കേരള സർവീസ് റൂൾ പ്രകാരം, സർക്കാർ ജീവനക്കാർക്ക് ആകസ്മിക അവധിക്ക് അർഹതയുള്ള രോഗമായിരുന്നു ചിക്കൻ പോക്സ്, 1976 വരെ. കെ.എസ്.ആറിലെ പട്ടികയിൽനിന്ന് 1976-ൽ സർക്കാർ നീക്കം ചെയ്ത ഈ രോഗത്തെ വീണ്ടും പട്ടികയിലുൾപ്പെടുത്തിയിരിക്കുകയാണ്. 2024 ഫെബ്രുവരി മുതൽ ഇതിന് പ്രാബല്യമുണ്ട്.
ചിക്കൻ പോക്‌സ് ലക്ഷണങ്ങൾ പുറത്തുവന്നശേഷം രോഗം പകരാനിടയില്ലെന്നതുകൊണ്ടാണ് ചിക്കൻ പോക്‌സിനെ 1976-ൽ കേരള സർവീസ് ചട്ടത്തിലെ സാംക്രമികരോഗ പട്ടികയിൽനിന്ന് ഒഴിവാക്കിയത്. വേനൽ കടുത്തതോടെ സംസ്ഥാനത്ത് ചിക്കൻ പോക്‌സ് കൂടുന്നത് കണക്കിലെടുത്താണ് തീരുമാനം. ഈ വർഷം ഇതുവരെ 3150 പേർക്കാണ് രോഗം ബാധിച്ചത്. നിർമ്മാർജ്ജനം ചെയ്യപ്പെട്ടുവെന്ന് കരുതപ്പെടുന്ന വസൂരി, പ്ലേഗ്, കോളറ, ടൈഫോയ്ഡ്, ന്യൂമോണിയ, ഡിഫ്ത്തീരിയ, മെനിഞ്ചൈറ്റിസ് തുടങ്ങിയ സാംക്രമിക രോഗങ്ങളെല്ലാം കെ.എസ്.ആർ പട്ടികയിലുണ്ട്. പുതിയ തീരുമാനമനുസരിച്ച് ചിക്കൻ പോക്‌സ് ബാധിച്ചവർക്ക് 21 ദിവസം മുതൽ 30 ദിവസം വരെയാണ് അവധി ലഭിക്കുക.
ക്ഷീണം, കടുത്ത പനി, തലവേദന, വിശപ്പില്ലായ്മ, തൊലിപ്പുറത്ത് ചുകപ്പ് കുമിളകൾ പൊങ്ങുക എന്നിവയാണ് രോഗബാധയുടെ ലക്ഷണങ്ങൾ. എന്നാൽ ലക്ഷണങ്ങൾക്ക് രണ്ടാൾക്ക് മുൻപേ രോഗാണു ശരീരത്തിൽ പ്രവേശിച്ചിട്ടുണ്ടാവുമെന്നതിനാൽ ആ കാലഘട്ടത്തിലാണ് രോഗം പകരാനും സാധ്യതയുള്ളത്. ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടതിന് ശേഷം രോഗം പകരാനിടയില്ലെന്നതിനാലാണ് നേരത്തെ രോഗത്തെ സാംക്രമിക രോഗങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. വേനൽക്കാലത്ത് ചിക്കൻപോക്‌സ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്.
ഈ വർഷം സംസ്ഥാനത്ത് കടുത്ത ചൂട് അനുഭവപ്പെടുന്നതിനാൽ, ചിക്കൻ പോക്‌സ് ഭീഷണി കൂടുതലാണ്. മലപ്പുറം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് ചിക്കൻ പോക്‌സ് കൂടുതൽകാണുന്നത്. രോഗം അതീവ സങ്കീർണമായ അവസ്ഥയിൽ ചിലപ്പോൾ മരണകാരണം വരെയാകാറുണ്ട്.
പകർച്ചവ്യാധി രോഗങ്ങൾ പിടിപെട്ടവരുടെ വീട്ടിലുള്ളവർ പുറത്ത് ജോലി ചെയ്യാൻ പോകുമ്പോൾമറ്റുള്ളവർക്ക് പകരാനുള്ള സാധ്യത കണക്കിലെടുത്ത് അവധി നൽകുന്നത് നല്ല തീരുമാനമാണെന്ന് പൊതുജനാരോഗ്യ വിദഗ്ധ ഡോ. എ.കെ. ജയശ്രീ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു: ‘‘നേരത്തെയും ടൈഫോയ്ഡ്, വസൂരി, പ്ലേഗ് എന്നീ അസുഖങ്ങൾക്ക് അവധി അനുവദിച്ചിരുന്നു. ചിക്കൻപോക്‌സ് നിസാര രോഗമാണെങ്കിലും പ്രായമായവർക്കും മറ്റുരോഗങ്ങളുള്ളവർക്കും ഗുരുതരമാവാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. ചിക്കൻപോക്‌സിൽ തുടക്കത്തിൽ കുമിളകൾ പൊങ്ങിവരുന്നതിന് മുമ്പുതന്നെ രോഗം പകരാൻ സാധ്യതയുണ്ട്. ഇത് തിരിച്ചറിയാൻ പറ്റില്ല. വീട്ടിലൊരാൾക്ക് രോഗമുണ്ടെങ്കിൽ അണുക്കളെ വഹിക്കാനും അവ മറ്റുള്ളവരിലേക്ക് പടരാനും സാധ്യതയുണ്ട്. രോഗിയുമായി സമ്പർക്കമുള്ള വ്യക്തിയും ഈ സമയത്ത് ഇൻക്യുബേഷൻ പീരിയഡിലായിരിക്കും ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിട്ടില്ലെങ്കിലും മറ്റുള്ളവർക്ക് പകരാൻ സാധ്യതയുണ്ട്. എല്ലാക്കാലത്തും ഉണ്ടാകുന്ന രോഗമാണ് ചിക്കൻപോക്‌സ്. സാധാരണ കുട്ടികൾക്കാണ് ഉണ്ടാകാറെങ്കിലും മുതിർന്നവർക്ക് വരുമ്പോഴാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. നിസ്സാര രോഗമെന്നാണ് നമ്മൾ കണക്കാക്കുന്നതെങ്കിലും കൂടുതൽ ആളുകളിലേക്ക് വ്യാപിക്കുന്നതും റിസ്‌ക് കാറ്റഗറിയിലുള്ളവർക്ക് വരുന്നത് ഒഴിവാക്കാനും സർക്കാർ നടപടി ഗുണകരമായിരിക്കും’’.
എന്താണ് ചിക്കൻ പോക്സ്?
ചൂടുകാലത്ത് സാധാരണമായി കണ്ടുവരുന്നതും അതിവേഗം പടരുന്നതുമായ രോഗമാണ് ചിക്കൻപോക്സ്. 'വേരിസെല്ലസോസ്റ്റർ' എന്ന വൈറസാണ് രോഗം പടർത്തുന്നത്. ഗർഭിണികൾ, എയ്ഡ്‌സ് രോഗികൾ, പ്രമേഹ രോഗികൾ, നവജാത ശിശുക്കൾ, അർബുദം ബാധിച്ചവർ തുടങ്ങിയവർക്ക് രോഗം വന്നാൽ സങ്കീർണമാകാനിടയുണ്ട്.
രോഗലക്ഷണങ്ങൾ:
1.പൊതുവേ ശ്രദ്ധിക്കാതെ പോകുന്ന ഘട്ടമാണ് ചിക്കൻപോക്സിന്റെ ആദ്യഘട്ടം. കുമിളകൾ പൊങ്ങുന്നതിന് മുമ്പുള്ള ഒന്നോ രണ്ടോ ദിവസമാണിത്. ശരീരവേദന, കഠിനമായ ക്ഷീണം, നടുവേദന തുടങ്ങിയവയാണ് ലക്ഷണങ്ങൾ.
2. കുമിളകൾ പ്രത്യക്ഷപ്പെടുന്നതാണു മിക്കവരിലും ചിക്കൻപോക്സ് പ്രകടമാക്കുന്ന ആദ്യ ലക്ഷണം. ഏകദേശം 26 ദിവസംവരെ ഈ ഘട്ടം നീളും. ചുവന്ന തടിപ്പ്, കുരു, കുമിള, പഴുപ്പ്, ഉണങ്ങൽ എന്നീ ക്രമത്തിലാണ് ഇവ രൂപാന്തരപ്പെടുന്നത്. ഒരേ സമയത്തുതന്നെ പലഘട്ടത്തിലുള്ള കുമിളകൾ ചിക്കൻപോക്സിൽ സാധാരണയാണ്.
3. മിക്കവരിലും തലയിലും വായിലും ആണ് കുരുക്കൾ ആദ്യം പ്രത്യക്ഷപ്പെടുക. പിന്നീട് നെഞ്ചിലും പുറത്തും ഉണ്ടാകുന്നു. എണ്ണത്തിൽ ഇത് കൂടുതലാണ്. എന്നാൽ, കൈകാലുകളിൽ കുറവായിരിക്കും എന്ന പ്രത്യേകതയുമുണ്ട്.
4.ചിക്കൻപോക്സിന്റെ മറ്റൊരു പ്രധാന ലക്ഷണമാണ് ചൊറിച്ചിൽ. കുരുക്കളുള്ള ഭാഗത്ത് മാത്രമായോ ശരീരം മുഴുവനുമായോ ചൊറിച്ചിൽ അനുഭവപ്പെടാം. ചൊറിഞ്ഞ് പൊട്ടിയാൽ പഴുക്കാൻ സാധ്യത കൂടുതലാണ്.
രോഗം പകരുന്നത് എങ്ങനെ?
രോഗിയുടെ വായിൽനിന്നും മൂക്കിൽനിന്നുമുള്ള സ്രവങ്ങളാണ് പ്രധാനമായും രോഗം പരത്തുക.കൂടാതെ, സ്പർശനം മൂലവും ചുമയ്ക്കമ്പോൾ പുറത്തുവരുന്ന ജലകണങ്ങൾ വഴിയും രോഗം പടരും. കുമിളകൾ പ്രത്യക്ഷപ്പെടുന്നതിന് രണ്ടുദിവസം മുമ്പ് മുതൽ കുമിള പൊന്തി 6-10 ദിവസംവരെയും രോഗം പരത്തും. സാധാരണ ഗതിയിൽ ഒരിക്കൽ രോഗം ബാധിച്ചാൽ ജീവിതകാലം മുഴുവൻ ഈ രോഗം വരാതെയിരിക്കാം. എന്നാൽ, പൊതു പ്രതിരോധം തകരാറിലായാൽ മാത്രം വീണ്ടും വരാറുണ്ട്.
സങ്കീർണതകൾ
ഗർഭിണികൾ: ഗർഭത്തിന്റെ ഒമ്പതു മുതൽ 16 വരെയുള്ള ആഴ്ചകളിൽ അമ്മയ്ക്ക് ചിക്കൻപോക്സ് ബാധിച്ചാൽ ഗർഭസ്ഥ ശിശുവിന് കണ്ണിനും തലച്ചോറിനും തകരാറ്, അംഗവൈകല്യം, നാഡി തളർച്ച ഇവ സംഭവിക്കുമെന്നതിനാൽ ഗർഭിണികൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രതിരോധശേഷി തീരെ കുറഞ്ഞവരെ ഗുരുതരമായി ചിക്കൻപോക്സ് ബാധിക്കാറുണ്ട്. പ്രത്യേകിച്ച് തലച്ചോർ, കരൾ, വൃക്കകൾ തുടങ്ങിയ അവയവങ്ങളെ ബാധിച്ച് പ്രശ്നങ്ങൾ സങ്കീർണമാക്കാറുണ്ട്.
ചിക്കൻ പോക്സിനൊപ്പം ന്യൂമോണിയ കൂടി ബാധിക്കുന്നത് ഗർഭിണികളിലും ദുർബലരിലും സങ്കീർണതയ്ക്കിടയാക്കും.കുമിളകൾ പഴുക്കുക, രക്തസ്രാവം എന്നിവ ചിലരിൽ സങ്കീർണത സൃഷ്ടിക്കും.
രോഗികൾ ശ്രദ്ധിക്കേണ്ടത്
കുരുക്കൾ പൊട്ടിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് വഴി മുഖത്ത് വരുന്ന പാടുകളും കുഴികളുമെല്ലാം പരമാവധി കുറയ്ക്കാൻ സാധിയ്ക്കും. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും പൊത്തിപിടിക്കുക. മറ്റുള്ളവരുമായി ഇടപഴകുന്നത് രോഗി പരമാവധി ഒഴിവാക്കുക. മൂക്കിലെയും വായിലെയും സ്രവങ്ങളും കുരുവിലെ സ്രവങ്ങളും രോഗം പകർത്തുമെന്നറിയുക. പോഷക ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. ഫലപ്രദമായ ആന്റിവൈറൽ മരുന്നുകൾ രോഗ തീവ്രത കുറക്കുന്നു. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും സാമൂഹ്യാരോഗ്യകേന്ദ്രങ്ങളിലും സർക്കാർ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭ്യമാണ്.
പരീക്ഷാ കാലമായതിനാൽ കുട്ടികളും രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധ പുലർത്തേണ്ടതുണ്ട്. രോഗബാധിതരായ കുട്ടികളെ ഉണങ്ങിക്കഴിഞ്ഞതിന് ശേഷം പൊറ്റകൾ കൊഴിഞ്ഞുപോകുന്നതുവരെ സ്‌കൂളിൽ വിടാതിരിക്കണം. പരീക്ഷ എഴുതുന്ന രോഗം ബാധിച്ച കുട്ടികൾ പരീക്ഷ എഴുതുന്നതിനായി പോകുമ്പോൾ പൊതുഗതാഗതം ഒഴിവാക്കുന്നതും കുട്ടികൾക്ക് വായുസഞ്ചാരമുള്ളതും സൂര്യപ്രകാശമുള്ളതുമായ പ്രത്യേക മുറി സജ്ജീകരിക്കേണ്ടതാണ്.
മരുന്നും വാക്‌സിനും
ചിക്കൻപോക്‌സിന് കുടുംബാരോഗ്യകേന്ദ്രങ്ങളിലും സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും സർക്കാർ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭ്യമാണ്. വളരെ അപൂർവ്വമായി മാത്രമാണ് മരണം സംഭവിക്കുന്നത്. 60,000 പേർക്ക് വരുമ്പോൾ ഒരാൾ മരിക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്.
പത്ത് ദിവസം കൊണ്ടെല്ലാം തനിയെ മാറുന്ന അസുഖമാണെങ്കിലും മരുന്നിന്റെ ആവശ്യമെന്താണെന്നാണ് പലർക്കുമുള്ള സംശയമെന്ന് ഡോ. ജയശ്രീ പറയുന്നു: ‘‘വാക്‌സിനും മരുന്നും എടുത്താൽ നമുക്ക് രോഗത്തിന്റെ വ്യാപനം കുറയ്ക്കാം. റിസ്‌ക് കാറ്റഗറിയിൽപ്പെടുന്നയാളുകൾക്കും ചികിത്സ ഗുണം ചെയ്യും. മെഡിക്കൽ വിദ്യാർത്ഥികൾക്കടം വാക്‌സിൻ എടുക്കാൻ ആവശ്യപ്പെടാറുണ്ട്. നിലവിൽ സർക്കാർസൗജന്യമായി വാക്‌സിന് നൽകുന്നില്ല. സർക്കാർ ഒരു വാക്‌സിന് ഫ്രീയായി നൽകുന്നത് രോഗം ഉണ്ടാക്കുന്ന പൊതുജനാരോഗ്യത്തിന്റെ വ്യാപ്തി പരിഗണിച്ച് മാത്രമാണ്. നിലവിൽ നമുക്കുള്ള വിഭവങ്ങൾ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ ചെലവാക്കുക എന്നുള്ളതാണ്. ഏറ്റവും പ്രശ്‌നങ്ങൾക്കാണ് സർക്കാർ പ്രയോരിറ്റി നൽകുക’’.
മരുന്ന് കഴിച്ചാൽ വൈറസിന്റെ അളവും ദേഹത്തുണ്ടാകുന്ന കുരുക്കളുടെ എണ്ണവും കുറയും. ഇതുകൊണ്ടുതന്നെ രോഗം മാറും. കുറച്ചുനാൾ കഴിയുമ്പോൾ ചിക്കൻ പോക്സ് വന്നതിന്റെ പാടുകൾ ശരീരത്തിൽ കുറവായിരിക്കും. ഗർഭിണികൾ പ്രമേഹരോഗികൾ, സ്റ്റീറോയിഡ് കഴിക്കുന്നവർ, കീമോതെറാപ്പി എടുത്തിട്ടുള്ളവർ, HIV രോഗികൾ, പ്രായമായവർ തുടങ്ങി റിസ്‌ക് ഗ്രൂപ്പിൽപ്പെടുന്നവർക്ക് ശരീരത്തിലെമ്പാടും കുരുക്കൾ പ്രത്യക്ഷപ്പെടാൻ സാധ്യതയുള്ളതിനാൽ കൃത്യമായ ചികിത്സ ആവശ്യമാണ്.
ചിക്കൻപോക്സ് രോഗവുമായി സമ്പർക്കത്തിൽ വന്നാൽ 90 ശതമാനം പേരെയും രോഗം ബാധിക്കാൻ സാധ്യതയുണ്ട്. ചിക്കൻപോക്‌സ് നേരത്തെ വന്നവർക്ക് രോഗം വരാൻ സാധ്യത കുറവാണ്. വന്നാൽ പോലും ഗുരുതരമാകാറില്ല. രോഗം വന്ന ശേഷവും ഫലപ്രദമായ ചികിത്സ ലഭ്യമാണ്. അസൈക്ലോവിർ, വാലസൈക്ലോവിർ എന്നീ ഗുളികകളുണ്ട്. ഇത് രോഗം കണ്ടെത്തി 24 മണിക്കൂറിനകം ആരംഭിക്കാൻ സാധിച്ചാൽ വളരെ ഫലപ്രദമായി ലക്ഷണങ്ങളെ നിയന്ത്രിക്കാൻ സാധിക്കുന്നതാണ്. എന്നാൽ രോഗമാരംഭിച്ച് 24 മണിക്കൂറിന് ശേഷം അഥവാ കുമിളകളൊക്കെ പ്രത്യക്ഷപ്പെട്ടതിന് ശേഷമാണ് മരുന്ന് കൊടുക്കാൻ കഴിഞ്ഞതെങ്കിൽ മരുന്നിന്റെ ഫലം പൂർണ്ണമായും ലഭിക്കുകയില്ല.
മറ്റു രോഗലക്ഷണങ്ങളായ തലവേദന, പനി, ചൊറിച്ചിൽ എന്നിവ നിയന്ത്രിക്കാനുള്ള മരുന്നുകളും ഇതിനൊപ്പം കഴിക്കേണ്ടതായുണ്ട്. ഇതിനായി പാരസെറ്റാമോളും, കലാമിൻ ലോഷനുമൊക്കെ നൽകാറുണ്ട്. പാരസെറ്റമോൾ പനിയും ശരീരവേദനയും കുറക്കുന്നു. കാലാമിൻ പുരട്ടുന്നത് തൊലിപ്പുറത്തെ അസ്വസ്ഥതകളും കുറയ്ക്കുന്നു.മരുന്നിന് പുറമെ നല്ല വിശ്രമം, എളുപ്പത്തിൽ ദഹിക്കുന്ന സമീകൃതാഹാരവും കഴിക്കണം.
കൈയിന്റെ മേൽഭാഗത്ത് തൊലിക്കുള്ളിലായാണ് കുത്തിവെപ്പ് നൽകുക. കുട്ടികളിൽ 12-16 മാസത്തിനിടയിൽ ആദ്യ കുത്തിവെപ്പും 4-6 വയസിനിടയിൽ രണ്ടാം കുത്തിവെപ്പും നൽകും. മുതിർന്നവരിൽ രണ്ടു കുത്തിവെപ്പുകൾ ഒരു മാസം ഇടയിട്ടു നൽകാം. രണ്ടു കുത്തിവെപ്പും എടുക്കുന്നവരിൽ അസുഖം വരാനുള്ള സാധ്യത തീരെയില്ല. ചെറിയ ഒരു ശതമാനം പേരിൽ രോഗം വന്നാൽ പോലും അതിൽഗുരുതരാവസ്ഥയിലെത്താൻസാധ്യതയില്ല. മുൻപ് ചിക്കൻപോക്സ് വാക്സിനോട് അലർജിയുണ്ടായവർ, എച്ച്.ഐ.വി അണുബാധ ഉള്ളവർ, രോഗപ്രതിരോധം കുറക്കുന്ന അസുഖങ്ങൾ ഉള്ളവർ, രോഗപ്രതിരോധം കുറക്കുന്ന മരുന്നുകൾ കഴിക്കുന്നവർ, ഗർഭിണികൾ /മൂന്നു മാസത്തിനുള്ളിൽ ഗർഭം ധരിക്കാൻ പ്ലാൻ ചെയ്യുന്നവർ, കാൻസർ രോഗത്തിന് റേഡിയേഷൻ/കീമോ ചികിത്സ എടുക്കുന്നവർ എന്നിവർ വാക്സിൻ എടുക്കാൻ പാടില്ല.
രോഗം വരാനുള്ള സാധ്യത തടയാൻ വാക്സിൻ മൂലം സാധിക്കും. ആദ്യ 3-5 ദിവസങ്ങളിൽ വാക്സിൻ എടുത്താൽ രോഗം വരാനുള്ള സാധ്യത നല്ലതുപോലെ കുറയും. രോഗം വന്നാലും അതുമൂലം തലച്ചോറിലും ശ്വാസകോശത്തിലും അണുബാധ പോലെയുള്ള ഗുരുതരാവസ്ഥ തടയാൻ വാക്സിൻ പ്രയോജനം ചെയ്യും.
മറ്റൊരു പ്രതിരോധ മാർഗമാണ്, ചിക്കൻപോക്സ് ഇമ്മ്യുണോഗ്ലോബുലിൻ. വൈറസിനെ നശിപ്പിക്കുന്ന ആന്റി ബോഡി കൃത്രിമമായി ഉണ്ടാക്കി ഉപയോഗിക്കുന്നതാണ് ഈ രീതി. വാക്സിൻ എടുക്കാൻ സാധിക്കാത്ത ആരോഗ്യസ്ഥിതി ഉള്ളവർക്കും, പെട്ടെന്നുള്ള സംരക്ഷണം വേണ്ടവർക്കും ഈ കുത്തിവെപ്പ് എടുക്കാം. വില കൂടുതലാണ്.
ആ മരണത്തിന്റെ കാരണം
കഴിഞ്ഞവർഷം പാലക്കാട് കുഴൽ മന്ദത്ത് ചിക്കൻ പോക്‌സ് ബാധിച്ച് 23കാരൻ മരിച്ചതായി വാർത്തയുണ്ടായിരുന്നു. മാത്തൂർ പൊടിക്കുളങ്ങര അണ്ടത്തുകാട് വീട്ടിൽ അഭിജിത്ത് ആണ് മരിച്ചത്. മരിക്കുന്നതിന് ഒരാഴ്ച മുമ്പാണ് രോഗം ബാധിച്ചതെന്നും വെള്ളം പോലും കുടിക്കാൻ കഴിയാത്ത അവസ്ഥയിലാണ് പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും വാർത്തയിലുണ്ടായിരുന്നു. എന്നാൽ, രോഗം വന്ന് ചില നാട്ടുമരുന്നുകൾ ചെയ്യുകയും പിന്നീട് രോഗം മൂർച്ഛിച്ചശേഷം ആശുപത്രിയിലെത്തുകയുമായിരുന്നുവെന്ന് പിന്നീട് വ്യക്തമായി. തക്ക സമയത്ത് കൃത്യമായ ചികിത്സ ലഭിക്കാതിരുന്നതാണ് മരണത്തിലേക്ക് നയിച്ചത്.
അഭിജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട്, തന്റെ ചികിത്സാ അനുഭവത്തിലെ ഒരു ചിക്കൻ പോക്‌സ് മരണത്തെക്കുറിച്ചും ചികിത്സയിലെ തെറ്റിധാരണകളെക്കുറിച്ചും ഒമാനിൽ ജോലി ചെയ്യുന്ന ഡോ. ജമാൽ എഴുതിയിരുന്നു: ''ഒറ്റപ്പാലത്ത് ജോലി ചെയ്യുന്ന സമയത്ത് കണ്ട ഒരു രോഗി ഒരാഴ്ചയായി ഹോമിയോ ചികിത്സയെടുക്കുന്നു. കുമിളകൾ കൂടുതൽ പൊങ്ങുന്നതുകണ്ടപ്പോൾ ഉള്ളിലുള്ളത് മുഴുവൻ പുറത്തുവരികയാണ്, അതാണല്ലോ ശരിയായ ചികിത്സാരീതി എന്നു കരുതി അദ്ദേഹം കാത്തിരുന്നു. അവസാനം ദേഹം ഒന്നാകെ കുമിളകൾ പൊങ്ങി കരിക്കട്ടപോലെയായി. ഭക്ഷണവും വെള്ളവും കഴിക്കാൻ വയ്യാതെ രക്തത്തിലെ സോഡിയം 90 ആയി കുറഞ്ഞു. ബോധം നഷ്ടമായ അവസ്ഥയിലാണ് ഹോമിയോ ചികിത്സ നിർത്തി ആശുപത്രിയിൽ വരുന്നത്. ആദ്യമായും അവസാനമായും ഒരു ചിക്കൻ പോക്‌സ് രോഗി മരിക്കുന്നത് കാണുന്നത് അപ്പോഴാണ്.''
പാലക്കാട്ട് മരിച്ച അഭിജിത്തും ആദ്യം നാട്ടുവൈദ്യവും തുടർന്ന് ഹോമിയോപ്പതിയുമാണ് ചെയ്തത്. രോഗം ഗുരുതരമായപ്പോഴാണ് ആശുപത്രിയിലെത്തിയത് എന്നും അദ്ദേഹം പറയുന്നു.
തെറ്റിധാരണകൾ
ഈ രോഗവുമായി ബന്ധപ്പെട്ട് നിരവധി അശാസ്ത്രീയമായ ധാരണകൾ ജനങ്ങൾക്കിടയിൽ ഇപ്പോഴുമുണ്ട്. രോഗമുള്ള സമയത്ത് കുളിക്കരുത് എന്ന് പറയാറുണ്ട്. എന്നാൽ, ദിവസേന കുളിക്കണം എന്നാണ് മോഡേൺ മെഡിസിൻ പറയുന്നത്. കുളിക്കാതിരുന്നാൽ തൊലിപ്പുറത്തെ കുമിളകൾ പൊട്ടി ബാക്റ്റീരിയൽ ഇൻഫക്ഷൻ വരാൻ സാധ്യതയുണ്ട്. ചിക്കൻപോക്സ് കുരുക്കൾ ഭാവിയിൽ മായ്ക്കാനോ മറയ്ക്കാനോ കഴിയാത്ത പാടുകളായി മാറാൻ പ്രധാനകാരണം അതിൽ ബാക്ടീരിയൽ ഇൻഫക്ഷൻ കൂടി വരുന്നതാണ്. ദിവസങ്ങളോളം കുളിക്കാതെയിരുന്നാൽ ഈ അവസ്ഥ സങ്കീർണമാകും.
പുതിയ വകഭേദം അപകടകരമോ?
ചിക്കൻപോക്സിന്റെ പുതിയ വകഭേദമായ ക്ലേഡ് 9 ഇന്ത്യയിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി കണ്ടെത്തിയിരുന്നു. നേരത്തെ തന്നെ ക്ലേഡ് 1, ക്ലേഡ് 5 എന്നീ വൈറസുകൾ ഇന്ത്യയിൽ നേരത്തെ തന്നെ ഉണ്ടായിരുന്നെങ്കിലും ക്ലേഡ് 9 അടുത്തിടെയാണ് കണ്ടെത്തിയത്. ചിക്കൻപോക്സിന് കാരണമാകുന്ന വാരിസെല്ല- സോസ്റ്റർ വൈറസിന്റെ ക്ലേഡ് 9 വകഭേദത്തിന്റെ സാന്നിധ്യമാണ് കണ്ടെത്തിയിട്ടുള്ളത്. മനുഷ്യരെ ബാധിക്കുന്ന ഒമ്പത് ഹെർപ്പസ് വൈറസുകളിൽ ഒന്നാണ് വെരിസെല്ല-സോസ്റ്റർ വൈറസ്.
എന്നാൽ, ക്ലേഡ് 9 വകഭേദം രാജ്യത്ത് കണ്ടെത്തിയെങ്കിലും ഇത് കൂടുതലായി പ്രശ്‌നങ്ങളുണ്ടാക്കാൻ സാധ്യതയില്ലെന്ന് ഡോ. ജയശ്രീ പറയുന്നു. സാധാരണ ചിക്കൻപോക്‌സിന് ഉണ്ടാകുന്ന അതേ ലക്ഷണങ്ങളും കാലയളവുമൊക്കെയാണ് ഈ വകഭേദത്തിനുമുള്ളൂ.