ഡോ. മണിമാല

കോവിഡ്​ ഐ.സി.യുവിൽ ഞാൻ തനിച്ചായിരുന്നില്ല

2020 എന്ന വർഷം ഞങ്ങളെ പുതിയ കുറെ പാഠങ്ങൾ പഠിപ്പിച്ചു. കോവിഡിനെ ചെറുക്കാൻ മാജിക് ബുള്ളറ്റുകളൊന്നും ഇല്ല, കേവലം ഒരു പ്രത്യേക മരുന്നിന് കോവിഡിൽ നിന്ന്​ പൂർണ മുക്തി നേടിക്കൊടുക്കാനും സാധിക്കില്ല.

ന്നേവരെ കണ്ടും, ഇടപഴകിയിട്ടുള്ളതുമായ രോഗികളിൽ നിന്ന്​ യാതൊരു വ്യത്യാസവും ഐ.സി.യു നെഗറ്റീവ് റൂമിലിരിക്കുന്ന ആ വ്യക്തിയിൽ ഞാൻ കണ്ടില്ല. എന്നാൽ അവർക്കൊരു പ്രത്യേകത ഉണ്ടായിരുന്നു- ഒരു കോവിഡ് കേസ് ആയിരുന്നു, ഞാൻ ചികിത്സിക്കാൻ പോകുന്നതിൽ ആദ്യത്തേത്.
ഐ.സി.യുവിന്റെ പുറത്ത്, മിടിക്കുന്ന ഹൃദയവും വിയർപ്പിൽ കുളിച്ച കൈകളുമായി ഞാൻ ഗൗൺ എടുത്തണിഞ്ഞു. അകത്തേക്ക് കടക്കാൻ മടിച്ചുനിന്ന എന്റെ മനസ്സിൽ നൂറുകണക്കിന് ചിന്തകൾ ശരവേഗം പാഞ്ഞു. എനിക്കും, എന്റെ പ്രിയപ്പെട്ടവർക്കും കോവിഡ് പകരുന്നതിനെക്കുറിച്ചുള്ള ആലോചനകളായിരുന്നു അതിൽ പ്രധാനം.

രോഗത്തിന്റെ ഗൗരവം എനിക്ക് ബോധ്യമായത് ഹോങ് കോങിൽ ആദ്യമായി കോവിഡ് രോഗം സ്ഥിരീകരിച്ച്, രാജ്യം അടിയന്തര പ്രതികരണത്തിലേക്ക് നീങ്ങിയതോടെയാണ്

ഐ.സി.യു ഡോർ തള്ളിത്തുറന്ന് അകത്ത് പ്രവേശിച്ചപ്പോൾ മനസ്സിലെ ആശങ്കത്രയും ഇല്ലാതായി. ആത്മവിശ്വാസം തരുന്ന യന്ത്രങ്ങളുടെ ബീപ് ശബ്ദങ്ങളും, വെന്റിലേറ്ററിന്റെ മൂളിച്ചയും, ഓക്‌സിജൻ ട്യൂബുകളുടേയും കാനുലകളുടേയും കാഴ്ചയും ഒരു തരത്തിൽ മനസിനെ തണുപ്പിച്ചു. വർഷങ്ങളുടെ ട്രെയ്നിങ്ങും മസിൽ മെമ്മറിയും എന്റെ ഭയത്തിനുമുകളിൽ സ്ഥാനം പിടിച്ചു. ആ നിമിഷം മുതൽ, എന്റെ മുന്നിലിരിക്കുന്ന വ്യക്തി മറ്റു രോഗികളിൽ നിന്ന്​ ഒട്ടും വ്യത്യസ്തനല്ലാത്ത, സാധാരണ ഒരാളായി മാറുകയായിരുന്നു. ജീവനു വേണ്ടി പോരടിക്കുന്ന ഈ വ്യക്തിക്ക് ഐ.സി.യുവിൽ വെച്ച് നൽകാൻ കഴിയുന്നതിൽ വെച്ച് ഏറ്റവും നല്ല ചികിത്സ കൊടുക്കണം, അതുമാത്രമായിരുന്നു പ്രധാനം.

കോവിഡ് സമയത്തെ ഹോങ്കോംഗിലെ ഒരു തെരുവ്

പത്തു ദിവസം മുമ്പ് ഇതുപോലൊരു സാഹചര്യത്തിനുള്ള വിദൂര സാധ്യത പോലും ഞാൻ മനസ്സിൽ കണ്ടിരുന്നില്ല. തായ്‌ലൻഡിലെ മനോഹരമായ ബീച്ചുകളായിരുന്നു മനസ്സു നിറയെ. എയർപോർട്ടിലിരുന്ന് ഫോണിലൂടെ കണ്ണോടിക്കുമ്പോൾ കണ്ട, ചൈനയിൽ പുതിയ വൈറസ് ബാധയുണ്ടെന്ന വാർത്ത ഞാനെടുത്ത് മനസ്സിന്റെ പിന്നിലേക്കിട്ടു. തായ്‌ലൻഡിലെത്തി വൈറസ് ബാധയെക്കുറിച്ച് പുതിയ വാർത്തകൾ വല്ലതുമുണ്ടോ എന്നന്വേഷിച്ച ഞാൻ കണ്ടത് വുഹാനിൽ രോഗികളെ ചികിത്സിക്കാൻ താൽക്കാലിക ആശുപത്രികൾ പണിയുന്നെന്ന ഭയപ്പെടുത്തുന്ന വാർത്തയാണ്. പക്ഷെ വുഹാൻ വളരെ ദൂരത്താണല്ലോ എന്നായിരുന്നു എന്റെ ചിന്ത.

രോഗത്തിന്റെ ഗൗരവം എനിക്ക് ബോധ്യമായത് ഹോങ് കോങിൽ ആദ്യമായി കോവിഡ് രോഗം സ്ഥിരീകരിച്ച്, രാജ്യം അടിയന്തര പ്രതികരണത്തിലേക്ക് നീങ്ങിയതോടെയാണ്. ന്യൂസ് ചാനലുകളിൽ മുഴുവൻ ഭീതിയുളവാക്കുന്ന സ്ഥിതിവിവര കണക്കുകളായിരുന്നു. മൂന്നു ലക്ഷത്തോളം പേർ ദിനംപ്രതി ഹോങ് കോങ്- ചൈന മെയ്ൻലാൻഡ് അതിർത്തി കടന്ന് യാത്ര ചെയ്യാറുണ്ട്. ചൈനീസ് ന്യൂ ഇയറിന്​ എണ്ണം പിന്നെയും കൂടും. ഹോസ്റ്റ്പിറ്റൽ ചാറ്റ് റൂമുകളിലും വൈറസിനെക്കുറിച്ചുള്ള ആശങ്കകളായിരുന്നു നിറയെ. കോവിഡ്-19 രോഗികളേയും ഇതര രോഗമുള്ളവരേയും പ്രത്യേകം ഐസൊലേറ്റ് ചെയ്യുന്നതിനുള്ള നയരൂപീകരണം, ശുചീകരണത്തിൽ ചെലുത്തേണ്ട അധിക ശ്രദ്ധ, ജീവിത ശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ എന്നിവയെക്കുറിച്ചായിരുന്നു ചർച്ച.

കോവിഡ് മാർഗനിർദേശങ്ങൾ വിശദീകരിച്ചുകൊണ്ട് ഹോങ് കോങ് സർക്കാർ സ്ഥാപിച്ച ഫ്ലക്സ്

വെക്കേഷൻ തീരാറായല്ലോ എന്ന സങ്കടമായിരുന്നില്ല, ഒരു തരം എക്‌സെറ്റ്‌മെന്റ് ആയിരുന്നു പിന്നീടെനിക്ക്. തികച്ചും അസാധാരണ സാഹചര്യമാണ് കടന്നു പോകുന്നത്. ഒരിക്കലും നമ്മൾ ആഗ്രഹിക്കുന്നില്ലെങ്കിൽ കൂടി, ഇതിനുവേണ്ടിയാണ് ഇത്രയും കാലം ട്രെയിൻ ചെയ്യപ്പെട്ടതെന്ന തോന്നൽ മനസ്സിൽ ഇരച്ചു കയറി. ഹോങ് കോങിൽ തിരിച്ചെത്തി ആശുപത്രിയിലേക്ക് പോകും വഴി ടാക്‌സിയിലിരുന്ന് ഞാൻ വസ്തുതകൾ ഒന്നുകൂടി വിലയിരുത്തി.
ഒന്നാമത്​; ഹോങ് കോങിന് ശ്വസന സംബന്ധിയായ വൈറസുകൾ പുതുമയല്ല. 2003- ലെ സാർസ് 300 ജീവനാണ് അപഹരിച്ചത്. 1750 പേരെയാണ് അന്ന് സാർസ് ബാധിച്ചത്, ഭൂരിഭാഗവും ആരോഗ്യപ്രവർത്തകരായിരുന്നു.

രണ്ടാമത്; ഇത്തരം പ്രതിസന്ധി നേരിടാൻ താരതമ്യേന മെച്ചപ്പെട്ട മുന്നൊരുക്കം ഹോങ് കോങ് നടത്തിയിരുന്നു. വായുവിലൂടെ പകരുന്ന രോഗങ്ങളെ (airborne disease) പ്രതിരോധിക്കാൻ നെഗറ്റീവ് പ്രഷർ റൂമുകൾ നിർമിച്ചു. ഞാൻ ജോലി ചെയ്യുന്ന ആശുപത്രിയിൽ പുതുതായി പകർച്ചവ്യാധി രോഗവിഭാഗം പ്രവർത്തനം ആരംഭിച്ചിരുന്നു. ഇത്തരം സാഹചര്യങ്ങളെ നേരിടാനുള്ള പ്രതികരണ പദ്ധതികളും, തയ്യാറെടുപ്പുകളും നേരത്തെ എടുത്തിരുന്നു.

മൂന്നാമതായി; സാർസിനെ അതിജീവിച്ച ജനതയ്ക്ക് സമാന സാഹചര്യത്തെ എങ്ങനെ നേരിടണമെന്ന ധാരണയുണ്ടായിരുന്നു. രോഗബാധ ഉള്ളപ്പോൾ മാസ്‌ക് ധരിക്കുന്നതും, പിശുക്കു കൂടാതെ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുന്നതും, ബോധപൂർവം സാമൂഹിക അകലം പാലിക്കുന്നതും സാധാരണമായിരുന്നു. ഈ കാരണങ്ങളാൽ തന്നെ എല്ലാം ശരിയാവും എന്ന വിശ്വാസം ഉണ്ടായിരുന്നു മനസ്സിൽ.

ഞങ്ങൾ സുരക്ഷിതരാണോ? കേസുകളുടെ എണ്ണം ഞങ്ങൾക്ക് കൈകാര്യം ചെയ്യാൻ സാധിക്കാത്ത സാഹചര്യം ഉണ്ടാകുമോ? ഇത്തരം ചോദ്യങ്ങൾക്ക് ആശ്വാസകരമായ ഉത്തരം ഞങ്ങളുടെ പക്കൽ ഇല്ലായിരുന്നു

ആശുപത്രിയിലെത്തിയ ഞാൻ ഡോണിങ് & ഡോഫിങ് (ജോലി സംബന്ധിയായ സുരക്ഷാകവചങ്ങൾ ധരിക്കുകയും അഴിക്കുകയും ചെയ്യുന്ന പ്രക്രിയ) ഡ്രില്ലിന് വിധേയയായി. എൻ.95 മാസ്‌ക് ധരിക്കാനുള്ള ശാരീരികക്ഷമത ഉറപ്പു വരുത്തുകയും, പുതിയ സാഹചര്യത്തിനനുസൃതമായി നടപടിക്രമങ്ങളിൽ മാറ്റം വരുത്തുകയും ചെയ്തു. എന്നാൽ ഈ മുന്നൊരുക്കം പര്യാപ്തമാണോ എന്ന് ഒരുറപ്പും ഉണ്ടായിരുന്നില്ല. ഇത് പുതിയൊരു വൈറസാണ്, എന്തിനെയാണ് കൈകാര്യം ചെയ്യുന്നതെന്നതിനെക്കുറിച്ച് ആർക്കും വ്യക്തമായ ധാരണയില്ല.

ഗുരുതരാവസ്ഥയിലുള്ള രോഗികളെയാണ് ഐ.സി.യുവിൽ പ്രവേശിപ്പിക്കുക, ചികിത്സയുടെ ഭാഗമായ നടപടികൾക്കിടയിൽ രോഗികളിൽ നിന്ന്​വമിക്കാനിടയുള്ള എയറോസോൾ (ദ്രവങ്ങളുടെ സൂക്ഷ്മ​കണികകൾ വായുവിൽ തങ്ങിനിൽക്കുന്ന സ്ഥിതിവിശേഷം) ആരോഗ്യപ്രവർത്തകർക്കിടയിലും ഈ മാരക വൈറസ് പടരാനുള്ള സാധ്യത വർധിപ്പിക്കും. ഞങ്ങൾ സുരക്ഷിതരാണോ? കേസുകളുടെ എണ്ണം ഞങ്ങൾക്ക് കൈകാര്യം ചെയ്യാൻ സാധിക്കാത്ത സാഹചര്യം ഉണ്ടാകുമോ? ഇത്തരം ചോദ്യങ്ങൾക്ക് ആശ്വാസകരമായ ഉത്തരം ഞങ്ങളുടെ പക്കൽ ഇല്ലായിരുന്നു. സിസ്റ്റത്തേയും, സഹപ്രവർത്തകരേയും, ട്രെയ്‌നിങ്ങിനേയും, നയങ്ങളേയും വിശ്വാസത്തിലെടുക്കുക എന്നതു മാത്രമായിരുന്നു ഞങ്ങൾക്ക് ചെയ്യാനുണ്ടായിരുന്നത്.

വുഹാനിൽ കോവിഡ് രോഗികളെ ചികിത്സിക്കാനായുള്ള താൽകാലിക ആശുപത്രിയുടെ നിർമ്മാണത്തിനിടെ

ജനുവരിയുടെ അവസാനം മുതൽക്കാണ് ഞങ്ങൾ ഗുരുതരാവസ്ഥയിൽ കഴിയുന്ന, വ്യത്യസ്ത ആരോഗ്യപ്രശ്‌നങ്ങളുള്ള കോവിഡ് രോഗികളെ ഐ.സി.യുവിൽ സ്വീകരിച്ചു തുടങ്ങിയത്. ശ്വസിക്കാൻ വെന്റിലേറ്റർ സഹായം വേണ്ട, കിഡ്‌നി തകരാറിലായി ഡയാലിസിസ് ആവശ്യമായ, പ്രോൺ വെന്റിലേഷൻ (കമഴ്ന്ന് കിടന്ന അവസ്ഥയിൽ വെന്റിലേഷൻ ചെയ്യുന്ന രീതി) ആവശ്യമായ രോഗികളായിരുന്നു ഐ.സി.യുവിൽ. ഇത്തരം അസാധാരണ സാഹചര്യത്തിൽ ചുറ്റുമുള്ള മനുഷ്യരുടെ അവസരോചിത ഇടപെടലുകൾ എനിക്കുതന്ന ആത്മവിശ്വാസം ചെറുതല്ല. കോവിഡ് രോഗികളുടെ മുറികളിലേക്ക് ഭയത്തിന്റെ ലാഞ്ചന പോലുമില്ലാതെ സമയാസമയം മരുന്നും ഭക്ഷണവും നൽകാനും മെഷീനുകൾ അഡ്ജസ്റ്റ് ചെയ്യാനും ചില സമയങ്ങിൽ അവരെ ആശ്വസിപ്പിക്കാൻ വേണ്ടി മാത്രവും പോകുന്ന നേഴ്‌സിങ് സ്റ്റാഫുമാർ, സഹായികൾ, വ്യക്തമായ അപകട സാധ്യകൾക്കിടയിലും രോഗികളിൽ ജീവൻരക്ഷാ നടപടിയെടുത്ത സഹപ്രവർത്തകർ... ഒരു നിമിഷം പോലും മടിച്ചു നിൽക്കാതെ, തീർത്തും നിസ്വാർഥമായിരുന്നു ഇവരുടെ ഓരോ പ്രവൃത്തിയും.

ഞങ്ങളുടെ പേഷ്യന്റ്‌സ് ഒരർഥത്തിൽ ഞങ്ങളുടെ അധ്യാപകരായി മാറുകയായിരുന്നു. പൂർണ പിന്തുണയോടുള്ള പരിചരണമാണ് ആത്യന്തികമായി പ്രാധാന്യമർഹിക്കുന്നതെന്ന് കോവിഡ് രോഗികളുമായുള്ള ഇടപഴകൽ ഞങ്ങളെ പഠിപ്പിച്ചു

2020 എന്ന വർഷം ഞങ്ങളെ പുതിയ കുറെ പാഠങ്ങൾ പഠിപ്പിച്ചു. കോവിഡിനെ ചെറുക്കാൻ മാജിക് ബുള്ളറ്റുകളൊന്നും ഇല്ല, കേവലം ഒരു പ്രത്യേക മരുന്നിന് കോവിഡിൽ നിന്ന്​ പൂർണ മുക്തി നേടിക്കൊടുക്കാനും സാധിക്കില്ല. ഒരു മാസത്തിലധികം ചികിത്സയിൽ കഴിഞ്ഞ കോവിഡ് രോഗികളുണ്ടായിരുന്നു ഞങ്ങളോടൊപ്പം. പൂർവസ്ഥിതിയല്ലെങ്കിലും താരതമ്യേന മെച്ചപ്പെട്ട അവസ്ഥയിലെത്താൻ അവരിൽ ചിലർക്ക് മാസങ്ങളോളം നീണ്ട ഫിസിയോതെറാപി ചികിത്സ ആവശ്യമായി വന്നു. ചിലരുടെ കാര്യത്തിൽ അതും സാധിച്ചില്ല.

ഞങ്ങളുടെ പേഷ്യന്റ്‌സ് ഒരർഥത്തിൽ ഞങ്ങളുടെ അധ്യാപകരായി മാറുകയായിരുന്നു. പൂർണ പിന്തുണയോടുള്ള പരിചരണമാണ് ആത്യന്തികമായി പ്രാധാന്യമർഹിക്കുന്നതെന്ന് കോവിഡ് രോഗികളുമായുള്ള ഇടപഴകൽ ഞങ്ങളെ പഠിപ്പിച്ചു. കഴിഞ്ഞ ഒരു വർഷം ഞങ്ങൾ കൂടുതലും ഫോക്കസ് ചെയ്തത് കോവിഡ്​ രോഗികളെയായിരുന്നു. അതിലോരോരുത്തരും ഞങ്ങൾക്ക്​പ്രധാനപ്പെട്ടവരായിരുന്നു. ദുഃഖകരമെന്നു പറയട്ടെ, അവരിൽ പലരേയും ഞങ്ങൾക്ക് നഷ്ടപ്പെട്ടു.

എന്തു കൊണ്ടാണ് തങ്ങളുടെ കൂടെ കിടക്കാത്തതെന്നും, ഒന്ന് കെട്ടിപ്പിടിക്കുക പോലും ചെയ്യാത്തത്​ എന്നുമുള്ള കുഞ്ഞുങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ എളുപ്പമല്ലായിരുന്നു

കോവിഡ് ഉയർത്തിയ വെല്ലുവിളിക്കൊത്ത് ഉയരാൻ ഹോങ് കോങിലെ ജനങ്ങൾക്ക് സാധിച്ചിരുന്നു. ഏതാണ്ട് പൂർണമായി അവർ സാമൂഹിക അകലം പാലിക്കാനുള്ള നിർദേശം അനുസരിച്ചു, തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് തിരിച്ചറിഞ്ഞു കൊണ്ടു തന്നെ ബിസിനസ് സ്ഥാപനങ്ങൾ അടച്ചിട്ടു. കോവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയ ആരോഗ്യപ്രവർത്തകർ മാതാപിതാക്കളിൽ നിന്നും, കുഞ്ഞുങ്ങളിൽ നിന്നും മറ്റും അകന്നു നിൽക്കാൻ ശ്രദ്ധിച്ചു. എന്തു കൊണ്ടാണ് തങ്ങളുടെ കൂടെ കിടക്കാത്തതെന്നും, ഒന്ന് കെട്ടിപ്പിടിക്കുക പോലും ചെയ്യാത്തത്​എന്നുമുള്ള കുഞ്ഞുങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ എളുപ്പമല്ലായിരുന്നു.

2021 നമ്മുടെ മുന്നിൽ വാക്‌സിനുകൾക്കൊപ്പം വകഭേദം സംഭവിച്ച കോവിഡ്-19 സ്‌ട്രെയ്‌നുകളും കൊണ്ടുതന്നിട്ടുണ്ട്. ഭാവിയെക്കുറിച്ചുള്ള ആശങ്ക അകലുന്നില്ല. നമ്മുടെ ജീവിത ശൈലിയിൽ സ്ഥായിയായ മാറ്റം വരുത്തേണ്ടിയിരിക്കുന്നു. സാമൂഹിക അകലവും, മാസ്‌കുകളും, വ്യക്തി ശുചിത്വവും, അനാവശ്യമായ കൂടിച്ചേരലുകൾ ഒഴിവാക്കുന്നതും ജീവിത ശൈലിയുടെ ഭാഗമാക്കേണ്ടിയിരിക്കുന്നു. ▮


ഡോ. മണിമാല

ഹോങ്കോംഗിലെ പ്രിൻസസ് മാർഗരറ്റ് ഹോസ്പിറ്റലിൽ ഡോക്ടർ

Comments