കെ. കണ്ണൻ: ഇന്ത്യയിൽ കോവിഡ് മൂന്നാം തരംഗത്തെക്കുറിച്ച് മുന്നറിയിപ്പുകൾ വന്നുതുടങ്ങിയിരിക്കുകയാണല്ലോ. മൂന്നാം തരംഗം എന്നത് എപ്പിഡിമിയോളജിയുമായി ബന്ധപ്പെട്ട ഒരു അനിവാര്യഘട്ടമാണോ? അതോ, ഒന്നും രണ്ടും തരംഗങ്ങൾ കൈകാര്യം ചെയ്തതിൽ സംഭവിച്ച വൈദ്യശാസ്ത്രപരവും സാമൂഹികവുമായ എന്തെങ്കിലും പിഴവുകളുടെയോ അപര്യാപ്തതകളുടെയോ ഫലമായി ഉണ്ടാകുന്നതാണോ? മൂന്നാം തരംഗം ഇന്ത്യയിലും കേരളത്തിലും എന്ത് പ്രത്യാഘാതമാണുണ്ടാക്കുക? ഇതിനെ നേരിടാൻ ആവശ്യമായ ആരോഗ്യപരവും സാമൂഹികവുമായ ജാഗ്രതകൾ എന്തൊക്കെയാണ്?
ഡോ. ബി. ഇക്ബാൽ: മഹാമാരികൾ എല്ലാ കാലത്തും, പലപ്പോഴും നൂറ്റാണ്ടുകൾ പോലും നീണ്ടുനിൽക്കുന്ന പല തരംഗങ്ങളായാണ് ആവിർഭവിച്ചിട്ടുള്ളത്. പ്ലേഗ് രണ്ടാം നൂറ്റാണ്ട്, (അന്റോണിയൻ പ്ലേഗ്), 5-6 നൂറ്റാണ്ടുകൾ (ജസ്റ്റിനിയൻ പ്ലേഗ്), 14, 19 നൂറ്റാണ്ടുകൾ (കരിമരണ കാലം), 19ാം നൂറ്റാണ്ട് (ഏഷ്യൻ പ്ലേഗ്) എന്നിങ്ങനെ ആവർത്തിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. കോളറ 19ാം നൂറ്റാണ്ടിൽ ആരംഭിച്ച് ഏഴുതരംഗങ്ങളിലായി ഇരുപതാം നൂറ്റാണ്ടുവരെ സാന്നിധ്യം അറിയിച്ചു. ഫ്‌ളൂ മഹാമാരി 19 നൂറ്റാണ്ടിൽ ഏഷ്യാറ്റിക്ക്-റഷ്യൻ ഫ്‌ളൂ ആയി ആരംഭിച്ച് സ്പാനിഷ് ഫ്‌ളൂ (1918-20), ഏഷ്യൻ ഫ്‌ളൂ (1957-58), ഹോങ്കോങ് ഫ്‌ളൂ (1968-69), പന്നിപ്പനി (2009) എന്നിങ്ങനെ അഞ്ചു തരംഗങ്ങളിലൂടെയാണ് കടന്നുപോയത്. രോഗത്തെക്കുറിച്ചുള്ള വ്യക്തമായ ശാസ്തീയ വിജ്ഞാനത്തിന്റെ അഭാവവും ഉചിതമായ രോഗനിർണയ ഉപാധികളും മരുന്നുകളും വാക്‌സിനുകളും ലഭ്യമല്ലാതിരുന്നത് കൊണ്ടുമാണ് പഴയകാല മഹാമാരികൾ ആവർത്തിച്ച് പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നത്.
മറ്റ് മഹാമാരികളുമായി തട്ടിച്ചുനോക്കുമ്പോൾ താരതമ്യേന രോഗവ്യാപന സാധ്യത കൂടുതലുള്ള രോഗമാണ് കോവിഡ്. എന്നാൽ മരണനിരക്ക് ആപേക്ഷികമായി കുറവുമാണ്. ആഗോളാന്തരയാത്രകൾ മുൻകാലങ്ങളെക്കാൾ വളരെ വർധിച്ചിട്ടുള്ളതുകൊണ്ട് പകർച്ചാനിരക്ക് കൂടുതലുള്ള മഹാമാരിയെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ഒരു രാജ്യത്തിനോ ഭൂഖണ്ഡത്തിനോ മാത്രമായി സാധ്യമല്ല. ആദ്യഘട്ടത്തിൽ ഏർപ്പെടുത്തിയ യാത്രാവിലക്ക് നീക്കിയതോടെ സ്വാഭാവികമായും രോഗവ്യാപന സാധ്യത വർധിച്ചു. 2020 മെയ്- ജൂൺ മാസത്തോടെ മിക്ക വികസിത രാജ്യങ്ങളിലും രോഗവ്യാപനം കുറഞ്ഞുവന്നെങ്കിലും ശൈത്യകാലം ആരംഭിച്ചതോടെ 2020 സെപ്തംബർ- ഒക്ടോബർ മാസത്തിൽ രോഗവ്യാപനത്തിന്റെ രണ്ടാം തരംഗം ആരംഭിച്ചു. 2021 ജനുവരി അവസാനത്തോടെ രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും കുറവ് കണ്ടുതുടങ്ങിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ ലോക കോവിഡ് മരണനിരക്ക് അഞ്ചുശതമാനത്തിൽ കൂടുതലായിരുന്നത് പിന്നീട് കുറഞ്ഞ് 2021 മാർച്ചോടെ രണ്ടുശതമാനത്തിനടുത്തായി. വിദേശരാജ്യങ്ങളിലെ രണ്ടാം തരംഗം അവസാനിച്ച് കഴിഞ്ഞാണ് ഇന്ത്യയിൽ രണ്ടാം തരംഗം ആരംഭിച്ചത്.
ഇന്ത്യയിൽ രോഗവ്യാപനം നിയന്ത്രണ വിധേയമായിക്കഴിഞ്ഞു എന്ന് മിഥ്യാധാരണ സൃഷ്ടിച്ച അമിതമായ ആത്മവിശ്വാസമാണ് രാജ്യത്തെ അപകടസ്ഥിതിയിലേക്ക് നയിച്ചത്. യൂറോപ്പും അമേരിക്കയും പോലുള്ള സമ്പന്ന രാജ്യങ്ങൾ പോലും രണ്ടാംതരംഗത്തിലൂടെ കടന്നുപോയതിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ നമുക്ക് കഴിഞ്ഞില്ല. അമിത ആത്മവിശ്വാസത്തെ തുടർന്ന് തെരഞ്ഞെടുപ്പ് കമീഷൻ ഫെബ്രുവരി അവസാനം അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മാർച്ച് 27 നാരംഭിച്ച തെരഞ്ഞെടുപ്പ് ഒരു മാസത്തോളം നീണ്ടുനിന്നതും 824 മണ്ഡലങ്ങളിലായി 186 ദലക്ഷം പേർ വോട്ട് രേഖപ്പെടുത്തേണ്ടതുമായിരുന്നു. കോവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റിൽപറത്തിക്കൊണ്ടുള്ള അതീവ വാശീയോടെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണമാണ് സംസ്ഥാനങ്ങളിൽ അരങ്ങേറിയത്. അതിനിടെ ക്രിക്കറ്റ് ബോർഡ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിന് അനുവാദം നൽകി. മാസ്‌ക്ക് പോലും ധരിക്കാതെ അരലക്ഷത്തിലധികം ആളുകളാണ് ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കാണികളായെത്തിയത്. ചെറുതും വലുതുമായ ഉത്സവങ്ങളും ആൾക്കൂട്ട മേളകളും രാജ്യത്തിന്റെ പലഭാഗങ്ങളിലായി സംഘടിപ്പിക്കപ്പെട്ടു.
വാക്‌സിനേഷൻ ആരംഭിച്ചെങ്കിലും സാമൂഹ്യപ്രതിരോധ ശേഷി (ഹേർഡ് ഇമ്യൂണിറ്റി) വളർത്തിയെടുക്കാൻ ആവശ്യമായ വാക്‌സിൻ ഡോസിനെ സംബന്ധിച്ച് കൃത്യമായ ധാരണയുണ്ടാക്കുന്നതിൽ ആരോഗ്യവകുപ്പ് അലംഭാവം കാട്ടി. രോഗപ്രതിരോധത്തിനായുള്ള സാമൂഹ്യ പ്രതിരോധ ശേഷി (Herd Immunity) കൈവരിക്കാൻ സമൂഹത്തിൽ കുറഞ്ഞത് 60% പേർക്കെങ്കിലും വാക്‌സിൻ നൽകേണ്ടതുണ്ട്. മഹാമാരി നിലനിൽക്കുന്ന സമയത്ത് വാസ്‌കിനേഷൻ നടത്തുമ്പോൾ കുറച്ചുപേർ മാത്രമാണ് വാക്‌സിൻ സ്വീകരിക്കുന്നതെങ്കിൽ സമൂഹത്തിൽ അപ്പോഴും നിലനിൽക്കുന്ന വൈറസ്, വാക്‌സിനേഷൻ വഴിയുള്ള രോഗപ്രതിരോധ ശേഷിയിൽ നിന്ന് രക്ഷപ്പെടാൻ ജനിതക മാറ്റത്തിന് (Escape Mutants/Variants) വിധേയമായി എസ്‌കേപ്പ് മൂട്ടൻസായി മാറി കൂടുതൽ തീവ്ര സ്വഭാവം കൈവരിക്കയും വാക്‌സിനേറ്റ് ചെയ്യപ്പെട്ടവരിൽ പോലും രോഗത്തിന് കാരണമാക്കുകയും ചെയ്യും. ഇതിനകം ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്നിങ്ങനെ നാലുതരം വൈറസ് വകഭേദങ്ങൾ ആവിർഭവിച്ചിട്ടുണ്ട്. ഇതിൽ ഡെൽറ്റ വകഭേദം വ്യാപന നിരക്ക് വളരെ കൂടിയതും രോഗപ്രതിരോധത്തെ അതിജീവിക്കാൻ ഭാഗികമായി ശേഷി ആർജ്ജിച്ചതുമാണ്. ഇപ്പോൾ ഇന്ത്യയിൽ ഡെൽറ്റ വൈറസാണ് കൂടുതൽ കണ്ടുവരുന്നത്.
കോവിഡ് പെരുമാറ്റ ചട്ടങ്ങൾ കർശനമായി പാലിച്ച് സാമൂഹ്യ പ്രതിരോധശേഷി ആവശ്യമായ തോതിൽ കൈവരിക്കാൻ കഴിഞ്ഞാൽ മൂന്നാം തരംഗം ഉണ്ടാവണമെന്നില്ല. മൂന്നാം തരംഗം സ്വാഭാവികമായി ഉണ്ടാവുകയല്ല. കോവിഡ് നിയന്ത്രണത്തിലുള്ള പാളിച്ചകളിലൂടെയും വാക്‌സിൻ വിതരണത്തിലെ വീഴ്ചകളിലൂടെയും ഉണ്ടാക്കപ്പെടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഈ ഘട്ടത്തിൽ അതിവേഗം വാക്‌സിനേഷൻ ഒരു ഡോസെങ്കിലും എല്ലാവർക്കും നൽകാൻ ശ്രമിക്കേണ്ടതാണ്. ഡെൽറ്റ വൈറസ് സാന്നിധ്യമുള്ളതുകൊണ്ട് അതിവേഗ വ്യാപന സാധ്യതയുള്ള ചെറുതും വലുതുമായ ആൾക്കൂട്ട സന്ദർഭങ്ങൾ ഒഴിവാക്കാൻ ജാഗ്രത കാട്ടുകയും വേണം.
മൂന്നാം തരംഗം ഉണ്ടായാൽ അത് കുട്ടികളെ കൂടുതലായി ബാധിക്കുമെന്ന വിശ്വാസത്തിന് വലിയ ശാസ്തീയ അടിത്തറയില്ല. ഇതിനകം കേവലം നാലുശതമാനം കുട്ടികളെ മാത്രമാണ് രോഗം ബാധിച്ചിട്ടുള്ളത്. കുട്ടികളിലെ മരണ നിരക്കും വളരെ കുറവാണ്. വൈറസ് മനുഷ്യകോശങ്ങളിലേക്ക് കടക്കാൻ ആവശ്യമായ "എ. സി. ഇ- 2' വാഹികൾ കുട്ടികളുടെ ശരീരത്തിൽ കുറവായതുകൊണ്ടാണ് അവരിൽ രോഗസാധ്യത കുറഞ്ഞിരിക്കുന്നത്. മാത്രമല്ല ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നടത്തിയ സീറോ പ്രിവൈലൻസ് പഠനമനുസരിച്ച് കുട്ടികളിൽ 50% ലേറെ പേർക്ക് രോഗം വന്നുപോയിട്ടുമുണ്ട്. എങ്കിലും മൾട്ടി സിസ്റ്റം ഇൻഫ്‌ളമേറ്ററി സിൻഡ്രം (MISC) എന്ന ഗുരുതരമായ കോവിഡാനന്തര രോഗസാധ്യത കുട്ടികളിൽ കാണുന്ന സാഹചര്യം പരിഗണിച്ച് കുട്ടികളുടെ ചികിത്സക്കാവശ്യമായ തീവ്രപരിചരണ സംവിധാനം ഒരുക്കേണ്ടതാണ്.
കോവിഡുമായി ബന്ധപ്പെട്ട ലോക്ക്ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ കേരളത്തിൽ, പലതരം പ്രതികരണങ്ങളാണുണ്ടാക്കുന്നത്. വ്യാപാരി സമൂഹം ഇതിനോടുള്ള പ്രതിഷേധം പരസ്യമായി രേഖപ്പെടുത്തുന്നു. മാത്രമല്ല, മറ്റു മേഖലകളിലുള്ളവരും നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് സന്ദേഹങ്ങളുയർത്തുന്നുണ്ട്. ഇപ്പോൾ കേരളത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കോവിഡ് നിയന്ത്രണങ്ങൾ അതേപടി തുടരേണ്ടതുണ്ടോ?
മാർച്ച് മധ്യത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ ആരംഭിച്ച കോവിഡ് രണ്ടാംതരംഗം കേരളത്തിൽ അൽപം വൈകി മെയ് മാസത്തോടെയാണ് പ്രത്യക്ഷപ്പെട്ടത്. ഒരു ഘട്ടത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29 ശതമാനം വരെ ഉയർന്നിരുന്നു. രോഗികളുടെ എണ്ണം 40,000നു മുകളിലായിരുന്നു. പിന്നീട് ടെസ്റ്റ് പോസ്റ്റിറ്റിവിറ്റി നിരക്ക് കുറഞ്ഞ് ഇപ്പോൾ 10 നടുത്ത് ഏതാനും ദിവസങ്ങളിലായി വലിയ മാറ്റമില്ലാതെ നിൽകുന്നു. രോഗികളുടെ എണ്ണം ഇപ്പോൾ 10-12,000 ആയി കുറഞ്ഞിട്ടുണ്ടെങ്കിലും വീണ്ടും താഴാതെ സ്ഥിരതയോടെ നിലനിൽക്കുന്നു. രോഗികളുടെ എണ്ണത്തിലുണ്ടായ വർധനവിനനുപാതമായി പ്രതീക്ഷിക്കാവുന്നതുപോലെ മരിക്കുന്നവരുടെ എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ട്. രണ്ടാം തരംഗത്തിനുമുമ്പ് ദിനം പ്രതി നൂറിനു താഴെയാളുകൾ മരിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 100- 200 പേർ മരിക്കുന്നു.
രോഗം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ രോഗലക്ഷണമുള്ളവരെയും രോഗികളുമായി സമ്പർക്കത്തിലേർപ്പെടുന്നവരെയും പ്രധാനമായും ടെസ്റ്റ് ചെയ്യുന്ന ടാർജറ്റഡ് ടെസ്റ്റിംഗ് രീതിയാണ് സംസ്ഥാനം പിന്തുടരുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ സ്വാഭാവികമായും പോസിറ്റീവായവരെ കൂടുതൽ കണ്ടെത്തുന്നതുകൊണ്ടാണ് പൊസിറ്റിവിറ്റി നിരക്ക് വർധിച്ചിരിക്കുന്നത്. രോഗമുള്ളവർക്കെല്ലാം കാലേക്കൂട്ടി ചികിത്സ നൽകാൻ ഇതിലൂടെ കഴിയുന്നു.
ഒന്നാം തരംഗത്തിൽ കോവിഡ് നിയന്ത്രണം കാര്യക്ഷമതയോടെ നടപ്പിലാക്കിയതിനാൽ കേരളത്തിൽ രോഗവ്യാപനം വളരെ കുറവായിരുന്നു. ഒന്നാം തരംഗത്തിന്റെ അവസാനത്തോടെ ഐ.സി.എം.ആർ നടത്തിയ സീറോ പ്രിവലൻസ് പഠനമനുസരിച്ച് രോഗവ്യാപന നിരക്ക് മറ്റ് സംസ്ഥാനങ്ങളുടേതിന്റെ (21.6) ഏതാണ്ട് പകുതി (11.4) മാത്രമായിരുന്നു കേരളത്തിൽ രേഖപ്പെടുത്തിയത്. അതുകൊണ്ട് രണ്ടാം തരംഗത്തിൽ രോഗസാധ്യതയുള്ളവർ (Susceptible Population) കേരളത്തിൽ കൂടുതലായിരുന്നു. അതുകൊണ്ടാണ് രണ്ടാം തരംഗത്തിൽ കേരളത്തിൽ രോഗികളുടെ എണ്ണം വർധിച്ചത്. രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ടെസ്റ്റിംഗിന്റെ എണ്ണം ഗണ്യമായി വർധിപ്പിച്ചിട്ടുമുണ്ട്.
രണ്ടാം തരംഗത്തിൽ രോഗവ്യാപന സാധ്യത വളരെയെറെയുള്ള ഡെൽറ്റ വൈറസ് വകഭേദമാണ് കേരളത്തിൽ എത്തിയത്, സ്വാഭാവികമായും രോഗം കൂടുതൽ പേരിലേക്ക് വ്യാപിച്ചു. ഒന്നാം തരംഗത്തിലുണ്ടായിരുന്ന വൈറസ് ഒരാളിൽ നിന്ന് 2-3 പേരിലേക്കെത്തുമ്പോൾ ഡെൽറ്റ വൈറസ് 8-10 പേരിലേക്ക് പടരാൻ സാധ്യതയുണ്ട്. കേരളത്തിലെ ജനസാന്ദ്രത കൂടുതലായത് ഡെൽറ്റ വൈറസ് വ്യാപനം കേരളത്തിൽ കൂടുതലായി സംഭവിച്ചു. മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിൽ രോഗവ്യാപനം കൂടുതലായ നഗരകേന്ദ്രങ്ങളിൽ നിന്ന് ഒറ്റപ്പെട്ട ഗ്രാമങ്ങളാണുള്ളതെന്നതുകൊണ്ട് സംസ്ഥാനമൊട്ടാകെയുള്ള രോഗവ്യാപനം കുറഞ്ഞിരുന്നു. എന്നാൽ, കേരളത്തിൽ ഗ്രാമ-നഗരങ്ങൾ പരസ്പരം ബന്ധപ്പെട്ട് നിലനിൽക്കുന്നതുകൊണ്ട് രോഗം അതിവേഗം സംസ്ഥാനമൊട്ടാകെ പടർന്നുപിടിക്കാൻ സാഹചര്യമുണ്ടായി. ഡെൽറ്റ വൈറസ്, രോഗം വന്ന് ഭേദമായവരിലും വാക്‌സിനേഷൻ എടുത്തവരിലുമുള്ള രോഗപ്രതിരോധത്തെ പരിമിതമായി മറികടക്കുന്നതിനാൽ രോഗം ഭേദമായവർ റീ ഇൻഫക്ഷനും വാക്‌സിൻ എടുത്തവർ ബ്രേക്ക് ത്രൂ ഇൻഫക്ഷനും വിധേയരായിത്തുടങ്ങി. ഇപ്പോൾ പോസ്റ്റിറ്റീവാകുന്നവരിൽ പലരും ഈ വിഭാഗത്തിൽ പെട്ടവരാണ്. എന്നാൽ ഇവർക്ക് ഗുരുതര രോഗലക്ഷണമുണ്ടാവില്ലെന്നതും മരണസാധ്യത തീരെയില്ലെന്നതും ആശ്വാസകരമാണ്.
ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം; രോഗികളുടെ എണ്ണം ഏറ്റവും കൂടിയ അവസരത്തിൽ പോലും നമ്മുടെ ആരോഗ്യസംവിധാനം മുൻകൂട്ടി തയ്യാറെടുത്ത് സുസജ്ജമായിരുന്നതിനാൽ കോവിഡ് ആശുപത്രികളിലും ഐ.സി.യുവിലും രോഗികൾക്ക് ഉചിതമായ ചികിത്സ നൽകാനായിട്ടുണ്ട് എന്നതാണ്. കോവിഡ് ആശുപത്രികിടക്കളുടെ 60-70 ശതമാനത്തിൽ കൂടുതൽ ഒരിക്കലും ഉപയോഗിക്കപ്പെടേണ്ടി വന്നിട്ടില്ല. മൊത്തം രോഗികളിൽ 90 ശതമാനത്തോളം പേർക്ക് സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ നൽകിവരുന്നു. മറ്റൊരു സംസ്ഥാനത്തിനും കൈവരിക്കാൻ കഴിയാത്ത നേട്ടമാണിത്. 'കാസ്പി'ൽ (കാരുണ്യ ആരോഗ്യ സുരക്ഷപദ്ധതി) ചേർന്ന 252 ഓളം സ്വകാര്യ ആശുപത്രികളിൽ ചികിത്സിക്കുന്നവർക്ക് ആരോഗ്യ ഇൻഷൂറൻസിലൂടെ സൗജന്യ ചികിത്സ ലഭിക്കുന്നു. മറ്റ് സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് സർക്കാർ നിയന്ത്രിച്ചിട്ടുമുണ്ട്. ഇതെല്ലാം മൂലം എണ്ണം ഏറ്റവും ഉയർന്നിരുന്ന അവസരത്തിൽ പോലും കോവിഡ് രോഗികൾക്ക് ഒരു ബുദ്ധിമുട്ടും അനുഭവപ്പെട്ടിട്ടില്ല. സർക്കാർ- സ്വകാര്യ മേഖലകൾ തികഞ്ഞ സഹകരണത്തോടെയാണ് കോവിഡിനെ നേരിടാൻ ശ്രമിക്കുന്നത്. ഗുരുതര രോഗലക്ഷണമില്ലാതെ വീടുകളിൽ സമ്പർക്ക വിലക്കിൽ കഴിയേണ്ടിവരുന്നവർക്ക് അതിനുള്ള സൗകര്യം വീടുകളിലില്ലെങ്കിൽ അവർക്ക് മാറിത്താമസിക്കാൻ ഗാർഹിക പരിചരണ കേന്ദ്രങ്ങളും (ഡൊമിസിലിയറി കെയർ സെന്റർ: ഡി.സി. സി) സംഘടിപ്പിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ കോവിഡ് പെരുമാറ്റചട്ടം കർശനമായി നടപ്പിലാക്കിയും ലഘൂകരിച്ച ലോക്ക്ഡൗൺ ഏർപ്പെടുത്തിയും വാക്‌സിനേഷൻ ത്വരിതഗതിയിലാക്കിയും രണ്ടാം തരംഗത്തെ അതിജീവിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കേന്ദ്രത്തിൽ നിന്ന് കിട്ടുന്ന മുറയ്ക്ക് ഒട്ടും പാഴാക്കാതെ വാക്‌സിൻ വിതരണം ചെയ്യുന്നതിൽ മറ്റ് സംസ്ഥാനങ്ങളെക്കാൾ കേരളം മുമ്പന്തിയിലാണ്. അർഹമായ മുറയ്ക്ക് വാക്‌സിൻ സ്വീകരിക്കാനും സൂക്ഷ്മതലത്തിൽ കോവിഡ് പെരുമാറ്റചട്ടം കർശനമായി പാലിക്കാനും എല്ലാവരും ശ്രദ്ധിച്ചാൽ നമുക്ക് രണ്ടാം തരംഗം പൂർണമായും നിയന്ത്രണവിധേയമാക്കി മൂന്നാം തരംഗം തീർച്ചയായും ഒഴിവാക്കാൻ കഴിയും. ഇന്നത്തെ നിലയിൽ പോയാൽ രണ്ടു, മൂന്നു മാസങ്ങൾക്കകം തന്നെ 60-70 ശതമാനം പേർക്ക് വാക്‌സിൻ നൽകി സാമൂഹ്യപ്രതിരോധ ശേഷി (ഹേർഡ് ഇമ്യൂണിറ്റി) കൈവരിക്കാൻ കഴിയുമെന്ന് ന്യായമായും പ്രതീക്ഷിക്കാം.
എന്നാൽ, എത്ര പരിമിതമായാലും ലോക്ക്ഡൗൺ വലിയ സാമ്പത്തിക- സാമൂഹ്യ പ്രത്യാഘാതങ്ങളുണ്ടാക്കുന്നുണ്ട്. രോഗവ്യാപനത്തിന്റെ ഗതി ദിവസേന വിലയിരുത്തി കൂടുതൽ കൂടുതൽ ഇളവുകൾ സർക്കാർ പ്രഖ്യാപിക്കുന്നുണ്ട്. ഇതിനകം കൈവരിച്ച രോഗവ്യാപന നിയന്ത്രണം കൈവിട്ടുപോകാതെ എല്ലാ വിഭാഗക്കാരുമായും ആലോചിച്ച് ലോക്ക്ഡൗൺ ഘട്ടംഘട്ടമായി പിൻവലിക്കാനാണ് സർക്കാർ ശ്രമിച്ചുവരുന്നത്. ▮