തെരുവുനായയുടെ കടിയേറ്റ കുട്ടിയുമായെത്തിയ ആ രാജസ്ഥാനി കുടുംബം; തെരുവിൽ നിന്ന് ചില യാഥാർത്ഥ്യങ്ങൾ

“പേവിഷബാധ നിർമ്മാർജ്ജനം ആശുപത്രികളിലെ വാക്സിനേഷൻ കൗണ്ടറുകളിൽ മാത്രം ഒതുങ്ങേണ്ട ഒന്നല്ല. നഗരാസൂത്രണത്തിലും മാലിന്യനിർമ്മാർജ്ജന നയങ്ങളിലും, അതിലുപരി തെരുവുകളെ ആശ്രയിച്ചു ജീവിക്കുന്ന ഏറ്റവും താഴെത്തട്ടിലുള്ള മനുഷ്യരുടെ സുരക്ഷ ഉറപ്പാക്കുന്ന സാമൂഹിക നീതിയിലുമാണ് അത് വിജയം കാണേണ്ടത്.” ഡോ. കാർത്തിക കെ. എഴുതുന്നു. ഇന്ന് ലോക പേവിഷബാധ ദിനം.

മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന മാരകമായ വൈറൽ രോഗമായ പേവിഷബാധ അഥവാ Rabies-നെതിരെ ആദ്യമായി ഫലപ്രദമായ വാക്സിൻ വികസിപ്പിച്ച ലൂയി പാസ്ചറുടെ ചരമദിനമാണ് ലോക പേവിഷബാധദിനമായി ആചരിക്കുന്നത്. ഏറെക്കാലമായി കേരളത്തിലെ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ഈ വിഷയത്തോട് ചേർത്തുവായിക്കേണ്ട ഒന്നാണ് ICMR-ന്റെ കണക്കുകൾ: ഇന്ത്യയിൽ പ്രതിവർഷം അയ്യായിരത്തിലധികം പേവിഷബാധ മരണങ്ങൾ സംഭവിക്കുന്നതായാണ് കണക്കാക്കപ്പെടുന്നത്. തലസ്ഥാന നഗരത്തിലുൾപ്പെടെ വർധിച്ചുവരുന്ന തെരുവുനായ ശല്യത്തിൽ അടുത്തിടെ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടത് പ്രശ്നത്തിന്റെ ഗൗരവം ഉൾക്കൊണ്ടുകൊണ്ടുതന്നെയാണ്. തെരുവുനായ ശല്യം ഇന്ന് ഒറ്റപ്പെട്ട ഒരു പ്രശ്നമല്ല. അതിന്റെ സാമൂഹികവും പാരിസ്ഥിതികവും പൊതുജനാരോഗ്യപരവുമായ തലങ്ങളെ ഒരുമിച്ച് വിശകലനം ചെയ്യേണ്ടത് അനിവാര്യമാണ്.

Rhabdoviridae കുടുംബത്തിലെ Lyssavirus ജനുസ്സിൽപ്പെട്ട വൈറസാണ് പേവിഷബാധയ്ക്ക് കാരണമാകുന്നത്. നായ, പൂച്ച, വവ്വാൽ, കുറുക്കൻ, കുരങ്ങ് തുടങ്ങിയ പല സസ്തനികളിലും ഈ വൈറസ് കാണപ്പെടുന്നുണ്ടെങ്കിലും, ഇന്ത്യയിൽ മനുഷ്യരിലേക്ക് രോഗം പകരുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് നായ്ക്കളാണ്. രോഗബാധിതരായ മൃഗങ്ങളുടെ ഉമിനീരിലൂടെയാണ് പ്രധാനമായും വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. കടിയിലൂടെയും മാന്തലിലൂടെയും, ഉമിനീർ മുറിവുകളിലോ ശ്ലേഷ്മസ്തരങ്ങളിലോ പതിക്കുന്നതിലൂടെയും വൈറസ് ശരീരത്തിൽ പ്രവേശിക്കാം.

വൈറസ് ശരീരത്തിൽ പ്രവേശിച്ചതിനുശേഷം രോഗലക്ഷണങ്ങൾ പ്രകടമാകാൻ സാധാരണയായി ആഴ്ചകൾ മുതൽ മാസങ്ങൾ വരെ എടുക്കാം. ചില സന്ദർഭങ്ങളിൽ ഈ കാലയളവ് ഒരു വർഷമോ അതിലധികമോ നീളാം. പനി, തലവേദന, ക്ഷീണം, ഓക്കാനം എന്നിവയാണ് സാധാരണയായി പ്രാരംഭ ലക്ഷണങ്ങൾ. കടിയേറ്റ ഭാഗത്ത് വേദനയോ തരിപ്പോ ഉണ്ടാകാം. രോഗലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങിയാൽ പേവിഷബാധ ഏതാണ്ട് എല്ലായ്പ്പോഴും മാരകമാണ്.

രോഗം പുരോഗമിക്കുന്നതോടെ നാഡീവ്യവസ്ഥയുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. അമിതമായ ഉത്കണ്ഠ, അസാധാരണമായ പെരുമാറ്റം, മിഥ്യാഭ്രമം എന്നിവയ്ക്കൊപ്പം, വെള്ളം കുടിക്കാൻ ശ്രമിക്കുമ്പോൾ തൊണ്ടയിലെ പേശികളിലുണ്ടാകുന്ന വേദനാജനകമായ സങ്കോചം അഥവാ Hydrophobia, കാറ്റ് തട്ടുമ്പോഴുണ്ടാകുന്ന സമാനമായ അസ്വസ്ഥത അഥവാ Aerophobia, അമിതമായ ഉമിനീർ എന്നിവ പ്രധാന ലക്ഷണങ്ങളാണ്. തുടർന്ന് രോഗം പേശികളുടെ തളർച്ചയിലേക്കും (Paralysis) ബോധക്ഷയത്തിലേക്കും പുരോഗമിക്കുകയും ഒടുവിൽ മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. അവസാന നിമിഷങ്ങളിൽ ഈ തീവ്രമായ ലക്ഷണങ്ങൾക്ക് സാക്ഷിയാകേണ്ടിവരുന്നത് രോഗിയുടെ കൂടെയുള്ളവർക്ക് വലിയൊരു വൈകാരിക ആഘാതമാണ്. രോഗലക്ഷണങ്ങൾ പ്രകടമായിക്കഴിഞ്ഞാൽ ഫലപ്രദമെന്ന് തെളിയിക്കപ്പെട്ട ഒരു ചികിത്സയും നിലവിലില്ല. അപൂർവ സാഹചര്യങ്ങളിൽ Milwaukee protocol പോലുള്ള പരീക്ഷണാടിസ്ഥാനത്തിലുള്ള ചികിത്സാരീതികൾ പ്രയോഗിക്കപ്പെട്ടിട്ടുണ്ടെങ്കിലും, അവയുടെ ഫലപ്രാപ്തി തെളിയിക്കപ്പെട്ടിട്ടില്ല.

പ്രതിരോധവും ചികിത്സയും

പേവിഷബാധ സാധ്യതയുള്ള മൃഗങ്ങളിൽനിന്ന് കടിയോ മാന്തലോ ഏറ്റാൽ, ഉടൻതന്നെ സോപ്പും ഒഴുകുന്ന വെള്ളവും ഉപയോഗിച്ച് കുറഞ്ഞത് 15 മിനിറ്റ് ആ ഭാഗം നന്നായി കഴുകണം. മുറിവിലെ വൈറസിന്റെ അളവ് ഗണ്യമായി കുറയ്ക്കാൻ ഇത് സഹായിക്കും. തുടർന്ന് എത്രയും വേഗം ആരോഗ്യകേന്ദ്രത്തിലെത്തി ആവശ്യമായ Post-Exposure Prophylaxis (PEP) സ്വീകരിക്കണം. തൊലി തുളച്ചുകയറുന്നതോ ചോര പൊടിയുന്നതോ ആയ കടിയും മാന്തലും (മുറിവ് എത്ര ചെറുതാണെങ്കിലും), ഉമിനീർ മുറിവുകളിലോ ശ്ലേഷ്മസ്തരങ്ങളിലോ പതിക്കുന്നത് എന്നിവ ഉൾപ്പെടുന്ന കാറ്റഗറി III എക്സ്പോഷറുകളിൽ വാക്സിനോടൊപ്പം Rabies Immunoglobulin (RIG) എടുക്കേണ്ടത് അനിവാര്യമാണ്. കുതിരകളിൽനിന്ന് ഉത്പാദിപ്പിക്കുന്ന Equine Rabies Immunoglobulin (ERIG) ആണ് സർക്കാർ ആശുപത്രികളിൽ സൗജന്യമായി ലഭിക്കുന്നത്. ചില സാഹചര്യങ്ങളിൽ Rabies Monoclonal Antibody (R-mAb)-യും ഉപയോഗിക്കാറുണ്ട്.

പേവിഷബാധ അഥവാ Rabies-നെതിരെ ആദ്യമായി ഫലപ്രദമായ വാക്സിൻ വികസിപ്പിച്ച ലൂയി പാസ്ചര്‍
പേവിഷബാധ അഥവാ Rabies-നെതിരെ ആദ്യമായി ഫലപ്രദമായ വാക്സിൻ വികസിപ്പിച്ച ലൂയി പാസ്ചര്‍

"മുറിവ് ചെറുതാണ്" എന്ന ധാരണയിൽ ചികിത്സ വൈകിക്കുന്നത് അപകടകരമാണ്. മൃഗഡോക്ടർമാർ, മൃഗപരിപാലകർ, നായപിടിത്തക്കാർ, ലബോറട്ടറി ജീവനക്കാർ തുടങ്ങി ഉയർന്ന അപകടസാധ്യതയുള്ള വിഭാഗങ്ങൾക്ക് മുൻകൂർ വാക്സിനേഷൻ അഥവാ Pre-Exposure Prophylaxis (PrEP) പരിഗണിക്കാം. PrEP എടുത്തവർക്കും കടിയേറ്റാൽ ബൂസ്റ്റർ ഡോസുകൾ ആവശ്യമാണെങ്കിലും RIG വേണ്ടിവരില്ല.

അപകടസാധ്യതയിലെ അസമത്വങ്ങൾ: ഒരു വർഗ്ഗപ്രശ്നം (Class Issue)

ആരാണ് തെരുവുനായ്ക്കളെ കൂടുതൽ ഭയക്കേണ്ടിവരുന്നത്? വഴിയോര കച്ചവടക്കാർ, തെരുവിൽ അന്തിയുറങ്ങുന്നവർ, കാൽനടയാത്രക്കാർ, മാലിന്യശേഖരണ തൊഴിലാളികൾ എന്നിങ്ങനെ ദൈനംദിന ജീവിതത്തിനായി പൊതു ഇടങ്ങളെ ആശ്രയിക്കുന്നവരാണ് ഇതിന് നേരിട്ട് ഇരകളാകുന്നത്. അതുകൊണ്ടുതന്നെ തെരുവുനായ പ്രശ്നം കേവലമൊരു മൃഗസംരക്ഷണ വിഷയമല്ല, ഗൗരവമേറിയ ഒരു വർഗ്ഗപ്രശ്നം (Class Issue) കൂടിയാണ്. സുരക്ഷിതമായ പാർപ്പിടവും സ്വന്തം വാഹനവുമുള്ള ഒരാളും, ദിവസത്തിന്റെ വലിയൊരു ഭാഗം തെരുവിൽ ചെലവഴിക്കുന്ന ഒരാളും ഈ പ്രശ്നത്തെ നേരിടുന്നത് തികച്ചും വ്യത്യസ്തമായ തലങ്ങളിലാണ്.

കുട്ടികളാണ് മറ്റൊരു പ്രധാന അപകടസാധ്യതാ വിഭാഗം. ഉയരക്കുറവ് കാരണം മുഖത്തും തലയിലും കടിയേൽക്കാനും അതുവഴി ഗുരുതരമായി പരിക്കേൽക്കാനുമുള്ള സാധ്യത കുട്ടികളിൽ കൂടുതലാണ്. കടിയേറ്റ വിവരം രക്ഷിതാക്കളെ അറിയിക്കുന്നതിലും അവർക്ക് പരിമിതികളുണ്ടാകാം. തലസ്ഥാനത്ത് മാത്രം പ്രതിദിനം നൂറിലധികം പേവിഷബാധ സാധ്യതയുള്ള സമ്പർക്കങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, ഇതൊരു അതീവ ഗൗരവമുള്ള പൊതുജനാരോഗ്യ പ്രശ്നമാണ്.

മൃഗഡോക്ടർമാർ, മൃഗപരിപാലകർ, നായപിടിത്തക്കാർ, ലബോറട്ടറി ജീവനക്കാർ തുടങ്ങി ഉയർന്ന അപകടസാധ്യതയുള്ള വിഭാഗങ്ങൾക്ക് മുൻകൂർ വാക്സിനേഷൻ അഥവാ Pre-Exposure Prophylaxis (PrEP) പരിഗണിക്കാം.
മൃഗഡോക്ടർമാർ, മൃഗപരിപാലകർ, നായപിടിത്തക്കാർ, ലബോറട്ടറി ജീവനക്കാർ തുടങ്ങി ഉയർന്ന അപകടസാധ്യതയുള്ള വിഭാഗങ്ങൾക്ക് മുൻകൂർ വാക്സിനേഷൻ അഥവാ Pre-Exposure Prophylaxis (PrEP) പരിഗണിക്കാം.

ചേർത്തുപിടിക്കലിന്റെ പൊതുജനാരോഗ്യം: ഒരു മെഡിക്കൽ കോളേജ് അനുഭവം

തെരുവുനായ ശല്യം സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ളവരെയും കുട്ടികളെയും എങ്ങനെ ബാധിക്കുന്നുവെന്നും, ഭാഷയും സാഹചര്യങ്ങളും അവർക്കുമുന്നിൽ എങ്ങനെ തടസ്സമാകുന്നുവെന്നും വ്യക്തമാക്കുന്നതാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ ക്ലിനിക്കിൽ അടുത്തിടെ നടന്ന ഒരു സംഭവം.

തെരുവുനായയുടെ കടിയേറ്റ് മുഖത്തും ചെവിയിലും ഗുരുതരമായി പരിക്കേറ്റ രണ്ടുവയസ്സുള്ള മകനുമായാണ് രാജസ്ഥാനിൽ നിന്നുള്ള ഒരു നാടോടി കുടുംബത്തിലെ അച്ഛൻ ചികിത്സയ്ക്കെത്തിയത്. പരിഭ്രാന്തരായിരുന്ന അവർക്ക് മുറിവിനു ചുറ്റും എടുക്കേണ്ട Rabies Immunoglobulin കുത്തിവെപ്പിനെക്കുറിച്ച് വലിയ ഭയമുണ്ടായിരുന്നു. ഭാഷ വലിയൊരു തടസ്സമായിരുന്നെങ്കിലും, ഹിന്ദി അറിയാവുന്ന അസിസ്റ്റന്റ് പ്രൊഫസർ ഡോ. അനുപമയും ഹൗസ് സർജൻ ഡോ. അമലും ഉൾപ്പെട്ട മെഡിക്കൽ സംഘം ക്ഷമയോടെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി. തുടർന്ന് കുഞ്ഞിന് ആവശ്യമായ പ്രാഥമിക ചികിത്സയും ഭക്ഷണവും അവർ ഉറപ്പാക്കി.

എന്നാൽ തുടർചികിത്സകൾക്കായി മാറ്റുന്നതിനിടെ, കൂടെയുണ്ടായിരുന്ന ആരുടെയോ തെറ്റായ ഉപദേശം കേട്ട് ആ അച്ഛൻ കുഞ്ഞിനെയും കൊണ്ട് ആരെയും അറിയിക്കാതെ ആശുപത്രി വിട്ടു. മുറിവ് ആഴത്തിലുള്ളതായതിനാൽ, കൃത്യമായ ആന്റിബയോട്ടിക്കുകളും ഇനി എടുക്കാനുള്ള മൂന്ന് ഡോസ് വാക്സിനും മുടങ്ങിയിരുന്നെങ്കിൽ കുഞ്ഞിന്റെ ജീവൻതന്നെ അപകടത്തിലാകുമായിരുന്നു. വിവരങ്ങൾ രേഖപ്പെടുത്തി ഉത്തരവാദിത്തം അവസാനിപ്പിക്കാവുന്ന ഒരു സാധാരണ കേസായി ഇതിനെ കാണാൻ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം തയ്യാറായില്ല.

ആശുപത്രി പരിസരത്തും പോലീസ് എയ്ഡ് പോസ്റ്റിലും ചൈൽഡ് ഹെൽപ്‌ലൈനിലും വിവരമറിയിച്ച അവർ, ഒടുവിൽ സൈബർ പോലീസിന്റെ സഹായത്തോടെ രാജസ്ഥാനിലേക്ക് മടങ്ങുകയായിരുന്ന കുടുംബത്തെ കണ്ടെത്തി. ഭാഷയുടെയും സംസ്കാരത്തിന്റെയും അതിരുകൾ മറികടന്ന്, കുഞ്ഞിന് തുടർചികിത്സ ഉറപ്പാക്കുന്നതുവരെ അവർ ശ്രമം തുടർന്നു. പേവിഷബാധ പ്രതിരോധം ഡിസ്പെൻസറികളിൽ നൽകുന്ന കുത്തിവെപ്പുകളിൽ മാത്രം അവസാനിക്കുന്നില്ല; ഭയവും അറിവില്ലായ്മയും കാരണം ചികിത്സയിൽനിന്ന് അകന്നുപോകുന്ന പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരെ ചേർത്തുപിടിക്കുമ്പോഴാണ് പൊതുജനാരോഗ്യം പൂർണ്ണമാകുന്നത് എന്ന് ഈ സംഭവം ഓർമ്മിപ്പിക്കുന്നു.

നഗരപരിസ്ഥിതിയും മാലിന്യസംസ്കരണവും

നായയുടെ കടിയേൽക്കുന്നതിനെ PEP നൽകേണ്ട ഒരു ക്ലിനിക്കൽ പ്രശ്നമായോ, മൃഗസംരക്ഷണ വകുപ്പിന്റെയോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയോ മാത്രം ചുമതലയായോ കാണുന്നത് അപൂർണ്ണമാണ്. നഗരത്തിലെ മാലിന്യസംസ്കരണം, ഭക്ഷ്യാവശിഷ്ടങ്ങളുടെ ലഭ്യത, പൊതു ഇടങ്ങളുടെ രൂപകൽപ്പന എന്നിവയുമായി ബന്ധപ്പെട്ട് രൂപപ്പെടുന്ന ഒരു Urban health and micro-ecological problem ആയി ഇതിനെ കാണേണ്ടതുണ്ട്. മനുഷ്യരും മൃഗങ്ങളും പങ്കിടുന്ന നഗര ഇടങ്ങൾ, മാലിന്യസംസ്കരണത്തിലെ പോരായ്മകൾ, ഭരണസംവിധാനങ്ങളുടെ കാര്യക്ഷമത എന്നിവയെ ഒരുമിച്ച് അഭിസംബോധന ചെയ്യുമ്പോഴാണ് ഈ പ്രശ്നത്തിന് സമഗ്രമായ പരിഹാരമുണ്ടാകുക. ഇതിനായി സ്പോട്ട് മാപ്പിങ്ങിലൂടെ ഹോട്ട്സ്പോട്ടുകൾ തിരിച്ചറിയുകയും, അവ കേന്ദ്രീകരിച്ച് നായ്ക്കളുടെ വാക്സിനേഷനും Animal Birth Control (ABC) നടപടികളും മുൻഗണനാക്രമത്തിൽ ഊർജിതമായി നടപ്പാക്കുകയും വേണം. ഒപ്പം, തെരുവുനായ്ക്കളുടെ ആരോഗ്യസ്ഥിതിയും അവയിലെ പേവിഷബാധയും കൃത്യമായി നിരീക്ഷിക്കുന്നതിന് ശക്തമായ സംവിധാനങ്ങൾ ഏർപ്പെടുത്തണം.

മനുഷ്യരും മൃഗങ്ങളും പങ്കിടുന്ന നഗര ഇടങ്ങൾ, മാലിന്യസംസ്കരണത്തിലെ പോരായ്മകൾ, ഭരണസംവിധാനങ്ങളുടെ കാര്യക്ഷമത എന്നിവയെ ഒരുമിച്ച് അഭിസംബോധന ചെയ്യുമ്പോഴാണ് ഈ പ്രശ്നത്തിന് സമഗ്രമായ പരിഹാരമുണ്ടാകുക
മനുഷ്യരും മൃഗങ്ങളും പങ്കിടുന്ന നഗര ഇടങ്ങൾ, മാലിന്യസംസ്കരണത്തിലെ പോരായ്മകൾ, ഭരണസംവിധാനങ്ങളുടെ കാര്യക്ഷമത എന്നിവയെ ഒരുമിച്ച് അഭിസംബോധന ചെയ്യുമ്പോഴാണ് ഈ പ്രശ്നത്തിന് സമഗ്രമായ പരിഹാരമുണ്ടാകുക

One Health സമീപനവും സാമൂഹിക നീതിയും

മനുഷ്യാരോഗ്യം, മൃഗാരോഗ്യം, പരിസ്ഥിതി ആരോഗ്യം എന്നിവ പരസ്പരം വേർതിരിക്കാനാവാത്ത വിധം ബന്ധപ്പെട്ടിരിക്കുന്നു. നായ്ക്കളുടെ വാക്സിനേഷൻ, മനുഷ്യരിലെ PEP ലഭ്യത, മാലിന്യസംസ്കരണം, നഗരാസൂത്രണം എന്നിവ ഒരേ പൊതുജനാരോഗ്യ ചട്ടക്കൂടിന്റെ ഭാഗങ്ങളായി കാണുന്ന One Health സമീപനം ഇവിടെ അനിവാര്യമാണ്. അതോടൊപ്പം, ഈ പ്രശ്നത്തിൽ അന്തർലീനമായ സാമൂഹിക ഘടകങ്ങൾ കൂടി ഭരണകൂടങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. ഒരാളുടെ തെരുവുനായ സമ്പർക്കസാധ്യത ആ വ്യക്തിയുടെ സാമ്പത്തിക സ്ഥിതി, തൊഴിൽ, പ്രായം, ലിംഗം, താമസസ്ഥലം തുടങ്ങിയ ഘടകങ്ങളുടെ കൂട്ടിച്ചേരലിലൂടെയാണ് രൂപപ്പെടുന്നത്. അതിനാൽ "നായ്ക്കളെക്കുറിച്ചുള്ള ഭയം" എന്നത് വ്യക്തിപരമായ ഒരു അനുഭവം മാത്രമല്ല; സാമൂഹിക അസമത്വങ്ങൾക്കനുസരിച്ച് വ്യത്യസ്തമായി വിതരണം ചെയ്യപ്പെടുന്ന ഒരു ആരോഗ്യ അപകടസാധ്യത കൂടിയാണ്.

അതുകൊണ്ടുതന്നെ പേവിഷബാധ നിർമ്മാർജ്ജനം ആശുപത്രികളിലെ വാക്സിനേഷൻ കൗണ്ടറുകളിൽ മാത്രം ഒതുങ്ങേണ്ട ഒന്നല്ല. നഗരാസൂത്രണത്തിലും മാലിന്യനിർമ്മാർജ്ജന നയങ്ങളിലും, അതിലുപരി തെരുവുകളെ ആശ്രയിച്ചു ജീവിക്കുന്ന ഏറ്റവും താഴെത്തട്ടിലുള്ള മനുഷ്യരുടെ സുരക്ഷ ഉറപ്പാക്കുന്ന സാമൂഹിക നീതിയിലുമാണ് അത് വിജയം കാണേണ്ടത്. മൃഗങ്ങളെ ഉന്മൂലനം ചെയ്തോ വാക്സിനേഷനിൽ മാത്രം ഒതുങ്ങിയോ ഈ പ്രശ്നം പരിഹരിക്കാനാകില്ല. "നായ്ക്കളുടെ എണ്ണം എങ്ങനെ കുറയ്ക്കാം?" എന്ന ചോദ്യത്തിൽനിന്ന് "എല്ലാവർക്കും തുല്യമായി പ്രാപ്യമായ സുരക്ഷിത പൊതു ഇടങ്ങൾ എങ്ങനെ സൃഷ്ടിക്കാം?" എന്ന ചോദ്യത്തിലേക്ക് നാം മാറേണ്ടതുണ്ട്. അത്തരമൊരു മാറ്റത്തിലൂടെ മാത്രമേ മനുഷ്യർക്കും മൃഗങ്ങൾക്കും ഭയമില്ലാതെ സഹവസിക്കാൻ സാധിക്കൂ. പേവിഷബാധയ്ക്കെതിരെ വാക്സിനും PEP-യും അനിവാര്യമായിരിക്കുന്നതുപോലെ, സന്തുലിതവും നീതിയുക്തവുമായ ഒരു സാമൂഹിക വ്യവസ്ഥിതിയും അനിവാര്യമാണ്.


Summary: Dr. Karthika K. writes that rabies elimination must go beyond hospital vaccination counters to urban planning, waste management, and social justice for vulnerable street communities.


ഡോ. കാർത്തിക കെ.

ജൂനിയർ റസിഡൻ്റ്, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം, ഗവണ്മെന്റ് മെഡിക്കൽ കോളേജ്, തിരുവനന്തപുരം.

Comments