കൊറോണ വൈറസിനു സംഭവിക്കുന്ന ജനിതക മാറ്റം, പുതിയ സാഹചര്യത്തിൽ വാക്‌സിന്റെ ഫലപ്രാപ്തി, വാക്‌സിൻ ലഭ്യതയിലെ അനീതികൾ തുടങ്ങി കോവിഡ് രണ്ടാം തരംഗത്തിലുണ്ടായ പ്രതിസന്ധികളും പ്രതിവിധികളും സമഗ്രമായി വിശലകനം ചെയ്യപ്പെടുന്നു
കോവിഡ് രണ്ടാം തരംഗം തീരെ അപ്രതീക്ഷിതമല്ല.
വികസിത രാജ്യങ്ങളിൽ പലതും രണ്ടാം തരംഗത്തിലൂടെ കടന്നുപോയിരുന്നു. രോഗവ്യാപനം ഒരു ഉയർന്ന നിലയിലെത്തി കുറഞ്ഞുവരികയും പിന്നീട് ഒരു കാലയളവിനുശേഷം വീണ്ടും രോഗികളുടെ എണ്ണത്തിൽ വൻ വർധനവുണ്ടാവുകയും ചെയ്യുന്നതിനെയാണ് തരംഗം (Wave) എന്നുപറയുന്നത്. ഇന്ത്യ കടന്നുപോകുന്ന കോവിഡ് രണ്ടാം തരംഗത്തിനുള്ള കാരണങ്ങളെ സംബന്ധിച്ച് നിരവധി പ്രതികരണങ്ങൾ വന്നുതുടങ്ങിയിട്ടുണ്ട്. പുതിയൊരു വൈറസ് പരത്തുന്ന പുതിയൊരു മഹാമാരിയെയാണ് ലോകം അഭിമുഖീകരിക്കുന്നത്. ദിവസംപ്രതി പുതിയ അറിവുകൾ കോവിഡ്- 19 നെ പറ്റിയും വൈറസ് വ്യാപനരീതിയെക്കുറിച്ചും ലഭിച്ചുകൊണ്ടിരിക്കയാണ്. കോവിഡ് മഹാമാരിക്കാലം ഒരു പഠനകാലം കൂടിയായി കണക്കിലെടുത്ത് പുതിയ അനുഭവങ്ങളൂടെയും അറിവിന്റെയും അടിസ്ഥാനത്തിൽ രോഗനിയന്ത്രണത്തിനുള്ള മൂർത്തമായ കർമപരിപാടികൾ ആവിഷ്‌കരിക്കുകയാണ് വേണ്ടത്.
മഹാമാരി തരംഗങ്ങൾ മുമ്പും
മഹാമാരികൾ എല്ലാകാലത്തും പലപ്പോഴും നൂറ്റാണ്ടുകൾ പോലും നീണ്ടുനിൽക്കുന്ന പല തരംഗങ്ങളായാണ് ആവിർഭവിച്ചിട്ടുള്ളത്. പ്ലേഗ് രണ്ടാം നൂറ്റാണ്ടിലും (അന്റോണിയൻ പ്ലേഗ്), അഞ്ച് ആറ് നൂറ്റാണ്ടുകളിലും (ജസ്റ്റിനിയൻ പ്ലേഗ്), 14, 19 നൂറ്റാണ്ടുകളിലും (കരിമരണ കാലം), 19ാം നൂറ്റാണ്ടിലും (ഏഷ്യൻ പ്ലേഗ്) ആവർത്തിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. കോളറ 19ാം നൂറ്റാണ്ടിൽ ആരംഭിച്ച് ഏഴുതരംഗങ്ങളിലായി ഇരുപതാം നൂറ്റാണ്ടുവരെ സാന്നിധ്യം അറിയിച്ചു.
ഫ്‌ളൂ മഹാമാരി 19ാം നൂറ്റാണ്ടിൽ ഏഷ്യാറ്റിക്ക്-റഷ്യൻ ഫ്‌ളൂ ആയി ആരംഭിച്ച് സ്പാനിഷ് ഫ്‌ളൂ (1918-20), ഏഷ്യൻ ഫ്‌ളൂ (1957-58), ഹോങ്കോങ് ഫ്‌ളൂ (1968-69), പന്നിപ്പനി (2009) എന്നിങ്ങനെ അഞ്ചു തരംഗങ്ങളിലൂടെയാണ് കടന്നുപോയത്. രോഗത്തെക്കുറിച്ചുള്ള വ്യക്തമായ ശാസ്തീയ വിജ്ഞാനത്തിന്റെ അഭാവവും ഉചിതമായ രോഗനിർണയ ഉപാധികളും മരുന്നുകളും വാക്‌സിനുകളും ലഭ്യമല്ലാതിരുന്നതുകൊണ്ടുമാണ് പഴയകാല മഹാമാരികൾ ആവർത്തിച്ച് പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നത്.
ഇന്ത്യയിലെ കോവിഡ് വ്യാപനം
2020 ജനുവരിയിൽ കേരളത്തിലാണ് കോവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. പിന്നീട് മറ്റ് മിക്ക സംസ്ഥാനങ്ങളിലേക്കും മാർച്ചോടെ രോഗം വ്യാപിച്ചു. 2020 ജൂണിൽ അഞ്ചുലക്ഷം കേസുകളുമായി ബ്രിട്ടനെ മറികടന്ന് അമേരിക്ക, ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങൾ കഴിഞ്ഞാൽ ഏറ്റവും രോഗികളുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.
2020 ഡിസംബർ അവസാനത്തോടെ ഇന്ത്യയിൽ ഒരു കോടിയിലേറെ (1,02,07,871) രോഗികളും ഒന്നര ലക്ഷത്തിനടുത്ത് (1,47,901) മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു. പിന്നീട് റഷ്യയെയും മറികടന്ന് 2021 ഓടെ ഏറെ രോഗികളുള്ള മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി. എന്നാൽ ദശക്ഷം പേരിൽ, രോഗികളുടെയും മരിക്കുന്നവരുടെയും കണക്കെടുത്താൽ അമേരിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളെക്കാൾ ഇന്ത്യ വളരെ മെച്ചപ്പെട്ട നിലയിലാണെന്ന് കാണാം. ഇന്ത്യയിലെ കോവിഡ് മരണനിരക്ക് ലോകശരാശരിയേക്കാളും (2.17) ബ്രസീൽ (2.44), അമേരിക്ക (1.81) എന്നീ രാജ്യങ്ങളേക്കാളും 1.38 എന്ന നിലയിൽ കുറഞ്ഞിരുന്നു.
മഹാരാഷ്ട്ര, കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കേരളം, ഡൽഹി, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, ഒഡിഷ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളായിരുന്നു ഏറ്റവും രോഗികളുള്ള ആദ്യ പത്ത് സംസ്ഥാനങ്ങൾ. രോഗികളുടെയും മരിച്ചവരുടെയും എണ്ണത്തിൽ മഹാരാഷ്ട്രയായിരുന്നു ഏറ്റവും മുന്നിൽ. നഗരങ്ങളിൽ മൊത്തം കേസുകളിൽ പകുതിയും കാണപ്പെട്ടത് ഡൽഹി, പൂന, മുംബൈ, താന, കൊൽക്കത്ത, ചെന്നൈ, ബംഗളൂരു, നാഗ്പൂർ നഗരങ്ങളിലായിരുന്നു. മിക്ക ഇന്ത്യൻ സംസ്ഥാനങ്ങളിലും 2020 ഡിസംബറോടെ രോഗികളുടെ എണ്ണം കുറഞ്ഞുവന്നെങ്കിലും കേരളത്തിൽ മാത്രം രോഗികൾ വർധിച്ചു.
ഒന്നാം ഘട്ടത്തേക്കാൾ വളരെ കൂടുതലായിട്ടാണ് പലരാജ്യങ്ങളിലും രോഗം പടർന്നുപിടിച്ചതെങ്കിലും രോഗികളുടെ എണ്ണത്തിലുണ്ടായ വർധനവിന് അനുപാതമായി മരണനിരക്ക് വർധിച്ചിട്ടില്ല. കൂടുതൽ ഫലപ്രദമായ ചികിത്സ ഉറപ്പാക്കാൻ കഴിഞ്ഞതോടെയാണ് മരണനിരക്ക് കുറക്കാൻ കഴിഞ്ഞത്.
പിന്നീട് ഫെബ്രുവരിയോടെ കേരളത്തിൽ രോഗവ്യാപനം കുറഞ്ഞെങ്കിലും മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, ഗുജറാത്ത്, ചത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനയുണ്ടായി.
ഇപ്പോൾ കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലെങ്കിലും രോഗത്തിന്റെ രണ്ടാം തരംഗം ആരംഭിച്ചിട്ടുണ്ടെന്ന് കരുതേണ്ടിയിരിക്കുന്നു.
രണ്ടാം തരംഗം വിദേശരാജ്യങ്ങളിൽ
മറ്റ് മഹാമാരികളുമായി തട്ടിച്ചുനോക്കുമ്പോൾ താരതമ്യേന രോഗവ്യാപന സാധ്യത കൂടുതലുള്ള രോഗമാണ് കോവിഡ്. എന്നാൽ മരണനിരക്ക് ആപേക്ഷികമായി കുറവുമാണ്. ആഗോളാന്തര യാത്രകൾ മുൻകാലങ്ങളെക്കാൾ വളരെ വർധിച്ചതുകൊണ്ട് പകർച്ചാനിരക്ക് കൂടുതലുള്ള മഹാമാരിയെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ഒരു രാജ്യത്തിനോ ഭൂഖണ്ഡത്തിനോ മാത്രമായി സാധ്യമല്ല. ആദ്യഘട്ടത്തിൽ ഏർപ്പെടുത്തിയ യാത്രാവിലക്ക് നീക്കിയതോടെ സ്വാഭാവികമായും രോഗവ്യാപന സാധ്യത വർധിച്ചു. 2020 മെയ്- ജൂൺ മാസത്തോടെ മിക്ക വികസിത രാജ്യങ്ങളിലും രോഗവ്യാപനം കുറഞ്ഞെങ്കിലും ശൈത്യകാലം ആരംഭിച്ചതോടെ 2020 സെപ്തംബർ-ഒക്ടോബർ മാസത്തിൽ രോഗവ്യാപനത്തിന്റെ രണ്ടാം തരംഗം ആരംഭിച്ചു. ബെൽജിയം, ബ്രിട്ടൻ, സ്‌പെയിൻ, ചെക്ക് റിപ്പബ്ലിക്ക്, ജർമനി തുടങ്ങിയ രാജ്യങ്ങളിലാണ് രണ്ടാം തരംഗം കൂടുതലായി പ്രത്യക്ഷമായത്.
ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചും സമ്പർക്കാന്വേഷണം (Contact Tracing) ത്വരിതപ്പെടുത്തിയും, മാസ്‌ക് ധരിക്കലും സാമൂഹ്യദൂരം പാലിക്കലും കർശനമായി നടപ്പാക്കിയും, വിവിധ മേഖലകളിൽ പൂർണമായോ ഭാഗികമായോ ലോക്ക്ഡൗൺ പുനഃസ്ഥാപിച്ചും, യാത്രാനിയന്ത്രണം ഏർപ്പെടുത്തിയുമാണ് മിക്ക രാജ്യങ്ങളും രണ്ടാം തരംഗം നേരിട്ടത്. ഒന്നാം ഘട്ടത്തേക്കാൾ വളരെ കൂടുതലായിട്ടാണ് പല രാജ്യങ്ങളിലും രോഗം പടർന്നുപിടിച്ചതെങ്കിലും രോഗികളുടെ എണ്ണത്തിലുണ്ടായ വർധനവിന് അനുപാതമായി മരണനിരക്ക് വർധിച്ചിട്ടില്ല. കൂടുതൽ ഫലപ്രദമായ ചികിത്സ ഉറപ്പാക്കാൻ കഴിഞ്ഞതോടെയാണ് മരണനിരക്ക് കുറക്കാൻ കഴിഞ്ഞത്. 2021 ജനുവരി അവസാനത്തോടെ രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും കുറവ് കണ്ടുതുടങ്ങിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ ലോക കോവിഡ് മരണനിരക്ക് അഞ്ചുശതമാനത്തിൽ കൂടുതലായിരുന്നത് കുറഞ്ഞുവരികയും 2021 മാർച്ചോടെ രണ്ടുശതമാനത്തിനടുത്താകുകയും ചെയ്തിട്ടുണ്ട്. മിക്ക രാജ്യങ്ങളിലും വാക്‌സിൻ വിതരണം ആരംഭിച്ചതുകൊണ്ട് ഇനിയൊരു രോഗവർധന ഉണ്ടാവില്ലെന്നാണ് പ്രതീക്ഷ. വിദേശ രാജ്യങ്ങളിലെ രണ്ടാം തരംഗം അവസാനിച്ച് കഴിഞ്ഞാണ് ഇന്ത്യയിൽ രണ്ടാം തരംഗം ആരംഭിച്ചത്.
രണ്ടാം തരംഗത്തിന്റെ ഒരു പ്രധാന കാരണം, കോവിഡ് വൈറസിന്റെ ജനിതക മാറ്റമാണ്. സാർഴ്‌സ് കൊറോണ വൈറസ് -2, ആർ.എൻ.എ വൈറസായതുകൊണ്ട് ജനിതക മാറ്റങ്ങളിലൂടെ ഭിന്നതരം വൈറസുകളുണ്ടാവാനുള്ള സാധ്യത കൂടുതലാണ്.
വൈറസ് ജനിതക മാറ്റം
രോഗം കുറഞ്ഞു തുടങ്ങുമ്പോൾ കോവിഡ് വ്യാപന നിയന്ത്രണങ്ങളും പെരുമാറ്റചട്ടങ്ങളും ലഘൂകരിക്കുന്നതാണ് രണ്ടാം തരംഗത്തിന്റെ ഒരു പ്രധാന കാരണം. സാമ്പത്തിക ക്രയവിക്രയം പുനഃരാരംഭിക്കേണ്ടതുള്ളതുകൊണ്ട് കർശന നിയന്ത്രണം കുറെയൊക്കെ നീക്കേണ്ടിവരും. രണ്ടാം തരംഗത്തിന്റെ മറ്റൊരു പ്രധാന കാരണം, കോവിഡ് വൈറസിന്റെ ജനിതക മാറ്റമാണ്. കോവിഡിന് കാരണമായ സാർഴ്‌സ് കൊറോണ വൈറസ് -2, ആർ.എൻ.എ വൈറസായതുകൊണ്ട് ജനിതക മാറ്റങ്ങളിലൂടെ (Mutations) ഭിന്നതരം (Variants) വൈറസുകളുണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ഇതിനകം ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്ത ജനിതക ഘടനയുള്ള മൂന്നുതരം കോവിഡ് വൈറസുകൾ കണ്ടെത്തിയിട്ടുണ്ട്.
ബ്രിട്ടനിൽ നിന്നാണ് ആദ്യത്തെ ബി.1.1.7 എന്ന ഭിന്നതരം വൈറസ് 2020 സെപ്തംബറിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. പകർച്ചാനിരക്കും മരണസാധ്യതയും കൂടുതലുള്ള വൈറസാണിതെന്നാണ് വിദഗ്ധരുടെ പ്രാഥമിക നിഗമനം. എന്നാലിത് സ്ഥിരീകരിക്കപ്പെടേണ്ടതുണ്ട്. 2020 ഡിഡംബറിൽ അമേരിക്കയിലും ഇന്ത്യയടക്കം പല രാജ്യങ്ങളിലും ബ്രിട്ടീഷ് വൈറസ് പ്രത്യക്ഷപ്പെട്ടു. ബി.1.351 എന്ന രണ്ടാമത്തെ ഭിന്നതരം വൈറസ് 2020 ഒക്ടോബറിൽ ദക്ഷിണാഫ്രിക്കയിൽ കാണപ്പെട്ടു. 2021 ജനുവരിയിൽ ഇത്തരം വൈറസുകൾ അമേരിക്കയിലും പ്രത്യക്ഷപ്പെട്ടു. ബ്രസീലിൽ നിന്ന് ജപ്പാനിലെത്തിയ ചില യാത്രക്കാരിലാണ് പി.1 എന്ന മൂന്നാമത്തെ ഭിന്നതരം വൈറസ് എയർപോർട്ട് സ്‌ക്രീനിംഗിനിടെ യാദൃശ്ചികമായി കാണാൻ കഴിഞ്ഞത്. ഇപ്പോൾ ലഭ്യമായ വാക്‌സിനുകളെല്ലാം ഈ മൂന്നു ഭിന്നതരം വൈറസുകൾക്കും എതിരെ പ്രതിരോധ ശേഷിയുണ്ടാക്കുമെന്നാണ് ഇതുവരെയുള്ള പരിശോധനകളുടെ അടിസ്ഥാനത്തിൽ എത്തിയ നിഗമനം. ബ്രസീൽ, ദക്ഷിണാഫ്രിക്ക, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരെത്തിയതോടെ മറ്റ് സംസ്ഥാനങ്ങളിലും കേരളത്തിലും ഇത്തരം വൈറസുകൾ കണ്ടുതുടങ്ങിയിട്ടുണ്ട്.
കുറച്ചുപേർ മാത്രമാണ് വാക്‌സിൻ സ്വീകരിക്കുന്നതെങ്കിൽ വൈറസ്, വാക്‌സിനേഷൻ വഴിയുള്ള രോഗപ്രതിരോധശേഷിയിൽ നിന്ന് രക്ഷപ്പെടാൻ ജനിതക മാറ്റത്തിന് വിധേയമായി എസ്‌കേപ്പ് മൂട്ടൻസായി മാറി കൂടുതൽ തീവ്രസ്വഭാവം കൈവരിക്കയും വാക്‌സിനേറ്റ് ചെയ്യപ്പെട്ടവരിൽ പോലും രോഗത്തിന് കാരണമാവുകയും ചെയ്യും
കോഴിക്കോട് മെഡിക്കൽ കോളേജിന്റെ സഹായത്തോടെ ഡൽഹിയിൽ സി.എസ്.ഐ.ആറിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആൻറ് ഇന്റഗ്രേറ്റീവ് ബയോളജി, അക്കാദമി ഓഫ് സയന്റിഫിക്ക് ആൻറ് ഇന്നവേറ്റീവ് റിസർച്ച് എന്നീ ഗവേഷണ സ്ഥാപനങ്ങൾ കോവിഡിന് കാരണമായ സാർസ് കൊറോണ വൈറസ് 2 ൽ നടത്തിയ ജനിതക ശ്രേണീകരണ പഠനത്തിന്റെ പ്രാഥമിക റിപ്പോർട്ട് തയ്യാറായിട്ടുണ്ട്. ഈ ഗവേഷണത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ കേരളത്തിൽനിന്നുള്ള 179 വൈറസുകളുടെ ജനിതകശ്രേണീകരണം നടത്തുവാനും അവയുടെ വംശാവലി ഉപവിഭാഗം ‘എ2എ’ (A2a) ആണെന്ന് നിർണയിക്കുവാനും സാധിച്ചു. വിദേശ വംശാവലിയിൽ പെട്ട രോഗാണുക്കളെയൊന്നും കണ്ടെത്താനും കഴിഞ്ഞില്ല. എന്നാൽ ‘എ2എ’ ഉപവിഭാഗം രോഗവ്യാപന സാധ്യത കൂടുതലുള്ളതാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും ജനിതകപഠനം നടന്നുവരികയാണ്. അതിൽനിന്ന് കിട്ടുന്ന വിവരങ്ങൾ രണ്ടാം തരംഗത്തിനെ സംബന്ധിച്ച് കൂടുതൽ വ്യക്തത കൈവരിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സാമൂഹ്യ പ്രതിരോധവും എസ്‌കേപ്പ് മ്യൂട്ടേഷനും
രോഗ പ്രതിരോധത്തിനായുള്ള സാമൂഹ്യ പ്രതിരോധ ശേഷി (Herd Immunity) കൈവരിക്കാൻ സമൂഹത്തിൽ കുറഞ്ഞത് 60% പേർക്കെങ്കിലും വാക്‌സിൻ നൽകേണ്ടതുണ്ട്. മഹാമാരി നിലനിൽക്കുന്ന സമയത്ത് വാസ്‌കിനേഷൻ നടത്തുമ്പോൾ കുറച്ചുപേർ മാത്രമാണ് വാക്‌സിൻ സ്വീകരിക്കുന്നതെങ്കിൽ സമൂഹത്തിൽ അപ്പോഴും നിലനിൽക്കുന്ന വൈറസ്, വാക്‌സിനേഷൻ വഴിയുള്ള രോഗപ്രതിരോധശേഷിയിൽ നിന്ന് രക്ഷപ്പെടാൻ ജനിതക മാറ്റത്തിന് (Escape Mutants/Variants) വിധേയമായി എസ്‌കേപ്പ് മ്യൂട്ടൻറുകളായി മാറി കൂടുതൽ തീവ്രസ്വഭാവം കൈവരിക്കയും വാക്‌സിനേറ്റ് ചെയ്യപ്പെട്ടവരിൽ പോലും രോഗത്തിന് കാരണമാവുകയും ചെയ്യും. മാത്രമല്ല വീണ്ടും രോഗതരംഗം സമൂഹത്തിലുണ്ടാകാനും സാധ്യതയുണ്ട്.
ആരോഗ്യ പ്രവർത്തകർ ആദ്യം വാക്‌സിൻ സ്വീകരിക്കുന്നതുകൊണ്ടും അവർ കോവിഡ് രോഗികളുമായി ഇടപെടേണ്ടി വരുന്നതുകൊണ്ടും എസ്‌കേപ്പ് മ്യൂട്ടൻറുകൾ അവരിൽ ആദ്യമുണ്ടാവാനുമിടയുണ്ട്. വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനിൽ സംഭവിച്ചിട്ടുള്ള ‘ഇ 484 ക്യു’ (E484Q), ‘എൽ 452 ആർ’ (L452R) എന്നീ ജനിതകമാറ്റത്തിലൂടെ ബി.1.617 എന്ന ഇരട്ട മ്യൂട്ടൻറ് (Double Mutant) ആവിർഭവിച്ചുകഴിഞ്ഞിട്ടുണ്ട്. ബി.1.618 എന്നൊരു പുതിയ എസ്‌കേപ്പ് മ്യൂട്ടൻറ് കൂടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആൻറ് ഇന്റഗ്രേറ്റീവ് ബയോളജി കഴിഞ്ഞ ദിവസം റിപ്പോർറ്റ് ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ രോഗവ്യാപനത്തിന് ആൾക്കൂട്ട സന്ദർഭങ്ങളോടൊപ്പം എസ്‌കേപ്പ് മ്യൂട്ടൻറിന്റെ സാന്നിധ്യവും കാരണമാണെന്ന് കരുതേണ്ടിയിരിക്കുന്നു.
രണ്ടാം തരംഗത്തിൽ രോഗികളായവരിലെ രോഗലക്ഷണങ്ങളിൽ കാര്യമായ ചില വ്യത്യാസം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. രക്തത്തിലെ ഓക്‌സിൻ അളവ് കുറയുന്നതിന്റെ ഫലമായി ഇവരിൽ പലർക്കും ശ്വാസം മുട്ടൽ അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. ഇവർക്ക് ഓക്‌സിൻ നൽകുന്നതിനായി കോവിഡ് ആശുപത്രികളിലേക്ക് മാറ്റേണ്ടിവരുന്നുണ്ട്.
എന്നാൽ എസ്‌കേപ്പ് മ്യൂട്ടന്റുകളിൽ നിന്ന് ഇപ്പോൾ ലഭ്യമായ വാക്‌സിനുകൾ പ്രതിരോധ ശേഷി നൽകുന്നുണ്ടെന്നാണ് കണ്ടിട്ടുള്ളത്. വാക്‌സിനേഷൻ ത്വരിതഗതിയിലാക്കി ഹേർഡ് ഇമ്യൂണിറ്റി കഴിവതും വേഗം കൈവരിക്കുക മാത്രമാണ് ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള പ്രധാനമാർഗം.
വാക്‌സിനെടുത്തവരിൽ രോഗതീവ്രത കുറവ്
പതിനഞ്ചുമാസമായി കോവിഡ് പെരുമാറ്റചട്ടം പിന്തുടരുന്നതിന്റെ ഫലമായി സ്വാഭാവികമായി ഉണ്ടാകാവുന്ന തളർച്ചക്കും (Fatigue) അലംഭാവത്തിനും ജനങ്ങൾ വിധേയരാവുന്നത് രണ്ടാം തരംഗത്തിന്റെ ഒരു പ്രധാന കാരണമായിട്ടുണ്ടെന്ന് കരുതേണ്ടിയിരിക്കുന്നു. അതോടൊപ്പം കല്യാണം, ചരമം, ഉത്സവങ്ങൾ, രാഷ്ട്രീയ- സാംസ്‌കാരിക സമ്മേളനങ്ങൾ തുടങ്ങിയ ആൾക്കൂട്ട സന്ദർഭങ്ങൾ വർധിക്കുന്നതും രോഗവ്യാപനം വർധിപ്പിക്കുന്നു. ആൾക്കൂട്ടത്തിലും അടഞ്ഞ മുറികളിലും പ്രത്യേകിച്ച് ശീതികരിച്ച ഹാളുകളിലുമാണ് അതിവ്യാപനം (Super Spread) സംഭവിക്കുന്നത്.
മരണനിരക്ക് കുറഞ്ഞിരിക്കുന്നതും വാക്‌സിനേഷൻ ആരംഭിച്ചതുമൂലമുണ്ടായ സുരക്ഷിത ബോധവും കോവിഡ് പെരുമാറ്റചട്ടം അവഗണിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ രോഗവ്യാപനം വർധിച്ചാൽ മരണനിരക്ക് വർധിക്കാൻ സാധ്യതയുണ്ട്. മാത്രമല്ല, മരണസാധ്യതയില്ലാത്തവർ പോലും കോവിഡാനന്തര രോഗങ്ങൾക്ക് (Post Covid Syndrome) വിധേയരാവുകയും ചെയ്യും. സാമ്പത്തിക മേഖലയിലുണ്ടാവാനിടയുള്ള പ്രത്യാഘാതങ്ങൾ തൊഴിൽ നഷ്ടത്തിലേക്കും വലിയ സാമൂഹ്യാസമത്വങ്ങളിലേക്കും നയിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടേണ്ടിവരും.
2021 മാർച്ച് അവസാനത്തിൽ രാജ്യം കോവിഡിന്റെ അന്ത്യം കണ്ടുതുടങ്ങിയെന്ന് പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി ഹർഷ് വർധൻ കോവിഡ് പ്രതിരോധത്തിന് വിജയകരമായ നേതൃത്വം കൊടുത്ത പ്രധാനമന്ത്രിയെ പുകഴ്ത്തിയിരുന്നു. ഹർഷവർധൻ പ്രകടിപ്പിച്ച ആത്മവിശ്വാസത്തിൽ അത്ഭുതപ്പെടേണ്ടതില്ല.
രണ്ടാം തരംഗത്തിൽ രോഗികളായവരിലെ രോഗലക്ഷണങ്ങളിൽ കാര്യമായ ചില വ്യത്യാസം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. രക്തത്തിലെ ഓക്‌സിൻ അളവ് കുറയുന്നതിന്റെ ഫലമായി ഇവരിൽ പലർക്കും ശ്വാസം മുട്ടൽ അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. ഓക്‌സിൻ നൽകുന്നതിന് ഇവരെ കോവിഡ് ആശുപത്രികളിലേക്ക് മാറ്റേണ്ടിവരുന്നുണ്ട്. വീടുകളിലും കോവിഡ് ഫസ്റ്റ് ആൻറ് സെക്കൻറ് ലൈൻ ചികിത്സാ കേന്ദ്രങ്ങളിലും കഴിഞ്ഞിരുന്നവരിൽ പലരെയും കോവിഡ് ആശുപത്രികളിലേക്ക് മാറ്റേണ്ട സ്ഥിതിയുണ്ടായിട്ടുണ്ട്. ഇത് കോവിഡ് ആശുപത്രികളിലെ കിടക്കകൾ നിറയുന്നതിലേക്ക് നയിച്ചുതുടങ്ങിയിട്ടുണ്ട്. കോവിഡ് ചികിത്സക്കാവശ്യമായ കൂടുതൽ കിടക്കകളും ഓക്‌സിജനും സർക്കാർ സ്വകാര്യ ആശുപത്രികളിൽ ലഭ്യമാക്കാൻ അടിയന്തിര നടപടി സ്വീകരിക്കേണ്ടതാണ്.
നമ്മുടെ വാക്‌സിൻ നയതന്ത്രം
ഇന്ത്യയിൽ രോഗവ്യാപനം നിയന്ത്രണ വിധേയമായിക്കഴിഞ്ഞു എന്ന മിഥ്യാധാരണ സൃഷ്ടിച്ച അമിത ആത്മവിശ്വാസമാണ് രാജ്യത്തെ അപകടസ്ഥിതിയിലേക്ക് നയിച്ചത്. യൂറോപ്പും അമേരിക്കയും പോലുള്ള സമ്പന്ന രാജ്യങ്ങൾ പോലും രണ്ടാംതരംഗത്തിലൂടെ കടന്നുപോയതിൽ നിന്ന് പാഠം ഉൾകൊള്ളാൻ നമുക്ക് കഴിഞ്ഞില്ല. 2021 മാർച്ച് അവസാനത്തിൽ രാജ്യം കോവിഡിന്റെ അന്ത്യം കണ്ടുതുടങ്ങിയെന്ന് പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി ഹർഷ് വർധൻ കോവിഡ് പ്രതിരോധത്തിന് വിജയകരമായ നേതൃത്വം കൊടുത്ത പ്രധാനമന്ത്രിയെ പുകഴ്ത്തിയിരുന്നു. ഹർഷവർധൻ പ്രകടിപ്പിച്ച ആത്മവിശ്വാസത്തിൽ അത്ഭുതപ്പെടേണ്ടതില്ല. കാരണം 2020 സെപ്തംബർ മധ്യത്തിൽ ദിനംപ്രതി 93,000 കേസുണ്ടായിരുന്നത് ക്രമാനുഗതമായി കുറഞ്ഞുവരികയും ഫെബ്രുവരി മധ്യത്തോടെ 11,000 ആയി മാറുകയും ദിനേനയുള്ള മരണം 100 ൽ താഴെയാവുകയും ചെയ്തിരുന്നു. അതിനിടെ മാർച്ച് മുതൽ രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ ആരംഭിക്കുകയും ഒരു ഘട്ടത്തിൽ അമേരിക്ക കഴിഞ്ഞാൽ ഏറ്റവും വാക്‌സിൻ നൽകിയ രാജ്യമായി ഇന്ത്യ മാറുകയും ചെയ്തിരുന്നു.
18 വയസ്സിന് താഴെയുള്ള 30 ശതമാനം പേരെ ഒഴിവാക്കിയാൽ 96.6 കോടി പേർക്കും അതിൽ തന്നെ 60 ശതമാനത്തിനാണെങ്കിൽ 58 കോടി പേർക്കെങ്കിലുമോ വാക്‌സിൻ നൽകേണ്ടതുണ്ട്. സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെയും ഭാരത് ബയോടെക്കിനെയും മാത്രം ആശ്രയിച്ച് ഇത്രത്തോളം പേർക്ക് വാക്‌സിൻ നൽകാൻ കുറഞ്ഞത് രണ്ടു വർഷമെങ്കിലും വേണ്ടിവരുമെന്ന് മനസ്സിലാക്കുന്നതിൽ ആരോഗ്യവകുപ്പ് പരാജയപ്പെട്ടു.
മാത്രമല്ല, അന്താരാഷ്ട്ര സഹകരണത്തിന്റെ ഭാഗമായി സീറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും ലോകാരോഗ്യ സംഘടനയുടെ കോവാക്‌സ് അന്താരാഷ്ട്ര വാക്‌സിൻ പദ്ധതിക്കായി മറ്റ് രാജ്യങ്ങളിലേക്ക് അഞ്ചു കോടി വാക്‌സിൻ ഡോസ് കയറ്റുമതി ചെയ്ത് വാക്‌സിൻ നയതന്ത്രത്തിലും വാക്‌സിൻ അന്താരാഷ്ട്ര സഹവർത്തിത്വത്തിലും പങ്കാളിയാവുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി "വാക്‌സിൻ ഗുരു' എന്ന് വിശേഷിപ്പിക്കപ്പെട്ടു. ആരോഗ്യമന്ത്രിയിൽ നിന്നാരംഭിച്ച് രാജ്യത്ത് പടർന്നുപിടിച്ച അമിത ആത്മവിശ്വാസത്തെ തുടർന്ന് തെരഞ്ഞെടുപ്പ് കമീഷൻ ഫെബ്രുവരി അവസാനം അഞ്ച് സംസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.
മാർച്ച് 27ന് ആരംഭിച്ച തെരഞ്ഞെടുപ്പ് ഒരു മാസത്തോളം നീണ്ടുനിൽക്കുന്നതും 824 മണ്ഡലങ്ങളിലായി 186 ദലക്ഷം പേർ വോട്ട് രേഖപ്പെടുത്തേണ്ടതുമായിരുന്നു. പശ്ചിമ ബംഗാളിന്റെ കാര്യത്തിൽ ഇപ്പോഴും അവസാനിക്കാത്ത എട്ട് ഘട്ടങ്ങളിലായാണ് പോളിങ്. കോവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തി അതീവ വാശിയോടെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണമാണ് സംസ്ഥാനങ്ങളിൽ അരങ്ങേറിയത്. അതിനിടെ, ക്രിക്കറ്റ് ബോർഡ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിനും അനുവാദം നൽകി. മാസ്‌ക്ക് പോലും ധരിക്കാതെ 27,0,000 പേരാണ് ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കാണികളായെത്തിയത്. ചെറുതും വലുതുമായ ഉത്സവങ്ങളും ആൾക്കൂട്ട മേളകളും രാജ്യത്തിന്റെ പലഭാഗങ്ങളിലായി സംഘടിപ്പിക്കപ്പെട്ടു.
ആരോഗ്യവകുപ്പിന്റെ പരാജയം
വാക്‌സിനേഷൻ ആരംഭിച്ചെങ്കിലും സാമൂഹ്യ പ്രതിരോധ ശേഷി (ഹേർഡ് ഇമ്യൂണിറ്റി) വളർത്തിയെടുക്കാൻ ആവശ്യമായ വാക്‌സിൻ ഡോസിനെ സംബന്ധിച്ച് കൃത്യമായ ധാരണയുണ്ടാക്കുന്നതിൽ ആരോഗ്യവകുപ്പ് അലംഭാവം കാട്ടിയെന്ന് കരുതേണ്ടിയിരിക്കുന്നു. 2020 ലെ കണക്കനുസരിച്ച് ഇന്ത്യയുടെ ജനസംഖ്യ 138 കോടിയാണ്. 18 വയസ്സിന് താഴെയുള്ള 30 ശതമാനം പേരെ ഒഴിവാക്കിയാൽ 96.6 കോടി പേർക്കും അതിൽ തന്നെ 60 ശതമാനത്തിനാണെങ്കിൽ 58 കോടി പേർക്കെങ്കിലുമോ വാക്‌സിൻ നൽകേണ്ടതുണ്ട്. സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെയും ഭാരത് ബയോടെക്കിനെയും മാത്രം ആശ്രയിച്ച് ഇത്രത്തോളം പേർക്ക് വാക്‌സിൻ നൽകാൻ കുറഞ്ഞത് രണ്ടു വർഷമെങ്കിലും വേണ്ടിവരുമെന്ന് മനസ്സിലാക്കുന്നതിൽ ആരോഗ്യവകുപ്പ് പരാജയപ്പെട്ടു. വിദേശകമ്പനികളുടെ വാക്‌സിൻ ഇറക്കുമതി ചെയ്യുകയോ അവ നാട്ടിൽ ഉൽപ്പാദിക്കാൻ തയ്യാറുള്ളവരെ അതിനനുവദിക്കുയോ ചെയ്യാനുള്ള നടപടി സ്വീകരിക്കുന്നതിൽ ആരോഗ്യവകുപ്പ് മടിച്ചുനിന്നു. വിദേശ വാക്‌സിനുകൾ ഇന്ത്യയിൽ പരിമിതമായെങ്കിലും പരീക്ഷിച്ചതിനുശേഷം മാത്രമേ ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്യാൻ അനുവദിക്കാവൂ എന്ന നിയമവും വിദേശ വാക്‌സിനുകൾ ലഭ്യമാക്കുന്നതിൽ തടസ്സം നിന്നു. വികസിത രാജ്യങ്ങൾ 2021 ആദ്യമാസങ്ങളിൽ വാക്‌സിൻ കമ്പനികൾ ഉൽപാദിപ്പിച്ച വാക്‌സിൻ ഡോസുകളിൽ 50 ശതമാനവും വാങ്ങി സ്റ്റോക്ക് ചെയ്തതുമൂലം പല വിദേശകമ്പനികളും ഇന്ത്യയിൽ വാക്‌സിൻ മാർക്കറ്റ് ചെയ്യാൻ താൽപര്യം കാട്ടിയതുമില്ല.
വിദേശ കമ്പനികളെ ഇന്ത്യയിൽ വാക്‌സിൻ മാർക്കറ്റ് ചെയ്യാൻ അനുവദിക്കാനും മെയ് ഒന്ന് മുതൽ 18 വയസ്സുമുതലുള്ളവർക്ക് വാക്‌സിൻ നൽകാനും കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഏറ്റവും വാക്‌സിൻ ഉല്പാദിപ്പിക്കുന്ന ഏജൻസികളിലൊന്നാണ്. ഹാഫ്കിൻ ഇൻസ്റ്റിറ്റ്യൂട്ട്, സെൻട്രൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കസൗളി, പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട് കൂനൂർ, ബി.സി.ജി. വാക്‌സിൻ ലാബറട്ടറി ഗിണ്ടി, ചെങ്കൽപെട്ടിലുള്ള എച്ച്.ബി.എൽ ഇന്റഗ്രേറ്റഡ് വാക്‌സിൻ കോംപ്ലക്‌സ് എന്നീ പൊതു സ്ഥാപനങ്ങളിൽ വാക്‌സിൻ ഉല്പാദിപ്പിക്കുന്നുണ്ട്. എന്നാൽ ഇവിടങ്ങളിൽ പരമ്പരാഗത വാക്‌സിനുകൾ മാത്രമാണുല്പാദിപ്പിക്കുന്നത്. ആധുനിക ജനിതക വാക്‌സിനുകൾ ഉല്പാദിപ്പിക്കാനുള്ള ശേഷിയും അടിസ്ഥാന സൗകര്യങ്ങളും ഈ ഫാക്ടറികളിൽ വികസിപ്പിച്ചെടുക്കുന്നതിൽ സർക്കാർ യാതൊരു താൽപര്യവും കാട്ടിയില്ല.
വൻകിട കമ്പനികളുടെ വിലയേറിയ വാക്‌സിനുകൾ വാങ്ങാനുള്ള സാമ്പത്തിക ശേഷി സംസ്ഥാനങ്ങൾക്കില്ല. സ്വാഭാവികമായും കൂടിയ വിലക്ക് വാക്‌സിൻ മാർക്കറ്റ് ചെയ്യാൻ അവരെ അനുവദിക്കേണ്ടിവരും. അതോടെ വാക്‌സിൻ ലഭ്യതയിലെ അസമത്വം വർധിക്കും. ഇതൊഴിവാക്കേണ്ടതാണ്.
2008 ലെ യു.പി.എ. സർക്കാരിന്റെ കാലത്ത് നല്ല ഉല്പാദന രീതികൾ പാലിക്കുന്നില്ലെന്ന് (ഗുഡ് മാനുഫാക്ചറിങ്ങ് പ്രാക്ടീസസ്) ആരോപിച്ച് ഈ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കിയിരുന്നു. അന്ന് കേന്ദ്ര മന്ത്രിയായിരുന്ന പി.എം.കെ നേതാവ് അൻപുമണി രാംദാസിന് സ്വകാര്യ മരുന്ന് കമ്പനികളുമായുള്ള വഴിവിട്ട ബന്ധമാണ് ഈ നടപടിക്ക് കാരണമായതെന്ന് ആരോപണമുണ്ടായിരുന്നു. ഈ സ്ഥാപനങ്ങൾ പുനരുദ്ധരിക്കുന്നതിന് 2012 ൽ നീക്കമുണ്ടായെങ്കിലും വാക്‌സിൻ നിർമാണത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിൽ യു.പി.എ, എൻ.ഡി.എ. സർക്കാരുകൾ താൽപര്യം കാട്ടിയില്ല. 2016 ൽ നിലവിൽ വന്ന എച്ച്.ബി.എൽ. ഇന്റഗ്രേറ്റഡ് വാക്‌സിൻ കോംപ്ലക്‌സ് സ്വകാര്യമേഖലക്ക് കൈമാറാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുകയാണ്.
ഇന്ത്യയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഏറ്റവുമധികം ആധുനിക വാക്‌സിൻ ഉല്പാദിപ്പിക്കുന്ന ലോക ഏജൻസികളിലൊന്നാണ്. മറ്റ് ചില സ്വകാര്യ കമ്പനികളും ആധുനിക വാക്‌സിൻ ഉല്പാദിപ്പിക്കുന്നുണ്ട്. എന്നാൽ ഇന്ത്യൻ കമ്പനികളെ മാത്രം ആശ്രയിച്ച് ഇന്ത്യക്കാവശ്യമായ അളവിൽ വാക്‌സിൻ ചുരുങ്ങിയ സമയത്ത് ഉല്പാദിപ്പിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. മുംബയിലെ ഹാഫ്ക്കിൻ ബയോ ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ, ഹൈദരാബാദിലെ ഇന്ത്യൻ ഇമ്യൂണോളജിക്കൽസ് ലിമിറ്റഡ്, ബുലന്ദ്‌ഷെഹറിലെ ഭാരത് ഇമ്യൂണോളജിക്കൽസ് ആന്റ് ബയോളജിക്കൽസ് ലിമിറ്റഡ് എന്നീ പൊതുമേഖലകമ്പനികൾ വാക്‌സിൻ ഉല്പാദനത്തിൽ പങ്കാളികളാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം സ്വാഗതാർഹമാണ്. മറ്റു പൊതുമേഖലാ കമ്പനികളുടെ വാക്‌സിൻ ഉല്പാദന കഴിവ് വർധിപ്പിക്കാൻ ശ്രമിക്കുന്നതോടൊപ്പം വിദേശകമ്പനികളുടെ വാക്‌സിനുകളുടെ വിലയുടെ മേൽ സർക്കാർ ഉചിത നിയന്ത്രണം ഏർപ്പെടുത്തേണ്ടതാണ്. സാമ്പത്തിക ശേഷിയില്ലാത്തവർക്കെല്ലാം സർക്കാർ സബ്‌സിഡിയിലൂടെ വാക്‌സിൻ സൗജന്യമായി നൽകുകയും വേണം. അല്ലെങ്കിൽ വാക്‌സിൻ ലഭ്യതയിൽ വലിയ സാമൂഹ്യ അസമത്വം ഉണ്ടാവാനിടയുണ്ട്.
വാക്‌സിൻ കമ്പനികളിൽ നിന്ന് നേരിട്ട് വാക്‌സിൻ വാങ്ങാൻ സംസ്ഥാനസർക്കാരുകളെ അനുവദിക്കുന്നതിന് പകരമായി കേന്ദ്രസർക്കാർ തന്നെ വാക്‌സിൻ വാങ്ങി സംസ്ഥാനങ്ങൾക്ക് നൽകുകയാണ് നല്ലത്. വൻകിട കമ്പനികളുടെ വിലയേറിയ വാക്‌സിനുകൾ വാങ്ങാനുള്ള സാമ്പത്തിക ശേഷി സംസ്ഥാനങ്ങൾക്കില്ല. സ്വാഭാവികമായും കൂടിയ വിലക്ക് വാക്‌സിൻ മാർക്കറ്റ് ചെയ്യാൻ അവരെ അനുവദിക്കേണ്ടിവരും. അതോടെ വാക്‌സിൻ ലഭ്യതയിലെ അസമത്വം വർധിക്കും. ഇതൊഴിവാക്കേണ്ടതാണ്.
തെറ്റായ വിവരങ്ങളുടെ മഹാമാരി
കൊറോണ വൈറസ് (സാർസ് കൊറോണ വൈറസ്- 2) ഒരു പുതിയ വൈറസും കോവിഡ് ഒരു പുതിയ രോഗവുമായതുകൊണ്ട് ലഭ്യമായ ശാസ്ത്രീയ വിവരങ്ങളുടെയും പഠനങ്ങളുടെ അടിസ്ഥാനത്തിൽ നിഗമനങ്ങളിൽ എത്തുകയും പ്രതിരോധ നടപടി സ്വീകരിക്കുകയും ചെയ്യാനാണ് ആധുനിക വൈദ്യശാസ്ത്രമേഖലയിലുള്ളവർ ശ്രമിച്ചുവരുന്നത്. എന്നാൽ സാമൂഹ്യ ശൃഖലകളും മറ്റും വഴി ധാരാളം പാതിവെന്ത ആശയങ്ങളും അപക്വ നിഗമനങ്ങളും പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
തെറ്റായ വിവരങ്ങളുടെ മഹാമാരി തന്നെ (Epidemic of Misinformation) കോവിഡ് മഹാമാരിക്കൊപ്പം അഭിമുഖീകരിക്കേണ്ടിവരുന്നുണ്ട്.
വാക്‌സിനേഷൻ ത്വരിതഗതിയിലാക്കുകയും വാക്‌സിൻ പെരുമാറ്റചട്ടം കർശനമായി നടപ്പിലാക്കുകയും ചെയ്താൽ രണ്ടാം തരംഗത്തെ പ്രതിരോധിക്കാൻ തീർച്ചയായും കഴിയും.
വാക്‌സിൻ വർണ വിവേചനം
കോവിഡ് വാക്‌സിൻ ലഭ്യതയുടെ കാര്യത്തിൽ ധനിക- ദരിദ്ര രാജ്യങ്ങൾക്കിടയിലുള്ള അസന്തുലിതാവസ്ഥയെ വാക്‌സിൻ വർണവിവേചനം (Vaccine Apartheid) എന്നാണ് ജനകീയാരോഗ്യ പ്രവർത്തകർ വിശേഷിപ്പിക്കുന്നത്.
ലോകം കോവിഡ് കാലത്ത് ധാർമിക പരാജയമെന്ന അത്യാപത്തിന്റെ വക്കത്താണെന്നാണ് (Catastrophic Moral Failure) ഈ സ്ഥിതിവിശേഷം സൂചിപ്പിക്കുന്നതെന്നാണ് ലോകാരോഗ്യ സംഘടന വിലയിരുത്തിയിട്ടുള്ളത്.
എറ്റവും കുറഞ്ഞവിലക്കുള്ള ഓക്‌സ്‌ഫോർഡ്- ആസ്റ്റ്രസെനക്ക വാക്‌സിൻ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്ക് ഡോസിന് രണ്ട് ഡോളറിന് നൽകുമ്പോൾ, ഇതേ വാസ്‌കിൻ മനുഷ്യപരീക്ഷണം നടത്തിയ ദക്ഷിണാഫ്രിക്കക്കും ഉഗാണ്ടക്കും ഇരട്ടിവിലയ്ക്കാണ് നൽകുന്നത്.
കോവിഡ് വാക്‌സിൻ ഉൽപ്പാദനത്തിൽ മേധാവിത്വം വഹിക്കുന്നത് സമ്പന്നരാജ്യങ്ങളാണ്. ലോകത്ത് ഉൽപ്പാദിപ്പിക്കപ്പെടുന്ന വാക്‌സിനുകളിൽ വലിയ പങ്ക് വികസിതരാജ്യങ്ങൾ വാങ്ങി സ്‌റ്റോക്ക് ചെയ്തു വരികയാണ്. ഈ വർഷം വാക്‌സിൻ കമ്പനികൾ ഉൽപ്പാദിപ്പിക്കുന്ന 12.5 ബില്ല്യൻ ഡോസ് വാക്‌സിനിൽ 6.4 ബില്ല്യൻ ഡോസും 13 ശതമാനം വരുന്ന സമ്പന്ന രാജ്യങ്ങൾ മുൻകൂർ വാങ്ങിക്കഴിഞ്ഞിരിക്കയാണ്. ആസ്‌ത്രേലിയയും കാനഡയും അവരുടെ ജനസംഖ്യയേക്കാൾ അഞ്ചിരട്ടി വാക്‌സിൻ ഡോസുകളാണ് വാങ്ങിക്കൂട്ടിയിട്ടുള്ളത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളിലെ ജനങ്ങൾക്ക് വാക്‌സിൻ ലഭിക്കുന്നതിന് ഇത്തരത്തിലുള്ള വാക്‌സിൻ ദേശീയത തടസം സൃഷ്ടിക്കും.
2021 ജനുവരി 1 ന് ലോകവ്യാപകമായി 55 ദശലക്ഷം ഡോസ് കോവിഡ് വാക്‌സിൻ വിതരണം ചെയ്യപ്പെട്ടപ്പോൾ ദരിദ്രരാജ്യമായ ഗിനി (Guinea) ക്ക് ലഭിച്ചത് 55 ഡോസുമാത്രമായിരുന്നു. വിലയുടെ കാര്യത്തിലും അവികസിത രാജ്യങ്ങൾ പ്രതിസന്ധി നേരിടുകയാണ്. വാക്‌സിൻ കമ്പനികൾ വിവിധ രാജ്യങ്ങൾക്ക് വാക്‌സിൻ നൽകുന്നതിനായി നിശ്ചയിച്ച കരാർ വില രഹസ്യമായി സൂക്ഷിച്ചിരിക്കയാണ്. എങ്കിലും യൂനിസെഫ്, വാക്‌സിൻ വില സംബന്ധിച്ച വിവരങ്ങൾ വിവിധ സ്രോതസ്സുകളിലൂടെ ശേഖരിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതനുസരിച്ച് എറ്റവും കുറഞ്ഞവിലക്കുള്ള ഓക്‌സ്‌ഫോർഡ്- ആസ്റ്റ്രസെനക്ക വാക്‌സിൻ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്ക് ഡോസിന് രണ്ട് ഡോളറിന് നൽകുമ്പോൾ, ഇതേ വാസ്‌കിൻ മനുഷ്യപരീക്ഷണം നടത്തിയ ദക്ഷിണാഫ്രിക്കക്കും ഉഗാണ്ടക്കും ഇരട്ടിവിലയ്ക്കാണ് നൽകുന്നത്. 60-80 % ലാഭവിഹിതവുമായി അമേരിക്കൻ കമ്പനികളായ മൊഡോണയും ഫൈസർ- ബയോൺടെക്കും അവരുടെ വാക്‌സിൻ അമേരിക്കയടക്കമുള്ള സമ്പന്നരാജ്യങ്ങൾക്ക് ഒരു ഡോസിന് 15.25-19.50 ഡോളറിന് വിൽക്കുമ്പോൾ മറ്റ് രാജ്യങ്ങൾക്ക് നൽകുന്നതോ 25-37 ഡോളറിനും!
കോവിഡ് മരുന്നുകളെയും സങ്കേതങ്ങളെയും സംബന്ധിച്ച വിജ്ഞാനം പങ്കിടുന്നതിന് ലോകാരോഗ്യ സംഘടന രൂപീകരിച്ച സി- ടാപ്പുമായി (C-TAP COVID-19 Technology Access Pool) സഹകരിക്കുന്നതിൽ അന്താരാഷ്ട്ര ഫാർമസ്യൂട്ടിക്കൽ ഫെഡറേഷൻ വിസമ്മതിച്ചിരിക്കയുമാണ്. സമ്പന്നരാജ്യങ്ങൾക്ക് അനുകൂലമായ വാക്‌സിൻ വ്യവഹാരത്തിന്റെ ഫലമായി 85 ഓളം ദരിദ്രരാജ്യങ്ങൾക്ക് 2023 നുമുൻപ് കോവിഡ് വാക്‌സിൻ ലഭിക്കാൻ സാധ്യതയില്ലെന്നും തന്മൂലം ഒഴിവാക്കാവുന്ന 2.5 ദലക്ഷം കോവിഡ് മരണങ്ങൾ വികസ്വരാജ്യങ്ങളിൽ സംഭവിക്കാനിടയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.
വാക്‌സിനുമേലുള്ള പാറ്റന്റ് മരവിപ്പിക്കണം
വികസ്വരരാജ്യങ്ങൾക്ക് മിതമായ വിലയ്ക്ക് വാക്‌സിൻ ലഭ്യമാക്കുന്നതിന് വാക്‌സിനു മേലുള്ള പേറ്റൻറ് താത്ക്കാലികമായി മരവിപ്പിക്കണമെന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ലോക വ്യാപാരസംഘടനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വികസ്വരരാജ്യങ്ങളിൽ ലഭ്യമായ, വേണ്ടത്ര ഉപയോഗിക്കപ്പെടാതെ പോകുന്ന വാക്‌സിൻ നിർമാണ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ആവശ്യാനുസരണം വാക്‌സിൻ ഉൽപ്പാദിപ്പിക്കാം. എന്നാൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും, അമേരിക്ക, ബ്രിട്ടൻ, സ്വിറ്റ്‌സർലണ്ട്, കാനഡ എന്നീ രാജ്യങ്ങളും പേറ്റന്റ് മരവിപ്പിക്കലിനെ എതിർത്തിരിക്കയാണ്. ഇവരുടെ ഇംഗിതത്തിന് വിപരീതമായ തീരുമാനം ലോകവ്യാപാര സംഘടന സ്വീകരിക്കില്ലെന്ന് ഉറപ്പാണ്. പേറ്റൻറ് മരവിപ്പിക്കുന്നത് ഔഷധ ഗവേഷണത്തെ നിരുത്സാഹപ്പെടുത്തുമെന്നാണ് സമ്പന്ന രാജ്യങ്ങൾ ആവർത്തിച്ച് മുന്നോട്ടുവെക്കാറുള്ള വാദം.
ഒമ്പതു ലക്ഷം ജനസംഖയുള്ള ഇസ്രയേലിൽ പകുതിയോളം വരുന്ന 4.5 ദശലക്ഷം പേർ പടിഞ്ഞാറൻ തീരത്തും ഗാസ മുനമ്പിലുമാണ് താമസിക്കുന്നത്. ഫലസ്തീനിയൻ അറബ് വംശജരാണ് ഇവിടെ കഴിയുന്നത്. ഇവിടെ താമസിക്കുന്നവർക്ക് ഇതുവരെ കോവിഡ് വാക്‌സിൻ നൽകാൻ ഇസ്രായേൽ തയ്യാറായിട്ടില്ല.
എന്നാൽ ഇക്കാര്യത്തിൽ അമേരിക്കയടക്കമുള്ള രാജ്യങ്ങൾ ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നത്. മിക്ക വികസിത രാജ്യങ്ങളുടെയും പേറ്റന്റ് നിയമങ്ങളിൽ, രാജ്യതാൽപ്പര്യം പരിഗണിച്ച് പേറ്റൻറ് അവഗണിച്ച് പേറ്റൻറ് ഔഷധം ഉൽപ്പാദിപ്പിക്കാനുള്ള സ്വാതന്ത്ര്യം നൽകുന്നുണ്ട്. 1977ലെ അമേരിക്കൻ പേറ്റൻറ് നിയമത്തിലുള്ള സെക്ഷൻ 55 ഉപയോഗിച്ച് പക്ഷിപ്പനി അമേരിക്കയിൽ വ്യാപിക്കുമെന്ന് ഭയപ്പെട്ട് ഫ്‌ളൂ ചികിത്സക്കാവശ്യമായ ടാമിഫ്‌ളൂ എന്ന മരുന്ന് ഉൽപ്പാദിപ്പിക്കാനുള്ള അവകാശം അമേരിക്കൻ കമ്പനികൾക്ക് നൽകിയിരുന്നു. അമേരിക്കയിൽ തന്നെ പോളിയോക്കുള്ള സാൽക്ക് സബിൻ വാക്‌സിനുകൾ പേറ്റൻറ് സംരക്ഷണം ഒഴിവാക്കിയാണ് മാർക്കറ്റ് ചെയ്തത്. ഫെഡറൽ ഫണ്ടിംഗ് ഉപയോഗിച്ച് നടത്തുന്ന ഗവേഷണഫലങ്ങൾ പേറ്റൻറ് ചെയ്താലും മറ്റുള്ളവർക്ക് ഉൽപ്പാദനാവകാശം ബേഡോൾ ആക്റ്റ് (Bayh-Dole Act) പ്രകാരം നൽകാൻ പേറ്റൻറ് ഉടമ ബാധ്യസ്ഥരാണ്.
കോവിഡ് ഉൽപ്പന്നങ്ങൾ ഗവേഷണം ചെയ്‌തെടുക്കുന്നതിനായി സ്വകാര്യ- പൊതു പങ്കാളിത്തത്തോടെ അമേരിക്കയിൽ ആരംഭിച്ച ഓപ്പറേഷൻ വാർപ്പ് സ്പീഡിന്റെ (Operation Warp Speed) ഭാഗമായി വാസ്‌കിൻ ഗവേഷണത്തിന് മോഡോണക്ക് 2.5 ബില്ല്യൻ ഡോളർ സാമ്പത്തിക സഹായം ലഭിച്ചിരുന്നു. മാത്രമല്ല, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്, പെൻസിൽവേനിയ സർവകലാശാല ഇവരുടെ സഹായത്തോടെയാണ് മൊഡോണ അവരുടെ കോവിഡ് വാക്‌സിൻ വികസിപ്പിച്ചത്. ഈ സാഹചര്യത്തിൽ തങ്ങളുടെ വാക്‌സിന് കോവിഡ് മഹാമാരി കാലത്ത് പേറ്റൻറ് സംരക്ഷണമുണ്ടാവില്ലെന്ന് മോഡോണ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇതെല്ലാം പരിഗണിച്ച് കോവിഡ് വാക്‌സിൻ പേറ്റൻറ് മരവിപ്പിക്കണമെന്ന ലോകവ്യാപാര സംഘടനയുടെ ആവശ്യം അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ പിന്താങ്ങണമെന്ന് അമേരിക്കയിലെ ജനകീയ പ്രസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. വാക്‌സിൻ വർണവിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജനകീയാരോഗ്യ പ്രവർത്തകർ നിരവധി രാജ്യങ്ങളിൽ People's Vaccine, NO to Profit Vaccine എന്ന മുദ്രാവാക്യമുയർത്തി പ്രചാരണം നടത്തി വരികയാണ്.
‘ഇസ്രായേൽ മാതൃക'യുടെ യഥാർഥ ചിത്രം ഇതാ...
ലോകരാജ്യങ്ങളിൽ ഏറ്റവുമധികം ജനങ്ങൾക്ക് വാക്‌സിൻ നൽകിയ രാജ്യമെന്ന നിലയിൽ ഇസ്രായേൽ അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഏറെ പ്രകീർത്തിക്കപ്പെടുന്നുണ്ട്. എന്നാൽ, ഇസ്രായേലിന്റെ "നേട്ട'ത്തിനുപിന്നിൽ മറഞ്ഞിരിക്കുന്ന വാക്‌സിൻ വർണവിവേചനം പുറത്തുവന്നിരിക്കയാണ്. ഒമ്പതു ലക്ഷം ജനസംഖയുള്ള ഇസ്രയേലിൽ പകുതിയോളം വരുന്ന 4.5 ദശലക്ഷം പേർ ഇസ്രയേലിന്റെ പട്ടാളഭരണത്തിൻ കീഴിൽ പടിഞ്ഞാറൻ തീരത്തും (West Bank) ഗാസ മുനമ്പിലുമാണ് (Gaza Strip) താമസിക്കുന്നത്. ഫലസ്തീനിയൻ അറബ് വംശജരാണ് ഇവിടെ കഴിയുന്നത്. ഇവിടെ താമസിക്കുന്നവർക്ക് ഇതുവരെ കോവിഡ് വാക്‌സിൻ നൽകാൻ ഇസ്രായേൽ തയ്യാറായിട്ടില്ല. അതേയവസരത്തിൽ ഈ പ്രദേശങ്ങളിൽ കോവിഡ് വ്യാപനം വർധിച്ച് വരികയുമാണ്. 2021 ജനുവരിയിൽ 1,44,257 കോവിഡ് കേസുകളും 1663 മരണവും ഇവിടെ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴും രോഗം നിയന്ത്രണവിധേയമായിട്ടില്ല. ഫലസ്തീനിയൻ അതോറിറ്റിയുടെ ചുമതലയിലുള്ള ഈ പ്രദേശത്തെ ആരോഗ്യസേവനമടക്കം എല്ലാം നിശ്ചയിക്കുന്നത് ഇസ്രായേൽ ഭരണാധികാരികളാണ്. നാലാമത് ജനീവ കൺവൻഷൻ അനുസരിച്ച് പട്ടാളഭരണത്തിൻ കീഴിലുള്ള പ്രദേശത്തെ ജനങ്ങൾക്ക് ആരോഗ്യസേവനം നൽകാൻ ഭരണാധികാരികൾ ബാധ്യസ്ഥരാണ്. ഇസ്രായേലും ഫലസ്തീനിയൻ വിമോചന സംഘടനയുമായുള്ള 1993, 95 ലെ ഓസ്‌ലോ കരാറനുസരിച്ച് (Oslo Accord) ഇസ്രായേലും ഫലസ്തീനിയൻ അതോറിറ്റിയും സംയുക്തമായി പകർച്ചവ്യാധികളെ നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്ന് പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്. തങ്ങളുടെ മേധവിത്വത്തിൻ കീഴിലുള്ള ജനങ്ങൾക്ക് വാക്‌സിൻ നൽകാൻ വിമുഖത കാട്ടുന്ന ഇസ്രായേൽ ഭരണാധികാരികൾ വാക്‌സിൻ നയതന്ത്രത്തിന്റെ ഭാഗമായി ഹോണ്ടുറാസ്, ഗോണ്ടിമാല, ചെക്ക് റിപ്പബ്ലിക്ക് തുടങ്ങിയ രാജ്യങ്ങൾക്ക് കോവിഡ് വാക്‌സിൻ നൽകുന്നുണ്ട്.
വാക്‌സിനുമേലുള്ള പേറ്റൻറ് നിബന്ധനയും കുത്തക വിപണനാധികാരവും നീക്കി വാക്‌സിൻ ഉൽപ്പാദിപ്പിക്കാൻ മറ്റുള്ളവർക്ക് അധികാരം നൽകേണ്ടത് വാക്‌സിൻ സാർവദേശീയത വളർത്തിയെടുക്കാൻ ആവശ്യമാണ്
വാക്‌സിൻ വിതരണക്കാര്യത്തിൽ ഇസ്രായേൽ പിന്തുടരുന്ന വാക്‌സിൻ വർണവിവേചനത്തിനെതിരെ വിവിധ രാജ്യങ്ങളിലെ ശാസ്ത്ര സംഘടനകളും പുരോഗമന പ്രസ്ഥാനങ്ങളും പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ശാസ്ത്രരംഗത്തെ സംഭാവനകൾക്കായി ഇസ്രായേൽ സർക്കാർ ഏർപ്പെടുത്തിയ ഡാൻ ഡേവിഡ് (Dan David Prize) പുരസ്‌കാരം സ്വീകരിക്കരുതെന്ന് ഈ വർഷം തെരഞ്ഞെടുക്കപ്പെട്ട അഞ്ച് ശാസ്ത്രജ്ഞരോട് 300 ഓളം ശാസ്ത്രജ്ഞരും ഗവേഷകരും ഒപ്പിട്ട മെമ്മോറാണ്ടത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വാക്‌സിൻ സാർവദേശീയത
വാക്‌സിൻ ദേശീയതകളുടെ സ്ഥാനത്ത് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള കോവാക്‌സ് സംരംഭത്തിലൂടെ വികസ്വര രാജ്യങ്ങൾക്ക് സൗജന്യമായി വാക്‌സിൻ ലഭ്യമാക്കാൻ നടത്തുന്ന ശ്രമങ്ങളെ വാക്‌സിൻ സാർവദേശീയത (Vaccine Internationalism) എന്ന് വിശേഷിപ്പിക്കാം.
കോവിഡ് ചികിത്സക്കും രോഗനിർണയത്തിനും പ്രതിരോധത്തിനുമുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും സന്തുലിതവും തുല്യവുമായ കോവിഡ് സാങ്കേതിക വിദ്യ ലഭ്യത എല്ലാ രാജ്യങ്ങൾക്കും ഉറപ്പാക്കുന്നതിനുമായി ലോകാരോഗ്യ സംഘടന, ഗാവി (GAVI: The Global Alliance for Vaccines and Immunizations) , സെപ്പി (CEPI:The Coalition for Epidemic Preparedness Innovations) എന്നീ പ്രസ്ഥാനങ്ങളുമായി ചേർന്ന് ‘ആക്ട്’ (ACT: The Access to COVID-19 Tools Acceleratory) എന്നൊരു പ്രസ്ഥാനം ആരംഭിച്ചിട്ടുണ്ട്. ആക്ടിന്റെ വാക്‌സിൻ ഗവേഷണത്തിനും വാക്‌സിന്റെ നീതിയുക്തമായ വിതരണത്തിനുമായുള്ള വിഭാഗമാണ് കോവാക്‌സ് (Covax). 2017 മുതൽ സ്വിറ്റ്‌സർലണ്ട് കേന്ദ്രമായി പ്രവർത്തിക്കുന്ന ‘സെപ്പി’യും 2000 ത്തിൽ സ്ഥാപിച്ച ‘ഗാവി’യും പൊതുസ്ഥാപനങ്ങളും സന്നദ്ധസംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്നു. അഫ്ഗാനിസ്താൻ, അംഗോള, ബംഗ്ലാദേശ്, ബൊളീവിയ, കെനിയ തുടങ്ങിയ 63 ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്ക് 237 ദശലക്ഷം കോവിഷീൽഡ് വാക്‌സിനും 1.2 ദശലക്ഷം ഫൈസർ ബയോൺ ടെക്ക് വാക്‌സിനും ഫെബ്രുവരി അവസാനത്തോടെ കോവാക്‌സ് സംവിധാനത്തിലൂടെ വിതരണം ചെയ്തു.
വാക്‌സിനുമേലുള്ള പേറ്റൻറ് നിബന്ധനയും കുത്തക വിപണനാധികാരവും നീക്കി വാക്‌സിൻ ഉൽപ്പാദിപ്പിക്കാൻ മറ്റുള്ളവർക്ക് അധികാരം നൽകേണ്ടത് വാക്‌സിൻ സാർവദേശീയത വളർത്തിയെടുക്കാൻ ആവശ്യമാണ്. പരസ്പര സഹകരണത്തിന്റെയും പങ്കിടലിന്റെയും അടിസ്ഥാനത്തിലുള്ള ഓപ്പൺ സോഴ്സ് തത്വശാസ്ത്രം പിന്തുടർന്ന് കോവിഡ് വാസ്‌കിൻ വികസിപ്പിച്ചെടുക്കാൻ ശ്രമിക്കുന്നത് വാക്‌സിൻ സാർവദേശീയതയുടെ മറ്റൊരു ഉദാഹരണമാണ്. യൂറോപ്യൻ വാക്‌സിൻ ഇനിഷ്യേറ്റീവ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ക്‌നോളജി, ഡൽഹി എന്നിവരുടെ സഹകരണത്തോടെ ഓപ്പൺ സോഴ്‌സ് ഫാർമ ഫൗണ്ടേഷൻ കോവിഡിനും ഭാവി മഹാമാരിക്കൾക്കും പ്രയോജനപ്പെടുത്താവുന്ന വാക്‌സിൻ കണ്ടെത്താൻ ഓപ്പൻ വാക്‌സ് (OpenVax) എന്നൊരു സംരംഭത്തിന് തുടക്കം കുറിച്ചിട്ടുണ്ട്.▮