കേരള ജനസംഖ്യയുടെ നാലുശതമാനവും കോവിഡ് ബാധിതർ; വ്യാപനത്തിന്റെ കാരണമെന്ത്?

രാജ്യത്തെ കോവിഡ് രോഗികളുടെ കണക്കിൽ ഭൂരിഭാഗവും കേരളവും മഹാരാഷ്ട്രയും പങ്കിടുമ്പോൾ രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും കേരളം മുൻപന്തിയിൽ നിൽക്കുന്ന സാഹചര്യമാണ് ഇപ്പോൾ. സംസ്ഥാനത്തെ ജനസംഖ്യയുടെ നാല് ശതമാനം പേർ കോവിഡ് ബാധിതരായി കഴിഞ്ഞു. ഇതിനുള്ള കാരണം അന്വേഷിക്കുകയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റും ഐ.എം.എ കോവിഡ് വാക്സിൻ കമ്മിറ്റി ചെയർമാനുമായ ലേഖകൻ

കോവിഡ് മഹാമാരി ആഗോള വ്യവസ്ഥയെ തകിടം മറിക്കുകയും ലോകജനതക്ക് ദുരിതം സമ്മാനിക്കുകയും ചെയ്തിട്ട് ഒരു വർഷത്തിലേറെയായി. പല രാജ്യങ്ങളിലും കോവിഡ് നിയന്ത്രണവിധേയമാക്കുകയും, ചില രാജ്യങ്ങളിൽ നിയന്ത്രണങ്ങൾ നീക്കുകയും ചെയ്തു. വാക്‌സിന്റെ വരവോടെ കോവിഡ് കൈപ്പിടിയിൽ ഒതുങ്ങും എന്ന ആത്മവിശ്വാസം ജനങ്ങൾക്കുണ്ടായി. ഇന്ത്യയും അഭിമാനാർഹമായ രീതിയിൽ കോവിഡ് കൈകാര്യം ചെയ്തതായി അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുന്നു.

നമ്മുടെ സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്നു എന്നത് അത്യന്തം ആശങ്കാജനകമായ വസ്തുതയാണ്. രാജ്യത്തെ കോവിഡ് രോഗികളുടെ കണക്കിൽ ഭൂരിഭാഗവും കേരളവും മഹാരാഷ്ട്രയും പങ്കിടുമ്പോൾ രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും കേരളം മുൻപന്തിയിൽ നിൽക്കുന്ന സാഹചര്യമാണ് ഇപ്പോൾ. സംസ്ഥാനത്തെ ജനസംഖ്യയുടെ നാല് ശതമാനം പേർ കോവിഡ് ബാധിതരായി കഴിഞ്ഞു. ഒക്ടോബർ മാസത്തെ കേസുകളുടെ എണ്ണം സൂചിപ്പിക്കുന്ന, ഡിസംബർ മാസത്തിൽ ഐ.സി.എം.ആർ നടത്തിയ സീറോ സർവേ ഫലം അനുസരിച്ച് 12 ശതമാനം ജനങ്ങൾക്ക് കോവിഡ് വന്നുകഴിഞ്ഞിരിക്കുന്നു. മരണനിരക്കും നമ്മുടെ സംസ്ഥാനത്ത് ഗണ്യമായി വർധിച്ച സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്.

സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷനുള്ള ഡ്രൈ റൺ നടത്തിയപ്പോൾ / Photo: K K Shailaja Teacher, facebook
സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷനുള്ള ഡ്രൈ റൺ നടത്തിയപ്പോൾ / Photo: K K Shailaja Teacher, facebook

മികച്ച ചികിത്സാസംവിധാനങ്ങളും രോഗനിയന്ത്രണ മാർഗങ്ങളും ഉള്ള കേരളത്തിൽ ഇത്തരമൊരു സ്ഥിതിവിശേഷം സംജാതമായത് എന്തുകൊണ്ടാണെന്ന് ഇന്ന് ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന വിഷയമാണ്. എന്താണ് ഈ സ്ഥിതിക്ക് കാരണം എന്നത് ശാസ്ത്രീയമായി അപഗ്രഥിച്ച് കണ്ടെത്തേണ്ടത് അനിവാര്യമാണ്. മറ്റു രാഷ്ട്രീയ പരിഗണനകൾ ഈ കണ്ടെത്തലുകളെ സ്വാധീനിക്കാൻ പാടില്ല. യുക്തിപരമായി ചിന്തിച്ചാൽ ആഴത്തിലുള്ള പഠനം ഇല്ലാതെ തന്നെ കാരണങ്ങൾ കണ്ടെത്താൻ കഴിയും എന്ന് വ്യക്തമാണ്.

മറ്റ് സംസ്ഥാനങ്ങളിൽ തീവ്ര രോഗവ്യാപനം ഉണ്ടായപ്പോഴും നിയന്ത്രിത രീതിയിലാണ് കേരളത്തിൽ രോഗം ഉണ്ടായതെന്നും അതിനാലാണ് രോഗനിരക്ക് ഒരേ നിലവാരത്തിൽ നിൽക്കുന്നതെന്നുമാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പക്ഷേ ഇത് പൂർണമായും ശരിയല്ല. മറ്റുസംസ്ഥാനങ്ങളിൽ ആഗസ്റ്റ്- സെപ്റ്റംബർ മാസങ്ങളിൽ തീവ്ര രോഗവ്യാപനം നടന്നപ്പോൾ കേരളത്തിൽ സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിൽ ആയിരുന്നു എന്നുമാത്രം. പോരായ്മ എന്താണെന്ന് മനസ്സിലാക്കി മുന്നോട്ടു പോകുന്നത് രോഗം നിയന്ത്രിക്കുന്നതിന് സഹായിക്കും എന്നുള്ളതിനു സംശയമില്ല.

പരിശോധനാ തന്ത്രം

സംസ്ഥാനത്ത് കോവിഡ് പരിശോധന കാലാനുസൃതമായി പരിഷ്‌കരിക്കേണ്ടതുണ്ട്. രോഗം ഉള്ളവരെല്ലാം കണ്ടെത്താൻ കഴിയാത്ത ആന്റിജൻ ടെസ്റ്റിൽ നിന്ന് ഇന്ന് ആർ.ടി.പി.സി.ആർ ടെസ്റ്റിലേക്ക് പൂർണമായി മാറേണ്ടിയിരിക്കുന്നു. പരിശോധനാ മാനദണ്ഡം പരിഷ്‌കരിക്കുന്നതിലെ കാലതാമസം മൂലം കോവിഡ് കേസുകൾ വർദ്ധിക്കുകയും അത് രോഗവ്യാപനത്തിന് കാരണമാവുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് ഇത് ഭാഗികമായെങ്കിലും മാറ്റി പുതിയ മാനദണ്ഡം സർക്കാർ പുറത്തിറക്കിയത്. സർവൈലൻസ് ടെസ്റ്റിംഗ് കുറവും യഥാർത്ഥ രോഗവ്യാപനത്തിന്റെ ചിത്രം നൽകുന്നതിന് തടസ്സമായി.

രോഗി സമ്പർക്കം ഉള്ളവരെ കണ്ടെത്താനുള്ള ശ്രമം

രോഗി സമ്പർക്കമുള്ളവരെ മുഴുവൻ കണ്ടെത്താനുള്ള തീവ്രശ്രമം സംസ്ഥാനം ആദ്യഘട്ടത്തിൽ നടത്തിയിരുന്നു. സമ്പർക്ക പട്ടികയിലുള്ളവരെ കണ്ടെത്തി രോഗവ്യാപനം തടയുന്ന രീതി വിജയകരമായി നടപ്പിലാക്കിയതിൽ നാം അഭിമാനിക്കുകയും ചെയ്തു. പക്ഷേ ഇത് തുടരുന്നതിൽ പരാജയപ്പെട്ടു. രോഗമുള്ളവരെ കണ്ടെത്തി മാറ്റിനിർത്തുകയും പരിശോധനക്കുശേഷം മാത്രം സമൂഹത്തിലേക്ക് തിരിച്ചുകൊണ്ടു വരികയും ചെയ്യുക എന്ന നടപടി മുന്നോട്ടുപോയില്ല എന്നത് രോഗവ്യാപനം നിലനിൽക്കുന്നതിന് കാരണമായി.

പഠനങ്ങളുടെ കുറവ്

കോവിഡ് കേരളത്തിലെ ജനങ്ങളെ എങ്ങനെയാണ് ബാധിച്ചത് എന്ന സമഗ്രപഠനം നടത്താൻ സംസ്ഥാനം വ്യഗ്രത കാട്ടിയില്ല. രോഗികളുടെ എണ്ണം, മരിച്ചവരുടെ എണ്ണം, രോഗം മാറിയവർ എന്നീ കണക്കുകൾ ദിനംപ്രതി ലഭ്യമായിരുന്നുവെങ്കിലും രോഗത്തെക്കുറിച്ച് മറ്റുതരത്തിലുള്ള വിശദ വിവരങ്ങൾ ലഭ്യമായില്ല. രോഗം മൂലം ചികിത്സ വേണ്ടിവന്നവരെ കുറിച്ച് പഠനം നടത്തിയതായി അറിവില്ല. ജനിതക മാറ്റം വന്ന വൈറസുകളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നശേഷം കുറെയെങ്കിലും വൈറസുകളുടെ ജനിതക ഘടന പരിശോധിച്ചെങ്കിലും അതിന് ശാസ്ത്രീയമായ രീതിയിൽ ഒരു സ്ഥിരം സംവിധാനം ഏർപ്പെടുത്തിയിട്ടില്ല. സമൂഹം എങ്ങനെ പെരുമാറുന്നു (സോഷ്യൽ ബിഹേവിയർ) എന്നു കണ്ടെത്തി കോവിഡ് മാനദണ്ഡങ്ങൾ മാറ്റുന്ന രീതി, വിവിധ മേഖലകൾ തുറന്നു കൊടുത്തപ്പോൾ ഇവിടെ അവലംബിക്കപ്പെട്ടില്ല.

കേരളത്തിൽ ലോക്ക്ഡൗൺ ഇളവ്​ അനുവദിച്ചതിനു പിന്നാലെ തിയ്യേറ്ററിലുണ്ടായ തിരക്ക്
കേരളത്തിൽ ലോക്ക്ഡൗൺ ഇളവ്​ അനുവദിച്ചതിനു പിന്നാലെ തിയ്യേറ്ററിലുണ്ടായ തിരക്ക്

പ്രതിരോധ മാർഗങ്ങളിലെ അലംഭാവം

സാമൂഹ്യ അകലം പാലിക്കുക എന്ന അടിസ്ഥാന തത്വം പാലിക്കാൻ നാം വിമുഖത കാട്ടി. കൂടുതൽ മേഖലകൾ തുറന്നപ്പോൾ അവിടെ സ്വീകരിക്കേണ്ട മാനദണ്ഡങ്ങൾ പിന്തുടരുന്നതിൽ ഉപേക്ഷ ഉണ്ടായി . തെരഞ്ഞെടുപ്പും ആഘോഷങ്ങളും ഉത്സവങ്ങളും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ നടന്നു. പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനോ ശിക്ഷാനടപടി സ്വീകരിക്കാനോ ഉത്തരവാദപ്പെട്ടവർ ശ്രമിച്ചില്ല. കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാസ്‌കുകൾ ഉപേക്ഷിച്ചാണ് ഒത്തുചേരുന്നത്. തുടരുന്ന രോഗവ്യാപനത്തിന് ഇത് കാരണമായി എന്നതിൽ സംശയമില്ല.

ജനിതകമാറ്റം വന്ന വൈറസ്

വ്യാപക രോഗവ്യാപനത്തിന് കാരണം ജനിതകമാറ്റം വന്ന വൈറസ് ആണോ എന്ന് ചിലരെങ്കിലും സംശയിക്കുന്നുണ്ട്. പക്ഷെ രോഗത്തിന്റെ സ്വഭാവം പരിശോധിച്ചാൽ അതിനു സാധ്യതയില്ല എന്നാണ് മനസ്സിലാകുക. എന്നുമാത്രമല്ല സാധാരണ പ്രതിരോധ മാർഗങ്ങൾ ഇത്തരം വൈറസുകൾക്കും ഫലപ്രദമാണ് എന്നത് വസ്തുതാപരമാണ്.

പരിഹാരമെന്ത്?

* സാമൂഹ്യ അകലം, മാസ്‌ക് ഉപയോഗം, കൈകഴുകൽ എന്നീ ഉപാധികൾ കർശനമായും തുടരുക.
* ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം ഒരു ലക്ഷത്തിനുമുകളിൽ വർദ്ധിപ്പിക്കുക.
ആർ.ടി.പി.സി.ആർ ടെസ്റ്റുകൾ ചെയ്യുക ആന്റിജൻ ടെസ്റ്റ് ഒഴിവാക്കുക.
* രോഗികളുടെ സമ്പർക്ക പട്ടിക തയ്യാറാക്കുകയും അവരെ ക്വാറന്റയിൻ ചെയ്യുകയും കോവിഡ് പരിശോധന നടത്തുകയും ചെയ്യുക.
* രോഗത്തിന്റെ പെരുമാറ്റം, സോഷ്യൽ ബിഹേവിയർ, ജനിതകഘടന തുടങ്ങി വിവിധ തരം പഠനങ്ങൾ തുടർച്ചയായി ചെയ്യാൻ സംവിധാനം ഉണ്ടാക്കുക.
* കോവിഡ് ചികിത്സ സംവിധാനങ്ങൾ പുനർനിർണയിക്കുകയും എല്ലാവർക്കും ചികിത്സ ഉറപ്പാക്കുകയും ചെയ്യുക.
* വാക്‌സിൻ എത്രയും നേരത്തെ എല്ലാവർക്കും ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കുക.

ആരോഗ്യ രംഗത്ത് ഏറ്റവും മുൻപന്തിയിലുള്ള നമ്മുടെ സംസ്ഥാനം ഈ പ്രതിസന്ധി ഘട്ടവും തരണം ചെയ്തു മുന്നോട്ടുകുതിക്കും എന്ന് നമുക്ക് പ്രത്യാശിക്കാം.


Summary: രാജ്യത്തെ കോവിഡ് രോഗികളുടെ കണക്കിൽ ഭൂരിഭാഗവും കേരളവും മഹാരാഷ്ട്രയും പങ്കിടുമ്പോൾ രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും കേരളം മുൻപന്തിയിൽ നിൽക്കുന്ന സാഹചര്യമാണ് ഇപ്പോൾ. സംസ്ഥാനത്തെ ജനസംഖ്യയുടെ നാല് ശതമാനം പേർ കോവിഡ് ബാധിതരായി കഴിഞ്ഞു. ഇതിനുള്ള കാരണം അന്വേഷിക്കുകയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റും ഐ.എം.എ കോവിഡ് വാക്സിൻ കമ്മിറ്റി ചെയർമാനുമായ ലേഖകൻ


Comments