ഹൃദയാഘാതം വന്ന വേണുവിന് മെഡി. കോളേജിൽവെച്ച് ജീവൻ നഷ്ടമായത് എന്തുകൊണ്ട്?
കാർഡിയോളജി വിദഗ്ധൻ
എഴുതുന്നു

ഹൃദയാഘാതം സ്ഥിരീകരിക്കപ്പെട്ട വേണു തിരുവനന്തപുരം മെഡിക്കൽ ​കോളേജിൽ മതിയായ ചികിത്സ കിട്ടാതെ മരിച്ചത് ഗുരുതരമായ ചികിത്സാപ്പിഴവു മൂലമാണെന്ന് വെളിപ്പെടുത്തുകയാണ് കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം മുൻ മേധാവിയും പ്രൊഫസറുമായിരുന്ന ഡോ. എസ്. അബ്ദുൽ ഖാദർ.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അർഹിക്കുന്ന ചികിത്സ ലഭിക്കാതെ മരിച്ച കൊല്ലം പന്മന മലയിൽ വേണുവിന്റെ ശബ്ദസന്ദേശം കാതിൽ മുഴങ്ങുന്നത് കേട്ടുകൊണ്ടാണ് ഇത്‌ കുറിക്കുന്നത്.

ഹൃദയാഘാതമുണ്ടായശേഷം നല്ല ചികിത്സ ലഭിക്കുമെന്ന പ്രതീക്ഷയോടെ എമർജൻസി ആംബുലൻസിൽ മൈലുകൾ താണ്ടി പാഞ്ഞുവന്ന അദ്ദേഹത്തിന് അർഹിക്കുന്ന പരിഗണന ലഭിച്ചില്ല എന്നതിന്റെ ദുഃഖവും പ്രതിഷേധവുമാണ് കൂട്ടുകാരനും ബന്ധുവിനും അയച്ച ശബ്‍ദ സന്ദേശങ്ങളിൽ മുഴങ്ങുന്നത്.

വേണുവിന്റെ സ്ഥാനത്ത് നമ്മളെതന്നെ സ്വയം സങ്കൽപ്പിച്ച് അല്പസമയം ഒന്നു ചിന്തിച്ചുനോക്കൂ. എത്രമാത്രം അവഗണനയാണ് അദ്ദേഹം സഹിച്ചത്. അതിവിദഗ്ദ്ധചികിത്സ അർഹിക്കുന്ന ഒരു രോഗി പൂർണ്ണമായി രോഗനിർണ്ണയം നടത്തിയതിന്റെ രേഖകളുമായി (ഇ.സി.ജി, ട്രോപ്പ് - ഐ) സംസ്ഥാനത്തെ ഏറ്റവും പുരാതനവും പ്രസിദ്ധവുമായ മെഡിക്കൽ കോളേജിലെ സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗത്തിലേൽക്ക് റഫർ ചെയ്തു വരുമ്പോൾ, ആ രോഗി നേരിട്ട തിക്താനുഭവം ഒരിക്കലും അംഗീകരിക്കാൻ പറ്റുന്നതോ അനുവദിച്ചുകൊടുക്കാനാവുന്നതോ അല്ല എന്ന് പറയാതിരിക്കാൻ നിർവ്വാഹമില്ല.

എന്താണ് വേണു നേരിട്ട അനുഭവം?

നെഞ്ചുവേദനയുമായി നാട്ടിലെ ആശുപത്രിയിൽ നിന്ന് കാത്ത് ലാബുള്ള കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തുന്നു. അവിടെ വച്ചുതന്നെ ആവശ്യമായ പരിശോധനകൾ നടത്തി ഹൃദയാഘാതം സ്ഥിരീകരിക്കപ്പെടുന്നു. എന്തുകൊണ്ടോ, ഹൃദയാഘാതം ചികിത്സിക്കാനുള്ള എല്ലാ സംവിധാനങ്ങളുമുള്ള കൊല്ലം ജില്ലാ ആശുപത്രിയിൽനിന്ന് തിരുവന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യപ്പെടുന്നു.

രോഗിയെ അഡ്മിറ്റ് ചെയ്‌ത് ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ ചെയ്യാൻ കഴിയുന്ന ക്രിയാറ്റിനിൻ, എക്കോ പരിശോധനകൾ നടത്തിയില്ല.

ഹൃദയാഘാതം വന്നത് സ്ഥിരീകരിക്കപ്പെട്ടതിന്റെ രേഖകളുമായി മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിലെത്തിയ വേണുവിനെ പ്രാഥമിക പരിശോധനകൾക്കും വിവരശേഖരണത്തിനും ശേഷം ഒരു ഹോസ്പിറ്റൽ ജീവനക്കാരൻ വീൽ ചെയറിലോ ട്രോളിയിലോ കയറ്റി കാർഡിയോളജി വിഭാഗത്തിൽ എത്തിക്കേണ്ടതാണ് ശരിയായ നടപടിക്രമം. അത് ചെയ്യാൻ കൂട്ടാക്കാതെ മെഡിക്കൽ വിഭാഗത്തിലേക്ക് ഭാര്യ സിന്ധുവിനൊപ്പം വീൽചെയറിൽ കയറ്റിവിടുന്നു. ആശുപത്രിയിലെ ജീവനക്കാരാരും അവരുടെ ഒപ്പം വാർഡിലേക്കു പോകാൻ തയ്യാറാവുന്നില്ല.

മെഡിക്കൽ വാർഡിലെ തിരക്കുകാരണം ബെഡ് നൽകാൻ കഴിയാതെ വേണുവിനെ നിലത്തു കിടത്തി മെഡിസിൻ വിഭാഗത്തിലെ ഡോക്ടർ ചികിത്സ തുടങ്ങി. തുടർന്ന്, പതിവുപോലെ കാർഡിയോളജി വിഭാഗത്തിലേക്ക് അഭിപ്രായമാരാഞ്ഞുകൊണ്ട് കേസ് ഷീറ്റ് അയക്കുന്നു. കാർഡിയോജി വിഭാഗത്തിൽനിന്ന് റസിഡന്റ് ഡോക്ടറും അസ്സിസ്റ്റന്റ് പ്രൊഫസറും വന്നു കാണുകയും എക്കോ കാർഡിയോഗ്രാഫിയും ആഞ്ജിയോഗ്രാഫി ടെസ്റ്റും ഉടനെ തന്നെ ചെയ്യുമെന്ന് വേണുവിനെയും സിന്ധുവിനെയും അറിയിക്കുകയും ചെയ്യുന്നു. അവർ അത് വിശ്വസിച്ച്, രക്തപരിശോധനകൾ ചെയ്തു ആശുപത്രിയിൽ കാത്തുകഴിയുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മതിയായ ചികിത്സ ലഭിക്കാതെ മരിച്ച കൊല്ലം പന്മന മലയിൽ വേണു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മതിയായ ചികിത്സ ലഭിക്കാതെ മരിച്ച കൊല്ലം പന്മന മലയിൽ വേണു.

ഇതിനിടെ ശുപാർശകൾ നടത്തിയതിനെ തുടർന്ന് രോഗിയെ ഹൃദ്രോഗവിഭാഗത്തിലേക്ക് മാറ്റുന്നു. മറ്റൊരു രോഗിക്കൊപ്പം കിടക്കാൻ ഒരു ബെഡ് കിട്ടുന്നു. എമർജൻസി ആഞ്ചിയോ വേണമെന്ന് കൊല്ലത്തെ ഡോക്ടർ പറഞ്ഞതനുസരിച്ച് പ്രൈവറ്റ് ആംബുലൻസിൽ കൊണ്ടുവന്ന വേണുവിന് അതൊന്നും നടക്കാതെ മൂന്നു ദിവസം നീണ്ടപ്പോൾ രോഗം കൂടുതലായി. രോഗിക്ക് തലവേദനയും ശ്വാസംമുട്ടലും വർധിച്ചപ്പോൾ ഹൃദ്രോഗവിഭാഗം തീവ്രപരിചരണമുറിയിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നൽകുന്നു. അവിടെവച്ച് രോഗം മൂർച്ചിച്ച് രോഗി മരിക്കുന്നു.

ചികിത്സയിലുണ്ടായ കാലതാമസത്തെ കുറിച്ചും അവഗണനെയെ കുറിച്ചും നിരാശയോടും സങ്കടത്തോടെയും സുഹൃത്തിനെ, മരിക്കുന്നതിനു മുമ്പ് ഫോണിൽ കൂടി അറിയിച്ച വേണുവിന്റെ ശബ്ദസന്ദേശം ഇതിനകം പുറത്തായി. ബഹളം തുടങ്ങിയപ്പോൾ ചികിത്സയുമായി ബന്ധപ്പെട്ടവർ വിശദീകരണവുമായി എത്തി.

ക്രിയാറ്റിനിൻ തുടക്കത്തിൽ തന്നെ ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ ആഞ്ചിയോഗ്രാഫി ചെയ്യാൻ കഴിയില്ല എന്ന വിവരം ആദ്യ ദിവസം തന്നെ വേണുവിനെ അറിയിക്കാൻ കഴിയുമായിരുന്നു.

കോറോണറി ആഞ്ചിയോ ചെയ്യാൻ പറ്റാഞ്ഞത് രോഗി 24 മണിക്കൂർ കഴിഞ്ഞ് ആശുപത്രിയിൽ എത്തിയതുകൊണ്ടും ക്രിയാറ്റിനിൻ കൂടിയതു കൊണ്ടുമായിരുന്നു എന്നും ചികിത്സ നൽകിയത് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പ്രോട്ടക്കോൾ വിധി പ്രകാരമാണെന്നും വകുപ്പ് മേധാവിയും മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടും അവകാശപ്പെട്ടു. പതിവുപോലെ അധികാരികൾ സമഗ്ര അന്വേഷണം പ്രഖ്യാപിക്കുന്നു.

മെഡിക്കൽ കോളേജിലെ അദ്ധ്യാപക സംഘടനാനേതാക്കൾ തങ്ങളുടെ പരിദേവനങ്ങളും അടുത്ത സമയത്ത് കേരള ധനവകുപ്പ് മെഡിക്കൽ കോളേജിൽ അനുവദിച്ച തസ്തികകൾ തടഞ്ഞതിലുള്ള പ്രതിഷേധവും രേഖപ്പെടുത്തിയും ചികിത്സ നൽകിയ ഡോക്ടർമാർക്കൊപ്പം നിൽക്കുന്നു. മെഡിക്കൽ വിദ്യാഭ്യാസ മേധാവിയും മന്ത്രിയും ചികിത്സയിൽ പിഴവുകൾ ഒന്നുമുണ്ടായില്ല എന്ന് അവകാശപ്പെടുന്നു.
വാർത്താചാനലുകൾ തങ്ങളുടെ സന്ധ്യാചർച്ചകൾക്കുള്ള ചൂടുള്ള വിഷയമായി വേണുവിന്റെ മരണവും തുടർന്നുനടന്ന സംഭവങ്ങളും കേരളത്തിലെ പൊതുസാമൂഹത്തിന്റെ മുന്നിൽ കൊണ്ടുവരുന്നു. ജനം നെടുവീർപ്പോടെ കണ്ടിരിക്കുന്നു.

വേണുവിന് ലഭിക്കാതെ പോയ കാര്യങ്ങൾ

  • ജില്ലാ ആശുപത്രിയിൽനിന്ന് ഉത്തരവാദപ്പെട്ടവർ റഫർ ചെയ്ത് ഹൃദയാഘാതവുമായി എത്തുന്ന രോഗിക്ക് ലഭിക്കേണ്ട ചികിത്സയും പരിഗണനയും ലഭിച്ചില്ല.

  • കാർഡിയോളജി ഐ.സി.യുവിലെ അല്ലെങ്കിൽ ഹൃദയാഘാതത്തെ തുടർന്നുള്ള തീവ്രപരിചരണ വാർഡിലെ പ്രവേശനവും രോഗത്തെ കുറിച്ചുള്ള വിലയിരുത്തലും നൽകപ്പെട്ടില്ല.

  • രോഗിയെ അഡ്മിറ്റ് ചെയ്‌ത് ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ ചെയ്യാൻ കഴിയുന്ന ക്രിയാറ്റിനിൻ, എക്കോ പരിശോധനകൾ നടത്തിയില്ല.

  • ക്രിയാറ്റിനിൻ തുടക്കത്തിൽ തന്നെ ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ ആഞ്ചിയോഗ്രാഫി ചെയ്യാൻ കഴിയില്ല എന്ന വിവരം ആദ്യ ദിവസം തന്നെ വേണുവിനെ അറിയിക്കാൻ കഴിയുമായിരുന്നു.

  • രോഗിയെയും ബന്ധുക്കളെയും കാര്യങ്ങൾ വിശദമായി പറഞ്ഞു മനസ്സിലാക്കാനുള്ള അവസരം പരിശോധിച്ച ഡോക്ടറോ മറ്റ് ഉത്തരവാദപ്പെട്ടവരോ ഉപയോഗപ്പെടുത്തിയില്ല.

അതിവിദഗ്ദ്ധ ചികിത്സ അർഹിക്കുന്ന ഒരു രോഗി പൂർണ്ണമായി രോഗനിർണ്ണയം നടത്തിയതിന്റെ രേഖകളുമായി സംസ്ഥാനത്തെ ഏറ്റവും പുരാതനവും പ്രസിദ്ധവുമായ മെഡിക്കൽ കോളേജിലെ സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗത്തിലേൽക്ക് റഫർ ചെയ്തു വരുമ്പോൾ, ആ രോഗി നേരിട്ട തിക്താനുഭവം ഒരിക്കലും അംഗീകരിക്കാൻ പറ്റുന്നതോ അനുവദിച്ചുകൊടുക്കാനാവുന്നതോ അല്ല.
അതിവിദഗ്ദ്ധ ചികിത്സ അർഹിക്കുന്ന ഒരു രോഗി പൂർണ്ണമായി രോഗനിർണ്ണയം നടത്തിയതിന്റെ രേഖകളുമായി സംസ്ഥാനത്തെ ഏറ്റവും പുരാതനവും പ്രസിദ്ധവുമായ മെഡിക്കൽ കോളേജിലെ സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗത്തിലേൽക്ക് റഫർ ചെയ്തു വരുമ്പോൾ, ആ രോഗി നേരിട്ട തിക്താനുഭവം ഒരിക്കലും അംഗീകരിക്കാൻ പറ്റുന്നതോ അനുവദിച്ചുകൊടുക്കാനാവുന്നതോ അല്ല.

വേണുവിന്
ജീവൻ നഷ്ടപ്പെട്ടതിന് നിരത്തുന്ന
കാരണങ്ങൾ വിശ്വാസയോഗ്യമാണോ?

ഹൃദയാഘാതത്തെ തുടർന്ന് നടത്തുന്ന പ്രൈമറി ആഞ്ചിയോപ്ലാസ്റ്റി ഇപ്പോൾ പല ആശുപത്രിയിലും 24 മണിക്കൂറിനുള്ളിൽ വരെ നടത്താറുണ്ട്. തുടക്കത്തിൽ 90 മുതൽ 120 മിനിറ്റിനുള്ളിൽ ചെയ്താൽ മാത്രമേ നല്ല ഫലം ലഭിക്കൂ എന്നായിരുന്നു പഠിപ്പിച്ചിരുന്നത്. പക്ഷെ നമ്മുടെ സാഹചര്യത്തിൽ പല കാരണങ്ങളാൽ അത്ര എളുപ്പം ആർക്കും ആശുപത്രിയിൽ എത്താനാവില്ല. അത് കണക്കാക്കിയാണ് ഇപ്പോൾ സമയപരിധിയിൽ മാറ്റം അനുവദിച്ചിട്ടുള്ളത്. ഇത് കണക്കിലെടുക്കുമ്പോൾ 24 മണിക്കൂർ കഴിഞ്ഞ് ആശുപത്രിയിൽവന്നതുകൊണ്ട് വേണുവിന് ആഞ്ചിയോഗ്രാഫിയും ആ ഞ്ചിയോപ്ലാസ്റ്റിയും ചെയ്താലും ഗുണം അത്രക്കുണ്ടാവില്ല, അതുകൊണ്ട് വേണ്ട എന്നാണ് തീരുമാനിച്ചത്. പക്ഷെ സിന്ധു പറയുന്നത്, അവർ 24 മണിക്കറിനു വളരെ മുമ്പു തന്നെ ആശുപത്രിയിലെത്തി എന്നാണ്.

പിന്നെ ചൂണ്ടിക്കിട്ടിയത്, ക്രിയാറ്റിന്റെ പരിധിയാണ്. അത് വേണുവിന് 1.6 മില്ലി ഗ്രാം ആയിരുന്നു, അതുകൊണ്ട് ചെയ്യാൻ പറ്റുമായിരുന്നില്ല എന്നതാണ് വാദം. പക്ഷെ ആ പ്രതിരോധം ദുർബ്ബലമാണ്.

നമ്മൾ പുതിയ കാത്ത് ലാബുകൾ വാങ്ങിക്കൂട്ടുന്നു. സ്റ്റെന്റ് വാങ്ങിയ തിന്റെ കടം വീട്ടാതെ നാണക്കേടുമായി തല കുനിച്ചു നിൽക്കുന്നു.

കഴിഞ്ഞമാസം നടന്ന ഹൃദ്രോഗ വിദഗ്ദ്ധരുടെ സംസ്ഥാന സമ്മേളനത്തിലെ ഒരു പ്രധാന ചർച്ച, ക്രിയാറ്റിനിൻ കൂടിയ രോഗികളിൽ ആഞ്ചിയോഗ്രാമും പ്ലാസ്റ്റിയും ചെയ്യുന്നതിനെ കുറിച്ചും അങ്ങനെയുള്ളവരിൽ ചെയ്യുമ്പോൾ നടത്തേണ്ട മുൻകരുതലുകളെക്കുറിച്ചും അത്തരത്തിൽ ചെയ്തപ്പോഴുണ്ടായ അനുഭവത്തെ കുറിച്ചുമായിരുന്നു.

എക്കോ ആദ്യ ദിവസം ചെയ്തിരുന്നെങ്കിൽ ഹൃദയത്തിന്റെ പമ്പിങ്ങിനുണ്ടായിരുന്ന കുറവ് മനസ്സിലാക്കി അതിനുവേണ്ട മരുന്നുകൾ നേരത്തെ നൽകാമായിരുന്നു. അത് ചെയ്‌തിരുന്നെങ്കിൽ മരണ കാരണമായി പറയുന്ന ശ്വാസകോശത്തിലെ നീർക്കെട്ട് (പൾമനറി എഡിമ) ഒഴിവാക്കാമായിരുന്നു. എതായാലും ഇനി പ്രസക്തമല്ലാത്ത ആ ചർച്ച കൊണ്ട് നഷ്ടപ്പെട്ട ജീവൻ തിരിച്ചുകിട്ടാൻ പോവുന്നില്ല.

കേരളത്തിലെ ആരോഗ്യരംഗവും
മെഡിക്കൽ കോളേജുകളും
നേരിടുന്ന പ്രശ്നങ്ങൾ

നമ്മുടെ ഗ്രാമാന്തരങ്ങളിലെയും താലൂക്കുകളിലെയും ആശുപത്രികളുടെ കാര്യങ്ങൾ വ്യത്യസ്തമാണെങ്കിൽ പോലും മെഡിക്കൽ കോളേജിന്റെ വളപ്പുകളിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ അവിടെ പണ്ട് പഠിച്ചിറങ്ങിയ വർക്കുപോലും സ്ഥലകാലഭ്രമം ഉണ്ടാക്കുന്ന വിധം കണ്ണഞ്ചിപ്പിക്കുന്നതാണ്. അതോടൊപ്പമാണ് നാം കുറെനാളായി കണ്ടുവരുന്ന ആരോഗ്യ മേഖലയിലെയും മെഡിക്കൽ കോളേജുകളിലെയും കെടുകാര്യസ്ഥത വിലയിരുത്തേണ്ടത്.

നാട്ടിൻപുറങ്ങളിലെ പല ആശുപത്രികളിലും പ്രാഥമിക ചികിത്സ പോലും ശരിയായി നടക്കാത്തതിൽ നാട്ടുകാർ വിലപിക്കുമ്പോഴും താലൂക്ക്- ജില്ലാ ആശുപത്രികളിൽ അടിസ്ഥാന കാര്യങ്ങളിൽ വലിയ കുറവുള്ളപ്പോഴുമാണ്, മെഡിക്കൽ കോളേജിൽ ഹൃദയം മാറ്റിവക്കുന്ന, ശ്വാസകോശം മാറ്റിവെക്കുന്ന അപൂർവ്വ ശസ്ത്രക്രിയകൾ ചെയ്ത് നാം ആഘോഷിക്കുന്നത്.

കാത്തുലാബും എം.ആർ. ഐ സ്കാനും വാങ്ങിക്കൂട്ടുമ്പോഴും സ്പെഷ്യാലിറ്റി ബ്ലോക്കുകൾ പണി പൂർത്തിയാക്കുമ്പോഴും നാം അഭിമുഖീകരിക്കുന്ന വലിയ ഒരു വെല്ലുവിളി, നമുക്ക് ആവശ്യം വേണ്ട ഡോക്ടർമാർ സർക്കാർ മെഡിക്കൽ മേഖല ഉപേക്ഷിക്കുന്നു എന്ന പച്ചയായ സത്യമാണ്. പി എസ് സി ലിസ്റ്റിലുള്ളവർ പോലും തങ്ങൾക്ക് കാത്തിരുന്നു ലഭിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നില്ല.

അവർ പറയുന്ന കാര്യം; ഞങ്ങൾ മൂന്നു നാലു വർഷം മുൻപ് അപേക്ഷിച്ചതാണ്, ഇപ്പോൾ ഭാര്യയും കുട്ടികളുമായി ഒരു കര പറ്റി, ഇപ്പോൾ ഒരുമാതിരി ഉറച്ച വേരുകൾ പറിച്ചുവരാൻ വലിയ പ്രയാസമാണ്, പി.ജി കഴിഞ്ഞിറങ്ങിയ സമയത്തായിരുന്നെങ്കിൽ നോക്കാമായിരുന്നു എന്നെല്ലാമാണ്.

ആരോഗ്യരംഗത്തെ നിലനിൽപ്പിനുള്ള മത്സരം വീക്ഷിക്കുന്ന ആർക്കും അവരെ കുറ്റപ്പെടുത്താനാവില്ല. പി എസ്‌ സി യിൽ, ആരോഗ്യ വിദ്യാഭ്യാസമേഖലയിലെ എങ്കിലും നിയമനങ്ങൾക്കു കുറച്ചുകൂടി വേഗത വരുത്തുകയോ മറ്റു മാർഗ്ഗങ്ങൾ സ്വീകരിക്കുകയോ ചെയ്യേണ്ട കാലം അതിക്രമിച്ചു. പി എസ്‌ സി നിയമനങ്ങളിലൂടെ എങ്ങാനും കയറിപ്പറ്റി കുറെ നാൾ ജോലി ചെയ്യുമ്പോൾ ഇവിടം ശരിയാവില്ല എന്നു കരുതി ജോലി ഉപേക്ഷിച്ചുപോകുന്നവരുടെ എണ്ണം ഊഹിക്കാൻ കഴിയുന്നതിലുമപ്പുറമാണ്. അവർക്കു തിരിച്ചുകയറാൻ മന്ത്രി കാലാവധി പ്രഖ്യാപിക്കുമ്പോൾ അവർ ഒന്നു തിരിഞ്ഞുനോക്കുന്നു പോലുമില്ല എന്നത് ഒരു പ്രതിഭാസമായി വേണം എടുക്കാൻ.

രോഗികളും ഡോക്ടർമാരും ജീവനക്കാരും പോവാൻ മടിക്കുന്ന സ്ഥലങ്ങളിൽ മേനിപറയാൻ വേണ്ടി മാത്രം മെഡിക്കൽ കോളേജ് തുടങ്ങുന്നു എന്നത് സർക്കാരിന്റെ ഹോബിയാണെന്നാണ് ഒരു ജൂനിയർ ഡോക്ടർ പറഞ്ഞ തമാശ. ഉള്ള മെഡിക്കൽ കോളേജ് പോലും നടത്താൻ വേണ്ട ജൂനിയർ ഡോക്ടറും ഫാക്കൽറ്റിയും അനുബന്ധ ജീവനക്കാരും ഇല്ലാത്തപ്പോൾ പോലും നമ്മുടെ പരി ഗണനകൾ അപ്രായോഗികമായിട്ടാണ് തുടരുന്നത്.

ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളിൽ കേന്ദ്ര ഗവൺമെന്റിന്റെ പ്രഖ്യാപനം കഴിഞ്ഞ് തുടങ്ങി 10 വർഷമായിട്ടുപോലും പണികൾ ഇഴഞ്ഞുനീങ്ങുന്ന എയിംസ് എന്ന ആകാശകുസുമത്തിന്റെ സ്ഥലം കണ്ടെത്താനും അനുമതി നേടാനുമായി നാം വഴക്ക് കൂടുന്നു.

പ്രമേഹത്തിന്റെ തലസ്ഥാനമായ നമ്മൾ യുവാക്കളിലെ ഹൃദ്രോഗത്തിലും വൃക്കരോഗത്തിലും പെട്ടന്നുള്ള മരണത്തിലും മുന്നിലെത്താൻ ആഞ്ഞു ശ്രമിക്കുന്നു.

കഴിഞ്ഞമാസം നടന്ന ഹൃദ്രോഗ വിദഗ്ദ്ധരുടെ സംസ്ഥാന സമ്മേളനത്തിലെ ഒരു പ്രധാന ചർച്ച, ക്രിയാറ്റിനിൻ കൂടിയ രോഗികളിൽ ആഞ്ചിയോഗ്രാമും പ്ലാസ്റ്റിയും ചെയ്യുന്നതിനെ കുറിച്ചും അങ്ങനെയുള്ളവരിൽ ചെയ്യുമ്പോൾ നടത്തേണ്ട മുൻകരുതലുകളെക്കുറിച്ചും അത്തരത്തിൽ ചെയ്തപ്പോഴുണ്ടായ അനുഭവത്തെ കുറിച്ചുമായിരുന്നു.

ലോകത്തെ ഏറ്റവും മുൻപന്തിയിലെ അനുഭസമ്പന്നരായ മുതിർന്ന ആരോഗ്യപ്രതിഭകൾ ലോകം 2050- ലേക്കു കുതിക്കുമ്പോൾ നിർമ്മിതബുദ്ധിയുടെ ഉപയോഗത്തിനും ജിനോം പഠനത്തിനും രോഗപ്രതിരോധത്തിനും രോഗ നിയന്ത്രണത്തിനുമുള്ള പ്രവർത്തനങ്ങൾക്കും വേണം മുൻഗണന നൽകേണ്ടത് എന്നാണ് ഓർമ്മിപ്പിക്കുന്നത്. നമ്മൾ അപ്പോഴും പുതിയ കാത്ത് ലാബുകൾ വാങ്ങിക്കൂട്ടുന്നു. സ്റ്റെന്റ് വാങ്ങിയ തിന്റെ കടം വീട്ടാതെ നാണക്കേടുമായി തല കുനിച്ചു നിൽക്കുന്നു.

വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ആവശ്യത്തിൽ കൂടുതൽ കാത്ത് ലാബുള്ള സ്ഥലമാണ് നമ്മുടെ കൊച്ചുകേരളം. ഭാവിയിലെ ഡോക്ടർമാരെ വാർത്തെടുക്കുന്ന മെഡിക്കൽ കോളേജുകളിൽ പോലും ആവശ്യത്തിനു ഫാക്കൽറ്റി ഇല്ലാത്തതുകൊണ്ട് രോഗികളെ ശരിക്ക് പരിശോധിക്കുക പോലും ചെയ്യാതെ ആഞ്ചിയോഗ്രാഫി ചെയ്യാനും സ്റ്റെന്റ് ഇടാനുമുള്ള നിർബ്ബന്ധത്തിന് വിധേയരാവുകയാണ് നമ്മുടെ ഹൃദ്രോഗ വിഭാഗത്തിലെ അദ്ധ്യാപകരും വകുപ്പ് മേധാവികളും. ഓരോ ദിവസവും അവർക്കു താങ്ങാൻ കഴിയുന്നതിലും കൂടുതൽ രോഗികളെ കണ്ടും ഓരോ പരിശോധനകൾ ചെയ്തും തീർക്കാനുണ്ടാവും. അതുകണ്ടാണ് അവരുടെ വിദ്യാർത്ഥികൾ അനുഭ വങ്ങൾ നേടുന്നതും പഠിക്കുന്നതും. അന്നത്തെ ലിസ്റ്റ് എങ്ങനെ എങ്കിലും തീർക്കാൻ കാത്ത് ലാബിലേക്കു ള്ള ഓട്ടത്തിനിടെയിലെ സമയക്കുറവു മൂലമാണ് അവർക്കു രോഗികളുടെ ശരീരം തൊട്ട് പരിശോധിച്ച് കാര്യങ്ങൾ മനസ്സിലാക്കി ബന്ധുക്കളോടു വിശദമായി രോഗവിവരങ്ങളും ചികിത്സയുടെ ഗുണദോഷങ്ങളും പറഞ്ഞു മനസ്സിലാക്കാനും രോഗപ്രതിരോധത്തിന്റെ പ്രാധാന്യം പറഞ്ഞുകൊടുക്കാനും ഒന്നും കഴിയാത്തത്.

ഭാവിയിലെ ഡോക്ടർമാരെ വാർത്തെടുക്കുന്ന മെഡിക്കൽ കോളേജുകളിൽ പോലും ആവശ്യത്തിനു ഫാക്കൽറ്റി ഇല്ലാത്തതുകൊണ്ട് രോഗികളെ ശരിക്ക് പരിശോധിക്കുക പോലും ചെയ്യാതെ ആഞ്ചിയോഗ്രാഫി ചെയ്യാനും സ്റ്റെന്റ് ഇടാനുമുള്ള നിർബ്ബന്ധത്തിന് വിധേയരാവുകയാണ് ഹൃദ്രോഗവിഭാഗത്തിലെ അദ്ധ്യാപകരും വകുപ്പ് മേധാവികളും.
ഭാവിയിലെ ഡോക്ടർമാരെ വാർത്തെടുക്കുന്ന മെഡിക്കൽ കോളേജുകളിൽ പോലും ആവശ്യത്തിനു ഫാക്കൽറ്റി ഇല്ലാത്തതുകൊണ്ട് രോഗികളെ ശരിക്ക് പരിശോധിക്കുക പോലും ചെയ്യാതെ ആഞ്ചിയോഗ്രാഫി ചെയ്യാനും സ്റ്റെന്റ് ഇടാനുമുള്ള നിർബ്ബന്ധത്തിന് വിധേയരാവുകയാണ് ഹൃദ്രോഗവിഭാഗത്തിലെ അദ്ധ്യാപകരും വകുപ്പ് മേധാവികളും.

ഭരണകർത്താക്കൾക്കും വിദ്യാഭ്യാസമുള്ളവർക്കും സാധാരണക്കാർക്കുമെല്ലാം രോഗങ്ങളെ കുറിച്ചുള്ള അറിവ് ഒരിക്കലും പൂർണ്ണമല്ല. ആരോഗ്യ വിദ്യാഭ്യാസ ത്തിനും ആരോഗ്യ പ്രതിരോധ പ്രവർത്തനത്തിനും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും ലഭിക്കുന്ന അറിവുകളും അതുപോലെ അപൂർണ്ണമാണ്. രോഗത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളും പരിഹാര മാർഗ്ഗങ്ങളും എന്താണെന്നറിയാതെ എല്ലാവരും തെറ്റിദ്ധരിക്കപ്പെടുന്നു. വ്യാപകമായ പരസ്യങ്ങളും തെറ്റായ അനുമാനങ്ങൾക്കും ഇടയാക്കുന്ന പ്രചാ രണങ്ങളും എല്ലാവരെയും വഴിതെറ്റിക്കുന്നു.

രോഗത്തെ സാമൂഹത്തിന്റെ മുന്നിൽ വിൽപ്പനച്ചരക്കാക്കുന്ന സാമ്പത്തികശക്തികളുടെയും വാണിജ്യതാൽപ്പര്യത്തിന്റെയും പിടിയിൽ നിന്ന് മോചിതരായി നാം ഒരു തിരിച്ചുപോക്കിനു തയ്യാറായെങ്കിൽ മാത്രമേ ആരോഗ്യരംഗത്ത് വേണുവിനുണ്ടായ അനുഭവം ആവർത്തിക്കാതിരിക്കുകയുള്ളു.


Summary: Dr. S Abdul Khader, revealed that Venu, who died at Thiruvananthapuram Medical College after a confirmed heart attack, passed away due to serious medical negligence.


ഡോ. എസ്‌. അബ്ദുൽ ഖാദർ

കോട്ടയം മെഡിക്കൽ ​കോളേിലെ കാർഡിയോളജി ഡിപ്പാർട്ടുമെന്റ് മേധാവിയും പ്രൊഫസറുമായിരുന്നു. കാർഡിയോളജിക്കൽ സൊസൈറ്റി കേരള ചാപ്റ്റർ, കേരള ഗവണ്മെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസി യേഷൻ എന്നിവയുടെ മുൻ സംസ്ഥാന അധ്യക്ഷൻ.

Comments