സെർവിക്കൽ കാൻസറും എച്ച്.പി.വി. വാക്‌സിനും; അറിയേണ്ടതെല്ലാം

സെക്ഷ്വലി ആക്ടീവ് ആയ വ്യക്തിയാണ് നിങ്ങളെങ്കിൽ, നിങ്ങളുടെ ശരീരത്തിൽ തീർച്ചയായും എത്തിച്ചേരാൻ സാധ്യതയുള്ള ഒരു വൈറസാണ് ഹ്യൂമൻ പാപിലോമ വൈറസ് അഥവാ എച്ച.പി.വി. ഓറൽ സെക്‌സ് ഉൾപ്പടെ, ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ ലിംഗഭേദമന്യെ പകരുന്ന ഒരുതരം വൈറസാണിത്. നൂറുകണക്കിന് വകഭേദങ്ങളുള്ള ഈ വൈറസിനെ നമ്മുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങൾ വലിയൊരളവോളം സ്വാഭാവികമായി നീക്കം ചെയ്യും. എങ്കിലും കുഴപ്പക്കാരായ ചില എച്ച്.പി.വി. സ്‌ട്രെയ്‌നുകൾ ശരീരത്തിൽ തുടരുകയും കാലാന്തരത്തിൽ അത് പലതരം കാൻസറുകൾക്ക് കാരണമാവുകയും ചെയ്യാറുണ്ട്. കൃത്യമായി പറഞ്ഞാൽ ഇന്ത്യയിൽ സ്ത്രീകൾക്കിടയിൽ കണ്ടുവരുന്ന രണ്ടാമത്തെ വലിയ കാൻസറായ ഗർഭാശയഗള കാൻസർ അഥവാ സെർവിക്കൽ കാൻസറിന് കാരണക്കാരൻ ഈ വൈറസ് ആണ്.

സെർവിക്കൽ കാൻസറിനെ ചെറുക്കാൻ ഇന്ന് നമ്മുടെ പക്കൽ ഫലപ്രദമായ വാക്‌സിനുകളുണ്ട്. പലപ്പോഴും പതിറ്റാണ്ടുകളോളം നീളുന്ന ഇൻക്യുബേഷൻ പിരീഡാണ് ഹ്യൂമൻ പാപിലോമ വൈറസിന്റേത്. അതായത് ആരോഗ്യമുള്ള ശരീരത്തിൽ വൈറസ് പ്രവേശിച്ച് കാൻസർ കോശങ്ങളായി രൂപാന്തരപ്പെടാൻ ശരാശരി 15 മുതൽ 20 വർഷങ്ങൾ വരെ എടുക്കാറുണ്ട്. എന്നാൽ വാക്‌സിൻ അടക്കമുള്ള പ്രതിരോധ മാർഗങ്ങളും, നീണ്ട ഇൻക്യുബേഷൻ പീരീഡും ഉണ്ടായിരിക്കത്തന്നെ 2020-ൽ മാത്രം ലോകത്ത് 342,000 പേരാണ് സെർവിക്കൽ കാൻസർ വന്ന് മരണപ്പെട്ടത്. 2020-ൽ ഇന്ത്യയിൽ മാത്രം ഉണ്ടായത് 124000 പുതിയ കേസുകളും 77000 മരണങ്ങളുമാണ്. സെർവിക്കൽ കാൻസറിനെക്കുറിച്ചും, എച്ച്.പി.വി. വാക്സിനെക്കുറിച്ചും കൂടുതലറിയാം.

Comments