സർക്കാർ മെഡിക്കൽ കോളേജുകളിലെയും പൊതുജനാരോഗ്യ ചികിത്സാസംവിധാനങ്ങളിലെയും അപര്യാപ്തതകളും പ്രതിസന്ധികളും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി പ്രൊഫസറായ ഡോ. കെ.എസ്. ഹാരിസിന്റെ തുറന്നുപറച്ചിലിലൂടെ ചർച്ചാവിഷയമായിരിക്കുകയാണല്ലോ.
കേരളത്തിലെ പൊതുജനാരോഗ്യസംവിധാനത്തിലെ പ്രധാന കണ്ണിയാണ് സർക്കാർ മെഡിക്കൽ കോളേജുകൾ. ചികിത്സ, ഗവേഷണം, അധ്യാപനം എന്നീ മൂന്നു തലങ്ങളിലും ഒരുപോലെ ശ്രേഷ്ഠത പുലർത്തേണ്ടവയാണ് മെഡിക്കൽ കോളേജുകൾ. നിലവിലെ ത്രിതല പൊതുജനാരോഗ്യ സംവിധാനത്തിലെ ഏറ്റവും ഉന്നതമായ റഫറൽ കേന്ദ്രങ്ങളായാണ് മെഡിക്കൽ കോളേജുകളെ വിഭാവനം ചെയ്തിട്ടുള്ളത്.

ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യ ഭരിച്ചിരുന്നപ്പോൾ തന്നെ ഇന്ത്യയിൽ മെഡിക്കൽ കോളേജുകൾ നിലവിൽവന്നിരുന്നു. 1835-ൽ കൽക്കത്തയിൽ സർ ലോർഡ് വില്യം ബെന്റക് സ്ഥാപിച്ച മെഡിക്കൽ കോളേജാണ് ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ കോളേജായി കരുതുന്നത്. തുടർന്ന് അതേവർഷം മദ്രാസിലും മുംബൈയിലും മെഡിക്കൽ കോളേജുകൾ സ്ഥാപിതമായി.
1934-ൽ രൂപീകരിച്ച മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (MCI) എന്ന സ്വയംഭരണ സ്ഥാപനമാണ് ഇന്ത്യയിലെ മെഡിക്കൽ കോളേജുകളുടെ സ്ഥാപന വ്യവസ്ഥകളും നിയമാവലികളും നിഷ്‌കർഷിച്ചിരുന്നത്. എന്നാൽ 2020-ഓടെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ ഇല്ലാതാവുകയും ദേശീയ മെഡിക്കൽ കമ്മിഷൻ (National Medical Commission) ഈ ചുമതലകൾ ഏറ്റെടുക്കുകയും ചെയ്തു. മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നതിനുവേണ്ട സ്ഥലത്തിന്റെ അളവ്, കെട്ടിടങ്ങളുടെ വലിപ്പവും മറ്റു സൗകര്യങ്ങളും എന്നു വേണ്ട, ഡോക്ടർമാർ, നഴ്‌സുമാർ, ഇതര ജീവനക്കാർ എന്നിവരുടെ എണ്ണമുൾപ്പടെ നിഷ്‌കർഷിക്കുന്ന നിയമാവലികളും നിർദ്ദേശങ്ങളും മെഡിക്കൽ കൗൺസിലും ദേശീയ മെഡിക്കൽ കമ്മീഷനും മുന്നോട്ടുവച്ചു. പ്രീ- ക്ലിനിക്കൽ വിഭാഗത്തിലെ ഡോക്ടർമാരും അധ്യാപകരും ഒരു പരിധിവരെ രോഗീചികിത്സയുമായി ബന്ധപ്പെടുന്നില്ലെങ്കിലും പാരാക്ലിനിക്കൽ, ക്ലിനിക്കൽവിഭാഗങ്ങളിലെ ഡോക്ടർമാർക്ക് രോഗീചികിത്സയും അധ്യാപനവും ഒരുമിച്ചു കൊണ്ടുപോകേണ്ടതായിട്ടുണ്ട്.
ഇന്ത്യയിൽ ഒരു മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിന് ഏകദേശം 250- 300 കോടിയോളം രൂപ ആരംഭഘട്ടത്തിൽ മുതൽമുടക്കേണ്ടതുണ്ട്. MBBS ബിരുദപഠന സൗകര്യങ്ങളാണ് തുടക്കത്തിൽ വേണ്ടതെങ്കിൽ, സ്‌പെഷ്യാലിറ്റി പി.ജി കോഴ്‌സുകൾ, സൂപ്പർ സ്‌പെഷ്യാലിറ്റി കോഴ്‌സുകൾ എന്നിവ തുടങ്ങുമ്പോഴേയ്ക്കും കൂടുതൽ മുതൽമുടക്കിന്റെ ആവശ്യമുണ്ട്. ആവശ്യമായ സ്ഥലം, കെട്ടിടങ്ങൾ, ഹോസ്റ്റൽ തുടങ്ങിയ സൗകര്യങ്ങൾക്കുപുറമേ മാനുഷിക വിഭവശേഷി, യന്ത്രങ്ങൾ, ഉപകരണങ്ങൾ, വൈദ്യുതി, ജലം തുടങ്ങി നിർബന്ധമായും ഉണ്ടാകേണ്ടവയുടെ ഒരു വലിയ ലിസ്റ്റുതന്നെ തയ്യാറായാലേ മെഡിക്കൽ കോളേജുകൾക്ക് പ്രവർത്തനമാരംഭിക്കാനാവൂ.

കേരളത്തിൽ 12 സർക്കാർ മെഡിക്കൽ കോളേജുകളിലായി 1700-ഓളം മെഡിക്കൽ സീറ്റുകളാണുള്ളത്. ഇതിൽത്തന്നെ പലതിലും പര്യാപ്തമായ രൂപത്തിൽ അധ്യാപകരോ അനധ്യാപകരായ ജീവനക്കാരോ ഇല്ല. ഡയറക്ടർ ഓഫ് മെഡിക്കൽ എജ്യുക്കേഷന്റെ കീഴിലാണ് അധ്യാപക- അനധ്യാപക ജീവനക്കാരുടെ നിയമനം. വിദ്യാർത്ഥികളുടെ പഠനവും പരീക്ഷകളും ആരോഗ്യസർവ്വകലാശാലയ്ക്കു കീഴിലാണുതാനും. ഈ വൈരുദ്ധ്യം പലപ്പോഴും സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്നതായി കാണാം. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ എന്നിവർ സ്ഥാപനമേധാവികളാണെങ്കിലും ആശുപത്രിയുടെ ഭരണനേതൃത്വം പ്രധാനമായും സൂപ്രണ്ടുമാരുടെ കരങ്ങളിലാണ്. ഇവിടെയും ഭരണകർത്തവ്യനിർവ്വഹണങ്ങളിൽ പലപ്പോഴും സങ്കീർണ്ണതകളുണ്ടാകാറുണ്ട്.
ആധുനിക വൈദ്യശാസ്ത്രമേഖലയെ പരിപോഷിപ്പിക്കുന്നതിനുവേണ്ട ഗവേഷണങ്ങൾ നടക്കേണ്ടതും ഭാവിതലമുറയിലെ ഡോക്ടർമാരെ വാർത്തെടുക്കേണ്ടതുമായ മെഡിക്കൽ കോളേജുകൾക്ക് സാമ്പത്തിക പരാധീനതയുണ്ടെന്ന കാരണത്താൽ കൂച്ചുവിലങ്ങിട്ടുകൂടാ.
ഓരോ വിഭാഗത്തിലും പഠനത്തിനും ഗവേഷണത്തിനും ചികിത്സയ്ക്കുമായുള്ള ഭൗതിക സാഹചര്യങ്ങൾ തീരുമാനിക്കേണ്ടതും പ്രിൻസിപ്പൽ-സൂപ്രണ്ട് എന്നിവർക്ക് റിപ്പോർട്ടു ചെയ്യേണ്ടതും പ്രസ്തുത വിഭാഗത്തിന്റെ തലവനാണ്. എന്നാൽ പലപ്പോഴും ഇവർ ആവശ്യപ്പെടുന്ന പല സാഹചര്യങ്ങളും ഒരുക്കിക്കൊടുക്കുവാൻ സ്ഥാപനമേധാവികൾക്കു കഴിയാറില്ല. ഇതിനു പ്രധാന കാരണം ബഡ്ജറ്റിൽ വേണ്ടത്ര തുക വകയിരുത്താത്തതും ഉദ്യോഗസ്ഥതല ശ്രേണികളിലൂടെയുള്ള ഫയൽനീക്കങ്ങളിലെ കാലതാമസവുമാണ്.
ഓരോ സ്ഥാപനങ്ങൾക്കും അവിടെ വേണ്ട മരുന്നുകൾ, ആശുപത്രി പ്രവർത്തനം സുഗമമാക്കുന്നതിനുവേണ്ട ഉപകരണങ്ങൾ, മാനുഷിക വിഭവശേഷി എന്നിവ തീരുമാനിക്കുന്നതിനുവേണ്ട സ്വയംഭരണാധികാരം ഇനിയെങ്കിലും നൽകിയേ തീരൂ. അതുപോലെതന്നെ കേടായ ഉപകരണങ്ങൾ നന്നാക്കുന്നതിനെടുക്കുന്ന കാലതാമസവും അക്ഷന്തവ്യമായ അപരാധമാണ്. എല്ലാ മെഡിക്കൽ കോളേജുകളിലും ബയോ- മെഡിക്കൽ എൻജിനീയറിംഗ് വിഭാഗം ആരംഭിക്കുകയും അവയെ ശക്തിപ്പെടുത്തുകയും വേണം. കേരളത്തിനകത്തും പുറത്തും നിന്നുള്ള ബയോ- മെഡിക്കൽ എൻജിനീയറിംഗ് വിദ്യാർത്ഥികൾക്ക് ഇവിടെ ഇന്റേൺഷിപ്പ് സൗകര്യം ഒരുക്കാവുന്നതാണ്. അതുവഴി വളരെയധികം ഉപകരണങ്ങളുടെ കേടുപാടുകൾ നന്നാക്കാനാവും, അതുപോലെ വിദ്യാർത്ഥികൾക്ക് നല്ല രീതിയിൽ പരിശീലനം ലഭ്യമാകുകയും ചെയ്യും. ഈ തരത്തിൽ അധികചെലവ് ഇല്ലാതെതന്നെ ഉപകരണങ്ങളുടെ മെയിന്റനൻസ്, റിപ്പയർ എന്നിവ സാധ്യമാക്കാം.
ആധുനിക വൈദ്യശാസ്ത്രമേഖലയെ പരിപോഷിപ്പിക്കുന്നതിനുവേണ്ട ഗവേഷണങ്ങൾ നടക്കേണ്ടതും ഭാവിതലമുറയിലെ ഡോക്ടർമാരെ വാർത്തെടുക്കേണ്ടതുമായ മെഡിക്കൽ കോളേജുകൾക്ക് സാമ്പത്തിക പരാധീനതയുണ്ടെന്ന കാരണത്താൽ കൂച്ചുവിലങ്ങിട്ടുകൂടാ. ആരോഗ്യരംഗത്തെ സർക്കാരിന്റെ ബഡ്ജറ്റ് വിഹിതം തികച്ചും നാമമാത്രമാണ്. ചുരുങ്ങിയത് മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ (GDP) 5 ശതമാനമെങ്കിലും വേണമെന്നിരിക്കെ, ഇന്ത്യയിൽ ഇത് 1.9 ശതമാനം മാത്രമേയുള്ളു (9830 ദശലക്ഷം). ദേശീയ ആരോഗ്യനയം (2017) മുന്നോട്ടുവയ്ക്കുന്നതാകട്ടെ GDP- യുടെ 2.5 ശതമാനമാണുതാനും. അമേരിക്കയിൽ ഇത് ഏകദേശം 17.8 ശതമാനമാണ്.

കേരളത്തിൽ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 3.5% ആരോഗ്യരംഗത്ത് ചെലവഴിക്കുന്നുണ്ട്. സ്വകാര്യ-പൊതുമേഖലകളുടെ സംയുക്തമായ കണക്കാണിത്. കേരളത്തിൽ 70 ശതമാനം ആളുകളും ഇന്നും ചികിത്സാസംബന്ധമായി ആശ്രയിക്കുന്നത് സ്വകാര്യ-സഹകരണ മേഖലയെത്തന്നെയാണ്.
കഴിഞ്ഞ രണ്ടു ദശാബ്ദമായി പൊതുജനാരോഗ്യമേഖലയിലുണ്ടായ അടിസ്ഥാന സൗകര്യവികസനങ്ങളും മാനുഷികവിഭവശേഷീ വർദ്ധനവും ഒരളവുവരെ ഇടത്തരക്കാരായ ആളുകളേയും പൊതുജനാരോഗ്യസംവിധാനത്തിലേയ്ക്കാകർഷിക്കാൻ കാരണമായിട്ടുണ്ട്. കൂടാതെ രോഗീപരിചരണമൊഴിച്ചാൽ മരുന്നുകൾ, ലാബറോട്ടറി പരിശോധനകൾ, സ്‌കാനുകൾ എന്നിവയ്‌ക്കെല്ലാം തന്നെ സ്വന്തം പോക്കറ്റിൽനിന്നും പൈസ ചെലവഴിയ്‌ക്കേണ്ട അവസ്ഥയായിരുന്നു മുൻപുണ്ടായിരുന്നത്. അടിസ്ഥാന സൗകര്യവികസനവും, സർക്കാർ ഏർപ്പെടുത്തിയ ഇൻഷുറൻസ് പദ്ധതിയായ കാര്യണ്യ ആരോഗ്യസുരക്ഷാപദ്ധതിയും (കാസ്പ്) രോഗികളുടെ കയ്യിൽനിന്നും ഇത്തരത്തിലുള്ള ചെലുകൾ ഇല്ലാതാക്കാൻ സഹായിച്ചിട്ടുണ്ട്.
സർക്കാർ ആശുപത്രികളുടെ വികസന രേഖകൾ തയ്യാറാക്കുമ്പോൾ ഡോക്ടർമാർ, നഴ്‌സുമാർ മറ്റു പാരാ മെഡിക്കൽ വിഭാഗങ്ങൾ എന്നിവരുടെ അഭിപ്രായങ്ങൾക്കുകൂടി പരിഗണന നൽകേണ്ടതുണ്ട്. പലപ്പോഴും വികസനരേഖകൾ സെക്രട്ടറി തലത്തുനിന്നും താഴേയ്ക്കു വരുന്നതായാണു കണ്ടുവരുന്നത്.
എന്നാൽ ഉപകരണങ്ങളുടെ കേടുപാടുകൾ തീർക്കൽ, പുത്തനുപകരണങ്ങൾ സ്വായത്തമാക്കൽ, ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും തുടർപരിശീലനങ്ങൾ എന്നിവയിൽ ഇനിയും മുന്നോട്ടുപോകേണ്ടതുണ്ട്. സർക്കാർ മെഡിക്കൽ കോളേജുകൾക്കും ഗവൺമെന്റിനുമിടയിൽ നിലവിലുള്ള മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിന് ഇന്നത്തെ സാഹചര്യത്തിൽ കാര്യമായ പ്രസക്തിയുള്ളതായി കാണുന്നില്ല. മാത്രവുമല്ല, ഫയലുകൾ മെഡിക്കൽ കോളേജുകളിൽ നിന്നും ആരോഗ്യവകുപ്പിലേയ്ക്ക് എത്തുന്നതിനു മുൻപായുള്ള ഒരു തടസ്സവേലിയായി ഈ കാര്യാലയം മാറുന്നതായാണ് നിലവിലെ സ്ഥിതി. ഡോക്ടർമാർ, മറ്റു ജീവനക്കാർ എന്നിവരെ പ്രാദേശികാടിസ്ഥാനത്തിൽ മെഡിക്കൽ കോളേജുകളിൽ നിയമിക്കാവുന്നതാണ്. ഒരാൾ വിരമിച്ചാൽ അടുത്ത ദിവസം തന്നെ അടുത്ത ഡോക്ടർ ജോലിയ്ക്കു ചേരുന്ന സംവിധാനം ഉറപ്പുവരുത്തണം. ആരോഗ്യവകുപ്പിലെ ആശുപത്രികൾ അവശ്യ സർവ്വീസ് മേഖലയാണെന്ന് ഡോക്ടർമാരുടെ പണിമുടക്കുസമയങ്ങളിൽ മാത്രം സർക്കാരുകൾക്ക് തോന്നിയാൽ പോരാ. ഡോക്ടർമാരുടെ നിയമനത്തിലെ കാലതാമസം ഒഴിവാക്കുന്നതിന് പ്രത്യേകമായി മെഡിക്കൽ സർവ്വീസ് റിക്രൂട്ട്‌മെന്റ് സെൽ രൂപീകരിക്കണം.
മെഡിക്കൽ കോളേജുകളിൽ ഉപസമിതികൾ (പ്രൊപ്പോസൽ കമ്മിറ്റി, സാമ്പത്തിക സമിതി, നിരീക്ഷണ സമിതി) എന്നിവ രൂപീകരിച്ച് അടിസ്ഥാന വികസനങ്ങൾ സമയബന്ധിതമായി നടപ്പാക്കണം.
സർക്കാർ ആശുപത്രികളുടെ വികസന രേഖകൾ തയ്യാറാക്കുമ്പോൾ ഡോക്ടർമാർ, നഴ്‌സുമാർ മറ്റു പാരാ മെഡിക്കൽ വിഭാഗങ്ങൾ എന്നിവരുടെ അഭിപ്രായങ്ങൾക്കുകൂടി പരിഗണന നൽകേണ്ടതുണ്ട്. പലപ്പോഴും വികസനരേഖകൾ സെക്രട്ടറി തലത്തുനിന്നും താഴേയ്ക്കു വരുന്നതായാണു കണ്ടുവരുന്നത്.

പല സ്വകാര്യസ്ഥാപനങ്ങളിലുമുള്ളതുപോലെ ഓഡിറ്റ് സമ്പ്രദായം ഡിപ്പാർട്ട്‌മെന്റ് തലത്തിലും സ്ഥാപനതലത്തിലും നടത്തേണ്ടതുണ്ട്.
ആശുപത്രികളിലെ രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് ഡോക്ടർമാരുടെ എണ്ണവും ആനുപാതികമായി വർദ്ധിപ്പിക്കേണ്ടതാണ്. നിലവിൽ പല സർക്കാർ മെഡിക്കൽ കോളേജുകളിലെ സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിലും നാമമാത്രമായ ഡോക്ടർമാരെ ലഭ്യമായുള്ളൂ. ഓരോ ഡോക്ടർമാരും ഒ.പി. വിഭാഗങ്ങളിൽ 200 മുതൽ 300 വരെ രോഗികളെ നോക്കേണ്ടിവരുന്ന സാഹചര്യവുമുണ്ട്. ഇത് തികച്ചും അശാസ്ത്രീയവും അനാരോഗ്യകരവുമാണ്. പൊതുസമൂഹവും ഇതിലുള്ള പോരായ്മകൾ മനസ്സിലാക്കേണ്ടതും കൂടതൽ തസ്തികകൾ സൃഷ്ടിക്കുന്നതിന് സർക്കാരിനോടാവശ്യപ്പെടേണ്ടതുമാണ്.
ഡോ. ബി. ഇക്ബാൽ കമ്മീഷൻ 1996-ൽ സർക്കാരിന് സമർപ്പിച്ചതും പിന്നീടുവന്ന കേരളത്തിന്റെ ആരോഗ്യനയരൂപീകരണ സമിതി (2016) നിർദ്ദേശങ്ങളിലും മെഡിക്കൽ കോളേജുകൾ സ്വയംഭരണ സ്ഥാപനങ്ങളാക്കണമെന്ന കാതലായ നിർദ്ദേശം മുന്നോട്ടുവെച്ചിരുന്നു. എന്നാൽ ഇത് ഇനിയും നടപ്പാക്കാനായിട്ടില്ല. ആരോഗ്യവകുപ്പിന്റെ കീഴിലെ സ്വയംഭരണ സ്ഥാപനങ്ങളായി മെഡിക്കൽ കോളേജുകൾ മാറുന്നതോടെ ഭരണതലത്തിൽ ബ്യൂറോക്രസിയുമായി ബന്ധപ്പെട്ട പല കാലതാമസങ്ങൾക്കും വിരാമമിടാൻ കഴിയും.

നമ്മുടെ മെഡിക്കൽ കോളേജുകളിലെ നിലവിലുള്ള പ്രതിസന്ധികൾ മറികടക്കുന്നതിന് ഉടൻ ഒരു കർമ്മസമിതി (ടാസ്‌ക് ഫോഴ്‌സ്) രൂപീകരിച്ച് മൂന്നുു മാസത്തിനുള്ളിൽ പരിഹാര നിർദ്ദേശങ്ങൾ സ്വീകരിച്ച് നടപ്പിലാക്കേണ്ടതാണ്. ഉദ്യോഗസ്ഥതല കാലതാമസം ഫയൽ നീക്കങ്ങളിലും തീരുമാനങ്ങളിലും ആരോഗ്യരംഗത്തെങ്കിലും ഇനിയും വന്നുകൂടാ. എന്തെന്നാൽ ഓരോ ഫയൽനീക്കത്തിലെ വൈകലിലും ഒന്നല്ല, പലപ്പോഴും ഒരായിരം ജീവിതങ്ങളായിരിക്കും കുടുങ്ങി കിടക്കുകയോ നഷ്ടപ്പെടുകയോ ചെയ്യുക. ആരോഗ്യ സൂചികകളിൽ ഇന്ത്യയിൽ ഒന്നാംസ്ഥാനത്തു നിൽക്കുന്ന കേരളത്തിൽ ഇതൊരിക്കലും അനുവദിക്കാവുന്നതല്ല. അതിനുവേണ്ടത് ജനകീയ ശബ്ദം ഉയരുക തന്നെയാണ്.
