കോവിഡ് മരണം രേഖപ്പെടുത്തേണ്ടത് എങ്ങനെ?

കോവിഡ് മരണങ്ങളുടെ എണ്ണം സംബന്ധിച്ച് ചർച്ചകളും വിവാദങ്ങളും ഉണ്ടാകുന്ന പശ്ചാത്തലത്തിൽ കോവിഡ് മരണങ്ങൾ രേഖപ്പെടുത്തുന്നത് എങ്ങനെ എന്ന് ശാസ്ത്രീയമായി വിശദീകരിക്കുകയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻവിഭാഗം പ്രൊഫസറും മേഖല പകർച്ച വ്യാധി നിയന്ത്രണ സെൽ കോ ഓർഡിനേറ്ററുമായ ഡോ.ടി. ജയകൃഷ്ണൻ

രു രോഗത്തിന്റെ തീവ്രത അല്ലെങ്കിൽ ആഘാതം അളക്കുന്നതിനുള്ള മാനദണ്ഡം രോഗബാധമൂലമുണ്ടാകുന്ന മരണങ്ങളാണ്. രോഗതീവ്രതയ്ക്കു പുറമെ, ലഭ്യമാകുന്ന ചികിത്സാ സൗകര്യം വിലയിരുത്തുന്നതിനും ഭാവിയിൽ ചികിത്സാ സംവിധാനം ഒരുക്കുന്നതിനും ഫണ്ട്​ അനുവദിക്കാനും ഇത് അറിയേണ്ടത് അനിവാര്യമാണ്. കോവിഡ് പുതിയ രോഗമായതിനാലും എല്ലാ ഇടങ്ങളിലും ഒരുപോലെ വ്യാപിക്കുന്നതിനാലും ചികിത്സ കണ്ടുപിടിക്കാത്തതിനാലും ഓരോ സ്ഥലങ്ങളിലും മരണതീവ്രത അറിയേണ്ടത് അത്യാവശ്യവുമാണ്. കൂടുതൽ പേർക്ക് രോഗബാധയുണ്ടാകുമ്പോഴും, മറ്റ് രോഗമുള്ളവർ കോവിഡിനെ തുടർന്ന് മരിക്കുമ്പോഴും ഇത് വേർതിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. കോവിഡ് മരണങ്ങൾ ഇപ്പോൾ കൂടുതൽ ചർച്ച ചെയ്യപ്പെടുന്നുണ്ടല്ലോ. കോവിഡ് മരണങ്ങൾ പലതും റെക്കോർഡ്/റിപ്പോർട്ട് ചെയ്യാതെ മറച്ചു വെക്കുകയാണ് എന്ന് ചിലയിടങ്ങളിൽ നിന്ന്​ കേൾക്കുന്നു. ഒപ്പം, കോവിഡ്​ മൂലമാണെന്ന്​ കരുതപ്പെടുന്ന മരണങ്ങൾ കോവിഡ് മൂലമല്ലെന്നും മറ്റ് രോഗങ്ങൾ കൊണ്ടുമാണ് എന്നും ഒരു വിഭാഗം വാദം ഉയർത്തുന്നുമുണ്ട്. ഇതിൽ വ്യക്തത വരുത്തേണ്ടതുണ്ട്.

മരണം; നേരിട്ടും അനുബന്ധമായും

അന്താരാഷ്ട്രതലത്തിൽ കോവിഡ് മരണം നിർവചിച്ചിരിക്കുന്നത് ഇപ്രകാരമാണ്: ഒന്നുകിൽ, രോഗലക്ഷണങ്ങളെതുടർന്ന്​ ലാബ് പരിശോധനക്കുശേഷം കോവിഡ് സ്ഥിരീകരിച്ചവരുടെ​ (Confirmed) മരണം, അല്ലെങ്കിൽ എപ്പിഡമിയോളജിക്കൽ സാഹചര്യങ്ങളും രോഗലക്ഷണങ്ങളും വെച്ച് കോവിഡിന് സാധ്യതയുള്ള (probable) അസുഖം മൂലമുണ്ടാകുന്ന മരണം. ഇവ കോവിഡുമായി ബന്ധപ്പെടുത്താൻ പറ്റാത്തതും വ്യക്തമായ മറ്റ് ബദൽ കാരണങ്ങൾ ഇല്ലാത്തതും ആയിരിക്കണം. ഇവരൊന്നും അസുഖത്തിനും മരണത്തിനുമിടയിലുള്ള ഇടവേളയിൽ കോവിഡിൽ നിന്ന് പൂർണമായി സുഖം പ്രാപിച്ചവർ ആകരുത്. ഇവയിൽ കോവിഡ് ബാധ നേരിട്ടോ (Direct cause) അല്ലെങ്കിൽ ത്വരിതപ്പെടുത്തിയ അനുബന്ധ (related/contributory) മായോ മരണത്തിന് കാരണമാകാം.

ഇങ്ങനെ കോവിഡ് മൂലം നേരിട്ടോ, മറ്റ് മാരക രോഗാവസ്ഥ ഉള്ളവർക്ക്​ അനുബന്ധമായി കോവിഡ് ബാധിച്ചോ മരണം സംഭവിക്കാം. ഇവ വ്യത്യസ്തമായതിനാൽ, കോവിഡ്​ ബാധയുടെ നേരിട്ടുള്ള ആഘാതം മൂലം ഒരാൾ മരിക്കുന്നതും മറ്റ് രോഗം, അവസ്ഥ മൂലം മരിക്കുന്ന ഒരാൾക്ക് അനുബന്ധമായി കോവിഡ് ബാധ ഉണ്ടായതും രണ്ടായി കാണേണ്ടതും (ഉദാ: ഹൃദയാഘാതം, സ്‌ട്രോക്ക്​, പരിക്ക്​ തുടങ്ങിയവ) വിശകലനം ചെയ്ത്​ പ്രസിദ്ധീകരിക്കേണ്ടതുണ്ട്. അതേ അവസരത്തിൽ, കോവിഡ് മൂലം നേരിട്ടു മരിക്കുന്നവർക്ക് മുമ്പ്​ മറ്റ് രോഗങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ (ഉദാ: കാൻസർ, കിഡ്‌നി രോഗങ്ങൾ) അത് മരണത്തെ ത്വരിതപ്പെടുത്തിയതായി ഡോക്ടർമാർക്ക് തോന്നുന്നുണ്ടെകിൽ ഡെത്ത് സർട്ടിഫിക്കറ്റിൽ അത് അനുബന്ധമായി രേഖപ്പെടുത്തുകയും വേണം.

ഈ വിവരങ്ങൾ ശരിയായി തിരിച്ചറിയപ്പെടാൻ എല്ലാ ആശുപത്രികളിലും, രേഖകളിലും ഡെത്ത് ബുക്കുകളിലും , ഡെത്ത് സർട്ടിഫിക്കറ്റുകളിലും/സിവിൽ രജിസ്റ്ററികളിലും ഇത് ശരിയായ രീതിയിലും , "ഏകമാന' രീതിയിലും റിക്കോർഡ് ചെയ്യപ്പെടേണ്ടതുണ്ട്. ഇതിന്​ ലോകാരോഗ്യ സംഘടനയും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ICMR) പ്രത്യേക നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച്​ ആശുപത്രി രജിസ്റ്ററുകളിൽ (Cause of Death Register) മരണ കാരണങ്ങളും വിവരങ്ങളും രേഖപ്പെടുത്തണം. ഇതിന്റെ ഫോർമാറ്റിൽ പാർട്ട് 1 , പാർട്ട് 2 എന്നിങ്ങനെ രണ്ടു ഭാഗങ്ങളുണ്ട് . പാർട്ട് ഒന്നിൽ മരണത്തി​ന്റെ നേരിട്ടുള്ള കാരണങ്ങളും (direct causes), പാർട്ട്​ രണ്ടിൽ അനുബന്ധ കാരണങ്ങളുമാണ് (Contributing cause) രേഖപ്പെടുത്തേണ്ടത് . രണ്ടോ അതിലധികമോ സ്വതന്ത്രമോ അനുബന്ധമോ ആയ രോഗാവസ്ഥകളുടെ സംയോജിത ഫലത്തിൽ നിന്നാണ് മരണം പലപ്പോഴും സംഭവിക്കുന്നത്. അതായത്, ഒരു രോഗം/അവസ്ഥ മറ്റൊന്നിലേക്ക് നയിച്ചേക്കാം, ഇത് മൂന്നാമത്തെ അവസ്ഥയിലേക്കും മറ്റും നയിക്കുന്നു. ഇതിൽ ഒരു സീക്വൻസ്- ക്രമം- ഉണ്ടാകുമ്പോൾ, മരണത്തിന്റെ അടിസ്ഥാന കാരണം (underlying cause ) എന്ന് വിളിക്കപ്പെടുന്ന സംഭവങ്ങളുടെ/അവസ്ഥയുടെ തുടക്കം ആരംഭിച്ച ഒരു രോഗം രേഖപ്പെടുത്തുകയും അത് മരണ കാരണമായി റിപ്പോർട്ട് ചെയ്യുകയും വേണം. സർട്ടിഫിക്കറ്റിന്റെ ഭാഗം ഒന്നിൽ മരണത്തിലേക്ക് നയിക്കുന്ന കാര്യകാരണ ക്രമത്തിന്റെ സവിശേഷതകളാണ് സംഭവങ്ങളുടെ സമയക്രമത്തിന്റെ സീക്വൻസിൽ രേഖപ്പെടുത്തേണ്ടത്. രോഗം ആരംഭിച്ച് മരണം വരെയുള്ള ഓരോ അവസ്ഥകളും, അവയുടെ ഇടവേളകളും (Time interval) താഴെ പറയുന്ന വിധത്തിലായിരിക്കണം അതിൽ രേഖപ്പെടുത്തേണ്ടത്.

കോവിഡുമൂലം നേരിട്ടുണ്ടാകുന്ന മരണങ്ങൾ ശ്വാസകോശ തടസ്സം (Respiratory distress), ഹൃദയപേശികൾക്ക് തകരാർ (Myocarditis), രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കൽ (Embolism), ന്യൂമോണിയ, റെസ്പിറേറ്ററി അസിഡോസിസ് (Acidosis), എന്നിവ മൂലമാണ്​. ​​വിട്ടുമാറാത്ത രോഗാവസ്ഥകളോ, വൈകല്യമോ, രോഗപ്രതിരോധ സംവിധാനങ്ങളുടെ കുറവോ ഉള്ള ആളുകളിൽ കോവിഡുമൂലം മരണസാധ്യത കൂടുതലാണ്. (കൊറോണറി ആർട്ടറി രോഗം, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സി.ഒ.പി.ഡി), പ്രമേഹം, വൃക്ക രോഗങ്ങൾ, കാൻസർ, അല്ലെങ്കിൽ മറ്റ് വൈകല്യങ്ങൾ എന്നിവ.) ഇവർ നേരിട്ട്​കോവിഡ് മൂലമോ അതിന്റെ സങ്കീർണത മൂലമോ മരിക്കുമ്പോൾ, മരിക്കുന്നവർക്ക്​ ഇത്തരം രോഗാവസ്ഥകളുണ്ടെങ്കിൽ, മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ രണ്ടാം ഭാഗത്ത് അനുബന്ധമായി ഇവ രേഖപ്പെടുത്തിയിരിക്കണം.

ചിലപ്പോൾ ഹൃദയാഘാതം (myocardial infarction), തലച്ചോറിലെ രക്ത സ്രാവം, അപകടം മൂലമുള്ള പരിക്ക്, കിഡ്‌നി അസുഖം പോലെ നേരിട്ടുള്ള കാരണങ്ങൾ കൊണ്ടായിരിക്കും രോഗി മരിക്കുക. അങ്ങിനെയുള്ളവർ ലാബ് പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആണെന്ന് തിരിച്ചറിയുകയും ചെയ്യാറുണ്ട്. ഇവയിൽ മരണകാരണമായി (Under lying disease) രേഖപ്പെടുത്തേണ്ടത് നിർണയം ചെയ്യപ്പെട്ട അതാത് രോഗങ്ങളാണ്. അനുബന്ധ രോഗമായാണ് (Contributory) ഭാഗം രണ്ടിൽ കോവിഡ് രേഖപ്പെടുത്തേണ്ടത്. കോവിഡ് സമൂഹവ്യാപനം നടന്നുകഴിഞ്ഞ ഇടങ്ങളിൽ, ഇങ്ങനെയുള്ള രോഗികൾ ആശുപത്രികളിൽ അഡ്മിറ്റ് ചെയ്യപ്പെടുമ്പോൾ മറ്റ് രോഗികളിൽ നിന്നോ ആരോഗ്യ പ്രവർത്തകരിൽ നിന്നോ ഇവർക്ക് കോവിഡ് അണു വ്യാപനത്തിന് സാധ്യത ഉണ്ടാകുകയും സ്രവ പരിശോധനകളിൽ രോഗം നിർണയിക്കപ്പെടാനുള്ള സാധ്യത കൂടുതലാവുകയും ചെയ്യുന്നു. ഇത്തരത്തിലുള്ളവർ നേരത്തേ ഉണ്ടായിരുന്ന കാരണങ്ങൾ കൊണ്ട് മരിക്കുമ്പോൾ മരണ സർട്ടിഫിക്കറ്റ്​ തയ്യാറാക്കുന്നതിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്​.

കോവിഡു രോഗികളുടെ മരണം രണ്ടു വിധത്തിലാണ്​: ഒന്ന്​; കോവിഡു മൂലം നേരിട്ടു മരിക്കുന്നു. രണ്ടാമത്തേത്, നേരിട്ടല്ലാതെ മറ്റ് മരണകാരണങ്ങളാൽ. അതായത്​, രോഗികളിൽ അനുബന്ധ കാരണമായി കോവിഡ് ബാധ മൂലം ഉണ്ടാകുന്ന മരണങ്ങൾ. ഇവ രണ്ടും വെവ്വേറെ ശാസ്ത്രീയമായി വേർതിരിച്ചു രേഖപ്പെടുത്തേണ്ടതും, റിപ്പോർട്ട് ​ചെയ്യപ്പെടേണ്ടതും അത്യാവശ്യമാണ്. ഇല്ലെങ്കിൽ വിവരശേഖരണങ്ങൾ തമ്മിൽ വ്യത്യാസങ്ങൾക്കും, സംശയങ്ങൾക്കും ഇടയാക്കും. തെറ്റായി റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ കോവിഡ് അടക്കം മറ്റ് പ്രധാന രോഗങ്ങളുടെയും രോഗനിയന്ത്രണ പ്രവർത്തനങ്ങൾക്ക് തടസവുമാകും. അതിനാൽ അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് സ്റ്റാൻഡേർഡ്​‌
രൂപത്തിലുള്ള റിക്കാർഡിങ്ങ് കോവിഡ് ചികിത്സിക്കുന്ന ജില്ലാതലം തൊട്ടുള്ള സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ആവശ്യമുണ്ട്. ഇതനുസരിച്ച് ആയിരിക്കണം ഡാറ്റാ വിശകലം നടത്തേണ്ടത്​. ഇത് പരിഹരിക്കാൻ, സംസ്ഥാനത്ത് ഉണ്ടാകുന്ന കോവിഡ് മരണങ്ങൾ മുഴുവനും ആശുപത്രികളിലെ വിദഗ്ധർക്കു പുറമെ ജില്ലാതലത്തിൽ എപിഡിമിയോളജിസ്റ്റ് വിദഗ്ദ്ധരും, മെഡിക്കൽ വിദഗ്ധരും പരിശോധിച്ച് "ഡെത്ത് ഓഡിറ്റ്' നടത്തി, ശേഷം സംസ്ഥാന തലത്തിലും വിദഗ്ധ വിശകലനം നടത്തി വേണം പ്രസിദ്ധീകരിക്കാൻ.

Comments