""രാത്രി പന്ത്രണ്ടുമണിവരെ ഞാൻ അവനുമായി സംസാരിച്ചു. അവൻ തീർത്തു പറഞ്ഞു, ഈ ബന്ധം എനിക്കു തുടരാൻ കഴിയില്ല. നീ നല്ല കുട്ടിയാണ്, പക്ഷേ ഞാൻ നിന്നെ അർഹിക്കുന്നില്ല. അവൻ അങ്ങനെ പറഞ്ഞെങ്കിലും അവന് വേറൊരു കുട്ടിയുമായുള്ള ബന്ധം ഞാൻ മനസിലാക്കിയിരുന്നു. ഞാൻ വല്ലാതെ തളർന്നുപോയി. സ്വയം നിയന്ത്രിക്കാൻ കഴിയാത്ത ഒരു മാനസികാവസ്ഥയിലായിരുന്നു ഞാൻ. കുറേസമയം നിർത്താതെ കരഞ്ഞു. എന്റെ സ്വപ്‌നങ്ങളെല്ലാം തകർന്നപോലെ തോന്നിയെനിക്ക്. അമ്മയുടെ ഒരു സാരി കണ്ടു. അതുംകൊണ്ട് ഞാനെന്റെ മുറിയിൽ കയറി കതകടച്ചു. ഏകദേശം 1.45 am ആയപ്പോൾ ഞാനത് കഴുത്തിൽ കുരുക്കി. എനിക്കു നിന്നെയിനി വേണ്ടയെന്ന വാക്കുകൾ ആയിരുന്നു മനസ് മുഴുവൻ.'' ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ട് അതിൽ നിന്ന് രക്ഷപ്പെട്ട ഒരു കൗമാരക്കാരിയുടെ വാക്കുകളാണിത്.
ആത്മഹത്യയ്ക്കു ശ്രമിക്കുന്ന ഒരാളുടെ മാനസിക നില എന്തായിരിക്കും? അവർ കടന്നുപോകുന്ന വികാരവിചാരങ്ങൾ എന്തെല്ലാമായിരിക്കും? അവരുടെ വ്യക്തിത്വ സവിശേഷതകൾ എന്തൊക്കെയാണ്? അവർ ആത്മഹത്യപ്രവണത ആവർത്തിക്കുമോ? അവരെ അതിൽ നിന്നും എങ്ങനെ പിന്തിരിപ്പിക്കാൻ കഴിയും? തുടങ്ങിയ ആത്മഹത്യയുമായി ബന്ധപ്പെട്ട ഒട്ടനവധി ചോദ്യങ്ങൾ ഗവേഷകർ പലവട്ടം പഠനവിധേയമാക്കുകയും വ്യത്യസ്തമായ നിഗമനങ്ങളിൽ എത്തിച്ചേരുകയും ചെയ്തിട്ടുള്ളതാണ്. ഇത്തരം പഠനങ്ങൾ കൂടുതലായി നടത്തിയിട്ടുള്ളത് ആത്മഹത്യ ചെയ്തവരുടെ സൈക്കോളജിക്കൽ ഓട്ടോപ്‌സി വഴിയാണ്. മരിച്ചവരുടെ ആത്മഹത്യക്കുറിപ്പുകൾ, അന്വേഷണ റിപ്പോർട്ടുകൾ, രക്ഷപ്പെട്ടവരുമായുള്ള അഭിമുഖങ്ങൾ, കുടുംബാംഗങ്ങളോടോ അടുത്ത വ്യക്തികളോടോ നേരിട്ടുള്ള അഭിമുഖങ്ങൾ, കേസ് ഡയറികൾ തുടങ്ങിയവ വഴിയാണ് സൈക്കോളജിക്കൽ ഓട്ടോപ്‌സിയിൽ ആവശ്യമായ വസ്തുതകൾ കണ്ടെത്തുന്നത്. ഇത്തരം പഠനങ്ങളെല്ലാം വിരൽചൂണ്ടുന്നത് സ്വയം മരിക്കാനുള്ള സമയത്ത് പൊതുവായ ചില വികാരവിചാരണങ്ങൾ ഇവരെ ഭരിക്കുന്നുണ്ട് എന്നുതന്നെയാണ്. ഇതിനെ കൂടുതൽ മനസിലാക്കുക വഴി ആത്മഹത്യ ശ്രമങ്ങൾക്ക് ഒരുപരിധിവരെ തടയിടാൻ കഴിയുമെന്നും ഇത്തരം പഠനങ്ങൾ വ്യക്തമാക്കുന്നു.
സ്‌നേഹവും വെറുപ്പും
സ്‌നേഹത്തിന്റെ മറുപുറം വിദ്വേഷമാണെന്നും ഒരേസമയം ഒരേയളവിൽ സ്‌നേഹവും വിദ്വേഷവും ഒരു വ്യക്തിയോടോ വസ്തുവിനോടോ തോന്നാമെന്നും ആദ്യമായി പറഞ്ഞുവെച്ചത് മനോവിശ്ലേഷകനായ ഫ്രോയ്ഡാണ്. അദ്ദേഹം 1917ൽ എഴുതിയ വിലാപവും വിഷാദ രോഗവും എന്ന ലേഖനത്തിൽ വെറുപ്പും സ്‌നേഹവും തമ്മിലുള്ള പരസ്പര ബന്ധത്തിന്റെ പശ്ചാത്തലത്തിൽ ആത്മഹത്യ ചെയ്യുന്നവരുടെ മനോവിചാരങ്ങളെ വിശകലന വിധേയമാക്കുന്നുണ്ട്. താൻ സ്‌നേഹിക്കുന്നതോ, സ്‌നേഹിച്ചതോ, സ്‌നേഹിക്കപ്പെടേണ്ടതോ ആയ വ്യക്തിയോട് (Love object) തോന്നുന്ന അമർഷമാണ് ആത്മഹത്യയുടെ അടിസ്ഥാന കാരണമായി ഈ ലേഖനം പ്രതിപാദിക്കുന്നത്. ഈ അമർഷത്തെ തന്നിലേക്കു തന്നെ ഒരുതരം കുറ്റപ്പെടുത്തൽ (self blame) ആക്കി പരിവർത്തനം ചെയ്യുമ്പോഴാണ് ആത്മഹത്യയ്ക്ക് അനുകൂലമാകുന്ന ഒരു മാനസികാവസ്ഥ സംജാതമാകുന്നത്. ഈ സ്വയം കുറ്റപ്പെടുത്തൽ വളരെ വേദനിപ്പിക്കുന്നതും കഠിനവുമാണ്. അത് തന്നോട് തന്നെയുള്ള അമർഷമായിട്ടാണ് ആത്മഹത്യ ചെയ്യുന്നയാൾ മനസിലാക്കുന്നതെങ്കിലും അത് തന്റെ സ്‌നേഹത്തിന് കാരണമായതിനോടുള്ള (love object) വെറുപ്പാണ്. പ്രധാനമായും സ്‌നേഹനഷ്ടങ്ങളിൽ നിന്നാണ് ഈ സ്വയം കുറ്റപ്പെടുത്തൽ കൂടുതൽ ബലംപ്രാപിക്കുന്നത്. സ്‌നേഹവും സ്‌നേഹനഷ്ടങ്ങളുമെന്നുള്ളത് വളരെ ബൃഹത്തായൊരു ആശയമായിട്ടാണ് ഇവിടെ വിപക്ഷിക്കുന്നത്. സ്‌നേഹത്തിന് കാരണമായ വസ്തു (love object) അച്ഛനോ, അമ്മയോ, സഹോദരനോ, സഹോദരിയോ കാമുകനോ, കാമുകിയോ ആരുമാകാം.
സ്‌നേഹനഷ്ടങ്ങൾ സൃഷ്ടിക്കുന്ന പരസ്പരവിരുദ്ധമായ (ambivalence) വൈകാരികാവസ്ഥയാണ്. സ്‌നേഹത്തിനും വെറുപ്പിനും ഇടയിൽപെട്ടുകിടക്കുന്ന ഒരു മാനസികാവസ്ഥയാണത്. ഏതാണ് സ്‌നേഹമെന്നോ ഏതാണ് വിദ്വേഷമെന്നോ തിരിച്ചറിയാനോ പരിഹരിക്കാനോ കഴിയാത്ത ഒരുമനോനിലയാണിത്. നഷ്ടങ്ങൾ ഈ അവസ്ഥയുടെ കാഠിന്യത്തെ വർധിപ്പിക്കുന്നു.
ആത്മഹത്യയെന്ന വിരോധാഭാസം (Suicide Paradox)
തന്നോട് തന്നെ സ്‌നേഹം പ്രകടിപ്പിക്കാനുള്ള പ്രവണതയാണ് വ്യക്തിത്വത്തിന്റെ അടിസ്ഥാന ഘടനയിൽ അന്തർലീനമായെന്നിരിക്കെ ഒരു വ്യക്തി എങ്ങനെയാണ് തന്നെത്തന്നെ നശിപ്പിക്കുന്നത്. ആത്മഹത്യയിലെ വിരോധാഭാസം (paradox) ആയിട്ടാണ് മനശാസ്ത്രജ്ഞർ ഇതിനെ കരുതുന്നത്. എന്നാൽ തന്റെ സ്‌നേഹത്തിന് കാരണമായിട്ടുള്ളതിനോട് (Love object) താദാത്മ്യം
പ്രാപിക്കുകവഴി ആ വ്യക്തിയോട് തോന്നുന്ന എല്ലാ അമർഷങ്ങളും വെറുപ്പുകളും തന്നോട് തന്നെയുളള വെറുപ്പും അമർഷവുമായി അനുഭവിക്കുകയെന്ന വിചിത്രമായ മാനസിക വ്യാപാരത്തിലാണ് ആത്മഹത്യ ചെയ്യുന്ന വ്യക്തിയുടെ മനസ് സഞ്ചരിക്കുക. ഇതുതന്നെയാണ് പരമാവധി സ്വയം പീഡിപ്പിക്കുകയെന്ന വിചാരത്തിലേക്ക് എത്തിപ്പെടുവാൻ കാരണമായിത്തീരുന്നത്.
നവമനോവിശ്ലേഷകരായിട്ടുള്ള റോസൻഫെൽട്ട്, ഓട്ടോകാൻബർഗ് (1984,1992) തുടങ്ങിയവരുടെ അഭിപ്രായത്തിൽ തീവ്രമായ അമർഷമാണ് ആത്മഹത്യയിലൂടെ പ്രകടമാകുന്നത്. തന്നെ നശിപ്പിക്കുകയെന്നുള്ളത് മാത്രമാണ് തന്റെ സ്‌നേഹത്തിനും വിദ്വേഷത്തിനും കാരണമായ വ്യക്തിയെ നശിപ്പിക്കാനുള്ള പ്രധാന ഉപാധിയായി ആത്മഹത്യ ചെയ്യുന്നവർ കണ്ടെത്തുന്നത്. മാരകമായ ആത്മരതി (malignant narcissism) എന്നാണ് കാൻബർഗ് ഈ അവസ്ഥയെ വിശേഷിപ്പിച്ചത്.
കുറ്റബോധവും ക്ഷമാപണവും
ആത്മഹത്യയെക്കുറിച്ചുള്ള വ്യത്യസ്തമായ പഠനങ്ങൾ കാണിക്കുന്നത് ആത്മഹത്യ ചെയ്യുന്ന ആളുകൾ കടുത്ത കുറ്റബോധത്തിൽ കൂടിയും ക്ഷമാപണത്തിൽ കൂടിയുമാകും കടന്നുപോകുക എന്നുള്ളതാണ്. ഒരു ആത്മഹത്യാക്കുറിപ്പ് താഴെപ്രതിപാദിക്കുന്നു:
"എന്നോട് ക്ഷമിക്കൂ അമ്മേ, എനിക്കിനി ജീവിക്കാൻ കഴിയുകയില്ല. ഞാൻ കടുത്ത വിഷാദത്തിലാണ്. എനിക്ക് ജീവിതത്തിന് ഒരർത്ഥവും കണ്ടെത്താൻ സാധിച്ചില്ല. എനിക്കിനി ജീവിക്കാൻ ആഗ്രഹമില്ല. ഞാൻ മറ്റൊരു മാർഗവും കാണുന്നില്ല. അമ്മയുടെയും വിശ്വന്റെയും ആരോഗ്യം നന്നായി നോക്കണം. എന്നോട് ക്ഷമിക്കൂ.'
ഏകദേശം ഏഴ് പ്രധാന വികാരങ്ങളാണ്, ആത്മഹത്യ ചെയ്യുന്നതിനു തൊട്ടുമുമ്പ് അതിലൂടെ കടന്നുപോകുന്ന വ്യക്തികൾ അനുഭവിക്കുന്നതെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. നിന്ദ, വിദ്വേഷം, ദേഷ്യം, ഭയം, കുറ്റബോധം, പ്രതീക്ഷയില്ലായ്മ, കുറ്റപ്പെടുത്തലുകൾ തുടങ്ങിയവയാണിത്. (Yang, H., Willis, A., De Roeck, A., & Nuseibeh, B. (2012))
ഇത്തരം വികാരങ്ങൾ കൂടുതൽ ശക്തമായി പ്രകടമാകുന്നത് ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പാണെങ്കിലും വളരെ നാളുകൾകൊണ്ട് രൂപപ്പെട്ടുവരുന്ന ഒരു മാനസിക നിലയാണിത്. അതുകൊണ്ടുതന്നെ ഇതിന്റെ പ്രതിഫലനങ്ങൾ, സൂക്ഷ്മമായി നിരീക്ഷിക്കുകയാണെങ്കിൽ വളരെ മുമ്പുതന്നെ മനസിലാക്കുവാൻ സാധിക്കുന്നതാണ്. ആത്മഹത്യയിലേക്കു നയിക്കുന്ന മാനസികാവസ്ഥ ഒട്ടുമിക്ക സാഹചര്യങ്ങളിലും താൽക്കാലികമായി നിലനിൽക്കുന്ന ഒന്നായിരിക്കും (A temporary destructive state) . അത്തരം സാഹചര്യത്തിൽ നേരിട്ട് ഇടപെടാൻ ശ്രമിച്ചാൽ പലപ്പോഴും അവരെ ഇതിൽ നിന്നും പിന്തിരിപ്പിക്കാനായി സാധിക്കും.
ഡബ്ല്യു.എച്ച്.ഒയുടെ കണക്കുപ്രകാരം, 80ലക്ഷം ആളുകളാണ് പ്രതിവർഷം ആത്മഹത്യവഴി മരണപ്പെടുന്നത്. ഇന്ത്യയിലെ കണക്കുപ്രകാരം 139123 ആളുകളാണ് 2019ൽ ആത്മഹത്യ ചെയ്തത് (നാഷണൽ ക്രൈം ബ്യൂറോ റിപ്പോർട്ട്). കേരളത്തിന്റെ ആത്മഹത്യയുടെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ക്രമാഗതമായ കുറവുകൾ കാണുവാൻ സാധിക്കും. എന്നാൽ കേരളത്തിലെ കൗമാരക്കാരിലും യുവതീ യുവാക്കളിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആത്മഹത്യാനിരക്ക് കൂടുതലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഡി.ജി.പി ആർ. ശ്രീലേഖയുടെ നേതൃത്വത്തിൽ നടത്തിയ പഠനവും വിരൽചൂണ്ടുന്നത് ഇതുതന്നെയാണ്. 2020 ഒക്ടോബർ 21ന് സർക്കാറിന് സമർപ്പിച്ച റിപ്പോർട്ട് അക്കാരണങ്ങൾകൊണ്ടുതന്നെ വളരെ ഗൗരവത്തോടെ സമീപിക്കേണ്ട ഒരുകാര്യമാണ്. ഒമ്പതുമുതൽ പതിനെട്ടുവരെ പ്രായമുള്ള കുട്ടികളുടെ ഇടയിൽ ആത്മഹത്യയുടെ നിരക്ക് അനിയന്ത്രിതമായ രീതിയിൽ വർധിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു. മരിച്ച കുട്ടികളുടെ പശ്ചാത്തലം പരിശോധിച്ചാൽ ചില കാര്യങ്ങൾ മനസിലാക്കുവാൻ സാധിക്കും. സാധാരണഗതിയിൽ നാം സുരക്ഷിതരാണെന്നു വിചാരിക്കുന്ന കുടുംബസാഹചര്യങ്ങളിൽ നിന്ന് വരുന്നവരാണ് ഭൂരിഭാഗവും. 83% കുട്ടികളും സുദൃഢമായ കുടുംബപശ്ചാത്തലം ഉള്ളവരാണ്. മാത്രമല്ല 73% കുട്ടികളും അവരുടെ മാതാപിതാക്കൾക്കൊപ്പം താമസിക്കുന്നവരാണ്. 94% കുട്ടികൾ കൂടപ്പിറപ്പുകൾ ഉള്ളവരും അണുകുടുംബത്തിന്റെ ഭാഗവുമാണ്. അവരുടെ പഠനനിലവാരം വിശദമായി വിശകലനം ചെയ്തിട്ടുണ്ട്. 85% കുട്ടികളും പഠനത്തിൽ ശരാശരി ഉയർന്ന മാർക്ക് കരസ്ഥമാക്കുന്നവരാണ് എന്നു കൂടി എടുത്തുപറയേണ്ടതുണ്ട്.
ആത്മഹത്യ ചെയ്തവരിൽ 91% കുട്ടികളും മുൻപൊരു ആത്മഹത്യാശ്രമം നടത്തിയിട്ടില്ലയെന്നും 89%കുട്ടികൾക്കും മാനസിക പ്രശ്‌നങ്ങളുടെ ചരിത്രമില്ലയെന്നുള്ളതും ഈ റിപ്പോർട്ടിനെ നിലവിലുള്ള പല പഠനങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു. ഈ കണക്കുകൾ പരിശോധിക്കുന്നതിൽ നിന്നും ഒരുകാര്യം വ്യക്തമാണ്. വലിയ മാനസിക സമ്മർദ്ദമൊന്നുമുണ്ടാകാനിടയില്ലെന്ന് പൊതുവായി സമൂഹം വിചാരിച്ചുവെക്കുന്ന സാധാരണ കുട്ടികളാണ് ആത്മഹത്യ ചെയ്തത്. എന്നിട്ടും ഇവർ എന്തിന് സ്വയം മരണത്തെ ഏറ്റുവാങ്ങി? ഇതേ സമിതിയുടെ മറ്റൊരു നിഗമനം കൗമാരക്കാരിൽ നടക്കുന്ന ഭൂരിഭാഗം ആത്മഹത്യയുടെ കാരണങ്ങളും അജ്ഞാതമാണെന്നുള്ളതാണ്. എന്തുകൊണ്ടാണ് ഈ കുട്ടികളുടെ മരണകാരണം അജ്ഞാതമാകുന്നത്? ഇതിന്റെയർത്ഥം നമുക്ക് ഈ കുട്ടികളെ അടുത്തറിയില്ലയെന്നുതന്നെയല്ലേ. അവരുടെ ചിന്താമണ്ഡലങ്ങളും വികാരങ്ങളും ആഗ്രഹങ്ങളും മുതിർന്നവരുമായും മാതാപിതാക്കളുമായും മറ്റുപ്രധാനപ്പെട്ടവരുമായും പങ്കുവെക്കപ്പെടാതെ പോകുന്നുവെന്നല്ലേ.
കുട്ടികളെന്ന സ്വകാര്യ സ്വത്ത്
കുട്ടികളെന്നു പറഞ്ഞാൽ കുടുംബത്തിന്റെ പൊതുസ്വത്തായും പ്രത്യേകിച്ച് മാതാപിതാക്കന്മാരുടെ സ്വകാര്യ സ്വത്തായിട്ടുമാണ് നമ്മുടെ സമൂഹം പൊതുവെ കണക്കാക്കുന്നത്. കുടുംബത്തിന്റെ ആഗ്രഹത്തിനും അന്തസ്സിനും നിരക്കാത്ത ഒന്നും ചെയ്യാത്ത കുട്ടിയെന്നുള്ളതാണ് ഒരു നല്ല കുട്ടിയുടെ ഏറ്റവും ഉചിതമായ നിർവചനം. കുടുംബത്തിന്റെ മൂല്യബോധത്തിൽ നിന്നും അണുവിട വ്യതിചലിക്കാത്ത കുട്ടികൾക്ക് പൊതുവെ കരുതിവെച്ചിരിക്കുന്ന നിർവചനമാണ് മിടുക്കൻ, മിടുക്കി തുടങ്ങിയവ. വസ്ത്രധാരണങ്ങളിലും മതവിശ്വാസത്തിലും പഠനജോലിക്കാര്യങ്ങളിലും എന്തിനേറെ സ്വന്തം മുടി എങ്ങനെ വളർത്തണമെന്നുള്ളതിൽ പോലും കുടുംബമഹിമയും അപ്പന്റെയും അമ്മയുടെയും വല്യപ്പന്റെയും തണ്ടപ്പേരുനോക്കി നീരുമാനിക്കുന്ന സമൂഹമാണ് നമ്മുടേത്. ഇന്ത്യയിൽ നടത്തിയ മിക്ക പഠനങ്ങളും വ്യക്തമാക്കുന്നത് ആത്മഹത്യ ചെയ്യുന്നയാൾക്ക് തന്റെ കുടുംബവുമായുള്ള ബന്ധം വളരെ പ്രധാനമാണ് എന്നുളളതാണ്. കുടുംബത്തോട് പുലർത്തുന്ന അമിത സ്‌നേഹവും അത് സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയും ആത്മഹത്യയിലേക്കു നയിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കുടുംബം പുലർത്തുന്ന മൂല്യബോധങ്ങളോടുള്ള മറുതലപ്പും കൗമാരക്കാരുടെ ആത്മഹത്യയിലേക്ക് നയിക്കാൻ ശക്തിയുള്ളതാണ്.
പുതിയ പഠന റിപ്പോർട്ട് പ്രകാരം ഒമ്പത് മുതൽ 18 വയസിനിടയിൽ ആത്മഹത്യ വർധിക്കുന്നുവെന്നുള്ളതാണ് നമ്മളെ അലോസരപ്പെടുത്തുന്നത്.
കുട്ടികളുടെ സ്വത്വ രൂപീകരണത്തിന്റെ ഒരു പ്രധാന ഘട്ടത്തിലാണിത് സംഭവിക്കുന്നത് എന്ന് മനസിലാക്കേണ്ടതുണ്ട്. എന്നാൽ ആത്മഹത്യ ചെയ്യാൻ അനുയോജ്യമായ ഒരു മാനസികാവസ്ഥയിലേക്ക് ഒരു കുട്ടിയോ കൗമാരപ്രായത്തിലുള്ളവരോ എത്തിച്ചേരുന്നത് വളരെ പെട്ടെന്ന് സംഭവിക്കുന്ന ഒന്നല്ല. വളരെ കുട്ടിയായിരിക്കുമ്പോൾ മുതൽ അവർ രൂപപ്പെടുത്തിയെടുത്ത വ്യക്തിത്വ സവിശേഷതകളുമായി ഇതിന് അടുത്തബന്ധമുണ്ട്. താൻ എങ്ങനെയാണ് സ്‌നേഹിക്കേണ്ടത്, സ്‌നേഹിക്കപ്പെടേണ്ടത് എന്നുള്ളതിന്റെയൊക്കെ ഒരു മാനസിക മാർഗരേഖ തന്റെ അച്ഛനമ്മമാരുമായുള്ള ബന്ധത്തിൽ നിന്നുതന്നെ രൂപപ്പെട്ടിരിക്കും. ചിലപ്പോഴെല്ലാം ഏറ്റവുമടുത്ത പരിചരണം കൊടുക്കുന്ന ആളാണ് (care giver) മാതാപിതാക്കളുടെ സ്ഥാനത്ത് ഉണ്ടാവുക. മറ്റൊരു രീതിയിൽ പറഞ്ഞാൽ സ്‌നേഹത്തിന്റെ ആദ്യ ഉപാധിയായി (first love object) അവർ മനസിലാക്കുന്നത് മാതാപിതാക്കളെയോ തത്തുല്യരായ മുതിർന്നവരെയോ ആണ്. തന്റെ ചുറ്റുപാടുമായി ബന്ധപ്പെടാനുള്ള ആദ്യ ചാലകമായി വർത്തിക്കുന്ന ഈ ബന്ധത്തിൽ നിന്നുതന്നെയാണ് പിന്നീടുള്ള മറ്റു ബന്ധങ്ങളുടെ ഘടനയും രൂപപ്പെട്ടുവരുന്നത്. കൗമാരപ്രായത്തിൽ ഈ ഘടന കൂടുതൽ വ്യക്തമായി എല്ലാ ബന്ധങ്ങളിലും പ്രകടമാകുന്നുവെന്നുമാത്രം.
മനോവിശ്ലേഷകരുടെ അഭിപ്രായത്തിൽ കുട്ടികളുടെ ലൈംഗിക വിചാരങ്ങൾ വളർന്നുവരുന്നതിലും മാതാപിതാക്കന്മാരുമായുള്ള ഈ ബന്ധം വളരെ പ്രസക്തമാണ്. താൻ കടന്നുപോകുന്ന പ്രശ്‌ന സങ്കീർണമായ ജീവിതാനുഭവങ്ങളെ തന്നിൽ നിന്നുമാറി നിന്ന് നോക്കിക്കാണുവാനും നോക്കുവാനും അനുഭവിക്കാനുമുള്ള കഴിവിന്റെ അടിസ്ഥാനത്തിലുമാവും ഒരാൾ ദുർഘട ഘട്ടങ്ങളിൽ ആത്മഹത്യ ചെയ്യുമോ ഇല്ലയോയെന്ന് പ്രവചിക്കാനാവുകയെന്ന് ആത്മഹത്യയെക്കുറിച്ചുള്ള പഠനങ്ങൾ വ്യക്തമാക്കുന്നു. കാര്യങ്ങളെ വസ്തുവൽക്കരിക്കാനുള്ള ഈ കഴിവ് രൂപപ്പെടുത്തുന്നതിൽ മാതാപിതാക്കൾക്കും ചുറ്റുപാടുകൾക്കുമുള്ള ബന്ധം വളരെ പ്രസക്തമാണ്.
കൗമാരക്കാലം എന്നു പറയുന്നത് ശാരീരികവും മാനസികവുമായ ഒട്ടനവധി മാറ്റങ്ങൾ സംഭവിക്കുന്ന ഒരു സമയമാണ്. ലൈംഗിക ചിന്തകൾക്ക് പുതിയ ഭാവങ്ങളും രൂപങ്ങളുമുണ്ടാകുന്ന സമയം. കൂടുതൽ ജിജ്ഞാസയുടെ സമയമായതുകൊണ്ടുതന്നെ ഒട്ടനവധി പരീക്ഷണങ്ങളിലേക്ക് ഈ പ്രായത്തിൽ കടന്നുപോകുകയെന്നുള്ളത് സ്വാഭാവികമാണ്. ഇത്തരം അന്വേഷണ പരീക്ഷണങ്ങളിൽ കൂടി തന്നെയാണ് അവരുടെ വ്യക്തിത്വവും സ്വത്വബോധവും രൂപപ്പെടേണ്ടത് എന്നിരിക്കെ അവരുമായുള്ള ആരോഗ്യകരമായ സംവാദം അനിവാര്യമാണ്. കുട്ടികളുമായി സംവദിക്കാനുള്ള പക്വതയോ ഊർജ്ജമോ ആർജ്ജിക്കുക എന്നുള്ളതാണ് മുതിർന്നവർക്ക് ഇക്കാര്യത്തിൽ ചെയ്യാൻ കഴിയുക. പലപ്പോഴും അവരുടേതല്ലാത്ത കാരണങ്ങൾ കൊണ്ട് സംജാദമായ കടുത്ത വിദ്വേഷത്തിന്റെയും സ്വയം നിന്ദയുടെയും മാനസികാവസ്ഥയിൽ നിന്നും അവരെ ഒരുപരിധിവരെ രക്ഷിക്കാൻ ഈ ഇടപെടലുകൾക്കാവും. കുടുംബത്തിനു പുറമേ കുട്ടികളുമായി അടുത്തിടപഴകുന്ന എല്ലാ ഇടങ്ങൾക്കും ഇതിൽ നിർണായകമായ പങ്കുവഹിക്കാൻ കഴിയും. സ്‌കൂൾ മുതൽ കളിക്കളങ്ങൾ വരെ നീണ്ടുകിടക്കുന്ന സാമൂഹ്യ ശൃംഖലയ്ക്ക് ഇതിൽ കാര്യമായി ഇടപെടുവാൻ കഴിയും. കുട്ടികളുമായി നിരന്തരം സംവദിക്കുകയും അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെ മുൻവിധി മാറ്റിനിർത്തി മനസിലാക്കാനും സാധിച്ചാൽ അജ്ഞാതമെന്ന് നാം വിശേഷിപ്പിക്കുന്ന കൗമാര ആത്മഹത്യ കാരണങ്ങളെ കുറച്ചുകൂടി വ്യക്തമായി നമുക്കു മനസിലാക്കുവാനും അതിലിടപെടുവാനും കഴിഞ്ഞേക്കാം.
Reference:
Freud S (1917). Mourning and melancholia. In J Strachey (ed. and trans.), The Standard Edition of the Complete Psychological Works of Sigmund Freud, Vol. 10. Hogarth Press, London.
Kumar PNS. Changing trends of suicides in Kerala and solution (Viewpoint). Kerala Journal of Psychiatry 2019;32(1):55-63. doi: 10.30834/KJP.32.1.2019.177
National Crime Records Bureau. (2020). Retrieved 16 October 2020, from https://ncrb.gov.in/en
Ronningstam, Elsa & Weinberg, Igor & Maltsberger, John. (2009). Psychoanalytic theories of suicide. 10.1093/med/9780198570059.003.0024.
Yang, H., Willis, A., De Roeck, A., & Nuseibeh, B. (2012). A Hybrid Model for Automatic Emotion Recognition in Suicide Notes. Biomedical Informatics Insights, 5s1, BII.S8948. doi: 10.4137/bii.s894