വർഷങ്ങൾക്കുമുമ്പ്, കൃത്യമായി പറഞ്ഞാൽ 2017- ൽ കേരളത്തിലെ 15 വയസ്സിൽ താഴെയുള്ള എല്ലാവർക്കും സ്കൂളുകളിൽ വെച്ച് ക്യാമ്പടി സ്ഥാനത്തിൽ എം.ആർ വാക്സിൻ (MEASLES AND RUBELLA VACCINE) നൽകിയത് മുതിർന്നവർ അധിക പേരും മറന്നിട്ടുണ്ടാവില്ല. അന്ന് പല സ്ഥലങ്ങളിലും ഒരു വിഭാഗത്തിന്റെ എതിർപ്പിനെ തുടർന്ന് പോലീസ് സഹായത്തോടെയാണ് ആരോഗ്യ പ്രവർത്തകർക്ക് വാക്സിൻ നൽകാനായത്. അനുബന്ധ സംഘർഷങ്ങളും അറസ്റ്റുകളും മാധ്യമങ്ങളിൽ വാർത്തകളായിരുന്നു. 2017 ഒക്ടോബർ 3 ന് തുടങ്ങിയ വാക്സിൻ യജ്ഞം എതിർപ്പുകളെ മറികടന്ന് ഡിസംബറിൽ പൂർത്തിയാക്കുമ്പോൾ 70 ലക്ഷത്തിലധികം കുട്ടികൾക്ക് (95%) വാക്സിൻ്റെ അധിക ഡോസ് നൽകിയിരുന്നു എന്നാണ് വിവരം.
വാക്സിൻ നൽകാൻ വിട്ടുപോയ 5 വയസ്സിൽ താഴെയുള്ളവർക്ക് മുഴുവൻ ഇപ്പോൾ വാക്സിൻ നൽകണം. സ്കൂൾ പ്രവേശനത്തിന് ഇത് നിർബ്ബന്ധമാക്കണമെന്ന് മുമ്പ് നിർദ്ദേശമുയർന്നിരുന്നു.
മീസിൽസ്, റൂബെല്ല എന്നീ വൈറസ് രോഗങ്ങളെ നിർമ്മാർജ്ജനം ചെയ്യാനാണ് അന്ന് വാക്സിൻ നൽകിയത്. ഒരു ജനസമൂഹത്തിൽ 95%- ത്തിൽ കൂടുതൽ പേർക്ക് മീസിൽസ് രോഗത്തിനെതിരെ പ്രതിരോധശക്തി ഉണ്ടാകുകയാണെങ്കിൽ സാമൂഹ്യപ്രതിരോധം (‘ഹേർഡ് ഇമ്മ്യൂണിറ്റി’) എന്ന പ്രതിഭാസത്തെ തുടർന്ന്, അത്തരം ഇടങ്ങളിൽ പിന്നീട് രോഗം കൂടുതൽ പേരിൽ പടർന്ന് ‘ഔട്ട് ബ്രേയ്ക്കുകൾ’ ഉണ്ടാകാൻ സാധ്യതയില്ല എന്ന ശാസ്ത്രമാണ് ഇതിൻ്റെ അടിസ്ഥാനം.
ഈ രണ്ട് രോഗങ്ങൾക്കും സ്വാഭാവിക രോഗബാധയുണ്ടായിലൂടെയോ പ്രതിരോധ കുത്തിവെപ്പിലൂടെയോ മാത്രമാണ് ഒരു വ്യക്തിക്ക് രോഗപ്രതിരോധം ലഭിക്കുന്നത്. രോഗത്തെ തുടർന്ന് സങ്കീർണതകൾക്ക് സാധ്യതയുള്ളതിനാൽ വാക്സിൻ പ്രതിരോധമാണ് അഭികാമ്യം.

പക്ഷെ, ഹേർഡ് ഇമ്മ്യൂണിറ്റി പ്രതിരോധം സമൂഹത്തിൽ തുടർന്ന് നിലനിൽക്കണമെങ്കിൽ പിന്നീട് ഈ പ്രദേശത്ത് ജനിച്ചുവീഴുന്ന പ്രതിരോധ ശേഷി നേടാത്ത കുട്ടികൾ ഓരോരുത്തരും ആർജിത പ്രതിരോധ ശക്തി നേടേണ്ടതുണ്ട്. മുമ്പ് നടത്തിയ എം. ആർ ക്യാമ്പയിനുശേഷം എട്ടാം വർഷത്തിലേക്ക് കടക്കുകയാണ്. അതിനാൽ ഇപ്പോൾ എട്ടു വയസ്സിന് താഴെയുള്ളവരിൽ രോഗ പ്രതിരോധനില 95%- ലധികം ഉയർന്ന് നിൽക്കാൻ സാധ്യതയില്ല. കാരണം സാർവ്വത്രിക പ്രതിരോധ പരിപാടിയുടെ കീഴിൽ കുട്ടികൾക്ക് നൽകിവരുന്ന MR വാക്സിനുകളുടെ രണ്ടു ഡോസും (9-ാം മാസത്തിലും ഒന്നര വയസ്സിലും) എടുക്കുന്ന കുട്ടികൾ 90 %- ത്തിനും താഴെയാകാനാണ് സാധ്യത. ഇത് 95%- ത്തിന് മുകളിൽ തന്നെ നിലനിർത്തി സാമൂഹ്യ പ്രതിരോധത്തിൻ്റെ കോട്ട പണിയാൻ ഇതുവരെ നമുക്കായിട്ടില്ല. ഒരു വർഷം നാലു ലക്ഷത്തിനടുത്ത് കുട്ടികളാണ് കേരളത്തിൽ ജനിക്കുന്നത്. അവരുടെ 10 ശതമാനം 40,000 പേരാണ്. എട്ടു വർഷം തികയുമ്പോൾ ഇത് 40,000 x 8 = 3, 20,000 (3.2 ലക്ഷം) ആകും. ഇത്രയും കുട്ടികൾക്ക് മീസിൽസിനെതിരെ പ്രതിരോധമില്ലെങ്കിൽ ഇവർക്കിടയിൽ വീണ്ടും രോഗപ്പകർച്ചയുണ്ടാകാം. പ്രതിരോധ വിള്ളലുകളിലൂടെ മറ്റുള്ളവരിലേക്ക് പകരാനും സാധ്യതയുണ്ട്.
കേരളത്തിൽ ആരോഗ്യ വകുപ്പ് പുറത്തുവിട്ട രേഖകൾ പ്രകാരം രണ്ട് വയസ്സ് പൂർത്തിയായവരിൽ കഴിഞ്ഞ വർഷം 92% കുട്ടികൾക്കാണ് MR വാക്സിന്റെ ആദ്യ ഡോസ് ലഭിച്ചത്. രണ്ടാമത്തെ ഡോസ് 87% കുട്ടികൾക്കുമാണ്. അതായത് 8 % കുട്ടികൾക്ക് ഒരു ഡോസും കിട്ടിയിട്ടില്ല.
2024-ൽ കേരളത്തിൽ 526 മിസിൽസ് കേസ്സുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം മെയ് 14 വരെ 141- ഓളവും. മീസിൽസ് കേസുകളിൽ പലപ്പോഴും ചികിത്സക്കെത്തുന്ന ചെറിയ ശതമാനം മാത്രമാണ് സർക്കാർ ആശുപത്രികൾ വഴി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതിന് പ്രതിവിധിയായാണ് ഇപ്പോൾ അഞ്ചു വയസ്സിൽ താഴെ വാക്സിൻ നൽകാൻ വിട്ടുപോയ എല്ലാ കുട്ടികൾക്കും ആരോഗ്യവകുപ്പ് മെയ് 19 തൊട്ട് 31 വരെ സംസ്ഥാനത്ത് കാമ്പയിൻ നടത്തി MR വാക്സിനേഷൻ നൽകുന്നത്.
ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ മറ്റ് തെക്ക്- കിഴക്കേഷ്യൻ രാജ്യങ്ങൾക്കൊപ്പം 2026 ഡിസംബർ അവസാനത്തോടെ ഇന്ത്യയിൽ നിന്ന് മീസിൽസ്- റൂബല്ല നിർമാർജ്ജനം ചെയ്യാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഈ പ്രവർത്തനത്തിൻ്റെ ഉദ്ഘാടനം കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി. നഡ്ഡ കഴിഞ്ഞ ഏപ്രിൽ 24ന് നിർവ്വഹിച്ചിരുന്നു. ഇതിന് അനുബന്ധമായിട്ടാണ് കേരളത്തിലും MR വാക്സിൻ യജ്ഞം നടത്തുന്നത്. ഒമ്പതു മാസത്തിനും ഒരു വയസ്സിനുമിടയിൽ പ്രായമുള്ളവർക്ക് MR വാക്സിൻ്റെ ആദ്യ ഡോസും, 16 - 24 മാസം വരെ പ്രായമുള്ളവർക്ക് രണ്ടാമത്തെ ഡോസും നൽകാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. പല സ്ഥലങ്ങളിലും ആദ്യ ഡോസിനുശേഷം രണ്ടാമത്തെ ഡോസ് നൽകാതിരിക്കുന്ന പ്രവണതയുണ്ട് (വാക്സിൻ ഗ്യാപ്).
കേരളത്തിൽ ആരോഗ്യ വകുപ്പ് പുറത്തുവിട്ട രേഖകൾ പ്രകാരം രണ്ട് വയസ്സ് പൂർത്തിയായവരിൽ കഴിഞ്ഞ വർഷം 92% കുട്ടികൾക്കാണ് ആദ്യ ഡോസ് ലഭിച്ചത്. രണ്ടാമത്തെ ഡോസ് 87% കുട്ടികൾക്കു മാണ്. അതായത് 8 % കുട്ടികൾക്ക് ഒരു ഡോസും കിട്ടിയിട്ടില്ല. 5 % കുട്ടികൾക്ക് രണ്ടാം ഡോസ് നൽകപ്പെട്ടിട്ടില്ല. ചെറുപ്രായത്തിൽ നൽകുന്ന ആദ്യ ഡോസിനെക്കാളും കൂടുതൽ പ്രതികരണശേഷി / ഫലപ്രാപ്തി നൽകുന്നത് രണ്ടാമത്തെ ഡോസാണ് (യഥാക്രമം 85%: 95 %).

വാക്സിൻ നൽകാൻ വിട്ടുപോയ 5 വയസ്സിൽ താഴെയുള്ളവർക്ക് മുഴുവൻ ഇപ്പോൾ വാക്സിൻ നൽകണം. സ്കൂൾ പ്രവേശനത്തിന് ഇത് നിർബ്ബന്ധമാക്കണമെന്ന് മുമ്പ് നിർദ്ദേശമുയർന്നിരുന്നു. കൂടാതെ, മീസിൽസ് രോഗലക്ഷണം സംശയിക്കുന്ന കുട്ടികളുടെ വിവരങ്ങൾ രക്ഷിതാക്കൾ, അദ്ധ്യാപകർ തുടങ്ങിയവർ പ്രാദേശിക ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയും, രോഗം നിർണ്ണയിക്കപ്പെട്ട് കഴിഞ്ഞാൽ രോഗലക്ഷണങ്ങൾ മാറുന്നതുവരെ (5 ദിവസം) ഐസോലേറ്റ് ചെയ്ത്, മറ്റുള്ളവരിൽനിന്ന് മാറ്റിപ്പാർപ്പിക്കുകയും വേണം. ശ്വാസകണങ്ങൾ വഴി പകരുന്ന ഈ രോഗങ്ങൾ ആശുപത്രികളിൽ രോഗികളിൽനിന്ന് പടരാതിരിക്കാൻ വ്യക്തി സുരക്ഷാ നടപടികളും പാലിക്കണം. തുടർന്ന് സർക്കാരിന്റെയും ആരോഗ്യവകുപ്പിൻ്റെയും ആഭിമുഖ്യത്തിൽ ഇതുപോലുള്ള ‘ക്യാച്ച് അപ്പ്’ പ്രോഗ്രാമുകൾക്ക് തുടർച്ചയായി, ജനിച്ചുവീഴുന്ന കുട്ടികളിൽ 95%- ലധികം വാക്സിൻ നൽകാനുള്ള ‘കീപ്പ് അപ്പ്’ പ്രവർത്തനങ്ങളും നിശ്ചിത ഇടവേളകളിൽ നിശ്ചിത പ്രായത്തിലുള്ള കുട്ടികൾക്ക് മുഴുവൻ ‘ഫോളോഅപ്പ്’ വാക്സിൻ നൽകുന്ന പദ്ധതികളും ആസൂത്രണം ചെയ്ത് നടപ്പിലാക്കണം. കൂടാതെ മീസിൽസ് കേസുകളുടെ നിരന്തര സർവൈലൻസ്, നിയന്ത്രണ പ്രവർത്തനങ്ങളും ഉണ്ടായിരിക്കണം.
വാക്സിനേഷന് സംസ്ഥാനത്തെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളും പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്. അന്തർ സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലടക്കം മൊബൈൽ വാക്സിൻ ക്ലിനിക്കുകളും നടത്തുന്നുണ്ട്.
മുമ്പ് നടത്തിയ യജ്ഞത്തിൽ MR വാക്സിന് പാർശ്വ ഫലമില്ലെന്ന് തെളിയിക്കാൻ സുഹൃത്തായ ഒരു ലേഡി ഡോക്ടർക്ക് പൊതുസ്ഥലത്ത് ആളുകൾക്കിടയിൽ വെച്ച് വാക്സിൻ സിറിഞ്ചിൽ നിറച്ച് സ്വന്തം കൈത്തണ്ടയിൽ കുത്തിവെച്ച് അനുഭവസാക്ഷ്യം നൽകേണ്ടിവന്ന സംഭവമുണ്ടായിരുന്നു. ഇനി അത് വേണ്ടിവരില്ലെന്ന് കരുതാം.
