കോവിഡ് എന്ന മഹാമാരി നമുക്കിടയിലേക്ക് കടന്നുവന്നത് ഒരു അപരിചിത വ്യക്തിയുടെ എല്ലാ ഗൂഢസ്വഭാവങ്ങളോടുകൂടിയായിരുന്നു. അപ്രതീക്ഷിതമായി സംഭവിച്ച ഈ അവസ്ഥക്കുമുമ്പിൽ സകലരും പകച്ചുപോയി. ആഗോളമായ ഒരുതരം ദൗർബല്യത്തിലേക്കാണ് (Universal fragility) മനുഷ്യ സമൂഹം നടന്നടുത്തത്. നമുക്ക് പരിചിതമായിരുന്ന ഒട്ടനവധി കാര്യങ്ങൾ കണ്ണടച്ച് തുറക്കുന്നതിനു മുൻപുതന്നെ അപരിചിതമായി.
കേരള പശ്ചാത്തലത്തിൽ മനസ്സിലാക്കുമ്പോൾ വിപത്തുകളെ നേരിടാൻ സാമൂഹികവും സാംസ്‌കാരികവുമായി നാം ഉപയോഗിക്കാറുണ്ടായിരുന്ന ഉപാധികളിൽ മിക്കവയും പ്രയോജനരഹിതമാണെന്നു വളരെ പെട്ടെന്ന് നമ്മൾ തിരിച്ചറിഞ്ഞു. ഈ തിരിച്ചറിവ് കോവിഡ് കൊണ്ടുവന്ന നിഗൂഢതയുടെ ആഴം വർധിപ്പിച്ചു. മുൻപൊന്നും അനുഭവിച്ചിട്ടില്ലാത്ത തരം മായാലോകത്തു അകപ്പെട്ട മാനസികാവസ്ഥയിലേക്ക് സാമൂഹികമായി നമ്മൾ അകപ്പെട്ടുപോയി.
പരിചിതമായവ അപരിചിതമാകുമ്പോൾ
മനോവിശ്ലേഷകനായ ഫ്രോയിഡ് അപൂർവത (uncanny) എന്ന ഒരു അനുഭവത്തെക്കുറിച്ചു ഒരു ലേഖനത്തിൽ പ്രതിപാദിക്കുന്നുണ്ട്. അപ്രതീക്ഷിതമായ സമയത്ത് തനിക്ക് തികച്ചും പരിചിതമായ ഒരു വസ്തുവിലോ വ്യക്തിയിലോ സംഭവിക്കുന്ന മാറ്റമാണ് ഈ അപൂർവത സൃഷ്ടിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. തന്റെ മേശപ്പുറത്തിരിക്കുന്ന കളിപ്പാട്ടം പൊടുന്നനെ എഴുന്നേറ്റ് തന്റെ സ്വത്വബോധത്തെക്കുറിച്ചു സംസാരിക്കുക, അല്ലെങ്കിൽ ഒരു ട്രെയിൻ യാത്രക്കാരൻ തന്റെ പ്രതിബിംബത്തിലേക്ക് നോക്കുമ്പോൾ പരിചിതമായ തന്റെ മുഖത്തിനു പ്രായാധിക്യം ബാധിച്ചു എന്ന് പെട്ടെന്ന് തിരിച്ചറിയുക തുടങ്ങിയതരം അപ്രതീക്ഷിതങ്ങളായ മാറ്റങ്ങൾ ചിരപരിചിതമായ കാര്യങ്ങളിലോ വ്യക്തികളിലോ സംഭവിക്കുന്നതാണ് ഈ അപൂർവത (Roth, 2020).
കേരളത്തിന്റെ സാംസ്‌കാരിക പശ്ചാത്തലത്തിൽ കോവിഡ് ഉണ്ടാക്കിയ മാനസികവ്യാപാരം ഇത്തരമൊരു അപൂർവ അനുഭവമായിരുന്നു. എന്തുകൊണ്ടാണ് ഈ അപൂർവത സംഭവിക്കുന്നതെന്ന് കുറച്ചുകൂടി വിശദമാക്കേണ്ടതുണ്ട്. മഹാവ്യാധികളോടോ പ്രതികൂലാവസ്ഥയോടോ പ്രതികരിക്കുന്നതിലുള്ള സാംസ്‌കാരിക വ്യതിയാനങ്ങൾ പഠനവിധേയമാക്കിയിട്ടുള്ളതാണ്.
ഒരു സമൂഹത്തിന്റെ ഇത്തരം പ്രതികരണങ്ങൾ അതിന്റെ ഘടനപരമായ സവിശേഷതകളുടെയും മുൻപ് അനുഭവിച്ചിട്ടുള്ള ദുരിതാനുഭവങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കുമെന്നും വിലയിരുത്തപ്പെട്ടിട്ടുണ്ട്. ആ സമൂഹത്തിലെ പെരുമാറ്റ ചട്ടങ്ങളും ജനങ്ങൾ തമ്മിലുള്ള പരസ്പര ബന്ധവും ഈ പ്രതികരണങ്ങളിൽ നിർണായക പങ്കു വഹിക്കുന്ന മറ്റു കാരണങ്ങളാണ് (Van Bavel et al., 2020).
കൂട്ടായ്മക്ക് പ്രാധാന്യം നൽകുന്ന ഒരു സംസ്‌കാരം (collectivistic culture) എന്ന നിലയിൽ സമൂഹത്തിന്റെ പൊതുബോധ്യങ്ങളും ചിന്താധാരകളും സംഘബോധവുമായിരുന്നു നമ്മെ എല്ലാ കാലവും മുൻപോട്ടു നയിച്ചിരുന്നത്. കേരളസമൂഹം മഹാപ്രളയത്തെയും ഒട്ടനവധി പ്രകൃതിക്ഷോഭത്തെയും നേരിട്ടപ്പോഴെല്ലാം ഈ സംഘബോധത്തിൽ അടിയുറച്ച വിശ്വാസം പ്രകടമായിരുന്നു. മഹാപ്രളയകാലത്ത് സ്വന്തം ജീവൻ തൃണവൽഗണിച്ച് മറ്റുള്ളവരെ രക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെട്ട മത്സ്യത്തൊഴിലാളികളും, കരിപ്പൂരിൽ വിമാനം തെന്നിമാറിയപ്പോൾ എല്ലാം മറന്ന് അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ പുറപ്പെട്ട നാട്ടുകാരിലും ഈ ബോധം വ്യക്തമായി കാണാം.
വ്യക്തിയെക്കാൾ സാമൂഹികക്ഷേമത്തിന് മുൻഗണനകൊടുക്കുന്ന ഒരു സാസ്‌കാരികബോധവും ചരിത്രവുമാണ് കേരളത്തിനുള്ളത്. മറ്റുള്ളവരുടെ പ്രതീക്ഷകളാണ് കൂട്ടായ്മയ്ക്ക് പ്രാധാന്യം നൽകുന്ന ഈ സാമൂഹികബോധത്തിന്റെ അടിസ്ഥാനം. ചുറ്റുപാടുള്ളവരോട് സഹവർത്തിത്വം കാണിക്കുക വഴി ഈ സാമൂഹികബോധത്തെ നിലനിർത്താൻ കേരളസമൂഹം മറ്റെല്ലാ വൈജാത്യങ്ങൾക്കുംമീതെ ശ്രമം നടത്തിയിട്ടുണ്ട്.
ശാരീരിക ഇടപെടലുകൾ വഴിയാണ് മിക്ക അവസരങ്ങളിലും ഈ കർത്തവ്യബോധം സാമൂഹികമായി നിർവഹിക്കാറുള്ളത്. ഇത്തരം ഇടപെടലുകൾ ആണത്തത്തിന്റെ അടയാളമായിട്ടാണ് നിർവചിക്കാറ്. അതുകൊണ്ടുതന്നെ സമൂഹം നേരിടുന്ന പ്രതിസന്ധികളിൽ ശാരീരികമായി പ്രതികരിക്കുന്നവർക്ക് ഒരുതരം ആരാധനയും, നായകപരിവേഷവും കൽപിച്ചുനൽകാറുണ്ട്. അതുകൊണ്ടുതന്നെ സ്ത്രീകളുടെ ശക്തമായ ഇടപെടലുകളും ഈ ആഖ്യാനങ്ങളിൽ ഇടംപിടിക്കാറില്ലെന്നുകൂടി എടുത്തുപറയേണ്ടതായിട്ടുണ്ട്.
ജനുവരിയിൽ വുഹാനിൽനിന്ന് കേരളത്തിലേക്കു യാത്രചെയ്ത ഒരു സംഘത്തോടൊപ്പം വണ്ടിപിടിച്ചു ലിംഗനിർണയം സാധ്യമല്ലാത്ത ഒറ്റകോശജീവിയായ കൊറോണ വൈറസ് നമ്മുടെ നാട്ടിൽ താമസിക്കാനെത്തിയപ്പോൾ നമ്മുടെ ഒട്ടനവധി സാംസ്‌കാരികധാരണകൾ ചോദ്യംചെയ്യപ്പെട്ടു. അപകടകാരിയെന്നു ശാസ്ത്രലോകം നിർവചിച്ച ഈ അജ്ഞാതമായ സൂക്ഷ്മജീവിക്കെതിരെ സർവ്വസന്നാഹവും സ്വരൂപിച്ച് യുദ്ധസമാന പ്രതികരണമാണ് പിന്നീട് കണ്ടത്. ഈ വൈറസിനെ ഉടനടി തുരത്തി സമാധാനം പുനഃസ്ഥാപിക്കുകയെന്ന അടിയന്തരദൗത്യം ഗവണ്മെന്റും ആരോഗ്യസംവിധാനങ്ങളും ഏറ്റെടുത്തു. ഈ വൈറസിന്റെ പേരുപോലെ പുതുമയുള്ള ഒരു അവസ്ഥയായിരുന്നു അത്.
ആണത്തത്തിന്റെ അടയാളമായി നിർവചിക്കപ്പെട്ടിട്ടുള്ള കായികമായ ഇടപെടലുകൾ അപ്രസക്തമായി. എത്ര ബലവത്തായ മനസ്സും ശരീരവും ഉണ്ടെങ്കിലും ഈ വൈറസിന്റെ മുൻപിൽ അത് നിഷ്പ്രഭമായി. ശാരീരികമായ എല്ലാ ഇറങ്ങിപുറപ്പെടലുകളും ഹിംസാത്മകമായ പ്രതിപ്രവർത്തനത്തിലേക്കു നയിക്കപ്പെടുമെന്നത് തികച്ചും അപരിചിതമായ ഒരു കാര്യമായിരുന്നു. സമരങ്ങൾ നടത്താൻ എന്നും ശക്തിയായി മുകളിലേക്ക് ഉയർത്താറുണ്ടായിരുന്ന മുഷ്ടികളെല്ലാം എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുന്ന അവസ്ഥ.
സാമൂഹിക അടുപ്പത്തേക്കാൾ ശാരീരിക അകലമാണ് മുഖ്യം എന്ന പുതിയ ബോധം വെള്ളംചേർക്കാതെ കണ്ണുമടച്ചു വിഴുങ്ങുവാൻ നമ്മൾ നിർബന്ധിതരായി. വീട്ടിൽ വെറുതെ ഇരിക്കുന്നവർ സൂപ്പർ വുമൺ അല്ലെങ്കിൽ സൂപ്പർമാൻമാരായി മാറി. മുൻപ് പറന്നുനടന്ന അതീന്ദ്രിയാജാലം കാട്ടിയ സൂപ്പർമാൻമാർ വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ഇരുന്നുകൊണ്ട് ലോകം മുഴുവൻ സുഖം പകരാനായി സ്‌നേഹദീപമേ മിഴിതുറക്കു എന്ന ഗാനം നീട്ടിപ്പാടി നിർവൃതി അടഞ്ഞു. എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം നല്കികൊണ്ടിരുന്നുവെന്ന് പലരും ധരിച്ച രോഗശാന്തികേന്ദ്രങ്ങളുടെയും , ആരാധനാലയങ്ങളുടേയും വാതിലുകളിൽ ചിതലരിക്കാൻ തുടങ്ങി.
മുൻപ് സുരക്ഷിതമെന്ന് കരുതിയ ഇടങ്ങളും, രീതികളും അരക്ഷിതാവസ്ഥ ജനിപ്പിക്കുന്ന ഇടങ്ങളായിമാറി. മറ്റുള്ളവരോട് നേരിട്ട് ഇടപെടുന്നതു പരിഷ്‌കൃതമെന്നു വിശ്വസിച്ചിരുന്ന ഒരു സമൂഹത്തിൽ അകന്നുനിൽക്കുന്നതാണ് പരിഷ്‌കൃതമെന്ന നവബോധം സൃഷ്ടിച്ച അങ്കലാപ്പ് വളരെ വലുതായിരുന്നു. ഇവിടെയാണ് അപൂർവത (uncanny) സംഭവിക്കുന്നത് . നമ്മുടെ ബോധങ്ങളിൽ വിള്ളൽ വീഴുകയും നവബോധത്തിന് അനുസൃതമായി ജീവിക്കുക അല്ലെങ്കിൽ വിധിക്കു വിട്ടുകൊടുക്കുക എന്ന വിചിത്രമായ മാനസികാവസ്ഥ സംജാതമാകുകയും ചെയ്തു. നമ്മൾ ശാരീരികമായി അകലെയാണെങ്കിലും മാനസികമായി അടുത്താണല്ലോ എന്ന ശീർഷകം നമുക്ക് പ്രിയമാവുന്നതു ഈ അങ്കലാപ്പിനെ നേരിടാൻ സാംസ്‌കാരികമായി കണ്ടെത്തിയ വ്യാഖ്യാനമാണ്. പ്ലേറ്റുകൾ ഉച്ചത്തിൽ അടിച്ചും, മെഴുകുതിരികളും ചിരാതുകളും മാറിമാറി തെളിച്ചും, ഗോ കൊറോണ ഗോ വിളിച്ചും ആസന്നമായ മരണഭയത്തിൽ നിന്നും കരകയറാൻ നമ്മൾ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു.
മഹാവ്യാധി സൃഷ്ടിക്കുന്ന ഭയം
പകർച്ചവ്യാധികളാണ് മനുഷ്യചരിത്രത്തിൽ ഏറ്റവുമധികം ജനങ്ങളെ കൊന്നൊടുക്കിയിട്ടുള്ളത്. പ്ലേഗിന്റെ മാത്രം ചരിത്രം പരിശോധിച്ചാൽ യൂറോപ്പിന്റെ ജനസംഖ്യയുടെ ഏകദേശം ഇരുപത്തഞ്ചു ശതമാനത്തെ അത് കൊന്നൊടുക്കിയിട്ടുണ്ട് (Scott, 2001). 1918ലെ സ്പാനിഷ് ഫ്‌ളൂ ഇന്ത്യയിൽ ഏകദേശം ഇരുപതു ദശലക്ഷം ആളുകളെ കൊന്നൊടുക്കി (Murray et al., 2006). പകർച്ചവ്യാധികൾ സമാനതകളില്ലാത്ത അകാരണഭയത്തിലേക്കു ജനങ്ങളെ തള്ളിവിടുന്നതിന്റെ പ്രധാന ഒരു കാരണവും ഈ മരണഭയം തന്നെ ആകുമെന്നതിൽ സംശയമില്ല.
സാംസ്‌കാരികമായ പ്രത്യേകത നോക്കുകയാണെങ്കിൽ വികാരങ്ങളെ പ്രകടിപ്പിക്കുന്നതിൽ വിമുഖത കാട്ടുന്ന ഒരു സംസ്‌കാരമാണ് നമ്മുടേത്. എല്ലാത്തരം വികാരപ്രകടനങ്ങളിലും ഈ അന്തർമുഖമായ സംസ്‌കാരത്തിന്റെ (shy culture) പ്രത്യേകതകൾ നമുക്ക് കാണാൻ സാധിക്കും. അതേസമയം വികാരങ്ങളെ നേരിട്ട് പ്രകടിപ്പിക്കുന്നതിനുപകരം ഒരുതരം അസ്തിത്വപരമായ പ്രശ്‌നമായി അവയെ അവതരിപ്പിക്കുന്ന രീതിയും നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. എന്നാൽ ഇത്തരം അസ്തിത്വപ്രശ്‌നങ്ങളുടെ അടിസ്ഥാനങ്ങളെ ശ്രദ്ധയോടെ നോക്കിയാൽ അവ വളരെ ലളിതമായി ചില വികാരങ്ങളാണെന്നു കണ്ടെത്താൻ കഴിയും.
അതിൽ പ്രധാനമായവ ഭയം, വിയോഗങ്ങൾ സൃഷ്ടിക്കുന്ന ഏകാന്തത, അമർഷം തുടങ്ങിയവയാണ്. കോവിഡ് കാലം സൃഷ്ടിച്ച അസ്തിത്വപരമായ പല പ്രശ്‌നങ്ങളുടെയും അടിസ്ഥാനം ഭയം ആണ്. ഭയങ്ങൾ പൂർണമായും യാഥാർഥ്യങ്ങളുമായി ബന്ധം പുലർത്തുന്നവയാകണമെന്നു നിർബന്ധമില്ല. ഭയകാരണങ്ങളെ കുറിച്ചുള്ള നമ്മുടെ ഭാവന (fantasy) സൃഷ്ടിക്കുന്ന ഒരു ലോകം ഇതിൽ മുഖ്യമാണ്. ഇത്തരം ഭാവനകൾ ഉളവാക്കുന്ന മാനസികയാഥാർഥ്യം (psychological reality) പലപ്പോഴും യാഥാർഥ്യങ്ങളെക്കാളും ഭയാനകമാകാറുണ്ട്.
ഇത്തരം മാനസികയാഥാർഥ്യങ്ങൾക്കു അതിർവരമ്പുകൾ നിശ്ചയിക്കുക പ്രയാസമാണ്. അർത്ഥപൂർണവും യുക്തിസഹവുമായ ഒരു വ്യാഖ്യാനം കൊടുക്കുക എന്നുള്ളതും ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. എന്നിരുന്നാലും ഇത്തരം ഭയങ്ങൾക്ക് ഒരു വ്യക്തിയെയോ ചുറ്റുപാടുകളെയും നശിപ്പിക്കാനുള്ള ഉഗ്രതയുണ്ട്. കോവിഡ് ഉണർത്തിയ ഭയവും അത്രയേറെ ഉഗ്രതയുള്ളതായിരുന്നു.
ഈ ഭയങ്ങൾക്കും ദൗർബല്യങ്ങൾക്കുമെല്ലാം പൊതുവായ ചില സ്വഭാവങ്ങളുണ്ടെങ്കിലും ഓരോ സാമൂഹികസാംസ്‌കാരിക ഘടനസവിശേഷതകൾ അതിനെ കൂടുതൽ സങ്കീർണമാക്കുന്നുണ്ട്. കേരളത്തിന്റെ പശ്ചാത്തലത്തിൽ കോവിഡ് രോഗത്തിനോടുള്ള ഭയത്തിന്റെ ഒപ്പംതന്നെ വലുതാണ് അതിനോടനുബന്ധിച് നാം അനുഭവിക്കേണ്ടിവരുന്ന നടപടിക്രമങ്ങളോടുള്ള ഭയം. താൻ പിടിക്കപെട്ടുപോകുമോ എന്ന ഒരുതരം ഭയമാണിത്. മുൻപ് വസൂരികാലത്തു (small pox) ആളുകൾ വസൂരിയെക്കാൾ വസൂരികൾക്കുള്ള ചികിത്സയെയോ കുത്തിവെയ്പ്പുകളെയോ ഭയന്നിരുന്നു (Velupillai,1940a).
കേരളത്തിന്റെ മാനസികരോഗങ്ങളുടെ ചരിത്രത്തിൽ മനസികാശുപത്രികളേയും ചികിത്സകളെയും നിരാകരിക്കുകയും അങ്ങേയറ്റം ഭയപെടുന്നതിന്റെയും രേഖകൾ കണ്ടെത്തിയിട്ടുണ്ട് (Gopal, 2008). ഇത്തരം ഭയങ്ങളുടെ കാരണങ്ങൾ അതാത് പ്രദേശത്തു നിലനിൽക്കുന്ന ആരോഗ്യസങ്കല്പങ്ങളുമായി ബന്ധപ്പെട്ടതാണ്. കോവിഡിനെ മനസിലാക്കുന്നതിൽ പൊതുവായി ഉപയോഗിക്കുന്ന അലോപ്പതിയുടെ മാനദണ്ഡങ്ങളിൽ, ജനങ്ങളുടെ സാംസ്‌കാരികമായ വിശ്വാസമില്ലായ്മ ഈ ഭയത്തിന്റെ ആക്കം വർധിപ്പിക്കുന്നതാണ്. രോഗം വന്നിട്ടും മറച്ചുവെക്കുകയും, മറ്റുള്ളവർക്ക് പിടികൊടുക്കാതെ മുങ്ങി നടക്കുകയും ചെയ്യുന്ന പ്രവണതകളിൽ ഈ വിയോജിപ്പ് വളരെ വ്യക്തമാണ്.
ആശങ്കകളോടോ ഭയത്തോടോ ഉള്ള വ്യക്തികളുടെ പ്രതികരണങ്ങളെ രണ്ടായി തരംതിരിക്കാം.
പൂർണമായ നിരാകരണം 2. പ്രശ്‌നങ്ങളുമായി താതാത്മ്യം പ്രാപിക്കുന്ന സമീപനം.
പൂർണമായ നിരാകരണം:ഭയത്തോടും ഭയകരണങ്ങളെയും പൂർണമായി നിരാകരിക്കുന്ന ഒരു അവസ്ഥയാണിത്. മനോവിശ്ലേഷകയായ മെലാനി ക്ലെയിൻ ഈ അവസ്ഥയെ പാരനോയിഡ് സ്‌കിസോയ്ഡ് പൊസിഷൻ (paranoid schizoid position ) എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത് (Roth, 2020). വളരെ അപരിഷ്‌കൃതമായ ഒരു മാനസിക വ്യാപാരമായിട്ടാണ് ക്ലെയിൻ ഈ അവസ്ഥയെ നിർവചിച്ചിട്ടുള്ളത്. ഒരു വശത്തു ഭയത്തെ പൂർണമായി നിരാകരിക്കുമ്പോൾ മറുവശത്തു തികച്ചും നിസ്സഹായത അനുഭവിക്കുന്ന ഒരു നിലയാണിത്. തന്റെ നിസ്സഹായാവസ്ഥയെ (helplessness) മറച്ചുവെച്ചുകൊണ്ടു തന്റെ സാർവശക്തിത്വം (omnipotence) തെളിയിക്കാനുള്ള ഒരു വൃഥാശ്രമത്തിലാകും ഇത്തരം ആളുകളുടെ മനസ്സ് വ്യാപിക്കുക. താൻ അനുഭവിക്കുന്ന വേദനയിൽനിന്നും ആധിയിൽനിന്നും രക്ഷനേടാൻ മനസ്സുകണ്ടെത്തുന്ന തന്റെ തന്നെ ശക്തിയിലുള്ള അമിതമായ വിശ്വാസപ്രകടനമായി നമുക്കിതിനെ മനസ്സിലാക്കാൻ സാധിക്കും.
കോവിഡ് സൃഷ്ടിച്ച മഹാഭയത്തിന്റെ ആധിയിൽ നിന്നും വിഹ്വലതയിൽനിന്നും രക്ഷനേടാൻ വ്യക്തികൾ നടത്തുന്ന ശ്രമങ്ങളിൽ ഈ നിസ്സഹായാവസ്ഥയും സാർവശക്തിത്വം തെളിയിക്കാനുള്ള ആഗ്രഹവും കാണാൻ സാധിക്കും. പുരുഷകേന്ദ്രീയമായ ഒരു വ്യവസ്ഥയിൽ പുരുഷന്മാരാകും തന്റെ ശക്തിയുടെ അപരിമേയത്വം പ്രകടിപ്പിക്കാൻ കൂടുതൽ നിർബന്ധിതരാവുക. എങ്ങനെയും തന്റെ കഴിവുകൾ മറ്റുള്ളവരുടെ മുൻപിൽ നിരത്തി, കോവിഡും അതുണ്ടാക്കുന്ന എല്ലാ പ്രത്യാഘാതങ്ങൾക്കും മീതെയാണ് തങ്ങളുടെ പുരുഷത്വമെന്നു സ്വയം വിശ്വസിക്കാനും മറ്റുള്ളവരെ വിശ്വസിപ്പിക്കാനുമുള്ള ശ്രമവും വളരെ വ്യക്തമായി കാണാൻ കഴിയും. ശുഭാപ്തിവിശ്വാസം നൽകുന്ന മുൻവിധി (optimism bias) എന്നാണ് സാമൂഹിക മനഃശാസ്ത്രജ്ഞന്മാർ ഈ സ്വഭാവത്തെ വിശേഷിപ്പിക്കുന്നത് (Sharot, 2011).
കോവിഡ് എന്ന പ്രശ്‌നം തന്റെ ചുറ്റിലുമുള്ള പലർക്കും ബാധിക്കുമെങ്കിലും താൻ ഇതിൽ നിന്നെല്ലാം വ്യത്യസ്തരാണെന്നുള്ള ഒരു ബോധം ഇക്കൂട്ടരിൽ കാണാം. പുരുഷന്മാരിൽ മാത്രമല്ല ഇത് സംഭവിക്കുന്നതെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തിൽ പുരുഷന്മാരിലാണ് കൂടുതൽ ഈ സ്വഭാവം കാണപ്പെടുന്നത് പറയുന്നതിൽ തെറ്റില്ല.
പിതൃതുല്യരായ നേതാക്കളിൽനിന്നും അതീന്ദ്രിയമായ പ്രശ്‌നപരിഹാരം പ്രതീക്ഷിക്കുന്നതും ഇത്തരം മാനസികാവസ്ഥയുടെ സൂചികയാണ്. കോവിഡ് കാലത്തു ശക്തനായ മുഖ്യമന്ത്രിയുടെ വാക്കു കേൾക്കുവാൻ എല്ലാ നേരമ്പോക്കുകളും മാറ്റിവെച്ചു കുത്തിയിരുന്നത് ഈ അതീന്ദ്രിയപ്രശ്‌നപരിഹാരം പ്രതീക്ഷിച്ചുകൊണ്ടായിരുന്നു. അതേസമയം സാന്ത്വനം ആഗ്രഹിക്കുന്ന ഒരുതരം ഭീതിയും ഈ മനസികാവസ്ഥയുള്ളവരിൽ കാണാം. ഞാൻ കരയുന്നതു നിങ്ങൾ കേൾക്കുന്നില്ലേ? ഈ നിമിഷംതന്നെ എന്റെ ദുഃഖത്തെ പരിഹരിക്കാൻ കഴിയുന്ന ഒരേയൊരു വ്യക്തി നിങ്ങളാണെന്നു ഒരു കൊച്ചുകുട്ടി അമ്മയോട് പറയുന്നതുപോലെയുള്ള ഒരു മാനസിക നില. ഇത്തരം അപ്രഖ്യാപിതമായ ഭയങ്ങളുടെ മറ്റൊരു വശം അനിയന്ത്രിതമായ വൈരാഗ്യവും അമർഷവുമാണെന്നു പഠനങ്ങൾ വ്യക്തമാകുന്നു.
ഇത്തരം ഭയങ്ങൾ പരിഹരിക്കാതെപോകുന്നത് സ്വാഭാവികമാണ്. കാരണം ഇത്തരം ഭയങ്ങളുടെ അടിസ്ഥാനമെന്തെന്നു ചുറ്റുപാടും നിൽക്കുന്നവർക്ക് മനസിലാക്കാൻ പ്രയാസമാണ്. എന്നാൽ ഇത്തരം അപ്രഖ്യാപിതമായ ഭയങ്ങൾ പുരുഷന്മാരിലാണ് സംഭവിക്കുന്നതെങ്കിൽ അതിന്റെ ആദ്യ ഇരകളായി മാറുന്നത് സ്ത്രീകളും കുട്ടികളുമാണ്. ശാരീരികവും മാനസികവുമായ ഒട്ടനവധി പീഡനങ്ങളിലേക്കാവും ഇത് വഴിതെളിക്കുക.കോവിഡിന്റെ പശ്ചാത്തലത്തിൽ ആളുകൾ കൂടുതൽ സമയം വീടുകളുടെ ചുവരുകൾക്കുള്ളിൽ കഴിയാൻ നിർബന്ധിതരാവുമ്പോൾ പ്രത്യാഘാതങ്ങൾ പലപ്പോഴും വളരെ വലുതാവാം.
അവ്യക്തമായ ആധിയെ പരിഹരിക്കാനുള്ള ശ്രമത്തിന്റെ പരാജയമെന്നും തന്റെ മനസ്സിനെ നിലക്കുനിർത്താൻ ആവാത്ത അവസ്ഥയുടെ പരിണാമമെന്നും പലരും ഈ ആക്രമണോൽസുകതയെ വിശേഷിപ്പിക്കാറുണ്ട്.
വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നത് ആഘാതാനന്തരം ഉണ്ടാകുന്ന മനോവൈകല്യങ്ങൾ (post traumatic stress disorders) സ്ത്രീകളെയാണ് കൂടുതൽ ബാധിക്കാറുള്ളത് എന്നാണ്. കോവിഡ് പോലുള്ള സാഹചര്യങ്ങൾ ഇത്തരം അവസ്ഥയിലേക്ക് സ്ത്രീകളെ നയിക്കുന്നതുതന്നെയാണ് (Olff, 2017). എന്നിട്ടും വിഹ്വലരായ പുരുഷന്മാർ അവരുടെ പ്രശ്‌നങ്ങളുടെ കാരണക്കാരായി സ്ത്രീകളെ കാണുകയും അവരുടെ നേരെ ആക്രമണങ്ങൾ അഴിച്ചുവിടുകയും ചെയ്യുന്നതെന്തുകൊണ്ടാണെന്നു വീണ്ടും പഠനവിധേയമാക്കേണ്ടതുണ്ട്.
സ്ത്രീകളുടെ ജോലി, വിഹ്വലത അനുഭവിക്കുന്ന പുരുഷന്റെ മനസ്സിനെ നേരേനിർത്തി നിങ്ങൾ എല്ലാത്തിനും പ്രാപ്തരാണെന്ന അബദ്ധബോധത്തെ പിന്തുണക്കുകയാണോ എന്ന ചോദ്യവും പ്രസക്തമാണ്.അതേസമയം കുടുംബത്തിന്റെയും കുഞ്ഞുങ്ങളുടെയും ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഇതേ മഹാവ്യാധി ഉണ്ടാക്കുന്ന ഭയത്തെ നേരിടാനുള്ള ശ്രമത്തിൽ സ്ത്രീകളും പരാജയപ്പെട്ടുപോകുന്നു എന്നത് നാം കാണാതെ പോകരുത്.
2. ഭയവുമായി താദാത്മ്യം പ്രാപിക്കുക
ക്ലെയിൻ ഈ മാനസിക വ്യാപാരത്തെ വിശേഷിപ്പിച്ചത് വിഷാദകരമായ അവസ്ഥ (depressive position) എന്നതാണ് (Roth, 2020). വിഷാദരോഗത്തിൽനിന്നും വ്യത്യസ്തമായ ഒരു നിലയാണിത്. നിലനിൽക്കുന്ന പ്രശ്‌നങ്ങളെ പൂർണമായും ഉൾക്കൊണ്ടുകൊണ്ടുള്ള ഒരു സാഹചര്യമാണിത്. തന്റെ മുൻപിൽ സംജാതമാകാൻ പോകുന്ന അപകടത്തെയും തന്നിലുള്ള പ്രലോഭനീയതയെയും (vulnerabilities) അക്രമിക്കപ്പെടാനിടയുള്ള സ്ഥിതിവിശേഷത്തെയും മനസിലാക്കുന്ന മനോവ്യാപാരമാണിത്.
വികസനോന്മുഖമായ ഒരു മാനസികവ്യാപാരമായിട്ടാണ് മനഃശാസ്ത്രജ്ഞർ പൊതുവായി ഇതിനെ വിലയിരുത്തുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ മനസ്സിലാക്കുമ്പോൾ കോവിഡ് എന്ന മഹാമാരി തന്നിലും തന്റെ സമൂഹത്തിലും സൃഷ്ടിക്കാൻ സാധ്യതയുള്ള പ്രശ്‌നങ്ങളെ യാഥാർഥ്യ ബോധത്തോടെ മനസ്സിലാക്കിയും അതിന്റെ ഫലങ്ങളെ ഉത്തരവാദിത്തപൂർവം ഏറ്റെടുക്കുന്നതരത്തിലുള്ള മാനസികാവസ്ഥയായി ഇതിനെ കണക്കാക്കാം.
സമചിത്തതയോടെ വേദനകളെയും ആധികളെയും സമീപിക്കാനാവും ഈ മാനസികവ്യാപാരം നമ്മളെ പ്രാപ്തരാക്കുക. ഇത് വളരെ ഉദാത്തവും ഒട്ടുമിക്ക സാഹചര്യങ്ങളിലും അപ്രാപ്യമായ ഒരവസ്ഥ കൂടിയുമാണെന്ന് പറയേണ്ടതുണ്ട്.
കോവിഡ് എന്ന മഹാമാരിയോടുള്ള നമ്മുടെ പ്രതികരണങ്ങൾ വളരെ സമ്മിശ്രമായിരുന്നു. ഉത്തരവാദിത്തപൂർണമായ സഹവർത്തിത്വത്തിലും അകാരണമായ ഭയം സൃഷ്ടിച്ച വിഫലതകൾക്കുമിടയിലായിരുന്നു നമ്മളെന്ന് പറയുന്നതാണ് ഉചിതം.
നൂറു വർഷങ്ങൾക്കു മുൻപ് സ്പാനിഷ് ഫ്ളൂ മഹാമാരിക്ക് ശേഷം പ്രസിദ്ധീകരിച്ച സയൻസ് മാഗസിനിൽ സ്പാനിഷ് ഫ്ളൂവിനെ പ്രതിരോധിക്കാനുള്ള പ്രവർത്തനത്തിന് വിഖാതമായി നിന്ന മൂന്ന് കാരണങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട് (Van Bavel, 2020).
മനുഷ്യർ കടന്നുപോകുന്ന പ്രതിസന്ധികളെക്കുറിച്ചുള്ള ബോധം പരിമിതമാണ്.
2.വളരെ സങ്കുചിതമായ ഏകാന്തവാസത്തിലേക്ക് അവരവരെ തള്ളിവിട്ടുകൊണ്ടു, തന്നെയും തന്റെ ചുറ്റുപാടുകളെയും സംരക്ഷിക്കുന്നത് സ്വാഭാവികമായി മനുഷ്യ സ്വഭാവത്തിന് വിരുദ്ധമാണ്.
വ്യക്തമായ കാരണങ്ങളില്ലാതെ മനുഷ്യർ അവർക്കും സമൂഹത്തിനും അപകടപരമായ പ്രവൃത്തിയിൽ ഏർപ്പെട്ടുകൊണ്ടേയിരിക്കുന്നു. നൂറു വർഷങ്ങൾക്കിപ്പുറം ശാസ്ത്രവും സാങ്കേതികവിദ്യയും വളരെ വികസിച്ച ഈ കാലഘട്ടത്തിൽ മറ്റൊരു മഹാമാരി നമ്മൾ നേരിടേണ്ടിവരുമ്പോഴും നിഗൂഢമായ ഇത്തരം ഒട്ടനവധി മനോവ്യാപാരങ്ങളിൽ കാര്യമായ വ്യതിയാനം സംഭവിക്കാത്തതെന്തുകൊണ്ടാണെന്നു നാം ഇനിയും മനസിലാക്കേണ്ടതുണ്ട്.
References
Gopal, B. (2008). The concept of madness and its management: Kerala scenario. Department of Psychology, University of Calicut: Unpublished doctoral dissertation.
Murray CJ, Lopez AD, Chin B, Feehan D, Hill KH. Estimation of potential global pandemic influenza mortality on the basis of vital registry data from the 1918-20 pandemic: A quantitative analysis. Lancet. 2006;368:2211-8
Olff, M. (2017). Sex and gender differences in post-traumatic stress disorder: an update, European Journal of Psycho traumatology, 8:sup4, DOI: 10.1080/20008198.2017.1351204
Roth,M(2020). Psychoanalyzing the Coronavirus: This Is What Happens to Our Mind Under a Mortal Threat . .file:///E:/Academic%20year%202020%20June/workshops/Culture%20and%20COVID/corona%20virus%20from%20a%20psychoanalytic%20view%20-%20Merav%20Roth.pdf
Scott, S. & Duncan, C.J. Biology of Plagues: Evidence from Historical Populations. (Cambridge University Press, 2001).
Sharot, T. (2011). The optimism bias. Curr. Biol. 21, R941-R945 (2011)
Van Bavel, J. J., Baicker, K., Boggio, P. S., Capraro, V., Cichocka, A., Cikara, M., ... & Drury, J. (2020). Using social and behavioural science to support COVID-19 pandemic response. Nature Human Behaviour, 1-12.
Velupillai, T.K. (1940a[A1] [A2] ) The Travancore State Manual. Vol III. Trivandrum: The Government of Travancore.
(ഡോ. ബൈജു ഗോപാൽ: ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ മനഃശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രഫസർ. ഡി സി ബുക്‌സിനുവേണ്ടി ഡോ. റ്റിസി മറിയം തോമസ് എഡിറ്റ് ചെയ്യുന്ന കോവിഡുകാലത്തെ ലിംഗവിചാരങ്ങൾ എന്ന പുസ്തകത്തിന് എഴുതിയ ലേഖനം)