എൻ.ഇ. സുധീർ: ലോകമാകെ കൊറോണവൈറസ് ഭീതിയിലാണല്ലോ. നമ്മൾ അവഗണിച്ചുകളഞ്ഞ പല കാര്യങ്ങളും ചോദ്യചിഹ്നമായി സമൂഹത്തിന്റെ മുന്നിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുന്നു. പകർച്ചവ്യാധികളുടെ ചരിത്രത്തിലേക്ക് നോക്കുമ്പോൾ നമുക്ക് എവിടെയാണ് പാളിച്ച പറ്റിയത്? ആഗോളപശ്ചാത്തലത്തിൽ നിന്ന് ചിന്തിക്കുമ്പോൾ ഡോക്ടർ ഇതിനെ എങ്ങനെ നോക്കിക്കാണുന്നു?
ഡോ.കർത്ത: ആദ്യമേ പറയട്ടെ, ഞാൻ പഠിച്ചത് വൈദ്യശാസ്ത്രമാണെങ്കിലും, പൊതുആരോഗ്യ മേഖലയിൽ പ്രത്യേക വൈദഗ്ധ്യമില്ല. എന്റെ വ്യക്തിപരമായ താൽപര്യം കൊണ്ട് പൊതു ആരോഗ്യ മേഖലയെ കുറിച്ച് പഠിക്കാൻ ശ്രമിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഞാൻ പറയുന്നത്. ആ പരിമിതി കണക്കിലെടുത്തുവേണം എന്റെ ഉത്തരങ്ങളെ കാണാൻ. നമ്മൾ കുട്ടികളായിരുന്നപ്പോൾ, നമുക്കൊപ്പം അച്ഛനമ്മമാരും, അപ്പൂപ്പനും അമ്മൂമ്മയുമൊക്കെ ഉണ്ടായിരുന്നു. അവർക്ക്, രണ്ടു ലോക മഹായുദ്ധങ്ങൾ കണ്ടതിന്റെയും, പകർച്ചവ്യാധികൾ നേരിട്ടതിന്റെയും, പല പ്രതിസന്ധികളെയും തരണം ചെയ്തതിന്റെയും അനുഭവം ഉണ്ടായിരുന്നു. ഇന്ന് ആ തലമുറ നമ്മുക്കൊപ്പമില്ല. മാത്രമല്ല, എല്ലാ കഷ്ടപ്പാടും കഴിഞ്ഞെന്നും ശാസ്ത്രവും സാങ്കേതികവിദ്യയും നമ്മുടെ എല്ലാ ബുദ്ധിമുട്ടിനും പരിഹാരം കണ്ടെത്തിക്കഴിഞ്ഞു എന്നുമുള്ള വിശ്വാസത്തിലാണ് നാം വളർന്നുവന്നത്. സ്വപ്നങ്ങളെ യാഥാർഥ്യമാക്കലും ആനന്ദിക്കലും മാത്രമേ ചെയ്യാനുള്ളൂ എന്നായിരുന്നു നമ്മുടെയൊക്കെ ഇപ്പോഴത്തെ ധാരണ.
അറുപതുകളുടെ തുടക്കത്തിലേ, പകർച്ചവ്യാധി നമ്മെ വലിയ തോതിൽ ഭയപ്പെടുത്തില്ല എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങിയിരുന്നു. കാൽനൂറ്റാണ്ടുമുമ്പ്, ഇനി പകർച്ചവ്യാധികളെ ഭയക്കേണ്ടതില്ല എന്ന് അമേരിക്കയുടെ സർജൻ ജനറൽ അമേരിക്കൻ കോൺഗ്രസിനുമുമ്പാകെ ഉറപ്പു നൽകിയിരുന്നു. ആന്റിബിയോട്ടിക്‌സിന്റെ ഫലപ്രദമായ ഉപയോഗം, ശിശുരോഗങ്ങളുടെ ചികിത്സക്ക് യൂണിവേഴ്‌സൽ വാക്സിനേഷന്റെ സാധ്യത, വസൂരി നിർമാർജ്ജനം പോലുള്ള വിജയകഥകൾ, പകർച്ചവ്യാധിയെ മുഴുവനായും കീഴടക്കാൻ കഴിഞ്ഞു എന്ന വിശ്വാസം വളർത്തി. എന്നാൽ, എന്നത്തേയും പോലെ ഇന്നും പകർച്ചവ്യാധി തന്നെയാണ് ലോകത്തിലെ പല മരണങ്ങൾക്കുമുള്ള പ്രധാന കാരണം എന്നതാണ് യാഥാർഥ്യം.
ഒരു ഡസനിലേറെ പുതിയ രോഗങ്ങൾ തിരിച്ചറിയപ്പെട്ടിട്ടുണ്ട്, കൂടാതെ; മലേറിയ, ടി. ബി പോലുള്ള പഴയ രോഗങ്ങൾ തിരിച്ചുവരുന്നതിന്റെ സൂചനയും കാണാനുണ്ട്. പകർച്ചവ്യാധിയുടെ പ്രധാന കാരണം ബാക്ടീരിയയും, വൈറസും, പരാന്നഭോജികളുമാണ്. 1880-90 കാലഘട്ടത്തിൽ, ഓരോ വർഷവും, രോഗങ്ങൾക്ക് കാരണമായ പരാണുക്കളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നു. വെള്ളത്തിന്റെ ശുചീകരണം, മാലിന്യങ്ങളുടെ ഫലപ്രദമായ നീക്കംചെയ്യൽ, പാലിന്റെ പാസ്റ്ററൈസേഷൻ, രോഗപ്രതിരോധ നടപടി, വ്യക്തിശുചിത്വം ഉറപ്പാക്കൽ, ശരിയായ പോഷകങ്ങളുടെ ലഭ്യത എന്നിവ കൊണ്ട് പകർച്ചവ്യാധികളെ വലിയൊരളവുവരെ പ്രതിരോധിക്കാൻ നമുക്കുകഴിഞ്ഞു. 1940ൽ ആന്റിബയോട്ടിക് കണ്ടുപിടിച്ചതും ഇതിന് വലിയ സഹായമായി.
എന്നാൽ, 60-70കളിൽ തന്നെ, പകർച്ചവ്യാധികളെ തിരിച്ചറിഞ്ഞ് അമർച്ച ചെയ്യാൻ കഴിഞ്ഞതിന്റെ ആവേശമൊക്കെ ആറിത്തണുത്തിരുന്നു. അമേരിക്കയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ അഭിപ്രായത്തിൽ, ഈ സമയത്ത് എല്ലാവരും ഒരു അലംഭാവത്തിലേക്ക് വഴുതിവീണിരുന്നു. അതേസമയം അമർച്ച ചെയ്തു എന്ന് കരുതിയ പല പകർച്ചവ്യാധികളും തിരിച്ചുവരാൻ തുടങ്ങി. ഇതിനെ വേണ്ട സമയത്ത് തിരിച്ചറിയാനും, അതിനുവേണ്ട പ്രതിവിധി ചെയ്യാനും കഴിഞ്ഞില്ല എന്നത് വലിയൊരു പരാജയം തന്നെയാണ്.
രാജ്യത്തിലെ മെച്ചപ്പെട്ട ആരോഗ്യനിലവാരം അവകാശപ്പെടുന്ന സംസ്ഥാനമാണ് നമ്മുടേത്. എന്നിട്ടും ഈ പ്രതിസന്ധിഘട്ടത്തിൽ നമ്മൾ വല്ലാതെ വിയർക്കുന്നുണ്ട്. എന്താണ് കേരളത്തിന്റെ ആരോഗ്യനിലവാരം എവിടെയാണ് നമ്മൾ ഇനിയും ശ്രദ്ധവെക്കേണ്ടത്?
കേരളത്തിന്റെ ആരോഗ്യനിലവാരം, വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നതും, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളേക്കാൾ ഉയർന്ന നിലവാരം പുലർത്തുന്നതുമാണ് എന്നതിൽ ശരിക്കും അഭിമാനിക്കാം. എങ്കിലും സാംക്രമികവും അല്ലാത്തതുമായ രോഗങ്ങൾ നമുക്കുണ്ട് എന്നത് മറന്നുകൂടാ. നമ്മുടെ ജീവിതരീതിയോട് ബന്ധപ്പെട്ട രോഗങ്ങൾ വന്നും പോയും കൊണ്ടിരിക്കുന്നു എന്നത് ആശങ്കയ്ക്ക് വകനൽകുന്നുണ്ട്. ഹൃദയസംബന്ധമായ രോഗങ്ങളാണ് അധിക മരണങ്ങൾക്കും കാരണം. കൊറോണറി, ആർട്ടറി സംബന്ധമായ രോഗങ്ങൾ വ്യവസായാധിഷ്ഠിതമായ പല രാജ്യങ്ങളെക്കാളും വളരെ കൂടുതലാണിവിടെ. സ്തനാർബുദം, ഗർഭാശയ സംബന്ധിയായ അർബുദം, തൈറോയ്ഡ് രോഗങ്ങൾ എന്നിവയിലെല്ലാം ഗണ്യമായ ഉയർച്ചയുണ്ട്. പ്രായമായവരുടെ എണ്ണം കൂടുന്നതുകൊണ്ട്, വാർധക്യസഹജമായ അസുഖങ്ങളും കൂടുന്നുണ്ട്. ഇതൊക്കെ അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്ന കാര്യങ്ങളാണ്.
കാലാവസ്ഥപോലെ , ഓരോ സീസണിലും വരാൻ സാധ്യതയുള്ള രോഗങ്ങളെക്കുറിച്ചും മുന്നറിയിപ്പ് വേണം. ശുചിത്വം, ചുറ്റുപാടുകളെ എങ്ങിനെ സംരക്ഷിച്ചുനിലനിർത്തണം എന്നീ കാര്യങ്ങളെക്കുറിച്ച് പ്രചാരണവും വേണം.
ആരോഗ്യ പ്രശ്‌നങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന പുതിയ പ്രവണതകളെ നമ്മൾ അപ്പപ്പോൾ തിരിച്ചറിയേണ്ടതുണ്ട്. എങ്കിൽ മാത്രമെ വേണ്ട മുൻകരുതൽ കൈക്കൊള്ളാനും സജ്ജമായിരിക്കാനും സാധിക്കൂ. ഉദാഹരണത്തിന് മാനസികാരോഗ്യരംഗത്ത് വരുന്ന മാറ്റം നോക്കുക. മനോരോഗങ്ങൾ വർദ്ധിച്ചുവരുന്നു, മദ്യാസക്തി ഒരു പ്രശ്‌നമാവുന്നു ഇതൊക്കെ മാനസികാരോഗ്യം കുറഞ്ഞുവരുന്നതിന്റെ സൂചനയാണ്.
അസുഖങ്ങളെ നമ്മൾ മൂന്നായി വിഭജിക്കണം- നിർമ്മാർജനം ചെയ്യാൻ കഴിയുന്നവ, നിയന്ത്രിക്കാൻ കഴിയുന്നവ, പ്രതിരോധിക്കാൻ കഴിയുന്നവ. ഓരോന്നിനെയും ചെറുക്കാൻ അതിനനുസരിച്ച് തന്ത്രങ്ങളും വേണം.
നമ്മൾ ബുദ്ധിമുട്ട് അനുഭവിക്കാൻ പല കാരണങ്ങളുമുണ്ട്. ഒന്നാമത്, ഇത്തരം ആരോഗ്യ പ്രശ്‌നങ്ങളെ നേരിടാൻ അടിസ്ഥാന പ്രോട്ടോക്കോൾ ഇല്ല എന്നതാണ്. അത്യാവശ്യ ഘട്ടങ്ങളിൽ ഇതുണ്ടാക്കുന്ന പ്രതിസന്ധി വളരെ വലുതാണ്. പല തലങ്ങളിൽ നിന്ന് വ്യത്യസ്ത ആശയങ്ങളും അഭിപ്രായങ്ങളും വന്ന് ഇത്തരം ഘട്ടങ്ങളെ വഷളാക്കാൻ ഇതിടയാക്കും.
രണ്ടാമത്, ഇത്തരം പകർച്ച വ്യാധിയെ തിരിച്ചറിയാൻ കഴിയുന്ന വിദഗ്ധർ, ശരിയായ പരിശോധനക്ക് വേണ്ട സാമഗ്രികൾ, സൗകര്യങ്ങൾ, വ്യക്തിയുടെ രക്ഷക്കുവേണ്ട ഉപകരണങ്ങൾ, പരിശോധന സംവിധാനങ്ങൾ എന്നീ കാര്യങ്ങളിൽ നമ്മളിപ്പോഴും സ്വയംപര്യാപ്തമല്ല. പലതും ഇറക്കുമതി ചെയ്യേണ്ടി വരുന്നു. പ്രതിസന്ധി ആഗോളതലത്തിലുള്ളതാവുമ്പോൾ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഇവയുടെ ലഭ്യത പ്രശ്‌നമാവുമല്ലോ.
മൂന്നാമത്, സാംക്രമിക രോഗങ്ങളെ എങ്ങനെ ചെറുക്കണം, പ്രതിരോധിക്കണം എന്ന് പൊതുജനങ്ങളെ ബോധവത്കരിക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തരം ഘട്ടങ്ങളിൽ അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നതിലും വീഴ്ചയുണ്ടാവും. നിയമപാലനത്തിൽ പൊതുവെ അലസരായ നമ്മൾ ഇത്തരം ഘട്ടങ്ങളിലും അതേ നിലപാട് പിന്തുടരും. നാലാമത്, ഇത്തരം രോഗങ്ങൾ എന്തുകൊണ്ടാണ് വന്നും പോയും കൊണ്ടിരിക്കുന്നത് എന്നതിന്റെ യഥാർത്ഥ കാരണം കണ്ടുപിടിക്കാൻ ശ്രമിച്ചിട്ടില്ല എന്നതാണ്. തിങ്ങിനിറഞ്ഞ താമസസ്ഥലങ്ങൾ, വൃത്തിഹീനമായ പൊതു ഗതാഗത സൗകര്യം, രാജ്യത്തിനകത്തും പുറത്തുമുള്ള യാത്രകളുടെ വളർച്ച, വനനശീകരണം, കൃഷി സമ്പ്രദായത്തിൽ വന്ന മാറ്റങ്ങൾ, കുടിയേറ്റ ജോലിക്കാരുടെ പെരുപ്പം ഇതെല്ലം അതിന് കാരണമായി. ആസൂത്രിതമല്ലാത്ത വളർച്ചയുടെ അനന്തര ഫലങ്ങളാണ് ഇതൊക്കെ. ഇതെല്ലം മുൻകൂട്ടി കണ്ട്, അതിനെ പ്രതിരോധിക്കാൻ, സാംക്രമിക ശാസ്ത്രത്തിലും ജൈവശാസ്ത്രത്തിലും ഊന്നിയ സുരക്ഷാ സംവിധാനം ഏർപ്പെടുത്താൻ നാം പരാജയപ്പെട്ടു എന്ന് എനിക്ക് തോന്നുന്നു.
കൊറോണ വൈറസ് വ്യാപനത്തെ നേരിടുന്നതിൽ വന്ന പ്രധാന പ്രശ്‌നം എന്താണെന്നാണ് ആരോഗ്യപ്രവർത്തകനെന്ന നിലയിൽ താങ്കൾ കരുതുന്നത്?
ഈ പ്രതിസന്ധിയെ നേരിടുന്നതിൽ കേരളത്തിലെ സർക്കാർ വിജയിച്ചു എന്ന് ഞാൻ കരുതുന്നു. അതോടൊപ്പം, പല പരാജയങ്ങൾക്കും കാരണം പൊതുജനങ്ങളുടെ അപ്രതീക്ഷിത പെരുമാറ്റമാണ്- വിദേശത്തുനിന്ന് വന്നവർ ക്വാറന്റൈനെ അനുസരിക്കാതിരിക്കൽ, സാമൂഹിക അകലം പാലിക്കലുമായി സഹകരിക്കാതിരിക്കൽ തുടങ്ങിയവ. രോഗപ്രതിരോധ മാർഗങ്ങളെ- സാമൂഹിക അകലം, കൈ വൃത്തിയായി കഴുകൽ, ചുമയ്ക്കുന്നതിന്റെയും തുമ്മുന്നതിന്റെയും രീതി, മാലിന്യ നിർമ്മാർജന വഴികൾ- എന്നിവയെ കുറിച്ചുള്ള ശക്തമായ ബോധവത്കരണം ആവശ്യമുണ്ട് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. കാൻസർ, ഹൃദ്രോഗം പോലെ തന്നെ എത്രത്തോളം അപകടകാരിയാണ് പകർച്ച വ്യാധികളും എന്ന് ജങ്ങൾക്ക് ഇപ്പോഴും അറിയില്ലെന്ന് തോന്നുന്നു. ജനങ്ങളുടെ അതിനെ പറ്റിയുള്ള അറിവിനെ കുറിച്ചും, സമീപനത്തെ കുറിച്ചും സമഗ്ര സർവേ നടത്തുകയും അതിന്റെ അടിസ്ഥാനത്തിൽ ബോധവത്കരണ പരിപാടികൾ നടത്തുന്നതും നന്നായിരിക്കും.
നമ്മുടെ കരുതലുകളുടെ പരിമിതി ഇപ്പോൾ തിരിച്ചറിയപ്പെടുന്നുണ്ടാവുമല്ലോ. നമ്മുടെ സംവിധാനങ്ങൾ നവീകരിക്കപ്പെടേണ്ടതാണ് എന്നും നമുക്കറിയാം. ഇവയെ രണ്ടുരീതിയിൽ കാണേണ്ടതുണ്ട്. ഒന്ന് അത്യാവശ്യമായി ഉടൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, മറ്റൊന്ന് ദീർഘവീക്ഷണത്തോടെ സമീപഭാവിയിൽ ഏറ്റെടുക്കേണ്ടവ.
ഇത്തരം പകർച്ചവ്യാധികളുടെ ഭവിഷ്യത്തുകളെ കുറിച്ചും, നേരിടേണ്ട മാർഗങ്ങളെ കുറിച്ചും പൊതുജനത്തെ ബോധവത്കരിക്കലാണ് ഉടന ചെയ്യേണ്ടത്. സ്‌കൂൾ, കോളേജ് തലത്തിൽ പോലും ബോധവത്കരണം ആവശ്യമാണ്. കൂട്ടത്തിൽ മാസ്‌കിന്റെയും ഗ്ലൗസിന്റെയും ഉപയോഗം തുടരാനും, പൊതു ഇടങ്ങളിൽ അവ ധരിക്കുന്നത് പ്രോത്സാഹിപ്പിക്കയും ചെയ്യാം.
ദീർഘകാലാടിസ്ഥാനത്തിൽ നിരീക്ഷണം ശക്തിപ്പെടുത്തലാണ് ചെയ്യാനുള്ള ആദ്യപടി. മൃഗങ്ങളിൽ നിന്ന് സംക്രമിക്കുന്നതും, ഇടയ്ക്കിടെ ഉയർന്നുവരുന്നതുമായ ഇത്തരം ബാക്ടീരിയകളും വൈറസുകളുമൊക്കെ (pathogens) ഈ നിരീക്ഷണത്തിന്റെ ഭാഗമാകണം.
ഇത്തരം സാംക്രമിക രോഗങ്ങളെ സ്വാധീനിക്കുന്ന ജൈവസ്വഭാവങ്ങൾ, പാരിസ്ഥിതിക ഘടകങ്ങൾ എന്നിവയെക്കുറിച്ച് ആഴത്തിൽ ഉൾക്കാഴ്ച ലഭിക്കേണ്ടതിന്റെ ആവശ്യം കൂടുതലാണ്. വാക്സിൻ ഉൾപ്പടെയുള്ള നൂതന ചികിത്സാരീതികളും , ചുരുങ്ങിയ ചെലവിൽ രോഗനിർണയം നടത്താനുള്ള മാർഗങ്ങളും, രോഗസാധ്യതയെ പ്രവചിക്കാൻ കഴിയുന്ന ആധുനിക ഉപകരണങ്ങളും ഇപ്പോൾ ലഭ്യമാണ്. അതിനായി ഇപ്പോഴുള്ള അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തണം. ആരോഗ്യ സ്ഥാപനങ്ങളിലെ സൗകര്യം വിപുലീകരിക്കുകയും ഉദ്യോഗസ്ഥർക്ക് കൂടുതൽ പരിശീലനം നൽകുകയും വേണം. കാർഡിയോളജി, ന്യൂറോളജി , ഓങ്കോളജി പോലുള്ള വിഷയങ്ങൾക്ക് കിട്ടുന്ന പ്രാമുഖ്യം പകർച്ചവ്യാധിക്കും കിട്ടണം. അതിനെക്കുറിച്ച് കൂടുതൽ പഠിക്കാൻ താൽപര്യം കാട്ടുന്നവർക്ക് സൗകര്യങ്ങളും, സഹായങ്ങളും ലഭിക്കണം.
ആരോഗ്യ സംസ്‌കാരം എന്നത് വളരെ പ്രധാനമാണ്. ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കുക എന്നതാണ് ഏതൊരു സ്‌റ്റേറ്റിന്റെയും സുപ്രധാന കർത്തവ്യം. കൊറോണവ്യാപനം അതാണ് മുഖ്യമായും ഓർമിപ്പിക്കുന്നത്. അതിന് കേരളം കൈക്കൊള്ളേണ്ട നടപടി എന്തൊക്കെയാണെന്ന് വിശദീകരിക്കാമോ?
ഇതിനെകുറിച്ച് മുകളിൽ സൂചിപ്പിച്ചു എന്നുകരുതുന്നു. കൂടുതലായി ചെയ്യാൻ കഴിയുന്നത് , ആരോഗ്യം നിലനിർത്തുന്നതിന്റെ ഗുണങ്ങളെക്കുറിച്ചും (കഴിക്കുന്ന ഭക്ഷണം, പോഷകാഹാരത്തിന്റെ ആവശ്യകത, പ്രതിരോധം വർധിപ്പിക്കാൻ ചെയ്യേണ്ട വ്യായാമങ്ങൾ) പരിസ്ഥിതിയുമായും ആരോഗ്യവുമായും ഉള്ള ബന്ധത്തെക്കുറിച്ചുള്ള ബോധവത്കരണത്തിനും ഊന്നൽ നൽകണം. കാലാവസ്ഥപോലെ തന്നെ, ഓരോ സീസണിലും വരാൻ സാധ്യതയുള്ള രോഗങ്ങളെക്കുറിച്ചും മുന്നറിയിപ്പ് വേണം.
കാൻസർ, ഹൃദ്രോഗം പോലെ തന്നെ എത്രത്തോളം അപകടകാരിയാണ് പകർച്ച വ്യാധികളും എന്ന് ജങ്ങൾക്ക് ഇപ്പോഴും അറിയില്ലെന്ന് തോന്നുന്നു.
അതാത് സമയത്ത് പാലിക്കേണ്ട ശുചിത്വം, ചുറ്റുപാടുകളെ എങ്ങിനെ സംരക്ഷിച്ചുനിലനിർത്തണം എന്നീ കാര്യങ്ങളെക്കുറിച്ച് പ്രചാരണവും വേണം.
ലോകനിലവാരമുള്ള ആരോഗ്യസുരക്ഷ അവകാശപ്പെട്ട പാശ്ചാത്യരാഷ്ട്രങ്ങൾ ഒരു വൈറസിനുമുന്നിൽ അമ്പേ പരാജയപ്പെടുന്ന കാഴ്ചയാണ് നമുക്കുമുന്നിൽ. എന്തു പാഠങ്ങളാണ് ഇതിൽ നിന്ന് ഉൾക്കൊള്ളേണ്ടത്?
ആദ്യം പഠിക്കേണ്ട പാഠം, ആസൂത്രിതമല്ലാത്ത എല്ലാ വികസനങ്ങൾക്കും വലിയ വില നൽകേണ്ടി വരും എന്നതാണ്. ഇത്തരം രോഗങ്ങൾ പകരുന്നതിൽ ജാതി, മത, വർഗ, സാമൂഹിക വ്യത്യാസങ്ങൾ ഒന്നുമില്ല എന്നാണ് രണ്ടാമത്തെ പാഠം. മൂന്നാമത്തേത്, രോഗാണുവുമായുള്ള യുദ്ധം ഒരിക്കലും അവസാനിക്കില്ലെന്നും അതുകൊണ്ട് നമുക്ക് ഒരിക്കലും വെറുതെ ഇരിക്കാൻ കഴിയില്ലെന്നതുമാണ്. ഇത്തരം സന്ദർഭങ്ങളിൽ സംഭവിക്കുന്ന മരണങ്ങളുടെയും നഷ്ടങ്ങളുടെയും അടിസ്ഥാനത്തിലല്ലാതെ, കുറെക്കൂടി വിപുലവും, വ്യാപകവുമായ ആരോഗ്യ പദ്ധതി നമുക്ക് വേണം എന്നതാണ് നാലാമത്തെ പാഠം.
മരണനിരക്കിൽ ഗണ്യമായ കുറവുവരുത്താൻ കഴിഞ്ഞതുകൊണ്ട്, ആരോഗ്യസൂചികയെ പുനർനിർവചിക്കേണ്ട സമയമായി എന്നുതോന്നുന്നു. ശാരീരികവും, മാനസികവും, സാമൂഹികവും ആയ ക്ഷേമമാണ് ആരോഗ്യത്തിന്റെ സൂചിക എന്ന് ലോകാരോഗ്യസംഘടന പറയുന്നു. എന്നാൽ എന്തുകൊണ്ട് ഈ മൂന്ന് ഘടകങ്ങളെയും നമ്മുടെ സാമൂഹ്യാരോഗ്യ നിലവാരത്തിന്റെ അടിസ്ഥാനമാക്കിക്കൂടാ? അങ്ങനെ ചെയ്യുമ്പോൾ, മരണനിരക്ക് കുറയ്ക്കലല്ല, മറിച്ച്, സാമൂഹ്യക്ഷേമം കൂട്ടലാണ് നമ്മുടെ ലക്ഷ്യം എന്നുവരുന്നു. ആരോഗ്യ ഗുണനിലവാരത്തെ നിശ്ചയിക്കാനുള്ള വ്യക്തമായ അളവുകോൽ വേണം. രോഗം വരുമ്പോൾ ചികിത്സിക്കുന്ന രീതിയിൽ നിന്ന്, ആരോഗ്യ സംരക്ഷണം വർദ്ധിപ്പിക്കുന്നതിനും, രോഗകാരണം മുൻകൂട്ടി കണ്ട് പ്രതിരോധിക്കുന്നതിനുമുള്ള രീതിയിലേക്ക് ശ്രദ്ധ മാറണം. ആ വഴിക്കാണ് കേരളം ഇനി മുന്നേറേണ്ടത്.
മെഡിക്കൽ കമ്യൂണിറ്റി നേരിടുന്ന പ്രധാന വെല്ലുവിളി എന്തൊക്കെയാണ്? ഒരു സമൂഹം എന്നനിലയിൽ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർ ഇതിൽനിന്ന് എന്താണ് തിരിച്ചറിയേണ്ടത്?
വൈദ്യലോകത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചും, കഴിവിനെ കുറിച്ചുമുള്ള ജനങ്ങളുടെ വിശ്വാസം വളരെ കുറഞ്ഞു എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഒരു രോഗത്തിനുതന്നെ പല ഡോക്ടർമാരെ സമീപിക്കുന്നത് ഇതിന് തെളിവാണ്. അനാസ്ഥയുടെയും, ദുരുപയോഗത്തിന്റെയും പേരിൽ ഡോക്ടർമാർക്കെതിരെ, ഉപഭോക്തൃ കോടതികളിൽ പെരുകുന്ന കേസുകളും മറ്റൊരു സൂചനയാണ്. നിങ്ങളുടെ ആരോഗ്യത്തിന്റെ ഉത്തരവാദിത്വം ഞങ്ങൾ ഏറ്റെടുക്കുന്നു എന്ന വിശ്വാസം ഓരോ രോഗിക്കും നൽകാനുള്ള കഴിവ് വൈദ്യസമൂഹത്തിനുണ്ടാവണം. ഇതു പറയുമ്പോഴും, നമ്മുടെ ഡോക്ടർമാർ നേരിടുന്ന പ്രശ്‌നങ്ങളെയും മറന്നുകൂടാ. രോഗികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ്, ഡോക്ടർ-രോഗി അനുപാതത്തെ മാറ്റിമറിച്ചിരിക്കുന്നു. സൗകര്യങ്ങളുടെ കുറവ്, സമൂഹത്തിന്റെ ഭാഗത്തുനിന്നുണ്ടാവുന്ന സമ്മർദം, മാധ്യമ ഇടപെടൽ, വസ്തുനിഷ്ഠമല്ലാത്ത വിമർശനം- ഇങ്ങനെ പല വിധ തടസ്സങ്ങളും അവരുടെ മുന്നിലുണ്ട്. അനിതരസാധാരണ കഴിവും, ദീർഘവീക്ഷണവും നേതൃപാടവവുമുള്ള എത്രപേരുണ്ട് ഇന്ന് നമ്മുടെ വൈദ്യ സമൂഹത്തിൽ എന്ന ചോദ്യവും ഇതോടൊപ്പം എന്നെ അലട്ടുന്നുണ്ട്.
ഡോ. സി.ആർ. സോമനൊക്കെ ചേർന്ന് 'ഹെൽത്ത് ആക്ഷൻ ബൈ പീപ്പിൾ' പോലുള്ള ചില സംഘടനകൾ തുടങ്ങിയത് എനിക്കോർമ്മയുണ്ട്. ഡോക്ടറും അതിന്റെ ഭാഗമായിരുന്നല്ലോ. ആരോഗ്യത്തെപ്പറ്റി അവബോധമുള്ള ഒരു ജനത, അതിനായി നമുക്കെന്ത് ചെയ്യാൻ സാധിക്കും? ഇത്തരം ഘട്ടത്തിൽ അവയ്‌ക്കൊക്കെ വലിയ സ്വാധീനശക്തിയായി സമൂഹത്തിൽ പ്രവർത്തിക്കുവാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത്.
പൂർണ്ണമായും യോജിക്കുന്നു. ആരോഗ്യമേഖലയിൽ ഇന്റർ- സെക്ടറൽ പ്രവൃത്തികൾക്ക് സമൂഹത്തിന്റെ പങ്ക് വലുതാണെന്ന് പ്രൊഫ. സോമൻ വിശ്വസിച്ചിരുന്നു. പ്രൊഫ. പി.കെ.ജി. പണിക്കരോടൊപ്പം, അദ്ദേഹം എഴുതി, 1984ൽ പ്രസിദ്ധീകരിച്ച 'ഹെൽത്ത് സ്റ്റാറ്റസ് ഓഫ് കേരള' എന്ന പുസ്തകത്തിന്റെ അവസാന അധ്യായത്തിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ലാഭലക്ഷ്യമില്ലാതെ, അദ്ദേഹം തുടങ്ങിയ സംഘടനക്ക് 'ഹെൽത്ത് ആക്ഷൻ ബൈ പീപ്പിൾ' എന്നാണ് പേരിട്ടത്. ആദ്യകാലങ്ങളിൽ അവർ, അമേരിക്കയിലെ ഡ്രെയ്ഫസ് ഹെൽത്ത് ഫൗണ്ടേഷനുമായി ചേർന്ന് മെച്ചപ്പെട്ട ആരോഗ്യ പരിപാലനത്തിനുള്ള പ്രശ്‌നപരിഹാരം എന്ന വിഷയത്തിൽ പരിശീലനമൊക്കെ നൽകിയിരുന്നു. ഇത്തരം പരിശീലനം 32 ഓളം രാജ്യങ്ങളിൽ നടത്തിയിരുന്നു. ജീവിതത്തിന്റെ എല്ലാ മേഖലയിൽ പെട്ടവരും ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളും പല പ്രായത്തിലുള്ളവരും വിദ്യാർത്ഥികളും പ്രൊഫഷനലുകളും അക്കാദമികവിദഗ്ധരും അതിൽ പങ്കുചേർന്നിരുന്നു. ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങൾ പഠിക്കുകയും അതിന് പരിഹാരം കണ്ടെത്തി ജനങ്ങളിലേക്കും സമൂഹത്തിലേക്കും എത്തിക്കുക എന്നതായിരുന്നു പരിശീലന ലക്ഷ്യം. ചുരുക്കത്തിൽ, ആരോഗ്യ പ്രശ്ങ്ങൾക്ക് നൂതന പരിഹാരം കണ്ടെത്തുവാൻ ജനങ്ങളെ തന്നെ ശക്തിപ്പെടുത്തുന്ന രീതിയായിരുന്നു അത്. ഡ്രെയ്ഫസ് ഫൗണ്ടേഷൻ സാമ്പത്തിക സഹായം പിൻവലിച്ചശേഷം ഇത്തരം പരിശീലനങ്ങൾ നിന്നുപോയി. എങ്കിലും വൈദ്യശാസ്ത്ര വിദ്യാഭ്യാസത്തിന്റെ പാഠ്യപദ്ധതിയിൽ ഇത് ഉൾക്കൊള്ളിക്കുകയും അതിന്റെ ഭാഗമായി ഇത്തരം പരിശീലനം നടത്തുകയും ചെയ്യുന്നുണ്ട്.
ആരോഗ്യ പരിപാലനത്തിന്റെയും, രോഗപ്രതിരോധത്തിന്റെയും ഭാഗമായി, രോഗത്തിന്റെ പ്രതിവിധികളെ സ്വയം കണ്ടെത്താൻ സമൂഹത്തിനെ ശക്തിപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനെ ഒരു സാമൂഹിക മുന്നേറ്റമാക്കി മാറ്റാൻ, ഈ വിഷയത്തെ കുറിച്ച് അറിവുള്ള, വാക്ചാതുരിയും അനുനയശേഷിയും നേതൃത്വഗുണവും സംഘടനാപാടവവും ഉള്ള വ്യക്തികളെയെയാണ് ഇപ്പോൾ ആവശ്യം.
കാൻസർ, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളെ നേരിടാനുള്ള തയാറെടുപ്പുകളിൽ ആധുനികസമൂഹം വലിയ ജാഗ്രത പുലർത്തുന്നു. ഗവേഷണസ്ഥാപനങ്ങളും ആശുപത്രികളും അത്തരം മേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. സർക്കാറുകളും അവയോട് ചേർന്നുനിൽക്കുന്നു. വ്യക്തിഗത രോഗങ്ങളുടെ ഭീഷണിയെ പെരുപ്പിച്ചുകാണിച്ച് ലാഭം കൊയ്യുകയാണ് യാഥാർത്ഥത്തിൽ. ഹെൽത്ത് ഇക്കോണമിയുടെ ഫോക്കസ് ഇപ്പോഴെങ്കിലും ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ?
തീർച്ചയായും. ഇതിന്റെ പൂർണ ഉത്തരവാദിത്തം, മെഡിക്കൽ പ്രൊഫഷന് മൊത്തത്തിലാണ്. അനേകം കൈവഴികളുള്ള വൈദ്യശാസ്ത്രരംഗത്ത് സമാനത കൊണ്ടുവരാനോ, ദീർഘവീക്ഷണം ഉണ്ടാക്കാനോ അവർക്കു കഴിഞ്ഞിട്ടില്ല. അനേകം മാനേജ്‌മെന്റ് തന്ത്രങ്ങൾ ആവശ്യമുള്ള, സങ്കീർണമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് പ്രൊഫഷണൽ രീതിയിൽ പരിഹാരം കാണാൻ, പലതായി വിഘടിച്ചുനിൽക്കുന്ന, വൈദ്യശാസ്ത്രത്തിന്റെ ശാഖകളും സംഘടനകളും വിലങ്ങു തടിയാവുന്നു എന്നതാണ് സത്യം. സാമ്പത്തിക സ്രോതസ്സിന്റെ വിഭജനം സാമൂഹ്യനന്മക്ക് ഉപകാരപ്രദമാകാത്തതും, പക്ഷപാതപരവുമാണ്.
ആരോഗ്യരംഗം സ്വകാര്യ വ്യവസായരംഗത്തിന്റെ കൈകളിലാണ്. എന്നാൽ ഈ ദുരന്തമുഖത്ത് സ്‌റ്റേറ്റ് മാത്രമേ ജനങ്ങളുടെ ആരോഗ്യ പരിരക്ഷയ്‌ക്കെത്തുന്നുള്ളൂ എന്നാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ഈ വിഷയത്തിൽ ലോകം മാറിച്ചിന്തിക്കേണ്ടതുണ്ട് എന്നു തോന്നുന്നുണ്ടോ ആരോഗ്യരംഗം സ്‌റ്റേറ്റിന്റെ നിയന്ത്രണത്തിലേക്ക് മാറ്റണം എന്ന വാദത്തെ എങ്ങനെ കാണുന്നു?
ഹെൽത്ത് ആൻഡ് പോളിസി പ്ലാനിംഗ് എന്ന ജേർണലിൽ, പ്രൊഫ. വി. രാമൻകുട്ടി എഴുതിയ ലേഖനത്തിൽ ഇതിനെ ആഴത്തിൽ വിശകലനം ചെയ്തിട്ടുണ്ട്. കേരളത്തിൽ, 1980കളിൽ, പൊതുമേഖലയിൽ ആരോഗ്യ സ്ഥാപനങ്ങളുടെ വളർച്ചയിൽ കുറവുണ്ടാകുകയും, ആ അവസരത്തിൽ സ്വകാര്യമേഖല വളർന്നു പച്ചപിടിക്കുകയും ചെയ്തിട്ടുണ്ട് എന്ന് അദ്ദേഹം ആ ലേഖനത്തിൽ പറഞ്ഞിട്ടുണ്ട്. ഒരു നൂറ്റാണ്ടു മുമ്പുവരെ, ആരോഗ്യമേഖലയിലുള്ളവർക്ക് പരിശീലനം കൊടുക്കുന്നതിൽ സർക്കാർ സ്ഥാപനങ്ങൾ മുന്നിൽ നിന്നിരുന്നെങ്കിൽ, ഇപ്പോൾ ആ രംഗത്തും സ്വകാര്യ സ്ഥാപനങ്ങൾക്കാണ് മേൽക്കൈ. ഇത്തരം പ്രതിസന്ധി ഘട്ടത്തിൽ, സ്വകാര്യ മേഖലയുടെ ഇടപെടൽ പരിമിതമാണ് എന്നത് സത്യമാണ്. എന്നാൽ, ഈ ഒരു ഘട്ടത്തിൽ അതിനെ പൂർണമായും ഒഴിച്ചു നിർത്താൻ കഴിയില്ല. അവർ എന്തുകൊണ്ടാണ് വിട്ടുനിൽക്കുന്നത് എന്നും, പൊതുമേഖലയ്ക്കും സ്വകാര്യമേഖലയ്ക്കും ഒരുമിച്ച് പ്രവർത്തിക്കാൻ വേദി ഒരുക്കാൻ കഴിയുമോ എന്നുമാണ് ഇപ്പോൾ ചിന്തിക്കേണ്ടത്.
ശാരീരികവും, മാനസികവും, സാമൂഹികവും ആയ ക്ഷേമമാണ് ആരോഗ്യത്തിന്റെ സൂചിക എന്ന് ലോകാരോഗ്യസംഘടന പറയുന്നു. എന്തുകൊണ്ട് ഈ മൂന്ന് ഘടകങ്ങളെയും സാമൂഹ്യാരോഗ്യ നിലവാരത്തിന്റെ അടിസ്ഥാനമാക്കിക്കൂടാ?
സർക്കാർ അങ്ങനെ ഒരു ആശയം മുന്നോട്ടുവെച്ചിട്ടുണ്ടോ എന്ന് അറിയില്ല. ഈ രണ്ടു മേഖലയും തമ്മിൽ, ബാഹ്യമായ സംഘർഷമൊന്നുമില്ലെങ്കിലും, ആന്തരികമായ ധാരണ ഇല്ല എന്നത് ഉറപ്പാണ്. സർക്കാർ നിയന്ത്രണം സ്വകാര്യമേഖല അംഗീകരിക്കുമോ എന്ന് ഞാൻ സംശയിക്കുന്നു. അതേസമയം, പൊതുമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ കൂട്ടാനുള്ള സാമ്പത്തികശേഷി സർക്കാരിനും ഉണ്ടാവില്ല. സ്വകാര്യ മേഖലയിലെ നിലവാരത്തിലും, ഗുണമേന്മയിലുമുള്ള ഏറ്റക്കുറച്ചിലാണ് പൊതുമേഖലയിലുള്ളവരെ വിഷമിപ്പിക്കുന്നത്. അധികാരപ്പെട്ട സ്ഥാപങ്ങളെക്കൊണ്ട് ഇവരുടെ അംഗീകാരം കർശനമായി പരിശോധിക്കുന്നതുവഴി, ഈ പ്രശ്‌നത്തിന് ഒരു പരിധി വരെ പരിഹാരം കണ്ടെത്താം. ആരോഗ്യ പരിപാലന രംഗത്ത് കൂടുതൽ മെച്ചപ്പെട്ട കേരള മാതൃക ഉണ്ടാവും എന്ന വലിയ ശുഭപ്രതീക്ഷ എനിക്കുണ്ട്. അതിനുള്ള സമയമായി എന്നും തോന്നുന്നു.