കോവാക്‌സിന്റെ ബൗദ്ധിക സ്വത്തവകാശം ആർക്കാണ്?

കോവാക്‌സിൻ വികസിപ്പിക്കുന്നതിൽ പൊതുമേഖലയുടെ പങ്കാളിത്തവും നിയന്ത്രണവും നിർണായകമായിരുന്നു. എന്നിട്ടും, സാമ്പത്തിക ലാഭത്തിനുപുറമേ വാക്‌സിൻ കണ്ടുപിടിച്ചതിന്റെ ക്രെഡിറ്റ് സ്വകാര്യ സ്ഥാപനമായ ഭാരത് ബയോടെക്കിന് നൽകിയിരിക്കയാണ്. കോവാക്‌സിന്റെ ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട വിവരങ്ങൾ സുതാര്യമാക്കേണ്ടതാണ്. ഒപ്പം, ഐ.സി.എം.ആറോ ഇന്ത്യ ഗവൺമെന്റോ കൊവാക്‌സിന്റെ ബൗദ്ധിക സ്വത്തവകാശം സ്വന്തമാക്കിയിട്ടുണ്ടെന്ന് തെളിഞ്ഞാൽ മറ്റു ഇന്ത്യൻ കമ്പനികൾക്കും വാക്​സിൻ ഉത്പാദിപ്പിക്കാൻ അനുമതി നൽകണം- എപ്പിഡെമിയോളജി വിദഗ്ധനും കോഴിക്കോട് മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസറുമായ ലേഖകൻ എഴുതുന്നു

സ്വകാര്യകമ്പനിയായ ഭാരത് ബയോടെക് നിർമിച്ച് വിതരണം ചെയ്യുന്ന കോവാക്‌സിൻ കേന്ദ്രസർക്കാർ സ്ഥാപനമായ പുനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ വേർതിരിച്ചെടുക്കപ്പെട്ട SARS-CoV-2 വിത്തുകോശ സ്​ട്രെയിനുകളെ അടിസ്ഥാനമാക്കി വികസിപ്പിച്ച സ്വദേശി വാക്‌സിനാണ്. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിനുകീഴിലെ ഗവേഷണ സ്ഥാപനമാണിത്. ഈ വിത്തുകോശ സ്​ട്രെയിനുകളെ വാക്‌സിൻ വികസിപ്പിക്കാനും നിർമാണത്തിനും ഐ.സി.എം.ആർ ഭാരത് ബയോടെക്കിലേക്ക് ചില വ്യവസ്ഥകൾ പ്രകാരം കൈമാറിയതാണ്. ഈ വിവരം കമ്പനി തന്നെ അതിന്റെ വെബ്‌സൈറ്റിൽ വാക്‌സിൻ പഠനഫലം പുറത്തുവിടുമ്പോൾ വെളിപ്പെടുത്തിയിട്ടുമുണ്ട്. അതിനാൽ ഈ വാക്‌സിൻ ഇന്ത്യയുടെ ഒരു പൊതു ഉൽപ്പന്നമാണ് (Public good). അതിനാൽ ഇതിന്റെ ‘ബൗദ്ധിക സ്വത്തവകാശം' (IPR) ന്യായമായും ഇന്ത്യൻ സർക്കാരിന് ലഭിക്കേണ്ടതാണ്.

വാക്‌സിൻ വികസിപ്പിക്കുന്നതിൽ ഐ.സി.എം.ആറിന്റെ പങ്കാളിത്തവും നിയന്ത്രണവും തീർച്ചയായും ഗണ്യമായിരുന്നെന്ന് ഇതിനെ പിന്തുണയ്ക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തുന്നു.
1. 2020 മെയ് 10ന് ഐ.സി.എം.ആർ വാക്‌സിൻ ഗവേഷണത്തിന് പങ്കാളിയായ ഭാരത് ബയോടെക്കിന് കൈമാറിയ രേഖയിൽ ഈ വ്യവസ്ഥകൾ വ്യക്തമാക്കുന്നുണ്ട്. വാക്‌സിൻ വികസനത്തിന് ഐ.സി.എം.ആർ- എൻ.എ.വി പൂന എന്നിവ ഭാരത് ബയോടെക്കിന് നിരന്തര പിന്തുണ നൽകുമെന്നും വാക്സിൻ വികസനം, തുടർന്നുള്ള മൃഗങ്ങളിലെ പരീക്ഷണം, കാൻഡിഡേറ്റ് വാക്സിൻ ക്ലിനിക്കൽ വിലയിരുത്തൽ എന്നിവ ത്വരിതപ്പെടുത്തുന്നതിന് ഐ.സി.എം.ആറും ഭാരത് ബയോടെക്കും അതിവേഗ അനുമതി തേടും, ഈ ഉത്പന്നം ഭാവിയിൽ ഇന്ത്യക്ക് പൂർണമായും തദ്ദേശീയമായിരിക്കും എന്ന് ചേർത്തിട്ടുമുണ്ട്. വാക്സിന്റെ മനുഷ്യരിലെ ക്ലിനിക്കൽ പരീക്ഷണങ്ങൾ (Clinical trial) നടത്താൻ 12 സർക്കാർ സ്ഥാപനങ്ങളെ തിരഞ്ഞെടുത്തതും ഐ.സി.എം.ആറിന്റെ നേതൃത്വത്തിലായിരുന്നു.

Photo: bharatbiotech.com
Photo: bharatbiotech.com

2. വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി നൽകിയ രാജ്യത്തെ ഡ്രഗ് ട്രയൽ രജിസ്ട്രി (Clinical trial registry നമ്പർ 128976 / 2020 ) പ്രകാരം വാക്‌സിൻ പരീക്ഷണം നടത്താൻ സാമ്പത്തിക- ഭൗതിക പിന്തുണ നൽകുന്നത് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ആണെന്നും പഠനത്തിന്റെ പ്രൈമറി സ്‌പോൺസർ ഭാരത് ബയോടെക്കും രണ്ടാമത്തെ സ്‌പോൺസർ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ആണെന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഐ.സി.എം.ആറും ഭാരത് ബയോടെക്കും തമ്മിലുള്ള അടുത്ത സഹകരണത്തിന്റെ ഫലമാണ് കോവാക്‌സിൻ എന്ന് തെളിവുതരുന്നുണ്ട്. യാഥാർഥ്യം ഇതാണെങ്കിലും സാമ്പത്തിക ലാഭത്തിനു പുറമേ വാക്‌സിൻ കണ്ടുപിടിച്ചതിന്റെ ക്രെഡിറ്റ് മുഴുവൻ സ്വകാര്യ സ്ഥാപനമായ ഭാരത് ബയോടെക്കിന് നൽകിയിരിക്കയാണ്.

അടിസ്ഥാന ഗവേഷണത്തിലെ സർക്കാർ മേഖലയുടെ സാമ്പത്തിക നിക്ഷേപത്തിന്റെ വ്യാപ്തിയെക്കുറിച്ചും SARS-CoV-2 സ്‌ട്രെയിൻ വേർതിരിച്ചെടുക്കുന്നതിനെക്കുറിച്ചും മറ്റ് അനുബന്ധ ഇടപെടലുകളെക്കുറിച്ചും പൊതു സ്‌പെയ്‌സിൽ ഒരു വിവരവും ലഭ്യമല്ല. അതിനാൽ വാക്‌സിൻ രൂപകൽപനയിനും വികസിപ്പിക്കുന്നതിനും നിർമിക്കുന്നതിനുമായി ചെലവഴിച്ച മൊത്തം തുകയിൽ സർക്കാർ നിക്ഷേപത്തിന്റെ വിഹിതം എത്രയെന്ന് പുറമേ ആർക്കും അറിയില്ല.

3. 2020 ജൂലൈ മൂന്നിന്, ക്ലിനിക്കൽ ട്രയലുകൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ഐ.സി.എം.ആർ ഡയറക്ടർ ജനറൽ ബലറാം ഭാർഗവ എഴുതിയ കത്തിന്റെ ഉള്ളടക്കം, ഇന്ത്യയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിൽ ഭരത് ബയോടെക്കിനെ കൂടി അടയാളപ്പെടുത്തി നൽകിയ കത്തിൽ, എല്ലാ ക്ലിനിക്കൽ പരീക്ഷണങ്ങളും പൂർത്തിയാക്കിയശേഷം 2020 ആഗസ്റ്റ് 15 നകം പൊതുജനാരോഗ്യ ഉപയോഗത്തിനുള്ള വാക്‌സിൻ പുറത്തിറക്കാൻ ഉദ്ദേശിക്കുന്നതായും അതിനാൽ, പദ്ധതിയെ മുൻഗണനയോടെ പരിഗണിക്കാനും തന്ന സമയപരിധി വീഴ്ച കൂടാതെ നടത്താനും നിർദ്ദേശിച്ചിരുന്നു. അങ്ങനെ പാലിക്കാത്തത് ‘ഗൗരവ'ത്തോടെ കാണുമെന്ന് താക്കീതും നൽകിയിരുന്നു.

പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്
പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്

അടിസ്ഥാന ക്ലിനിക്കൽ പരിശോധന പൂർത്തിയാക്കുന്നതിനുമുമ്പേ 2020 ലെ സ്വാതന്ത്ര്യദിനത്തിൽ കോവാക്‌സിൻ തിടുക്കത്തിൽ പുറത്തിറക്കുന്നത് ശാസ്ത്രീയതക്ക് എതിരാണെന്നുകണ്ട് ശാസ്ത്രകുതുകികളും സംഘടനകളും എതിർത്തിരുന്നു. കേരളത്തിൽ നിന്ന് ശാസ്ത്രസാഹിത്യ പരിഷത്തും ഇതിൽ പ്രതിഷേധം അറിയിച്ചിരുന്നു. ഈ കത്തും വാക്‌സിൻ വികസിപ്പിക്കുന്നതിലേക്ക് നയിക്കുന്ന പ്രക്രിയകളിൽ ഐ.സി.എം.ആറിന് ചില നിയന്ത്രണങ്ങളുണ്ടായിരിക്കണം എന്നാണ് സൂചന തരുന്നത്.

4. വാക്‌സിനുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധങ്ങളിൽ, ലഭിച്ച സാമ്പത്തിക സഹായങ്ങൾ (Funding) വിശദമാക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇതുവരെ, കോവാക്‌സിൻ സംബന്ധിച്ച് ആറ് അന്തർദ്ദേശീയ ജേർണലുകളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഈ പ്രബന്ധങ്ങൾ അവലോകനം ചെയ്യുമ്പോൾ, ആറ് പേപ്പറുകളിൽ നാലെണ്ണത്തിൽ, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ അല്ലെങ്കിൽ പുനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി അല്ലെങ്കിൽ ഐ.സി.എം.ആർ എന്നിവയിൽ നിന്നുള്ള സാമ്പത്തിക സഹായം ലഭിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ആറ് പ്രബന്ധങ്ങളും ഭാരത് ബയോടെക്, ഐ.സി.എം.ആർ / നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയിലെ ഗവേഷക വിദഗദർ ചേർന്നാണ് രചിച്ചത്. ആറ് പ്രബന്ധങ്ങളിൽ അഞ്ചിലും ഐ.സി.എം.ആർ ഡയറക്ടർ ജനറൽ ബലറാം ഭാർഗവ സഹ-പ്രബന്ധകാരനായിരുന്നു. വാക്‌സിൻ വിജയകരമായി വികസിപ്പിക്കുന്നതിന് കാരണമായ ഗവേഷണത്തിന് പ്രധാനമായും സർക്കാർ മേഖലയിലെ ശാസ്ത്രഞ്ജരും പ്രവർത്തിച്ചു. ഇതെല്ലാം, പൊതുജനങ്ങളുടെ പണം ചെലവഴിച്ചാണ് വാക്‌സിൻ വികസിപ്പിച്ചത് എന്നതിന് വ്യക്തമായ തെളിവുകളാണ്.

5. 2021 ഏപ്രിൽ 17 ന് മുംബൈയിലെ സർക്കാർ സ്ഥാപനമായ ഹാഫ്‌കൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെ മൂന്ന് പുതിയ സ്ഥാപനങ്ങൾക്ക് കോവാക്‌സിൻ ഉത്പാദിപ്പിക്കാൻ ഇന്ത്യൻ സർക്കാർ അനുമതി ലൈസൻസ് നൽകിയിട്ടുണ്ട്. ഇത് സർക്കാരിൽ നിന്നുള്ള വെറും ഭരണപരമായ അംഗീകാരമാണോ അതോ വാക്‌സിനിലെ ബൗദ്ധിക സ്വത്തവകാശത്തിന്റെ ഉടമയുടെ അനുമതിയാണോ എന്ന് വ്യക്തമല്ല. (അടിയന്തര സാഹചര്യമുണ്ടായിട്ടും നിർബന്ധിത ലൈസൻസിഗ് എന്ന നിയമവ്യവസ്ഥ നടപ്പാക്കി മറ്റു കമ്പനികളിൽനിന്ന് ആവശ്യമുള്ള വാക്‌സിൻ നിർമിക്കാനുള്ള അവസരം ഉപയോഗപ്പെടുത്താതെയിരിക്കുന്ന അവസ്ഥയിൽ ഈ സ്ഥാപനങ്ങൾക്കുമാത്രം ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ നിർമിക്കാൻ ഇന്ത്യൻ സർക്കാർ എന്തടിസ്ഥാനത്തിലാണ് ലൈസൻസ് നൽകിയത് എന്ന് വ്യക്തമല്ല).

ഇതിനിടയിൽ ഭാരത് ബയോടെക് സ്വന്തംനിലയിൽ അമേരിക്കയിൽ 100 ദശലക്ഷം ഡോസ് കോവാക്‌സിൻ വിതരണം ചെയ്യുന്നതിനായി ഒക്കുജെൻ (occugen ) പോലുള്ള സ്ഥാപനങ്ങളുമായി സ്വന്തമായി പ്രത്യേക കരാറുകളിൽ ഒപ്പുവെച്ചു എന്നതും പ്രധാനമാണ്.
കേന്ദ്ര സർക്കാരിന്റെ ‘പൊതു ധനകാര്യചട്ടങ്ങൾ- 2017' ലെ വ്യവസ്ഥ പ്രകാരം സ്‌പോൺസർ ചെയ്ത പ്രൊജക്റ്റുകൾക്കോ സ്‌കീമുകൾക്കോ ധനസഹായം നൽകി പദ്ധതികൾ പൂർത്തിയാകുമ്പോൾ നേടിയെടുക്കുന്ന ഭൗതികവും ബൗദ്ധികവുമായ ആസ്തികളുടെ / ഉൽപ്പന്നങ്ങളുടെ ഉടമസ്ഥാവകാശം സ്‌പോൺസറിൽ നിക്ഷിപ്തമാകുന്ന നിബന്ധന നടപ്പാക്കാവുന്നതാണ് എന്നാണ് വിദഗ്ധർ പറയുന്നത്.

ചുരുക്കത്തിൽ, ഭാരത് ബയോടെക്കുമായുള്ള ഐ.സി.എം.ആറിന്റെ കരാറുകളും വ്യവസ്ഥകളും സുതാര്യമല്ല. കോവാക്‌സിന്റെ ബൗദ്ധിക സ്വത്തവകാശം (Patent) ആരുടേതാണെന്ന് പൊതുസഞ്ചയത്തിൽ വിവരങ്ങളുമില്ല. സ്വദേശി വാക്‌സിനായ കോവാക്‌സിന്റെ ബൗദ്ധിക സ്വത്തവകാശം ഭാരത് ബയോടെക്കിനും പൊതു ഉടമസ്ഥതയിൽ സർക്കാരിനും ഐ.സി.എം.ആറിനും ചേർന്നാണോ അതോ, ഭാരത് ബയോടെക് എന്ന സ്വകാര്യ കമ്പനിക്കു മാത്രമാണോ എന്നും വ്യക്തമല്ല.

നിലവിൽ കോവാക്‌സിൻ നിർമിക്കാൻ ഭാരത് ബയോടെക് കമ്പനിക്കുമാത്രമാണ് കേന്ദ്ര സർക്കാർ എക്‌സ്‌ക്ലൂസീവ് ലൈസൻസ് നൽകിയിട്ടുള്ളത്. മറ്റു നിർമ്മാതാക്കൾക്ക് കുടുതൽ വാക്‌സിൻ നിർമിക്കാൻ എക്സ്‌ക്ലൂസീവ് അല്ലാത്ത ലൈസൻസുകൾ നൽകിയാൽ രാജ്യത്തെ വാക്‌സിൻ ക്ഷാമം പരിഹരിക്കാം.

കോവാക്‌സിനെക്കുറിച്ചുള്ള എല്ലാ കരാറുകളുടെയും ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട വിവരങ്ങൾ സുതാര്യമായി പ്രസിദ്ധീകരിക്കേണ്ടതാണ്. ഇക്കാര്യത്തിൽ ഐ.സി.എം.ആറും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും മുൻകൈയെടുക്കണം.
ഒന്ന്: ഐ.സി.എം.ആറോ ഇന്ത്യ ഗവൺമെന്റോ കൊവാക്‌സിന്റെ ബൗദ്ധിക സ്വത്തവകാശം സ്വന്തമാക്കിയിട്ടുണ്ടെന്ന് തെളിഞ്ഞാൽ മറ്റു ഇന്ത്യൻ കമ്പനികൾക്കും ഇത് ആവശ്യത്തിന് ഉത്പാദിപ്പിക്കാൻ അനുമതി നൽകണം.
രണ്ട്: ബൗദ്ധിക സ്വത്തവകാശം ഭാരത് ബയോടെക്കിനാണെങ്കിൽ സർക്കാരിന് അത് മറികടന്ന് നിർബന്ധിത ലൈസൻസ് നൽകി മറ്റു കമ്പനികളോട് ഉത്പാദിപ്പിക്കാൻ ആവശ്യപ്പെടാം.

കോവിഡ് അനുബന്ധ കണ്ടുപിടുത്തങ്ങൾക്കുള്ള ബൗദ്ധിക സ്വത്തവകാശം എടുത്തുകളയണമെന്ന് ലോക വ്യാപാര സംഘടനയുടെ അധികാരികളോട് ആദ്യം ആവശ്യപ്പെട്ട രാജ്യങ്ങളിൽ മുന്നിൽ കൊടിപിടിച്ചത് ഇന്ത്യയായിരുന്നു.
രാജ്യം കടന്നുപോകുന്ന അടിയന്തിര ഘട്ടത്തിൽ പേരിൽ മാത്രമല്ല, ഭാരത് ബയോ ടെക് 'ഭാരത'ത്തിലെ ജനങ്ങളുടെ താൽപര്യങ്ങൾക്കും മുൻഗണന നൽകണം.

വാൽക്കഷണം: കേന്ദ്ര സർക്കാർ വാക്‌സിനുകളുടെ വില നിജപ്പെടുത്താൻ കമ്പനികൾക്ക് അനുമതി നൽകിയപ്പോൾ ഭാരത് ബയോടെക് തങ്ങൾ നിർമിക്കുന്ന കൊവാക്‌സിന് കൊവീഷീഡിനെക്കാൾ ഉയർന്ന വിലയായ 600 രൂപ സംസ്ഥാന സർക്കാരുകൾക്കും, 1200 രൂപ സ്വകാര്യ ആശുപത്രികൾക്കും തീരുമാനിച്ചു. രാജ്യത്തെ സർക്കാരുകളിൽ നിന്നും ജനങ്ങളിൽ നിന്നും എതിർപ്പുയർന്നപ്പോൾ പേരിനുമാത്രം, സർക്കാരുകൾക്ക് നൽകുന്നതിന്റെ വില 200 രൂപ കുറച്ച് 400 രുപയാക്കി. വാക്‌സിനുകൾ സ്വകാര്യ കമ്പനികൾക്ക് ലാഭമുണ്ടാക്കാനുള്ള വിഭവമല്ല, പകരം പൊതുഉൽപ്പന്നമാണ്. അതിനാൽ ജങ്ങൾക്ക് വാക്‌സിൻ എത്തിക്കേണ്ടത് സർക്കാരിന്റെ കടമയാണെന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. അവശ്യ മരുന്നുകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി കേന്ദ്ര സർക്കാരിന് വാക്‌സിൻ വില നിയന്ത്രിക്കാനും നിയമ വ്യവസ്ഥയുണ്ട്.
ഇതുവരെ രണ്ടു ശതമാനം പേർക്കുമാത്രം ഫുൾ ഡോസ് വാക്‌സിൻ ലഭ്യമായ രാജ്യത്ത്, നിർമിച്ച് നൽകാൻ പറ്റാത്തതിനാൽ കടുത്ത ക്ഷാമവും നേരിടുകയാണ്. കൊവാക്‌സിൻ നിർമാതാക്കളായ ഭാരത് ബയോ ടെ ക്കിന്റെ നിർമാണപ്ലാന്റുകളിൽ പ്രതിമാസം 60 ലക്ഷം ഡോസ് നിർമിക്കാൻ മാത്രമേ ശേഷിയുള്ളു. അതിനാൽ വാക്‌സിൻ ഉത്പാദാനം അടിയന്തരമായി വർധിപ്പിക്കേണ്ടതുണ്ട്.



Summary: കോവാക്‌സിൻ വികസിപ്പിക്കുന്നതിൽ പൊതുമേഖലയുടെ പങ്കാളിത്തവും നിയന്ത്രണവും നിർണായകമായിരുന്നു. എന്നിട്ടും, സാമ്പത്തിക ലാഭത്തിനുപുറമേ വാക്‌സിൻ കണ്ടുപിടിച്ചതിന്റെ ക്രെഡിറ്റ് സ്വകാര്യ സ്ഥാപനമായ ഭാരത് ബയോടെക്കിന് നൽകിയിരിക്കയാണ്. കോവാക്‌സിന്റെ ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട വിവരങ്ങൾ സുതാര്യമാക്കേണ്ടതാണ്. ഒപ്പം, ഐ.സി.എം.ആറോ ഇന്ത്യ ഗവൺമെന്റോ കൊവാക്‌സിന്റെ ബൗദ്ധിക സ്വത്തവകാശം സ്വന്തമാക്കിയിട്ടുണ്ടെന്ന് തെളിഞ്ഞാൽ മറ്റു ഇന്ത്യൻ കമ്പനികൾക്കും വാക്​സിൻ ഉത്പാദിപ്പിക്കാൻ അനുമതി നൽകണം- എപ്പിഡെമിയോളജി വിദഗ്ധനും കോഴിക്കോട് മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസറുമായ ലേഖകൻ എഴുതുന്നു


Comments