രാജ്യത്തെ എല്ലാ സ്കൂളുകളിലും വിദ്യാത്ഥികൾ കഴിക്കേണ്ട ഭക്ഷണത്തെ സംബന്ധിച്ച നിർദ്ദേശങ്ങൾ തയ്യാറാക്കിയ ഷുഗര്‍ ബോർഡുകൾ സ്ഥാപിക്കാൻ CBSE നിർദ്ദേശം നൽകിയിട്ടുണ്ട്. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന നാഷനൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽസ് റൈറ്റ്സിന്റെ (The National Commission for Protection of Child Rights- NCPCR) നിർദ്ദേശമനുസരിച്ചാണിത്. ഓരോ പ്രായത്തിലും ദിവസേന കഴിക്കുന്ന ആഹാരത്തിൽ വേണ്ട പോഷകങ്ങൾ, സാധാരണ കഴിക്കുന്ന ആഹാരങ്ങളിലെ പഞ്ചസാരയുടെ അളവ് (കൂടിയതോ, കുറഞ്ഞതോ), പകരം കഴിക്കാവുന്ന ആഹാരങ്ങളുടെ വിവരങ്ങൾ എന്നിവ ഷുഗര്‍ ബോർഡിൽ ഉണ്ടായിരിക്കണം. കഴിക്കുന്ന ആഹാരങ്ങൾ മൂലം ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളുടെ വിവരങ്ങളും നൽകണം. കൂടാതെ ആരോഗ്യത്തിന് ഉചിതമായ ആഹാരരീതികളെക്കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തുകയും ഇതിൻ്റെ റിപ്പോർട്ടുകൾ ജൂലൈ പകുതിയോടെ അധികാരികൾക്ക് സമർപ്പിക്കാനും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ആഹാരത്തെയും ആരോഗ്യത്തേയും കുറിച്ച് കുട്ടികൾക്ക് ശരിയായ വിവരങ്ങൾ നൽകി ഭക്ഷണം തെരഞ്ഞെടുക്കാൻ അവരെ പ്രാപ്തരാക്കുകയാണ് ഇതിൻ്റെ ഉദ്ദേശ്യം.
വളരെ ചെറുപ്രായത്തിൽതന്നെ ഇന്ത്യയിലെ യുവാക്കളിൽ പ്രമേഹം, പൊണ്ണത്തടി, ദന്തരോഗങ്ങൾ പോലുള്ള അസുഖങ്ങൾ കൂടിവരികയാണ്.
ആരോഗ്യകരമായ ഭക്ഷണരീതിയനുസരിച്ച് ശരീരത്തിന് ഒരു ദിവസം വേണ്ട കലോറി ഊർജത്തിൻ്റെ 5% മാത്രമേ നാം കഴിക്കുന്ന ഭക്ഷണത്തിലെ റിഫൈൻഡ് പഞ്ചസാരകളിൽ നിന്ന് ലഭിക്കാൻ പാടുള്ളൂ. ഇന്ത്യയിലെ 4- 10 പ്രായക്കാരിൽ 13% ഊർജ്ജവും 11- 18 പ്രായക്കാരിൽ 15% ഊർജ്ജവും ലഭിക്കുന്നത് കഴിക്കുന്ന ആഹാരത്തിലെ റിഫൈൻഡ് പഞ്ചസാരയിൽ നിന്നാണ്.
ഇതനുസരിച്ച് വളരെ ചെറുപ്രായത്തിൽതന്നെ ഇന്ത്യയിലെ യുവാക്കളിൽ പ്രമേഹം, പൊണ്ണത്തടി, ദന്തരോഗങ്ങൾ പോലുള്ള അസുഖങ്ങൾ കൂടിവരികയാണ്. കാലത്തിനൊപ്പം മാറിവരുന്ന ആഹാരരീതികൾ ഒരു സമൂഹത്തിനെയാകെ രോഗികളാക്കി മാറ്റുന്നത് മുളയിലെ നുള്ളാനാണ് CBSE ഈ നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളത്.

ആഹാരവസ്തുകളിലെ പ്രധാന വില്ലൻ അമിതമായി പഞ്ചസാരയും, കൊഴുപ്പം, ഉപ്പും അടങ്ങിയ പാനീയങ്ങളായ കോളകളും, പായ്ക്കറ്റുകളിൽ ലഭിക്കുന്ന അൾട്രാ പ്രൊസസ്ഡ് ഭക്ഷ്യഉല്പന്നങ്ങളുമാണ്. കുട്ടികളിൽ നല്ലൊരു വിഭാഗവും വീടുകളിൽ പാചകം ചെയ്യുന്ന പാരമ്പര്യ ഭക്ഷണവസ്തുക്കൾ ഉപേക്ഷിച്ച് ഇത്തരം ഭക്ഷണങ്ങൾ ശീലിച്ച് അവയ്ക്ക് അടിമകളായിക്കൊണ്ടിരിക്കുകയുമാണ്.
2018- ൽ തന്നെ UGC ഇന്ത്യയിലെ യൂണിവേഴ്സിറ്റികളിൽ ജങ്ക് ഫുഡ് നിരോധിക്കണമെന്ന് സർക്കാറുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. 2019-ൽ തന്നെ ഫുഡ് സേഫ്റ്റി ആൻ്റ് സ്റ്റാൻഡേർഡ് അതോറിറ്റി സ്കൂളുകളിലും പരിസരത്തും കോള, ചിപ്സുകൾ, ഇൻസ്റ്റന്റ് ന്യൂസിൽസ് തുടങ്ങിയ ഭക്ഷ്യവസ്തുകളുടെ വിൽപ്പന നിരോധിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇവയിലടങ്ങിയിട്ടുള്ള ഭക്ഷണഗ്രൂപ്പുകളെ അൾട്രാ പ്രൊസസ്ഡ് ഫുഡ് (ultra-processed food- UPF) എന്നാണറിയപ്പെടുന്നത്.
പ്രകൃതിദത്ത (ഒറിജിനൽ നാച്ചുറൽ) ഉല്പന്നങ്ങളോ, ഭക്ഷ്യയോഗ്യമല്ലാത്തത് നീക്കി ശുദ്ധീകരിച്ചവയോ, പാചകത്തിനോ പോഷകത്തിനോ രുചിക്കോ ആയി സംസ്കരിച്ചെടുത്തവയോ അല്ലാത്ത ഭക്ഷ്യ ഉല്‍പ്പന്നങ്ങളാണ് അൾട്രാ പ്രൊസസ്ഡ് ഭക്ഷണം. ഒന്നില്‍ കൂടുതൽ സാങ്കേതിക പ്രക്രിയകളിലൂടെ കടന്നുപോകുന്ന ഇത്തരം ആഹാരപദാർത്ഥങ്ങളിൽ ഭക്ഷണ വസ്തുകളല്ലാത്തവയും സാധാരണ അടുക്കളയിൽ കാണാത്തവയുമായ കൃത്രിമ രാസവസ്തുക്കൾ ചേര്‍ത്തിരിക്കും. നിറത്തിനോ മധുരത്തിനോ പ്രിസർവ് ചെയ്യാനോ ആണ് ഇവ ചേർക്കുന്നത്. ഇങ്ങനെ വ്യവസായിക ഉല്പന്നമായി മാറുന്ന ഭക്ഷണമോ പാനീയങ്ങളോ ആണ് നോവാ ക്ലാസിഫിക്കേഷൻ (Nova classification) പ്രകാരം അൾട്രാ പ്രൊസസ്ഡ് ഭക്ഷണം എന്നറിയപ്പെടുന്നത്. ഈ പ്രക്രിയകൾ വഴി ഒരിക്കലും ഇവയിലെ പോഷകങ്ങൾ കൂടുന്നില്ല എന്നും പ്രത്യേകതയുമുണ്ട്.
അമിത കലോറി, കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവയാണ് ഇത്തരം ആഹാരങ്ങളിലെ വില്ലന്മാര്‍ (High fat, High Sugar, High Salt). ഇതിൻ്റെ മുന്നോടിയായി പാക്കറ്റ് ഭക്ഷണത്തില്‍ അമിത കലോറി, കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവയുടെ അപായപരിധി നിർണ്ണയിച്ച് ജനങ്ങൾക്കിടയിലും നിർമ്മാതാക്കളിലും അവയെ പറ്റിയുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്തേണ്ടതുണ്ട്. ഇന്ത്യയില്‍ ഇതുവരെ ഇതിന്റെ പരിധിവിവരങ്ങള്‍ നിര്‍ണ്ണയിച്ച് പരസ്യപ്പെടുതിയിട്ടില്ല എന്നാണ് വിവരം.
അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട പരിധിയുണ്ട്. 100 ഗ്രാം / 100 ml ഭക്ഷ്യ ഉല്പന്നങ്ങളിലും, പാനീയങ്ങളിലും അടങ്ങിയ കലോറി, കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവയുടെ അളവാണിത്. ഇതുപ്രകാരം അപായരഹിതമായ പരിധി കലോറി ഊർജ്ജം- 275, സോഡിയം -400 മില്ലി ഗ്രാം, പഞ്ചസാര- 10 ഗ്രാം, പൂരിത കൊഴുപ്പ്- 4 ഗ്രാം വീതമാണ്. ഇതിനുമുകളിലുള്ള ഭക്ഷ്യവസ്തുക്കളെല്ലാം ആരോഗ്യത്തിന് ഹാനികരവും ഉപയോഗം കുറക്കേണ്ടവയുമാണ്. നിയമപ്രകാരം വിപണനം നിയന്ത്രിക്കേണ്ടതുമാണ്.
അമേരിക്ക, യൂറോപ്പ് തുടങ്ങിയ പല പാശ്ചാത്യ വികസിത രാജ്യങ്ങളിലും ആളുകളുടെ ഭക്ഷണത്തിൽ നിന്ന് ലഭിക്കേണ്ട കലോറി ഊർജത്തിൻ്റെ 50 % ലധികം ഇത്തരം ഭക്ഷണങ്ങളിൽ നിന്നാണ് ലഭിക്കുന്നത്. പ്രീ- സ്കൂൾ കുട്ടികൾ ദിവസേന കഴിക്കുന്ന ഭക്ഷണത്തിൽ നാലിലൊന്നും UPF ആയി മാറിയിട്ടുണ്ട്. ഇപ്പോൾ ഇന്ത്യ പോലുള്ള ഏഷ്യൻ രാജ്യങ്ങളിലും ഈ പ്രവണത കൂടി വരികയാണ്. പോരാതെ സമ്പന്നരിൽനിന്ന് ദരിദ്രവിഭാഗം ജനങ്ങളിലേക്കും നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്കും ഈ പ്രവണത അന്താരാഷ്ട്ര ഫുഡ് ചെയിൻ ശൃംഖലയുടെ വളർച്ചക്കനുസരിച്ച് മഹാമാരി പോലെ വ്യാപിക്കുകയാണ്. 2011- 2021 കാലത്ത് ഇന്ത്യയിൽ വർഷം തോറും UPF കളുടെ വിൽപന 13% വെച്ച് വർദ്ധിച്ചിട്ടുണ്ട്. 2006-ൽ വെറും ഒരു ബില്യൺ അമേരിക്കൻ ഡോളർ മൂല്യമുള്ള ഇതിൻ്റെ വില്പന 2019 ആകുമ്പോള്‍ 40 ബില്യൺ ആയി വർദ്ധിച്ചു. ഇന്ത്യയില്‍ UPF-കളെ നിര്‍ണ്ണയിക്കാന്‍ നിയതമായ മാനദണ്ഡം ലഭ്യമല്ല.
അന്താരാഷ്ട്ര തലത്തിൽ അൾട്രാ പ്രൊസസ്ഡ് ഭക്ഷണങ്ങളുടെ ഉല്പാദനവും വിതരണവും നിയന്ത്രിക്കുന്നത് ചുരുക്കം ചില വൻകിട കമ്പനികളാണ്
ഒരിക്കലും വയർ നിറയ്ക്കാത്ത UPF
പ്രകൃത്യാ ഉള്ള ഭക്ഷ്യവസ്തുക്കളെക്കാൾ രുചികരവും പോഷകാഹാര ഗുണം കുറഞ്ഞവയും ദീർഘകാലം ‘ഷെൽഫ് ലൈഫ്’ ഉള്ളവയും കഴിക്കുന്നവരിൽ അടിമത്വമുണ്ടാക്കുന്നവയും ദോഷകരമായ രാസവസ്തുക്കൾ അടങ്ങിയവയും ബ്രാൻഡ് പേരുകളിൽ അറിയപ്പെടുന്നവയുമാണ് UPF-കൾ. (അന്താരാഷ്ട്ര തലത്തിൽ ഇവയുടെ ഉല്പാദനവും വിതരണവും നിയന്ത്രിക്കുന്നത് ചുരുക്കം ചില വൻകിട കമ്പനികളാണ്). ഇവ കഴിക്കുമ്പോൾ ‘വയർ നിറയുന്ന’ തോന്നലുണ്ടാക്കാത്തതിനാൽ നിർത്താതെ കഴിച്ചുകൊണ്ടിരിക്കും. ആകർഷക പായ്ക്കറ്റുകളിൽ സീൽ ചെയ്ത് ലഭ്യമാക്കുന്നത് ആളുകളിൽ സുരക്ഷിത ബോധമുണ്ടാക്കും. “റെഡി ടു ഈറ്റ്” ആയതുകൊണ്ട് പാചകത്തിനായി സമയമോ ഇന്ധനമോ സ്ഥലമോ ആവശ്യമില്ല എന്നതും ജോലിത്തിരക്കുള്ളവരിൽ ഇതിനെ പ്രമോട്ട് ചെയ്യുന്ന ഘടകമാണ്. എല്ലാത്തിലുമുപരി, ഇത്തരം ഭക്ഷണങ്ങളിൽ ഭക്ഷ്യകലോറിയും പഞ്ചസാരയുടേയും ഉപ്പിന്റെയും പൂരിത കൊഴുപ്പുകളുടെയും അളവും കൂടുതലായിരിക്കും. (High Fat, High Sugar, High salt).
UPF ഭക്ഷണ ഉപയോഗത്തിൻ്റെ ദോഷവശങ്ങൾ
2002 തൊട്ട് 2016 വരെയുള്ള 15 വർഷത്തെ വിവരങ്ങൾ ശേഖരിച്ച് യൂറോപ്യൻ രാജ്യങ്ങളിൽ നടത്തിയ പഠനത്തിൽ അൾട്രാ പ്രൊസസ്ഡ് ആഹാരത്തിൻ്റെ വിൽപ്പനക്കനുസരിച്ച് ആളുകളുടെ ബോഡി മാസ് ഇൻഡക്സ് / അമിതവണ്ണം വർദ്ധിച്ചു വരികയും മറുഭാഗത്ത് അതേ തോതിൽ പഴങ്ങളുടേയും പച്ചക്കറികളുടേയും ഉപയോഗം കുറഞ്ഞുവരികയും ചെയ്യുന്നതായി കണ്ടെത്തി. ഒരു പരീക്ഷണത്തിൻ്റെ ഭാഗമായി തെരഞ്ഞെടുത്ത ആളുകൾക്ക് രണ്ടാഴ്ച അൾട്രാ പ്രൊസസ്ഡ് ഭക്ഷണവും സാധാരണ കഴിക്കുന്ന ഭക്ഷണവും പരസ്പരം മാറിക്കൊടുത്തപ്പോൾ (cross over study) ദിവസവും 508 കലോറി അടങ്ങിയ അൾട്രാ പ്രൊസസ്ഡ് ഭക്ഷണം രണ്ടാഴ്ച കഴിച്ചപ്പോൾ തന്നെ അവരിൽ ഒരു കിലോയ്ക്കടുത്ത് ശരീരഭാരം വർദ്ധിക്കുന്നതായി കണ്ടു. ലോകത്താകെ വർദ്ധിച്ചുവരുന്ന ജീവിതശൈലി / പകർച്ചേതരവ്യാധി രോഗങ്ങൾക്ക് ഒരു പ്രധാന കാരണം ഇത്തരം ഭക്ഷണങ്ങളാണ് (പൊണ്ണത്തടി, പ്രമേഹം, ടൈപ് 2, ഹൃദയാഘാതം, പക്ഷാഘാതം, ചില തരം കാൻസറുകൾ).
പട്ടിക ഒന്ന്: UPF-ലെ ഘടകപദാർത്ഥങ്ങളും
അവയുണ്ടാക്കാവുന്ന രോഗങ്ങളും / തകരാറുകളും

വിവിധ രാജ്യങ്ങളില്‍ നടത്തിയ പഠനങ്ങള്‍ അടിസ്ഥാനമാക്കി 2021 ഏപ്രിലിൽ ഗ്ലോബൽ ഫുഡ് റിസർച്ച് പ്രോഗ്രാമിൻ്റെ ഫാക്ട് ഷീറ്റ് പ്രകാരം UPF-കൾ ഉണ്ടാക്കാവുന്ന രോഗങ്ങളുടെ “റിസ്ക് സാധ്യത” താഴെ കൊടുത്ത പ്രകാരമാണ്.
പട്ടിക രണ്ട്: രോഗങ്ങൾ, രോഗസാധ്യതാ വർദ്ധനവ്
(ശതമാനത്തിൽ) Attributable Risk.

വർത്തമാന സാഹചര്യത്തിൽ ഒരു വ്യക്തിയെ ഇത്തരം ഭക്ഷണങ്ങൾക്ക് അടിമയാക്കുന്നത് നിലനിൽക്കുന്ന സാഹചര്യങ്ങളും വ്യവസ്ഥകളും പരസ്യതന്ത്രങ്ങളും വ്യാപാര നയങ്ങളുമാണ്. മാർക്കറ്റിംഗ് തന്ത്രങ്ങളുടെ കുത്തൊഴുക്കിൽ ഇവയൊക്കെ രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലടക്കം ലഭ്യമാണ്. വ്യക്തികളുടെ തെരഞ്ഞെടുപ്പുകൾക്കുമപ്പുറം സമൂഹത്തിലെ ഒരു പൊതുജനാരോഗ്യപ്രശ്നമായതിനാൽ വളര്‍ന്നു വരുന്ന കുട്ടികളിലടക്കം ഇത്തരം ഭക്ഷണങ്ങളുടെ ഉപയോഗം കുറച്ചുകൊണ്ടുവരാൻ സർക്കാർ തലത്തിൽ നയപരമായ തീരുമാനങ്ങളും നിയമപരമായ നടപടികളും എടുക്കേണ്ടിവരും.
