Images: Pixabay

പുറത്തുവരാനാകാത്ത എന്റെ ചിരികൾ

​കോവിഡുകാലത്തെ മാസ്​ക്​, ഭാവിജീവിതത്തിലെ ഒരു അവയവമായി മാറിയാൽ എന്തുസംഭവിക്കും?

രു ഓൺലൈൻ ന്യൂസ് ചാനലിൽ പാർട്ട് ടൈം ന്യൂസ് റീഡറായും ഇല എന്ന സ്വന്തം സംരംഭത്തെ ആറ്റു നോറ്റി വളർത്തിയും ജീവിതത്തെ വളരെ ക്രിയേറ്റിവ് ആയി കൊണ്ടുനടന്ന ഒരു സമയം. പച്ച പിടിച്ചു വരാൻ ശ്രമിക്കുന്ന ഇലയിലേക്ക് കഴിഞ്ഞ വർഷം വന്നു വീണ ഒരു പുഴു.
എല്ലാവർക്കും അവരുടേതായ രീതിയിൽ നഷ്ടം സംഭവിച്ചപ്പോൾ എനിക്കും അപ്രതീക്ഷിതമായി കിട്ടിയ അടി. നല്ല രീതിയിൽ തൊഴിലിനെ ഈ പുഴു കാർന്നു തിന്നാൻ തുടങ്ങിയെങ്കിലും വ്യക്തി ജീവിതം കോവിഡ് രക്ഷപ്പെടുത്തിയെന്ന് പറയാതെ വയ്യ. കോവിഡ് കാരണം ജീവിതം രക്ഷപ്പെട്ടെന്ന് എഫ്.ബി പോസ്റ്റിട്ട വൈകുന്നേരം ഞാൻ ആനന്ദിച്ചു. വെറും സന്തോഷത്തിനും അപ്പുറമതൊരു ആനന്ദം തന്നെ ആയിരുന്നു എന്നുവേണം പറയാൻ. ലോകം മുഴുവൻ മാസ്‌ക്കിട്ടു നടക്കുമ്പോൾ, ഈ കുഞ്ഞു ജീവിതം മുഴുവൻ മാസ്‌ക്കിട്ടു നടക്കണോ എന്ന തീരുമാനത്തിന് കൊറോണയ്ക്കു നന്ദി.

ഒരു ചെറുകിട തൊഴിൽ സംരംഭക എന്ന നിലയിൽ ലോകം മുഖാവരണത്തിലേക്കു തിരിഞ്ഞപ്പോൾ ഞാൻ ആദ്യം ആലോചിച്ചത് നമ്മുടെ മേക്കപ്പ് കമ്പനികളെ കുറിച്ചായിരുന്നു. ചായം പുരട്ടി നടക്കുന്ന ചുണ്ടുകളേ, നിങ്ങൾക്ക് വിട! അത്തരം ഒരു ബാലിശചിന്ത എന്നെ പോലെ മറ്റു പലരും ചിന്തിച്ചു എന്നത് രസകരമാണ്. മാസ്‌കിട്ടു നടക്കുക എന്നതുവഴി രോഗാണുവിനെ ചെറുത്തുനിർത്താം. തുടക്കത്തിൽ ഇത് കുറച്ചൊന്നുമല്ല മനുഷ്യനെ ബുദ്ധിമുട്ടിച്ചതെന്നു പറയാലോ. അതൊരു ധാർമിക ഉത്തരവാദിത്തം ആയിരുന്നിട്ടു പോലും.

ഈ ലോകത്തുള്ള സകലമാന മനുഷ്യജീവികളും മുഖാവരണം ഇട്ടു നടക്കുമ്പോൾ ഈ മാസ്‌കിനുള്ളിലെ യഥാർത്ഥ മുഖം എങ്ങനെ എന്ന് ആലോചിച്ചു ഞാൻ മനസ്സിൽ ചിത്രമെഴുത്തു തുടങ്ങി.

കാരണം മറ്റൊന്നുമല്ല, ഇനി ആളുകളുടെ കണ്ണിൽ നോക്കി തന്നെ സംസാരിക്കണമല്ലോ. കണ്ണ് എന്ന അവയവം അതിന്റെ കാവ്യാത്മക ജോലി ചെയ്യാൻ തുടങ്ങി. ഒരു കോവിഡ് കാലം കൊണ്ട് കണ്ണുകൾ സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു. കമിതാക്കൾക്ക് മാത്രം വശം ഉണ്ടായിരുന്ന പുരാതന രീതി. ഈ ലോകത്തുള്ള സകലമാന മനുഷ്യജീവികളും മുഖാവരണം ഇട്ടു നടക്കുമ്പോൾ ഈ മാസ്‌കിനുള്ളിലെ യഥാർത്ഥ മുഖം എങ്ങനെ എന്ന് ആലോചിച്ചു ഞാൻ മനസ്സിൽ ചിത്രമെഴുത്തു തുടങ്ങി.

ഒരു പുസ്തകത്തെ അതിന്റെ കവർ പേജ് കൊണ്ട് വിലയിരുത്താൻ സാധ്യമല്ല എന്ന് കേട്ടിട്ടുണ്ട്. ശരിയായ പ്രസ്താവനയാണുതാനും. അതുപോലെ തന്നെയല്ലേ മാസ്‌കിട്ട്​നമ്മുടെ മുൻപിൽ വരുന്ന ആളുകളുടെ കാര്യവും. നമ്മൾ ആദ്യമായി കാണുന്ന ഒരാളുടെ മാസ്‌കിനുള്ളിൽ അയാൾ എന്തുഭാവത്തിലാണ്? ചുണ്ടുകൾ എങ്ങനെയിരിക്കും? ചിരി എങ്ങനെ എന്നുള്ള സൗന്ദര്യശാസ്ത്രത്തിലെ അളവുകോലുകളെടുത്ത് ഞാനെന്ന കാഴ്ചക്കാരൻ കയ്യാങ്കളി തുടങ്ങും. ഒരാളെ കാണുന്ന ഒരുനിമിഷം കൊണ്ട് ഞാനിതൊക്കെ ആലോചിച്ചു കൂട്ടും. ഈ അടുത്തു പരിചയപ്പെട്ട ഒരു സ്ത്രീയുമായി ആഴ്ചകൾക്കു ശേഷമാണ് മുഖാവരണം ഇല്ലാതെ സംസാരിക്കാൻ അവസരം ലഭിച്ചത്. ആദ്യം സൂചിപ്പിച്ചതു പോലെ ആളുകളെക്കുറിച്ചുള്ള നമ്മുടെ വിലയിരുത്തലിന് സംഭവിച്ച കനത്ത ആഘാതം തന്നെ ആയിരുന്നു ആ സ്ത്രീ മാസ്‌കില്ലാതെ എന്നെ നോക്കി ചിരിച്ച ചിരി. അവർ എന്നെ നോക്കി ചിരിച്ച ദാറ്റ് മൊമെന്റ്! ഈ സുന്ദരിയെ ആണോ ഞാൻ ദർശിക്കാൻ ഇത്രേം വൈകിയതെന്നു എന്റെ കമന്റ് അവരെ ഒരുപാടു ചിരിപ്പിച്ചു. എന്നെ ചിന്തിപ്പിച്ചു. മാസ്‌കിട്ടു പുറത്തു വരാൻ മടിച്ചിരുന്ന ഒരു ചിരി.

ഒരു ശരാശരി വായ്‌നോക്കിക്ക് മാസ്‌ക് തരുന്ന സംരക്ഷണവും വെല്ലുവിളികളും എന്ന വിഷയം ഞാൻ കുറെ ചിന്തിച്ചിട്ടുണ്ട് കേട്ടോ. ഇതേതവനാ ഇങ്ങനെ നോക്കുന്നെ എന്ന് ഉള്ളിൽ ചിന്തിച്ചു വരുമ്പോഴേക്കും നോക്കുന്നവൻ ചോരയും നീരും വരെ കണ്ണിൽ കൂടി ഊറ്റിക്കൊണ്ടു പോയിക്കാണും. ഒരു വർഷം നീണ്ട മാസ്‌ക് കാലം വളർത്തിക്കൊണ്ടുവന്ന കൊറോണ കാമുകന്മാർ. മാസ്‌കിനു വിട എന്ന് ഈ അടുത്ത് ഒന്നും പറയേണ്ടി വരില്ലെങ്കിലും ഒരു കാമുകൻ കാമുകിയോട് അവളുടെ കണ്ണുകൾ എത്ര മനോഹരമാണെന്നു പറയും. ഒരുവന്റെ ശരീരത്തിന്റെ, സ്വകാര്യതയുടെ ഭാഗമായി മാസ്‌കും മാറും എന്നാണ് എന്റെ ഒരിത്.

ലോകത്തിനൊപ്പം നമ്മളെല്ലാവരും വിവിധ തരത്തിലുള്ള മാസ്‌ക്കുകൾ ഇട്ടു നടക്കുന്നു. വസ്ത്ര വിപണന രംഗത്ത്​ മാച്ചിങ് മാസ്‌ക്കുകൾ വന്ന് മാർക്കറ്റിൽ ചിരിക്കാൻ തുടങ്ങിയ സമയത്ത്​ ഒരു തൊഴിൽ സംരംഭക എന്ന നിലയിൽ ഞാൻ hand-painted mask- കളെ കുറിച്ച് ആലോചിച്ചു. വീണിടം വിഷ്ണു ലോകമാക്കാൻ തീരുമാനിച്ചു. എന്റെ ഉള്ളിലെ മലർപൊടിക്കാരൻ സ്വപ്നങ്ങൾ കണ്ടു. വിവിധ തരത്തിലുള്ള മാസ്‌കിട്ടു നടക്കുന്ന ആളുകൾക്ക് നടുവിൽ എന്റെ കുഞ്ഞില ഒരു മരമായി വളരുന്ന മലർപ്പൊടിക്കാരന്റെ സ്വപ്നത്തിന്​ ഏറെ വളവും ചുരുങ്ങിയ സമയം കൊണ്ട് ഞാനിട്ടുകൊടുത്തു. നിലനിൽപ്പാണല്ലോ ആവശ്യം. ജീവിച്ചേ തീരൂ എന്ന സെൽഫ് മോട്ടിവേഷൻ ക്ലാസ്സുകളുടെ ഒടുക്കം hand-painted mask എന്റെ തലയെ കാർന്നു തിന്നാൻ തുടങ്ങി. ഉള്ളിൽ ഉറങ്ങി കിടന്ന പഴയ മലർപൊടിക്കാരൻ ഉറക്കമുണരുന്നു. വെയിറ്റ്! ലേറ്റായാലും ലെറ്റസ്റ്റായിട്ടു തന്നെ വരുവേൻ !

മാസ്‌കുകൾ ലോകം വാണു തുടങ്ങുമ്പോൾ അനുദിനം അതുമൂലം അനുഭവിക്കുന്ന തഗ് ലൈഫുകൾ ആസ്വദിക്കാതെയും വയ്യ! ഇവാൻ ചിരിക്കുവാണോ തെറി വിളിക്കുവാണോ എന്നൊന്നും തിരിച്ചറിയാൻ വയ്യാത്തതു കൊണ്ട് സംഭവബഹുലം തന്നെ ഓരോ ദിവസവും

ആദ്യം പറഞ്ഞ പോലെ ലിപ്സ്റ്റിക്ക് ഇട്ട് അതിനു പുറത്ത്​ മാസ്‌ക്കിട്ടു നടക്കുമ്പോൾ ഒന്നിനും മാറ്റം വന്നിട്ടില്ല എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ട് ഞങ്ങൾ പെണ്ണുങ്ങൾ. ഞങ്ങളിനിയും ചുണ്ടിൽ ചായം പുരട്ടും. അത് ഞങ്ങളുടെ സ്വകാര്യ ആനന്ദം ആയി മാറി എന്ന ഒരൊറ്റ മാറ്റം മാത്രേ വന്നിട്ടുള്ളൂ. മാസ്‌കുകൾ ലോകം വാണു തുടങ്ങുമ്പോൾ അനുദിനം അതുമൂലം അനുഭവിക്കുന്ന തഗ് ലൈഫുകൾ ആസ്വദിക്കാതെയും വയ്യ! ഇവാൻ ചിരിക്കുവാണോ തെറി വിളിക്കുവാണോ എന്നൊന്നും തിരിച്ചറിയാൻ വയ്യാത്തതു കൊണ്ട് സംഭവബഹുലം തന്നെ ഓരോ ദിവസവും. എങ്കിലും ഞാൻ ഒന്ന് പറഞ്ഞോട്ടെ, വെറുത്തു വെറുത്തു വെറുപ്പിന്റെ അവസാനം ഈ മുഖാവരണത്തെ സ്‌നേഹിച്ചു പോകുന്നുണ്ട്. ഒരു കാലത്തെ അടയാളപ്പെടുത്താൻ ഞാനിനിയും മലർപൊടിക്കാരനെ വിളിച്ചുണർത്തും. അയാൾ എന്റെ മാസ്‌ക് ജീവിതത്തെ പെയിന്റ് ചെയ്യും. ഈ പുഴുക്കാലത്തെ മാത്രം മാസ്‌കിനു ഉള്ളിൽ ആക്കിയാൽ മതി. ജീവിതത്തെ അതിനു അകത്താക്കരുത് എന്ന് മാത്രമേ പറയാനുള്ളു. അറിയപ്പെടാതെ പോകുന്ന മാസ്‌ക് ചരിതങ്ങളിൽ ഈ കാലത്തെ ഒളിപ്പിച്ചേ പറ്റൂ.▮


വിനിത റാഫേൽ

കവി, അധ്യാപിക, ഡിസൈനർ, ഫാബ്രിക്​ പെയിൻറർ. ഫോസിലുകൾ എന്ന കവിത സമാഹാരം​ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments