കോവിഡ് വാക്‌സിൻ ഒരു ബുള്ളറ്റ്​ പ്രൂഫ്​ അല്ല, ബൂസ്റ്റർ ഡോസിനുവേണം മോറ​ട്ടോറിയം

വാക്സിനുശേഷം ആന്റിബോഡി ലെവൽ കുറയുന്നത് ശരീരത്തിന്റെ പ്രൊട്ടക്ഷൻ ലെവൽ കുറയുകയാണെന്ന ധാരണ നമ്മുടെ നാട്ടിലും സ്വകാര്യ ലാബുകൾക്ക് ഒരു ‘കറവപ്പശു' ആകുന്നതായി വാർത്തകളുണ്ട്. ഡോക്ടർമാർ അടക്കം പലരും ഈ ധാരണയിൽ ആന്റിബോഡി ടെസ്റ്റ് ചെയ്തു ‘ബൂസ്റ്റർ ' ഡോസിനായി വെമ്പുകയാണ്.

Truecopy Webzine

വാക്‌സിനുകൾകൊണ്ട് കോവിഡ് പാൻഡമിക്ക് പകർച്ചയുടെ നെറുകയിൽ അവസാനത്തെ ആണിയും അടിക്കാമെന്നും വൈറസിനെ അടിച്ചിരുത്താമെന്നുമുള്ള പ്രതീക്ഷ അസ്ഥാനത്തായിരിക്കയാണ്. ഇപ്പോൾ നൽകപ്പെടുന്ന വാക്സിനുകൾ രോഗത്തിന്റെ ഗുരുതരാവസ്ഥയും മരണങ്ങളും മാത്രമേ കുറയ്ക്കാൻ സഹായകരമായിരിക്കുകയുള്ളൂവെന്നും അവർക്ക് രോഗാണുബാധയുണ്ടാകാമെന്നും അവരിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാമെന്നും വൈദ്യശാസ്ത്രജ്ഞർക്കൊപ്പം സാധാരണക്കാരും അനുഭവത്തിലൂടെ മനസ്സിലാക്കിക്കൊണ്ടിരിക്കയാണ്- എപ്പിഡെമിയോളജി വിദഗ്ധനും കോഴിക്കോട് മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസറും യുനെസ്‌കോ ബയോ എത്തിക്സ് ചെയർ ഹെഡുമായ ഡോ. ജയകൃഷ്ണൻ ടി. ട്രൂ കോപ്പി വെബ്‌സീനിൽ എഴുതുന്നു.

വാക്സിനെടുത്തവരിലും രോഗമുക്തരായവരിലും രോഗപ്രതിരോധത്തിന്റെ ഒരു സൂചകമായ ആന്റിബോഡിയുടെ ലെവൽ അധികം നീണ്ടുനിൽക്കാതെ കുറഞ്ഞുവരുന്ന നിലയിൽ, മരുന്ന് ഉത്പാദന കമ്പനികളുടെ ഗവേഷണ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ സമ്പന്ന രാജ്യത്തിലെ സർക്കാറുകൾ അവരുടെ രാജ്യങ്ങളിലെ മുതിർന്ന പൗരർക്ക് രണ്ട് ഫുൾഡോസുകൾക്ക് ശേഷം മൂന്നാമതൊരു ഡോസ് കൂടി ബൂസ്റ്റർ നൽകാനുള്ള ശ്രമത്തിലാണ്.
ഈ സാഹചര്യത്തിൽ കോവിഡിനെതിരെയുള്ള ഫുൾഡോസ് വാക്സിൻ എടുത്തവർക്ക് ഇപ്പോൾ വീണ്ടും ബൂസ്റ്റർ ഡോസ് നൽകുന്നതിനെതിരെ 2021 ആഗസ്റ്റ് നാലിന് ലോകാരോഗ്യ സംഘടന മൊറോട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. ലോകത്ത് ഉൽപ്പാദിക്കപ്പെടുന്ന വാക്സിനുകളിൽ പകുതിയും സാമ്പത്തികമായി ശക്തിയുള്ള അമേരിക്കയും, കാനഡയും, മറ്റു യൂറോപ്യൻ രാജ്യങ്ങളും മുൻകൂട്ടി ബുക്ക് ചെയ്തു കൈപ്പിടിയിൽ വെച്ചിരിക്കുകയാണ്. ഇപ്പോൾ ഏറ്റവും സമ്പന്ന രാജ്യങ്ങളിൽ ശരാശരി 58% ആളുകൾക്ക് ഫുൾഡോസ് വാക്സിൻ ലഭ്യമായപ്പോൾ ദരിദ്ര രാജ്യങ്ങളിലെ ശരാശരി 1.3% ആളുകൾക്ക് മാത്രമേ ഇത് സാധ്യമായിട്ടുള്ളൂ. സമ്പന്ന രാജ്യങ്ങളിൽ നൂറുപേർക്ക് ശരാശരി നൂറ്റിമൂന്നു ഡോസ് വെച്ച് വാക്സിനുകൾ കിട്ടിക്കഴിഞ്ഞപ്പോൾ ഇത് ദരിദ്ര രാജ്യങ്ങളിൽ വെറും ആറ് എന്ന ഏക അക്ക സംഖ്യ ആണ്. ഇന്നത്തെ സാഹചര്യത്തിൽ ഈ വർഷം പൂർത്തിയാക്കുമ്പോൾ ആഫ്രിക്കൻ രാജ്യങ്ങളിൽ ഇത് ശരാശരി രണ്ട് ശതമാനത്തിനപ്പുറം കടക്കില്ലെന്നാണ് നിഗമനം.

അതിനാൽ, ഒന്നുകിൽ ലോകജനതയിൽ പത്ത് ശതമാനം പേർക്ക് വാക്സിൻ ലഭ്യമാവുന്നതുവരെയോ അല്ലെങ്കിൽ സപ്തംബർ കഴിയുന്നത് വരെയോ ബൂസ്റ്റർ ഡോസുകളുടെ വിതരണം നിർത്തിവെക്കണമെന്നാണ് ലോകാരോഗ്യ സംഘടന സമ്പന്ന രാജ്യങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ലോകത്താകെ ആളുകൾ വാക്സിൻ ക്ഷാമത്തിൻ ഉഴലുകയാണ്. അധിക ഗുണം കിട്ടുമെന്നതിന് യാതൊരു തെളിവുകളുമില്ലാതെ, ബൂസ്റ്റർ ഡോസ് വേണമെന്ന ശാസ്ത്രീയ പിൻബലമില്ലാതെ, സമ്പന്ന രാജ്യങ്ങളിൽ വാക്സിനുകൾ ആഢംബരമായി ഉപയോഗിക്കപ്പെടുമ്പോൾ മറുഭാഗത്ത് പല രാജ്യങ്ങളിലായി ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകരും, റിസ്‌ക് ഗ്രൂപ്പുകളിൽപ്പെട്ടവരും, പാവപ്പെട്ടവരും രോഗബാധ ഗുരുതരമായി മരണപ്പെടുകയാണെന്ന യാഥാർത്ഥ്യം മനസ്സിലാക്കണമെന്നാണ് ഇതിന്റെ അത്ഥം. ഇത് ലോകത്താകെ ഇപ്പോഴുള്ള തൊഴിൽ /കച്ചവട സ്ഥാപനങ്ങളുടെയും സ്‌കൂളുകളുടെയും അടച്ചിടൽക്കാലദൈർഘ്യവും, സാമ്പത്തിക വറുതിയുടെ ആഴവും ഇനിയും കൂട്ടുകയേ ഉള്ളൂ.

ഇപ്പോൾ മൂന്നാം ഡോസായി നൽകപ്പെടുന്ന വാക്സിൻ ഡോസുകൾ ലോകത്താകെയുള്ള ദരിദ്ര രാജ്യങ്ങളിലെ അഞ്ചിലൊന്ന് ജനവിഭാഗങ്ങൾക്കെങ്കിലും (20%) വാക്സിൻ ലഭ്യമാക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള ‘കോവാക്സ്' പ്രസ്ഥാനത്തിന് നൽകുകയോ, അല്ലെങ്കിൽ അധിക വാക്സീൻ നൽകാൻ ഉപയോഗിക്കുന്ന പണം രാജ്യങ്ങളിലെ വാക്സിൻ നിർമാണ കപ്പാസിറ്റി കൂട്ടാൻ ഉപയോഗിക്കുകയോ, ദരിദ്യ രാജ്യങ്ങൾക്ക് വാക്സീൻ വാങ്ങാനായി നൽകുകയോ ചെയ്യാം.

കൂടുതൽ ആളുകൾ വാക്സിൻ എടുത്ത് കഴിഞ്ഞാലും സമൂഹത്തിൽ വേണ്ടത്ര ‘‘ഹേർഡ് ഇമ്യൂണിറ്റി'' ഉണ്ടായില്ലെങ്കിൽ വൈറസ് വ്യാപനം ഇവിടെ തുടർന്ന് ഉണ്ടായിക്കൊണ്ടിരിക്കാം എന്നാണ് ഇപ്പോൾ തിരിച്ചറിഞ്ഞിട്ടുള്ളത്. അതിനാൽ രോഗം പൂർണ വിരാമമില്ലാതെ അതിന്റെ വ്യാപനത്തിന്റെ വലിപ്പ ചെറുപ്പത്തിൽ ഏറ്റക്കുറച്ചിലുകളുമായി പലയിടത്തും നിലനിൽക്കാനാണ് സാധ്യത.
വാക്സിൻ കമ്പനികൾ മുന്നാട്ട് വെക്കുന്ന റിപ്പോർട്ടുകൾ മാത്രം തെളിവായി എടുക്കുകയും പിയർ റിവ്യൂ (Peer Review) നടത്തിയ ശേഷം പ്രസിദ്ധീകരിക്കുന്ന ഗവേഷണ പ്രബന്ധങ്ങളെ വിലക്കെടുക്കാതിരിക്കുന്നതും അതിനനുസരിച്ച് തീരുമാനങ്ങൾ എടുക്കുന്നതും ശാസ്ത്രീയമായും നൈതികമായും ശരിയായി കൊള്ളണമെന്നില്ല.

ഇന്ത്യയിൽ തന്നെ കോവിഷീൽഡ് ഉത്പാദിപ്പിക്കുന്ന സീറം ഇൻസ്റ്റിട്ട്യൂട്ട് മേധാവിയുടെ, ബൂസ്റ്റർ ഡോസ് വേണമെന്ന പ്രസ്താവന വലിയ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. പാൻഡമിക്ക് കാലത്ത് ഇത് ശാസ്ത്രത്തെ മറികടന്ന് പലപ്പോഴും നമ്മുടെ നയരൂപീകരണങ്ങളുടെ കസേരകളിൽ ഉപവിഷ്ടരാകുന്നുണ്ട്.
കോവിഡ് പ്രതിരോധിക്കാൻ മിനിമം വേണ്ട ശരീരത്തിലെ ആന്റിബോഡി ലെവൽ എത്രയാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല, ഒരാളിലെ രോഗത്തിനെതിരെയുള്ള ആന്റിബോഡി ലെവലും രോഗത്തിന്റെ ഗുരുതരാവസ്ഥയും തമ്മിൽ ബന്ധമില്ല. വാക്സിനുശേഷം ആന്റിബോഡി ലെവൽ കുറയുന്നത് ശരീരത്തിന്റെ പ്രൊട്ടക്ഷൻ ലെവൽ കുറയുകയാണെന്ന ധാരണ നമ്മുടെ നാട്ടിലും സ്വകാര്യ ലാബുകൾക്ക് ഒരു ‘കറവപ്പശു' ആകുന്നതായി വാർത്തകളുണ്ട്. ഡോക്ടർമാർ അടക്കം പലരും ഈ ധാരണയിൽ ആന്റിബോഡി ടെസ്റ്റ് ചെയ്തു ‘ബൂസ്റ്റർ ' ഡോസിനായി വെമ്പുകയാണ്.

വാക്സിനുകൾ ബുള്ളറ്റ് പ്രൂഫ് അല്ലെന്നും, വേണ്ടത്ര രോഗപ്പകർച്ച തടയുന്നില്ലെന്നും, ഇത് നൽകുന്നത് ‘ഹേർഡ് ഇമ്മൂണിറ്റി'ക്ക് പകരം തിരിച്ച് നോർമാലിറ്റിയിലേക്ക് സാധാരണ ജീവിതത്തിലേക്കുള്ള വഴികൾ തുറക്കാനാണെന്നും ലോകത്ത് ഒരു സമൂഹവും ഒറ്റപ്പെട്ട് കിടക്കുന്ന ദ്വീപ് അല്ലെന്നും കോവിഡ് വൈറസ് ഭൂമിയിൽ എവിടെയെങ്കിലും ഉണ്ടെങ്കിൽ അത് എല്ലായിടത്തും എത്തുമെന്നും അതിനാൽ അതിജീവനത്തിന് ലഭ്യമായ ആയുധമായ വാക്സിൻ ഇക്വിറ്റിയുടെ അടിസ്ഥാനത്തിൽ ആവശ്യമുള്ള എല്ലായിടത്തും എത്തിക്കുകയാണ് വേണ്ടതെന്നുമാണ് മനസ്സിലാക്കേണ്ടത്. ഒരു രാജ്യത്തിനും ഭൂമിയിൽ ഒറ്റയ്ക്ക് മാത്രം രക്ഷപ്പടാൻ പറ്റില്ലെന്നും ഒന്നിച്ചു നിന്നാൽ മാത്രമേ രക്ഷപ്പെടാൻ പറ്റുകയുള്ളൂ എന്നതും പഠിക്കാനുള്ള സമയമാണ് ഇത്. ഭൂമിയിലെ ഒരു ഡോസ് പോലും ലഭിക്കാത്ത റിസ്‌ക് ഗ്രൂപ്പിൽപ്പെട്ടവർക്ക് കോവിഡ് വാക്സിൻ ലഭിച്ചതിനു ശേഷം മാത്രം ആവശ്യമുണ്ടെങ്കിൽ ബൂസ്റ്റർ എടുക്കുക, അതുവരെ മാറ്റിവെക്കുക എന്നതാണ് വർത്തമാന ധാർമികത.

ഉണ്ണാത്തവർക്ക് ഇലയോ? ഉണ്ടവർക്ക് പായയോ? എന്താണ് പ്രയോറിറ്റി?
ഡോ ജയകൃഷ്ണൻ.ടി.
വെബ്‌സീൻ പാക്കറ്റ് 39ൽ വായിക്കാം, കേൾക്കാം

Comments