കൊറോണ ടെസ്റ്റ് ജനങ്ങളെ ഭയപ്പെടുത്തുന്നുണ്ടോ ?

"ടെസ്റ്റുകൾ ചികിത്സയിലും രോഗപ്രതിരോധത്തിലും ഒരു പങ്ക് വഹിക്കുന്നു എന്നെ ഉള്ളൂ. അതിനെ മാത്രം ആശ്രയിച്ചല്ല പ്രതിരോധപ്രവർത്തനങ്ങളിൽ പങ്കെടുക്കേണ്ടത്. സമൂഹമെന്ന വലിയ പരീക്ഷണ ശാലയിൽ വിജയിക്കാൻ ഓരോരുത്തരും കരുതലോടെ അതിൽ പങ്കെടുക്കണം. ഭയമല്ല, ഉത്തരവാദിത്വമാണ് നയിക്കേണ്ടത്.''

ലോക് ഡൗൺ തുടങ്ങിയിട്ട് ഇപ്പോൾ ഒരു മാസമാകുന്നു. ഈ മഹാവ്യാധി പ്രതിരോധിക്കാൻ ജനങ്ങൾ തയാറായി. സാമൂഹ്യമായ എല്ലാ പ്രവർത്തികളും മാറ്റി വച്ച് ഒറ്റക്കോ വീട്ടിനുള്ളിലോ ആഴ്ചകളായി നമ്മൾ കഴിഞ്ഞു കൂടുന്നു. മറ്റ് രാജ്യങ്ങളിൽ നിന്നും നമ്മുടെ ബന്ധുക്കളാരും എത്തുന്നില്ല. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് ഗണ്യമായി കുറക്കുകയും ചെയ്തു.
കൊറോണക്ക് ശേഷം ചൈനയിൽ നിന്നും പിന്നീട് ഗൾഫ് രാജ്യങ്ങളിൽ നിന്നും ആളുകൾ എത്തിയതോടോപ്പം നമ്മൾ ലാബ് പരിശോധനകളും ആരംഭിച്ചു. ആദ്യം പൂനയിലെ വൈറോളജി ലാബിലും പിന്നീട് ആലപ്പുഴയിലും പിന്നീട് കേരളത്തിൽ കൂടുതൽ ലാബുകളിലും പരിശോധന ആരംഭിച്ചു. രോഗലക്ഷണങ്ങളേക്കാൾ ആളുകൾക്ക് ലാബ് ടെസ്റ്റുകൾ പരിചിതമായതിന് കാരണം മാധ്യമങ്ങളിലൂടെ ദിവസവും ഫലങ്ങൾ എണ്ണി എണ്ണി പുറത്ത് വരുന്നതായിരിക്കണം.

രോഗത്തെക്കുറിച്ചും പരിശോധനയെക്കുറിച്ചും പ്രതിരോധത്തെക്കുറിച്ചുമുള്ള അറിവിനോടൊപ്പം ചില ആശങ്കകളും ആളുകൾക്കുണ്ടായിട്ടുണ്ട്. രോഗലക്ഷണങ്ങൾ തീരെ ഇല്ലാതിരിക്കുകയോ പനി, ചുമ, തൊണ്ടവേദന പോലെയുള്ള നിസ്സാര ലക്ഷണങ്ങൾ ഉണ്ടായിരിക്കുകയോ ആണ് ഇതിന്റെ സ്വഭാവം. പക്ഷെ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്കും പ്രായം കൂടിയവർക്കും മറ്റ് രോഗങ്ങൾ ബാധിച്ചവർക്കും ഇത് മാരകമായേക്കാം. പ്രായാധിക്യമുള്ളവർ കൂടുതലായുള്ള കേരളത്തിൽ വളരെ അധികം പേർ, ഈ സാഹചര്യത്തിൽ ആശുപത്രികളിൽ പ്രവേശിക്കാനുള്ള സാദ്ധ്യത മുന്നിൽ കണ്ട് അത് തടയാൻ ഉള്ള തയാറെടുപ്പ് കൂടിയാണ് പ്രതിരോധപ്രവർത്തനം. ഈ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൂടിയാണ് ടെസ്റ്റുകൾ ചെയ്യുന്നത്. ഇത് മനസ്സിലാക്കിയാൽ അനാവശ്യമായ ഭീതി ഒഴിവാക്കാം.

ലാബ് ടെസ്റ്റുകൾ എന്തിനെല്ലാം, ഏതു തരം എന്നൊക്കെ അറിയേണ്ടതുണ്ട്. ഏതു രോഗത്തിനായാലും പ്രധാനമായും പരിശോധനകൾ സഹായിക്കുന്നത് രണ്ടു കാര്യങ്ങൾക്കാണ്. ഒന്നാമത്, ചികിത്സിക്കുന്ന ഡോക്ടർക്ക് രോഗനിർണയത്തിന് സഹായകമായിട്ടാണ്. ഇത്, രോഗലക്ഷണത്തിന്റെ ചരിത്രത്തോടും ദേഹപരിശോധനയോടും ചേർത്ത് മനസ്സിലാക്കേണ്ടതാണ്. ലാബ് ടെസ്റ്റുകൾ മാത്രമായി രോഗനിർണയത്തിന് ഉപയോഗപ്പെടുത്തുന്നതിന് പരിമിതികളുണ്ട്. ഓരോ പരിശോധന രീതികൾക്കുമുള്ള വാലിഡിറ്റി (ആധികാരികത) വ്യത്യസ്തമായിരിക്കും. ഇതിനനുസരിച്ചാണ് എത്രത്തോളം ഇത് രോഗനിർണയത്തിന് ഉപയോഗിക്കാമെന്ന് തീരുമാനിക്കുക.

പ്രായാധിക്യമുള്ളവർ കൂടുതലായുള്ള കേരളത്തിൽ വളരെ അധികം പേർ, ഈ സാഹചര്യത്തിൽ ആശുപത്രികളിൽ പ്രവേശിക്കാനുള്ള സാദ്ധ്യത മുന്നിൽ കണ്ട് അത് തടയാൻ ഉള്ള തയാറെടുപ്പ് കൂടിയാണ് പ്രതിരോധപ്രവർത്തനം.

ടെസ്റ്റുകളുടെ രണ്ടാമത്തെ ഉപയോഗം സമൂഹത്തിലെ വ്യാപനം അറിയുകയും ഗവേഷണത്തിനായി അതുപയോഗപ്പെടുത്തുകയുമാണ്. ഇതിനുപയോഗിക്കുന്ന ടെസ്റ്റുകൾ വ്യത്യസ്തമായിരിക്കും. സാധാരണ പൂർണ്ണമായും ഉറപ്പില്ലാത്തതും എന്നാൽ, വിദൂര സാദ്ധ്യത എങ്കിലും ഉണ്ടെങ്കിൽ അറിയാൻ സാധിക്കുന്നതുമായ തരം ടെസ്റ്റുകൾ ആണ് ഇതിനായി ഉപയോഗിക്കുന്നത്. ഇതിന് സെൻസിറ്റിവിറ്റി (sensitivity) നന്നായി ഉണ്ടാകും. അതെ സമയം തെറ്റായ പോസിറ്റീവ് ഫലമുണ്ടാകാനുള്ള സാദ്ധ്യത ഇവക്ക് കൂടുതലാണ്. അവ വീണ്ടും കൂടുതൽ ആധികാരികമായ മറ്റൊരു പരിശോധനയിലൂടെ ഉറപ്പിച്ച് എടുക്കേണ്ടി വരും. ഒരു സമൂഹത്തിൽ ഒരു രോഗ വ്യാപനം എത്രത്തോളം ഉണ്ട് എന്നറിയുന്നതിനാണ് ഇത്തരം ടെസ്റ്റുകൾ സാധാരണ ഉപയോഗിക്കുന്നത്.
ആരോഗ്യ മേഖലയിൽ നയവും പദ്ധതിയും രൂപീകരിക്കുന്നതിനും ബഡ്ജറ്റ് പ്ലാൻ ചെയ്യുന്നതിനും ഈ ടെസ്റ്റുകൾ ഉപകരിക്കും. രോഗികൾക്ക് വ്യക്തിപരമായി ഇതുകൊണ്ട് വലിയ കാര്യമുണ്ടാവില്ല. പലപ്പോഴും ഈ വസ്തുതകൾ മനസ്സിലാക്കാതെയാണ് ആളുകൾ നേരെ ലാബുകളിൽ പോയി സ്വയം പരിശോധന ഒക്കെ നടത്തുന്നത്. ലാബ് പരിശോധന വിശകലനം ചെയ്ത് ഒരു നിഗമനത്തിൽ എത്താൻ വൈദഗ്ധ്യം ആവശ്യമാണ്. സ്വയം ആവശ്യപ്പെട്ട് പരിശോധന നടത്തുന്നത് തെറ്റായ നിഗമനത്തിൽ ആളുകളെ എത്തിക്കാറുണ്ട്.

കോവിഡിന്റെ കാര്യത്തിൽ ഇപ്പോൾ പല ആശയക്കുഴപ്പങ്ങളും ഉണ്ടായിട്ടുള്ളതും ടെസ്റ്റുകളുടെ ഉപയോഗം ശരിയായി മനസ്സിലാക്കാത്തതുകൊണ്ടാണ്. ചിലർ സ്വയം സംശയം തോന്നി പരിശോധന നടത്തണമെന്ന് ആവശ്യപ്പെടാറുണ്ട്. പരിശോധന നടത്തി നമുക്ക് ഈ രോഗം ഇല്ലെന്ന് ഉറപ്പിക്കാനാവും എന്ന് കരുതിയാണിത്. എന്നാലിത് വ്യാജമായ ഒരു സുരക്ഷിത ബോധമായിരിക്കും ചിലപ്പോൾ നൽകുന്നത്. 100 ശതമാനം ശരിയായ ഫലം ഇതിലൂടെ ലഭിക്കില്ല. ഇപ്പോൾ ലഭ്യമായിട്ടുള്ളത് RT PCR പരിശോധനയാണ്. വൈറസിന്റെ ഭാഗമായ RNA പെരുപ്പിച്ചാണ് ഇതിന്റെ നിർണ്ണയം നടത്തുന്നത്. ഏതാണ്ട് 70 ശതമാനം മാത്രം ആണ് ഈ ടെസ്റ്റിന്റെ സെൻസിറ്റിവിറ്റി. അതായത്, രോഗികളായ എല്ലാവരെയും രോഗമുള്ള അവസരത്തിൽ തന്നെ കണ്ടെത്താൻ കഴിയില്ല.

രോഗമുണ്ടാകാനുള്ള സാഹചര്യവും രോഗലക്ഷണങ്ങളും ഒക്കെ കണക്കിലെടുത്ത് കൊണ്ട് മാത്രമേ രോഗം നിർണ്ണയിക്കാൻ കഴിയുകയുള്ളൂ.

ഈ ടെസ്റ്റിന്റെ ഫലത്തിന്റെ ശതമാനം ക്രമേണ കുറഞ്ഞു വരുകയും ചെയ്യും. അണുബാധ ഉണ്ടായി ആഴ്ചകൾ കഴിയുമ്പോഴേക്കും ഫലം പോസിറ്റീവ് ആകാനുള്ള സാദ്ധ്യത കുറഞ്ഞു വരുന്നു. എന്നാൽ, വൈറസിന്റെ കണികകൾ തുടർന്നും ശരീരത്തിൽ ഉണ്ടാകാമെന്നത് കൊണ്ട് 30 ദിവസത്തിലധികം ആയാലും പോസിറ്റീവ് ആയ ഫലം കിട്ടുന്നുണ്ട്. ഇത് ജീവനുള്ള വൈറസ് ഉണ്ടാകുന്നത് കൊണ്ടാകണമെന്നില്ല. അത് കൊണ്ട് തന്നെ ഈ സമയത്ത് രോഗം മറ്റുള്ളവരിലേക്ക് പകരാനുള്ള സാദ്ധ്യതയും വിരളമാണ്. രോഗാണു ശരീരത്തിൽ പ്രവേശിച്ച് ഏകദേശം അഞ്ച് ദിവസം കഴിഞ്ഞാണ് രോഗലക്ഷണങ്ങൾ പ്രകടമാവുക. ഈ സമയത്തോ അതിന് തൊട്ടു മുൻപോ പരിശോധിക്കുന്നതാണ് രോഗ പ്രതിരോധത്തിന് സഹായകമാവുന്നത്. ഈ സമയത്താണ് അണുക്കൾ മറ്റുള്ളവരിലേക്ക് പകർന്ന് രോഗമുണ്ടാക്കുന്നത്. അങ്ങനെ കണ്ടെത്തുന്നവരെ ഐസൊലേഷൻ ചെയ്ത് മറ്റുള്ളവരിലേക്ക് പകരാതെ നോക്കണം.

ഒരാഴ്ച കഴിയുമ്പോഴേക്കും ശരീരത്തിൽ ആന്റി ബോഡികളുണ്ടാകും . ഐ ജി എം (IgM) എന്ന ആന്റി ബോഡിയാണ് ഈ സമയത്തുണ്ടാവുക. ഈ ഘട്ടത്തിൽ പി.സി. ആർ ടെസ്റ്റും ഐ ജി എം ആന്റി ബോഡി ടെസ്റ്റും പോസിറ്റിവാകും. രോഗാണു ബാധ തുടരുന്നതായാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത്. രണ്ടാമത്തെ ആഴ്ചയോടെ ഐ.ജി.ജി (IgG)ആന്റി ബോഡി ഉണ്ടാവും. ക്രമേണ ഐ. ജി. എം അപ്രത്യക്ഷമാവുകയും ഐ.ജി. ജി മാത്രം അവശേഷിക്കുകയും ചെയ്യും. ഇത് മാത്രം പോസിറ്റീവ് ആകുമ്പോൾ അതിൽ നിന്ന് മനസ്സിലാക്കാവുന്നത്, ഈ ആളിന് നേരത്തെ രോഗം ഉണ്ടായി എന്നും ഇപ്പോൾ അതിൽ നിന്നും മോചനം നേടി എന്നുമാണ്. വ്യത്യസ്ത ഘട്ടത്തിൽ വ്യത്യസ്ത ടെസ്റ്റുകൾ രോഗാവസ്ഥ മനസ്സിലാക്കാൻ സഹായിക്കും.

ആന്റി ബോഡി ടെസ്റ്റുകളുടെ അഭാവത്തിൽ പി സി ആർ തന്നെ ഉപയോഗപ്പെടുത്തി വൈറസിന്റെ സാന്നിദ്ധ്യം സമൂഹത്തിൽ ഉണ്ടോ അല്ലെങ്കിൽ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുന്നതിൽ തെറ്റില്ല. അത്തരത്തിൽ വ്യാപകമായ പരിശോധന കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നടത്തിയിട്ടുണ്ട്.

എന്നാൽ, ഉപയോഗപ്രദമായ ആന്റി ബോഡി ടെസ്റ്റുകളൊന്നും ഇപ്പോൾ ലഭ്യമല്ല. എന്നാൽ, ഈ ടെസ്റ്റുകളില്ലെന്നു കരുതി നമ്മുടെ ചികിത്സയിലോ രോഗപ്രതിരോധ പ്രവർത്തനത്തിലോ ഒരു മാറ്റവും വരുന്നില്ല. ഈ ടെസ്റ്റുകളെല്ലാമുണ്ടെങ്കിൽ രോഗവ്യാപന സ്വഭാവത്തെ കുറിച്ച് കൂടുതൽ മനസിലാക്കാമെന്ന് മാത്രം. മറ്റുള്ള സ്ഥലങ്ങളിൽ നടക്കുന്ന ഗവേഷണങ്ങളിൽ നിന്ന് നമുക്ക് വസ്തുതകൾ മനസ്സിലാക്കുകയും ചെയ്യാം.
ആന്റി ബോഡി ടെസ്റ്റുകളുടെ അഭാവത്തിൽ പി സി ആർ തന്നെ ഉപയോഗപ്പെടുത്തി വൈറസിന്റെ സാന്നിദ്ധ്യം സമൂഹത്തിൽ ഉണ്ടോ അല്ലെങ്കിൽ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുന്നതിൽ തെറ്റില്ല. അത്തരത്തിൽ വ്യാപകമായ പരിശോധന കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നടത്തിയിട്ടുണ്ട്. ലോക് ടൗണിന് ശേഷം നേരത്തെ പുറം രാജ്യങ്ങളിൽ നിന്ന് വന്നിട്ടുള്ളവരെ പരിശോധിച്ചപ്പോൾ പോസിറ്റിവ് ആയ കുറെ പേരെ കണ്ടെത്തി. അവരുടെ ഏറ്റവും അടുത്തവരിലും കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ നേരത്തെ രോഗാണുബാധ ഉണ്ടായിരിക്കാനും ഇപ്പോഴും അണുക്കളുടെ അംശം ഉണ്ടായിരിക്കാനുമാണ് സാധ്യത. ആദ്യ ഘട്ട പരിശോധനകളിൽ പോസിറ്റീവായ കൂടുതൽ പേർക്കും ലക്ഷണങ്ങൾ ഉണ്ടായിരുന്നപ്പോൾ പിന്നീട് വന്നവർക്കെല്ലാം ലക്ഷണങ്ങളില്ലാതിരിക്കുന്നതാണ് കണ്ടത്. ഈ നിരീക്ഷണം മുൻപ് പറഞ്ഞ കാര്യത്തിന് ബലം നൽകുന്നതാണ്. എന്നാൽ, ഇത് പൂർണ്ണമായും ഉറപ്പാക്കണമെങ്കിൽ മറ്റു ടെസ്റ്റുകൾ കൂടി ആവശ്യമാണ്. വൈറൽ കൾച്ചർ (Viral culture), ആന്റിജെനിക് (Antigenic) ടെസ്റ്റുകൾ ഒക്കെ ഇതിന് സഹായിക്കും. ഇപ്പോൾ സമൂഹത്തിലെ വ്യാപനം മനസ്സിലാക്കാനും പി. സി. ആർ ടെസ്റ്റ് ഉപയോഗിക്കുന്നു. രോഗമുണ്ടാകാൻ സാദ്ധ്യതയുള്ള വ്യത്യസ്ത വിഭാഗങ്ങളിലും സാദ്ധ്യതയില്ലാത്ത തെരഞ്ഞെടുക്കപ്പെട്ടവരിലും നിന്നും സാമ്പിളുകൾ എടുത്താണ് ഇത് ചെയ്യുന്നത്.

മനസ്സിലാക്കേണ്ട കാര്യം, ടെസ്റ്റുകൾ കൊണ്ട് മാത്രം രോഗികളെന്ന നിലക്കോ രോഗം ബാധിക്കാനിടയുള്ളവരെന്ന നിലക്കോ ആശങ്കയോ സമാധാനമോ ഉണ്ടാകേണ്ടതില്ല എന്നതാണ്. ടെസ്റ്റുകൾ കൂടുതലും ഉപയോഗപ്പെടുന്നത് ഗവേഷണത്തിനാണ്. കൃത്യതയുള്ള ടെസ്റ്റുകളും ഫലപ്രദമായ മരുന്നുകളും ചികിത്സക്ക് സഹായകമാവും. എന്നാൽ, അതിന്റെ ഉപയോഗവും ചികിത്സകരെ സഹായിക്കാനുള്ളതാണ്.

ടെസ്റ്റുകൾ ചികിത്സയിലും രോഗപ്രതിരോധത്തിലും ഒരു പങ്ക് വഹിക്കുന്നു എന്നെ ഉള്ളൂ. അതിനെ മാത്രം ആശ്രയിച്ചല്ല പ്രതിരോധപ്രവർത്തനങ്ങളിൽ പങ്കെടുക്കേണ്ടത്. സമൂഹമെന്ന വലിയ പരീക്ഷണ ശാലയിൽ വിജയിക്കാൻ ഓരോരുത്തരും കരുതലോടെ അതിൽ പങ്കെടുക്കണം. ഭയമല്ല, ഉത്തരവാദിത്വമാണ് നയിക്കേണ്ടത്.


Summary: "ടെസ്റ്റുകൾ ചികിത്സയിലും രോഗപ്രതിരോധത്തിലും ഒരു പങ്ക് വഹിക്കുന്നു എന്നെ ഉള്ളൂ. അതിനെ മാത്രം ആശ്രയിച്ചല്ല പ്രതിരോധപ്രവർത്തനങ്ങളിൽ പങ്കെടുക്കേണ്ടത്. സമൂഹമെന്ന വലിയ പരീക്ഷണ ശാലയിൽ വിജയിക്കാൻ ഓരോരുത്തരും കരുതലോടെ അതിൽ പങ്കെടുക്കണം. ഭയമല്ല, ഉത്തരവാദിത്വമാണ് നയിക്കേണ്ടത്.''


Comments