കോവിഡ് മരണവൃത്തത്തിൽനിന്ന് ഒരുവിധം രക്ഷപ്പെട്ട ഒരാളുടെ ആധികൾ

കോവിഡ് മരണവൃത്തത്തിൽനിന്ന് ഒരുവിധം രക്ഷപ്പെട്ട ഒരാളുടെ ആധികൾ. പോസ്റ്റ് കോവിഡ് പിരിയഡെന്ന് നാം വിളിക്കുന്ന ശാരീരിക- മാനസിക പരിചരണങ്ങൾക്ക് ഒരു ശാസ്ത്രീയ ഘടനയോ അതിന്റെ സോഷ്യൽ ഡിസൈനിങ്ങോ നമുക്ക് ഇതേവരെ നല്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് എന്റെയും സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും അനുഭവം. പനി മാറി സുഖപ്പെടലല്ല ഇത്. നമ്മുടെ ചില ആന്തരികാവയവങ്ങളെങ്കിലും കോവിഡ് ബാധിക്കുന്നതിന് മുമ്പും പിമ്പും രണ്ടാണ്.

കോവിഡ് ബാധിതനായ ഒരാളെന്ന നിലയ്ക്ക് രണ്ടുതരത്തിലുള്ള ആക്രമണങ്ങളാണ് രോഗം എനിക്കുനേരെ അഴിച്ചുവിട്ടത്.

ഒന്നാം ഘട്ടം ഇങ്ങനെ: മരണാസന്നമാം വിധമുള്ള ഉറക്കപ്രേമം; ഞാൻ സ്വപ്നം കണ്ടിട്ടും നടപ്പിലാക്കാൻ കഴിയാതെ പോയ പൂർണ്ണമായ ഭൗതിക നിരുത്സാഹം. മോഹിപ്പിക്കുന്ന സുന്ദരിയാണ് മരണമെന്ന് തോന്നി. അതിനകത്ത് കടലിൽ നീരാടി. കടലിൽ മുങ്ങിപ്പോയ ജീവനുള്ള ഒരു കപ്പലിനെ എന്ന പോലെ ഡോക്ടർമാർ കഠിനമായി പരിശ്രമിച്ച് എന്നെ പുറത്തിടുകയായിരുന്നു. ചുറ്റും മരണം എടുത്തു കൊണ്ടു പോകുന്ന ജീവനുള്ള വാർത്തകൾ.

രണ്ടാം ഘട്ടം: കോവിഡാന്തരം നെഗറ്റീവ് ആണെന്ന് വിധിയെഴുതിയെങ്കിലും അനുഭവം കൊണ്ട് അതല്ല കാര്യം. ഈ കാലയളവിൽ മക്കളുടെ പേരിന്നായി ഞാൻ തപ്പിത്തടഞ്ഞു. വർധിച്ച ദുരഭിമാനം കൊണ്ട് തന്നെയാവണം ആരെയും അറിയിക്കാതെ ഞാൻ മുന്നേറി. അത് ഒരു തരം പ്രൈമറി അൽഷിമേഴ്‌സിന്റെ വിദൂരസഹയാത്ര തന്നെയായിരുന്നു... വായിക്കുന്ന പുസ്തകങ്ങളെ വിടാതെ പിടികൂടിയിട്ടും മുമ്പ് വായിച്ചതിന്റെ എട്ടിലൊന്ന് വേഗത പോലും കൈ വന്നില്ല. എഴുതാൻ ശ്രമിച്ചപ്പോൾ ഞാൻ ഇടിഞ്ഞുവീണുകൊണ്ടിരുന്നത് വ്യാകരണ ക്രമത്തിന്റെ പേരിലായിരുന്നു. ഞാനും ഏകാഗ്രതയും പലപ്പോഴും ചെസ്സ് കളിക്കാനിരുന്നു. കളിയിൽ പരിസരങ്ങളെല്ലാം ഇടയ്ക്ക് മാഞ്ഞുപോയി. ഭൂമിയിലെ ഒരാളെയും ഞാനിത് അറിയിച്ചില്ല. അത് അറിയിക്കാനുള്ള പൂർണ മനുഷ്യനെ എനിക്ക് കണ്ടെടുക്കാനായില്ല എന്നതാണ് സത്യം. ഇടയ്ക്ക് പുലരുന്ന സൂര്യനെ കുറേ നേരം നോക്കി മനുഷ്യവാസമില്ലെന്നുറപ്പ് വരുത്തി കുറേ സംസാരിച്ചു. രാത്രി മനുഷ്യരെല്ലാം ഉറങ്ങിയെന്ന് ഉറപ്പ് വരുത്തി പൂച്ചപ്പാദങ്ങൾ വെച്ച് വീടിന്റെ ടെറസിലിരുന്ന് പൂർണ നിലാവിനെ മൂകമായി കുറേ നോക്കി നിന്നു. ഈ ദ്വന്ദയുദ്ധത്തിന്റെ ആവേഗങ്ങൾ, കയറ്റിറക്കങ്ങൾ - പിടിവിട്ട കളികളായിരുന്നു.

മോഹിപ്പിക്കുന്ന സുന്ദരിയാണ് മരണമെന്ന് തോന്നി. അതിനകത്ത് കടലിൽ നീരാടി. കടലിൽ മുങ്ങിപ്പോയ ജീവനുള്ള ഒരു കപ്പലിനെ എന്ന പോലെ ഡോക്ടർമാർ കഠിനമായി പരിശ്രമിച്ച് എന്നെ പുറത്തിടുകയായിരുന്നു./ Illustration: harvard.edu, Deirdre Barrett

വിഡ്ഢികളായ എഴുത്തുകാർ

ഇതിനെപ്പറ്റിയൊക്കെ പറയാൻ ഇപ്പോൾ ഏറെക്കുറെ പ്രാപ്തനായി എന്ന് തോന്നിയതിനാലാണ് ഈ കുറിപ്പ് എഴുതുന്നത്. ഒന്നും പറഞ്ഞാൽ ആളുകൾക്ക് വ്യക്തമാവില്ലെന്ന് ഉറപ്പായിരുന്നു. പറയാതെ അറിയാൻ എത്ര മനുഷ്യർക്ക് ആ വിധം ഐക്യുവുണ്ട്? സത്യം പറഞ്ഞാൽ യശോമോഹികളും അതിന്നായി കരുക്കൾ പണിത് നടക്കുന്ന യാതൊരു പ്രതിഭാ ബലവുമില്ലാത്ത വിഡ്ഢികളായ എഴുത്തുകാരുമായി ഇടപഴകേണ്ടി വന്നതായിരുന്നു കോവിഡാനന്തര പ്രയാസങ്ങൾക്കിടയിൽ വ്യക്തിപരമായി എന്നെ ഏറ്റവും ക്ലേശിപ്പിച്ച കാര്യം.. വാക്കുകൾ എന്നത് ഈ ഭൂമുഖത്ത് അങ്ങേയറ്റം സൂക്ഷ്മമായി ഉപയോഗിക്കേണ്ട ഉപകരണമാണെന്ന എഴുത്തിന്റെ പ്രാഥമികബോധമെങ്കിലും ഈ കൂട്ടർ തന്റെ എഴുപതാമത്തെ വയസ്സിൽ പോലും പഠിക്കില്ല. വാക്കുകളുടെ ഉപാസനയാണ് എഴുത്ത് എന്നുപോലും ഈ മണ്ടന്മാർ മനസ്സിലാക്കിയിട്ടില്ല. ആർക്കുനേരെയും എപ്പോൾ വേണമെങ്കിലും വായ്‌നാറ്റമുള്ള വാക്കുകൾ വലിച്ചെറിയാൻ മടിക്കാത്ത ഈ മൂഢജന്മങ്ങൾ കുറുകെ വന്ന് വീഴല്ലേ വീഴല്ലേ എന്നായിരുന്നു പ്രാർത്ഥിച്ചു നടന്നത്. എത്ര ശ്രദ്ധിച്ചാലും കഴുതപ്പുലി രൂപത്തിൽ ഒരെണ്ണം വഴിതെറ്റിയെത്താതിരിക്കില്ല!

വാക്കുകളുടെ മേലുള്ള നിരുത്തരവാദിത്തം

ഏത് പോസ്റ്റ്‌കോവിഡ് രോഗിയും മനസുകൊണ്ട് കൂടുതൽ സെൻസിറ്റീവായിത്തീരുന്നു. ഇത് ഒളിപ്പിച്ചു വെച്ചാലല്ലാതെ കോവിഡ് നീന്തിക്കടന്ന് എത്തുന്ന ഒരാൾക്ക് സുഗമമായി ജീവിക്കാനാവില്ല. കാരണം അയാൾ ‘സുഖം പ്രാപിച്ച് ' ‘പഴയ പടിയിലെത്തിയ' ആളാണ്. എന്റെ പരിചയത്തിലും വിദൂര പരിചയത്തിലുമുള്ള അഞ്ച് പേർ ആത്മഹത്യ ചെയ്തു, പോസ്റ്റ് കോവിഡ് മാനസിക പ്രശ്‌നം താങ്ങാനാവാതെ. ഇത് എങ്ങനെ സംഭവിക്കുന്നു എന്നത് രൂക്ഷമായ കോവിഡ് ബാധകടന്ന് ജീവിതത്തിലേക്കെത്തിയ ആർക്കും പൂർണമായ അർത്ഥത്തിൽ മനസ്സിലാവും. പ്രത്യേകിച്ച് ഐ. സി. യു / വെന്റിലേറ്റർ പരിചരണഘട്ടം വരെ എത്തിയവർക്ക്.
ഈ കോവിഡ് കാലം പൂർണമായും വിട്ടുപോകുന്നതുവരെയെങ്കിലും വാക്കുകൾ സൗമ്യമായും സൂക്ഷ്മമായും ഉപയോഗിക്കേണ്ട ഒരു സംസ്‌കാരം നാം ശീലിക്കേണ്ടതുണ്ട് എന്നാണ് തോന്നുന്നത്.

സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ക്രൈം, വാക്കുകളുടെ മേലുള്ള നിരുത്തരവാദിത്തമാണ്. ഒരു എഫ്.ബി അക്കൗണ്ടും ഇത്തിരി കുശുമ്പും അതിനുതക്കവിധം മനോവൈകല്യമോ മദ്യലഹരിയോ ഉണ്ടെങ്കിൽ ആർക്കും ആരെപ്പറ്റിയും എഴുതാം, വല്ലവരും കേസ് കൊടുത്താൽ പോലും അയ്യോ മാപ്പ്, കുടിപ്പുറത്ത് സംഭവിച്ചതാണെന്ന് പറയാം. ഈ ദുർബലതെമ്മാടികൾ രണ്ടു നിലയ്ക്ക് സോഷ്യൽ മീഡിയയിൽ പോസ്റ്റ് കോവിഡിൽ ഇടപെടുന്നുണ്ട്.
ഒന്ന്: അവരത് ആയിത്തീരുന്നതോടെ അവരുടെ ആന്തരികമായ സാമൂഹ്യ തിന്മരോഗം കുറെക്കൂടി ഉജ്ജ്വലമാവും. മറ്റൊന്ന്, ഇതിന് ഇരയായിത്തീരുന്നവരുടെ മാനസികനിലയെ അവർ സാരമായി തകർക്കും. സോഷ്യൽ മീഡിയയും കോവിഡാനന്തര മാനസിക പ്രശ്‌നങ്ങളും എങ്ങനെ ഒന്നു ചേരുന്നു എന്ന വിഷയത്തെപ്പറ്റി ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ പഠിച്ചിട്ടുണ്ടോ എന്നറിയില്ല.

എഫ്.ബി, വാട്‌സ് ആപ്പ് യൂണിവേഴ്‌സിറ്റികൾ, വർഗീയ വിഷ സംഭരണി പൊട്ടിയൊഴുകുന്ന ഒളിവിലെ ഒച്ചകളുടെ ക്ലബ്ബ്ഹൗസുകൾ (ക്ലബ് ഹൗസ് ചർച്ചകൾ എല്ലാം അതാണെന്നല്ല. ഒളിവിലിരുന്ന് വർഗീയ ബോംബുകളുണ്ടാക്കുന്നവരുടെ എണ്ണം ചെറുതല്ല.), കോവിഡ് കാലത്ത് ആളിപ്പടർന്ന അപര വിദ്വേഷങ്ങൾ, ആൾക്കൂട്ട മനുഷ്യവിരുദ്ധമുദ്രാവാക്യങ്ങൾ, അപരനെ സ്വന്തം കൈ കൊണ്ട് മലം വാരിയെറിയുന്ന വിധമുള്ള ദുർഗന്ധ വർഗീയതകൾ - ഇവയൊക്കെ ഗണ്യമായി വർധിച്ചിട്ടുണ്ട്, ഈ കോവിഡ് കാലത്ത്. ഇതെന്തുകൊണ്ടെന്ന് കോവിഡുമായി ചേർത്ത് പഠന വിധേയമാവേണ്ടതുണ്ട്.

വായിക്കുന്ന പുസ്തകങ്ങളെ വിടാതെ പിടികൂടിയിട്ടും മുമ്പ് വായിച്ചതിന്റെ എട്ടിലൊന്ന് വേഗത പോലും കൈ വന്നില്ല. എഴുതാൻ ശ്രമിച്ചപ്പോൾ ഞാൻ ഇടിഞ്ഞുവീണുകൊണ്ടിരുന്നത് വ്യാകരണ ക്രമത്തിന്റെ പേരിലായിരുന്നു..

രോഗാനന്തര രോഗബാധകൾ

തിന്മകൾക്ക് രോഗങ്ങളുമായി കടുത്ത ബന്ധമുണ്ടാവാതെ തരമില്ല. പറഞ്ഞുവരുന്നത്, രോഗാനന്തര രോഗം എന്നത് കോവിഡ് ബാധയേറ്റവരിൽ ഒളിഞ്ഞു നിൽക്കുന്നുണ്ട് എന്നു തന്നെ. അവയുടെ മാനേജ്‌മെന്റ് പ്രധാന വിഷയം തന്നെയാണ്. രൂക്ഷമായി കോവിഡ് ബാധയേറ്റവരിലുണ്ടാകുന്ന ശാരീരിക / മാനസിക രോഗ തുടർച്ചകൾ പൊതുവെ ഒരു പ്രശ്‌നമായി സമൂഹം എടുത്തിട്ടില്ല. കോവിഡ് ഒരു കടലാണെങ്കിൽ കോവിഡാനന്തര രോഗി കുറച്ച് കാലത്തേക്കെങ്കിലും അമൂർത്ത സംഘർഷങ്ങളുടെ കടലാഴമാണ്.

കോവിഡ് കാലം ഭാഗികമായെങ്കിലും നാം നീന്തിക്കടന്നോ? എന്തായാലും, കോവിഡല്ല ഏറ്റവും അവസാനം ഇവിടെ നിന്ന് പോവുക. കോവിഡാനന്തര ബാധ അപ്പോഴും കുറേ നാൾ പ്രേതബാധയേറ്റ ശരീരവും പിടികിട്ടാ മനസ്സുമായി ഇവിടെ കുറച്ചുകാലത്തേക്കെങ്കിലും നിലകൊള്ളും. പോസ്റ്റ് കോവിഡ് പിരിയഡെന്ന് നാം വിളിക്കുന്ന ശാരീരിക- മാനസിക പരിചരണങ്ങൾക്ക് ഒരു ശാസ്ത്രീയ ഘടനയോ അതിന്റെ സോഷ്യൽ ഡിസൈനിങ്ങോ നമുക്ക് ഇതേവരെ നല്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് എന്റെയും സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും അനുഭവം. പനി മാറി സുഖപ്പെടലല്ല ഇത്. നമ്മുടെ ചില ആന്തരികാവയവങ്ങളെങ്കിലും കോവിഡ് ബാധിക്കുന്നതിന് മുമ്പും പിമ്പും രണ്ടാണ്. കോവിഡ് വരുന്നതിനുമുമ്പ് അൽപം ദുർബലപ്പെട്ടുനില്ക്കുന്ന ആന്തരികാവയവമേതാണോ, കോവിഡ് ബാധയേൽക്കുന്നതോടെ അതിൽ കുടിയേറി അതിനെ എത്രയോ മടങ്ങ് ഇരട്ടിപ്പിച്ച് നിശ്ശബ്ദം കീഴടക്കും. പ്രീ -കോവിഡ് കാലത്തിലെ ആന്തരിക ശാരീരികാവയവങ്ങളിലാണ് കോവിഡിന്റെ സാധ്യതകൾ നങ്കൂരമിടുന്നതെന്നാണ് പലരുടെയും അനുഭവങ്ങൾ വെച്ച് മനസ്സിലാക്കാൻ കഴിഞ്ഞത്. ഇതിൽ ഹൃദയം പ്രധാന ഇരയാണ്.

പരിചയക്കാരനായ ഒരു ചെറുപ്പക്കാരൻ കോവിഡ് മാറി ആശുപത്രിയിൽനിന്ന് തിരിച്ചു വന്നു. അയാളുടെ സുഹൃത്തുക്കൾ വിലക്കിയിട്ടും തന്റെ ഭീമാകാരമുള്ള ബൈക്കിൽക്കയറി ബോറടി മാറാൻ പശ്ചിമഘട്ടത്തിലേക്ക് തിരിച്ചു. വയനാടൻ ചുരത്തിൽ, വഴിമധ്യേ ഹൃദയാഘാതം വന്നു മരിച്ചു. കാഴ്ചയിൽ നല്ല ആരോഗ്യവാനായിരുന്നു. ജിമ്മിലൊക്കെ സ്ഥിരമായി പോയിരുന്ന ശരീരം.
ഒരാൾ കോവിഡ് നെഗറ്റീവ് ആയി എന്നാൽ അയാൾ പൂർണ രോഗവിമുക്തി കൈവരിച്ചു എന്നല്ല അർത്ഥമെന്ന് ഡോക്ടർമാർ തന്നെ നിരന്തരം പറയുന്നുണ്ടെങ്കിലും ഈ ആശയം പൂർണമായും രോഗികളുടെ പക്ഷത്ത് സുവ്യക്തമല്ല. കോവിഡിൽ പോസിറ്റീവ് ഉണ്ട്. എന്നാൽ നെഗറ്റീവ് ഉണ്ടോ? മറ്റ് രോഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കോവിഡിൽ നെഗറ്റീവ് എന്ന സംജ്ഞതന്നെ തെറ്റിദ്ധാരണ ഉൽപാദിക്കുന്നതല്ലേ? അതിനുപകരം ശരിയായ ഒരു പദപ്രയോഗം സംഭവിക്കേണ്ടതായിരുന്നില്ലേ? അതേക്കുറിച്ചുള്ള ബോധവൽക്കരണത്തിൽ എത്രയോ കരുതലുകൾ ആവശ്യമാണെന്ന് പോസ്റ്റ്‌കോവിഡ് കാലം നീന്തി കരയേറിക്കൊണ്ടിരിക്കുന്ന ഒരാൾ എന്ന നിലയിൽ എനിക്ക് പറയാനാവും.

നമ്മൾ വൈദ്യചരിത്രത്തിൽ ഇതുവരെ അറിഞ്ഞ ഒരനുഭവമല്ല അത്. ഇക്കാര്യം നാം എങ്ങനെയോ മറന്നു പോകുന്നുണ്ട്. ചിലതെല്ലാം നാം വൈകിയേ അറിഞ്ഞുള്ളൂ. അതിന്റെ ഫലമാണ് പോസ്റ്റ് കോവിഡ് മരണങ്ങളെയും കോവിഡ് മരണങ്ങളായി കണക്കാക്കാൻ ഗവണ്മെന്റുകൾ പിന്നീട് തയ്യാറായത്. പോസ്റ്റ് കോവിഡ് അനുശീലനങ്ങൾക്കും പ്രീ- കോവിഡ് കാലത്തെന്നപോലെ കാലേക്കുട്ടി മുൻകരുതലുകൾ ശക്തമാക്കേണ്ടതുണ്ട് എന്ന് തന്നെയാണ് കോവിഡ് മരണവൃത്തത്തിൽ നിന്ന് ഒരുവിധം മടങ്ങിയെത്തിയ ഒരാളെന്ന നിലക്ക് ഇതെഴുതുന്ന ആളിന്റെ അഭിപ്രായം.
Tortoises can tell you more about the road than hares - Khalil Gibran

Comments