കോവിഡിൽ തുഴഞ്ഞു കരപറ്റാൻ പത്തു നിർദേശങ്ങൾ

കോവിഡ്​ രണ്ടാം തരംഗം സംസ്​ഥാനത്തും രോഗികളുടെ എണ്ണം കുത്ത​നെ കൂട്ടിയിരിക്കുകയാണ്​. ഈ സാഹചര്യത്തിൽ രോഗവ്യാപനം തടയാനും ചികിത്സ ഉറപ്പാക്കാനും പ്രതിരോധ പ്രവർത്തനം കാര്യക്ഷമമാക്കാനും ഉതകുന്ന പത്ത്​ നിർദേശങ്ങൾ മുന്നോട്ടുവെക്കുകയാണ്​ എപ്പിഡെമിയോളജി വിദഗ്​ധനും കോഴിക്കോട് മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസറുമായ ഡോ. ജയകൃഷ്​ണൻ ടി.

1. രോഗി പരിചരണത്തിൽ ട്രയാജ് + റഫറൽ + ചികിത്സ അഷൂറൻസ് സംവിധാനം ഉറപ്പുവരുത്തണം.

പ്പോൾ ആശുപത്രി സംവിധാനങ്ങൾക്കും ചികിത്സകരുടെ മാനവ വിഭവ ശേഷിക്കുമപ്പുറം രോഗികളുടെ എണ്ണം കൂടിവന്ന് സംവിധാനങ്ങൾ വീർപ്പുമുട്ടുകയും രോഗികൾ മരിക്കുകയും ചെയ്യുന്നുണ്ട്. ഇതൊഴിവാക്കാൻ രോഗികളെ ഗുരുതരസ്ഥിതി അനുസരിച്ച് കാറ്റഗറെെസ് ചെയ്ത് കർശനമായി ട്രയാജ് മുൻഗണന രീതികളും "ത്രിതല ' റഫറൽ സമ്പ്രദായവും ആവശ്യമായ ചികിത്സ കിട്ടുമെന്ന അഷൂറൻസ് സംവിധാനങ്ങളും ഉറപ്പാക്കണം.

പരമാവധി കോവിഡ് രോഗികളെ വീടുകളിൽ തന്നെ ചികിത്സിക്കുകയും അതിനായി പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളോടും ഉപകേന്ദ്രങ്ങളോടും അനുബന്ധിച്ച്​ പ്രാദേശിക സംവിധാനം സജ്ജമാക്കുകയും ചെയ്യുക. വീടുകളിൽ പരിചരണ സൗകര്യം ഇല്ലാത്തവർക്കായി പ്രാദേശിക തലത്തിൽ കമ്യൂണിറ്റി ഹാളുകൾ, സ്‌കൂളുകൾ, ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ താത്കാലികമായി "ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ്​ സെന്ററുകൾ' ഒരുക്കാം. കൂടാതെ, പ്രാദേശിക തലത്തിൽ വീടുകളിലുള്ള രോഗികളെ പരിശോധിക്കാൻ മൊബൈൽ വാഹന യൂനിറ്റുകളും ഉണ്ടാകണം.

താലൂക്കാശുപത്രികൾ, കമ്യൂണിറ്റി ഹെൽത്ത്​ സെന്ററുകൾ എന്നിവിടങ്ങളിൽ കിടക്ക /ചികിത്സാ സൗകര്യങ്ങൾ വർധിപ്പിച്ച് സെക്കൻററി ട്രീറ്റ്‌മെൻറ്​ സെന്ററുകളാക്കി കൂടുതൽ രോഗികൾക്ക് ഉപകാരപ്പെടുത്താം. പ്രാദേശികമായി ഇതിന് റിസോഴ്‌സുകൾ പൂൾ ചെയ്ത് മറ്റ്‌ സർക്കാർ/ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ / നഴ്‌സുമാർ ഇവരുടെ സേവനവും തേടാം. മെഡിക്കൽ കോളേജുകൾ​ റഫർ ചെയ്യപ്പെടുന്ന ഗുരുതരാവസ്​ഥയിലുള്ള രോഗികൾക്ക് മാത്രമായി നീക്കിവെക്കണം. സ്വകാര്യ മെഡിക്കൽ കോളേജുകൾ/ സ്വകാര്യ ആശുപത്രികൾ വിദഗ്ധ ചികിത്സക്കായി പൂൾചെയ്ത്​ജില്ലാതലത്തിൽ ഉപയോഗപ്പെടുത്താം. ഓരോ തലത്തിലും രോഗികൾക്ക് തക്കതായ ചികിത്സ കിട്ടുന്നുണ്ടെന്ന് ചെക്ക് ലിസ്റ്റുകൾവെച്ച് "അഷൂറൻസ്' ഉറപ്പുവരുത്തണം.

ഒരു വർഷത്തിലധികമായി അവധി പോലുമില്ലാതെ കോവിഡ് മേഖലയിൽ തുടർച്ചയായി ജോലി ചെയ്യുന്ന ആശുപത്രികളിലേയും ഫീൽഡിലേയും ആരോഗ്യ പ്രവർത്തകർ തളർന്ന് "ബേൺ ഔട്ട് ' ആകാതിരിക്കാനും കരുതൽ വേണം. ഈ തസ്​തികകളിലെ ഒഴിവ്​ നികത്താനും ആവശ്യമുള്ളവരെ താൽക്കാലികമായി നിയമിക്കാനും സന്നദ്ധ പ്രവർത്തകരെ സ്വീകരിച്ച് "മാനവശേഷി' എണ്ണം കൂട്ടാനും നടപടി വേണം. എല്ലായിടത്തും അവശ്യ പരിശോധന നടത്തണം, മരുന്നുകൾ സൗജന്യമായി ലഭ്യമാക്കണം.

2. ടെലി മെഡിസിൻ സംവിധാനം വ്യാപകവും ജനകീയവുമാക്കണം

ടെലി മെഡിസിൻ സംവിധാനം വ്യാപിപ്പിച്ച്​ താഴെ തട്ടിൽ / പ്രാഥമികാരോഗ്യ കേന്ദ്ര തലത്തിൽ ലഭ്യമാക്കണം. ഇപ്പോഴുള്ള ഇ- ഹെൽത്ത്, സഞ്ജീവനി പ്രൊജകറ്റുകൾ വ്യാപകവും ജനകീയവുമാക്കണം. ഡോക്ടർമാരുടെ പ്രൊഫഷണൽ സംഘടനകൾ, വിരമിച്ച ഡോക്ടർമാർ, ജൂനിയർ ഡോക്ടർമാർ, മെഡിക്കൽ വിദ്യാർത്ഥികൾ, നേഴ്‌സിംഗ് വിദ്യാർത്ഥികൾ ഇവരുടെ സേവനം ഇതിന് വിനിയോഗിക്കാം. ഇതിനായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ വീടുകളിലുള്ള രോഗികളും ആശുപത്രികളിലെ വിദഗ്ധ ഡോക്ടർമാരും തമ്മിൽ വീഡിയോ ചാറ്റ് സൗകര്യം ഒരുക്കണം. ഇതിന്​ ബാൻഡ് വിഡ്ത്ത് കൂടിയ ഇന്റർനെറ്റ് ലഭ്യതയും, മാനവവിഭവശേഷി പരീശീലനവും നൽകണം. ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിലെ സേവനങ്ങൾ ലഭ്യമാക്കാൻ ഓൺലൈൻ ഉപയോഗം അത്യാവശ്യമായതിനാൽ "ഡിജിറ്റൽ ഗ്യാപ്' പരിഹരിക്കാൻ പൊതു ജനങ്ങളിൽ (ഗതാഗത സൗകര്യം പോലെ ) ബാൻഡ് വിഡ്ത്ത് ഉള്ള ഇന്റർനെറ്റിന്റെയും ഗാഡ്ജറ്റുകളുടെയും ലഭ്യത സർക്കാരിന്റെ പൊതുസേവനത്തിന്റെ ഭാഗമാക്കേണ്ടതാണ്​. ഇത്തരം സേവനങ്ങൾ സമൂഹത്തിൽ എല്ലാവർക്കും ലഭ്യമാക്കി കേരളത്തിന് മറ്റൊരു മാതൃകയാകാവുന്നതുമാണ്​.

3. വികേന്ദ്രീകൃത വാർഡുതല സമിതികൾ

ഒരോ പഞ്ചായത്തിലും വാർഡുതലത്തിലുള്ള ജാഗ്രതാസമിതികൾ / ദ്രുതകർമ സേനകൾ എന്നിവ, ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും സന്നദ്ധ പ്രവർത്തകരേയും മറ്റു റിസോർസ് പേഴ്‌സൻമാരെയും ഉൾപ്പെടുത്തി വിപുലപ്പെടുത്തണം. ഈ നെറ്റ് വർക്കിലൂടെ ഹെൽപ് ഡെസ്‌ക്​ സ്ഥാപിച്ച് വീടുകളിൽ രോഗികൾക്ക് മരുന്നും അവശ്യവസ്തുക്കളും എത്തിക്കണം. കൂടാ​തെ, രോഗികളുടെ ദൈനംദിന മോണിട്ടറിംഗ്, വിവരം ലഭ്യമാക്കൽ ആശുപത്രിയിലേക്കും തിരിച്ച് വീട്ടിലേക്കും എത്തിക്കാനുള്ള വാഹനങ്ങൾ ലഭ്യമാക്കൽ, രോഗ നിരീക്ഷണത്തിനുള്ള (സർവൈലൻസ്) വിവരം ലഭ്യമാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും ഈ നെറ്റ്​വർക്കിലൂടെ നടത്താം. ഇതിന് "ലോജിസ്​റ്റിക്‌സ് ' പ്രാദേശിക സർക്കാരുകൾ ഒരുക്കണം. പ്രാദേശിക ഭരണ കുറവും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഇവയുടെ പ്രവർത്തനങ്ങൾ കോഓർഡിനെറ്റ് ചെയ്യണം.

4. കോവിഡ് ടെസ്റ്റിംഗ് നയത്തിൽ സമയോചിത പരിഷ്‌ക്കാരം വേണം

രോഗം വേഗം വ്യാപിക്കുന്നതിനാൽ ആളുകൾക്ക് ചുരുങ്ങിയ സമയം കൊണ്ട് റിസൽട്ട്​ ലഭിക്കുന്ന, ചെലവ് കുറഞ്ഞ സൗകര്യങ്ങൾ പ്രൈമറി കെയർ ലെവലിൽ ലഭ്യമാക്കണം. എന്നാലേ വേഗം ഐസോലേഷനിലേക്കോ ചികിത്സക്കോ പോകാൻ പറ്റൂ. ഇതിന്​ പഞ്ചായത്തുകൾ തോറും റിസൽറ്റുകൾ മിനുട്ടുകൾക്കകം ലഭിക്കുന്നതും എളുപ്പം ചെയ്യാവുന്നതുമായ "റാപിഡ് ആന്റിജൻ ടെസ്റ്റ്' (RAT) ബൂത്തുകൾ / മൊബൈൽ യൂനിറ്റുകൾ വ്യാപകമായി ഒരുക്കണം. അതുവഴി ടെസ്റ്റിന്​ മൈലുകൾ യാത്ര ചെയ്യുന്നതും റിസൽട്ടിനായി ദിവസങ്ങൾ കാത്തിരിക്കുന്നതും ഒഴിവാക്കാം.

സമൂഹത്തിൽ രോഗം ഇത്ര വ്യാപകമായിരിക്കേ, രോഗലക്ഷണമോ, സമ്പർക്കമോ ഉള്ളവരെ രോഗലക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തി (സിൻഡ്രോമിക്ക്) അനുമാന രോഗനിർണയത്തിന് അനുമതി നൽകേണ്ടതുണ്ട് എന്നതാണ് എപിഡിമിയോളജി ശാസ്ത്രം അനുശാസിക്കുന്നത്. പല കോവിഡ് രോഗികളിലും ഇപ്പോൾ ടെസ്റ്റ്​ നെഗറ്റിവ് ആകുന്നതിനാൽ രോഗനിർണയത്തിന്​/ചികിത്സക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റ് തന്നെ വേണമെന്ന്‌ നിർബന്ധം പാടില്ല. അത് സമയവും സാമ്പത്തികവുമായ നഷ്​ടമാണ്.(ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിലും ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട്.)

5. വാക്‌സിൻ വിതരണം വേഗത്തിലാക്കുക

വാക്‌സിൻ ലഭ്യതക്കനുസരിച്ച് ലിസ്റ്റ്​ തയ്യാറാക്കി മുൻഗണന പ്രകാരം മുൻകൂട്ടി നിശ്ചയിച്ച സമയക്രമത്തിൽ എളുപ്പം ലഭ്യമാക്കണം. വാക്‌സിൻ കേന്ദ്രങ്ങളിൽ ആൾക്കൂട്ടം ഉണ്ടാക്കുന്നതും വളരെ സമയം കാത്തുനിൽക്കുന്നതും രോഗവ്യാപന സാധ്യത വർദ്ധിപ്പിക്കും. വാക്‌സിൻ ലഭ്യതയുടെ പരിമിതി തിരിച്ചറിഞ്ഞ് 45 വയസ്സിന് മേലുള്ളവർക്കും, അനുബന്ധ രോഗമുള്ളവർക്കും വേഗം വാക്‌സിൻ നൽകിയശേഷം അതിനുതാഴെ പ്രായമുള്ളവർക്ക് നൽകുന്നതാണ് ഉചിതം. വാക്‌സിൻ സൗജന്യ വിതരണത്തിന് സർക്കാർ ആശുപത്രികൾക്കുപുറമേ പൊതു- സ്വകാര്യ പങ്കാളിത്തവും ആലോചിക്കണം. ഇറക്കുമതി അനുമതി കിട്ടുകയാണെങ്കിൽ ഒറ്റ ഡോസ് മാത്രം കൊടുത്താൽ ഫലം കിട്ടുന്ന ജോൻസൺ & ജോൻസൺ, സ്പുട്‌നിക് ലെെറ്റ് തുടങ്ങിയ വാക്‌സിൻ ലഭ്യമാക്കി കഴിയുന്നത്ര വേഗം കുടുതൽ പേർക്ക് വാക്‌സിൻ നൽകി പ്രതിരോധം ഉറപ്പിക്കാൻ ശ്രമിക്കണം. കുറച്ചു കാലം പ്രതിരോധം ഉണ്ടാകുമെന്നതിനാൽ രോഗം ഭേദമായവർക്ക് മൂന്നുമാസത്തെ ഇടവേള കഴിഞ്ഞു മാത്രം വാക്‌സിൻ നൽകിയാൽ മതിയെന്ന് തീരുമാനിക്കുകയാണെങ്കിൽ മറ്റു ആവശ്യമുള്ള ധാരാളം പേർക്ക് വാക്​സിൻ ലഭ്യമാക്കാം. (വാക്‌സിനായി ഗ്ലോബൽ ടെണ്ടർ കൊടുക്കാൻ സംസ്ഥാനം തീരുമാനിച്ചത് നല്ലതുതന്നെ )

6. കരുതലോടെയുള്ള പെരുമാറ്റ രീതികൾ

കോവിഡ് കരുതലോടെയുള്ള പെരുമാറ്റ രീതികൾ (Covid appropriate behaviours, 3 c കൾ) എല്ലാവരും ഒരേപോലെ പാലിക്കാൻ ബിഹേവിയർ ചെയ്ഞ്ച്, കമ്യൂണിക്കേഷൻ രീതികൾ പ്രാവർത്തികമാക്കണം. അതായത്​, മറ്റുള്ളവരുടെ നിർബ്ബന്ധത്തിന് വഴങ്ങിയോ, പൊലിസിനേ പേടിച്ചോ അല്ല കരുതൽ പാലിക്കേണ്ടത് എന്ന ബോധം ജനങ്ങൾക്കുണ്ടാകണം. രോഗം സർവവ്യാപിയായ സ്ഥിതിക്ക് ജനങ്ങൾ സ്വയം സന്നദ്ധമായി നിരീക്ഷണം, ക്വാറന്റയിൻ, റൂം ഐസോലേഷൻ എന്നിവ പാലിക്കുന്ന "പൗരബോധം ' ഉണ്ടാക്കാൻ അവബോധ പ്രവർത്തനങ്ങളും റിവാർഡുകളും ഇൻസെൻറീവുകളും നടപ്പിലാക്കാം. ഇതിനായി താഴെത്തട്ടിൽ പ്രാദേശികമായ രാഷ്ട്രീയ- മത- സമുദായ നേതാക്കന്മാരുടെയോ, സന്നദ്ധ സംഘടനകളുടെയോ സഹകരണം തേടാം. രോഗ പ്രതിരോധത്തിന്​ വീടുകളിൽ ഭക്ഷ്യ കിറ്റുകൾക്കൊപ്പം സൗജന്യമായി മാസ്‌ക്​/ സോപ്പ്​ എന്നിവ വിതരണം ചെയ്യാം. കോവിഡ് കരുതലുകൾ ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുന്നതിനോടൊപ്പം അവർക്ക് വില ഈടാക്കി മാസ്‌കും നൽകാം.

രോഗത്തെയും ചികിത്സയെയും കുറിച്ച്​ തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നവർക്കും ജനങ്ങളിൽ പരിഭ്രാന്തി പരത്തുന്നവർക്കും എതിരെ ക്രിമിനൽ നിയമ നടപടിയെടുക്കണം. സമൂഹ മാധ്യമങ്ങളിൽ ഇതിനായി "റൂമർ സർവൈലൻസ്​' നടത്താൻ പ്രത്യേക സൈബർ സെൽ രൂപികരിക്കാം.

7. "വൾനറബിലിറ്റി' മാപ്പിങ്ങ്

ലോക്ക്​ഡൗണിനേയും കോവിഡ് ബാധയേയും തുടർന്ന് താഴെത്തട്ടിൽ പലർക്കും തൊഴിലില്ലാതാകുകയും വരുമാനം പൂർണമായും നിലയ്ക്കു​കയും ചെയ്തിട്ടുണ്ട്. ഇവർക്കായി പ്രാദേശികതലത്തിൽ "വൾനറബിലിറ്റി' മാപ്പിങ്ങ് നടത്തി ഉത്തേജന പാക്കേജുകൾ നൽകണം. കിടപ്പിലായവർ, രോഗികൾ, ചികിത്സ വേണ്ടവർ, അന്തർ സംസ്ഥാന തൊഴിലാളികൾ, യാചകർ ഇവർക്കായി തദ്ദേശ സ്ഥാപനങ്ങൾക്കു കീഴിൽ സഹായ പദ്ധതികളും കമ്യൂണിറ്റി കിച്ചണുകളും വേണ്ടിവരും. വെള്ളപ്പൊക്ക മേഖലകളിലുള്ള ദുരിതാശ്വാസ ക്യാമ്പുകളിലെ മുറികളിൽ കോവിഡ് ഐസോലേഷൻ സൗകര്യങ്ങളും മുൻകൂട്ടി കണ്ടുവെക്കണം.

8. രോഗ വിവരങ്ങളുടെ റിപ്പോർട്ടിങ്ങ്

ഇപ്പോൾ രോഗവിവരങ്ങൾ പുറത്തുവിടുന്നത് ടെസ്റ്റ് പോസിറ്റിവിറ്റികളുടെ എണ്ണമാണ്. 80 ശതമാനത്തിലധികം പേർക്കും പ്രത്യക്ഷ രോഗലക്ഷണമില്ലാത്തതിനാൽ ഇവരെ മാറ്റി നിർത്തി യഥാർഥ രോഗികളിൽ എത്ര പേർ ആശുപത്രികളിലുണ്ടെന്നും ഇവരിൽ എത്ര പേർക്ക്​ ഗുരുതരാവസ്​ഥയുണ്ടെന്നും "ക്ലാസിഫൈ ' ചെയ്ത്​ വിശദവിവരം ദിവസവും പുറത്ത് വിടുകയാണെങ്കിൽ അത് ആരോഗ്യമേഖലയിലുള്ളവർക്കും (സ്വകാര്യം - സർക്കാർ), അനുബന്ധ മേഖലകളിലുള്ളവർക്കും സജ്ജീകരണമൊരുക്കാനും അതിനനുസരിച്ച് പ്ലാനിങ്​ നടത്താനും സഹായിക്കും. അതുപോലെ ജനങ്ങളിലെ രോഗത്തെ പറ്റിയുള്ള അകാരണ ഭീതിയും കുറക്കാനാകും.

9. കോവിഡ് മേഖലയിൽ കൂടുതൽ ഗവേഷണങ്ങൾക്ക് പ്രോത്സാഹനം നൽകണം

കോവിഡ് മേഖലയിൽ സംസ്ഥാനം ശേഖരിച്ച "ഡാറ്റാബേസ്' വിവരങ്ങൾ മെഡിക്കൽ കോളേജുകളിലടക്കമുള്ള ഗവേഷകരുമായി പങ്കു വെക്കുകയാണെങ്കിൽ ഭാവിയിലെ രോഗനിയന്ത്രണ പ്രവർത്തനങ്ങൾക്കും, ചികിത്സകൾക്കും സഹായകരമായിരിക്കും. കോവിഡ് വൈറസുകളുടെ ജനിതക വ്യതിയാന രീതികൾ നേരത്തെ തിരിച്ചറിയാൻ ജില്ലകളിൽ നിന്ന് നിശ്ചിത എണ്ണം (രോഗികളുടെ %) സാമ്പിൾ ശേഖരിച്ച് തുടർച്ചയായി "ജനിതക സ്വീക്വൻസ് 'പഠനം നടത്തേണ്ടതുണ്ട്. വാക്‌സിൻ എടുത്തവരിലുണ്ടാകുന്ന "ബ്രേക്ക് ത്രൂ ഇൻഫക്ഷൻ' നിരക്കും അവയുടെ സ്വഭാവവും പഠിച്ച് ഉചിതമായ വാക്‌സിൻ പോളിസി വാക്‌സിനുകളുടെ സെലക്ഷൻ നടത്തണം.
ഭേദമായവർക്ക് വീണ്ടും രോഗം വരുന്നതിനെപ്പറ്റിയും, പ്രതിരോധത്തെക്കുറിച്ചും പഠനങ്ങൾ നടത്തേണ്ടതുണ്ട്.

കോവിഡ് മരണങ്ങൾ വിദഗ്ധ "ഡെത്ത് ഓഡിറ്റ്' നടത്തി കാരണങ്ങൾ വിശകലനം ചെയ്ത്​ "റിസ്‌ക് ഫാക്​ടർ ' കണ്ടെത്തിയാൽ ഭാവിയിൽ നമുക്ക് അവ ഒഴിവാക്കി ധാരാളം പേരെ രക്ഷിക്കാൻ പറ്റും.

സംസ്ഥാനത്തിന് ശാസ്ത്രീയ തെളിവുകളെ അടിസ്ഥാനമാക്കി "കോവിഡ് ചികിത്സ' പ്രോട്ടോക്കോൾ തയ്യാറാക്കാനും, ഉള്ളവ മോഡിഫൈ ചെയ്യാനും അത്​ സർക്കാർ - സ്വകാര്യ ആശുപത്രികളിൽ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും കഴിയും.

10. സ്വകാര്യ ആശുപത്രികളുടെ ചൂഷണത്തിനെതിരായ നടപടികൾ

കോവിഡ് അനുബന്ധ രോഗ പരിശോധനക്കും ചികിത്സക്കുമുള്ള നിരക്ക്​നിശ്ചയിച്ചും അനാവശ്യ പരിശോധനയും മരുന്നും​ ഒഴിവാക്കാൻ നടപടി സ്വീകരിച്ചും സ്വകാര്യ ആശുപത്രികളുടെ സാമ്പത്തിക ചൂഷണത്തിനെതിരെ നിയമ നടപടി എടുക്കാവുന്നതാണ്. സ്വകാര്യ ആശുപത്രികളിൽ കോവിഡ് രോഗികളുടെ അഡ്മിഷൻ + ഡിസ്ചാർജു നയം സർക്കാർ നിഷ്‌ക്കർഷിച്ച്​നടപ്പിൽവരുത്തണം. ഓക്‌സിജൻ ഉത്പാദനം, സ്റ്റോക്ക്, വിതരണം, ഉപയോഗം ഇവയെകുറിച്ച് ഓഡിറ്റു നടത്തുകയും വേണം.

ആശുപത്രികളിൽ ഒഴിവുള്ള കിടക്കകളുടെയും ഐ.സി.യു ബെഡുകളുടെയും വിവരം ജില്ലാ തലത്തിൽ അറിയിക്കുന്നതിനൊപ്പം റിസപ്​ഷൻ ഏരിയയിലും പ്രദർശിപ്പിക്കണം. രോഗികളെ ഒഴിവാക്കുന്നതും സാമ്പത്തികമായി ഉയർന്നവർ ആശുപത്രികളിൽ അമിത വില നൽകി കിടക്കകൾ സ്വന്തമാക്കുന്നതും തടയേണ്ടതുണ്ട്​.

ഐസൊലേഷനിൽ കഴിയുന്ന കോവിഡ് രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, വിവരങ്ങൾ അറിയുന്നതിനും ബന്ധുക്കളുമായി വിനിമയത്തിനും "വെർച്വൽ' സൗകര്യം ഏർപ്പെടുത്തുന്നത് അവരുടെ മാനസികാരോഗ്യത്തിനും പരിഭ്രാന്തി കുറയ്ക്കാനും സഹായകരമാകും.


Summary: കോവിഡ്​ രണ്ടാം തരംഗം സംസ്​ഥാനത്തും രോഗികളുടെ എണ്ണം കുത്ത​നെ കൂട്ടിയിരിക്കുകയാണ്​. ഈ സാഹചര്യത്തിൽ രോഗവ്യാപനം തടയാനും ചികിത്സ ഉറപ്പാക്കാനും പ്രതിരോധ പ്രവർത്തനം കാര്യക്ഷമമാക്കാനും ഉതകുന്ന പത്ത്​ നിർദേശങ്ങൾ മുന്നോട്ടുവെക്കുകയാണ്​ എപ്പിഡെമിയോളജി വിദഗ്​ധനും കോഴിക്കോട് മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസറുമായ ഡോ. ജയകൃഷ്​ണൻ ടി.


Comments