ഡോ. ബി ഇക്ബാൽ

ജീവിതത്തിലെ ഏറ്റവും ക്രിയാത്മക കാലം

ഒരു ജനകീയാരോഗ്യ പ്രവർത്തകൻ എന്ന നിലയിൽ കോവിഡ് വ്യാപനം എന്നിൽ വലിയ മാനസിക സംഘർഷമുണ്ടാക്കുന്നുണ്ട്

കോവിഡ് പോലുള്ള ഒരു മഹാമാരിയെ ആദ്യമായിട്ടാണ് ഇപ്പോഴുള്ള തലമുറകളിലുള്ളവർ അഭിമുഖീകരിക്കുന്നത്. മാത്രമല്ല കോവിഡ് ഒരു പുതിയ വൈറസുണ്ടാക്കുന്ന പുതിയൊരു രോഗവുമാണ്. രോഗത്തിന്റെ സ്വഭാവത്തെ പറ്റി നിരന്തരം പുതിയ വിവരങ്ങളാണ് ലഭിച്ച് വരുന്നത്. ഇക്കാര്യത്തിൽ ഒരു തുറന്ന ശാസ്തീയ സമീപനം സ്വീകരിക്കുക മാത്രമാണ് അഭിലഷണീയം. പുതിയ വിവരങ്ങൾ ലഭിക്കുന്നതനുസരിച്ച് പുതിയ സമീപനങ്ങൾ സ്വീകരിക്കേണ്ടിവരും. എങ്കിലും ചിലകാര്യങ്ങളിൽ ഇപ്പോൾ തന്നെ വ്യക്തതയുണ്ട്. കോവിഡിനെ തടയാൻ മാസ്‌ക് ധാരണം, ശരീര ദൂരം പാലിക്കൽ, കൈകഴുകൽ തുടങ്ങിയ സാമൂഹ്യ വാക്‌സിൻ (Socical Vaccine) എന്ന് വിശേഷിപ്പിക്കാറുള്ള ഫലപ്രദമായ പ്രതിരോധ മാർഗങ്ങൾ ഉണ്ട്. കോവിഡിനു പ്രത്യേകമായ ചികിത്സകളില്ലെങ്കിലും ഇത്തരം ഔഷധേതര മാർഗങ്ങൾ (Non Pharmacological Measures) വഴി രോഗത്തെ പ്രതിരോധിക്കാനാവും മരണനിരക്കും കുറവാണ്. അങ്ങനെ നോക്കുമ്പോൾ അമിതഭയം ആവശ്യമില്ലാത്ത രോഗമാണ് കോവിഡ്. ഇപ്പോഴിതാ വാക്സിനും എത്തിക്കഴിഞ്ഞു.

എന്നാൽ, ഏത് മഹാമാരിയും സമ്പദ്ഘടനയെ നിശ്ചലമാക്കും. അതിന്റെ ദുരിതം കൂടുതലും അനുഭവിക്കേണ്ടിവരുന്നത് സാധാരണക്കാരും പ്രാന്തവൽക്കരിക്കപ്പെട്ടവരുമാണ്. മഹാമാരികളുടെ ചരിത്രം ദുർബല ജനവിഭാഗങ്ങളെയാണ് ഏറ്റവും പ്രതികൂലമായി ബാധിക്കുന്നതെന്ന് പഠിപ്പിക്കുന്നുണ്ട്. കോവിഡ് കാലത്തും അങ്ങിനെ തന്നെയാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്. മഹാമാരി ഒഴിഞ്ഞ് പോയാലും ഇവരുടെ ജീവിതം സാധാരണനിലയിലെത്തുക അത്ര എളുപ്പമല്ല. ഇതെല്ലാം പരിഗണിക്കുമ്പോൾ കോവിഡ് കാലം ഒരു ജനകീയാരോഗ്യ പ്രവർത്തകൻ എന്ന നിലയിൽ എന്നിൽ വലിയ മാനസിക സംഘർഷമുണ്ടാക്കുന്നുണ്ട്. അതേയവസരത്തിൽ ഒരു വ്യക്തിയെന്ന നിലയിൽ മാറ്റി വച്ച പലകാര്യങ്ങളും, പ്രത്യേകിച്ച് വായനയും എഴുത്തും കലാപ്രവർത്തനങ്ങളും, സാക്ഷാത്ക്കരിക്കാനുള്ള ഒരവസരമായി കോവിഡ് കാലം പ്രയോജനപ്പെടുത്താൻ കഴിയുന്നുമുണ്ട്. ഈയൊരു വൈരുദ്ധ്യം ജീവിതത്തിലുണ്ടാകുന്നുണ്ട്.

ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്കൊപ്പം ഡോ.ബി. ഇക്ബാൽ
ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്കൊപ്പം ഡോ.ബി. ഇക്ബാൽ

ഒരു ഡോക്ടർ എന്ന നിലയിൽ നോക്കുമ്പോൾ മറ്റൊരു യാഥാർത്ഥ്യവും മനസ്സിലാക്കാൻ കഴിയുന്നുണ്ട്. വൈദ്യസമൂഹം എപ്പോഴും രോഗത്തെ (പകർച്ചവ്യാധികളെയും പകർച്ചേതര രോഗങ്ങളെയും) എറ്റവും അടുത്ത് ബന്ധപ്പെട്ടും അഭിമുഖീകരിച്ചുമാണ് അവരുടെ ചുമതല നിർവഹിച്ചുവരുന്നത്. അതുകൊണ്ട് തന്നെ അവരിൽ ഭൂരിപക്ഷം പേരും രോഗിചികിത്സയിൽ ആമഗ്‌നരാവുകയും രോഗികളോട് ആർദ്രത നിലനിർത്തുകയും ചെയ്തുകൊണ്ട് രോഗാവസ്ഥയോട് ഒരുതരത്തിലുള്ള നിസ്സംഗ സമീപനം (Detachment) വളർത്തിയെടുത്തിട്ടുണ്ട്. കോവിഡിനു മുമ്പുള്ള സമാധാന കാലമെടുത്താൽ പ്രത്യേകമായ യാതൊരു മുൻ കരുതലുമെടുക്കാതെയാണ് പലതരത്തിലുള്ള പകർച്ചാ സാധ്യതയുള്ള രോഗികളുമായി പോലും ആരോഗ്യപ്രവർത്തകർ ഇടപഴകുന്നത്. അടുത്തകാലത്താണ് രോഗാണുസംക്രമണം തടയുന്നതിനുള്ള ബാരിയർ നഴ്‌സിംഗ് (Barrier Nursing) രീതികളും രോഗാണു സംക്രമണ നിയന്ത്രണവും (Infection Control) മറ്റും, രോഗാണുക്കൾ ആന്റിബയോട്ടിക്ക് പ്രതിരോധം (Anti Microbial Resistance: AMR) വളർത്തിയെടുക്കുന്നത് തടയാനുദ്ദേശിച്ച് ശക്തിപ്പെടുത്തിയത്. അതിന്റെ ഗുണം ഡോക്ടർമാർ, നഴ്സുമാർ തുടങ്ങിയ ആരോഗ്യപ്രവർത്തകർക്കും ലഭിക്കുന്നുണ്ട്.

പല പ്രധാന ആശുപത്രികളും കോവിഡ് മാത്രം ചികിത്സിക്കുന്ന ആശുപത്രികളായി മാറിയിട്ടുണ്ട്. അവിടെ മാത്രമല്ല മറ്റാശുപത്രികളിലും കോവിഡേതര രോഗങ്ങൾ (Non-Covid Disease) പലതും ചിത്സിക്കാൻ കഴിയുന്നില്ല. ഇത് രോഗികൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകളിലും ഭാവിയിൽ ഇതുണ്ടാക്കാനിടയുള്ള വർധിച്ച രോഗാതുരതയിലും (Morbidity) ഡോക്ടർമാർ വളരെ അസ്വസ്ഥരാണ്.

കോവിഡ് ആശുപത്രികളിൽ പി.പി.ഇയും (PPE: Personal Protection Equipment) മറ്റും ധരിച്ചാണ് ആരോഗ്യപ്രവർത്തകർ ചുമതല നിർവഹിക്കുന്നത്. എന്നാൽ മറ്റ് ചികിത്സാലയങ്ങളിൽ പരിമിതമായ രോഗപ്രതിരോധ നടപടികൾ മാത്രമാണ് സ്വീകരിച്ചുവരുന്നത്. സ്വാഭാവികമായും ആരോഗ്യപ്രവർത്തകരിലേക്ക് വർധിച്ച തോതിൽ രോഗം പകരുന്നുണ്ട്. പലരും മരണമടയുന്നുമുണ്ട്. വൈദ്യസമൂഹം അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്‌നമാണമാണിത്. എന്നാൽ ഇതിനോട് വൈകാരികമായി വൈദ്യസമൂഹം പ്രതികരിക്കാറില്ല. ഒരു തരത്തിലുള്ള തൊഴിൽജന്യ അപകടസാധ്യതയായിട്ടാണ് (Occupational Hazard) പൊതുവിൽ ആരോഗ്യപ്രവർത്തകർ അവർക്കുണ്ടാകുന്ന രോഗബാധയെയും മരണത്തെയും കാണുന്നത്. കോവിഡ് ബാധിതരാകുന്നുണ്ടെങ്കിലും ആരോഗ്യപ്രവർത്തകർ ഒരു തരത്തിലുള്ള വേട്ടയാടൽ ഭയത്തിന് (Persecution Mania) അടിമകളാകുന്നില്ലെന്നത് ആശ്വാസകരമാണ്. ഇതെല്ലാം പരിഗണിച്ചാണ് കോവിഡ് വാക്‌സിൻ ആരോഗ്യപ്രവർത്തകർക്ക് ആദ്യം നൽകുന്നത്.

കോവിഡ് കാലത്ത് ഡോക്ടർമാർ രോഗി ചികിത്സയുമായി ബന്ധപ്പെട്ട് മറ്റൊരു പ്രധാന പ്രതിസന്ധി അഭിമുഖീകരിക്കുന്നുണ്ട്. പല പ്രധാന ആശുപത്രികളും കോവിഡ് മാത്രം ചികിത്സിക്കുന്ന ആശുപത്രികളായി മാറിയിട്ടുണ്ട്. അവിടെ മാത്രമല്ല മറ്റാശുപത്രികളിലും കോവിഡേതര രോഗങ്ങൾ (Non-Covid Disease) പലതും ചിത്സിക്കാൻ കഴിയുന്നില്ല. ഇത് രോഗികൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകളിലും ഭാവിയിൽ ഇതുണ്ടാക്കാനിടയുള്ള വർധിച്ച രോഗാതുരതയിലും (Morbidity) ഡോക്ടർമാർ വളരെ അസ്വസ്ഥരാണ്.

ഇൻഫർമേഷൻ ഓവർ ലോഡ്, ഓവർ കില്ല്

ഇന്റർനെറ്റ് കാലത്ത് കോവിഡിനെക്കുറിച്ചറിയാൻ ഒട്ടനവധി സ്രോതസുകളുണ്ട്. വിദഗ്ധർ പങ്കെടുക്കുന്ന ധാരാളം വെബിനാറുകൾ സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഇവയിൽ നിന്നെല്ലാം ധാരാളം വിവരങ്ങൾ അക്ഷരാർത്ഥത്തിൽ ഓരോ നിമിഷവും ലഭിച്ചുവരികയാണ്. ഒരു തരത്തിലുള്ള ഇൻഫർമേഷൻ ഓവർ ലോഡും (Information Overload) ഓവർ കില്ലുമുണ്ടെന്ന് (Over Kill) പറയാം. ഞാൻ പ്രധാനമായും ലോകാരോഗ്യ സംഘടന, സെന്റർ ഫോർ ഡിസീസ് കൺട്രോൾ (Centre for Disease Control), നേച്ചർ, ബ്രിട്ടീഷ് മെഡിക്കൽ ജേർണൽ, ജാമ (JAMA), ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിൻ (New England Journal Of Medicine), ലാൻസെറ്റ് തുടങ്ങിയ സ്രോതസ്സുകളെയാണ് ആശ്രയിച്ച് വരുന്നത്. പ്രധാനപ്പെട്ട വിവരങ്ങൾ പങ്കിടുന്ന പല ഗ്രൂപ്പുകളിലും അംഗവുമാണ്. ഇങ്ങനെ ദിനം പ്രതി കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുതുതായിട്ട് വിവിധ രാജ്യങ്ങളിൽ സമാഹരിക്കപ്പെടുന്ന വിവരങ്ങളും പഠനങ്ങളും സ്വാംശീകരിക്കാൻ കഴിയുന്നുണ്ട്.

ഡോ. ബി. ഇക്ബാൽ ഇന്ത്യൻ അസോസിയേഷൻ ഓഫ് പ്രിവന്റീവ് ആന്റ് സോഷ്യൽ മെഡിസിൻ കേരള ചാപ്റ്റർ സംഘടിപ്പിച്ച വെബിനാറിൽ.
ഡോ. ബി. ഇക്ബാൽ ഇന്ത്യൻ അസോസിയേഷൻ ഓഫ് പ്രിവന്റീവ് ആന്റ് സോഷ്യൽ മെഡിസിൻ കേരള ചാപ്റ്റർ സംഘടിപ്പിച്ച വെബിനാറിൽ.

മഹാമാരികൾ മിക്കവയും നമുക്ക് പരിചിതമാണെങ്കിലും (പ്ലേഗ്, വസൂരി, എയ്ഡ്‌സ്) അവയെക്കുറിച്ച് ആഴത്തിലുള്ള വിവരവും വിജ്ഞാനവും മെഡിക്കൽ പഠനകാലത്ത് വേണ്ടത്ര ലഭിച്ചിട്ടില്ലെന്ന് കോവിഡ് കാലത്ത് ബോധ്യമായി. മഹാമാരികൾ ആരോഗ്യ പ്രശ്‌നങ്ങൾ മാത്രമല്ല സാമൂഹ്യ- സാമ്പത്തിക, സാംസ്‌കാരിക, എന്തിന് ആത്മീയ പ്രശ്‌നങ്ങൾ കൂടി സൃഷ്ടിക്കുന്നുണ്ട്. വിവിധ ജനവിഭാഗങ്ങളെ വ്യത്യസ്ത നിലയിലാണ് രോഗം ബാധിക്കുന്നത്. മനുഷ്യരാശിയുടെ ചരിത്രം തന്നെ മഹാമാരികൾ മാറ്റിയെഴുതിയിട്ടുണ്ട്. മഹാമാരികളുടെ ശാസ്ത്രം മാത്രമല്ല, സാമൂഹ്യശാസ്ത്രവും, ചരിത്രവുമെല്ലാം വളരെ വിശദമായി പഠിക്കേണ്ടതുണ്ട്. എന്നാൽ കേവലമായ ശാസ്ത്രീയ വിവരങ്ങൾക്ക് പുറമേ കോവിഡിന്റെ സാമൂഹ്യാ‍രോഗ്യപരമായ വശങ്ങൾ കൂടി പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ട്. മെഡിക്കൽ കോളേജുകളിൽ കൂടുതൽ ആഴത്തിൽ മഹാമാരികളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് കൂടുതലായി പഠിപ്പിക്കേണ്ടതുണ്ടെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. മഹാമാരികളെ സംബന്ധിച്ചുള്ള പാഠപുസ്തകങ്ങൾ സിലബസിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ഞാനിപ്പോൾ മഹാമാരികളെ കുറിച്ച് ഒരു പുസ്തകം (മഹാമാരികൾ: പ്ലേഗ് മുതൽ കോവിഡ് വരെ: ചരിത്രം, ശാസ്ത്രം, അതിജീവനം) എഴുതികൊണ്ടിരിക്കുകയാണ്. അതിൽ കോവിഡ് അടക്കമുള്ള മഹാമാരികളുടെ സാമൂഹ്യപ്രത്യാഘാതങ്ങൾ കൂടി ചർച്ചചെയ്യുന്നുണ്ട്..

മഹാമാരി സാഹിത്യങ്ങളുടെ വായന

കോവിഡ് ആരംഭിച്ചപ്പോൾ തന്നെ മഹാമാരികളെ കുറിച്ച് എനിക്കുള്ള അറിവ് വളരെ പരിമിതമാണെന്ന് ബോധ്യപ്പെട്ടു. അതിവേഗം മഹാമാരികളെ സംബന്ധിച്ചുള്ള നിരവധി പുസ്തകങ്ങൾ തേടിപ്പിടിച്ച് വായിച്ച് തുടങ്ങി. ഇതൊന്നും

ഇതുവരെ വായിക്കാൻ കഴിയാതെ പോയതിൽ ഖേദം തോന്നിയെങ്കിലും എന്റെ വായന ജീവിതത്തിൽ ഇത്രത്തോളം ആവേശത്തോടെ ഇത്രയധികം പുസ്തകങ്ങൾ വായിച്ച് സ്വാംശീകരിച്ച കാലം ഉണ്ടായിട്ടില്ല. ശാസ്ത്രപുസ്തകങ്ങൾ മാത്രമല്ല മഹാമാരി സാഹിത്യകൃതികളും ധാരാളം വായിച്ചു. ആൽബേർ കമ്യൂവിന്റെ പ്ലേഗ് പണ്ട് വായിച്ചിട്ടുണ്ടെങ്കിലും ഫ്രാൻസിലെ നാസി അധിനിവേശത്തിന്റെ രൂപകമെന്ന (Metaphor) നിലയിൽ പ്ലേഗിനെ അവതരിപ്പിച്ചുകൊണ്ടുള്ള നോവൽ വീണ്ടും വായിച്ചാസ്വദിച്ചു. മലയാള സാഹിത്യത്തിൽ മഹാമാരികളെക്കുറിച്ചുള്ള പരാമർശങ്ങൾ കണ്ടെത്താൻ ശ്രമിച്ചുവരികയാണ്. കാക്കനാടന്റെ വസൂരിയിലും ദേവകി നിലയങ്ങോടിന്റെ ആത്മകഥയിലും മറ്റും വസൂരി രോഗത്തെ ചിത്രീകരിച്ചിട്ടിള്ളത് പുതിയ കാഴ്ചപ്പാടിൽ മനസ്സിലാക്കാൻ കഴിഞ്ഞു. എന്നെ അത്ഭുതപ്പെടുത്തിയ ഒരു പുസ്തകം തകഴിയുടെ തോട്ടിയുടെ മകനാണ്. രണ്ട് മഹാമാരികൾ (വസൂരിയും, കോളറയും) ഒരേപോലെ ചിത്രീകരിച്ച

പുസ്തകമെന്ന നിലയിൽ വിശ്വസാഹിത്യ നിലവാരമുള്ള മഹാമാരി സാഹിത്യ ക്ലാസ്സിക്കാണ് തോട്ടിയുടെ മകൻ എന്നാണെന്റെ അഭിപ്രായം. കോവിഡ് കാലത്തിറങ്ങിയ ഒരു മഹാമാരി സാഹിത്യകൃതിയായ 1918-19 ലെ സ്പാനിഷ് ഫ്‌ളൂവിന്റെയും ഐറിഷ് സ്വാതന്ത്ര്യസമരത്തിന്റെയും പശ്ചാത്തലത്തിലെഴുതിയ മികച്ച കൃതി എമ്മാ ഡോനാഗിന്റെ ദി പുൾ ഓഫ് സ്റ്റാർസ് (The Pull of the Stars: Emma Donoghue: 2020) വായിക്കാൻ കഴിഞ്ഞു.

മഹാമാരികളുമായി ബന്ധപ്പെട്ട ശാസ്ത്ര-സാമൂഹ്യശാസ്ത്ര പുസ്തകങ്ങളിൽ വായിക്കാൻ കഴിഞ്ഞവയിൽ പ്രധാനപെട്ടവ ഇവയൊക്കെയാണ്: Epidemics and Society: Frank M Snowden, The New Public Health: Fran Baum, Viruses, Plagues, and History: Past, Present and Future: Michael B. A. Oldstone, The Pandemic Century: A History of Global Contagion from the Spanish Flu to Covid by Mark Honigsbaum, Pale Rider: The Spanish Flu of 1918 and How it Changed the World by Laura Spinney, Deadly Companions: How Microbes Shaped our History: Dorothy H. Crawford, Pandemic: Tracking Contagions, from Cholera to Ebola and Beyond: Sonia Shah. തുടങ്ങിയവയുൾപ്പെടുന്നു.

കോവിഡിനെക്കുറിച്ച് ഇറങ്ങിയ 25 ഓളം പുസ്തകങ്ങളിൽ മിക്കതും വാങ്ങിവച്ചിട്ടുണ്ട്. ചിലവ വായിച്ചു കഴിഞ്ഞു. കോവിഡ് ആരംഭിച്ച വുഹാനിലെ അനുഭവങ്ങളെ പറ്റി ഫാം ഫാംഗ് എഴുതിയ വുഹാൻ ഡയറി (Wuhan Diary: Dispatches from a Quarantined City: Fang Fang). എടുത്തുപറയേണ്ട പുസ്തകങ്ങളിലൊന്നാണ്. ഈ പുസ്തകങ്ങളിൽ നിന്നും കിട്ടുന്ന വിവരങ്ങൾ കഴിവതും ഉൾപ്പെടുത്തിയാണ് മഹാമാരി പുസ്തകം എഴുതികൊണ്ടിരിക്കുന്നത്.

മാനസിക പ്രശ്‌നങ്ങളില്ല, ഒറ്റപ്പെടലില്ല

വ്യക്തിപരമായി സുഹൃത്തുക്കളെയും ബന്ധുക്കളേയും പ്രത്യേകിച്ച് മക്കളെയും കൊച്ചുമക്കളെയും പഴയത് പോലെ കാണാനും അടുത്ത് ബന്ധപ്പെടാനും കഴിയാത്തതിൽ വിഷമമുണ്ട്. എന്നാൽ നേരിട്ടുകണ്ട് സംസാരിക്കാൻ കഴിയുന്ന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതുകൊണ്ട് ഭയപ്പെട്ട അത്രത്തോളം മാനസിക സംഘർഷമുണ്ടാകുന്നില്ല. കോവിഡ് വിദഗ്ധസമിതിയുടെയും പ്ലാനിംഗ് ബോർഡിന്റെയും ഔദ്യോഗിക ചുമതലകളും എഴുത്തും വായനയും, വെബിനാറുകളും, ഇടക്കിടെ തബല- ഓർഗൻ വായനയും ചിലപ്പോഴൊക്കെ ആമസോണിലോ നെറ്റ്ഫ്‌ളിക്‌സിലോ സിനിമ കാണലും ഒക്കെയായി ഞാനിപ്പോൾ ഉറക്ക സമയമൊഴികെ പൂർണമായും എന്തിലെങ്കിലും മുഴുകിയിരിക്കുന്നതിനാൽ മാനസിക പ്രശ്‌നങ്ങളോ ഒറ്റപ്പെടൽ തോന്നലോ ഉണ്ടാകാറില്ല.


കോവിഡ് വിദഗ്ധസമിതി ഓൺലൈൻ യോഗം എന്ന ഗുരുകുല വിദ്യാഭ്യാസം

ഈ കോവിഡ് കാലത്ത് എന്നെ ഏറ്റവുമധികം സന്തോഷിപ്പിച്ചത് കോവിഡ് വിദഗ്ധസമിതിയിലും വെബിനാറുകളിലും മറ്റും നിരന്തരമായി പങ്കെടുക്കുന്നതിലൂടെ പുതിയ തലമുറയിൽ പെട്ട ഊർജ്ജസ്വലരായ സുഹൃത്തുക്കളിൽ നിന്നും ധാരാളം പുതിയ അറിവുകൾ സമ്പാദിക്കാൻ കഴിയുന്നു എന്നതാണ്. വൈറോളജി, ഇമ്യൂണോളജി, രോഗവ്യാപന ശാസ്ത്രം (Epidemiology), ജനിതകം, വാക്‌സിനുകൾ തുടങ്ങി എനിക്കത്ര ആഴത്തിൽ അറിവില്ലാതിരുന്ന ഒട്ടനവധി മേഖലകളെ പറ്റി പഠിക്കാൻ അവസരം ലഭിച്ചു. സത്യത്തിൽ എല്ലാ ദിവസവും രാത്രി 8.30 നു ചേർന്ന് പലപ്പോഴും 11 മണിവരെ നീണ്ടുനിൽക്കുന്ന കോവിഡ് വിദഗ്ധസമിതി ഓൺലൈൻ യോഗം എന്നെ സംബന്ധിച്ച് ഒരു തരത്തിലുള്ള ഗുരുകുല വിദ്യാഭ്യാസമായി മാറിയിട്ടുണ്ട്. അന്തരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന നിരവധി ചെറുപ്പക്കാരിൽ നിന്ന് കോവിഡുമായി ബന്ധപ്പെട്ട നവീന ശാസ്ത്രവിവരങ്ങൾ വെബിനാറുകളിലൂടെ മനസ്സിലാക്കാനും കഴിയുന്നുണ്ട്.

 ഡോ. ബി ഇക്ബാൽ കോവിഡ് വിദഗ്ധ സമിതി യോഗത്തിൽ
ഡോ. ബി ഇക്ബാൽ കോവിഡ് വിദഗ്ധ സമിതി യോഗത്തിൽ

പൊതുവിൽ കോവിഡ് കാലം എന്നെ സംബന്ധിച്ച് ഒരു പഠന കാലവും പഠനാനുഭവുമായി (Learning Experience) മാറിയിട്ടുണ്ട്. കേരളത്തിന്റെ ആരോഗ്യ മേഖല യുവാക്കളുടെ കൈകളിൽ സുരക്ഷിതമാണെന്ന് ബോധ്യപ്പെട്ടതിൽ അതീവ സന്തോഷവുമുണ്ട്.

ദുരിതം മാത്രമല്ല, സാധ്യതകളും പ്രതീക്ഷകളും

കോവിഡ് രോഗവ്യാപനം ഇതുവരെ പൂർണ നിയന്ത്രണത്തിലായിട്ടില്ല. രോഗം നിയന്ത്രണവിധേയമായി എന്ന കരുതിയ പലരാജ്യങ്ങളും വീണ്ടും രോഗം മൂർധന്യത്തിലേക്ക് (Peak) പോവുകയാണ്. അതുകൊണ്ട് കോവിഡ് കാലം കഴിഞ്ഞതായി പറയാറായിട്ടില്ല. എങ്കിലും വാക്‌സിൻ വിതരണവും മറ്റും ആരംഭിച്ച് കഴിഞ്ഞ സ്ഥിതിക്ക് അധികം വൈകാതെ കോവിഡ് നിവാരണം സാധ്യമാകുമെന്ന് പ്രതീക്ഷിക്കാം. കോവിഡ് കഷ്ടനഷ്ടങ്ങളും ദുരിതങ്ങളും അവശേഷിപ്പിച്ചുകൊണ്ടു മാത്രമല്ല, നിരവധി അവസരങ്ങളും സാധ്യതകളും തുറന്നുതന്നുകൊണ്ടുകൂടിയായിരിക്കും കടന്നുപോവുക. കോവിഡുകാല അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പല സുപ്രധാന തീരുമാനങ്ങളും ലോകരാജ്യങ്ങൾ ഒറ്റക്കും കൂട്ടായും സ്വീകരിക്കേണ്ടിവരും. കോവിഡാനന്തര കാലത്തെ പ്രതീക്ഷകളെയും സാധ്യതകളെയും വെല്ലുവിളികളെയും പറ്റി ഞാനെഴുതിവരുന്ന പുസ്തകത്തിന്റെ അവസാന അധ്യായത്തിൽ വിശദീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇനിയും ഇതേപ്പറ്റി കൂടുതൽ ചിന്തിക്കാനും ഗൃഹപാഠം ചെയ്യാനുമുണ്ട് അതിനു ശ്രമിച്ചുവരികയാണ്.

ഡോ.ബി ഇക്ബാൽ എഡിറ്റ് ചെയ്ത് ചിന്ത പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച 'കോവിഡനോട് പൊരുതി ജയിക്കുന്ന കേരളം' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി കെ.കെ ശൈലജ, ചിന്ത പബ്ലിക്കേഷൻസ് ജനറൽ മാനേജർ കെ. ശിവകുമാർ എന്നിവർക്കൊപ്പം ഡോ. ബി. ഇക്ബാൽ.
ഡോ.ബി ഇക്ബാൽ എഡിറ്റ് ചെയ്ത് ചിന്ത പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച 'കോവിഡനോട് പൊരുതി ജയിക്കുന്ന കേരളം' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി കെ.കെ ശൈലജ, ചിന്ത പബ്ലിക്കേഷൻസ് ജനറൽ മാനേജർ കെ. ശിവകുമാർ എന്നിവർക്കൊപ്പം ഡോ. ബി. ഇക്ബാൽ.

പുതിയ സാധാരണ കാലത്തെ (New Normal) പറ്റി ചിലകാര്യങ്ങൾ ഇപ്പോഴെ പറയാൻ കഴിയും. കൂടുതൽ അന്തരാഷ്ട്ര സഹകരണവും സുശക്തമായ ശാസ്ത്രവും (International Solidarity and Sound Science) ഒരുമിച്ചുചേർന്നുകൊണ്ട് മാത്രമേ ലോകം നേരിടുന്ന മിക്ക വെല്ലുവിളികളും (കാലാവസ്ഥാ വ്യതിയാനം--Climate Change, മഹാമാരികൾ- Pandemics, അവികസിതത്വം- Underdevelopment, പ്രാന്തവൽക്കരിക്കപ്പെട്ടവരുടെ ദരിദ്രാവസ്ഥ, ഡിജിറ്റൽ അസമത്വം, ലിംഗാസമത്വം) തരണം ചെയ്യാനാവൂ എന്ന് വ്യക്തമായിട്ടുണ്ട്. പരസ്പര സഹകരണത്തിലും പങ്കിടിലിലും (Co-Operation and Sharing) അധിഷ്ഠിത ആഗോള ദേശീയ വ്യവസ്ഥകളിലേക്ക് മനുഷ്യസമൂഹത്തിന് നീങ്ങേണ്ടിവരും. ജനാധിപത്യം, പൗരവകാശം, മനുഷ്യാവകാശം, നീതിന്യായ വ്യവസ്ഥ, മാധ്യമ സ്വാതന്ത്ര്യം എന്നിയെല്ലാം സംരക്ഷിച്ചു മാത്രമേ ആഗോളതലത്തിൽ ഉയർന്നുവരുന്ന പ്രതിസന്ധികളെ ഏത് രാജ്യത്തിനും തരണം ചെയ്യാൻ കഴിയൂ. ആഗോളതല ചിന്തയും പ്രാദേശിക ഇടപെടലും (Think Globally Act Locally) എന്ന ആശയത്തിന് കൂടുതൽ പ്രസക്തി കൈവരും.

നാല് പുസ്തകങ്ങളുടെ രചന, 'തബല പേഷ്‌കാർ'

എന്റെ ജീവിതത്തിലെ ഏറ്റവും ക്രിയാത്മകമായ (Most productive period) കാലമായിരുന്നു കോവിഡ് കാലം. കോവിഡ് വിദഗ്ധസമിതി അധ്യക്ഷൻ എന്ന നിലയിൽ സമിതിയിലെ മറ്റംഗങ്ങളൊടൊപ്പം കേരളത്തിലെ കോവിഡ് നിയന്ത്രണത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അതീവ സന്തോഷമുണ്ട്.

എഴുത്ത് എന്നെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുള്ള കാര്യമാണ്. എഴുതാൻ നൈസർഗികമായ കഴിവുള്ളയാളല്ല ഞാൻ. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംഘടനാപ്രവർത്തനത്തിന്റെ ഭാഗമായി ചില പുസ്തകങ്ങൾ എഴുതാൻ നിർബന്ധിതനായിട്ടുണ്ടെന്ന് മാത്രം. എങ്കിലും കോവിഡ് കാലത്ത് ധാരാളം എഴുതാൻ കഴിഞ്ഞു. ഇതിനകം രണ്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചുകഴിഞ്ഞു. രണ്ട് പുസ്തകങ്ങൾ വൈകാതെ പ്രസിദ്ധീകരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

1. ""കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം'' (ചിന്ത പബ്ലിക്കേഷൻസ്, ജൂലൈ 20).2. ""പുതിയ വിദ്യാഭ്യാസ നയം സമീപനവും വിമർശനവും'' (ഡി.സി ബുക്‌സ്, നവംബർ 20) എന്നീ രണ്ട് പുസ്തകങ്ങൾ (എഡിറ്റർ) പ്രസിദ്ധീകരിച്ചു കഴിഞ്ഞു.

3. കുട്ടികൾക്കും കുറെയോക്കെ മുതിർന്നവർക്കും ഹോർത്തോസ് മലമാറിക്കൂസ് പരിചയപ്പെടുത്തുന്ന ""ഹോർത്തൂസ് മലബാറിക്കൂസ് കുട്ടികൾക്ക്'' ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന് പ്രസിദ്ധീകരണത്തിന് നൽകിയിട്ടുണ്ട്. ഫെബ്രുവരിയിൽ പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 4. കഴിഞ്ഞ രണ്ട് വർഷത്തെ ഫേസ് ബുക്ക് പോസ്റ്റുകൾ എഡിറ്റ് ചെയ്തെടുത്തത് “മുഖാമുഖം: ഫേസ് ബുക്ക് സംഭാഷണങ്ങൾ'' ലേ ഔട്ട് ചെയ്യാൻ ഏല്പിച്ചിരിക്കുന്നു. പ്രസാധകരെ നിശ്ചയിച്ചിട്ടില്ല.

5. ""മഹാമാരികൾ: പ്ലേഗ് മുതൽ കോവിഡ് വരെ: ചരിത്രം, ശാസ്ത്രം, അതിജീവനം'' ശാസ്ത്രസാഹിത്യ പരിഷത്തിന് പ്രസിദ്ധീകരണത്തിനായി മാർച്ച് മാസത്തിൽ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ.

വൈദ്യശാസ്ത്രത്തിൽ മൂന്ന് ബിരുദങ്ങളുള്ള, ന്യൂറോ സർജറിയിൽ സൂപ്പർ സ്‌പെഷ്യലൈസ് ചെയ്തിട്ടുള്ള ജനകീയാരോഗ്യ പ്രവർത്തകനാണ് ഞാനെങ്കിലും പൊതുജനാരോഗ്യമേഖലയേയും ആധുനിക വൈദ്യശാസ്ത്രത്തെയും സംബന്ധിച്ചുള്ള എന്റെ അറിവ് വളരെ പരിമിതമാണെന്നും ആധുനിക വൈദ്യശാസ്ത്രത്തിലെ നവീന മേഖലകളെക്കുറിച്ച് യുവതലമുറയിൽ നിന്നും ധാരാളം പുതിയ വിവരങ്ങൾ പഠിക്കാനുണ്ടെന്നും കോവിഡ് കാലത്ത് മനസ്സിലായത് വലിയൊരു സ്വയം തിരിച്ചറിവായി ഞാൻ കരുതുന്നു.
മറ്റെല്ലാം മറന്നാലും തബല പേഷ്‌ക്കാർ എന്ന തബല പരിചയപ്പെടുത്തുന്ന ഒരു യൂ ട്യൂബ് പരിപാടി കോവിഡ് കാലത്ത് ചെയ്യാൻ കഴിഞ്ഞു എന്നത് എനിക്ക് അതീവ മാനസിക സംതൃപ്തി നൽകുന്നുണ്ട്. ▮


ട്രൂകോപ്പി വെബ്‌സീൻ പാക്കറ്റ് 07-ൽ പ്രസിദ്ധീകരിച്ചത്.


ഡോ. ബി. ഇക്ബാൽ

സംസ്​ഥാനത്ത്​ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന വിദഗ്​ധ സമിതി അധ്യക്ഷൻ, സംസ്​ഥാന പ്ലാനിങ്​ ബോർഡ്​ അംഗം, പബ്ലിക്​ ഹെൽത്ത്​ ആക്​റ്റിവിസ്​റ്റ്​. കേരള സർവകലാശാല മുൻ വി.സി. മഹാമാരികൾ- പ്ലേഗ്​ മുതൽ​ കോവിഡ്​ വരെ- ചരിത്രം ശാസ്​ത്രം അതിജീവനം, എഴുത്തിന്റെ വൈദ്യശാസ്ത്രവായന, ഇന്ത്യൻ ഔഷധ മേഖല: ഇന്നലെ ഇന്ന്, നിരോധിച്ച മരുന്നുകൾ, നിരോധിക്കേണ്ട മരുന്നുകൾ, ആഗോളവൽക്കരണകാലത്തെ ജനങ്ങളുടെ ആരോഗ്യം, കേരള ആരോഗ്യ മാതൃക: വിജയത്തിൽ നിന്ന് പ്രതിസന്ധികളിലേക്ക് തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments