മരുന്ന് കണ്ടെത്തൽ എളുപ്പപ്പണിയല്ല

സുരക്ഷിതവും ഫലപ്രദവുമായ മരുന്ന് കണ്ടെത്തി ചികിത്സയിൽ പ്രയോജനപ്രദമാക്കുകയെന്നത് അത്ര എളുപ്പമല്ല. വർഷങ്ങളുടെ ദൃഢനിശ്ചയത്തോടെയുള്ള പരിശ്രമം അതിന് ആവശ്യമാണ്. മരുന്ന് കണ്ടെത്തുകയെന്ന പ്രക്രിയയുടെ ചരിത്രപരമായ പശ്ചാത്തലവും കോവിഡിനെതിരെ സുരക്ഷിതവും ഫലപ്രദവുമായ മരുന്നുകണ്ടെത്താൻ ശാസ്ത്രലോകത്തിനു മുമ്പിലുള്ള സാധ്യതകളും വെല്ലുവിളികളും പരിശോധിക്കപ്പെടുന്നു.

നോവൽ കൊറോണ വൈറസ് (severe acute respiratory syndrome coronavirus 2 or SARS-CoV-2) എന്ന് പിന്നീട് കണ്ടെത്തിയ, ന്യൂമോണിയ കേസുകളുടെ കൂട്ടം ആദ്യമായി റിപ്പോർട്ടു ചെയ്യപ്പെട്ടിട്ട് ആറുമാസത്തിലധികമായി. കോവിഡ്- 19 എന്നു പേരിട്ട ഈ രോഗം വ്യാപനശേഷിയും ഗുരുതരാവസ്ഥയും കാരണം ലോകത്തെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. യോജിച്ച കഠിനശ്രമങ്ങളുണ്ടായിട്ടും കോവിഡിന് പര്യാപ്തമായ ചികിത്സയെന്ന ലക്ഷ്യത്തിലെത്താൻ കഴിഞ്ഞിട്ടില്ല. ഡ്രഗ് റീപർപസിങ്, അതായത് മറ്റ് രോഗങ്ങൾക്ക് ഉപയോഗിച്ചിരുന്ന മരുന്നുകൾ ഉപയോഗിക്കുകയെന്നത് മാത്രമാണ് നിലവിൽ ഏകവഴി. ഒരു പ്രത്യേക രോഗത്തിന് ഉപയോഗിക്കാൻ അംഗീകാരം ലഭിച്ച മരുന്നിന്റെ പുതിയ ഉപയോഗം പലപ്പോഴും ഡോക്ടർമാർ കണ്ടെത്തുന്നത് അവിചാരിതമായിട്ടാണ്. അല്ലെങ്കിൽ നിലവിലുള്ള രോഗത്തിനു പുറമേ മറ്റുചില അവസ്ഥകളിൽകൂടി ഈ മരുന്ന് ഗുണകരമാകുമെന്ന ഒരു ഡോക്ടറുടെ അനുമാനത്തിൽ നിന്നാവാം. അടുത്തിടെയായി, കോവിഡിന് റീപർപസിങ്ങിന് മരുന്നുകൾ കണ്ടെത്താൻ ബയോളജിക്കൽ നെറ്റുവർക്ക് അനാലിസിസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള സങ്കീർണ മാർഗങ്ങൾ ഉപയോഗിക്കാറുണ്ട്. ഹ്യൂമൺ ഇമ്യൂണോ ഡഫിഷൻസി വൈറസ് (എച്ച്.ഐ.വി), മറ്റ് കൊറോണ വൈറസ്, ഹെപ്പറ്റൈറ്റിസ്- സി വൈറസ്, ഇൻഫ്ളുൻസ എന്നിവയ്ക്ക് ഉപയോഗിക്കുന്ന വൈറസിനെതിരായ മരുന്നുകളും മലേറിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളും നോവൽ കൊറോണ

പരീക്ഷണഘട്ടത്തിൽ കണ്ടെത്തിയ ഫലപ്രദമായ ഓരോ 5000 പുതിയ മരുന്നുകളിൽ നിന്ന് മികച്ച ഒരു മരുന്ന് മാത്രമേ മാർക്കറ്റിൽ എത്താൻ സാധ്യതയുള്ളൂ

വൈറസ് ബാധയ്ക്കെതിരെ പരീക്ഷിക്കുന്നുണ്ട്. മനുഷ്യശരീരവും മരുന്നുകളും തമ്മിലുള്ള പ്രവർത്തനം സങ്കീർണമായതുകൊണ്ടുതന്നെ ഡ്രഗ് റീപർപസിങ്ങിന് ദോഷങ്ങളും വെല്ലുവിളികളുമുണ്ട്. മരുന്ന് കണ്ടെത്തുകയെന്ന പ്രക്രിയയുടെ ചരിത്രപരമായ പശ്ചാത്തലവും കോവിഡിനെതിരെ സുരക്ഷിതവും ഫലപ്രദവുമായ മരുന്നുകണ്ടെത്താൻ ശാസ്ത്രലോകത്തിനു മുമ്പിലുള്ള സാധ്യതകളും വെല്ലുവിളികളും പരിശോധിക്കുകയാണിവിടെ.

പൂർവികരുടെ അന്വേഷണം

ചരിത്രാതീത കാലത്തിലെ രോഗങ്ങളുടെ ചരിത്രത്തെയും ആവിർഭാവത്തെയും കുറിച്ചുള്ള പഠനമാണ് പാലിയോപാത്തോളജി. ഭൂമിയിൽ ജീവന്റെ ആദ്യ അടയാളം കണ്ടുതുടങ്ങിയപ്പോൾ തന്നെ സാംക്രമികവും അല്ലാത്തതുമായ രോഗങ്ങളും ഉണ്ടായിരുന്നുവെന്നതിന് തെളിവ് പാലിയോപാത്തോളജി പഠനങ്ങളിൽ വെളിപ്പെട്ടിട്ടുണ്ട്. ദൈവം, ആത്മാവ്, സൂര്യൻ, ചന്ദ്രൻ, ഇടി, മിന്നൽ എന്നിവയുടെ പ്രവർത്തനങ്ങളിലാണ് മനുഷ്യന്റെ ആദ്യ പൂർവ്വികർ രോഗങ്ങളുടെ കാരണം തിരഞ്ഞത്. പ്രാർത്ഥന, ചൂട്, പ്രകാശം, സൂര്യൻ, പ്രകൃതി ഉറവിടങ്ങളിൽ നിന്നുള്ള വെള്ളം എന്നിവയുടെ ചികിത്സാ സാധ്യതകൾ സംബന്ധിച്ച് ഗവേഷണം നടത്തുകയും ചെയ്തു. അവർ മൃഗങ്ങളെ നിരീക്ഷിച്ചതിലൂടെ രോഗം ഭേദമാക്കാനുള്ള ചില ചെടികളുടെ കഴിവുകൾ പഠിച്ചിട്ടുണ്ടാവാം. പുതിയ ജൈവവിഷം (ടോക്സിൻ) സംശ്ലേഷണം ചെയ്തുകൊണ്ടാണ് ചെടികൾ സ്വയം പ്രതിരോധിക്കുന്നത്. ഈ ചെടികൾ ഭക്ഷിക്കുന്ന മൃഗങ്ങൾ വിഷബാധയെ, ഈ ടോക്സിനുകൾകൊണ്ടോ സ്വന്തം ശരീരത്തിൽ ഉൽപാദിപ്പിക്കുന്ന പുതിയ അല്ലെങ്കിൽ പരിഷ്‌കരിച്ച എൻസൈമുകൾ കൊണ്ടോ പ്രതിരോധിക്കും. മരുന്നുകളിൽ

സുരക്ഷിതവും ഫലപ്രദവുമായ മരുന്ന് കണ്ടെത്തി ചികിത്സാ രംഗത്തേക്ക് പ്രയോജനപ്രദമാക്കുകയെന്നത് അത്ര എളുപ്പമുള്ള പണിയല്ല. വർഷങ്ങളുടെ ദൃഢനിശ്ചയത്തോടെയുള്ള പരിശ്രമം അതിന് ആവശ്യമാണ്

മാറ്റംവരുത്താനാവുന്ന എൻസൈമുകളുടെ ഉൽപാദന പരിണാമമാണ് മനുഷ്യരിലേക്കും ക്രമേണവികാസം പ്രാപിച്ചുവന്നത്.
ചെടികളുടെ വേര്, വള്ളി, തൊലി എന്നിവയിൽ യാദൃശ്ചികമായി നടത്തിയ പരിക്ഷീണങ്ങൾക്കിടെ ചെടികളിൽ നിന്ന് വേർതിരിച്ചെടുക്കാവുന്ന തന്മാത്രകളുടെ ഗുണങ്ങൾ ആദ്യകാല മനുഷ്യർ ശ്രദ്ധിച്ചിട്ടുണ്ടാവണം. അവയിൽ ചിലത് ഉറക്കം, ഛർദ്ദി എന്നിവക്കും ചെറിയ പനി കുറയ്ക്കാനും ഉപയോഗ്യമാണെന്നും അവർ കണ്ടെത്തി. മുകളിൽ പറഞ്ഞ അറിവിൽ നിന്നാണ് ജീവന്റെ ശാസ്ത്രം അല്ലെങ്കിൽ ആയുർവേദം ഉത്ഭവിച്ചത്.

നവോത്ഥാനകാല വൈദ്യശാസ്ത്ര വിപ്ലവം

ഔഷധമെന്ന തരത്തിൽ സസ്യങ്ങളെ പരിഗണിക്കുന്നത് 1500 ബി.സിയോടെ വൻതോതിൽ അഭിവൃദ്ധിപ്പെട്ടു. Eber ന്റെ Papyrusൽ സസ്യങ്ങളുടെ ചികിത്സാപരമായ ഉപയോഗത്തെക്കുറിച്ച് പരാമർശമുണ്ട്. ആധുനിക

Eber ന്റെ  Papyrus
Eber ന്റെ Papyrus

വൈദ്യശാസ്ത്രത്തിന്റെ പിതാവായി കണക്കാക്കുന്ന ഹിപ്പോക്രാറ്റസ് (460-355 ബി.സി) ചികിത്സയ്ക്ക് ഔഷധസസ്യങ്ങൾ വൻതോതിൽ ഉപയോഗിച്ചിരുന്നു. നീറോ ചക്രവർത്തിയുടെ കാലത്ത് റോമൻ സൈന്യത്തിലെ ഭിഷഗ്വരൻ ആയിരുന്ന Pedanius Dioscorides (AD 50) ഡോക്യുമെന്റേഷനുകളിൽ 500ലധികം ചെടികളുടെ ഔഷധഗുണത്തെക്കുറിച്ച് ചർച്ച ചെയ്യുന്നുണ്ട്. സസ്യങ്ങളിൽ നിന്നുള്ള ഔഷധഘടകങ്ങളുടെ അസംസ്‌കൃത മിശ്രണത്തെ കുറിക്കാൻ ഉപയോഗിക്കുന്ന പദമാണ് ഗലേനിക്കൽസ്. 400 സസ്യങ്ങളെക്കുറിച്ചുള്ള കുറിപ്പ് ഉൾപ്പെടെ വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങൾ എഴുതിയ പ്രശസ്ത റോമൻ ഭിഷഗ്വരൻ ക്ലാഡിയസ് ഗാലന്റെ (എ.ഡി 130-200) പേരിൽ നിന്നാണ് ഗലേനിക്കൽസ് എന്ന പേര് വന്നത്. അത്ര കൃത്യമൊന്നുമല്ലെങ്കിലും ഔഷധസസ്യങ്ങളെക്കുറിച്ച് റോമൻ കാലഘട്ടത്തിൽ നിരവധി വിവരങ്ങൾ ലഭിച്ചു. റോമൻ സാമ്രാജ്യത്തിന്റെ നാശത്തോടെ ഇതിൽ പലതും നഷ്ടപ്പെട്ടു. എന്നിരുന്നാലും, ഇരുണ്ടയുഗത്തിൽ (മധ്യകാലഘട്ടത്തിന്റെ തുടക്കം) അറബികളും യൂറോപ്പിലെ നിരവധി സന്യാസിസഭകളും ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള അറിവുകൾ സംരക്ഷിച്ചിരുന്നു.

മധ്യകാലഘട്ടത്തിന്റെ രണ്ടാം പകുതിയിൽ ഔഷധങ്ങളുമായി ബന്ധപ്പെട്ട ഗ്രീക്ക് പദ്ധതികൾക്ക് പുതുജീവനുണ്ടായി. പുതിയ യൂണിവേഴ്സിറ്റികൾ രൂപംകൊണ്ടു. എന്നിരുന്നാലും മരുന്നും ചികിത്സയുമെല്ലാം അപ്പോഴും വെറും മതപരം അല്ലെങ്കിൽ ദാർശനിക കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിലായിരുന്നു.
പ്രാമാണിത അനുശാസനങ്ങൾക്കെതിരെയുള്ള അമർഷങ്ങൾക്ക് ഒരു നേതാവുണ്ടായി. അത് Theophrastus Bombastus ആയിരുന്നു. (also known as Philippus Aureolus Paracelsus (1493- 1541), a professor at the University of Basel).
സ്വിസ് ഭിഷഗ്വരൻ ആയിരുന്നു പരാസെൽസസ്. അദ്ദേഹം അൽക്കമിസ്റ്റും (മധ്യകാലഘട്ടത്തിൽ കെമിസ്ട്രിയുടെ മുൻഗാമി) ദൈവശാസ്ത്രപണ്ഡിതനും ജർമ്മൻ നവോത്ഥാന തത്വചിന്തകനുമൊക്കെയായിരുന്നു. ആർജ്ജിതബുദ്ധിയ്കക്കൊപ്പം നിരീക്ഷണംകൂടി വേണ്ടതിന്റെ പ്രധാന്യം പരാസെൽസസ് ശക്തമായി പ്രതിപാദിച്ചു. ഡോക്ടർമാർക്ക്

പുതിയ മരുന്നു കണ്ടെത്തുകയെന്ന പ്രക്രിയ കുറച്ചുവർഷങ്ങൾ അല്ലെങ്കിൽ ദശാബ്ദങ്ങളോ അതിൽ കൂടുതലോ സമയം എടുക്കുന്നതും വളരെ ചെലവേറിയ ഒന്നുമാണ്

പ്രകൃതിശാസ്ത്രത്തെക്കുറിച്ച്, പ്രത്യേകിച്ച് രസതന്ത്രത്തിൽ നല്ല അറിവുണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹത്തിന് നല്ല അവബോധമുണ്ടായിരുന്നു. മരുന്നുകളിൽ രാസവസ്തുക്കളും ധാതുക്കളും ഉപയോഗിക്കുന്നതിന് അദ്ദേഹം വഴിയൊരുക്കുകയും രോഗചികിത്സയിൽ ലോഹങ്ങളുടെ ഉപയോഗത്തെ പിന്തുണയ്ക്കുകയും ചെയ്തു. സിഫിലിസിന്റെ ചികിത്സക്ക് മെർക്കുറി

പരാസെൽസസ്
പരാസെൽസസ്

ഉപയോഗിക്കുന്നതിന് വഴിവെച്ചതിന്റെ ക്രഡിറ്റ് അദ്ദേഹത്തിനാണ്. അങ്ങനെ അദ്ദേഹം നവോത്ഥാനകാല വൈദ്യശാസ്ത്ര വിപ്ലവത്തിന് വഴിയൊരുക്കി. അസംസ്‌കൃത മരുന്നുകളിലെ പ്രധാന ഘടകമായ ഔഷധമരുന്നുകളെ കുറിച്ച് യാതൊരു അറിവും ആ ഘട്ടത്തിലുണ്ടായിരുന്നില്ല. സത്തുകളുടെ കൂടെ ചെടികളും മറ്റു ചില വസ്തുക്കളും ചേർത്തിരുന്നു. സംസ്‌കാരങ്ങൾക്കനുസരിച്ച് വ്യത്യസ്തമായ പാരമ്പര്യ വൈദ്യശാസ്ത്രം ഇക്കാരണങ്ങൾ കൊണ്ട്, വ്യാജശാസ്ത്രമായി പരിഗണിക്കപ്പെട്ടു.
മരുന്നുകളെ കുറിച്ചുള്ള വ്യവസ്ഥാനുസൃത പഠനവും, ഒരു വൈദ്യശാസ്ത്ര ശാഖയായുള്ള അതിന്റെ വളർച്ചയും ആരംഭിച്ചത് 17ാം നൂറ്റാണ്ടിലാണ്. മരുന്നുകളെക്കുറിച്ചും അവയുടെ പ്രവർത്തനങ്ങളെക്കുറിച്ചും പഠിക്കുന്ന വൈദ്യശാസ്ത്രശാഖ ഫാർമകോളജി എന്നറിയപ്പെടുന്നു (ഗ്രീക്ക് പദങ്ങളായ ഫാർമകോൺ (മരുന്ന്, വിഷം) ലോജിയ (പഠനം, അറിവ്) എന്നിവയിൽ നിന്നാണ് ഈ വാക്കുവന്നത്). ഒരു മരുന്ന് എന്നുപറയുന്നത് പ്രകൃത്യാലുള്ളതോ മനുഷ്യനിർമിതമോ ആകാം. അത് കോശത്തിലോ കലയിലോ അവയവത്തിലോ വസ്തുവിലോ രസതന്ത്രപരമായോ ശരീരശാസ്ത്രപരമായോ (Physiological) ആയ സ്വാധീനം ചെലുത്തണം.

ഫാർമകോളജിയുടെ ആവിർഭാവം

ഫാർമക്കോളജി എന്ന് നിലവിൽ വന്നുവെന്നത് വ്യക്തമല്ല. 18ാം നൂറ്റാണ്ടിൽ വില്യം വിതറിങ്ങിന്റെ പരിശ്രമങ്ങളിലൂടെയാണ് ക്ലിനിക്കൽ ഫാർമക്കോളജി വലിയൊരളവുവരെ പ്രാമാണീകരിച്ചത്. എന്നിട്ടും, 19ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പോലും ഫാർമക്കോളജിക് പഠനങ്ങൾ പലതും നടത്തിയത് ഫിസിയോളജിസ്റ്റുകളാണ്. പട്ടികളിൽ nux vomica (കാഞ്ഞിരം അടങ്ങിയ മരുന്ന്) ഏതുരീതിയിൽ പ്രവർത്തിക്കുമെന്നതു സംബന്ധിച്ച തന്റെ നിരീക്ഷണങ്ങൾ 1809ൽ François Magendie പാരീസ് അക്കാദമിയിൽ അവതരിപ്പിച്ചു.

രോഗത്തിന്റെ പ്രത്യാഘാതങ്ങൾക്കുമേൽ എന്തുഫലം നൽകുന്നുവെന്ന് നോക്കിയാണ് പുതിയതായി വികസിപ്പിച്ച മരുന്നിനെ വിലയിരുത്തുക. ഇത്തരം പഠനങ്ങൾ ക്ലിനിക്കൽ ട്രയൽ എന്നാണ് അറിയപ്പെടുന്നത്

സുഷുമ്‌നാകാണ്ഠത്തിന്മേലാണ് ഈ മരുന്ന് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം നിരീക്ഷിച്ചിരുന്നു. അമ്പുകളിൽ ഉപയോഗിക്കുന്ന ഒരുതരം വിഷമായ Curare മാംസപേശികളുടെയും നാഡികളുടെയും ഉത്തേജനം തടസ്സപ്പെടുത്തുമെന്ന് 1844ൽ Claude Bernard കണ്ടെത്തി. Walter Sneader ന്റെ അഭിപ്രായത്തിൽ 1847ൽ Rudolf Buchheim നെ എസ്റ്റോണിയയിലെ ഡോർപറ്റ് യൂണിവേഴ്സിറ്റിയിൽ ഫാർമകോളജി പ്രഫസർ ആയി നിയമിച്ചതോടെയാണ് ഒരു പ്രത്യേക

ശാസ്ത്രശാഖയെന്ന നിലയിൽ ഫാർമകോളജി ആവിർഭവിച്ചത്. മരുന്നുകളെക്കുറിച്ചുള്ള, തീർത്തും വിവരണാത്മകവും പ്രയോഗസിദ്ധവുമായ പഠനത്തെ Buchheim പരീക്ഷണാടിസ്ഥാനത്തിൽ തെളിയിക്കുന്ന

 Oswald Schmiedeberg
Oswald Schmiedeberg

ശാസ്ത്രമാക്കിമാറ്റി. Buchheim ന്റെ ശിഷ്യനായിരുന്ന Oswald Schmiedeberg (1838-1921) നെയാണ് ആധുനിക ഫാർമകോളജിയുടെ സ്ഥാപകനായി കണക്കാക്കുന്നത്. 1878ലാണ് അദ്ദേഹം തന്റെ ക്ലാസിക് പുസ്തകമായ Outline of Pharmacology പ്രസിദ്ധീകരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധംവരെ ജർമ്മൻ ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിന്മേൽ Schmiedeberg ന് വലിയ സ്വാധീനമുണ്ടായിരുന്നു.

കേണൽ സർ ആർ.എൻ. ചോപ്ര (1882-1973)യാണ് ഇന്ത്യൻ ഫാർമകോളജിയുടെ പിതാവ്. കൊൽക്കത്തയിലെ ട്രോപ്പിക്കൽ സ്‌കൂൾ ഓഫ് മെഡിസിനിൽ അദ്ദേഹം പരീക്ഷണങ്ങൾക്കായി ഫാർമകോളജി ലബോറട്ടറി സ്ഥാപിക്കുകയും ആയുർവേദത്തിൽ ഉപയോഗിക്കുന്ന നിരവധി ഔഷധസസ്യങ്ങളുടെ ഗുണഫലങ്ങൾക്ക് ശാസ്ത്രീയ അടിത്തറ നൽകാൻ ശ്രമിക്കുകയും ചെയ്തു. ലക്​നോവിൽ നാഷനൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ വഴിവെച്ചു.
ശരീരത്തിലും അവയവങ്ങളിലും മരുന്നുകളുടെ പ്രവർത്തനം ഏതുവിധത്തിലാണെന്നത് അളക്കാനുള്ള ഉപകരണങ്ങൾ വികസിച്ചതും കോശങ്ങളിലും തന്മാത്രകളിലും മരുന്നുകളുടെ പ്രഭാവം പരിശോധിക്കാനുള്ള സാങ്കേതിക വിദ്യകൾ വളർന്നതും ഫാർമകോളജിക്കൽ ഗവേഷണങ്ങൾക്ക് തുണയായി. ജനിതക ശാസ്ത്രം, മോളിക്യുലാർ ബയോളജി, ബയോക്രമിസ്ട്രി, കമ്പ്യൂട്ടേഷണൽ ബയോളജി എന്നീ വിജ്ഞാനശാഖകളുടെ സാങ്കേതിക വിദ്യകൾ ആധുനിക ഫാർമകോളജിസ്റ്റുകൾ ഉപയോഗിക്കുന്നുണ്ട്. കോശ, തന്മാത്രാതലം മുതൽ ഒരു രോഗത്തിനെതിരെയുള്ള ചികിത്സയിൽ അല്ലെങ്കിൽ രോഗകാരണമായ ഘടകങ്ങളിൽ വരെ മരുന്നുകൾ ഏതുരീതിയിൽ പ്രവർത്തിക്കുന്നുവെന്ന വിവരങ്ങൾ ശേഖരിക്കാൻ ഈ വിദ്യകൾ സഹായിച്ചു.

മരുന്നുകളുടെ രൂപകൽപന, കണ്ടുപിടിത്തം, സമന്വയം എന്നിവയും, വൈദ്യശാസ്ത്ര സംബന്ധമായ ഉപയോഗങ്ങൾക്കായി രാസപദാർഥങ്ങൾ രൂപപ്പെടുത്തുന്നതും, രാസപദാർഥങ്ങൾ കോശങ്ങളിലും മനുഷ്യശരീരത്തിൽ മുഴുവനായും പ്രവർത്തിക്കുന്നതെങ്ങനെയെന്നു കണ്ടെത്തുന്നതുമെല്ലാം ഫാർമകോളജിയുടെ ഭാഗമാണ്. ഫാർമകോളജിയെ പ്രധാനമായും രണ്ടുതരത്തിൽ വിഭജിക്കാം. ശരീരത്തിൽ മരുന്നുകളുടെ പ്രവർത്തനം സംബന്ധിച്ച പഠനമാണ് ഒന്ന്. ഫാർമകോഡൈനാമിക്സ് എന്നാണ് ഇത് അറിയപ്പെടുന്നത്. രണ്ടാമത്തേത് ശരീരം, ഒരു മരുന്നിന്മേലുണ്ടാക്കുന്ന സ്വാധീനം. ഫാർമകോകൈനറ്റിക്സ് എന്നാണ് ഇതറിയപ്പെടുന്നത്. വ്യത്യസ്ത ജനവിഭാഗങ്ങളിലും അവർക്കിടയിലും മരുന്നുകളുടെ പ്രവർത്തനത്തിലുള്ള വ്യതിയാനങ്ങളും (ഫാർമക്കോ എപ്പിഡമിയോളജി) മരുന്നുകൾ ശരീരത്തിൽ നിന്ന് പുറത്തുവന്നാൽ പരിസ്ഥിതിയിൽ അതുണ്ടാക്കുന്ന പ്രഭാവവും (എൻവയോൺമെന്റർ ഫാർമകോളജി), ഫാർമകോളജിയുടെ വംശീയ സാംസ്‌കാരിക വശങ്ങളും (എത്തനോഫാർമകോളജി) ഫാർമകോജിസ്റ്റുകൾ പഠിക്കുന്നുണ്ട്.

മരുന്നുപരീക്ഷണത്തിന്റെ ഘട്ടങ്ങൾ

പുതിയ മരുന്ന് കണ്ടെത്തുകയെന്നതാണ് മരുന്നു കണ്ടെത്താനുള്ള പദ്ധതികൾ ലക്ഷ്യമിടുന്നത്. മരുന്നിന്റെ രൂപകൽപനയാണ് മരുന്നുകണ്ടെത്തലിന്റെ ആദ്യപടി. ഇത് നവീനവും സൃഷ്ടിപരവുമായ പ്രക്രിയയാണ്. ഉന്നംവെക്കുന്നവയുടെ ഘടനയ്ക്ക് സമാനമോ നേർവിപരീതമോ ആയ തന്മാത്രകളുടെ രൂപകൽപനയും ഇതിൽപ്പെടും. ഉദാഹരണത്തിന്, SARS CoV 2 ന്റെ ഘടന, വൈറസ് പ്രത്യുൽപാദിപ്പിക്കപ്പെടുന്നത് എങ്ങനെ, മനുഷ്യശരീരത്തിലെ വിവിധ കോശങ്ങളിൽ വൈറസിന്റെ പ്രവർത്തനം എങ്ങനെയാണ് എന്നീ കാര്യങ്ങളെല്ലാം അറിയുന്നത് കോവിഡ് ചികിത്സിക്കാനുള്ള ലക്ഷ്യം തിരിച്ചറിയാൻ സഹായിക്കും. നിലവിൽ വിജയസാധ്യതയുള്ള നിരവധി വഴികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിൽ

കോവിഡ് തിരിച്ചറിയുന്നതിനും, മരുന്നും വാക്സിനും കണ്ടെത്താനുമുള്ള പ്രയത്നത്തിലുമാണ് നിരവധി ഇന്ത്യൻ ഗവേഷണ സ്ഥാപനങ്ങളിലെയും യൂണിവേഴ്സിറ്റികളിലെയും ശാസ്ത്രജ്ഞർ

ആതിഥേയ കോശത്തിലേക്ക് വൈറസ് പ്രവേശിക്കുന്നത് തടയുന്നത് (blocking of spike protein), വൈറസ് ചെന്നുനിൽക്കുന്ന ശ്വാസകോശത്തിലെ വിവിധതരം കോശങ്ങൾ ദ്യോതിപ്പിക്കുന്ന വിശേഷ തന്മാത്രകളെ തടയുന്നത്, കോശ-വൈറസ് സംയോജനത്തിന് വഴിവെക്കുന്ന ആതിഥേയ കോശങ്ങളിലെ എൻസൈം എന്നിവ ഉൾപ്പെടും. വൈറസിന്റെ ഘടനയുടെ ഭാഗമല്ലാത്ത പ്രൊട്ടീനുകൾ പൂർണവളർച്ചയെത്തുന്നതിന് സഹായിക്കുന്ന പ്രോട്ടീനുകളെ സംസ്‌കരിക്കുന്ന (വൈറസിനെ പെറ്റുപെരുകാൻ സഹായിക്കുന്നത് ഈ പ്രവർത്തനമാണ്) വൈറൽ എൻസൈമുകൾ പോലെയുള്ള മറ്റുചില ടാർഗറ്റുകളുമുണ്ട്. ഉപയോഗ്യമായ ഒരു രാസപദാർഥം കണ്ടുപിടിച്ചാൽ തുല്യരൂപമുള്ള അനേകം മറ്റു പദാർഥങ്ങൾ ഉണ്ടാക്കുകയും അവയിൽ ഏറ്റവും അഭിലഷണീയമായ പദാർഥങ്ങൾ തെരഞ്ഞെടുക്കുകയും ചെയ്യും. ഔഷധമിശ്രിതങ്ങളുടെ രാസഘടനയിലുണ്ടാവുന്ന ചെറിയ മാറ്റത്തിനുവരെ അതിന്റെ ഗുണഫലത്തെ മാറ്റിമറിക്കാൻ കഴിയും. ഏത് സ്ഥാനത്താണോ ഈ മരുന്ന് പ്രവർത്തിക്കേണ്ടത് ആ സ്ഥാനത്തിന്റെ ഘടനയുമായുള്ള മരുന്നിന്റെ ബന്ധത്തെ ഈ മാറ്റം എത്രമാത്രം ബാധിക്കുന്നുവെന്നത് അനുസരിച്ചിരിക്കും ഇത്.
കോശങ്ങളിലും മൃഗങ്ങളിലും നിരവധി പ്രാഥമിക, രണ്ടാംഘട്ട നിരീക്ഷണങ്ങളും മരുന്നുപരീക്ഷണത്തിന്റെ ഭാഗമായുണ്ടാവും. മരുന്നുകളുടെ ദോഷകരമായ സ്വാധീനം (toxicity), ശരീരത്തിൽ കടന്നാലുണ്ടാകുന്ന വ്യതിയാനങ്ങൾ (metabolism), മൃഗങ്ങളിൽ പ്രയോഗിച്ചാൽ മരുന്ന് എത്ര എത്തിപ്പെടുന്നു (bioavailability) ശരീരത്തിൽ മരുന്നിന്റെ സ്ഥിരത എന്നിവ മനസ്സിലാക്കാനാണ് പഠനം നടത്തുന്നത്. ഒരുപാട് തരം മിശ്രണങ്ങളിലൂടെയാണ് യോജിച്ച ഔഷധമിശ്രണം എതാണെന്ന് തിരിച്ചറിയുന്നത്. ഒരു രാസതന്മാത്ര ചികിത്സയ്ക്ക് ഉപയോഗപ്രദമാണെന്ന് (പ്രധാന ഘടകമായി) തിരിച്ചറിഞ്ഞാൽ മരുന്ന്, മാർക്കറ്റിലെത്തുന്നതിനു മുമ്പ് നിരവധി നടപടിക്രമങ്ങൾ ആവശ്യമാണ്.
പുതിയ മരുന്ന് ഉണ്ടാക്കാൻ സാധ്യതയുള്ള ദോഷഫലങ്ങൾ ഏതൊക്കെയാണെന്ന് അന്വേഷിച്ചു കണ്ടുപിടിക്കേണ്ടതുണ്ട് (Safety pharmacology). മനുഷ്യശരീരത്തിലെ നമ്മളുദ്ദേശിക്കുന്ന കോശങ്ങളിലേക്ക് ഇത് എത്തിക്കാനുള്ള ഏറ്റവും നല്ല വഴി (tablet or injection or aerosol) കണക്കാക്കേണ്ടതുണ്ട്. മരുന്നിന്റെ രൂപവത്കരണം, നിർമാണം, ഗുണം എന്നിവയാണ് ഫാർമസ്യൂട്ടിക്കൽ എഞ്ചിനിയറിങ്ങിന്റെ കീഴിൽ വരുന്നത്. മരുന്നിന്റെ വിലയും ഗുണങ്ങളും (ഫാർമകോഎക്ണോമിക്സ്) വിലയിരുത്തുകയും വേണം.

ക്ലിനിക്കൽ ട്രയൽ

രോഗത്തിന്റെ പ്രത്യാഘാതങ്ങൾക്കുമേൽ എന്തുഫലം നൽകുന്നുവെന്ന് നോക്കിയാണ് പുതിയതായി വികസിപ്പിച്ച മരുന്നിനെ വിലയിരുത്തുക. ഇത്തരം പഠനങ്ങൾ ക്ലിനിക്കൽ ട്രയൽ എന്നാണ് അറിയപ്പെടുന്നത്. മരുന്ന് പരീക്ഷണത്തിന്റെ ഭാഗമാകാൻ തയ്യാറായി വരുന്നവരിലാണ് ഈ വിലയിരുത്തലുകൾ നടത്തുക. ക്ലിനിക്കൽ ട്രയലുകളുടെ രൂപരേഖ വളരെ ശ്രദ്ധിച്ച് ഉണ്ടാക്കണം. എന്ത് ഫലങ്ങളാണ് നിർണയിക്കുന്നതെന്നും ഫലങ്ങൾ എങ്ങനെ അപഗ്രഥിക്കുമെന്നും നേരത്തെ നിശ്ചയിക്കണം. മരുന്ന് പരീക്ഷണങ്ങൾ തുടങ്ങണമെങ്കിൽ നിയമാനുസൃത അധികാരി (റഗുലേറ്ററി അധികാരി) കളുടെ അംഗീകാരം ആവശ്യമാണ്. പരീക്ഷണത്തിൽ പങ്കാളിയാവുന്നവരുടെ അവകാശങ്ങളും ക്ഷേമവും പരീക്ഷണം നടക്കുന്ന സ്ഥാപനത്തിന്റെ എത്തിക്സ് കമ്മിറ്റിയാൽ ഉറപ്പുവരുത്തിയിരിക്കും.

ക്ലിനിക്കൽ പരീക്ഷണത്തിൽ നാല് ഘട്ടങ്ങളുണ്ട്. മുമ്പ്, മരുന്നിന്റെ ചെറിയ ഡോസ് ആരോഗ്യമുള്ള 10-15 പേർക്ക് നൽകി പ്രാഥമിക പഠനം. ശരീരത്തിൽ മരുന്ന് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കാനും അത് മനുഷ്യർക്ക് ദോഷം ചെയ്യില്ലെന്ന് ഉറപ്പാക്കാനുമാണിത്. ഒന്നാംഘട്ടത്തിൽ പലതരം ഡോസുകളിൽ മരുന്നിന്റെ സുരക്ഷ പരിശോധിക്കാനും ശരീരം മരുന്നിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് കണ്ടെത്താനുമാണ് പുതിയ മരുന്ന് പരീക്ഷിക്കുന്നത്. രണ്ടാംഘട്ടത്തിൽ, ആദ്യഘട്ടത്തിൽ സുരക്ഷിതമെന്നു കണ്ടെത്തിയ മരുന്നുകൾ ഏതുരോഗത്തിനുവേണ്ടിയാണോ ഉപയോഗിക്കാൻ പോകുന്നത് ആ രോഗബാധയുള്ള നൂറോ അതിലധികമോ പേരിൽ ടെസ്റ്റ് ചെയ്യും. മരുന്ന് എത്ര ഫലപ്രദമാണെന്ന് കണ്ടെത്തുന്നതിനും പാർശ്വഫലങ്ങളെപ്പറ്റി മനസിലാക്കുന്നതിനും, പരീക്ഷണത്തിൽ പങ്കാളിയായവരെ മാസങ്ങളോളം (ചിലപ്പോൾ വർഷങ്ങളോളം) നിരീക്ഷിക്കും. രോഗചികിത്സയ്ക്ക് ഉപയോഗിക്കുന്നതിനുള്ള അംഗീകാരം മരുന്നിന് കിട്ടുന്നതിന് തൊട്ടുമുമ്പുള്ളതാണ് മൂന്നാം ഘട്ടം. പല മേഖലകളിലും രാജ്യങ്ങളിലുമുള്ള വലിയൊരു വിഭാഗം ആളുകളിൽ (നൂറുകണക്കിന് അല്ലെങ്കിൽ ആയിരക്കണക്കിന്) ആണിത് ചെയ്യുന്നത്. ഇത് വർഷങ്ങളോളം നീണ്ടേക്കാം. പുതിയ മരുന്ന് ഉപയോഗത്തിലുള്ള മരുന്നുകളോ മരുന്ന് അല്ലാത്ത ഒരു വസ്തുവോ(പ്ലാസിബോ) തമ്മിൽ മൂന്നാംഘട്ട പരീക്ഷണത്തിൽ താരതമ്യം ചെയ്യും. ഈ ഘട്ടത്തിലും പുതിയ മരുന്നിന്റെ പാർശ്വഫലങ്ങൾ വിലയിരുത്തും. രോഗികളെ ട്രീറ്റ്മെന്റ് ഗ്രൂപ്പെന്നും കൺട്രോൾ ഗ്രൂപ്പെന്നും രണ്ടു ഗ്രൂപ്പുകളായി വിഭജിക്കും. ഈ രണ്ട് ഗ്രൂപ്പുകളിലുമുള്ള ആളുകളെ സന്ദർഭം അനുസരിച്ച് സജ്ജീകരിക്കുന്നത് ഒരു കമ്പ്യൂട്ടർ പ്രോഗ്രാം ഉപയോഗിച്ചാണ്. കൺട്രോൾ ഗ്രൂപ്പിന് നിലവിലുള്ള ചികിത്സ നൽകും. ട്രീറ്റ്മെന്റ് ഗ്രൂപ്പിന് പുതിയ മരുന്ന് നൽകും. പരീക്ഷണത്തിൽ ഏതുവിഭാഗത്തിലാണ് രോഗി പെടുന്നതെന്നോ ആർക്കാണ് പുതിയ മരുന്ന് നൽകിയത് അല്ലെങ്കിൽ ആരെയാണ് നിലവിലെ രീതിയിൽ ചികിത്സിക്കുന്നത് എന്നോ ചികിത്സിക്കുന്ന ഡോക്ടർക്കോ രോഗിക്കോ അറിയാൻ കഴിയില്ല. മൂന്നാംഘട്ട പഠനത്തിൽ എല്ലാകാര്യവും വളരെ സൂക്ഷ്മമായി നിരീക്ഷിക്കും. ഒരു ഗ്രൂപ്പിന് വളരെ മികച്ച ഫലം ലഭിക്കുകയാണെങ്കിലോ പുതിയ മരുന്ന് പരീക്ഷിച്ചവരിൽ ഗുരുതരമായ പാർശ്വഫലങ്ങൾ കാണുകയാണെങ്കിലോ പരീക്ഷണം പെട്ടെന്ന് അവസാനിപ്പിക്കും. പുതിയ മരുന്ന് ചികിത്സാരംഗത്ത് ഉപയോഗിക്കാൻ നിയമാനുസൃത അംഗീകാരം ലഭിക്കുന്നതിന് മുമ്പ് മൂന്നാംഘട്ട പരീക്ഷണം അനിവാര്യമാണ്. ആയിരങ്ങളിൽ ദീർഘകാലം നടത്തുന്ന കൂടുതൽ വിശദമായ പരീക്ഷണങ്ങൾ നാലാംഘട്ടത്തിലാണ് നടക്കുക. വളരെ വിരളമായി മാത്രം കാണുന്ന പാർശ്വഫലങ്ങൾ, ഈ ഘട്ടത്തിൽ മനസ്സിലാക്കാം.
ഇവയൊക്കെ കൊണ്ടുതന്നെ പുതിയ മരുന്ന്​ കണ്ടെത്തുകയെന്ന പ്രക്രിയ കുറച്ചുവർഷങ്ങൾ അല്ലെങ്കിൽ ദശാബ്ദങ്ങളോ അതിൽ കൂടുതലോ സമയം എടുക്കുന്നതും ചെലവേറിയ ഒന്നുമാണ്. പരീക്ഷണഘട്ടത്തിൽ കണ്ടെത്തിയ ഫലപ്രദമായ ഓരോ 5000 പുതിയ മരുന്നുകളിൽ നിന്ന് മികച്ച ഒരു മരുന്ന് മാത്രമേ മാർക്കറ്റിൽ എത്താൻ സാധ്യതയുള്ളൂ.

ഇപ്പോൾ ചെയ്യാവുന്നത്​ ചികിത്സാപരീക്ഷണം

രോഗികളുടെ സംരക്ഷണത്തിനും മരുന്നുകളുടെ ദുരുപയോഗം തടയാനുമായി മരുന്നുകൾ വികസിപ്പിക്കുന്നതും നിർമിക്കുന്നതും വിൽക്കുന്നതും കൈകാര്യം ചെയ്യുന്നതും സർക്കാർ നിയന്ത്രിച്ചിട്ടുണ്ട്. പല ഭരണകൂടങ്ങളും മരുന്നുകളുടെ നിർമ്മാണവും വിൽപ്പനയും കൈകാര്യം ചെയ്യലും നിയന്ത്രിച്ചിട്ടുണ്ട്.

സെൻട്രൽ ഡ്രഗ്സ് സ്റ്റാന്റേർഡ് കൺട്രോൾ ഓർഗനൈസേഷൻ
സെൻട്രൽ ഡ്രഗ്സ് സ്റ്റാന്റേർഡ് കൺട്രോൾ ഓർഗനൈസേഷൻ

കേന്ദ്രസർക്കാറിന്റെ സെൻട്രൽ ഡ്രഗ്സ് സ്റ്റാന്റേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ കീഴിലുള്ള ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ് നമ്മുടെ രാജ്യത്തെ റഗുലേറ്ററി ഏജൻസി. ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് യു.എസിലേത്. യൂറോപ്യൻ മെഡിസിൻ ഏജൻസിയാണ് യൂറോപ്യൻ യൂണിയനിലെ റഗുലേറ്ററി ഏജൻസി.
ചുരുക്കി പറഞ്ഞാൽ, സുരക്ഷിതവും ഫലപ്രദവുമായ മരുന്ന് കണ്ടെത്തി ചികിത്സാ രംഗത്തേക്ക് പ്രയോജനപ്രദമാക്കുകയെന്നത് അത്ര എളുപ്പമുള്ള പണിയല്ല. വർഷങ്ങളുടെ ദൃഢനിശ്ചയത്തോടെയുള്ള പരിശ്രമം അതിന് ആവശ്യമാണ്. കോവിഡ് അങ്ങേയറ്റം പടരുന്ന സാഹചര്യത്തിൽ നിലവിലെ മരുന്നുകൾ റീപർപസ് ചെയ്തുള്ള വേഗത്തിലുള്ള ചികിത്സാപരീക്ഷണം മാത്രമാണ് ഈ സമയത്ത് നമുക്ക് തെരഞ്ഞെടുക്കാവുന്നത്.

ദീർഘകാലത്തേക്ക്, ഇതിനകം അറിയാവുന്ന വൈറൽ പ്രോട്ടീനുകളെക്കുറിച്ചും ആതിഥേയ കോശങ്ങളിലെ ലക്ഷ്യതന്മാത്രകളെ കുറിച്ചുമുള്ള സൂക്ഷ്മമായ പഠനങ്ങൾ ആവശ്യമാണ്. കൊറോണ വൈറസിനെതിരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന വിശാലവും സുരക്ഷിതത്വവുമുള്ള മരുന്നാണ് ദീർഘകാലത്തേക്ക് ചികിത്സാരംഗത്ത് ആവശ്യം.

കോവിഡ് തിരിച്ചറിയുന്നതിനും, മരുന്നും വാക്സിനും കണ്ടെത്താനുമുള്ള പ്രയത്നത്തിലുമാണ് നിരവധി ഇന്ത്യൻ ഗവേഷണ സ്ഥാപനങ്ങളിലെയും യൂണിവേഴ്സിറ്റികളിലെയും ശാസ്ത്രജ്ഞർ. ഈ ഗവേഷണപ്രവർത്തനങ്ങൾക്കായുള്ള 100ഓളം പദ്ധതികൾക്ക് ഇന്ത്യാ ഗവൺമെന്റിന്റെ വിവിധ ശാസ്‌ത്ര സ്ഥാപനങ്ങൾ അംഗീകാരം നൽകിക്കഴിഞ്ഞു. ഈ ഉദ്യമങ്ങളിൽ മുഴുകിയ എല്ലാവരും എത്രയും വേഗം വിജയിക്കട്ടെയെന്ന്​ പ്രത്യാശിക്കാം.

Senior Adviser, Society for Continuing Medical Education & Research, Kerala institute of Medical Sciences, Trivandrum

Comments