കാൻസറിനെക്കുറിച്ച് ആലോചിക്കാം, ഒട്ടും പേടിയില്ലാതെ

അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഇന്ത്യയിൽ കാൻസർ രോഗികളുടെ എണ്ണത്തിൽ 12 ശതമാനത്തിന്റെ വർധനയുണ്ടാകമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ റിപ്പോർട്ട്. എന്തുകൊണ്ട് കാൻസർ ഇന്നും ഒരു മഹാവ്യാധിയായി തുടരുന്നു? ട്രൂ കോപ്പി വെബ്‌സീൻ അന്വേഷിക്കുന്നു. കാൻസർ മേഖലയിലെ പുതിയ ഗവേഷണങ്ങളും പരീക്ഷണങ്ങളും ചികിത്സയിലെയും മരുന്നുകളിലെയും ഏറ്റവും പുതിയ മാറ്റങ്ങളും സമീപനങ്ങളും ആഴത്തിൽ വിശകലനം ചെയ്യപ്പെടുന്നു.

Truecopy Webzine

ടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഇന്ത്യയിൽ കാൻസർ രോഗികളുടെ എണ്ണത്തിൽ 12 ശതമാനത്തിന്റെ വർധനയുണ്ടാകമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എംആർ) റിപ്പോർട്ട്. ഇപ്പോൾ, രാജ്യത്തെ കാൻസർ രോഗികളുടെ എണ്ണം രണ്ടര കോടിയിലേറെയാണ്. 2025ൽ ഇത് 2.98 കോടിയാകും. പ്രതിവർഷം രോഗികളുടെ എണ്ണത്തിൽ എട്ടുലക്ഷത്തിന്റെ വർധന.

ആഗോളതലത്തിലും കാൻസർ ഒരു ഭീഷണിയായി തുടരുകയാണ്. അമേരിക്കയിൽ പ്രതിദിനം 1670 പേർ കാൻസർ വന്ന് മരിയ്ക്കുന്നതായിട്ടാണ് കണക്ക്. ലോകത്ത് ഒരു ദിവസം 22,000 പേരും. ഇക്കൊല്ലം 1.4 കോടി ആളുകളിൽ ഈ രോഗം കണ്ടെത്താൻ സാധ്യതയുണ്ട്. 2030 ആകുമ്പോഴേയ്ക്ക് 2.1 കോടി മനുഷ്യർ അർബുദരോഗികളായിരിക്കും, 1.3 കോടി പേർ ഒരുകൊല്ലം മരണത്തിനുകീഴ്‌പ്പെടും.

എതിരൻ കതിരവൻ, ഡോ. നാരായണൻകുട്ടി വാര്യർ, ഡോ. ഇ. ദിവാകരൻ, ഡോ. പ്രശാന്ത്​ സി.വി.
എതിരൻ കതിരവൻ, ഡോ. നാരായണൻകുട്ടി വാര്യർ, ഡോ. ഇ. ദിവാകരൻ, ഡോ. പ്രശാന്ത്​ സി.വി.

എന്തുകൊണ്ട് കാൻസർ ഇന്നും ഒരു മഹാവ്യാധിയായി തുടരുന്നു?
ട്രൂ കോപ്പി വെബ്‌സീൻ അന്വേഷിക്കുന്നു. കാൻസർ മേഖലയിലെ പുതിയ ഗവേഷണങ്ങളും പരീക്ഷണങ്ങളും ചികിത്സയിലെയും മരുന്നുകളിലെയും ഏറ്റവും പുതിയ മാറ്റങ്ങളും സമീപനങ്ങളും ആഴത്തിൽ വിശകലനം ചെയ്യപ്പെടുന്നു.

എതിരൻ കതിരവൻ
വ്യാധികളുടെ ചക്രവർത്തിക്കെതിരെ
പുതിയ ശാസ്ത്രവിദ്യകൾ

കാൻസറിനെതിരെ പുതുപുത്തൻ ചികിൽസാപദ്ധതികളുമായി ശാസ്ത്രജ്ഞർ എത്തുകയാണ്; തീവ്രശ്രമങ്ങളാണ് ആധുനിക തന്മാത്രാശാസ്ത്ര ലാബുകളിൽ നടന്നുപോരുന്നത്. ഇതിനു ഫലം കാണുന്നുണ്ട് എന്നത് ആശാവഹമാണ്.
തന്മാത്രാശാസ്ത്ര ഗവേഷണഫലങ്ങൾ കാൻസറിന്റെ കാരണങ്ങളെക്കുറിച്ചും എന്തൊക്കെ മാറ്റങ്ങൾ കോശങ്ങളിൽ ഉളവാകുന്നു എന്നതിനെക്കുറിച്ചും പുതിയ അറിവുകൾ സംഭാവന ചെയ്യുന്നു. ആ സംഭവങ്ങളെ എങ്ങനെ നേരിടാം, തടയാം തുടങ്ങിയ വിവരങ്ങൾ ലഭിയ്ക്കുകയും ചെയ്തതോടേ ചികിത്സയ്ക്ക് പുതിയ മാർഗങ്ങൾ തുറന്നുകിട്ടി. ഇന്ന് വളരെ കൃത്യമായി അത്തരം വ്യതിയാനസംഭവങ്ങളെ നേരിടാനുള്ള ഉപായങ്ങൾ ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. പ്രതിരോധശാസ്ത്രവും ജനിതകശാസ്ത്രവും ഇതിൽ പങ്കുചേരുന്നതോടെ പുതിയ മരുന്നുകളിലും കുത്തിവെപ്പുകളിലും മറ്റ് ചികിത്സകളിലും മുൻപെങ്ങുമില്ലാത്തവിധം നൂതന സാങ്കേതികമാർഗങ്ങൾ ഉൾച്ചേർക്കപ്പെടുകയാണ്.

 Photo: La Trobe University
Photo: La Trobe University

കഴിഞ്ഞ നാലഞ്ചു വർഷങ്ങൾക്കുള്ളീൽ വമ്പൻ മാറ്റങ്ങളാണ് കാൻസർ ചികിത്സയിലുണ്ടായത്. അർബുദത്തോട് പോരാടുക എന്നതിനുപകരം കള്ളവും ഒളിച്ചുകളിയും സ്ഥിരസ്വഭാവമാക്കിയ അർബുദകോശങ്ങളെ അതിചാതുര്യം കൊണ്ട് ജയിയ്ക്കുക എന്ന പുതിയ നേരിടൽപ്രക്രിയ അർബുദരോഗികളിൽ നവപ്രത്യാശ ഉണർത്തുന്നു.

ഇന്ത്യയിലാകട്ടെ സ്ഥിതി മറിച്ചാണ്. പാശ്ചാത്യ കുത്തക കമ്പനികൾ ഇവിടെ വിൽക്കുന്ന ഔദാര്യത്തിലാണ് നമ്മൾ. മരുന്നുകൾ ഇവിടെത്തന്നെ നിർമിക്കാനുള്ള യാതൊരു ഭാവിപരിപാടികളും ആവിഷ്‌കരിക്കപ്പെടുന്നില്ല ഇന്ത്യയിൽ. അതിനുള്ള ശാസ്ത്രജ്ഞന്മാരെയും നിർമിച്ചെടുക്കുന്നില്ല. ഗവേഷണം പലപ്പോഴും കോളേജിൽ അധ്യാപകനാകാനുള്ള മിനിമം യോഗ്യതയ്ക്കുവേണ്ടിയുള്ളതുമാത്രമാകുന്നു. മെഡിക്കൽ കോളേജുകൾ ഗവേഷണസ്ഥാപനങ്ങളേയല്ല. ജീൻ തെറാപ്പിയും വിത്തുകോശ ട്രാൻസ്പ്ലാന്റേഷനും ഒക്കെ ചെയ്യാൻ പ്രാപ്തമായ അത്യാധുനിക മോളിക്യുലർ ലാബുകളും അതിനുള്ള ശാസ്ത്രജ്ഞരും നമുക്കില്ല. ആധുനിക കാൻസർ ചികിത്സ അതീവ സമ്പത്തുള്ളവർക്കുമാത്രം തീറെഴുതപ്പെട്ടിരിക്കുന്നു.

ഡോ. നാരായണൻകുട്ടി വാര്യർ
രോഗിയുടെ കാൻസർ
ഡോക്ടറുടേതും

കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ കാൻസറുള്ള സംസ്ഥാനം കൂടിയാണ്. കേരളത്തിൽ ഒരുലക്ഷം പേരിൽ 140 പേരോളം ഒരു വർഷം കാൻസർ ബാധിതരാകുന്നുവെന്നാണ് കണക്ക്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ ഉയർന്ന സംഖ്യയാണിത്. അതിന് കാരണം, ജീവിതരീതിയിലെ വ്യത്യാസം, സാമൂഹിക- സാമ്പത്തിക സാഹചര്യത്തിലുള്ള മാറ്റം തുടങ്ങിയവയാണ്. അതായത് കേരളത്തിന്റെ സമ്പദ്ഘടന കുറച്ച് മെച്ചപ്പെട്ടു എന്നതാണ്. അത് ജനങ്ങളുടെ ജീവിതരീതിയെയും മാനസികാവസ്ഥയെയുമൊക്കെ ബാധിച്ചതിന്റെ ഫലമായിട്ടാണ് കാൻസർ കൂടുതൽ കാണപ്പെടുന്നത് എന്നതാണ് സത്യം. ആരോഗ്യരംഗത്ത് വളരെ ഉണർവുള്ള സംസ്ഥാനമാണ് കേരളം, അതുകൊണ്ടുതന്നെ അസുഖങ്ങളൊക്കെ പെട്ടെന്ന്? കണ്ടുപിടിക്കപ്പെടുന്നു. കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നു. അതുകൊണ്ടൊക്കെയായിരിക്കാം കണക്കുകൾ ഉയരുന്നത്.
ഇന്നും കേരളത്തിലും, ഇന്ത്യയിലും കാൻസർ നേരത്തെ കണ്ടുപിടിക്കപ്പെടുന്നില്ല. കാൻസറിനെപ്പറ്റിയുള്ള ബോധവത്കരണത്തിന് കുറവൊന്നുമില്ല, പക്ഷെ കാൻസറിനോടുള്ള പേടി നിലനിൽക്കുന്നതുകൊണ്ട് ടെസ്റ്റ് ചെയ്ത് കണ്ടുപിടിക്കാനുള്ള ശ്രമം നടത്തുന്നില്ല. കാൻസർ നേരത്തെ കണ്ടുപിടിച്ചാൽ മാത്രമെ പൂർണമായി ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കൂ. പരിധി വിട്ടാൽ ഭേദമാക്കാനാകില്ല. ഇപ്പോഴും 40 ശതമാനം കാൻസറുകൾ കണ്ടുപിടിക്കുന്നത്, അവ ഏറെ പടർന്നുകഴിഞ്ഞശേഷമാണ്?. 20-25 ശതമാനം കാൻസറുകൾ കണ്ടുപിടിക്കുന്നത് ഒന്നും ചെയ്യാൻ പറ്റാത്ത സ്ഥിതിയിലാണ്. ഇതുമൂലം, ഭീതി വിട്ടുമാറുന്നില്ല.

ഡോ. ഇ. ദിവാകരൻ
പ്രിയ ശരീരമേ നന്ദി,
ഈ രോഗാനുഭവങ്ങൾക്ക്

കാൻസർ ചികിത്സാരംഗത്ത്, രോഗത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള സമീപനമാണുള്ളത്. രോഗിയുടെ ജീവിതഗുണനിലവാരം എങ്ങനെ മെച്ചപ്പെടുത്താം എന്നും യാതനകൾ എങ്ങനെ ഒഴിവാക്കാം എന്നും ഭൂരിഭാഗം കാൻസർ ചികിത്സകരും വിചാരിക്കുന്നില്ല.

Photo : Unsplash.com
Photo : Unsplash.com

രോഗത്തെ മാത്രം കേന്ദ്രീകരിച്ചുള്ള സമീപനത്തിൽ രണ്ട് ദോഷങ്ങളുണ്ട്. ഒന്ന്, രോഗം മാറ്റാൻ പറ്റാത്ത ഘട്ടത്തിൽ ഡോക്ടർക്ക് ഇയാളിലുള്ള താത്പര്യം നഷ്ടമാകും. ഡോക്ടറുടെ ശ്രദ്ധ മുഴുവൻ രോഗത്തിലായിരുന്നുവല്ലോ. രോഗം മാറ്റാൻ പറ്റില്ല എന്നുവന്നാൽ എന്തുചെയ്യും. ഒന്നും ചെയ്യാൻ പറ്റില്ല. അത്രതന്നെ. മരുന്ന് വല്ലതും കഴിച്ച് ഇരുന്നാൽ മതി എന്നുപറഞ്ഞ് കൈയൊഴിയുകയേ നിവൃത്തിയുള്ളൂ. രണ്ട്, രോഗമുണ്ടാക്കുന്ന ശാരീരിക- മാനസിക പീഡകളെ മുഴുവൻ രോഗത്തിലേക്കുള്ള ചൂണ്ടുപലകകളായിട്ടുമാത്രമേ കാണുന്നുള്ളൂ. രോഗിക്ക് പലതരം ബുദ്ധിമുട്ടുകളുണ്ട് എന്നറിയാം, പക്ഷേ, ഇത് രോഗം കൊണ്ട് ഉണ്ടാകുന്നതാണ്, രോഗം മാറിയാൽ അവയും മാറും എന്ന ഒഴുക്കൻമട്ടിൽ ഇത്തരം symptoms ശുഷ്‌കാന്തിയോടെ ചികിത്സിക്കപ്പെടാതെ പോകുകയും അത് അപരിഹാര്യമായ ദുരിതങ്ങളിലേക്ക് രോഗിയെ കൊണ്ടുചെന്നെത്തിക്കുകയും ചെയ്യും.

മോഡേൺ മെഡിസിനെ സംബന്ധിച്ച് മനസ്സിലാക്കേണ്ട ഒരു കാര്യം, ഒരു ചികിത്സയും നൂറുശതമാനം നിർദോഷമല്ല എന്നതാണ്. എല്ലാ 'തെറാപ്യൂട്ടിക് പ്രൊസീജ്യറുകൾ'ക്കും കുറെ ഗുണമുണ്ട്, കുറച്ച് ദോഷങ്ങളും ബാധ്യതകളുമുണ്ട്. അപ്പോൾ, ഔചിത്യപൂർണമായ ചികിത്സ എന്നാൽ എന്താണ്? എപ്പോൾ ഗുണമാണ് കൂടുതലുണ്ടാക്കുന്നത്, ആ ചികിത്സ നമ്മൾ ചെയ്യണം, ദോഷമാണ് കൂടുതൽ ഉണ്ടാക്കുന്നതെങ്കിലോ, ആ ചികിത്സ ചെയ്യാതിരിക്കണം.

ഡോ. പ്രശാന്ത് സി.വി.
ഒരു കാൻസർ രോഗിയുടെ ആകുലതകൾ,
കുടുംബത്തിന്റെ ചോദ്യങ്ങൾ

ലപ്പോഴും കാൻസർ സംബന്ധിച്ച ചാനൽ ചർച്ചകളും മറ്റും കഴിഞ്ഞ് വരുമ്പോൾ എന്റെ മകൻ കളിയും കാര്യവുമായി ചോദിക്കുമായിരുന്നു, ‘അച്ഛൻ, ആ ഒരൊറ്റ കാരണം പറഞ്ഞല്ലോ, അല്ലേ?'

Photo : Pixabay
Photo : Pixabay

ഞാൻ എങ്ങനെയത് പറയാതിരിക്കും. ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയതാണ് ആ സത്യം. ഇന്ത്യയിൽ വിവിധ കാൻസർ ചികിത്സാകേന്ദ്രങ്ങളിൽ കാൻസറുമായെത്തിച്ചേരുന്ന ഓരോ നൂറുപേരിലും നാൽപ്പതുപേർക്ക് ആ രോഗം വരാൻ ഒരു കാരണമേയുള്ളൂ. ഒരൊറ്റ കാരണമേയുള്ളൂ, പുകയില.

കാൻസർ രോഗി, രോഗത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള പലതരം ആശങ്കകളുടെ നടുക്കടലിലായിരിക്കും. അവരുടെ കുടുംബമാകട്ടെ, ഉത്തരം തേടുന്ന നിരവധി ചോദ്യങ്ങളിലും. അത്തരം ചില ആശങ്കകളും ചോദ്യങ്ങളും പങ്കുവെക്കുന്നു.

ട്രൂ കോപ്പി വെബ്​സീൻ പാക്കറ്റ്​ 79
വായിക്കാം, കേൾക്കാം


Summary: അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഇന്ത്യയിൽ കാൻസർ രോഗികളുടെ എണ്ണത്തിൽ 12 ശതമാനത്തിന്റെ വർധനയുണ്ടാകമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ റിപ്പോർട്ട്. എന്തുകൊണ്ട് കാൻസർ ഇന്നും ഒരു മഹാവ്യാധിയായി തുടരുന്നു? ട്രൂ കോപ്പി വെബ്‌സീൻ അന്വേഷിക്കുന്നു. കാൻസർ മേഖലയിലെ പുതിയ ഗവേഷണങ്ങളും പരീക്ഷണങ്ങളും ചികിത്സയിലെയും മരുന്നുകളിലെയും ഏറ്റവും പുതിയ മാറ്റങ്ങളും സമീപനങ്ങളും ആഴത്തിൽ വിശകലനം ചെയ്യപ്പെടുന്നു.


Comments