സാംക്രമിക
രോഗങ്ങൾക്കെതിരായ
പോരാട്ടം:
കേരളത്തിന്റെ
വെല്ലുവിളികൾ

രോഗം വന്നശേഷം അറിയുന്ന ഒരു ആരോഗ്യസംവിധാനത്തിൽനിന്ന് രോഗം വരുന്നതിന് മുമ്പ് അറിയുന്ന ഒരു പൊതുജനാരോഗ്യ സംവിധാനത്തിലേക്കുള്ള മാറ്റമാണ് കേരളത്തിന്റെ അടുത്ത വലിയ വെല്ലുവിളി- കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആരോഗ്യ വിഷയസമിതി ചെയർമാൻ ഡോ. മുബാറക് സാനി എഴുതുന്നു.

കേരളം ദീർഘകാലമായി ഏറ്റവും മികച്ച ആരോഗ്യസൂചികകൾ കൈവരിച്ച സംസ്ഥാനമായി അറിയപ്പെടുന്നു. ഉയർന്ന സാക്ഷരത, ശക്തമായ പൊതുജനാരോഗ്യസംവിധാനം, മികച്ച പ്രാഥമികാരോഗ്യശൃംഖല, ഉയർന്ന ആയുർദൈർഘ്യം എന്നിവ കേരളത്തെ വികസിത രാജ്യങ്ങളുടെ ആരോഗ്യനിലവാരത്തോട് അടുത്തുനിർത്തി.

എന്നാൽ, കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിൽ കേരളം ഒരു പുതിയ ആരോഗ്യപ്രതിസന്ധി നേരിടുകയാണ്. ഡെങ്കിപ്പനി, ലെപ്റ്റോസ്പൈറോസിസ്, ഹെപ്പറ്റൈറ്റിസ് A, ഷിഗെല്ല, സ്ക്രബ് ടൈഫസ്, നിപ തുടങ്ങിയ സാംക്രമികരോഗങ്ങൾ ആവർത്തിച്ച് പൊട്ടിപ്പുറപ്പെടുകയും പുതിയ ഭൗമപ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. ഈ പ്രതിഭാസത്തെ ജൈവശാസ്ത്രപരമായോ വൈദ്യശാസ്ത്രപരമായോ മാത്രം വിശദീകരിക്കാൻ കഴിയില്ല. സാമൂഹിക, സാമ്പത്തിക, പരിസ്ഥിതി, രാഷ്ട്രീയ ഘടകങ്ങൾ തമ്മിലുള്ള സങ്കീർണ്ണമായ ബന്ധങ്ങളുടെ ഫലമെന്ന നിലയ്ക്കാണ് ഈ രോഗവർധനയെ മനസ്സിലാക്കേണ്ടത്.

കേരളത്തിന്റെ ആരോഗ്യസംവിധാനം ഇന്ന് "ഡബിൾ ബർഡൻ ഓഫ് ഡിസീസ്" എന്ന അവസ്ഥയിലാണ്. ഒരു ഭാഗത്ത് പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം, കാൻസർ തുടങ്ങിയ അസാംക്രമിക രോഗങ്ങൾ വർധിക്കുമ്പോൾ മറുഭാഗത്ത് സാംക്രമിക രോഗങ്ങളും വീണ്ടും ശക്തമായി ഉയർന്നുവരുന്നു. വികസനത്തിന്റെ വിരോധാഭാസം എന്ന നിലയിൽ ഇതിനെ കാണാം. സാമ്പത്തിക വളർച്ചയും ഉപഭോഗശീലങ്ങളിലെ മാറ്റവും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തിയെങ്കിലും, അത് പുതിയ ആരോഗ്യഭീഷണികൾ സൃഷ്ടിക്കുകയും ചെയ്തു.

കേരളത്തിലെ ഉയർന്നുവരുന്ന സാംക്രമിക രോഗങ്ങളെ വിശകലനം ചെയ്യുമ്പോൾ ഒരു പ്രധാന നിഗമനത്തിലെത്താം. രോഗങ്ങളുടെ വർധന കേവലം ആരോഗ്യവകുപ്പിന്റെ പരാജയമല്ല; അത് വികസനമാതൃകയുടെ പ്രതിഫലനമാണ്.

സാംക്രമിക രോഗവർധന
എന്തുകൊണ്ട്?

  • കാലാവസ്ഥാ വ്യതിയാനം:

കേരളത്തിലെ സാംക്രമിക രോഗവർധനയുടെ പ്രധാന കാരണങ്ങളിലൊന്ന് കാലാവസ്ഥാ വ്യതിയാനമാണ്. മഴയുടെ സ്വഭാവത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ, അതിതീവ്രമഴ, വെള്ളപ്പൊക്കം, ദീർഘകാല ചൂട്, ഈർപ്പം എന്നിവ കൊതുകുകൾക്കും മറ്റ് രോഗവാഹകജീവികൾക്കും അനുകൂല സാഹചര്യം സൃഷ്ടിക്കുന്നു. 2018 മുതൽ കേരളം അനുഭവിച്ച പ്രളയങ്ങൾക്കുശേഷം ലെപ്റ്റോസ്പൈറോസിസും ഡെങ്കിപ്പനിയും വർധിച്ചത് ഇതിന്റെ ഉദാഹരണമാണ്. കാലാവസ്ഥാ വ്യതിയാനം ഇന്ന് പരിസ്ഥിതിപ്രശ്നം മാത്രമല്ല; അത് പൊതുജനാരോഗ്യപ്രശ്നമായി മാറിയിരിക്കുന്നു.

  • നഗരവൽക്കരണം:

കേരളത്തിന്റെ നഗരവൽക്കരണമാതൃകയും രോഗവ്യാപനത്തിന് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നു. ഉയർന്ന ജനസാന്ദ്രത, നിയന്ത്രണമില്ലാത്ത നിർമ്മാണപ്രവർത്തനങ്ങൾ, മാലിന്യസംസ്കരണത്തിലെ അപര്യാപ്തത, മലിനജലനിർമാർജനത്തിലെ പോരായ്മകൾ എന്നിവ രോഗാണുക്കൾക്കും രോഗവാഹക ജീവികൾക്കും വളരാനുള്ള സാഹചര്യം ഒരുക്കുന്നു. നഗര- ഗ്രാമ അതിർത്തികൾ മാഞ്ഞുപോകുന്ന കേരളത്തിന്റെ പ്രത്യേക വികസനരീതി രോഗനിയന്ത്രണപ്രവർത്തനങ്ങളെ സങ്കീർണ്ണമാക്കുന്നു.

  • സ്വകാര്യവൽക്കരണം:

കേരളത്തിലെ ആരോഗ്യരംഗത്തിന്റെ സ്വകാര്യവൽക്കരണവും ഈ ചർച്ചയിൽ പ്രാധാന്യമർഹിക്കുന്നു. സ്വകാര്യ ആശുപത്രികൾ ചികിത്സാസേവനങ്ങൾ വികസിപ്പിച്ചെങ്കിലും പൊതുജനാരോഗ്യപ്രവർത്തനങ്ങളിൽ അവയുടെ പങ്ക് പരിമിതമാണ്. ചികിത്സാകേന്ദ്രീകൃതമായ ആരോഗ്യസംവിധാനം രോഗം വന്നശേഷം ഇടപെടുമ്പോൾ, പൊതുജനാരോഗ്യസമീപനം രോഗം വരാതിരിക്കാനുള്ള സാമൂഹിക ഇടപെടലുകൾക്ക് പ്രാധാന്യം നൽകുന്നു. കൊതുകുനിയന്ത്രണം, ജലസുരക്ഷ, മാലിന്യസംസ്കരണം, രോഗനിരീക്ഷണം, ആരോഗ്യവിദ്യാഭ്യാസം തുടങ്ങിയ പ്രവർത്തനങ്ങൾ വിപണിക്ക് ലാഭകരമല്ല. അതിനാൽ ആരോഗ്യരംഗം കൂടുതൽ വിപണിവൽക്കരിക്കപ്പെടുമ്പോൾ രോഗപ്രതിരോധപ്രവർത്തനങ്ങൾ പിന്നാക്കം പോകാനുള്ള സാധ്യത വർധിക്കുന്നു.

2018 മുതൽ കേരളം അനുഭവിച്ച പ്രളയങ്ങൾക്കുശേഷം ലെപ്റ്റോസ്പൈറോസിസും ഡെങ്കിപ്പനിയും വർധിച്ചത് ഇതിന്റെ ഉദാഹരണമാണ്.
2018 മുതൽ കേരളം അനുഭവിച്ച പ്രളയങ്ങൾക്കുശേഷം ലെപ്റ്റോസ്പൈറോസിസും ഡെങ്കിപ്പനിയും വർധിച്ചത് ഇതിന്റെ ഉദാഹരണമാണ്.
  • പൊതുജനാരോഗ്യ നിക്ഷേപങ്ങളുടെ സ്വഭാവം:

സാംക്രമിക രോഗങ്ങളുടെ രാഷ്ട്രീയ സാമ്പത്തികശാസ്ത്രം പരിശോധിക്കുമ്പോൾ പൊതുജനാരോഗ്യനിക്ഷേപങ്ങളുടെ സ്വഭാവവും ശ്രദ്ധിക്കേണ്ടതാണ്. ആശുപത്രി കെട്ടിടങ്ങൾ, അത്യാധുനിക ഉപകരണങ്ങൾ, ഇൻഷുറൻസ് പദ്ധതികൾ എന്നിവയ്ക്ക് കൂടുതൽ രാഷ്ട്രീയ ദൃശ്യതയും ജനപ്രീതിയും ലഭിക്കുന്നു. എന്നാൽ കുടിവെള്ള സംവിധാനങ്ങൾ, ശുചിത്വസൗകര്യങ്ങൾ, ഭക്ഷ്യസുരക്ഷാപരിശോധനകൾ, വെക്റ്റർ നിയന്ത്രണം, രോഗനിരീക്ഷണശൃംഖലകൾ തുടങ്ങിയ അടിസ്ഥാന പൊതുജനാരോഗ്യ നിക്ഷേപങ്ങൾ പലപ്പോഴും അവഗണിക്കപ്പെടുന്നു. ആരോഗ്യസംരക്ഷണത്തേക്കാൾ ആരോഗ്യപ്രതിരോധത്തിന് കുറഞ്ഞ പ്രാധാന്യം ലഭിക്കുന്ന വികസനസമീപനം സാംക്രമിക രോഗങ്ങളുടെ പുനരുജ്ജീവനത്തിന് വഴിയൊരുക്കുന്നു.

  • ജീവിതശൈലിയി​ലെ മാറ്റം:

ഭക്ഷണരീതികളിലും ജീവിതശൈലിയിലുമുണ്ടായ മാറ്റങ്ങളും രോഗവ്യാപനവുമായി ബന്ധപ്പെട്ടിരിക്കുന്നു. വീടുകളിൽ ഭക്ഷണം തയ്യാറാക്കുന്നതിനേക്കാൾ പുറംഭക്ഷണത്തെ ആശ്രയിക്കുന്ന പ്രവണത വർധിക്കുന്നു. വലിയ തോതിലുള്ള കാറ്ററിംഗ്- ഭക്ഷ്യവിതരണ ശൃംഖലകൾ, അനിയന്ത്രിത ഭക്ഷ്യസംഭരണം, സുരക്ഷിതമല്ലാത്ത കുടിവെള്ളം എന്നിവ ഹെപ്പറ്റൈറ്റിസ് A, ഷിഗെല്ല പോലുള്ള രോഗങ്ങളുടെ വ്യാപനത്തിന് സാഹചര്യം സൃഷ്ടിക്കുന്നു. ആഗോളവൽക്കരണവും ഉയർന്ന ജനസഞ്ചാരവും രോഗാണുക്കളുടെ വ്യാപനവേഗം വർധിപ്പിക്കുകയും ചെയ്യുന്നു.

  • കുടിയേറ്റ സമ്പദ്‍വ്യവസ്ഥ:

കേരളത്തിലെ കുടിയേറ്റ സമ്പദ്‌വ്യവസ്ഥയും രോഗവ്യാപനവുമായി പരോക്ഷമായി ബന്ധപ്പെട്ടിരിക്കുന്നു. ഗൾഫ് രാജ്യങ്ങളുമായും മറ്റ് സംസ്ഥാനങ്ങളുമായുമുള്ള വ്യാപകമായ ജനസഞ്ചാരം പുതിയ രോഗാണുക്കളുടെയും രോഗരീതികളുടെയും വരവിന് വഴിയൊരുക്കുന്നു. അതോടൊപ്പം, തൊഴിൽ മേഖലകളിലെ അനൗപചാരിക തൊഴിലാളികൾ, അന്തർ സംസ്ഥാന തൊഴിലാളികൾ, നഗരദരിദ്രർ എന്നിവരുടെ താമസ സാഹചര്യങ്ങളും ആരോഗ്യസുരക്ഷയെ ബാധിക്കുന്നു.

സാംക്രമിക രോഗങ്ങള്‍ക്കെതിരായ പോരാട്ടം ആശുപത്രികളിലല്ല മറിച്ച് സമൂഹത്തിലും പരിസ്ഥിതിയിലും വികസനനയങ്ങളിലും ആരംഭിക്കേണ്ട ഒന്നാണ്.

  • മനുഷ്യൻ- മൃഗങ്ങൾ- പരിസ്ഥിതി ബന്ധം:

സാംക്രമിക രോഗവർധനയിൽ മനുഷ്യനും മൃഗങ്ങളും പരിസ്ഥിതിയും തമ്മിലുള്ള ബന്ധങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. വനനശീകരണം, ഭൂവിനിയോഗത്തിലെ മാറ്റങ്ങൾ, വന്യജീവികളുടെ ആവാസവ്യവസ്ഥകളിലേക്കുള്ള മനുഷ്യ ഇടപെടലുകൾ എന്നിവ നിപ, പക്ഷിപ്പനി, സ്ക്രബ് ടൈഫസ് തുടങ്ങിയ സൂണോട്ടിക് രോഗങ്ങളുടെ സാധ്യത വർധിപ്പിക്കുന്നു. അതിനാൽ, ആരോഗ്യവകുപ്പിനുമാത്രം ഇത്തരം രോഗങ്ങളെ നിയന്ത്രിക്കാൻ കഴിയില്ല. മൃഗസംരക്ഷണ വകുപ്പ്, വനവകുപ്പ്, പരിസ്ഥിതി വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, പൊതുജനാരോഗ്യസംവിധാനം എന്നിവയുടെ ഏകോപിത പ്രവർത്തനം ആവശ്യമാണ്. ഇതാണ് "വൺ ഹെൽത്ത്" (One Health) സമീപനത്തിന്റെ അടിസ്ഥാന ആശയം.

‘വൺ ഹെൽത്ത്’ സമീപനം രോഗനിയന്ത്രണത്തെ ആശുപത്രികളുടെ ചുമതലയായി മാത്രം കാണുന്നില്ല. മനുഷ്യരുടെ ആരോഗ്യം, മൃഗങ്ങളുടെ ആരോഗ്യം, പരിസ്ഥിതിയുടെ ആരോഗ്യം എന്നിവ പരസ്പരം ബന്ധിതമാണെന്ന് അത് അംഗീകരിക്കുന്നു. നിപ വൈറസ് വവ്വാലുകളിൽ നിന്നും ലെപ്റ്റോസ്പൈറോസിസ് എലികളിൽ നിന്നും പക്ഷിപ്പനി പക്ഷികളിൽ നിന്നും മനുഷ്യരിലേക്ക് എത്തുന്ന സാഹചര്യത്തിൽ രോഗനിയന്ത്രണം ബഹുമേഖലാ രാഷ്ട്രീയ- സാമ്പത്തിക പ്രശ്നമായി മാറുന്നു.

വലിയ തോതിലുള്ള കാറ്ററിംഗ്- ഭക്ഷ്യവിതരണ ശൃംഖലകൾ, അനിയന്ത്രിത ഭക്ഷ്യസംഭരണം, സുരക്ഷിതമല്ലാത്ത കുടിവെള്ളം എന്നിവ ഹെപ്പറ്റൈറ്റിസ് A, ഷിഗെല്ല പോലുള്ള രോഗങ്ങളുടെ വ്യാപനത്തിന് സാഹചര്യം സൃഷ്ടിക്കുന്നു.
വലിയ തോതിലുള്ള കാറ്ററിംഗ്- ഭക്ഷ്യവിതരണ ശൃംഖലകൾ, അനിയന്ത്രിത ഭക്ഷ്യസംഭരണം, സുരക്ഷിതമല്ലാത്ത കുടിവെള്ളം എന്നിവ ഹെപ്പറ്റൈറ്റിസ് A, ഷിഗെല്ല പോലുള്ള രോഗങ്ങളുടെ വ്യാപനത്തിന് സാഹചര്യം സൃഷ്ടിക്കുന്നു.

കേരളത്തിലെ ഉയർന്നുവരുന്ന സാംക്രമിക രോഗങ്ങളെ വിശകലനം ചെയ്യുമ്പോൾ ഒരു പ്രധാന നിഗമനത്തിലെത്താം. രോഗങ്ങളുടെ വർധന കേവലം ആരോഗ്യവകുപ്പിന്റെ പരാജയമല്ല; അത് വികസനമാതൃകയുടെ പ്രതിഫലനമാണ്. കാലാവസ്ഥാ വ്യതിയാനം, നഗരവൽക്കരണം, പരിസ്ഥിതിനാശം, സ്വകാര്യവൽക്കരണം, ഉപഭോഗ സംസ്കാരം, പൊതുജനാരോഗ്യനിക്ഷേപങ്ങളുടെ കുറവ്, മനുഷ്യ-മൃഗ ബന്ധങ്ങളിലെ മാറ്റങ്ങൾ എന്നിവയുടെ സംയുക്തഫലമാണ് ഇന്നത്തെ രോഗവ്യാപനം.

അതുകൊണ്ട്, ഭാവിയിലെ ആരോഗ്യനയം ആശുപത്രികളും ഇൻഷുറൻസ് പദ്ധതികളും മാത്രം കേന്ദ്രീകരിച്ചുള്ളതാകരുത്. ശുദ്ധജലം, ശുചിത്വം, പരിസ്ഥിതിസംരക്ഷണം, ഭക്ഷ്യസുരക്ഷ, രോഗനിരീക്ഷണം, കാലാവസ്ഥാ അനുരൂപണം, പൊതുജനാരോഗ്യപ്രവർത്തകർ, സാമൂഹിക പങ്കാളിത്തം, വൺ ഹെൽത്ത് സംവിധാനങ്ങൾ എന്നിവയെ കേന്ദ്രമാക്കിയുള്ള സമഗ്ര പൊതുജനാരോഗ്യനയമാണ് കേരളത്തിന്റെ ഭാവി ആരോഗ്യസുരക്ഷയ്ക്ക് അനിവാര്യം. സാംക്രമിക രോഗങ്ങള്‍ക്കെതിരായ പോരാട്ടം ആശുപത്രികളിലല്ല മറിച്ച് സമൂഹത്തിലും പരിസ്ഥിതിയിലും വികസനനയങ്ങളിലും ആരംഭിക്കേണ്ട ഒന്നാണ്.]]]]

ചികിത്സയുടെ ധനവൽക്കരണം
(Financialisation of Health Care)

ആധുനിക ആരോഗ്യരംഗത്തെ ഏറ്റവും ശ്രദ്ധേയ മാറ്റങ്ങളിലൊന്ന് ചികിത്സയുടെ ധനവൽക്കരണമാണ് (Financialisation of Health Care). ആരോഗ്യസേവനങ്ങൾ സാമൂഹിക അവകാശമെന്ന നിലയിൽനിന്ന് ക്രമേണ സാമ്പത്തിക മേഖലയായും നിക്ഷേപ അവസരമായും മാറുകയാണ്. ആശുപത്രികൾ, ഇൻഷുറൻസ് കമ്പനികൾ, മെഡിക്കൽ ഉപകരണ നിർമ്മാതാക്കൾ, ഫാർമസ്യൂട്ടിക്കൽ കമ്പനികൾ, സ്വകാര്യ നിക്ഷേപകർ, ബാങ്കുകൾ എന്നിവയുടെ സാമ്പത്തിക താൽപര്യങ്ങൾ ആരോഗ്യരംഗത്തിന്റെ മുൻഗണനകളെ സ്വാധീനിക്കുന്ന അവസ്ഥയാണ് ഇന്ന് രൂപപ്പെട്ടിരിക്കുന്നത്. ഈ മാറ്റത്തിന്റെ ഏറ്റവും പ്രധാന ഫലങ്ങളിലൊന്ന് പൊതുജനാരോഗ്യത്തിന്റെ (Public Health) പ്രാധാന്യം കുറഞ്ഞുവരുന്നതാണ്.

ചരിത്രം പരിശോധിച്ചാൽ മനുഷ്യരാശിയുടെ ഏറ്റവും വലിയ ആരോഗ്യവിജയങ്ങൾ ആശുപത്രികളിൽ നിന്നല്ല ഉണ്ടായത്. ആരോഗ്യത്തിന്റെ അടിസ്ഥാന നിർണായക ഘടകങ്ങൾ ആശുപത്രികൾക്കു പുറത്താണ് നിലകൊള്ളുന്നത്.

പൊതുജനാരോഗ്യം എന്നത് രോഗികളെ ചികിത്സിക്കുന്നതിനെക്കാൾ രോഗങ്ങൾ ഉണ്ടാകാതിരിക്കാൻ സമൂഹതലത്തിൽ നടത്തുന്ന പ്രവർത്തനങ്ങളെയാണ് സൂചിപ്പിക്കുന്നത്. ശുദ്ധജലം, ശുചിത്വം, പോഷകാഹാരം, വാക്സിനേഷൻ, രോഗനിരീക്ഷണം, ആരോഗ്യവിദ്യാഭ്യാസം, മാലിന്യസംസ്കരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവ പൊതുജനാരോഗ്യത്തിന്റെ പ്രധാന ഘടകങ്ങളാണ്. എന്നാൽ ഇവയിൽ പലതും നേരിട്ട് സാമ്പത്തിക ലാഭം സൃഷ്ടിക്കുന്നില്ല. അതുകൊണ്ട് വിപണി അധിഷ്ഠിത ആരോഗ്യസംവിധാനത്തിൽ പൊതുജനാരോഗ്യപ്രവർത്തനങ്ങൾ പലപ്പോഴും അവഗണിക്കപ്പെടുന്നു.

ഒരു സ്വകാര്യ ആശുപത്രിക്ക് ഡെങ്കിപ്പനി രോഗിയെ ചികിത്സിക്കുന്നതിലൂടെ വരുമാനം ലഭിക്കും. എന്നാൽ ഡെങ്കിപ്പനി ഉണ്ടാകാതിരിക്കാൻ കൊതുകുകളുടെ പ്രജനനകേന്ദ്രങ്ങൾ നശിപ്പിക്കുന്നതിലൂടെ സാമ്പത്തിക ലാഭം ലഭിക്കില്ല. ഹെപ്പറ്റൈറ്റിസ് രോഗിയുടെ ചികിത്സയിൽനിന്ന് വരുമാനമുണ്ടാകും; എന്നാൽ സുരക്ഷിത കുടിവെള്ള സംവിധാനം ഒരുക്കുന്നതിൽനിന്ന് ലാഭം ലഭിക്കില്ല. ലെപ്റ്റോസ്പൈറോസിസ് ബാധിച്ച രോഗിയുടെ ICU ചികിത്സയ്ക്ക് വലിയ ചെലവ് ഈടാക്കാൻ കഴിയും; എന്നാൽ എലികളുടെ നിയന്ത്രണത്തിനും മാലിന്യസംസ്കരണത്തിനും വിപണി പ്രോത്സാഹനം നൽകുന്നില്ല. ഈ അടിസ്ഥാന വൈരുധ്യമാണ് ചികിത്സയുടെ ധനവൽക്കരണവും പൊതുജനാരോഗ്യവും തമ്മിലുള്ള സംഘർഷത്തിന്റെ കേന്ദ്രബിന്ദു.

ആശുപത്രി കേന്ദ്രീകൃത ആരോഗ്യമാതൃക (Hospital-Centred Model) ആരോഗ്യസംവിധാനത്തെ പ്രധാനമായും രോഗനിർണയം, ചികിത്സ, ശസ്ത്രക്രിയ, അത്യാഹിത പരിചരണം എന്നിവയുടെ ചുറ്റുപാടിൽ ക്രമീകരിക്കുന്നു. ഈ മാതൃകയിൽ ഒരു സംസ്ഥാനത്തിന്റെ ആരോഗ്യപുരോഗതി അളക്കുന്നത് ആശുപത്രികളുടെ എണ്ണം, ICU കിടക്കകൾ, MRI സ്കാനറുകൾ, വിദഗ്ധ ഡോക്ടർമാർ, ഇൻഷുറൻസ് പരിരക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ്. എന്നാൽ ഈ സൂചകങ്ങൾ സമൂഹത്തിന്റെ യഥാർത്ഥ ആരോഗ്യനിലയെ പൂർണ്ണമായി പ്രതിഫലിപ്പിക്കുന്നില്ല.

ചരിത്രം പരിശോധിച്ചാൽ മനുഷ്യരാശിയുടെ ഏറ്റവും വലിയ ആരോഗ്യവിജയങ്ങൾ ആശുപത്രികളിൽ നിന്നല്ല ഉണ്ടായത്. വസൂരി നിയന്ത്രണം വാക്സിനേഷനിലൂടെയായിരുന്നു. കോളറ നിയന്ത്രണം ശുദ്ധജലവിതരണത്തിലൂടെയായിരുന്നു. മലേറിയയുടെ കുറവ് പരിസ്ഥിതി ഇടപെടലുകളിലൂടെയായിരുന്നു. ക്ഷയരോഗത്തിന്റെ കുറവിൽ പാർപ്പിടവും പോഷകാഹാരവും നിർണായക പങ്കുവഹിച്ചു. അതായത്, ആരോഗ്യത്തിന്റെ അടിസ്ഥാന നിർണായക ഘടകങ്ങൾ ആശുപത്രികൾക്കു പുറത്താണ് നിലകൊള്ളുന്നത്.

ആശുപത്രി കേന്ദ്രീകൃത ആരോഗ്യമാതൃക (Hospital-Centred Model) ആരോഗ്യസംവിധാനത്തെ പ്രധാനമായും രോഗനിർണയം, ചികിത്സ, ശസ്ത്രക്രിയ, അത്യാഹിത പരിചരണം എന്നിവയുടെ ചുറ്റുപാടിൽ ക്രമീകരിക്കുന്നു.
ആശുപത്രി കേന്ദ്രീകൃത ആരോഗ്യമാതൃക (Hospital-Centred Model) ആരോഗ്യസംവിധാനത്തെ പ്രധാനമായും രോഗനിർണയം, ചികിത്സ, ശസ്ത്രക്രിയ, അത്യാഹിത പരിചരണം എന്നിവയുടെ ചുറ്റുപാടിൽ ക്രമീകരിക്കുന്നു.

കേരളത്തിന്റെ ആരോഗ്യചരിത്രം ഇതിന് മികച്ച ഉദാഹരണമാണ്. ശിശുമരണനിരക്ക് കുറയാനും ആയുർദൈർഘ്യം ഉയരാനും കാരണം ആശുപത്രികളുടെ വളർച്ച മാത്രമായിരുന്നില്ല. ഉയർന്ന സാക്ഷരത, സ്ത്രീവിദ്യാഭ്യാസം, പൊതുവിതരണസംവിധാനം, പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, വാക്സിനേഷൻ, ശുദ്ധജലസൗകര്യങ്ങൾ, സാമൂഹിക പരിഷ്കാരങ്ങൾ എന്നിവയുടെ സംയുക്ത ഫലമായിരുന്നു കേരള മോഡലിന്റെ വിജയം. എന്നാൽ സമീപകാലത്ത് ആരോഗ്യചർച്ചകൾ കൂടുതൽ ആശുപത്രി വികസനത്തിലും ഇൻഷുറൻസ് പദ്ധതികളിലും കേന്ദ്രീകരിക്കപ്പെടുമ്പോൾ പൊതുജനാരോഗ്യത്തിന്റെ ഈ പാരമ്പര്യം പിന്നിലേക്ക് പോകുകയാണ്.

ആശുപത്രി കേന്ദ്രീകൃത മാതൃകയുടെ മറ്റൊരു പരിമിതി, രോഗങ്ങളുടെ സാമൂഹിക കാരണങ്ങളെ അവഗണിക്കുന്നതാണ്. ഒരു രോഗി ഡെങ്കിപ്പനിയുമായി ആശുപത്രിയിലെത്തുമ്പോൾ ചികിത്സ നൽകാൻ കഴിയും. എന്നാൽ അയാൾ രോഗബാധിതനായത് എന്തുകൊണ്ടാണ് എന്ന ചോദ്യം ആശുപത്രി പരിഗണിക്കണമെന്നില്ല. അവരുടെ പരിസരത്തെ മാലിന്യനിർമാർജനം, ജലസംഭരണരീതി, നഗരാസൂത്രണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ കാരണങ്ങൾ ആരോഗ്യസംവിധാനത്തിന്റെ മുഖ്യ ചർച്ചയിൽ വരാറില്ല. ഫലത്തിൽ രോഗത്തിന്റെ മൂലകാരണം നിലനിൽക്കുകയും രോഗികളുടെ എണ്ണം വർധിക്കുകയും ചെയ്യുന്നു.

ഇൻഷുറൻസ് അധിഷ്ഠിത ആരോഗ്യനയങ്ങളും പലപ്പോഴും ഇതേ പ്രശ്നം നേരിടുന്നു. ഇൻഷുറൻസ്, രോഗം വന്നശേഷമുള്ള സാമ്പത്തിക സംരക്ഷണം നൽകുന്നു. എന്നാൽ രോഗം വരാതിരിക്കാനുള്ള സാമൂഹിക സാഹചര്യങ്ങൾ സൃഷ്ടിക്കുന്നില്ല. ഒരു ഹെപ്പറ്റൈറ്റിസ് രോഗിയുടെ ചികിത്സാചെലവ് ഇൻഷുറൻസ് വഹിച്ചേക്കാം. പക്ഷേ സുരക്ഷിതമായ കുടിവെള്ള സംവിധാനം ഉറപ്പാക്കാൻ ഇൻഷുറൻസ് പദ്ധതികൾക്ക് കഴിയില്ല. അതിനാൽ ആരോഗ്യസുരക്ഷയെ ചികിത്സാധനസഹായമായി മാത്രം കാണുന്നത് പരിമിത കാഴ്ചപ്പാടാണ്.

വിപണി വ്യക്തിഗതരോഗികളുടെ ചികിത്സയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ പൊതുജനാരോഗ്യം മുഴുവൻ സമൂഹത്തിന്റെ ആരോഗ്യസംരക്ഷണത്തെയാണ് ലക്ഷ്യമിടുന്നത്. ഈ രണ്ട് സമീപനങ്ങൾ തമ്മിലുള്ള തുല്യത നഷ്ടപ്പെടുമ്പോൾ ആരോഗ്യസംവിധാനം കൂടുതൽ ചെലവേറിയതാകുന്നു.

കാലാവസ്ഥാ വ്യതിയാനം, നഗരവൽക്കരണം, ഭക്ഷ്യസുരക്ഷാപ്രശ്നങ്ങൾ, പരിസ്ഥിതിനാശം, മനുഷ്യ- മൃഗ സമ്പർക്കത്തിലെ വർധന എന്നിവ സാംക്രമികരോഗങ്ങളുടെ പുതിയ തരംഗത്തിന് കാരണമാകുന്ന സാഹചര്യത്തിൽ ആശുപത്രി കേന്ദ്രീകൃതമാതൃകയുടെ പരിമിതികൾ കൂടുതൽ വ്യക്തമായി കാണപ്പെടുന്നു. നിപ, ഡെങ്കിപ്പനി, ലെപ്റ്റോസ്പൈറോസിസ്, ഹെപ്പറ്റൈറ്റിസ് A തുടങ്ങിയ രോഗങ്ങളെ ആശുപത്രികൾക്ക് മാത്രം നിയന്ത്രിക്കാൻ കഴിയില്ല. ഇവയുടെ നിയന്ത്രണത്തിന് പൊതുജനാരോഗ്യം, പരിസ്ഥിതി സംരക്ഷണം, പ്രാദേശിക ഭരണകൂടങ്ങൾ, ജലവിഭവ മാനേജ്മെന്റ്, ഭക്ഷ്യസുരക്ഷ, മൃഗസംരക്ഷണം, വൺ ഹെൽത്ത് സമീപനം എന്നിവയുടെ സംയോജിത പ്രവർത്തനം ആവശ്യമാണ്.

ചികിത്സയുടെ ധനവൽക്കരണം ആരോഗ്യത്തെ വിപണിവസ്തുവായി കാണുമ്പോൾ പൊതുജനാരോഗ്യം ആരോഗ്യത്തെ പൊതുസമ്പത്തായാണ് കാണുന്നത്. വിപണി വ്യക്തിഗതരോഗികളുടെ ചികിത്സയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ പൊതുജനാരോഗ്യം മുഴുവൻ സമൂഹത്തിന്റെ ആരോഗ്യസംരക്ഷണത്തെയാണ് ലക്ഷ്യമിടുന്നത്. ഈ രണ്ട് സമീപനങ്ങൾ തമ്മിലുള്ള തുല്യത നഷ്ടപ്പെടുമ്പോൾ ആരോഗ്യസംവിധാനം കൂടുതൽ ചെലവേറിയതും എന്നാൽ കുറച്ച് ഫലപ്രദവുമായിത്തീരാനുള്ള സാധ്യതയുണ്ട്.

ആശുപത്രി കേന്ദ്രീകൃത മാതൃകയുടെ മറ്റൊരു പരിമിതി, രോഗങ്ങളുടെ സാമൂഹിക കാരണങ്ങളെ അവഗണിക്കുന്നതാണ്. ഒരു രോഗി ഡെങ്കിപ്പനിയുമായി ആശുപത്രിയിലെത്തുമ്പോൾ ചികിത്സ നൽകാൻ കഴിയും. എന്നാൽ അയാൾ രോഗബാധിതനായത് എന്തുകൊണ്ടാണ് എന്ന ചോദ്യം ആശുപത്രി പരിഗണിക്കണമെന്നില്ല.
ആശുപത്രി കേന്ദ്രീകൃത മാതൃകയുടെ മറ്റൊരു പരിമിതി, രോഗങ്ങളുടെ സാമൂഹിക കാരണങ്ങളെ അവഗണിക്കുന്നതാണ്. ഒരു രോഗി ഡെങ്കിപ്പനിയുമായി ആശുപത്രിയിലെത്തുമ്പോൾ ചികിത്സ നൽകാൻ കഴിയും. എന്നാൽ അയാൾ രോഗബാധിതനായത് എന്തുകൊണ്ടാണ് എന്ന ചോദ്യം ആശുപത്രി പരിഗണിക്കണമെന്നില്ല.

പകർച്ചവ്യാധി നിയന്ത്രണം.
വിജയങ്ങളുടെ അടിസ്ഥാനം

കേരളത്തിന്റെ പൊതുജനാരോഗ്യ വിജയങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോൾ ഒരു പ്രധാന സവിശേഷത വ്യക്തമാണ്. രോഗനിയന്ത്രണം ഒരിക്കലും ആരോഗ്യവകുപ്പിന്റെ മാത്രം ഉത്തരവാദിത്തമായിരുന്നില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ, വായനശാലകൾ, യുവജനസംഘടനകൾ, റെസിഡന്റ്സ് അസോസിയേഷനുകൾ, മതസംഘടനകൾ, തൊഴിലാളി സംഘടനകൾ, സന്നദ്ധ പ്രവർത്തകർ, അധ്യാപകർ, ആശാവർക്കർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ (JPHN), ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ (JHI), മിഡ് ലെവൽ സർവീസ് പ്രൊവൈഡർമാർ (MLSP) തുടങ്ങിയ വിശാലമായ സാമൂഹിക ശൃംഖലയാണ് കേരളത്തിലെ പൊതുജനാരോഗ്യത്തിന്റെ അടിത്തറ. എന്നാൽ സമീപകാലത്ത് ഈ സാമൂഹിക അടിസ്ഥാനത്തിന് ചില മാറ്റങ്ങളും സമ്മർദ്ദങ്ങളും സംഭവിക്കുന്നതായി കാണാം.

കേരളത്തിലെ പൊതുജനാരോഗ്യ പ്രവർത്തനങ്ങളുടെ വിജയത്തിനുപിന്നിൽ പ്രവർത്തിച്ച പ്രധാന ശക്തി "സാമൂഹിക മൊബിലൈസേഷൻ" ആയിരുന്നു. മലേറിയ വിരുദ്ധ പ്രവർത്തനങ്ങൾ, വസൂരി നിർമാർജനം, കുടുംബാസൂത്രണം, പ്രതിരോധ കുത്തിവയ്പ്പ്, ശുചിത്വപ്രവർത്തനങ്ങൾ, കുടിവെള്ള സുരക്ഷ, വയറിളക്കരോഗനിയന്ത്രണം തുടങ്ങിയ മേഖലകളിൽ ജനപങ്കാളിത്തം വലിയ പങ്കുവഹിച്ചു. ഇന്ന് ഡെങ്കിപ്പനി, ഹെപ്പറ്റൈറ്റിസ് A, ലെപ്റ്റോസ്പൈറോസിസ്, ഷിഗെല്ല തുടങ്ങിയ രോഗങ്ങളെ നിയന്ത്രിക്കാനും ഈ സാമൂഹിക ഇടപെടൽ അനിവാര്യമാണ്. എന്നാൽ സമൂഹത്തിന്റെ ഘടനയിലും ജനങ്ങളുടെ പെരുമാറ്റത്തിലും വന്ന മാറ്റങ്ങൾ ഇത്തരം കൂട്ടായ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുന്നുവെന്ന ആശങ്ക ഉയരുന്നുണ്ട്.

ആരോഗ്യവിദ്യാഭ്യാസം ഏകദിശാ സന്ദേശവിനിമയത്തിൽനിന്ന് വിശ്വാസം നേടാനുള്ള സാമൂഹിക സംവാദമായി മാറി. എന്നാൽ ഈ മാറ്റത്തിനനുസരിച്ചുള്ള പുതിയ ആരോഗ്യ ആശയവിനിമയരീതികൾ പര്യാപ്തമായി വികസിച്ചിട്ടില്ല.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പങ്ക് നിയമപരമായും ഭരണപരമായും വർധിച്ചിട്ടുണ്ടെങ്കിലും പൊതുജനാരോഗ്യ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാങ്കേതിക പിന്തുണ, പരിശീലനം, മനുഷ്യവിഭവശേഷി എന്നിവ എല്ലായിടത്തും ഒരുപോലെ ലഭ്യമല്ല. പല പഞ്ചായത്തുകളിലും നഗരസഭകളിലും മാലിന്യസംസ്കരണം, കൊതുക് നിയന്ത്രണം, ജലസ്രോതസ്സുകളുടെ സംരക്ഷണം, ഭക്ഷ്യസുരക്ഷ, തെരുവുമൃഗനിയന്ത്രണം തുടങ്ങിയ വിഷയങ്ങൾ സങ്കീർണ്ണമാവുകയാണ്. ആരോഗ്യവകുപ്പും തദ്ദേശഭരണസ്ഥാപനങ്ങളും തമ്മിലുള്ള ഏകോപനം പല സ്ഥലങ്ങളിലും വ്യക്തികളുടെ നേതൃത്വത്തെ ആശ്രയിക്കുന്ന അവസ്ഥയാണ്. ശക്തമായ സ്ഥാപനവൽക്കരിക്കപ്പെട്ട സംവിധാനങ്ങൾ എല്ലായിടത്തും രൂപപ്പെട്ടിട്ടില്ല. ജനകീയാസൂത്രണത്തിന്റെ ആദ്യ ഘട്ടത്തിൽ ഉണ്ടായിരുന്ന ആവേശം തണുത്തുപോവുകയും, ജനങ്ങളുടെ മേൽക്കൈ നഷ്ടപ്പെടുകയും, വീണ്ടും ചട്ടപ്പടിസ്ഥാപനവൽക്കരണത്തിന്റെയും കേന്ദ്രീകരണത്തിന്റെയും ലക്ഷണങ്ങൾ പ്രബലപ്പെടുകയും ചെയ്തിരിക്കുന്നു.

സന്നദ്ധസംഘടനകളുടെയും സാമൂഹിക സംഘടനകളുടെയും രംഗത്തും മാറ്റം കാണാം. 1970-90 കാലഘട്ടങ്ങളിൽ ആരോഗ്യപ്രവർത്തനങ്ങൾ ഒരു സാമൂഹിക പ്രസ്ഥാനത്തിന്റെ സ്വഭാവം കൈവരിച്ചിരുന്നു. ശുചിത്വ കാമ്പയിനുകൾ, രക്തദാനക്യാമ്പുകൾ, പ്രതിരോധ കുത്തിവയ്പ്പ് പ്രചാരണങ്ങൾ, പരിസര ശുചീകരണം തുടങ്ങിയവയിൽ വലിയ ജനപങ്കാളിത്തം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് സമൂഹം കൂടുതൽ വ്യക്തികേന്ദ്രീകൃതവും ഉപഭോഗകേന്ദ്രീകൃതവുമായി മാറുമ്പോൾ പൊതുപ്രവർത്തനങ്ങളിൽ സ്ഥിരതയുള്ള പങ്കാളിത്തം കുറയുന്നതായി ചില നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു. സമൂഹശാസ്ത്രജ്ഞർ ഇതിനെ "Civic Fatigue" അഥവാ "പൊതുപ്രവർത്തന ക്ഷീണം" എന്ന് വിശേഷിപ്പിക്കുന്നു.

 ഉയർന്ന സാക്ഷരത, സ്ത്രീവിദ്യാഭ്യാസം, പൊതുവിതരണസംവിധാനം, പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, വാക്സിനേഷൻ, ശുദ്ധജലസൗകര്യങ്ങൾ, സാമൂഹിക പരിഷ്കാരങ്ങൾ എന്നിവയുടെ സംയുക്ത ഫലമായിരുന്നു കേരള മോഡലിന്റെ വിജയം.
ഉയർന്ന സാക്ഷരത, സ്ത്രീവിദ്യാഭ്യാസം, പൊതുവിതരണസംവിധാനം, പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, വാക്സിനേഷൻ, ശുദ്ധജലസൗകര്യങ്ങൾ, സാമൂഹിക പരിഷ്കാരങ്ങൾ എന്നിവയുടെ സംയുക്ത ഫലമായിരുന്നു കേരള മോഡലിന്റെ വിജയം.

പ്രളയകാലത്തും നിപ പ്രതിസന്ധിയിലും കോവിഡ് മഹാമാരിക്കാലത്തും കേരളം വലിയ സാമൂഹിക ഐക്യം പ്രകടിപ്പിച്ചെങ്കിലും സാധാരണ സാഹചര്യങ്ങളിൽ തുടർച്ചയായ പ്രതിരോധപ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം നിലനിർത്തുന്നത് കൂടുതൽ ബുദ്ധിമുട്ടാകുന്നു. ഓരോ വർഷവും ആവർത്തിക്കുന്ന പ്രീ- മൺസൂൺ ശുചീകരണ പ്രവർത്തനങ്ങൾ, ഉറവിട നശീകരണ പ്രവർത്തനങ്ങൾ, ജലസ്രോതസ്സുകളുടെ സംരക്ഷണം തുടങ്ങിയവയിൽ ആദ്യകാലത്തുണ്ടായിരുന്ന ആവേശം കുറയുന്നുവെന്ന വിലയിരുത്തലുകൾ പല പൊതുജനാരോഗ്യ പ്രവർത്തകരും പങ്കുവയ്ക്കുന്നു.

ആരോഗ്യവിദ്യാഭ്യാസ മേഖലയിലും പ്രതിസന്ധി രൂപപ്പെട്ടിട്ടുണ്ട്. ഒരുകാലത്ത് പൊതുജനാരോഗ്യ സന്ദേശങ്ങൾ പ്രധാനമായും ആരോഗ്യപ്രവർത്തകരിൽ നിന്നായിരുന്നു ലഭിച്ചിരുന്നത്. ഇന്ന് സാമൂഹ്യമാധ്യമങ്ങൾ, യൂട്യൂബ്, വാട്സ്ആപ്പ്, ഫേസ്‌ബുക്ക്, റീൽസ്, വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ എന്നിവയാണ് ആരോഗ്യവിവരങ്ങളുടെ പ്രധാന സ്രോതസ്സ്. ഇതിന്റെ ഫലമായി തെറ്റായ വിവരങ്ങളും അശാസ്ത്രീയധാരണകളും ഗൂഢാലോചനാസിദ്ധാന്തങ്ങളും വേഗം പ്രചരിക്കുന്നു. ആരോഗ്യവിദ്യാഭ്യാസം ഏകദിശാ സന്ദേശവിനിമയത്തിൽനിന്ന് വിശ്വാസം നേടാനുള്ള സാമൂഹിക സംവാദമായി മാറി. എന്നാൽ ഈ മാറ്റത്തിനനുസരിച്ചുള്ള പുതിയ ആരോഗ്യ ആശയവിനിമയരീതികൾ പര്യാപ്തമായി വികസിച്ചിട്ടില്ല.

മധ്യവർഗ്ഗമുൾപ്പെടെ വലിയ ഒരു വിഭാഗത്തെ സർക്കാർ ആശുപത്രികളിലേക്ക് ആകർഷിക്കാനായിട്ടുണ്ട്. എന്നാൽ വർദ്ധിച്ച ഈ ആവശ്യങ്ങളെ നിറവേറ്റാൻ മാത്രം തസ്തികകൾ സൃഷ്ടിക്കുകയോ നിയമനം നടത്തുകയോ ചെയ്തിട്ടില്ല.

സാംസ്കാരികവും പെരുമാറ്റപരവുമായ മാറ്റങ്ങളും സാംക്രമിക രോഗവർധനയിൽ പങ്കുവഹിക്കുന്നു. വൻതോതിലുള്ള കാറ്ററിംഗ് സംവിധാനങ്ങൾ, ഭക്ഷ്യവിതരണശൃംഖലകൾ, ആഘോഷങ്ങളുടെ വർധന, നഗരജീവിതത്തിന്റെ തിരക്ക് എന്നിവ ഭക്ഷ്യജന്യരോഗങ്ങളുടെ സാധ്യത വർധിപ്പിക്കുന്നു. അതുപോലെ വീടുകളുടെ പരിസരശുചിത്വം, ജലസംഭരണരീതി, മാലിന്യനിർമാർജനം തുടങ്ങിയ വിഷയങ്ങളിൽ പഴയ തലമുറകളുടെ ചില സൂക്ഷ്മശീലങ്ങൾ ക്ഷയിച്ചുവരുന്നതായും നിരീക്ഷിക്കപ്പെടുന്നു.

കുടുംബഘടനയിലെ മാറ്റങ്ങളും ശ്രദ്ധേയമാണ്. സംയുക്ത കുടുംബങ്ങളിൽനിന്ന് ന്യൂക്ലിയർ കുടുംബങ്ങളിലേക്കുള്ള മാറ്റം, ജനസംഖ്യയുടെ വാർധക്യം, ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങളുടെ വർധന, കുടിയേറ്റം എന്നിവ കമ്മ്യൂണിറ്റി അധിഷ്ഠിത ആരോഗ്യനിരീക്ഷണത്തിന്റെ ശക്തി കുറയ്ക്കുന്ന ഘടകങ്ങളാണ്. മുമ്പ് സമൂഹം തന്നെ തിരിച്ചറിയുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്ന പല ആരോഗ്യപ്രശ്നങ്ങളും ഇപ്പോൾ ഔപചാരിക ആരോഗ്യസംവിധാനത്തെ കൂടുതൽ ആശ്രയിക്കുന്നു.

അടിസ്ഥാനതല ആരോഗ്യപ്രവർത്തകരുടെ പ്രവർത്തനങ്ങളിലും കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിൽ കാര്യമായ മാറ്റമുണ്ടായിട്ടുണ്ട്. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ (JPHN), ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ (JHI), ആശാവർക്കർമാർ, കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ മിഡ് ലെവൽ സർവീസ് പ്രൊവൈഡർമാർ (MLSP) എന്നിവരുടെ ജോലിഭാരത്തിൽ വലിയ മാറ്റം സംഭവിച്ചു. കേരളം ഇപ്പോൾ പ്രമേഹം, രക്തസമ്മർദ്ദം, കാൻസർ, മാനസികാരോഗ്യം തുടങ്ങിയ അസാംക്രമിക രോഗങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു. സ്ക്രീനിംഗ്, ഫോളോ- അപ്പ്, ജീവിതശൈലി കൗൺസലിംഗ്, പാലിയേറ്റീവ് കെയർ, വയോജന പരിചരണം തുടങ്ങിയ മേഖലകളിൽ ഇവരുടെ പങ്ക് വ്യാപകമായി വർധിച്ചിട്ടുണ്ട്.

ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ (JPHN), ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ (JHI), ആശാവർക്കർമാർ, കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ മിഡ് ലെവൽ സർവീസ് പ്രൊവൈഡർമാർ (MLSP) എന്നിവരുടെ ജോലിഭാരത്തിൽ വലിയ മാറ്റം സംഭവിച്ചു.
ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ (JPHN), ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ (JHI), ആശാവർക്കർമാർ, കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ മിഡ് ലെവൽ സർവീസ് പ്രൊവൈഡർമാർ (MLSP) എന്നിവരുടെ ജോലിഭാരത്തിൽ വലിയ മാറ്റം സംഭവിച്ചു.

ഈ മാറ്റം അനിവാര്യവും സ്വാഗതാർഹവുമാണ്. കാരണം, ദീർഘസ്ഥായീരോഗങ്ങൾ കേരളത്തിലെ പ്രധാന രോഗഭാരമാണ്. എന്നാൽ ഇതിനൊപ്പം ഒരു നയപരമായ ചോദ്യം ഉയരുന്നു: അടിസ്ഥാനതല ആരോഗ്യപ്രവർത്തകരുടെ സമയവും ഊർജവും കൂടുതലായി അസാംക്രമിക രോഗങ്ങളുടെ പ്രവർത്തനങ്ങളിലേക്ക് മാറുമ്പോൾ സാംക്രമികരോഗനിയന്ത്രണത്തിനുള്ള സമയവും ശ്രദ്ധയും കുറയുന്നുണ്ടോ?

മുമ്പ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ നടത്തിയിരുന്ന വീടുതോറുമുള്ള പരിശോധനകൾ, ജലസ്രോതസ്സുകളുടെ നിരീക്ഷണം, ഭക്ഷ്യസ്ഥാപന പരിശോധനകൾ, കൊതുക് ഉറവിട പരിശോധനകൾ, പരിസ്ഥിതി ശുചിത്വ പ്രവർത്തനങ്ങൾ എന്നിവയുടെ തീവ്രത ചില പ്രദേശങ്ങളിൽ കുറഞ്ഞതായി പല ആരോഗ്യപ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു. അതുപോലെ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരുടെ പ്രവർത്തനങ്ങളിൽ മാതൃ- ശിശു ആരോഗ്യം, പ്രതിരോധ കുത്തിവെപ്പ് എന്നിവയ്ക്കുപുറമേ അസാംക്രമിക രോഗങ്ങളുടെ സ്ക്രീനിങിനും കൂടുതൽ സമയം ചെലവഴിക്കേണ്ട സാഹചര്യമുണ്ട്. പഞ്ചായത്ത് നടത്തുന്ന എല്ലാ പരിപാടികളും പങ്കെടുത്തു വിജയിപ്പിക്കാനുള്ള ബാധ്യതയും ആശാ വർക്കർമാർ ഉൾപ്പെടെയുള്ള സ്‌ത്രീ ആരോഗ്യ പ്രവർത്തകരുടെ ചുമതലയായി മാറിയത് ഫലപ്രദമായ ഫീൽഡ് സമയം അപഹരിക്കുന്നു. ഇത് ആരോഗ്യവകുപ്പിന്റെ വീഴ്ചയെന്നതിലുപരി ഘടനാപരമായ പ്രശ്നമാണ്. മനുഷ്യവിഭവശേഷി വർധിപ്പിക്കാതെ പുതിയ ഉത്തരവാദിത്വം കൂട്ടിച്ചേർക്കുമ്പോൾ പഴയ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന സമയം സ്വാഭാവികമായി കുറയുന്നു. കേരളത്തിന്റെ പൊതുജനാരോഗ്യസംവിധാനത്തിന് ഇന്ന് നേരിടേണ്ടിവരുന്ന വലിയ വെല്ലുവിളികളിലൊന്നാണ് ഈ "Attention Shift" അഥവാ ശ്രദ്ധയുടെ മാറ്റം.

ആരോഗ്യസംവിധാനത്തിന്റെ മുൻഗണനകൾ ‘അസാംക്രമിക രോഗമാണോ പകർച്ച വ്യാധിയാണോ’ എന്ന തിരഞ്ഞെടുപ്പായി കാണാതെ രണ്ടിനെയും തുല്യമായി കൈകാര്യം ചെയ്യാൻ കഴിയുന്ന പുതിയ പൊതുജനാരോഗ്യ മാതൃക വികസിപ്പിക്കേണ്ടതുണ്ട്.

ചികിത്സാചെലവുകളുടെ വർധനവും ‘കാസ്പ്’ (KASP) പദ്ധതിയിൽ സർക്കാർ ആശുപത്രികൾ ഉൾപ്പെടുത്തിയതും, ആർദ്രം പദ്ധതിയിലൂടെ പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിച്ചതും, സേവന സമയം വർദ്ധിപ്പിച്ചതും മധ്യവർഗ്ഗമുൾപ്പെടെ വലിയ ഒരു വിഭാഗത്തെ സർക്കാർ ആശുപത്രികളിലേക്ക് ആകർഷിച്ചു. എന്നാൽ വർദ്ധിച്ച ഈ ആവശ്യങ്ങളെ നിറവേറ്റാൻ മാത്രം തസ്തികകൾ സൃഷ്ടിക്കുകയോ നിയമനം നടത്തുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യം ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരെ സമ്മർദ്ദത്തിലാകുകയും അത് പരിഹരിക്കപ്പെടാതെ, പ്രതിഷേധങ്ങളും, നിസ്സഹകരണങ്ങളും ഒക്കെയായി മാറിയതും പൊതുജനാരോഗ്യ പ്രവർത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്.

ആത്മാർത്ഥമായ ഇടപെടലുകളുടെ ഭാഗമായി യോഗങ്ങളും, ചർച്ചകളും, പ്രവർത്തനങ്ങളും നടക്കുന്നതിനുപകരം നിയമപരമായ ചട്ടപ്പടി വഴിപാടുകളായി കാര്യങ്ങൾ നടക്കുമ്പോൾ അതിൽനിന്ന് ഗുണകരമായ ഫലങ്ങൾ പ്രതീക്ഷിക്കാനാവില്ല. പ്രതിഷേധങ്ങളും നിരാശയും നിസ്സകരണ മനോഭാവവും ഒക്കെ പകർച്ച വ്യാധികളാണെന്നു കൂടി ഓർക്കുക. ഒരു സിസ്റ്റത്തിന്റെ വീഴ്ചയും ദൗർബല്യവുമായി അത് മാറും.

ഇവിടെ, ആരോഗ്യരംഗത്തിന്റെ ധനവൽക്കരണത്തിന്റെ സ്വാധീനവും പരിഗണിക്കേണ്ടതുണ്ട്. ചികിത്സ, സ്ക്രീനിംഗ്, ഡയഗ്നോസ്റ്റിക് പരിശോധനകൾ, ഇൻഷുറൻസ്, മരുന്നുകൾ, ആശുപത്രിസേവനങ്ങൾ എന്നിവ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെടുന്ന മേഖലകളാണ്. എന്നാൽ പരിസരശുചീകരണം, കൊതുക് ഉറവിട നശീകരണം, ആരോഗ്യവിദ്യാഭ്യാസം, സാമൂഹിക പ്രചാരണം, ജലസുരക്ഷ തുടങ്ങിയ പൊതുജനാരോഗ്യ പ്രവർത്തനങ്ങൾക്ക് സമാനമായ സാമ്പത്തിക ദൃശ്യതയോ വിപണിതാൽപര്യമോ ഇല്ല. അതിനാൽ ആരോഗ്യനയവും ധനവിനിയോഗവും ക്രമേണ ചികിത്സാമേഖലകളിലേക്ക് ചായാൻ സാധ്യതയുണ്ട്.

ചികിത്സാചെലവുകളുടെ വർധനവും ‘കാസ്പ്’ (KASP) പദ്ധതിയിൽ സർക്കാർ ആശുപത്രികൾ ഉൾപ്പെടുത്തിയതും, ആർദ്രം പദ്ധതിയിലൂടെ പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിച്ചതും, സേവന സമയം വർദ്ധിപ്പിച്ചതും മധ്യവർഗ്ഗമുൾപ്പെടെ വലിയ  ഒരു വിഭാഗത്തെ സർക്കാർ ആശുപത്രികളിലേക്ക്  ആകർഷിച്ചു.
ചികിത്സാചെലവുകളുടെ വർധനവും ‘കാസ്പ്’ (KASP) പദ്ധതിയിൽ സർക്കാർ ആശുപത്രികൾ ഉൾപ്പെടുത്തിയതും, ആർദ്രം പദ്ധതിയിലൂടെ പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിച്ചതും, സേവന സമയം വർദ്ധിപ്പിച്ചതും മധ്യവർഗ്ഗമുൾപ്പെടെ വലിയ ഒരു വിഭാഗത്തെ സർക്കാർ ആശുപത്രികളിലേക്ക് ആകർഷിച്ചു.

ഇതിന്റെ അർത്ഥം, അസാംക്രമിക രോഗങ്ങളിലേക്കുള്ള ശ്രദ്ധ കുറയ്ക്കണമെന്നല്ല. മറിച്ച്, കേരളം ഇന്ന് ഒരു "ഡബിൾ ബർഡൻ" സമൂഹമാണ്. പ്രമേഹവും ഡെങ്കിപ്പനിയും ഒരേസമയം നേരിടേണ്ടിവരുന്ന സമൂഹം. ഹൃദ്രോഗവും ഹെപ്പറ്റൈറ്റിസും ഒരുമിച്ച് കൈകാര്യം ചെയ്യേണ്ട സമൂഹം. അതിനാൽ ആരോഗ്യസംവിധാനത്തിന്റെ മുൻഗണനകൾ ‘അസാംക്രമിക രോഗമാണോ പകർച്ച വ്യാധിയാണോ’ എന്ന തിരഞ്ഞെടുപ്പായി കാണാതെ രണ്ടിനെയും തുല്യമായി കൈകാര്യം ചെയ്യാൻ കഴിയുന്ന പുതിയ പൊതുജനാരോഗ്യ മാതൃക വികസിപ്പിക്കേണ്ടതുണ്ട്.

കേരളത്തിന്റെ ഭാവി ആരോഗ്യസുരക്ഷ ആശുപത്രികളിലോ ഇൻഷൂറൻസ് പദ്ധതികളിലോ മാത്രം അധിഷ്ഠിതമാകില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യവകുപ്പ്, ആശാവർക്കർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്​പക്ടർമാർ, മിഡ് ലെവൽ സർവീസ് പ്രൊവൈഡർമാർ, സന്നദ്ധസംഘടനകൾ, കുടുംബശ്രീ, സ്കൂളുകൾ, മതസംഘടനകൾ, പൗരസമൂഹം എന്നിവയുടെ സംയുക്ത പ്രവർത്തനത്തിലൂടെയാണ് സാംക്രമിക രോഗങ്ങളുടെ പുതിയ വെല്ലുവിളികളെ ഫലപ്രദമായി നേരിടാൻ കഴിയുക. പൊതുജനാരോഗ്യം ഒരു മെഡിക്കൽ പരിപാടിയല്ല; അത് സാമൂഹികശേഷിയാണ്. ആ സാമൂഹികശേഷിയെ പുനരുജ്ജീവിപ്പിക്കുകയാണ് കേരളത്തിന്റെ അടുത്ത വലിയ ആരോഗ്യ ദൗത്യം.

സോഷ്യൽ മീഡിയാ സംസ്കാരവും സാംക്രമികരോഗവർധനവും

സാംക്രമികരോഗങ്ങൾ ജൈവശാസ്ത്രപരമായ പ്രതിഭാസം മാത്രമല്ല; അവ സാമൂഹിക ബന്ധങ്ങളുടെയും സംസ്കാരത്തിന്റെയും കൂട്ടായ പ്രവർത്തനങ്ങളുടെയും പ്രതിഫലനങ്ങളുമാണ്. ഒരു സമൂഹം എങ്ങനെ ആശയവിനിമയം നടത്തുന്നു, പരസ്പരം എങ്ങനെ സഹകരിക്കുന്നു, പൊതുപ്രശ്നങ്ങളെ എങ്ങനെ കാണുന്നു, ആരോഗ്യസന്ദേശങ്ങളെ എങ്ങനെ സ്വീകരിക്കുന്നു എന്നീ കാര്യങ്ങൾ രോഗനിയന്ത്രണത്തിന്റെ വിജയത്തെ നിർണയിക്കുന്നു. ഈ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയാ വ്യാപനവും ഡിജിറ്റൽ ജീവിതശൈലിയുടെ വളർച്ചയും കേരളത്തിലെ പൊതുജനാരോഗ്യത്തിന് പുതിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടോ എന്ന ചോദ്യം ഗൗരവമായി പരിശോധിക്കേണ്ടതാണ്.

പരസ്പര ഇടപെടലുകളും സാമൂഹിക ഉത്തരവാദിത്തബോധവും കുറയുമ്പോൾ പൊതുജനാരോഗ്യ പ്രശ്നങ്ങൾ വ്യക്തിഗത പ്രശ്നങ്ങളായി മാത്രം കാണപ്പെടുന്നു. സാംക്രമിക രോഗനിയന്ത്രണത്തിന് ആവശ്യമായ കൂട്ടായ സാമൂഹിക നിരീക്ഷണം ഇതിലൂടെ ക്ഷയിക്കാം.

കേരളത്തിന്റെ പൊതുജനാരോഗ്യ ചരിത്രം നോക്കിയാൽ കൂട്ടായ പ്രവർത്തനങ്ങളുടെ ശക്തിയാണ് അതിന്റെ വിജയത്തിനടിസ്ഥാനം. വായനശാലകൾ, അയൽക്കൂട്ടങ്ങൾ, യുവജനസംഘടനകൾ, തൊഴിലാളിസംഘടനകൾ, കുടുംബയോഗങ്ങൾ, സ്കൂൾ പി.ടി.എകൾ, ആരോഗ്യക്ലാസുകൾ, ജനകീയ പ്രചാരണങ്ങൾ, ശുചീകരണയജ്ഞങ്ങൾ എന്നിവ സമൂഹത്തെ ഒരുമിച്ച് പ്രവർത്തിക്കാൻ പ്രേരിപ്പിച്ചിരുന്നു. രോഗപ്രതിരോധം വ്യക്തിഗത ഉത്തരവാദിത്തമല്ല, മറിച്ച് കൂട്ടായ സാമൂഹിക പ്രവർത്തനമാണെന്ന ബോധം ശക്തമായിരുന്നു.

എന്നാൽ, ഡിജിറ്റൽ യുഗത്തിൽ സാമൂഹിക ഇടപെടലുകളുടെ സ്വഭാവം മാറുകയാണ്. വ്യക്തികളെ ഒറ്റപ്പെടുത്തി, സ്വകാര്യ വിജയങ്ങളും, സന്തോഷങ്ങളും, കണ്ടെത്താനും ആഘോഷിക്കാനുള്ള സാമൂഹ്യവിരുദ്ധയുക്തികളും ബോധങ്ങളുമാണ് നവമുതലാളിത്തം നിരന്തരമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്‌. ആളുകൾ കൂടുതൽ സമയം ചെലവഴിക്കുന്നത് പൊതുസ്ഥലങ്ങളിലോ സമൂഹപ്രവർത്തനങ്ങളിലോ അല്ല, മറിച്ച് സ്വകാര്യ ഡിജിറ്റൽ ഇടങ്ങളിലാണ്. മൊബൈൽ ഫോണുകൾ, സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകൾ, ഷോർട്ട് വീഡിയോ റീലുകൾ, വ്യക്തിഗതവിനോദങ്ങൾ എന്നിവ ദൈനംദിനജീവിതത്തിന്റെ കേന്ദ്രഭാഗമായി മാറിയിരിക്കുന്നു. ഇതിന്റെ ഫലമായി സമൂഹവുമായി നേരിട്ടിടപഴകുന്ന സമയം കുറയുന്നു.

ഈ മാറ്റത്തിന്റെ ഒരു പ്രധാന ഫലം, "ശ്രദ്ധയുടെ വിഘടനം" (Fragmentation of Attention) ആണ്. പൊതുജനാരോഗ്യസന്ദേശങ്ങൾ പലപ്പോഴും ദീർഘകാല ബോധവൽക്കരണവും ആവർത്തിച്ചുള്ള സാമൂഹിക ആശയവിനിമയവും ആവശ്യപ്പെടുന്നു. എന്നാൽ സോഷ്യൽ മീഡിയയുടെ ഘടന വേഗതയേറിയതാണ്, ചുരുങ്ങിയ ശ്രദ്ധാകേന്ദ്രമാണ് അതിന്റെ സവിശേഷത. ഏതാനും സെക്കൻഡുകൾക്കുള്ളിൽ ഉപഭോഗിക്കാവുന്ന വിവരങ്ങൾക്കാണ് മുൻഗണന ലഭിക്കുന്നത്. ഡെങ്കിപ്പനി പ്രതിരോധം, ജലസുരക്ഷ, ശുചിത്വം, മാലിന്യനിയന്ത്രണം തുടങ്ങിയ വിഷയങ്ങൾ തുടർച്ചയായ സാമൂഹിക ഇടപെടലുകൾ ആവശ്യപ്പെടുമ്പോൾ ഡിജിറ്റൽ സംസ്കാരം പലപ്പോഴും തൽക്ഷണ വിനോദത്തെയും വികാരപ്രേരിത ഉള്ളടക്കങ്ങളെയും പ്രോത്സാഹിപ്പിക്കുന്നു.

ഡെങ്കിപ്പനി പ്രതിരോധം, ജലസുരക്ഷ, ശുചിത്വം, മാലിന്യനിയന്ത്രണം തുടങ്ങിയ വിഷയങ്ങൾ തുടർച്ചയായ സാമൂഹിക ഇടപെടലുകൾ ആവശ്യപ്പെടുമ്പോൾ ഡിജിറ്റൽ സംസ്കാരം പലപ്പോഴും തൽക്ഷണ വിനോദത്തെയും വികാരപ്രേരിത ഉള്ളടക്കങ്ങളെയും പ്രോത്സാഹിപ്പിക്കുന്നു.
ഡെങ്കിപ്പനി പ്രതിരോധം, ജലസുരക്ഷ, ശുചിത്വം, മാലിന്യനിയന്ത്രണം തുടങ്ങിയ വിഷയങ്ങൾ തുടർച്ചയായ സാമൂഹിക ഇടപെടലുകൾ ആവശ്യപ്പെടുമ്പോൾ ഡിജിറ്റൽ സംസ്കാരം പലപ്പോഴും തൽക്ഷണ വിനോദത്തെയും വികാരപ്രേരിത ഉള്ളടക്കങ്ങളെയും പ്രോത്സാഹിപ്പിക്കുന്നു.

സാമൂഹിക അകലം വർധിക്കുന്നതും മറ്റൊരു പ്രധാന ഘടകമാണ്. ഗ്രാമങ്ങളിലും നഗരങ്ങളിലും മുമ്പുണ്ടായിരുന്ന അയൽപക്കബന്ധങ്ങൾ പല സ്ഥലങ്ങളിലും ദുർബലമായിട്ടുണ്ട്. ഒരാളുടെ വീട്ടുവളപ്പിൽ കൊതുക് വളരുന്ന സാഹചര്യമുണ്ടെങ്കിൽ അത് അയൽക്കാരുടെ ആരോഗ്യത്തെയും ബാധിക്കും. എന്നാൽ പരസ്പര ഇടപെടലുകളും സാമൂഹിക ഉത്തരവാദിത്തബോധവും കുറയുമ്പോൾ പൊതുജനാരോഗ്യ പ്രശ്നങ്ങൾ വ്യക്തിഗത പ്രശ്നങ്ങളായി മാത്രം കാണപ്പെടുന്നു. സാംക്രമിക രോഗനിയന്ത്രണത്തിന് ആവശ്യമായ കൂട്ടായ സാമൂഹിക നിരീക്ഷണം ഇതിലൂടെ ക്ഷയിക്കാം.

ആരോഗ്യവിദ്യാഭ്യാസ പരിപാടികളിലും സമാന പ്രവണത കാണപ്പെടുന്നു. ആരോഗ്യ ക്ലാസുകൾ, സെമിനാറുകൾ, ഗ്രാമസഭകൾ, പ്രീ- മൺസൂൺ യോഗങ്ങൾ, ബോധവൽക്കരണ ക്യാമ്പുകൾ തുടങ്ങിയവയിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറയുന്നുവെന്ന പരാതി ഉയരുന്നുണ്ട്. ജനങ്ങൾ ആരോഗ്യവിവരങ്ങൾ നേടുന്നില്ല എന്നല്ല; മറിച്ച് അവർ വിവരങ്ങൾ നേടുന്ന രീതിയാണ് മാറിയത്. എന്നാൽ പ്രശ്നം വിവരങ്ങളുടെ കുറവല്ല, വിവരങ്ങളുടെ അമിതത്വമാണ് (Information Overload). ശരിയായ വിവരങ്ങളും തെറ്റായ വിവരങ്ങളും ഒരുപോലെ ഒഴുകിയെത്തുന്ന സാഹചര്യത്തിൽ വിശ്വസനീയമായ ആരോഗ്യസന്ദേശങ്ങൾ പോലും ശബ്ദക്കുഴപ്പത്തിനിടയിൽ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

സോഷ്യൽ മീഡിയാ കാലഘട്ടത്തിന്റെ മറ്റൊരു വെല്ലുവിളി, തെറ്റായ വിവരങ്ങളുടെ വ്യാപനമാണ്. വാക്സിനേഷൻ വിരുദ്ധ പ്രചാരണം, ശാസ്ത്രീയമല്ലാത്ത ചികിത്സാരീതികൾ, ഗൂഢാലോചനാസിദ്ധാന്തങ്ങൾ, വ്യാജ ആരോഗ്യവാർത്തകൾ എന്നിവ പൊതുജനാരോഗ്യ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുന്നു. മുമ്പ് ആരോഗ്യപ്രവർത്തകരും അധ്യാപകരും ഡോക്ടർമാരുമായിരുന്നു പ്രധാന വിവരസ്രോതസ്സുകൾ. ഇന്ന് ഒരു വൈറൽ വീഡിയോയ്ക്കും ജനപ്രിയ ഇൻഫ്ലൂവൻസർക്കും പൊതുജനാഭിപ്രായത്തെ കൂടുതൽ സ്വാധീനിക്കാൻ കഴിയും.

ഒരു സമൂഹം കൂടുതൽ ഡിജിറ്റലാകുന്നതോടൊപ്പം കൂടുതൽ സാമൂഹികമായി ഒറ്റപ്പെടുകയും പൊതുപ്രവർത്തനങ്ങളിൽ നിന്ന് പിന്മാറുകയും ചെയ്യുന്നുവെങ്കിൽ അത് സാംക്രമിക രോഗനിയന്ത്രണത്തിനാവശ്യമായ സാമൂഹിക പ്രതിരോധശേഷിയെ ദുർബലപ്പെടുത്താൻ സാധ്യതയുണ്ട്.

എന്നിരുന്നാലും സോഷ്യൽ മീഡിയയെ പൂർണ്ണമായും പ്രതികൂലശക്തിയായി കാണുന്നതും ശരിയല്ല. നിപ പ്രതിരോധം, കോവിഡ് ബോധവൽക്കരണം, രക്തദാനപ്രവർത്തനങ്ങൾ, ദുരന്തനിവാരണ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ സോഷ്യൽ മീഡിയ കേരളത്തിൽ ഗുണകരമായ പങ്ക് വഹിച്ചിട്ടുണ്ട്. പ്രശ്നം സാങ്കേതികവിദ്യയല്ല; സാങ്കേതികവിദ്യ ഉപയോഗിക്കുന്ന സാമൂഹിക സംസ്കാരമാണ്. സമൂഹത്തെ ശക്തിപ്പെടുത്താൻ കഴിയുന്ന ഉപകരണങ്ങൾക്കുതന്നെ സമൂഹത്തെ വിഘടിപ്പിക്കാനും കഴിയും.

സാംക്രമിക രോഗങ്ങളുടെ കാഴ്ചപ്പാടിൽ ഏറ്റവും പ്രധാനപ്പെട്ട ആശയം "സാമൂഹിക മൂലധനം" (Social Capital) ആണ്. പരസ്പരവിശ്വാസം, സഹകരണം, കൂട്ടായ പ്രവർത്തനം, സാമൂഹിക ഉത്തരവാദിത്തം, അയൽപക്കബന്ധങ്ങൾ എന്നിവയാണ് സാമൂഹിക മൂലധനത്തിന്റെ ഘടകങ്ങൾ. നിരവധി അന്തർദേശീയപഠനങ്ങൾ, സാമൂഹിക മൂലധനം ശക്തമായ സമൂഹങ്ങൾക്ക് രോഗപ്രതിരോധത്തിലും ദുരന്തനിവാരണത്തിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുമെന്ന് കാണിച്ചിട്ടുണ്ട്. അതിനാൽ ഡിജിറ്റൽ ജീവിതശൈലി സാമൂഹിക മൂലധനത്തെ ദുർബലപ്പെടുത്തുന്നുവെങ്കിൽ അത് പൊതുജനാരോഗ്യത്തെയും പരോക്ഷമായി ബാധിക്കും.

കേരളത്തിലെ സാംക്രമികരോഗങ്ങളുടെ ഭാവി ആശുപത്രികളിലോ മരുന്നുകളിലോ മാത്രം തീരുമാനിക്കപ്പെടുന്നില്ല. സമൂഹം എത്രത്തോളം ഒരുമിച്ച് പ്രവർത്തിക്കുന്നു, അയൽക്കാർ പരസ്പരം എത്രത്തോളം ശ്രദ്ധിക്കുന്നു, ആരോഗ്യസന്ദേശങ്ങളെ എത്രത്തോളം വിശ്വസിക്കുന്നു, പൊതുപ്രവർത്തനങ്ങളിൽ എത്രത്തോളം പങ്കെടുക്കുന്നു എന്നതും അതിനെ നിർണയിക്കുന്നു. ഒരു സമൂഹം കൂടുതൽ ഡിജിറ്റലാകുന്നതോടൊപ്പം കൂടുതൽ സാമൂഹികമായി ഒറ്റപ്പെടുകയും പൊതുപ്രവർത്തനങ്ങളിൽ നിന്ന് പിന്മാറുകയും ചെയ്യുന്നുവെങ്കിൽ അത് സാംക്രമിക രോഗനിയന്ത്രണത്തിനാവശ്യമായ സാമൂഹിക പ്രതിരോധശേഷിയെ ദുർബലപ്പെടുത്താൻ സാധ്യതയുണ്ട്.

നിപ പ്രതിരോധം, കോവിഡ് ബോധവൽക്കരണം, രക്തദാനപ്രവർത്തനങ്ങൾ, ദുരന്തനിവാരണ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ സോഷ്യൽ മീഡിയ കേരളത്തിൽ ഗുണകരമായ പങ്ക് വഹിച്ചിട്ടുണ്ട്.
നിപ പ്രതിരോധം, കോവിഡ് ബോധവൽക്കരണം, രക്തദാനപ്രവർത്തനങ്ങൾ, ദുരന്തനിവാരണ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ സോഷ്യൽ മീഡിയ കേരളത്തിൽ ഗുണകരമായ പങ്ക് വഹിച്ചിട്ടുണ്ട്.

അതിനാൽ, കേരളത്തിന്റെ പൊതുജനാരോഗ്യ വെല്ലുവിളി രോഗാണുക്കളെ മാത്രം നിയന്ത്രിക്കുന്നതല്ല; സാമൂഹിക ബന്ധങ്ങളെ പുനർനിർമിക്കുന്നതുമാണ്. കൊതുകുകളെ നശിപ്പിക്കുന്നതിനേക്കാൾ ചിലപ്പോൾ ബുദ്ധിമുട്ട് സമൂഹത്തിലെ കൂട്ടായ പ്രവർത്തന മനോഭാവത്തെ നിലനിർത്തുന്നതിലായിരിക്കും. പൊതുജനാരോഗ്യത്തിന്റെ ഭാവി സാങ്കേതികവിദ്യയെയും സോഷ്യൽ മീഡിയയെയും തള്ളിക്കളയുന്നതിലല്ല, മറിച്ച്, സമൂഹപങ്കാളിത്തവും ആരോഗ്യബോധവും വർധിപ്പിക്കുന്ന ദിശയിൽ അവയെ പുനഃസംഘടിപ്പിക്കുന്നതിലാണ്.

സോഷ്യൽ മീഡിയ ഉപയോഗം കൂടിയതിനും സാംക്രമിക രോഗങ്ങൾ കൂടിയതിനും തമ്മിൽ നേരിട്ടുള്ള കാരണ- ഫല ബന്ധം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. എന്നാൽ സാമൂഹിക ഐക്യം, പൗരപങ്കാളിത്തം, ആരോഗ്യവിദ്യാഭ്യാസം, സ്ഥാപനങ്ങളിലുള്ള വിശ്വാസം, കൂട്ടായ പ്രവർത്തനം എന്നിവ ദുർബലമാകുന്നത് സാംക്രമിക രോഗനിയന്ത്രണത്തെ ബാധിക്കാമെന്നതിന് സാമൂഹ്യശാസ്ത്രത്തിലും പൊതുജനാരോഗ്യ പഠനങ്ങളിലും ഗണ്യമായ പിന്തുണയുണ്ട്. അതിനാൽ ഇത് ജൈവശാസ്ത്രപരമായ കാരണമല്ല, മറിച്ച് "സാമൂഹിക പരിസ്ഥിതിയിലെ മാറ്റം" (Change in Social Ecology of Health) എന്ന നിലയിലാണ് കൂടുതൽ കൃത്യമായി മനസ്സിലാക്കേണ്ടത്.

മാധ്യമ സെൻസേഷണലിസവും പൊതുജനാരോഗ്യ വെല്ലുവിളികളും

പൊതുജനാരോഗ്യത്തിന്റെ ഏറ്റവും വലിയ വൈരുധ്യങ്ങളിലൊന്ന് അതിന്റെ വിജയങ്ങൾ പലപ്പോഴും അദൃശ്യമാണ് എന്നതാണ്. ഒരു മഹാമാരി ഉണ്ടാകാതിരിക്കുക വാർത്തയാകാറില്ല. ഒരു ഡെങ്കിപ്പനി പൊട്ടിപ്പുറപ്പെടൽ തടയപ്പെടുന്നത് മാധ്യമശ്രദ്ധ നേടാറില്ല. ഒരു പഞ്ചായത്തിൽ ഹെപ്പറ്റൈറ്റിസ് A പടരാതിരിക്കാൻ നടത്തിയ മാസങ്ങളോളം നീണ്ട ജലസുരക്ഷാപ്രവർത്തനങ്ങൾ പൊതുവെ വാർത്തകളിൽ ഇടം നേടാറില്ല. എന്നാൽ ഒരു മരണവും രോഗത്തിന്റെ പൊട്ടിപ്പുറപ്പെടലും ഒരു പ്രതിസന്ധിയും മാധ്യമങ്ങളിൽ വലിയ വാർത്തയാകുന്നു. ഇതാണ് പൊതുജനാരോഗ്യവും മാധ്യമപ്രവർത്തനവും തമ്മിലുള്ള അടിസ്ഥാന വൈരുധ്യം.

ആധുനിക വാർത്താമാധ്യമങ്ങൾ ശ്രദ്ധയുടെ സാമ്പത്തികശാസ്ത്രത്തിലാണ് (Attention Economy) പ്രവർത്തിക്കുന്നത്. പ്രേക്ഷകശ്രദ്ധ നേടുക എന്നതാണ് അവയുടെ പ്രധാന ലക്ഷ്യം. അതിനാൽ അപകടം, ഭയം, മരണം, സംഘർഷം, കുറ്റപ്പെടുത്തൽ, അടിയന്തരത തുടങ്ങിയ ഘടകങ്ങൾ ഉൾക്കൊള്ളുന്ന വാർത്തകൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുന്നു. അതേസമയം രോഗപ്രതിരോധം, ആരോഗ്യവിദ്യാഭ്യാസം, പരിസ്ഥിതിശുചിത്വം, പ്രീ- മൺസൂൺ തയ്യാറെടുപ്പുകൾ, കൊതുക് ഉറവിട നശീകരണം, ജലസുരക്ഷ തുടങ്ങിയ ദീർഘകാല പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ താരതമ്യേന വിരസവും "വാർത്താമൂല്യം" കുറഞ്ഞതുമായ വിഷയങ്ങളായി മാറുന്നു.

പൊതുജനാരോഗ്യ വിദഗ്ധർ പലപ്പോഴും പറയുന്ന ഒരു നിരീക്ഷണമുണ്ട്: "രോഗപ്രതിരോധം വിജയിക്കുമ്പോൾ അത് കാണാനാവില്ല; പരാജയപ്പെടുമ്പോൾ മാത്രമേ അത് ശ്രദ്ധിക്കപ്പെടൂ."

ഈ മാധ്യമപരിസരം രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും പെരുമാറ്റത്തെയും സ്വാധീനിക്കുന്നു. പലപ്പോഴും പൊതുപ്രവർത്തനങ്ങളുടെ മുൻഗണനകൾ ശാസ്ത്രീയ അപകടസാധ്യതയുടെ അടിസ്ഥാനത്തിലല്ല, മാധ്യമശ്രദ്ധയുടെ അടിസ്ഥാനത്തിലാണ് നിശ്ചയിക്കപ്പെടുന്നത്. ഒരു രോഗം പൊട്ടിപ്പുറപ്പെടുന്നതിനുമുമ്പുള്ള പ്രതിരോധ പ്രവർത്തനങ്ങൾ രാഷ്ട്രീയമായി വലിയ പ്രതിഫലം നൽകണമെന്നില്ല. എന്നാൽ രോഗം പടർന്നതിനുശേഷം നടത്തുന്ന സന്ദർശനങ്ങളും അവലോകനയോഗങ്ങളും അടിയന്തരനടപടികളും മാധ്യമശ്രദ്ധയും രാഷ്ട്രീയ ദൃശ്യതയും സൃഷ്ടിക്കുന്നു. ഫലത്തിൽ പ്രതിരോധം (Prevention) എന്നതിലുപരി പ്രതികരണം (Response) എന്നതിന് കൂടുതൽ പ്രാധാന്യം ലഭിക്കുന്ന പ്രവണത രൂപപ്പെടാം.

പൊതുജനാരോഗ്യ വിദഗ്ധർ പലപ്പോഴും പറയുന്ന ഒരു നിരീക്ഷണമുണ്ട്: "രോഗപ്രതിരോധം വിജയിക്കുമ്പോൾ അത് കാണാനാവില്ല; പരാജയപ്പെടുമ്പോൾ മാത്രമേ അത് ശ്രദ്ധിക്കപ്പെടൂ." അതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയപിന്തുണയും സാമൂഹിക അംഗീകാരവും ലഭിക്കുന്നത് ബുദ്ധിമുട്ടാണ്. ഒരു പഞ്ചായത്ത് ഒരു വർഷം മുഴുവൻ ഡെങ്കിപ്പനി തടയാൻ നടത്തിയ പ്രവർത്തനങ്ങൾ ആരും ശ്രദ്ധിക്കണമെന്നില്ല. എന്നാൽ ഒരു മരണത്തിനുശേഷം അതേ പഞ്ചായത്ത് ദേശീയ വാർത്തകളിൽ ഇടം പിടിച്ചേക്കാം.

കേരളത്തിലെ പ്രീ- മൺസൂൺ പ്രവർത്തനങ്ങൾ ഇതിന് ഉദാഹരണമാണ്. എല്ലാ വർഷവും മഴക്കാലത്തിനുമുമ്പ് കൊതുക് നിയന്ത്രണം, ജലസ്രോതസ്സുകളുടെ ശുചീകരണം, മാലിന്യനിർമാർജനം, ആരോഗ്യബോധവൽക്കരണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താറുണ്ട്. എന്നാൽ ഇവയ്ക്ക് ലഭിക്കുന്ന മാധ്യമശ്രദ്ധ പരിമിതമാണ്. മറിച്ച്, ഡെങ്കിപ്പനി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴാണ് വിഷയം വ്യാപകമായ പൊതുചർച്ചയാകുന്നത്. ഇതുവഴി സമൂഹത്തിനും ഭരണസംവിധാനത്തിനും "പ്രതിസന്ധി വന്നാൽ പ്രതികരിക്കുക" എന്ന മനോഭാവം രൂപപ്പെടാൻ സാധ്യതയുണ്ട്. വ്യക്‌തിശുചിത്വം, ഭക്ഷണശുചിത്വം, ഹോട്ടൽ ശുചിത്വം ഒക്കെ പ്രചരിപ്പിക്കുന്നതിനും ജാഗ്രതയുള്ള പരിശോധനകളിലൂടെ ഷിഗെല്ല ഉൾപ്പെടെയുള്ള വയറിളക്കരോഗങ്ങൾ തടയാനുമുള്ള പ്രവർത്തനങ്ങൾക്ക് മൂല്യമില്ല, പക്ഷെ ഷിഗെല്ല മരണം വലിയ ശ്രദ്ധ നേടും.

ഇവിടെ "പ്രിവൻഷൻ ഫാറ്റീഗ്" (Prevention Fatigue) എന്ന പ്രതിഭാസവും ശ്രദ്ധിക്കേണ്ടതാണ്. വർഷങ്ങളോളം ഒരേ സന്ദേശങ്ങൾ ആവർത്തിച്ച് കേൾക്കുമ്പോൾ ജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും രാഷ്ട്രീയനേതൃത്വത്തിനും ഒരു തരത്തിലുള്ള ക്ഷീണം അനുഭവപ്പെടാം. "കൊതുക് നശിപ്പിക്കുക", "കൈ കഴുകുക", "വെള്ളം തിളപ്പിച്ച് കുടിക്കുക", "മാലിന്യം നീക്കംചെയ്യുക" തുടങ്ങിയ സന്ദേശങ്ങൾ തുടർച്ചയായി ആവർത്തിക്കപ്പെടുമ്പോൾ അവയുടെ അടിയന്തര പ്രാധാന്യം ജനങ്ങളുടെ മനസ്സിൽ കുറയാം. എന്നാൽ ഒരു പ്രതിസന്ധി ഉണ്ടായാൽ അതേ വിഷയങ്ങൾ വീണ്ടും ശ്രദ്ധാകേന്ദ്രമാകും.

സോഷ്യൽ മീഡിയാ കാലഘട്ടത്തിൽ ഈ പ്രവണത കൂടുതൽ ശക്തമായിട്ടുണ്ട്. അൽപായുസ്സുള്ള വാർത്താചക്രങ്ങൾ, വൈറൽ ഉള്ളടക്കങ്ങൾ, വികാരപ്രേരിതപ്രതികരണങ്ങൾ എന്നിവ ദീർഘകാല പൊതുജനാരോഗ്യപദ്ധതികൾക്ക് അനുകൂലമല്ല. രോഗം പടരുന്നതിന് മുമ്പുള്ള മാസങ്ങളോളം നീളുന്ന പ്രതിരോധ പ്രവർത്തനങ്ങളേക്കാൾ ഒരു ദിവസം നടന്ന ഒരു പ്രതിസന്ധിയാണ് കൂടുതൽ ശ്രദ്ധ നേടുന്നത്. ഇതിനെ ചില മാധ്യമ ഗവേഷകർ "Event Bias" എന്ന് വിളിക്കുന്നു. അതായത് സംഭവങ്ങൾക്കാണ് ശ്രദ്ധ; പ്രക്രിയകൾക്ക് അല്ല.

വ്യക്‌തിശുചിത്വം, ഭക്ഷണശുചിത്വം, ഹോട്ടൽ ശുചിത്വം ഒക്കെ പ്രചരിപ്പിക്കുന്നതിനും ജാഗ്രതയുള്ള പരിശോധനകളിലൂടെ ഷിഗെല്ല ഉൾപ്പെടെയുള്ള വയറിളക്കരോഗങ്ങൾ തടയാനുമുള്ള പ്രവർത്തനങ്ങൾക്ക് മൂല്യമില്ല,  പക്ഷെ ഷിഗെല്ല മരണം വലിയ ശ്രദ്ധ നേടും.
വ്യക്‌തിശുചിത്വം, ഭക്ഷണശുചിത്വം, ഹോട്ടൽ ശുചിത്വം ഒക്കെ പ്രചരിപ്പിക്കുന്നതിനും ജാഗ്രതയുള്ള പരിശോധനകളിലൂടെ ഷിഗെല്ല ഉൾപ്പെടെയുള്ള വയറിളക്കരോഗങ്ങൾ തടയാനുമുള്ള പ്രവർത്തനങ്ങൾക്ക് മൂല്യമില്ല, പക്ഷെ ഷിഗെല്ല മരണം വലിയ ശ്രദ്ധ നേടും.

അതേസമയം, മാധ്യമങ്ങളെ മാത്രം കുറ്റപ്പെടുത്തുന്നതും ശരിയല്ല. മാധ്യമങ്ങൾ സമൂഹത്തിന്റെ ശ്രദ്ധാരീതികളെ പ്രതിഫലിപ്പിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്നു. പൊതുജനങ്ങളും പലപ്പോഴും പ്രതിസന്ധികളോടാണ് കൂടുതൽ പ്രതികരിക്കുന്നത്. ഒരു ആരോഗ്യവിദ്യാഭ്യാസക്ലാസിൽ പങ്കെടുക്കാൻ താൽപര്യമില്ലാത്തവർ പോലും ഒരു രോഗം പൊട്ടിപ്പുറപ്പെട്ടശേഷം ആരോഗ്യവിവരങ്ങൾ തിരയാൻ തുടങ്ങും. അതിനാൽ പ്രശ്നം മാധ്യമങ്ങളുടെ മാത്രമല്ല, സമൂഹത്തിന്റെ ശ്രദ്ധാസംസ്കാരത്തിന്റെതുമാണ് (Culture of Attention).

പൊതുജനാരോഗ്യകാഴ്ചപ്പാടിൽ ഏറ്റവും അപകടകരമായ അവസ്ഥ "Cycle of Panic and Neglect" എന്നതാണ്. ഒരു രോഗം പൊട്ടിപ്പുറപ്പെടുമ്പോൾ വലിയ ഭയവും പ്രവർത്തനങ്ങളും ഉണ്ടാകും. രോഗം നിയന്ത്രണത്തിലായാൽ ശ്രദ്ധ കുറയും. പിന്നീട് വീണ്ടും രോഗം ഉയരും. വീണ്ടും പ്രതിസന്ധി. വീണ്ടും താൽക്കാലിക ഇടപെടൽ. ഇത്തരത്തിലുള്ള ചക്രം പല സാംക്രമിക രോഗങ്ങളുടെയും ചരിത്രത്തിൽ കാണാൻ കഴിയും. ഡെങ്കിപ്പനി, ലെപ്റ്റോസ്പൈറോസിസ്, ഹെപ്പറ്റൈറ്റിസ് A തുടങ്ങിയ രോഗങ്ങളിൽ ഈ പ്രവണത പലപ്പോഴും പ്രകടമാണ്.

കേരളത്തിലെ സാംക്രമികരോഗനിയന്ത്രണത്തിന്റെ ഭാവി "ക്രൈസിസ് മാനേജ്മെന്റ്" മാതൃകയിൽ നിന്ന് "റിസ്ക് മാനേജ്മെന്റ്" മാതൃകയിലേക്ക് മാറേണ്ടതുണ്ട്. അതായത് രോഗം വന്നശേഷം പ്രതികരിക്കുന്നതിനേക്കാൾ രോഗം വരാനുള്ള സാഹചര്യങ്ങളെ തുടർച്ചയായി നിയന്ത്രിക്കുന്ന സംവിധാനങ്ങൾ ശക്തിപ്പെടുത്തണം. അതിനായി മാധ്യമങ്ങൾക്കും രാഷ്ട്രീയനേതൃത്വത്തിനും ആരോഗ്യവകുപ്പിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ഒരു പുതിയ പൊതുജനാരോഗ്യ സംസ്കാരം വളർത്തേണ്ടതുണ്ട്.

ഒരു നല്ല പൊതുജനാരോഗ്യ സംവിധാനം എന്നത് പ്രതിസന്ധികളെ നന്നായി കൈകാര്യം ചെയ്യുന്ന സംവിധാനം മാത്രമല്ല; പ്രതിസന്ധികൾ ഉണ്ടാകാതിരിക്കാൻ കഴിയുന്ന സംവിധാനമാണ്. എന്നാൽ പ്രതിരോധത്തിന്റെ വിജയങ്ങൾ പലപ്പോഴും അദൃശ്യമായതിനാൽ അവയ്ക്ക് രാഷ്ട്രീയമായും മാധ്യമപരമായും സാമൂഹികമായും അംഗീകാരം നൽകുന്ന പുതിയ രീതികൾ വികസിപ്പിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ശ്രദ്ധ എല്ലായ്പ്പോഴും രോഗപൊട്ടിപ്പുറപ്പെടലുകളിലേക്കും മരണങ്ങളിലേക്കും മാത്രം തിരിയുകയും പൊതുജനാരോഗ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനങ്ങളായ പ്രതിരോധം, തയ്യാറെടുപ്പ്, സാമൂഹിക ബോധവൽക്കരണം എന്നിവ പിന്നാക്കം പോകുകയും ചെയ്യാൻ സാധ്യതയുണ്ട്.

കേരളത്തിലെ പല ജില്ലകളിലും പ്രതിഭാശാലികളായ എപ്പിഡെമിയോളജിസ്റ്റുകളും പൊതുജനാരോഗ്യവിദഗ്ധരും പ്രവർത്തിക്കുന്നുണ്ടെങ്കിലും മനുഷ്യവിഭവശേഷിയുടെ കുറവ് ഒരു യാഥാർത്ഥ്യമാണ്.

രോഗ- നിരീക്ഷണ സംവിധാനത്തിന്റെ ശക്തികൾ,
പരിമിതികൾ, ഭാവി വെല്ലുവിളികൾ

സാംക്രമികരോഗങ്ങളെ നിയന്ത്രിക്കുന്നതിൽ ചികിത്സയേക്കാൾ പ്രധാനം രോഗങ്ങളെ നേരത്തേ തിരിച്ചറിയാനുള്ള ശേഷിയാണ്. ഒരു രോഗം പടർന്നതിനുശേഷം അതിനെ നിയന്ത്രിക്കുന്നതിനേക്കാൾ രോഗം പടരാനുള്ള സാധ്യത മുൻകൂട്ടി കണ്ടെത്തുന്നത് കൂടുതൽ ഫലപ്രദവും ചെലവ് കുറഞ്ഞതുമാണ്. ഈ ലക്ഷ്യത്തോടെയാണ് ഇന്ത്യയിൽ ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാം (IDSP) ആരംഭിച്ചത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വിവിധ ആരോഗ്യസ്ഥാപനങ്ങളിൽ നിന്നുള്ള രോഗവിവരങ്ങൾ ശേഖരിക്കുകയും അസാധാരണമായ രോഗവർധന തിരിച്ചറിയുകയും രോഗപൊട്ടിപ്പുറപ്പെടലുകൾ അന്വേഷിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

കേരളത്തിൽ ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാമിന് ശ്രദ്ധേയമായ ചില ശക്തികളുണ്ട്. സംസ്ഥാനത്തിന് ശക്തമായ പ്രാഥമികാരോഗ്യ ശൃംഖലയുണ്ട്. ആരോഗ്യസ്ഥാപനങ്ങളുടെ സാന്ദ്രത കൂടുതലാണ്. രോഗറിപ്പോർട്ടിംഗ് സംസ്കാരം പല സംസ്ഥാനങ്ങളെക്കാളും മെച്ചപ്പെട്ടതാണ്. നിപ, ഡെങ്കിപ്പനി, ലെപ്റ്റോസ്പൈറോസിസ്, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങളിൽ വേഗത്തിൽ പ്രതികരിക്കാനുള്ള സാങ്കേതികശേഷിയും അനുഭവസമ്പത്തും കേരളം വികസിപ്പിച്ചിട്ടുണ്ട്. ജില്ലാ സർവൈലൻസ് യൂണിറ്റുകളും സംസ്ഥാനതല സംവിധാനങ്ങളും നിരവധി രോഗപൊട്ടിപ്പുറപ്പെടലുകൾ കണ്ടെത്തുന്നതിലും നിയന്ത്രിക്കുന്നതിലും നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

എന്നാൽ, ഈ വിജയങ്ങൾക്കൊപ്പം ചില അടിസ്ഥാനപരമായ പരിമിതികളും നിലനിൽക്കുന്നു. ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാം പ്രധാനമായും രോഗം ഉണ്ടായശേഷമുള്ള വിവരങ്ങളെയാണ് ശേഖരിക്കുന്നത്. അതായത് രോഗികളുടെ എണ്ണം, രോഗലക്ഷണങ്ങൾ, ലബോറട്ടറി സ്ഥിരീകരണം, മരണങ്ങൾ തുടങ്ങിയ വിവരങ്ങൾ. എന്നാൽ രോഗവ്യാപനം മുൻകൂട്ടി പ്രവചിക്കാൻ ആവശ്യമായ പരിസ്ഥിതി, കാലാവസ്ഥ, ജലഗുണനിലവാരം, മാലിന്യനിർമാർജനം, കൊതുക് സാന്ദ്രത, മൃഗരോഗങ്ങൾ, ജനങ്ങളുടെ പെരുമാറ്റമാറ്റങ്ങൾ തുടങ്ങിയ വിവരങ്ങൾ അതേ തോതിൽ സമഗ്രമായി ശേഖരിക്കപ്പെടുന്നില്ല.

ഒരു രോഗം പടർന്നതിനുശേഷം അതിനെ നിയന്ത്രിക്കുന്നതിനേക്കാൾ രോഗം പടരാനുള്ള സാധ്യത മുൻകൂട്ടി കണ്ടെത്തുന്നത് കൂടുതൽ ഫലപ്രദവും ചെലവ് കുറഞ്ഞതുമാണ്. ഈ ലക്ഷ്യത്തോടെയാണ് ഇന്ത്യയിൽ ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാം (IDSP) ആരംഭിച്ചത്.
ഒരു രോഗം പടർന്നതിനുശേഷം അതിനെ നിയന്ത്രിക്കുന്നതിനേക്കാൾ രോഗം പടരാനുള്ള സാധ്യത മുൻകൂട്ടി കണ്ടെത്തുന്നത് കൂടുതൽ ഫലപ്രദവും ചെലവ് കുറഞ്ഞതുമാണ്. ഈ ലക്ഷ്യത്തോടെയാണ് ഇന്ത്യയിൽ ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാം (IDSP) ആരംഭിച്ചത്.

പലപ്പോഴും ഡേറ്റാ ശേഖരണം ഭരണപരമായ റിപ്പോർട്ടിംഗ് പ്രവർത്തനമായി ചുരുങ്ങിപ്പോകുന്നു. എത്ര റിപ്പോർട്ടുകൾ സമയത്ത് അയച്ചു എന്നത് ശ്രദ്ധിക്കപ്പെടുന്നു. എന്നാൽ ഡേറ്റയുടെ ഗുണനിലവാരം, പൂർണത, വിശകലനക്ഷമത എന്നിവയ്ക്ക് എല്ലായിടത്തും ഒരേ പ്രാധാന്യം ലഭിക്കുന്നില്ല. ഒരു ജില്ലയിൽ ആയിരക്കണക്കിന് രോഗവിവരങ്ങൾ ശേഖരിക്കപ്പെട്ടാലും അവയിൽ നിന്ന് ഭാവിപ്രവണതകൾ കണ്ടെത്താൻ ആവശ്യമായ ആഴത്തിലുള്ള വിശകലനം എല്ലായ്പ്പോഴും നടക്കണമെന്നില്ല.

ജില്ലാ എപ്പിഡെമിയോളജി യൂണിറ്റുകളുടെ ശേഷിയും ഇതുമായി ബന്ധപ്പെട്ട പ്രധാന വിഷയമാണ്. കേരളത്തിലെ പല ജില്ലകളിലും പ്രതിഭാശാലികളായ എപ്പിഡെമിയോളജിസ്റ്റുകളും പൊതുജനാരോഗ്യവിദഗ്ധരും പ്രവർത്തിക്കുന്നുണ്ടെങ്കിലും മനുഷ്യവിഭവശേഷിയുടെ കുറവ് ഒരു യാഥാർത്ഥ്യമാണ്. രോഗപൊട്ടിപ്പുറപ്പെടലുകൾ അന്വേഷിക്കൽ, റിപ്പോർട്ടുകൾ തയ്യാറാക്കൽ, യോഗങ്ങൾ, പരിശീലനങ്ങൾ, ഫീൽഡ് സന്ദർശനങ്ങൾ, മാധ്യമഇടപെടലുകൾ തുടങ്ങിയ നിരവധി ഉത്തരവാദിത്തങ്ങൾ ഒരേ സംഘത്തിന് നിർവഹിക്കേണ്ടിവരുന്നു. ഫലത്തിൽ ദീർഘകാല പ്രവണതാവിശകലനത്തിനും പ്രവചന മാതൃകകൾ വികസിപ്പിക്കുന്നതിനും ആവശ്യമായ സമയം ലഭിക്കാതെ വരാം.

സ്വകാര്യ ആരോഗ്യരംഗത്തിൽ നിന്നുള്ള വിവരശേഖരണവും ഒരു വെല്ലുവിളിയാണ്. കേരളത്തിലെ രോഗികളുടെ വലിയൊരു വിഭാഗം സ്വകാര്യ ആശുപത്രികളെയും ക്ലിനിക്കുകളെയും ആശ്രയിക്കുന്നു. ഗുരുതര രോഗങ്ങളുടെയും സ്ഥിരീകരിക്കപ്പെട്ട കേസുകളുടെയും വിവരങ്ങൾ പലപ്പോഴും ലഭിക്കുന്നുണ്ടെങ്കിലും എല്ലാ ഔട്ട് പേഷ്യന്റ് (OP) വിവരങ്ങളും സമഗ്രമായി ലഭിക്കുന്നില്ല.

ഉദാഹരണത്തിന് ഒരു പ്രദേശത്ത് വൈറൽ പനി, വയറിളക്കം, ത്വക്ക് രോഗങ്ങൾ എന്നിവയുടെ OP കേസുകൾ അസാധാരണമായി വർധിക്കുന്നത് ഒരു രോഗപൊട്ടിപ്പുറപ്പെടലിന്റെ ആദ്യ സൂചനയായിരിക്കാം. എന്നാൽ ഇത്തരം വിവരങ്ങൾ പലപ്പോഴും രോഗനിരീക്ഷണ സംവിധാനങ്ങളിൽ പൂർണ്ണമായി സംയോജിപ്പിക്കപ്പെടുന്നില്ല.

ഇവിടെ ഒരു അടിസ്ഥാനപ്രശ്നം ഉയരുന്നു. നാം രോഗങ്ങളെ നിരീക്ഷിക്കുകയാണോ, അതോ ആരോഗ്യപരിസ്ഥിതിയെ നിരീക്ഷിക്കുകയാണോ? ഇന്നത്തെ രോഗനിരീക്ഷണസംവിധാനങ്ങൾ കൂടുതലും രോഗികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നു. എന്നാൽ രോഗവ്യാപനം നിർണയിക്കുന്നത് രോഗാണു (Agent), മനുഷ്യൻ (Host), പരിസ്ഥിതി (Environment) എന്നിവ തമ്മിലുള്ള ബന്ധമാണ്. ഈ മൂന്ന് ഘടകങ്ങളിലുമുള്ള മാറ്റങ്ങൾ തുടർച്ചയായി നിരീക്ഷിക്കാതെ ഭാവി പ്രവചനങ്ങൾ കൃത്യമായി നടത്താൻ കഴിയില്ല.

രാഷ്ട്രീയമായി കാണാൻ കഴിയുന്ന അടിസ്ഥാനസൗകര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുമ്പോൾ പൊതുജനാരോഗ്യ ഇന്റലിജൻസ് സംവിധാനങ്ങൾക്കുവേണ്ട നിക്ഷേപം പലപ്പോഴും പിന്നിലേക്കു പോകുന്നു.

ഡെങ്കിപ്പനി ഉദാഹരണമായി എടുത്താൽ രോഗികളുടെ എണ്ണം മാത്രം അറിയുന്നത് മതിയാകില്ല. മഴയുടെ അളവ്, താപനില, ഈർപ്പം, കൊതുകുകളുടെ സാന്ദ്രത, നഗരവൽക്കരണ മാറ്റങ്ങൾ, മാലിന്യക്കൂമ്പാരങ്ങൾ, ജലസംഭരണ രീതികൾ തുടങ്ങിയ വിവരങ്ങളും ആവശ്യമാണ്. ഹെപ്പറ്റൈറ്റിസ് A പ്രവചിക്കാൻ ജലഗുണനിലവാര വിവരങ്ങൾ ആവശ്യമാണ്. നിപ പോലുള്ള രോഗങ്ങൾക്ക് വന്യജീവി നിരീക്ഷണവിവരങ്ങളും ആവശ്യമാണ്. ഇതാണ് "One Health Surveillance" എന്ന ആശയത്തിന്റെ അടിസ്ഥാനം.

അപ്പോൾ ചോദ്യം ഉയരുന്നു: ഇത്രയും വിവരങ്ങൾ ശേഖരിക്കാൻ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കാത്തത് എന്തുകൊണ്ട്?

സാങ്കേതികവിദ്യയുടെ അഭാവമല്ല പ്രധാന പ്രശ്നം. GIS മാപ്പിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, മൊബൈൽ ഡാറ്റ, കാലാവസ്ഥാ മോഡലുകൾ, സാറ്റലൈറ്റ് വിവരങ്ങൾ, ഡിജിറ്റൽ ഹെൽത്ത് റെക്കോർഡുകൾ എന്നിവ ഇന്ന് ലഭ്യമാണ്. എന്നാൽ ഈ വിവരങ്ങൾ ഏകോപിപ്പിക്കാൻ ആവശ്യമായ സ്ഥാപനഘടന, നിക്ഷേപം, മനുഷ്യവിഭവശേഷി, ഡേറ്റാ സയന്റിസ്റ്റുകൾ, പൊതുജനാരോഗ്യ വിശകലനവിദഗ്ധർ, ഡേറ്റാ ഗവേണൻസ് സംവിധാനങ്ങൾ എന്നിവയുടെ വികസനം താരതമ്യേന മന്ദഗതിയിലാണ്.

ഇതിനു പിന്നിൽ രാഷ്ട്രീയ- സാമ്പത്തിക ഘടകങ്ങളും ഉണ്ട്. ഒരു പുതിയ ആശുപത്രി കെട്ടിടമോ ഒരു MRI സ്കാനറോ പൊതുജനങ്ങൾക്ക് ദൃശ്യമാണ്. എന്നാൽ രോഗനിരീക്ഷണത്തിനുള്ള ഡേറ്റാ സർവർ, എപ്പിഡെമിയോളജിസ്റ്റ്, GIS വിദഗ്ധർ, ഡേറ്റാ അനലിസ്റ്റ് എന്നിവരുടെ പ്രവർത്തനം അദൃശ്യമാണ്. രാഷ്ട്രീയമായി കാണാൻ കഴിയുന്ന അടിസ്ഥാനസൗകര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുമ്പോൾ പൊതുജനാരോഗ്യ ഇന്റലിജൻസ് സംവിധാനങ്ങൾക്കുവേണ്ട നിക്ഷേപം പലപ്പോഴും പിന്നിലേക്കു പോകുന്നു.

ആരോഗ്യരംഗത്തിന്റെ ധനവൽക്കരണവും ഇവിടെ പ്രസക്തമാണ്. ചികിത്സ, പരിശോധന, ആശുപത്രി സേവനങ്ങൾ, ഇൻഷുറൻസ് എന്നിവയ്ക്ക് വ്യക്തമായ സാമ്പത്തിക മൂല്യമുണ്ട്. എന്നാൽ രോഗനിരീക്ഷണവും പ്രവചനവും പ്രതിരോധവും പൊതുസമ്പത്ത് (Public Good) സ്വഭാവമുള്ളവയാണ്. ഇവ വിപണിക്ക് ലാഭകരമല്ല. അതിനാൽ ശക്തമായ പൊതുമേഖലാനിക്ഷേപമില്ലാതെ ഈ മേഖലകൾ വികസിക്കാറില്ല.

കേരളത്തിലെ സാംക്രമികരോഗങ്ങളുടെ ഭാവിനിയന്ത്രണത്തിന് രോഗറിപ്പോർട്ടിംഗ് സംവിധാനത്തിൽനിന്ന് പൊതുജനാരോഗ്യ ഇന്റലിജൻസ് സംവിധാനത്തിലേക്കുള്ള മാറ്റം ആവശ്യമാണ്. രോഗികളുടെ എണ്ണമറിയുന്നതിൽ നിന്ന് അപകടസാധ്യതകൾ മുൻകൂട്ടി തിരിച്ചറിയുന്ന സംവിധാനത്തിലേക്ക് മാറണം. ആശുപത്രികളിൽ നിന്നുള്ള വിവരങ്ങൾ മാത്രമല്ല, കാലാവസ്ഥ, ജലസുരക്ഷ, ഭക്ഷ്യസുരക്ഷ, മൃഗാരോഗ്യം, പരിസ്ഥിതി, ജനസംഖ്യാചലനങ്ങൾ, സോഷ്യൽ മീഡിയ പ്രവണതകൾ തുടങ്ങിയ വിവരങ്ങളും സംയോജിപ്പിക്കുന്ന ബഹുമേഖലാ നിരീക്ഷണ സംവിധാനങ്ങൾ വികസിപ്പിക്കേണ്ടതുണ്ട്.

സാംക്രമികരോഗങ്ങൾക്കെതിരായ ഭാവിപോരാട്ടം ആശുപത്രികളിൽ മാത്രമല്ല നടക്കുക. അത് ഡേറ്റയിലും വിവരങ്ങളിലും പ്രവചനശേഷിയിലും നടക്കും. രോഗം വന്നശേഷം അറിയുന്ന ആരോഗ്യസംവിധാനത്തിൽനിന്ന്, രോഗം വരുന്നതിനുമുമ്പ് അറിയുന്ന പൊതുജനാരോഗ്യ സംവിധാനത്തിലേക്കുള്ള മാറ്റമാണ് കേരളത്തിന്റെ അടുത്ത വലിയ വെല്ലുവിളി.

കേരളത്തിന്റെ ഭാവിആരോഗ്യനയത്തിന് ഏറ്റവും വലിയ വെല്ലുവിളി ആശുപത്രികളും പൊതുജനാരോഗ്യവും തമ്മിലുള്ള ഈ അസന്തുലിതാവസ്ഥ പരിഹരിക്കുകയെന്നതാണ്. കൂടുതൽ ആശുപത്രികളും കൂടുതൽ സാങ്കേതികവിദ്യകളും മാത്രം മതിയാകില്ല.
കേരളത്തിന്റെ ഭാവിആരോഗ്യനയത്തിന് ഏറ്റവും വലിയ വെല്ലുവിളി ആശുപത്രികളും പൊതുജനാരോഗ്യവും തമ്മിലുള്ള ഈ അസന്തുലിതാവസ്ഥ പരിഹരിക്കുകയെന്നതാണ്. കൂടുതൽ ആശുപത്രികളും കൂടുതൽ സാങ്കേതികവിദ്യകളും മാത്രം മതിയാകില്ല.

ധനവൽക്കരണം എന്നത് ആരോഗ്യസേവനങ്ങളെ സാമൂഹിക അവകാശം എന്നതിലുപരി സാമ്പത്തിക നിക്ഷേപ മേഖലയും ലാഭമുണ്ടാക്കുന്ന വ്യവസായവുമായാണ് കാണുന്നത്. ആശുപത്രികൾ ചികിത്സാകേന്ദ്രങ്ങൾ മാത്രമല്ല, മറിച്ച് വരുമാനം സൃഷ്ടിക്കുന്ന സ്ഥാപനങ്ങളായി മാറുന്നു. രോഗികൾ സേവനം ലഭിക്കുന്ന പൗരർ എന്നതിലുപരി ആരോഗ്യവിപണിയിലെ ഉപഭോക്താക്കളായി മാറുന്നു. ഈ സാഹചര്യത്തിൽ ആരോഗ്യരംഗത്തിന്റെ ശ്രദ്ധ രോഗപ്രതിരോധത്തിൽ നിന്ന് ചികിത്സയിലേക്കും സമൂഹത്തിലേക്കുള്ള ഇടപെടലുകളിൽനിന്ന് വ്യക്തിഗത മെഡിക്കൽ സേവനങ്ങളിലേക്കും മാറുന്നു. ഇത്തരം ആഴത്തിലുള്ള രാഷ്ട്രീയപ്രശ്നങ്ങളിൽ നിലപാട് എടുക്കുന്ന സമൂഹം പകർച്ചവ്യാധി നിയന്ത്രണത്തിനും മുന്നുപാധിയാണ്.

കേരളത്തിന്റെ ഭാവിആരോഗ്യനയത്തിന് ഏറ്റവും വലിയ വെല്ലുവിളി ആശുപത്രികളും പൊതുജനാരോഗ്യവും തമ്മിലുള്ള ഈ അസന്തുലിതാവസ്ഥ പരിഹരിക്കുകയെന്നതാണ്. കൂടുതൽ ആശുപത്രികളും കൂടുതൽ സാങ്കേതികവിദ്യകളും മാത്രം മതിയാകില്ല. സുരക്ഷിത ജലവിതരണം, ശുചിത്വം, പരിസ്ഥിതി സംരക്ഷണം, രോഗനിരീക്ഷണം, വെക്റ്റർ നിയന്ത്രണം, ആരോഗ്യവിദ്യാഭ്യാസം, പ്രാഥമികാരോഗ്യ സംവിധാനം, സാമൂഹിക പങ്കാളിത്തം എന്നിവയിൽ നിക്ഷേപം വർധിപ്പിക്കാതെ സാംക്രമികരോഗങ്ങളുടെ തിരിച്ചുവരവിനെ തടയാൻ കഴിയില്ല.

ഒരു സമൂഹത്തിന്റെ ആരോഗ്യനിലയെ നിർണയിക്കുന്നത് അതിന്റെ ആശുപത്രികളുടെ ഉയരമല്ല; മറിച്ച് രോഗങ്ങളുണ്ടാകാതിരിക്കാൻ അതിന് കഴിയുന്ന ശേഷിയാണ്. ആരോഗ്യരംഗത്തിന്റെ യഥാർത്ഥ വിജയം കൂടുതൽ രോഗികളെ ചികിത്സിക്കുന്നതിലല്ല, മറിച്ച്, കുറച്ച് രോഗികളെ മാത്രം ചികിത്സിക്കേണ്ടിവരുന്ന ഒരു സമൂഹം സൃഷ്ടിക്കുന്നതിലാണ്.


Summary: Kerala need a public health system that recognizes disease before it occurs, Dr Mubarack Sani writes about Communicable Diseases.


ഡോ. മുബാറക് സാനി

വകുപ്പ് മേധാവി, കമ്യൂണിറ്റി വിഭാഗം, എം.ഇ.എസ് മെഡിക്കൽ കോളേജ്, പെരിന്തൽമണ്ണ. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആരോഗ്യ വിഷയ സമിതി ചെയർമാൻ.

Comments