ഡോ. കെ.പി. അരവിന്ദൻ

കോവിഡ് കാലത്തെ വൈദ്യശാസ്ത്രം

കോവിഡിനു ശേഷമുള്ള വൈദ്യശാസ്ത്രം, അതിനു മുൻപുള്ളതിനെ അപേക്ഷിച്ച് ഗുണപരമായ രീതിയിൽ വ്യത്യസ്തമായിരിക്കും എന്നു നമുക്ക് പ്രതീക്ഷിക്കാം

കോവിഡ്-19 മഹാമാരി പോലെ ഒരു അനുഭവം ഇന്നു ജീവിച്ചിരിക്കുന്ന ആർക്കും ഉണ്ടായിക്കാണില്ല. ഒരു നൂറ്റാണ്ടിനുമുൻപ് 1918 ലാണ് ഇതുപോലൊരു പാൻഡമിക് അവസാനമായി താണ്ഡവമാടിയത്. അന്ന് ലോകമെമ്പാടും സ്പാനിഷ് ഫ്‌ളു എന്നറിയപ്പെട്ട ഇൻഫ്‌ളുവെൻസ രോഗം മൂലം മരിച്ചത് രണ്ടു മുതൽ ആറു കോടി വരെ മനുഷ്യരാണ്. അന്നത്തെ ലോക ജനസംഖ്യയായ 200 കോടിയിൽ ഒന്നുമുതൽ മൂന്നു ശതമാനം വരെ. അതുമായി താരതമ്യം ചെയ്യുമ്പോൾ കോവിഡ് മൂലം മരിച്ച 19 ലക്ഷം പേർ വളരെ കുറവാണെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ഇത് രോഗാണുവിന്റെ പ്രഹരശേഷി കുറവായതു കൊണ്ടല്ല. ഒരു പക്ഷെ 1918 ലെ ഫ്‌ളൂവിനേക്കാൾ വേഗത്തിൽ നിശ്ശബ്ദമായി പടരാനും, വൈദ്യസഹായമില്ലെങ്കിൽ അത്രത്തോളം തന്നെ മരണസാധ്യതയുള്ളതുമാണ് കോവിഡ്-19. ഇവിടെയുണ്ടായ വ്യത്യാസം, ശാസ്ത്രീയ വൈദ്യവും അതിന്റെ അറിവുകൾ പരമാവധി സമാഹരിച്ച് പ്രവർത്തനങ്ങൾക്ക് രൂപം നൽകാൻ കഴിഞ്ഞതുമാണ്.

ആരാധനാലയങ്ങൾ പ്രവർത്തിച്ചില്ലെങ്കിലും ജനജീവിതത്തെ അത് ബാധിക്കുന്നില്ല; എന്നാൽ ആശുപത്രികൾ പ്രവർത്തിച്ചേ തീരൂ എന്ന അവസ്ഥ എല്ലവരും അംഗീകരിക്കുക ചെയ്യുന്ന സമയമാണിത്. ലോക്ക്ഡൗണിൽ അടച്ചിട്ട ഒരു ചർച്ച്

ലോകം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഒരു വലിയ സ്‌ക്രീനിൽ ഒരു മഹാമാരിക്കെതിരെയുള്ള പോരാട്ടം കണ്ടുകൊണ്ടിരിക്കുകയാണ് ജനം മുഴുവൻ. ആരാധനാലയങ്ങൾ പ്രവർത്തിച്ചില്ലെങ്കിലും ജനജീവിതത്തെ അത് ബാധിക്കുന്നില്ല; എന്നാൽ ആശുപത്രികൾ പ്രവർത്തിച്ചേ തീരൂ എന്ന അവസ്ഥ എല്ലാവരും അംഗീകരിക്കുകയും ചെയ്യുന്ന സമയമാണിത്.

ഇത്​ പൂർണതയോടെ മനസ്സിലാകണമെങ്കിൽ ആധുനിക സയൻസ് ഇല്ലാതിരുന്ന കാലത്തെ മഹാമാരികളെ പറ്റി ചിന്തിച്ചു നോക്കണം. പതിമൂന്നാം നൂറ്റാണ്ടിൽ തുടങ്ങി മുന്നൂറു വർഷത്തോളം യൂറോപ്പിനെ ബാധിച്ച ‘ബ്ലാക്ക് ഡെത്ത്' (കറുത്ത മരണം) എന്ന് വിളിക്കുന്ന ബ്യൂബോണിക്ക് പ്ലേഗ് രോഗം കൊന്നൊടുക്കിയത് ജനസംഖ്യയുടെ ഏതാണ്ട് പകുതിയോളം പേരെയായിരുന്നു. ഓരോ ദിവസം പുലരുമ്പോഴും നമ്മുടെ ചുറ്റിലുള്ളവരിൽ എത്ര പേർ ജീവനോടെ കാണും എന്ന് ആശങ്കയോടെ നോക്കിക്കണ്ടിരുന്ന ആ കാലം ഇന്ന് നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല.

മുന്നൂറു വർഷത്തോളം യൂറോപ്പിനെ ബാധിച്ച 'ബ്ലാക്ക് ഡെത്ത്' എന്ന് വിളിക്കുന്ന ബ്യൂബോണിക്ക് പ്ലേഗ് രോഗം കൊന്നൊടുക്കിയത് ജനസംഖ്യയുടെ ഏതാണ്ട് പകുതിയോളം പേരെയായിരുന്നു. ബ്ലാക്ക് ഡെത്തിന്റെ ഒരു ചിത്രീകരണം

ജനസംഖ്യയിൽ ഒരായിരം പേർ പതിവിൽ കൂടുതൽ മരിച്ചാൽ ആശങ്കപ്പെടുന്ന ഈ കാലത്ത്, നമ്മുടെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ജീവിക്കുന്ന ആകെ മനുഷ്യരിൽ പകുതിയോളം പെട്ടെന്ന് മരിച്ചു പോവുന്ന ഒരു സ്ഥിതി നമുക്കിന്ന് സങ്കൽപിക്കാൻ കഴിയുമോ? ഇനി അങ്ങനെയൊരു രോഗം ഇന്ന് വന്നുകഴിഞ്ഞാൽ തന്നെ നമ്മെ സംബന്ധിച്ചിടത്തോളം അത് വളരെ നിസ്സാരമാണ്. കാരണം ഇന്ന് ഒരു ആന്റിബയോട്ടിക് കൊണ്ട് അതിനെ എളുപ്പത്തിൽ ഭേദപ്പെടുത്താൻ കഴിയും എന്നതു തന്നെ.

ആധുനിക വൈദ്യത്തിന്റെ പല കൈവഴികൾ

ആധുനിക വൈദ്യത്തിന്റെ പല ശാഖകളും ഇന്ന് വിസ്മയകരമാം വിധം മുന്നേറിയിരിക്കുന്നു. കോവിഡിനെ നേരിടാൻ ഇവയെല്ലാം ഒത്തു ചേർന്നതിന്റെ ഫലമായിട്ടുകൂടെയാണ് നമുക്ക് മരണം കുറച്ചു കൊണ്ടു വരാനായത്.

ലൂയീ പാസ്ച്ചർ

ഇക്കാര്യത്തിൽ ആദ്യമായിട്ട് പറയേണ്ടത് തീർച്ചയായിട്ടും രോഗാണുശാസ്ത്രമാണ് (Microbiology). 1870-80 കളിലായി ഫ്രഞ്ചുകാരനായ ലൂയീ പാസ്ച്ചറും ജർമൻകാരനായ റോബർട്ട് കോക്കും പല പ്രധാന രോഗങ്ങൾക്കും സൂക്ഷ്മാണുക്കളാണ് കാരണം എന്ന് കണ്ടെത്തി. റോബർട്ട് കോക്ക് തന്നെയാണ് രോഗാണു സിദ്ധാന്തം സംശയത്തിനിട നൽകാത്ത വിധം തെളിയിച്ചത്. ഒരു രോഗം ഇന്ന അണുവിൽ നിന്നാണ് ഉണ്ടാകുന്നത് എന്നു തെളിയിക്കാൻ ചില നിർദേശങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു. ഇത് ഇന്ന് കോക്കിന്റെ തത്വങ്ങൾ (Koch's postulates) ആയി അറിയപ്പെടുന്നു.

ഓരോ തരം സൂക്ഷ്മാണുവിനെ പറ്റിയുമുള്ള പഠനം ഇന്ന് ഓരോ ശാസ്ത്രശാഖയാണ്. ബാക്റ്റീരിയകളെ പറ്റി പഠിക്കുന്ന ബാക്റ്റീരിയോളജി, ഫംഗസ്സുകളെ പറ്റി പഠിക്കുന്ന മൈക്കോളജി, പ്രോട്ടോസോവകളെ പറ്റി പ്രോട്ടോസോവോളജി, വൈറസുകളെ പറ്റി വൈറോളജി എന്നിങ്ങനെ. മെഡിക്കൽ രംഗത്തു, മാത്രമല്ല

റോബർട്ട് കോക്ക്

മൈക്രോബയോളജിസ്റ്റുകൾ പ്രവർത്തിക്കുന്നത്. വെറ്ററിനറി സയൻസിലും കാർഷിക മേഖലയിലും ഇക്കോളജി - പരിസ്ഥിതി ശാസ്ത്ര ശാഖകളിലുമൊക്കെ ഇവരുണ്ട്. ഇന്ന് പ്രിയമേറി വരുന്ന ഒരു ആശയമാണ് ‘ഒറ്റ ആരോഗ്യം' (One Health) എന്നത്. മനുഷ്യരുടേയും മറ്റ് മൃഗങ്ങളുടേയും രോഗങ്ങളും ആരോഗ്യവുമൊക്കെ കെട്ടുപിണഞ്ഞു കിടക്കുന്നു എന്നതാണീ ആശയത്തിന്റെ പിന്നിൽ. കോവിഡ്-19 ന്റെ കാര്യം തന്നെയെടുക്കൂ. വവ്വാലുകളിൽ രോഗമുണ്ടാക്കാതെ ജീവിക്കുന്ന ഒരു വൈറസ്സ് ആണ് ചെറിയ ജനിതകമാറ്റത്തിലൂടെ ലോകം മുഴുവൻ വിറപ്പിക്കുന്ന SARS C0V-2 വൈറസ് ആയി മാറിയത്.

രണ്ടാമതായി പറയേണ്ടത് ഹൈജീനും ശുചിത്വവും പ്രചരിപ്പിച്ച പ്രസ്ഥാനത്തെ പറ്റിയാണ് (Hygiene and Sanitary movement). രോഗാണുക്കളെ കണ്ടെത്തുന്നതിനു മുൻപു തന്നെ വൃത്തികെട്ട പരിസരവും രോഗങ്ങൾ പകരുന്നതും തമ്മിൽ ബന്ധമുണ്ടെന്ന് മനസ്സിലാക്കിയിരുന്നു. എന്നാൽ രോഗാണു ശാസ്ത്രത്തിന്റെ വരവോടെയാണ് ഇത് കൂടുതൽ ശാസ്ത്രീയമായി പ്രയോഗിക്കപ്പെടുന്നത്. കോവിഡിന്റെ ഈ കാലത്ത് നാമെല്ലാം ഓരോ തവണ കൈ കഴുകുമ്പോഴും ഓർമ്മിക്കേണ്ട രണ്ടു പേരുകളാണ് ഇഗ്‌നാസ് സിമ്മൽവീസ്, ജോസഫ് ലിസ്റ്റർ എന്നിവരുടേത്. ഡോക്ടർമാർ പ്രസവമെടുക്കും മുൻപ് സോപ്പിട്ട് കൈ കഴുകണമെന്നും ശസ്ത്രക്രിയകൾ ചെയ്യുന്നതിനു മുൻപ് കൈകളും ഉപകരണങ്ങളും അണുനാശിനിയായ ഫീനോൾ ഇട്ട് വൃത്തിയാക്കണമെന്നും ഇവർ പറഞ്ഞത് ആന്റിസെപ്റ്റിക് യുഗത്തിന് തുടക്കം കുറിച്ചു, ഇന്ന് ആശുപത്രികളിൽ മാത്രമല്ല നിത്യജീവിതത്തിന്റെ ഭാഗമായിത്തീർന്നിരിക്കുന്നു ഈ അണുനാശിനികൾ. ഓരോ സൂക്ഷ്മാണുവിനേയും നശിപ്പിക്കാൻ എത്ര ചൂട് എത്ര നേരം വേണം, ഏതെല്ലാം അണുനാശിനികൾ ഫലപ്രദമാണ് എന്നൊക്കെ വിശദമായി നമുക്കിന്നറിയാം.

പഴയതെങ്കിലും ഇന്ന് പ്രാധാന്യം വർധിച്ചുവരുന്ന ശാസ്ത്രശാഖയാണ് എപ്പിഡമിയോളജി. രോഗം സമൂഹത്തിൽ എങ്ങനെ പകരുന്നു, ഓരോരുത്തർക്കും രോഗം ബാധിക്കാനുള്ള സാധ്യതകൾ, രോഗം വരാനുള്ള പാരിസ്ഥിതിക സാമൂഹ്യസാഹചര്യങ്ങൾ, ഇവയെല്ലാം തമ്മിലുള്ള ബന്ധങ്ങൾ എന്നിവയൊക്കെയാണ് എപ്പിഡമിയോളജിയുടെ പഠനമേഖലകൾ.

അലക്‌സാൻഡർ ഫ്‌ളെമിങ്ങിന്റെ ആകസ്മികമായ ഒരു ലബോറട്ടറി നിരീക്ഷണം ഒരു തരം പൂപ്പലിൽ (fungus) ബാക്ടീരിയകൾക്കെതിരെ പ്രവർത്തിക്കുന്ന പെനിസിലിൻ കണ്ടെത്തുന്നതിലേക്കു നയിച്ചു. ഇത് ആന്റിബയോട്ടിക്കുകളുടെ യുഗത്തിന്റെ തുടക്കമായിരുന്നു, സാധാരണ മുറിവുകൾ പോലും പഴുത്ത് മരണത്തിലേക്ക് നയിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു എന്ന് ഇന്ന് നാം പലപ്പോഴു ഓർക്കാറില്ല. 1918ലെ സ്പാനിഷ് ഫ്‌ളൂവിൽ 5 കോടി മനുഷ്യർ മരിച്ചതിൽ വലിയൊരു പങ്കും വൈറസ് ബാധയെ തുടർന്ന് ബാക്ടീരിയ ഉണ്ടാക്കുന്ന ന്യൂമോണിയ മൂലമായിരുന്നു. ആന്റിബയോട്ടിക്കുകൾ ഇല്ലാത്ത കാലമായിരുന്നു എന്നതുതന്നെയാണ് ഈ കൂടിയ മരണസംഖ്യക്കു കാരണം. കണ്ടുപിടിക്കപ്പെട്ടതിനു ശേഷമുള്ള കഴിഞ്ഞ എഴുപത്തിയഞ്ചു വർഷങ്ങൾക്കുള്ളിൽ എത്ര കോടി മനുഷ്യജീവനുകളെ ആന്റിബയോട്ടിക്കുകൾ രക്ഷപ്പെടുത്തി എന്ന കണക്ക് ശരിക്കും അതിശയിപ്പിക്കുന്നതായിരിക്കും.

എഴുപത്തിയഞ്ചു വർഷങ്ങൾക്കുള്ളിൽ എത്ര കോടി മനുഷ്യജീവനുകളെ ആന്റിബയോട്ടിക്കുകൾ രക്ഷപ്പെടുത്തി എന്ന കണക്ക് ശരിക്കും അതിശയിപ്പിക്കുന്നതായിരിക്കും.

ഔഷധങ്ങളുടെ കണ്ടെത്തലും, ഉപയോഗവും ദോഷങ്ങളും ഒക്കെ പഠിക്കുന്ന ശാസ്ത്രശാഖയാണ് ഫാർമക്കോളജി. ആന്റിബയോട്ടിക്കുകൾ ഫാർമക്കോളജിയുടെ ഒരു ഭാഗം മാത്രമേ ആവുന്നുള്ളൂ. ബാക്ടീരിയൽ രോഗങ്ങൾക്കാണ് പ്രധാനമായി ആന്റിബയോട്ടിക്കുകൾ ഉപയോഗപ്പെടുന്നത്. ഇതുപോലെ പൂപ്പലുകൾക്കെതിരെ ആന്റി-ഫംഗൽ മരുന്നുകൾ മലേറിയ പോലുള്ള പ്രോട്ടോസൊവൽ രോഗങ്ങൾക്കെതിരെയുള്ള പ്രത്യേക മരുന്നുകൾ, വൈറസുകൾക്കെതിരെ ആന്റിവൈറൽ മരുന്നുകൾ എന്നിവയൊക്കെ ഇന്ന് വ്യാപകമായി പ്രചാരത്തിലുണ്ട്. വർഷം തോറും കോടിക്കണക്കിനു മനുഷ്യരാണ് നൂറു കൊല്ലം മുമ്പ് മലേറിയ മൂലം മരിച്ചിരുന്നത്. ഈ അടുത്തകാലം വരെ എയിഡ്‌സ് രോഗത്തിനു കാരണമായ HIV ബാധിച്ചവർ മിക്കവാറും പത്തു വർഷത്തിനകം മരിക്കുമായിരുന്നു. എന്നാൽ ഇന്ന് ആന്റിവൈറൽ മരുന്നുകൾ ഈ മരണനിരക്ക് ഗണ്യമായി കുറയ്ക്കുക മാത്രമല്ല, ഒരു പാടു പേരെ സാധാരണ ജീവിതം നയിക്കാൻ പ്രാപ്തരാക്കിയിരിക്കുന്നു.

പ്രതിരോധ ജൈവശാസ്ത്രം അഥവാ ഇമ്യൂണോളജി ഇന്ന് വളരെയേറെ വികസിച്ച മറ്റൊരു ശാസ്ത്രശാഖയാണ്. രോഗാണുക്കളെ പ്രതിരോധിക്കുന്ന വിവിധ തരം ലിംഫോസൈറ്റ് കോശങ്ങൾ അവ ഉൽപ്പാദിപ്പിക്കുന്ന വിവിധ തരം ആന്റിബോഡികൾ, സൈറ്റോകൈനുകൾ, മറ്റ് പ്രതിരോധകോശങ്ങൾ, മറ്റു തന്മാത്രകൾ എന്നിങ്ങനെ പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്ന വലിയൊരു വ്യൂഹത്തെ പറ്റി ഇന്ന് വളരെ വിശദമായി തന്നെ നമുക്കറിയാം. ഇമ്യൂണോളജിയെ രോഗനിർണയത്തിനും ചികിത്സയ്ക്കും പ്രതിരോധത്തിനുമൊക്കെ ഉപയോഗിക്കാം. കോവിഡിനെതിരെ രോഗപ്രതിരോധ വാക്‌സിനുകൾ നിർമ്മിക്കുന്നതിൽ അത്ഭുതകരമാം വിധം വേഗത്തിൽ വിജയിച്ചതും ഇന്ന് പല തരം വാക്‌സിനുകൾക്ക് കളമൊരുങ്ങിയതും ഇമ്മ്യൂണോളജിയുടെ വലിയൊരു വിജയം തന്നെയാണ്.
രോഗാണുക്കൾ അടക്കം പല കാരണങ്ങളാൽ രോഗം വരുന്ന പ്രക്രിയകളെ പറ്റിയും രോഗം കോശങ്ങളിലും ആന്തരിക സ്രവങ്ങളിലും മറ്റും ഉണ്ടാക്കുന്ന മാറ്റങ്ങളെ പറ്റിയും വിവിധ രോഗനിർണയ രീതികളേയും പറ്റിയൊക്കെ പഠിക്കുന്ന ശാഖയാണ് പത്തോളജി. രോഗനിർണയരീതികളിൽ തന്മാത്രാ ജീവശാസ്ത്രം ഇന്ന് കൂടുതൽ കൂടുതൽ പ്രധാനമായ പങ്ക് വഹിക്കാൻ തുടങ്ങിയിരിക്കുന്നു. ഒരോ ജീവിയുടെയും ജനിതക പദാർത്ഥങ്ങളെ (ഡി.എൻ.എ അല്ലെങ്കിൽ ആർ.എൻ.എ) മുഴുവനായി തിട്ടപ്പെടുത്തി ഒന്നിച്ച് പഠിക്കുന്നതാണ് ജിനോമിക്‌സ് എന്ന തന്മാത്രാ ജീവശാസ്ത്രത്തിൽ അധിഷ്ഠിതമായ ശാസ്ത്രശാഖ. ഒരേ സമയം മനുഷ്യനേയും വൈറസിനേയും ജിനോമിക് സങ്കേതങ്ങൾ ഉപയോഗിച്ചു പഠിക്കാൻ ഇന്ന് കഴിയുന്നു.

വൈദ്യശാസ്ത്ര ശാഖകൾ കരുത്താർജ്ജിച്ചത് ഐ.ടിയുടെ ബലം ഉപയോഗിച്ചു കൊണ്ടാണ്. ഇന്നത്തെ ജിനോമിക്‌സിന്റെ കാതലായ സീക്വെൻസ് കണ്ടെത്താനുള്ള പരീക്ഷണങ്ങൾ തരുന്ന ഡാറ്റയെ അർത്ഥം വെപ്പിക്കണമെങ്കിൽ അതിനു പറ്റുന്ന കമ്പ്യൂട്ടർ പ്രോഗ്രാമുകൾ വേണം. ഹ്യൂമൻ ജിനോം പ്രോജെക്ടിന്റെ കാലത്തെ ജിനോമിക്‌സിൽ നിന്ന് NGS സാങ്കേതികവിദ്യകളിൽ എത്തിച്ചേർന്നത് ഐ.ടി സങ്കേതങ്ങളുപയോഗിച്ചാണ്

പഴയതെങ്കിലും ഇന്ന് പ്രാധാന്യം വർധിച്ചുവരുന്ന ശാസ്ത്രശാഖയാണ് എപ്പിഡമിയോളജി. രോഗം സമൂഹത്തിൽ എങ്ങനെ പകരുന്നു, ഓരോരുത്തർക്കും രോഗം ബാധിക്കാനുള്ള സാധ്യതകൾ, രോഗം വരാനുള്ള പാരിസ്ഥിതിക സാമൂഹ്യസാഹചര്യങ്ങൾ, ഇവയെല്ലാം തമ്മിലുള്ള ബന്ധങ്ങൾ എന്നിവയൊക്കെയാണ് എപ്പിഡമിയോളജിയുടെ പഠനമേഖലകൾ. "വൈറസ്', "ഔട്ട്‌ബ്രേക്ക്', "കൺടേജിയോൺ' തുടങ്ങിയ സിനിമകളിലൂടെയൊക്കെ എപ്പിഡമിയോളജി മെഡിക്കൽ ശാസ്ത്രങ്ങൾക്കിടയിൽ ഒരു താരമായി മാറിക്കൊണ്ടിരിക്കുകയാണ്. ഒരാളിൽ നിന്ന് എത്ര പേരിലേക്ക് രോഗം പകരാം എന്ന് കാണിക്കുന്ന R0 എന്ന സൂചികയൊക്കെ ഇന്ന് പൊതു ജനങ്ങൾക്കിടയിൽ പോലും അറിയപ്പെടുന്നത് എപ്പിഡമിയോളജിയുടെ വർധിച്ചു വരുന്ന സ്വാധീനം വ്യക്തമാക്കുന്നു.

ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ സയൻസിനെ പറ്റി പറയുമ്പോൾ വിവരസാങ്കേതിക വിദ്യയുടെ പ്രാധാന്യത്തെ പറ്റി പറയാതിരിക്കാൻ കഴിയില്ല. മേൽ പറഞ്ഞ എല്ലാ ശാസ്ത്രശാഖകളും കരുത്താർജ്ജിച്ചത് ഐ.ടിയുടെ ബലം ഉപയോഗിച്ചു കൊണ്ടാണ്. ഇന്നത്തെ ജിനോമിക്‌സിന്റെ കാതലായ സീക്വെൻസ് കണ്ടെത്തൽ എടുക്കുക. സീക്വെൻസ് കണ്ടെത്താനുള്ള പരീക്ഷണങ്ങൾ തരുന്ന ഡാറ്റയെ അർത്ഥം വെപ്പിക്കണമെങ്കിൽ അതിനു പറ്റുന്ന കമ്പ്യൂട്ടർ പ്രോഗ്രാമുകൾ വേണം. ഈ പ്രോഗ്രാമുകളുടെ ശക്തി കൂടുന്നതിനനുസരിച്ച് ജിനോമിക്‌സിന്റേയും രൂപം മാറുന്നു. ഹ്യൂമൻ ജിനോം പ്രോജെക്ടിന്റെ കാലത്തെ ജിനോമിക്‌സിൽ നിന്ന് NGS സാങ്കേതികവിദ്യകളിൽ എത്തിച്ചേർന്നത് ഐ.ടി സങ്കേതങ്ങളിൽ വന്ന വൻ മുന്നേറ്റം ഉപയോഗിച്ചാണ്. ഐടി മുന്നേറ്റം കഴിഞ്ഞ ഏതാനും ദശകങ്ങളിൽ മോളിക്യുലാർ ബയോളജിയേയും മൈക്രോബയോളജിയേയും പത്തോളജിയേയും ഫാർമക്കോളജിയേയും ഒക്കെ മുന്നോട്ടു നയിച്ചു.

അടിസ്ഥാന സയൻസ് നൽകുന്ന വിവരങ്ങൾ വാക്‌സിനുകളും മരുന്നുകളുമൊക്കെയായി മാറുമ്പോൾ അതിനു മേൽ വലിയ നോക്കുകൂലിയുമായി സ്വകാര്യ കമ്പനികൾ രംഗത്തു വരുന്നു. പേറ്റന്റ് വ്യവസ്ഥ കാരണം ഇവയൊക്കെ ലോകജനതയിൽ വലിയൊരു വിഭാഗത്തിന് അപ്രാപ്യമാവുന്നു.

സയൻസ് ഇൻ ആക്ഷൻ

കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ സയൻസ് നമ്മുടെ കണ്മുന്നിൽ തന്നെ പ്രവർത്തിച്ചതെങ്ങിനെ എന്നതിലേക്ക് ഒന്നു കണ്ണോടിക്കാം. രോഗം അരങ്ങേറുന്നത് ചൈനയിലെ വുഹാൻ നഗരത്തിലായായിരുന്നു. ചിലർക്കെങ്കിലും അത് ഗുരുതരമാവുകയും അതിൽ ചിലർ മരിക്കുകയും ചെയ്തപ്പോൾ ഇതെങ്ങാനും 2003ൽ വന്ന് കുറേയേറെ പേരുടെ മരണത്തിന് കാരണമായ സാർസ് രോഗമാണോ എന്നു സംശയിക്കപ്പെട്ടു. കാരണം ഒരു ആർ.എൻ.എ വൈറസ് ആണെന്ന് സ്ഥിരീകരിച്ചെങ്കിലും അത് സാർസിന്റെ വൈറസ് ആയിരുന്നില്ല. വൈറസിനെ വേർതിരിച്ചെടുത്ത് അതിന്റെ മുഴുവൻ ആർ.എൻ.എ ക്രമവും (Genome - RNA Sequence) ദിവസങ്ങൾക്കകം തന്നെ കണ്ടെത്താൻ കഴിഞ്ഞു, 29903 ബേസ് പെയർ നീളമുള്ള ഈ വൈറസ് ക്രമം മറ്റു വൈറസുകളുടെ ക്രമമടങ്ങിയ ഡാറ്റ ബേസുമായി താരതമ്യം ചെയ്തപ്പോൾ മനസ്സിലായത് സാർസിന്റെ ഇനത്തിൽ പെട്ട ഒരു കൊറോണ വൈറസ് ആണ് ഇതെന്നായിരുന്നു. എന്നാൽ ഇതിന് സാർസുമായി 75% മാത്രമേ സാമ്യമുണ്ടായിരുന്നുള്ളൂ. വവ്വാലുകളിൽ കാണപ്പെട്ട മറ്റൊരു കൊറോണ വൈറസുമായി 95% സാമ്യമുണ്ടായിരുന്നു എന്ന കാര്യവും കണ്ടെത്തി. വവ്വാലിൽ നിന്ന് അടുത്തിടെ മാത്രം മനുഷ്യനിലേക്ക് ചാടിയെത്തിയതാവാം ഈ വൈറസ്സ് എന്ന് അനുമാനിക്കപ്പെട്ടു. പുതിയ വൈറസ് ആയതു കൊണ്ട് SARS COV-2 എന്നുള്ള പുതിയ പേരും നൽകപ്പെട്ടു.

വുഹാനിൽ ആദ്യമായി രോഗം വന്ന കുറേ പേരുടെ വിവരങ്ങൾ ശേഖരിച്ച് നടത്തിയ എപിഡമിയോളജി പഠനത്തിൽ നിന്ന് വ്യക്തമായത്, ആദ്യ കേസുകൾ വുഹാൻ മാർക്കറ്റുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടവരായിരുന്നു എന്നതാണ്. അതുവഴി മാർക്കറ്റിലെ ഏതെങ്കിലും മൃഗങ്ങളിൽ നിന്നോ ഗ്രാമപ്രദേശങ്ങളിൽ നിന്ന് അവിടെയെത്തുന്ന കൃഷിക്കാരിൽ നിന്നോ ആയിരിക്കണം ആദ്യ കേസുകൾ എന്ന് അനുമാനിക്കപ്പെട്ടു. പുതിയ വൈറസ്സ് രോഗം കണ്ടെത്തിയ കാര്യം ലോകത്തെ അറിയിക്കുന്നതിൽ ചൈന കാലതാമസം വരുത്തി എന്ന് ആരോപിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ കുറച്ചൊക്കെ ശരിയുണ്ടായിരിക്കാം. ഏതു രാജ്യമാണെങ്കിലും ഈ കാലതാമസം ഉണ്ടാവുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഏതായാലും വൈറസിന്റെ ജനിതകക്രമം (സീക്വെൻസ്) കണ്ടെത്തിയ ഉടൻ തന്നെ ചൈന അത് ലോകാരോഗ്യ സംഘടനയ്ക്കു കൈമാറി. അതുവഴി ഈ വിവരം ലോകം മുഴുവൻ ലഭ്യമായി.

കൊറോണ വൈറസ്

സീക്വെൻസ് അറിയുന്നതിന്റെ പ്രായോഗിക ഗുണം, ഈ രോഗനിർണയത്തിനുള്ള ടെസ്റ്റ് വികസിപ്പിച്ചെടുക്കാം എന്നുള്ളതാണ്. ഇത്തരം വൈറസ് രോഗങ്ങൾ കണ്ടെത്താൻ സാധാരണ നമ്മൾ ഉപയോഗിക്കുന്ന ടെസ്റ്റ് ആണ് പോളിമറേസ് ചെയിൻ റിയാക്ഷൻ (PCR) എന്നത്. ആ വൈറസിൽ മാത്രമുള്ള ക്രമങ്ങൾ - അതായത് മറ്റൊരു ജീവിയിലും ഇല്ലാത്തവ - കണ്ടെത്താനുള്ള ടെസ്റ്റ് ആണത്. ആർ.എൻ.എ വൈറസ് ആവുമ്പോൾ ആദ്യ പടിയായി റിവേഴ്‌സ് ട്രാൻസ്‌ക്രിപ്ഷൻ (RT) എന്ന സങ്കേതത്തിലൂടെ അതിനെ ഡി.എൻ.എ ആയി മാറ്റണം. അങ്ങിനെ ചെയ്യുന്ന PCR ടെസ്റ്റിനെ RT-PCR എന്നു വിളിക്കുന്നു. ഇന്ന് ഈ ടെസ്റ്റ് വഴിയാണ് മുഖ്യമായും കോവിഡ് രോഗം കണ്ടെത്തുന്നത്. ലോകമെമ്പാടും രോഗനിയന്ത്രണത്തെ വളരെയേറെ സഹായിച്ചത് സീക്വെൻസ് ഡാറ്റ ഉപയോഗിച്ച് നിരവധി കമ്പനികൾ പെട്ടെന്ന് RT-PCR കിറ്റുകളുമായി രംഗത്തു വന്നു എന്നുള്ളതു കൊണ്ടാണ്.

മറ്റ് രോഗങ്ങളിൽ നിന്ന് കോവിഡ്-19 നെ വ്യത്യസ്തമാക്കുന്നത് പുതിയ രോഗമായതിനാൽ ആർക്കും സ്വാഭാവികപ്രതിരോധം ഇല്ലെന്നതും രോഗലക്ഷണങ്ങൾ കാണിക്കുന്നതിനു മുൻപു തന്നെ രോഗം പരത്തുമെന്നതുമാണ്. രോഗലക്ഷണമുള്ളവരെ ഉടൻ ക്വാറന്റയിൻ ചെയ്തതുകൊണ്ടുമാത്രം രോഗം നിയന്ത്രിക്കാൻ കഴിയില്ല എന്നതാണ് ഇതിന്റെ ഫലം.

ഏതൊരു അണുബാധയുണ്ടായാലും ശരീരം അണുവിനെതിരെ പ്രതിരോധം പടുത്തുയർത്തുന്നു. രോഗാണു അകത്ത് ചെന്നു കഴിഞ്ഞാൽ അതിനെതിരെ പ്രതിവസ്തുക്കൾ അല്ലെങ്കിൽ ആന്റിബോഡികൾ നിർമ്മിക്കപ്പെടുന്നു. ആദ്യം IgM ആന്റിബോഡികൾ, പിന്നെ IgG ആന്റിബോഡികൾ. ഇതിൽ ആദ്യത്തേത് രോഗനിർണയത്തിനും രണ്ടാമത്തേത് രോഗം വന്നു മാറിക്കഴിഞ്ഞ വരെ കണ്ടെത്താനും സഹായകമാവുന്നു. ആന്റിബോഡികൾ കണ്ടെത്താനുള്ള ELISA ടെസ്റ്റുകളും റാപിഡ് ടെസ്റ്റുകളും പല കമ്പനികളും വികസിപ്പിച്ച് വ്യാപകമായി ലഭ്യമാക്കി. മാത്രമല്ല, ആന്റിബോഡികൾ ഉപയോഗിച്ച് വൈറസിനെ കണ്ടെത്താനുള്ള ആന്റിജൻ ടെസ്റ്റുകളും വേഗം തന്നെ വികസിപ്പിക്കപ്പെട്ടു. പെട്ടെന്നുള്ള രോഗനിർണയത്തിന് ഇത് ഏറെ സഹായകമായി.

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പലതരം രോഗനിർണയ സങ്കേതങ്ങളും വ്യാപകമായി ഉപയോഗിക്കേണ്ടി വന്നു. ഇതിന്റെ ഫലമായി ലോകത്തിൽ എല്ലായിടത്തും ഇത്തരം രോഗനിർണയരീതികൾക്ക് വേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ട സ്ഥിതി വന്നു. ഈ സങ്കേതങ്ങൾ തന്നെ എയിഡ്‌സ്, ഡെങ്കി തുടങ്ങിയ നിരവധി പകർച്ചവ്യാധികൾ, കാൻസറുകൾ എന്നിവയൊക്കെ കണ്ടുപിടിക്കാൻ ഉപയോഗിക്കുന്നതാണ്. ഭാവിയിൽ രോഗനിർണയ രംഗം മെച്ചപ്പെടാൻ ഈ അടിസ്ഥാന സൗകര്യ വികസനങ്ങൾ സഹായിക്കും എന്നുറപ്പാണ്.

കോവിഡ് കാലഘട്ടത്തിൽ നാം എങ്ങിനെ ജീവിക്കണം എന്നൊക്കെ തീരുമാനിക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നത് എപ്പിഡമിയോളജിസ്റ്റുകളാണ്. രോഗവ്യാപനത്തെ പറ്റിയുള്ള പലതരം പഠനങ്ങൾ ഉപയോഗിച്ച് അവർ നടത്തുന്ന മോഡൽ പ്രവചനങ്ങളാണ് ലോകരാജ്യങ്ങളെ പാൻഡമിക് കാലത്തെ പ്രതിരോധ നയങ്ങളിലേക്ക് നയിക്കുന്നത്. രോഗാണുവിന്റെ ആക്രമണ ശേഷി സൂചിപ്പിക്കുന്ന R0 എന്ന സൂചകത്തെ പറ്റി നേരത്തെ സൂചിപ്പിച്ചല്ലോ. ആർക്കും രോഗപ്രതിരോധമില്ലാത്ത ഒരു സമൂഹത്തിൽ ഒരു രോഗബാധിതനിൽ നിന്ന് ഇന്ന് എത്ര പേർക്ക് രോഗം പകരും എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. സ്വാഭാവികമായും R0 കൂടുന്നതിനനുസരിച്ച് രോഗവ്യാപനത്തിന്റെ തോതും വേഗത്തിലാവും. രോഗത്തിന്റെ അടയിരിപ്പു സമയമാണ് മറ്റൊന്ന്. രോഗാണു അകത്തു കയറി എത്ര ദിവസം കഴിഞ്ഞാണ് രോഗലക്ഷണങ്ങൾ തുടങ്ങുന്നത് എന്ന്. ഇൻക്യുബേഷൻ സമയം കുറയുന്നതിനനുസരിച്ച് വേഗത്തിൽ രോഗവ്യാപനം നടക്കും. പിന്നൊന്ന് ആദ്യത്തെയാൾക്ക് രോഗലക്ഷണം കണ്ട് എത്ര നാൾ കഴിഞ്ഞാണ് അയാളിൽ നിന്ന് രോഗം പകർന്നയാൾക്ക് രോഗലക്ഷണം കാണുന്നത് എന്ന കണക്ക് സീരിയൽ ഇടവേള (serial interval) എന്ന കണക്കാണ്. ഇത് ഇൻക്യുബേഷൻ സമയത്തേക്കാൾ കുറവാണെങ്കിൽ രോഗലക്ഷണങ്ങൾ തുടങ്ങുന്നതിനു മുൻപു തന്നെ രോഗം പകർത്തുന്നു എന്നാണർത്ഥം.
രോഗത്തെ നിയന്ത്രിക്കാൻ സമൂഹത്തിൽ ചുരുങ്ങിയത് എത്ര പേർക്ക് രോഗപ്രതിരോധശേഷി വേണമെന്നത് 100-(100/R0) എന്ന സമവാക്യം കൊണ്ട് നമുക്ക് കണക്കു കൂട്ടാം. അതായത് ഒരു രോഗത്തിന്റെ R0, അഞ്ച് ആണെങ്കിൽ 80% പേർക്കെങ്കിലും രോഗപ്രതിരോധശേഷി ഉണ്ടെങ്കിലേ രോഗനിയന്ത്രണം സാധ്യമാവൂ.

മറ്റ് രോഗങ്ങളിൽ നിന്ന് കോവിഡ്-19 നെ വ്യത്യസ്തമാക്കുന്നത് പുതിയ രോഗമായതിനാൽ ആർക്കും സ്വാഭാവികപ്രതിരോധം ഇല്ലെന്നതും രോഗലക്ഷണങ്ങൾ കാണിക്കുന്നതിനു മുൻപു തന്നെ രോഗം പരത്തുമെന്നതുമാണ്. രോഗലക്ഷണമുള്ളവരെ ഉടൻ ക്വാറന്റയിൻ ചെയ്തതുകൊണ്ടുമാത്രം രോഗം നിയന്ത്രിക്കാൻ കഴിയില്ല എന്നതാണ് ഇതിന്റെ ഫലം. നിശ്ശബ്ദമായി സമൂഹത്തിൽ പകരാനും അതു വഴി ആരോഗ്യരക്ഷാ സംവിധാനങ്ങൾക്ക് കൈകാര്യം ചെയ്യാനാവാത്ത വിധം ഒട്ടേറെ രോഗികൾ ഒരേ സമയത്ത് ഉണ്ടാകാനും മരണങ്ങൾ ഉയരാനുമൊക്കെയുള്ള സാധ്യതയാണ് ഈ രോഗത്തിന്റെ ഏറ്റവും വലിയ അപകടം. ശാരീരിക അകലം പാലിച്ചും മാസ്‌കുകൾ ധരിച്ചുമൊക്കെ രോഗവ്യാപനത്തോത് കുറയ്ക്കാനുള്ള ശ്രമങ്ങളിലെത്തിച്ചേരുന്നത് ഈ എപ്പിഡമിയോളജി മോഡലുകളിൽ നിന്നാണ്.

ഇതോടൊപ്പം തന്നെ രോഗത്തെ നിയന്ത്രണാധീനമാക്കണമെങ്കിൽ കൊവിഡ്- 19 ന്റെ കാര്യത്തിൽ ഒരു വാക്‌സിൻ കണ്ടുപിടിക്കുകയെന്നത് അത്യാവശ്യമാണ് എന്നു വരുന്നു. വാക്‌സിൻ വഴി മാത്രമേ രോഗാണുവിന് നിലനിൽപ്പില്ലാത്ത വിധം ഭൂരിഭാഗം മനുഷ്യരിലും രോഗപ്രതിരോധം തീർക്കാൻ കഴിയൂ. ഒരു വാക്‌സിൻ വികസിപ്പിച്ചെടുക്കുക എന്നത് സങ്കീർണ പ്രക്രിയയാണ്. പ്രാരംഭ ഗവേഷണങ്ങൾക്കു ശേഷം മൃഗങ്ങളിലും പല ഘട്ടങ്ങളായി മനുഷ്യരിലും ടെസ്റ്റ് ചെയ്ത് പാർശ്വഫലങ്ങളെ പറ്റിയും ഗുണപ്രാപ്തിയെ പറ്റിയുമൊക്കെ പഠിക്കണം. ഇതെല്ലാം കഴിഞ്ഞേ വ്യാപകമായി പ്രയോഗിക്കാൻ കഴിയൂ. ഇന്ന് ഇരുന്നൂറോളം വാക്‌സിനുകൾ പല രാജ്യങ്ങളിലായി പരിഗണനയിലുണ്ട്. ഇതിൽ 26 വാക്‌സിനുകൾ മനുഷ്യ പരീക്ഷണ ഘട്ടങ്ങളിലാണ്. നാലോ അഞ്ചോ വാക്‌സിനുകൾ ജനങ്ങളിൽ ഉപയോഗിക്കാനാവുന്ന സ്റ്റേജിൽ എത്തിക്കഴിഞ്ഞു.

ആധുനിക വൈദ്യത്തിൽ വരുന്ന മാറ്റങ്ങൾ

കോവിഡ് മഹാമാരി വൈദ്യശാസ്ത്രത്തിന്റെ പ്രവർത്തനത്തിലും നടപ്പുരീതികളിലും വരുത്തുന്ന മാറ്റങ്ങൾ കാണാതിരുന്നുകൂടാ. ഇന്നത്തേതു പോലെ എല്ലാ പ്രവർത്തനങ്ങളും മന്ദീഭവിപ്പിക്കുന്ന ഒരവസ്ഥ ഇന്നു ജീവിക്കുന്ന ആരുടേയും ഓർമയിലുണ്ടാവില്ല. 1918 ലെ അഞ്ചു കോടി മരണങ്ങൾ ഇന്ന് നമുക്ക് താങ്ങാൻ കഴിയില്ല. അതുകൊണ്ട് രോഗവും മരണവും നിയന്ത്രിക്കാൻ വേണ്ടി ഏതറ്റം വരെയും പോവാൻ ലോകരാജ്യങ്ങൾ തയ്യാറാണ്. അതേസമയം എല്ലാം അടച്ചുപൂട്ടി ഇരിക്കാൻ കഴിയുകയുമില്ല. കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ നാം പടുത്തുയർത്തിയ സാമ്പത്തിക- സാംസ്‌കാരിക ലോകം പൊളിഞ്ഞു വീഴുകയായിരിക്കും അതിന്റെ ഫലം. അപ്പോൾ, ശാസ്ത്ര ഗവേഷണത്തിലൂടെ വാക്‌സിനും മരുന്നുകളും ഉണ്ടാക്കിയെടുക്കുക മാത്രമേ നമ്മുടെ മുന്നിൽ പ്രായോഗികമായ മാർഗമുള്ളൂ.
ഇതിനിടെതന്നെ എത്ര പിയർ റിവ്യൂ ലേഖനങ്ങൾ വന്നിട്ടുണ്ടെന്ന് പബ്‌മെഡ് എന്ന മെഡിക്കൽ ഡാറ്റാബേസ് നോക്കിയാൽ മനസ്സിലാവും. Covid-19 അല്ലെങ്കിൽ SARS CoV-2 എന്ന് പബ്‌മെഡിൽ അടിച്ചുനോക്കിയാൽ ഇതു വരെ 43007 ലേഖനങ്ങൾ വന്നിട്ടുള്ളതായി കാണാം. ആദ്യത്തെ ലേഖനം ഡിസംബർ 31 നാണു വന്നിട്ടുള്ളത്. ഒരു വർഷം കൊണ്ട് ഇത്രയധികം ലേഖനങ്ങൾ ഒരു വിഷയത്തിൽ വരുന്നത് ഒരു സർവകാല റെക്കോർഡ് ആണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എത്ര ലക്ഷം ഗവേഷകരുടെ പ്രവർത്തനഫലമാണ് ഇതെന്ന് ആലോചിച്ചു നോക്കൂ.

ഈ ലേഖനങ്ങളിലെല്ലാം പ്രസിദ്ധീകരിച്ചു വരുന്ന വിവരങ്ങൾ വളരെ പെട്ടെന്ന് മറ്റുള്ളവരുമായി പങ്കുവെക്കുക എന്ന രീതിയാണ് ശാസ്ത്രലോകം ഇന്ന് അവലംബിക്കുന്നത്. ഒരു വശത്ത് ഡൊണാൾഡ് ട്രംപിനെ പോലുള്ളവർ അമേരിക്ക ഫസ്റ്റ്, അമേരിക്ക ആദ്യം വാക്‌സിൻ കണ്ടുപിടിക്കും എന്ന് തുടങ്ങിയ വളരെ സങ്കുചിതമായ ദേശീയത പറയുന്നു. മറിച്ച്, പൊതുവെ ശാസ്ത്രലോകം പങ്കുവെക്കൽ വഴിയാണ് ഇതിനെ നേരിടുന്നത്. ഒരു ഉദാഹരണം പറയാം. അമേരിക്കയിലുള്ള പിറ്റസ്ബർഗ് യൂണിവേഴ്‌സിറ്റി കോവിഡ്-19 നെ കുറിച്ചു ഗവേഷണം ചെയ്തു കൊണ്ടിരിക്കുമ്പോൾ അവർ ഫെറെറ്റ് (വെള്ളക്കീരി) എന്ന ജീവിയിൽ വൈറസ് കടത്തി വിട്ടപ്പോൾ അതിനു പനി വരുന്നുണ്ടെന്നു കണ്ടെത്തി. അപ്പോൾ വൈറസിനെതിരെ പ്രതികരിക്കുന്ന ജീവിയാണ് ഫെറെറ്റ് എന്ന പ്രധാനപ്പെട്ട വിവരം മനസ്സിലായി. അങ്ങിനെയാണെങ്കിൽ ഈ ജീവിയെ നമുക്ക് ഇമ്യൂണോളജിക്കൽ പഠനങ്ങൾക്കും മറ്റും ഉപയോഗിക്കാം. ഇത് കണ്ട് കേവലം രണ്ടു മണിക്കൂറിനകം വിവരം അവർ ലോകം മുഴുവനുമായി പങ്കിട്ടു. അവർ തന്നെ ആ വിവരം രഹസ്യമായി സുക്ഷിക്കുകയല്ല ചെയ്തത് എന്നത് ഇന്നത്തെ സയൻസിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റത്തിന്റെ സൂചനയാണ്. ഈ ഗവേഷകർ പാരിസിലെ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടും ആസ്ട്രിയയിലെ തെർമിസ് ബയോസയൻസ് എന്ന കമ്പനിയുമായും സഹകരിച്ച് ഒരു കൺസോർഷ്യമായി പ്രവർത്തിച്ചു വരികയാണ്. ഈ കോൺസോർഷ്യത്തിന് ഫണ്ട് ചെയ്യുന്നതാകട്ടെ നോർവെയിലുള്ള ഒരു ഗ്രൂപ്പാണ്. ആ ഗ്രൂപ്പിനെ തന്നെ ഫണ്ട് ചെയ്യുന്നത് ബിൽഗേറ്റ്സിന്റെയും മെലിൻഡ ഗാറ്റ്സിന്റെയും ട്രസ്റ്റാണ്. ഇവർക്ക് ലോകത്തിലെ ഏറ്റവും വലിയ വാക്‌സിൻ കമ്പനിയായ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി ടൈ -അപ് ഉണ്ട്. ഇങ്ങനെയുള്ള അന്താരാഷ്ട്ര ശൃംഖലകൾ രൂപപ്പെട്ടു പ്രവർത്തിക്കുന്നുണ്ട് എന്നത് കാണേണ്ടതാണ്. വളരെ ആശാവഹമായ കാര്യമാണിത്.

ലോക്ക്ഡൗൺ കാലത്ത് ചൈനയിലെ വുഹാനിൽ മാസ്‌ക് വാങ്ങാൻ ക്യൂ നിൽക്കുന്നവർ

ജേർണൽ പ്രസിദ്ധീകരണങ്ങളുടെ കാര്യത്തിലാണെങ്കിൽ എത്രയും വേഗം പ്രസിദ്ധീകരിക്കുക എന്നതാണ് കണ്ടുവരുന്ന പ്രവണത; അല്ലാതെ അതു സ്വകാര്യമായി വെച്ചു പേറ്റന്റിന് കാത്തിരിക്കുന്ന രീതിയല്ല. കൊവിഡ്-19 വന്നതിനുശേഷമുണ്ടായിട്ടുള്ള മറ്റൊരു കാര്യം, കൂടുതൽ പ്രീ-പബ്ലിക്കേഷൻ ഉണ്ടാകുന്നു എന്നതാണ്. വളരെ വേഗത്തിൽ ഗവേഷണഫലങ്ങൾ ഇതുവഴി മറ്റു ഗവേഷകരിലെത്തുന്നു. സാധാരണ ഒരു ജേർണലിലേക്ക് അയച്ച് പിയർ റിവ്യു ചെയ്ത് കുറേ കഴിഞ്ഞു മാത്രമേ അത് പ്രസിദ്ധീകരിക്കൂ. എന്നാൽ പിയർ റിവ്യു ചെയ്യുന്നതിനു മുൻപുതന്നെ ഇത് എല്ലാവരുമായി പങ്കുവെക്കുന്ന ഒരു മോഡൽ ആണ് പ്രീ- പബ്ലിക്കേഷൻ. അതിൽ എല്ലാവരും അഭിപ്രായം പറയും, ഈ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ടു കൂടിയായിരിക്കും പേപ്പർ അന്തിമമായി പ്രസിദ്ധീകരിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കുക. ഇത്തരം പ്രസിദ്ധീകരണങ്ങൾ എല്ലാവർക്കും കാണാൻ പ്രത്യേകം സർവെർ സൈറ്റുകളുണ്ട്. medrxiv, biorxiv എന്ന സൈറ്റുകൾ ഉദാഹരണങ്ങൾ. ഇവയിൽ ഒട്ടേറെ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുവാനും അതുവഴി വിവരങ്ങൾ പങ്കിടുവാനുള്ള ശ്രമവും നടക്കുന്നുണ്ട്.

പൊതുജനാരോഗ്യ സംവിധാനങ്ങൾ

കോവിഡ് മഹാമാരി നമ്മെ പഠിപ്പിച്ച ഒരു പ്രധാന കാര്യം പൊതുമേഖലയിലുള്ള ആരോഗ്യ സ്ഥാപങ്ങളുടെ പ്രസക്തി എത്ര വലുതാണെന്ന തിരിച്ചറിവാണ്. ഏതെല്ലാം രാജ്യങ്ങൾക്ക് ശക്തമായ പൊതു സംവിധാനങ്ങൾ ഉണ്ടോ അവരെല്ലാം തന്നെ രോഗത്തെ നേരിടുന്നതിൽ വിജയിച്ചിട്ടുണ്ട്. നിയോ-ലിബറൽ ചിന്താഗതിയുടെ ഒരു പരിണിത ഫലം ആരോഗ്യരംഗത്ത് പല രാജ്യങ്ങളിലുമുണ്ടായ സ്വകാര്യവൽക്കരണവും പൊതുമേഖലയുടെ തളർച്ചയുമാണ്. എന്നാൽ എവിടേയും ഈ സ്വകാര്യ കോർപറേറ്റ് സംവിധാനങ്ങൾ കോവിഡ് കാലത്ത് രക്ഷയ്‌ക്കെത്തിയില്ല എന്നത് നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. രോഗ പ്രതിരോധത്തിനു വേണ്ട നിരീക്ഷണ സംവിധാനങ്ങൾ അടക്കം പൊതുജനാരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു. അതുപോലെ തന്നെ പ്രാധാന്യമർഹിക്കുന്നവയാണ് പൊതുമേഖലയിലെ ചികിത്സാ ഗവേഷണ സംവിധാനങ്ങൾ. ഭാവിയിൽ വിവിധ സർക്കാരുകളുടെ അജണ്ടയിൽ ഇവയെല്ലാം വരുമെന്ന് ഉറപ്പാണ്.

സഹകരണവും പേറ്റന്റ് എന്ന നോക്കുകൂലിയും

കൊറോണ വൈറസിനെതിരെയുള്ള ഫലപ്രദമായ മരുന്നുകൾ കണ്ടുപിടിക്കാൻ വളരെ ആവശ്യമായ ഒരു കാര്യം വൈറസിന്റെ പ്രോട്ടീനുകളുടെ ഘടന കൃത്യമായി നിർവചിക്കുക എന്നതാണ്. വിഷമം പിടിച്ച ഈ ജോലി ഒറ്റപ്പെട്ട ലാബുകൾക്ക് ചെയ്യാൻ ബുദ്ധിമുട്ടാണ്. ചൈനയിലും അമേരിക്കയിലും ബ്രിട്ടനിലും ജർമനിയിലുമൊക്കെയുള്ള യൂണിവേഴ്‌സിറ്റി ലാബുകളും ദേശീയ ലാബുകളുമൊക്കെ തമ്മിൽ തമ്മിൽ നിത്യേനയെന്നോണം സഹകരിച്ചും ആശയങ്ങളും ഉപകരണ ഉപയോഗവും ഡാറ്റയുമൊക്കെ കൈമാറിയാണ് ഇതൊക്കെ ചെയ്‌തെടുക്കുന്നത്. SARS CoV-2 വൈറസിന്റെ 170 ൽ പരം ഘടനകൾ - മുഴുവനോ ഭാഗികമോ ആയ പ്രോട്ടീനുകൾ, അല്ലെങ്കിൽ ഔഷധങ്ങളോ റിസപ്റ്ററുകളോ ആയി ഘടിപ്പിച്ച പ്രോട്ടീനുകൾ എന്നിവയെല്ലാം - ഇതിനകം ഇത്തരത്തിൽ അനാവരണം ചെയ്യപ്പെട്ടിട്ടുണ്ട്.

ഫൈസർ ബയേൺടെക് കോവിഡ് വാക്‌സിൻ

ചൈന ആദ്യമായി വൈറസിന്റെ ജനിതക സീക്വെൻസ് കണ്ടെത്തി അത് ലോകവുമായി പങ്കിട്ടശേഷം അടിസ്ഥാന ഗവേഷണങ്ങൾ പൊതു സങ്കേതങ്ങളായ യൂണിവേഴ്‌സിറ്റികളിലും പൊതുമേഖല ലബോറട്ടറികളിലുമായാണ് നടക്കുന്നതെങ്കിലും, ഇതിലൂടെ ലഭ്യമാവുന്ന വിവരങ്ങൾ ഉപയോഗിച്ച് വികസിപ്പിച്ചെടുക്കുന്ന സാങ്കേതികവിദ്യകളുടെ കാര്യം വരുമ്പോൾ ചിത്രമാകെ മാറുന്നു. അവിടെ ശക്തമായ ബൗദ്ധിക സ്വത്തവകാശ നിയമങ്ങൾ കടന്നു വരുന്നു. അടിസ്ഥാന സയൻസ് നൽകുന്ന വിവരങ്ങൾ വാക്‌സിനുകളും മരുന്നുകളുമൊക്കെയായി മാറുമ്പോൾ അതിനു മേൽ വലിയ നോക്കുകൂലിയുമായി സ്വകാര്യ കമ്പനികൾ രംഗത്തു വരുന്നു. പേറ്റന്റ് വ്യവസ്ഥ കാരണം ഇവയൊക്കെ ലോകജനതയിൽ വലിയൊരു വിഭാഗത്തിന് അപ്രാപ്യമാവുന്നു.

ഇപ്പോൾ ലഭ്യമായ വാക്‌സിനുകളുടെ കാര്യമെടുക്കൂ. വാക്‌സിൻ രംഗത്ത് ഏറ്റവും നൂതനമായ സാങ്കേതികവിദ്യയാണ് എം.ആർ.എൻ.എ വാക്‌സിനുകൾ. ഫൈസർ, മോഡേണ എന്നീ രണ്ടു കമ്പനികളാണ് ഇദംപ്രഥമമായി ഈ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വാക്‌സിനുകൾ മനുഷ്യനിൽ ഉപയോഗിക്കാനായി എത്തിച്ചിരിക്കുന്നത്. ഈ സാങ്കേതിക വിദ്യകൾ വികസിപ്പിക്കാനുള്ള അടിസ്ഥാന ഗവേഷണങ്ങൾ മുഴുവൻ നടന്നത് പൊതുമേഖലാ സ്ഥാപനങ്ങളിലും സർവകലാശാലകളിലുമാണ്. എന്നാൽ പേറ്റന്റ് വ്യവസ്ഥകൾ ഉപയോഗിച്ച് ഇതിന്റെ സാമ്പത്തിക ഗുണഫലങ്ങൾ മുഴുവൻ നിർമാണ കമ്പനികൾ സ്വന്തമാക്കുകയാണ്. അവർ സ്വന്തമായി ഉൽപാദിപ്പിക്കുകയും ഉയർന്ന വിലയ്ക്ക് വിൽക്കുകയുമല്ലാതെ മറ്റുള്ളവർക്ക് ഉൽപാദന ലൈസൻസ് നൽകുന്നില്ല. ലോകത്തിനാവശ്യമായ വലിയ തോതിലുള്ള ഉൽപാദനത്തിന് ഇതു പ്രതിബന്ധമാവുന്നു. കോവിഡ് കാലഘട്ടത്തിൽ ഈ സ്ഥിതി മാറിയേ തീരൂ എന്ന ഏറെ കാലമായുള്ള ആവശ്യത്തിനു പിന്നിൽ ഒട്ടേറെ പേർ അണിനിരക്കുന്നതാണ് നാം കാണുന്നത്. മറിച്ചും സംഭവിക്കുന്നുണ്ട്. ഓക്‌സ്‌ഫോർഡ് സർവ്വകലാശാലയിൽ വികസിപ്പിച്ചെടുത്ത അഡനോ വൈറസ് വെക്ടർ വാക്‌സിൻ അസ്ട്രാ സെനെക്ക കമ്പനിക്ക് കൈമാറിയപ്പോൾ അവർ വെച്ച നിബന്ധന ഇത് ലോകമെമ്പാടും കുറഞ്ഞ വിലയ്ക്ക് ലഭ്യമാവണമെന്നായിരുന്നു. അതിന്റെ ഫലമായാണ് ഇന്ത്യയിൽ ഈ വാക്‌സിൻ ഉൽപ്പാദിപ്പിക്കാനായത്.

ഇന്നത്തെ സാഹചര്യത്തിൽ ശാസ്ത്രലോകത്തു നിന്നും അതിനു പുറത്തുനിന്നും വന്നുകൊണ്ടിരിക്കുന്ന ഡിമാന്റുകളിൽ ഒന്ന് സുതാര്യതയാണ്: ഓപ്പൺ സയൻസ്. അടിസ്ഥാന ശാസ്ത്രത്തിന്റെ വിവരങ്ങൾ ഒരു തരം വിലക്കുകളുമില്ലാതെ ലോകം മുഴുവൻ പങ്കിടുന്ന അവസ്ഥ. ഓപ്പൺ സയൻസ് ആകുമ്പോൾ അതിന്റെ ഫലങ്ങളും ഒരു കൂട്ടർക്കു മാത്രം കുത്തകയാക്കി വെക്കുവാൻ സാധിക്കില്ല.
ബൗദ്ധിക സ്വത്തവകാശ നിയമങ്ങൾ ഇന്നത്തെ അവസ്ഥയിൽ തുടരേണ്ടതുണ്ടോ എന്ന് ഗൗരവപൂർവ്വം ആലോചിക്കേണ്ടതായിട്ടുണ്ട്. പല കമ്പനികളും രാജ്യങ്ങളും ചേർന്ന് അവകാശങ്ങൾ സംയോജിപ്പിച്ച് പേറ്റന്റ് പൂളുകൾ (Patent pools) ഉണ്ടാക്കണമെന്ന നിർദേശം ഉയർന്നു വന്നിട്ടുണ്ട്. നിലവിലുള്ള നിർബന്ധിത ലൈസൻസിങ്ങ് (Compulsory licensing) സമ്പ്രദായം വ്യാപകമായി ഉപയോഗിക്കണമെന്നും അഭിപ്രായമുണ്ട്. നിർഭാഗ്യവശാൽ അമേരിക്കയുടേയും ബ്രിട്ടന്റേയും സർക്കാരുകൾ ഇതിന് എതിരു നിൽക്കുകയാണ്.
ഏതായാലും ശാസ്ത്രലോകത്തിൽ പൊതുവായും, മിക്ക ലോക രാജ്യങ്ങൾക്കിടയിലും ബഹുജനങ്ങൾക്കിടയിലും സഹകരണത്തിന്റേതായ മനോഭാവം വളർന്നു വരുന്നുണ്ട്. ഒന്നിച്ചു നിൽക്കുന്നതിലൂടെ മാത്രമേ ലോകത്തിന്റെ രക്ഷ ഉറപ്പക്കാനാവൂ എന്ന തിരിച്ചറിവ് വലിയ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്. കോവിഡിനു ശേഷമുള്ള വൈദ്യശാസ്ത്രം, അതിനു മുൻപുള്ളതിനെ അപേക്ഷിച്ച് ഗുണപരമായ രീതിയിൽ വ്യത്യസ്തമായിരിക്കും എന്നു നമുക്ക് പ്രതീക്ഷിക്കാം.​▮


ഡോ. കെ.പി. അരവിന്ദൻ

പ്രമുഖ ജനകീയാരോഗ്യ പ്രവർത്തകനും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റുമാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് പാത്തോളജി ഡിപ്പാർട്ടുമെൻറ്​ മേധാവിയും പ്രൊഫസറുമായിരുന്നു. കോഴിക്കോട്​ ജില്ലാ കോ ഓപ്പറേറ്റീവ്​ ഹോസ്​പിറ്റലിൽ സീനിയർ കൺസൽട്ടൻറ്​ പാത്തോളജിസ്​റ്റ്​. നിരവധി ജേണലുകളിൽ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു.

Comments