ആയുർവേദവും മോഡേൺ മെഡിസിനും പൊതുജനാരോഗ്യ ബില്ലും

നിയമസഭയിൽ അവതരിപ്പിക്കാൻ പോകുന്ന ആരോഗ്യ ബില്ലിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആരോഗ്യവകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തിൽ, ആയുർവേദത്തിനെതിരായി സ്വീകരിച്ച നിലപാടിനെ എതിർക്കുകയാണ്​ ഡോ. പി.എം. മധു. എന്നാൽ, ഒറ്റക്ക് നിൽക്കാനാവില്ലെന്ന് സ്വയം തിരിച്ചറിഞ്ഞ ആയുർവേദക്കാർ പൊതുജനാരോഗ്യ ബിൽ നിർദ്ദേശങ്ങളിൽ സങ്കരചികിത്സയുടെ വിഷവിത്താണ് വിതക്കുന്നത് എന്ന മറുവാദമുയർത്തുകയാണ് ഐ.എം.എയുടെ പൊതുജനാരോഗ്യ ബോധവത്കരണ സമിതി ചെയർമാനായ ഡോ. എം. മുരളീധരൻ​

പ്രിയപ്പെട്ട ഐ.എം.എ,
ആയുർവേദത്തോട്​ ഇനിയും
എന്തിനാണ്​ കലഹം?
ഡോ. പി.എം. മധു

നിയമസഭയിൽ അവതരിപ്പിക്കാൻ പോകുന്ന ആരോഗ്യ ബില്ലിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആരോഗ്യവകുപ്പ് മന്ത്രിക്ക് ഒരു നിവേദനം നൽകിയിട്ടുണ്ട്​. ശാസ്ത്രാവബോധമുള്ള വൈദ്യം അലോപ്പതി മാത്രമാണെന്നും കേരളത്തിന്റെ ഇന്നത്തെ ഉയർന്ന ആരോഗ്യനിലവാരം അവരുണ്ടാക്കിയെടുത്തതാണെന്നും ആയുർവേദത്തെ ആരോഗ്യനയത്തിൽ ഉൾപ്പെടുത്തിയാൽ മഹാദുരന്തം സംഭവിക്കും എന്നുമാണ് നിവേദനത്തിൽ പറയുന്നത്.

പൊതുജനാരോഗ്യ ബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചപ്പോൾ അതിലെ പാളിച്ച ചൂണ്ടിക്കാണിച്ച്​, അത് പഠിക്കാൻ സർക്കാർ നിയോഗിച്ച സമിതിക്ക് മുമ്പാകെ
നിരവധി നിർദ്ദേശങ്ങൾ സമർപ്പിക്കപ്പെടുകയുണ്ടായി. കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയിൽ കാലങ്ങളായി പ്രവർത്തിച്ചുവരുന്നുണ്ട് ആയുർവേദവും ഹോമിയോപ്പതിയുമടക്കമുള്ള വൈദ്യ സമ്പ്രദായങ്ങൾ. ബില്ലിൽ ഇവയ്‌ക്കൊന്നും ആവശ്യമായ പരിഗണന ലഭിച്ചിരുന്നില്ല. മേലേത്തട്ടു മുതൽ ഏറ്റവും താഴേത്തട്ടു വരെയുള്ള ആരോഗ്യപരിപാലന സംവിധാനങ്ങളിൽ അലോപ്പതി മെഡിക്കൽ അധികാരികളെ മാത്രമാണ് വെച്ചത്. തങ്ങൾക്കാവശ്യമായ വൈദ്യം സ്വീകരിക്കാനുള്ള ജനങ്ങളുടെ സ്വാതന്ത്ര്യം, തനത് വൈദ്യത്തിന്റെ ലഭ്യത എന്നിവ പരിഗണിച്ച്​ എല്ലാ തലങ്ങളിലും ആയുർവേദത്തിന്റെ സാന്നിധ്യം ഉറപ്പു വരുത്തണമെന്ന ആവശ്യം സമൂഹത്തിന്റെ പല തലങ്ങളിൽ ഉള്ളവർ ഉയർത്തുകയുണ്ടായി. ഇതെല്ലാം പരിഗണിച്ചുകൊണ്ടുള്ള ഒരു ആരോഗ്യ നയമാണ് സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നത്. പക്ഷേ ഇതൊന്നും സ്വീകരിക്കാനേ പാടില്ല എന്നു കാണിച്ചാണ് ഐ.എം.എ ആരോഗ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചിട്ടുള്ളത്.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആരോഗ്യവകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനം

ഐ.എം.എക്ക് ആയുർവേദത്തോടുള്ള അസഹിഷ്ണുത പുതിയതല്ല. അശാസ്ത്രീയമെന്ന ലേബലിൽ കാലങ്ങളായി ആയുർവേദത്തോടുള്ള പുച്ഛം അവർ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. പുതിയകാലത്ത് ആഗോളതലത്തിൽ തന്നെ ആയുർവേദത്തിന് ലഭിച്ചിട്ടുള്ള സ്വീകാര്യതയും പ്രസക്തിയും അംഗീകരിക്കാൻ കേരളത്തിലെ ഐ.എം.എ ഒരിക്കലും തയ്യാറായിട്ടില്ല. കോംപ്ലിമെന്ററി & ആൾട്ടർനേറ്റീവ് മെഡിസിൻ എന്ന തരത്തിൽ ലോകത്തിൽ തന്നെ നിരവധി രാജ്യങ്ങൾ ആയുർവേദത്തെ അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്. കേന്ദ്രസർക്കാർ ആയുഷ് വകുപ്പിന് മുന്തിയ പരിഗണനയാണ് നൽകിക്കൊണ്ടിരിക്കുന്നത്. കേരളത്തിലും അന്താരാഷ്ട്ര ഗവേഷണ കേന്ദ്രങ്ങളടക്കം മുന്നോട്ടു കുതിക്കുന്നു. കോവിഡ് കാലത്തും കോവിഡാനന്തര കാലത്തും ജനകീയ പങ്കാളിത്തത്തോടെ സാമൂഹ്യ ആരോഗ്യ സംരക്ഷണത്തിൽ ആയുർവേദം വഹിച്ച പങ്ക് ഏറെ പ്രശംസനീയമായിരുന്നു. പുതിയ ശാസ്ത്രലോകമംഗീകരിക്കുന്ന തരത്തിൽ തന്നെ നിരവധി ഗവേഷണങ്ങൾ ആയുർവേദ രംഗത്തും നടക്കുന്നു.

Photo: Kottakkal Ayurvedic Treatment Centre FB Page

കേരള ആരോഗ്യ സർവകലാശാലയ്ക്ക് കീഴിലാണ് അലോപ്പതിയും ആയുർവേദവും ഹോമിയോപ്പതിയുമെല്ലാം ഇവിടെ പഠിപ്പിക്കപ്പെടുന്നതും ഗവേഷണങ്ങൾ നടത്തപ്പെടുന്നതും. ജില്ലാതലത്തിലും ഗ്രാമീണതലത്തിലുമുള്ള ആയുർവേദ ആശുപത്രികളും ഡിസ്‌പെൻസറികളും പൊതുജനാരോഗ്യരംഗത്ത് മികച്ച പ്രവർത്തനങ്ങളാണ് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. മരുന്നുകൊണ്ടുമാത്രം നേടിയെടുക്കേണ്ടതല്ല ആരോഗ്യം എന്നും ആരോഗ്യകരമായ ജീവിതശൈലി ഉറപ്പുവരുത്തുന്നതിലൂടെ സ്വാഭാവികമായി കൈ വരുത്തേണ്ടതാണതെന്നും ഉള്ള ആരോഗ്യബോധം ജനങ്ങളിലെത്തിക്കാൻ പല തലങ്ങളിലായി ആയുർവേദ ഡോക്ടർമാർ പ്രവർത്തിച്ചുവരുന്നു. അത്യാവശ്യഘട്ടങ്ങളിൽ എമർജൻസി മെഡിസിൻ എന്ന രീതിയിൽ മാത്രം അലോപ്പതി ഉപയോഗപ്പെടുത്തുകയും ദീർഘകാല രോഗങ്ങളിൽ ആയുർവേദം ഉപയോഗപ്പെടുത്തുകയുമാണ് സമഗ്രമായ ആരോഗ്യത്തിന് നല്ലതെന്ന് വിദഗ്ധർ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതുൾക്കൊണ്ട്, എല്ലാ വൈദ്യ സമ്പ്രദായങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ആരോഗ്യനയമാണ് ആയുർവേദം മുന്നോട്ട് വെച്ചിട്ടുള്ളത്.

കേരള ആരോഗ്യ സർവകലാശാല

സയന്റിഫിക് ടെമ്പറമെൻറ്​ അഥവാ ശാസ്ത്രാവബോധം എന്നത് ഒരു ജീവിതശൈലിയാണ് എന്ന് ജവഹർലാൽ നെഹ്‌റു അഭിപ്രായപ്പെട്ടിട്ടുണ്ട്. സഹിഷ്ണുതയാണ് അതിന്റെ മുഖമുദ്ര. എല്ലാ വൈദ്യസമ്പ്രദായങ്ങളെയും നിരീക്ഷിക്കാനും അതിന്റെ നന്മകൾ ഉൾക്കൊള്ളാനും തിന്മകൾ തള്ളിക്കളയാനുമാണ് ശാസ്ത്രാവബോധത്തിന്റെ വക്താക്കൾ പരിശീലിക്കേണ്ടത്. ശാസ്ത്രത്തിന്റെ ലക്ഷ്യത്തിലേക്ക് ഒരൊറ്റ രാജപാത മാത്രമല്ലെന്നുംഅതിന് ഒട്ടേറെ കൈവഴികളുണ്ടാകാമെന്നും മനസ്സിലാക്കണം. പൊതുജനത്തിന് നന്മനിറഞ്ഞ ആരോഗ്യം പ്രദാനം ചെയ്യുക എന്നതു മാത്രമായിരിക്കണം വൈദ്യത്തിന്റെ ആത്യന്തിക ലക്ഷ്യം. വൈദ്യസമ്പ്രദായങ്ങൾ തമ്മിലുള്ള കലഹം ഒരിക്കലും ഒരു പരിഷ്‌കൃത സമൂഹത്തിന് ഭൂഷണമല്ല. മാത്രവുമല്ല അത് പൊതുജനാരോഗ്യരംഗത്തെ അടിമുടി തകർത്തു കളയുകയും ചെയ്യും.

ഇന്നത്തെ ആരോഗ്യമേഖലയ്ക്ക് ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന
സ്വകാര്യ ആശുപത്രികളുടെയും കുത്തക മരുന്നുകമ്പനികളുടെയും സമാനതകളില്ലാത്ത കൊടുംക്രൂരതകൾക്കെതിരെയും വ്യാജ വൈദ്യത്തിനെതിരെയും സംഘശക്തിയായി പ്രതികരിക്കേണ്ട അംഗീകൃത വൈദ്യസമൂഹം ഇത്തരത്തിൽ വേറിട്ടുനിന്ന് കലഹിക്കുന്നത് പൊതുജനാരോഗ്യ മേഖലയെത്തന്നെ വലിയ ദുരന്തത്തിലേക്കാണ് തള്ളിവിടുക.

പ്രിയപ്പെട്ട ആയുർവേദക്കാരേ,
പൊതുജനാരോഗ്യം പഠിക്കാൻ
ഏത്​ പുസ്​തകമാണ്​ നിങ്ങൾ ഉപയോഗിക്കുന്നത്​?
ഡോ. എം. മുരളീധരൻ

ബ്ലിക്ക് ഹെൽത്ത് ബില്ലിന്റെ നിർവഹണത്തിൽ ഇടപെട്ട്​ ആയുർവേദ അസോസിയേഷൻ സർക്കാരിന് സമർപ്പിച്ച നിർദ്ദേശങ്ങൾ ഒരു കൺകെട്ടു വിദ്യയാണ്. ഒരു തരത്തിലും അംഗീകരിക്കാനാവാത്ത അശാസ്ത്രീയ നിർദ്ദേശങ്ങളുടെ ഒരു കൂമ്പാരം എന്ന് ഒരു വാചകത്തിൽ വിശേഷിപ്പിക്കാം. അത് ശാസ്ത്രീയമെന്നു തോന്നിക്കുന്ന രീതിയിൽ ഷോകേസ് ചെയ്യുവാൻ അവർ നടത്തുന്ന അഭ്യാസമാണ് അതിനെ സഹതാപമുണർത്തുന്ന കൺകെട്ടു വിദ്യയാക്കുന്നത്.

ഓരോ ചികിത്സാരീതികളുടേയും വക്താക്കളും ചികിത്സകരും അവരവരുടെ ചികിത്സാശാസ്ത്രങ്ങൾ കൂടുതൽ പഠനങ്ങൾക്കും പുരോഗാമിയായ ഇടപെടലുകൾക്കും വിധേയമാക്കുക വഴി ആ ചികിത്സാ സമ്പ്രദായങ്ങൾ കൂടുതൽ ശാസ്ത്രീയവും ജനങ്ങൾക്ക് കൂടുതൽ സ്വീകാര്യവും അഭികാമ്യവുമാക്കുകയുമാണ് വേണ്ടത്. പക്ഷേ ഒറ്റക്ക് നിൽക്കാനാവില്ലെന്ന് സ്വയം തിരിച്ചറിഞ്ഞ ആയുർവേദക്കാർ പൊതുജനാരോഗ്യ ബിൽ നിർദ്ദേശങ്ങളിൽ സങ്കരചികിത്സയുടെ വിഷവിത്താണ് വിതക്കുന്നത് എന്ന വസ്തുതയാണ് ഖേദകരം. എമർജൻസി / കാഷ്വാലിറ്റി രംഗത്ത് ഒരു തരത്തിലും പച്ച തൊടില്ലെന്നുറപ്പായപ്പോൾ നിങ്ങൾ എമർജൻസി നോക്കിക്കോളൂ, ഞമ്മള് മററുള്ളതൊക്കെ നോക്കാം എന്ന മമ്മൂഞ്ഞിയൻ ഉദാരത -പണ്ട് നൈസാമലിയോട് ഇൻസ്‌പെക്ടർ കാട്ടിയ ഉദാരത എത്ര മെച്ചം! - കാണിക്കുന്നു അവർ. അങ്ങിനെ വിദഗ്ദർ അഭിപ്രായപ്പെട്ടുവത്രേ. ആ വിദഗ്ദരുടെ പേരുവിവരം അറിയാത്തവർക്കായി പൊതുജന സമക്ഷം അവ വെളിപെടുത്തുമെന്ന് കരുതട്ടെ.

Phato: Unsplash

ശാസ്ത്രം ഹാനിമാന്റെ പ്രാകൃതമായ കാലഘട്ടത്തിൽ അദ്ദേഹം പ്രാക്ടീസ് ചെയ്ത അലോപ്പതിയിൽനിന്ന് ഇന്നത്തെ സയന്റിഫിക് മോഡേൺ മെഡിസിനിലേക്കെത്തിയത് അംഗീകൃത പാഠങ്ങളെ നിരന്തരമായ ചോദ്യം ചെയ്യലിനും, അവിരാമമായ തെറ്റുതിരുത്തലിനും നിർഭയമായ പൊളിച്ചെഴുത്തിനും വിധേയമാക്കിക്കൊണ്ടാണ്. ലോകത്തിലെ പുതുവിജ്ഞാനം മുഴുവൻ ആധുനിക വൈദ്യശാസ്ത്രം ആവേശത്തോടെ സ്വീകരിച്ചു. ഫിസിക്‌സിലേയും കെമിസ്ട്രിയിലേയും ബയോളജിയിലേയും, ആർട്ടിഫിഷ്യൽ ഇന്റലിജൻസിലേയും, എഞ്ചിനീയറിങ്ങിലേയും, ഇലക്​ട്രോണിക്​സിലെയും നാനോ ടെക്‌നോളജിയിലേയും പുത്തനുണർവുകൾ നിതാന്തമായ ജാഗ്രതയോടെ ഉൾക്കൊണ്ടു. അങ്ങനെയാണ് പുതിയ ലോകത്തെ ആത്മവിശ്വാസത്തോടെ അഭിസംബോധന ചെയ്യാൻ കഴിയുന്ന ആധുനികവും ജനകീയവുമായ ശാസ്ത്രീയ നിലപാടുകളുടെ കരുത്തുറ്റ വക്താക്കളാക്കാൻ ആധുനിക വൈദ്യശാസ്ത്രത്തിന് കഴിയുന്നത്.

നൂറ്റാണ്ടുകൾ പഴക്കമുള്ള ഗ്രന്ഥങ്ങളിലെ പ്രാചീനമായ അശാസ്ത്രീയ നിലപാടുകൾ സനാതന സത്യമാണെന്നും, ലോകാവസാനം വരെ മാറ്റമില്ലാതെ തുടരുമെന്നും, പ്രാകൃത കാലഘട്ടത്തിലെ ആചാര്യന്മാരുടെ കണ്ടെത്തലുകൾക്ക് ഒരിക്കലും സാംഗത്യം നഷ്ടപ്പെടില്ലെന്നും കരുതുന്നത് ഒരിക്കലും ശാസ്ത്രീയ നിലപാടുകളല്ല തന്നെ. മാറ്റങ്ങളെ നെഞ്ചോടുചേർത്ത് പുൽകുകയും നിരന്തരം ശാസ്ത്രീയമായി നവീകരിക്കുകയും ചെയ്യുന്ന ഒരു ചികിത്സാ സമ്പ്രദായത്തിന്റെ പൊതുജനാരോഗ്യ നിലപാടുകളെ, നൂറ്റാണ്ടുകൾക്കു മുമ്പത്തെ കണ്ടെത്തലുകൾക്ക് എന്നെങ്കിലും സാംഗത്യം നഷ്ടപ്പെടുമെന്ന് സ്വപ്നം കാണാൻ പോലും ധൈര്യപ്പെടാത്ത ഒരു ചികിത്സാരീതിയുടെ പൊതുജനാരോഗ്യ നിലപാടുമായി എങ്ങനെ കൂട്ടിക്കെട്ടും? ഞാൻ പറഞ്ഞു എന്നതുകൊണ്ടു മാത്രം നിങ്ങൾ ഈ നിലപാടുകൾ അംഗീകരിക്കേണ്ടതില്ല, കൃത്യമായ വിലയിരുത്തലുകൾക്കുശേഷം നിങ്ങൾക്ക് ബോദ്ധ്യം വന്നെങ്കിൽ മാത്രം സ്വീകരിക്കുക എന്ന് ബുദ്ധൻ. If you see Buddha on the Road, Kill him എന്ന് ഷെനേ. നിലപാടുകളിലെ ഉച്ഛുംഘൃലതകൾക്ക് ആധുനിക വൈദ്യശാസ്ത്രം ഇവരോട് കടപ്പെട്ടിരിക്കുന്നു..

മനോരോഗ ചികിത്സക്ക് ഹിറ്റ്‌ലർ നാണിക്കുന്ന ദണ്ഡനമുറകൾ ഇന്നും ചികിത്സാരീതിയായി കരുതുന്നതിനെയോ (ദേഹമാസകലം ചമ്മട്ടി കൊണ്ടടിച്ച് കയറുകൊണ്ട് ബന്ധിച്ച് കടുകെണ്ണ തേച്ചുപിടിപ്പിച്ച് നായ്ക്കുരണപ്പൊടി ശരീരത്തിൽ വിതറി പൊട്ടക്കിണറ്റിൽ തള്ളുന്നത് അതിലെ നിസ്സാരമായ ഒരു ചികിത്സാമുറ) മൂന്നാം മാസത്തിലും പുംസവന ക്രിയാ (പുരുഷപ്രജയുടെ ലോഹപ്രതിമ ചൂടാക്കി പാലിലിട്ട് കുടിക്കുക, തിരുതാളി പാലിൽ അരച്ച് നസ്യം ചെയ്യുകവഴി ഗർഭസ്ഥ ശിശുവിന്റെ ജെൻഡർ മാറ്റാമെന്ന- അതും സ്ത്രീയിൽ നിന്ന്​പുരുഷനിലേക്ക് മാത്രം) പാഠത്തെയോ, ജന്മശാപമാണ് കുഷ്ഠരോഗത്തിന്റെ നിദാനമെന്ന തീർപ്പിനേയോ ആചാര്യൻ പറഞ്ഞു എന്നതുകൊണ്ടു മാത്രം ചോദ്യം ചെയ്യാതെ അംഗീകരിക്കുന്ന ആയുർവേദ പൊതുജനാരോഗ്യ കാഴ്ചപ്പാടുകൾ ആധുനിക ശാസ്ത്രീയ നിലപാടുകളിൽ നിന്ന് പ്രകാശവർഷങ്ങളോളം പിന്നിലാണ്.

നിലപാടുകളിലെ കടുത്ത വൈജാത്യം കൊണ്ടും രോഗനിദാനത്തെ കുറിച്ചുള്ള അടിമുടി വ്യത്യസ്​തമായ കാഴ്ചപ്പാടുകൊണ്ടും ചികിത്സാരീതികളിലേയും ഔഷധങ്ങളിലേയും തികഞ്ഞ വ്യത്യസ്തത കൊണ്ടും കാതങ്ങളോളം അകന്നുനിൽക്കുന്ന ആധുനികവും പുരോഗനോന്മുഖവുമായ ഒരു ചികിത്സാപദ്ധതിയും പ്രാചീനവും ഏകശിലാരൂപം പോലെ മാറ്റങ്ങളോട് മുഖം തിരിക്കുന്ന ഒരു ചികിത്സാസമ്പ്രദായവും എങ്ങനെ കൂട്ടിയിണക്കാനാണ്?

പ്രധാനമായും ഋണാത്മകമായ രണ്ടു മാറ്റങ്ങളാണ് സങ്കരം കൊണ്ട് സംഭവിക്കുവാൻ പോവുന്നത്. പൊതുജനാരോഗ്യരംഗത്ത് നമ്മൾ ദീർഘകാലത്തെ ആത്മാർത്ഥമായ നിരന്തര പ്രവർത്തനം വഴി നേടിയെടുത്ത നേട്ടങ്ങൾക്കുണ്ടാവുന്ന കനത്ത തിരിച്ചടിയാണ് ആദ്യത്തേത്. ആയുർവേദത്തിന് ആധുനിക വൈദ്യശാസ്ത്രത്തേക്കാൾ സാമൂഹിക അംഗീകാരവും സ്വീകാര്യതയുമുണ്ടായിരുന്ന നാല്പതുകളിൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ വെറും 31 വയസ്സായിരുന്നു ഒരു സാധാരണ ഇന്ത്യക്കാരന്റെ ശരാശരി ആയുർദൈർഘ്യം. കാലിന് ചെറിയ ഒരു പഴുപ്പോ നിസ്സാരമായ വയറിളക്കമോ ഇന്ന് നമ്മൾ ആറു മാസം കൊണ്ട് പരിപൂർണമായി ഭേദമാക്കുന്ന, പക്ഷേ അന്ന് രാജയക്ഷ്മാവ് എന്ന ഭീകരനാമം നൽകി ഒരു ചികിത്സയും ഫലിക്കാതിരുന്നിരുന്ന ക്ഷയരോഗമോ ഒക്കെ മതിയായിരുന്നു രാജാക്കന്മാരുടെ പോലും ജീവനറുതി വരുത്താൻ.

ഷഷ്ടിപൂർത്തി വലിയൊരു ആഘോഷമായി മാറിയതിന്റെ സാമൂഹിക പശ്ചാത്തലമതാണ്. ഇന്ന് ആ സൂചിക 75 കടന്നു. ആരോഗ്യ സുരക്ഷയുടെ ഏറ്റവും വലിയ സൂചികയായി കണക്കാക്കുന്ന ശിശുമരണനിരക്കാവട്ടെ (IMR) കേരളത്തിൽ പത്തിനു താഴെയാണ്. ഈ നേട്ടങ്ങളൊക്കെ സംശയാതീതമായി ആന്റിബയോട്ടിക്കുകളുമായും ആധുനിക വൈദ്യശാസ്ത്രവുമായും നേരിട്ട് ബന്ധപ്പെട്ടുനിൽക്കുന്നു. പക്ഷേ, സങ്കര ആരോഗ്യ കാഴ്ചപ്പാടുകൾ ഏറ്റവും ആദ്യം പിടിമുറുക്കുന്നത് പൊതുജനാരോഗ്യ സുരക്ഷയുടെ കാര്യത്തിലായിരിക്കും എന്ന് സാമൂഹിക ആരോഗ്യ വിദഗ്ദർ ഇതിനകം മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. പനിയെ വിവിധ തരം ശാരീരിക അസുഖങ്ങളുടെ ലക്ഷണമായിട്ടല്ലാതെ രോഗങ്ങളുടെ അധിപനായി കാണുന്ന ആയുർവേദം പൊതുജനാരോഗ്യരംഗത്ത് തികഞ്ഞ അശാന്തി വിതക്കുമെന്നുറപ്പ്. ആന്റിബയോട്ടിക്കുകളെ കുറിച്ച് വിവരമില്ലാത്ത, അനസ്‌തേഷ്യയെക്കുറിച്ച് ധാരണയില്ലാത്ത ഈ സങ്കരവിദഗ്ദർ യൂറോപ്യൻ രാജ്യങ്ങളോട് കിടപിടിക്കുന്ന നമ്മുടെ മാതൃമരണ നിരക്കിലും അവരുടെ കറുത്ത കൈയൊപ്പ് നിശ്ചയമായും പതിപ്പിച്ചേക്കും.

പ്രാചീന ഇന്ത്യൻ ചികിത്സാരീതി എന്ന് നമ്മൾ അഭിമാനം കൊള്ളുന്ന ആയുർവേദം എന്ന ചികിത്സാസംവിധാനം തന്നെ നാമാവശേഷമായി പോവും എന്നതാണ് രണ്ടാമത്തെ സന്നിഗ്ദത. ആയുഷ് രംഗത്ത് പ്രവർത്തിക്കുന്ന പുതുതലമുറ ഡോക്ടർമാരിൽ 99.99% വും എൻട്രൻസ് പരീക്ഷകളിൽ ആദ്യ പരിഗണന ആയി നൽകുന്നത് മോഡേൺ മെഡിസിനാണ്. റാങ്ക് നിലവാരത്തിൽ പിന്നോട്ടുപോവുന്നതുകൊണ്ടുമാത്രമാണവർ മറ്റു ഗത്യന്തരമില്ലാതെ ആയുർവേദവും ഹോമിയോപ്പതിയും മറ്റും സ്വീകരിക്കുന്നത്. അവരുടെ കൗൺസിലുകളാവട്ടെ വിദ്യാർത്ഥികളുടെ അടക്കിവെക്കപ്പെടുന്ന ഇംഗിതം തിരിച്ചറിഞ്ഞ് സിലബസുകളിൽ മോഡേൺ മെഡിസിൻ പാഠഭാഗങ്ങൾ ഒളിഞ്ഞും തെളിഞ്ഞും ഉൾച്ചേർത്ത് അവർക്ക് പ്രതീതിമാത്ര ആശ്വാസം നൽകാൻ ശ്രമിക്കുന്നത് കാണാം. അത്തരം വിദ്യാർത്ഥികൾക്ക് സങ്കര ചികിത്സ പ്രാക്ടീസ് ചെയ്യാൻ അനുവാദം കിട്ടിയാൽ ഏതു ചികിത്സാരീതി ആണ് അവർ സ്വീകരിക്കുക എന്നത് പകൽ പോലെ വ്യക്തം. ബി.സി ആറായിരം വർഷത്തിന്റെ മഹത്തായ പാരമ്പര്യം ഉൽഘോഷിക്കുന്ന ഇന്ത്യൻ പ്രാചീന വൈദ്യശാസ്ത്രത്തെ പിന്നീട് നിശ്ചയമായും ചരിത്രമ്യൂസിയങ്ങളിൽ അന്വേഷിക്കേണ്ടി വന്നേക്കും എന്നുറപ്പ്.

ഇന്ത്യൻ നിയമ വ്യവസ്ഥ വളരെ കർശനമായ സമീപനമാണ് ഇത്തരം വ്യാജ ചികിത്സകൾക്കെതിരെ സ്വീകരിച്ചിട്ടുള്ളത് എന്നത് ശുഭോദർക്കമായ കാര്യമാണ്. 1998 - ലെപ്രശസ്തമായ ഡോ: മുക്ത്യാർ ചന്ദ് vs പഞ്ചാബ് സ്റ്റേറ്റ് കേസിൽ ആധുനിക വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യാൻ ഇന്ത്യൻ മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്ത ഡോക്ടർമാർക്ക് മാത്രമേ അവകാശമുള്ളുവെന്ന് അസന്നിഗ്ദമായി ഇന്ത്യയിലെ പരമോന്നത നീതിപീഠം പ്രഖ്യാപിച്ചിട്ടുണ്ട്. പുനം വർമ Vs ആഷിക് പട്ടേൽ കേസിലാവട്ടെ, ആ കൃത്യമായ നിലപാടിൽ സുപ്രീം കോടതി ഉറച്ചുനിന്നു. 2016 ഏപ്രിൽ എട്ടിന്​ പുറത്തുവന്ന വിശദവും നിർണായകവുമായ വിധിയിൽ ഡൽഹി ഹൈകോടതി, ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിനിൽ രജിസ്റ്റർ ചെയ്ത ചികിത്സകർ ആധുനിക വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യുന്നത് കടുത്ത നിയമ ലംഘനമാണെന്ന് സംശയാതീതമായി പ്രഖ്യാപിക്കുകയുണ്ടായി.

ആധുനിക വൈദ്യശാസ്ത്രത്തിന്റെ എത്തിക്‌സിന്റെ അവസാന വാക്കായ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ തികഞ്ഞ അധാർമിക പ്രവർത്തിയായിട്ടാണ് അത്തരം ദുർഭഗ കടന്നുകയറ്റങ്ങളെ വിലയിരുത്തിയിട്ടള്ളത്. സമാന്തര ചികിത്സകർക്ക് പരിശീലനം നൽകുന്ന ഡോക്ടറുടെ ലൈസൻസ് റദ്ദ് ചെയ്യാൻ പോലും മെഡിക്കൽ കൗൺസിലിന് അധികാരമുണ്ട്. ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ പുതു അവതാരമായ നാഷനൽ മെഡിക്കൽ കമീഷൻ ഇത്തരം സങ്കരചികിത്സക്ക് സമ്മതം മൂളുന്ന നിലപാടാണ് നിർഭാഗ്യവശാൽ തുടക്കം മുതൽ കൈക്കൊണ്ടിട്ടുള്ളത്. പക്ഷേ NMC-യുടെ ഒട്ടും ആശാസ്യമല്ലാത്ത അധാർമികമായ ആ നിയമാവലി പോലും ഒരു പ്രത്യേക ഘട്ടത്തിൽ സങ്കര ചികിത്സയുടെ അടിത്തറയെ ചോദ്യം ചെയ്യുന്നുണ്ട്. NMC അംഗങ്ങളുടേയും ഹോമിയോ - ആയുർവേദ മെഡിക്കൽ കൗൺസിൽ അംഗങ്ങളുടേയും ഒരുമിച്ചുളള ചർച്ചകളുടേയും തീരുമാനങ്ങളുടേയും അടിസ്ഥാനത്തിൽ മാത്രമേ സിലബസിൽ മാറ്റം വരുത്താനാവൂ എന്ന കർശന നിലപാട് ഈ വ്യാജ സങ്കര ചികിത്സാരീതിയുടെ വിമർശകർക്ക് ആശ്വാസം പകരുന്നതാണ്. പക്ഷേ അടുത്തിടെ കേന്ദ്ര സർക്കാർ ചികിത്സാനയങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ മെഡിക്കൽ രംഗത്ത് അസ്വസ്ഥതയും അശാന്തിയും വിതക്കാൻ മാത്രമേ ഉപകരിക്കുകയുള്ള എന്ന കടുത്ത വിമർശനം ആരോഗ്യ - നിയമവിദഗ്ദർ ഉയർത്തിക്കഴിഞ്ഞു. വികേന്ദ്രീകരണത്തെ തകർക്കുകയും ബഹുസ്വരത നിഷേധിക്കുകയും ചെയ്യുന്ന ഏകശിലാരൂപമായ നിയമങ്ങൾ നമ്മുടെ ഭാരതത്തെ പുരോഗമനോന്മുഖമായി നയിക്കുമെന്ന് കരുതാൻ വയ്യ.

ദേശീയ വിദ്യാഭ്യാസ നയത്തിൽ വരുത്തിയ വിവാദമായ നയവ്യതിയാനവും നിതി ആയോഗിന്റെ പണിപ്പുരയിൽ രൂപം കൊണ്ട ചതുർസമിതികളുടെ രൂപീകരണമൊക്കെ സങ്കരചികിത്സക്ക് നിലമൊരുക്കാനുള്ള ആസുരമായ കേളികൊട്ടലായി പല സമൂഹശാസ്ത്രജ്ഞരും വിലയിരുത്തുന്നു. ഈ പഴുതുപയോഗിച്ച് പൊതുജനാരോഗ്യ രംഗത്തേക്ക് കടന്നുകയറാനാണ് ആയുഷ് കാരുടെ ശ്രമം. പൊതുജനാരോഗ്യത്തെക്കുറിച്ച് വ്യക്തമായ കാഴ്ച പ്പാടോ നിലപാടോ ഇല്ലാത്ത ഇവർ സാമൂഹിക വൈദ്യശാസ്ത്രം പഠിക്കുന്നത് ഏത് ടെക്​സ്​റ്റ്​ ബുക്ക് ആധാരമാക്കിയാണ് എന്ന് വ്യക്തമാക്കുന്നത് കൗതുകകരമാവും.

ആയുർവേദത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളിലൊന്നായ ചരകസംഹിതയിലെ വിമാന സ്ഥാനത്ത് എഴുതപ്പെട്ട ചരക പ്രതിജ്ഞ ഒരു വട്ടം വായിച്ചു നോക്കിയാൽ ആയുർവേദത്തിന്റെ പ്രതിലോമ - അശാസ്ത്രീയ- സമൂഹ വിരുദ്ധ നിലപാടുകൾ വ്യക്തമാവും. ചികിത്സാ രംഗത്തേക്ക് പ്രവേശിക്കുന്ന ഡോക്ടർ, ഈശ്വര - മത വിശ്വാസിയായിരിക്കണമെന്നും, ബ്രാഹ്മണിക്ക് ഹെജിമണി അംഗീകരിക്കണമെന്നും ഗുരുവിന് കീഴ്‌പ്പെട്ടുനിൽക്കുകയല്ലാതെ ഒരിക്കലും ചോദ്യം ചെയ്യരുതെന്നും സ്ത്രീകളെ ചികിൽസിക്കുന്നത് ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മാത്രമേ ആകാവൂ എന്നും ഭരണകർത്താക്കൾക്ക് ഇഷ്ടമില്ലാത്തവരെ ചികിത്സിക്കരുതെന്നും ശപഥമെടുപ്പിക്കുക വഴി വൈദ്യശാസ്ത്ര വിദ്യാർത്ഥികളെ നൂറ്റാണ്ടുകൾക്ക് പിന്നിലേക്ക് വലിച്ചെറിഞ്ഞ് പ്രാചീന ഇന്ത്യൻ അന്ധവിശ്വാസങ്ങളേയും മതപരമായ ഉച്ചനീചത്വങ്ങളേയും മനുവാദപരമായ സ്ത്രീവിരുദ്ധ കാഴ്ചപ്പാടുകളേയും ചേർത്തു പുൽകാനും സർവ്വോപരി ആധുനിക സാമൂഹിക- നൈതിക വീക്ഷണങ്ങളെ കർശനമായി കൈയൊഴിയാനുമാണ് ഉദ്‌ബോധിപ്പിക്കുന്നത്.

Photo: Wikipedia

ലോകത്തെമ്പാടുമായി സാംസ്‌കാരികമായി ഉന്നതി പ്രാപിച്ച ജനപഥങ്ങളിലൊക്കെ രൂപം കൊണ്ട മാസിഡോണിയൻ, ചൈനീസ്, ഗ്രീക്ക്, അറേബ്യൻ, ഈജിപ്ഷ്യൻ, പേർഷ്യൻ തുടങ്ങി നിരവധി പ്രാചീന ചികിത്സാസമ്പ്രദായങ്ങളിൽ ഒന്നു മാത്രമായിരുന്നു ആയുർവേദമെന്നു മനസ്സിലാക്കുവാനും അതിന്റെ ആചാര്യന്മാരിലൊരാളുടെ ആധുനിക ശാസ്ത്രീയതയിൽ നിന്നെത്രെയോ അകന്നു നിൽക്കുന്ന കാഴ്ചപ്പാടുകളടങ്ങുന്ന ഒരു പ്രതിജ്ഞയും പാഠങ്ങളുമാണ് അതിന്റെ പ്രധാന ഉള്ളടക്കമെന്നും മനസ്സിലാക്കുമ്പോഴാണ് ആ യുർവേദത്തിന്റെ അശാസ്ത്രീയതയും സാമൂഹിക വിരുദ്ധതയും അതിന്റെ തീക്ഷ്ണരൂപത്തിൽ അവതീർണമാവുന്നത്. നോക്കൂ, ഈ മാനവിക വിരുദ്ധ പ്രതിജ്ഞ നാളിതുവരെ ചോദ്യം ചെയ്യാതെ അംഗീകരിക്കുന്നവരാണ് പൊതുജനാരോഗ്യത്തെക്കുറിച്ച് വല്ലാതെ ഉൽക്കണ്ഠാകുലരാവുന്നത്.

പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു ഇന്ത്യയെ കണ്ടെത്തൽഎന്ന വിഖ്യാത ഗ്രന്ഥത്തിൽ പ്രയോഗിക്കുകയും പിന്നീട് നമ്മുടെ ഭരണഘടനയിലെ article 51 A (h) ൽ നിർണായക സ്ഥാനം അലങ്കരിക്കുകയും ചെയ്ത Scientific temper (ശാസ്ത്രാവബോധം ) എന്ന മഹത്തായ പദം ആയുർവേദക്കാർ ഉപയാഗിക്കുന്നത് സഹതാപമുണർത്തുന്നു. നേരത്തെ പറഞ്ഞ മനോരോഗ - പുംസവന - കുഷ്ഠരോഗ ചികിത്സകളൊക്കെ ഓർത്തിട്ടുതന്നെ ആവുമോ ആ പദം ഉപയോഗിക്കുവാൻ ഇവർ ധൈര്യപ്പെടുന്നത്? മനോരോഗം ഭൂതങ്ങളുടേയും പിശാചുക്കളുടേയും ആവാസം കൊണ്ടാണ് സൃഷ്ടിക്കപ്പെടുന്നത് എന്ന് വലിയ അക്ഷരത്തിൽ എഴുതി വെച്ചിട്ടാണ് ആയുർവേദം ശാസ്ത്രാ വബോധത്തെക്കുറിച്ച് ആണയിടുന്നത്. ശാന്തം പാവം!

പൊതുസമൂഹത്തിലും ചികിത്സാരംഗത്തും കടുത്ത അശാന്തി വിതക്കുന്ന, തികച്ചും പ്രതിലോമകരവും ജനങ്ങളുടെ ജീവന് നിതാന്ത ഭീഷണി ഉയർത്തുകയും ചെയ്യുന്ന സങ്കര ചികിത്സാസംവിധാനങ്ങളാണ് പൊതുജനാരോഗ്യ രംഗത്ത് ആയുർവേദക്കാർ മുന്നോട്ടു വെക്കുന്നത്. അവ പ്രവർത്തികമാക്കുന്നതിൽ നിന്ന് സർക്കാർ പിന്മാറാൻ വളരെ ശക്തമായ പൊതുജനാഭിപ്രായത്തിനും നിയമപോരാട്ടങ്ങൾക്കും മാത്രമേ സാധിക്കുകയുള്ളൂ. ഐ.എം.എ നടത്തുന്ന ജനങ്ങൾക്കുവേണ്ടിയുള്ള മഹത്തായ ആ പോരാട്ടത്തിൽ വൈദ്യശാസ്ത്രസമൂഹത്തിന്റെ കൂടെ നിൽക്കുവാനും അധാർമികതക്കെതിരെ പൊരുതുവാനും പൊതുസമൂഹം തയാറാവേണ്ടതുണ്ട്.

Comments