മൂന്നു മണിക്കൂറോളം ശീതീകരിണി പ്രവർത്തിപ്പിക്കാതിരുന്നിട്ടുപോലും ആ നീലവസ്ത്രത്തിനുള്ളിൽ അയാൾ ഒട്ടും ക്ഷീണിതനായിരുന്നില്ല. സമീപിച്ച ഡോക്ടർമാരും ആശുപത്രികളുമൊക്കെ കൃത്യമായ ശാസ്ത്രീയ കാരണങ്ങൾ കൊണ്ട് കൈയൊഴിഞ്ഞ, സങ്കീർണവും അപൂർവവുമായ ഒരു അസ്ഥിരോഗ ശസ്ത്രക്രിയ വിജയകരവും സംതൃപ്തവുമായി പൂർത്തീകരിച്ച ആഹ്‌ളാദത്തിലായിരുന്നു അയാൾ. അത്യപൂർവമായ
കൺജെനറ്റൽ സ്യൂഡോ ആർത്രോസിസ് ടിബിയ എന്ന രോഗം രണ്ടര ലക്ഷത്തിൽ ഒരാൾക്ക് മാത്രമേ സാധ്യതയുളളൂ.
എത്ര വിദഗ്ദനായാലും ഏത് മികച്ച സൗകര്യങ്ങളുള്ള ആശുപത്രിയിൽ വെച്ചു നടത്തിയാലും കഷ്ടിച്ച് മുപ്പതു ശതമാനത്തോളം മാത്രമേ ശസ്ത്രകിയ വിജയകരമാവൂ എന്ന വസ്തുതയൊന്നും ആ വലിയ വെല്ലുവിളി ഏറ്റെടുക്കുന്നതിൽ നിന്ന് ആ ചെറുപ്പക്കാരനെ ഒട്ടും പിന്തിരിപ്പിച്ചില്ല. ടിബിയ (tibia) യുടെ കാൽപാദത്തിനടുത്തുള്ള രോഗബാധിതമായ ഭാഗം മുറിച്ചുകളഞ്ഞ്, ഊരയുടെ അസ്ഥി (Hip bone) യിൽ നിന്നെടുത്ത ഭാഗം അവിടെ പിടിപ്പിച്ച്, വളവ് നീർത്തി ശസ്ത്രക്രിയയുടെ സങ്കീർണഘട്ടങ്ങൾ വളരെ അവധാനതയോടെ അയാൾ പിന്നിട്ടു. ഏറ്റവും അവസാന ഘട്ടമായ, ആദ്യയുടെ തൊലിപ്പുറത്തെ, ശസ്തക്രിയക്ക് വേണ്ടിയുണ്ടാക്കിയ മുറിവ് തുന്നാൻ തുടങ്ങുകയായിരുന്നു അയാൾ. മികച്ച ഗായകനായിരുന്ന ആ ചെറുപ്പക്കാരൻ മനസ്സിൽ ഒരു മൂളിപ്പാട്ടു പോലും പാടിയിരിക്കണം.
ഒരു നിമിഷം, അർച്ചനയുടെ മുഖത്ത് ഭാവം പകരുന്നതു കണ്ടാണയാൾ മോണിട്ടറിലേക്ക് നോക്കിയത്. ഇ. സി. ജിയിൽ മാരകമായ വെൻട്രിക്കുലാർ ഫിബ്‌റില്ലേഷന്റെ (VF) കൊടും രേഖകൾ. ആദ്യ, കാർഡിയാക് അറസ്റ്റിലേക്ക് പോവുകയാണ്. ഞൊടിയിടയിൽ തുന്നലുപകരണങ്ങൾ താഴെയിട്ട് അവർ മൂന്നുപേരും ജീവരക്ഷാ പ്രവർത്തനങ്ങളിൽ മുഴുകി. കാർഡിയോ പൾമണറി റെസ്യൂസിറേറഷൻ. തിയേറ്റർ പൊടുന്നനെ ഒരു വാർ റൂം പോലെ ഉണർന്നു...മരുന്നുകൾ, ഐ.വി ഫ്‌ളൂയിഡുകൾ, കാർഡിയാക് തംപിങ്ങ് ...
യുഗങ്ങളെന്നോണം തോന്നിച്ച മിനുട്ടുകൾക്കുശേഷം ഹൃദയത്തിന്റെ പ്രവർത്തനം സാധാരണ നിലയിലേക്ക് മാറുകയായിരുന്നു. പക്ഷേ ഇനി ആദ്യക്ക് കൃത്യമായ കാർഡിയാക് ഐ.സി.യു പരിചരണം വേണം. ഇതിനിടയിൽ തയാറാക്കി നിർത്തിയ ആംബുലൻസിലേക്ക് ആദ്യയേയുമെടുത്ത് കൊണ്ട് അവർ ഓടി... കൊല്ലം മെഡിസിറ്റിയിലേക്ക് നിമിഷങ്ങൾക്കകം ആ വണ്ടി പാഞ്ഞു പോയി.
കരുണയില്ലാത്ത വേട്ടയാടൽ
2020 സെപ്തംബർ 23-നായിരുന്നു ആ സംഭവം. ഒക്ടോബർ ഒന്നിന്, ഗാന്ധി ജയന്തിക്ക് തലേന്ന്, സ്വന്തം സെഫാലിക്ക് വെയിൻ മുറിച്ച് രക്താഭിഷിക്തനായി, സ്വന്തം വീട്ടിലെ കളിമുറിയിൽ കെട്ടിത്തൂങ്ങി അയാൾ നന്ദികെട്ട ഈ ലോകത്തിനുനേരെ എന്നെന്നേക്കുമായി മുഖം തിരിച്ചു. ആയിരക്കണക്കിന് രോഗികൾക്ക് സാന്ത്വനം പകർന്ന മരുന്നുകുറിപ്പുകൾ എഴുതിയിരുന്ന ഡോ. അനൂപ് കൃഷ്ണ എഴുതിയ അവസാന വാക്ക് കുളിമുറിയുടെ ചുമരിലുണ്ടായിരുന്നു: Sorry.
ഡോ. അനൂപ് ക്ഷമ ചോദിച്ചത് ഒരിക്കലും തന്റെ പ്രിയപ്പെട്ട അർച്ചനയോടോ, സ്മ്യൂൾ വീഡിയോകളിൽ പോലും ഒട്ടിഒട്ടി നിന്നിരുന്ന ആദിത്യ കൃഷ്ണയോടോ സ്വന്തം രോഗികളോടോ, നിഷ്ഠൂരമായി വേട്ടയാടിയ സമൂഹത്തോടോ സ്വന്തം അച്ഛനമ്മമാരോടോ ആയിരുന്നില്ല, മറിച്ച് ആദ്യ എസ്. ലക്ഷ്മി എന്ന എഴുവയസ്സുകാരിയോടാണ്, നിശ്ചയമായും.
അത്രമേൽ ആത്മവിശ്വാസത്തോടെ, ഓരോ ചെറിയ വിശദാംശങ്ങളിൽ പോലും അതീവശ്രദ്ധ നൽകി തന്റെ ഇതഃപര്യന്തമുള്ള പ്രൊഫഷണൽ വൈദഗ്ദ്യം മുഴുവൻ ഉപയോഗിച്ച് ഉത്തമ വിശ്വാസത്തോടെ ചെയ്ത ശസ്ത്രക്രിയക്കിടെ പതുങ്ങി വന്ന പിംഗളകേശിനി ആദ്യയെ നിർണായകമായി സ്പർശിച്ചത് ആ ചെറുപ്പക്കാരനെ അത്രയധികം ഉലച്ചു കാണണം.
ഒരിക്കലും തന്റേതല്ലാത്ത കുറ്റത്തിന് സൈബറിടങ്ങളിലും പത്ര-ദൃശ്യ മാദ്ധ്യമങ്ങളിലും പൊതുസമൂഹത്തിലും കരുണയില്ലാതെ തന്നെ വേട്ടയാടിയവർ നൽകിയ ഭീതിദമായ സന്ദേശങ്ങളുടെ ആഘാതം ആ പാവം മനുഷ്യന്റെ അവസാനത്തെ ആശയും കെടുത്തിയിരിക്കണം. രവി കണ്ടെത്തിയതുപോലെ ഈശ്വരാ എന്ന പദം നിരർത്ഥകമായി തോന്നാത്ത ഏറ്റവും ദുഃഖകരമായ ഒരു മുഹൂർത്തം.
മെഡിക്കൽ സയൻസിൽ നൂറു ശതമാനം ഉറപ്പു നൽകാനാവുന്ന ഒരു ചികിത്സാപദ്ധതിയുമില്ല. കപട ചികിത്സാശാസ്ത്രങ്ങളെ പോലെ അസന്നിഗ്ദമായി തെളിയിക്കപ്പെടാത്ത അവകാശവാദങ്ങൾ ആധുനിക വൈദ്യശാസ്ത്രത്തിന്റെ ശൈലിയുമല്ല. ശാസ്ത്രത്തിന്റെ രീതികൾ സുതാര്യവും സത്യസന്ധവും കൃത്യവുമാണ് എന്നതാണതിന്റെ ഖണ്ഡിതമായ കാരണം. കുറച്ചുകാലം ഉപയോഗിച്ചശേഷം മരുന്നുകൾ പിൻവലിക്കുന്നതുപോലും ആധുനിക വൈദ്യശാസ്ത്രത്തിന്റെ നിതാന്തമായ ഫാർമക്കോ വിജിലൻസിന്റെ ഉദാത്തമായ സാക്ഷ്യപത്രമായി കാണുന്നതിനുപകരം മോഡേൺ മെഡിസിന്റെ
ആത്യന്തികമായ പരാജയമായി കാണുവാനാണ് പലർക്കും താൽപര്യം.
ആദ്യക്ക് സംഭവിച്ചത്
മരുന്നുകൾ നൽകുമ്പോഴോ ശസ്ത്രക്രിയ നടത്തുമ്പോഴോ, മെഡിക്കൽ പ്രൊസീജ്യറുകൾ (Medical procedure) ചെയ്യുമ്പോഴോ ഒക്കെ ഒരിക്കലും മുൻകൂട്ടി പ്രവചിക്കാനാവാത്ത അത്ഭുതങ്ങൾ, ദുരന്താനുഭവങ്ങൾ ശരീരം നമുക്കു വേണ്ടി എപ്പോഴും കാത്തുവെക്കുന്നുണ്ട്. അതുകൊണ്ടാണ് അപ്രവചീനമായ ഗുരു
തരാവസ്ഥകൾ (complications) വൈദ്യശാസ്ത്ര പാഠ്യപദ്ധതിയിലുടനീളം ഇടം പിടിക്കുന്നതും. ഇവയെ മെഡിക്കൽ നെഗ്ലിജൻസായി (Medical Negligence - വൈദ്യശാസ്ത്രപരമായ അനാസ്ഥ) ബോധപൂർവമോ അബോധമായോ തെറ്റിദ്ധരിക്കുന്നിടത്തുവെച്ചാണ് കാര്യങ്ങൾ നിർണ്ണായകമായി വഴിതിരിയുന്നത്.
നാഡീവൈകല്യങ്ങളും മസ്തിഷ്‌ക - ശ്വാസകോശ പ്രശ്‌നങ്ങളും മുതൽ ഗുരുതര കരൾ രോഗങ്ങളും ഹൃദയാഘാതവും, കോമയും മരണവും വരെ ആധുനിക വൈദ്യശാസ്ത്രത്തിൽ അപ്രവചീനമായ ഗുരുതരാവസ്ഥകളായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അനസ്തീഷ്യയുടെ ഏറ്റവും കടുത്ത പ്രവചനാതീതമായ ഗുരുതരാവസ്ഥകളാണ് ഹൃദയാഘാതവും കോമ (Coma) യും മരണവും.
അപൂർവമാണെങ്കിലും ഏതൊരു അനസ്തീഷ്യയിലും അത്തരം അവസ്ഥകളുടെ ഭീതിദമായ സാന്നിദ്ധ്യമുണ്ട്. അതുതന്നെയാണ് സർജറിക്കുമുമ്പ് എഴുതി വാങ്ങുന്ന സമ്മതപത്രങ്ങളുടെ (consent) സാംഗത്യവും. ദുഃഖകരമായ ആ അപ്രതീക്ഷിതത്വത്തിന്റെ പാവം ബലിയാടായിരുന്നു ആദ്യ എന്ന കൊച്ചു പെൺകുട്ടി. ശസ്ത്രക്രിയയുടെ കൊടും നൊമ്പരത്തിൽ നിന്ന് അവളെ ത്രാണനം ചെയ്യാൻ ഉദ്ദേശിച്ച അതേ മരുന്നു തന്നെ അവളുടെ ഹൃദയത്തിന്റെ താളം അമ്പരപ്പിക്കും വിധം പ്രവചനാതീതമായി തെറ്റിച്ചു കളഞ്ഞു. അങ്ങിനെയാണ് ഡോ. അനൂപും ഡോ. അർച്ചനയും മറ്റൊരു അനസ്തീഷ്യ സ്‌പെഷ്യലിസ്റ്റും കിണഞ്ഞു ശ്രമിച്ചിട്ടും മെഡിസിറ്റിയിലേക്ക് കൊണ്ടുപോവുന്ന വഴിയിൽ ആദ്യയെ നമുക്ക് എന്നേക്കുമായി നഷ്ടപ്പെടുന്നത്.
തന്റെ രോഗിയെ എത്രയും പെട്ടെന്ന് ചികിത്സിച്ചു ഭേദപ്പെടുത്താനാണ് ഏതൊരു ചികിത്സകനും ഏതൊരവസരത്തിലും ആഗ്രഹിക്കുന്നത് എന്നതിന് മറ്റൊരു സാക്ഷ്യപത്രവുമാവശ്യമില്ല. ആത്മാഭിമാന സാക്ഷാത്കരണത്തിനും സ്വന്തം ചികിത്സാനൈപുണ്യം ലോകത്തിനു മുന്നിൽ അഭിമാനപൂർവം പ്രദർശിപ്പിക്കുന്നതിനും അയാൾക്ക് വഴിയൊരുങ്ങുന്നതങ്ങിനെയാണ്.
സ്വന്തം രോഗിക്ക് രോഗം മാറാതിരിക്കുന്ന അവസ്ഥയോ ഗുരുതരാവസ്ഥയിലേക്ക് പോവുന്ന സാഹചര്യമോ പോലും ചികിത്സകന് ഒരിക്കലും സങ്കൽപ്പിക്കുവാൻ കഴിയില്ല എന്നിരിക്കേ രോഗിയുടെ മരണം ആരാണാഗ്രഹിക്കുക?
തന്റെ പ്രിയരോഗിയുടെ മരണം ജീവിതത്തിലുടനീളം ഒരു പേക്കിനാവായി അയാളെ പിന്തുടരുകയും ചികിത്സകൻ എന്ന നിലയിലെ ആത്മവിശ്വാസം എന്നെന്നേക്കുമായി തകർത്തു കളയുകയും ചെയ്‌തേക്കാം. അത്തരമൊരു സാദ്ധ്യതയുടെ നേരിയ സ്പർശം പോലും ഒരു ചികിത്സകന്റെ നട്ടെല്ലിലൂടെ കടുത്ത ഞെട്ടലിന്റെ കൊള്ളിമീനുകൾ പായിക്കുമെന്നുറപ്പ്. കാരണം അടിസ്ഥാനപരമായി അയാളും ഒരു സാധാരണ മനുഷ്യനാണ്, സ്‌നേഹവും അലിവും കടപ്പാടും നൊമ്പരവുമുള്ള ഒരു പാവം മനുഷ്യൻ...
പൊതുസമൂഹം മറുപടി പറയേണ്ട ചോദ്യങ്ങൾ
ഡോ. അനൂപ് കൃഷ്ണ, കൊല്ലം കടപ്പാക്കടയിൽ ആരംഭിച്ച അനൂപ് ഓർത്തോ കെയർ എന്ന സ്ഥാപനം ചെറിയ കാലയളവിനുള്ളിൽ കൊല്ലത്തെ മികച്ച അസ്ഥിരോഗ ചികിത്സാ കേന്ദ്രമായി ഉയർന്നതിനു പിന്നിൽ നിസ്തന്ദ്രമായ പ്രവർത്തനത്തിന്റേയും ആത്മാർത്ഥമായ രോഗീപരിചരണത്തിന്റേയും മനുഷ്യത്വമുറ്റിയ സാമൂഹിക കാഴ്ചപ്പാടിന്റേയും കൈയൊപ്പുകൾ, കണ്ണീരിന്റെയും വിയർപ്പിന്റെയുമൊപ്പം, പതിഞ്ഞു കിടപ്പുണ്ട്.
അത്തരമൊരു യുവ ഡോക്ടറെ സമൂഹമദ്ധ്യത്തിലും സൈബറിടങ്ങളിലും പത്ര ദൃശ്യമാദ്ധ്യമങ്ങളിലും നിർദ്ദയമായി വേട്ടയാടി കൊല്ലാൻ അവർക്കെങ്ങിനെ മനസ്സുവന്നു? എന്തായിരുന്നു അവർ മുന്നോട്ടു വെച്ച തെളിവുകൾ? കൊലപാതകത്തോളമെത്തുന്ന ആ ക്രൂരമായ ആക്രമണത്തിന് അവർക്ക് ആരാണ് അധികാരം നൽകിയത്? കാര്യങ്ങൾ ഒന്നും കൃത്യമായി മനസ്സിലാക്കാതെ ഡോക്ടറുടേയും സ്ഥാപനത്തിന്റെയും പേരുകൾ കൊലപാതകിയെന്നും കൊലക്കളമെന്നും തിരുത്താൻ മടിക്കാത്ത ചാനൽ റിപ്പോർട്ടർ മാധ്യമധർമമാണോ നിറവേറ്റിയത്? ഇത്തരം അവസ്ഥകളിൽ ഇരയെ ഭീഷണിപ്പെടുത്തലാണോ നമ്മുടെ കൊണ്ടാടപ്പെട്ട രാഷ്ടീയ നേതാക്കളുടെ മൂല്യബോധം? പൊതുസമൂഹം ഇത്തരം നിരവധി ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞേ മതിയാവൂ.
ധർമത്തെക്കുറിച്ച് ആണയിടുന്ന ഒരു രാഷ്ട്രo ഈ ചോദ്യങ്ങളെ നിശ്ചയമായും തുറന്ന മനസ്സോടെ അഭിമുഖീകരിക്കേണ്ടതുണ്ട്. ഓണത്തിനു പോലും വിശ്രമിക്കാതെ ജോലിത്തിരക്കിൽ മുഴുകിയ ആളായിരുന്നു ഡോ. അനൂപ്. ഓണത്തിനെങ്കിലും സർജറി ചെയ്തുതരണമെന്ന് അഭ്യത്ഥിച്ച ആദ്യയുടെ മാതാപിതാക്കളോട് തീരെ ഒഴിവില്ലാത്തതു കൊണ്ട് ഓണത്തിനുശേഷം ചെയ്യാം എന്നായിരുന്നു അനൂപ് പറഞ്ഞിരുന്നത്.
പരാജയപ്പെടാൻ എഴുപതു ശതമാനത്തിലേറെ സാധ്യതയുള്ളതിനാൽ സമീപിച്ച ഡോക്ടർമാരാക്കെ കൈയൊഴിഞ്ഞ സങ്കീർണമായ ശസ്ത്രക്രിയയുടെ ഓരോഘട്ടവും അതിലുണ്ടാവാനിടയുള്ള പ്രശ്‌നങ്ങളും, ആത്യന്തികമായി സർജറി പരാജയപ്പെടാനുള്ള സാദ്ധ്യതയും, വിജയിച്ചാൽ തന്നെ പതിനെട്ടു വയസ്സു വരെ വീണ്ടും അസ്ഥികൾ പൊട്ടാനിടയുണ്ടെന്ന വസ്തുതയുമൊക്കെ ഡോ. അനൂപ്, അവരെ കൃത്യമായി ധരിപ്പിച്ചിരുന്നു.
മാത്രമല്ല മറ്റേതെങ്കിലും സ്ഥലത്ത് അവർക്ക് കൂടുതൽ നല്ല ചികിത്സ കിട്ടുമെന്ന് തോന്നുന്നുവെങ്കിൽ അങ്ങോട്ടു പോകാനുള്ള സമ്മതവും അനൂപ് നൽകിയിരുന്നു. അതിലെല്ലാമുപരി ആദ്യയുടെ കുടുംബത്തിന്റെ കഷ്ടപ്പാടുകൾ തിരിച്ചറിഞ്ഞ് ആശുപത്രി സംവിധാനത്തിന്റെയും ഡോക്ടർമാരുടേയും ഫീസ് ഒഴിവാക്കിക്കൊടുക്കുവാനും അയാൾ നിറഞ്ഞ മനസ്സോടെ തയാറായി.
കഴിഞ്ഞ രണ്ടരവർഷം കൊണ്ട് ഡോ. അനൂപ് ചെയ്ത 1200ലധികം ശസ്ത്രക്രിയകളൊക്കെ പരിപൂർണ വിജയങ്ങളായിരുന്നു എന്നതും ഇന്നുവരെ ഒരു പരാതിയും ആ സ്ഥാപനത്തിനെതിരെ ഉയർന്നുവന്നിരുന്നില്ല എന്നതും പല സർജറികളും ആദ്യയുടേതു പോലെ മറ്റാരും ചെയ്യാൻ മടിക്കുന്നതുമായിരുന്നു എന്ന വസ്തുതകൾ ഇതിനോട് ചേർത്തു വായിക്കപ്പെടണം.
മാധ്യമ ധർമത്തെക്കുറിച്ച് സ്വദേശാഭിമാനിയുടെ കാലം മുതൽ പേർത്തും പേർത്തും ചർച്ച ചെയ്തവരാണ് നമ്മൾ. നമ്പിനാരായണൻ എന്ന ശാസ്ത്രജ്ഞൻ വർഷങ്ങൾക്ക് മുമ്പ് പത്ര റിപ്പോർട്ടുകളിൽ കീറിമുറിക്കപ്പെട്ടപ്പോൾ അശ്ലീലമായ ജിജ്ഞാസയോടെ ‘പുളയുന്ന ട്യൂണ'യെ ആഘോഷിച്ചവരാണ് നമ്മൾ മലയാളികൾ. ഒടുവിൽ അദ്ദേഹം തന്റെ ധാർമികബലം കൊണ്ടുമാത്രം ജയിച്ചു കയറിയപ്പോൾ ആ മനുഷ്യന്റെ ചോരക്കുവേണ്ടി നാവു നീട്ടിയ നാം എത്ര പേർ ആ പാവം മനുഷ്യന്റെ നശിപ്പിക്കപ്പെട്ട ദിവസങ്ങൾക്കും വർഷങ്ങൾക്കും വേണ്ടി അദ്ദേഹത്തോട് മനസ്സിലെങ്കിലും മാപ്പിരന്നു? ശാപഗ്രസ്തമായ ആ ദിവസങ്ങളിൽ അദ്ദേഹം കടന്നുപോയ ഭീതിദമായ ഒറ്റപ്പെടലിനും, സമൂഹമദ്ധ്യത്തിലെ അശ്ലീല വിചാരണയുടെ നിർദ്ദയത്വത്തിനും, അടിച്ചേൽപിച്ച അപമാന ഭാരത്തിനും ആരാണുത്തരം തന്നത്?
പാഠങ്ങൾ, പ്രത്യേകിച്ച് കുറ്റങ്ങൾ ഏറ്റു പറയുന്നതിന്റേയും തിരുത്തുന്നതിന്റേയും പാഠങ്ങൾ ഒരിക്കലും പഠിക്കാത്തവരാണ് നമ്മൾ. ‘94-ൽ പ്രഗത്ഭനായ ആ ക്രയോജനിക് - എയറോ സ്‌പെയ്‌സ് എഞ്ചിനീയറുടെ രക്തത്തിനു നീട്ടിയ നാവുകൾ ഉറങ്ങാതെ കാത്തിരുന്നു, പതിനാറു വർഷങ്ങൾക്കു ശേഷം ഓർത്തോപീഡിക്‌സിൽ അത്യുന്നത ബിരുദമുള്ള മിടുക്കനായ ഒരു തരുണന്റെ ചോര നൊട്ടിനുണഞ്ഞ് ആർത്തിയോടെ രുചിക്കുന്നതു വരെ.
പഞ്ചാര ഗുളികന്മാർക്കെതിരെ പരാതികളില്ല
അനൂപിനെ പോലുള്ള മിടുക്കന്മാർ കഷ്ടപ്പെട്ട് പഠിച്ച് എം.ബി.ബി.എസ് - പി ജി - സൂപ്പർ സ്‌പെഷ്യലിസ്റ്റ് എൻട്രൻസ് പരീക്ഷകളിൽ ഉയർന്ന റാങ്ക് വാങ്ങി അതിലും കടുത്ത പഠന കാലവും ക്വാളിഫൈയിക് പരീക്ഷകളും പിന്നിട്ട് പ്രാക്ടീസ് തുടങ്ങി അൽപകാലത്തിനുള്ളിൽ തന്നെ നേരിടേണ്ടി വരുന്ന ജീവന്മരണ പോരാട്ടങ്ങൾ ഒരു വശത്ത്.
മറുവശത്താവട്ടെ എൻട്രൻസ് പരീഷകളിൽ താഴ്ന്ന റാങ്കു ലഭിച്ച് സമാന്തര ചികിത്സാ വിഭാഗങ്ങൾ തേടി പോവുന്നവർ, പ്രാക്ടീസ് തുടങ്ങിയാൽ മാസങ്ങളോളം പഞ്ചാരഗുളികകൾ കൊടുത്ത്, പച്ചമരുന്ന് വെച്ചുകെട്ടി അസുഖം ഒരു തരി മാറിയില്ലെങ്കിലും സമൂഹത്തിന് പരാതിയില്ല. ശാരീരിക ആക്രമണങ്ങളും ആശുപതി തകർക്കലും മനം തകർന്ന ആത്മഹത്യകളുമില്ല.
ശാസ്ത്രീയ തെളിവുകളുടെ തികഞ്ഞ അഭാവത്തിലും സർക്കാറിന്റെ കൈയയച്ച സഹായങ്ങൾ. തികഞ്ഞ കടങ്കഥയാണ്. ഭാവി വിദ്യാർത്ഥികൾ ഈ വസ്തുതകളിൽ നിന്ന് എന്താണ് മനസ്സിലാക്കിയെടുക്കുക? അനതിവിദൂര ഭാവിയിൽ ബുദ്ധിമാന്മാരും മിടുക്കന്മാരുമായ കുട്ടികൾ ശാസ്ത്രീയവും സാർവ്വദേശീയവുമായ മോഡേൺ മെഡിസിൻ കൈയൊഴിഞ്ഞ് ഇത്തരം ശാഖകളിലേക്ക് കൂടുമാറിയാൽ സമൂഹമായിരിക്കും നിശ്ചയമായും കുറ്റവാളി. അലൻ പാറ്റന്റെ പുസ്തകത്തിന്റെ പേരാണ് ഓർമ വരുന്നത്. ശാന്തം പാവം!
എന്തിന് ആത്മഹത്യ?
ആത്മഹത്യകൾ മനുഷ്യന്റെ ധിഷണക്കുനേരെയും മനുഷ്യത്വത്തിനുനേരേയും സാമൂഹിക പരിതോവസ്ഥക്കുനേരെയുമുള്ള വലിയ ചോദ്യചിഹ്ന്ങ്ങളാണ്. ഹെമിങ്വേയും യുക്കിയോ മിഷിമയും മുതൽ ഇടപ്പള്ളിയും നന്തനാരും രാജലക്ഷ്മിയും ജിനേഷ് മടപ്പള്ളിയുമൊക്കെ അടങ്ങുന്ന വലിയ സർഗാത്മക വ്യക്തിത്വങ്ങൾ സ്വയംഹത്യയുടെ എതിരില്ലാത്ത സാന്ത്വനം തേടുകയുണ്ടായി.
ഏതൊരു മഹത്തായ കലാസൃഷ്ടിയുമെന്ന പോലെ ആത്മഹത്യ ഉരുവം കൊള്ളുന്നത് ഹൃദയത്തിന്റെ അഗാധതയിലാണെന്ന് തന്റെ പ്രകൃഷ്ട കൃതിയിൽ കമ്യു കുറിച്ചുവെച്ചത് അത്തരം അവസ്ഥകളെ ആഴത്തിൽ നിർവചിക്കുന്നുണ്ടെന്നു തോന്നുന്നു. ദാർശനികമായും അധിഭൗതികമായുമുള്ള ഉൽക്കണ്ഠകളിൽ നിന്നുരുവാകുന്ന ആത്മഹത്യകളെ പലപ്പോഴും നമുക്ക് തടയുക വയ്യ. ഒൻപതാം മണി നേരത്ത് ക്രിസ്തു ‘ലെമ്മാ ലെമ്മാ ശബക്താനി' എന്നു കേണുകൊണ്ട് തന്റെ മാനസപിതാവിനോട് ആത്മീയമായി ചേർന്നുനിന്നതുകൊണ്ടും ബുദ്ധൻ അന്തമില്ലാത്ത മാനസികവ്യഥകളിൽ നിന്ന് കുതറിച്ചാടാൻ സംഘത്തിന്റെ ഭൗതികശരണം തേടിയതും കൊണ്ട് മാത്രമാവണം മാനസികമായെങ്കിലും സ്വയംഹത്യയുടെ വിളുമ്പിൽ നിന്ന് അവർ കഷ്ടിച്ച് രക്ഷപ്പെട്ടിരിക്കുക. മിഷിമയ്‌ക്കോ പാപ്പായ്‌ക്കോ ഇങ്ങേയറ്റത്ത് സുബ്രഹ്മണ്യദാസിനോ ആവട്ടെ, അവരുടെ ദാർശനികവും അധിഭൗതികവുമായ ആധികൾക്ക് ക്രൂരലോകം ഒരു സാന്ത്വനവും വെച്ചു നീട്ടിയില്ല.
കരകാണാത്ത വ്യഥകളിൽ മുങ്ങിത്താണ്, ഒരു പിടിവള്ളി പോലും കിട്ടാതെ, തകർന്ന്, കെട്ടലോകത്തിനു പുറംതിരിഞ്ഞ് അവർ സ്വയം എറിഞ്ഞുടച്ചു. ഒരു കവിയുടെ ആത്മഹത്യ, സച്ചിദാനന്ദൻ പറയുന്നതു പോലെ, അയാളുടെ അവസാനത്തെ കവിതയാവുന്നത് ഇങ്ങിനെയാവാം.
അനൂപാവട്ടെ ഇതിന്റെ മധ്യത്തിലെവിടെയോ നിന്നാണ് സ്വയംഹത്യയുടെ വഴി തെരഞ്ഞെടുത്തത്. സഹായ ഹസ്തങ്ങൾ നീട്ടിയ സുഹൃത്തുക്കളേയും, കരുത്തു പകരാനെത്തിയ ഐ.എം.എ പ്രവർത്തകരെയും ഏകാന്തവും അശാന്തവുമായ തന്റെ മനസ്സ് തുറന്നു കാണിക്കാൻ അയാൾ തുനിഞ്ഞില്ല.
ഭൗതികതയുടെ അത്തരം ചട്ടവട്ടങ്ങൾക്ക് കാതങ്ങളോളം അകലേക്ക് അതിനകം യാത്ര ചെയ്തിരിക്കണം അയാൾ. വർക്കലയിൽ വെച്ച് തിരിച്ചറിയപ്പെടുമ്പോൾ പാടിക്കൊണ്ടിരുന്ന ഗാനം പാതിയിൽ വെച്ചു നിറുത്താനുള്ള അവസാനത്തെ തീരുമാനം അയാൾ എടുത്തിരിക്കണം.
അപശ്രുതിയും അവതാളവും ആ ഗായകന് ജീവിതത്തിലും സംഗീതത്തിലും അചിന്ത്യമായിരുന്നു. ഒരിക്കലും താൻ ഉത്തരവാദിയല്ലെങ്കിലും ചികിത്സിച്ച ഒരു കുഞ്ഞ് മരണമടഞ്ഞതിനെക്കുറിച്ചുള്ള നീറുന്ന മനഃസാക്ഷി പീഡനവും നിഷ്ഠൂരമായി തന്റെ രക്തത്തിന് ദാഹിച്ച പത്ര-ദൃശ്യ മാദ്ധ്യമ രാഷ്ട്രീയ കോലങ്ങൾ ഏൽപ്പിച്ച കടുത്ത മാനസികവ്യഥയും ആന്തരികവും ബാഹ്യവുമായി ആ പാവം മനുഷ്യന്റെ ജീവിത രഥ്യയുടെ അണിയവും പാമരവും നിർദ്ദയമായി തകർത്തു കളഞ്ഞു. സെഫാലിക് വെയിനും ഒരു തുണ്ടം കയറും അയാൾ അങ്ങിനെ അവസാനമായി തെരഞ്ഞെടുത്തു.
ഒരു യുവഡോക്ടർ തന്റെ അന്നേവരെയുള്ള അക്കാഡമിക്ക് നേട്ടങ്ങൾക്കും വ്യക്തിപരമായ ത്യാഗങ്ങൾക്കും, സംഘാടകൻ അഡ്മിനിസ്‌ട്രേറ്റർ എന്നീ നിലകളിലെ മികവിനും അടിവര ഇട്ടുകൊണ്ടാണ് ഒരു ആശുപത്രി പണിതുയർത്തി വർഷങ്ങളോളം പിന്നെയും നിരന്തരം അദ്ധ്വാനിച്ച് ആതുര ശുശ്രൂഷകൻ എന്ന നിലയിൽ സമൂഹത്തിൽ തന്റെ സ്ഥാനം ഉറപ്പിക്കുന്നത്.
മാധ്യമങ്ങളുടെ നുണപ്രചാരണം
ഒരു തെളിവുമില്ലാതെ കഥകളുണ്ടാക്കി നുണപ്രചാരണം നടത്താൻ മാധ്യമങ്ങൾക്ക് ഏറ്റവും എളുപ്പമുള്ള ടാർജറ്റാണ് ആശുപതികളും ഡോക്ടർമാരും. പലപ്പോഴും നുണപ്രചരണം മാത്രം അവശേഷിക്കുകയും സത്യം കാതങ്ങളോളം അകന്നു നിൽക്കുകയും ചെയ്യും. ആശുപതികൾക്കും ഡോക്ടർമാർക്കും പൊതു സമൂഹത്തിലുണ്ടാവുന്ന കടുത്ത അപമാനം അവരെ അടിമുടി തകർത്തു കളയുമ്പോൾ തെളിവുകളുടെ അംശം പോലുമില്ലാതെ ആരോപണങ്ങൾ ഉന്നയിച്ചവർ പഴയ ഒരു ഇംഗ്ലീഷ് ശൈലി ഉപയോഗിക്കുകയാണെങ്കിൽ, സ്‌കോട്ട് ഫ്രീ ആയി സമൂഹത്തിൽ വിലസുന്നു. പോക്‌സോ കേസുകളിലെന്ന പോലെ ഇരകളുടെ പേരോ സ്ഥാപനത്തിന്റെ പേരോ, കേസ് തെളിയുന്നതു വരെ മാധ്യമങ്ങളിൽ വരുന്നത് തടയാൻ കഴിഞ്ഞാൽ നിശ്ചയമായും നമ്മുടെ പൗരബോധത്തിന്റെ ഉയർന്ന പ്രകാശനമാവും അത്.
അതോടൊപ്പം ഒരു തെളിവുമില്ലാതെ, പണ്ട് പിരിവ് തരാത്തതിനോ കള്ള സർട്ടിഫിക്കറ്റ് നൽകാൻ കൂട്ടുനിൽക്കാതിരുന്നതിനോ, കമീഷൻ നൽകാൻ വിസമ്മതിച്ചതിനോ വൈരനിര്യാതന ബുദ്ധിയോടെ കാത്തിരുന്ന് ഒരു ചെറിയ അവസരം കിട്ടുമ്പോൾ കണക്ക് തീർക്കുന്ന സമൂഹ്യവിരുദ്ധർക്ക് ഒരു കനത്ത അടി കൂടിയാവും അത്തരമൊരു നിയമ നിർമ്മാണം.
അനുനിമിഷം പഴകിപ്പോവുന്ന വാർത്തകളുടെ പിന്നാലെ ഓടുമ്പോൾ നിരപരാധികളുടെ നിഷ്‌കളങ്കമായ തരുണരക്തം കൈയിൽ പുരളാതിരിക്കാൻ പത്രങ്ങളും ദൃശ്യമാദ്ധ്യമങ്ങളും നിരന്തരം ആത്മവിമർശനം നടത്തേണ്ടതുണ്ട്. എതിരാളിയെ മറികടക്കാനുള്ള വ്യഗ്രതയിൽ നിങ്ങൾ ക്രൂശിക്കുന്നത് തികഞ്ഞ നിരപരാധിയെ ആയിരിക്കാം.
ഒന്നു തിരിഞ്ഞുനോക്കണം പ്രിയ എഡിറ്റർ / ചാനൽ സി.ഇ ഓ... മറ്റുള്ളവരെ വിമർശിക്കുമ്പോൾ കിട്ടുന്ന സാഡിസ്റ്റ് എക്റ്റസി നിങ്ങളോട് പകരംവീട്ടാൻ വളരെ അകലെയല്ലാതെ കാത്തിരിപ്പുണ്ട്. പ്രസ് കൗൺസിലിന്റെ രൂപത്തിലോ ട്രായിയുടേയോ യു ട്യൂബ് - ലോസ് ആഞ്ചലസ് ഓഫീസിന്റെ രൂപത്തിലോ എന്ന പോലെ നിങ്ങൾ ഒട്ടും പ്രതീക്ഷിക്കുന്ന രൂപത്തിലായിരിക്കണമെന്നില്ല. അവർ വരും; കുടിയൊഴിക്കലിലെ ചീവീട്ടിന്റെ പാട്ടായിരിക്കില്ല അവരുടെ പൊള്ളുന്ന ചുണ്ടുകളിൽ. ‘ആളിതാണാളിതാ' ണെന്നു നീയാ, ക്കാളിടും പന്തമെൻ നേർക്കു ചൂണ്ടി, നൂണുപൊന്തുന്നു പന്തവുമേന്തി ഞാനറിയുവോർ, ഞാനറിയാത്തോർ.'
അവർ വരും, നിശ്ചയമായും. വിജയൻ ദശകങ്ങൾക്കു മുമ്പ് കുറിച്ചിട്ടതുപോലെ, തൂക്കുകയറിന് രണ്ടറ്റമുണ്ടെന്ന് ഓർക്കുന്നത് നന്ന്.
‘രാഷ്ട്രീയക്കാരേ, നിങ്ങൾ ആത്മഹത്യ ചെയ്യുവിൻ, എന്തെന്നാൽ എനിക്ക് നിങ്ങളെ കൊല്ലുവാനുള്ള കഴിവില്ല' എന്ന് ശാരീരികമായി എറ്റവും ദുർബലന്മാരിലൊരാളായിരുന്ന മലയാളത്തിലെ കവി പറഞ്ഞത് ആഴത്തിൽ വേദനിച്ചിട്ടായിരിക്കണം. വാര്യരുടെ കവിതയിൽ നസ്യമായിരുന്നു കൂടുതൽ എന്നു നാം പണ്ട് വെറുതെ തെറ്റിദ്ധരിച്ചു. റേഷൻ കടയിലല്ല വഴിവക്കിൽ നിൽക്കുന്ന ഗാന്ധിയെ വീണ്ടും വെടി വെച്ചിട്ടപ്പോൾ പുതു രാഷ്ടീയ മൂല്യബോധത്തിന്റെ ഗതി വിഗതികളോർത്ത് നാം അക്ഷരാർത്ഥത്തിൽ നടുങ്ങിപ്പോയി.
രാഷ്ട്രത്തെ സംബന്ധിക്കുന്നത് എന്ന വാചികാർത്ഥം രാഷ്ട്രീയത്തിന് എന്നോ നഷ്ടപ്പെട്ടിരിക്കുന്നു. കാര്യങ്ങൾ പഠിക്കാതെ കേട്ടതു പാതി ചാടിയിറങ്ങി ഇരയെ വിറപ്പിക്കുന്നവനാണ് ഇന്നത്തെ നേതാവ്. മരിച്ചു പോവുന്നുണ്ട് സാർ, ഇങ്ങിനെ പാവം അനൂപിനെ പോലുള്ളവർ, നിങ്ങളുടെ ഭീഷണിയും പേടിപ്പിക്കലും താങ്ങാനാവാതെ . ദേശീയ സമര കാലത്തെ രാഷ്ട്രീയക്കാരുടെ ആ നന്മകൾ എന്നെങ്കിലും നമുക്ക് തിരിച്ചു കിട്ടുമോ സാർ? രാഷ്ട്രീയ മൂല്യബോധങ്ങൾ പുതിയ തലമുറ നിർദ്ദയമായ വിചാരണക്ക് വിധേയമാക്കുന്ന ഒരു കാലം സ്വപ്നം കാണുന്നത് വെറുതെ ആവില്ല എന്നാശിക്കാം. നമുക്ക് വേണ്ടി മറെറാരാളും ചോര തുപ്പി കൂടാ എന്ന് പഴയ കവി.
സൈബർ ക്രൈമുകളെ കണ്ടില്ലെന്ന് നടിക്കരുത്
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറവിൽ രക്ഷപ്പെട്ടു പോവുന്ന സൈബർ ക്രൈമുകളെക്കുറിച്ച് പുതിയൊരു വിചിന്തനത്തിന് നാം തുടക്കം കുറിക്കേണ്ടത് ഇനി കണ്ടില്ലെന്നു നടിക്കാനാവാത്തവിധം അടിയന്തരാവശ്യമായിത്തീർന്നിരിക്കുകയാണ്.
2000-ലെ സൈബറിടങ്ങളിലെ പെരുമാറ്റ മാർഗനിർദ്ദേശങ്ങൾ അടങ്ങിയ വിവര സാങ്കേതികതാ നിയമം സൈബർ കുറ്റകൃത്യങ്ങളെ സ്പർശിച്ചു കടന്നുപോവുന്നതേയുള്ളൂ. ഡിജിറ്റൽ സാമ്പത്തിക കാര്യനിർവഹണത്തിനു വേണ്ടിയാണ് പ്രാഥമികമായി അത് രൂപകൽപന ചെയ്യപ്പെട്ടിരിക്കുന്നത്. 66- A ആയിരുന്നു പ്രതീക്ഷക്ക് വക നൽകിയിരുന്ന ഒരേ ഒരു വകുപ്പ്.
ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെ അന്യരെ അവഹേളിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നത് കുറ്റകൃത്യമാക്കി, മൂന്നു വർഷത്തെ തടവിന് വ്യവസ്ഥ ചെയ്തിരുന്ന ആ വകുപ്പ് 2015-ൽ ശ്രേയ സിൻഗാൾ vs ഇന്ത്യാ ഗവർമെന്റ് കേസിൽ സുപ്രീംകോടതി റദ്ദാക്കി. ഭരണഘടന ഉറപ്പു നൽകുന്ന ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന മൗലികാവകാശത്തെ ആ വകുപ്പ് ചോദ്യം ചെയ്യുന്നു എന്നതായിരുന്നു ന്യായം.
സൈബർ ബുള്ളിയിങ്ങ്, സൈബർ ബ്ലാക്ക് മെയ്‌ലിങ് തുടങ്ങിയ കുറ്റകൃത്യങ്ങളും തടയാൻ സൈബർ നിയമത്തിൽ ഇന്ന് വകുപ്പില്ല. നിരപരാധികളെ സൈബറിടങ്ങളിൽ വേട്ടയാടി മദിക്കുന്ന സാഡിസ്റ്റ് ഭീകരന്മാരെ നിലക്ക് നിർത്താൻ കർശനമായ ഒരു സൈബർ നിയമ നിർമാണത്തിന് ഡോ. അനൂപിന്റെ ദുരന്താനുഭവമെങ്കിലും നിമിത്തമാവട്ടെ.
നിഷ്‌കളങ്കയായ ആ ഏഴു വയസ്സുകാരി മോൾക്കും, അന്തമില്ലാത്ത വേദന കടിച്ചിറക്കി, ഒറ്റക്ക്, ആ കറുത്ത തിരശ്ശീലക്കപ്പുറത്തേക്ക് നടന്നു പോയ അനൂപിനും സ്‌നേഹപൂർവം...