വ്യാധികളുടെ ചക്രവർത്തിയാണ് കാൻസർ.
അമേരിക്കയിൽ പ്രതിദിനം 1670 പേർ കാൻസർ വന്ന് മരിയ്ക്കുന്നതായിട്ടാണ് കണക്ക്. ലോകത്ത് ഒരു ദിവസം 22,000 പേരും. ഇക്കൊല്ലം 1.4 കോടി ആളുകൾ മനസ്സിലാക്കും, തങ്ങൾക്ക് കാൻസറാണെന്ന്. ഈ നിലയ്ക്കുപോയാൽ 2030 ആകുമ്പോഴേയ്ക്ക് 2.1 കോടി മനുഷ്യർ അർബുദരോഗികളായിരിക്കും, 1.3 കോടി പേർ ഒരുകൊല്ലം മരണത്തിനുകീഴ്പ്പെടും. അമേരിക്കയിൽ 2022-ൽ ആറുലക്ഷം പേർ കാൻസർ വന്ന് മരിയ്ക്കുമെന്നാണ് കണക്ക്.
മനുഷ്യകുലം കാൻസറിനടിമപ്പെട്ടിരിക്കുന്നു എന്നത് സത്യം. കോശങ്ങൾ വെറുതേ വിഭജിക്കുക എന്ന ലളിതമായ കാരണമാണ് ഈ രോഗത്തിനുപിന്നിൽ. എന്നാൽ ഇതിനു പാടേ തടയിടാൻ നമുക്കാവുന്നുമില്ല.
ആധുനിക ചികിത്സയും രോഗപരിശോധനയും അത്ര വ്യാപകമല്ലാത്ത ഇന്ത്യയിൽ കാൻസർ ബാധിയ്ക്കുന്നതിന്റെയും മരിക്കുന്നതിന്റെയും തോത് കുറയാൻ സമയമെടുക്കും
മരണത്തിന്റെ ഈ വെല്ലുവിളി നേരിടാൻ പുതുപുത്തൻ ചികിൽസാപദ്ധതികളുമായി ശാസ്ത്രജ്ഞർ എത്തുകയാണ്; തീവ്രശ്രമങ്ങളാണ് ആധുനിക തന്മാത്രാശാസ്ത്ര ലാബുകളിൽ നടന്നുപോരുന്നത്. ഇതിനു ഫലം കാണുന്നുണ്ട് എന്നത് ആശാവഹമാണ്. കാൻസർ മരണ നിരക്കുകളിൽ ഗണ്യമായ കുറവുണ്ടെന്ന് അമേരിക്കൻ കാൻസർ സൊസൈറ്റി അവകാശപ്പടുന്നുണ്ട്. 1991-ലെ നിരക്കിൽ നിന്ന് 32% കുറവാണത്രേ 2019-ൽ സംഭവിച്ചത്. ഇംഗ്ലണ്ടിൽ അതിജീവനത്തോത് (survival rate) ഇരട്ടിയായിട്ടുണ്ട്, ഈയിടെ. ജപ്പാനിൽ നിന്നുള്ള കണക്കും കാൻസർ തോത് കുറയുന്നുണ്ടെന്ന് സൂചിപ്പിക്കുന്നു. കഴിഞ്ഞ പത്തുകൊല്ലത്തെ കണക്ക് സൂചിപ്പിക്കുന്നത്, അവിടെ കാൻസർ അതിജീവനം 58 ശതമാനം കൂടിയിട്ടുണ്ടെന്നാണ്. പൊതുവേ പല കാൻസറുകളുടെയും അതിജീവനകാലഘട്ടം മെച്ചപ്പെട്ടിട്ടുണ്ടെന്ന് പല രാജ്യങ്ങളിൽ നിന്നുമുള്ള സ്റ്റാറ്റിസ്റ്റിക്സ് പഠനങ്ങൾ സമർഥിക്കുന്നു. ഇന്ത്യയിലും ചില കാൻസർ ബാധയും മരണങ്ങളും കുറയുന്നുണ്ടെന്നാണ് കണക്ക്. ഉദാഹരണത്തിന് ഗർഭാശയമുഖ കാൻസർ (സെർവിക്കൽ കാൻസർ). ആധുനിക ചികിത്സയും രോഗപരിശോധനയും അത്ര വ്യാപകമല്ലാത്ത ഇന്ത്യയിൽ കാൻസർ ബാധിയ്ക്കുന്നതിന്റെയും മരിക്കുന്നതിന്റെയും തോത് കുറയാൻ സമയമെടുക്കും എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.
വളരെ നേരത്തെ കണ്ടുപിടിയ്ക്കപ്പെടുകയാണെങ്കിൽ കാൻസർ ഇന്ന് അത്ര ഭീതിദമല്ല. പ്രത്യേകിച്ചും ശ്വാസകോശാർബുദബാധ ഇപ്പോൾ നേരത്തെ അറിയുന്നുണ്ട്, അതുകൊണ്ടുള്ള മരണങ്ങളും കുറഞ്ഞിടുണ്ട്. സ്തനാർബുദവും കുടൽ കാൻസറും (colon cancer) ബാധിച്ചവർക്ക് അതതു ഭാഗങ്ങൾ നീക്കം ചെയ്തശേഷമുള്ള കീമോതെറാപ്പിയിലൂടെ കൂടുതൽ നാൾ ജീവിയ്ക്കാൻ വഴിയൊരുക്കുന്നുണ്ട്. പ്രൊസ്റ്റേറ്റ്, സെർവിക്‌സ്, മലാശയം, സ്തനം തുടങ്ങിയവ പലപ്പാഴായി നേരത്തെ പരിശോധിച്ചുകൊണ്ടിരിക്കുക എന്നത് കാൻസർ വരുന്നത് ചെറുക്കാനുള്ള വഴിതെളിയിക്കും. ശ്വാസകോശാർബുദമാണ് ഈയിടെ നേരത്തെ കണ്ടുപിടിയ്ക്കപ്പെടുന്നത്. അവയ്ക്കുള്ള മരുന്നുകളും വിപുലമായിട്ടുണ്ട്.സിഗററ്റ് വലി ഗണ്യമായി കുറഞ്ഞതും മറ്റൊരു കാരണമാണ്. നിരന്തര പരിശോധന നടപ്പാക്കിയിട്ടുള്ളതിനാൽ പ്രൊസ്റ്റേറ്റ് കാൻസർ വന്ന് മരിയ്ക്കുന്നത് 50% കുറഞ്ഞിട്ടുണ്ട്. പല രാജ്യങ്ങളിലും 50 വയസ്സ് കഴിഞ്ഞവർ നിർബന്ധമായും ഈ ടെസ്റ്റ് എടുത്തിരിക്കേണ്ടതാണ്. കാൻസറിന്റെ മരണനിരക്ക് കുറയ്ക്കാം എന്നതിനുപിന്നിലെ ശക്തി തീരുമാനിക്കപ്പെട്ടിരിക്കുന്നു: നിരോധനവും പ്രതിരോധവും നേരത്തെയുള്ള രോഗനിർണയവും ചികിത്സയുമൊക്കെയാണത്. പക്ഷേ, ഇന്ത്യയിലോ മൂന്നാം ലോകരാജ്യങ്ങളിലോ ഇതിനുള്ള സംവിധാനങ്ങൾ അത്ര കാര്യക്ഷമമോ സാധാരണമോ അല്ല, പലതും പൊതുജനത്തിന് പ്രാപ്തവുമല്ല. പണക്കാർക്ക് രക്ഷപ്പെടാൻ കൂടുതൽ അവസരം കിട്ടുന്ന ഒരു മഹാവ്യാധിയായിരിക്കുകയാണ് കാൻസർ എന്ന നിഗമനത്തിൽ സത്യമുണ്ട്.
കാൻസറിന്റെ ആവിർഭാവം, വളർച്ച എന്നിവയെക്കുറിച്ഛ് വിപുലമായ അറിവുകളാണ് ഇന്നുള്ളത്. തന്മാത്രാശാസ്ത്ര (molecular biology) ഗവേഷണഫലങ്ങൾ കാൻസറിന്റെ കാരണങ്ങളെക്കുറിച്ചും എന്തൊക്കെ മാറ്റങ്ങൾ കോശങ്ങളിൽ ഉളവാകുന്നു എന്നതിനെക്കുറിച്ചും പുതിയ അറിവുകൾ സംഭാവന ചെയ്യുന്നു. ആ സംഭവങ്ങളെ എങ്ങനെ നേരിടാം, തടയാം തുടങ്ങിയ വിവരങ്ങൾ ലഭിയ്ക്കുകയും ചെയ്തതോടേ ചികിത്സയ്ക്ക് പുതിയ മാർഗങ്ങൾ തുറന്നുകിട്ടി. ഇന്ന് വളരെ കൃത്യമായി അത്തരം വ്യതിയാനസംഭവങ്ങളെ നേരിടാനുള്ള ഉപായങ്ങൾ ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. പ്രതിരോധശാസ്ത്രവും (Immunology) ജനിതകശാസ്ത്രവും (Genetics) ഇതിൽ പങ്കുചേരുന്നതോടെ പുതിയ മരുന്നുകളിലും കുത്തിവെപ്പുകളിലും മറ്റ് ചികിത്സകളിലും മുൻപെങ്ങുമില്ലാത്തവിധം നൂതന സാങ്കേതികമാർഗങ്ങൾ ഉൾച്ചേർക്കപ്പെടുകയാണ്. കഴിഞ്ഞ നാലഞ്ചു വർഷങ്ങൾക്കുള്ളീൽ വമ്പൻ മാറ്റങ്ങളാണ് കാൻസർ ചികിത്സയിലുണ്ടായത്. അർബുദത്തോട് പോരാടുക എന്നതിനുപകരം കള്ളവും ഒളിച്ചുകളിയും സ്ഥിരസ്വഭാവമാക്കിയ അർബുദകോശങ്ങളെ അതിചാതുര്യം കൊണ്ട് ജയിയ്ക്കുക എന്ന പുതിയ നേരിടൽപ്രക്രിയ അർബുദരോഗികളിൽ നവപ്രത്യാശ ഉണർത്തുന്നു.
നേരത്തെ കീമോതെറാപ്പി യ്ക്ക് ഉപയോഗിച്ചിരുന്ന മരുന്നുകൾ കോശവിഭജനത്തിന് തടയിടുന്നവയായിരുന്നുവെങ്കിൽ ഇന്ന് മറ്റു പല നിശിതമായ പ്രയോഗങ്ങളാലാണ് ഈ തെമ്മാടികോശങ്ങളെ നിലയ്ക്കു നിറുത്തുന്നത്. കൊടും രാസവസ്തുക്കൾ കൊണ്ടുള്ള പ്രയോഗമായ കീമോതെറാപ്പി മിക്കവാറും ഇന്നലത്തെ കഥയായി മാറിയേക്കാം.
അർബുദകോശങ്ങൾ അതിതന്ത്രശാലികളാണ്. വെറുതേ സ്വന്തം പാടുനോക്കിയിരിക്കേണ്ട ഈ കോശങ്ങൾ നിയന്ത്രണങ്ങളെ വകവയ്ക്കാതെ വിഭജിച്ചുവിഭജിച്ച് അവരുടെ സമൂഹം അഥവാ ട്യൂമർ സൃഷ്ടിച്ചെടുക്കുകയാണ്. കൂടുതൽ പോഷകങ്ങൾ കിട്ടാൻ പുതിയ രക്തക്കുഴലുകൾ അങ്ങോട്ട് പൈപ്പ്ലൈൻ പോലെ വലിയ്ക്കും. മര്യാദയുടെ ചില ചെക്ക് പോയിന്റുകൾ അതിലംഘിക്കും. കോശങ്ങളുടെ സർവനിയന്ത്രണങ്ങളുമുള്ള, മദർ സുപ്പീരിയറായ ന്യൂക്ലിയസിലെ ഡി.എൻ.എ.യിൽ വരുന്ന മാറ്റങ്ങളാണ് പലപ്പോഴും ഇതിനു കാരണം. പുതിയ ചില പ്രോട്ടീനുകൾ നിർമിച്ചെടുക്കും കാൻസർ കോശങ്ങൾ, നിലവിലുള്ളവയുടെ പ്രവർത്തനങ്ങൾ മാറ്റിയെടുക്കും. നേരത്തെ കീമോതെറാപ്പിയ്ക്ക് ഉപയോഗിച്ചിരുന്ന മരുന്നുകൾ കോശവിഭജനത്തിന് തടയിടുന്നവയായിരുന്നുവെങ്കിൽ ഇന്ന് മറ്റു പല നിശിതമായ പ്രയോഗങ്ങളാലാണ് ഈ തെമ്മാടികോശങ്ങളെ നിലയ്ക്കുനിർത്തുന്നത്. പ്രധാനമായും നമ്മുടെ തന്നെ പ്രതിരോധവ്യവസ്ഥയെ ഊർജതരമാക്കുന്ന വിദ്യകളാണ് ചികിൽത്സാപദ്ധതിയിൽ. കൊടും രാസവസ്തുക്കൾ കൊണ്ടുള്ള പ്രയോഗമായ കീമോതെറാപ്പി മിക്കവാറും ഇന്നലത്തെ കഥയായി മാറിയേക്കാം.
അതിലും എളുപ്പവിദ്യ, കാൻസർ കോശങ്ങൾ പ്രദർശിപ്പിക്കുന്ന മേൽപ്പറഞ്ഞ പ്രത്യേക തന്മാത്രകൾക്കെതിരെ പ്രവർത്തിക്കുന്ന ‘ആന്റിബോഡി' എന്ന പ്രോട്ടീൻ കുത്തിവയ്ക്കുക എന്നതാണ്. വാക്‌സീൻ നിർമിച്ചെടുക്കുന്ന തന്ത്രങ്ങൾതന്നെയാണ് ഇതിനുപിന്നിലും. ഈ ‘ആന്റിബോഡി’കൾ അർബുദകോശങ്ങളെ തെരഞ്ഞുപിടിച്ച് നശിപ്പിക്കും. ഈ തന്മാത്രകളോട് കൂട്ടിച്ചേർക്കപ്പെട്ട കീമോതെറാപ്പി രാസവസ്തുക്കൾ ഇതിന് ആക്കം കൂട്ടുന്ന വിദ്യയുമുണ്ട്. കാൻസർ കോശങ്ങളെ മാത്രം ഇവ ഉന്നംവയ്ക്കുന്നതുകൊണ്ട് ശരീരമാകമാനം വിഷമതകളിൽ പെടുന്നില്ല. കഴിഞ്ഞ മൂന്നാലു കൊല്ലങ്ങൾക്കിടയിൽ പല കാൻസറുകൾക്കുമുള്ള ഈ കുത്തിവെപ്പ് മരുന്നുകൾ വിപണിയിലിറങ്ങിയിട്ടുണ്ട്.
ഉന്നം വെച്ചുള്ള ചികിത്സ (Targeted Therapy)
കൃത്യമായി ചില തന്മാത്രകളെ ലക്ഷ്യമാക്കി ചികിൽസ നിശ്ചയിക്കുന്നതാണ് ‘ഉന്നംവെച്ചുള്ള ചികിത്സ'യിൽ. കോശവിഭജനത്തിന് പല പ്രോട്ടീനുകളുടെ സാന്നിദ്ധ്യവും ഉണർച്ചയും നിയന്ത്രണങ്ങളും ആവശ്യമാണ്. ഏതു കാൻസർ എന്നതനുസരിച്ച് ഈ പ്രോട്ടീനുകൾ മാറപ്പെടാം. ഇവയെ അമർച്ച ചെയ്യുകയോ ഇല്ലാതാക്കുകയോ നിർവീര്യമാക്കുകയോ ആണ് ‘ഉന്നചികിത്സ'യിൽ ലക്ഷ്യമിടുന്നത്. പല മരുന്നുകളും ട്യൂമർ വളർച്ച, അനുക്രമവികാസം, ശരീരത്തിൽ പടരൽ തുടങ്ങിയ പ്രക്രിയകളെയൊക്കെ നിയന്ത്രിക്കാൻ കഴിവുള്ളവയാണ്. പതിവ് കീമോതെറാപ്പി മരുന്നുകളിൽ നിന്ന് വ്യത്യസ്തമാണ് ഇവ. ‘ഉന്നചികിത്സ'യിൽ പ്രത്യേക കാൻസറിന് കൃത്യമായ തന്മാത്രകൾ ലക്ഷ്യമിടുകയാണ്. സാധാരണ കീമോതെറാപ്പിയിൽ കോശവിഭജനം തടുക്കുക എന്ന പൊതുലക്ഷ്യമേയുള്ളൂ. നിശിതമായ ഉന്നത്തിൽ പ്രത്യേക തന്മാത്രകളിന്മേൽ മാത്രം പ്രവർത്തിക്കുയും ചെയ്യും ഉന്നചികിത്സയിൽ. വെറുതെ ഒരു പറ്റം കോശങ്ങളെ കൊല്ലുകയല്ല. ട്യൂമർ കോശങ്ങളെ നിലക്കുനിർത്തുക എന്നതാണ് തന്ത്രം, സാധാരണ കീമോതെറാപ്പിയിൽ വകതിരിവില്ലാതെ കോശങ്ങൾ കൊല്ലപ്പെടുകയാണ്.
വ്യക്തിയുടെ ജീനുകൾ, പ്രോട്ടീനുകൾ എന്നിവയെക്കുറിച്ച് പഠിച്ച് അതനുസരിച്ച് മരുന്ന് നിശ്ചയിക്കുന്ന രീതി വികസിപ്പിച്ചിട്ടുണ്ട്. ഒരു വ്യക്തിയുടെ മൂത്രാശയ കാൻസറിന്റെ പശ്ചാത്തലമല്ലായിരിക്കും മറ്റൊരാളുടെ ഇതേ കാൻസറിന്.
ഉന്നചികിൽത്സ ഇപ്പോൾ പുതിയ കാൻസർ മരുന്നുസാധ്യതകൾ നിർണയിച്ച് വികസിപ്പിച്ചെടുക്കാനുള്ള തീവ്രയജ്ഞവഴിയിലാണ്. ഈ ചികിത്സാപദ്ധതിയിൽ വ്യക്തിയുടെ ജീനുകൾ, പ്രോട്ടീനുകൾ എന്നിവയെക്കുറിച്ച് പഠിച്ച് അതനുസരിച്ച് മരുന്ന് നിശ്ചയിക്കുന്ന രീതിയാണുള്ളത്. ഒരു വ്യക്തിയുടെ മൂത്രാശയ കാൻസറിന്റെ പശ്ചാത്തലമല്ലായിരിക്കും മറ്റൊരാളുടെ ഇതേ കാൻസറിന്. കാൻസർ കോശങ്ങളിൽ മാത്രം കാണുന്ന, അല്ലെങ്കിൽ കൂടുതലായി നിർമിച്ചെടുക്കുന്ന പ്രോട്ടീനുകളെ ഉന്നംവെയ്ക്കുകയാണ് തന്ത്രവിദ്യ എന്നതിനാൽ രോഗിയുടെ ഡി.എൻ.എ.യുടെയോ പ്രോട്ടീനുകളുടെയോ മാറ്റങ്ങളെക്കുറിച്ഛ് അറിയേണ്ടിയിരിക്കുന്നു. കോശത്തിന്റെ ഉപരിതലത്തിലുള്ള, വിഭജനത്തിനു നിർദ്ദേശം കൊടുക്കുന്ന ചില പ്രത്യേക പ്രോട്ടീനുകളെ പറ്റിപ്പിടിച്ച് നിർവീര്യമാക്കുന്ന ഉന്ന ചികിത്സാമരുന്നാണ് ട്രാസ്റ്റുസുമാബ് (Trastuzumab) അല്ലെങ്കിൽ ഹെർസെപ്റ്റിൻ (Herceptin). ഇത് വാക്‌സിൻ നിർമിച്ചെടുക്കുന്നതുപോലെ കോശോപരിതല പ്രോട്ടീനുകൾക്കെതിരെയുള്ള ആന്റിബോഡിയാണ്. അവസാനത്തെ മൂന്നക്ഷരങ്ങൾ, mab സൂചിപ്പിക്കുന്നത് monoclonal antibody എന്നാണ്. ഒരു പ്രത്യേക പ്രോട്ടിനെ മാത്രമോ ആ പ്രോട്ടീന്റെ ഒരു ഭാഗത്തെ മാത്രമോ പറ്റിപ്പിടിയ്ക്കുന്ന ആന്റിബോഡികൾക്ക് ‘monoclonal' എന്ന വിശേഷണം ചേർക്കും. ഹെർസെപ്റ്റിൻ ഇന്ന് സ്തനാർബുദത്തിനും ആമാശയ കാൻസറിനും ചികിത്സയാണ്.
mab എന്ന മൂന്നക്ഷരം പേരിൽ അവസാനമുള്ള പുതിയ മരുന്നുകൾ ഇപ്പോൾ ഇന്ത്യയിൽ ലഭ്യമാണ്. കിട്രൂഡ (Keytruda) എന്ന പേരിലറിയപ്പെടുന്ന പെംബ്രോലിസുമാബ് (Pembrolizumab) 2017-ൽ ഗവണ്മെൻറിന്റെ അംഗീകാരം ലഭിച്ച മരുന്നാണ്. ശ്വാസകോശാർബുദം, സ്തനാർബുദം, ലിംഫോമ, മെലനോമ (ത്വക് കാൻസർ) ഇവയ്‌ക്കൊക്കെയുള്ള ആൻറിബോഡിയാണിത്. ഒപ്ഡിവോ (Opdivo) എന്ന നിവോലുമാബും (Nivolumab) ഇപ്പോൾ ഇന്ത്യയിൽ ലഭ്യമാണ്. ആമാശയ- ശ്വാസകോശ- ലിവർ കാൻസറുകൾക്കും ലിംഫോമ, മെലനോമ എന്നിവക്കും ഈ ആന്റിബോഡി കൊണ്ട് ചികിത്സ സാധ്യമാകുന്നു. 2019-ൽ ആസ്ട്രസെനിക്ക എന്ന ബ്രിട്ടീഷ് കമ്പനി ശ്വാസകോശാർബുദത്തിനു ഫലപ്രദമായ ഡുർവാലുമാബ് (Durvalumab) ഇന്ത്യയിൽ ലഭ്യമാക്കിയിട്ടുണ്ട്. ആണുങ്ങളിൽ ഏറ്റവും കൂടുതൽ മരണം സംഭവിക്കുന്നത് ശ്വാസകോശാർബുദം മൂലമാണ്. 63,000 പേരാണ് ഒരുവർഷം മരിയ്ക്കുന്നത്. നമുക്ക് അത്യാവശ്യം ഇത്തരം മരുന്നുകളാണ്. ഇത്തരം ആന്റിബോഡി മരുന്നുകൾ ഏറ്റവും കൂടുതൽ നിർമിച്ചെടുക്കപ്പെട്ടിട്ടുള്ളത് രക്താർബുദം (leukemia), ലിംഫോമ, ശ്വാസകോശാർബുദം എന്നിവയ്ക്കാണ്. പക്ഷേ ഈ ആന്റിബോഡി മരുന്നുകൾക്കെല്ലാം ലക്ഷക്കണക്കിന് രൂപയാണ് വില.
പ്രതിരോധവ്യവസ്ഥയുടെ രീതികളെ വിദഗ്ധമായി ചൂഷണം ചെയ്ത് മെനഞ്ഞെടുത്ത മറ്റൊരു അതിശക്തമാർന്ന ചികിത്സാപദ്ധതിയാണ് ‘ജീവിക്കുന്ന മരുന്ന്' എന്ന് വിശേഷിക്കപ്പെട്ട Car-T ഉപായം.
സ്വന്തം പ്രതിരോധശക്തിയാണ് ആയുധം
രക്തത്തിലുള്ള റ്റി കോശങ്ങളാണ് (T cells) അനധികൃതമായി കടന്നുകൂടുന്ന ബാക്റ്റീരിയയോ മറ്റ് അന്യമായ കോശങ്ങളേയോ നശിപ്പിക്കുന്നത്. റ്റി കോശങ്ങൾ നേരിട്ട് വെട്ടിക്കൊല ചെയ്യുന്ന ആയോധനകലയിൽ പ്രത്യേകം പരിശീലനം നേടിയവരാണ്. അന്യകോശങ്ങളോട് പറ്റിനിന്ന് അവയെ നശിപ്പിക്കുകയാണ് ജന്മോദ്ദേശ്യം. അർബുദകോശങ്ങളേ നേരിടാൻ റ്റി കോശങ്ങളെ തയാറാക്കുക എന്നതാണ് പുതിയ അടവ്. പക്ഷേ അർബുദകോശങ്ങൾ നമ്മുടേതുതന്നെ ആയതിനാൽ റ്റി കോശങ്ങൾക്ക് അവയെ തിരിച്ചറിയാൻ പറ്റാതെ പോകുകയാണ് . എന്നാൽ അതിചതുരന്മാരായ കാൻസർ കോശങ്ങൾക്ക് അറിയാതെ ചില വിഡ്ഢിത്തങ്ങൾ പറ്റുന്നുണ്ട്. ഇതുകൊണ്ടാണ് അവ നിയന്ത്രണങ്ങളില്ലാത്ത അർബുദകോശങ്ങളായി മാറിയതുതന്നെ. കാൻസർ കോശങ്ങൾ തങ്ങളുടെ ഡി.എൻ.എ.യിലെ ചില പാകപ്പിഴകളാൽ പുതിയ ചില പ്രോട്ടീൻ തന്മാത്രകൾ ഉപരിതലത്തിൽ പ്രദർശിപ്പിച്ച് ‘ഞങ്ങൾ കാൻസർ കോശങ്ങളാണേ' എന്നറിയിച്ചുകൊണ്ടിരിക്കും. ഈ കോശങ്ങളെ തിരിച്ചറിയാൻ ഇത് സഹായിക്കും. നമ്മുടെ റ്റി കോശങ്ങളെ ഇവരുടെ നേരേ തിരിയ്ക്കുകയാണ് ഇന്നത്തെ വിദ്യകളിലൊന്ന്.
അർബുദകോശങ്ങൾ അതീവ സാമർഥ്യക്കാരാണെന്നതിൽ സംശയമില്ല. കൊല്ലാൻ വരുന്ന റ്റി കോശങ്ങളെ നിർവീര്യമാക്കി ആക്രമണോത്സുകതയിൽ നിന്ന് പിൻതിരിപ്പിക്കാൻ അവയ്ക്കറിയാം. റ്റി കോശങ്ങളുടെ ഉപരിതലത്തിലെ ഒരു കൂട്ടം പ്രോട്ടീനുകളെ പൊത്തിയമർത്തിയാണ് ഇതു സാധ്യമാക്കുന്നത്. ഈ പ്രവണത പാടേ അകറ്റാനുള്ള ചില പ്രോട്ടീനുകൾ കുത്തിവയ്ക്കുന്നത് ഇന്ന് കാൻസർ ചികിത്സയിലെ നൂതനവും സമർഥവുമായ മാർഗമാണെന്നത് വിപ്ലവകരമായ ഒരു കാര്യമാണ്. ‘ചെക്ക് പോയിൻറ് അമർത്തൽ' (Check point inhibition) എന്നുവിളിയ്ക്കുന്ന ഈ ചികിത്സാപദ്ധതി വൻ വിജയമാണ്. 2010-നു മുൻപ് 12% മാത്രം അതിജീവനം സാധ്യമായിരുന്ന ചർമാർബുദം പിടിപെട്ടവർ 60% ലേക്കാണ് കുതിച്ചുയർന്നത്. നേരത്തെ പരാമർശിച്ച ഒപ്ഡിവോ (Nivolumab) ഇത്തരം ഒരു ചെക്ക് പോയിൻറ് അമർത്തലാണ് സാധ്യമാക്കുന്നത്.
‘കാർ- ടി’ എന്ന തന്ത്രവിദ്യ
പ്രതിരോധവ്യവസ്ഥയുടെ രീതികളെ വിദഗ്ധമായി ചൂഷണം ചെയ്ത് മെനഞ്ഞെടുത്ത മറ്റൊരു അതിശക്തമാർന്ന ചികിത്സാപദ്ധതിയാണ് ‘ജീവിക്കുന്ന മരുന്ന്' (Living drug) എന്ന് വിശേഷിക്കപ്പെട്ട Car-T ഉപായം. രോഗിയുടെ സ്വന്തം റ്റി കോശങ്ങളെ പുതിയ കളരിയഭ്യാസം പഠിപ്പിച്ചെടുത്ത് ശരീരത്തിൽ കടത്തിവിടുകയാണ് സൂത്രപ്പണി. പുതിയ ജീനുകൾ സന്നിവേശിപ്പിച്ച കോശങ്ങൾ ഉപയോഗിച്ചുള്ള ചികിത്സയായ ജീൻ തെറാപ്പി പുതിയ മാനങ്ങൾ തേടുന്ന ആധുനികരീതിയാണിത്. മേൽപ്പറഞ്ഞ റ്റി കോശങ്ങളിൽ പുതിയ ജീനുകൾ കൊരുത്താണ് അർബുദകോശങ്ങളെ നേരിടാൻ തയാറാക്കുന്നത്. രോഗിയുടെ രക്തത്തിൽ നിന്നുതന്നെ വേർതിരിച്ചെടുത്ത റ്റി കോശങ്ങളിൽ കാൻസർ കോശങ്ങളെ നേരിടാനുള്ള ആയോധനാവിദ്യകൾ പേറുന്ന ജീനുകൾ, അത്യാധുനിക മോളിക്യുലാർ ട്രിക്കുകൾ ഉപയോഗിച്ച് സന്നിവേശിപ്പിക്കുകയും പിന്നെ ഇവയുടെ എണ്ണം കൂട്ടുകയും ചെയ്യുന്നു.
കീമോതെറാപ്പി കഴിഞ്ഞ് ബന്ധുക്കളുടെ മജ്ജയിൽ നിന്ന് വിത്തുകോശങ്ങൾ സംഭരിച്ച് രോഗിയിൽ നിക്ഷേപിക്കുന്ന പദ്ധതി നിലവിലായിട്ട് കുറെക്കാലമായി. ഇന്ത്യയിൽ പല പ്രസിദ്ധ ആശുപത്രികളിലും ഇതിന് സംവിധാനവുമുണ്ട്.
റ്റി കോശങ്ങളുടെ ഉപരിതലത്തിൽ രണ്ട് പ്രോട്ടീനുകൾ ഒന്നിപ്പിച്ചത് നിർമിച്ചെടുക്കുന്ന രീതിയിലാണ് അവയെ മാറ്റിയെടുക്കുന്നത്. കൈമെറിക് (Chimeric) ആണിവ. ഗ്രീക് പുരാണങ്ങളിൽ രണ്ട് ജീവികൾ ഒന്നിച്ച് ചേർന്നതിനെയാണ് ‘കൈമെറ’ എന്നുവിളിയ്ക്കുന്നത്. Chimeric Antigen Receptor ആണ് ‘Car' എന്ന് ചുരുക്കിയെഴുതുന്നത്. ഈ പ്രോട്ടീന്റെ ഒരു ഭാഗം അർബുദകോശങ്ങളിൽ മാത്രം പറ്റിപ്പിടിയ്ക്കാനുള്ളതും മറ്റേ ഭാഗം റ്റി കോശങ്ങളെ വീര്യവത്താക്കാനുമുള്ളതാണ്. രോഗിയിലെ പ്രത്യേക അർബുദകോശങ്ങളെ മാത്രം നേരിടുന്നവയാണിവ.
ഇങ്ങനെ ലാബിൽ മാറ്റിയെടുത്ത, രോഗിയുടെ തന്നെ റ്റി കോശങ്ങൾ രോഗിയിൽ കുത്തിവച്ചാൽ ഇവ നേരേ പോയി കാൻസർ കോശങ്ങളെ നശിപ്പിക്കും. റ്റി കോശങ്ങൾക്ക് മറ്റൊരു പ്രവണതയുമുണ്ട്. ഒരുതവണ കാൻസർ കോശങ്ങളുമായി ഏറ്റുമുട്ടിയാൽ അവ പെട്ടെന്ന് സ്വന്തം രൂപത്തിൽ ആയിരക്കണക്കിന് അതേ റ്റി കോശങ്ങളായി വിഭജിച്ചുപെരുകും. അതുകൊണ്ട് ഒറ്റത്തവണ മാത്രം റ്റി കോശങ്ങൾ കുത്തിവച്ചാൽ മതി. അമേരിക്കയിലെ ഭക്ഷ്യ- ഔഷധി ഭരണസമിതി (Food and Drug Administration) ഈയിടെ അനുമതി നൽകിയ ഈ ചികിത്സാപദ്ധതി വിജയം കാണുകയാണ് പല കാൻസർ രോഗികളിലും.
നിഷ്‌കൃഷ്ട ചികിത്സ (Precision Medicine)
പല കാൻസറിനും ഒരേ ചികിൽസ അനുവദിക്കുന്ന മറ്റൊരു ആധുനികരീതി വികാസം പ്രാപിച്ചിച്ചിരിക്കുന്നു, കഴിഞ്ഞ രണ്ടുമൂന്നു വർഷങ്ങൾക്കിടയിൽ. ഓരോ അവയവത്തിനും ഓരോ കാൻസർ എന്ന പതിവ് നിശ്ചയരീതി മാറി മൂലകാരണമെന്താണ് എന്നതിനുസരിച്ച് ചികിത്സ നിശ്ചയിക്കുകയാണ് ഈ പദ്ധതിയിൽ. വ്യക്തിപരമായ ഈ സമ്പ്രദായം നിഷ്‌കൃഷ്ട ചികിത്സാപദ്ധതി (Precision medicine) എന്നറിയപ്പെടുന്നു. ഒരു അവയവത്തിന്റെ കാൻസറിനു പൊതുചികിത്സാരീതി എന്ന വ്യവസ്ഥ മാറ്റി അർബുദകോശങ്ങളുടെ ഡി.എൻ.എ. വിശദാംശങ്ങൾ നിരീക്ഷിച്ച് ഒരാൾക്ക് അനുയോജ്യമായ ഒരു ചികിത്സ എന്ന് നിജപ്പെടുത്തുകയാണിവിടെ. ചിലപ്പോൾ പല കാൻസറിനും ഒരേ ചികിത്സ ആകാനും മതി. 12 വിവിധ കാൻസറുകൾക്ക് ഒരേ ഡി.എൻ.എ. പ്രശ്‌നങ്ങളാണെന്ന് കണ്ടുപിടിയ്ക്കപ്പെട്ടിട്ടുണ്ട്. കോശങ്ങൾ വിഭജിക്കുമ്പോൾ അവയിലെ ഡി.എൻ.എ.പകർപ്പെടുക്കുമ്പോൾ ചില തെറ്റുകൾ വരാറുണ്ട്, ഉടൻ റിപ്പയർ ചെയ്യാറുമുണ്ട്. പക്ഷേ ചിലപ്പോൾ ഈ അറ്റകുറ്റപ്പണിയിൽ പാളിച്ച വരും, കാൻസറിലേക്ക് നയിക്കും. ഇത്തരം കാൻസറുകളെ ഒറ്റയടിക്കുനേരിടാൻ പ്രാപ്തമായ മരുന്നുകൾ - നേരത്തെ പറഞ്ഞ ‘ചെക്ക് പോയിൻറ് അമർച്ച'- തന്നെ ഈയിടെയാണ് വിപണിയിലിറങ്ങിയത്. കാൻസർ കോശങ്ങളിലെ ഡി.എൻ.എ. പരിശോധനയിലാണ് തുടക്കം.
കാൻസറിനെ തുടക്കത്തിൽ കണ്ടുപിടിച്ച് തിരിച്ചറിയാനുതകുന്ന, രക്തത്തിൽ നിന്നെടുക്കുന്ന ഡി.എൻ.എ. ടെസ്റ്റുകൾ ഉടൻ വിപണിയിലിറങ്ങിയേക്കാം.
വിത്തുകോശ ചികിത്സ
കീമോതെറാപ്പി എന്നത് വിഭജിക്കുന്ന കോശങ്ങളെ നശിപ്പിക്കാനുള്ളതാണ്. പക്ഷേ എല്ലിന്റെ മജ്ജയിൽ രക്തകോശങ്ങൾ വിഭജിക്കേണ്ടത് അത്യാവശ്യമാണ്. കീമോ മരുന്നുകൾ ഈ വിത്തുകോശങ്ങളെ കൊന്നുകളഞ്ഞാൽ രക്തത്തിൽ അത്യാവശ്യ കോശങ്ങൾ ഇല്ലാതെവരും. അതുകൊണ്ട് കീമോതെറാപ്പി കഴിഞ്ഞ് ബന്ധുക്കളുടെ മജ്ജയിൽ നിന്ന് വിത്തുകോശങ്ങൾ സംഭരിച്ച് രോഗിയിൽ നിക്ഷേപിക്കുന്ന പദ്ധതി നിലവിലായിട്ട് കുറെക്കാലമായി. ഇന്ത്യയിൽ പല പ്രസിദ്ധ ആശുപത്രികളിലും ഇതിന് സംവിധാനവുമുണ്ട്. പക്ഷേ, മറ്റൊരാളുടെ കോശങ്ങൾ നമ്മുടെ ശരീര ഫിസിയോളജിയുമായി ഒത്തുപോകുന്നില്ലെങ്കിൽ അവ ത്യജിക്കപ്പെടാൻ ഇടയാകും.
ഈ ചികിത്സാതന്ത്രം നവീകരിക്കപ്പെട്ടിട്ടുണ്ട് ഈയിടെ. കീമോതെറാപ്പിക്കുമുമ്പുതന്നെ നമ്മുടെ രക്തത്തിൽ നിന്നോ മജ്ജയിൽ നിന്നോ വിത്തുകോശങ്ങൾ സംഭരിച്ച് ശീതീകരണികളിൽ സൂക്ഷിക്കുക, കീമോതെറാപ്പിക്കുശേഷം അവയെ ഉണർത്തി നമ്മളിൽത്തന്നെ നിക്ഷേപിക്കുക - ഇതാണ് വിദ്യ. ഉന്ന ചികിത്സ സാധ്യമല്ലാത്ത മസ്തിഷക് കാകാൻസറുകൾക്കൊക്കെ കീമോതെറാപ്പിയേ നിലവിലുള്ളൂ. വിത്തുകോശങ്ങൾ നിക്ഷേപിക്കേണ്ട അനിവാര്യത, ഇത്തരം കാൻസർ ചികിത്സയ്ക്കാണ് ആവശ്യമായിവരുന്നത്. അതിപരിഷ്‌കൃതമായ ലാബുകളുണ്ടെങ്കിലേ ഈ പ്രക്രിയ നടപ്പാക്കാനാകൂ. ഇന്ത്യയിലെ ചില ആശുപത്രികളിൽ ഇത് ആരംഭിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്നുണ്ട്. ചെലവ് ലക്ഷങ്ങളാണ്.
കുടൽ ബാക്റ്റീരിയയെ മാറ്റിയെടുക്കുക
നമ്മുടെ കുടലിൽ ലക്ഷോപലക്ഷം ബാക്റ്റീരിയകൾ ജീവിയ്ക്കുന്നുണ്ട്, നൂറിൽക്കൂടുതൽ സ്പീഷീസുകൾ. അവ പലതും നമ്മുടെ ഫിസിയോളജിയ്ക്ക് സഹായം ചെയ്യുന്നവയുമാണ്. തലച്ചോറിന്റെ പ്രവർത്തനങ്ങളെ വരെ സ്വാധീനിക്കാൻ പോന്നവയാണ് കുടലിൽ വെറുതെ താമസിക്കുന്ന ഇവ. എന്നാൽ ചില ബാക്റ്റീരിയകൾ കോളോൺ കാൻസറിന് തുടക്കമിടുന്നവയാണെന്ന് കണ്ടുപിടിച്ചിട്ടുണ്ട്. മറ്റ് ചിലവയെ മാറ്റിയെടുത്താൽ ശ്വാസകോശാർബുദത്തെ ഗണ്യമായ രീതിയിൽ പ്രതിരോധിക്കാമത്രെ. ചില ബാക്റ്റീരിയകൾ പ്രത്യേകതരം ഇമ്യൂൺ കോശങ്ങളെ ഉത്തേജിപ്പിച്ച് കാൻസർ വളർച്ചയെ തടയാൻ പോന്നവയുമാണ്. മറ്റുചില കുടൽ ബാക്റ്റീരിയ കീമോതെറാപ്പി മരുന്നുകളെ നിർവീര്യമാക്കാൻ മാത്രം ശക്തിയുള്ളവയാണ്. ഈ വക ബാക്റ്റീരിയകൾ കുടലിൽ കൂടുതലാണെങ്കിൽ കീമോതെറാപ്പി ഫലിക്കാതെവരും. കാൻസർ വന്നുകഴിഞ്ഞ് കുടൽ ബാക്റ്റീരിയകളെ തരംതിരിച്ച്, പ്രശ്‌നകാരികളെ മാറ്റിയെടുത്തോ സഹായികളെ കൂടുതൽ പ്രവേശിപ്പിച്ചോ ചികിത്സ തുടങ്ങാം. പല സ്പീഷീസ് കുടൽ ബാക്റ്റീരിയകളുടെയും തോത് നിർണയിച്ച് കാൻസർ സാധ്യത മുൻകൂട്ടി അറിയാനും വഴികളുണ്ടത്രെ. കാൻസർ ചികിൽസയുടെ ഭാഗമായി ചില സ്പീഷീസ് ബാക്റ്റീരിയകളെ ഒതുക്കാൻ ആന്റിബയോട്ടിക് ചികിത്സയും തുടങ്ങാം. ഭാവിയിലെ കാൻസർ ചികിത്സയുടെ ഗണ്യമായ ഉത്തരവാദിത്തം കുടൽ ബാക്റ്റീയയ്ക്ക് നൽകപ്പെട്ടേയ്ക്കാം.
ആന്റിബോഡികൾ നിർമിച്ചെടുക്കുന്ന കമ്പനികൾ ഇന്ത്യയിലില്ല തന്നെ. പാശ്ചാത്യ കുത്തക കമ്പനികൾ ഇവിടെ വിൽക്കുന്ന ഔദാര്യത്തിലാണ് നമ്മൾ. മരുന്നുകൾ ഇവിടെത്തന്നെ നിർമിക്കാനുള്ള യാതൊരു ഭാവിപരിപാടികളും ആവിഷ്‌ക്കരിക്കപ്പെടുന്നില്ല ഇന്ത്യയിൽ.
കാൻസറിനെ തുടക്കത്തിൽ കണ്ടുപിടിച്ച് തിരിച്ചറിയാനുതകുന്ന, രക്തത്തിൽ നിന്നെടുക്കുന്ന ഡി.എൻ.എ. ടെസ്റ്റുകൾ ഉടൻ വിപണിയിലിറങ്ങിയേക്കാം. ട്യൂമറിലേക്ക് നേരിട്ട് കുത്തിവെപ്പ് നടത്തുന്ന ചില ഉപായങ്ങളും ഗവേഷകർ വ്യക്തമാക്കുന്നുണ്ട്. മേൽപ്പറഞ്ഞ തെറാപ്പികൾ- ‘ചെക്ക് പോയിൻറ് അമർച്ച’, കാർ-റ്റി മുതലായവ ഇന്ത്യയിലോ കേരളത്തിലോ പ്രാവർത്തികമാകുമോ എന്ന് ആലോചിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. മേൽസൂചിപ്പിച്ചതുപോലെ ‘mab' എന്ന് അവസാനിക്കുന്ന ആന്റിബോഡീകളാണ് ഇന്ന് ഫലപ്രദമായ ചികിത്സാവിധി. പക്ഷേ ഇവയെല്ലാം വളരെ വിലപിടിപ്പുള്ളവയാണ്. ഒരു ഡോസിനുതന്നെ മൂന്നോ നാലോ ലക്ഷങ്ങളാണ് വില. അത്തരം ചില മരുന്നുകൾക്ക് പത്തുലക്ഷം രൂപ വരെ ആയേയ്ക്കും. ചിലപ്പോൾ മൂന്നുമാസം കഴിക്കേണ്ടതാണ് ഒരു ഡോസ്. ആന്റിബോഡികൾ നിർമിച്ചെടുക്കുന്ന കമ്പനികൾ ഇന്ത്യയിലില്ല തന്നെ. പാശ്ചാത്യ കുത്തക കമ്പനികൾ ഇവിടെ വിൽക്കുന്ന ഔദാര്യത്തിലാണ് നമ്മൾ. മരുന്നുകൾ ഇവിടെത്തന്നെ നിർമിക്കാനുള്ള യാതൊരു ഭാവിപരിപാടികളും ആവിഷ്‌കരിക്കപ്പെടുന്നില്ല ഇന്ത്യയിൽ. അതിനുള്ള ശാസ്ത്രജ്ഞന്മാരെയും നിർമിച്ചെടുക്കുന്നില്ല. ഗവേഷണം പലപ്പോഴും കോളേജിൽ അധ്യാപകനാകാനുള്ള മിനിമം യോഗ്യതയ്ക്കുവേണ്ടിയുള്ളതുമാത്രമാകുന്നു. മെഡിക്കൽ കോളേജുകൾ ഗവേഷണസ്ഥാപനങ്ങളേയല്ല. ജീൻ തെറാപ്പിയും വിത്തുകോശ ട്രാൻസ്പ്ലാന്റേഷനും ഒക്കെ ചെയ്യാൻ പ്രാപ്തമായ അത്യാധുനിക മോളിക്യുലർ ലാബുകളും അതിനുള്ള ശാസ്ത്രജ്ഞരും നമുക്കില്ല. ആധുനിക കാൻസർ ചികിത്സ അതീവ സമ്പത്തുള്ളവർക്കുമാത്രം തീറെഴുതപ്പെട്ടിരിക്കുന്നു. മെഡിക്കൽ എൻട്രസ് എഴുതുന്നതുമാത്രം ജീവിതലക്ഷ്യം എന്ന് പഠിപ്പിച്ച് വളർത്തുന്ന പുതുതലമുറയ്ക്കും ആധുനിക ശാസ്ത്രഗവേഷണം എന്നത് അന്യമായിരിക്കും എന്നതാണ് ഇന്നത്തെ ദയനീയത. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.