ആയുർദൈർഘ്യം 1.8 വർഷം കുറഞ്ഞു; രണ്ട് കോവിഡ് വർഷങ്ങൾ അപഹരിച്ചത്
പത്തു വർഷത്തെ കുതിപ്പ്

ഒരു ദശാബ്ദത്തിന്റെ കഠിനാധ്വാനത്തിലൂടെ മാനവരാശി നേടിയെടുത്ത ആരോഗ്യമേഖലയിലെ നേട്ടമാണ് കോവിഡ് വെറും രണ്ടു വർഷം​ കൊണ്ട് ഇല്ലാതാക്കിയത്. 2019-നും 2021-നുമിടയിൽ ആഗോള പ്രതീക്ഷിത ആയുർദൈർഘ്യം 1.8 വർഷം കുറഞ്ഞ് 71.4 വയസായി. ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്ന ഒരാളുടെ ശരാശരി പ്രായം ആഗോളതലത്തിൽ ഒന്നര വർഷം കുറഞ്ഞ് 61.9 വയസായി.

Think

കോവിഡാനന്തര കാലം സാമ്പത്തിക, ആരോഗ്യ, സാമൂഹ്യ മേഖലകളിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. മഹാമാരി സൃഷ്ടിച്ച ആഘാതങ്ങളിൽ നിന്ന് പതിയെ കരകയറുന്ന ലോകത്തിനു മുന്നിലേക്ക് ലോകാരോഗ്യ സംഘടന മറ്റൊരു നഷ്ടക്കണക്കുകൂടി വക്കുകയാണ്. ഒരു ദശാബ്ദത്തിന്റെ കഠിനാധ്വാനത്തിലൂടെ മാനവരാശി നേടിയെടുത്ത ആരോഗ്യമേഖലയിലെ നേട്ടത്തെ മഹാമാരി വെറും രണ്ടു വർഷം കൊണ്ടാണ് ഇല്ലാതാക്കിയത്. അതായത് 2019-ൽ ആഗോള ആയുർദൈർഘ്യത്തിൽ 1.8 വർഷത്തിന്റെ കുറവ് വന്നതായി ലോകാരോഗ്യസംഘടനയുടെ World Health Statistics റിപ്പോർട്ട് സൂചിപ്പിക്കുന്നു.

2019-നും 2021-നുമിടയിൽ ആഗോള പ്രതീക്ഷിത ആയുർദൈർഘ്യം 1.8 വർഷം കുറഞ്ഞ് 71.4 വയസായി; 2012-ലെ നിരക്ക്. അതുപോലെ, ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്ന ഒരാളുടെ ശരാശരി പ്രായം (global healthy life expectancy) ആഗോളതലത്തിൽ ഒന്നര വർഷം കുറഞ്ഞ് 61.9 വയസായി. ഇതും 2012-ലെ നിരക്കാണ്.
2012-ൽ 71.4 ശതമാനമായിരുന്ന ശരാശരി ആയുർദൈർഘ്യം 73.2 വയസായി ഉയർന്നിരുന്നു. global healthy life expectancy 2020-ൽ 63.4 വയസായിരുന്നു. ഇത് രണ്ടുമാണ് കോവിഡ് കാലത്ത് ഇടിഞ്ഞത്.

2019-നും 2021-നും ഇടയിൽ ആയുർദൈർഘ്യത്തിൽ മൂന്ന് വർഷത്തിന്റെയും global healthy life expectancy-ൽ 2.5 വർഷത്തിന്റെയും കുറവാണ് സംഭവിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു

കോവിഡാനന്തരം ആരോഗ്യേമേഖലയിൽ സംഭവിച്ച ഈ പിന്നോട്ടടി ലോകമെമ്പാടുമുള്ള രാഷ്ട്രങ്ങളെ എപ്രകാരമാണ് ബാധിച്ചതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അമേരിക്കൻ ഭൂഖണ്ഡത്തെയും തെക്ക് കിഴക്കൻ ഏഷ്യയുമാണ് ഈ സാഹചര്യം കൂടുതലും പ്രതിസന്ധിയിലാക്കിയത്. 2019-നും 2021-നും ഇടയിൽ ആയുർദൈർഘ്യത്തിൽ മൂന്ന് വർഷത്തിന്റെയും global healthy life expectancy-ൽ 2.5 വർഷത്തിന്റെയും കുറവാണ് സംഭവിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. അതിന് വിപരീതമായി കോവിഡിന്റെ ആദ്യ രണ്ട് വർഷങ്ങളിൽ ഈ പ്രതിസന്ധി പടിഞ്ഞാറൻ പസഫിക് മേഖലകളിൽ അത്രക്ക് പ്രകടമായിരുന്നില്ല. ആയുർദൈർഘ്യത്തിൽ 0.1 വർഷത്തിന്റെയും global healthy life expectancy-ൽ 0.2 വർഷത്തിന്റെയും കുറവ് മാത്രമാണ് അക്കാലയളവിലുണ്ടായിരുന്നത്.

കോവിഡ് അതിവേഗ മരണത്തിന്റെ ഒരു പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. 2020-ൽ ലോകത്ത് ഏറ്റവും കൂടുതൽ പേരുടെ മരണത്തിനിടയാക്കിയ മൂന്നാമത്തെ കാരണം കോവിഡായിരുന്നു, 2021-ൽ കോവിഡ് രണ്ടാമത്തെ ഏറ്റവും വലിയ മരണകാരണമായി. 2020, 2021 വർഷങ്ങളിൽ, അതായത് കോവിഡ് തീവ്രമായിരുന്ന ഘട്ടത്തിൽ ഏകദേശം 13 ദശലക്ഷം മനുഷ്യരാണ് മരണത്തിന് കീഴടങ്ങിയത്. ആഫ്രിക്കൻ, പടിഞ്ഞാറൻ പസഫിക് പ്രദേശങ്ങളൊഴികെ അമേരിക്ക അടക്കമുള്ളയിടങ്ങളിൽ മരണനിരക്ക് വർധിക്കുന്നതിന്റെ ആദ്യ അഞ്ച് കാരണങ്ങളിൽ ഒന്നാമത്തേത് കോവിഡാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

2019-നുമുമ്പ്, അതായത് മഹാമാരിക്കുമുമ്പ് ലോകാരോഗ്യസംഘടനയു​ടെ റിപ്പോർട്ട് അനുസരിച്ച് പകർച്ചവ്യാധികളല്ലാത്ത സ്ട്രോക്ക്, കാൻസർ, ക്രോണിക് ഒബ്സ്ട്രെക്ടീവ് ഡിസീസ് (Chronic obstructive disease), അൽഷൈമേഴ്‌സ് (Alzheimer's), ഡിമെൻഷ്യ ( Dementias), പ്രമേഹം തുടങ്ങിയവയായിരുന്നു പ്രധാന മരണകാരണങ്ങൾ. 74% മരണത്തിനും കാരണം ഇത്തരം അസുഖങ്ങളായിരുന്നു. കോവിഡ് സമയത്തും കോവിഡ് ഇതര മരണങ്ങളുടെ 78%- വും ഈ രോഗങ്ങൾ മൂലമാണ് സംഭവിക്കുന്നതെന്ന് ലോകാരോഗ്യസംഘടന പറയുന്നു.

അഞ്ചു വയസിൽ താഴെയുള്ള 14.8 കോടി കുട്ടികൾക്ക് പോഷകാഹാര കുറവുമുണ്ട്

അമിതവണ്ണവും പോഷകാഹാരക്കുറവും മറ്റൊരു സങ്കീർണ പ്രതിസന്ധിയാണ്. 2022-ൽ, അഞ്ച്- ആറ് വയസുകാരായ 100 കോടി കുട്ടികൾക്ക് അമിതവണ്ണമുണ്ട്. 50 കോടിയിലേറെ കുട്ടികൾ അമിതഭാരത്താലും കഷ്ടപ്പെടുന്നു. അതിനോടൊപ്പം, അഞ്ചു വയസിൽ താഴെയുള്ള 14.8 കോടി കുട്ടികൾക്ക് പോഷകാഹാര കുറവുമുണ്ട്.

ഭിന്നശേഷിക്കാരും അഭയാർഥികളും കുടിയേറ്റക്കാരും കടുത്ത ആരോഗ്യപ്രതിസന്ധികളിലൂടെ കടന്നുപോകുകയാണ്. 2021-ൽ ഏകദേശം 130 കോടി ആളുകൾക്ക്, ആഗോള ജനസംഖ്യയുടെ 16% മനുഷ്യർക്ക്, ഇത്തരം പ്രതിസന്ധികളിലൂടെ കടന്നുപോകേണ്ടിവന്നിട്ടുണ്ട്. ആരോഗ്യരംഗത്തുണ്ടാകുന്ന അസമത്വങ്ങളാണ് ഇതിന്റെ പ്രധാന കാരണം.

അഭയാർഥികൾക്കും കുടിയേറ്റക്കാർക്കും മികച്ച ആരോഗ്യസംവിധാനങ്ങൾ പരിമിതമായേ ലഭിക്കുന്നുള്ളൂ. ലോകാരോഗ്യസംഘടന നടത്തിയ സർവേയിൽ പങ്കെടുത്ത 84 രാജ്യങ്ങളിൽ പകുതി രാജ്യങ്ങൾ മാത്രമാണ്, തങ്ങളുടെ പൗരർക്ക് തുല്യമായ ആരോഗ്യസേവനങ്ങൾ, ഈ വിഭാഗത്തിലുള്ളവർക്കും ഉറപ്പുവരുത്തുന്നുള്ളൂ. ആഗോള ജനസംഖ്യയുടെ മാറിക്കൊണ്ടിരിക്കുന്ന ജനസംഖ്യാപരമായ ആവശ്യങ്ങൾ അഭിസംബോധന ചെയ്യേണ്ടതിന്റെ അടിയന്തര ആവശ്യകതയാണ് ഈ സംഭവങ്ങൾ സൂചിപ്പിക്കുന്നത്.

മഹാമാരി വലിയ തിരിച്ചടിയുണ്ടാക്കിയ കാലത്തും സുസ്ഥിര വികസനങ്ങളിലൂന്നിയ ട്രിപ്പിൾ ബില്ല്യൺ ലക്ഷ്യങ്ങൾ കൈവരിക്കാൻ ആരോഗ്യലോകത്തിന് കഴിഞ്ഞിട്ടുണ്ട്. 2018 മുതൽ 150 കോടിയിലധികം പേർക്ക് മെച്ചപ്പെട്ട ആരോഗ്യവും ക്ഷേമവും ഉറപ്പുവരുത്താനായി. ഇത്തരം നേട്ടങ്ങൾക്കിടയിലും അമിതഭാരം, ഉയർന്ന പുകയില ഉപയോഗം, നിരന്തരമായ വായു മലിനീകരണം എന്നിവ വൻ പ്രതിസന്ധിയാണെന്ന് ലോകരോഗ്യ സംഘടന പറയുന്നു.

Comments