസ്തകം എഴുതപ്പെട്ടിരിക്കുന്നു, അതിനാൽ ബൈബിൾ അപ്രസക്തമായി' എന്നാണ് പലരും പറഞ്ഞത്. ബൈബിൾ എന്നാൽ മതം, ദൈവം... അത് തുടരുക തന്നെ ചെയ്തു. മതവും ദൈവവും നിലനിൽക്കുന്നതിനുപുറകിൽ, അമൃതാനന്ദമയിയുടെ അരികിലേക്ക് ഭക്തർ പോകുന്നതിനുപുറകിൽ ചില വസ്തുനിഷ്ഠ സാമൂഹിക കാരണങ്ങളുണ്ട്. ആ കാരണങ്ങളെ ഇല്ലാതാക്കിയാലേ ജനങ്ങൾ മതവിശ്വാസത്തിൽനിന്ന് രക്ഷപ്പെട്ട് ശാസ്ത്രബോധത്തിലേക്ക് വരികയുള്ളൂ. സോവിയറ്റ് യൂണിയനിലെ രണ്ടു തലമുറ നീണ്ട ഭരണസംവിധാനം തകർന്നതിന്റെ പിറ്റേന്ന് ആളുകൾ ഓടിയത് പള്ളിയിലേക്കാണ്. നമുക്ക്, നമ്മുടെ മതേതര പ്രസ്ഥാനങ്ങൾക്ക് എവിടെയോ തെറ്റുപറ്റുന്നുണ്ട് എന്നാണ് ഇത് കാണിക്കുന്നത്. ഇപ്പോൾ, നമ്മുടെ യുക്തിവാദി പ്രസ്ഥാനത്തിൽ ആൾദൈവങ്ങളുണ്ടായി വന്നിരിക്കുന്നു. യുക്തിവാദി ആൾദൈവത്തിന് എങ്ങനെയാണ് മത ആൾദൈവത്തെ ഇല്ലാതാക്കാൻ കഴിയുക രാഷ്ട്രീയം മനുഷ്യത്വരഹിതമാകുന്നതും പ്രശ്‌നമാണ്. മാനുഷികമായ ഒന്നും തനിക്ക് അന്യമല്ല (Nothing Human is Alient to Me )എന്നാണ് മാർക്‌സ് അടിവരയിട്ടുപറഞ്ഞത്. ഇതിനേക്കാൾ വലിയ രോഗം വന്നിട്ടും മതങ്ങൾ അപ്രത്യക്ഷമായിട്ടില്ല എന്നോർക്കണം.
എന്തുകൊണ്ടാണ് ഇത്തരം ചിന്താഗതികൾ നിലനിൽക്കുന്നത്, എന്തുകൊണ്ട് ശാസ്ത്രബോധം വേണ്ടത്ര മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നില്ല എന്ന് വസ്തുനിഷ്ഠമായി പരിശോധിച്ച് വേണം നിലപാടെടുക്കാൻ. വെറും മത- ദൈവ വിരോധം കൊണ്ട് മാത്രം കാര്യമില്ല.
പുരോഗമന പക്ഷത്തുള്ളവരുടെ പരാജയമാണോ ഇത്തരം തിരിച്ചടികൾക്കുകാരണം?
കേരളത്തിൽ തന്നെ ഒരു ശരാശരി പുരോഗമന ചിന്താഗതിക്കാരൻ, ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും മുതലാളിത്ത ഗൂഢാലോചനയായാണ് കാണുന്നത്. കേരളത്തിൽ സമീപകാലത്ത് നടന്ന ഏറ്റവും പ്രധാനപ്പെട്ട കാമ്പയിൻ നവോത്ഥാന കാലഘട്ടവുമായി ബന്ധപ്പെട്ടാണ്. അന്നത്തെ, സംഭാവനകൾ പരിശോധിച്ചാൽ നിരവധി കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയും. ഇക്കാലത്ത് നാം നാരായണഗുരുവിന്റെ 'ദൈവദശക'ത്തെക്കുറിച്ച് പറഞ്ഞു, എന്നാൽ, സഹോദരൻ അയ്യപ്പൻ 1916ൽ എഴുതിയ 'സയൻസ് ദശക'ത്തെക്കുറിച്ച് പറഞ്ഞില്ല. 'കോടി സൂര്യനുദിച്ചാലും/ഒഴിയാത്തൊരു കൂരിരുൾ/തുരന്നു സത്യം കാണിക്കും/സയൻസിന്നു തൊഴുന്നു ഞാൻ' എന്നാണ് അതിന്റെ തുടക്കം. നാരായണഗുരു 'ദൈവദശകം' എഴുതിയശേഷമാണ് സഹോദരൻ അയ്യപ്പൻ ഇത്തരമൊരു കൃതി എഴുതിയത് എന്നോർക്കണം. കേരളീയ നവോത്ഥാനത്തിന്റെ മുഖ്യസരണിയായിരുന്നു ശാസ്ത്രബോധം പ്രചരിപ്പിക്കാനുള്ള കുറ്റിപ്പുഴയുടെയും മിതവാദി കൃഷ്ണന്റെയും സഹോദരൻ അയ്യപ്പന്റെയും ശ്രമങ്ങൾ. അത് നമുക്ക് കൈമോശം വന്നു.

അന്നാമാണി
അന്നാമാണി

കേരളത്തിന്റെ ശാസ്ത്ര പാരമ്പര്യത്തെക്കുറിച്ചുതന്നെ എത്രപേർക്ക് അറിയാം ജി.എൻ. രാമചന്ദ്രൻ, ഗോപിനാഥ് കർത്ത, ഇ.കെ. ജാനകിയമ്മാൾ, അന്നാമാണി തുടങ്ങിയവരുടെ മൗലിക സംഭാവനകളെക്കുറിച്ച് ഇന്ന് വളരെ കുറച്ചേ അറിയൂ. ഇതിന് ഒരു പ്രധാന കാരണം, നമ്മുടെ സംവാദമണ്ഡലം നിയന്ത്രിക്കുന്നതും അതിന് നേതൃത്വം കൊടുക്കുന്നതും പ്രധാനമായും സാംസ്‌കാരിക പ്രവർത്തകരാണ് എന്നതാണ്. ഇതൊരു മോശം കാര്യമാണെന്നല്ല. അവരുടെ ഉയർന്ന സാമൂഹ്യബോധമാണ് സമകാലിക പ്രശ്‌നങ്ങളിൽ ഇടപെടാൻ അവരെ പ്രേരിപ്പിക്കുന്നത്, അതിൽ അവർ അഭിനന്ദനം അർഹിക്കുന്നുണ്ട്. എന്നാൽ അവരിൽ പലർക്കും ശാസ്ത്രബോധം പ്രചരിപ്പിക്കാനാവുന്നില്ല എന്നതൊരു പരിമിതിയാണ്. പലപ്പോഴും ഭൂതകാല മഹിമകളിലാണ് നമ്മുടെ പൊതുസംവാദമണ്ഡലത്തിലുള്ളവർ അഭിരമിക്കുന്നത്. എപ്പോഴും പുറകോട്ട് നോക്കുന്ന ഒരു സമൂഹത്തിന് മുന്നോട്ട് പോവാനുള്ള കാഴ്ചപ്പാടും സന്നദ്ധതയും വികസിപ്പിച്ചെടുക്കാൻ കഴിയില്ല..

ഇ.കെ. ജാനകിയമ്മാൾ
ഇ.കെ. ജാനകിയമ്മാൾ

ശാസ്ത്ര- സാങ്കേതിക മേഖലയിലുള്ളവർ കൂടി പൊതുസംവാദ മണ്ഡലത്തിലേക്ക് കടന്നുവരേണ്ടതുണ്ട്. സമീപകാലത്ത് യുവാക്കളായ നിരവധി പേർ ശാസ്ത്രബോധ പ്രചാരകരായി മുന്നോട്ടുവരുന്നത് സ്വാഗതാർഹമാണ്. എന്നാൽ അവർക്ക് സാംസ്‌കാരിക പ്രഭാഷകർക്ക് ലഭിക്കുന്നത്ര അംഗീകാരമോ വേദികളോ ലഭിക്കാറില്ല. രാമായണവും മഹാഭാരതവും ചർച്ചചെയ്യാൻ ശ്രമിക്കുന്ന സമയത്തിന്റെ ചെറിയ ശതമാനം സമയമെങ്കിലും ശാസ്ത്രവിഷയങ്ങൾ ചർച്ചചെയ്യാൻ ചെലവിടാതെ കേരളം മുന്നോട്ടുപോകില്ല. പഴമയിൽ കുരുങ്ങി കിടക്കും.

നമ്മുടെ പുരോഗമനപ്രസ്ഥാനങ്ങൾ ഇക്കാര്യത്തിൽ പരാജയപ്പെട്ടു എന്നു പറയാമോ?
നമ്മുടെ പുരോഗമന-മതേതത പ്രസ്ഥാനങ്ങളുടെ കാര്യമെടുക്കൂ. ശാസ്ത്രസാഹിത്യ പരിഷത്ത് ഒരു ഘട്ടം കഴിഞ്ഞപ്പോൾ കേരള വികസനം തുടങ്ങിയ സാമൂഹിക ശാസ്ത്രമേഖലയിലേക്ക് മാറിപ്പോയി. അതും പ്രധാനമാണ്, എങ്കിലും ശാസ്ത്രബോധത്തിന്റെ കാര്യം അവഗണിക്കപ്പെട്ടു. പരിഷത്ത് നിരവധി മേഖലകളിൽ ഇടപെട്ടു, അത് ആവശ്യവുമായിരുന്നു.

പൊതുവെ പരിഷത്ത് സ്വീകരിക്കുന്ന നിലപാട്, എല്ലാ പ്രശ്‌നങ്ങളിലും ശാസ്ത്രത്തിന്റെ ഉള്ളടക്കമുണ്ട്, എല്ലാ ശാസ്ത്രത്തിനും അകത്ത് സാമൂഹികശാസ്ത്രപരമായ ഉള്ളടക്കമുണ്ട് എന്നതാണ്. ഈ നിലപാട് ശരിയുമാണ്. കേവലം ആരോഗ്യശാസ്ത്രം പറഞ്ഞാൽപോരാ, അതിന്റെ പൊളിറ്റിക്കൽ ഇക്കണോമി കൂടി പറയണം, അതൊരു സാമൂഹിക ശാസ്ത്രം കൂടിയാണ് എന്നെനിക്ക് മനസ്സിലായത് പരിഷത്തിൽ പ്രവർത്തിച്ച് തുടങ്ങിയപ്പോഴാണ്.

രാമായണവും മഹാഭാരതവും ചർച്ചചെയ്യാൻ ശ്രമിക്കുന്ന സമയത്തിന്റെ ചെറിയ ശതമാനം സമയമെങ്കിലും ശാസ്ത്രവിഷയങ്ങൾ ചർച്ചചെയ്യാൻ ചെലവിടാതെ കേരളം മുന്നോട്ടുപോകില്ല.

എന്നാൽ, സംഘടനയുടെ ഊന്നൽ വികസന കാര്യങ്ങളിലേക്കുപോയി, ശാസ്ത്രബോധപ്രചാരണം പുറകിലായി. മൂന്ന് ശാസ്ത്രമാസികകൾ പരിഷത്ത് പ്രസിദ്ധീകരിക്കുന്നുണ്ട് എന്ന് കാണാതിരിക്കരുത്. എന്നാൽ അവയുടെ ഉള്ളടക്കം പോലും പലപ്പോഴും സാമൂഹിക ശാസ്ത്രപരമായി മാറിപ്പോയിട്ടുണ്ട്. ഈ പരിമിതകളൊക്കെ ഉള്ളപ്പോഴും കേരളത്തിൽ പരിഷത്ത് തന്നെയാണ് ശാസ്ത്രബോധം പ്രചരിപ്പിക്കുന്നതിൽ മുന്നിൽ, എങ്കിലും ഈ ഇടപെടൽ കൂറെക്കൂടി വിപുലീകരിക്കേണ്ട സാഹചര്യമാണിത്.

ലൂക്ക പോലുള്ള ഓൺലൈൻ ശാസ്ത്രപ്രസിദ്ധീകരണങ്ങളിലൂടെ പരിഷത്ത് ശാസ്ത്രബോധവും ശാസ്ത്രവും പ്രചരിപ്പിക്കാൻ ഇപ്പോൾ ഊർജ്ജിതമായി ശ്രമിക്കുന്നുണ്ട്.
യുക്തിവാദി പ്രസ്ഥാനമാണ് മറ്റൊന്ന്. അത് തട്ടുകളായി തിരിഞ്ഞു, യുക്തിവാദ മൗലികവാദികൾ കൈയടക്കി. പല പുരോഗമപ്രസ്ഥാനങ്ങളും കള്ളികളായി തിരിഞ്ഞു, ബ്രാൻഡ് ചെയ്യപ്പെട്ടു, ആളുകളെ അകറ്റിനിർത്തി. ഞാൻ ദേശാഭിമാനി സ്റ്റഡി സർക്കിളിൽ പ്രവർത്തിച്ചിട്ടുണ്ട്. അന്ന്, ഇ.എം.എസിന്റെ തിരൂർ രേഖയൊക്കെ എടുത്താൽ, അതിൽ സാംസ്‌കാരിക ഐക്യമുന്നണി എന്നാണ് പറയുന്നത്. അത്തരം ഐക്യമുന്നണികൾ ഇന്ന് അസാധ്യമായിരിക്കുന്നു.

മോദിയെ വിമർശിക്കുന്നവർ തന്നെ ഇന്ന് പല തട്ടുകളിലല്ലേ ചിലർ ഗാന്ധിയുടെ കാര്യം പറയുന്നു, ചിലർ അംബേദ്കറിനെ മുന്നോട്ടുവെക്കുന്നു. മറ്റു ചിലർ മാർക്‌സിനെ പറ്റി പറയുന്നു, ചിലർ ഇവരെ മൂന്നു പേരെയും ഒരുമിപ്പിക്കണമെന്ന് പറയുന്നു.

കേരളത്തിലെ ആരോഗ്യമേഖലയിലെ 'ന്യൂ ജനറേഷനെ'ക്കുറിച്ച് ശുഭാപ്തിവിശ്വാസമുണ്ടോ?

സോഷ്യൽ മെഡിസിൻ, വൈറോളജി, എപ്പിഡമോളജി തുടങ്ങിയവയെക്കുറിച്ച് കഴിഞ്ഞ 30 വർഷം കൊണ്ട് പഠിച്ചതിനേക്കാൾ കൂടുതൽ ഞാൻ കഴിഞ്ഞ ഒരു മാസംകൊണ്ട് പഠിച്ചു, ഇതെല്ലാം പഠിച്ചത് യുവാക്കളായ ഡോക്ടർമാരിൽനിന്നും സാമൂഹിക ആരോഗ്യ പ്രവർത്തകരിൽനിന്നുമാണ്. ഞാൻ ഇപ്പോൾ ഒരു വിദഗ്ധഗ്രൂപ്പിന്റെ ചെയർപേഴ്‌സണാണ്. ഇതിൽ, ഡോ.കെ.പി. അരവിന്ദൻ ഒഴികെയുള്ളവരെല്ലാം എന്റെ മക്കളുടെ പ്രായമുള്ളവരാണ്. ഓരോ ദിവസവും ഞാൻ അവരിൽനിന്ന് പഠിക്കുകയാണ്. സാമൂഹികാരോഗ്യം കൈകാര്യം ചെയ്തിരുന്ന കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം നേരത്തെ അവഗണിക്കപ്പെട്ടിരുന്നു. ഇപ്പോൾ ആ സ്ഥിതി മാറിയിട്ടുണ്ട്. കേരളത്തിലെ ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേവലം ചികിത്സാസൗകര്യങ്ങളൂടെ വർധനവ് കൊണ്ടുമാത്രം കഴിയില്ല, സാമൂഹ്യാരോഗ്യ ഇടപെടൽ കൂടി വേണം എന്ന ധാരണ ഇപ്പോൾ അംഗീകരിക്കപ്പെട്ടുതുടങ്ങിയുണ്ട്. സാമൂഹ്യാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന മുൻതലമുറയിൽ പെട്ട ഡോ. വി. രാമൻകുട്ടി, ഡോ. എ.കെ. ജയശ്രീ, ഡോ.കെ. വിജയകുമാർ, ഡോ. കെ.ആർ. തങ്കപ്പൻ തുടങ്ങിയവരും യുവാക്കളായ ഡോ. സൈറു ഫിലിപ്പ്, ഡോ. ടി. എസ്. അനീഷ്, ഡോ. ടി. ജയകൃഷ്ണൻ എന്നിവരും വളരെ സജീവവും ക്രിയാത്മകവുമായ ഇടപെടൽ നടത്തിവരുന്നുണ്ട്.
ആർദ്രം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഞാൻ പ്രാഥമികാരോഗ്യകേന്ദ്രങ്ങളും താലൂക്ക്- ജില്ലാ ആശുപത്രികളും സന്ദർശിച്ചിരുന്നു. എല്ലാ തലങ്ങളിലും, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാർ, ആശാവർക്കർമാർ തുടങ്ങി ഡോക്ടർമാരിൽ വരെ വരെ വലിയൊരു ഉത്സാഹം കാണാൻ കഴിഞ്ഞു. ഉദാഹരണത്തിന് വയനാട്ടിലെ നൂൽപ്പുഴ, കേരളത്തിലെ ഏറ്റവും മികച്ച കമ്യൂണിറ്റി ഹെൽത്ത് സെന്ററായി തെരഞ്ഞെടുക്കപ്പെട്ടതാണ്. ഈ സർക്കാർ വന്നശേഷം ഒരു സമരത്തിൽ പങ്കെടുത്തവരാണ് അവിടത്തെ ജീവനക്കാർ. ഒപ്പം, അവർ ആശുപത്രി മെച്ചപ്പെടുത്തുന്നതിൽ പ്രതിബദ്ധത കാണിക്കുകയും ചെയ്യുന്നു. എനിക്ക് ഏറെ ആഹ്ലാദമുണ്ടാക്കുന്ന കാര്യമാണിത്. ആരോഗ്യവകുപ്പുമന്ത്രിക്കൊപ്പമുള്ള ഒരു യോഗത്തിൽ ഞാൻ പറഞ്ഞു, എനിക്ക് മരിക്കാൻ പറ്റിയ സമയമാണിതെന്ന്. കാരണം, ഞാൻ ആഗ്രഹിച്ച തലത്തിലേക്ക് ആരോഗ്യപ്രവർത്തകരും ആരോഗ്യമേഖലയും മാറി വരുന്നുണ്ട്.


Summary: മറ്റു മഹാമാരികളുമായി താരതമ്യപ്പെടുത്തുേമ്പാൾ കോവിഡ് വലിയ ഒരു രോഗമല്ല എന്ന് പറയാം. അതേസമയം, അത് ശാസ്ത്രത്തിനും സമൂഹത്തിനും മുന്നിൽ ചില വെല്ലുവിളികളുയർത്തുന്നുണ്ട്. കൊറോണ വൈറസിൻെറ ശാസ്ത്രം വിശദീകരിച്ചുകൊണ്ട് രോഗവ്യാപനവുമായി ബന്ധപ്പെട്ട് സാമൂഹിക ശാസ്ത്രപരമായും രാഷ്ട്രീയമായും രൂപപ്പെട്ട പല വിശകലനങ്ങളെയും തിരുത്തുകയാണ് പ്രമുഖ പബ്ലിക് ഹെൽത്ത് ആക്റ്റിവിസ്റ്റുകൂടിയായ ഡോ. ബി. ഇക്ബാൽ.


ഡോ. ബി. ഇക്ബാൽ

സംസ്​ഥാനത്ത്​ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന വിദഗ്​ധ സമിതി അധ്യക്ഷൻ. പബ്ലിക്​ ഹെൽത്ത്​ ആക്​റ്റിവിസ്​റ്റ്​. കേരള സർവകലാശാല മുൻ വി.സി. കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം (എഡിറ്റർ), പുതിയ വിദ്യാഭ്യാസ നയം: സമീപനവും വിമർശനവും (എഡിറ്റർ), മഹാമാരികൾ- പ്ലേഗ്​ മുതൽ​ കോവിഡ്​ വരെ- ചരിത്രം ശാസ്​ത്രം അതിജീവനം, എഴുത്തിന്റെ വൈദ്യശാസ്ത്രവായന, ഇന്ത്യൻ ഔഷധ മേഖല: ഇന്നലെ ഇന്ന്, നിരോധിച്ച മരുന്നുകൾ, നിരോധിക്കേണ്ട മരുന്നുകൾ, കേരള ആരോഗ്യ മാതൃക: വിജയത്തിൽ നിന്ന് പ്രതിസന്ധികളിലേക്ക് തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

Comments