ഡിസംബർ 21ന് വൈകീട്ടുതൊട്ട് രാജ്യത്താകെയും സംസ്ഥാനത്തും മാധ്യമ കോലാഹലങ്ങളോടെ കോവിഡ് പരിഭ്രാന്തി തലപൊക്കിയിരിക്കുകയാണ്. ഒഡിഷയിലും ഗുജറാത്തിലും കോവിഡിന്റെ പുതിയ വകഭേദമായ ബി.എഫ്. 7 ജനിതകശ്രേണിയിൽപ്പെട്ട വൈറസിനെ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് അതീവ വ്യാപനശേഷിയുള്ളതാണെന്നുമുള്ള റിപ്പോർട്ടുകളെത്തുടർന്ന് കേന്ദ്ര സർക്കാറും ഇതിനനുബന്ധമായി കേരളത്തിലെ മുഖ്യമന്ത്രിയും പുറപ്പെടുവിച്ച ഉത്തരവുകളാണ് ഈ പരിഭ്രാന്തിക്കുകാരണം. അന്നു വൈകുന്നേരം തന്നെ സംസ്ഥാന കോവിഡ് റെസ്പോൺസ് ടീം യോഗം ചേർന്ന് മുഴുവൻ ജില്ലകളിലും കോവിഡ് ജാഗ്രതാ നിർദ്ദേശം നൽകുകയും ചെയ്തു.
ഇതനുസരിച്ച് ജില്ലകളിൽ കോവിഡ് ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തുന്നവരെ മുഴുവൻ മുമ്പത്തെപോലെ ടെസ്റ്റിന് വിധേയമാക്കാനും, പോസിറ്റീവ് ആയവരെ ഐസൊലേറ്റ് ചെയ്യാനും അവരിലെ സാമ്പിൾ ജനിതക ശ്രേണി വിശകലനത്തിന് അയച്ചു കൊടുക്കാനും, മുമ്പത്തെപോലെ മാസ്ക് ധരിച്ച് കോവിഡ് അപ്രോപ്രിയറ്റ് ബിഹേവിയർ പാലിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
പരിഭ്രാന്തിക്ക് മറ്റൊരു കാരണം ചൈനയിൽനിന്നുള്ള റിപ്പോർട്ടുകളാണ്. അവിടെ കോവിഡ് നിയന്ത്രണാതീതമായ തരംഗമായി പടർന്ന്, ആശുപത്രികൾ നിറഞ്ഞ്, മൃതദേഹങ്ങൾ സംസ്കരിക്കാനാകാതെ ശ്മശാനങ്ങളിൽ കാത്ത് കിടക്കുകയാണെന്ന് ചില പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ ചില രാജ്യങ്ങളിൽ കോവിഡ് കേസുകൾ വീണ്ടും കൂടി വരുന്നുമുണ്ട്. ഇതിനെ സംബന്ധിച്ച ചില വസ്തുതകൾ അന്വേഷിക്കാം.
ബി.എഫ് 7 എന്നത് കഴിഞ്ഞവർഷം തൊട്ട് ഇന്ത്യയിലാകെ രണ്ടാം തരംഗമായി വ്യാപിച്ച ഒമിക്രോൺ ബി.എ. 5 വകഭേദത്തിന്റെ ഒരു ഉപവകഭേദമാണ്. ഇത് ജൂലൈയിൽ തന്നെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ ഈ വകഭേദം കണ്ടെത്തിയ ഒഡിഷയിലും ഗുജറാത്തിലും ഇതേതുടർന്ന് വലിയ രോഗവ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമില്ല. രോഗവ്യാപനവും രോഗത്തിന്റെ ഗുരുതരാവസ്ഥയും കുറഞ്ഞുവന്നതിനെ തുടർന്ന് ഇന്ത്യയിലെ ജനറ്റിക്ക് പഠനങ്ങൾ മുമ്പത്തെ പോലെ കാര്യക്ഷമമായി നടത്താത്തതുകൊണ്ടായിരിക്കണം ഇപ്പോൾ പുതുതായി എത്തുന്ന വകഭേദങ്ങളെ തിരിച്ചറിയാൻ വൈകുന്നത് എന്നാണ് വിദഗ്ധർ പറയുന്നത്. കേന്ദ്ര സർക്കാർ രേഖകൾ പ്രകാരം ഡിസംബർ 19 ന് അവസാനിച്ച ആഴ്ചയിൽ രാജ്യത്താകെ ശരാശരി പ്രതിദിനം 158 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ മാസം 21-ാം തീയതി വരെ കേരളത്തിൽ 1431 കേസുകളും 40 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എവിടേയും ആശുപത്രികളിൽ കൂടുതലായി കോവിഡ് കേസുകൾ അഡ്മിറ്റ് ചെയ്യപ്പെട്ടതായി വിവരമില്ല. ജനങ്ങൾ മിക്കപേരും കോവിഡ് മുൻകരുതലുകൾ പാടെ മറന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്യുന്നു.
ചൈനയിൽ കോവിഡ് ഉത്ഭവിച്ചശേഷമുള്ള മൂന്നുവർഷത്തോളം "സീറോ കോവിഡ്' എന്ന സ്ട്രാറ്റജി പ്രഖ്യാപിച്ച് പാൻഡമിക്കിന്റെ ആദ്യ വർഷങ്ങളിൽ പാലിച്ചുപോന്നിരുന്ന കർശന നടപടികളും ടെസ്റ്റിങ്ങും, ക്വാറൻറയിനും, ഐസൊലേഷനും, ലോക്ക് ഡൗണും തുടരുകയായിരുന്നു. ജനങ്ങളുടെ പ്രക്ഷോഭത്തെ തുടർന്ന് ചൈനീസ് സർക്കാർ നിയന്ത്രണം പിൻവലിക്കുകയും ജനങ്ങൾ സ്വതന്ത്രരായി ഇടപെടാനും തുടങ്ങിയതോടെ വൈറസ് വ്യാപനം കൂടി. ഇതിന് ഒരു മാസം തികയുമ്പോൾ രോഗവ്യാപനം സ്വാഭാവികവും പ്രതീക്ഷിക്കാവുന്നതുമാണ്. കാരണം കഴിഞ്ഞ വർഷങ്ങളിൽ ചൈനയിലെ ജനങ്ങൾ മുഴുവനും അടച്ചിടലിന് വിധേയമായതിനാൽ അവരിൽ ഭൂരിഭാഗം പേർക്കും സ്വാഭാവിക വൈറസ് ബാധയുണ്ടായി ആർജിത പ്രതിരോധം കിട്ടിയിരിക്കാൻ സാധ്യതയില്ല. മാത്രമല്ല, ചൈനയിലെ ജനങ്ങളിൽ 90 ശതമാനത്തോളം രണ്ട് ഡോസ് വാക്സിനും 60% പേർ ബൂസ്റ്റർ സോസും എടുത്തവരാണെങ്കിലും ഈ വാക്സിനുകൾ മൃതകോശങ്ങൾ കൊണ്ടുള്ളതിനാൽ (Sinovac, Cansino) അധികനാൾ സുരക്ഷിതത്വം ലഭിക്കാനുള്ള സാധ്യതയുമില്ല. ലോകത്തിലെ മറ്റു രാജ്യങ്ങളിൽ ഉപയോഗിക്കപ്പെട്ട വാക്സിനുകൾക്കുപകരം ചൈനയിൽ തദ്ദേശീയ വാക്സിനുകളാണ് ഉപയോഗിക്കുന്നത്.
എപിഡിമിയോളജിസ്റ്റും ഹെൽത്ത് ഇക്കോണമിസ്റ്റുമായ എറിക് ഫീഗ്ൽ ഡിങ്ങിന്റെ ഉദ്ധരണികളാണ് പാശ്ചാത്യ മാധ്യമങ്ങൾ വാർത്തകൾക്ക് അവലംബമാക്കിയത്. അദ്ദേഹത്തിന്റെ പ്രവചനപ്രകാരം ചൈനയിൽ വൈറസിന്റെ പുതിയ വകഭേദം വന്നിട്ടുണ്ടെന്നും അടുത്ത മൂന്ന് മാസങ്ങൾക്കകം ജനസംഖ്യയുടെ 60% പേർക്കും രോഗം പിടിപെടുമെന്നും (ഇതുതന്നെ ലോക ജനസംഖ്യയുടെ 10% ആണ്) അതിനെ തുടർന്ന് ലക്ഷക്കണക്കിന് പേർ മരിക്കാൻ സാധ്യതയുണ്ടെന്നും അതിശയോക്തിയുടെ ഭാഷയിൽ പ്രചരിപ്പിച്ചിട്ടുണ്ട്. ഇത് അവിടെ മാത്രം ഒതുങ്ങിനിൽക്കില്ലെന്നും അദ്ദേഹം സൂചന നൽകിയിട്ടുമുണ്ട്.
ചൈനീസ് സർക്കാർ പുറത്തുവിട്ട കണക്കു പ്രകാരം ചൈനയിൽ 2019ൽ കോവിഡിന്റെ തുടക്കം മുതൽ ഇതുവരെ നാല് ലക്ഷത്തിലധികം പേരെ രോഗം ബാധിക്കുകയും ഇവരിൽ 5000 ത്തോളം പേർ മരിക്കുകയും ചെയ്തു. അവിടെ ഇപ്പോൾ രോഗബാധ ഉയർന്ന് പ്രതിദിനം ശരാശരി മൂവായിരത്തോളം പേർക്ക് രോഗബാധ ഉണ്ടാകുന്നുണ്ട്. ഇതേ അവസരത്തിൽ ഇന്ത്യയിൽ ഇതുവരെ നാലു കോടിയിൽ പരം പേരെ കോവിഡ് ബാധിക്കുകയും അഞ്ചു ലക്ഷത്തിനടുത്ത് ആളുകൾ മരിക്കുകയും ചെയ്തിട്ടുണ്ട്. ഡിസംബറിൽ മൂന്നാഴ്ചക്കിടയിൽ 3600 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.
3. ലോകാരോഗ്യ സംഘടന ഡിസംബർ 19 ന് പുറത്ത് വിട്ട വീക്കിലി എപിഡിമിയോളജി ബുള്ളറ്റിൻ ( Weekly Epidemiological Report) രേഖകൾ പ്രകാരം, ഇന്ത്യയിലെ 3600 കേസുകളടക്കം ലോകരാജ്യങ്ങളിലാകെ 11 മില്യൻ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ വൈറസ് ബാധയിലെ വർധനവ് കാണിക്കുന്നത് ആഫ്രിക്കക്ക് പുറത്തുള്ള മറ്റ് ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങളിലാണ്. രോഗികളുടെ കണക്കെടുത്താൽ ജപ്പാൻ- 2.58 മില്യൻ, കൊറിയ- 1.23 മില്യൻ, അമേരിക്ക- 1.19 മില്യൻ, ഫ്രാൻസ്, ബ്രസീൽ എന്നിവടങ്ങളിൽ ഒരു മില്യനടുത്ത് ആണ്. കോവിഡ് മരണങ്ങളുടെ കണക്കെടുത്താൽ അമേരിക്ക - 7500, ജപ്പാൻ - 4000, ബ്രസീൽ - 2600 എന്നീ രാജ്യങ്ങളാണ് മുന്നിൽ.
രണ്ട് ഡോസ് വാക്സിൻ ലഭിച്ചവരുടെ കണക്കെടുത്താൽ ജപ്പാനിൽ 83%, കൊറിയയിൽ 86%, അമേരിക്ക 69%, ബ്രസിൽ 81%, ഇന്ത്യ 67% ആണ്. ചൈനയിൽ 89% പേർക്ക് രണ്ട് ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്. മൂന്നിൽ കൂടുതൽ ഡോസ് ലഭ്യമായവരുടെ കണക്കെടുത്താൽ 100 പേരിൽ കൊറിയയിൽ 80 പേരും ഇന്ത്യയിൽ 16 % പേരും അമേരിക്കയിൽ 34 % പേരും വാക്സിൻ എടുത്തിട്ടുണ്ട്. വളരെ കുറച്ച് ശതമാനം പേർക്ക് മാത്രം വാക്സിൻ ലഭ്യമായ ആഫ്രിക്കക്ക് പുറമെയുള്ള രാജ്യങ്ങളിലാണ് ഇപ്പോൾ രോഗവ്യാപനം നടക്കുന്നത്. വാക്സിൻ എടുത്തവരിൽ രോഗവ്യാപനമുണ്ടായാലും രോഗത്തിന്റെ തീവ്രത കുറയാനാണ് സാധ്യത.
കഴിഞ്ഞ ഒരു മാസത്തിനിടയിൽ ലോകത്താകെ ജനിറ്റിക്ക് സ്വീക്കൻസ് ചെയ്ത ഒരു ലക്ഷത്തിലധികം സാമ്പിളുകളിൽ 97.7 % വും ഒമിക്രോൺ വകഭേദമാണ്. ഇതിൽ 68.4 % വും BA-5 ഗ്രൂപ്പിൽപ്പെട്ടവയാണ്. ഇപ്പോൾ ചൈനയിൽ വ്യാപിക്കുന്നതും ഇന്ത്യയിൽ കണ്ടെത്തിയതും നടപടികൾ സ്വീകരിക്കാൻ ആരംഭിച്ചതും ഒമിക്രോൺ BA - 5 ന്റെ തന്നെ ഉപജാതിയായ BF – 7 ആണ്. 2021 നവംബറിൽ ആഫ്രിക്കയിൽ ആദ്യമായി കണ്ടെത്തപ്പെട്ട ഒമിക്രോൺ, വാക്സിനേഷൻ നിരക്ക് കുറഞ്ഞ അവിടത്തെ രാജ്യങ്ങളിൽ വലുതായി വ്യാപിക്കാത്തത് അതിശയകരമാണ്.
പുതിയ ബി.എഫ് 7 വേരിയന്റിന് മറ്റ് ഉപജാതികളെ അപേക്ഷിച്ച് വ്യാപനശേഷി കൂടുതലാണ്. ഇത് ഒരാളിൽ നിന്ന് 10 തൊട്ട് 18 പേരിലേക്ക് വരെ പകരാം (Basic reproduction rate- R0=100-18 ). ഇവക്കുമുമ്പ് വാക്സിൻ മൂലമോ, വൈറസ് ബാധയെ തുടർന്നോ ഉണ്ടായ ഇമ്മ്യൂണിറ്റി അതിജീവിക്കാനുള്ള കഴിവുമുണ്ട്. പക്ഷെ രോഗതീവ്രത കുറവായി മാത്രം ഉണ്ടാകുന്നതായിട്ടാണ് ഇതുവരെയുള്ള അനുഭവങ്ങൾ.
ഇന്ത്യ കോവിഡ്ബാധയുടെ മൂന്ന് തരംഗങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. അതുവഴി ജനങ്ങളിൽ ഭൂരിഭാഗത്തിനും ഒന്നോ, രണ്ടോ തവണ കോവിഡ് വൈറസ് ബാധ ലക്ഷണങ്ങളോടെയോ അല്ലാതെയോ ഉണ്ടായിട്ടുമുണ്ട്. ഇതിനുപുറമേ നല്ലൊരു ശതമാനം പേരും രണ്ട് ഡോസ് വാക്സിൻ എടുത്തിട്ടുമുണ്ട്. അതിനാൽ ഉയർന്ന ഹൈബ്രിഡ് ഇമ്മ്യൂണിറ്റി ഉണ്ടായിട്ടുണ്ട്. നിലവിലുള്ള വാക്സിനേഷൻ വൈറസ്ബാധ തടയില്ലെങ്കിലും രോഗത്തിന്റെ തീവ്രത കുറക്കുമെന്ന് തെളിയിക്കപ്പെട്ടതാണ്. കോവിഡ് ഇവിടെ "എൻഡമിക്ക്' ആയി സ്ഥിരമായ അവസ്ഥയിലാണ്. ഭാവിയിൽ ഈ വൈറസും ഇവിടം വിട്ട് പോകാതെ നമ്മളുടെ കൂടെത്തന്നെയുണ്ടാകും. അത് ഉള്ളിടത്തോളം കാലം മ്യൂട്ടേഷനുകൾ സംഭവിച്ച് പല സ്ഥലങ്ങളിലും ഔട്ട് ബ്രേയ്ക്കുകൾ ഉണ്ടാക്കിക്കൊണ്ടിരിക്കും. അതിനാൽ രോഗപകർച്ചയുടെ സാഹചര്യത്തിനനുസരിച്ച് കോവിഡ് അപ്രോപ്രിയേറ്റ് ബിഹേവിയറുകൾ പാലിക്കുക. പ്രായമായവരും റിസ്ക് കാറ്റഗറികളിൽ പെട്ടവരും പ്രത്യേകം ശ്രദ്ധിക്കണം. ഏതെങ്കിലും പ്രദേശങ്ങളിൽ രോഗപകർച്ച ക്ലസ്റ്ററുകൾ ആയി ഉണ്ടാകുമ്പോൾ സാമ്പിളുകൾ ജനിതക സ്വീക്വൻസ് പരിശോധിച്ച് രൂപദേദം വേഗം തിരിച്ചറിഞ്ഞ് നടപടികൾ എടുക്കേണ്ടിവരും.
മേൽപ്പറഞ്ഞ വസ്തുക്കളുടെ അടിസ്ഥാനത്തിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ബി എഫ്- 7 ന്റെ പേരിൽ പരിഭ്രാന്തി ആവശ്യമില്ല, കരുതലെടുക്കുകയും വേണം. ഇപ്പോഴത്തെ പരിഭ്രാന്തിയുടെ പേരിൽ അമിത നിയന്ത്രണം ആവശ്യമില്ല.
കരുതൽ നിർദ്ദേശങ്ങൾ പുറത്തുവന്ന് രണ്ട് ദിവസങ്ങൾക്കുള്ളിൽ സെൻറ് ലൂയിസ് വാഷിങ്ങ്ടൺ യൂണിവേഴ്സിറ്റിയുടെ സാങ്കേതിക സഹായത്തോടെയും കേന്ദ്ര സർക്കാറിന്റെ സാമ്പത്തിക സഹായത്തോടെയും ഇന്ത്യയിലെ ഭാരത് ബയോടെക്ക് ഔഷധകമ്പനി വികസിപ്പിച്ച, കോവിഡ് വാക്സിൻ (iNCOVACC) ഇന്ത്യയിലെ സ്വകാര്യ മാർക്കറ്റിൽ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. അടിയന്തിര അവസ്ഥകളിൽ മൂന്നാമത്തെ ഡോസായി ഉപയോഗിക്കാൻ സർക്കാർ അനുമതി ലഭിച്ച ഈ വാക്സിൻ മൂക്കിലൂടെ നൽകാവുന്ന ലോകത്തിലെ ആദ്യ വാക്സിൻ കൂടിയാണ്. "കോവിൻ ആപ്' വഴി ആവശ്യക്കാർക്ക് ഇത് ലഭ്യമാക്കാവുന്നതാണ്. അതിജീവന സാഹചര്യങ്ങൾക്കനുസരിച്ച് വൈറസുകളുടെ മ്യൂട്ടേഷനുകൾ കൃത്യതയോടെ നിരീക്ഷിച്ച് നമുക്ക് പ്രതിരോധ നടപടികളുമായി കരുതിയിരിക്കാം.
കോവിഡിന്റെ കാര്യത്തിൽ ബയോ മെഡിക്കൽ കാഴ്ചപ്പാടിനുമപ്പുറം അന്തർദേശീയവും, പ്രാദേശികവുമായ ജിയോ - പൊളിറ്റിക്സും, ഇക്കണോമിക്‌സും വിശകലനം ചെയ്യേണ്ടതുണ്ട്. കോവിഡിന്റെ ആരംഭത്തിൽ 2020 ഏപ്രിലിൽ തന്നെ, പാൻഡമിക്കുമായി ബന്ധപ്പെട്ട്പാലിക്കേണ്ട മനുഷ്യാവകാശങ്ങളെക്കുറിച്ച് യു.എൻ രേഖ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭരണാധികാരികൾ രാഷ്ട്രീയനേട്ടം മുന്നിൽ കണ്ട് രോഗനിയന്ത്രണത്തിന്റെ പേരിൽ അധികാരമുപയോഗിച്ച് ജനങ്ങളുടെ ആശയ പ്രചാരണത്തിനുള്ള അവകാശങ്ങൾ നിഷേധിക്കുന്നതും സഞ്ചാര നിയന്ത്രണം നടത്തുന്നതും ശ്രദ്ധിക്കണമെന്ന് പറയുന്നുണ്ട്. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ രാജ്യതാൽപര്യം മുൻനിർത്തി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നിർത്തിവക്കാൻ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മാണ്ഡവ്യ ആവശ്യപ്പെട്ടത് ഇതുമായി ചേർത്തുവായിക്കാം.