ഔഷധനിർമ്മാണവും വ്യാപാരവും ജനങ്ങളുടെ ആരോഗ്യവും ജീവനും നിലനിർത്തുന്നതിന് അത്യാവശ്യമായതിനാൽ, ഏതു രാജ്യത്തും കൃത്യതയോടെയും കർശന ഗുണനിലവാരചട്ടങ്ങൾ പാലിച്ചും പ്രവർത്തിക്കേണ്ട മേഖലയാണിത്. പകരം ലാഭേച്ഛ മാത്രം കണ്ട് ഉത്പാദകരും വിൽപ്പനക്കാരും ഉത്തരവാദിത്വം മറന്ന് പ്രവർത്തിച്ചതിന്റെ ഫലമാണ് ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവം. ഈ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ട കേന്ദ്ര - സംസ്ഥാന സർക്കാർ സംവിധാനങ്ങൾ ശരിയായ വിധത്തിൽ പ്രവർത്തിക്കാത്തതുകൊണ്ടാണ് ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുന്നത്.
ഇപ്പോൾ സംഭവിച്ച ‘കഫ് സിറപ്പ് ദുരന്തം’ ആരംഭിക്കുന്നത് മദ്ധ്യപ്രദേശിലെ ചിന്ത് വാര ജില്ലയിൽ സപ്തംബർ ആദ്യവാരം നടന്ന കുട്ടിയുടെ മരണത്തോടെയാണ്. രണ്ടാഴ്ച കഴിഞ്ഞപ്പോൾ അതേ ജില്ലയിൽ ജലദോഷവും ചുമയുമുണ്ടായിരുന്ന ആറു കുട്ടികൾ കൂടി മരിച്ചു. എല്ലാവരും അഞ്ച് വയസ്സിൽ താഴെയുള്ളവർ. പിന്നീടുള്ള ദിവസങ്ങളിൽ രാജസ്ഥാനിൽ നാലു കുട്ടികളും മഹാരാഷ്ട്രയിൽ ഒരു കുട്ടിയും മരിച്ചു. എല്ലാവർക്കും ഒരേപോലെ വൃക്കകളുടെ പ്രവർത്തനം നിലയ്ക്കുന്ന രോഗലക്ഷണങ്ങളുണ്ടായിരുന്നു. ജലദോഷം, ഫ്ലൂ, വൈറൽ പനി, മൂക്കടപ്പ്, മൂക്കൊലിപ്പ് എന്നിങ്ങനെ ചില ലക്ഷണങ്ങളുണ്ടായിരുന്ന എല്ലാ കുട്ടികൾക്കും ചുമ സിറപ്പ് നൽകിയിരുന്നു. ഈ കുട്ടികൾക്കെല്ലാവർക്കും ഗുരുതരമായ വൃക്കരോഗം ബാധിച്ചിരുന്നു. മൂത്രത്തിന്റെ അളവ് കുറയുകയും വൃക്കകളുടെ പ്രവർത്തനക്ഷമത നഷ്ടപ്പെടുകയും ചെയ്താണ് കുട്ടികൾ അതിവേഗം മരണത്തിന് കീഴടങ്ങിയത്. ഇതാകട്ടെ അവരുടെ പനിയും ജലദോഷവുമായി ബന്ധമുള്ള രോഗാവസ്ഥയായിരുന്നുമില്ല.
30,000-ഓളം പ്രാഥമികാരോഗ്യകേന്ദ്രങ്ങളുള്ള ഇന്ത്യയിൽ 10,000- ലധികം ഔഷധ നിർമാണ ശാലകളുണ്ട്. ഇതിൽ 30% മാത്രമേ ഗുഡ് മാനുഫാക്ച്ചറിങ്ങ് പ്രാക്ടീസ് സർട്ടിഫൈ ചെയ്തിട്ടുള്ളൂ എന്നാണ് അറിയാൻ കഴിഞ്ഞത്.
കുട്ടികളിലെ മരണവിവരമറിഞ്ഞുതുടങ്ങിയ ആദ്യ ദിവസങ്ങളിൽ, അണുബാധ മൂലമുണ്ടാകുന്ന മസ്തിഷ്ക ജ്വരം (അക്യൂട്ട് എൻസെഫലൈറ്റിസ്) എന്നാണ് സംസ്ഥാനങ്ങളിലെ ആരോഗ്യ അധികൃതർ റിപ്പോർട്ട് ചെയ്തത്. മരിച്ച ഒരു കുട്ടിയിൽനിന്ന് എലിപ്പനിയുടെ തെളിവ് കിട്ടി എന്ന ലാബ് പരിശോധനാ റിപ്പോർട്ട് പുറത്തുവരികയും ചെയ്തു.
ഒരേ ലക്ഷണങ്ങളും ഒരേതരം കഫ് സിറപ്പുകളും കഴിച്ചശേഷം സാമാനരീതിയിൽ സംഭവിച്ചവയാണ് ഈ മരണങ്ങളെല്ലാം. ഇതു സംബന്ധിച്ച ഡെത്ത് ഓഡിറ്റിന്റെ ഭാഗമായി എപിഡിമിയോളജിക്കൽ ഇൻവെസ്റ്റിഗേഷൻ നടത്തിയാൽ തന്നെ മനസ്സിലാക്കാവുന്ന മരണകാരണമായിരുന്നു ഇത്. അധികൃതരുടെ നിഷേധമനോഭാവം കൊണ്ട് അത് കണ്ടെത്തുന്നതിൽ കാലതാമസമുണ്ടാകുകയും പിന്നെയും ഇതേ സിറപ്പ് നൽകി കൂടുതൽ കുട്ടികളെ മരണത്തിലേക്ക് തള്ളിവിടുകയും ചെയ്യുകയായിരുന്നു.

മഹാരാഷ്ട്രയിലെ നാഗ്പുരിൽ മരിച്ച കുട്ടിയുടെ പ്രവർത്തനം നിലച്ച കിഡ്നി ബയോപ്സിയിൽ, ഡൈ എത്തിലീൻ ഗ്ലൈക്കോളിന്റെ അംശം കണ്ടെത്തിയപ്പോഴാണ് സർക്കാറിന്റെ കണ്ണ് തുറന്നത്. പ്രധാനമായും കോൾഡ് റിഫ്, നെക്സ്ട്രോ ഡി.എസ് എന്നീ കഫ് സിറപ്പുകളായിരുന്നു കുട്ടികൾക്ക് നൽകിയിരുന്നത് എന്ന് പിന്നീടറിഞ്ഞു. ഒക്ടോബർ 10 വരെ മൂന്ന് സംസ്ഥാനങ്ങളിലായി 22- ഓളം കുട്ടികൾ മരിച്ചിട്ടുണ്ട്.
ഒക്ടോബർ ഒന്നിന് മധ്യപ്രദേശ് ഉപമുഖ്യമന്ത്രിയും ആരോഗ്യവകുപ്പ് മന്ത്രിയുമായ രാജേന്ദ്ര ശുക്ല പുറത്തുവിട്ട വിവരപ്രകാരം, അവിടെ ടെസ്റ്റ് ചെയ്ത കഫ് സിറപ്പിന്റെ സാമ്പിളുകളിൽ ഒരു അപാകതയും കണ്ടെത്താനായില്ല. പക്ഷെ ശേഖരിച്ച സാമ്പിളുകളിൽ മൂന്നെണ്ണം മാത്രമേ പരിശോധിച്ചുള്ളൂ എന്ന് പിന്നീട് മനസ്സിലായി.
ഒക്ടോബർ രണ്ടിന് കോൾഡ് റിഫ് സിറപ്പ് ഉത്പാദനം നടത്തുന്ന തമിഴ്നാട് കാഞ്ചിപുരം ജില്ലയിലെ ശ്രേസൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നിന്ന് ശേഖരിച്ച കഫ് സിറപ്പുകളുടെ സാമ്പിളുകളിൽ 48.6 % ഡൈ എത്തിലീൻ ഗ്ലൈക്കോൾ കണ്ടെത്തിയതിനെ തുടർന്ന്, ലൈസൻസ് റദ്ദാക്കി യൂണിറ്റ് പൂട്ടി. ഇതൊക്കെ കഴിഞ്ഞ്, ഒക്ടോബർ നാലിനു മാത്രമാണ് മധ്യപ്രദേശ് ആരോഗ്യവകുപ്പ് മന്ത്രി ‘നിർഭാഗ്യകരം’ എന്നു പറഞ്ഞ്, മരിച്ച കുട്ടികളുടെ രക്ഷിതാക്കൾക്ക് നാലു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. മരിച്ചവർ ദരിദ്ര കുടുംബങ്ങളിലുള്ളവരാണ്. ഇവരുടെ ചികിത്സക്കായി കിടപ്പാടവും ഓട്ടോറിക്ഷയും സ്വർണാഭരണങ്ങളുമെല്ലാം വിൽക്കേണ്ടിവന്നതായി രക്ഷിതാക്കൾ വെളിപ്പെടുത്തിയിട്ടുണ്ട്.
മരണങ്ങൾക്കുശേഷം മരുന്ന് പ്രിസ്ക്രൈബ് ചെയ്ത സർക്കാർ ഡോക്ടർ അറസ്റ്റിലായി, സസ്പെൻഡും ചെയ്തു. രാജ്യത്ത് ലൈസൻസ് നൽകി വിൽക്കുന്ന മരുന്നുകളുടെ ഗുണനിലവാരമറിയാൻ ഡോക്ടർമാർക്ക് യാതൊരു മാർഗവുമില്ല. വിൽക്കപ്പെടുന്ന ഔഷധങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടത് നിർമ്മാതാക്കളുടെയും സർക്കാരുകളുടെയും ഉത്തരവാദിത്വമാണ്.
കേന്ദ്ര സർക്കാർ നിയമിച്ച കമീഷന്റെ നിർദേശമനുസരിച്ച് മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാൻ സംസ്ഥാനങ്ങളിൽ 50 ഔഷധ കമ്പനികൾക്കും 200 ഔഷധക്കടകൾക്കും ഒന്നു വീതം പരിശോധനാ ഉദ്യോഗസ്ഥർ വേണം.
ഇന്ത്യയിൽനിന്ന് മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയച്ച മരുന്നുകളിൽ ഈ വിഷവസ്തു കലർന്നിട്ടുണ്ടോ എന്ന വിവരമാരാഞ്ഞ് ലോകാരോഗ്യസംഘടനയിൽ നിന്ന് കേന്ദ്ര സർക്കാരിന് കത്ത് കിട്ടിയതായി വാർത്തയുമുണ്ട്. കുറഞ്ഞ ചെലവിൽ മരുന്നുൽപ്പാദിപ്പിച്ച് കയറ്റുമതി ചെയ്ത് ‘ലോകത്തിന്റെ ഫാർമസി’ (world pharmacy) എന്നറിയപ്പെടുന്ന ഇന്ത്യയ്ക്ക് ഇത് അപമാനമാണ്. മാത്രമല്ല, ഔഷധനിർമ്മാണവും വിതരണവുമായും ബന്ധപ്പെട്ട അയഞ്ഞ നിയമവ്യവസ്ഥകളിലേക്കും ഈ മരണങ്ങൾ വിരൽചൂണ്ടുന്നു.
ഇന്ത്യയിൽ മരുന്ന് ഇറക്കുമതിയും നിർമ്മാണവും വിൽപ്പനയും നിയന്ത്രിക്കുന്നത് ഡ്രഗ്സ് ആൻ്റ് കോസ്മെറ്റിക്ക് ആക്ട് (1940) ആണ്. ഇതിന്റെ എപ്പെക്സ് റെഗുലേറ്ററി ബോഡി സെൻട്രൻ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗൈനൈസേഷൻ ആണ്. ഡ്രഗ് കൺട്രോളർ ജനറൽ മേധാവിയായ ഇതിന്റെ നിയന്ത്രണം കേന്ദ്ര സർക്കാറിനാണ്.
ഓരോ സംസ്ഥാനങ്ങളിലും മരുന്നു നിർമ്മാണത്തിനുള്ള അംഗീകാരവും ലൈസൻസും നൽകുന്നതും ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെയും നിർമ്മിച്ച ഉൽപ്പന്നങ്ങളുടെയും ഗുണനിലവാര പരിശോധനകൾ നടത്തേണ്ടതും അതാതു സംസ്ഥാനങ്ങളിലെ ഡ്രഗ്ഗ് കൺട്രോൾ ഡിപ്പാർട്ട്മെൻ്റ്കളാണ്. ഔഷധങ്ങളുടെ ഗുണനിലവാര പരിശോധന നടത്തി നടപടിയെടുക്കാൻ സംസ്ഥാന ഡ്രഗ് ടെസ്റ്റിങ് ലാബോറട്ടറികളും മരുന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധിച്ച് നടപടിയെടുക്കാൻ ജില്ലകൾ തോറും ഡ്രഗ്ഗ് ഇൻസ്പെക്ടർമാരുമുണ്ട്.

30,000-ഓളം പ്രാഥമികാരോഗ്യകേന്ദ്രങ്ങളുള്ള ഇന്ത്യയിൽ 10,000- ലധികം ഔഷധ നിർമാണ ശാലകളുണ്ട്. ഇതിൽ 30% മാത്രമേ ഗുഡ് മാനുഫാക്ച്ചറിങ്ങ് പ്രാക്ടീസ് (GMO Schedule M) സർട്ടിഫൈ ചെയ്തിട്ടുള്ളൂ എന്നാണ് അറിയാൻ കഴിഞ്ഞത്. ഇതിനുശേഷം യോഗം ചേർന്ന കേന്ദ്ര അതോറിറ്റി, ഡിസംബർ 31- നുമുമ്പ് രാജ്യത്ത് പ്രവർത്തിക്കുന്ന ഔഷധനിർമ്മാണ യൂണിറുകൾ മുഴുവനും ‘GMP ഷെഡ്യൂൾ എം’ നടപടി പൂർത്തിയാക്കണമെന്ന് ഉത്തരവിട്ടിട്ടുണ്ട്. ഇതുപ്രകാരം ഫാക്ടറി സംവിധാനങ്ങൾക്കൊപ്പം, നിർമിക്കുന്ന ഉല്പന്നത്തിനും നിശ്ചിത ഗുണനിലവാരം വേണമെന്നാണ് നിഷ്കർഷ.
കേന്ദ്ര സർക്കാർ നിയമിച്ച കമീഷന്റെ നിർദേശമനുസരിച്ച് മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാൻ സംസ്ഥാനങ്ങളിൽ 50 ഔഷധ കമ്പനികൾക്കും 200 ഔഷധക്കടകൾക്കും ഒന്നു വീതം പരിശോധനാ ഉദ്യോഗസ്ഥർ വേണം (drug Inspector). കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ മരുന്നുഷാപ്പുകളിൽ നിന്നടക്കം സാമ്പിൾ എടുക്കാൻ വേണ്ടത്ര ഡ്രഗ്ഗ് ഇൻസ്‌പെക്ടർമാരോ അത്രയധികം മരുന്നുകൾ പരിശോധിക്കാനുള്ള ലാബ് സംവിധാനങ്ങളോ ഇല്ല എന്നതും യാഥാർത്ഥ്യമാണ്.
ചുമ സിറപ്പ് ഫലപ്രദമാണോ?
ഔഷധങ്ങളും അല്ലാത്തതുമായ പല പദാർത്ഥങ്ങൾ ചേർന്നതാണ് ചുമ സിറപ്പുകൾ. ഇവ രോഗ ലക്ഷണങ്ങൾക്കുമാത്രമേ അൽപമെങ്കിലും ആശ്വാസം നൽകുന്നുള്ളു.
1. ഹിസ്റ്റമിൻ വിരുദ്ധ ഔഷധങ്ങൾ:
ഉദാ: diphenhydramine, chlorpheniramine maleate. ഇവയാണ് അലർജിയും ചൊറിച്ചലും കുറയ്ക്കുന്നത്.
2. ചുമ നിയന്ത്രണ ഔഷധങ്ങൾ:
ഉദാ: Dextromethorphan, Codeine and Hydrocodone. ചുമയ്ക്കാനുള്ള റിഫ്ലക്സിനെ കുറയ്ക്കുന്നു.
3. കഫമിളക്കുന്ന ഔഷധങ്ങൾ:
ഉദാ: Guaifenesin, Bromhexine and Ambroxol. ഇവ കഫത്തെ ഇളക്കി പുറത്തെത്തിക്കുന്നു.
4. നീർക്കെട്ട് ഒഴിവാക്കുന്ന ഔഷധങ്ങൾ:
ഉദാ: Phenylephrine, Pseudoephedrine.
5. ഔഷധങ്ങൾ അല്ലാത്ത ഘടകങ്ങൾ:
ഇവ സിറപ്പാക്കുന്നതിനും മധുരവും നിറവും നൽകുന്നതിനും ചേർക്കുന്നവയാണ്. ഇവ അംഗീകരിക്കപ്പെട്ടതും അപകടരഹിതവുമായ പദാർത്ഥങ്ങളാവണം. അങ്ങനെയാണ് എന്നുറപ്പിക്കാൻ പരിശോധകർക്ക് കഴിയുകയും വേണം.
(കുറിപ്പ്: കേന്ദ്ര സർക്കാർ 2023- ൽ തന്നെ നാല് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് chlorpheniramine maleate- ഉം Phenylephrine- ഉം ചേർന്ന ചുമ മിശ്രിത മരുന്നുകൾ - Fixed drug combinations- നൽകുന്നത് നിരോധിച്ചിട്ടുണ്ട്).
ഇപ്പോൾ മരണകാരണമായത് Diethylene Glycol (DEG), Ethylene Glycol എന്നീ രാസവസ്തുക്കളാണെന്ന് തെളിഞ്ഞിട്ടുണ്ട്. കഫ് സിറപ്പിൽ ഇതിന്റെ പരിധി ഒരു ശതമാനമായി നിജപ്പെടുത്തിയിട്ടുണ്ട്. പരിധിക്കപ്പുറം ഈ വസ്തുക്കൾ അനുവദനീയമല്ലാത്തതും കുട്ടികളിൽ അതിവേഗം ഗുരുതര പാർശ്വഫലങ്ങളുണ്ടാക്കുന്നതുമാണ്.
ഇത്തരം അപകടങ്ങളുണ്ടാകുമ്പോൾ അപകടകരമായ മരുന്നുകൾ മാർക്കറ്റിൽ നിന്ന് തിരിച്ചെടുക്കാൻ Recall policy ഉണ്ടാകേണ്ടതുണ്ട്. ലോകാരോഗ്യ സംഘടനയുടെ റഗുലേറ്ററി അസ്സസ്സ്മെന്റ് കമ്മിറ്റിയും 59-മത് പാർലമെന്റ് സ്റ്റാൻഡിങ്ങ് കമ്മിറ്റിയും ഈ ആവശ്യം മുന്നോട്ടുവെച്ചിരുന്നു.
ലഹരിക്കായി ഉപയോഗിക്കുന്ന മദ്യത്തിൽ (ഈതൈൽ ആൾക്കഹോൾ) വിഷകരമായ മീതൈൽ ആൾക്കഹോൾ ബോധപൂർവ്വമോ, അല്ലാതേയോ കൂടിയ അളവിൽ കലരുന്നതു മൂലമാണ് മദ്യം കഴിച്ച് ഇന്ത്യയിൽ മരണങ്ങളുണ്ടാകുന്നത്. സാധാരണ കഫ് സിറപ്പുകളിൽ വഴുവഴുപ്പ് (Viscosity) കൂട്ടാനും മധുരത്തിനുമായി നിശ്ചിത അളവിൽ പോളി പ്രൊപ്പിലീൻ ഗ്ലൈക്കോൾ ചേർക്കാൻ അനുമതി യുണ്ട്. ഗ്ലിസറോളിന് പകരം മായമായി വിലകുറഞ്ഞ ഡൈഈതൈൽ ഗ്ലിസറോൾ ചേർക്കുകയോ, ശുദ്ധീകരിക്കാത്ത ഗ്ലിസറോൾ കഫ്സിറപ്പ് നിർമ്മാണത്തിന് ഉപയോഗിക്കുമ്പോഴോ ആണ് ഇത് മാരകവിഷമാകുന്നതും മരണമുണ്ടാകുന്നതും. ഈ വിഷവസ്തുക്കൾ വൃക്കകളുടേയും ഹൃദയത്തിന്റേയും കേന്ദ്ര നാഡീവ്യൂഹത്തിന്റെയും പ്രവർത്തനങ്ങൾ തകരാറിലാക്കി മരണത്തിലേക്ക് നയിക്കും.
വില കുറഞ്ഞ രാസദ്രാവകമായ ഡൈ ഈതൈൽ ഗ്ലൈക്കോൾ പ്രിൻ്റിംഗ് മഷികളിലും പശകളിലും ബ്രേയ്ക്ക് ഫ്ലൂയിഡിലും, ലൂബ്രിക്കൻ്റുകളിലും ഉപയോഗിക്കുന്നുണ്ട്. പത്ത് കിലോ ശരീരഭാരത്തിന് ഒരു മില്ലിഗ്രാം അകത്തുചെന്നാൽ തന്നെ പാർശ്വഫലങ്ങളുണ്ടാകും. ഒരു കിലോ ശരീരഭാരത്തിന് ഒരു മില്ലി വീതം ചെന്നാൽ മരണം വരെ സംഭവിക്കാം. (കഫ് സിറപ്പിൽ ഇതിന്റെ പരിധി ഒരു ശതമാനമായി നിജപ്പെടുത്തിയിട്ടുണ്ട്.) കുട്ടികളിലെ ശരീരഭാരം കുറഞ്ഞതിനാലാണ് അവർ ഇതടങ്ങിയ മരുന്നുകൾ കുറഞ്ഞ അളവിൽ കഴിക്കുമ്പോൾ തന്നെ മരിക്കുന്നത്. അതുകൊണ്ടാണ് കേന്ദ്ര- സംസ്ഥാന സർക്കാറുകൾ കുട്ടികൾക്ക് കഫ് സിറപ്പ് നൽകുന്നത് നിയന്ത്രിയുകയും രണ്ട് വയസ്സിൽ താഴെയുള്ളവർക്ക് നിരോധിക്കുകയും ചെയ്തിട്ടുള്ളത്.
ഇത് സാധാരണ കഫ് സിറപ്പുകളിലെ ഒരു ഔഷധഘടകവുമല്ല. ഉപയോഗിക്കുന്ന ഔഷധഘടകങ്ങൾ അപകടമുണ്ടാക്കുന്നതുമല്ല എന്നും തിരിച്ചറിയേണ്ടതുണ്ട്. ഇതുമൂലം ചുമ പോലെയുള്ള അസുഖങ്ങളുണ്ടാകുമ്പോൾ ഡോക്ടർമാരെ കണ്ട് മരുന്നു കഴിക്കാൻ വിമുഖതയുണ്ടാകാനും പാടില്ല.

ട്രാജഡികളുടെ ചരിത്രം
ലോകാരോഗ്യ സംഘടന രേഖകൾ പ്രകാരം 2020- നുശേഷം ഡൈ എത്‍ലിൻ ഗ്ലൈക്കോൾ വിഷബാധ മൂലം ലോകത്താകെ 300 മരണങ്ങളുണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ മാർക്കറ്റിൽ വിറ്റ മരുന്നുകൾ ട്രാക്ക് ചെയ്ത്, ഉപയോഗിച്ച രോഗികളെ കണ്ടെത്തി ആശുപത്രികളിലെത്തിച്ച് ചികിത്സിക്കേണ്ടതും തുടർന്ന് കാരണങ്ങൾ കണ്ടെത്തി കുറ്റക്കാരെ ശിക്ഷിക്കേണ്ടതുമാണ്. 1937- ൽ അമേരിക്കയിൽ ഗ്ലൈക്കോൾ വിഷബാധയുണ്ടായപ്പോൾ പരസ്യം നൽകിയും ഇരുന്നൂറിലധികം ഇൻസ്പെക്ടർമാരെ നിയമിച്ചും കടകളിലുള്ളതും വിറ്റതുമായ മരുന്നുകളും കാലിബോട്ടിലുകളും വരെ ട്രാക്ക് ചെയ്തും കർശന നടപടികളെടുത്തു. ഇതേതുടർന്ന് പിന്നീട് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇത് സഹായിച്ചു. മെഡിക്കൽ സയൻസിലെ ഇത്തരം ചരിത്രങ്ങൾ നമുക്കുമുന്നിലുണ്ട്.
രാജ്യത്ത് നിലനിൽക്കുന്ന സംവിധാനങ്ങളുടെ കാര്യക്ഷമതയില്ലായ്മ കൂടിയാണ് ഈ മരണങ്ങൾ പുറത്തുകൊണ്ടുവരുന്നത്. വിദേശരാജ്യങ്ങളെ മാതൃകയാക്കി ഈ സംവിധാനങ്ങളെ എങ്ങനെ ശക്തിപ്പെടുത്തണമെന്ന പാഠം കൂടിയാണ്, ഈ കുട്ടികളുടെ മരണങ്ങൾ നൽകുന്നത്.
ഇന്ത്യയിൽ ഉൽപാദിപ്പിച്ച, ഡൈ എത്‍ലിൻ ഗ്ലൈക്കോൾ അടങ്ങിയ കഫ് സിറപ്പുകൾ കഴിച്ച് ആഫ്രിക്കൻ രാജ്യമായ ഗാംബിയയിലും മുമ്പ് മരണങ്ങളുണ്ടായിട്ടുണ്ട്. 1973- ൽ ചെന്നൈ എഗ്മോറിലുള്ള കുട്ടികളുടെ ആശുപത്രിയിൽ 14 കുട്ടികൾ ഇതുപോലെ മരിച്ചിട്ടുണ്ട്. 1986- ൽ ബോംബെ ജെ.ജെ. ആശുപത്രിയിൽ 14 കുട്ടികളും 1988-ൽ ദൽഹിയിൽ രണ്ട് ആശുപത്രികളിലായി 33 കുട്ടികളും മരിച്ചിട്ടുണ്ട്.
2020 ഫെബ്രുവരിയിൽ ജമ്മുവിലെ ഉദ്ധംപുർ ജില്ലയിൽ കോൾഡ് ബെസ്റ്റ് എന്ന ചുമ സിറപ്പ് കഴിച്ച് 17 കുട്ടികൾ മരിച്ചു.
2022 ഒക്ടോബർ അഞ്ചിന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ പുറത്തുവിട്ട മെഡിക്കൽ പ്രൊഡക്റ്റ് അലർട്ടിലൂടെയാണ് കഫ് സിറപ്പ് കഴിച്ച് ഗാംബിയയിൽ 70 കുട്ടികൾ ദാരുണമായി മരിച്ച വിവരം ലോകമറിയുന്നത്. ഇന്ത്യയിലെ ഒരു കമ്പനി നിർമ്മിച്ച് ഇറക്കുമതി ചെയ്ത നാല് കഫ് സിറപ്പുകളായിരുന്നു പ്രതിക്കൂട്ടിൽ: പ്രൊ മെത്താസിൻ ഓറൽ സൊലൂഷ്യൻ, കൊഫ്സ് മാലിൻ, മാക്ക് ഓഫ്, മാഗ്റിപ്പ് കോൾസ് സിറപ്പ് എന്നിവയാണിവ. (Promethazin oral solution, Kofexmalin baby cough syrup, Makoff baby cough syrup, Magrip N cold syrap) ഇവയിൽ ഡൈ എത്‍ലിൻ ഗ്ലൈക്കോൾ, എത്‍ലിൻ ഗ്ലൈക്കോൾ തുടങ്ങിയ വിഷരാസവസ്തുക്കൾ കലർന്നതുകൊണ്ടാണ് മരണമുണ്ടായത്. നാല് ഉൽപ്പന്നങ്ങളും ഇന്ത്യയിലെ മെയ് ഡെൻ ഫാർമസ്യൂട്ടിക്കൽസ് നിർമ്മിച്ച് ആ രാജ്യത്ത് ഔദ്യോഗിക അംഗീകാരമില്ലാതെ വിതരണം ചെയ്തതാണ്.
ഇത്തരം അപകടങ്ങളുണ്ടാകുമ്പോൾ അപകടകരമായ മരുന്നുകൾ മാർക്കറ്റിൽ നിന്ന് തിരിച്ചെടുക്കാൻ Recall policy ഉണ്ടാകേണ്ടതുണ്ട്. ലോകാരോഗ്യ സംഘടനയുടെ റഗുലേറ്ററി അസ്സസ്സ്മെന്റ് കമ്മിറ്റിയും 59-മത് പാർലമെന്റ് സ്റ്റാൻഡിങ്ങ് കമ്മിറ്റിയും ഈ ആവശ്യം മുന്നോട്ടുവെച്ചിരുന്നു. 2012- ൽ തന്നെ ഇതിനായി റീ കാൾ ഗൈഡ് ലൈൻ കരടുരേഖ തയ്യാറാക്കിയെങ്കിലും 13 വർഷം കഴിഞ്ഞിട്ടും അതിന്റെ പ്രവർത്തനം ഒട്ടും മുന്നോട്ടുപോയില്ല എന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നത്.
അതിനാൽ ഔഷധങ്ങൾ നിർമിക്കുമ്പോഴും വിൽക്കുമ്പോഴും കർശന നിരീക്ഷണവും ഗുണപരിശോധയും നടത്താനും മരണം അടക്കമുള്ള സംഭവങ്ങളിൽ കർശന നിയമനടപടി സ്വീകരിക്കാനും സംവിധാനമുണ്ടാകണം. ലോകത്ത് ഒരിടത്തും ഇത്തരം ഗുണനിലവാരമില്ലാത്ത വ്യാജ മരുന്നുകൾ കഴിച്ച് മരണം സംഭവിക്കാൻ പാടില്ല. അതിന് ഇന്ത്യൻ കമ്പനികൾ കാരണമാകുകയുമരുത്. രാജ്യത്ത് നിലനിൽക്കുന്ന സംവിധാനങ്ങളുടെ കാര്യക്ഷമതയില്ലായ്മ കൂടിയാണ് ഈ മരണങ്ങൾ പുറത്തുകൊണ്ടുവരുന്നത്. വിദേശരാജ്യങ്ങളെ മാതൃകയാക്കി ഈ സംവിധാനങ്ങളെ എങ്ങനെ ശക്തിപ്പെടുത്തണമെന്ന പാഠം കൂടിയാണ്, ഈ കുട്ടികളുടെ മരണങ്ങൾ നൽകുന്നത്.
