ചികിത്സയ്ക്ക്
എന്തുകൊണ്ട്
കീശ ചോർത്തുന്ന
ചെലവ്?

‘‘പൊതുജനാരോഗ്യത്തിൽ നന്നായി ഇടപെടുന്ന സർക്കാരുകളാണെങ്കിൽ ശരിക്കും സർക്കാരിന്റെ കൈയിൽനിന്ന് കൂടുതലും വ്യക്തികളുടെ കൈയിൽനിന്ന് കുറവുമാണ് ചികിത്സയ്ക്ക് ചെലവ് വരേണ്ടിയിരുന്നത്. എന്നാൽ, മറ്റു പല സംസ്ഥാനങ്ങളേക്കാളും വലിയ വർധനവാണ് ഇപ്പോൾ കേരളത്തിലുള്ളത്. ഇത് എന്തുകൊണ്ട് സംഭവിക്കുന്നു?’’- ഡോ. ജയകൃഷ്ണൻ ടി. എഴുതുന്നു.

മുൻകാലങ്ങളിൽ, പ്രത്യേകിച്ച് എൺപതുകളിലും തൊണ്ണൂറുകളിലും കേരളം അറിയപ്പെട്ടിരുന്നത്, ഏറ്റവും ചുരുങ്ങിയ ചെലവിൽ ഏറ്റവും ഉയർന്ന ആരോഗ്യനില കൈവരിക്കാൻ കഴിയുന്ന സംസ്ഥാനം (health status at low cost) എന്നായിരുന്നു. പാശ്ചാത്യ വികസിത രാജ്യങ്ങൾക്ക് തുല്യമായ ആരോഗ്യ സൂചികകൾ നേരത്തെ നേടാനായി എന്നതിനാലാണ് കേരളത്തിന്റെ ആരോഗ്യമാതൃക പ്രകീർത്തിക്കപ്പെട്ടത്. എന്നാൽ പല കാരണങ്ങളാൽ ഇതിന് തുടർച്ച നഷ്ടപ്പെട്ടതിനാലാണ് കേരള ആരോഗ്യ മാതൃകയെ 'മാതൃക' എന്നു വിളിക്കാതെ 'കേരള അനുഭവം' (kerala experience) എന്ന് നൊബേൽ സമ്മാനജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമർത്യാസെൻ വിശേഷിപ്പിച്ചത്.

ഇപ്പോഴും മാതൃമരണനിരക്ക്, ശിശുമരണനിരക്ക്, പ്രതിശീർഷ ആയുസ്സ്, കുട്ടികളിലെ പോഷകാഹാരക്കുറവ് എന്നീ കാര്യങ്ങളിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ച നിലയിൽതന്നെയാണ് കേരളം. ചികിത്സാ ചെലവിൽ മറ്റു പല സംസ്ഥാനങ്ങളേക്കാളും വലിയ വർധനവാണ് ഇപ്പോൾ കേരളത്തിലുള്ളത്. ചികിത്സയ്ക്ക് വൻതുകയാണ് ചോർന്നുപോകുന്നതെന്ന് പല പഠനറിപ്പോർട്ടുകളും വെളിപ്പെടുത്തുന്നു.

സർക്കാർ- സ്വകാര്യ മേഖലകളിൽ മെച്ചപ്പെട്ട ചികിത്സാസൗകര്യമുള്ള നമ്പർ വൺ സംസ്ഥാനമാണ് കേരളം. ഗ്രാമ- നഗര പ്രദേശങ്ങളിലെല്ലാം ചികിത്സാസൗകര്യങ്ങളും ഗതാഗതസൗകര്യങ്ങളും ലഭ്യമാണ്. എന്നാൽ, ആഗോളവൽക്കരണത്തിനു മുൻപ്, കഴിഞ്ഞ നൂറ്റാണ്ടിൽ, മലയാളിയുടെ ആരോഗ്യം നിലനിർത്തിയിരുന്നത് ജനറൽ പ്രാക്ടീസ് ഡോക്ടർമാരും ഡോക്ടർ ദമ്പതിമാരുമൊക്കെ (ജനറൽ പ്രാക്ടീഷനർമാർ) നടത്തിവന്നിരുന്ന ചെറുകിട ക്ലിനിക്കുകളും കുടുംബ ഡോക്ടർമാരും പ്രാഥമികാരോഗ്യകേന്ദ്രങ്ങളും കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളുമെല്ലാമായിരുന്നു. എന്നാൽ കഴിഞ്ഞ പത്തോ ഇരുപതോ കൊല്ലത്തെ കണക്കെടുത്താൽ നമ്മുടെ നാട്ടിലെ ജനറൽ പ്രാക്ടീസ് സെന്ററുകളെല്ലാം ഇല്ലാതായിക്കൊണ്ടിരിക്കയാണ്. ഒന്നുകിൽ പൂട്ടി, അല്ലെങ്കിൽ അത് നടത്തിയിരുന്ന ഡോക്ടർമാരുടെ കാലശേഷം പുതിയ തലമുറ തുടർന്നില്ല. ഈയൊരു സാഹചര്യത്തിൽ കേരളീയ ജീവിത സാഹചര്യങ്ങളും രോഗാതുരതയും ചികിത്സാച്ചെലവിലെ വർധനയും വ്യക്തമായി പഠിക്കേണ്ടതുണ്ട്.

2004-ൽ ഏറ്റവും ദരിദ്രരായവരുടെ വീട്ടിൽനിന്ന് ശരാശരി 690 രൂപയാണ് ചികിത്സയ്ക്കായി ചെലവാക്കിയതെങ്കിൽ 2019-ൽ ദരിദ്രകുടുംബത്തിൽനിന്ന് 1,325 രൂപ ചെലവഴിക്കുന്നുണ്ട്.

1. ശാസ്ത്ര സാഹിത്യപരിഷത്തിന്റെ പഠനം

കേരള ​​ശാസ്ത്രസാഹിത്യ പരിഷത്ത് 15 വർഷങ്ങളുടെ ഇടവേളകളിൽ നടത്തിയ രണ്ടു പഠനങ്ങൾ പരിശോധിച്ചാൽ, മാറ്റത്തിന്റെ തെളിവുകൾ കാണാം.

2004-ൽ പരിഷത്ത് നടത്തിയ കേരളപഠനം പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2019-ൽ നടത്തിയ സർവെയുടെ ഭാഗമായി 2025 ജൂണിൽ മറ്റൊരു പഠനറിപ്പോർട്ടും (കേരള പഠനം 2.0) പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ശാസ്ത്രീയമായ രീതിയിൽ എല്ലാ ജില്ലകളിൽനിന്നും സാമ്പിൾ എടുത്തായിരുന്നു രണ്ടു പഠനങ്ങളും. വിവിധ ജില്ലകളിൽ ആറായിരത്തിലധികം വീടുകൾ സന്ദർശിച്ച് ഇരുപതിനായിരം ആളുകളുടെ സാമ്പിൾ എടുത്താണ് വിവരം ശേഖരിച്ചത്. രണ്ട് പഠനങ്ങളിലൂടെ 15 വർഷത്തിനിടയിൽ ആരോഗ്യരംഗത്തെ ചെലവിലുണ്ടായ വ്യത്യാസം വിശകലനം ചെയ്യാൻ കഴിയും.

2004 ആഗോളവൽക്കരണത്തിന്റെ ആരംഭകാലമാണ്. എതിർപ്പുകൾക്കിടയിൽ ഘടനാപരമായ ക്രമീകരണം (Structural adjestment Program) നടത്തിയശേഷമുള്ള കാലമായിരുന്നു അത് എങ്കിൽ, ഇപ്പോൾ, തുറന്നിട്ട കമ്പോളങ്ങളിലൂടെ ആഗോളവൽക്കരണം അതിന്റെ ഉച്ചിയിൽ മാർക്കറ്റ് എക്കണോമിയിലേക്ക് എത്തിച്ചേർന്ന കാലവുമാണ്. ഈ രണ്ടു കാലത്തെയും കേരളീയരുടെ ജീവിതനിലവാരത്തിലും ചെലവിലും എന്തു വ്യത്യാസമാണുണ്ടായത് എന്ന് രണ്ടു പഠനങ്ങളും താരതമ്യം ചെയ്യുമ്പോൾ മനസ്സിലാകും.

ജീവിതശൈലീരോഗങ്ങളിലെ വർധനവിനെതുടർന്നാണ് ആളോഹരി വാർഷിക ചികിത്സാചെലവ് കൂടിയത് (പരിഷത്ത് കേരള പഠനം 2.0).
ജീവിതശൈലീരോഗങ്ങളിലെ വർധനവിനെതുടർന്നാണ് ആളോഹരി വാർഷിക ചികിത്സാചെലവ് കൂടിയത് (പരിഷത്ത് കേരള പഠനം 2.0).

ആദ്യമായി ആയുർദൈഘ്യത്തിലുണ്ടായ മാറ്റം പരിശോധിക്കാം. ശരാശരി ആയുർദൈഘ്യത്തെക്കുറിച്ച് നോക്കുമ്പോൾ അതിന്റെ മധ്യസ്ഥാനം അഥവാ മധ്യമാനം എവിടെ നിൽക്കുന്നു എന്ന് നോക്കണം. മൊത്തം ജനസംഖ്യ 100 ആണ് എന്ന് സങ്കൽപ്പിച്ചാൽ, അമ്പതാമത്തെ സ്ഥാനത്തുള്ള ആൾ എവിടെ നിൽക്കുന്നു എന്നു നോക്കുന്നതാണ് ഈ മധ്യമാനം. 2004- ൽ നമ്മുടെ ജനസംഖ്യയുടെ മധ്യമാനം 29 ആണെങ്കിൽ ഇപ്പോഴത് 36 ആയിട്ടുണ്ട്. ഏഴ് വയസ്സ് കൂടി. കേരളത്തിലെ ജനസംഖ്യാ പ്രായം കൂടിക്കൊണ്ടിരിക്കയാണ്.

കേരളത്തിൽ പ്രായമുള്ളവരുടെ എണ്ണമാണ് കൂടുതൽ. 2004 കാലത്ത് ശരാശരി ആയുസ്സ് 70 വയസ്സായിരുന്നെങ്കിൽ, 15 വർഷത്തിനുശേഷമുള്ള പഠനറിപ്പോർട്ട് പ്രകാരം 78 ആയി. 36 വയസ്സിന് മുകളിൽ പകുതിയാളുകളും 36 നുതാഴെ ബാക്കി പകുതിയും ചേർന്നതാണ് പുതിയ കേരളം. ഈയൊരു മാറ്റവും വർധനവും രോഗങ്ങൾ കൂടുതലുണ്ടാകാനുള്ള സാധ്യതയിലേക്കാണ് നയിക്കുക. 36 വയസ്സ് എന്നത് കുറേക്കൂടി ഉയർന്നാൽ പ്രായമായി, അധ്വാനിക്കാൻ കഴിവില്ലാത്ത ജനതയുടെ എണ്ണം കേരളത്തിൽ വർധിക്കും. പത്തോ ഇരുപതോ വർഷം കഴിയുമ്പോൾ നാം ഒരു വാർധക്യ സമൂഹമായി (എയ്ജ്ഡ് സൊസൈറ്റി) മാറാൻ സാധ്യതയേറെയാണ്. (പ്രായമായവർ നല്ലൊരു വിഭവശേഷിയുമാണ്. ഇത് ഉപയോഗപ്പെടുത്താൻ വേണ്ടത്ര ശ്രമിക്കാത്തവരുമാണ് നമ്മൾ).

2004- ലെ പരിഷത്ത് പഠനമനുസരിച്ച് വിറകടുപ്പ് മാത്രം ഉപയോഗിക്കുന്നവർ 48 ശതമാനം ആയിരുന്നു കേരളത്തിൽ. ഇപ്പോഴത് 17 ശതമാനമായി കുറഞ്ഞു. ഗ്യാസ് മാത്രം ഉപയോഗിക്കുന്നവർ 14 ശതമാനം ആയിരുന്നത് 35 ശതമാനമായി.

ഇതോടൊപ്പം, ജനനനിരക്ക് കുറഞ്ഞുവരികയാണ്. 15 വർഷം മുൻപ് ശരാശരി കുടുംബങ്ങളുടെ അംഗസംഖ്യ 5- 4.9 ആണെങ്കിൽ ഇപ്പോൾ 4.3 ആണ്. ജനിക്കുന്ന കുട്ടികളുടെ എണ്ണം ഓരോ വീട്ടിലും കുറവായതിനാൽ (ഒന്നിനും രണ്ടിനും ഇടയിൽ) വീട്ടിലെ അംഗസംഖ്യ 4.3 ആയി കുറഞ്ഞു.

2004- ൽ പരിഷത്ത് നടത്തിയ പഠനത്തിൽ ലിംഗപരമായ അനുപാതം അഥവാ സെക്‌സ് റേഷ്യോ (Sex Ratio) 1,000 പുരുഷന്മാർക്ക് 1,046 സ്ത്രീകളായിരുന്നുവെങ്കിൽ ഇന്നത് 1,083 സ്ത്രീകളാണ്. പുരുഷന്മാരെക്കാൾ ആയുസ്സ് കൂടുതൽ സ്ത്രീകൾക്കാണ്. ജനനസമയത്തുതന്നെ എണ്ണത്തിന്റെ കാര്യത്തിൽ പെൺകുട്ടികളേക്കാൾ ആൺകുട്ടികളാണ് കൂടുതൽ. പുരുഷന്മാർക്ക് ശരാശരി ആയുസ്സ് കുറവായതിനാലാണ് സ്ത്രീകളുടെ എണ്ണം കൂടുന്നത്.

വിവിധ സാമ്പത്തിക ഗ്രൂപ്പുകൾക്കിടയിലെ ചികിത്സാച്ചെലവ്. EGI അതിദരിദ്രർ, EGII- ദരിദ്രർ, EGIII- താഴ്ന്ന ഇടത്തരക്കാർ, EGIV- ഉയർന്ന ഇടത്തരക്കാർ (പരിഷത്ത് കേരള പഠനം 2.0).
വിവിധ സാമ്പത്തിക ഗ്രൂപ്പുകൾക്കിടയിലെ ചികിത്സാച്ചെലവ്. EGI അതിദരിദ്രർ, EGII- ദരിദ്രർ, EGIII- താഴ്ന്ന ഇടത്തരക്കാർ, EGIV- ഉയർന്ന ഇടത്തരക്കാർ (പരിഷത്ത് കേരള പഠനം 2.0).

ആരോഗ്യത്തെ നിയന്ത്രിക്കുന്നതിന് ചില നിയന്ത്രണ ഘടകങ്ങളുണ്ട്. വീടിനകത്തെ വായുമലിനീകരണം അതിൽ പ്രധാനമാണ്. പാചകത്തിന് ആദ്യകാലത്ത് പുകയടുപ്പ് മാത്രമായിരുന്നു ഉണ്ടായിരുന്നത് (ശ്വാസകോശ രോഗങ്ങൾ ഉൾപ്പെടെ മിക്കതിനും കാരണം അമിതമായ പുകയായിരുന്നു). പാചകം ചെയ്യാൻ ഏത് ഇന്ധനമാണ് ഉപയോഗിക്കുന്നത്, കിണർ, കുടിവെള്ളം, കക്കൂസ്, ശുദ്ധവായു എന്നിങ്ങനെ വിവിധ കാരണങ്ങളെ ആശ്രയിച്ചാണ് ഒരു വ്യക്തിയുടെ ആരോഗ്യം കണക്കാക്കുന്നത്.

2004- ലെ പരിഷത്ത് പഠനമനുസരിച്ച് വിറകടുപ്പ് മാത്രം ഉപയോഗിക്കുന്നവർ 48 ശതമാനം ആയിരുന്നു കേരളത്തിൽ. ഇപ്പോഴത് 17 ശതമാനമായി കുറഞ്ഞു. ഗ്യാസ് മാത്രം ഉപയോഗിക്കുന്നവർ 14 ശതമാനം ആയിരുന്നത് 35 ശതമാനമായി. രണ്ടും ഉപയോഗിക്കുന്നവർ 30 ശതമാനത്തിൽനിന്ന് 47 ആയി. ഇത് വീടുകളിലെ മലിനീകരണം കുറക്കും, ശ്വാസകോശ രോഗങ്ങളും.

ജലസ്രോതസ്സിന്റെ കാര്യത്തിൽ മുമ്പ് കിണറിനെയാണ് പകുതിയലധികംപേരും ആശ്രയിച്ചിരുന്നത്. ഇന്ന് പബ്ലിക് വാട്ടർ സപ്ലൈ കൂടിയതോടെ പൈപ്പ് വെള്ളം ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി. അത് 20- ശതമാനത്തിൽനിന്ന് 25 ശതമാനമായി. 15 വർഷം മുമ്പ് വീട്ടിൽ കക്കൂസ് ഉപയോഗിക്കുന്നവർ 90 ശതമാനമായിരുന്നത് ഇന്ന് 98.89 ശതമാനമായി. ഇത് വയറിളക്ക രോഗങ്ങൾ കുറക്കേണ്ടതാണ്.

ചികിത്സയ്ക്ക് വായ്പ എടുത്തിരുന്നവർ 2004-ൽ 12 ശതമാനമാണെങ്കിൽ 2019-ൽ 10 ശതമാനമാണ്. ചെറിയ മാറ്റമാണെങ്കിലും അന്ന് ചികിത്സിക്കാൻ എടുത്തിരുന്ന വായ്പ ശരാശരി 34,642 രൂപയാണെങ്കിൽ ഇന്നത് രണ്ടര ലക്ഷത്തിനു മീതെയാണ്.

ഖരമാലിന്യ സംസ്‌കരണ പരിപാടി നോക്കിയാൽ മുൻപ് 44 ശതമാനത്തിനും എന്താണ് ഖരമാലിന്യ സംസ്‌കരണം എന്ന് അറിയില്ലായിരുന്നു. ഇപ്പോൾ മൂന്നിലൊന്ന് പേർക്ക്, അതായത് 33 ശതമാനം ആളുകൾക്ക് മാത്രമേ ഖരമാലിന്യ സംസ്‌കരണത്തിന് സൗകര്യമില്ലാതുള്ളൂ. ഇന്ന് നാലിലൊന്ന് പേർ മാലിന്യം കത്തിച്ചുകളയുകയാണ്. അന്ന് ഇതിലും കൂടുതൽ പേർ മാലിന്യം കത്തിച്ചുകളയുന്നവരായിരുന്നു, 40 ശതമാനത്തിനടുത്ത്.

2004- ലെ പഠനപ്രകാരം കുടുംബത്തിന്റെ പ്രതിമാസ വരുമാനം ശരാശരി 6,430 രൂപയാണ്. ഇന്നത് 28,650 രൂപയായി. അതേസമയം ഒരു മാസത്തെ കുടുംബത്തിന്റെ ഉപഭോഗ ചെലവ് അന്ന് 4,481 രൂപയായിരുന്നത് ഇന്ന് 15,737 രൂപയായി വർധിച്ചു, ഏകദേശം നാലിരട്ടി. അതിൽ ആരോഗ്യത്തിന് ചെലവാക്കുന്നത് 2004 ൽ 702 രൂപയാണെങ്കിൽ നിലവിൽ 2,268 രൂപയായി. അന്ന് ഏറ്റവും ദരിദ്രരായവരുടെ വീട്ടിൽനിന്ന് ശരാശരി 690 രൂപയാണ് ചികിത്സയ്ക്കായി ചെലവാക്കിയതെങ്കിൽ ഇന്ന് ദരിദ്രകുടുംബത്തിൽനിന്ന് 1,325 രൂപ ചെലവഴിക്കുന്നുണ്ട്. അപ്പർക്ലാസ് കുടുംബത്തിൽനിന്ന്, ധനവാന്മാരിൽ നിന്ന് 1,107 രൂപയാണ് അന്ന് ചെലവായിരുന്നത് ഇന്ന് 3,016 ആയി കൂടി.

ആളോഹരി വാർഷിക ആരോഗ്യച്ചെലവ് കേരളത്തിൽ ഇന്ത്യൻ ശരാശരിയുടെ ഇരട്ടിയിലധികമാണ് (പരിഷത്ത് കേരള പഠനം 2.0)
ആളോഹരി വാർഷിക ആരോഗ്യച്ചെലവ് കേരളത്തിൽ ഇന്ത്യൻ ശരാശരിയുടെ ഇരട്ടിയിലധികമാണ് (പരിഷത്ത് കേരള പഠനം 2.0)

ചികിത്സയ്ക്ക് വായ്പ എടുത്തിരുന്നവർ അന്ന് 12 ശതമാനമാണെങ്കിൽ ഇപ്പോൾ 10 ആണ്. ചെറിയ മാറ്റമാണെങ്കിലും അന്ന് ചികിത്സിക്കാൻ എടുത്തിരുന്ന വായ്പ ശരാശരി 34,642 രൂപയാണെങ്കിൽ ഇന്നത് രണ്ടര ലക്ഷത്തിനു മീതെയാണ്. അതായത് 2,90,00 രൂപയോളം ഉയർന്നു. ഇത് ചികിത്സമൂലം ദാരിദ്ര്യവൽകരണം നടക്കുന്നതിന്റെ സൂചന കൂടിയാണ്. അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ കഴിഞ്ഞ നവംബറിൽ സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.'

ദാരിദ്ര്യമളക്കാൻ ‘പോവർട്ടി ഹെഡ് കൗണ്ട് റേഷ്യോ' എന്ന ഫോർമുലയാണ് പരിഷത്ത് പഠനത്തിനുപയോഗിച്ചത്. അതിന്റെ കണക്കുകൾ പരിശോധിക്കുമ്പോൾ, പോവർട്ടി ഹെഡ് കൗണ്ട് റേഷ്യോ 2004-ൽ 22.6 ശതമാനം. ഇന്നത് 10.1 ശതമാനമായി കുറഞ്ഞു.

എന്നാൽ ഉള്ളവരും ഇല്ലാത്തവരും തമ്മിലെ സാമ്പത്തിക അസമത്വം, അതായത് Gini coefficient നേരത്തെ ഉള്ളതിനേക്കാൾ കൂടുതലായി; .42 എന്നത് .43 ആയി കൂടി. ഇത് കേരളത്തിൽ കുറക്കാനായിട്ടില്ല. ദരിദ്രജനവിഭാഗങ്ങളിലെ കൂടിയ രോഗനിരക്കും ചികിത്സാചെലവുകളും ഇതിനൊരു തടസ്സമായിട്ടുണ്ട്.

രോഗാതുരതയെക്കുറിച്ച് രണ്ടു റിപ്പോർട്ടുകളിലും എന്താണ് പറുന്നതെന്ന് പരിശോധിക്കാം. രണ്ടാഴ്ചയക്കുള്ളിൽ അസുഖത്തിന് മരുന്ന് കഴിച്ചിട്ടുണ്ടോ എന്ന് ചോദിച്ചതിൽ ആയിരം പേരിൽ 79 പേർക്ക് 2004 ലെ റിപ്പോർട്ടിൽ രോഗം ഉണ്ടെന്ന് കണ്ടെത്തിയതെങ്കിൽ ഇന്നത് 74 ആണ്. വലിയ വ്യത്യാസമില്ല. 7.9 ശതമാനത്തിൽനിന്ന് 7.4 ശതമാനമായി കുറഞ്ഞു. ചികിത്സാ ചെലവ് കുടൂമ്പോൾ ചെറിയ രോഗങ്ങൾക്ക് ചികിത്സ തേടാതിരിക്കലും ജനങ്ങളുടെ പൊതു സ്വഭാവമാണ്.

എന്നാൽ ഒരു തവണ ചികിത്സിക്കാൻ പോയതിന്റെ ചെലവ് അന്ന് 830 രൂപയായിന്നത് ഇന്ന് ശരാശരി 2,225 രൂപയായി കൂടി. കേരളത്തിൽ ആളോഹരി വാർഷിക ചികിത്സാചെലവ് 1,722 രൂപ എന്നത് (ഒരാൾക്ക് ചിക്തിസിക്കാനുള്ള ചെലവ്) 6,440 രൂപയായി കൂടി. 15 വർഷത്തിനിടയിൽ മൂന്നിരട്ടി വർധന. വ്യക്തികൾ സ്വന്തം കൈയിൽനിന്ന് ചികിത്സയ്ക്കായി പണം ചെലവാക്കുന്ന (out of pocket Expenditure) കണക്കാണിത്. സർക്കാർ ആശുപത്രികൾക്കും മരുന്നുകൾക്കും (Out-of-pocket) സർക്കാർ ഡോക്ടർമാർക്കുവേണ്ടി ഗവൺമെന്റ് ചെലവാക്കുന്നതുൾപ്പെടെ ചെലവ് വേറെയുമുണ്ട്.

വാർഷിക ചികിത്സാചെലവ് വർധിപ്പിക്കുന്ന പ്രധാന ഘടകം മരുന്നുവിലയാണ് (പരിഷത്ത് കേരള പഠനം 2.0).
വാർഷിക ചികിത്സാചെലവ് വർധിപ്പിക്കുന്ന പ്രധാന ഘടകം മരുന്നുവിലയാണ് (പരിഷത്ത് കേരള പഠനം 2.0).

പൊതുജനാരോഗ്യത്തിൽ നന്നായി ഇടപെടുന്ന സർക്കാരുകളാണെങ്കിൽ ശരിക്കും സർക്കാരിന്റെ കൈയിൽനിന്ന് കൂടുതലും വ്യക്തികളുടെ കൈയിൽനിന്ന് കുറവുമാണ് ചെലവ് വരേണ്ടിയിരുന്നത്. സർക്കാർ നേരിട്ട് രോഗികൾക്ക് ചെലവഴിക്കുന്നതിനുപുറമെ പല ഇൻഷൂറൻസ് പരിപാടികളുമുണ്ട്. കാരുണ്യ അഥവാ കാസ്പ്, പ്രധാനമന്ത്രി ആരോഗ്യ ഇൻഷൂറൻസ് എന്നീ പദ്ധതികളുണ്ടായിട്ടും രോഗികൾ സ്വന്തമായി ചെലവഴിക്കുന്ന തുകയുടെ കാര്യത്തിൽ 2004- ൽനിന്ന് 2019- ലെത്തുമ്പോൾ വലിയ കുറവ് കാണുന്നില്ല.

കുടുംബച്ചെലവിന്റെ എത്ര ശതമാനമാണ് ചികിത്സയ്ക്ക് ചെലവാക്കുന്നത് എന്ന ചോദ്യത്തിന് അന്ന് (2004 ൽ) 13.9 ശതമാനം എന്നത് 2019-ൽ 16.9 ശതമാനമായി കൂടി, മൂന്ന് ശതമാനത്തിന്റെ വർധന. ഇത് 10 ശതമാനത്തിൽ കൂടുതലാകുമ്പോൾ തന്നെ ആ സമൂഹം ദാരിദ്ര്യവൽക്കരിക്കപ്പെടാം.

15 വർഷത്തെ കാലദൈർഘ്യത്തിനിടയിൽ എന്തുമാത്രം മാറ്റവും വർധനവുമാണ് ഉണ്ടായിട്ടുള്ളത് എന്നാണ് ഈ പഠനങ്ങൾ തെളിയിക്കുന്നത്. രോഗാരുഗത അത്ര കൂടുന്നില്ലെങ്കിലും ആരോഗ്യസംരക്ഷണത്തിനായി ജനത സ്വമേധയാ ചെലവഴിക്കേണ്ടിവരുന്ന തുക ഓരോ വർഷം കഴിയുന്തോറും കൂടുന്നു എന്നാണ് ഇതിലൂടെ മനസ്സിലാക്കാൻ കഴിയുന്നത്.

2. കേന്ദ്ര സർക്കാർ രേഖകൾ പ്രകാരമുള്ള
ചികിത്സ ചെലവ്

സാർവത്രിക ആരോഗ്യപരിരക്ഷ എന്നതുകൊണ്ടുദ്ദേശിക്കുന്നത്, സേവനം ലഭിക്കുന്ന സമയത്ത് വ്യക്തിക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകാത്ത ആരോഗ്യവ്യവസ്ഥയാണ്.
ഇതിന് സർക്കറുകൾ ആരോഗ്യമേഖലയിൽ കൂടുതൽ വിഭവനിക്ഷേപം നടത്തുകയോ പൊതുമേഖലയിൽ ഇൻഷൂറൻസ് സംരക്ഷണം ഏർപ്പെടുത്തുകയോ വേണം.

  • ഏറ്റവും പുതിയ കേന്ദ്ര സർക്കാർ നാഷണൽ ഹെൽത്ത് അക്കൗണ്ട് കണക്ക് പ്രകാരം ഇന്ത്യയിൽ ഒരു വ്യക്തിക്ക് സർക്കാരും സ്വകാര്യമേഖലയും കൂടി ആകെ ചെലവഴിക്കുന്നത് ശരാശരി 6,602 രൂപയാണ്. (പ്രതിവർഷം- പ്രതിശീർഷം) എന്നാൽ കേരളത്തിലാകട്ടെ പ്രതിവർഷം പ്രതിശീർഷ ചെലവ് 13,343 രൂപയാണ്. ദേശീയശരാശരിയേക്കാളും ഇരട്ടിച്ചെലവാണ് കേരളത്തിൽ.
    ഇതിൽ സർക്കാറുകളുടെ ശരാശരി
    വിഹിതം ഇന്ത്യയിൽ 3169 രൂപയായിരിക്കുമ്പോൾ കേരളത്തിൽ 4338 രൂപയാണ്. ഇതിനർത്ഥം കേരളത്തിൽ സർക്കാറും വ്യക്തികളും ആരോഗ്യസേവനത്തിന് കൂടുതൽ തുക ചെലവിടുന്നുണ്ടെന്നാണ്. ഇതിലൂടെ, ആരോഗ്യസേവനങ്ങൾക്ക് മുന്തിയ പരിഗണനയുണ്ടെന്നും കൂടുതൽ ചെലവേറിയതാണന്നും സർക്കാർ ആരോഗ്യമേഖലയിൽ കൂടുതൽ മുതൽ മുടക്കുന്നുണ്ടെന്നും വിലയിരുത്താം.

    ആരോഗ്യസേവനങ്ങൾക്കായി വ്യക്തികൾ സ്വന്തം പണം ചെലവാക്കുന്നതിന്റെ (out of pocket) കണക്ക് പരിശോധിച്ചാൽ ഇന്ത്യൻ ശരാശരി 2600 രൂപയാകുമ്പോൾ, കേരളത്തിൽ 7889 രൂപയാണ്. ഇന്ത്യൻ ശരാശരി പ്രകാരം ചികിത്സാചെലവിന്റെ 39% മാത്രം വ്യക്തികൾ ചെലവാക്കേണ്ടിവരുമ്പോൾ കേരളത്തിൽ 59% ആണ്. കേരളത്തിൽ സർക്കാറിന് പുറമേ വ്യക്തികൾക്കും ആരോഗ്യസേവനങ്ങൾക്കായി കൂടുതൽ തുക ചെലവാക്കേണ്ടി വരുന്നുണ്ട്. ഇത് ശുഭകരമല്ല.

  • കേന്ദ്ര സർക്കാറിന്റെ തന്നെ ഏജൻസിയായ നാഷണൽ സാമ്പിൾ സർവ്വേ ഓർഗനൈനേഷന്റെ 2022- 23 വർഷത്തെ വാർഷിക റിപ്പോർട്ടനുസരിച്ച്, ഇന്ത്യയിൽ ആശുപത്രിയിൽ കിടത്തിചികിത്സക്ക് വിധേയമാകുന്ന ഒരു കുടുംബത്തിന് ഒരു വർഷം ശരാശരി 4709 രൂപ ചെലവാക്കപ്പെടുമ്പോൾ കേരളത്തിൽ ശരാശരി 19,499 രൂപയാണ്.
    തമിഴ്നാട്ടിൽ 5280 രൂപയും കർണാടകയിൽ 3998 രൂപയുമാണ്.
    ഒ.പി ചികിത്സയുടെ കണക്കെടുത്താൽ ഇന്ത്യയിലാകെ ഒരു കുടുംബത്തിന് പ്രതിമാസം ശരാശരി 572 രൂപയാകുമ്പോൾ കേരളത്തിൽ 1170 രൂപയാണ്. തമിഴ്നാട്ടിൽ 411 രൂപയും കർണ്ണാടകത്തിൽ 303 രൂപയുമാണ്.

ഇന്ത്യയിലെ ആകെ ജനങ്ങൾക്കായി മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ (ജി.ഡി.പി) ചികിത്സയ്ക്ക് ചെലഴിക്കുന്ന തുക ഒരാൾക്ക് ശരാശരി 3.83 ശതമാനം മാത്രമാണെങ്കിൽ കേരളത്തിലാകട്ടെ 5.2 ശതമാനമാണ്. ഇന്ത്യ ഒന്നാകെ നോക്കുമ്പോഴുള്ള ശരാശരി ആരോഗ്യചെലവ് ഏകദേശം 2.3 ശതമാനം അധികമാണ് കേരളത്തിലേത്.

ആധുനിക വൈദ്യമാണ് ബഹുഭൂരിപക്ഷവും ഉപയോഗിക്കുന്നത്. ഒന്നര പതിറ്റാണ്ടിനിടെ സർക്കാർ മേഖലയെ ആശ്രയിക്കുന്നവരുടെ എണ്ണം എല്ലാ സാമ്പത്തിക ​ഗ്രൂപ്പുകളിലും കൂടിയിട്ടുണ്ട്. EGI അതിദരിദ്രർ, EGII- ദരിദ്രർ, EGIII- താഴ്ന്ന ഇടത്തരക്കാർ, EGIV- ഉയർന്ന ഇടത്തരക്കാർ (കേരള പഠനം 2.0).
ആധുനിക വൈദ്യമാണ് ബഹുഭൂരിപക്ഷവും ഉപയോഗിക്കുന്നത്. ഒന്നര പതിറ്റാണ്ടിനിടെ സർക്കാർ മേഖലയെ ആശ്രയിക്കുന്നവരുടെ എണ്ണം എല്ലാ സാമ്പത്തിക ​ഗ്രൂപ്പുകളിലും കൂടിയിട്ടുണ്ട്. EGI അതിദരിദ്രർ, EGII- ദരിദ്രർ, EGIII- താഴ്ന്ന ഇടത്തരക്കാർ, EGIV- ഉയർന്ന ഇടത്തരക്കാർ (കേരള പഠനം 2.0).

കേരളത്തിലെ പകുതിയോളം (42 ലക്ഷത്തോളം) കുടുംബങ്ങൾ സർക്കാറുകളുടെ ഇൻഷൂറൻസ് പദ്ധതികളിൽ എൻറോൾ ചെയ്യപ്പെട്ടിട്ടും വ്യക്തികളുടെ കൈയ്യിൽ നിന്ന് ചെലവാകുന്ന ആരോഗ്യചെലവ് കൂടുകയാണ്. കൂടാതെ സർക്കാർ പ്രതിവർഷം ഇൻഷൂറൻസിനായി നീക്കിവെച്ച തുകയായ 800 കോടിയുടെ മൂന്നിരട്ടിയോളമാണ് ക്ലെയിം തുക (2000 കോടിയിലധികം). ഇതിനാൽ ആശുപത്രികൾക്ക് ബിൽ തുക നൽകാൻ സർക്കാർ ബുദ്ധിമുട്ടുന്നു, വർഷങ്ങൾ കാത്തിരുന്നിട്ടും ബിൽ തുക കിട്ടാത്തതിനാൽ പല എം പാനൽ ചെയ്ത സ്വകാര്യ ആശുപത്രികളും
ഈ സ്കീമുകളിൽ നിന്ന് പുറത്തുകടന്നിട്ടുണ്ട്.

ആരോഗ്യ ഇൻഷൂറൻസ് വികസിപ്പിക്കുന്നതിനുപരി സർക്കാർ ആശുപത്രികൾ വികസിപ്പിച്ച് സൗകര്യങ്ങൾ കൂട്ടി കൂടുതൽ ജനങ്ങൾക്ക് ഉപയോഗപ്രദമാക്കുകയാണ് പരിഹാരം.
ചുരുക്കിപ്പറഞ്ഞാൽ ചെറിയ ചെലവിൽ മെച്ചപ്പെട്ട ആരോഗ്യം നേടിയെന്ന് മുമ്പ് ഖ്യാതി നേടിയ കേരളം രോഗചികിത്സയിൽ ഏറ്റവും​ ​ചെലവ് കൂടിയ സ്ഥലമായിട്ടുണ്ട്.

രോഗമുണ്ടാകാൻ കാരണമായ സാമൂഹ്യ നിർണ്ണയ ഘടകങ്ങളെ അഭിസംബോധന ചെയ്താണ് മുൻപ് കേരളം ആരോഗ്യരംഗത്ത് മുന്നിലെത്തിയത്. അതിൽ രോഗപ്രതിരോധസംവിധാനങ്ങൾക്ക് മുൻഗണന നൽകിയിരുന്നു. ഇന്ന് അതൊക്കെ അവഗണിച്ച് വലിയ ചെലവിൽ രോഗചികിത്സയിൽ മാത്രമൂന്നിയ സമൂഹത്തിൽ, കുറച്ചുപേർക്ക് മാത്രം ചികിത്സ ലഭ്യമാകുന്ന തൃദ്വീയ ആശുപത്രികൾ സ്ഥാപിക്കുന്നതിനാണ് ബജറ്റിലെ മുൻഗണന.

സാമ്പത്തിക ഗ്രൂപ്പുകൾ: EGI അതിദരിദ്രർ, EGII- ദരിദ്രർ, EGIII- താഴ്ന്ന ഇടത്തരക്കാർ, EGIV- ഉയർന്ന ഇടത്തരക്കാർ (കേരള പഠനം 2.0)
സാമ്പത്തിക ഗ്രൂപ്പുകൾ: EGI അതിദരിദ്രർ, EGII- ദരിദ്രർ, EGIII- താഴ്ന്ന ഇടത്തരക്കാർ, EGIV- ഉയർന്ന ഇടത്തരക്കാർ (കേരള പഠനം 2.0)


റോഡിലെ അപകടമരണങ്ങൾ തടയാൻ പദ്ധതികളധികമില്ലെങ്കിലും ഇതു മൂലമുണ്ടാകുന്ന മരിച്ചവരുടെ അവയവമാറ്റങ്ങൾക്ക് അമിതപ്രാധാന്യമുണ്ടാകുന്നു.
കാൻസർ ചികിത്സാ ആശുപത്രികൾക്കൊപ്പം, കാൻസർ തടയാനുള്ള പദ്ധതികളും വേണം.
മൂന്നിലൊന്ന് കാൻസറുകൾ തടയാൻ പറ്റുന്നതാണ്.

വരുന്ന വർഷങ്ങളിൽ സംസ്ഥാനത്തെ ആശുപത്രികൾ കൂടുതൽ കോർപറേറ്റ് വത്കരിക്കാനാണ് സാധ്യത. ആരോഗ്യ ഇൻഷൂറൻസ് ഇതിന് പരവതാനി വിരിച്ചിരിക്കയാണ്. മാർക്കറ്റ് ഇക്കോണോമിയിൽ വിശ്വസിക്കുന്ന ജനതയുടെ മനസ്സിൽ, ആരോഗ്യവും വില കൊടുത്ത് വാങ്ങേണ്ട ചരക്കായി പരിണമിച്ചിട്ടുണ്ട്. അതിനാൽ ഭാവിയിൽ കേരളത്തിൽ പുതുതലമുറ രോഗങ്ങൾ കൂടിവരാനും രോഗചികിത്സമൂലം ആളുകൾ ദരിദ്രവത്കരിക്കപ്പെടാനും താഴെത്തട്ടിലുള്ള ജനങ്ങൾക്ക് ആരോഗ്യസേവനങ്ങൾ അന്യമായിത്തീരാനും സാധ്യതയുണ്ട്.
അതിനാൽ രാഷ്ട്രീയപാർട്ടികളുടെ അജണ്ടകളിലും തെരഞ്ഞെടുപ്പിലും സാർവ്വത്രിക ആരോഗ്യം മുഖ്യവിഷയമായി വരേണ്ടതുണ്ട്.

ഓരോ തവണയുള്ള ചികിത്സാചെലവും ആളോഹരി ചികിത്സാചെലവും എല്ലാ വിഭാഗങ്ങളിലും വർധിച്ചു. സാമ്പത്തിക ​ഗ്രൂപ്പുകൾ: EGI അതിദരിദ്രർ, EGII- ദരിദ്രർ, EGIII- താഴ്ന്ന ഇടത്തരക്കാർ, EGIV- ഉയർന്ന ഇടത്തരക്കാർ (കേരള പഠനം 2.0).
ഓരോ തവണയുള്ള ചികിത്സാചെലവും ആളോഹരി ചികിത്സാചെലവും എല്ലാ വിഭാഗങ്ങളിലും വർധിച്ചു. സാമ്പത്തിക ​ഗ്രൂപ്പുകൾ: EGI അതിദരിദ്രർ, EGII- ദരിദ്രർ, EGIII- താഴ്ന്ന ഇടത്തരക്കാർ, EGIV- ഉയർന്ന ഇടത്തരക്കാർ (കേരള പഠനം 2.0).

കേരളത്തിലെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ ചർച്ച ചെയ്യുന്ന ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 180 (2024 മെയ് 23) വീണ്ടും വായിക്കാം


Summary: If public health is handled well, the government should bear most medical costs. But in Kerala, people are paying more than in many other states. Why? – Dr. Jayakrishnan T Writes


ഡോ. ജയകൃഷ്ണൻ ടി.

വകുപ്പ് മേധാവി, കമ്യൂണിറ്റി മെഡിസിൻ വിഭാഗം, കോഴിക്കോട് കെ.എം. സി.ടി മെഡിക്കൽ കോളജ്.

Comments