കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ജനുവരി മുതൽ മെയ് വരെ ജപ്പാനീസ് മസ്തിഷ്കജ്വരത്തിനെതിരെ ജെ ഇ വാക്സിൻ ‘ക്യാച്ച് അപ്പ്’ കാമ്പയിൻ നടത്തുകയാണ്. അംഗൻവാടികളും സ്കൂളുകളും കേന്ദ്രീകരിച്ച് നടത്തുന്ന കാമ്പയിനുകളിലൂടെ ഒരു വയസ്സ് തൊട്ട് 15 വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും ഒരു ഡോസ് വാക്സിൻ നൽകും. ഇതിനായി സ്കൂളുകളിൽ നിന്ന് രക്ഷിതാക്കൾക്ക് സമ്മതപത്രം കൊടുത്തയച്ചിട്ടുണ്ട്:
‘‘LKG മുതൽ 10ാം വരെ ക്ലാസിലെ വിദ്യാർത്ഥികൾക്ക് അടുത്ത ദിവസങ്ങളിലായി - സ്കൂളിൽ നിന്ന് ജപ്പാനീസ് എൻസഫലൈറ്റിസ് (മസ്തിഷ്ക ജ്വരം) വാക്സിനേഷൻ നൽകുന്നത് സംബന്ധമായ ഒരു സമ്മതപത്രം വിദ്യാർത്ഥികളുടെ പക്കൽ നൽകിയിട്ടുണ്ട്. സ്കൂളിൽനിന്ന് വാക്സിനേഷൻ നൽകാനായി താല്പര്യമുള്ള രക്ഷിതാക്കൾ അത് പൂരിപ്പിച്ച് ഒപ്പിട്ട ശേഷം ഡയറിയിൽ ഒട്ടിച്ച് തിരിച്ചു കൊടുത്തയക്കണമെന്ന് അറിയിക്കുന്നു. വാക്സിനേഷൻ സംബന്ധമായ സമ്മതപത്രം സമർപ്പിക്കുന്നവർക്ക് മാത്രമാണ് വാക്സിനേഷൻ നൽകുക’’.
പല രക്ഷിതാക്കളും ഭയാശങ്കകളും സംശയങ്ങളുമായി അടുത്തുള്ള ഡോക്ടർമാരെ നേരിട്ടും അല്ലാതെയും സമീപിച്ചിട്ടുമുണ്ട്. ക്യാമ്പയിനുമുമ്പ് മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി, അധികം കേട്ടിട്ടില്ലാത്ത ജപ്പാനിസ് മസ്‌തിഷ്കജ്യരത്തെക്കുറിച്ചും, വാക്സിനെക്കുറിച്ചും രക്ഷിതാക്കൾക്കും കുട്ടികൾക്കും സാധാരണക്കാർക്കും അവബോധം ഉണ്ടാക്കേണ്ടതുണ്ട്.
പ്രാദേശികമായി രോഗവ്യാപനം, വ്യാപനരീതി, തീവ്രത , പ്രതിരോധം ഇവയൊക്കെ ജനങ്ങളെ അറിയിക്കേണ്ടതുണ്ട്. അവരുടെ സംശയങ്ങൾ മുഴുവൻ ബാക്കിവെയ്ക്കാതെ പരിഹരിക്കാനും സംവിധാനങ്ങൾ വേണം. ഇല്ലെങ്കിൽ ‘ക്യാച് അപ്പ്’ കാമ്പയിൻ വിപരീതമായേക്കാം.
എന്താണ് ജപ്പാനിസ് മസ്തിഷ്ക്ക ജ്വരം?
സാധാരണ പനിയോടൊപ്പം ബോധക്ഷയമോ, അപസ്മാര ലക്ഷണങ്ങളോ ഉണ്ടാക്കുന്ന രോഗങ്ങൾ മസ്തിഷ്കത്തെ ബാധിക്കുന്ന ഏതെങ്കിലും വൈറസ് അണുബാധമൂലമാണ് ഉണ്ടാകുന്നത്. വെവ്വേറെ തിരിച്ചറിയാനുള്ള ലബോറട്ടറി സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ പൊതുവെ ഇവ അക്യൂട്ട് എൻസെഫലൈറ്റിസ് സിൻഡ്രോം (AES) എന്നാണ് അറിയപ്പെട്ടിരുന്നത്. നിപ, ജപ്പാനീസ് ജ്വരം, വെസ്റ്റ്നൈൽ ജ്വരം, ഹെർപിസ് തുടങ്ങിയവയൊക്കെ ഇതിന് കാരണമാകാമെങ്കിലും ഇതിൽ 20 %വരെ ജപ്പാനിസ് ജ്വരം വൈറസുകൾ മൂലമാകാം.
1871- ൽ ജപ്പാനിൽ കണ്ടെത്തിയ ഈ രോഗം 1954- ലാണ് ഇന്ത്യയിലാദ്യമായി തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. തെക്ക് കിഴക്കനേഷ്യൻ രാജ്യങ്ങളെ ബാധിച്ചിട്ടുള്ള ഇതിന്റെ വ്യാപനം ഇന്ത്യയും ചൈനയുമടക്കമുള്ള 24 രാജ്യങ്ങളിൽറിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 1978- ൽ ആസ്സാമിൽ കണ്ടെത്തിയ തിനുശേഷം വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ആസാം, മണിപ്പൂർ, നാഗാലാൻഡ്, വടക്കൻ സംസ്ഥാനങ്ങളായ ബീഹാർ, ഉത്തർപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ജപ്പാനീസ് ജ്വരം സ്ഥിരമായി ഉണ്ട്.
കാലവർഷത്തോടനുബന്ധിച്ച് മെയ് തൊട്ട് ജൂലൈ വരെയും, ഒക്ടോബർ- നവംബർ മാസങ്ങളിലുമാണ് ഈ രോഗം ഉണ്ടാകാറ്. കേരളത്തിൽ 1996 ഫെബ്രുവരിയിൽ കുട്ടനാട്ടിലാണ് രോഗവ്യാപനം ആദ്യമായി ഔട്ട്ബ്രേയ്ക്ക് ആയി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ആ വർഷം അവിടെ 105 കേസുകളും 31 മരണങ്ങളും സംഭവിച്ചു. തുടർന്ന് എല്ലാ വർഷങ്ങളിലും ആലപ്പുഴയടക്കം പല ജില്ലകളിൽ നിന്നും കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. പലപ്പോഴും രോഗം നിർണ്ണയിക്കപ്പെടുന്നതിനു മുൻപേ രോഗം ഭേദമാകുകയോ മരിക്കുകയോ ചെയ്യുന്നതിനാൽ കണക്കുകൾ അപൂർണമായിരിക്കും.
ഫ്ലേവി വിഭാഗത്തിൽപ്പെട്ട ഇതിന്റെ വൈറസുകൾക്ക് അഞ്ചു തരം ജീനോടൈപ്പുകളുണ്ടെങ്കിലും ജിനോടൈപ്പ് 3 ആണ് ഇവിടെ കൂടുതൽ വ്യാപകം. വൈറസ് ബാധയുണ്ടായ 25 തൊട്ട് 1000 പേരിൽ ഒരാൾക്ക് മാത്രമാണ് എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടാകുകയുള്ളൂ. ബാക്കി മുഴുവൻ പേരിലും രോഗലക്ഷണങ്ങൾ കാണിക്കാതെ ഭേദമാകുകയും ചെയ്യും.
പനി, തലവേദന, ഓക്കാനം, ഛർദി, ക്ഷീണം, ബോധക്ഷയം, അപസ്മാര ലക്ഷണങ്ങൾ ഇവയൊക്കയാണ് രോഗലക്ഷണങ്ങൾ. രോഗബാധിതരിൽ 85% വും കുട്ടികളായിരിക്കും. രോഗികളിൽ മൂന്നിലൊന്ന് പേരെയെങ്കിലും വൈറസ് തലച്ചേറിനെ ബാധിക്കാനും 30%ത്തോളം മരണം സംഭവിക്കാനും സാധ്യതയുണ്ട്. മറ്റുള്ളവരിൽ തുടർന്ന് മാറാത്ത നാഡീവൈകല്യങ്ങൾക്കും ചലന ശേഷിക്കുറവിനും കാരണമാകും.
രോഗികളിൽനിന്ന് മറ്റൊരാളിലേക്ക് നേരിട്ട് പകരാത്ത ഈ വൈറസുകൾ രോഗിയിൽ നിന്ന് കൊതുകുകൾ വഴിയാണ് മറ്റൊരാളിലേക്ക് പകരുന്നത്. ക്യുലെക്സ് വർഗത്തിൽപ്പെട്ട കൊതുകുകളായ ട്രിട്ടിനിയോ റിൻകസ്, സ്യൂഡോ വിഷ്ണയ് എന്നിവയാണ് രോഗം പരത്തുന്നത്. ഇവ പൊതുവേ മൃഗങ്ങളുടേയും പക്ഷികളുടേയും രക്തം കുടിക്കാനിഷ്ടപ്പെടുന്നവയാണ്. ഇവ പെരുകുന്നത് കൂടുതലും നെൽപ്പാടങ്ങളിലും ചപ്പുചവറുകൾ ചീഞ്ഞടിഞ്ഞ വെള്ളക്കെട്ടുകളിലുമാണ്. അതിനാൽ ഈ രോഗത്തെ നെൽകൃഷിയുമായി ബന്ധപ്പെടുത്തി പറയാറുണ്ട്.
ജപ്പാനീസ് ജ്വരത്തിന്റെ വൈറസുകൾ പ്രകൃതിയിൽ സ്വാഭാവികമായിത്തന്നെ ചിലതരം ദേശാടനപക്ഷികൾ, കൊറ്റികൾ, കുളക്കോഴികൾ, കന്നുകാലികൾ തുടങ്ങിയവയുടെ ശരീരത്തിലുള്ളവയാണ്.. പന്നികളിലെത്തിയാൽ ഇവ അനേകമിരട്ടിയായി പെരുകും. അത് രോഗവ്യാപന സാധ്യത കൂട്ടും. വൈറസ് വാഹകരായ ഇവയിലേതെങ്കിലുമെണ്ണത്തിൻ്റേയോ, ജപ്പാൻ ജ്വരരോഗിയേയോ കടിച്ച കൊതുക് മറ്റൊരാളെ കടിച്ചാലാണ് വൈറസ് മറ്റുള്ളവരിലെത്തുക.

വൈറസ് ശരീരത്തിലെത്തിയാൽ നാലു തൊട്ട് 15 ദിവസത്തിനുള്ളിൽ മേൽ സൂചിപ്പിച്ച രോഗലക്ഷണങ്ങളുണ്ടാകാം. ഒരുതവണ ജെ.ഇ വൈറസ് അണുബാധയുണ്ടായിട്ടുള്ളവർക്ക് പിന്നീട് ജീവിതകാലം മുഴുവൻ അതിനെതിരെ ആർജിതപ്രതിരോധമുണ്ടാകുമെന്നാണ് നിഗമനം.
കേരളത്തിൽ കുറച്ച് വർഷങ്ങൾക്കുമുമ്പ് ഐ.സി.എം.ആറിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ, ഇവിടെയുള്ളവരിൽ ശരാശരി 16% പേർക്ക് ഇങ്ങനെ ആർജിതപ്രതിരോധശക്തി കിട്ടിയതായി കണ്ടെത്തിയിരുന്നു. ഇതിനർഥം നമ്മളറിയാതെ കൊതുകുകൾ വഴി ജെ ഇ വൈറസ് പകർന്നുകൊണ്ടിരിക്കുന്നു എന്നാണ്.
കാലാവസ്ഥാമാറ്റത്തോടൊപ്പം കൃഷി ചെയ്യാതെയുള്ള വയലുകളും വെള്ളക്കെട്ടും ഉപ്പുവെള്ളം തടയുന്ന ബണ്ടുകളും പ്രകൃതിയിൽ കൊതുകിനെ ഇരയാക്കുന്ന തവള പോലുള്ള ജീവികളുടെയും പ്രാണികളുടേയും വംശനാശവും കൊതുക് പെരുകാൻ കാരണമാകും. ഒപ്പം, പ്രകൃതിയ്ക്കുണ്ടാകുന്ന നാശവും ദേശാടനപക്ഷികളുടെയും കൊറ്റികളുടെ താവളങ്ങളിലേക്കുള്ള മനുഷ്യരുടെ അതിരുവിട്ട കയറ്റങ്ങളും ജെ ഇ വൈറസ് വ്യാപനത്തിന്റെ ഗതിവേഗം കൂട്ടാം. ജപ്പാൻജ്വരം മറ്റു ജീവജാലങ്ങളിലുള്ളതിനാലും കൊതുക് ജന്യരോഗമായതിനാലും കൊതുകുകൾ കൂടിവരുന്ന സാഹചര്യങ്ങളിൽ പൂർണ്ണമായും നിയന്ത്രിക്കാൻ സാധ്യമല്ല. .
വാക്സിനുകൾ
മുമ്പ് സർക്കാർ ഉടമസ്ഥതയിൽ ഹിമാചൽപ്രദേശിലെ സെൻട്രൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമ്മിച്ചുകൊണ്ടിരുന്ന (mouse brain killed vaccine) വാക്സിൻ ഫലപ്രാപ്തി കുറഞ്ഞതിനാലും പാർശ്വഫലങ്ങൾ ഉണ്ടായതിനാലും വർഷങ്ങൾക്കു മുൻപേ ഉത്പാദനം നിർത്തി.
2005 മുതൽ സർക്കാറിന്റെ നേതൃത്വത്തിൽ ചൈനയിലെ ചെംഗ്ഡു ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽ പ്രൊഡക്റ്റ്സ് നിർമ്മിച്ച വാക്സിൻ എസ് എ 14_ 14 -2 (SA 14- 14- 2- live vaccine) ഇറക്കുമതി ചെയ്താണ് വിതരണം നടത്തുന്നത്.
ഇപ്പോൾ ദേശീയ സാർവത്രിക പ്രതിരോധപരിപാടിയുടെ ഭാഗമായി രോഗവ്യാപനത്തിന്റെ തോത് അനുസരിച്ച് വിവിധ ഘട്ടങ്ങളിലായി 22 സംസ്ഥാനങ്ങളിലെ 335 ജില്ലകളിൽ കുട്ടികൾക്ക് രണ്ടു ഡോസ് (9ാം മാസത്തിലും ഒന്നര- രണ്ട് വയസ്സിനിടയിലും) നൽകുന്നുണ്ട്. കേരളത്തിൽ 2006 മുതൽ ഈ വാക്സിനുകൾ ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും കുട്ടികൾക്ക് നൽകിവരുന്നുമുണ്ട്. 2011 മുതൽ ഇതേ വൈറസുകളിൽനിന്ന് ഹൈദരബാദിലെ ബയോളജിക്കൽ E എന്ന സ്ഥാപനം വികസിപ്പിച്ചെടുത്ത് നിർമ്മിക്കുന്ന JEEV എന്ന മൃതവാക്സിനും ഇവിടെ ഉപയോഗിച്ചു വരുന്നു.
2014- ൽ സ്വകാര്യ കമ്പനിയായ ഭാരത് ബയോടെക് ഇന്ത്യയിലെ രോഗികളുടെ രക്തസാമ്പിളുകളിൽ നിന്നെടുത്ത് വികസിപ്പിച്ച കോലാർ സ്റ്റ്രെയിൻ ജെ ഇ വാക്സിന് JEN VAC (Killed Vaccine) സർക്കാർ ലൈസൻസ് അംഗീകാരം നൽകിയശേഷം പല ജില്ലകളിലും ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്. ഇത് 0.5 മില്ലി വീതം പേശികളിൽ രണ്ട് ഡോസ് കുത്തിവെക്കുന്നതാണ്.
നിർമ്മാണ കമ്പനിയിലെ ശാസ്ത്രജ്ഞരുടെ ഇന്ത്യയിൽ നടത്തിയ പരീക്ഷണങ്ങളുടെ പ്രസിദ്ധീകരിക്കപ്പെട്ട റിപ്പോർട്ടുകൾ പ്രകാരം ഈ വാക്സിൻ നൽകിയവരിൽ ചൈനീസ് നിർമ്മിത വാക്സിനെ അപേക്ഷിച്ച് ശരീരത്തിൽ പ്രതിരോധവസ്തുകളായ ആൻ്റിബോഡികൾ കൂടുതൽ അളവിൽ ഉത്പാദിപ്പിക്കപെടുന്നതായും അവ കൂടുതൽ വർഷങ്ങൾ നീണ്ടുനിൽക്കുന്നതായും തെളിയിക്കപ്പെട്ടിട്ടുണ്ട്. അത് രോഗവ്യാപന സാധ്യത, രോഗതീവ്രത, മരണനിരക്ക് ഇവയൊക്കെ കുറക്കും. അത് എത്രമാത്രം കുറക്കുമെന്നതിനെ സംബന്ധിച്ച് ഇതുവരെ പഠനങ്ങൾ പ്രസിദ്ധീകരിച്ചുവന്നിട്ടില്ല. ഇപ്പോൾ കാമ്പയിനുപഗിക്കുന്നത് JEN VAC ആണ്.

വാക്സിന്റെ പാർശ്വഫലങ്ങൾ
വാക്സിന് അലർജിയുള്ളവർക്കും, ഗർഭിണികൾക്കും, രണ്ടു മാസത്തിൽ കുറവ് പ്രായമുള്ളവരൊഴികെ ആർക്കും വാക്സിൻ സുരക്ഷിതമായി നൽകാവുന്നതാണ് എന്നതാണ് വിവരം. ഇതിന് പരീക്ഷണഘട്ടത്തിലോ തുടർന്നോ തീവ്രപാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നാണ് കമ്പനി നൽകുന്ന വിവരം. വാക്സിൻ എടുത്തവരിൽ രണ്ട് ദിവസത്തിനുള്ളിൽ ചെറിയ പാർശ്വഫലങ്ങൾ പ്രത്യക്ഷപ്പെടുകയും 48 മണിക്കൂറിനുള്ളിൽ ഭേദമാകുകയും ചെയ്യും.
10% ത്തോളം പേർക്ക് കുത്തിവെപ്പ് എടുത്ത ശരീരഭാഗത്ത് വേദനയോ തടിപ്പോ ചുകന്ന് തടിക്കുകയോ ചെയ്യാം. 10%- ലധികം പേർക്ക് പനിയുണ്ടാകാം. 10%-ൽ താഴെ പേർക്ക് തലവേദനയും പേശീവേദനയുമുണ്ടാകാം.
എന്തുകൊണ്ട് കോഴിക്കോടും മലപ്പുറവും?
കോഴിക്കോട്, മലപ്പുറം ജില്ലകളിൽനിന്ന് ജപ്പാൻജ്വര രോഗികൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിന്റെ വെളിച്ചത്തിലാണ് ഈ ജില്ലകളിൽ കാമ്പയിൻ നടത്തുന്നത് എന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
സർക്കാർ രേഖകൾ പ്രകാരം 2021 തൊട്ട് 2025 വരെ അഞ്ച് വർഷത്തിൽ മലപ്പുറം ജില്ലയിലാകെ 126 അക്യൂട്ട് എൻസെഫലൈറ്റിസ് കേസ് റിപ്പോർട്ട് ചെച്ചപ്പെട്ടവരിൽ രണ്ടെണ്ണം ജപ്പാൻ ജ്വരമാണന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ ഇതേ കാലഘട്ടത്തിൽ 22 അക്യൂട്ട് എൻസെഫലൈറ്റിസ് റിപ്പോർട്ട് ചെയ്തവരിൽ 8 എണ്ണം ജപ്പാനീസ് ജ്വരമായിരുന്നു. ഇവരിൽ 4 പേർ മരിച്ചു.
കണ്ടെത്തപ്പെടുന്ന രോഗലക്ഷണമുള്ള ഒരു ജെ ഇ കേസിനു ചുറ്റും ആയിരത്തോളം വൈറസ് ബാധിതർ വലിയ രോഗലക്ഷണമില്ലാതെ ഉണ്ടാകുമെന്നാണ് എപിഡിമിയോളജി അനുമാനം എന്നതുകൂടി ഇവിടെ പരിഗണിക്കണം. കൂടാതെ പല രോഗികളും രോഗം നിർണയിക്കപ്പെടുന്നതിനു മുൻപേ ഭേദമായും മരിച്ചും പോകാം.
രക്ഷിതാക്കളുടെ സംശയങ്ങൾ
ജില്ലകളിലെ അംഗനവാടികളും സ്കൂളുകളും കേന്ദ്രീകരിച്ച് നടത്തുന്ന കാമ്പയിനുകളിലൂടെ ഒരു വയസ്സു മുതൽ 15 വയസ്സിൽ താഴെയുള്ള എല്ലാവർക്കും ഒരു ഡോസ് വാക്സിൻ നൽകും. ശേഷം കുട്ടികളുടെ സാർവ്വത്രിക പ്രതിരോധപരിപാടിയിൽ രണ്ടു ഡോസ് ജെ.ഇ വാക്സിൻ കൂടി ഉൾപ്പെടുത്തും.
ഏതൊരു പൊതുജനാരോഗ്യ പരിപാടിയും, പ്രത്യേകിച്ച്, കുട്ടികൾക്ക് സ്കൂളുകളിൽ നൽകുന്ന മാസ് കുത്തിവെപ്പ് പരിപാടി, ശരിയായ മുന്നൊരുക്കത്തോടെയും ജനങ്ങളുടെ ഭയാശങ്ക പരിഹരിച്ചശേഷവുമായിരിക്കണം നടത്തേണ്ടത്.
ഇതിനുമുമ്പ് രക്ഷിതാക്കൾക്കും അധ്യാപകർക്കും കുട്ടികൾക്കും സാധാരണക്കാർക്കും ജപ്പാനീസ് മസ്‌തിഷ്ക ജ്വരത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കു വെച്ച്, അവബോധം ഉണ്ടാക്കേണ്ടതുണ്ട്. വാക്സിന്റെ ആവശ്യം അവർക്കും കൂടി ബോധ്യപ്പെടേണ്ടതുണ്ട്. സംശയങ്ങൾ മുഴുവൻ പരിഹരിക്കാനും സംവിധാനം വേണം.

ഏത് വാക്സിനാണ് നൽകുന്നത്, അവയുടെ പ്രവർത്തനം, പ്രതിരോധശക്തി, ഗുണക്ഷമത, ആവശ്യകത, പാർശ്വഫലങ്ങൾ ഉണ്ടെങ്കിൽ എന്ത്, തീവ്രത എന്നിവയുമായി ബന്ധപ്പെട്ട ശാസ്ത്രീയ തെളിവുകൾ അവരെ അറിയിക്കണം.
പാർശ്വഫലമുണ്ടായാൽ എന്തു ചെയ്യണം എന്നതും അവരെ ബോധ്യപ്പെടുത്തണം. അവ റിപ്പോർട്ട് ചെയ്യാനും മോണിറ്റർ ചെയ്യാനും ശരിയായി ചികിത്സിക്കാനും പ്രശ്നപരിഹാരത്തിനും തക്കതായ സംവിധാനങ്ങൾ ഒരുക്കിയിരിക്കണം.
വാക്സിന്റെ ഗുണദോഷവശങ്ങളെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തണം, അതേക്കുറിച്ച് വിലയിരുത്താൻ അവരെ പ്രാപ്തരാക്കണം. ഇതൊക്കെ ബന്ധപ്പെട്ട വകുപ്പുകൾ ചെയ്യുമെന്ന് കരുതട്ടെ.
ബഹുജന രോഗപ്രതിരോധപ്രവർത്തനങ്ങൾ എപ്പോഴും സുതാര്യതയോടെ നടത്തുമ്പോൾ മാത്രമേ ജനങ്ങളുടെ ഭാഗത്തുനിന്ന് സ്വാതന്ത്ര്യ ബോധത്തോടെയുള്ള സ്വീകാര്യതയും കൂടുകയുള്ളൂ. അങ്ങനെ മാത്രമേ നമ്മുടെ രോഗപ്രതിരോധലക്ഷ്യം പൂർത്തികരിക്കാനും സാധിക്കൂ.