ആയിരത്തിലധികം ഡോക്​ടർ മരണങ്ങൾപ്രതീകാത്മക ആത്മഹത്യ തന്നെയായിരുന്നു

കൊറോണ വൈറസ് ജീവനെടുത്ത ആയിരത്തിലധികം ഇന്ത്യൻ ഡോക്ടർമാരിൽ ഒരാളുടെ പേരുപോലും നിങ്ങൾക്ക് ഓർമയില്ല ... സമൂഹത്തിന്റെ ഈ കൃതഘ്‌നത, പക്ഷേ, മരിക്കുന്നതിനുമുമ്പുതന്നെ അവരെ കൊന്നിരുന്നു എന്ന് നിങ്ങൾ അറിയണം. അതേ, ആ ആയിരത്തിലധികം ഡോക്ടർമാരുടെ മരണങ്ങൾ പ്രതീകാത്മകമായ ആത്മഹത്യയല്ലാതെ മറ്റെന്താണ്?

2021 മേയ് മാസത്തിലാണ് ഇന്ത്യയിലെ ഡോക്ടർമാരുടെ ആത്മഹത്യയെക്കുറിച്ചുള്ള ആദ്യത്തെ ആധികാരിക പഠനം പുറത്തുവന്നത്. കർണാടകയിലെ ഡോ. കിഷോറിന്റെയും ഡോ. സുഹാസ് ചന്ദ്രന്റെയും ആ പഠനം ഇന്ത്യയിലും പുറത്തും ഒട്ടനവധി ചർച്ചകൾക്ക് വഴിമരുന്നിട്ടു. ജേർണൽ ഓഫ് സൈക്യാട്രിയിൽ പ്രസിദ്ധീകരിക്കപ്പെട്ട ആ ലേഖനം 2016 മുതൽ 2019 വരെയുള്ള മൂന്നുവർഷ കാലയളവിൽ 30 ഡോക്ടർമാർ ആത്മഹത്യയിൽ അഭയം തേടിയതായി കൃത്യമായി രേഖപ്പെടുത്തിയിരുന്നു. ലോകത്തെ മറ്റെവിടെത്തെക്കാൾ കൂടുതലായി, 30%, ബിരുദാന്തരബിരുദത്തിന് പഠിക്കുന്ന ഇന്ത്യൻ യുവാക്കൾ, അവർ ഒരിക്കൽ പ്രണയപൂർവം ജീവിക്കാനാഗ്രഹിച്ച ഈ ലോകത്തിന് എന്നെന്നേക്കുമായി പുറംതിരിഞ്ഞുനിൽക്കാൻ തുനിഞ്ഞു എന്ന വസ്തുത തികച്ചും ഞെട്ടിക്കുന്നതാണ്. സ്വയം മായ്ച്ചുകളഞ്ഞവരിൽ 60% വനിതാ ഡോക്ടർമാരായിരുന്നു.

ആത്മഹത്യ എന്ന രാഷ്​ട്രീയപ്രശ്​നം

ആത്മഹത്യയെ ഒരു ദാർശനികപ്രശ്‌നമാക്കി വികസിപ്പിച്ചത് കമ്യൂവാണ്. An act like this is prepared with in the silence of heart as is a great work of art എന്ന് ദ മിത്ത്​ ഓഫ്​ സിസിഫസിൽ ആത്മതാപത്തോടെ കമ്യു കുറിച്ചിട്ടു. ഏണസ്റ്റ് ഹെമിങ്​വേ മുതൽ
യൂക്കിയോ മിഷിമ വരെയും രാജലക്ഷ്മി മുതൽ ജിനീഷ് മടപ്പള്ളി വരെയും നീളുന്ന ആ ചങ്ങലക്കണ്ണിയിൽ എത്രപേരാണ്? ഏതൊക്കെയോ തരത്തിൽ തങ്ങളുടെ സ്വാസ്ഥ്യം മുഴുവൻ കവർന്നെടുക്കുന്ന കെട്ട ലോകത്തിനുമുന്നിൽ സ്വയം എറിഞ്ഞുടച്ച് അവർ ആളുന്ന ചോദ്യചിഹ്നങ്ങളായി നിന്നു. സർഗാത്മതയുടെ ഉച്ചസ്ഥായിയിൽ സ്വയം നിയന്ത്രിക്കാനാവാതെ അപസ്വരമായി മാറിയതായിരുന്നു അവർ എന്ന വിലയിരുത്തലിനപ്പുറം, അതൊരു തികഞ്ഞ രാഷ്ടീയപ്രശ്‌നമായി പുതിയ ലോകം കണ്ടുതുടങ്ങുന്നുണ്ട്.

മദ്ധ്യവർഗ്ഗക്കാരും, താഴ്ന്ന വരുമാനക്കാരും വലിയ തോതിൽ ആശ്രയിക്കുന്ന സർക്കാർ ആശുപത്രികളിലെ മനം മടുപ്പിക്കുന്ന തിരക്കിന്റെ പ്രധാന കാരണം ആവശ്യത്തിനുള്ള ഡോക്ടർമാരുടെ അഭാവമാണ് / Photo : Mobid Hussain, PARI

ഡോക്ടർമാരുടെ ആത്മഹത്യകൾ പക്ഷേ ഗാഢമായ രാഷ്ട്രീയപ്രശ്‌നം തന്നെയാണ് എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നത് അമേരിക്കയിലെ ഏറ്റവും പ്രശസ്ത ആരോഗ്യ വെബ്സൈറ്റായ STAT ന്റെ കണക്കുകളാണ്. സമൃദ്ധിയുടെ ഉച്ചകോടിയിൽ വിരാജിക്കുന്ന ആ രാജ്യത്ത് വർഷംതോറും 300 - 400 ഡോക്ടർമാർക്ക്​ ആത്മഹത്യ അവസാന ആശ്രയമായി തെരഞ്ഞെടുക്കേണ്ടിവരുന്നതിന്റെ കാരണങ്ങൾ ചൂണ്ടിക്കാണിക്കുന്നത്, സാമൂഹിക- രാഷ്ട്രീയ പരിഹാരങ്ങളുടെ തികഞ്ഞ അഭാവമാണ്.

ആരോഗ്യരംഗത്തിന്റെ മികവിൽ പല നിർണായക മേഖലകളിലും കേരളത്തിനെ ഇതിനകം പിന്നിലാക്കിക്കഴിഞ്ഞ തമിഴ്‌നാട്ടിലെ പ്രധാന വിപ്ലവം ആരോഗ്യ രംഗത്തെ ജീവനക്കാരുടെ എണ്ണത്തിൽ വരുത്തിയ ശാസ്​ത്രീയവിന്യാസമാണ്.

സമൂഹം തിരിച്ചറിയാത്ത ഡോക്​ടർമാർ

ഡോക്ടർമാരുടെ തിരക്ക്, ഒരോമന കൗതുകം എന്ന നിലയിൽനിന്ന് ജീവന്മരണ പോരാട്ടമായി മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ നാടും സമാനസാഹചര്യങ്ങൾ തന്നെയാണ് മിക്കവാറും പങ്കിടുന്നത്. മധ്യവർഗക്കാരും, താഴ്ന്ന വരുമാനക്കാരും വലിയ തോതിൽ ആശ്രയിക്കുന്ന സർക്കാർ ആശുപത്രികളിലെ മനം മടുപ്പിക്കുന്ന തിരക്കിന്റെ പ്രധാന കാരണം ആവശ്യത്തിനുള്ള ഡോക്ടർമാരുടെ അഭാവമാണ്. ആരോഗ്യരംഗത്തിന്റെ മികവിൽ പല നിർണായക മേഖലകളിലും കേരളത്തിനെ ഇതിനകം പിന്നിലാക്കിക്കഴിഞ്ഞ തമിഴ്‌നാട്ടിലെ പ്രധാന വിപ്ലവം ആരോഗ്യരംഗത്തെ ജീവനക്കാരുടെ എണ്ണത്തിൽ വരുത്തിയ ശാസ്​ത്രീയവിന്യാസമാണ്. 1961-ലെ ജീവനക്കാരുടെ വിന്യാസക്രമം ഇന്നും തുടരുന്ന കേരളത്തിലെ ആരോഗ്യരംഗം ഇനി ഒരടി മുന്നോട്ടുവെക്കണമെങ്കിൽ ആ പാറ്റേൺ പുനഃപരിശോധിക്കുകയും, കൃത്യമായ തിരുത്തലുകൾ വരുത്തുകയും വേണം.

സാമൂഹത്തിന്റെ ആരോഗ്യത്തിന്റെ കാവൽഭടന്മാരായ ഡോക്ടർമാരുടെ ഇത്തരം പ്രശ്‌നങ്ങൾ അനുതാപത്തോടെ കാണാൻ സമൂഹം തയാറാവുകയും അടിസ്ഥാനപരമായ പരിഹാരങ്ങൾ കണ്ടെത്തുകയയും വേണം / Photo: Wikimedia Commons

പബ്ലിക് ഹെൽത്ത് സ്റ്റാൻഡേർഡുകൾ അനുസരിച്ച് ദിവസം 40 രോഗികളെ മാത്രം പരിശോധിക്കേണ്ട ഡോക്ടർ 300 - 400 പേരെ പരിശോധിക്കാൻ നിർബന്ധിക്കപ്പെടുന്നത് കേരളത്തിന്റെ ആരോഗ്യരംഗത്തെക്കുറിച്ച് അറിയുന്നവർക്ക് ഒരു സാധാരണ സംഭവം മാത്രമാണ്. ഡോക്ടറുടെ ശാരീരിക അധ്വാനം, മാനസികവും ബുദ്ധിപരവുമായ സമ്മർദം, ചികിത്സക്ക് പരിശീലിപ്പിക്കപ്പെട്ട ഡോക്ടർ ആശുപത്രിയുടെ ഭരണപരമായ കാര്യങ്ങൾ കൂടി ചെയ്യാൻ നിയോഗിക്കപ്പെടുമ്പോഴുണ്ടാവുന്ന പ്രശ്‌നങ്ങ ൾ, അടിസ്ഥാനസൗകര്യങൾ ലഭ്യമല്ലാത്തതിനാൽ രോഗികളിൽ നിന്ന് കേൾക്കേണ്ടിവരുന്ന പഴി, സഹിക്കേണ്ടി വരുന്ന ആക്രമണങ്ങൾ, തൊഴിൽ സമ്മർദങ്ങൾ, പ്രധാനമായും തിരക്കുകൊണ്ട് സംഭവിക്കുന്ന നോട്ടക്കുറവിന് പ്രതിഫലമായി കോടതിമുറികളിൽ കുറ്റവാളിയായി നിൽക്കേണ്ടിവരുന്നതിന്റെ കടുത്ത സമർദം, സഹപ്രവർത്തകരുമായുളള സ്വരചേർച്ചയില്ലായ്മ, ഡോക്ടർമാരുടെ ജോലിഭാരം സഹാനുഭൂതിയോടെ കാണാത്ത, ശിക്ഷാനടപടികളിൽ അഭിരമിക്കുന്ന അധികാരിവർഗം, ജോലിഭാരം സൃഷ്ടിക്കുന്ന മടുപ്പ് - അസുഖങ്ങൾ, കുടുംബങ്ങളിലുണ്ടാവുന്ന ഛിദ്രങ്ങൾ തുടങ്ങിയവയൊക്കെ ഡോക്ടർമാരെ സഹനത്തിന്റെ അവസാനത്തെ വിളുമ്പിലേക്ക് വലിച്ചെറിയുകയാണെന്ന് നമ്മുടെ സമൂഹം മനസ്സിലാക്കാത്തത് തികച്ചും
ഖേദകരമാണ്.

കൊലക്കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ ആത്മഹത്യ ചെയ്ത സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് അർച്ചന ശർമ. 'എന്റെ ആത്മഹത്യ എന്റെ നിരപരാധിത്വം തെളിയിക്കും' എന്ന് എഴുതിവെച്ചായിരുന്നു അർച്ചനയുടെ ആത്മഹത്യ.

കൊറോണ ആളിപ്പടർന്ന കഴിഞ്ഞ രണ്ടുവർഷങ്ങളിൽ മറ്റേതൊരു തൊഴിൽ മേഖലയെക്കാളും എത്രയോ കൂടുതൽ ശാരീരിക- മാനസിക സമ്മർദം താങ്ങേണ്ടിവന്നത് ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരാണ്. കോവിഡിന്റെ തുടക്കത്തിൽ പത്തും പന്ത്രണ്ടും മണിക്കൂറുകൾ പി.പി.ഇ. കിറ്റ് ധരിച്ച് ചൂടിൽ വെന്ത് നരകിക്കേണ്ടിവന്ന ഡോക്ടർമാരുടെ കഥകൾ ആർക്കും കേൾക്കേണ്ട, കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് സ്വന്തം കുഞ്ഞുങ്ങളെ പോലും താലോലിക്കാനാവാതെ നിൽക്കേണ്ടിവന്ന ഹതഭാഗ്യരെ നിങ്ങളറിയില്ല, ഏത് സുരക്ഷാ ഉപകരണത്തിലൂടെയും നുഴഞ്ഞുകയറാൻ കെൽപ്പുള്ള വൈറസ് ജീവനെടുത്ത ആയിരത്തിലധികം ഇന്ത്യൻ ഡോക്ടർമാരിൽ ഒരാളുടെ പേരുപോലും നിങ്ങൾക്ക് ഓർമയില്ല... സമൂഹത്തിന്റെ ഈ കൃതഘ്‌നത, പക്ഷേ, മരിക്കുന്നതിനുമുമ്പുതന്നെ അവരെ കൊന്നിരുന്നു എന്ന് നിങ്ങൾ അറിയണം. അതേ, ആ ആയിരത്തിലധികം ഡോക്ടർമാരുടെ മരണങ്ങൾ പ്രതീകാത്മകമായ ആത്മഹത്യയല്ലാതെ മറ്റെന്താണ്?

വിശ്രമിക്കാനവസരം നൽകാതെ, ഉറങ്ങാൻ സമയം നൽകാതെ, നാൽക്കാലികളെ പോലെ ബിരുദാനന്തര ബിരുദ വിദ്യാർഥിളെ പണിയെടുപ്പിക്കുന്ന മേധാവികൾക്ക് ഈ ആഗസ്റ്റ് പത്തിനിറങ്ങിയ നാഷനൽ മെഡിക്കൽ കമീഷന്റെ നോട്ടീസ് ഒരു തിരിച്ചറിവാകട്ടെ എന്നു പ്രതീക്ഷിക്കാം.

വൈദ്യശാസ്ത വിദ്യാർഥികളുടെ ആത്മഹത്യകളാവട്ടെ, ഒരു പരിഷ്‌കൃതസമൂഹം അഭിമുഖീകരിക്കാവുന്ന ഏറ്റവും വേദനാജനകമായ സംഭവങ്ങളിലൊന്നാണ്. പറക്കാൻ വെമ്പുന്ന യൗവനങ്ങളുടെ തിളങ്ങുന്ന കണ്ണുകളിലെ നക്ഷത്രപ്രതീക്ഷകളെ നിഷ്‌കരുണം വെടിവെച്ചിടുകയാണ് നമ്മുടെ സമൂഹം. വിശ്രമിക്കാനവസരം നൽകാതെ, ഉറങ്ങാൻ സമയം നൽകാതെ, നാൽക്കാലികളെ പോലെ ബിരുദാനന്തര ബിരുദ വിദ്യാർഥിളെ പണിയെടുപ്പിക്കുന്ന മേധാവികൾക്ക് ഈ ആഗസ്റ്റ് പത്തിനിറങ്ങിയ നാഷനൽ മെഡിക്കൽ കമീഷന്റെ നോട്ടീസ് ഒരു തിരിച്ചറിവാകട്ടെ എന്നു പ്രതീക്ഷിക്കാം.
ഈയടുത്തകാലത്ത് വൈദ്യശാസ്ത്ര വിദ്യാർഥികൾക്ക്​ ലഭിച്ച ഏറ്റവും വലിയ സാന്ത്വനമാണ് അവരുടെ ജോലിഭാരത്തെക്കുറിച്ചും കഷ്ടപ്പാടുകളെക്കുറിച്ചും പഠിക്കാൻ സമിതിയെ നിയോഗിക്കാനുള്ള തീരുമാനം.

എന്താണ്​ പരിഹാരം?

​പെർസെപ്​റ്റിക്​സ്​ (Perceptyx) എന്ന അന്തർദേശീയ സർവേ എജൻസി നടത്തിയ പഠനത്തിൽ ഇന്ത്യയിലെ 92% ഡോക്ടർമാരും വാക്കുകൾ കൊണ്ടോ ആംഗ്യം കൊണ്ടോ ശാരീരികമായോ ആക്രമിക്കപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ആശുപത്രി - ഡോക്ടർ ആക്രമണങ്ങൾ 75% ഡോക്ടർമാരും കാണുന്ന ദുഃസ്വപ്നമാണെന്ന് 2015 മേയ് മാസത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നടത്തിയ പഠനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യപ്രവർത്തകർക്കുമുന്നിലെ തൊഴിൽപരമായ ഏറ്റവും വലിയ വെല്ലുവിളിയായി മാറുന്നത് ഇത്തരം ആക്രമണങ്ങളാണ്. സ്വർണമെഡൽ നേടിയ മെഡിക്കൽ വിദ്യാർഥിയായിരുന്ന ഡോ. അർച്ചന ശർമ, ഗർഭപാത്രത്തിന്റെ തകരാറുകൊണ്ട് പ്രസവാനന്തരം രക്തസ്രാവമുണ്ടായി മരിച്ച ഒരു രോഗിയെ മുൻനിർത്തി കൊലക്കുറ്റത്തിന് കേസെടുത്ത രാജസ്ഥാൻ പൊലീസിന്റെ പീഡനം സഹിക്കാനാവാതെ, Don't harass innocent Doctors എന്നെഴുതിവെച്ച്, രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ അനാഥരാക്കി ആത്മഹത്യയിലൂടെ നന്ദികെട്ട സമൂഹത്തിന്റെ മുന്നിൽ ചോദ്യചിഹ്നമായി മാറിയത് കഴിഞ്ഞ മാർച്ച് 30-നാണ്​. അതിസങ്കീർണമായ അസ്ഥിരോഗ ശസ്ത്രക്രിയ ചെയ്യവേ, അനസ്തീഷ്യ മരുന്നുകളുടെ അമിതപ്രതികരണം മൂലം മരിച്ച കുട്ടിയുടെ പേരിൽ നടന്ന സാമൂഹിക ഒറ്റപ്പെടുത്തലുകളും മാനസികപീഡനകളും സഹിക്കാനാവാതെ കുളിമുറിയുടെ ചുമരിൽ സ്വന്തം ചോരയിൽ sorry എന്നെഴുതി തന്റെ രക്തത്തിന് ദാഹിച്ച ക്രൂരസമൂഹത്തിന് സ്വന്തം ജീവൻ എറിഞ്ഞുകൊടുത്താണ് കഴിഞ്ഞ വർഷം കൊല്ലത്തെ ചെറുപ്പക്കാരനായ ഡോ. അനൂപ് തീരാവേദനയോടെ നടന്നുമറഞ്ഞത്. പൊതുസമൂഹം എന്നാണ് ഇതിനൊക്കെ പരിഹാരം കണ്ടെത്തുക?

കുളിമുറിയുടെ ചുമരിൽ sorry എന്നെഴുതിവെച്ച് ആത്മഹത്യ ചെയ്ത ഡോ. അനൂപ് കൃഷ്ണ.

ഡോക്ടർമാരെ ആത്മഹത്യയിലേക്ക് നയിക്കുന്നതിൽ Burnt out phenomenon എന്ന പ്രത്യേക മാനസികാവസ്ഥക്ക് വലിയ പങ്കുണ്ടെന്ന് സാമൂഹിക- മാനസിക ശാസ്ത്രജ്ഞർ ഓർമിപ്പിക്കുന്നു. വൈകാരിക തളർച്ച, രോഗികളോടുള്ള സഹാനുഭൂതിയിൽ വരുന്ന ഋണാത്മക മാറ്റം, സാമൂഹിക അംഗീകാരമില്ലായ്മ എന്നിവയാണതിന്റെ പ്രധാന ഘടകങ്ങൾ. സാമൂഹത്തിന്റെ ആരോഗ്യത്തിന്റെ കാവൽഭടന്മാരായ ഡോക്ടർമാരുടെ ഇത്തരം പ്രശ്‌നങ്ങൾ അനുതാപത്തോടെ കാണാൻ സമൂഹം തയാറാവുകയും അടിസ്ഥാനപരമായ പരിഹാരങ്ങൾ കണ്ടെത്തുകയയും വേണം. ഒരു പരിഷ്‌കൃതസമൂഹത്തിന് ഒട്ടും അഭിമാനിക്കാൻ വകയുള്ളതല്ല ഡോക്ടർമാരുടെ ആത്മഹത്യകൾ എന്ന് നമ്മുടെ രാഷ്ട്രീയ നേതൃത്വം തിരിച്ചറിയാൻ ഒട്ടും വൈകരുത്. ▮

Comments