ഒരു ദിവസം രാത്രി ഉറങ്ങാൻ കിടന്ന കട്ടിലിൽ, എന്റെ കാൽക്കൽ, ഒരാൾ ഇരിക്കുന്നതായി എനിക്ക് തോന്നി, ഉറക്കത്തിനും സ്വപ്നത്തിനും ഇടയിൽ ഞെരങ്ങിയിറങ്ങിയ ഒരാൾ രൂപം - ആ കാഴ്ച എന്നെ വല്ലാതെ ഭയപ്പെടുത്തി.
അയാളുടെ ആ ഇരിപ്പിന്റെ രീതിയായിരുന്നു ഭയപ്പെടുത്തിയത്. നിലത്തേക്കുനോക്കി ഏതോ വിചാരത്തിൽ ആണ്ടുപോയ ആൾ, പലപ്പോഴും ഓർമ വരാറുള്ള അഗസ്‌തെ റോഡറിന്റെ ‘ചിന്തകൻ’ (The Thinker /Auguste Rodin) ആയല്ല, തന്നെത്തന്നെ നഷ്ടപ്പെട്ട ഒരാളെപ്പോലെ ഒരാൾ. അപരിചിതനായ ഒരാളോട് വേണ്ടാതിരുന്നിട്ടും ഉണ്ടാവുന്ന ഭയം, പിന്നീട് ഓർക്കുമ്പോഴൊക്കെ കണ്ടുപിടിക്കാവുന്ന വിധം, ആ കാഴ്ച പിന്നെ വന്ന ദിവസങ്ങളിലും എന്നെ സന്ദർശിച്ചുകൊണ്ടിരുന്നു.
കൈയ്യിൽ കരുതിയിരുന്ന ഒരു നോവൽ ചിലപ്പോൾ വായിച്ചു. മനുഷ്യരാശിക്ക് മോഹമൊന്നും ഇല്ലെന്നു തോന്നിക്കുന്ന ഒരു കഥയായിരുന്നു അതും.
ആ ദിവസങ്ങളിൽ, ജോലി സംബന്ധമായി, ഞാൻ താമസിച്ചിരുന്നത് കോട്ട പോലുള്ള ഒരു അറേബ്യൻ വില്ലയിലായിരുന്നു, കുവൈറ്റിൽ. കോവിഡ് - 19 എന്ന മഹാമാരിക്ക് പിറകെ വന്ന ലോക്ക്ഡൗൺ ദിനങ്ങളായിരുന്നു അത്. കുറേ മുറികളും കുറേ കോണിപ്പടികളും കുറേ വാതിലുകളുമുള്ള ആ വില്ലയിൽ, എന്റെ തന്നെ കാലടികൾ ഉണ്ടാക്കുന്ന ഒച്ചയ്ക്കും അതിന്റെ മാറ്റൊലിയ്ക്കും ഒപ്പം, അതൊരു ഏകാന്ത തടവ് പോലെയുമായിരുന്നു. ഏറെയും എഴുതാൻ ആഗ്രഹിച്ചുകൊണ്ടും ചിലപ്പോൾ എഴുതിയും ഞാൻ ആ ദിവസങ്ങളെ പാട്ടിലാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. കൈയ്യിൽ കരുതിയിരുന്ന ഒരു നോവൽ ചിലപ്പോൾ വായിച്ചു. മനുഷ്യരാശിക്ക് മോഹമൊന്നും ഇല്ലെന്നു തോന്നിക്കുന്ന ഒരു കഥയായിരുന്നു അതും. അങ്ങനെയൊരു രാത്രിയാണ്, പാതി ഉറക്കത്തിൽ, കട്ടിലിൽ ഇരിക്കുന്ന മനുഷ്യനെ ഞാൻ കണ്ടത്.
അയാൾ പക്ഷെ എന്നെ കണ്ടതേ ഇല്ല.
കോവിഡ്- 19 നൊടൊപ്പം തന്നെ ലോകമെങ്ങുമുള്ള മനുഷ്യരെ രോഗത്തിനും മരണത്തിനുമൊപ്പം പേക്കിനാവുകളും വേട്ടയാടാൻ തുടങ്ങിയിരുന്നു. അതിനകം വിഖ്യാതമായ ഒരു മഹാമാരിയിലെ ദുർനടപ്പുകാരായ പാർപ്പുകാരെ പോലെ കോവിഡ് പേക്കിനാക്കൾ ഭൂമി മുഴുവൻ അലഞ്ഞുതിരിയുന്നത് ആർക്കും സങ്കൽപ്പിക്കാനാകുമായിരുന്നു. രോഗം പോലെതന്നെ ഓരോ മനുഷ്യനെയും അത് ഒറ്റക്കൊറ്റയ്ക്ക് സന്ദർശിയ്ക്കാനും തുടങ്ങിയിരുന്നു. എന്റെ കിടപ്പുമുറിയിലെ സന്ദർശകനും അങ്ങനെ ഒരാളായിരുന്നു. മുഖം വ്യക്തമാക്കാത്ത, നാടോ വീടോ തിരിയാത്ത, ഒരുപക്ഷെ കഥകൾക്ക് മാത്രം സ്വീകരിയ്ക്കാവുന്ന ഒരാൾ.
വീണ്ടും അയാളെ കാണുമെന്നുതന്നെ ഞാൻ ഭയന്നു.
പേക്കിനാവുകൾ ജീവിതത്തോടുള്ള നമ്മുടെ പ്രിയത്തെ പേടികൊണ്ട് ഓർമിപ്പിക്കുന്നു.
ലോകമെങ്ങുമുള്ള കുഞ്ഞുങ്ങളുടെ ഇളം ദിവസങ്ങളിൽ നിന്ന് തുടങ്ങി മരിച്ചവരുടെ അവസാനിക്കാത്ത മോഹങ്ങൾ വരെ അവ കൈയേറുന്നു. ഓരോരുത്തരുടെയും ഏകാന്തതയെ ആരുടെയോ അദൃശ്യമായ നോട്ടത്തിൽ കൊണ്ടുപോയി വെയ്ക്കുന്നു. അല്ലെങ്കിൽ, 2020, ആദ്യ മാസങ്ങളിൽ പ്രത്യക്ഷപ്പെട്ട മഹാമാരിയുടെ കൂടെ പേക്കിനാവുകളുടെ മ്യൂസിയവും യാത്ര ചെയ്യുകയായിരുന്നു. ഭൂമിയിലെ മനുഷ്യവാസത്തെ അതുവരെയും അടയാളപ്പെടുത്തിയത് അതിജീവനത്തിന്റെ രണ്ടു വരി പാതയിലൂടെയായിരുന്നുവെങ്കിൽ (വിജയത്തിന്റെയും പരാജയത്തിന്റെയും പാതയായിരുന്നു അത്) ഇപ്പോൾ, രോഗത്തിനുമൊപ്പം ഈ പേക്കിനാവുകളും ഭൂമിയിലെ നമ്മുടെ പാർപ്പിനെ മരണത്തിന്റെയും ആയുസ്സിന്റെയും കഥയാക്കി മാറ്റി.
ബ്രസീലിൽ നിന്നുള്ള ഒരു പഠനത്തിനുവേണ്ടി തിരഞ്ഞെടുക്കപ്പെട്ട 1057 പേരിൽ പകുതിയോളം ആളുകളിൽ ഒരാൾ എന്ന വീതം കോവിഡ്-പേക്കിനാവ് കാണുന്നവരായിരുന്നു. അതും ആഴ്ച്ചയിലോരിക്കൽ. ചിലപ്പോൾ അതിൽ കൂടുതൽ.
പേക്കിനാക്കളും നമ്മുടെ ഉള്ളിൽ പാകമാവുന്നത് അവയുടെ ഘടനയെ അഴിച്ചുകൊണ്ടാണ്, അവ വിസ്തരിക്കപ്പെടുന്ന രീതി നമ്മെ ഭ്രമിപ്പിക്കുന്നു. എഴുത്തുകാർ പെട്ടെന്ന് അതിന്റെ ചാർച്ചക്കാരാവുന്നു. ‘‘ഒരു സ്വപ്നത്തിന്റെ ഘടന''പോലെ എന്ന് ഒരു ചെറുകഥയെ പറ്റി പറയുന്നത് അത് വിസ്തരിക്കപ്പെട്ട രീതികൊണ്ടാണ്, അത് ഒരു ഘടനയെ പറ്റിയുള്ള പ്രസ്താവമാണ്. എങ്കിൽ, കോവിഡ്- പേക്കിനാവ് സമ്മാനിക്കുന്ന ‘ഉള്ളടക്കം' എഴുത്തുകാരെ, കലാപ്രവർത്തകരെയും, ആകർഷിക്കാതിരിക്കില്ല. ആയിടെ ഞാൻ വായിച്ച ഒരു പഠനത്തിൽ അവയുടെ ‘ഉള്ളടക്കങ്ങൾ' ഇങ്ങനെ തരംതിരിച്ചിരുന്നു: ആരെയും കാണാതെ എവിടെയെങ്കിലും ഒതുങ്ങി കൂടുക, രോഗബാധിതരായ ആളുകളാൽ പിന്തുടരപ്പെടുക, വ്യക്തിഗതങ്ങളായി കൈ വന്ന സംരക്ഷണോപകരണങ്ങൾ ഉപയോഗിക്കാൻ മറക്കുക, തീവ്ര പരിചരണ സ്ഥലങ്ങളിൽ നിന്നും പങ്ക തിരിയുന്ന ഒച്ച കേൾക്കുക, തുടങ്ങി അവിചാരിതങ്ങളായ മരണങ്ങളുടെയും ശ്വാസം കിട്ടാതെ മരിച്ചു പോവുന്നു എന്ന തോന്നലിന്റെയും വൈദ്യസംബന്ധിയായ തീരുമാനങ്ങളിലെ അക്ഷമയുടെയും സാക്ഷിയൊ ഇരയോ ആക്കി ഈ പേക്കിനാവുകൾ മനുഷ്യരെ സന്ദർശിച്ചുകൊണ്ടിരുന്നു. ബ്രസീലിൽ നിന്നുള്ള ഒരു പഠനത്തിനുവേണ്ടി തിരഞ്ഞെടുക്കപ്പെട്ട 1057 പേരിൽ പകുതിയോളം ആളുകളിൽ ഒരാൾ എന്ന വീതം കോവിഡ്-പേക്കിനാവ് കാണുന്നവരായിരുന്നു. അതും ആഴ്ച്ചയിലോരിക്കൽ. ചിലപ്പോൾ അതിൽ കൂടുതൽ.
ഉറങ്ങുമ്പോൾ നാഡീവ്യൂഹം ക്രമവിരുദ്ധമായി പ്രവർത്തിക്കുന്ന രോഗാവസ്ഥ എന്നാണ് പേക്കിനാക്കളെ സാമ്പ്രദായികമായി വൈദ്യശാസ്ത്രം പരിചയപ്പെടുത്തുന്നത്. എന്നാൽ, ഒരു പേക്കിനാവിന്റെ മഹത്തായ ഉദ്ദേശ്യം അത് നന്നായി ഓർമിക്കപ്പെടുക എന്നാണ്. പിന്നീട് ഓർമയിലും അതിന്റെ (ഒന്നിന്റെ) പരമ്പരകൾ ആവർത്തിക്കപ്പെടുന്നു. ഒരു ചെറുകഥയിലെ അനവധി ഉറവകൾ പോലെ. തീർച്ചയായും, ഓരോ സംസ്‌കാരത്തിലും ഓരോ ‘ഭാഷ'യിലും ഈ ‘സ്വപ്നങ്ങൾ' മാറുന്നുണ്ട്, ഓരോരുത്തരിലും, അതേ സംസ്‌കാരത്തിന്റെ ഏകകം എന്ന നിലയ്ക്കും അത് മാറുന്നു. എന്നാൽ, കോവിഡ്- 19 മഹാമാരിക്ക് വേണ്ടി മനുഷ്യസമൂഹം പൊതുവായി പങ്കുവെച്ച ജീവിതാനുഭവം, ‘ലോക്ക്ഡൗൺ' ആയിരുന്നു. അത് ഓരോരുത്തരുടെയും ജീവിതത്തെയും പ്രവർത്തി ദിനങ്ങളെയും ബന്ധങ്ങളെത്തന്നെയും ബാധിച്ചു. പേക്കിനാവുകൾ സമൃദ്ധമായി വളർന്ന ഒരു വിളനിലമായിരുന്നു അല്ലെങ്കിൽ ഈ ലോക്ക്ഡൗൺ കാലങ്ങൾ. അതിന്റെ ചില കാഴ്ചകൾതന്നെ നമ്മെ ഒരു പേക്കിനാവുപോലെ ഭയപ്പെടുത്തി. ഇന്ത്യയിലെ ആദ്യത്തെ ലോക്ക്ഡൗൺ കാലത്ത് വടക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കാഴ്ചകൾ തന്നെ ഓർത്തു നോക്കു, ശാന്തമെന്നു കരുതിയ സ്ഥലങ്ങളിലേക്കെല്ലാം ആ കാഴ്ചകളുടെ നിഴലുകൾ നീണ്ടു.
സർറിയലിസമെന്ന് ഒരിക്കൽ നമ്മൾ പരിചയപ്പെട്ട ആവിഷ്‌ക്കാരരീതിയുടെ ഉപയോഗം വളരെയധികം പ്രകടമായത് ഈ ദിവസങ്ങളിലാണ്. ഓരോ കവിയും ഓരോ ചിത്രകാരിയും തങ്ങളുടെ തന്നെ പേക്കിനാക്കളുടെ സമാഹാരം തയ്യാറാക്കുകയായിരുന്നു
ഒരാളുടെ ആത്മകഥയുടെ അപ്രകൃതമായ ഒരടുക്ക് ഓർമയിലൂടെ വീണ്ടെടുക്കുന്ന പ്രവൃത്തി പേക്കിനാവിൽ സംഭവിക്കുന്നു. എന്നാൽ, ഒരു രോഗം ഒരു ദിവസം ഒരു മഹാമാരിയായി അപ്രകൃതമായ അടുക്കിനെ അതിന്റെ സവിശേഷമായ ആലഭാരത്തോടെ അവതരിപ്പിക്കാൻ തുടങ്ങുമ്പോൾ ഈ ആത്മകഥകൾ മറ്റൊന്നാവുന്നു. കോവിഡ്- 19 ലെ പേക്കിനാക്കൾക്ക് അങ്ങനെയൊരു ഊഴമായിരുന്നു. അത് ജീവിതത്തെ മാത്രമല്ല നമ്മുടെ അതിജീവന ചരിത്രത്തെയും ദിനേന എന്നോണം സന്ദർശിക്കാൻ തുടങ്ങിയിരുന്നു. നമ്മുടെ ‘ഭാവന’യെയും അത് സ്പർശിച്ചു. ദീർഘങ്ങളായ അടച്ചിരിപ്പിന്റെ ഈ കാലത്ത് പല ഭാഷകളിലെയും എഴുത്തുകാരും കലാപ്രവർത്തകരും അഭിമുഖീകരിക്കുന്നതും അങ്ങനെ കുഴമറിയുന്ന ഒരു ഭാവനയെയായിരുന്നു. നമ്മുടെ ഭാഷയിലെത്തന്നെ ഓൺലൈൻ എഴുത്തും വരയും ശ്രദ്ധിയ്ക്കുന്നവർക്കറിയാം, അവയുടെ പലതിന്റെയും ഉള്ളടക്കം തന്നെ ‘കുഴമറിയുന്ന ഭാവന'യുടെയായത് ഈ കാലത്താണ്. കവിതകളിൽ വിശേഷിച്ചും. സർറിയലിസമെന്ന് ഒരിക്കൽ നമ്മൾ പരിചയപ്പെട്ട ആവിഷ്‌ക്കാരരീതിയുടെ ഉപയോഗം വളരെയധികം പ്രകടമായത് ഈ ദിവസങ്ങളിലാണ്. ഓരോ കവിയും ഓരോ ചിത്രകാരിയും തങ്ങളുടെ തന്നെ പേക്കിനാക്കളുടെ സമാഹാരം തയ്യാറാക്കുകയായിരുന്നു, എന്നാൽ, മലയാള സാഹിത്യത്തിൽ ഈ കാലത്തിന്റെ പരമമായ ഉപയോഗം കാണുക മേതിൽ രാധാകൃഷ്ണൻ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ എഴുതിയ ‘19' എന്ന പരമ്പരയിലാണ്. കലയിലും രോഗത്തിലും ശാസ്ത്രത്തിലും ഒരു കുറ്റാന്വേഷകനെപ്പോലെ അലയുന്ന മേതിൽ, ഒരു പക്ഷെ, താൻ സാക്ഷിയാവുന്ന ഒരു പേക്കിനാവിന്റെ ശമനം തേടുന്ന വിധമായിരുന്നു ഈ പരമ്പര എഴുതിയത് എന്നുതോന്നും. പക്ഷെ മേതിൽ എന്നോട് പറഞ്ഞത് തന്റെ പേക്കിനാക്കൾ കോവിഡ്- 19 ന്റെ നാളുകളിൽ അവസാനിച്ചു എന്നാണ്. എന്നാൽ ലോക- മനസ്സിന്റെ യാതനയും പേക്കിനാക്കളും തന്റെ ഉറക്കം കെടുത്തി എന്നാണ്. ‘‘അപ്പോഴും കോവിഡ്- 19 ഭൂമിക്കും എനിക്കും സമാധാനപരമായ ഇടവേളകൾ തന്നു''- മേതിൽ പറഞ്ഞു.
നമ്മുടെ കലയും സാഹിത്യവും ഈ മഹാമാരി തന്ന പേക്കിനാക്കളുടെ കൂടി സമാഹാരമാവുമെന്നു തീർച്ചയാണ്. ആയിടെ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചലച്ചിത്രത്തിൽ, (ജോജി) അങ്ങനെയൊരു സന്ദർഭം ആവിഷ്‌കരിയ്ക്കുകയും ചെയ്തിരുന്നു: വീടിന്റെ ഉമ്മറത്ത് ശവപ്പെട്ടിയിൽ കിടത്തിയ തന്റെ അപ്പന്റെ ഭൗതിക ശരീരം കാണാൻ വൈകിയെങ്കിലും തയ്യാറാവുന്ന നായകൻ, മകൻ തന്റെ മുറിയിലെ കണ്ണാടിയുടെ മുമ്പിലേക്ക് കട്ടിലിൽനിന്ന് എഴുന്നേറ്റു പോകുന്നതിനും മുമ്പ് ചേട്ടത്തിയമ്മ അയാളോട് പറയുന്നത് ഒരു മാസ്‌ക് എടുത്ത് മുഖം മറയ്ക്കാനാണ്. ഒരേപോലെ, കലയുടെയും ( ഏറെയും തിയേറ്റർ/ഷേക്‌സ്പിയർ) രോഗത്തിന്റെയും (കോവിഡ്) മിന്നലാട്ടത്തിലേക്ക് നീങ്ങുന്ന ആ സംഭാഷണവും ദൃശ്യവും ഒരു മഹാമാരിയുടെ പേക്കിനാവുപോലെ ചിട്ടപ്പെടുത്തിയിരിക്കുന്നു. ‘കുറ്റം' ഉള്ളടക്കമായിരിക്കുമ്പോഴും.
മറ്റൊരാളുടെ സാമീപ്യം ജീവിക്കാനുള്ള കൊതിയുടെ അകലം കൊണ്ട് മനസ്സിലാക്കുക എന്ന പരസ്യമായ സാമൂഹ്യ ലജ്ജയിലേക്ക് മനുഷ്യ സമൂഹം എത്തിയത് കോവിഡ്-19ന്റെ കാലത്താണ്
ഒരു മഹാമാരിയെ പേക്കിനാക്കൾകൊണ്ട് പൂരിപ്പിക്കുന്ന രാത്രികൾ രോഗത്തിന്റെയോ മരണത്തിന്റെയോ ഓർമ തരുന്നവ മാത്രമാവുന്നില്ല. അവ, ജീവിതത്തിന്റെ ഹ്രസ്വങ്ങളായ ഇടവേളകളെ, മരണത്തോളം പോന്ന നിസ്സഹായതകൾ കൊണ്ട് അവതരിപ്പിക്കുന്നവയുമാകുന്നു. അവയുടെ മറ്റൊരു തുടർച്ച ലോകവും മനുഷ്യരും ഉണർന്നിരിയ്ക്കുമ്പോഴും സംഭവിച്ചുകൊണ്ടിരുന്നു. മറ്റൊരാളുടെ സാമീപ്യം ജീവിക്കാനുള്ള കൊതിയുടെ അകലം കൊണ്ട് മനസ്സിലാക്കുക എന്ന പരസ്യമായ സാമൂഹ്യ ലജ്ജയിലേക്ക് മനുഷ്യ സമൂഹം എത്തിയത് കോവിഡ്-19ന്റെ കാലത്താണ്. 2020ലെ ആദ്യത്തെ മാസങ്ങൾ അതുകൊണ്ടുതന്നെ ഭൂമിയിലെ നമ്മുടെ പാർപ്പിനെ അതുവരെയും പരിശീലിക്കാത്ത ഒരു ജീവിതത്തിന്റെ പങ്കാളിയാക്കി., ജീവിതത്തെ തന്നെ അത് മാറ്റി മറിച്ചു. ഇപ്പോൾ എഴുപതു വയസ്സു കടന്ന ഒരാൾ ഈ വർഷങ്ങൾകൊണ്ട് കടന്നുപോയ മനുഷ്യാനുഭവത്തെ, ഒരുപക്ഷെ, ഇനിയുമോർക്കുക ഇങ്ങേ അറ്റത്തെ ‘മഹാമാരി' മുതലായിരിക്കും. അയാളുടെ ഏറ്റവും വീറുള്ള അനുഭവങ്ങൾ, ഫ്രഞ്ച് വിദ്യാർത്ഥി കലാപവും വിയറ്റ്‌നാം യുദ്ധവും സോവിയറ്റ് യൂണിയന്റെ തകർച്ചയും ടിയാനെൻമെൻ സമരവും ഇന്റർനെറ്റ് വിപ്ലവവും, എന്തിന് അയാളുടെ വിപ്ലവാത്മകമായ കുടുംബ സങ്കൽപ്പവും വരെ ഇന്ന് ഇങ്ങനെയൊരു പിൻനടത്തത്തോടെയാവും അയാൾ സന്ദർശിയ്ക്കുക: നോക്കൂ, അയാളുടെ ‘എഴുപതുകൾ' കലാപത്തിന്റെയും മരവിപ്പിന്റെയും ഓർമ പങ്ക് വെയ്ക്കുന്ന ഒരു സംഖ്യ മാത്രമാവുന്നത്. ഈ വിചാരവും ഒരു പേക്കിനാവുപോലെ എന്നെ തൊടുന്നു. ഒരുപക്ഷെ എന്റെ സ്വപ്നസന്ദർശകൻ അയാൾ ആയിരുന്നിരിക്കാനും മതി. ▮