കേരളത്തിൽ സ്‌കൂളുകൾ നവംബർ മുതൽ തുറക്കാൻ സർക്കാർ തിരുമാനിച്ചിരിക്കയാണ്. ഇതിനെ ഭയവും സംശയവും കലർന്ന രീതിയിലാണ് മിക്ക പേരും / മാധ്യമങ്ങളും കാണുന്നത്. ഇത് വിദ്യാർത്ഥികളിലും അധ്യാപകരിലും രക്ഷിതാക്കളിലും ഒരുപോലെ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇതുപോലെയുള്ള സാഹചര്യത്തിൽ ഒരു തീരുമാനമെടുക്കേണ്ടത് ശാസ്ത്രീയമായി റിസ്‌ക്-ബെനിഫിറ്റ് - അല്ലെങ്കിൽ നേട്ടവും കോട്ടവും വിലയിരുത്തിയാവണം.
കുട്ടികളിലെ കോവിഡുബാധ
ഒന്നര വർഷം മുമ്പ്, 2020 മാർച്ച് പത്തിന് സംസ്ഥാനത്തെ സ്‌കൂളുകൾ അടക്കുമ്പോൾ മുന്നിലുണ്ടായിരുന്ന ലക്ഷ്യം കുട്ടികളിലെ രോഗപകർച്ചയും ഗുരുതരാവസ്ഥകളും മരണങ്ങളും തടയുക എന്നതായിരുന്നു. മഹാമാരിയുടെ ആരംഭകാലമായതിനാൽ അന്ന് വിവിധ പ്രായക്കാരിലെ രോഗത്തിന്റെ എപ്പിഡമിയോളജിയെക്കുറിച്ച് നമ്മൾക്കധികം വ്യക്തത ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് അതിനെക്കുറിച്ച് വ്യക്തത വന്നിട്ടുണ്ട്. പ്രായമായവരെ അപേക്ഷിച്ച് കുട്ടികളിൽ രോഗതീവ്രത വളരെ കുറവായിരിക്കും, മരണസാധ്യത വിരളവുമായിരിക്കും. കോവിഡിന്റെ ഗുരുതരാവസ്ഥ പ്രായത്തിനുസരിച്ച് കൂടിവരുന്ന, ഇംഗ്ലീഷ് അക്ഷരമായ ‘J' യുടെ രൂപത്തിലാണ് എപ്പിഡമിയോളജിസ്റ്റുകൾ കാണുന്നത്.
രണ്ടാമത്തെ ആശങ്ക, സ്‌കൂളിൽ പോയി വരുന്ന കുട്ടികളിൽ നിന്ന് വീട്ടിലുള്ള മുതിർന്നവരിലേക്ക് രോഗ പകർച്ച സാധ്യത കൂടിവരാമെന്ന സാധ്യതയും തുടർന്നുള്ള ഗുരുതരാവസ്ഥകളുമാണ്. ഇപ്പോൾ മനസ്സിലാക്കാനാകുന്നത്, കുട്ടികളിൽ നിന്ന് വൈറസുകൾ മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യതകളും വളരെ കുറവാണ് എന്നതാണ്. പോരാതെ, മുതിർന്നവരിൽ നല്ലൊരു വിഭാഗത്തിനും വാക്‌സിൻ ലഭിച്ചിട്ടുള്ളതിനാൽ ഗുരുതരാവസ്ഥക്കുള്ള സാധ്യതകളും കുറഞ്ഞിട്ടുണ്ട്.
സ്‌കൂളുകൾ തുറന്ന രാജ്യങ്ങളിലെ സ്ഥിതി
ലോകത്ത് ഇതുവരെ 175 രാജ്യങ്ങളിൽ വിദ്യാലയങ്ങൾ തുറന്നുകഴിഞ്ഞിട്ടും എവിടെനിന്നും ഏതെങ്കിലും തരത്തിലുള്ള രോഗവ്യാപനമോ വിപരീത ഫലങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഇന്ത്യയിൽ തന്നെ ആറ് സംസ്ഥാനങ്ങളിൽ ആഗസ്റ്റിൽ സ്‌കൂളുകൾ തുറന്നു. നമ്മുടെ അയൽ സംസ്ഥാനങ്ങളായ കർണാടകയിലും തമിഴ്‌നാട്ടിലും സപ്തംബർ ആദ്യമേ തുറന്നു.
വിവിധ പ്രായക്കാരിലെ വൈറസിന്റെ വ്യാപനതോത് അറിയാൻ വിവിധ സംസ്ഥാനങ്ങളിൽ ജൂലൈയിൽ നടത്തിയ സീറോ സർവ്വേയിൽ പ്രായമായവരിൽ 62% പേരിലും 18 വയസ്സിൽ താഴെയുള്ളവരിൽ 57.2 % പേരിലും കോവിഡ് വൈറസിനെതിരായ ആന്റിബോഡി കണ്ടെത്തിയിട്ടുണ്ട്. ഇത് അർത്ഥമാക്കുന്നത്; ഒന്ന്: സ്‌കൂളുകൾ അടച്ചിട്ടിട്ടും കുട്ടികൾ വീടുകളിൽ കോവിഡിനെതിരെ സംരക്ഷണവലയത്തിനകത്തായിരുന്നില്ല എന്നും വീടുകളിലെ രോഗാണുബാധിതരായ മുതിർന്നവരിൽ നിന്ന് കുട്ടികളിലേക്ക് സമാനരീതിയിൽ വൈറസ് വ്യാപിച്ചുവെന്നുമാണ്.
കേരളത്തിലെ കുട്ടികളുടെ അവസ്ഥ
കേരളത്തിൽ അന്ന് 40 % ലധികം മുതിർന്നവരിൽ ആന്റിബോഡി പോസിറ്റിവ് ആയിരുന്നു. കേരളത്തിൽ അതിനുശേഷമുള്ള രോഗവ്യാപന തോത് കണക്കാക്കുമ്പോൾ ഇപ്പോഴത് 60 ശതമാനത്തിലും കൂടുതൽ കടന്നിട്ടുണ്ടാവും. അതിനുസരിച്ച് കുട്ടികളിലും ഇതിന്റെ തോത് 50% കടന്നിട്ടുണ്ടാവണം.
രണ്ടാമതായി, കുട്ടികളിലെ ഈ രോഗാണുബാധ തീരെ രോഗലക്ഷണം പ്രകടമാകാതെയോ, ലഘുവായ ലക്ഷണം മാത്രം കാട്ടിയോ ഇവരിലൂടെ കടന്നുപോയി എന്നുമാണ്.
ഇന്ത്യയിലെ ജനസംഖ്യയിൽ 35-40 ശതമാനം പേർ 18 വയസ്സിനുതാഴെ പ്രായമുള്ളവരാണ്. ഇവരിൽ പകുതിയിലധികം പേരിലും അണുബാധയുണ്ടായിട്ടും ഇതുവരെ ആശുപത്രികളിൽ പ്രവേശിക്കപ്പെട്ട കോവിഡ് രോഗികളിൽ 3-4% മാത്രമേ ഈ പ്രായത്തിൽ പെട്ടവരുള്ളൂ. ഇവർക്കിടയിൽ മരണ സാധ്യതയും വിരളമാണ്.
ഇതുവരെ ലഭ്യമായ കണക്കുവെച്ച് പരിശോധിക്കുമ്പോൾ കുട്ടികളിലെ കോവിഡ് രോഗബാധ മൂലം ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നത് ലക്ഷം കുട്ടികളിൽ നാലു പേർ മാത്രമാണ് -
മരണസാധ്യത അഞ്ച് ലക്ഷത്തിൽ ഒന്നു മാത്രവും. കുട്ടികൾ വീടിനുപുറത്തിറങ്ങുമ്പോൾ മിന്നലേറ്റ് മരിക്കാനുള്ള സാധ്യത ഇതിനു സമാനമാണ്, പുറത്തിറങ്ങുമ്പോൾ റോഡപകടത്തിൽ മരിക്കാടാനുള്ള സാധ്യത ഇതിന്റെ പത്തിരട്ടിയുമുണ്ട്. വീടിനകത്ത് അടച്ചിരിക്കുമ്പോൾ ആത്മഹത്യ ചെയ്യാനുള്ള സാധ്യത ഇതിലും കൂടുതലുണ്ട്. ഒന്നര വർഷത്തിനിടയിൽ കേരളത്തിൽ 377 കുട്ടികൾ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ കുട്ടികളിൽ ഉണ്ടാകാവുന്ന 90-95% കോവിഡ് ബാധകളും വീട്ടിൽ ഐസോലേറ്റ് ചെയ്ത് തന്നെ ചികിത്സ മാത്രം വേണ്ടതായിരിക്കുമെന്ന് ‘ലാൻസെറ്റ്' വിദഗ്ധ പാനൽ ശുപാർശ നൽകിയിട്ടുണ്ട്.
എന്തുകൊണ്ട് കുട്ടികളിൽ തീവ്രമാകുന്നില്ല?
എന്തുകൊണ്ടാണ് കുട്ടികളിൽ കോവിഡ് രോഗബാധ തീവ്രമാകാത്തത് എന്നതിന് ബയോളജിക്കലായി ശാസ്ത്രലോകം ഒന്നിൽ കൂടുതൽ ഉത്തരങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
അവ ഇതൊക്കെയാണ്.
1. മനുഷ്യരിൽ കോവിഡ് വൈറസുകൾ ആദ്യം അള്ളിപ്പിടിച്ച് കയറുന്നത് ശ്വസനവ്യൂഹത്തിലുള്ള ആൻജിയോ ടെൻസിൻ കൺവെർട്ടിങ്ങ് എൻസൈം റിസപ്റ്ററുകൾ ( ACE 2 Receptor) വഴിയാണ്. കുട്ടികളുടെ ശ്വസനവ്യൂഹത്തിൽ ഇവയുടെ എണ്ണം കുറവായതിനാൽ കുറഞ്ഞ എണ്ണം വെറസുകൾക്ക് മാത്രമേ ശരീരത്തിനകത്തേക്ക് പ്രവേശന സാധ്യത ഉണ്ടാകുകയുള്ളൂ.
കുട്ടികളിലെ പ്രതിരോധ സംവിധാനം ( Immune System) വേഗതയിലും വർദ്ധിച്ചതോതിലും പ്രവർത്തനസജ്ജമാകുന്നതിനാൽ പെട്ടെന്ന് തന്നെ ശരീരത്തിലെത്തപ്പെടുന്ന വൈറസുകളെ ന്യൂട്രലൈസ് ചെയ്യാനാകുന്നു. അതിനാൽ തന്നെ വൈറസ് ബാധയുണ്ടാകുന്നകുട്ടികളിൽ രോഗ ലക്ഷണങ്ങളോ, ആർ.ടി.പി.സി.ആർ ടെസ്റ്റുകളോ പോസിറ്റിവ് ആകുന്നതിന് മുമ്പ് തന്നെ ആന്റി ബോഡികൾ ഉണ്ടായി തുടങ്ങുന്നുണ്ട്.
കോവിഡ് ബാധിതരായ മുതിർന്നവരിൽ വൈറസിനെതിരെ കാണപ്പെടുന്ന സ്‌പൈക്ക് പ്രോട്ടീൻ ആന്റിബോഡി, ന്യൂക്ലിയോ കാപ്‌സിഡ് ആന്റിബോഡി എന്നിവയിൽ ആദ്യത്തേത് മാത്രമേ ചില കുട്ടികളിൽ ഉണ്ടാക്കുന്നുള്ളൂ. ഇത് വൈറസ് അവരുടെ ശരീരത്തിൽ വ്യാപിക്കുന്നതിന് മുമ്പേ നശിപ്പിക്കപ്പെടുന്നു എന്നതിന്റെ 'പ്രോക്‌സി 'തെളിവുകളാണ്.
കുട്ടികളിലെ സ്വാഭാവിക പ്രതിരോധ വ്യൂഹം ( Innate Immunity) മുതിർന്നവരിൽ നിന്ന് വ്യത്യസ്ഥവും കൂടുതൽ ഫലവത്തതുമായ തിനാൽ വേഗത്തിൽ തന്നെ വൈറസുകളുടെ അധിനിവേശത്തിന് തടയിടാൻ പറ്റുന്നുണ്ട്.
കുട്ടികളിൽ ഇടയ്കിടെ ഉണ്ടാകുന്ന മറ്റു കൊറോണ - ജലദോഷ വൈറസുകളുടെ ഇൻഫെക്ഷൻ മൂലമുണ്ടാകുന്ന ആർജിത പ്രതിരോധവും കോവിഡ് വൈറസിനെതിരെ ക്രോസ് പ്രൊട്ടക്ഷൻ നൽകുന്നതായി കരുതപ്പെടുന്നുണ്ട്.
ഗുരുതരമായ അനുബന്ധരോഗങ്ങളുള്ളവർ, ജൻമനാ ഉള്ള ചില അവയവ തകരാറുകളുള്ളവർ, ഇമ്യൂണിറ്റി കുറഞ്ഞവർ, പൊണ്ണത്തടിയുള്ളവർ എന്നീ വിഭാഗം കുട്ടികളിൽ മാത്രമേ സാധരണ കോവിഡ് ഗുരുതരാവസ്ഥയിലെത്താൻ സാധ്യതയുള്ളൂ. എണ്ണത്തിൽ കുറഞ്ഞ ഇവരെ നേരത്തെ കണ്ടെത്തി പ്രത്യേക റിവേഴ്‌സ് ക്വാറന്റയിൻ നടപടികൾ ആവിഷ്‌ക്കരിക്കണം.
ഈ കാരണങ്ങൾ മൂലം കുട്ടികളിൽ നല്ലൊരു ശതമാനവും വൈറസ് ബാധിതർ ലക്ഷണങ്ങളൊന്നും ഇല്ലാത്തവരായിരിക്കും. രോഗബാധിതരിൽ ലക്ഷണമുള്ളവരെ അപേക്ഷിച്ച് ലക്ഷണമില്ലാത്തവരിൽ നിന്നുള്ള രോഗ പകർച്ചയുടെ സാധ്യത പകുതി കുറവാണ് എന്നാണ് ഗവേഷണ ഫലങ്ങൾ.
കൂടാതെ മുതിർന്നവരിലെ രോഗബാധിതരിൽ നിന്ന് ശരാശരി അഞ്ചു ദിവസത്തിലധികം രോഗം പകരാൻ സാധ്യതയുള്ളപ്പോൾ കുട്ടികളിൽ അത് 3.8 ദിവസം മാത്രമേ ഉള്ളൂ. ഇതും അവരിൽ നിന്നുള്ള രോഗബാധ കുറക്കും.
15 രാജ്യങ്ങളിൽ നടത്തിയ പഠനങ്ങളിൽ സ്‌കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് കോവിഡ് വ്യാപനം കൂടുന്നതായി കണ്ടെത്തിയിട്ടില്ല. 12 രാജ്യങ്ങളിൽ സ്‌കൂളുകൾ തുറന്നതിനുശേഷം രോഗവ്യാപനം കുറഞ്ഞുവരികയും രണ്ടിടത്ത് മാത്രം കൂടി വന്നത് മറ്റ് കാരണങ്ങൾ കൊണ്ടാണെന്ന് തിരിച്ചറിയപ്പെടുകയും ചെയ്തിട്ടുണ്ട്.
ഇനിയും അവരെ അടച്ചിട്ടാൽ...
വിദ്യാലയങ്ങൾ അടച്ചിട്ടതുമൂലം വിദ്യാർത്ഥികൾ എന്ന സകൽപ്പം വെറും ‘പരീക്ഷാർത്ഥി' എന്നതിലേക്ക് പരിണമിച്ചിട്ടുണ്ട്.
വിദ്യാലയങ്ങൾ ഭാവി പൗരന്മാർക്ക് വിജ്ഞാനം നൽകുന്ന ഇടങ്ങൾക്കുമപ്പുറം അവരെ ഭാവി ജീവിതത്തിന് വാർത്തെടുക്കുന്ന ‘ഉല'കളുമാണ്. ഒരു വ്യക്തി സാമൂഹ്യപരമായും വിചാര-വികാര പരമായും രൂപപ്പെടുന്നതും വികസിക്കുന്നതും വീടിനുപുറത്ത് മറ്റൊരു വ്യക്തിയുമായി ഇന്ററാക്ടു ചെയ്യാനും ബന്ധപ്പെടാനും വിനിമയം ചെയ്യാനും സഹകരിക്കാനും പഠിക്കുന്നത് സ്‌കൂളിൽ നിന്നാണ്. ഡിജിറ്റൽ വിദ്യാഭ്യാസം ഒരിക്കലും ഇതിന് പരിഹാരമാവില്ല.
അക്ഷരങ്ങൾക്കപ്പുറം സ്‌കൂളുകൾ പോഷകാഹാര വിതരണ കേന്ദ്രങ്ങളും കായിക പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങളുമാണ്. ഇത് രണ്ടും നഷ്ടപ്പെട്ട് കുട്ടികൾ വിശന്നും പൊണ്ണത്തടിയുമായും വീടുകളിൽ ഇനിയും അടച്ചിടേണ്ടതില്ല.
ലഭ്യമായ വാക്‌സിനുകൾ, രോഗത്തിന്റെ ഗുരുതരാവസ്ഥകളും മരണവും കുറക്കാൻ ഉപകാരപ്പെടുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ഇവ രോഗപ്പകർച്ച തടയാൻ അത്ര സഹായകരവുമല്ല. കൂടാതെ, ചെറിയ പ്രായക്കാരിലെ സുരക്ഷിതത്വം അത്ര തെളിയിക്കപ്പെട്ടിട്ടുമില്ല.
അതിനാൽ കുട്ടികൾക്ക് വാക്‌സിൻ നൽകിയിട്ട് മതി സ്‌കൂളുകൾ തുറക്കേണ്ടത് എന്ന മറുവാദത്തിന് പ്രസക്തിയില്ല, അതിനാൽ ഈ വാദത്തെ ക്ലാസ് മുറികൾക്ക് പുറമേ തന്നെ നിർത്തുക.
മുന്നൊരുക്കങ്ങളും തയ്യാറെടുപ്പുകളും എടുത്ത് സ്‌കൂളുകൾ ഘട്ടംഘട്ടമായി തുറക്കുക തന്നെയാണ് വേണ്ടത്. സമൂഹത്തെയാകെ കോവിഡിനൊപ്പം ജീവിക്കാൻ പാകപ്പെടുത്തുകയാണ് വേണ്ടത്. അതിനായി സ്‌കൂൾ അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ എന്നിവരും വിദ്യാഭ്യാസ- ആരോഗ്യ- തദ്ദേശ സ്വയംഭരണ വകുപ്പുകളും ഇപ്പോൾ തന്നെ ഗൃഹപാഠം തുടങ്ങുക.