മെഡി. കോളേജിലെ മരണം: മാധ്യമ കുത്തിവെപ്പിൽ മരിച്ചുപോകുന്ന സത്യങ്ങൾ

കോഴിക്കോട്​ മെഡിക്കൽ കോളേജാശുപത്രിയിൽ സ്​ത്രീ മരിച്ചത്​ മരുന്ന്​ മാറി കുത്തിവെച്ചതുമൂലമല്ലെന്ന്​ പോസ്​റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയെങ്കിലും, മാധ്യമങ്ങളിൽ വിവാദം തുടരുകയാണ്​. രോഗിയുടെ ബന്ധുക്കളുടെ വികാരപരമായ വ്യാഖ്യാനങ്ങൾ വസ്തുനിഷ്​ഠ സത്യങ്ങളെന്ന രീതിയിൽ വ്യാഖ്യാനിച്ച് ജനങ്ങളുടെ വിശ്വാസം തകർക്കുന്നതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന്​ എപ്പിഡെമിയോളജി വിദഗ്​ധനും കെ. എം. സി. ടി. മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയും​ പ്രൊഫസറുമായ ഡോ. ജയകൃഷ്​ണൻ ടി.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരു രോഗി ഇഞ്ചക്ഷൻ നൽകിയതിനെ തുടർന്ന് മരിച്ചു. ദുഃഖകരമായ ഈ സംഭവത്തിന്റെ വിവിധ വ്യാഖ്യാനങ്ങളാണ്​ മാധ്യമങ്ങളിൽ വരുന്നത്. പോസ്റ്റ്‍മാർട്ടത്തിനുമുമ്പുതന്നെ ഈ വ്യാഖ്യാനങ്ങൾ കാട്ടുതീപോലെ പ്രചരിച്ചിരുന്നു. നേഴ്‌സുമാരുടെ അശ്രദ്ധ മൂലം കുത്തിവെച്ച മരുന്ന് മാറിപ്പോയതാണെന്നായിരുന്നു ഒരു വാർത്ത. മെഡിക്കൽ കോളേജാശുപത്രിയിൽനിന്ന് നൽകിയ ക്രിസ്​റ്റലൈൻ പെനിസിലിൻ ഇവിടെ വിതരണം ചെയ്യുന്ന കമ്പനി, ഇപ്പോഴൊന്നും ഇവിടെ നൽകിയിട്ടില്ലെന്നും മറിച്ച് നൽകിയത് ബെൻസൻ പെനിസിലിൻ എന്ന മരുന്നാണെന്നും ഏറ്റവും പ്രചാരമുള്ള പത്രത്തിലെ സ്വന്തം ലേഖകനും മരുന്നിൽ ദുരുഹത ചേർത്ത് റിപ്പോർട്ട് ചെയ്തിരുന്നു. (ഇത് രണ്ടും ഒരു മരുന്നിന്റെ തന്നെ പേരുകളാണ്​ എന്നതാണ്​ യാഥാർഥ്യം).

മരണത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ട് അടുത്ത ദിവസം തന്നെ അധികൃതർ പ്രസിദ്ധീകരിച്ചു. പെനിസിലിൻ കുത്തിവെപ്പിനെ തുടർന്നുണ്ടായ ഗുരുതരമായ അലർജി അഥവാ "അനാഫൈലാക്‌സിസ്' ആണ്​ മരണകാരണമെന്ന്​ സ്ഥിരികരിച്ചിട്ടുണ്ട്.

രോഗിയുടെ മരണം ബന്ധുക്കളെ മാത്രമല്ല, ഏവരെയും ഒരുപോലെ ദുഃഖിപ്പിക്കുന്നതാണ്. ആരും ബോധപൂർവ്വം മരണം ആഗ്രഹിക്കുന്നില്ല. ആരോഗ്യ പ്രവർത്തകർ രാപ്പകൽ രോഗികളെ മരണത്തിന്റെ പിടിയിൽനിന്ന് ജീവിതത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നവരാണ്. പക്ഷേ, ആശുപത്രിയിൽ സംഭവിച്ച മരണവാർത്ത കേട്ടയുടൻ, യാഥാർത്ഥ്യമറിയാൻ ശ്രമിക്കാതെ, ബന്ധുക്കളുടെ വികാരപരമായ വ്യാഖ്യാനങ്ങൾ വസ്തുനിഷ്​ഠ സത്യങ്ങളെന്ന രീതിയിൽ വ്യാഖ്യാനിച്ച് ജനങ്ങളുടെ വിശ്വാസം തകർക്കുന്നതിന്റെ പ്രത്യാഘാതം ഗുരുതരവും ദീർഘകാലം നിലനിൽക്കുന്നതുമായിരിക്കും. മാത്രമല്ല, വർഷങ്ങളായി വടക്കൻ കേരളത്തിലെ അനേക ജില്ലകളിലെ സാധാരണ ജനങ്ങളുടെ ആശ്രയകേന്ദ്രമായ കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിനേയും ജീവനക്കാരെയും പ്രതിക്കൂട്ടിൽ നിർത്തുന്നത്, മരുന്നുകളോടും ആശുപത്രികളോടും ജനങ്ങൾക്കിടയിൽ വിശ്വാസക്കുറവുണ്ടാക്കാനും ഇടയാക്കും.

കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ്   / Photo: Wikipedia
കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് / Photo: Wikipedia

എന്താണ്​ സംഭവിച്ചത്​?

ഈ പാശ്ചാത്തലത്തിൽ പെനിസിലിൻ മരുന്നിനെക്കുറിച്ചും അതുണ്ടാക്കാവുന്ന "അനാഫൈലാക്‌സിസ്' എന്ന അവസ്​ഥയെക്കുറിച്ചും ചില വസ്​തുതകൾ:

ഔഷധങ്ങളിലെ റാണി (queen of medicine) എന്നറിയപ്പെടുന്ന പെനിസിലിൻ ആണ് മനുഷ്യചരിത്രത്തിൽ ഏറ്റവും ആദ്യം കണ്ടുപിടിക്കപ്പെട്ട ആൻറിബയോട്ടിക്ക് ഔഷധം. ഇതിന്റെ കണ്ടുപിടുത്തവും ആകസ്മികമായിരുന്നു. സ്‌കോട്ട്‌ലാൻറുകാരനായ ഡോ. അലക്‌സാണ്ടർ ഫ്ലെമിങ് രണ്ടാഴ്ചത്തെ വെക്കേഷൻ കഴിഞ്ഞ് ലബോറട്ടറിയിൽ തിരിച്ചെത്തിയപ്പോൾ പെട്രിഡിഷുകളിൽ വളരുന്ന ബാക്ടീരിയകളുടെ കൾച്ചറുകളിൽ ചിലത്​ നശിക്കപ്പെട്ടതായും അത് ഒരുതരം ഫംഗസ് ബാധ മൂലമാണെന്നും കണ്ടെത്തി. അതുകൊണ്ട്​, പെനിസീലിയം വർഗത്തിൽപ്പെട്ട ഈ ഫംഗസുകളെ, ബാക്ടീരിയകളെ നശിപ്പിക്കാൻ ഉപയോഗിക്കാമെന്നും​ അദ്ദേഹം കണ്ടെത്തി. 1928 സപ്തംബർ മൂന്നിനായിരുന്നു ഈ കണ്ടെത്തൽ. സപ്തംബർ 28 ന് ഫ്ലെമിങ് വീണ്ടും പരീക്ഷണത്തിലൂടെ ഇത് തെളിയിച്ചു. പിന്നീട് 14 വർഷം കഴിഞ്ഞ്, 1942 ലാണ്​, ഹാരി ലാബർട്ട് എന്ന മസ്തിഷ്‌ക ജ്വര രോഗിയിൽ ഇത് ആദ്യമായി ചികിത്സക്ക്​ ഉപയോഗിച്ചത്. പിന്നീട് വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങി.

പെനിസിലിൻ കണ്ടുപിടിച്ചതിന് അലക്‌സാണ്ടർ ഫ്ലെമിങ്ങിന് 1945 ൽ വൈദ്യശാസ്ത്രത്തിലെ നോബൽ സമ്മാനം ലഭിച്ചു. ഇതിനുശേഷം പെനിസിലിൻ ഗ്രൂപ്പിൽപ്പെട്ട ബീറ്റാ ലാക്ടിം (Beta lactim) ഗ്രൂപ്പിൽ തന്നെ പതിനഞ്ചിലധികം സംയുക്തങ്ങൾ കണ്ടുപിടിച്ച് ഉപയോഗിച്ചുവരുന്നുണ്ട്. ഇപ്പോൾ സാധാരണയായി ചികിത്സക്കുപയോഗിക്കുന്ന ആംബിസിലിൻ, അമോക്‌സിലിൻ, സെഫാലോ സ്‌പോറിൻ, കാർബ പെനം ഇവയൊക്കെ പെനിസിലിൻ കുടുംബത്തിൽ നിന്നുള്ള ആൻറിബയോട്ടിക്കുകളാണ്. ചികിത്സയിൽ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ആൻറിബയോട്ടിക്ക് മരുന്നും പെനിസിലിലാണ്.

ന്യുമോണിയ, ഗൊണേറിയ, സിഫിലിസ്, മെനിഞ്ചൈറ്റിസ്, എലിപ്പനി അടക്കമുളള ബാക്ടീരിയ രോഗങ്ങൾ നിയന്ത്രിച്ച് നിർത്താനാകുന്നതും അനേകം പേർ മരണത്തിൽനിന്ന് കരകയറുന്നതും പെനിസിലിൻ ഉപയോഗം മൂലമാണ്. ശ്വാസകോശ രോഗങ്ങൾക്കും തലച്ചോറു തൊട്ട് മുറിവുകളിലെ ഇൻഫെക്ഷൻ നിയന്ത്രിക്കാനും നൽകുന്നത് ഈ ഗ്രൂപ്പിലെ ഏതെങ്കിലും മരുന്നായിരിക്കും. ഉയർന്ന ഫലപ്രാപ്തിക്കുപുറമേ മറ്റ് ആന്റിബയോട്ടിക്കുകളെ അപേക്ഷിച്ച് വിലക്കുറവും ഈ മരുന്നുകളുടെ ഉപയോഗം കൂട്ടുന്നു.

അലക്‌സാണ്ടർ ഫ്ലെമിങ് തന്റെ ലബോറട്ടറിയിൽ  / Photo: Wikipedia
അലക്‌സാണ്ടർ ഫ്ലെമിങ് തന്റെ ലബോറട്ടറിയിൽ / Photo: Wikipedia

പക്ഷേ ഇത്രയും ഫലപ്രദമായ പെനിസിലിൻ ഔഷധങ്ങൾ ചിലരിൽ അലർജി റിയാക്ഷൻസ് ഉണ്ടാക്കും എന്ന പോരായ്മയുണ്ട്, എങ്കിലും പകരം വെയ്ക്കാൻ ഇത്ര ഫലപ്രദമായതും ചെലവ് അധികമില്ലാത്തതുമായ മരുന്ന്​ ലഭ്യമല്ലാത്തതിനാൽ ലോകവ്യാപകമായി പെനിസിലിൻ ഗ്രൂപ്പിലെ മരുന്നുകളാണ് ഡോക്ടർമാർ ഉപയോഗിക്കുന്നത്. കേരളത്തിൽ വ്യാപകമായ മാരകരോഗമായ എലിപ്പനി രോഗികൾക്ക്​ ആശുപത്രികളിൽ നൽകാൻ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളതും ക്രിസ്റ്റലൈൻ പെനിസിലിൻ കുത്തിവെപ്പാണ്​. മെഡിക്കൽ കോളേജിൽ മരിച്ച രോഗിക്കും ഡോക്ടർമാർ എലിപ്പനി സംശയിച്ചിരുന്നു.

പെനിസിലിൻ ഔഷധങ്ങൾ മൂലമുണ്ടാകുന്ന അലർജിക്ക് ടൈപ് 1, ടൈപ് 4 എന്നിങ്ങനെ രണ്ടു തരം റിയാക്ഷൻസുണ്ട്​. ഇതിൽ ടൈപ് 1 ഗുരുതരവും ഇമ്യൂണോ ഗ്ലോബുലിൻ ജി (Immunoglobulin G- IgG) പ്രവർത്തനം മൂലം മരുന്നു നൽകി മിനുട്ടുകൾക്കുള്ളിൽ, പരമാവധി ഒരു മണിക്കൂറിനുള്ളിൽ തന്നെ, ഉണ്ടാകുന്നതുമാണ്. "അനാഫൈലാക്‌സിസ്' എന്നറിയപ്പെടുന്ന ഇതിന്റെ ലക്ഷണങ്ങൾ ശരീരം ചൊറിച്ചിലോടെ തിണർത്തു പൊങ്ങുക (Urticaria), ശ്വാസകോശം ചുരുങ്ങി ശ്വാസംമുട്ടലുണ്ടാകുക, വായയിലും തൊണ്ടയിലും വീക്കം (oedema), ഹൃദയമിടിപ്പ് വർദ്ധിക്കുക, രക്തസമ്മർദ്ദം കുറയുക എന്നിവയാണ്​. ഒടുവിൽ മരണസാധ്യതയുമുണ്ട്​. സാധാരണ ഉയർന്ന ഡോസ് മരുന്ന് ഇഞ്ചക്ഷനായി നൽകുമ്പോഴാണ് ഇങ്ങനെ സംഭവിക്കാറ്​.

ഔഷധങ്ങളിലെ റാണി (queen of medicinse) എന്നറിയപ്പെടുന്ന പെനിസിലിൻ ആണ് മനുഷ്യചരിത്രത്തിൽ ഏറ്റവും ആദ്യം കണ്ടു പിടിക്കപ്പെട്ട ആന്റിബയോട്ടിക്ക് ഔഷധം.
ഔഷധങ്ങളിലെ റാണി (queen of medicinse) എന്നറിയപ്പെടുന്ന പെനിസിലിൻ ആണ് മനുഷ്യചരിത്രത്തിൽ ഏറ്റവും ആദ്യം കണ്ടു പിടിക്കപ്പെട്ട ആന്റിബയോട്ടിക്ക് ഔഷധം.

ടൈപ് 4 ഗുരുതരമല്ലാത്തതും ആദ്യമായി മരുന്നു നൽകി ഒരാഴ്ചക്കുശേഷമോ, ഒന്നോ രണ്ടോ ദിവസത്തിനകം തന്നെ ഉണ്ടാകുന്നതോ ആണ്​. കൂടുതലും രണ്ടാമത്തെ തരത്തിൽപ്പെട്ട ടൈപ്പ് 4 റിയാക്ഷൻസാണ്​ കണ്ടുവരുന്നത്. കഴിച്ച മരുന്നുകൾ പിൻവലിക്കുന്നതോടെ ഇതിന്റെ ലക്ഷണങ്ങളും അപ്രത്യക്ഷമാകും. ഇത് രണ്ടും മുൻകൂട്ടി കണ്ടുപിടിക്കാൻ പറ്റുന്നതുമല്ല. ശരീരത്തിൽ ചൊറിച്ചിൽ, പനി, സന്ധിവേദന എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. പൊതുവെ 10 % ത്തോളം പേരിൽ ഇത്തരം പെനിസിലിൻ അലർജിയുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇവരിൽ തന്നെ 80- 90 % വരെ ശരിയായ അലർജിയല്ല. വർഷംതോറും ഇവരിലെ 10 % പേരിൽ അലർജി മാറി വന്ന്, പത്തുവർഷം കഴിയുമ്പോൾ ഇവരിലാരും അലർജിയുള്ളവർ ഉണ്ടാകാത്ത അവസ്​ഥയിലെത്തും എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

യഥാർത്ഥത്തിൽ പെനിസിലിന്റെ ഏതെങ്കിലും തരത്തിലുള്ള അലർജിയുള്ളവർ ഒരു ശതമാനം അഥവ, 100 പേരിൽ ഒരാൾ മാത്രമേ ഉണ്ടാകൂ. യു.കെയിൽ 30 ലക്ഷം പേരെ പരിശോധിച്ചപ്പോൾ 0.18% പേരിൽ മാത്രമാണ് പെനിസിലിൽ അലർജി കണ്ടത്, ഇത് മുൻകൂട്ടി കണ്ടുപിടിക്കാൻ സാധ്യമല്ലാത്തതിനാൽ ഡോക്ടർമാർ പരിശോധന കഴിഞ്ഞ് മരുന്ന് കുറിക്കുന്നതിനുമുമ്പ് രോഗിയോട് മുമ്പ് കഴിച്ച ഏതെങ്കിലും മരുന്നുകൾക്ക് അലർജി ഉണ്ടായ ചരിത്രം ആരായേണ്ടതും, രോഗി ഡോക്ടറോട് ഇക്കാര്യം പറയേണ്ടതുമാണ്. മറ്റ് മരുന്നുകൾക്ക് അലർജി ഉള്ളവർക്ക് പെനിസിലിൻ അലർജി ഉണ്ടാകാനും സാധ്യതയുണ്ട് (cross reaction).

നമുക്കിടയിൽ, 10,000 പേരിൽ രണ്ടു തൊട്ട് നാലു വരെ പേരിൽ ടൈപ് 1 "അനാഫൈലാക്‌സിസ്' ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ പെനിസിലിൻ കുത്തിവെപ്പ്​ നൽകുന്നതിനുമുമ്പ് രോഗിയുടെ തൊലിയിൽ ചെറിയ അളവിൽ മരുന്ന് കുത്തിവെച്ച്​ സ്‌കിൻ ടെസ്റ്റ് നടത്തി അര മണിക്കൂർ നിരീക്ഷണം നടത്തി ഉറപ്പിച്ച ശേഷം മാത്രമാണ് ഫുൾഡോസ് നൽകുന്നത്. ടെസ്റ്റ് ഡോസ് നൽകി 15 മിനുട്ടുകൾക്കുശേഷം, കുത്തിവെച്ച സ്ഥലത്ത് മൂന്ന് മില്ലിമീറ്ററിലധികം വ്യാസത്തിലുള്ള ചുവപ്പ് നിറമോ, തടിപ്പോ ഉണ്ടെങ്കിൽ രോഗികൾക്ക് റിയാക്ഷൻനുണ്ടാകാൻ സാധ്യതയുണ്ട്. സ്‌കിൻ ടെസ്റ്റ് നടത്തി പോസിറ്റീവ് ആയവർക്ക് പിന്നീട് ഇത് നൽകാറില്ല. സ്‌കിൻ ടെസ്റ്റിന്റെ നെഗറ്റീവ് പ്രെഡക്ടീവ് വാല്യൂ 95% മാണ്. ഇതിനർത്ഥം, നൂറുപേരിൽ നെഗറ്റീവ് കിട്ടിയാലും അതിൽ 95 പേർ മാത്രമേ ശരിക്കും നെഗറ്റീവ് (True negative) ആയിട്ടുള്ളൂ, 5 പേരുടേത്​​തെറ്റായ നെഗറ്റീവ് ആകാം എന്നാണ്. അതുകൊണ്ട് നെഗറ്റീവ് ആയവരിലും ഫുൾഡോസ് എടുക്കുമ്പോൾ 5 % പേരിൽ റിയാക്ഷനുണ്ടാകാൻ സാധ്യതയുണ്ട് എന്നാണ് വസ്തുത. അതുപോലെ, ഒരു തവണ പെനിസിലിൻ സുരക്ഷിതമായി എടുത്തവരിലും പിന്നീട് വീണ്ടും നൽക്കുമ്പോൾ റിയാക്ഷൻ സംഭവിക്കുന്നതും അസാധാരണമല്ല. ഇവിടെ മരിച്ച രോഗി ഇത്തരത്തിൽപ്പെട്ട കേസാകാനാണ് കൂടുതൽ സാധ്യത.

അനാഫൈലാക്‌സിസ്   / Photo: The Pharmaceutical Journal
അനാഫൈലാക്‌സിസ് / Photo: The Pharmaceutical Journal

ഇങ്ങനെ അപ്രതീക്ഷിതമായി സംഭവിക്കുമ്പോൾ പ്രതിമരുന്നുകളോ ജീവൻ രക്ഷാ ഔഷധങ്ങളോ ആയ അഡ്‍റിനാലിൻ, ആന്റി ഹിസ്റ്റമിൻ, സ്റ്റിറോയ്‌സുകൾ തുടങ്ങിയ ഇഞ്ചക്ഷനുകളും ഓക്‌സിജനും തക്കസമയത്ത് നൽകി രോഗികളുടെ ജീവൻ വീണ്ടെടുക്കാറുള്ളതിനാൽ സംഭവിക്കുന്ന അനാഫൈലക്‌സിസുകൾ മുഴുവൻ വാർത്തയാകാറില്ല. ഇവിടേയും, രോഗിയുടെ ജീവൻ നിലനിർത്താൻ എല്ലാ ശ്രമങ്ങളും നടത്തിയതായി ആശുപത്രി അധികൃതർ അറിയിച്ചിട്ടുമുണ്ടായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തി മരണകാരണം ശരിയായി കണ്ടെത്തിയിട്ടുണ്ട്.

അതിനാൽ പരിമിതികൾക്കുള്ളിൽ രാപകൽ ആതുരസേവനം നടത്തുന്ന സർക്കാർ ആശുപത്രി ജീവനക്കാരുടെ മാനസികാരോഗ്യം മാധ്യമ വിചാരണ വഴി തകർക്കരുത്. ഒപ്പം, തെറ്റായ പ്രചാരണം നടത്തി സർക്കാർ ആശുപത്രികളിലുള്ള വിശ്വാസം തകർക്കരുത്.


Summary: കോഴിക്കോട്​ മെഡിക്കൽ കോളേജാശുപത്രിയിൽ സ്​ത്രീ മരിച്ചത്​ മരുന്ന്​ മാറി കുത്തിവെച്ചതുമൂലമല്ലെന്ന്​ പോസ്​റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയെങ്കിലും, മാധ്യമങ്ങളിൽ വിവാദം തുടരുകയാണ്​. രോഗിയുടെ ബന്ധുക്കളുടെ വികാരപരമായ വ്യാഖ്യാനങ്ങൾ വസ്തുനിഷ്​ഠ സത്യങ്ങളെന്ന രീതിയിൽ വ്യാഖ്യാനിച്ച് ജനങ്ങളുടെ വിശ്വാസം തകർക്കുന്നതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന്​ എപ്പിഡെമിയോളജി വിദഗ്​ധനും കെ. എം. സി. ടി. മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയും​ പ്രൊഫസറുമായ ഡോ. ജയകൃഷ്​ണൻ ടി.


Comments