സമ്പൂർണ ലോക്ക്ഡൗൺ അശാസ്തീയം, സാമൂഹികവിരുദ്ധം

വിദഗ്ധരുടെ അഭിപ്രായത്തിൽ, കേരളത്തിൽ വൈറസിന്റെ ഏറ്റവും കനത്ത ആക്രമണം പ്രതീക്ഷിക്കുന്നത് ഈ വർഷം അവസാനത്തോടെയാണ്. അങ്ങിനെയാണെങ്കിൽ ഇപ്പോൾ നമ്മൾ ലോക്ക്ഡൗണിലേക്ക് പോയാൽ, 75000 പേരെയെങ്കിലും ആശുപതികളിൽ അഡ്മിറ്റ് ചെയ്യേണ്ടിവന്നേക്കും എന്നാശങ്കിക്കുന്ന ആ നിർണായക സമയത്ത് എന്തു ചെയ്യും? സമൂഹവ്യാപനം നടന്നുകഴിഞ്ഞ ഈ പതിനൊന്നാം മണിക്കൂറിൽ ലോക്ക്ഡൗൺ ഒട്ടും സംഗതമല്ല എന്ന ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നിലപാട് അവതരിപ്പിക്കുകയാണ് ലേഖകൻ

1886 ലെ മെയ് ദിനത്തിൽ, ജീവിക്കാനുള്ള പ്രാഥമിക അവകാശങ്ങൾക്കുവേണ്ടി സാധാരണക്കാരും പാവപ്പെട്ടവരുമായ തൊഴിലാളികൾ ചിക്കാഗോ തെരുവീഥികൾ രണോത്സുകമാക്കിയപ്പോൾ പുതിയൊരു സ്വപ്നം പിറവി കൊണ്ടത് ചരിതത്തിൽ അത്ര പഴയ സംഭവമല്ല. 2020 മെയ് ഒന്നിന് ഇങ്ങകലെ കേരളത്തിൽ മെയ്ദിന സ്മരണകളോടൊപ്പം മറ്റൊരു മഹത്തായ സ്വപ്നത്തിന്റെ ചിത്രങ്ങൾ കൂടി ഉയിർത്തുവന്നു. ജനുവരി 30 നുശേഷം കേരളത്തിൽ പതുക്കെ വർദ്ധിച്ചു വന്ന കോവിഡ് രോഗികളുടെ എണ്ണം പൂജ്യമായ ദിവസമായിരുന്നു അന്ന്. ആ ആഴ്ച തുടർച്ചയായ മൂന്നു ദിവസങ്ങളിൽ ഒരു കേസു പോലും റിപ്പോർട്ട് ചെയ്യപ്പെടാതെ പോയത് ലോകമാദ്ധ്യമങ്ങളിൽ പോലും മുഖവാർത്തയായി. കേരളം അങ്ങനെയാണ് ബി.ബി. സിയുടേയും സി.എൻ.എന്നിന്റെയുമൊക്കെ മോഡൽ ലിസ്റ്റിൽ ആധികാരികമായി ഇടം പിടിക്കുന്നത്. മഹാരാഷ്ട്ര അടക്കമുള്ള പല സംസ്ഥാനങ്ങളും കോവിഡ് പ്രതിരോധത്തിന്റെ മാതൃകക്കായി കേരളത്തെ സമീപിക്കുന്നതും നമ്മുടെ intense tracing/ route map , detection and Scientic Isolation സമീപനം അവരൊക്കെ സർവ്വാത്മനാ സ്വീകരിക്കുന്നതുമൊക്കെ നാം കൺകുളിർക്കെ കണ്ടുകൊണ്ടിരുന്നു.

മുനതേഞ്ഞ ആയുധം പൊടിതട്ടിയെടുക്കണോ?

ക്രിസ്​തുവായും, വർഷങൾക്കുശേഷം അറിയാതെ, യൂദാസായും ഒരേ മോഡലിനെ തന്നെ കണ്ടെത്തിയ ഡാവിഞ്ചിയെക്കുറിച്ചുള്ള പഴയ കഥയിലെന്ന പോലെ കേരളമിപ്പോൾ വലിയൊരു സന്ദിഗ്ദതയുടെ വക്കിലാണ്. ജൂലൈ അവസാനത്തെ ആഴ്ചയിലെ ആദ്യദിനങ്ങളിൽ കേരളത്തിലെ കേസുകൾ ആയിരം കടന്നു. സമൂഹവ്യാപനം സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും സമ്പർക്ക രോഗികളുടെ എണ്ണം 70% ത്തിലേറെയായി. ഓർക്കാപ്പുറത്ത് സൂര്യനെ രാഹു വിഴുങ്ങിയതുപോലെയായി കാര്യങ്ങൾ.

ലോക്ക്​ഡൗൺ രോഗാണുശാസ്ത്രത്തിന്റെ കാഴ്ചപ്പാടിൽ ഫലപ്രദമായ രോഗനിയന്ത്രണ സംവിധാനം പോലുമല്ല. സോഷ്യൽ ഡിസ്റ്റൻസിങ്ങിന്റെ ഏറ്റവും സാമൂഹികവും എളുപ്പവുമായ മാർഗം എന്ന നിലയിലാണ് അതിനെ തിറിച്ചറിയപ്പെടേണ്ടത്

ഈ അന്തരാളത്തിൽ എന്താണ് കരണീയം എന്നതിനെക്കുറിച്ച് ഭരണകൂടവും, ആരോഗ്യവിദഗ്ദരും, സാമൂഹിക ശാസ്ത്രജ്ഞരും മാദ്ധ്യങ്ങളുമൊക്കെ ആഴമേറിയ ചർച്ചകളിലേക്ക് കടന്നിരിക്കുന്ന സന്ദർഭമാണിത്.
നിരന്തരം മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക സാഹചര്യങ്ങളെക്കുറിച്ചും ആരോഗ്യ പരിതോവസ്ഥയിലെ നിർണായക ചലനങ്ങളെക്കുറിച്ചുമൊക്കെ നിതാന്തശ്രദ്ധയോടെ ശാസ്ത്രീയമായി അവലോകനം ചെയ്യുന്നതിലെ പരാജയം ഏതൊരു പ്രതിസന്ധിയേയും എളുപ്പവഴിയിൽ ക്രിയ ചെയ്യാൻ നമ്മെ പ്രേരിപ്പിച്ചേക്കും. പഴയ മുനതേഞ്ഞ ആയുധങ്ങൾ പൊടി തട്ടി എടുക്കുന്നതാണ് പലപ്പോഴുംഏറ്റവും എളുപ്പമായ വഴി എന്ന് പടയിൽ തോറ്റ ഏത് സൈന്യാധിപന്റെയും ദിനസരിക്കുറിപ്പുകളിൽ നമുക്ക് കണ്ടെടുക്കാവുന്നതേയള്ളൂ. കേരളത്തിലെ പുതിയ പ്രതിസന്ധിക്ക് പരിഹാരമായി ലോക്ക്ഡൗൺ നിർദ്ദേശിക്കുന്നത് നിശ്ചയമായും അത്തരമൊരു പരിഹാരമാണ്.

ലോകം ലോക്ക്ഡൗണിനെതിരെയാണ്
ലോക്ക്​ഡൗൺ രോഗാണുശാസ്ത്രത്തിന്റെ കാഴ്ചപ്പാടിൽ ഫലപ്രദമായ രോഗനിയന്ത്രണ സംവിധാനം പോലുമല്ല. സോഷ്യൽ ഡിസ്റ്റൻസിങ്ങിന്റെ ഏറ്റവും സാമൂഹികവും താരതമ്യേന എളുപ്പവുമായ മാർഗം എന്ന നിലയിലാണ് ലോക്ക്ഡൗൺ തിറിച്ചറിയപ്പെടേണ്ടത്. ഫ്‌ളാറ്റനിങ്ങ് ദി കർവ് (Flattening the curve) വഴി സമയ ക്രമീകരണ തന്ത്രം ഉപയോഗിച്ച് ഒരു രാജ്യത്തിന്റെ ഹെൽത്ത് ഇൻഫ്രാസ്ട്രക്ച്ചറിന്റെ (Health infrastructure) പരിതോവസ്ഥക്കുള്ളിൽ രോഗസംക്രമണത്തെ ഒതുക്കുകയും ആ സംവിധാനം വഴി ജനങ്ങളുടെ ആരോഗ്യ പരിപാലനം ഏകതാനമായി സാദ്ധ്യമാക്കുകയും ചെയ്യുക എന്നതാണതിന്റെ എപ്പിഡമിയോളജിക്കൽ സാംഗത്യം. ഹ്യൂബെ പ്രവിശ്യയിലെ 70 ദിവസത്തോളം നീണ്ട ലോക്ക്ഡൗണാണ് നമ്മുടെ മുന്നിലെ വിജയിച്ച ആദ്യ മോഡൽ. രണ്ടു മാസത്തിലേറെ നീണ്ട സമ്പൂർണ ലോക്ക്ഡൗൺ അനന്തമായി നീട്ടി രോഗ സംക്രമണ നിയന്ത്രണം എളുപ്പത്തിൽ പരിഹരിക്കാൻ ഇനി നമുക്ക് കഴിഞ്ഞെന്നു വരില്ല. മറ്റു പല രാഷ്ട്രങ്ങളേയുമപേക്ഷിച്ച് തുടക്കത്തിൽത്തന്നെ നടപ്പാക്കിയ ലോക്ക്ഡൗൺ നമ്മുടെ നാട്ടിൽ സാമൂഹിക വ്യാപനത്തിന് ഫലപ്രദമായ പ്രതിരോധം ചമച്ചു എന്നത് കാണാതിരുന്നുകൂടാ.

പട്ടിണിയും സീമയറ്റ ദുരിതവും മനുഷ്യനെ രോഗപ്പകർച്ചയുടെ ഭീതിക്കപ്പുറത്തേക്ക് ഒളിച്ചുകടത്തി, കടുത്ത പ്രതിഷേധത്തിനും കലാപത്തിനും പ്രേരിപ്പിക്കുമെന്നുമൊക്കെയുള്ള സാമൂഹിക യാഥാർത്ഥ്യങ്ങൾ നാം മറന്നുവെക്കരുത്

പക്ഷേ ലോക്ക്ഡൗൺ വീണ്ടും വീണ്ടും പരീക്ഷിക്കപ്പെടുമ്പോൾ അത് നമ്മുടെ സാമ്പത്തിക - സാമൂഹിക അസ്ഥിവാരങ്ങളെ മുമ്പില്ലാത്തവണ്ണം തകർത്തെറിഞ്ഞേക്കും. ഇന്ത്യയിലെ / കേരളത്തിലേയും, ഒരു പരിധി വരെ അദൃശ്യരായ ‘ദരിദ്രനാരായണന്മാർ'ക്ക് സോഷ്യൽ ഡിസ്റ്റൻസിങ് മരീചിക മാത്രമാണെന്നും പട്ടിണിയും സീമയറ്റ ദുരിതവും മനുഷ്യനെ രോഗപ്പകർച്ചയുടെ ഭീതിക്കപ്പുറത്തേക്ക് ഒളിച്ചുകടത്തി, കടുത്ത പ്രതിഷേധത്തിനും കലാപത്തിനും പ്രേരിപ്പിക്കുമെന്നുമൊക്കെയുള്ള സാമൂഹിക യാഥാർത്ഥ്യങ്ങൾ നാം മറന്നുവെക്കരുത്. ആരോഗ്യ പ്രവർത്തകരെ പോലും ആക്രമിക്കുവാൻ തുനിഞ്ഞ ധാരാവിയിലെ ആദ്യകാല അനുഭവങ്ങൾ ഓർക്കുക. സൗജന്യ ഭക്ഷണവും സാമൂഹിക സുരക്ഷയും കൃത്യമായി നടപ്പാക്കിയാണ് അവരെ അനുനയിപ്പിച്ചത്, പൂന്തുറയിലെ അനുഭവവും നമുക്ക് ജാഗ്രതാ പാഠങ്ങളാണ്. തുടക്കത്തിൽ തന്നെ ലോക്ക്ഡൗൺ നടപ്പിൽ വരുത്തിയ ജർമനി, ഫ്രാൻസ്, ആസ്ട്രിയ, ഇറ്റലി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലൊക്കെ ലോക്ക്ഡൗണിനെതിരെ കനത്ത പ്രതിഷേധക്കൂട്ടായ്മകൾ ഉയർന്നുവന്നു.

അമേരിക്കയിൽ ചരിത്രം മാറ്റിയെഴുതി സാധാരണക്കാർ വൈറ്റ്ഹൗസ് അക്ഷരാർത്ഥത്തിൽ ആക്രമിക്കുകയും കടുത്ത ഉപരോധം തീർക്കുകയും ചെയ്തു. ആദ്യഘട്ട ലോക്ക്ഡൗണുകൾക്ക് ശേഷം മറ്റൊരു രാജ്യത്തും സമ്പൂർണ ലോക്ക്ഡൗൺ പരീക്ഷിച്ചിട്ടില്ല. ഡൽഹിയാണ് നമ്മുടെ തിളങ്ങുന്ന നക്ഷത്രം. രോഗവ്യാപനത്തിന്റെ ആസുരത മൂലം ഒരിക്കൽ രാജ്യത്തെ മൊത്തം കൊടും ഭീതിയിലാഴ്ത്തിയിരുന്ന തലസ്ഥാന നഗരം കോവിഡിന്റെ ഒക്ടോപ്പസിയൻ ആലിംഗനത്തിൽ നിന്ന് കുതറിച്ചാടിയത് തലങ്ങും വിലങ്ങും ലോക്ക്ഡൗൺ ഉപയോഗിച്ചുകൊണ്ടല്ല, മറിച്ച് ശാസ്ത്രീയമായ രോഗനിയന്ത്രണ സംവിധാനങ്ങളുടെ മികച്ച സംഘാടനവും ഉപയോഗവും വഴിയാണ്.

ധനവ്യവസ്ഥക്കുവേണ്ടേ കൈത്താങ്ങ്?

കൂപ്പു കുത്താൻ തുടങ്ങുന്ന നമ്മുടെ ധനവ്യവസ്ഥക്ക് നിശ്ചയമായും കൈത്താങ് നൽകേണ്ട നിർണായക മുഹൂർത്തമാണിതെന്ന് നാം തിരിച്ചറിയണം. ലോകത്തെമ്പാടുമുള്ള രാജ്യങ്ങൾ അഭിമുഖീകരിക്കുന്ന ഈ അവസ്ഥയുടെ പ്രത്യേകത, നിശ്ചിതമായ ഒരു ബിന്ദുവിനപ്പുറത്തേക്ക് ധനക്കമ്മി കൈവിട്ടു പോയാൽ പിന്നെ തിരിച്ചുപിടിക്കുന്നത് ഒട്ടും എളുപ്പമാവില്ല എന്ന വസ്തുതയാണ്. 1930 കളിലെ വൻ സാമ്പത്തിക മാന്ദ്യത്തെ പോലും കവച്ചുവെക്കും കോവിഡാനന്തര ലോകം എന്നു വിദഗ്ദർ സംശയിക്കുന്നു. ലോകത്തിന്റെ സാമ്പത്തിക അച്ചുതണ്ടാണെന്നു കരുതപ്പെടുന്ന രാജ്യത്ത് തൊഴിലില്ലായ്മ 14.37% ശതമാനമായത്രെ. ഈ നൂറ്റാണ്ടിൽ ലോകം ദർശിച്ച വലിയ സാമ്പത്തിക തളർച്ചാകാലയളവായ 2007 - 08 ലെ കൂപ്പുകുത്തലിന്റെ മൂന്നിരട്ടിയെങ്കിലും കോവിഡ് കാലം മറികടന്നേക്കും. ലോകബാങ്ക് വെച്ചുനീട്ടുന്ന 14 ബില്യൻ ഡോളറിന്റെ ധനപാക്കേജിൽ പൊതുജനാരോഗ്യം കടന്നുവരരുതെന്ന് അവർ നിർബന്ധം പിടിക്കുന്നു. 82 രാഷ്ട്രങ്ങളാണ് ഐ.എം.എഫിന്റെ മുന്നിൽ കൈനീട്ടി നിൽക്കുന്നത്. ആധികാരികമായ സാമ്പത്തിക പഠനങ്ങൾക്ക് പുകഴ്‌പെറ്റ ഗോൾഡ് മാൻ - സാക്ക്‌സിന്റെ റിപ്പോർട്ടിൽ മാർച്ച് അവസാനത്തെ ആഴ്ച മാത്രം ലോക്ക്ഡൗൺ വഴി ഇന്ത്യക്ക് 1.4 ലക്ഷം കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് വിലയിരുത്തുന്നുണ്ട്.

ക്ലസ്റ്ററുകൾ കേന്ദീകരിച്ച കർശന നിയന്തണങ്ങൾക്കപ്പുറം സമ്പൂർണ ലോക്ക്ഡൗൺ അശാസ്തീയവും സാമൂഹികവിരുദ്ധവുമാണ്. മാത്രമല്ല കോവിഡിതര രോഗചികിത്സയെ ഗുരുതരമായി ബാധിച്ചേക്കും ഇടക്കിടയുള്ള ലോക്ക്ഡൗണുകൾ

ഇത്തരമൊരവസ്ഥയിൽ തകർന്നടിയുകയല്ലാതെ മൂന്നാംലോക രാഷ്ട്രങ്ങൾക്ക് മുന്നിൽ വഴികളേതുമില്ല. ഉൽപാദനവും ഉപഭോഗവും ഡിമാന്റും സ്തംഭിക്കുമ്പോൾ മൂലധന നിക്ഷേപം നടക്കില്ല. സാമ്പത്തിക രംഗം ചലിക്കുന്നതുവഴി മാത്രമേ ഏതു സാമ്പത്തിക ഭീമനും പിടിച്ചുനിൽക്കാനാവൂ. രോഗസംക്രമണം പരമാവധി കുറച്ചുകൊണ്ടു വരാൻ കഴിഞ്ഞ സംസ്ഥാനമെന്ന നിലയിൽ വളരെ ശ്രദ്ധാപൂർവം നമ്മുടെ നാട് അതിനാണ് ശ്രമിക്കേണ്ടത്. പുതിയ ജീവിതക്രമം (New Normal) ജീവിതശൈലിയാക്കി ധനരംഗത്തിന് ഉയിര് നൽകുക മാത്രമാണ് ഒരേയൊരു മാർഗദീപം.

കോവിഡിതര രോഗചികിത്സ പ്രതിസന്ധിയിലാകും

ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭനായ എപ്പിഡമിയോളജിസ്റ്റായി പരിഗണിക്കപ്പെടുന്ന ഡോ. ജയപ്രകാശ് മുളിയിലും, ലോകപ്രശസ്ത വൈറോളജിസ്റ്റായ ഡോ. ജേക്കബ് ജോണുമൊക്കെ കേരളത്തിൽ വൈറസിന്റെ ഏറ്റവും കനത്ത ആക്രമണം (Peak of viral infection) പ്രതീക്ഷിക്കുന്നത് ഈ വർഷം അവസാനത്തോടെയാണ്.

ഡോ. ജയപ്രകാശ് മുളിയിൽ

അങ്ങിനെയാണെങ്കിൽ ഇപ്പോൾ നമ്മൾ ലോക്ക്ഡൗണിലേക്ക് പോയാൽ, 75000 പേരെയെങ്കിലും ആശുപതികളിൽ അഡ്മിറ്റ് ചെയ്യേണ്ടിവന്നേക്കും എന്നാശങ്കിക്കുന്ന ആ നിർണായക സമയത്ത് എന്തു ചെയ്യും? എപ്പോഴാണ് നമുക്ക് ലോക്ക്ഡൗണിൽനിന്ന് പുറത്തുകടക്കുവാനാവുക?
തുടക്കം മുതൽ തന്നെ ശാസ്ത്രീയമായ അപഗ്രന്ഥനങ്ങൾ കൊണ്ടും സാമൂഹിക പ്രതിബദ്ധത മാത്രം മുൻനിർത്തി സ്വീകരിച്ച സത്യസന്ധമായ നിലപാടുകൾ കൊണ്ടും സമൂഹ - മാദ്ധ്യമ ശ്രദ്ധയാകർഷിച്ച ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) ഈ കാര്യത്തിലും സുവ്യക്ത നിലപാട് മുന്നോട്ടുവെച്ചിട്ടുണ്ട്. സമൂഹവ്യാപനം നടന്നുകഴിഞ്ഞ ഈ പതിനൊന്നാം മണിക്കൂറിൽ ലോക്ക്ഡൗൺ ഒട്ടും സംഗതമല്ല എന്നാണ് ഐ.എം.എയുടെ സുചിന്തിത നിലപാട്. ക്ലസ്റ്ററുകൾ കേന്ദീകരിച്ച കർശന നിയന്തണങ്ങൾക്കപ്പുറം സമ്പൂർണ ലോക്ക്ഡൗൺ അശാസ്തീയവും സാമൂഹികവിരുദ്ധവുമാണ്. മാത്രമല്ല കോവിഡിതര രോഗചികിത്സയെ, അർബുദം മുതൽ ജീവിതശൈലി രോഗങ്ങളും നിശ്ശബ്ദ ആക്രമണം നടത്തുന്ന ഡെങ്കിപ്പനിയെയും വരെ, ഏറ്റവും ഗുരുതരമായി ബാധിച്ചേക്കും ഇടക്കിടയുള്ള നിരുത്തരവാദപരമായ ലോക്ക്ഡൗണുകൾ എന്നും ഐ.എം.എ വിലയിരുത്തുന്നു.

ഡോ. ജേക്കബ് ജോൺ

റിവേഴ്‌സ് ക്വാറന്റയിൻ എന്ന ശക്തമായ ആയുധവും സോഷ്യൽ വാക്‌സിൻ എന്ന്
എപ്പിഡമിയോളജിസ്റ്റുകൾ വ്യവഹരിക്കുന്ന മാസ്‌ക് - സോപ്പ് - സാമൂഹിക അകലപാലനം എന്നിവ മുൻനിർത്തിയുള്ള പുതിയ ലോകക്രമ (New Normal) സ്വീകരണ തന്ത്രവുമാണ് ഇന്ന് സാമൂഹിക പ്രതിബദ്ധതയുള്ള ആരോഗ്യ പ്രവർത്തകന് ആത്മാർത്ഥമായി മുന്നോട്ടുവെക്കാനാവുന്ന അതി ജീവനമാർഗം.

(​ഐ.എം.എയുടെ നിയുക്​ത സംസ്​ഥാന വൈസ്​ പ്രസിഡൻറാണ്​ ലേഖകൻ)

Comments