2021-ൽ 1800 മരണം;
ക്ഷയരോഗത്തിനുവേണം കേരളത്തിൽ
‘ഹൈ റിസ്ക്’ ശ്രദ്ധ

ഒരു വർഷം 2000-ഓളം പേരുടെ ജീവനെടുക്കുന്ന ഒരു രോഗത്തിന് ലഭിക്കേണ്ട സാമൂഹികശ്രദ്ധ ക്ഷയരോഗത്തിന് കേരളം നൽകുന്നില്ല എന്നത് കുറ്റകരമായ അനാസ്ഥയാണ്. ക്ഷയരോഗം മൂലം ഒരു വർഷം ഇത്രയും പേർ കേരളത്തിൽ മരിക്കുന്നുണ്ട് എന്ന കാര്യം മാധ്യമങ്ങളുടെ പോലും പരിഗണനയിലില്ല. നിപയെ പോലുള്ള രോഗങ്ങൾക്ക് ലഭിക്കുന്ന അതേ ജാഗ്രതയും കരുതലും ആവശ്യമായ രോഗമാണ് ക്ഷയവും. ക്ഷയരോഗ നിർമാർജനത്തിൽ കേരളത്തിനുള്ള വെല്ലുവിളികളെക്കുറിച്ച് ​അന്വേഷണം.

2021- ൽ കേരളത്തിൽ മരിച്ച ക്ഷയരോഗബാധിതരുടെ എണ്ണം 1800. ആഗോളതലത്തിലെ പോലെ തന്നെ, കേരളത്തിലെയും 'ഹൈ റിസ്‌ക്' ആരോഗ്യപ്രശ്‌നമാണ് ടി.ബി എന്നാണ് എന്നാണ്, രോഗികളുടെ പത്തു ശതമാനം വരുന്ന ഉയർന്ന മരണനിരക്ക് കാണിക്കുന്നത്. 2022-ൽ കേരളത്തിൽ 23,388 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇവരിൽ 895 പേർ കുട്ടികളും 491 പേർ ആദിവാസി മേഖലയിലുള്ളവരുമാണ്. 2021-ലേതിലേക്കാൾ ഇത് ആറു ശതമാനം കൂടുതലാണ്.

മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താൽ, കേരളത്തിൽ ക്ഷയരോഗം കുറവാണ്. എണ്ണം കുറയുന്നതിന്റെ വേഗതയും കേരളത്തിൽ വളരെ കൂടുതലാണ്. കേസുകളുടെ എണ്ണം കുറഞ്ഞതിൽ മുൻപന്തിയിൽ കേരളമുണ്ട്. കേരളത്തിൽ ഒരു വർഷം 20,000- 22,000 കേസുകളാണുണ്ടാകുന്നത്. മരുന്നുകളെ പ്രതിരോധിക്കുന്ന ക്ഷയരോഗം (ഡ്രഗ് റസിസ്റ്റന്റ് ടി.ബി) 300- ഓളം പേരിൽ കാണുന്നു.

കേന്ദ്ര ആരോഗ്യവകുപ്പ് തയാറാക്കിയ ദേശീയ ടി.ബി റിപ്പോർട്ട്- 2023 പറയുന്നത്, ഒരു ലക്ഷം പേരിൽ 67 പേർക്കാണ് കേരളത്തിൽ ടി.ബിയുള്ളത് എന്നാണ്. ദേശീയ ശരാശരി 172 ആണ്. ദൽഹിയിലാണ് ഏറ്റവും കൂടുതൽ, ലക്ഷത്തിൽ 546 പേർക്ക് രോഗമുണ്ട്. ടി.ബി നിർമാർജന നടപടികളിൽ കേരളം ദേശീയതലത്തിൽ അഞ്ചാം സ്ഥാനത്താണ്.

ടി.ബി നിസ്സാരമായി അവഗണിക്കേണ്ട രോഗമല്ല എന്നും രോഗലക്ഷണം അവഗണിക്കരുത് എന്നും കൃത്യമായ ചികിത്സ അനിവാര്യമാണ് എന്നുമാണ് ഉയർന്ന മരണനിരക്ക് കാണിക്കുന്നത്.

2025-ൽ ക്ഷയരോഗനിർമാർജനം ലക്ഷ്യമിട്ട് 'ടി.ബി തോൽക്കും രാജ്യം ജയിക്കും' എന്ന കാമ്പയിൻ ഏറ്റെടുത്ത രാജ്യമാണ് ഇന്ത്യ. ലോകത്ത് ഏറ്റവുമധികം ക്ഷയരോഗികളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
2019-നെ അപേക്ഷിച്ച് 2020-ൽ ക്ഷയരോഗമരണങ്ങളിൽ 15.4 ശതമാനം കുറവുണ്ടായി. 36 സംസ്ഥാന- കേന്ദ്ര ഭരണപ്രദേശങ്ങളിൽ 28-ലും ഈ സമയത്ത് മരണം കുറഞ്ഞു. എന്നാൽ, 2021-ൽ മരണം മുൻവർഷത്തേക്കാൾ കൂടി. കേന്ദ്ര സർക്കാർ രാജ്യസഭയിൽ അവതരിപ്പിച്ച കണക്കനുസരിച്ച്, 2023 ജനുവരി- മെയ് മാസങ്ങളിൽ രാജ്യത്ത് 10.3 ലക്ഷം ടി.ബി കേസുകളുണ്ടായി, 44,800 മരണങ്ങളും. മരണങ്ങളിൽ 3323 (7.4 ശതമാനം) ഡ്രഗ് റസിസ്റ്റന്റ് ടി.ബി രോഗികളാണ്. ഡയബറ്റിസ്, കോവിഡ്, എച്ച്.ഐ.വി എയ്ഡ്‌സ്, കിഡ്‌നി രോഗങ്ങൾ എന്നിവ ടി.ബി മൂലമുള്ള മരണങ്ങളുടെ നിരക്ക് കൂട്ടുന്നു. കോവിഡിനുശേഷം, മരണത്തിന് കാരണമാകുന്ന രണ്ടാമത്തെ പ്രധാന രോഗമാണ് ടി.ബി.

‘‘ടി.ബി മരുന്നും പരിശോധനാ കിറ്റുകളും കേന്ദ്ര സർക്കാറാണ് തരുന്നത്. കഴിഞ്ഞ ഒന്നര വർഷമായി ചില മരുന്നുകളും ടെസ്റ്റിന്റെ സാധനങ്ങളും ലഭിക്കുന്നതിൽ കാലതാമസമുണ്ടായി. ഭാഗ്യവശാൽ കേരളത്തിന് ചികിത്സ ബ്രേക്ക് ചെയ്യേണ്ടിവന്നിട്ടില്ല.’’

ആഗോളതലത്തിൽ, 2019-ൽ 71 ലക്ഷം പേരിലാണ് പുതുതായി രോഗം കണ്ടെത്തിയത്. 2020-ൽ ഇത് 58 ലക്ഷമായി കുറഞ്ഞെങ്കിലും 2021-ൽ 64 ലക്ഷമായി. 2020-ൽ രോഗത്തിൽ ഏറ്റവും കുറവുണ്ടായ രാജ്യങ്ങൾ ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ് എന്നിവയാണ്. കോവിഡിനെതുടർന്ന് രോഗനിർണയസംവിധാനം ഫലപ്രദമായി പ്രവർത്തിക്കാത്തതിനെതുടർന്നായിരുന്നു ഈ കുറവ്.

ദിവസം ലോകത്ത് 4100 പേർ ക്ഷയരോഗബാധിതരായി മരിക്കുന്നുവെന്നാണ് ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട്. ലോകത്ത് ഏറ്റവും മരണകാരണമായ 13 രോഗങ്ങളിൽ ഒന്നാണ് ടി.ബി. 2022-ലെ ആഗോള ടി.ബി റിപ്പോർട്ട് അനുസരിച്ച് 2020, 2021 വർഷങ്ങളിൽ കോവിഡിനുതൊട്ടുപുറകിലാണ് മരണകാരണമായ രോഗങ്ങളിൽ ടി.ബി. 2021-ൽ മരിച്ചവരുടെ എണ്ണം 16 ലക്ഷമാണ്, എച്ച്.ഐ.വി ബാധിച്ച 1,87,000 പേരടക്കം. ആഗോള ടി.ബി കേസുകളുടെ 28 ശതമാനവും ഇന്ത്യയിലാണ്. കഴിഞ്ഞ പത്തുവർഷത്തെ കണക്കെടുത്താൽ ടി.ബി മൂലമുള്ള മരണനിരക്കിൽ ഏറ്റവും കൂടുതൽ വർധനവുണ്ടായത് 2020-ലാണ്.

സംസ്ഥാന തലത്തിലുള്ള ടി.ബി കേസുകളുടെ 2022-ലെ നോട്ടിഫിക്കേഷൻ നിരക്ക്- ഇന്ത്യ ടി.ബി റിപ്പോർട്ട്- 2023.

ഇന്ത്യയിൽ ക്ഷയരോഗം റിപ്പോർട്ട് ചെയ്യപ്പെടേണ്ട രോഗമായി (നോട്ടിഫൈബിൾ) പ്രഖ്യാപിച്ചത് 2012-ലാണ്. 2021-ലെ കണക്കുമായി താരമത്യപ്പെടുത്തുമ്പോൾ രാജ്യത്ത് ക്ഷയരോഗത്തിൽ 13 ശതമാനത്തിന്റെ വർധനയുണ്ട്. ഇതിൽ 95.5 ശതമാനം പേർക്കും ചികിത്സ ലഭ്യമാക്കി.

തുടരുന്ന വിവേചനങ്ങൾ,
തിരുത്തിയ ബച്ചൻ

ക്ഷയരോഗത്തെക്കുറിച്ച് അശാസ്ത്രീയവും അന്ധവിശ്വാസങ്ങളിൽ അധിഷ്ഠിതവുമായ നിരവധി മുൻവിധികളുള്ളതിനാൽ സാമൂഹിക ബഹിഷ്‌കരണവും വിവേചനവും നേരിടേണ്ടിവരുന്നവർ കൂടിയാണ് ക്ഷയരോഗികൾ.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ സൂപ്പർതാരം അമിതാഭ് ബച്ചനാണ് ക്ഷയരോഗത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ മുൻവിധിയെ തിരുത്തുന്ന വെളിപ്പെടുത്തൽ നടത്തിയത്. എട്ടുവർഷം നടുവേദന അനുഭവിച്ചതിനൊടുവിൽ പരിശോധന നടത്തിയപ്പോഴാണ് അദ്ദേഹത്തിന് നട്ടെല്ലിൽ ക്ഷയരോഗം ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. 2000-രോഗം സ്ഥിരീകരിച്ച അദ്ദേഹം ഒരു വർഷം കൃത്യമായ ചികിത്സയിലൂടെ രോഗം മറികടന്നു.

അമിതാഭ് ബച്ചൻ

സ്ത്രീകൾ, ട്രാൻസ്‌ജെന്റർ അടക്കമുള്ള വിഭാഗങ്ങൾ ജന്ററിന്റെയും കുടുംബങ്ങളിലെയും സമൂഹത്തിലെയും സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ കടുത്ത വിവേചനം നേരിടുന്നുണ്ട്. ആരോഗ്യസേവനങ്ങൾ ട്രാൻസ് വ്യക്തികൾക്ക് പലപ്പോഴും അപ്രാപ്യമാണ്. കുടുംബങ്ങളിൽനിന്നും സമൂഹങ്ങളിൽനിന്നുമുള്ള തിരസ്‌കാരഭീഷണി നേരിടുന്ന ഇവരെ സംബന്ധിച്ച് ക്ഷയരോഗം, ഈ തിരസ്‌കാരത്തിനുള്ള ഒരു അധിക കാരണമായി മാറും. അതുകൊണ്ടുതന്നെ ഇവർ രോഗലക്ഷണങ്ങൾ മൂടിവക്കാൻ നിർബന്ധിതരാകുന്നു. രോഗം കണ്ടെത്തിയാലും ചികിത്സ തുടരാൻ ഇവർ വിമുഖത കാണിക്കുന്നു.

കേരളത്തിലെ സവിശേഷമായ ചില സാമൂഹികപ്രശ്‌നങ്ങൾ കൂടി ക്ഷയരോഗനിർമാർജനക്കാര്യത്തിൽ പ്രസക്തമാണ്. അധഃസ്ഥിത വിഭാഗങ്ങളുടെ ജീവിതസാഹചര്യങ്ങൾ ക്ഷയരോഗവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. കോവിഡുകാലത്ത് ദേശീയ, സംസ്ഥാന, ജില്ലാ തലങ്ങളിൽ നടപ്പാക്കിയ നയപരിപാടികൾ നീലഗിരി ബയോസ്ഫിയർ റിസർവ് മേഖലയിലുള്ളവരെ (കേരളം, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങൾ അടങ്ങുന്ന മേഖല) എങ്ങനെയാണ് ബാധിച്ചത് എന്നതിനെക്കുറിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യുമൻ സെറ്റിൽമെന്റ്‌സും കീസ്‌റ്റോൺ ഫൗണ്ടേഷനും പഠനം നടത്തിയിരുന്നു. ഈ വിഭാഗങ്ങളിലെ സാമ്പത്തിക- സാമൂഹിക പാർശ്വവൽക്കരണം അതിരൂക്ഷമാണെന്നാണ് പഠനത്തിൽ കണ്ടെത്തിയത്.

2022-ലെ ​​ഗ്ലോബൽ ടി.ബി റിപ്പോർട്ടുമായി ഇന്ത്യൻ കേസുകളുടെ താരതമ്യം.

എന്നാൽ, വയനാട്, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലെ മൂന്നു വാർഡുകളിൽ നടത്തിയ സർവേയിൽ 2600 പേരിൽനിന്ന് ശേഖരിച്ച വിവരങ്ങൾ പ്രകാരം, ക്ഷയരോഗത്തെക്കുറിച്ച് ആദിവാസി വിഭാഗങ്ങൾക്ക് ബോധവൽക്കരണം ലഭിക്കുന്നുണ്ടെന്ന് കണ്ടെത്തി. എങ്ങനെയാണ് രോഗമുണ്ടാകുന്നത്, ലക്ഷണങ്ങൾ, രോഗം പടരുന്നത് തുടങ്ങിയ അടിസ്ഥാന കാര്യങ്ങളെക്കുറിച്ച് കേരളത്തിലെ ആദിവാസി വിഭാഗങ്ങൾക്ക് വേണ്ടത്ര അറിവ് ലഭിക്കുന്നുണ്ട് എന്നാണ് ഫീൽഡ് തല പ്രവർത്തകർ പറയുന്നത്. രാജ്യത്തെ മികച്ച പൊതുജനാരോഗ്യപദ്ധതിയായി കേരളം നടപ്പാക്കുന്ന ക്ഷയരോഗനിവാരണ പദ്ധതിയായ 'അക്ഷയ കേരളം' തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോവിഡുമായി ബന്ധപ്പെട്ട് കേരളം സ്വീകരിച്ച കർശനമായ പൊതുജനാരോഗ്യപ്രതിരോധ നടപടികൾ തുടരാത്തപക്ഷം അത് ക്ഷയരോഗ നിർമാർജനം എന്ന ലക്ഷ്യത്തിന് പ്രതികൂലമാകും.

കേരളത്തിന്റെ ലക്ഷ്യം 2025;
ഒപ്പം ചില കടമ്പകളും

ക്ഷയരോഗം ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിൽ ഒന്നായ കേരളം, 2025-ൽ രോഗനിർമാർജനം എന്ന ലക്ഷ്യത്തിലെത്തുന്ന ആദ്യ സംസ്ഥാനമാകാനുള്ള പ്രവർത്തനത്തിലാണ്. രോഗനിർമാർജനമെന്നാൽ, പൂർണമായും രോഗം ഇല്ലാതാക്കുക എന്നതല്ല.
2015-നെ അപേക്ഷിച്ച് 80 ശതമാനം കേസുകൾ കുറയണം, 90 ശതമാനം മരണങ്ങൾ കുറയണം, ഒരു കുടുംബം പോലും രോഗം മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകരുത്- ഈ മൂന്നു ലക്ഷ്യങ്ങളാണ് ഇതിന്റെ ഭാഗമായി കൈവരിക്കേണ്ടതെന്നും അങ്ങനെയായാൽ ടി.ബി എലിമിനേറ്റഡ് ആയി എന്നു പറയാമെന്നും പബ്ലിക് ഹെൽത്ത് വിദഗ്ധയും ലോകാരോഗ്യസംഘടനയുടെ മെഡിക്കൽ കൺസൽട്ടന്റുമായ ഡോ. അപർണ മോഹൻ ട്രൂകോപ്പിതിങ്കിനോട് പറഞ്ഞു:

ഡോ. അപർണ മോഹൻ

''ഈ ലക്ഷ്യങ്ങൾ എത്രമാത്രം കൈവരിച്ചു എന്നറിയാനുള്ള സർവേകൾ മൂന്നു വർഷമായി മറ്റു സംസ്ഥാനങ്ങളിലേതുപോലെ കേരളത്തിലും നടക്കുന്നുണ്ട്. 20- 40 ശതമാനം ടി.ബി കേസ് കുറയുന്ന സംസ്ഥാനങ്ങൾക്ക് ബ്രോൺസ് കാറ്റഗറി അവാർഡും 40- 60 ശതമാനം കുറഞ്ഞാൽ സിൽവർകാറ്റഗറിയും 60- 80 ശതമാനം കുറഞ്ഞാൽ ഗോൾഡ് കാറ്റഗറിയും നൽകും. 2020-ൽ കേരളത്തിന് ബ്രോൺസ് അവാർഡും 2021-ൽ സിൽവറും കിട്ടി. 2021-ൽ സിൽവർ ലഭിച്ച ഏക സംസ്ഥാനം കേരളമാണ്.''

ക്ഷയരോഗവുമായി ബന്ധപ്പെട്ട ചില സാമൂഹിക പ്രവണതകൾ ഗുരുതരാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. പട്ടിണിയും ദാരിദ്ര്യവുമാണ് ടി.ബിയെ പോഷിപ്പിക്കുന്ന സാമൂഹികകാരണങ്ങൾ. ഇത് രോഗം കണ്ടെത്തുന്നതിനെയും ചികിത്സയെയുമെല്ലാം പ്രതികൂലമായി ബാധിക്കുന്നു. ക്ഷയരോഗത്തെ സംബന്ധിച്ച് പോഷകാഹാരത്തിന്റെ കുറവ് പരിഹരിക്കുക എന്നത് പ്രധാന പ്രശ്‌നമാണ്. എന്നാൽ, 2023- ലെ ആഗോള പട്ടിണിസൂചികയിൽ ഇന്ത്യ 111ാം സ്ഥാനത്താണ് എന്ന ആശങ്കാജനകമായ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു. പോഷകാഹാരക്കുറവ്, ശിശുമരണനിരക്ക്, ശരീരശോഷണം, വളർച്ചാ മുരടിപ്പ് എന്നീ സൂചകങ്ങൾ അടിസ്ഥാനമാക്കിയാണ് ആഗോള പട്ടിണിസൂചിക തയ്യാറാക്കുന്നത്. ഇന്ത്യയിലെ സ്ഥിതി ഭയപ്പെടുത്തുന്നതെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ.

2012- 2022 കാലത്തെ ടി.ബി നോട്ടിഫിക്കേഷൻ നിരക്ക്

നാഷനൽ ഫാമിലി ഹെൽത്ത് സർവേ പ്രകാരം മഹാരാഷ്ട്രയിൽ നവജാത ശിശുമരണവും കുട്ടികളിലെ വളർച്ചാമുരടിപ്പും കുതിച്ചുയർന്നിട്ടുണ്ട്. ഇന്ത്യയിൽ 43 ലക്ഷം കുട്ടികൾ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു എന്ന് കഴിഞ്ഞ മാസം പുറത്തുവിട്ട 'പോഷൺ ട്രാക്കർ' വ്യക്തമാക്കുന്നു. ഇത്, സമൂഹത്തിലെ അടിസ്ഥാന വർഗങ്ങളെ ബാധിക്കുന്ന ഒരു അടിസ്ഥാന സാമൂഹിക പ്രശ്‌നം കൂടിയാണ്. അതിന്റെ പരിഹാരത്തിന് എളുപ്പവഴികളില്ല.

മുൻവിധി എന്ന മാറാവ്യാധി

ക്ഷയരോഗനിർമാർജനത്തിന്റെ കാര്യത്തിൽ കേരളം ചില വെല്ലുവിളികൾ നേരിടുന്നുണ്ട്: ''കോവിഡിനുശേഷമുണ്ടായ ഒരു പ്രതിസന്ധിയാണ് ഒന്ന്. രോഗം കണ്ടുപിടിച്ച് സർക്കാറിലേക്ക് നോട്ടിഫൈ ചെയ്ത കണക്കുകളിൽ, 2020-ൽ പെട്ടെന്ന് 5000 കേസുകളുടെ കുറവുണ്ടായി. അതിനർഥം രോഗികളുടെ എണ്ണം കുറഞ്ഞു എന്നല്ല, രോഗികൾ കണ്ടുപിടിക്കപ്പെട്ടില്ല എന്നതാണ്. ഇത് വലിയ വെല്ലുവിളിയാണ്. കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലും ആഗോളതലത്തിലും ടി.ബിയുടെ നോട്ടിഫിക്കേഷൻ കാര്യമായി കുറഞ്ഞ കാലമാണിത്. അത് കോമ്പൻസേറ്റ് ചെയ്യാനുള്ള പ്രവർത്തനം ഉടൻ തുടങ്ങുകയും അതിന്റെ ഫലമായി 2022-ൽ പ്രതീക്ഷിച്ചതിനേക്കാൾകുറച്ചധികം കേസുകൾ കണ്ടുപിടിക്കാനും പറ്റി. പക്ഷെ, ഈ ഒരു വർഷം കൊണ്ട് കാര്യമായ രോഗപ്പടർച്ചയുണ്ടായി എന്നാണ് ഇപ്പോഴത്തെ കണക്കുകൾ നോക്കുമ്പോൾ കാണുന്നത്'', ഡോ. അപർണ മോഹൻ പറയുന്നു.

ആരോഗ്യ വിദഗ്ധരടക്കമുള്ളവർ ചൂണ്ടിക്കാട്ടുന്ന ചില പ്രതിസന്ധികൾ ഗൗരവത്തോടെ പരിഗണിക്കപ്പെടേണ്ടതാണ്. ക്ഷയരോഗബാധിതരുണ്ട് എന്നതിനർഥം, രോഗം പടർത്താൻ ശേഷിയുള്ള രോഗാണുക്കളുമുണ്ട് എന്നാണ്. എന്നാൽ, തുടക്കത്തിലുള്ള രോഗലക്ഷണങ്ങൾ അവഗണിക്കുന്ന പ്രവണത പൊതുവേയുണ്ടെന്ന് മെഡിക്കൽ രംഗത്തെ വിദഗ്ധർ പറയുന്നു.

ഇന്ത്യയിലെ ക്ഷയരോഗകാരണങ്ങളുടെ നിരക്ക്

ആരോഗ്യപ്രവർത്തകർ അടക്കമുള്ളവരുടെ സമീപനങ്ങളിലുണ്ടായ ചില മാറ്റങ്ങളെക്കുറിച്ച് ഡോ. അപർണ മോഹൻ പറയുന്നു: ''കേരളത്തിൽ ടി.ബി ഇല്ല എന്നൊരു ധാരണ പൊതുവെയുണ്ട്. രാത്രി വിയർപ്പോടെയുള്ള പനിയും ചുമയും ശരീരഭാരം കുറയലുമെല്ലാം സാധാരണ കാണുന്ന രോഗലക്ഷണമാണ്. ഇത് ടി.ബിയുടെ ലക്ഷണമായി ആദ്യം തിരിച്ചറിയപ്പെടുന്നില്ല. അതുകൊണ്ടുതന്നെ, പല കേസുകളും വളരെ വൈകിയാണ് ടി.ബിയാണെന്ന് സ്ഥിരീകരിക്കാനാകുന്നത്. ഈ രോഗലക്ഷണമുള്ള പലരും ആദ്യം സ്വയം ചികിത്സ നടത്തുകയാണ് ചെയ്യുക. അല്ലെങ്കിൽ ഒരു ഡോക്ടറെ കാണും, അദ്ദേഹം ഒരു കോഴ്സ് ആന്റിബയോട്ടിക് കൊടുത്ത് ഭേദമാകുന്നില്ല എങ്കിൽ തിരിച്ചുവരണം എന്നു പറയും. എന്നാൽ ചുമ കുറയാത്തതിനാൽ മറ്റൊരു ഡോക്ടറെ കാണും. അദ്ദേഹവും ഒരു ആന്റിബയോട്ടിക് കൊടുക്കും. അങ്ങനെ അവസാനം, കഫത്തിനോടൊപ്പം രക്തം കാണുന്ന ഘട്ടത്തിലാണ് പലരിലും രോഗനിർണയം നടത്താനാകുന്നത്. അവസാന ഘട്ടത്തിലെ രോഗനിർണയം മരണനിരക്ക് കൂടാനുള്ള ഒരു പ്രധാന കാരണം ആകുന്നു. ഇതാണ് കേരളത്തെ സംബന്ധിച്ച് വലിയ വെല്ലുവിളി.''

‘‘ക്ഷയരോഗമാണ്, ചികിത്സ വേണം എന്നു പറഞ്ഞാൽ, യാഥാർഥ്യബോധത്തോടെ സ്വീകരിക്കാൻ, സോഷ്യൽസ്റ്റിഗ്മ മൂലം ഒരു വിഭാഗത്തിന് കഴിയാറില്ല. അപ്പർ മിഡിൽ ക്ലാസിലാണ് സ്റ്റിഗ്മ കൂടുതലും ക്രിയേറ്റ് ചെയ്യപ്പെടുന്നത്. രോഗവിവരം മറ്റാരും അറിയരുത്, വീട്ടിൽ ആശാ വർക്കർ വരരുത് എന്നു പറയുന്ന ചിലരെ കണ്ടിട്ടുണ്ട്.’’

ക്ഷയരോഗവുമായി ബന്ധപ്പെട്ട് കാര്യക്ഷമമായ രോഗ- രോഗീ നീരീക്ഷണ സംവിധാനം നിലവിലുള്ള സംസ്ഥാനമാണ് കേരളം. രോഗികളെ കണ്ടെത്താനുള്ള നിരീക്ഷണ സംവിധാനങ്ങൾ തുടർച്ചയായി നടക്കുന്നു. രോഗലക്ഷണവുമായി ആശുപത്രിയിലെത്തുന്നതുമുതലുള്ള പരിശോധനകളും ചികിത്സയും തുടർ പരിശോധനകളും പൂർണമായും സൗജന്യമാണ്. മാത്രമല്ല, രോഗബാധിതർക്കുള്ള പിന്തുണാസംവിധാനവും കാര്യക്ഷമമായാണ് നടപ്പാക്കപ്പെടുന്നത്. രോഗം കണ്ടെത്തിയാലുടൻ ജില്ലാ, താലൂക്ക്, പഞ്ചായത്തുതല ഹെൽത്ത് സെന്ററുകളിൽ വിവരം രജിസ്റ്റർ ചെയ്യപ്പെടുകയും പ്രാഥമിക ഹെൽത്ത് സെന്ററിൽനിന്ന് അനുബന്ധ പരിശോധനകളും മരുന്നുമെല്ലാം സൗജന്യമായി ലഭിക്കുകയും ചെയ്യുന്നു. ഡോക്ടർമാരും ഹെൽത്ത് ഇൻസ്‌പെക്ടർമാരും ആശാ വർക്കാർമാരുമെല്ലാം രോഗിയും അവരുടെ കുടുംബവുമായും നിരന്തരം ബന്ധപ്പെട്ട് തുടർനടപടികളെക്കുറിച്ച് നിരന്തരം ബോധവൽക്കരണം നടത്തുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സംസ്ഥാന- കേന്ദ്ര തലങ്ങളിൽനിന്ന് പ്രതിമാസ സാമ്പത്തിക സഹായവും നൽകുന്നുണ്ട്.
ക്ഷയരോഗ പ്രതിരോധത്തിൽ കേരളമുണ്ടാക്കിയ നേട്ടങ്ങളുടെ കാരണങ്ങളെക്കുറിച്ച് ഡോ. അപർണ മോഹൻ പറയുന്നു: ‘‘കേരളത്തിൽ മാത്രമാണ് പബ്ലിക് ഹെൽത്ത് സിസ്റ്റവുമായി സംയോജിപ്പിച്ച് ഇത്ര കാര്യക്ഷമമായി ടി.ബി പ്രോഗ്രാം നടക്കുന്നത്. മറ്റു പല സംസ്ഥാനങ്ങളിലും ടി.ബി പ്രോഗ്രാമിന്റെ ഉത്തരവാദിത്തം നാഷനൽ ഹെൽത്ത് മിഷനുകീഴിലുള്ള ജീവനക്കാരുടെ മാത്രം ഉത്തരവാദിത്തമാണ്. കേരളത്തിന് ഇത്ര അച്ചീവ് ചെയ്യാനാകുന്നത്, പി.എച്ച്.സി തലം മുതൽ ടി.ബി പ്രോഗ്രാമിനെ ഇന്റഗ്രേറ്റ് ചെയ്തതുകൊണ്ടാണ്.

സാമൂഹിക- സാമ്പത്തിക ഘടകങ്ങളിൽ മുന്നിൽ നിൽക്കുന്നതുകൊണ്ടാണ് കേരളത്തിൽ ടി.ബി കേസുകളുടെ എണ്ണം കുറയുന്നത്. ഏത് വിഭാഗങ്ങളെയാണ് ടി.ബി കൂടുതലായി ബാധിക്കുന്നത് എന്നറിയാൻ എല്ലാ ജില്ലകളിലും പഠനം നടക്കുന്നുണ്ട്. പോഷകാഹാരക്കുറവാണ് ഏറ്റവും വലിയ ഭീഷണി. വളരെ ദരിദ്രമായ സോഷ്യോ- ഇക്കണോമിസ് സ്റ്റാറ്റസിൽ ജീവിക്കുന്ന വിഭാഗങ്ങൾ മറ്റു സംസ്ഥാനങ്ങളിലേതുപോലെ കേരളത്തിൽ ഇല്ല. ചേരിപ്രദേശങ്ങൾ, ആളുകൾ തിങ്ങിപ്പാർക്കുന്ന തീരപ്രദേശങ്ങളിലെ കുടിലുകൾ എന്നിവിടങ്ങളിലും രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തിയവരിലും അമിത മദ്യപാനവും പുകവലിയുമുള്ളവരിലും രോഗസാധ്യത കൂടുതലാണ്. ഇതിൽ, പോഷകാഹാരക്കുറവ് പോലെയുള്ള പല കാര്യങ്ങളും കേരളത്തിൽ കുറവാണ്. തീരദേശത്ത് മറ്റു സംസ്ഥാനങ്ങളിലേതുപോലെ തിങ്ങിത്താമസിക്കുന്ന രീതിയല്ല. ചേരികളുണ്ടെങ്കിൽ പോലും മറ്റു സംസ്ഥാനങ്ങളിലേതുപോലെ അത്ര ശോചനീയമല്ല. ആദിവാസി വിഭാഗങ്ങളും അതിഥി തൊഴിലാളികളും ടി ബി രോഗം കണ്ടുപിടിക്കാൻ സാധ്യത കൂടുതലാണ്. അതിഥി തൊഴിലാളിയെ പൊസിറ്റീവാണ് എന്ന് കണ്ടുപിടിച്ചാലും ഇവരെ പിന്നീട് കണ്ടെത്താനാകില്ല. നേരത്തെ, രോഗം വന്ന തൊഴിലാളികളെ കരാറുകാർ പറഞ്ഞുവിടുന്ന രീതിയുണ്ടായിരുന്നു. ഇപ്പോൾ, ഇവരെ കണ്ടെത്തി രോഗം മാറുന്നതുവരെ ഇവിടം വിട്ടുപോകാൻ പാടില്ല എന്ന് സൂപ്പർവൈസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
എവിടെയാണ് ട്രൈബൽ സെറ്റിൽമെന്റ്, ഓൾഡ് ഏജ് ഹോം, മൈഗ്രന്റ് ക്യാമ്പുകൾ, കൂടുതൽ പേർ ജോലി ചെയ്യുന്ന ഫാക്ടറികൾ എന്നിവയുള്ളത് എന്ന് കണ്ടെത്തി ചാർട്ട് ചെയ്ത് റഗുലറായി സ്‌ക്രീനിങ് ക്യാമ്പുകൾ നടത്തി രോഗബാധിതരെ കണ്ടെത്താനാകുന്നുണ്ട്. ക്ഷയരോഗമാണ്, ചികിത്സ വേണം എന്നു പറഞ്ഞാൽ, അതിനെ യാഥാർഥ്യബോധത്തോടെ സ്വീകരിക്കാൻ, സോഷ്യൽസ്റ്റിഗ്മ മൂലം ഒരു വിഭാഗത്തിന് കഴിയാറില്ല. അപ്പർ മിഡിൽ ക്ലാസിലാണ് സ്റ്റിഗ്മ കൂടുതലും ക്രിയേറ്റ് ചെയ്യപ്പെടുന്നത്. രോഗവിവരം മറ്റാരും അറിയരുത്, വീട്ടിൽ ആശാ വർക്കർ വരരുത് എന്നു പറയുന്ന ചിലരെ കണ്ടിട്ടുണ്ട്. തുടക്കത്തിൽ കോവിഡിനോടും ഇത്തരമൊരു സ്റ്റിഗ്മയുണ്ടായിരുന്നു, ഇപ്പോൾ അത് മാറി. എന്നാൽ, ടി.ബിയുടെ കാര്യത്തിൽ ഇത് പൂർണമായും മാറിയിട്ടില്ല. മരുന്ന് കഴിച്ചുതുടങ്ങി രണ്ടാഴ്ച കഴിഞ്ഞാൽ പിന്നെ ഇവരിൽനിന്ന് രോഗം പടരില്ല. മരുന്ന് പൂർത്തിയാക്കിയാൽ പൂർണമായും രോഗവിമുക്തിയുണ്ടാകുകയും ചെയ്യും. അതിനുപകരം രോഗം മൂടിവക്കുന്നത്, മറ്റൊരാൾക്ക് രോഗം പടർത്തുന്നതിനുകൂടി ഇടയാക്കും. ഒരാൾക്ക് രണ്ടോ മൂന്നോ വയസ്സുള്ളപ്പോൾ, അയാളുമായി ഒരു ടി ബി രോഗി അടുത്ത സമ്പർക്കത്തിൽ വന്നിട്ടുണ്ടെങ്കിൽ, ആ വ്യക്തിക്ക് 50 വയസ്സുള്ളപ്പോഴായിരിക്കും അത് ടി.ബിയായി മാറുക. അതുകൊണ്ട് രോഗം മൂടിവെക്കേണ്ടതില്ല.
കോവിഡിനെപ്പോലെ അത്ര പെട്ടെന്ന് ടി.ബി പടരില്ല. ഒരു ദിവസമെങ്കിലും രോഗിയുമായി വളരെ അടുത്ത സമ്പർക്കമുണ്ടാകണം. നിങ്ങളുമായി അടുത്ത സമ്പർക്കമുണ്ടായ വ്യക്തിയോട് പരിശോധന നടത്തി പ്രതിരോധമരുന്ന് കഴിക്കണം എന്ന് പറയേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. അതിനുപകരം രോഗം ഒളിപ്പിച്ചുവക്കുന്നത്, മറ്റൊരാളെ കൂടി രോഗിയാക്കുന്നതിനിടയാക്കും. പണ്ടത്തെപ്പോലെ, ക്ഷയരോഗികൾക്ക് ഇപ്പോൾ സാനിറ്റോറിയങ്ങളിലൊന്നും കഴിയേണ്ടതില്ല, എല്ലാവരും വീട്ടിലിരുന്നാണ് മരുന്ന് കഴിക്കുന്നത്. ജോലിക്ക് ഒരു ദിവസം പോലും അവധിയെടുക്കേണ്ടതില്ല. കഠിനാധ്വാനമുള്ളവർക്കുമാത്രമാണ്, നെഞ്ചിന് പ്രശ്നമുണ്ടെങ്കിൽ അൽപസമയം വിശ്രമമെടുക്കണം എന്നു പറയുന്നത്. ഡോക്ടറുടെ നിർദേശ പ്രകാരം ബാക്കിയുള്ളവർക്ക് ഒരു മാസ്‌കും ധരിച്ച് ജോലി ചെയ്യാം. ഇപ്പോൾ, ക്ഷയരോഗത്തിന് പ്രതിരോധ ചികിത്സയുണ്ട്. അടുത്ത സമ്പർക്കമുള്ളവർക്കാണ് ഇത് നൽകുന്നുണ്ട്. രോഗം വന്ന വ്യക്തിയുടെ വീട്ടിലുള്ളവർ, അദ്ദേഹവുമായി അടുത്ത സമ്പർക്കമുള്ള വ്യക്തികൾഇത്രയും പേരിൽ പരിശോധന നടത്തി രോഗമില്ല എന്നുറപ്പുവരുത്തും. ഇവർക്ക് മൂന്നുമാസം കഴിക്കേണ്ട പ്രതിരോധമരുന്നുണ്ട്. അതുകൂടി കഴിഞ്ഞാൽ സുരക്ഷിതത്വം ഉറപ്പുവരുത്താം.’’

മരുന്നുകളെ പ്രതിരോധിക്കുന്ന രോഗം

ക്ഷയരോഗവ്യാപനത്തിന്റെ സാമൂഹിക കാരണങ്ങളോളം പ്രധാനമാണ് അതിന്റെ ബയോളജിക്കൽ കാരണങ്ങളും. രോഗമുള്ളവർക്ക് അവരുമായി സമ്പർക്കത്തിലുള്ള 15 ശതമാനം പേരിലേക്ക് രോഗം പടർത്താൻ കഴിയും. രോഗകാരണമായ ബാക്റ്റീരിയ ജനസംഖ്യയിലെ 30 ശതമാനം പേരിലുമുണ്ടാകാമെന്ന് പഠനങ്ങൾ കാണിക്കുന്നു. എന്നാൽ, ഇവരിൽ 5- 10 ശതമാനം പേരിലാണ് ഈ സാന്നിധ്യം രോഗമായി വികസിക്കാൻ സാധ്യതയുള്ളൂ. ചിലപ്പോൾ പ്രാരംഭ അണുബാധക്കുശേഷം മാസങ്ങളോ വർഷങ്ങളോ കഴിഞ്ഞശേഷമായിരിക്കും രോഗലക്ഷണം വികസിക്കുന്നത്. ടി.ബി ബാസിലി മൂലമുണ്ടാകുന്ന അണുബാധ ഒരു ലക്ഷണവുമുണ്ടാക്കുന്നില്ലെങ്കിൽ അതിനെ ലാറ്റന്റ് ടി.ബി എന്നു പറയും. ലാറ്റന്റ് ടി.ബിയുള്ളവരിൽ 10 ശതമാനം വരെയുള്ളവരിൽ ടി.ബി സജീവമാകാനിടയുണ്ട്.

ക്ഷയരോഗനിർമാർജനത്തിൽ മുന്നിലുള്ള അഞ്ച് സംസ്ഥാനങ്ങൾ

ക്ഷയരോഗചികിത്സയിലെ പ്രധാന പ്രശ്‌നങ്ങളിൽ ഒന്ന്, മരുന്നുകൾക്കെതിരെ പ്രതിരോധശേഷി വികസിപ്പിച്ചെടുത്ത രോഗാണുക്കളുടെ വർധനയാണ്. മരുന്നുകളോട് പ്രതികരിക്കാത്ത ക്ഷയരോഗത്തെ മൾട്ടിപ്പിൾ ഡ്രഗ് റസിസ്റ്റന്റ് ട്യൂബർക്കുലോസിസ് (Mulitple Drug Resiastnt TB- MDRTB) എന്നു വിളിക്കുന്നു. എല്ലാ മരുന്നുകളോടും പ്രതിരോധശേഷി ഉണ്ടായിക്കഴിഞ്ഞാൽ അത്തരം ക്ഷയരോഗത്തെ സമ്പൂർണ ഔഷധ പ്രതിരോധ ക്ഷയരോഗം (Total Drug Resistant Tubersculosis- TDRTB) എന്നും പറയുന്നു. ഇന്ത്യയിൽ ഇത്തരത്തിൽഒരു മരുന്നിനോടും പ്രതികരിക്കാത്ത രോഗബാധിച്ചവരുടെ എണ്ണം വർധിച്ചുവരികയാണ്.

2020-ൽ ലോകത്ത് അഞ്ചു ലക്ഷം പേർക്ക് Rifampicin- resistant ക്ഷയരോഗമുണ്ട് (RR TB). 2021-ൽ ഇത് 4,50,000 ആയി കുറഞ്ഞു. ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗികളിൽ 4.1 ശതമാനം പേർക്കും Mulitple Drug Resiastnt TB- MDRTB- ആണ്. ഇവരിൽ ഭൂരിഭാഗവും ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങളിലാണ്. ഇത്തരം രോഗികളിൽ 25 ശതമാനം പേർക്കുമാത്രമാണ് കൃത്യമായ രോഗനിർണയവും ചികിത്സയും ലഭിക്കുന്നുള്ളൂ.

‘‘കേരളത്തിൽ പ്രമേഹനിരക്ക് വളരെ കൂടുതലാണ്. പ്രായമായവരിലാണ് ടി.ബി വരാൻ കൂടുതൽ സാധ്യത. ഇതോടൊപ്പം, വൃക്കരോഗം കൂടിയുണ്ടെങ്കിൽ സ്ഥിതി രൂക്ഷമാകും. പ്രമേഹനിയന്ത്രണ സംവിധാനം കുറെക്കൂടി കൃത്യമായി നടന്നാൽ ടി.ബിയുമായി ബന്ധപ്പെട്ട സങ്കീർണതകൾ ഏറെയും കുറയും.’’

ഡ്രഗ് റസിസ്റ്റന്റ് ടി.ബി ഇപ്പോൾ കേരളത്തെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിട്ടില്ലെന്ന് ഡോ. അപർണ മോഹൻ പറയുന്നു: ‘‘കോവിഡിനുശേഷം ടെസ്റ്റിംഗ് സൗകര്യം കൂട്ടിയപ്പോൾ ഡ്രഗ് റസിസ്റ്റന്റ് ടി.ബിയുടെ എണ്ണത്തിൽ ചെറിയ വർധന കാണുന്നുണ്ട്. ഒരു വർഷം ഏതാണ്ട് 300 കേസുകളേ ഡ്രഗ് റസിസ്റ്റന്റ് ടി.ബിയാകുന്നുള്ളൂ. അതേസമയം, ചില കാര്യങ്ങളിൽ ശ്രദ്ധ നൽകിയില്ലെങ്കിൽ അത് ഭീഷണിയാകാനും സാധ്യതയുണ്ട്. ടി.ബിക്ക് ആറുമാസത്തെ ചികിത്സയാണ് വേണ്ടത്. രണ്ടു മാസം മരുന്ന് കഴിച്ച് അൽപം ആശ്വാസം തോന്നിയാൽ ചിലർക്ക് ചികിത്സ തുടരുന്നതിൽ അൽപം മടി തോന്നാം. അങ്ങനെ ഉള്ളവരിൽ ഡ്രഗ് റസിസ്റ്റന്റ് ടി.ബിക്ക് സാധ്യത കൂടുതലാണ്. അതുകൊണ്ട് മുടങ്ങാതെ മരുന്നു കഴിക്കുകയും കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തുകയും വേണം. എങ്കിലേ ഡ്രഗ് റസിസ്റ്റന്റ് ടി.ബി പ്രതിരോധിക്കാനാകൂ.’’

പ്രമേഹം എന്ന ഭീഷണി

കേരളത്തിലെ വെല്ലുവിളികളിൽ മറ്റൊന്ന് പ്രമേഹരോഗമാണ്. കേരളത്തിൽ പ്രമേഹനിരക്ക് 23 ശതമാനമാണ്. പ്രമേഹരോഗികളിൽ ക്ഷയരോഗസാധ്യത ഇരട്ടിയാണ്.

കോവിഡിനുശേഷം പ്രമേഹരോഗികളുടെ എണ്ണം വർധിച്ചിട്ടുണ്ടെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. പുതിയതായി പ്രമേഹബാധയുണ്ടായവരുടെ എണ്ണത്തിലാണ് വർധന. ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് ക്ഷയരോഗം വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് മൂന്നുമടങ്ങ് കൂടുതലാണ്. ക്ഷയരോഗലക്ഷണങ്ങളെ മാറ്റിമറിക്കാൻ പ്രമേഹം കാരണമാകുന്നു. അത് രോഗനിർണയത്തിൽ പ്രശ്‌നം സൃഷ്ടിക്കുന്നു. 2020-ൽ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ക്ഷയരോഗികളിൽ 90 ശതമാനം പേർക്കും പ്രമേഹമണ്ട് എന്നത് പ്രശ്‌നത്തിന്റെ രൂക്ഷത കാണിക്കുന്നു. പ്രമേഹരോഗികളിൽ നടത്തിയ പരിശോധനയിൽ 31 ശതമാനം പേർക്കും ക്ഷയരോഗമുള്ളതായി 2021-ലെ ഇന്ത്യ ടി.ബി റിപ്പോർട്ടിലുണ്ട്.

പ്രമേഹം പൂർണമായും നിയന്ത്രിതാവസ്ഥയിലല്ലെങ്കിൽ അത് ടി.ബിയുടെ ചികിത്സയെ ബാധിക്കുമെന്ന് ഡോ. അപർണ മോഹൻ പറഞ്ഞു: ‘‘കേരളത്തിൽ പ്രമേഹനിരക്ക് വളരെ കൂടുതലാണ്. പ്രായമായവരിലാണ് ടി.ബി വരാൻ കൂടുതൽ സാധ്യത. ഇതോടൊപ്പം, വൃക്കരോഗം കൂടിയുണ്ടെങ്കിൽ സ്ഥിതി രൂക്ഷമാകും. പ്രമേഹനിയന്ത്രണ സംവിധാനം കുറെക്കൂടി കൃത്യമായി നടന്നാൽ ടി.ബിയുമായി ബന്ധപ്പെട്ട സങ്കീർണതകൾ ഏറെയും കുറയും. പ്രമേഹവുമായി ബന്ധപ്പെട്ട് പ്രൈമറി ഹെൽത്ത് സെന്ററുകളിലെ എൻ.സി.ഡി ക്ലിനിക്കുകളിൽ വരുന്ന എല്ലാവരെയും ടി.ബിയുടെ ലക്ഷണങ്ങൾക്കുവേണ്ടി സ്‌ക്രീൻ ചെയ്യണം എന്ന് നിർദേശിച്ചിട്ടുണ്ട്. എങ്കിലും എല്ലായിടത്തും ഇത് നടക്കുന്നില്ല. ഇക്കാര്യം കാര്യക്ഷമമായി നടന്നാൽ ടി.ബി തുടക്കത്തിൽ കണ്ടെത്താനാകും. പ്രമേഹം നിയന്ത്രിക്കാനായാൽ മരണനിരക്കും കുറയും. പ്രമേഹവും വൈകിയുള്ള രോഗനിർണയവുമാണ് കേരളത്തിനുമുന്നിലെ പ്രധാന കടമ്പകൾ.''

മൃഗങ്ങളിൽനിന്ന് പടരുന്ന ക്ഷയം

മനുഷ്യരിലെ ക്ഷയരോഗത്തിന്റെ പ്രധാന കാരണം മൈക്കോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയ ആണ്. ഇതോടൊപ്പം മൈക്കോബാക്ടീരിയം ബോവിസ് എന്ന ബാക്ടീരിയ മൂലം മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പടരുന്ന ക്ഷയരോഗം- Bovine TB- മറ്റൊരു ഭീഷണിയാണ്. ആകെ ക്ഷയരോഗികളുടെ 10 ശതമാനം ഇത്തരം രോഗമാണെന്ന് അനുമാനിക്കുന്നു. കന്നുകാലികളാണ് പ്രധാന രോഗവാഹകർ. നായ്ക്കൾ, പന്നികൾ തുടങ്ങിയ സസ്തനികളിലും രോഗം കാണാറുണ്ട്. വയനാട്ടിലെ മുത്തങ്ങ കാടുകളിലെ ആനകളിൽ 2019-ൽ ക്ഷയരോഗം കണ്ടെത്തിയിരുന്നു. ചരിഞ്ഞ മൂന്ന് കാട്ടാനകളുടെ പോസ്റ്റുമോർട്ടത്തിലാണ് രോഗം സ്ഥിരീകരിച്ചത്.

ജെ. ചിഞ്ചുറാണി

2022ൽ തിരുവനന്തപുരം മൃഗശാലയിൽ ക്ഷയരോഗം ബാധിച്ച് 64 മൃഗങ്ങൾ മരിച്ചതായി മൃഗസംരക്ഷണവകുപ്പുമന്ത്രി ജെ. ചിഞ്ചുറാണി നിയമസഭയിൽ പറഞ്ഞിരുന്നു. ഇതിൽ 37 എണ്ണം കൃഷ്ണമൃഗങ്ങളാണ്. മൃഗശാലാ ജീവനക്കാരിൽ ആർക്കും രോഗം ബാധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. നിലവിലുള്ള പരിശോധനകൾ മൈക്കോബാക്ടീരിയം ബോവിസ് ആണോ രോഗകാരണമെന്ന് തിരിച്ചറിയാൻ പര്യാപ്തമല്ല എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. സാധാരണ കഫം പരിശോധനയിലൂടെ ഏതിനം ടി.ബിയാണ് എന്ന് അറിയാനാകില്ല.

ട്യൂബർകുലിൻ സ്‌കിൻ ടെസ്റ്റ്, കൾചർ പരിശോധന എന്നിവയാണ് മൃഗങ്ങളിലെ രോഗം കണ്ടെത്താനുള്ള മാർഗങ്ങൾ. പരിശോധനാഫലത്തിന് എട്ടാഴ്ചയെടുക്കുമെന്നതിനാൽ കന്നുകാലികളിൽ പതിവായി പരിശോധന നടത്തുന്നത് പ്രായോഗികമല്ല. അതുകൊണ്ട്, പൊതുജനാരോഗ്യവിദഗ്ധരും മൃഗസംരക്ഷണ വകുപ്പും അനുബന്ധ ആരോഗ്യസംവിധാനങ്ങളും ഒത്തുചേർന്നുള്ള ഏകാരോഗ്യം എന്ന ലക്ഷ്യത്തിലൂന്നിയുള്ള പരിപാടി അനിവാര്യമാണെന്ന് വിദഗ്ധർ പറയുന്നു.

മരുന്നുക്ഷാമമുണ്ടോ?

മരുന്നുകൾക്കെതിരെ പ്രതിരോധശേഷി വികസിപ്പിച്ചെടുത്ത രോഗാണുക്കളെ ചെറുക്കാൻ പര്യാപ്തമായ ബെഡാക്വിലിൻ, ഡെലാമാനിഡ് എന്നീ മരുന്നുകൾ വികസിപ്പിച്ചെടുത്തിരുന്നു. ബൽജിയത്തിലെ ജാൻസൻ കമ്പനി വികസിപ്പിച്ചെടുത്ത ബെഡാക്വിലിൻ അമേരിക്കയിലെ ജോൺസൺ ആൻഡ് ജോൺസൺ കമ്പനി വിലയ്‌ക്കെടുത്തു. ഇത് വൻ വിലയ്ക്കായിരുന്നു വിറ്റിരുന്നത്. ശക്തമായ സമ്മർദങ്ങളെതുടർന്ന് ജോൺസൺ ആന്റ് ജോൺസൺ കമ്പനി 134 താഴ്ന്ന- ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ ബെഡാക്വിലിനുള്ള പേറ്റന്റ് ഒഴിവാക്കിയതോടെ ഇന്ത്യയിലടക്കം ഈ മരുന്ന് തദ്ദേശീയമായി നിർമിക്കാനുള്ള സാഹചര്യമൊരുങ്ങിയിട്ടുണ്ട്. പേറ്റന്റ് ഇല്ലാതായാൽ ഏത് മരുന്നുകമ്പനിക്കും ഇത് നിർമിക്കാം. അതുവഴി മരുന്നിന്റെ വില ഗണ്യമായി കുറയും. ഡെൽറ്റിബ എന്ന ബ്രാൻഡ് നാമത്തിൽ ജപ്പാൻ കമ്പനിയായ ഒറ്റ്‌സുക്കാ 2014- ൽ മാർക്കറ്റ് ചെയ്ത് തുടങ്ങിയ ഡെലമാനിഡ് എന്ന മരുന്നും വിപണിയിലുണ്ട്.

‘‘ടി.ബി മരുന്നുകളിൽ കാലങ്ങളായി വലിയ മാറ്റങ്ങളുണ്ടായിട്ടില്ല. ഡ്രഗ് റസിസ്റ്റന്റ് ടി.ബിയുടെ മരുന്നുകളായ ബെഡാക്വിലിൻ, ഡെലമാനിഡ് എന്നിവയ്ക്ക് ഒരു രൂപ പോലും രോഗികൾ ചെലവാക്കേണ്ടതില്ല. ഡ്രഗ് റസിസ്റ്റന്റ് ടി.ബി രോഗികൾ ആശുപത്രിയിൽ പോയി വരുന്നതിന്റെ ചെലവു പോലും തിരിച്ചുകൊടുക്കാനും സംവിധാനമുണ്ട്’’, ഡോ. അപർണ മോഹൻ പറഞ്ഞു.

ക്ഷയരോഗത്തിനുള്ള ചില മരുന്നുകൾ കഴിഞ്ഞ ജൂൺ മുതൽ ഔട്ട് ഓഫ് സ്‌റ്റോക്കാണ് എന്ന് 113 സിവിൽ സൊസൈറ്റി സംഘടനകളും ആരോഗ്യമേഖലയിലെ 776 വ്യക്തികളും ചേർന്ന് ഈയിടെ പ്രധാനമന്ത്രിക്കും ആരോഗ്യമന്ത്രിക്കും അയച്ച കത്തിൽ പറയുന്നു.

Rifampicin, Isoniazid എന്നീ മരുന്നുകൾ സംസ്ഥാനങ്ങളിൽ ആവശ്യത്തിന് ലഭിക്കുന്നില്ലെന്ന് ഈയിടെ റിപ്പോർട്ടുണ്ടായിരുന്നു. linezolid, cycloserine എന്നീ മരുന്നുകളുടെ സ്‌റ്റോക്കിലും കേരളത്തിലടക്കം ക്ഷാമമുണ്ടെന്ന റിപ്പോർട്ടുമുണ്ടായിരുന്നു. എന്നാൽ, ഇവ കേന്ദ്ര ആരോഗ്യമന്ത്രാലയം നിഷേധിക്കുകയാണ്. ഈ വർഷം ജൂൺ മുതൽ Multidrug-resistant TB (MDR TB) - ക്കുള്ള മൂന്ന് പ്രധാന മരുന്നുകളായ linezolid, Clofazimine, Cycloserine എന്നിവയുടെ ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്നാണ് കേന്ദ്രം പറയുന്നത്. കേന്ദ്ര ടി.ബി ഡിവിഷൻ സംസ്ഥാനങ്ങൾക്ക് മൂന്നു മാസത്തെ ബഫർ സ്‌റ്റോക്ക് നൽകിയതായും ആരോഗ്യമന്ത്രാലയം പറയുന്നു. മരുന്നുക്ഷാമം കൂടാതെ, സിബിനാറ്റ് (Cartridge Based Nucleic Acid Amplification Test- CBNAAT) പരിശോധനക്കുള്ള കാർട്രിഡ്ജുകളുടെ ക്ഷാമവും രൂക്ഷമാണെന്നാണ് റിപ്പോർട്ടുകൾ.

ആദ്യ രണ്ടുമാസത്തേക്ക് ഐസോണിയസിഡ്, റിഫാംപിസിൻ, പിരാസിനാമൈഡ്, എതാംബുട്ടോൾ എന്നിവ അടങ്ങിയ ഹ്രസ്വ കോഴ്സ് ചികിത്സയാണ് സജീവമായ ടി.ബിയുടെ മെഡിക്കൽ സ്റ്റാൻഡേർഡ്. പ്രാരംഭ കാലയളവിൽ, പെരിഫറൽ ന്യൂറോപ്പതി ഒഴിവാക്കാൻ പിറിഡോക്‌സൽ ഫോസ്‌ഫേറ്റിനൊപ്പം ഐസോണിയസിഡ് എടുക്കുന്നു. ബാക്കി നാല് മാസത്തെ ചികിത്സക്ക് ഐസോണിയസിഡ് റിഫാംപിസിനുമായി എടുക്കുന്നു. ആറുമാസത്തിനുശേഷം പരിശോധനക്കുശേഷം രോഗമുക്തരായി സ്ഥിരീകരിക്കുന്നു. ഇതിൽ ആദ്യ രണ്ടു മാസം കഴിക്കുന്ന ഫസ്റ്റ് ലൈൻ മരുന്നുകൾ മാസങ്ങളോളം കിട്ടാത്ത അവസ്ഥയുണ്ടെന്നാണ് പരാതി. Moxifloxacin (Lfx), Cycloserine (Cs), Linezolid, Clofazamine, Pyridoxine, Delamanid എന്നിവ കഴിഞ്ഞ ജൂൺ മുതൽ ഔട്ട് ഓഫ് സ്‌റ്റോക്കാണ് എന്ന് 113 സിവിൽ സൊസൈറ്റി സംഘടനകളും ആരോഗ്യമേഖലയിലെ 776 വ്യക്തികളും ചേർന്ന് ഈയിടെ പ്രധാനമന്ത്രിക്കും ആരോഗ്യമന്ത്രിക്കും അയച്ച കത്തിൽ പറയുന്നു. മാത്രമല്ല, മരുന്നുകൾ ഫലിക്കാത്തവർക്കായുള്ള BPaL/M ചികിത്സ ഫലപ്രദമായി നടപ്പാക്കുന്നതിൽ ഇന്ത്യ പുറകിലാണ് എന്നും കത്തിൽ പറയുന്നു.

കേരളത്തിലും കേന്ദ്രത്തിൽനിന്ന് മരുന്നു ലഭിക്കുന്നതിൽ കാലതാമസമുണ്ടായതായി ഡോ. അപർണ മോഹൻ പറഞ്ഞു: ‘‘ടി.ബി മരുന്നും പരിശോധനാ കിറ്റുകളും കേന്ദ്ര സർക്കാറാണ് തരുന്നത്. കഴിഞ്ഞ ഒന്നര വർഷമായി ചില മരുന്നുകളും ടെസ്റ്റിന്റെ സാധനങ്ങളും ലഭിക്കുന്നതിൽ കാലതാമസമുണ്ടായി. ഭാഗ്യവശാൽ കേരളത്തിന് ചികിത്സ ബ്രേക്ക് ചെയ്യേണ്ടിവന്നിട്ടില്ല. ഫാർമസികളിൽനിന്ന് ജില്ലാ ടി.ബി ഓഫീസർമാർ മരുന്നു വാങ്ങി നൽകുന്നുണ്ട്. എന്നാൽ, പ്രതിരോധ ചികിത്സ രണ്ടു മാസമായി തുടങ്ങാനായിട്ടില്ല. അതിനുള്ള മരുന്ന് ഈയാഴ്ച വരികയേയുള്ളൂ. ഈ മരുന്ന് പെട്ടെന്ന് കിട്ടുന്നതല്ല. KMSCL ടെണ്ടറിന് കൊടുത്തു, അത് ഒരുവഴിക്ക് നടക്കുന്നുണ്ട്. അടിയന്തര സാഹചര്യം മനസ്സിലാക്കി പ്രത്യേകാനുമതിയോടെ അഡീഷനൽ ഫണ്ട് ലഭ്യമാക്കി കമ്പനിയിൽനിന്ന് നേരിട്ടുവാങ്ങാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അത് അടുത്തയാഴ്ച വരും.’’

കോവിഡും നിപയും
കേരളം നേരിട്ടു, ക്ഷയമോ?

കോവിഡ് കാലം ​ആരോഗ്യമേഖലയിലുണ്ടാക്കിയ തിരിച്ചറിവുകൾ അതിപ്രധാനമായിരുന്നു. സാമൂഹികാരോഗ്യസിദ്ധാന്തങ്ങളെക്കുറിച്ചുള്ള തിരിച്ചറിവുകളാണ് ഇതിൽ പ്രധാനം. ആരോഗ്യത്തിന്റെ സാമൂഹിക-സാമ്പത്തിക-പാരിസ്ഥിതിക ഘടകങ്ങൾ മുൻനിർത്തിയുള്ള ഇടപെടലുകൾ ഇന്ന് കൂടുതലായി നടക്കുന്നുണ്ട്. കോവിഡിനെപ്പോലുള്ള പകർച്ചവ്യാധികൾ ഏറെയും ബാധിച്ചത് സമൂഹത്തിലെ അവശ വിഭാഗങ്ങളെയായിരുന്നു. സാർവ്വത്രിക ആരോഗ്യപരിരക്ഷ ഉറപ്പാക്കാനും പൊതുജനാരോഗ്യസംവിധാനം ശക്തിപ്പെടുത്താനുമുള്ള വലിയ പാഠം കൂടിയാണ് കോവിഡ് നമുക്ക് നൽകിയത്. മനുഷ്യരുടെ അതിജീവനത്തിനുവേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക എന്നതും ആരോഗ്യസുരക്ഷയുടെ ഭാഗമായി വരുന്നു.

കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തെ സംബന്ധിച്ചും നിർണായക സന്ദർഭമായിരുന്നു കോവിഡ് കാലം. സർക്കാർ സംവിധാനങ്ങളും ആരോഗ്യ​പ്രവർത്തകരും പൊതുജനങ്ങളും മാതൃകാപരമായ ഒത്തിണക്കത്തോടെയാണ് മഹാമാരിയെ നേരിട്ടത്. ഈയടുത്ത്, നാലാം തവണയും കോഴിക്കോട്ട് നിപ കണ്ടെത്തിയ​പ്പോഴും വലിയ മെഡിക്കൽ- സാമൂഹിക ശ്രദ്ധയും മീഡിയ പരിഗണനയും ലഭിച്ചു. അതേതുടർന്ന് രോഗം അതിവേഗം നിയന്ത്രിക്കാനുമായി. ഇതിനുസമാനമായ ശ്രദ്ധ ആവശ്യമായ രോഗമാണ് ക്ഷയവും, പ്രത്യേകിച്ച് ക്ഷയരോഗം മൂലമുള്ള മരണനിരക്ക് പരിഗണിക്കുമ്പോൾ. ഒരു വർഷം 2000-ഓളം പേരുടെ ജീവനെടുക്കുന്ന ഒരു രോഗത്തിന് ലഭിക്കേണ്ട ശ്രദ്ധ ക്ഷയരോഗത്തിന് കേരളം നൽകുന്നില്ല എന്നത് കുറ്റകരമായ അനാസ്ഥയാണ്. ക്ഷയരോഗം മൂലം ഒരു വർഷം ഇത്രയും പേർ കേരളത്തിൽ മരിക്കുന്നുണ്ട് എന്ന കാര്യം പോലും സമൂഹത്തിന്റെയോ മാധ്യമങ്ങളുടെയോ ശ്രദ്ധയിലില്ല എന്നത്, ഈ രോഗത്തോടുള്ള അവഗണനയുടെ രൂക്ഷത വെളിവാക്കുന്നു. അതുതന്നെയാണ്, ക്ഷയരോഗത്തെ സംബന്ധിച്ച കേരളത്തിലെ വലിയ വെല്ലുവിളിയും.

Comments