ക്ലിനിക്കൽ
എസ്റ്റാബ്ലിഷ്‌മെന്റ്സ് നിയമം; പരിഹരിക്കപ്പെടേണ്ട ആശങ്കകൾ

16 വർഷം മുമ്പാണ് ഇന്ത്യൻ പാർലമെൻറിൽ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്സ് നിയമം പാസ്സായത്. കേരളത്തിൽ സംസ്ഥാന നിയമസഭ ബിൽ പാസ്സാക്കിയിട്ട് 7 വർഷം കഴിഞ്ഞു. ഇപ്പോഴും പൂർണ അർത്ഥത്തിൽ നടപ്പിലായിട്ടില്ല. കോർപ്പറേറ്റുകൾക്ക് ഗുണം നൽകുന്ന തരത്തിൽ ചെറുകിട ആരോഗ്യസ്ഥാപനങ്ങളെ തകർത്ത് അവിടത്തെ തൊഴിലാളികളെ പ്രതിസന്ധിയിലാക്കി അത്തരം പ്രാദേശിക ആരോഗ്യകേന്ദ്രങ്ങളെ ഇല്ലാതാക്കാനുള്ള നിയമങ്ങളെ ജാഗ്രതയോടെ കാണേണ്ടതുണ്ട്, ടി. ശ്രീജിത്ത് എഴുതുന്നു.

രാജ്യത്തെ ആരോഗ്യമേഖലയിൽ സമഗ്രപരിഷ്കരണം നടപ്പിലാക്കാൻ പോവുകയാണെന്ന പ്രഖ്യാപനത്തോടെ 2010-ലാണ് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻറ്സ് ആക്ട് പാർലമെൻറിൽ പാസ്സാവുന്നത്. ക്ലിനിക്കുകൾ, ലാബുകൾ എന്നിവയടക്കമുള്ള ആരോഗ്യസ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ, ഗുണനിലവാര നിയന്ത്രണം, ഏകീകരണം, അവിടങ്ങളിൽ ഉണ്ടാവേണ്ട അടിസ്ഥാനരമായ സേവനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങളാണ് നിയമത്തിലുള്ളത്. പാർലമെൻറ് നിയമം പാസ്സാക്കിയതിന് പിന്നാലെ എല്ലാ സംസ്ഥാനങ്ങളിലും ഇത് നടപ്പിലാക്കണമെന്ന് കേന്ദ്രം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

സിക്കിം, മിസ്സോറാം, അരുണാചൽ പ്രദേശ്, ബീഹാർ, ജാർക്കണ്ഠ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ആസ്സാം, ഹരിയാന, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവടങ്ങളിലെ നിയമസഭകളെല്ലാം ഇത് പാസ്സാക്കുകയും നിയമമാക്കുകയും ചെയ്തിട്ടുണ്ട്. ആരോഗ്യം എന്നത് സ്റ്റേറ്റ് ലിസ്റ്റിൽ വരുന്നതിനാൽ അതത് സംസ്ഥാനങ്ങളാണ് നിയമം നടപ്പിലാക്കേണ്ടത്. 2010-ൽ പാർലമെൻറ് പാസ്സാക്കിയ ബിൽ കേരളം പരിഗണിക്കുന്നത് 2018-ലാണ്. നിയമസഭയിൽ ബിൽ പാസ്സാക്കിയെങ്കിലും പൂർണ അർത്ഥത്തിൽ ഇതുവരെ സംസ്ഥാനത്ത് നടപ്പാക്കിയിട്ടില്ല. ആശുപത്രികൾ, ക്ലിനിക്കുകൾ, ഡയഗ്നോസ്റ്റിക് ലാബുകൾ, നഴ്സിംഗ് ഹോമുകൾ, മൾട്ടി സ്പെഷ്യാലിറ്റി സെന്ററുകൾ എന്നിവയെല്ലാം ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻറ് പരിഗണനയിൽ വരും. ഇവയുടെ പ്രവർത്തനങ്ങളിൽ സമഗ്രമായ പരിഷ്കാരമാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.

കോർപ്പറേറ്റുകളെ സഹായിക്കുന്ന നിയമം ചെറുകിട ആരോഗ്യസ്ഥാപനങ്ങളെയും ക്ലിനിക്കുകളെയും ദോഷകരമായി ബാധിക്കുമെന്ന വിമർശനം തുടക്കം മുതലേ ഉയർന്നിരുന്നു.

കോർപ്പറേറ്റുകളെ സഹായിക്കുന്ന നിയമം ചെറുകിട ആരോഗ്യസ്ഥാപനങ്ങളെയും ക്ലിനിക്കുകളെയും ദോഷകരമായി ബാധിക്കുമെന്ന വിമർശനം തുടക്കം മുതലേ ഉയർന്നിരുന്നു. രജിസ്ട്രേഷൻ അടക്കമുള്ള കാര്യങ്ങളിലുള്ള കടുത്ത നിബന്ധനകൾക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും സ്വകാര്യ ആശുപത്രികളുടെ സംഘടനകളുമൊക്കെ രംഗത്തെത്തി. കേരളത്തിൻെറ ആരോഗ്യമേഖല മെച്ചപ്പെടുത്തുന്നതിൽ ഗ്രാമീണ മേഖലയിലെ ആരോഗ്യസ്ഥാപനങ്ങൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പ്രസവചികിത്സയും കിടത്തിചികിത്സയുമെല്ലാം നഗരങ്ങളിൽ മാത്രം ലഭ്യമായിരുന്ന കാലത്ത് നിന്ന് മാറി അതെല്ലാം ഗ്രാമപ്രദേശങ്ങളിലും ലഭ്യമായി തുടങ്ങിയത് അവിടങ്ങളിൽ നിന്നും അധികം അകലെയല്ലാത്ത ഇടങ്ങളിൽ എല്ലാവർക്കും ലഭ്യമാവുന്ന നിലയിൽ ആരോഗ്യസ്ഥാപനങ്ങൾ വന്നു തുടങ്ങിയപ്പോഴാണ്.

ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സ് നിയമത്തിലെ അപ്രായോഗികമായ വ്യവസ്ഥകളിൽ നിന്ന് ചെറുകിട ആശുപത്രികളെ ഒഴിവാക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെടുന്നു.
ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സ് നിയമത്തിലെ അപ്രായോഗികമായ വ്യവസ്ഥകളിൽ നിന്ന് ചെറുകിട ആശുപത്രികളെ ഒഴിവാക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെടുന്നു.

ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻറ്സ് ബിൽ നടപ്പായാൽ അതിൽ പറയുന്ന നിബന്ധനകൾ പാലിച്ച് കൊണ്ട് മാത്രമേ ചെറുകിട ലാബുകൾക്കും ക്ലിനിക്കുകൾക്കും പ്രവർത്തിക്കാൻ പറ്റൂ. ഈ നിയമപ്രകാരം അവ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതായുമുണ്ട്. മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാവുകയോ പിഴ അടയ്ക്കേണ്ടതായോ ഒക്കെ വരും. കടുത്ത നിബന്ധനകൾ വെച്ചുകൊണ്ട് ചെറുകിട ക്ലിനിക്കുകളെയും ആശുപത്രികളെയും സമ്മ‍ർദ്ദത്തിലാക്കി ആരോഗ്യമേഖലയിൽ കോ‍ർപ്പറേറ്റുകൾക്ക് കൂടുതൽ സൗകര്യമൊരുക്കാനാണ് നിയമം നടപ്പിലാക്കുന്നതെന്ന വിമർശനവും ഉന്നയിക്കപ്പെടുന്നുണ്ട്. ചെറുകിട ക്ലിനിക്കുകളിൽ എമർജൻസി രോഗികളെ ചികിത്സിക്കാനുള്ള സംവിധാനം വേണമെന്ന കർശന വ്യവസ്ഥ നിയമത്തിലുണ്ട്. ചെറിയ ആശുപത്രികളിൽ പോലും വെൻറിലേറ്റർ സൗകര്യം വേണമെന്നും പറയുന്നു. ഇതൊന്നും പ്രായോഗികമായ കാര്യമല്ല. ചെറുകിട ആശുപത്രികളുടെ നിലനിൽപ്പും അവ നമ്മുടെ ആരോഗ്യമേഖലയിൽ വഹിക്കുന്ന റോളും എന്താണെന്ന് പോലും ബോധ്യമില്ലാതെയാണ് ഇത്തരത്തിലുള്ള വ്യവസ്ഥകൾ നിയമത്തിൽ വെച്ചിരിക്കുന്നത്. നിയമത്തിലെ 39ാം വകുപ്പ് പ്രകാരം ആരോഗ്യസ്ഥാപനങ്ങളിൽ ഓരോ ചികിത്സയ്ക്കും ടെസ്റ്റിനും മറ്റ് കാര്യങ്ങൾക്കുമുള്ള ഫീസ്, ചെലവ് തുടങ്ങിയവയെല്ലാം പ്രസിദ്ധീകരിക്കണമെന്നുമുണ്ട്.

ചെറുകിട ക്ലിനിക്കുകളിൽ എമർജൻസി രോഗികളെ ചികിത്സിക്കാനുള്ള സംവിധാനം വേണമെന്ന കർശന വ്യവസ്ഥ നിയമത്തിലുണ്ട്. ചെറിയ ആശുപത്രികളിൽ പോലും വെൻറിലേറ്റർ സൗകര്യം വേണമെന്നും പറയുന്നു. ഇതൊന്നും പ്രായോഗികമല്ലെന്നും വാദമുണ്ട്.

അപ്രായോഗികമായതും ചെറുകിട ആശുപത്രികളെ പ്രതിസന്ധിയിലാക്കുന്നതുമായ നിയമം നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ കോടതിയെ സമീപിച്ചിട്ടുണ്ട്. ഹൈക്കോടതിയിൽ നിന്ന് ഇവർക്ക് അനുകൂലമായ വിധിയല്ല ലഭിച്ചത്. നിയമത്തിൽ ഭരണഘടനാവിരുദ്ധമായി ഒന്നും തന്നെയില്ലെന്നും രോഗികളുടെ ക്ഷേമവും സാമൂഹ്യക്ഷേമവും ലക്ഷ്യമിട്ടുകൊണ്ടുള്ള നിയമമാണിതെന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻെറ നിരീക്ഷണം. എത്രയും പെട്ടെന്ന് നിയമം നടപ്പിലാക്കണമെന്നുമാണ് കോടതി ആവശ്യപ്പെട്ടത്. ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും വിവരങ്ങൾ പൊതു ഇടത്തിൽ പ്രസിദ്ധീകരിക്കുന്നത് മറ്റ് ആരോഗ്യസ്ഥാപനങ്ങളുമായി അനാവശ്യമായ കിടമത്സരം ഉണ്ടാവുന്നതിനും അത് ആശുപത്രിയുടെ സമഗ്രമായ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും അസോസിയേഷൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നിയമം പൂർണാർത്ഥത്തിൽ നടപ്പാക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ സംഘടനകൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. നിലവിൽ ഇത് കോടതിയുടെ പരിഗണനയിലാണ്.

അപ്രായോഗികമായതും ചെറുകിട ആശുപത്രികളെ പ്രതിസന്ധിയിലാക്കുന്നതുമായ നിയമം നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ കോടതിയെ സമീപിച്ചിട്ടുണ്ട്.
അപ്രായോഗികമായതും ചെറുകിട ആശുപത്രികളെ പ്രതിസന്ധിയിലാക്കുന്നതുമായ നിയമം നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ കോടതിയെ സമീപിച്ചിട്ടുണ്ട്.

ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സ് നിയമത്തിലെ അപ്രായോഗികമായ വ്യവസ്ഥകളിൽ നിന്ന് ചെറുകിട ആശുപത്രികളെ ഒഴിവാക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ആവശ്യപ്പെടുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളത്തിൽ 1306 ഒ.പി സ്ഥാപനങ്ങളും 444 കിടത്തിച്ചികിത്സാ സൗകര്യങ്ങളുള്ള ചെറുകിട ആശുപത്രികളും അടച്ചുപൂട്ടിയതായി ഐ.എം.എയുടെ കണക്കുകൾ പറയുന്നുണ്ട്. ഡോക്ടർമാർ നേരിട്ട് നടത്തുന്ന ചെറുകിട ആശുപത്രികളെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സ് രജിസ്‌ട്രേഷനിൽ നിന്ന് ഒഴിവാക്കണമെന്നും വലിയ കെട്ടിടസൗകര്യങ്ങളും ഓഫീസ് സംവിധാനങ്ങളും നിർബന്ധമാക്കുന്നത് ചികിത്സാ ചെലവ് വർദ്ധിക്കാൻ കാരണമാകുമെന്നും സംഘടന പറയുന്നു. ആശുപത്രികൾക്ക് പുറമെ ലബോറട്ടറികൾക്കും നിയമത്തിലെ വ്യവസ്ഥകൾ വലിയ വെല്ലുവിളിയാവുന്നുണ്ട്. നിയമം നടപ്പിലായാൽ അത് ലബോറട്ടറികളുടെ നിലനിൽപ്പിന് ഭീഷണിയാണെന്നാണ് ആ മേഖലയിലുള്ളവരുടെ വാദം.

ചെറുകിട ക്ലിനിക്കുകൾക്ക് അധിക സാമ്പത്തികഭാരം ഉണ്ടാവുമെന്നതാണ് നിയമം കൊണ്ടുള്ള മറ്റൊരു പ്രധാന പ്രശ്നം. നിയമത്തിൽ പറയുന്ന മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ അധിക ചെലവ് വരാം. ഇത് കാരണം ഗ്രാമപ്രദേശങ്ങളിലെ ചെറിയ ക്ലിനിക്കുകൾ വരെ അടച്ചുപൂട്ടേണ്ട സാഹചര്യം ഉണ്ടാകാമെന്ന ആശങ്കയുണ്ട്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന ആരോഗ്യസ്ഥാപനങ്ങളിൽ ഭരണകൂടത്തിൻെറ നേരിട്ടുള്ള ഇടപെടൽ ഉണ്ടാവും. ഇത് നടപടിക്രമങ്ങളെയെല്ലാം ബാധിക്കും. അമിതനിയന്ത്രണം ഡോക്ടർമാരെയും സമ്മർദ്ദത്തിലാക്കും.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളത്തിൽ 1306 ഒ.പി സ്ഥാപനങ്ങളും 444 കിടത്തിച്ചികിത്സാ സൗകര്യങ്ങളുള്ള ചെറുകിട ആശുപത്രികളും അടച്ചുപൂട്ടിയതായി ഐ.എം.എയുടെ കണക്കുകൾ പറയുന്നുണ്ട്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളത്തിൽ 1306 ഒ.പി സ്ഥാപനങ്ങളും 444 കിടത്തിച്ചികിത്സാ സൗകര്യങ്ങളുള്ള ചെറുകിട ആശുപത്രികളും അടച്ചുപൂട്ടിയതായി ഐ.എം.എയുടെ കണക്കുകൾ പറയുന്നുണ്ട്.

നിയമത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്

ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻറ്സ് നിയമം സമ്പൂർണമായി പിഴവുകൾ നിറഞ്ഞതാണെന്നും അത് നടപ്പിലാക്കരുതെന്നും പറയുക വയ്യ. അതിലെ അപ്രായോഗികതകളും പാകപ്പിഴവുകളും തിരുത്തി, ജനത്തിന് ഗുണകരമാവുന്ന രീതിയിൽ അതേസമയം പ്രാദേശികതലത്തിൽ പ്രവർത്തിക്കുന്ന ചെറുകിട ആരോഗ്യസ്ഥാപനങ്ങളെ തകർക്കുന്ന രീതിയിൽ അല്ലാതെ നിയമം നടപ്പിലാക്കാനാണ് ശ്രമിക്കേണ്ടത്. സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ കൂടി വന്നുകഴിഞ്ഞാലേ ഇനി ഇക്കാര്യത്തിൽ സർക്കാർ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയുള്ളൂ.

  • എല്ലാ ക്ലിനിക്കൽ സ്ഥാപനങ്ങളും വ്യവസ്ഥകൾ പാലിച്ച് രജിസ്ട്രേഷൻ നേടുന്നതിലൂടെ അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കുറയുമെന്ന് കരുതാം.

  • രോഗികൾക്ക് അടിസ്ഥാന നിലവാരമുള്ള ചികിത്സ ഉറപ്പാക്കുന്നു. സൗകര്യങ്ങൾ, ഉപകരണങ്ങൾ, ജീവനക്കാരുടെ യോഗ്യത എന്നിവയ്‌ക്കായി കുറഞ്ഞത് പാലിക്കേണ്ട മാനദണ്ഡങ്ങൾ നിശ്ചയിക്കപ്പെടുന്നു.

  • ചികിത്സാ സേവനങ്ങൾക്ക് പരമാവധി നിരക്കുകൾ നിർണ്ണയിക്കുകയും അവ പ്രദർശിപ്പിക്കുകയും വേണം. ഇതിലൂടെ അമിത ബില്ലിംഗ് ഇല്ലാതാക്കാനാണ് ലക്ഷ്യമിടുന്നത്.

  • മാനദണ്ഡങ്ങൾ പാലിക്കേണ്ടതുകൊണ്ട് ആരോഗ്യസേവനങ്ങളുടെ ഗുണമേന്മയും വിശ്വാസ്യതയും മെച്ചപ്പെടുമെന്ന് സർക്കാർ കരുതുന്നു.

രോഗങ്ങൾ, ചികിത്സകൾ എന്നിവയുടെ ഡാറ്റ സർക്കാരിന് ശേഖരിക്കാൻ സാധിക്കുകയും അതിലൂടെ ആരോഗ്യ നയങ്ങൾ രൂപപ്പെടുത്താനും കഴിയും. ചികിത്സാപ്പിഴവുകൾ ഉണ്ടാവുമ്പോൾ കർശനനടപടികൾ സ്വീകരിച്ചാൽ ഈ പ്രശ്നവും ഒരു പരിധിവരെ പരിഹരിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.

16 വർഷം മുമ്പാണ് ഇന്ത്യൻ പാർലമെൻറിൽ നിയമം പാസ്സായത്. സംസ്ഥാന നിയമസഭ ബിൽ പാസ്സാക്കിയിട്ട് 7 വർഷമായി. വിമർശനങ്ങളെ മുഖവിലക്കെടുത്താവണം ആരോഗ്യമേഖലയെ പുരോഗതിയിലേക്ക് നയിക്കേണ്ടത്. കോർപ്പറേറ്റുകൾക്ക് ഗുണം നൽകുന്ന തരത്തിൽ ചെറുകിട ആരോഗ്യസ്ഥാപനങ്ങളെ തകർത്ത് അവിടത്തെ തൊഴിലാളികളെ പ്രതിസന്ധിയിലാക്കി അത്തരം പ്രാദേശിക ആരോഗ്യകേന്ദ്രങ്ങളെ ഇല്ലാതാക്കാനുള്ള നിയമങ്ങളല്ല നടപ്പിലാക്കപ്പെടേണ്ടത്.

കേരളത്തിലെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ ചർച്ച ചെയ്യുന്ന ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 180 (2024 മെയ് 23) വീണ്ടും വായിക്കാം


Summary: The Clinical Establishments Act was passed in the Indian Parliament 16 years ago. In Kerala, it has been 7 years since the State Legislative Assembly passed the bill, T Sreejith writes.


ടി. ശ്രീജിത്ത്

ട്രൂ കോപ്പി സീനിയ‍ർ ന്യൂസ് കോർഡിനേറ്റർ

Comments