ഇപ്പോൾ ഇന്ത്യയിലും കേരളത്തിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന കോവിഡ് വ്യാപനം തീരെ അപ്രതീക്ഷിതമല്ലെന്നും അമിതമായി ഭയപ്പെടേണ്ട തരത്തിൽ വ്യാപനത്തിലേക്ക് ഇപ്പോൾ എത്തിയിട്ടില്ലെന്നും പ്രതീക്ഷിക്കാവുന്ന വർധനയേ ഉണ്ടായിട്ടുള്ളൂ എന്നും, സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന വിദഗ്ധ സമിതിയുടെ അധ്യക്ഷനായ ഡോ. ബി. ഇക്ബാൽ. ട്രൂകോപ്പി വെബ്സീനിൽ ‘രണ്ട് ചോദ്യങ്ങൾ’ എന്ന പംക്തിയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘‘മഹാമാരികളുടെ കാര്യത്തിൽ, അവ ലോകമാകെ ഒന്നിച്ച് വ്യാപിക്കുന്ന പാൻഡമിക് സ്വഭാവം വിട്ടാലും സമൂഹത്തിൽ എൻഡമിക് ആയി, അതായത്, പ്രദേശിക രോഗമായി നിലനിൽക്കും. അതുകൊണ്ടുതന്നെ, മഹാമാരികളുടെ രൂപത്തിൽ വന്ന മറ്റ് രോഗാണുക്കളെല്ലാം ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. അവ ഇടക്കിടക്ക് പൊട്ടിപ്പുറപ്പെട്ടുകൊണ്ടിരിക്കും.’’
‘‘കോവിഡിന്റെ കാര്യത്തിലുള്ള ഒരു പ്രശ്നം, പുതിയ വകഭേദങ്ങൾ ആവിർഭവിച്ചുകൊണ്ടിരിക്കുന്നു എന്നതാണ്. ആർ.എൻ.എ വൈറസ് ആയതുകൊണ്ട് അതിന്റെ ജനിതകഘടനയിൽ മാറ്റം വന്നുകൊണ്ടിരിക്കും. അതുതന്നെയും വൈറസിന്റെ ജീവശാസ്ത്രപരമായ പരിണാമത്തിന്റെ ഭാഗമായി വരുന്നതാണ്. കാരണം, വൈറസിനെ സംബന്ധിച്ച് അതിന്റെ ആതിഥേയരെ പൂർണമായും നശിപ്പിക്കുന്നത് അവയുടെ നിലനിൽപ്പിന് നല്ലതല്ല. അങ്ങനെ വന്നാൽ വൈറസിന്റെ നിലനില്പും അപകടത്തിലാവും. നിരന്തരം, മറ്റു ജീവജാലങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുക എന്നതാണ് വൈറസുകളുടെ നിലനിൽപ്പിനാവശ്യം. ഇതാണ് അവയുടെ ജീവശാസ്ത്രപരമായ ആവശ്യം. അതനുസരിച്ച് കോവിഡ് വൈറസിന്റെ വകഭേദങ്ങൾ നോക്കിയാൽ, അവയുടെ വ്യാപനനിരക്ക് (Infectivity) കൂടുന്നതും രോഗതീവ്രത (Virulence) കുറയുന്നതും കാണാൻ കഴിയും. വ്യാപനനിരക്ക് ഏറെയുള്ള വൈറസാണ് ഒമിക്രോൺ വകഭേദം. അതിന്റെ ഉപവിഭാഗങ്ങൾ (Lineages) ഉണ്ടായിക്കൊണ്ടിരിക്കുന്നതുകൊണ്ടാണ് കോവിഡ് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്നത്.’’
‘‘ഇപ്പോൾ കോവിഡ് വ്യാപിക്കുന്നതിന് മറ്റു ചില കാരണങ്ങളുണ്ട്. വ്യാപനനിരക്ക് കൂടുതലുള്ള വകഭേദങ്ങൾ നിലനിൽക്കുമ്പോൾ ജീവിതരീതിയിലെ ക്രമീകരണങ്ങളിൽ നിന്ന് സമൂഹം പുറകോട്ടുപോയികൊണ്ടിരിക്കയാണ്. മാസ്‌ക് ധരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. മൂന്നാമത്തെ ഡോസ് വാക്‌സിൻ പലരും എടുത്തിട്ടില്ല. മൂന്നാമത്തെ ഡോസ് എടുത്താലും രോഗം വരുമെങ്കിലും തീവ്രത വളരെ കുറവായിരിക്കും. കോവിഡ് ബാധിച്ച് മരിക്കുന്നവർ ആയുർദൈർഘ്യം കൂടിയവരും ഗുരുതര രോഗങ്ങളുള്ളവരുമായതിനാൽ, മരണം സമൂഹത്തിൽ ഒരു പ്രശ്‌നമായി കണക്കാക്കപ്പെടുന്നില്ല. ഇതെല്ലാം മൂലം രോഗത്തെക്കുറിച്ച് ആളുകൾക്കിടയിലുണ്ടായിരുന്ന ഗൗരവ സമീപനം ഇല്ലാതായി. ഇന്ത്യയിൽ ധാരാളം ആൾക്കൂട്ട സന്ദർഭങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. രോഗം വ്യാപിക്കാനുള്ള സാധ്യതകളാണിവയെല്ലാം.’’
‘‘എന്നാൽ, ഇന്ത്യയുടെ മൊത്തം ജനസംഖ്യ എടുത്താൽ, ഇപ്പോഴുണ്ടായ വ്യാപനം മഹാമാരി എന്ന നിലയിൽ നിന്ന് കോവിഡ് ഒരു എൻഡമിക്ക് രോഗമായി മാറുന്ന സാഹചര്യം പരിഗണിക്കുമ്പോൾ അമിതമായി ഭയപ്പെടേണ്ട ഒന്നല്ല. എങ്കിലും, സർക്കാറിന്റെ ഭാഗത്തുനിന്ന് സുരക്ഷക്കായി പ്രതിരോധ നടപടികളെടുക്കുന്നതിൽ തെറ്റില്ല. പക്ഷെ, അമിതമായി ഭയപ്പെടേണ്ട തരത്തിൽ വ്യാപനത്തിലേക്ക് ഇപ്പോൾ എത്തിയിട്ടില്ല. പ്രതീക്ഷിക്കാവുന്നവർധനയേ ഉണ്ടായിട്ടുള്ളൂ.’’
‘‘കേരളത്തിലെ ജനസാന്ദ്രത ഇന്ത്യയിലേതിനേക്കാൾ നാലിരട്ടിയാണ്. സംസ്ഥാനത്തിനകത്തും പുറത്തേക്കുമുള്ള ആളുകളുടെ നീക്കങ്ങൾ (Mobility) വളരെ കൂടുതലാണ്. പുറത്തേക്കും അകത്തേക്കും പോകുന്നവരുടെയും ജില്ലകൾക്കിടക്ക് സഞ്ചരിക്കുന്നവരുടെയും എണ്ണം കൂടുതലാണ്. രാഷ്ടീയ യോഗങ്ങൾ, സാംസ്‌കാരിക പരിപാടികൾ തുടങ്ങിയ ആൾക്കൂട്ട സന്ദർഭങ്ങൾ ഏറ്റവും കുടുതലുള്ളത് കേരളത്തിലാണ്. ഇത്തരം സാഹചര്യങ്ങളുള്ള ഒരു സംസ്ഥാനത്ത് എൻഡമിക് രൂപത്തിലാണെങ്കിലും രോഗം നിലനിൽക്കുമ്പോൾ അതിന്റെ പ്രത്യാഘാതം വളരെ കൂടുതലായിരിക്കും. കോവിഡ് മാത്രമല്ല, ഫ്ലൂ അടക്കം ഏത് രോഗത്തിന്റെ കാര്യത്തിലും ഇത് സംഭവിക്കും.’’
‘‘കേരളം കോവിഡ് നിയന്ത്രണത്തിൽ വിജയിച്ച ഒരു സംസ്ഥാനമാണല്ലോ. എന്നാൽ, കേരളത്തിൽ കേസുകൾ കൂടുന്നതായി ചില മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നുണ്ട്. അത് കുറെയൊക്കെ ശരിയുമാണ്. എന്നാൽ, അമിത വർധനയുണ്ടായിട്ടില്ല എന്നാണ് കോവിഡ് ചികിത്സാരംഗത്തുള്ള വിദഗ്ദർ അഭിപ്രായപ്പെട്ടിട്ടുള്ളത്.’’
‘‘യഥാർഥത്തിൽ കേരളീയരുടെ സ്വഭാവത്തിന്റെ ഭാഗമാകേണ്ട ഒന്നാണ്, മാസ്‌ക് ധരിക്കുക എന്നത്. കോവിഡിനെതിരെ മാത്രമല്ല, വായുവിലൂടെ പകരുന്ന, ഫ്ലൂ പോലുള്ള രോഗങ്ങൾ കേരളത്തിൽ കൂടുതലാണ്. അത് തടയാൻ കഴിയും. പൊടിപടലങ്ങളും അന്തരീക്ഷ മലിനീകരണവും ഏറെയുള്ള സംസ്ഥാനം കൂടിയാണ് കേരളം. നമ്മുടെ ആളുകൾക്ക് ധാരാളം ശ്വാസകോശ രോഗങ്ങളുണ്ട്. ഇവയിൽനിന്ന് രക്ഷപ്പെടാൻ കഴിയും. നമ്മുടെ സ്വഭാവത്തിന്റെ ഭാഗമാക്കണം മാസ്‌ക്.’’
കോവിഡ്: സർക്കാർ നടപടികൾക്ക് ശാസ്ത്രീയ നീതീകരണം വേണം
‘രണ്ട് ചോദ്യങ്ങൾ’ | ഡോ. ബി. ഇക്ബാലുമായുള്ള അഭിമുഖത്തിന്റെ
പൂർണരൂപം സൗജന്യമായി വായിക്കാം |ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 123