photo : unsplash.com

രണ്ടു രാജ്യങ്ങളുള്ള ഉടൽ, ഒരു മഹാമാരി

പനി വരുമ്പോൾ അമ്മയുടെ അടുത്തേക്ക് ഉരുളുന്ന കുട്ടി ഒരേസമയം വളർച്ച മുറ്റുകയും, വയസ്സാവുകയും, ഏകാകിയാവുകയും ചെയ്യുന്നു. ഞാനും അത്തരം ഒരു രാത്രിയെ നേരിടുകയായിരുന്നു.

രോഗം ഒരാളെ ദുഃഖിതനും അപരാധിയും ചിലപ്പോൾ കുറ്റവാളി തന്നെയുമാക്കുന്നു എന്നായിരുന്നു കോവിഡ് 19 ന്റെ ലോകവ്യാപകമായ വ്യാപനം അതിന്റെ ആദ്യ ഘട്ടത്തിൽ നമ്മുടെയിടയിലുണ്ടാക്കിയത്: എവിടെ നിന്നാണ് നീ ഇത് കൊണ്ടുവന്നത് എന്ന് അത് എല്ലാവരെക്കൊണ്ടും പറയിപ്പിച്ചു. എല്ലാവരെയും സംശയിപ്പിച്ചു. കേരളത്തിൽ ഇതിന്റെ ആദ്യത്തെ ഇരകൾ പ്രവാസി മലയാളികളുമായിരുന്നു. നാട്ടിലേക്ക്‌ മടങ്ങി എത്താൻ തുടങ്ങിയ അവരിൽ ചിലർക്കെതിരെ ചിലയിടങ്ങളിൽ പ്രതിഷേധങ്ങളും ഉണ്ടായി. അപരിചിതമായ രോഗത്തോട് വീണ്ടും അപരിചിതരാവുകയായിരുന്നു നമ്മൾ.

ഫെബ്രുവരി- മാർച്ച് മാസങ്ങളിലാണ് ഇവിടെ, കുവൈറ്റിൽ ഈ മഹാമാരി ആദ്യം പ്രത്യക്ഷപ്പെടുന്നത്. ആ ഘട്ടത്തിൽതന്നെ അത്തരമൊരു പരീക്ഷണത്തിലൂടെ കടന്നുപോയ ആദ്യസംഘം ആളുകൾക്കിടയിൽ ഞാനും പെട്ടു. രോഗിയായി അല്ല, രോഗത്തിന്റെ നിഴലിൽ നിൽക്കുന്ന ഒരാളെന്ന നിലയ്ക്ക്. കൂടെ ജോലി ചെയ്യുന്ന ഒരാൾ കോവിഡ് പോസിറ്റീവ് ആയതോടെ ഞങ്ങൾ പത്തോളം പേര് ഇമ്മീഡിയറ്റ് കോൺടാക്ട് ലിസ്റ്റിൽ ഉൾപ്പെടുത്തി അധികൃതർ ആശുപത്രിയിലേക്ക് പരിശോധനയ്ക്കായി കൊണ്ടുപോയി. സ്വാബ് ടെസ്റ്റിംഗ് കഴിഞ്ഞ ദിവസം പാതിരയോടെ ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് ഞങ്ങളിൽ മറ്റുപലരും കോവിഡ്‌ പോസിറ്റീവ് ആണെന്നും അറിയിപ്പുവന്നുകൊണ്ടിരുന്നു. ചിലർ വിവരമറിഞ്ഞ് കരഞ്ഞു. ദുരിതത്തിന്റെ വാതിൽക്കലേക്ക് നടക്കുകയാണ് തങ്ങൾ എന്നായിരുന്നു എല്ലാവരും കരുതിയത്. നാട്ടിൽ, ആയിടെ ഇതേ മഹാമാരിയുടെ റിസർച്ച് ടീമിൽ ജോലിചെയ്യാൻ തുടങ്ങിയ മകളുമായി സംസാരിച്ചതിനുശേഷം ഞാനും എന്റെ ഊഴത്തിനായി ആ രാത്രി കാത്തിരുന്നു.

ആ രാത്രി ഒരുപക്ഷെ ഞങ്ങളാരും ഉറങ്ങിയിരുന്നില്ല. ഞാൻ എന്തായാലും ഉറങ്ങിയില്ല.

ലോകത്തിന്റെ മറുപുറത്തു നിന്ന് പുറപ്പെട്ട ഒരു രോഗം നമ്മൾ അറിയാതെ എപ്പോഴോ നമ്മുടെ ദേഹത്തിൽ അതിന്റെ പാർപ്പ് തുടങ്ങിയിരിക്കുന്നു. അല്ലെങ്കിൽ കോവിഡ്-19 അതിനെ പരിചയപ്പെടുത്തിയത് അങ്ങനെയാണ്

നമ്മൾ പാർക്കുന്ന ഇടങ്ങൾ നമ്മൾ പാർക്കേണ്ട ഇടങ്ങൾ തന്നെയാണോ എന്ന് പരീക്ഷിക്കുന്ന ഒരു നേരം നാടുവിട്ടുള്ള നമ്മുടെ ജീവിതങ്ങളാണ്. പനി വരുമ്പോൾ അമ്മയുടെ അടുത്തേക്ക് ഉരുളുന്ന ഒരു കുട്ടി അത്തരമൊരു നേരം പെട്ടെന്ന് വളർച്ച മുറ്റുകയും പെട്ടെന്ന് വയസ്സാവുകയും പെട്ടെന്ന് ഏകാകിയാവുകയും ചെയ്യുന്നു. ഞാനും അങ്ങനെയൊരു രാത്രിയെ നേരിടുകയായിരുന്നു ഇപ്പോൾ.

ലോകത്തിന്റെ മറുപുറത്തു നിന്ന് പുറപ്പെട്ട ഒരു രോഗം നമ്മൾ അറിയാതെ എപ്പോഴോ നമ്മുടെ ദേഹത്തിൽ അതിന്റെ പാർപ്പ് തുടങ്ങിയിരിക്കുന്നു. അല്ലെങ്കിൽ കോവിഡ്-19 അതിനെ പരിചയപ്പെടുത്തിയത് അങ്ങനെയാണ്. അതുവരെ ബന്ധുവും മിത്രവും അയൽവാസിയും ആയിരുന്ന ഓരോ ആളെയും അത് വേർപെടുത്തി, ഒറ്റ ആളാക്കി.

കോവിഡ് രൂക്ഷമായിരുന്ന സമയത്തെ കുവെെത്തിലെ വിമാനത്താവളം

ആ രാത്രി എനിക്ക് ‘വിളി’ ഒന്നും വന്നില്ല.
പക്ഷെ ഒരാഴ്ചയ്ക്ക് പരിശോധനകൾക്ക് വിധേയമാകാനുള്ള നിബന്ധന വന്നു. അതിനായി ആരോഗ്യ മന്ത്രാലയത്തിൽ നിന്നും ഒരാൾ ഞാൻ താമസിക്കുന്ന ഇടത്ത് വന്നു. ചിലപ്പോൾ പകൽ. ചിലപ്പോൾ രാത്രി. കൗതുകകരമായി തോന്നാം, ആ നാളുകളിൽ ഇവിടെ ചില സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ട ഒരു ഫോട്ടോ എന്റെയായിരുന്നു.
ഞാൻ താമസിക്കുന്ന കെട്ടിടത്തിന്റെ ഗ്രൗണ്ട്ഫ്‌ളോറിൽ വെച്ച് ഒരു ആരോഗ്യ പ്രവർത്തക എന്റെ നെറ്റിയുടെ ചൂട് അളക്കുന്നത് ഏതോ ‘മൊബൈൽ മാൻ’ മറ്റേതോ കെട്ടിടത്തിന്റെ ഏതോ ഉയർന്ന ജനൽ വാതിലിലൂടെ ഫോട്ടോ എടുത്തതാണ്. കൃത്യമായി അടയാളം, ഇതാ അവിടെ കോവിഡ്‌ ഉണ്ട്, നമ്മൾ സൂക്ഷിക്കുന്നത് നന്നായിരിക്കും, എന്നായിരുന്നു മുന്നറിയിപ്പ്. ട്രോളുകളിൽ സ്നേഹം പുലർത്തുന്ന എനിക്കത്‌ ചിരി തന്നു. രോഗം ചിലപ്പോൾ നമ്മളെ പരസ്യപ്പലകയും ആക്കുന്നു.

തങ്ങളുടെ ജീവിതത്തിന്റെ ഈയൊരു ഘട്ടം ഒരു പക്ഷെ മനുഷ്യർ തന്നെ ഇനി ഓർമ്മിക്കുക തങ്ങളുടെതന്നെ ‘ഓൺലൈൻ ജീവിത’ത്തിനും ഒപ്പം ആവും. സാമൂഹ്യജീവിയുടെ വീട്ടുതടങ്കൽപോലെ

ആ ദിവസങ്ങളിൽ ഫ്ലാറ്റിൽ നിന്നും പുറത്തിറങ്ങാൻ അനുമതിയില്ലാതെ ഇരുപതു ദിവസത്തോളം കഴിയുമ്പോൾ ഞാൻ കണ്ണാടിക്കു മുമ്പിൽ ചെന്ന് പെടാതിരിക്കാൻ ശ്രദ്ധിക്കുമായിരുന്നു. കണ്ണാടിയിൽ എന്നോട് സംസാരിക്കാൻ കാത്തുനിൽക്കുന്ന ഒരാളെ ഞാൻ എപ്പോഴും പ്രതീക്ഷിച്ചു. ആ നാളുകളിലൊന്നിൽ ഞാൻ കണ്ട ഒരു സ്വപ്നം പക്ഷെ ഞാൻ പലപ്പോഴും ഓർത്തു: ഉറങ്ങാൻ കിടക്കുന്ന എന്റെ കിടക്കയുടെ ഒരറ്റത്ത്‌, കാലുകളുടെ ഭാഗത്ത്, ഒരു മനുഷ്യൻ നിലത്തെയ്ക്കു നോക്കി ഇരിക്കുന്നു. ആരെന്നോ എന്തിനെന്നോ അറിയാതെ കിടക്കയിൽനിന്നും എഴുന്നേൽക്കാനാകാതെ ഞാൻ ചങ്കിൽ വറ്റുന്ന നിലവിളിയുമായി കിടക്കുന്നു... പതുക്കെ, വായനയിലേക്കും എഴുത്തിലേക്കും മാറാൻ ആയതോടെ ഏകാന്തതയുടെ ഈ പരീക്ഷണവും സഹിക്കാം എന്നായി.

കുവെെത്ത് പാർലമെൻററി തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനെത്തിയവർ

തങ്ങളുടെ ജീവിതത്തിന്റെ ഈയൊരു ഘട്ടം ഒരു പക്ഷെ മനുഷ്യർ തന്നെ ഇനി ഓർമ്മിക്കുക തങ്ങളുടെതന്നെ ‘ഓൺലൈൻ ജീവിത’ത്തിനും ഒപ്പം ആവും. സാമൂഹ്യജീവിയുടെ വീട്ടുതടങ്കൽപോലെ. ലോകം മുഴുവനുമുള്ള മനുഷ്യർ ഏറെക്കുറെ ഒരേ പോലെ കടന്നു പോയ ദിവസങ്ങളായിരുന്നു പിറകെ. ഓരോരുത്തരെയും അവരവരുടെ മോഹങ്ങളിൽ നിന്നും ഈ ദിനങ്ങൾ ഒരു തവണ അടർത്തി. ജീവിതത്തേക്കാൾ ജീവനാണ് വിലപ്പെട്ടത് എന്ന് തോന്നിപ്പിച്ചു.

ഇപ്പോൾ പത്ത് മാസം പിന്നിടുമ്പോൾ കോവിഡ്-19 പ്രവാസ ജീവിതത്തെയാകും ഒരുപക്ഷെ ഏറെ അസ്ഥിരപ്പെടുത്തിയത് എന്നു തോന്നുന്നു. കുവൈത്തിന്റെ കാര്യം പറയാം : ജനസംഖ്യയിൽ എഴുപത് ശതമാനത്തോളം വരുന്ന കുവൈറ്റിലെ വിദേശികളുടെ തൊഴിൽജീവിതത്തെ ഇത് മാറ്റി മറിച്ചു. ഒന്നര മില്ല്യൻ വിദേശികൾ ഈ വർഷം അവസാനത്തോടെ കുവൈറ്റ് വിടുമെന്നാണ് കണക്ക്‌. ഫെബ്രുവരിയിൽത്തന്നെ നൂറ്റിയമ്പതിനായിരത്തോളം വിദേശികളുടെ വർക്ക്‌പെർമിറ്റ് ആണ് സർക്കാർ പിൻവലിച്ചത്. ഇന്ത്യയുടെ കണക്കിൽ ഒൻപതു ലക്ഷത്തി അറുപതിനായിരം ഇന്ത്യക്കാരുണ്ട് കുവൈറ്റിൽ. ഇതിൽ എട്ടു ലക്ഷത്തോളം പേര് രാജ്യം വിടേണ്ടി വരും എന്നാണ്‌ കരുതുന്നത്. ഇതിൽ ഏറെയും കേരളത്തിൽനിന്നും തമിഴ്നാട്ടിൽ നിന്നും ഉള്ളവരാണ്.

കുവൈറ്റ്‌ പറയുന്നത് ചുരുങ്ങിയത് രണ്ട്‌ കൊല്ലമെങ്കിലും എടുക്കും മഹാമാരിക്ക് പിറകെ വന്ന സാമ്പത്തിക തകർച്ച മറികടക്കാൻ എന്നാണ്‌. ജനസംഖ്യാനുപാതത്തിലെ വലിയ ശതമാനം വരുന്ന വിദേശികളെ കുറയ്ക്കുക എന്നതാണ്​ ഇതിന്​ പരിഹാരം, അത് ഇപ്പോൾ പ്രകടവുമാണ്

വാസ്തവത്തിൽ, സമ്പന്നരാവാനല്ല ഇവിടെ വിദേശ തൊഴിലാളികൾക്ക് കിട്ടുന്ന അവസരം, തങ്ങളുടെയും കുടുംബത്തിന്റെയും ജീവിതത്തെ ഏറെക്കുറെ മെച്ചപ്പെട്ട ദിവസങ്ങളിലൂടെ കൊണ്ടുപോവാനുള്ള അവസരമാണ്. ഒരു ഉദാഹരണം, ദിവസേന രണ്ടോ മൂന്നോ വീടുകളിൽ ജോലി ചെയ്യുന്ന ‘പാർട്ട്‌ ടൈം മെയ്​ഡ്‌’, അവരാണ് ഇങ്ങനെയൊരു അവസരത്തിൽ വന്നു ചേരുന്ന ഒരു കൂട്ടർ. അവർ ആയിരങ്ങൾ വരും. കോവിഡിന്റെ പിറകെ വന്ന ഭീതിയും ലോക്ക്ഡൗണും
അവരെ ശരിക്കും തകർത്തു എന്ന് പറയാം. അവരുടെ കൂട്ടത്തോടെയുള്ള ഒഴിഞ്ഞുപോക്ക് ഇപ്പോൾ ദിവസേനയുള്ള കാഴ്ച്ചയാണ്. ഇതുപോലെയാണ് സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവരുടെ ഒഴിഞ്ഞുപോക്കും.

കുവൈറ്റ്‌ പറയുന്നത് ചുരുങ്ങിയത് രണ്ട്‌ കൊല്ലമെങ്കിലും എടുക്കും മഹാമാരിക്ക് പിറകെ വന്ന സാമ്പത്തിക തകർച്ച മറികടക്കാൻ എന്നാണ്‌. അതിനുള്ള പരിപാടികളും അവർ ആവിഷ്ക്കരിക്കുന്നു. അതിൽ പ്രധാനമായ ഒന്നാണ് ജനസംഖ്യാനുപാതത്തിലെ വലിയ ശതമാനം വരുന്ന വിദേശികളെ കുറയ്ക്കുക എന്നത്. അത് ഇപ്പോൾ പ്രകടവുമാണ്.

Photo : unsplash.com

കേരളവും ഇന്ത്യയും ഈ അവസ്ഥയെ എങ്ങനെയാണ് നേരിടുക എന്ന് ഇപ്പോഴും വ്യക്തമല്ല. വാസ്തവത്തിൽ, അങ്ങനെയൊരു പ്ലാൻ ഉണ്ടോ എന്നും അറിയില്ല. ചില അറിയിപ്പുകളും പ്രഖ്യാപങ്ങളും ഒഴിച്ചാൽ.

മഹാമാരിയുടെ ഈ കാലം, അതിന്റെ എല്ലാ വിപത്തുകൾക്കും ഒപ്പം, ഉണ്ടാക്കിയ ഒരു മാറ്റം, ലോക ജനതയെ സ്വാതന്ത്ര്യത്തിന്റെ ഉത്തരവാദിത്വത്തിലേക്ക് ഒരു യൂണിറ്റ് എന്നപോലെ അടുപ്പിക്കുക എന്നായിരുന്നു. പല രാജ്യങ്ങളിലും മഹാമാരിയെ തങ്ങളുടെ സ്വേച്ഛാധിപത്യത്തിനു മറയാക്കിയ ഭരണകൂടങ്ങൾക്ക് എതിരെ മനുഷ്യർ ഇപ്പോഴും പുറത്തിറങ്ങുന്നു. ഹോങ്കോങ്ങ്, പെറു, തുടങ്ങിയ രാജ്യങ്ങളിലും ഇപ്പോൾ ഇന്ത്യയിലും കാണുന്നപോലെ. അതിനൊപ്പംതന്നെ പ്രധാനമാണ് ഭരണകൂട താൽപ്പര്യങ്ങൾക്ക് ഒപ്പം നിൽക്കുന്ന മാധ്യമ സംവിധാനങ്ങളെ പിൻതുടരാതെ ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളാൻ പരസഹസ്രം ആളുകൾ തയ്യാറാവുന്നതും. ഇന്ന് ഈ മഹാമാരി ചെന്നു ചേരാത്ത രാജ്യങ്ങൾ ഇല്ല. അല്ലെങ്കിൽ, ഭൂമിയിലെ എല്ലാ ‘വ്യക്തി’കളെയും ഇന്ന് കോവിഡ്‌ - 19 ബാധിച്ചിട്ടുണ്ട് – ഒരു ജീവിവർഗ്ഗം എന്ന നിലയിൽ നമ്മുടെ സാമൂഹിക അസ്തിത്വത്തെ പ്രതിതന്നെ. അതിനിടയിൽ എവിടെയോ ആണ് ‘പ്രവാസി’യും ‘മടങ്ങി എത്തുന്ന പ്രവാസി’യും. ഒരു സമയം ഉടലിൽ രണ്ട്‌ രാജ്യങ്ങൾ ഉള്ളവരാണ് അവർ, അവർക്ക്‌ ഈ മഹാമാരിയും രണ്ട്‌ ഓർമകളാണ്. ▮


കരുണാകരൻ

കവി, കഥാകൃത്ത്​, നോവലിസ്​റ്റ്​. യുവാവായിരുന്ന ഒമ്പതുവർഷം, യക്ഷിയും സൈക്കിൾ യാത്രക്കാരനും, ബൈസിക്കിൾ തീഫ്​, ഉടൽ എന്ന മോഹം എന്നിവ പ്രധാന പുസ്​തകങ്ങൾ. ദീർഘകാലം പ്രവാസിയായിരുന്നു.

Comments