ഡോ. ബി. ഇക്​ബാൽ

ചൈനയിലെ ‘കോവിഡ്​ സംഘർഷം’

ശാസ്ത്രീയ സമീപനവും ഭരണകൂട നിലപാടും തമ്മിലെ വൈരുദ്ധ്യങ്ങൾ

‘സീറോ’ പദവി കൈവരിക്കാൻ കഴിയാത്ത രോഗമാണ് കോവിഡ് എന്ന പ്രാഥമിക ശാസ്​ത്രീയതത്വം നിരാകരിച്ചുകൊണ്ടുള്ള നയങ്ങളാണ് ചൈനീസ് അധികൃതർ പിന്തുടർന്നത്. വാക്‌സിൻ ലഭ്യമല്ലാതിരുന്ന കാലത്തെ വ്യാപകമായ ലോക്ക്​ഡൗൺ, ടെസ്റ്റിംഗ് തുടങ്ങിയ നടപടികൾക്ക് ഈ ഘട്ടത്തിൽ യാതൊരു പ്രസക്തിയുമില്ലായിരുന്നു. ചൈനീസ് വാക്‌സിന്റെ ഫലസിദ്ധിയെക്കുറിച്ചും സംശയങ്ങൾ ഉയർത്തപ്പെട്ടിട്ടുണ്ട്.

കെ. കണ്ണൻ: മൂന്നുവർഷം മുമ്പ് കോവിഡ് അതിന്റെ സംഹാരാത്മകമായ സഞ്ചാരം തുടങ്ങിയ ചൈന, ഇപ്പോൾ രോഗവ്യാപനത്തിന്റെയും പ്രതിരോധ സംവിധാനങ്ങളോടുള്ള സാമൂഹിക പ്രതികരണത്തിന്റെയും കാര്യത്തിൽ നിർണായക ഘട്ടത്തിലാണ് എന്ന് വാർത്തകൾ സൂചിപ്പിക്കുന്നു. എന്തുകൊണ്ടാണ് അവിടെ കോവിഡ് നിരക്ക് കുത്തനെ ഉയർന്നത്​? ചൈനിസ് സർക്കാറിന്റെ ‘സീറോ കോവിഡ് നയ'ത്തിന് ശാസ്ത്രീയ തകരാറുകളുണ്ടായിരുന്നുവോ? എന്തുകൊണ്ടാണ്, ഈ നയം വൻതോതിലുള്ള പൊതുജനരോഷത്തിന് കാരണമായത്?

ഡോ. ബി. ഇക്ബാൽ: മഹാമാരികളുടെ ചരിത്രം പരിശോധിക്കുമ്പോൾ ശാസ്ത്രീയസമീപനവും ഭരണകൂട നിലപാടുകളും തമ്മിൽ വൈരുദ്ധ്യങ്ങൾ ഉണ്ടായതിന്റെ നിരവധി അനുഭവങ്ങൾ ചൂണ്ടിക്കാണിക്കാനാവും. അതിന്റെ മറ്റൊരു ഉദാഹാരണമാണ് ചൈനയിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ എയ്ഡ്‌സ് വൻതോതിൽ വ്യാപിച്ചിരുന്ന കാലത്ത് പ്രസിഡണ്ട് തംബോ എംബക്കി, എയ്ഡ്‌സ്, വൈറസ് മൂലം പകരുന്ന രോഗമാണെന്ന ശാസ്​ത്രീയസത്യം തള്ളിക്കളയുകയാണുണ്ടായത്. എയ്ഡ്‌സ് വംശീയവാദികൾ പ്രചരിപ്പിക്കുന്ന വെറുമൊരു യൂറോകേന്ദ്രീകൃത കെട്ടുകഥ മാത്രമാണെന്നാണ് എംബക്കി വാദിച്ചത്. രാജ്യത്ത് ഒരാൾ പോലും എയ്ഡ്‌സ് വന്ന് മരിച്ചിട്ടില്ലെന്നുപറഞ്ഞ്, മരണകാരണമായി എയ്ഡ്‌സ് രേഖപ്പെടുത്താൻ പാടില്ലെന്ന് എംബക്കി ഉത്തരവ് പുറപ്പെടുവിച്ചു. എയ്ഡ്‌സ് രോഗികളെ സർക്കാർആശുപത്രികളിൽ അഡ്മിറ്റ് ചെയ്യാൻ പാടില്ലെന്ന് നിർബന്ധിച്ച എംബക്കി അതിന് വിസമ്മതിക്കുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. എംബക്കിയുടെ നിഷേധാത്മക സമീപനമൂലം കുറഞ്ഞത് അഞ്ചുലക്ഷം പേരെങ്കിലും എയ്ഡ്‌സ് മൂലം മരിച്ചിരിക്കാമെന്ന് കണക്കാക്കുന്നു.

കോവിഡ് കാലത്ത് ആദ്യഘട്ടത്തിൽ അന്നത്തെ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും സമാന അഭിപ്രായങ്ങളാണ് പ്രകടിപ്പിച്ചത്. തന്റെ ശാസ്‌ത്രോപദേശകരുടെ നിർദ്ദേശങ്ങൾ തള്ളിക്കളഞ്ഞ് കോവിഡിനെ ചൈനീസ് സൃഷ്ടിയെന്നുപറഞ്ഞ്​ ലഘൂകരിച്ച് കാണുകയുകയും പൊതുപരിപാടികളിൽ മാസ്‌ക് ധരിക്കാതെ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഏറ്റവുമധികം രോഗവ്യാപനവും മരണവും നടന്ന രാജ്യമായി, വൈദ്യമേഖല ഏറ്റവുമധികം വികാസം പ്രാപിച്ച, അമേരിക്ക മാറി.

ഡോണൾഡ് ട്രംപ്. തന്റെ ശാസ്‌ത്രോപദേശകരുടെ നിർദ്ദേശങ്ങൾ തള്ളിക്കളഞ്ഞ് കോവിഡിനെ ചൈനീസ് സൃഷ്ടിയെന്നുപറഞ്ഞ്​ ലഘൂകരിച്ച് കാണുകയാണ്​ ട്രംപ്​ ചെയ്​തത്​.

ചൈനയിൽ നിന്ന്​ സമീപകാലത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് വാർത്തകളും ഏതാണ്ടിതേ പാതയിലൂടെ ഭരണാധികാരികൾ സഞ്ചരിക്കുന്നതിന്റെ ഉദാഹരണങ്ങളിൽ അവസാനത്തേതായി കരുതേണ്ടിയിരിക്കുന്നു. യാതൊരു ശാസ്​ത്രീയാടിത്തറയുമില്ലാത്ത ‘സീറോ കോവിഡ്’ എന്ന ലക്ഷ്യം മുന്നോട്ടുവച്ച് ചൈനയിലെ ജനങ്ങളെ ദുരിതത്തിലാഴ്​ത്തുകയും നിരവധി നഗരങ്ങൾ ലോക്ക് ഡൗണിനു വിധേയമാക്കുകയും നിർബന്ധിത ടെസ്റ്റിംഗ് നടത്തിയതുമാണ് പ്രശ്‌നം വഷളാക്കിയത്. പ്രാദേശിക രോഗമായി (Endemic Disease) മാറിക്കഴിഞ്ഞ കോവിഡിന്റെ ഈ ഘട്ടത്തിൽ വാക്‌സിനേഷൻ ത്വരിതഗതിയിലാക്കുകയും മാസ്‌ക് ധാരണവും മറ്റു പെരുമാറ്റചട്ടങ്ങളും പ്രോത്സാഹിപ്പിക്കുകയുമായിരുന്നു ഭരണകർത്താക്കൾ ചെയ്യേണ്ടിയിരുന്നത്. അതിനു ശ്രമിക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കി ലോക്ക് ഡൗൺ വ്യാപകമായി നടപ്പിലാക്കിയതാണ് രോഗവ്യാപനത്തിന്​ കാരണമായത്.

കോവിഡ് മൂലം കേരളത്തിലെ രോഗാതുരത ഇനിയും വർധിക്കാൻ സാധ്യതയുണ്ട്. പ്രമേഹം പോലെ ഇപ്പോൾ തന്നെ കൂടുതലായി കാണപ്പെടുന്ന രോഗങ്ങൾക്ക് കോവിഡാനന്തരം ചിലരെങ്കിലും വിധേയരാവാൻ സാധ്യതയുണ്ട്.

മനുഷ്യർ സ്ഥിരാതിഥേയരായ (Definitive Host) രോഗാണുക്കളെ മാത്രമേ നമുക്ക് വാക്‌സിനേഷനിലൂടെ പൂർണമായും നിർമാർജ്ജനം ചെയ്യാൻ കഴിയൂ. വസൂരി, പോളിയോ എന്നീ വൈറസുകൾ മാത്രമാണ് ഈ വിഭാഗത്തിൽ പെടുന്നത്. അതുകൊണ്ടാണ്​ വസൂരിരോഗം 1980 കളിൽ നിർമാർജ്ജനം (Zero Pox) ചെയ്യപ്പെട്ടത്. ഇപ്പോൾ പോളിയോ അഫ്ഗാനിസ്​താന്റെ ചില ഭാഗങ്ങളിൽ നിന്നൊഴികെ നിർമാജ്ജനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം രോഗങ്ങൾ പോലെ ‘സീറോ’ പദവി കൈവരിക്കാൻ കഴിയാത്ത രോഗമാണ് കോവിഡ് എന്ന പ്രാഥമിക ശാസ്​ത്രീയതത്വം നിരാകരിച്ചുകൊണ്ടുള്ള നയങ്ങളാണ് ചൈനീസ് അധികൃതർ പിന്തുടർന്നത്. അതുപോലെ വാക്‌സിൻ ലഭ്യമല്ലാതിരുന്ന കാലത്തെ വ്യാപകമായ ലോക്ക്​ഡൗൺ, ടെസ്റ്റിംഗ് തുടങ്ങിയ നടപടികൾക്ക് ഈ ഘട്ടത്തിൽ യാതൊരു പ്രസക്തിയുമില്ലായിരുന്നു. വാക്‌സിനേഷൻ പ്രോത്സാഹിപ്പിക്കാതെ ലോക്ക്​ഡൗണിലും നിർബന്ധിത ടെസ്റ്റിംഗിലുമാണ് ചൈനീസ് ഭരണാധികാരികൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രായാധിക്യമുള്ളവർക്കുപോലും ചൈനയിൽ വേണ്ടത്ര വാക്‌സിനേഷൻ നൽകിയിരുന്നില്ല. ഡിസംബർ ആദ്യം ലഭിച്ച വിവരമനുസരിച്ച് 60 വയസ്സിന് മുകളിലുള്ള 250 ദശലക്ഷം പേരിൽ 68 ശതമാനം പേർക്കും 30 ദശലക്ഷം വരുന്ന 80 വയസ്സിനുമുകളിലുള്ളവരിൽ 40 ശതമാനം പേർക്കും മാത്രമാണ് മൂന്ന് ഡോഡ് വാക്‌സിനേഷനും ലഭിച്ചത്. ചൈനീസ് വാക്‌സിന്റെ ഫലസിദ്ധിയെക്കുറിച്ചും സംശയങ്ങൾ ഉയർത്തപ്പെട്ടിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയിൽ പ്രസിഡണ്ട് തംബോ എംബക്കിയുടെ നിഷേധാത്മക സമീപനമൂലം കുറഞ്ഞത് അഞ്ചുലക്ഷം പേരെങ്കിലും എയ്ഡ്‌സ് മൂലം മരിച്ചിരിക്കാമെന്ന് കണക്കാക്കുന്നു.

ചൈനയുടെ അനുഭവത്തിൽനിന്ന്​ ഇന്ത്യക്ക്​ എന്തു പാഠമാണ്​ പഠിക്കാനുള്ളത്​?

ഇന്ത്യ ശരിയായ പാതയിലൂടെയാണ് ഇപ്പോൾ നീങ്ങുന്നത്. വാക്‌സിനേഷൻ കവറേജിന്റെ കാര്യത്തിൽ ഇന്ത്യ വളരെ മുന്നിലാണ്. ആദ്യഘട്ടത്തിൽ പൊടുന്നനവേ രാജ്യവ്യാപകമായി ലോക്ക്​ഡൗൺ പ്രഖ്യാപിച്ച്​, പ്രത്യേകിച്ച് വിവിധ സംസ്ഥാനങ്ങളിൽ ജോലിനോക്കുന്ന അന്തർ സംസ്ഥാന തൊഴിലാളികളെ കഷ്ടപ്പെടുത്തിയതാണ് ഇന്ത്യൻ സർക്കാർ ചെയ്ത ഏറ്റവും വലിയ തെറ്റ്.

ചൈനയിലെ കണക്ക് നോക്കിയാൽ, ഡിസംബർ 11ന്​ പുതുതായി രോഗബാധ കണ്ടെത്തിയത് 8838 പേരിലാണ്. ഇവരിൽ 2240 പേർക്കുമാത്രയാണ് രോഗലക്ഷണങ്ങളുണ്ടായിരുന്നത് എന്നാണ് റിപ്പോർട്ട്., ബാക്കി 6598 പേർക്കും ലക്ഷണങ്ങളുണ്ടായിരുന്നില്ല. ലക്ഷണം ഇല്ലാതിരിക്കുന്നത്, കോവിഡിന്റെ പുതിയ സ്വഭാവ സവിശേഷതയാണോ?

ആദ്യം മുതൽ തന്നെ ഏതാണ്ട് നാല്പത് ശതമാനം വരെ രോഗബാധിതർ രോഗലക്ഷണം കാട്ടിയിരുന്നില്ല. ഇക്കാര്യം അപ്പോൾ തന്നെ വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്. പുതിയ വകഭേദങ്ങളുടെ (ഡൽറ്റ, ഒമിക്രോൺ) വ്യാപന നിരക്ക് കൂടുതലാണെങ്കിലും രോഗതീവ്രത കുറവാണ്.

ലോക്ക്​ഡൗണിൽ, വിവിധ സംസ്ഥാനങ്ങളിൽ ജോലിനോക്കുന്ന അന്തർ സംസ്ഥാന തൊഴിലാളികളെ കഷ്ടപ്പെടുത്തിയതാണ് ഇന്ത്യൻ സർക്കാർ ചെയ്ത ഏറ്റവും വലിയ തെറ്റ്. / Photo : ruralindiaonline.org

കോവിഡ് വ്യാപനം പ്രതിരോധിക്കാൻ നാം കഴിഞ്ഞ ഘട്ടങ്ങളിൽ സ്വീകരിച്ച മാർഗങ്ങൾ- ലോക്ക്ഡൗൺ അടക്കമുള്ളവ - പുതിയ വ്യാപന സാഹചര്യങ്ങളിൽ അതേപടി പിന്തുടരാൻ കഴിയില്ല എന്നാണല്ലോ ചൈനയിലെ ജനങ്ങളുടെ പ്രതികരണം തെളിയിക്കുന്നത്. അതുകൊണ്ട്, കോവിഡിനുവേണ്ടി ഇനി സ്വീകരിക്കാവുന്ന, ശാസ്ത്രീയവും ജനകീയവുമായ, പ്രതിരോധമാർഗങ്ങളുടെ സ്വഭാവം എന്തായിരിക്കണം ?

കോവിഡ് ഒരു പ്രാദേശിക രോഗമായി (എൻഡമിക്ക് രോഗം) എച്ച് 1 എൻ 1 തുടങ്ങിയ മുൻകാല മഹാമാരികളെ പോലെ സമൂഹത്തിൽ നിലനിൽക്കും. വാക്‌സിൻ സ്വീകരിച്ചും അവശ്യമായ സന്ദർഭങ്ങളിലെങ്കിലും (ആൾക്കൂട്ട സന്ദർഭങ്ങൾ, അടഞ്ഞ ശീതീകരിച്ച മുറികൾ) മാസ്‌ക് ഉപയോഗിച്ചും രോഗം നിയന്ത്രിച്ച് നിർത്തുകയാണ് വേണ്ടത്. പ്രായാധിക്യമുള്ളവരും മറ്റ് അനുബന്ധരോഗങ്ങളുള്ളവരും കോവിഡ് പെരുമാറ്റചട്ടങ്ങൾ കർശനമായി പിന്തുടരണം. അധികം വൈകാതെ എല്ലാ വകഭേദങ്ങളെയും പ്രതിരോധിക്കാനാവുന്ന പുതിയ വാക്‌സിൻ ലഭ്യമാവുമെന്നാണ് കരുതപ്പെടുന്നത്.

കോവിഡിനെതിരെ ആഗോളതലത്തിൽ തന്നെ സ്വീകരിച്ച പൊതുജനാരോഗ്യനടപടികൾ മറ്റു രോഗങ്ങളുടെ വ്യാപനത്തെ എങ്ങനെയാണ് സ്വാധീനിച്ചത്? പ്രത്യേകിച്ച് ഇൻഫ്ളൂവൻസ, ന്യൂമോണിയ തുടങ്ങിയവയുടെ കാര്യത്തിൽ.

കോവിഡ് പെരുമാറ്റചട്ടങ്ങളിലൂടെ, പ്രത്യേകിച്ചും അവശ്യസാഹചര്യങ്ങളിൽ മാസ്‌ക് ഉപയോഗിക്കുന്നതുവഴി, വായുവിലൂടെ പകരുന്ന ഫ്ലൂ തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുമെന്ന ധാരണ പൊതുസമൂഹം സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. ഇനിയും ഏതുനിമിഷവും മറ്റൊരു മഹാമാരി പൊട്ടിപുറപ്പെടാമെന്ന ബോധവും ഉയർന്നുവന്നിട്ടുണ്ട്. പകർച്ചവ്യാധികളെ തടയുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള നിരീക്ഷണസംവിധാനങ്ങൾ (Infectious disease Monitoring and Surveillance system​) ശക്തിപ്പെടുത്തേണ്ടതാണെന്ന ജാഗ്രത ശക്തിപ്പെട്ടിട്ടൂണ്ട്.

ചില ദിനപ്പത്രങ്ങൾ പോലും വാക്‌സിൻ വിരുദ്ധ പ്രചാരണം നടത്തുന്നുണ്ട്. പിഞ്ചുകുട്ടികളുടെ ജീവനാണ് ഇതിലൂടെ നഷ്ടപ്പെടുന്നത്. ഇത്തരം സാമൂഹ്യവിരുദ്ധതയെ തുറന്നുകാട്ടുകയും വാക്‌സിനേഷന്റെ പ്രാധാന്യത്തെപ്പറ്റി ശക്തമായ ബോധവൽക്കരണം നടത്തുകയും ചെയ്യണം.

കേരളത്തിൽ സമീപകാലത്ത്, കുട്ടികളിലടക്കം വലിയ തോതിൽ പനി പടരുന്നുണ്ട്​. പലർക്കും കോവിഡിനേക്കാൾ രൂക്ഷമായ ചുമയും ശ്വാസതടവുമാണ് അനുഭവപ്പെട്ടത്. കോവിഡുമായി ഇതിന് ബന്ധമുണ്ടോ?

കോവിഡ് കാലത്ത് വിദ്യാലയങ്ങളും മറ്റും അടച്ചിട്ടിരുന്നതിനാൽ കുട്ടികൾ പതിവായി സ്‌കൂൾ തുറക്കുന്ന അവസരത്തിലും മഴക്കാലത്തും മറ്റും സ്ഥിരമായി ഉണ്ടായിക്കൊണ്ടിരുന്ന പകർച്ചപ്പനിയിൽ നിന്നും മറ്റും മുക്തരായിരുന്നു. കുട്ടികളുടെ ശരീരത്തിലെ രോഗപ്രതിരോധവ്യവസ്ഥ വേണ്ടത്ര പ്രവർത്തിക്കേണ്ടിവന്നിരുന്നില്ല. ഈ സ്ഥിതിവിശേഷത്തെ രോഗപ്രതിരോധകടം (Immune Debt) എന്ന് വിളിക്കാറുണ്ട്. സ്വാഭാവികമായും രോഗപ്രതിരോധവ്യവസ്ഥ വേണ്ടത്ര സജ്ജമല്ലാതിരുന്നതിനാൽ സ്‌കൂൾ തുറന്നതോടെ പകർച്ചപ്പനിയും മറ്റും വ്യാപിച്ചു. ഇതിൽ അമിതമായി ഭയപ്പെടേണ്ടതില്ല. കുട്ടികളും മാസ്‌ക് അവശ്യാനുസരണം ഉപയോഗിക്കുകയും ശുചിത്വം പാലിക്കുകയും കോവിഡ് കാലത്ത് വിട്ടുപോയ വാക്‌സിൻ സ്വീകരിക്കയും ചെയ്താൽ ഇത്തരം പനിയും മറ്റും നിയന്ത്രിക്കാനാവും.

അതുപോലെ, മലപ്പുറം ജില്ലയിൽ വ്യാപകമായി അഞ്ചാം പനി പടരുന്നതായി റിപ്പോർട്ടുണ്ട്. ഇതിന് പ്രത്യേകമായ കാരണമുണ്ടോ?

വാക്‌സിനെതിരെ വലിയതോതിൽ പ്രചാരണം നടക്കുന്നതിന്റെ ഫലമായാണ് ഇങ്ങനെ സംഭവിക്കുന്നത്. ഡിഫ്തീരിയ മൂലമുള്ള മരണം പോലും നേരത്തേ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ചില ദിനപ്പത്രങ്ങൾ പോലും വാക്‌സിൻ വിരുദ്ധ പ്രചാരണം നടത്തുന്നുണ്ട്. പിഞ്ചുകുട്ടികളുടെ ജീവനാണ് ഇതിലൂടെ നഷ്ടപ്പെടുന്നത്. ഇത്തരം സാമൂഹ്യവിരുദ്ധതയെ തുറന്നുകാട്ടുകയും വാക്‌സിനേഷന്റെ പ്രാധാന്യത്തെപ്പറ്റി ശക്തമായ ബോധവൽക്കരണം നടത്തുകയും ചെയ്യണം.

കോവിഡ് പെരുമാറ്റചട്ടങ്ങളിലൂടെ, പ്രത്യേകിച്ചും അവശ്യസാഹചര്യങ്ങളിൽ മാസ്‌ക് ഉപയോഗിക്കുന്നതുവഴി, വായുവിലൂടെ പകരുന്ന ഫ്ലൂ തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുമെന്ന ധാരണ പൊതുസമൂഹം സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. Photo : UNICEF

കേരളം രോഗാതുരത കൂടുതലുള്ള സംസ്ഥാനമാണല്ലോ. കോവിഡ് വ്യാപനം, കേരളത്തിന്റെ വർധിച്ച രോഗാതുരതയെ എങ്ങനെയാണ് ബാധിച്ചത്?

കോവിഡ് പോലുള്ള പകർച്ചവ്യാധികൾ പ്രമേഹം തുടങ്ങിയ പകർച്ചേതര രോഗങ്ങളെ കൂടുതൽ രൂക്ഷമാക്കും. അതുപോലെ കോവിഡുമൂലം അപകടസാധ്യതയുള്ളവർ പകർച്ചേതര രോഗങ്ങൾ ഉള്ളവരുമാണ്. കേരളത്തിൽ കോവിഡ് കാലത്ത് പ്രായാധിക്യമുള്ളവർ റിവേഴ്സ് ക്വാറന്റൈൻ പാലിച്ചതുകൊണ്ടും വാക്‌സിൻ സ്വീകരിക്കാൻ തയ്യാറായതുകൊണ്ടും കോവിഡ് മൂലമുള്ള രോഗാതുരത കുറക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ കോവിഡ് ബാധിച്ചവരെ പിന്നീട് ‘പോസ്റ്റ് കോവിഡ് സിൻഡ്രോം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന രോഗങ്ങൾ ബാധിക്കാൻ സാധ്യതയുണ്ട്. ഇവരെ പരിചരിക്കാൻ പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്. എങ്കിലും കോവിഡ് മൂലം കേരളത്തിലെ രോഗാതുരത ഇനിയും വർധിക്കാൻ സാധ്യതയുണ്ട്. പ്രമേഹം പോലെ ഇപ്പോൾ തന്നെ കേരളത്തിൽ കൂടുതലായി കാണപ്പെടുന്ന രോഗങ്ങൾക്ക് കോവിഡാനന്തരം ചിലരെങ്കിലും വിധേയരാവാൻ (Covid induced diabetes) സാധ്യതയുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് കോവിഡാനന്തര രോഗനിരീക്ഷണം ഊർജ്ജിതപ്പെടുത്തേണ്ടതാണ്.

കുട്ടികളിൽ കുറഞ്ഞതോതിലാണെങ്കിലും കോവിഡാനന്തര രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഗൗരവമായ പരിഗണന അർഹിക്കുന്ന മേഖലയാണിത്. Photo : UNICEF

സെൻട്രൽ ജപ്പാനിലെ നഗോയ യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടേതായി ഒരു പഠനം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ കുട്ടികളുടെ പിൽക്കാല ശാരീരിക പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചുവെന്ന് അത് പറയുന്നു. മസിലുകളുടെ പ്രവർത്തനം, ശരീരം ബാലൻസ് ചെയ്യാനുള്ള ശേഷി, നടത്തത്തിന്റെ വേഗത തുടങ്ങിയ കായിക പ്രവർത്തനങ്ങളെയാണ് പ്രതികൂലമായി ബാധിച്ചത് എന്ന് ഈ പഠനം പറയുന്നു. പ്രത്യേക പ്രായവിഭാഗങ്ങളിൽ, പ്രത്യേകിച്ച് കുട്ടികളിലും പ്രായമുള്ളവരിലും സവിശേഷമായ എന്ത് ശാരീരിക പ്രത്യാഘാതങ്ങളാണ് കോവിഡ് നിയന്ത്രണങ്ങൾ മൂലം ഉണ്ടായിട്ടുള്ളത്?

കോവിഡാനന്തര രോഗങ്ങളെ സംബന്ധിച്ച്​ കൂടുതൽ പഠനങ്ങൾ നടന്ന് വരികയാണ്. എങ്കിലും പൊതുവിൽ പറഞ്ഞാൽ മുതിർന്ന പൗരരിലും മറ്റു രോഗങ്ങളുള്ളവരിലുമാണ് കൂടുതലായി പോസ്റ്റ് കോവിഡ് ആരോഗ്യപ്രശ്‌നങ്ങൾ കണ്ടുവരുന്നത്. കുട്ടികളിൽ കുറഞ്ഞതോതിലാണെങ്കിലും കോവിഡാനന്തര രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഗൗരവമായ പരിഗണന അർഹിക്കുന്ന മേഖലയാണിത്. ഒരു പുതിയ വൈറസുണ്ടാക്കിയ പുതിയ രോഗമെന്ന നിലയിൽ കോവിഡിനെ ഇനിയും കൂടുതലായി പഠനവിധേയമാക്കേണ്ടതുണ്ട്.

രോഗപ്രതിരോധവ്യവസ്ഥ വേണ്ടത്ര സജ്ജമല്ലാതിരുന്നതിനാൽ സ്‌കൂൾ തുറന്നതോടെ പകർച്ചപ്പനിയും മറ്റും വ്യാപിച്ചു. ഇതിൽ അമിതമായി ഭയപ്പെടേണ്ടതില്ല. Photo : UNICEF

കോവിഡിന്റെ തീവ്രവ്യാപനത്തിനുശേഷം സംഭവിച്ചുകൊണ്ടിരിക്കുന്ന പലതരം പോളറൈസേഷനുകളെക്കുറിച്ച് ആഗോളതലത്തിൽ നിരവധി റിപ്പോർട്ടുകൾ വരുന്നുണ്ട്. അതിലൊന്ന്, കോവിഡ് വാക്സിൻ എടുക്കാത്തവർ വൻതോതിൽ മാറ്റിനിർത്തപ്പെടലിന്, എക്സ്‌ക്ലൂഷന്, വിധേയമാകുന്നു എന്നതാണ്. കോവിഡ് സമയത്ത് താങ്കൾ തന്നെ ഉന്നയിച്ചിട്ടുള്ള ‘വാക്സിൻ വംശീയത’ എന്ന പ്രശ്​നത്തിന്റെ കോവിഡാനന്തര സാമൂഹിക പ്രത്യാഘാതമായി ഇതിനെ വിലയിരുത്താം എന്നു തോന്നുന്നു. സാമൂഹികമായ ഇത്തരം പോളറൈസേഷനുകളെ ശാസ്ത്രീയമായി എങ്ങനെയാണ് നേരിടാനാകുക?

ഇത്തരം വിഭാഗീയ പ്രവണതകൾക്കെതിരെ വാക്‌സിൻ സാർവദേശീയത (Vaccine Internationalism) പ്രോത്സാഹിപ്പിക്കുന്ന നിരവധി സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്. ‘മഹാമാരികൾ: ​പ്ലേഗ്​ മുതൽ കോവിഡ്​ വരെ; ചരിത്രം ശാസ്​ത്രം അതിജീവനം’ എന്ന എന്റെ പുസ്തകത്തിൽ അത്തരം സ്വാഗതാർഹങ്ങളായ സംരംഭങ്ങളെ പറ്റി സൂചിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ വാക്‌സിൻ വംശീയതയും മറ്റും കെട്ടടങ്ങിയിട്ടൂണ്ട്. വാക്‌സിൻ വംശീയത തങ്ങൾക്കുതന്നെ അപകടകരമാവും എന്ന് വികസിതരാജ്യങ്ങൾക്ക് മനസ്സിലായിട്ടൂണ്ട്. സാർവദേശീയ ഐക്യദാർഢ്യത്തിലൂടെ (International Solidarity) മാത്രമേ ഇത്തരം രോഗങ്ങളെ നിയന്ത്രിക്കാൻ കഴിയൂ എന്ന കാഴ്​ചപ്പാട് മിക്ക രാജ്യങ്ങളും സ്വീകരിച്ചുകഴിഞ്ഞിട്ടുണ്ട്. മഹാമാരി സാധ്യതയുള്ള (Pandemic potential) ഒരു പകർച്ചവ്യാധി ഏതുരാജ്യത്തുണ്ടായാലും രണ്ടുമൂന്നു ദിവസങ്ങൾക്കകം ലോകമാകെ വ്യാപിക്കും എന്ന യാഥാർത്ഥ്യം എല്ലാവരും അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്. എങ്കിലും രാജ്യങ്ങൾ തമ്മിൽ നിലനിൽക്കുന്ന അസമത്വങ്ങളും മൂലധനതാതപര്യങ്ങളും വർധിച്ചുവരുന്ന തീവ്രദേശീയതയുമെല്ലാം, മറ്റൊരു മഹാമാരി വ്യാപിച്ചാൽ ഇനിയും കോവിഡ് കാലത്തുണ്ടായ സാമൂഹ്യഅസമത്വങ്ങളിലേക്ക് നയിക്കാൻ സാധ്യതയുണ്ട്. ഇക്കാര്യത്തിൽ ജനാധിപത്യ പുരോഗമന വീക്ഷണമുള്ള രാഷ്ട്രങ്ങളും സാമൂഹ്യപ്രസ്ഥാനങ്ങളും ജാഗ്രരൂകരാവേണ്ടതാണ്.

ഡെമോക്രാറ്റിക് പാർട്ടി അധികാരത്തിലെത്തിയതോടെ കൂടുതൽ ശാസ്​ത്രീയവും ജനകീയവുമായ നയമാണ് അമേരിക്കൻ സർക്കാർ കോവിഡിന്റെ കാര്യത്തിൽ പിന്തുടരുന്നത്.

ഈയിടെ താങ്കൾ യു.എസ്. സന്ദർശനം നടത്തിയിരുന്നുവല്ലോ. കോവിഡിനുശേഷം അമേരിക്കയിലെ പൊതുജനാരോഗ്യ മേഖലയിലുണ്ടായ മാറ്റങ്ങൾ​ ​ശ്രദ്ധിച്ചിരുന്നുവോ?

അമേരിക്കയിൽ കോവിഡ് നിയന്ത്രണവിധേയമായിത്തുടങ്ങിയിട്ടുണ്ട്. ട്രംപ്​ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയും ഡെമോക്രാറ്റിക് പാർട്ടി അധികാരത്തിലെത്തുകയും ചെയ്തതോടെ കൂടുതൽ ശാസ്​ത്രീയവും ജനകീയവുമായ നയമാണ് അമേരിക്കൻ സർക്കാർ കോവിഡിന്റെ കാര്യത്തിൽ പിന്തുടരുന്നത്. ഫൈസറിന്റെയും മറ്റും എം.ആർ.എൻ.എ വാക്‌സിൻ എല്ലാവർക്കും ഫാർമസികൾ വഴി സൗജന്യമായി നൽകുന്നുണ്ട്. ഇന്ത്യക്കാരനാണെങ്കിലും എനിക്കും സൗജന്യമായി എം.ആർ.എൻ.എ വാക്‌സിൻ ഒരു ഫാർമാസിയിൽ നിന്ന്​സ്വീകരിക്കാൻ കഴിഞ്ഞു. കോവിഡുമായി ബന്ധപ്പെട്ട് പ്രത്യേകിച്ച്, കോവിഡാനന്തര രോഗങ്ങളെക്കുറിച്ച് ധാരാളം ഗവേഷണങ്ങളും വിവിധ സർവകലാശാലകളിലും ആരോഗ്യകേന്ദ്രങ്ങളിലും നടന്നുവരുന്നു. ▮


കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

ഡോ. ബി. ഇക്ബാൽ

സംസ്​ഥാനത്ത്​ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന വിദഗ്​ധ സമിതി അധ്യക്ഷൻ, സംസ്​ഥാന പ്ലാനിങ്​ ബോർഡ്​ അംഗം, പബ്ലിക്​ ഹെൽത്ത്​ ആക്​റ്റിവിസ്​റ്റ്​. കേരള സർവകലാശാല മുൻ വി.സി. മഹാമാരികൾ- പ്ലേഗ്​ മുതൽ​ കോവിഡ്​ വരെ- ചരിത്രം ശാസ്​ത്രം അതിജീവനം, എഴുത്തിന്റെ വൈദ്യശാസ്ത്രവായന, ഇന്ത്യൻ ഔഷധ മേഖല: ഇന്നലെ ഇന്ന്, നിരോധിച്ച മരുന്നുകൾ, നിരോധിക്കേണ്ട മരുന്നുകൾ, ആഗോളവൽക്കരണകാലത്തെ ജനങ്ങളുടെ ആരോഗ്യം, കേരള ആരോഗ്യ മാതൃക: വിജയത്തിൽ നിന്ന് പ്രതിസന്ധികളിലേക്ക് തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments